വസ്ത്രം വലിച്ചഴച്ച് നടക്കുന്നവരോട്

പുരുഷന്മാ൪ അവരുടെ വസ്ത്രം നെരിയാണിക്ക് താഴെയാക്കി വലിച്ചിഴച്ച് നടക്കാന്‍ പാടില്ലെന്നത് ഇസ്ലാമില്‍ അറിയപ്പെട്ട കാര്യമാണ്. ഈ വിഷയത്തില്‍ മുസ്ലിം സമൂഹം പൊതുവെ വ്യത്യസ്തങ്ങളായ നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ളതായി കാണാം. ഒരു വിഭാഗം മതത്തിന്റെ ഇത്തരം നിയമ നി൪ദ്ദേശങ്ങളെ പരിഗണിക്കാതെയും ശ്രദ്ധിക്കാതെയും തങ്ങളുടെ താല്‍പ്പര്യങ്ങളും ഇച്ഛകളും മാത്രം പരിഗണിച്ച് വസ്തം നെരിയാണിക്ക് താഴെയായി ധരിച്ച് നടക്കാറുണ്ട്. മറ്റൊരു വിഭാഗം മതത്തിന്റെ  നിയമ നി൪ദ്ദേശങ്ങളെ പരിഗണിക്കണമെന്ന് പറയുന്നുവെങ്കിലും ഇത്തരം വിഷയങ്ങളില്‍  തങ്ങളുടെ താല്‍പ്പര്യങ്ങളെയും ഇച്ഛകളെയും പരിഗണിച്ച് പ്രമാണങ്ങളെ വളച്ചൊടിച്ച് ഇതൊക്കെ അനുവദനീയമാണെന്ന് പറഞ്ഞ് വസ്തം നെരിയാണിക്ക് താഴെയായി ധരിച്ച് നടക്കുന്നു. മൂന്നാമതൊരു വിഭാഗം മതത്തിന്റെ നി൪ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട്  വസ്തം നെരിയാണിക്ക് താഴെയാകാതെ ശ്രദ്ദിച്ച് ധരിക്കാറുണ്ട്. അതിന്റെ പേരില്‍ അവ൪ ധാരാളം ആക്ഷേപങ്ങളും പരിഹാസങ്ങളും ഏല്‍ക്കാറുണ്ട്. പുരുഷന്മാരുടെ വസ്ത്രത്തിന്റെ പരിധിയുമായി ബന്ധപ്പെട്ട് ഇസ്ലാമിക പ്രമാണങ്ങള്‍ എന്താണ് പഠിപ്പിച്ചിട്ടുള്ളതെന്ന് പരശോധിക്കാം.

പുരുഷന്മാർ മുട്ടിന്റയും പൊക്കിളിന്റെയും ഇടയിലുള്ള ഭാഗം മുഴുവനും മറക്കൽ നിർബന്ധമാണ്, അതോടൊപ്പം, നമസ്കാര വേളയില്‍ തോളിൽ ഒരു മുണ്ടെങ്കിലും ഉണ്ടായിരിക്കുകയും വേണം. ഇതെല്ലാം മതം കൃത്യമായി പഠിപ്പിച്ചിട്ടുള്ളതാണ്. ഒരു മുസ്ലിമിന്റെ ഉടുമുണ്ടിന്റെ പരിധി നിശ്ചയിച്ച് നബി ﷺ  പഠിപ്പിച്ചിട്ടുള്ളത് കാണുക:

عَنْ أَبِي سَعِيدٍ الْخُدْرِيِّ قَالَ ، قَالَ رَسُولُ اللَّهِ صلى الله عليه وسلم:   إِزْرَةُ الْمُسْلِمِ إِلَى نِصْفِ السَّاقِ وَلاَ حَرَجَ – أَوْ لاَ جُنَاحَ – فِيمَا بَيْنَهُ وَبَيْنَ الْكَعْبَيْنِ مَا كَانَ أَسْفَلَ مِنَ الْكَعْبَيْنِ فَهُوَ فِي النَّارِ

അബൂസഈദില്‍ ഖുദ്രിയ്യില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മുസ്ലിമിന്റെ ഉടുമുണ്ട് കണങ്കാലിന്റെ പകുതി വരെയാണ്. അതിനും നെരിയാണികള്‍ക്കിടയിലും ആകുന്നതില്‍ കുഴപ്പമില്ല. നെരിയാണികള്‍ക്ക് താഴെ വരുന്നത് നരകത്തിലാണ്. (അബൂദാവൂദ് :4093 –  സ്വഹീഹ് അല്‍ബാനി )

عَنْ حُذَيْفَةَ، قَالَ أَخَذَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ بِأَسْفَلِ عَضَلَةِ سَاقِي أَوْ سَاقِهِ فَقَالَ ‏ “‏ هَذَا مَوْضِعُ الإِزَارِ فَإِنْ أَبَيْتَ ‏.‏ فَأَسْفَلَ فَإِنْ أَبَيْتَ فَأَسْفَلَ فَإِنْ أَبَيْتَ فَلاَ حَقَّ لِلإِزَارِ فِي الْكَعْبَيْنِ ‏”‏ ‏.‏

ഹുദൈഫയില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു:റസൂൽ (സ)എന്റെ അല്ലെങ്കിൽ പ്രവാചകന്റെ തന്നെ കണങ്കാലിന്റെ പേശിയുടെ താഴ്ഭാഗതത് പിടിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: ഇതാണ് തുണിയുടെ സ്ഥാനം. ഇനി താങ്കൾക്ക് പോരാ എന്ന് തോന്നുകയാണെങ്കിൽ ഒരൽപം കൂടി താഴെ. വീണ്ടും പോരാ എന്ന് തോന്നുകയാണെങ്കിൽ ഒരൽപം കൂടി താഴെ. ഇനിയും പോരാ എന്ന് തോന്നിയാൽ നെരിയാണിയിൽ വസ്ത്രത്തിന് യാതൊരു അവകാശവുമില്ല. (ഇബ്നുമാജ:32/3702)

അല്ലാഹുവിന്റെ പ്രവാചകരേ, എനിക്കൊരു ഉപദേശം നൽകിയാലും എന്ന് ജാബിർ(റ) ഒരിക്കല്‍ പറഞ്ഞപ്പോള്‍  നബി ﷺ  കുറെ ഉപദേശങ്ങള്‍ നല്‍കി. അതില്‍പെട്ട ഒന്ന് ഇപ്രകാരമായിരുന്നു:

وَارْفَعْ إِزَارَكَ إِلَى نِصْفِ السَّاقِ فَإِنْ أَبَيْتَ فَإِلَى الْكَعْبَيْنِ وَإِيَّاكَ وَإِسْبَالَ الإِزَارِ فَإِنَّهَا مِنَ الْمَخِيلَةِ وَإِنَّ اللَّهَ لاَ يُحِبُّ الْمَخِيلَةَ

നീ നിന്റെ തുണി ധരിക്കുന്നത് കണംകാലിന്റെ പകുതിവരെ ഉയർത്തിയ നിലയിലായിരിക്കണം. നെരിയാണി വരെ ആകുന്നതിനു വിരോധമില്ല. വസ്ത്രം വലിച്ചിഴക്കുന്നത് നീ സൂക്ഷിക്കണം. അത് അഹങ്കാരമാണ്. അഹങ്കാരം അല്ലാഹു ഇഷ്ടപ്പെടുകയില്ല (അബൂദാവൂദ് : 4084 – സ്വഹീഹ് അല്‍ബാനി)

ഉമ൪(റ) കുത്തേറ്റ് കിടക്കുന്ന സന്ദ൪ഭത്തില്‍ പലരും അദ്ദേഹത്തെ സന്ദര്‍ശിക്കുവാനായി വന്നു. അതില്‍ വസ്ത്രം നിലത്തിഴച്ച് മടങ്ങി പോകുന്ന ഒരു ചെറുപ്പക്കാരനെ നോക്കി, മരണവുമായി മല്ലിടുന്ന അദ്ദേഹം പറഞ്ഞു:

 ابن أخي ارفع ثوبك، فإنه أنقى لثوبك، وأتقى لربك

സഹോദര പുത്രാ, നീ നിന്റെ വസ്ത്രം പൊക്കി ഉടുക്കുക. അതാണ് നിന്റെ വസ്ത്രത്തിന്റെ വൃത്തിക്കും നിന്റെ രക്ഷിതാവിനോടുള്ള സൂക്ഷ്മതക്കും നല്ലത്. (ബുഖാരി)

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ :‏ مَا أَسْفَلَ مِنَ الْكَعْبَيْنِ مِنَ الإِزَارِ فَفِي النَّارِ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:  ഞെരിയാണിക്ക് താഴെയുള്ള വസ്ത്രം നരകത്തിലാണ്. (ബുഖാരി: 5787)

عَنْ أَبِي ذَرٍّ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏”‏ ثَلاَثَةٌ لاَ يُكَلِّمُهُمُ اللَّهُ يَوْمَ الْقِيَامَةِ وَلاَ يَنْظُرُ إِلَيْهِمْ وَلاَ يُزَكِّيهِمْ وَلَهُمْ عَذَابٌ أَلِيمٌ ‏”‏ قَالَ فَقَرَأَهَا رَسُولُ اللَّهِ صلى الله عليه وسلم ثَلاَثَ مِرَارٍ ‏.‏ قَالَ أَبُو ذَرٍّ خَابُوا وَخَسِرُوا مَنْ هُمْ يَا رَسُولَ اللَّهِ قَالَ ‏”‏ الْمُسْبِلُ وَالْمَنَّانُ وَالْمُنَفِّقُ سِلْعَتَهُ بِالْحَلِفِ الْكَاذِبِ ‏”‏ ‏.‏

അബൂദ൪റില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മൂന്ന് വിഭാഗം ആളുകള്‍, അല്ലാഹു അന്ത്യദിനത്തില്‍ അവരോട് സംസാരിക്കുകയോ അവരിലേക്ക് നോക്കുകയോ അവരെ ശുദ്ധീകരിക്കുകയോ ചെയ്യില്ല. വേദനജനകമായ ശിക്ഷ അവര്‍ക്കുണ്ടായിരിക്കും.നബി ﷺ ഇത് മൂന്ന് പ്രവാശ്യം പറഞ്ഞു.) ഞാന്‍ ചോദിച്ചു. അല്ലാഹുവിന്റെ റസൂലെ അവര്‍ ആരാണ്? എങ്കില്‍ അവര്‍ പരാജയപെടുകയും അവര്‍ക്ക് നഷ്ടപ്പെടുകയും ചെയ്തു. നബി ﷺ  പറഞ്ഞു.വസ്ത്രം വലിച്ചിഴക്കുന്നവന്‍, കൊടുത്തത് എടുത്ത് പറയുന്നവന്‍, കള്ള സത്യം ചെയ്ത് തന്റെ ചരക്ക്
വിറ്റൊഴിക്കുന്നവന്‍. (മുസ്ലിം:106)

عَنِ ابْنِ عُمَرَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ: بَيْنَمَا رَجُلٌ يَجُرُّ إِزَارَهُ مِنَ الْخُيَلاَءِ خُسِفَ بِهِ، فَهْوَ يَتَجَلْجَلُ فِي الأَرْضِ إِلَى يَوْمِ الْقِيَامَةِ

അബ്‌ദുല്ലാഹിബ്‌നു ഉമറില്‍ (റ) നിവേദനം. നബി ﷺ  പറഞ്ഞു. ഒരാള്‍ അഹങ്കാരത്തോടെ തന്റെ വസ്ത്രം നിലത്തിഴച്ച് വലിച്ചുകൊണ്ടിരിക്കെ അയാള്‍ ഭൂമിയില്‍ ആഴ്‌ത്തപ്പെട്ടു. അന്ത്യനാള്‍ വരെ അയാള്‍ ഭൂമിയുടെ അഗാധതയിലേക്ക്‌ താഴ്‌ന്നു കൊണ്ടേയിരിക്കും. (ബുഖാരി:3485)

വസ്ത്രം നെരിയാണിക്ക് താഴെ വലിച്ചിഴക്കുന്നവന് ഖബ്റില്‍ ശിക്ഷയുണ്ടെന്നും പരലോകത്ത് വേദനാജനകമായ നരക ശിക്ഷയുണ്ടെന്നും അല്ലാഹു അന്ത്യദിനത്തില്‍ അവരോട് സംസാരിക്കുകയോ അവരിലേക്ക് നോക്കുകയോ അവരെ ശുദ്ധീകരിക്കുകയോ ചെയ്യില്ലെന്നും ഇതില്‍ നിന്ന് മനസ്സിലാക്കാം. എന്നാല്‍ അഹങ്കാരത്തോടെ വസ്ത്രം നെരിയാണിക്ക് താഴെ വലിച്ചിഴക്കുന്നവരെയാണ് ഹദീസില്‍ പരാമ൪ശിച്ചിട്ടുള്ളതെന്നും അഹങ്കാരത്തോടെയല്ലാതെ   വസ്ത്രം നെരിയാണിക്ക് താഴെ ധരിക്കാമെന്നുമാണ് ചില൪ പറയുന്നത്. അതിനായി അബൂബക്ക൪(റ)വിന്റെ സംഭവം അവ൪ തെളിവ് പിടിക്കാറുണ്ട്.

عَنْ  عَبْدِ اللَّهِ، ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏”‏ مَنْ جَرَّ ثَوْبَهُ خُيَلاَءَ لَمْ يَنْظُرِ اللَّهُ إِلَيْهِ يَوْمَ الْقِيَامَةِ ‏”‏‏.‏ قَالَ أَبُو بَكْرٍ يَا رَسُولَ اللَّهِ إِنَّ أَحَدَ شِقَّىْ إِزَارِي يَسْتَرْخِي، إِلاَّ أَنْ أَتَعَاهَدَ ذَلِكَ مِنْهُ‏.‏ فَقَالَ النَّبِيُّ صلى الله عليه وسلم ‏”‏ لَسْتَ مِمَّنْ يَصْنَعُهُ خُيَلاَءَ ‏”‏‏.‏

ഇബ്നുഉമറില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:  വല്ലവനും അഹങ്കാരത്തോട് കൂടി തന്റെ വസ്ത്രം നിലത്തു വലിച്ചാൽ അന്ത്യദിനത്തിൽ അല്ലാഹു അവന്റെ നേരെ നോക്കുകയില്ല. അപ്പോൾ അബൂബക്കർ(റ) പറഞ്ഞു: പ്രവാചകരേ! എന്റെ തുണിയുടെ ഒരു ഭാഗം നിലത്ത് പതിക്കാറുണ്ട്. ഞാൻ ജാഗ്രത പുലർത്തിയാൽ ഒഴികെ. നബി ﷺ അരുളി: നീയത് അഹങ്കാരത്തോട് കൂടിചെയ്യുന്നവരിൽ പെട്ടവനല്ല. (ബുഖാരി:5784)

അബൂബക്കർ(റ) വസ്ത്രം നെരിയാണിക്ക് താഴെയാകാതെ ജാഗ്രത പുല൪ത്തുമായിരുന്നുവെന്നും ചില അവസരങ്ങളില്‍ മാത്രം അദ്ദേഹം അറിയാതെയോ മറ്റോ വസ്ത്രം നെരിയാണിക്ക് താഴെയാകുമായിരുന്നുവെന്നുമാണ് മേല്‍ സംഭവത്തില്‍ നിന്ന് വ്യക്തമാകുന്നത്. അതെങ്ങനെ എല്ലാ അവസരത്തിലും വസ്ത്രം നെരിയാണിക്ക് താഴെയാക്കുന്നതിന് തെളിവാകും. മേല്‍ ഹദീസുകളെല്ലാം പരിശോധിച്ചാല്‍ അഹങ്കാരത്തോടെ വസ്ത്രം നെരിയാണിക്ക് താഴെ വലിച്ചിഴക്കുന്നവരെ മാത്രമേ ആക്ഷേപിക്കുന്നുള്ളൂവെന്ന് കാണാന്‍ കഴിയുകയില്ല.

വസ്ത്രം നെരിയാണിക്ക് താഴ്ത്തിയിടുന്നതുതന്നെ അഹങ്കാരത്തില്‍ പെട്ടതാണെന്ന് നബി ﷺ  പറഞ്ഞിട്ടുമുണ്ട്.

 وَإِيَّاكَ وَإِسْبَالَ الإِزَارِ فَإِنَّهَا مِنَ الْمَخِيلَةِ وَإِنَّ اللَّهَ لاَ يُحِبُّ الْمَخِيلَةَ

ജാബിര്‍ബ്നു സുലൈം (റ) വില്‍ നിന്ന് നബി ﷺ പറഞ്ഞു. വസ്ത്രം താഴ്ത്തിയിടുന്നത് നീ സൂക്ഷിക്കുക. അത് അഹങ്കാരത്തിന്റെ ഭാഗമാണ്. തീര്‍ച്ചയായും അല്ലാഹു അഹങ്കാരത്തെ ഇഷ്ടപ്പെടുന്നില്ല. (അബൂദാവൂദ് :4084 –  സ്വഹീഹ് അല്‍ബാനി )

ശൈഖ് ഇബ്നു ബാസ്(റഹി) പറഞ്ഞു: ഏതു തരത്തില്‍ വസ്ത്രം താഴ്ത്തിയിട്ടവനെയും നബി ﷺ അഹങ്കാരമായിട്ടാണ് കണക്കാക്കിയിട്ടുളളത്. കാരണം അതില്‍ നിബന്ധന വെക്കാതെയാണ് അദ്ദേഹം പറഞ്ഞത്. വസ്ത്രം താഴ്ത്തിയിടുന്നതിനെ നീ സൂക്ഷിക്കുക. തീര്‍ച്ചയായും അത് അഹങ്കാരത്തില്‍ പെട്ടതാണ്. പാന്റായാലും തുണിയായലും നീളന്‍ കുപ്പായമായലും അത് താഴ്ത്തിയിടുന്നവന് ഈ താക്കീത് ബാധകമാണ്. ഒരിക്കലും വസ്ത്രം താഴ്ത്തിയിടുന്നതില്‍ ഇളവ് ലഭിക്കില്ല.

ശൈഖ് ഉസൈമീന്‍(റഹി)  പറഞ്ഞു. അഹങ്കാരത്തോടു കൂടി വസ്ത്രം താഴ്ത്തിയിടുന്നവനുളള ശിക്ഷ അന്ത്യദിനത്തില്‍ അല്ലാഹു അവനെ നോക്കാതിരിക്കലും, അവനോട് സംസാരിക്കാതിരിക്കലുമാണ്. അവന് വേദനാജനകമായ ശിക്ഷയുണ്ട്. എന്നാല്‍ അഹങ്കാരത്തോടു കൂടിയല്ലാത്തവനുള്ള ശിക്ഷ നെരിയാണിക്ക് താഴേക്കിറങ്ങിയത് നരകത്തിലാണ്. (ഫതാവാ അല്‍ബലദുല്‍ ഹറം :പേജ് 1547  – 1550)

“അഹങ്കാരത്തോട് കൂടി വസ്ത്രം നിലത്തിഴച്ച് നടന്നവനെ അന്ത്യനാളിൽ അല്ലാഹു നോക്കുകയില്ല” എന്ന ഹദീഥ് കേട്ടപ്പോൾ, അബൂബക്കർ(റ) പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേ! എന്റെ വസ്ത്രം നെരിയാണിയുടെ താഴേക്ക് ഇറങ്ങാറുണ്ട്. അപ്പോൾ, നബിﷺ തിരിച്ച് ചോദിച്ചു: “താങ്കളത് അഹങ്കാരത്തോട് കൂടി ചെയ്യുന്നതല്ലല്ലോ?” (ബുഖാരി: 5784). ഈ സംഭവമറിയിക്കുന്നത്, അഹങ്കാരമില്ലെങ്കിൽ നെരിയാണിക്ക് താഴെയായി വസ്ത്രമുടുക്കുന്നതിന് പ്രശ്നമില്ല എന്നല്ലേ?

ശൈഖ് നാസ്വിറുദ്ദീൻ അൽബാനി (റഹിമഹുല്ലാഹ്) പറയുന്നു:

അബൂബക്കർ സിദ്ദീക്വ്(റ)വിന്റെ ആ സംഭവവും അദ്ദേഹത്തിന്റെ ചോദ്യവും ശ്രദ്ധിക്കാത്തവർക്കാണ് ഈയൊരു ആശയക്കുഴപ്പമുണ്ടാവുക. ഒന്നാമത്തെ കാര്യം: അബൂബക്കർ സിദ്ദീക്വ്(റ) വസ്ത്രം ധരിച്ചത് നെരിയാണിക്ക് മീതെയാണോ; അതല്ല, താഴെയാണോ? നെരിയാണിക്ക് മീതെയാണ്. ഇനി, അബൂബക്കർ സിദ്ദീക്വ്(റ)വിന്റെ ഈ സംഭവം ചൂണ്ടിക്കാണിച്ച്, ‘അഹങ്കാരത്തോട് കൂടിയല്ലെങ്കിൽ നെരിയാണിക്ക് താഴെ വസ്ത്രം ധരിക്കുന്നതിന് വിരോധമില്ല’ എന്ന് പറയുന്നവർക്കുള്ള തെളിവെന്താണ്? അബൂബക്കർ സിദ്ദീക്വ്(റ) മനഃപൂർവം നെരിയാണിയുടെ താഴേക്ക് വസ്ത്രം നീട്ടിയുടുത്തതാണോ; അതല്ല, അദ്ദേഹത്തിന്റെ വസ്ത്രം നെരിയാണിക്ക് താഴേക്ക് ഇറങ്ങിപ്പോയതാണോ? എന്താണ് അവരുടെ തെളിവ്? വസ്ത്രം ഇറങ്ങിപ്പോയതാണ് അവരുടെ തെളിവ്. അബൂബക്കർ സിദ്ദീക്വ്(റ)വിനെപ്പോലെ, വസ്ത്രം നെരിയാണിക്ക് താഴേക്ക് അറിയാതെ ഇറങ്ങിപ്പോയതാണെങ്കിൽ, അത് അഹങ്കാരത്തോട് കൂടിയല്ല എന്ന് പറയാം. എന്നാൽ, അഹങ്കാരത്തോട് കൂടിയല്ല എന്ന ന്യായം പറഞ്ഞ്, ടൈലർ ഷോപ്പിൽ ചെന്ന് നെരിയാണിക്ക് താഴെയുള്ള അളവും കൊടുത്ത് വസ്ത്രം വലിച്ചിഴച്ച് നടക്കുന്നവർക്ക് അബൂബക്കർ സിദ്ദീക്വ്(റ)വിന്റെ സംഭവം എങ്ങനെയാണ് തെളിവാവുക? അബൂബക്കർ സിദ്ദീക്വ്(റ)വിന്റെ സംഭവം അവർക്കുള്ള തെളിവല്ല. മറിച്ച്, അവർക്കെതിരെയുള്ള തെളിവാണ്. അബൂബക്കർ സിദ്ദീക്വ്(റ)വിന്റെ വസ്ത്രം സുന്നത്തിനെതിരായിരുന്നില്ല. അദ്ദേഹം അറിയാതെ അത് നെരിയാണിക്ക് താഴേക്ക് ഇറങ്ങിപ്പോകുകയും അക്കാര്യം ശ്രദ്ധയിൽ പെടുമ്പോൾ അദ്ദേഹം കയറ്റിയുടുക്കുകയും ചെയ്തിരുന്നു. അപ്പോഴാണ് നബിﷺ അബൂബക്കർ(റ)വിനോട്, ‘താങ്കൾ അഹങ്കാരത്തോട് കൂടിയല്ലല്ലോ അങ്ങനെ ധരിക്കുന്നത്’ എന്ന് പറഞ്ഞത്. ഈ സംഭവമെങ്ങനെയാണ് ടൈലർ ഷോപ്പിൽ പോയി നെരിയാണിക്ക് താഴെയുള്ള അളവ് കൊടുക്കുന്നവന് അനുകൂലമാവുക. മാത്രമല്ല, നബിﷺയുടെ സുന്നത്തും അവനെതിരാണ്. കാരണം, നബിﷺ പറഞ്ഞു: “മുസ്‌ലിമിന്റെ ഉടുമുണ്ട് കണങ്കാലിന്റെ പകുതി വരെയാണ്. പിന്നെയും നീളുകയാണെങ്കിൽ, അത് (കണങ്കാലിനും) നെരിയാണികള്‍ക്കും ഇടയിലാകുന്നതിന് കുഴപ്പമില്ല. നെരിയാണികള്‍ക്ക് താഴെ വരുന്നത് നരകത്തിലാണ്” (അബൂദാവൂദ്: 4093). ഈയൊരു ക്രമത്തിൽ, മുസ്‌ലിമിന്റെ വസ്ത്രധാരണരീതി കൃത്യമായി അവിടുന്ന് വിവരിച്ച് തന്നിട്ടുണ്ട്. ഇവിടെ, നെരിയാണിക്ക് താഴെയുള്ളത് നരകത്തിലാണ് എന്ന് പറഞ്ഞപ്പോൾ, ‘അഹങ്കാരത്തോട് കൂടിയാണെങ്കിൽ’ എന്ന നിബന്ധന വെക്കാതെ നിരുപാധികം പറയുകയാണ് നബിﷺ ചെയ്തത്. ഇനി നമുക്ക് വേറെ ഒരു ഹദീഥ് നോക്കാം: നബിﷺ പറഞ്ഞു: “അഹങ്കാരത്തോട് കൂടി വസ്ത്രം നിലത്തിഴച്ചവനിലേക്ക് അന്ത്യദിനത്തിൽ അല്ലാഹു നോക്കുകയില്ല.” (ബുഖാരി: 5783) നബിﷺയുടെ സുന്നത്തിനോടും അവിടുന്ന് വിലക്കിയതിനോടും എതിരായത് കൊണ്ട് മാത്രമല്ല ഈ ശിക്ഷ. മറിച്ച്, അവൻ അഹങ്കാരത്തോട് കൂടിയാണത് ചെയ്തത്. (അഹങ്കാരത്തോട് കൂടിയാകുമ്പോൾ ഗൗരവം കൂടുമെന്നർത്ഥം.) അതിനാൽ, അഹങ്കാരത്തോട് കൂടിയല്ലെന്ന് ന്യായം പറഞ്ഞ് മനഃപൂർവം നെരിയാണിക്ക് താഴെ വസ്ത്രം ധരിക്കുന്നവരോട്, “അല്ലാഹു ആണ് നിങ്ങളുടെ നിയ്യത്തിനെപ്പറ്റി ഏറ്റവും നന്നായി അറിയുന്നവൻ” എന്നാണ് നമുക്ക് പറയാനുള്ളത്. കാരണം, നമ്മളാരും അവരുടെ ഹൃദയം പിളർത്തി നോക്കിട്ടില്ല. എന്നാൽ ഒരു സംശയവുമില്ല, അവൻ നബിﷺയുടെ സുന്നത്തിനോട് എതിരായവനാണ്. കാരണം, ഒരു മുസ്‌ലിമിന്റെ ഉടുമുണ്ട് കണങ്കാൽ വരെയാണ്. അതിലും താഴുകയാണെങ്കിൽ അത് നെരിയാണി വരെയാണ്. അതിന് താഴെയുള്ളത് നരകത്തിലാണ് എന്നാണ് അവിടുന്ന് പറഞ്ഞത്. (അബൂദാവൂദ്: 4093) അപ്പോൾ, അഹങ്കാരത്തോടെയല്ലെങ്കിലും ഈ ഹദീഥിനോട് അവൻ വ്യക്തമായി എതിരാവുകയാണ് ചെയ്തത്. ഇനി അഹങ്കാരത്തോടെയാണോ അല്ലേ എന്നത് അല്ലാഹുവിന്റെ അടുക്കലാണ്, ആ റബ്ബാണ് അവനെ വിചാരണ ചെയ്യുക. ചുരുക്കിപ്പറഞ്ഞാൽ, അഹങ്കാരത്തോട് കൂടിയല്ലെന്ന ന്യായം പറഞ്ഞ് നെരിയാണിക്ക് താഴേക്ക് വസ്ത്രം നീട്ടിയുടുക്കാനുള്ള തെളിവ് അബൂബക്കർ(റ)വിന്റെ ഈ സംഭവത്തിലില്ല. (https://bit.ly/3hhCWdD)

മറ്റ് ആളുകള്‍ തന്നെ ഒരു പഴഞ്ചനായി മുദ്ര കുത്തുമോ എന്ന ഭയത്താല്‍ വസ്ത്രം നെരിയാണിക്ക് താഴെ ഇറക്കി ധരിക്കുന്നവ൪ പടച്ചവനെ ഭയപ്പെടുന്നതിന് പകരം പടപ്പുകളെ ഭയപ്പെടുന്നു. ഒരിഞ്ച് വസ്തത്തിന്റെ പേരിലാണോ സ്വ൪ഗവും നരകവും നി൪ണ്ണയിക്കപ്പെടുന്നത് എന്ന ധിക്കാരത്തിന്റെ സ്വരം ചിലരില്‍ നിന്നെങ്കിലും നാം കേള്‍ക്കുന്നു. ഒരിഞ്ച് വസ്ത്രത്തിന്റെ പ്രശ്നമല്ല,   രണ്ട് ശഹാദത്തുകള്‍ അംഗീകരിച്ച് പ്രഖ്യാപിച്ച് ഇസ്ലാമില്‍ കടന്നിട്ടും അല്ലാഹുവിന്റെ റസൂല്‍  ﷺ  കൊണ്ടുവന്നിട്ടുള്ളതില്‍ മതിയാകാത്തതാണ് പ്രശ്നം. അഹങ്കാരത്തോടെ വസ്ത്രം നിലത്തിഴക്കുന്നതാണ് ഇസ്ലാം നിരോധിച്ചത് എന്ന ന്യായീകരണംതന്നെ അഹങ്കാരമാണെന്നതാണ് വസ്തുത.

പ്രമാണങ്ങള്‍ പഠിപ്പിച്ചതുപോലെ  നെരിയാണിക്ക് താഴെ വസ്ത്രം ധരിച്ചതിന്റെ പേരില്‍ പരിഹസിക്കപ്പെടുന്ന പുരുഷന്മാരുണ്ട്. ഈ പരിഹാസത്തില്‍ വ്യസനമോ ദുഃഖമോ ഉണ്ടാകേണ്ടതില്ല. അല്ലാഹുവിന്റെ ദീന്‍ സ്വീകരിച്ചതിന്റെ പേരില്‍ പരിഹസിക്കുന്നവര്‍ക്ക് താക്കീതായും പരിഹസിക്കപ്പെട്ടവര്‍ക്ക് സന്തോഷ വാര്‍ത്തയായും വിശുദ്ധ ഖു൪ആന്‍ പറയുന്നത് കാണുക:

إِنَّهُۥ كَانَ فَرِيقٌ مِّنْ عِبَادِى يَقُولُونَ رَبَّنَآ ءَامَنَّا فَٱغْفِرْ لَنَا وَٱرْحَمْنَا وَأَنتَ خَيْرُ ٱلرَّٰحِمِينَ – فَٱتَّخَذْتُمُوهُمْ سِخْرِيًّا حَتَّىٰٓ أَنسَوْكُمْ ذِكْرِى وَكُنتُم مِّنْهُمْ تَضْحَكُونَ – إِنِّى جَزَيْتُهُمُ ٱلْيَوْمَ بِمَا صَبَرُوٓا۟ أَنَّهُمْ هُمُ ٱلْفَآئِزُونَ

(അല്ലാഹു പരലോകത്ത് സത്യനിഷേധികളോട് പറയും:) തീര്‍ച്ചയായും എന്‍റെ ദാസന്‍മാരില്‍ ഒരു വിഭാഗം ഇപ്രകാരം പറയാറുണ്ടായിരുന്നു. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ ഞങ്ങള്‍ക്ക് നീ പൊറുത്തുതരികയും, ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യേണമേ. നീ കാരുണികരില്‍ ഉത്തമനാണല്ലോ. അപ്പോള്‍ നിങ്ങള്‍ അവരെ പരിഹാസപാത്രമാക്കുകയാണ് ചെയ്തത്‌. അങ്ങനെ നിങ്ങള്‍ക്ക് എന്നെപ്പറ്റിയുള്ള ഓര്‍മ മറന്നുപോകാന്‍ അവര്‍ ഒരു കാരണമായിത്തീര്‍ന്നു. നിങ്ങള്‍ അവരെ പുച്ഛിച്ചു ചിരിച്ചു കൊണ്ടിരിക്കുകയായിരുന്നു. അവര്‍ ക്ഷമിച്ചതു കൊണ്ട് ഇന്നിതാ ഞാനവര്‍ക്ക് പ്രതിഫലം നല്‍കിയിരിക്കുന്നു. അതെന്തെന്നാല്‍ അവര്‍ തന്നെയാകുന്നു ഭാഗ്യവാന്‍മാര്‍.(ഖു൪ആന്‍:23/109-111)

من استهزأ بدين اﻹسلام أو بالسنة الثابتة عن رسول الله ﷺ :– كإعفاء اللحية . – وتقصير الثوب إلى الكعبين أو إلى نصف الساقين . وهو يعلم ثبوت ذلك فهو كافر

ആരെങ്കിലും ഇസ്ലാം ദീനിനെ പരിഹസിച്ചാൽ, അല്ലെങ്കിൽ നബി ﷺ യിൽ നിന്ന് സ്ഥിരപ്പെട്ട സുന്നത്തുകളെ പരിഹസിച്ചാൽ, താടി വളർത്തുന്നത് പോലെ, അത് പോലെ വസ്ത്രം നെരിയാണി വരെ അല്ലെങ്കിൽ കണങ്കാലിന്റെ മധൃം വരെ ധരിക്കുന്നതിനെ പരിഹസിച്ചാൽ, അവനത് നബി ﷺ യിൽ നിന്ന് സ്ഥിരപ്പെട്ടതാണ് എന്നറിയുകയും ചെയ്യാമെങ്കിൽ അവൻ കാഫിറാകുന്നു. (ഫതാവ ലജ്നത്തു ദാഇമ :26/2)

ചുരുക്കത്തില്‍, അഹങ്കാരത്തോടെയല്ലാതെ   വസ്ത്രം നെരിയാണിക്ക് താഴെ ഇറക്കാമെന്ന് ആരും കരുതേണ്ടതില്ല. ഒരു പുരുഷന്റെ വസ്ത്രം അവന്റെ നെരിയാണിക്ക് താഴെയാകരുതെന്ന് ഇസ്ലാം ക൪ശനമായി വിലക്കിയിട്ടുള്ളതാണെന്നത് ഉള്‍ക്കൊണ്ട് ജീവിക്കുക. അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.

 

kanzululoom.com         

Leave a Reply

Your email address will not be published. Required fields are marked *