ഭൂകമ്പങ്ങൾ : ചില പാഠങ്ങൾ

ഭൂകമ്പങ്ങൾ ആവർത്തിച്ചു വരുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. ഭൂമിയുടെ ഉപരിതലം അവിചാരിതമായി ചലിക്കുന്നതിനാണ് ഭൂകമ്പം അഥവാ ഭൂമികുലുക്കം എന്ന് പറയുന്നത്. ഇത് ചെറിയ രീതിയിലും വലിയ രീതിയിലും സംഭവിക്കാറുണ്ട്. ഭൗതികമായി ഭൂകമ്പങ്ങൾക്ക് പല കാരണങ്ങൾ പറയാറുണ്ട്. ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം ഇത്തരം സാഹചര്യങ്ങളിൽ മനസ്സിലാക്കേണ്ട ചില കാര്യങ്ങളുണ്ട്.

ഒന്നാമതായി, ഭൂകമ്പങ്ങൾ ആവർത്തിച്ചു വരുന്നത് അന്ത്യനാളിന്റെ അടയാളമാണ്.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ النَّبِيُّ صلى الله عليه وسلم ‏ : لاَ تَقُومُ السَّاعَةُ حَتَّى يُقْبَضَ الْعِلْمُ، وَتَكْثُرَ الزَّلاَزِلُ، وَيَتَقَارَبَ الزَّمَانُ، وَتَظْهَرَ الْفِتَنُ، وَيَكْثُرَ الْهَرْجُ ـ وَهْوَ الْقَتْلُ الْقَتْلُ ـ حَتَّى يَكْثُرَ فِيكُمُ الْمَالُ فَيَفِيضُ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അറിവ് പിടിച്ചെടുക്കുന്നതുവരെയും, ഭൂകമ്പങ്ങൾ പെരുകുന്നത്‌ വരെയും, സമയം വേഗത്തിൽ കടന്നുപോകുന്നതുവരെയും, കുഴപ്പങ്ങൾ പ്രത്യക്ഷപ്പെടുന്നതുവരെയും, കൊലപാതകങ്ങൾ വർദ്ധിക്കുന്നതുവരെയും നിങ്ങൾക്ക് സമ്പത്ത് അധികരിക്കുന്നതുവരെയും അന്ത്യനാൾ സംഭവിക്കുകയില്ല. (ബുഖാരി:1036)

രണ്ടാമതായി, ഒരു പരീക്ഷണം എന്ന നിലക്ക് ഭൂകമ്പങ്ങൾ സംഭവിച്ചേക്കാം.

ﻭَﻟَﻨَﺒْﻠُﻮَﻧَّﻜُﻢ ﺑِﺸَﻰْءٍ ﻣِّﻦَ ٱﻟْﺨَﻮْﻑِ ﻭَٱﻟْﺠُﻮﻉِ ﻭَﻧَﻘْﺺٍ ﻣِّﻦَ ٱﻷَْﻣْﻮَٰﻝِ ﻭَٱﻷَْﻧﻔُﺲِ ﻭَٱﻟﺜَّﻤَﺮَٰﺕِ ۗ ﻭَﺑَﺸِّﺮِ ٱﻟﺼَّٰﺒِﺮِﻳﻦَ

കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക. (ഖു൪ആന്‍:2/155)

മൂന്നാമതായി, ഒരു ശിക്ഷ എന്ന നിലക്ക് ഭൂകമ്പങ്ങൾ സംഭവിച്ചേക്കാം.

فَكُلًّا أَخَذْنَا بِذَنۢبِهِۦ ۖ فَمِنْهُم مَّنْ أَرْسَلْنَا عَلَيْهِ حَاصِبًا وَمِنْهُم مَّنْ أَخَذَتْهُ ٱلصَّيْحَةُ وَمِنْهُم مَّنْ خَسَفْنَا بِهِ ٱلْأَرْضَ وَمِنْهُم مَّنْ أَغْرَقْنَا ۚ وَمَا كَانَ ٱللَّهُ لِيَظْلِمَهُمْ وَلَٰكِن كَانُوٓا۟ أَنفُسَهُمْ يَظْلِمُونَ

അങ്ങനെ എല്ലാവരെയും അവരവരുടെ കുറ്റത്തിന് നാം പിടികൂടി. അവരില്‍ ചിലരുടെ നേരെ നാം ചരല്‍കാറ്റ് അയക്കുകയാണ് ചെയ്തത്‌. അവരില്‍ ചിലരെ ഘോരശബ്ദം പിടികൂടി. അവരില്‍ ചിലരെ നാം ഭൂമിയില്‍ ആഴ്ത്തികളഞ്ഞു. അവരില്‍ ചിലരെ നാം മുക്കിനശിപ്പിച്ചു.അല്ലാഹു അവരോട് അക്രമം ചെയ്യുകയായിരുന്നില്ല. പക്ഷെ അവര്‍ അവരോട് തന്നെ അക്രമം ചെയ്യുകയായിരുന്നു. (ഖുർആൻ:29/40)

മനുഷ്യർ തിൻമകളിൽ മുഴുകുമ്പോഴാണ് അല്ലാഹു ഇത്തരം ശിക്ഷകളെ നടപ്പിൽ വരുത്തുന്നത്.

وَمَآ أَصَٰبَكُم مِّن مُّصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ وَيَعْفُوا۟ عَن كَثِيرٍ

നിങ്ങള്‍ക്ക് ഏതൊരു ആപത്ത് ബാധിച്ചിട്ടുണ്ടെങ്കിലും അത് നിങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടുതന്നെയാണ്‌. മിക്കതും അവന്‍ മാപ്പാക്കുകയും ചെയ്യുന്നു.(ഖു൪ആന്‍:42/30)

തിൻമകളിൽ ഏറ്റവും ഗൗരവമുള്ളത് ശിർക്കാണ്.

ظَهَرَ ٱلْفَسَادُ فِى ٱلْبَرِّ وَٱلْبَحْرِ بِمَا كَسَبَتْ أَيْدِى ٱلنَّاسِ لِيُذِيقَهُم بَعْضَ ٱلَّذِى عَمِلُوا۟ لَعَلَّهُمْ يَرْجِعُونَ ‎﴿٤١﴾‏ قُلْ سِيرُوا۟ فِى ٱلْأَرْضِ فَٱنظُرُوا۟ كَيْفَ كَانَ عَٰقِبَةُ ٱلَّذِينَ مِن قَبْلُ ۚ كَانَ أَكْثَرُهُم مُّشْرِكِينَ ‎﴿٤٢﴾‏ فَأَقِمْ وَجْهَكَ لِلدِّينِ ٱلْقَيِّمِ مِن قَبْلِ أَن يَأْتِىَ يَوْمٌ لَّا مَرَدَّ لَهُۥ مِنَ ٱللَّهِ ۖ يَوْمَئِذٍ يَصَّدَّعُونَ ‎﴿٤٣﴾

മനുഷ്യരുടെ കൈകള്‍ പ്രവര്‍ത്തിച്ചത് നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചതില്‍ ചിലതിന്‍റെ ഫലം അവര്‍ക്ക് ആസ്വദിപ്പിക്കുവാന്‍ വേണ്ടിയത്രെ അത്‌. അവര്‍ ഒരു വേള മടങ്ങിയേക്കാം. (നബിയേ,) പറയുക: നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിച്ചിട്ട് മുമ്പുണ്ടായിരുന്നവരുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് നോക്കുക. അവരില്‍ അധികപേരും ബഹുദൈവാരാധകരായിരുന്നു.  ആകയാല്‍ അല്ലാഹുവില്‍ നിന്ന് ആര്‍ക്കും തടുക്കാനാവാത്ത ഒരു ദിവസം വരുന്നതിന് മുമ്പായി നീ നിന്‍റെ മുഖം വക്രതയില്ലാത്ത മതത്തിലേക്ക് തിരിച്ച് നിര്‍ത്തുക. അന്നേദിവസം ജനങ്ങള്‍ (രണ്ടുവിഭാഗമായി) പിരിയുന്നതാണ്‌. (ഖു൪ആന്‍:30/41-43)

മുഹമ്മദ് അമാനി മൗലവി رحمه الله  എഴുതുന്നു: കരയിലും, കടലിലും മനുഷ്യരുടെ പ്രവൃത്തിദോഷങ്ങള്‍ നിമിത്തമാണ് കുഴപ്പവും നാശവും ഉണ്ടായിത്തീര്‍ന്നിരിക്കുന്നത്; എന്നാല്‍ അവയുടെ മുഴുവന്‍ ഫലവും അവര്‍ക്കു ഇവിടെവെച്ച് അല്ലാഹു അനുഭവിപ്പിക്കുന്നില്ല; അവര്‍ ചിന്തിച്ചു പാഠം പഠിച്ച് മടങ്ങുവാനായി ചുരുക്കം ചില പ്രവര്‍ത്തനഫലങ്ങള്‍ മാത്രമേ അനുഭവിപ്പിക്കുന്നുള്ളു എന്നാണ് അല്ലാഹു പ്രസ്താവിക്കുന്നത്. തുടര്‍ന്നുകൊണ്ട് അല്ലാഹുവിന്റെ ഏകത്വത്തില്‍ വിശ്വസിക്കാതെയും, അവന്റെ നിയമനിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാതെയും ഇരുന്നതിനാല്‍ പല സമുദായങ്ങള്‍ക്കും നേരിട്ട ശിക്ഷകളും, അവരുടെ പര്യവസാനങ്ങളും ആലോചിച്ചുനോക്കുവാന്‍ ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. ശിര്‍ക്ക്, അവിശ്വാസം, അക്രമം, ദേഹേച്ഛകള്‍ ആദിയായവയാണ് ലോകത്തുണ്ടാകുന്ന എല്ലാവിധ നാശനഷ്ടങ്ങള്‍ക്കും കാരണമെന്ന് അല്‍പം ആലോചിച്ചാല്‍ അറിയാവുന്നതാണ്. ഉല്‍പന്നങ്ങളുടെ കുറവ്, അതിവര്‍ഷം, വരള്‍ച്ച ആദിയായവയും സമാധാനജീവിതം താറുമാറാകുന്നതുമെല്ലാം തന്നെ മനുഷ്യപ്രവര്‍ത്തനങ്ങളാല്‍ സംഭവിക്കുന്നവയാണ്. അവയില്‍ ചിലതിന്റെ കാരണങ്ങള്‍ നമുക്കു പ്രത്യക്ഷത്തില്‍തന്നെ അറിയാന്‍ കഴിഞ്ഞേക്കും, ചിലതിന്റെ കാരണങ്ങള്‍ പ്രത്യക്ഷത്തില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെന്നും വന്നേക്കും. അത്രമാത്രം, പ്രകൃതികോപങ്ങള്‍ എന്നോ, യാദൃച്ഛിക സംഭവങ്ങള്‍ എന്നോ നാം വിശേഷിപ്പിക്കാറുള്ള ആപത്തുകള്‍ പോലും ഇതില്‍നിന്നു ഒഴിവല്ലതന്നെ. അല്ലാഹു പറയുന്നതു നോക്കുക:

وَلَوْ يُؤَاخِذُ ٱللَّهُ ٱلنَّاسَ بِظُلْمِهِم مَّا تَرَكَ عَلَيْهَا مِن دَآبَّةٍ وَلَٰكِن يُؤَخِّرُهُمْ إِلَىٰٓ أَجَلٍ مُّسَمًّى ۖ فَإِذَا جَآءَ أَجَلُهُمْ لَا يَسْتَـْٔخِرُونَ سَاعَةً ۖ وَلَا يَسْتَقْدِمُونَ

മനുഷ്യര്‍ ചെയ്യുന്ന അക്രമം കാരണം അല്ലാഹു അവരെ പിടികൂടുകയായിരുന്നുവെങ്കില്‍ അതിന്റെ – ഭൂമിയുടെ – മുകളില്‍ യാതൊരു ജീവിയെയും അവന്‍ ബാക്കി വിട്ടേക്കുമായിരുന്നില്ല. പക്ഷേ, ഒരു നിര്‍ണ്ണയിക്കപ്പെട്ട അവധിവരേക്കും അവരെ അവന്‍ താമസിപ്പിക്കുകയാണ് ചെയ്യുന്നത്. അവരുടെ ആ അവധി വന്നുകഴിഞ്ഞാല്‍ അവ൪ ഒരു നാഴികനേരം പിന്നോട്ടുപോകുന്നതോ മുന്നോട്ടുപോകുന്നതോ അല്ല. (നഹ്ല്‍ 61)

وَلَوْ أَنَّ أَهْلَ ٱلْقُرَىٰٓ ءَامَنُوا۟ وَٱتَّقَوْا۟ لَفَتَحْنَا عَلَيْهِم بَرَكَٰتٍ مِّنَ ٱلسَّمَآءِ وَٱلْأَرْضِ وَلَٰكِن كَذَّبُوا۟ فَأَخَذْنَٰهُم بِمَا كَانُوا۟ يَكْسِبُونَ ‎﴿٩٦﴾‏ أَفَأَمِنَ أَهْلُ ٱلْقُرَىٰٓ أَن يَأْتِيَهُم بَأْسُنَا بَيَٰتًا وَهُمْ نَآئِمُونَ ‎﴿٩٧﴾‏ أَوَأَمِنَ أَهْلُ ٱلْقُرَىٰٓ أَن يَأْتِيَهُم بَأْسُنَا ضُحًى وَهُمْ يَلْعَبُونَ ‎﴿٩٨﴾‏ أَفَأَمِنُوا۟ مَكْرَ ٱللَّهِ ۚ فَلَا يَأْمَنُ مَكْرَ ٱللَّهِ إِلَّا ٱلْقَوْمُ ٱلْخَٰسِرُونَ ‎﴿٩٩﴾

ആ രാജ്യക്കാര്‍ – മുമ്പ് നശിപ്പിക്കപ്പെട്ട സമുദായങ്ങള്‍ – വിശ്വസിക്കുകയും, സൂക്ഷിക്കുകയും ചെയ്തിരുന്നുവെങ്കില്‍. നാം അവര്‍ക്ക് ആകാശത്തുനിന്നും, ഭൂമിയില്‍നിന്നും ബര്‍ക്കത്തുകള്‍ – അഭിവൃദ്ധിമാര്‍ഗ്ഗങ്ങള്‍ – തുറന്നുകൊടുത്തിരുന്നു. പക്ഷേ, അവര്‍ വ്യാജമാക്കി. അപ്പോള്‍, അവര്‍ പ്രവൃത്തിച്ചുവെച്ചതിന്റെ ഫലമായി നാം അവരെ പിടിച്ചു ശിക്ഷിച്ചു. തങ്ങള്‍ ഉറങ്ങിക്കൊണ്ടിരിക്കെ രാത്രിസമയത്തു നമ്മുടെ ശിക്ഷ തങ്ങള്‍ക്കു വന്നെത്തുന്നതിനെപ്പറ്റി ആ രാജ്യക്കാര്‍ നിര്‍ഭയ രായിപ്പോയോ?! തങ്ങള്‍ വിളയാടിക്കൊണ്ടിരിക്കെ പൂര്‍വ്വാഹ്ന – ഇളയുച്ച – സമയത്തു നമ്മുടെ ശിക്ഷ തങ്ങള്‍ക്കു വന്നെത്തുന്നതിനെപ്പറ്റി ആ രാജ്യക്കാര്‍ നിര്‍ഭയരായിപ്പോയോ?! അല്ലാഹുവിന്റെ തന്ത്രത്തെപ്പറ്റി അവര്‍ നിര്‍ഭയരായോ?!! എന്നാല്‍, നഷ്ടക്കാരായ ജനങ്ങളല്ലാതെ അല്ലാഹുവിന്റെ തന്ത്രത്തെപ്പറ്റി നിര്‍ഭയരാകുന്നതല്ല. (അഅ്റാഫ്‌ : 96-99) (അമാനി തഫ്സീ൪ – ഖു൪ആന്‍ : 30/41-43 ന്റെ വിശദീകരണം)

സമൂഹത്തിൽ തിൻമകൾ വർദ്ധിക്കുന്നത് ഭയപ്പെടുക.

عَعَنْ زَيْنَبَ ابْنَةِ جَحْشٍ ـ رضى الله عنهن أَنَّ النَّبِيَّ صلى الله عليه وسلم دَخَلَ عَلَيْهَا فَزِعًا يَقُولُ ‏”‏ لاَ إِلَهَ إِلاَّ اللَّهُ، وَيْلٌ لِلْعَرَبِ مِنْ شَرٍّ قَدِ اقْتَرَبَ فُتِحَ الْيَوْمَ مِنْ رَدْمِ يَأْجُوجَ وَمَأْجُوجَ مِثْلُ هَذِهِ ‏”‏‏.‏ وَحَلَّقَ بِإِصْبَعِهِ الإِبْهَامِ وَالَّتِي تَلِيهَا‏.‏ قَالَتْ زَيْنَبُ ابْنَةُ جَحْشٍ فَقُلْتُ يَا رَسُولَ اللَّهِ أَنَهْلِكُ وَفِينَا الصَّالِحُونَ قَالَ ‏”‏ نَعَمْ، إِذَا كَثُرَ الْخُبْثُ ‏”‏‏.‏

സൈനബ് رضي الله عنها പറഞ്ഞു: ഒരിക്കല്‍ നബി ﷺ എന്‍റെയരികില്‍ ഭയവിഹ്വലനായി പ്രവേശിച്ചു. അവിടുന്ന് പറയുന്നുണ്ടായിരുന്നു: ‘അടുത്തു കൊണ്ടിരിക്കുന്ന തിന്മയില്‍ നിന്ന് അറബികള്‍ക്ക് നാശം’. തന്‍റെ തള്ളവിരലും ചൂണ്ടുവിരലും വൃത്താകൃതിയില്‍ പിടിച്ചു കൊണ്ട് അവിടുന്ന് പറഞ്ഞു: ‘യഅ്ജൂജ് മഅ്ജൂജിന്‍റെ മതിലില്‍ നിന്ന് ഈ വലിപ്പത്തിലുള്ള വിടവുണ്ടായിരിക്കുന്നു ഇന്ന്.’ ഞാന്‍ (സയ്നബ്) ചോദിച്ചു: ‘അല്ലാഹുവിന്‍റെ റസൂലേ, ഞങ്ങളില്‍ സച്ചരിതര്‍ ജീവിച്ചിരിക്കുമ്പോള്‍ ഞങ്ങള്‍ നശിക്കുമോ?’ നബി ﷺ പറഞ്ഞു: ‘അതെ, അവരില്‍ മ്ലേഛത വര്‍ദ്ധിച്ചാല്‍’. (ബുഖാരി: 3346)

عن أنس بن مالك رضى الله عنه قال قال رسول الله صلى الله عليه وسلم: لَيكوننَّ في هذه الأُمَّةِ خسفٌ ، و قذفٌ ، و مسخٌ ، و ذلك إذا شرِبُوا الخمورَ ، و اتَّخذوا القَيْناتِ ، و ضربُوا بالمعازفِ

അനസ് ബ്നു മാലിക് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘ഈ ഉമ്മത്തിൽ ഭൂമിയിലേക്കാഴ്ത്തുന്ന ശിക്ഷയും, ചരൽ വർഷവും, രൂപമാറ്റവും വന്നു ഭവിക്കും. അത്‌ അവർ കള്ള്‌ കുടിക്കുകയും, പാട്ടുകാരികളെ സ്വീകരിക്കുകയും, സംഗീതോപകരണങ്ങൾ ഉപയോഗിക്കുകയും ചെയ്തു തുടങ്ങുമ്പോൾ.'( സിൽസിലത്തു സ്വഹീഹ: 2203)

സമൂഹത്തിൽ തിൻമകൾ വർദ്ധിക്കുമ്പോൾ അത് കണ്ടില്ലെന്ന് നടിച്ച് ജീവിക്കുമ്പോൾ, തിൻമകൾക്കെതിരെ പോരാടിയില്ലെങ്കിൽ അഥവാ നൻമ കൽപ്പിക്കുകയും, തിൻമ തടയുകയും ചെയ്യാതിരുന്നാൽ ഇത്തരം പൊതു ശിക്ഷകൾ ബാധിച്ചേക്കാം.

قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : إن اللهَ لا يعذبُ العامَّةَ بعملِ الخاصَّةِ حتى يَرَوُا المنكرَ بين ظَهْرَانَيْهِم وهم قادرون على أن يُنْكِرُوه فلا يُنْكِرُوه، فإذا فعلوا ذلك عذب اللهُ الخاصَّةَ والعامَّةَ

നബി ﷺ  പറഞ്ഞു: ചിലരുടെ പ്രവൃത്തിയാൽ ഒരു സമൂഹത്തെ മുഴുവൻ അല്ലാഹു ശിക്ഷിക്കുകയില്ല. അവർ തങ്ങളുടെ ഇടയിലുള്ള തിന്മ കാണുന്നതുവരെ, അവർക്ക് അത് തടയാൻ കഴിയും, എന്നാൽ അവരത് തടയുന്നില്ല. അങ്ങനെ അവർ അത്(തിൻമ) ചെയ്താൽ, അല്ലാഹു പ്രത്യേകമായും മൊത്തത്തിലും ശിക്ഷിക്കും. (അഹ്മദ്)

നബി ﷺ യുടെ കല്‍പനയ്ക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നതും പലദുരന്തങ്ങൾക്കും കാരണമായേക്കാം.

فَلْيَحْذَرِ ٱلَّذِينَ يُخَالِفُونَ عَنْ أَمْرِهِۦٓ أَن تُصِيبَهُمْ فِتْنَةٌ أَوْ يُصِيبَهُمْ عَذَابٌ أَلِيمٌ ‎

ആകയാല്‍ അദ്ദേഹത്തിന്‍റെ കല്‍പനയ്ക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ. (ഖു൪ആന്‍:24/63)

നാലാമതായി, ഇത്തരം ദുരന്തങ്ങളിൽ നിന്ന് പാഠം ഉൾക്കൊള്ളാൻ കഴിയേണ്ടതുണ്ട്.

وَمَا نُرْسِلُ بِٱلْـَٔايَٰتِ إِلَّا تَخْوِيفًا

ഭയപ്പെടുത്താന്‍ മാത്രമാകുന്നു നാം ദൃഷ്ടാന്തങ്ങള്‍ അയക്കുന്നത്‌. (ഖു൪ആന്‍:17/59)

عن قتادة، قوله ( وَمَا نُرْسِلُ بِالآيَاتِ إِلا تَخْوِيفًا ) وإن الله يخوّف الناس بما شاء من آية لعلهم يعتبرون، أو يذكَّرون، أو يرجعون، ذُكر لنا أن الكوفة رجفت على عهد ابن مسعود، فقال: يأيها الناس إن ربكم يستعتبكم فأعتبوه.

ഇമാം ഖത്വാദ رحمه الله  പറഞ്ഞു: {ഭയപ്പെടുത്താന്‍ മാത്രമാകുന്നു നാം ദൃഷ്ടാന്തങ്ങള്‍ അയക്കുന്നത്‌} അല്ലാഹു താൻ ഉദ്ദേശിക്കുന്ന ഏതൊരു ദൃഷ്ടാന്തവും കൊണ്ട് ആളുകളെ ഭയപ്പെടുത്തുന്നു, അവർ ഗുണപാഠം ഉൾക്കൊള്ളുന്നതിന് വേണ്ടി, അല്ലെങ്കിൽ അവർ അല്ലാഹുവിനെ ഓർക്കുന്നതിന് വേണ്ടി, അല്ലെങ്കിൽ അവർ (അല്ലാഹുവിലേക്ക്) മടങ്ങുകന്നതിന് വേണ്ടി. ഇബ്‌നു മസ്ഊദ് رَضِيَ اللَّهُ عَنْهُ വിന്റെ കാലത്ത് കൂഫയിൽ ഭൂമികുലുക്കമുണ്ടായെന്ന് ഞങ്ങളോട് പറയപ്പെട്ടു, അദ്ദേഹം പറഞ്ഞു: ജനങ്ങളേ, നിങ്ങളുടെ റബ്ബ് നിങ്ങളോട് പശ്ചാത്തപിച്ച് മടങ്ങാൻ ആവശ്യപ്പെടുന്നു, അതിനാൽ ഗുണപാഠം ഉൾക്കൊള്ളുക. (തഫ്സീറുത്ത്വബ്’രി)

عن صفية بنت أبي عبيد قالت: زلزلت الأرض على عهد عمر حتى اصطفقت السرر فخطب عمر الناس فقال: أحدثتم! لقد عجلتم، لئن عادت لأخرجن من بين ظهرانيكم!

ഉമർ رَضِيَ اللَّهُ عَنْهُ വിന്റെ കാലത്ത് ഭൂമികുലുക്കമുണ്ടായി, കിടക്കകൾ നിരനിരയാകുന്നതുവരെയും. അപ്പോൾ ഉമർ رَضِيَ اللَّهُ عَنْهُ  ആളുകളെ അഭിസംബോധന ചെയ്ത് പറഞ്ഞു: നിങ്ങൾ (തിൻമകൾ) കൊണ്ടുവന്നിരിക്കുന്നു, നിങ്ങൾ (തിൻമകളിലേക്ക്) ധൃതി കാണിച്ചിരിക്കുന്നു. അത്  ആവർത്തിച്ചാൽ നിങ്ങൾക്കെതിരിൽ പടക്ക് ഞാൻ ഇറങ്ങിപുറപ്പെടും. (ബൈഹഖി)

ശൈഖ് ഇബ്നുബാസ് رحمه الله  പറയുന്നു:

ولا شك أن ما حصل من الزلازل في هذه الأيام في جهات كثيرة هو من جملة الآيات التي يخوف الله بها سبحانه عباده .

ഈ ദിവസങ്ങളിൽ പലയിടത്തും ഉണ്ടായ ഭൂകമ്പങ്ങൾ അല്ലാഹു തൻറെ ദാസന്മാരെ ഭയപ്പെടുത്തുന്നു എന്നതിന്റെ അടയാളങ്ങളിൽ പെട്ടതാണെന്നതിൽ സംശയമില്ല. ഭൂമികുലുക്കങ്ങളും മറ്റും മനുഷ്യർക്ക് ദോഷം ചെയ്യുന്നതും അവർക്ക് പലതരത്തിലുള്ള ദ്രോഹങ്ങൾ ഉണ്ടാക്കുന്നതും എല്ലാം ശിർക്കിന്റെയും അനുസരണക്കേടിന്റെയും കാരണങ്ങളാൽ സംഭവിക്കുന്നതാണ്. അല്ലാഹു പറഞ്ഞതുപോലെ: {നിങ്ങള്‍ക്ക് ഏതൊരു ആപത്ത് ബാധിച്ചിട്ടുണ്ടെങ്കിലും അത് നിങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടുതന്നെയാണ്‌. മിക്കതും അവന്‍ മാപ്പാക്കുകയും ചെയ്യുന്നു (42/30)}

ദൃഷ്ടാന്തങ്ങള്‍ കാണിച്ചു കൊടുക്കുന്നതിന്റെ ഉദ്ദേശ്യം ജനങ്ങള്‍ക്കു ഭയപ്പാടുണ്ടാക്കുകയല്ലാതെ മറ്റൊന്നുമല്ലെന്നു അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. അഥവാ സത്യത്തിന്റെ സ്ഥാപനത്തിനു വേണ്ടിയോ, നിര്‍ബ്ബന്ധ പൂര്‍വ്വം ജനങ്ങളെ വിശ്വസിപ്പിക്കുകയോ അല്ല – അല്ലാഹുവിനെക്കുറിച്ചു ഭയവും ബോധവും ഉണ്ടായിത്തീരുകയും, അങ്ങിനെ, സത്യത്തിലേക്കു മടങ്ങുവാന്‍ പ്രേരണ ലഭിക്കുകയുമാണു – ദൃഷ്ടാന്തം കൊണ്ടുദ്ദേശ്യം. താഴെ ഉദ്ധരിക്കുന്ന ഹദീഥില്‍നിന്നു ഇതു കൂടുതല്‍ വ്യക്തമാകുന്നതാണ്. അതായത് നബി ﷺ യുടെ പുത്രന്‍ ഇബ്രാഹീം എന്ന കുട്ടി ചരമമടഞ്ഞ ദിവസം സൂര്യഗ്രഹണമുണ്ടായി. അതു കുട്ടിയുടെ മരണം നിമിത്തമാണെന്നു ചിലര്‍ പറഞ്ഞു. ആ അവസരത്തില്‍ തിരുമേനി ﷺ പറഞ്ഞു: “നിശ്ചയമായും, സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍പെട്ട രണ്ടു ദൃഷ്ടാന്തങ്ങളാകുന്നു. ഒരാളുടെയും മരണം നിമിത്തമോ, ജീവിതം നിമിത്തമോ അവക്കു ഗ്രഹണം ബാധിക്കുകയില്ല. എങ്കിലും അതു രണ്ടും മുഖേന അല്ലാഹു അവന്റെ അടിയാന്‍മാരെ ഭയപ്പെടുത്തുന്നു. അതിനാല്‍, അതു (ഗ്രഹണം) നിങ്ങള്‍ കണ്ടാല്‍, അവന്റെ സ്മരണയിലേക്കും, പ്രാര്‍ത്ഥനയിലേക്കും, പാപമോചനം തേടുന്നതിലേക്കും നിങ്ങള്‍ അഭയം പ്രാപിച്ചുകൊള്ളുവിന്‍.’ പിന്നീടു തിരുമേനി  ﷺ പറഞ്ഞു: “മുഹമ്മദിന്റെ സമുദായമേ, അല്ലാഹുവിനെത്തന്നെ സത്യം! എനിക്കറിയാവുന്നത് നിങ്ങള്‍ക്കറിയാമായിരുന്നെങ്കില്‍, നിങ്ങള്‍ അല്‍പം (മാത്രം) ചിരിക്കുകയും, ധാരാളം കരയുകയും ചെയ്തേക്കുമായിരുന്നു.’ (ബുഖാരി, മുസ്ലിം) (അമാനി തഫ്സീ൪ – ഖു൪ആന്‍ : 17/59 ന്റെ വിശദീകരണം)

അഞ്ചാമതായി, ഇത്തരം ദുരന്തങ്ങൾ സംഭവിക്കാതിരിക്കുന്നതിനായി അല്ലാഹുവിനോട് സദാ പ്രാർത്ഥിക്കുക, സുന്നത്ത് അനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തുക, ഇസ്തിഗ്ഫാർ വർദ്ധിപ്പിക്കുക.

وَإِذْ قَالُوا۟ ٱللَّهُمَّ إِن كَانَ هَٰذَا هُوَ ٱلْحَقَّ مِنْ عِندِكَ فَأَمْطِرْ عَلَيْنَا حِجَارَةً مِّنَ ٱلسَّمَآءِ أَوِ ٱئْتِنَا بِعَذَابٍ أَلِيمٍ ‎﴿٣٢﴾‏ وَمَا كَانَ ٱللَّهُ لِيُعَذِّبَهُمْ وَأَنتَ فِيهِمْ ۚ وَمَا كَانَ ٱللَّهُ مُعَذِّبَهُمْ وَهُمْ يَسْتَغْفِرُونَ ‎﴿٣٣﴾‏

അല്ലാഹുവേ, ഇതു നിന്‍റെ പക്കല്‍ നിന്നുള്ള സത്യമാണെങ്കില്‍ നീ ഞങ്ങളുടെ മേല്‍ ആകാശത്ത് നിന്ന് കല്ല് വര്‍ഷിപ്പിക്കുകയോ, അല്ലെങ്കില്‍ ഞങ്ങള്‍ക്ക് വേദനാജനകമായ ശിക്ഷ കൊണ്ടുവരികയോ ചെയ്യുക എന്ന് അവര്‍ (അവിശ്വാസികള്‍) പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക.) എന്നാല്‍ നീ അവര്‍ക്കിടയില്‍ ഉണ്ടായിരിക്കെ അല്ലാഹു അവരെ ശിക്ഷിക്കുന്നതല്ല. അവര്‍ പാപമോചനം തേണ്ടിക്കൊണ്ടിരിക്കുമ്പോഴും അല്ലാഹു അവരെ ശിക്ഷിക്കുന്നതല്ല. (ഖു൪ആന്‍:8/32-33)

قال الإمام ابن باز رحمه الله: فالواجب عند الزلازل وغيرها من الآيات والكسوف والرياح الشديدة والفيضانات البدار بالتوبة إلى الله سبحانه، والضراعة إليه وسؤاله العافية والإكثار من ذكره واستغفاره

ശൈഖ് ഇബ്നു ബാസ്رحمه الله പറഞ്ഞു : ഭൂകമ്പം, ഗ്രഹണം, ശക്തമായ കാറ്റ്, പ്രളയങ്ങൾ പോലുള്ള ദൃഷ്ടാന്തങ്ങൾ സംഭവിക്കുമ്പോൾ നിർബന്ധമായും അല്ലാഹുവിനോട് വേഗത്തിൽ പശ്ചാത്തപിച്ചു മടങ്ങേണ്ടതുണ്ട്. അവനോട് താഴ്മ കാണിക്കുകയും സൗഖ്യത്തിനായി അവനോട് ചോദിക്കുകയും ദിക്റും ഇസ്തിഗ്ഫാറും വർധിപ്പിക്കുകയും വേണം. (മജ്മൂഉൽ ഫതാവാ:9/148)

ആറാമതായി, യഥാർത്ഥ സത്യവിശ്വാസികളായി ജീവിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇത്തരം ദുരന്തങ്ങൾതന്നെയും ആശ്വാസകരമാണ്.

عَنْ أَبِي مُوسَى، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ أُمَّتِي هَذِهِ أُمَّةٌ مَرْحُومَةٌ لَيْسَ عَلَيْهَا عَذَابٌ فِي الآخِرَةِ عَذَابُهَا فِي الدُّنْيَا الْفِتَنُ وَالزَّلاَزِلُ وَالْقَتْلُ ‏

അബൂമൂസാ رَضِيَ اللَّهُ عَنْهُ നിവേദനം. നബി ﷺ പറഞ്ഞു: എന്റെ ഈ ഉമ്മത്ത് വളരെ അനുഗ്രഹിതമായ ഒരു സമുദായമാണ്. പരലോകത്ത് അവർക്ക് ശിക്ഷയില്ല. അവർക്കുള്ള ശിക്ഷ ഇഹലോകത്ത് തന്നെയുള്ള ഫിത്നകളും ഭൂകമ്പങ്ങളും നരഹത്യകളുമാണ്. (അബൂദാവൂദ്:4278)

ഏഴാമതായി, ഇത്തരം ദുരന്തങ്ങളിൽ സൽകര്‍മ്മികളെന്നോ ദുഷ്കര്‍മ്മികളെന്നോ വിശ്വാസികളെന്നോ അവിശ്വാസികളെന്നോ വ്യത്യാസമില്ലാതെ മുഴുവൻ ജനങ്ങളും ഉൾപ്പെട്ടേക്കാം.

عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ يَغْزُو جَيْشٌ الْكَعْبَةَ، فَإِذَا كَانُوا بِبَيْدَاءَ مِنَ الأَرْضِ يُخْسَفُ بِأَوَّلِهِمْ وَآخِرِهِمْ ‏”‏‏.‏ قَالَتْ قُلْتُ يَا رَسُولَ اللَّهِ كَيْفَ يُخْسَفُ بِأَوَّلِهِمْ وَآخِرِهِمْ، وَفِيهِمْ أَسْوَاقُهُمْ وَمَنْ لَيْسَ مِنْهُمْ‏.‏ قَالَ ‏”‏ يُخْسَفُ بِأَوَّلِهِمْ وَآخِرِهِمْ، ثُمَّ يُبْعَثُونَ عَلَى نِيَّاتِهِمْ ‏”‏‏.‏

ആയിശാ رَضِيَ اللَّهُ عَنْها യിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: കഅ്ബക്കെതിരെ യുദ്ധം ചെയ്യാൻ ഒരു സൈന്യം വരും. അവർ ‘ബൈദാഇൽ’ എത്തിയാൽ അവരുടെ ആദ്യം മുതൽ അവസാനം വരെയുള്ള മുഴുവൻ ആളുകളെയും ഭൂമി വിഴുങ്ങി കളയും. (ഇത് കേട്ട) ആയിശാ നബിയോട് ചോദിച്ചു: യുദ്ധം ചെയ്യാത്തവരായി ആ പ്രദേശങ്ങളിലുള്ള ആളുകളും അവിടങ്ങളിലുള്ള വ്യാപാര സ്ഥലങ്ങളുമൊക്കെ അക്കൂട്ടത്തിൽ പെടുമോ? നബി പറഞ്ഞു: അവരുടെ ആദ്യം മുതൽ അവസാനം വരെയുള്ള മുഴുവൻ ആളുകളെയും ഭൂമി വിഴുങ്ങുകയും പിന്നീട് അവരവരുടെ ഉദ്ദേശമനുസരിച്ച് അന്ത്യനാളിൽ പുനർജീവിപ്പിക്കപ്പെടുകയും ചെയ്യും. (ബുഖാരി:2118)

 

 

kanzululoom.com

One Response

Leave a Reply

Your email address will not be published. Required fields are marked *