‘നിങ്ങള്‍ ഭക്ഷിച്ച് കൊള്ളുക’ എന്ന ആശയത്തിൽ കൽപ്പനാ ശൈലിയിൽ വിശുദ്ധ ഖുര്‍ആനിൽ പല സ്ഥലത്തും ആയത്തുകൾ കാണാം. ഇത്തരത്തിലുളള ഏതാനും ആയത്തുകളെ കുറിച്ചാണ് ചില കാര്യങ്ങൾ പരാമര്‍ശിക്കുന്നത്.
يَٰٓأَيُّهَا ٱلنَّاسُ كُلُوا۟ مِمَّا فِى ٱلْأَرْضِ حَلَٰلًا طَيِّبًا وَلَا تَتَّبِعُوا۟ خُطُوَٰتِ ٱلشَّيْطَٰنِ ۚ إِنَّهُۥ لَكُمْ عَدُوٌّ مُّبِينٌ
മനുഷ്യരേ, ഭൂമിയിലുള്ളതില്‍ നിന്ന് അനുവദനീയവും, വിശിഷ്ടവുമായത് നിങ്ങള്‍ ഭക്ഷിച്ച് കൊള്ളുക. ശൈത്വാന്റെ കാലടികളെ നിങ്ങള്‍ പിന്തുടരാതിരിക്കുകയും ചെയ്യുക. അവന് നിങ്ങളുടെ പ്രത്യക്ഷ ശത്രു തന്നെയാകുന്നു. (ഖു൪ആന്‍:2/168)
ഭക്ഷിക്കുകയെന്ന കൽപ്പന നിർബന്ധ സ്വരത്തിൽ ഉള്ളതല്ല, പ്രത്യുത അത് അനുവദനീയമായതിനെ അറിയിക്കുന്നതാണ്. ഭക്ഷണം അടുത്തുണ്ടായിരിക്കുകയും അത് കഴിക്കാതിരുന്നാൽ നാശത്തിലാകുമെന്ന് തോന്നുന്ന സാഹചര്യത്തിൽ അത് കഴിക്കൽ നിർബന്ധവുമാണ്. ഭക്ഷണം അല്ലാഹുവിൻറെ അനുഗ്രഹവുമാണ്.
ഭൂമിയിലെ വിശിഷ്ടമായതും അല്ലാഹുവിങ്കൽ നിന്ന് ഹലാലായതും നല്ലതും ബുദ്ധിക്കോ ശരീരത്തിനോ ദോഷമല്ലാത്തതുമായവ ഭക്ഷിക്കൽ അവർക്ക് അനുവദനീയമാണെന്ന് അവൻ നൽകിയ ഒരനുഗ്രഹമെന്ന നിലയിലാണ് ഇവിടെ പറയുന്നത്. അതോടൊപ്പം ശൈത്വാനിന്റെ കാൽപാടുകൾ പിന്തുടരുന്നതിനെ അവൻ വിരോധിക്കുകയും ചെയ്യുന്നു. അവർ ജാഹിലിയ്യാ കാലത്ത് അലങ്കാരമായി കണ്ടിരുന്ന സാഇബ, ബഹീറ, വസ്വീല എന്നിങ്ങനെ ഹറാമായ ഭക്ഷ്യവസ്തുക്കൾ കഴിക്കാൻ പ്രേരിപ്പി ക്കുന്നത്, വഴി തെറ്റിക്കാനായുള്ള ശൈത്വാനിന്റെ മാർഗങ്ങളിൽ പെട്ടതാണ്. (ഇബ്നുകസീര്‍)
അന്നദാതാവും അവന്‍തന്നെയാണെന്നും, ഭൂവിഭവങ്ങളില്‍ പ്രത്യേകം വിരോധിക്കപ്പെട്ടതോ ദോഷകരമായതോ അല്ലാത്ത വസ്തുക്കളെല്ലാം മനുഷ്യര്‍ക്ക് ഭക്ഷിക്കാവുന്നതാണെന്നും, പിശാചിന്റെ ദുരുപദേശങ്ങള്‍ക്ക് വിധേയരായിക്കൊണ്ട് ഇല്ലാത്ത നിരോധങ്ങള്‍ കെട്ടിച്ചമച്ചുണ്ടാക്കി അവയെ കുടുസ്സാക്കരുതെന്നും ഓര്‍മിപ്പിക്കുന്നു. ക്വുര്‍ആന്‍ അവതരിക്കുന്ന കാലത്ത് വിഗ്രഹങ്ങളുടെ പേരില്‍ നേര്‍ച്ച വഴിപാടാക്കപ്പെട്ട ചില മൃഗങ്ങളെ മുശ്രിക്കുകള്‍ നിഷിദ്ധമായി ഗണിച്ചുവന്നിരുന്നു. (ഇവയെപ്പറ്റി കൂടുതല്‍ വിവരം മാഇദഃ : 106 ല്‍ വരുന്നുണ്ട്) യഹൂദികള്‍ ചിലര്‍ ഒട്ടകമാംസവും, വേറെ ചിലര്‍ മറ്റു ചില വസ്തുക്കളും നിഷിദ്ധമാക്കിയിരുന്നതായും പറയപ്പെടുന്നു. ഇതെല്ലാം വളരെ പ്രധാനപ്പെട്ട മതനിയമങ്ങളായിട്ടാണ് ആചരിക്കപ്പെട്ടിരുന്നതും. ഇങ്ങിനെയുള്ള വിലക്കുകളൊന്നും അല്ലാഹു നിയമിച്ചിട്ടുള്ളതല്ല. മനുഷ്യന്റെ പ്രത്യക്ഷ ശത്രുവായ പിശാചിന്റെ പ്രേരണ പ്രകാരം അല്ലാഹുവിന്റെ പേരില്‍ വെച്ചുകെട്ടപ്പെടുന്ന നിയമങ്ങള്‍ മാത്രമാണവ; ദുരുപദേശങ്ങള്‍ വഴി മനുഷ്യനെ വഴിപിഴപ്പിക്കുവാന് ഒരുമ്പെട്ടവനാണ് പിശാച്; അത്കൊണ്ട് അവന്റെ കെണിയില്‍ പെടുന്നതിനെക്കുറിച്ച് നിങ്ങള്‍ സദാ ജാഗരൂകരായിരിക്കണം എന്നൊക്കെ മനുഷ്യരെ ഉണര്‍ത്തുകയാണ് അല്ലാഹു. (അമാനി തഫ്സീര്‍)
ചുരുക്കത്തില്‍, മതത്തിന്റെ വ്യക്തമായ വിലക്കില്ലാത്തതും, മ്ളേച്ഛവും ഉപദ്രകരവുമല്ലാത്തതുമായ വസ്തുക്കളെല്ലാം ഭക്ഷിക്കുന്നതിന് വിരോധമില്ലെന്നാണ് ഇസ്ലാമിന്റെ വിധിയെന്ന് പൊതുവില്‍ മനസ്സിലാക്കാവുന്നതാണ്. (അമാനി തഫ്സീര്‍)
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُلُوا۟ مِن طَيِّبَٰتِ مَا رَزَقْنَٰكُمْ وَٱشْكُرُوا۟ لِلَّهِ إِن كُنتُمْ إِيَّاهُ تَعْبُدُونَ
സത്യവിശ്വാസികളേ, നിങ്ങള്‍ക്ക് നാം നല്കിയ വസ്തുക്കളില്‍ നിന്ന് വിശിഷ്ടമായത് ഭക്ഷിച്ചു കൊള്ളുക. അല്ലാഹുവോട് നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുക, അവനെ മാത്രമാണ് നിങ്ങള്‍ ആരാധിക്കുന്നതെങ്കില്‍. (ഖു൪ആന്‍: 2/172)
സത്യവിശ്വാസികളെ പ്രത്യേകം സംബോധന ചെയ്തുകൊണ്ട് അവര്‍ക്ക് അല്ലാഹു നല്‍കിയിട്ടുള്ള വിശിഷ്ടവസ്തുക്കളെ ഭക്ഷിച്ചു കൊള്ളുവാന്‍ കല്പിച്ചിരിക്കുകയാണ്. അതിന് അല്ലാഹുവിനോട് നന്ദി ചെയ്യുകയും വേണം. ശുക്ര് (നന്ദി) എന്നാൽ ഹംദ് പറയൽ മാത്രമല്ല, പ്രത്യുത അല്ലാഹുവിന്റെ കൽപ്പന പാലിച്ചും വിരോധങ്ങൾ വെടിഞ്ഞും അവന് വഴിപ്പെട്ട് ജീവിക്കലാണ്.
മനുഷ്യരെ പൊതുവില്‍ സംബോധന ചെയ്തുകൊണ്ട് ഭൂവിഭവങ്ങളില്‍ നിന്ന് അനുവദനീയവും വിശിഷ്ടവുമായ വസ്തുക്കളെ ഭക്ഷിച്ചു കൊള്ളുവിന്‍ എന്ന് 168-ാം വചനത്തില്‍ പ്രസ്താവിച്ചു. സത്യവിശ്വാസികളെ പ്രത്യേകം സംബോധന ചെയ്തുകൊണ്ട് അവര്‍ക്ക് അല്ലാഹു നല്‍കിയിട്ടുള്ള വിശിഷ്ടവസ്തുക്കളെ ഭക്ഷിച്ചു കൊള്ളുവാന്‍ ഈ വചനത്തില്‍ വീണ്ടും കല്പിച്ചിരിക്കുകയാണ്. അവിടെ ആ കല്പനയോടൊപ്പം അല്ലാഹു അനുവദിച്ചുതന്ന ചില വസ്തുക്കളെ നിഷിദ്ധമാക്കുക പോലുള്ള പൈശാചിക സമ്പ്രദായങ്ങളെക്കുറിച്ച് താക്കീതും ചെയ്കയുണ്ടായി. ഇവിടെ, ആ കല്‍പനയോടനുബന്ധിച്ചുകൊണ്ട് പറഞ്ഞത് നിങ്ങള്‍ അല്ലാഹുവിനെയാണ് ആരാധിക്കുന്നതെങ്കില്‍ അവന് നന്ദിയും ചെയ്യണം എന്നത്രെ. അവിടെ ഭൂമിയിലുള്ള വസ്തുക്കളില്‍ അനുവദനീയവും വിശിഷ്ടവുമായത് തിന്നുകൊള്ളുവിന്‍ (كُلُوامِمَّافِي الأرْضِ حَلالاطَيِّبًا) എന്ന് പറഞ്ഞതിന് പകരം, ഇവിടെ നിങ്ങള്‍ക്ക് നാം നല്‍കിയിട്ടുള്ള വിശുദ്ധ വസ്തുക്കളില്‍ നിന്ന് തിന്നുകൊള്ളുവിന്‍ (كُلُوا مِن طَيِّبَاتِ مَا رَزَقْنَاكُمْ) എന്നുമാണ് പറഞ്ഞിരിക്കുന്നത്. അഥവാ അനുവദനീയമായത് (حَلالا) എന്ന് ഇവിടെ വിശേഷിപ്പിച്ചിട്ടില്ല. അവിടത്തെ ആഭിമുഖ്യം വിശ്വാസികളും അവിശ്വാസികളുമടക്കം എല്ലാ മനുഷ്യരോടും, ഇവിടത്തെ ആഭിമുഖ്യം സത്യവിശ്വാസികളോട് മാത്രവുമായതാണ് ഇതിന് കാരണം. (അമാനി തഫ്സീര്‍)
അല്ലാഹു അനുവദനീയമാക്കിയതെല്ലാം അനുവദനീയവും, അല്ലാഹു നിഷിദ്ധമാക്കിയത് മാത്രം നിഷിദ്ധവുമാക്കുന്നവരായിരിക്കും സത്യവിശ്വാസികള്‍. അവര്‍ അല്ലാഹുവിനെ മാത്രമേ ആരാധിക്കുകയും ചെയ്കയുള്ളൂ. എന്നിരിക്കെ, അവരോട് വിശിഷ്ടമായ വസ്തുക്കള്‍ ഭക്ഷിക്കണമെന്നും, അല്ലാഹുവിനെയാണ് ആരാധിക്കുന്നതെങ്കില്‍ അവനോട് നന്ദികാണിക്കണമെന്നും കല്പിക്കുന്നതില് ചില സൂചനകള്‍ അടങ്ങിയിട്ടുള്ളതായി കാണാം. ബാഹ്യദൃഷ്ട്യാ അനുവദനീയമാണെന്ന് തോന്നാമെങ്കിലും, ഏതെങ്കിലും വിധേനയുള്ള സംശയത്തിന്റെയോ പാപത്തിന്റെയോ കലര്‍പ്പില്‍ നിന്നുകൂടി ആ വസ്തുക്കള്‍ ശുദ്ധമായിരിക്കുവാന്‍ സത്യവിശ്വാസികള്‍ സൂക്ഷിക്കേണ്ടതുണ്ടെന്നും, നിങ്ങള്‍ അല്ലാഹുവിനെമാത്രം ആരാധിച്ചുവരുന്നവരായ സ്ഥിതിക്ക് അവന് നിങ്ങള്‍ക്ക് ഭക്ഷണം നല്കി അനുഗ്രഹിച്ചു കൊണ്ടിരിക്കുന്നതിന്റെ പേരില്‍ നിങ്ങള്‍ അവനോട് സദാ നന്ദിയുള്ളവരും കൂടിയായിരിക്കേതുണ്ടെന്നും മറ്റുമാണ് ആ സൂചനകള്‍. (അമാനി തഫ്സീര്‍)
മനുഷ്യരെ പൊതുവിലും, സത്യവിശ്വാസികളെ പ്രത്യേകമായും അഭിമുഖീകരിച്ചുകൊണ്ടുള്ള ഈ കല്പന അല്ലാഹുവിന്റെ റസൂലുകളെ സംബോധന ചെയ്തുകൊണ്ടും മറ്റൊരിടത്ത് അല്ലാഹു കല്പിച്ചിരിക്കുന്നത് കാണാം, അല്ലാഹു പറയുന്നു:
يَٰٓأَيُّهَا ٱلرُّسُلُ كُلُوا۟ مِنَ ٱلطَّيِّبَٰتِ وَٱعْمَلُوا۟ صَٰلِحًا ۖ إِنِّى بِمَا تَعْمَلُونَ عَلِيمٌ
ഹേ; ദൂതന്മാരേ, വിശിഷ്ടവസ്തുക്കളില്‍ നിന്ന് നിങ്ങള്‍ ഭക്ഷിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുവിന്‍. തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അറിയുന്നവനാകുന്നു. (ഖു൪ആന്‍: 23/51)
ഇവിടെയും അനുവദനീയമായത് എന്ന് വിശേഷിച്ചിട്ടില്ല. സത്യവിശ്വാസികളോട് നന്ദി ചെയ്യുവിന്‍ എന്ന് കല്പിച്ചതിന്റെ സ്ഥാനത്ത് ഇവിടെ സല്‍കര്‍മം പ്രവര്‍ത്തിക്കുവിന്‍ എന്നുമാണ് പറഞ്ഞിരിക്കുന്നത്. ഒരേ വിഷയം തന്നെയാണെങ്കിലും അത് ആരെ അഭിമുഖീകരിച്ചുകൊണ്ട് പറയുന്നുവോ അവരുടെ സ്ഥിതിഗതികള്‍ കണക്കിലെടുത്തു കൊണ്ട് അവതരിപ്പിക്കലും, അവരോട് യോജിച്ച ചില നിര്‍ദ്ദേശങ്ങളും സൂചനകളും അതോടൊപ്പം നല്‍കലും ക്വുര്‍ആന്റെ പതിവാകുന്നു. (അമാനി തഫ്സീര്‍)
വിരോധിക്കപ്പെട്ടിട്ടില്ലാത്തതും, മ്ലേച്ഛമല്ലാത്തതും, ഹൃദ്യമായതുമായ വസ്തുക്കള്‍ ഭക്ഷിച്ചുകൊള്ളുവാന്‍ എല്ലാ റസൂലുകളോടും അല്ലാഹു നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും, അതോടൊപ്പം സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും വേണമെന്നു് കല്‍പിച്ചിട്ടുണ്ടെന്നുമാണ് ആയത്തിന്റെ താല്പര്യം. മതത്തില്‍ അനുവദിക്കപ്പെടാത്ത (ഹലാലല്ലാത്ത) ഭക്ഷണസാധനങ്ങള്‍ – അത് എത്ര നല്ലതായിരുന്നാലും ശരി – ഉപയോഗിക്കാതിരിക്കുന്നത്, അല്ലാഹുവിന്റെ അടുക്കല്‍ സല്‍ക്കര്‍മ്മങ്ങള്‍ സ്വീകാര്യമാകുന്നതിനുള്ള ഒരു ഉപാധിയാണെന്നുകൂടി ആയത്തിന്റെ ഘടനയില്‍നിന്നു് ഗ്രഹിക്കാവുന്നതാണ്. (അമാനി തഫ്സീര്‍)
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ” أَيُّهَا النَّاسُ إِنَّ اللَّهَ طَيِّبٌ لاَ يَقْبَلُ إِلاَّ طَيِّبًا وَإِنَّ اللَّهَ أَمَرَ الْمُؤْمِنِينَ بِمَا أَمَرَ بِهِ الْمُرْسَلِينَ فَقَالَ { يَا أَيُّهَا الرُّسُلُ كُلُوا مِنَ الطَّيِّبَاتِ وَاعْمَلُوا صَالِحًا إِنِّي بِمَا تَعْمَلُونَ عَلِيمٌ} وَقَالَ { يَا أَيُّهَا الَّذِينَ آمَنُوا كُلُوا مِنْ طَيِّبَاتِ مَا رَزَقْنَاكُمْ} ” . ثُمَّ ذَكَرَ الرَّجُلَ يُطِيلُ السَّفَرَ أَشْعَثَ أَغْبَرَ يَمُدُّ يَدَيْهِ إِلَى السَّمَاءِ يَا رَبِّ يَا رَبِّ وَمَطْعَمُهُ حَرَامٌ وَمَشْرَبُهُ حَرَامٌ وَمَلْبَسُهُ حَرَامٌ وَغُذِيَ بِالْحَرَامِ فَأَنَّى يُسْتَجَابُ لِذَلِكَ ” .
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ജനങ്ങളേ, അല്ലാഹു നല്ലവനാണ്. നല്ലതല്ലാതെ അവന് സ്വീകരിക്കുകയില്ല. പ്രവാചകനോട് എന്താണോ കല്‍പ്പിച്ചത് അത് തന്നെയാണ് സത്യവിശ്വാസികളോടും അല്ലാഹു കല്പ്പിച്ചിരിക്കുന്നത്. അല്ലാഹു പറയുന്നു:ഹേ, ദൂതന്മാരേ, വിശിഷ്ടവസ്തുക്കളില്‍ നിന്ന് നിങ്ങള്‍ ഭക്ഷിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുവിന്‍. തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അറിയുന്നവനാകുന്നു.(ഖു൪ആന്‍: 23/51) അല്ലാഹു പറയുന്നു: സത്യവിശ്വാസികളേ, നിങ്ങള്‍ക്ക് നാം നല്കിയ വസ്തുക്കളില്‍ നിന്ന് വിശിഷ്ടമായത് ഭക്ഷിച്ചു കൊള്ളുക. അല്ലാഹുവോട് നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുക, അവനെ മാത്രമാണ് നിങ്ങള്‍ ആരാധിക്കുന്നതെങ്കില്‍. (ഖു൪ആന്‍: 2/172)
ശേഷം പ്രവാചകന് ഒരാളെ പരാമ൪ശിക്കുകയുണ്ടായി. ജട കുത്തിയ മുടിയും പൊടി പുരണ്ട ശരീരവുമായി അയാള്‍ ദീ൪ഘമായി യാത്ര ചെയ്തിട്ടുണ്ട്. തന്റെ ഇരു കൈകളും ആകാശത്തേക്കുയ൪ത്തി അയാള്‍ എന്റെ റബ്ബേ, എന്റെ റബ്ബേ എന്ന് പ്രാ൪ത്ഥിക്കുന്നുണ്ട്. അയാളുടെ ഭക്ഷണം നിഷിദ്ധമായതില്‍ നിന്നാണ്. അയാളുടെ പാനീയവും നിഷിദ്ധമായതില്‍ നിന്നാണ്. അയാളുടെ വസ്ത്രവും നിഷിദ്ധമായതില്‍ നിന്നാണ്. നിഷിദ്ധത്തില്‍ ഊട്ടപ്പെട്ടിരിക്കുന്ന ഒരു മനുഷ്യനാണ് അയാള്‍. ഇത്തരമൊരു മനുഷ്യന് എങ്ങനെ ഉത്തരം നല്‍കപ്പെടാനാണ്?’ (മുസ്ലിം : 1015)
عَنْ جابر بن عبد الله رضي الله عنهما عَنِ النَّبِيِّ صلى الله عليه وسلم قَالَ لَا يَدْخُلُ الْجَنَّةَ لَحْمٌ نَبَتَ مِنْ سُحْتٍ ، النَّارُ أَوْلَى بِهِ
ജാബി൪ ബിന്‍ അബ്ദില്ല رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഹറാമായ സമ്പത്തിലുടെ വളരുന്നമാംസം ഒരിക്കലും സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല. ഹറാമായ സമ്പത്തിലൂടെ വളരുന്ന ശരീരത്തിന് ഏറ്റവും അർഹമായത് നരകാഗ്നിയാണ്.(അഹ്മദ്:14032 -:സില്‍സിലത്തു സ്വഹീഹ:2609)
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تُحَرِّمُوا۟ طَيِّبَٰتِ مَآ أَحَلَّ ٱللَّهُ لَكُمْ وَلَا تَعْتَدُوٓا۟ ۚ إِنَّ ٱللَّهَ لَا يُحِبُّ ٱلْمُعْتَدِينَ ﴿٨٧﴾ وَكُلُوا۟ مِمَّا رَزَقَكُمُ ٱللَّهُ حَلَٰلًا طَيِّبًا ۚ وَٱتَّقُوا۟ ٱللَّهَ ٱلَّذِىٓ أَنتُم بِهِۦ مُؤْمِنُونَ ﴿٨٨﴾
സത്യവിശ്വാസികളേ, അല്ലാഹു നിങ്ങള്‍ക്ക് അനുവദിച്ച് തന്ന വിശിഷ്ടവസ്തുക്കളെ നിങ്ങള്‍ നിഷിദ്ധമാക്കരുത്. നിങ്ങള്‍ പരിധി ലംഘിക്കുകയും ചെയ്യരുത്. പരിധി ലംഘിക്കുന്നവരെ അല്ലാഹു ഒട്ടും ഇഷ്ടപ്പെടുകയില്ല. അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയതില്‍ നിന്ന് അനുവദനീയവും വിശിഷ്ടവും ആയത് നിങ്ങള്‍ തിന്നുകൊള്ളുക. ഏതൊരുവനിലാണോ നിങ്ങള്‍ വിശ്വസിക്കുന്നത് ആ അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക. (ഖു൪ആന്‍: 5/87-88)
അല്ലാഹു അനുവദനീയമാക്കിത്തന്നവയെ ഉപയോഗിക്കാതെ സ്വയം നിഷിദ്ധമാക്കിത്തീര്‍ക്കുന്നത് അവന്റെ അനുഗ്രഹത്തിനു നേരെയുള്ള നന്ദികേടാകുന്നു. മറിച്ച് അവ അമിതമായി ഉപയോഗപ്പെടുത്തുന്നത് അക്രമവും അനീതിയുമായിരിക്കും. അനുവദിക്കപ്പെട്ട വസ്തുക്കളില്‍- അവ ഭക്ഷ്യവസ്തുക്കളാവട്ടെ, അല്ലാത്തവയാകട്ടെ-മിതത്വം പാലിക്കാതിരിക്കുന്നതും. അനുവദിക്കപ്പെടാത്ത വസ്തുക്കളെ ഉപയോഗിക്കുന്നതും – രണ്ടും തന്നെ – അതിരു കവിയലായിരിക്കുന്നതാണ്. (അമാനി തഫ്സീര്‍)
فَكُلُوا۟ مِمَّا ذُكِرَ ٱسْمُ ٱللَّهِ عَلَيْهِ إِن كُنتُم بِـَٔايَٰتِهِۦ مُؤْمِنِينَ ﴿١١٨﴾وَمَا لَكُمْ أَلَّا تَأْكُلُوا۟ مِمَّا ذُكِرَ ٱسْمُ ٱللَّهِ عَلَيْهِ وَقَدْ فَصَّلَ لَكُم مَّا حَرَّمَ عَلَيْكُمْ إِلَّا مَا ٱضْطُرِرْتُمْ إِلَيْهِ ۗ وَإِنَّ كَثِيرًا لَّيُضِلُّونَ بِأَهْوَآئِهِم بِغَيْرِ عِلْمٍ ۗ إِنَّ رَبَّكَ هُوَ أَعْلَمُ بِٱلْمُعْتَدِينَ ﴿١١٩﴾
അതിനാല്‍ അല്ലാഹുവിന്റെ നാമം ഉച്ചരി(ച്ച് അറു) ക്കപ്പെട്ടതില്‍ നിന്നും നിങ്ങള്‍ തിന്നുകൊള്ളുക. നിങ്ങള്‍ അവന്റെ വചനങ്ങളില്‍ വിശ്വസിക്കുന്നവരാണെങ്കില്‍. അല്ലാഹുവിന്റെ നാമം ഉച്ചരി (ച്ച് അറു) ക്കപ്പെട്ടതില്‍ നിന്ന് നിങ്ങള്‍ എന്തിന് തിന്നാതിരിക്കണം.? നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കിയത് അവന് നിങ്ങള്‍ക്ക് വിശദമാക്കിത്തന്നിട്ടുണ്ടല്ലോ. നിങ്ങള്‍ (തിന്നുവാന്‍) നിര്‍ബന്ധിതരായിത്തീരുന്നതൊഴികെ. ധാരാളം പേര് യാതൊരു വിവരവുമില്ലാതെ തന്നിഷ്ടങ്ങള്‍ക്കനുസരിച്ച് (ആളുകളെ) പിഴപ്പിച്ചു കൊണ്ടിരിക്കുകയാണ്. തീര്‍ച്ചയായും നിന്റെ രക്ഷിതാവ് അതിക്രമകാരികളെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ. (ഖു൪ആന്‍: 6/118-119)
ജീവികളെ അറുക്കുമ്പോള്‍ മുശ്രിക്കുകള്‍ അവരുടെ ആരാധ്യ വസ്തുക്കളുടെ – വിഗ്രഹങ്ങളുടെ – നാമത്തില്‍ മാത്രമേ അറുക്കാറുണ്ടായിരുന്നുള്ളു. താനേ ചത്തുപോയ ശവങ്ങളെ അവര്‍ ഭക്ഷിക്കുകയും ചെയ്തിരുന്നു. അല്ലാഹുവിന്റെ നാമത്തിലല്ലാതെ അറുക്കുവാന്‍ പാടില്ലെന്നും, ശവം നിഷിദ്ധമാണെന്നും കല്പിക്കപ്പെട്ടപ്പോള്, അതിനെതിരില്‍ അവര്‍ കുതര്‍ക്കങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ടിരുന്നു. ‘നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുന്നവരാണെന്നാണല്ലോ പറയുന്നത്. എന്നിട്ടും അല്ലാഹു കൊലപ്പെടുത്തിയതിനെ (ശവത്തെ) ഭക്ഷിക്കുവാന്‍ പാടില്ലെന്നും, നിങ്ങള്‍ കൊലപ്പെടുത്തിയതിനെ (അറുത്തതിനെ) ഭക്ഷിക്കാമെന്നും പറയുന്നതിന് എന്താണ് ന്യായമുള്ളത്?!’ എന്നും മറ്റും. അതിലൊന്നും അവരെ അനുസരിക്കരുതെന്നും, നിങ്ങള്‍ സത്യവിശ്വാസികളായിരിക്കെ അല്ലാഹുവിന്റെ നാമത്തില്‍ അറുക്കപ്പെട്ടതിനെ ഭക്ഷിക്കുവാന്‍ നിങ്ങള്‍ ഒട്ടും മടിക്കേണ്ടതില്ലെന്നും, അതല്ലാത്തതു – ശവവും അന്യ നാമങ്ങളില്‍ അറുക്കപ്പെട്ടതും – ഭക്ഷിക്കരുതെന്നും സത്യവിശ്വാസികളോട് അല്ലാഹു കല്പിക്കുകയാണ്.
يَٰبَنِىٓ ءَادَمَ خُذُوا۟ زِينَتَكُمْ عِندَ كُلِّ مَسْجِدٍ وَكُلُوا۟ وَٱشْرَبُوا۟ وَلَا تُسْرِفُوٓا۟ ۚ إِنَّهُۥ لَا يُحِبُّ ٱلْمُسْرِفِينَ
ആദം സന്തതികളേ, എല്ലാ ആരാധനാലയത്തിങ്കലും (അഥവാ എല്ലാ ആരാധനാവേളകളിലും) നിങ്ങള്‍ക്ക് അലങ്കാരമായിട്ടുള്ള വസ്ത്രങ്ങള്‍ ധരിച്ചുകൊള്ളുക നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക. എന്നാല്‍ നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്. ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയേയില്ല. (ഖു൪ആന്‍:7/31)
قال بعض السلف : جمع الله الطب كله في نصف آية : وكلوا واشربوا ولا تسرفوا
സലഫുകളില്‍ പെട്ട ചില൪ പറഞ്ഞു: അല്ലാഹു വൈദ്യം മുഴുവനും ഒരു ആയത്തിന്റെ പകുതിയില്‍ ഉള്പെടുത്തിയിരിക്കുന്നു. അതായത്: തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക, അമിതമാക്കുകയും അരുത്. (ഇബ്നു കസീ൪)
قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ: كُلُوا وَاشْرَبُوا وَتَصَدَّقُوا وَالْبَسُوا مَا لَمْ يُخَالِطْهُ إِسْرَافٌ أَوْ مَخِيلَةٌ
നബി ﷺ പറഞ്ഞു :അമിതത്വവും, അഹങ്കാരവുമില്ലാത്ത വിധം തിന്നുകയും, കുടിക്കുകയും, ഉടുക്കുകയും, ധര്‍മ്മം കൊടുക്കുകയും ചെയ്യുവിന്‍. (ഇബ്നുമാജ)
www.kanzululoom.com