ഇസ്‌ലാം ദീനിന്റെ അടിസ്ഥാനവും, അടിത്തറയും ശരിയായ വിശ്വാസത്തിൻമേൽ അധിഷ്ടിതമാണ്. ശരിയായ വിശ്വാസം എന്നത് താഴെ പറയുന്ന ആറ് കാര്യങ്ങളിലായി ചുരുക്കിയിരിക്കുന്നു. ഇതിനെയണ് ഈമാൻ കാര്യങ്ങൾ എന്ന് സാധാരണ പറഞ്ഞു വരുന്നത്.
1. അല്ലാഹുവിലുള്ള വിശ്വാസം
2. അവന്റെ മലക്കുകളിലുള്ള വിശ്വാസം
3. അവന്റെ പ്രവാചകന്മാരിലുള്ള വിശ്വാസം
4. അവന്റെ വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസം
5. അന്ത്യനാളിലുള്ള വിശ്വാസം
6. നന്മയും തിന്മയുമായ എല്ലാകാര്യങ്ങളും അല്ലാഹുവിന്റെ ഖദ്റനുസരിച്ചാണ് എന്ന വിശ്വാസം
ഇക്കാര്യം വിശുദ്ധ ഖുര്‍ആൻ കൊണ്ടും തിരുസുന്നത്തുകൊണ്ടും സ്ഥിരപ്പെട്ട കാര്യമാണ്. അല്ലാഹു പറയുന്നു:
لَّيْسَ ٱلْبِرَّ أَن تُوَلُّوا۟ وُجُوهَكُمْ قِبَلَ ٱلْمَشْرِقِ وَٱلْمَغْرِبِ وَلَٰكِنَّ ٱلْبِرَّ مَنْ ءَامَنَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ وَٱلْمَلَٰٓئِكَةِ وَٱلْكِتَٰبِ وَٱلنَّبِيِّـۧنَ …….
നിങ്ങളുടെ മുഖങ്ങള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കുക എന്നതല്ല പുണ്യം എന്നാല്‍ അല്ലാഹുവിലും, അന്ത്യദിനത്തിലും, മലക്കുകളിലും, വേദഗ്രന്ഥത്തിലും, പ്രവാചകന്‍മാരിലും വിശ്വസിക്കുകയും …….. (ഖു൪ആന്‍:2/177)
ءَامَنَ ٱلرَّسُولُ بِمَآ أُنزِلَ إِلَيْهِ مِن رَّبِّهِۦ وَٱلْمُؤْمِنُونَ ۚ كُلٌّ ءَامَنَ بِٱللَّهِ وَمَلَٰٓئِكَتِهِۦ وَكُتُبِهِۦ وَرُسُلِهِۦ
തന്റെ രക്ഷിതാവിങ്കല്‍ നിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ടതില്‍ റസൂല്‍ വിശ്വസിച്ചിരിക്കുന്നു. (അതിനെ തുടര്‍ന്ന്) സത്യവിശ്വാസികളും. അവരെല്ലാം അല്ലാഹുവിലും, അവന്റെ മലക്കുകളിലും അവന്റെ വേദഗ്രന്ഥങ്ങളിലും, അവന്റെ ദൂതന്‍മാരിലും വിശ്വസിച്ചിരിക്കുന്നു. (ഖു൪ആന്‍:2/285)
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ ءَامِنُوا۟ بِٱللَّهِ وَرَسُولِهِۦ وَٱلْكِتَٰبِ ٱلَّذِى نَزَّلَ عَلَىٰ رَسُولِهِۦ وَٱلْكِتَٰبِ ٱلَّذِىٓ أَنزَلَ مِن قَبْلُ ۚ وَمَن يَكْفُرْ بِٱللَّهِ وَمَلَٰٓئِكَتِهِۦ وَكُتُبِهِۦ وَرُسُلِهِۦ وَٱلْيَوْمِ ٱلْـَٔاخِرِ فَقَدْ ضَلَّ ضَلَٰلَۢا بَعِيدًا
സത്യവിശ്വാസികളേ, അല്ലാഹുവിലും, അവന്‍റെ ദൂതനിലും, അവന്‍റെ ദൂതന്ന് അവന്‍ അവതരിപ്പിച്ച ഗ്രന്ഥത്തിലും മുമ്പ് അവന്‍ അവതരിപ്പിച്ച ഗ്രന്ഥത്തിലും നിങ്ങള്‍ വിശ്വസിക്കുവിന്‍. അല്ലാഹുവിലും, അവന്റെ മലക്കുകളിലും, അവന്‍റെ ഗ്രന്ഥങ്ങളിലും അവന്‍റെ ദൂതന്‍മാരിലും, അന്ത്യദിനത്തിലും വല്ലവനും അവിശ്വസിക്കുന്ന പക്ഷം തീര്‍ച്ചയായും അവന്‍ ബഹുദൂരം പിഴച്ചു പോയിരിക്കുന്നു. (ഖു൪ആന്‍:4/136)
أَلَمْ تَعْلَمْ أَنَّ ٱللَّهَ يَعْلَمُ مَا فِى ٱلسَّمَآءِ وَٱلْأَرْضِ ۗ إِنَّ ذَٰلِكَ فِى كِتَٰبٍ ۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٌ
ആകാശത്തിലും ഭൂമിയിലുമുള്ളത് അല്ലാഹു അറിയുന്നുണ്ടെന്ന് നിനക്ക് അറിഞ്ഞ്കൂടേ? തീര്‍ച്ചയായും അത് ഒരു രേഖയിലുണ്ട്. തീര്‍ച്ചയായും അത് അല്ലാഹുവിന് എളുപ്പമുള്ള കാര്യമത്രെ. (ഖു൪ആന്‍:22/70)
നബി ﷺ യുടെ അടുക്കലേക്ക് ജിബ്‌രീല്‍ عليه السلام വന്ന് സംസാരിച്ച ഹദീസില്‍ ഇപ്രകാരം കാണാം:
أَنْ تُؤْمِنَ بِاَللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ وَالْيَوْمِ الْآخِرِ، وَتُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّ
നബി ﷺ പറഞ്ഞു: ‘ഈമാന്‍’ എന്നാല്‍ അല്ലാഹുവിലും അവന്റെ മലക്കുകളിലും, അവന്റെ വേദഗ്രന്ഥങ്ങളിലും, അവന്റെ പ്രവാചകന്മാരിലും, അവസാന നാളിലും, വിധിനിര്‍ണയത്തിലും വിശ്വസിക്കലാകുന്നു. (ബുഖാരി:2)
ഈമാനിന്റെ ഈ ആറ് അടിസ്ഥാനങ്ങളില്‍ നിന്നുമാണ് അല്ലാഹുവിനെ കുറിച്ചും പരലോകത്തെ കുറിച്ചും അതല്ലാത്ത മറ്റ് അദൃശ്യ കാര്യങ്ങളെ കുറിച്ചും, വിശ്വസിക്കല്‍ നിര്‍ബന്ധമായ മുഴുവന്‍ കാര്യങ്ങളെ കുറിച്ചുമെല്ലാമുള്ള കാര്യങ്ങൾ ഉടലെടുക്കുന്നത്. ഈ ശരിയായ വിശ്വാസം സ്വീകരിക്കാതെയോ മറ്റ് വികലമായ വിശ്വാസങ്ങൾ സ്വീകരിച്ചോ ഒരാൾ എന്ത് കര്‍മ്മങ്ങൾ അനുഷ്ടിച്ചാലും അതെല്ലാം പൊളിഞ്ഞുപോകുന്നതാണ്.
ശൈഖ് ഇബ്നു ബാസ് رحمه الله പറയുന്നു: തീര്‍ച്ചയായും, വാക്കുകളും പ്രവര്‍ത്തികളുമാകുന്ന ആരാധനാകര്‍മ്മങ്ങള്‍ (ഇബാദത്തുകള്‍) ശരിയാവുകയും, അത് സ്വീകരിക്കപ്പെടുകയും ചെയ്യുക ഈ ശരിയായ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാകുന്നു എന്നത് ഈ ശരീഅത്തിന്റെ പ്രമാണങ്ങളായ വിശുദ്ധ ഖുര്‍ആനില്‍ നിന്നും നബി ﷺ യുടെ സുന്നത്തില്‍ നിന്നുമുള്ള തെളിവുകള്‍ കൊണ്ട് അറിയപ്പെട്ട കാര്യമാണ്. ശരിയായ വിശ്വസത്തിനെതിരായ പിഴച്ച വല്ല വിശ്വാസവുമാണ് ഒരുവന്‍ വെച്ചു പുലര്‍ത്തുന്നത് എങ്കില്‍; അതിന്റെ അടിസ്ഥാനത്തില്‍ നിന്നും ഉടലെടുക്കുന്ന അവന്റെ മുഴുവന്‍ ഇബാദത്തുകളും പൊളിഞ്ഞു പോവുന്നതാണ്! അല്ലാഹു പറഞ്ഞു:
وَمَن يَكْفُرْ بِٱلْإِيمَٰنِ فَقَدْ حَبِطَ عَمَلُهُۥ وَهُوَ فِى ٱلْءَاخِرَةِ مِنَ ٱلْخَٰسِرِينَ
ആരാണോ ഈമാനില്‍ അവിശ്വസിക്കുന്നത് അവന്‍റെ കര്‍മ്മം നിഷ്ഫലമായിക്കഴിഞ്ഞു. പരലോകത്ത് അവന്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യും.(ഖു൪ആന്‍:5/5)
وَلَقَدْ أُوحِىَ إِلَيْكَ وَإِلَى ٱلَّذِينَ مِن قَبْلِكَ لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ ٱلْخَٰسِرِينَ
തീര്‍ച്ചയായും നിനക്കും നിന്‍റെ മുമ്പുള്ളവര്‍ക്കും സന്ദേശം നല്‍കപ്പെട്ടിട്ടുള്ളത് ഇതത്രെ: (അല്ലാഹുവിന്) നീ പങ്കാളിയെ ചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും നിന്‍റെ കര്‍മ്മം നിഷ്ഫലമായിപ്പോകുകയും തീര്‍ച്ചയായും നീ നഷ്ടക്കാരുടെ കൂട്ടത്തില്‍ ആകുകയും ചെയ്യും.(ഖു൪ആന്‍:39/65) (العَقِيدَةُ الصَّحِيحَةُ وَمَا يُضَادُّهَا)
kanzululoom.com
One Response
അൽഹംദുലില്ലാഹ്…
ചെറിയ അച്ചടി പിശകുണ്ട്….
ബാക്കി ഓക്കേ….
മാഷാ അല്ലാഹ്…