രോഗവും മരുന്നും

ഇമാം ഇബ്‌നുൽ ക്വയ്യിം അൽജൗസിയ്യ رحمه الله യുടെ വിശ്വപ്രസിദ്ധമായ الداء والدواء (അദ്ദാഉ വദ്ദവാഅ്) എന്ന ഗ്രന്ഥത്തിന്റെ വിവർത്തനം നേർപഥം വാരിക പ്രസിദ്ധീകരിച്ചത്

ആമുഖം

ഈ ഗ്രന്ഥം വായിക്കാൻ സൗഭാഗ്യം ലഭിച്ച അനുഗൃഹീതരായ എല്ലാ പ്രിയപ്പെട്ട വായനക്കാർക്കും അല്ലാഹുവിന്റെ കാരുണ്യവും സമാധാനവും ആശംസിക്കുന്നു. ‘അനുഗൃഹീതർ’ എന്ന് എടുത്ത് പറയുവാൻ കാരണം, ഇത് നിങ്ങളുടെയെല്ലാം ആവലാതികളുടെയും പ്രാർഥനകളുടെയും ഉത്തരമാണ് എന്നതാണ്.എന്റെ കാര്യവും ഇപ്രകാരം തന്നെയാണ്. അല്ലാഹു അവനിച്ഛിക്കുന്നവരെ സന്മാർഗത്തിലേക്ക് നയിക്കുന്നു.

കഴിഞ്ഞ 2015 മെയ് മാസം മുതൽ വിട്ടുമാറാത്ത തലവേദനയും ഉദര രോഗവുമായി വലഞ്ഞിരുന്ന ഒരുവളായിരുന്നു ഞാൻ. പലതരം ചികിത്സകൾ നടത്തിനോക്കിയെങ്കിലും രണ്ട് രോഗങ്ങൾക്കും ഒരു കുറവും അനുഭവപ്പെട്ടില്ല. വേദനസംഹാരികളെ പോലും ആശ്രയിക്കുവാൻ കഴിയാനാവാത്ത വിധം എന്റെ രണ്ട് രോഗങ്ങളും എന്നെ വിഷാദാവസ്ഥയിൽ എത്തിച്ചു. ആ സമയത്താണ് എന്നെ ഒരു സഹോദരി സ്ത്രീകളുടെ ഒരു പ്രമുഖ ഇസ്‌ലാമിക കേന്ദ്രത്തിൽ കൊണ്ടുപോയത്. അവിടെയുണ്ടായിരുന്ന ആദരണീയ ഉസ്താദത്ത് ഈമാൻ ഉബൈദ്, ഇമാം ഇബ്‌നുൽ ക്വയ്യിം رحمه الله യുടെ ‘അദ്ദാഉ വദ്ദവാഅ്’ എന്ന മഹത്തായ ഗ്രന്ഥത്തിന്റെ ക്ലാസ്സെടുക്കുകയായിരുന്നു. ആദ്യ ക്ലാസ്സുതന്നെ എന്നിൽ വലിയ ചലനങ്ങളുണ്ടാക്കി. ഞാൻ അവരുടെ നോട്‌സ് വാങ്ങി ആദ്യം മുതൽ പഠനമാരംഭിച്ചു. സുബ്ഹാനല്ലാഹ്, ആ ഗ്രന്ഥം എന്റെ രോഗാവസ്ഥയിൽ വലിയ മാറ്റമുണ്ടാക്കി. എന്ന് മാത്രമല്ല, അല്ലാഹുവിലേക്ക് കൂടുതൽ അടുക്കാനും അതു വഴി സമാധാനം കൈവരിക്കുവാനും എനിക്ക് സാധിച്ചു.

ഈ ഉപകാരപ്പെട്ട അറിവ് എന്നിൽതന്നെ ഒതുക്കി വെക്കുന്നത് എനിക്ക് അസാധ്യമായിരുന്നു. ഈ നോട്‌സ് മറ്റുള്ളവർക്ക് വായിക്കുവാൻ അസൗകര്യമാണെന്ന് മനസ്സിലാക്കിയതുകൊണ്ടും ഇത് എന്റെ മാതൃഭാഷയിൽ വിവർത്തനം ചെയ്ത് എന്റെ പ്രിയപ്പെട്ടവർക്ക് ഈ അറിവ് എത്തിച്ചുകൊടുക്കൽ എന്റെ കടമയാണെന്നും ബോധ്യമായതുകൊണ്ടും ഇത് വിവർത്തനം ചെയ്തു. അൽഹംദുലില്ലാഹ്, ഈ ഗ്രന്ഥം യാഥാർഥ്യമായി.

ഇമാം ഇബ്‌നുൽ ക്വയ്യിം رحمه الله യുടെ ഈ ഗ്രന്ഥം പരിഭാഷപ്പെടുത്തൽ ചെയ്യൽ എന്നെപ്പോലെയുള്ള വ്യക്തിക്ക് സ്വയം സാധിക്കുന്ന കാര്യമല്ല. എന്റെ ഗുരുനാഥ, അത് പല അധ്യായങ്ങളായി ചുരുക്കി അതിലെ പാഠങ്ങൾ വിവരിച്ചുതന്നത് എനിക്ക് എളുപ്പമായി. രണ്ടുപേരുടെയും കഠിന പ്രയത്‌നത്തോട് എത്രമാത്രം നീതിപുലർത്താൻ സാധിച്ചിട്ടുണ്ട് എന്നത് അല്ലാഹുവിനേ അറിയൂ.

ഇതിലെ എല്ലാ നന്മകളും അല്ലാഹുവിൽനിന്നാണ്. ഇതിൽ പാകപ്പിഴവുകൾ എന്തെങ്കിലുമുണ്ടെങ്കിൽ അത് എന്നിൽനിന്നു മാത്രമാണ്.

അല്ലാഹുവേ, എന്റെ ഈ എളിയ ശ്രമം നീ എന്നിൽനിന്നും സ്വീകരിക്കുകയും അതിൽ നീ അനുഗ്രഹം നൽകുകയും ചെയ്യേണമേ. ഇതിൽ വന്നുപോയ പാകപ്പിഴവുകൾ എനിക്ക് നീ പൊറുത്ത് തരേണമേ. നിന്റെ പ്രതിഫലവും തൃപ്തിയുമല്ലാതെ ഈ ഉദ്യമത്തിൽ ഞാൻ മറ്റൊന്നും കാംക്ഷിക്കുന്നില്ല. (വിവർത്തക)

അധ്യായം 1

രോഗവും മരുന്നും എന്ന ഗ്രന്ഥത്തെ പരിചയപ്പെടുക

ഈ മഹത്തായ ഗ്രന്ഥത്തിന്റെ നാമം ‘അദ്ദാഉ വദ്ദവാഅ്’ എന്നാകുന്നു. ‘അദ്ദാഅ്’ എന്നാൽ ‘രോഗം’ എന്നും ‘അദ്ദവാഅ്’ എന്നാൽ ‘മരുന്ന്’ എന്നുമാണ് അർഥം. ഇത് നാം ഉദ്ദേശിക്കുന്ന നിലയിലുള്ള ഒരു വൈദ്യ ഗ്രന്ഥമല്ല. ഇമാം ഇബ്‌നുൽ ക്വയ്യിം رحمه الله തന്റെ ഒരു ശിഷ്യന്റെ ചോദ്യത്തിന് മറുപടിയായി രചിച്ചതാണ് ഈ ഗ്രന്ഥം. ശിഷ്യൻ ചോദിച്ച ചോദ്യത്തിന് വളരെ വിശാലമായൊരു മറുപടിതന്നെ ഗുരുനാഥൻ നൽകുകയുണ്ടായി. ഇത്ര വിശാലമായ മറുപടി ഇമാമിന്റെ ഭാഗത്തുനിന്നുള്ള ശ്ലാഘനീയമായ ഒരു കർമമാണ്. അതിന്റെ പ്രയോജനങ്ങൾ ഇന്നും നിലനിൽക്കുന്നു. കൂടാതെ, ഒരു അധ്യാപകന് തന്റെ ശിഷ്യനിൽനിന്നും ഐശ്വര്യം ഉണ്ടാകാം എന്നും ഇത് സൂചിപ്പിക്കുന്നു. ശിഷ്യൻ കാരണമായിട്ടാണ് ഈ മഹൽഗ്രന്ഥം തയ്യാറാക്കപ്പെട്ടത്. നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഈ ഗ്രന്ഥത്തിന്റെ ഫലങ്ങൾ പ്രകടമായിക്കൊണ്ടിരിക്കുന്നു.

ചോദ്യം ഇങ്ങനെയായിരുന്നു: “പണ്ഡിതന്മാർ താഴെ പറയുന്ന കാര്യത്തെക്കുറിച്ച് എന്ത് പറയുന്നു? ഒരു വ്യക്തി ചില രോഗങ്ങളാൽ പരീക്ഷിക്കപ്പെടുന്നു. ഈ പരീക്ഷണം ഇങ്ങനെ തുടർന്നുപോയാൽ തന്റെ ഇഹലോകവും പരലോകവും തനിക്ക് നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം ഭയക്കുന്നു. അതിനെ ഉന്മൂലനം ചെയ്യാൻ അദ്ദേഹം പരിശ്രമിച്ചു. പക്ഷേ, എത്ര അതിനോട് പൊരുതുന്നുവോ അത്രയും അത് വർധിക്കുകയാണ്. ഈ രോഗിയെ സഹായിക്കുന്നവന്റെമേൽ അല്ലാഹുവിന്റെ കാരുണ്യം വർഷിക്കപ്പെടട്ടെ.’’

ഈ ചോദ്യം വളരെയധികം ശ്രദ്ധേയമായ ഒന്നാണ്. ഒന്നാമതായി, താങ്കൾ എന്ത് പറയുന്നു എന്ന് ചോദിക്കുന്നതിനു പകരം പണ്ഡിതന്മാർ എന്ത് പറയുന്നു എന്നാണ് ചോദിച്ചിരിക്കുന്നത്. ഇത് ഗുരുനാഥനിൽ അനാവശ്യമായ സമ്മർദ്ദം ഉണ്ടാക്കാതെ ഉചിതമായ ഉത്തരം പറയാൻ പ്രേരിപ്പിക്കുന്നു. രണ്ടാമതായി, ഇതിൽ പറയപ്പെടുന്ന വ്യക്തി താൻ ആണെന്ന് വ്യക്തമാക്കാതെ ഒരുവൻ എന്ന് പറഞ്ഞതിൽ വിനയം അടങ്ങിയിരിക്കുന്നു. മൂന്നാമതായി, രോഗങ്ങൾ എന്ന് മൊത്തത്തിൽ പറഞ്ഞിരിക്കുന്നു. അത് മനസ്സിന്റെയോ ശരീരത്തിന്റെയോ ഏത് രോഗവും ആകാം. നാലാമതായി, ഈ ശിഷ്യൻ വളരെ ആത്മാർഥമായിട്ടാണ് തന്റെ കാര്യം അവതരിപ്പിക്കുന്നത്. തനിക്ക് വന്നുഭവിച്ച പരീക്ഷണം ഇല്ലാതാക്കാൻ തന്നാൽ കഴിയുന്ന രീതിയിൽ കിണഞ്ഞു പരിശ്രമിച്ചു. പക്ഷേ, നടന്നില്ല. അതിനാൽ പിന്നെ എന്താണ് മാർഗമെന്ന് അറിവുള്ളവരോട് ആരായുകയാണ്. അഞ്ചാമതായി, തന്റെ ചോദ്യം ഇങ്ങനെ അവസാനിപ്പിച്ചു: ‘ഈ രോഗിയെ സഹായിക്കുന്നവന്റെ മേൽ അല്ലാഹുവിന്റെ കാരുണ്യം വർഷിക്കപ്പെടട്ടെ.’

ആരെങ്കിലും പരീക്ഷണങ്ങളിൽ അകപ്പെട്ടവരെ കണ്ടുമുട്ടിയാൽ, പ്രത്യേകിച്ചും ഏതെങ്കിലും പാപകർമങ്ങളാൽ പരീക്ഷിക്കപ്പെട്ടവരെ കണ്ടാൽ, അവരെ പരിഹസിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യരുത്. പകരം നാം പടച്ചവനെ സ്തുതിക്കുക.

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘ആരെങ്കിലും പരീക്ഷണങ്ങളാൽ പ്രയാസപ്പെടുന്നവരെ കണ്ടാൽ ഇപ്രകാരം പറയുക: ‘താങ്കൾ പരീക്ഷിക്കപ്പെടുന്ന കാര്യത്തിൽനിന്നും എനിക്ക് രക്ഷനൽകുകയും മറ്റു സൃഷ്ടികളെക്കാൾ എന്നെ ശ്രേഷ്ഠനാക്കുകയും ചെയ്ത അല്ലാഹുവിനാകുന്നു സർവസ്തുതിയും!’ ഈ പ്രാർഥന ചൊല്ലുകയാണെങ്കിൽ അത്തരം പരീക്ഷണങ്ങളിൽനിന്നും അല്ലാഹു അവനെ കാത്ത് രക്ഷിക്കുന്നതാണ്. (ബുഖാരി 6248)

രണ്ടാമതായി, പാപത്തിൽനിന്നും അദ്ദേഹത്തെ മാറ്റാൻ പരിശ്രമിക്കണം. അതിലൂടെ അദ്ദേഹം പാപത്തിൽനിന്നും പിന്മാറാൻ സാധ്യതയുണ്ട്. ഇനി അതുണ്ടായില്ലെങ്കിൽതന്നെ നാം പാപത്തിൽ നിന്നും രക്ഷപ്പെടുന്നതാണ്.

നമുക്കെല്ലാം ബലഹീനതകളും കുറവുകളുമുണ്ട്. സന്മാർഗത്തിൽ നിലകൊള്ളുന്നതിന് അവ പലപ്പോഴും തടസ്സങ്ങൾ സൃഷ്ടിക്കാറുമുണ്ട്. മറ്റു ബലഹീനതകളൊക്കെ തരണം ചെയ്യുവാൻ സാധിച്ചുവെന്ന് വരാം. ഒരു വെല്ലുവിളി പോലെ ഈ ബലഹീനതകൾ നമുക്ക് മുന്നിൽ ഒരു തടസ്സമായി നിൽക്കും. പക്ഷേ, ഈ ബലഹീനതകളും തടസ്സങ്ങളും ദൂരീകരിക്കാൻ ശരിയായ അറിവുള്ളവരോട് ചോദിക്കുകയും അവർ പറയുന്നത് അനുസരിക്കുകയും ചെയ്താൽ തടസ്സങ്ങളെല്ലാം മാറുന്നതാണ്. ഇവിടെ ശിഷ്യന്റെ ഉപര്യുക്ത ചോദ്യത്തിന് മറുപടി എന്നോണം ഇമാം ഇബ്‌നുൽ ക്വയ്യിം رحمه الله ഈ ഗ്രന്ഥംതന്നെ രചിച്ചു. ശിഷ്യന്റെ ചോദ്യത്തിന് മറുപടിയായി ഈ ഗ്രന്ഥം എഴുതുവാനുണ്ടായ സാഹചര്യം അദ്ദേഹം മറച്ചുവച്ചതുമില്ല.

ഇമാം ഇബ്‌നുൽ ക്വയ്യിം رحمه الله ഈ ചോദ്യത്തിന് അല്ലാഹുവിനെ സ്തുതിച്ചുകൊണ്ട് മറുപടി ആരംഭിക്കുകയും പ്രതീക്ഷക്ക് വകയുണ്ടെന്ന് സൂചിപ്പിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം ഒരു ഹദീസ് ഉദ്ധരിച്ചു:

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ :‏ مَا أَنْزَلَ اللَّهُ دَاءً إِلاَّ أَنْزَلَ لَهُ شِفَاءً ‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ചികിത്സ ഇല്ലാത്ത ഒരു രോഗവും അല്ലാഹു തആലാ ഇറക്കിയിട്ടില്ല. (ബുഖാരി: 5678)

അതെ, ‘ഇതിന് ഒരു മരുന്നുമില്ല’ എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം തന്റെ ശിഷ്യനെ നിരാശപ്പെടുത്തിയില്ല. മറിച്ച് വളരെ വിശാലമായ ആശയത്തിൽ ഉത്തരം പറഞ്ഞു: ‘ഹൃദയത്തിലുള്ള രോഗങ്ങളായാലും ശരീരത്തിന്റെ രോഗങ്ങളായാലും പരിഹാരമില്ലാതെ അല്ലാഹു ഒരു രോഗവും ഇറക്കിയിട്ടില്ല!’

എന്തിനാണ് അല്ലാഹു രോഗങ്ങൾ ഇറക്കിയതെന്ന് ഇവിടെ സംശയം ഉണ്ടായേക്കാം. അറിയുക; രോഗം ഇറക്കുന്നതിൽ പല തത്വങ്ങളുമുണ്ട്. രോഗം ഉണ്ടാകുമ്പോൾ അല്ലാഹുവിൽ വിശ്വാസം ഉണരുകയും അവനെമാത്രം ആരാധിക്കുവാനും സൽകർമങ്ങൾ അധികരിപ്പിച്ച് ജീവിതം ധന്യമാക്കുവാനും സാധിക്കുന്നു. അല്ലാഹു മാത്രമെ രോഗം ഭേദമാക്കുകയുള്ളൂ എന്ന് തിരിച്ചറിഞ്ഞ് അവനിലേക്ക് മടങ്ങാനും കഴിയുന്നു.

നമ്മുടെ ശരീരം ഏറ്റവും മികച്ച ഘടനയിലാണ് അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത്. കേടുപാടുകൾ സംഭവിച്ചാൽ സ്വയം തന്നെ കേടുപാടുകൾ തീർക്കുന്ന ഒരു സംവിധാനം അല്ലാഹു നമ്മുടെ ശരീരത്തിന് നൽകിയിട്ടുണ്ട്. രോഗാവസ്ഥ നമ്മെ കൂടുതൽ ശക്തിപ്പെടുത്തുന്നതാണ്. കൂടാതെ, നാളത്തെ അവസ്ഥ ഇന്നത്തെ അവസ്ഥയെക്കാൾ മെച്ചമുള്ളതായിരിക്കും എന്ന് നാം പ്രത്യാശിക്കുകയും വേണം.

عَنْ جَابِرٍ، عَنْ رَسُولِ اللَّهِ صلى الله عليه وسلم أَنَّهُ قَالَ ‏ : لِكُلِّ دَاءٍ دَوَاءٌ فَإِذَا أُصِيبَ دَوَاءُ الدَّاءِ بَرَأَ بِإِذْنِ اللَّهِ عَزَّ وَجَلَّ ‏

ജാബിർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘എല്ലാ രോഗങ്ങൾക്കും പരിഹാരമുണ്ട്. ശരിയായ മരുന്ന് പ്രയോഗിച്ചാൽ അല്ലാഹുവിന്റെ തീരുമാനപ്രകാരം ആ രോഗം ഭേദപ്പെടുന്നതാണ്. (മുസ്‌ലിം: 2204)

ഈ ഹദീസിൽ വന്നിട്ടുള്ള ദാഅ് (രോഗം), ദവാഅ് (മരുന്ന്) എന്നീ നാമങ്ങളിൽനിന്നാണ് ഗ്രന്ഥകാരൻ ഗ്രന്ഥനാമം സ്വീകരിച്ചിരിക്കുന്നത്.

ഈ രണ്ട് ഹദീസുകളും സകല രോഗങ്ങളെയും ഉൾക്കൊള്ളുന്നു. ഹൃദയത്തിന്റെയും ശരീരത്തിന്റെയും ആത്മാവിന്റെയും രോഗങ്ങൾ ഇതിന്റെ കീഴിൽ വരുന്നതാണ്. അഹങ്കാരം, അസൂയ മുതലായവ ഹൃദയത്തിലെ രോഗങ്ങളാണ്. ദേഷ്യം, പക പോലുള്ളവ ആത്മാവിന്റെ രോഗാവസ്ഥയാണ്. ശാരീരിക അസ്വാസ്ഥ്യങ്ങളെ കുറിച്ച് പ്രത്യേകം പരാമർശിക്കേണ്ടതില്ലല്ലോ. ശാരീരിക അസ്വസ്ഥതകൾക്ക് മാത്രമാണ് അധികംപേരും ചികിത്സിക്കുന്നത്. ആത്മാവിനെയോ ഹൃദയത്തെയോ നന്നാക്കാൻ ശ്രമിക്കാറില്ല. എന്നാൽ ഇമാം ഇബ്‌നുൽ ക്വയ്യിം رحمه الله ഹൃദയത്തിന്റെയും ആത്മാവിന്റെയും രോഗങ്ങൾക്കാണ് ഈ ഗ്രന്ഥത്തിൽ പ്രാധാന്യം കൊടുത്തിരിക്കുന്നത്. കാരണം അതാണ് അടിസ്ഥാനപരവും ഗൗരവുമായ രോഗങ്ങൾ.

ഉദാ: നബി ﷺ അറിവില്ലായ്മ ഒരു രോഗമാണെന്നും അതിനുള്ള മരുന്ന് അറിവുള്ളവരോട് ചോദിക്കലാണെന്നും പഠിപ്പിച്ചു. അല്ലാഹു പറയുന്നു:

فَسْـَٔلُوٓا۟ أَهْلَ ٱلذِّكْرِ إِن كُنتُمْ لَا تَعْلَمُونَ

…. നിങ്ങൾ അറിവില്ലാത്തവരാണെങ്കിൽ, അറിവുള്ള ആളുകളോട് ചോദിക്കുക. (അന്നഹ്ൽ:43)

അധ്യായം 2

ക്വുർആൻ സർവരോഗങ്ങൾക്കും സമുന്നത മരുന്ന്

പരിശുദ്ധ ക്വുർആനിലൂടെ രോഗങ്ങൾ മാറുന്നതാണെന്ന് അല്ലാഹു ആവർത്തിച്ച് അറിയിച്ചിരിക്കുന്നു. നാം അതിൽ വിശ്വസിക്കുകയും അതിനെ പ്രാവർത്തികമാക്കുകയും ചെയ്യേണ്ടതാണ്. അല്ലാഹു പറയുന്നു:

وَلَوْ جَعَلْنَٰهُ قُرْءَانًا أَعْجَمِيًّا لَّقَالُوا۟ لَوْلَا فُصِّلَتْ ءَايَٰتُهُۥٓ ۖ ءَا۬عْجَمِىٌّ وَعَرَبِىٌّ ۗ قُلْ هُوَ لِلَّذِينَ ءَامَنُوا۟ هُدًى وَشِفَآءٌ ۖ وَٱلَّذِينَ لَا يُؤْمِنُونَ فِىٓ ءَاذَانِهِمْ وَقْرٌ وَهُوَ عَلَيْهِمْ عَمًى ۚ أُو۟لَٰٓئِكَ يُنَادَوْنَ مِن مَّكَانِۭ بَعِيدٍ

നാം ഇതിനെ ഒരു അനറബി ക്വുർആൻ ആക്കിയിരുന്നെങ്കിൽ അവർ പറഞ്ഞേക്കും: എന്തുകൊണ്ട് ഇതിലെ വചനങ്ങൾ വിശദമാക്കപ്പെട്ടവയായില്ല. (ഗ്രന്ഥം) അനറബിയും (പ്രവാചകൻ) അറബിയും ആവുകയോ? നീ പറയുക: അത് (ക്വുർആൻ) സത്യവിശ്വാസികൾക്ക് മാർഗദർശനവും ശമനൗഷധവുമാകുന്നു. വിശ്വസിക്കാത്തവർക്കാകട്ടെ അവരുടെ കാതുകളിൽ ഒരുതരം ബധിരതയുണ്ട്. അത് (ക്വുർആൻ) അവരുടെമേൽ ഒരു അന്ധതയായിരിക്കുന്നു. ആ കൂട്ടർ വിദൂരമായ ഏതോ സ്ഥലത്തുനിന്ന് വിളിക്കപ്പെടുന്നു (എന്ന പോലെയാകുന്നു അവരുടെ പ്രതികരണം) (ഫുസ്സ്വിലത്: 44)

وَنُنَزِّلُ مِنَ ٱلْقُرْءَانِ مَا هُوَ شِفَآءٌ وَرَحْمَةٌ لِّلْمُؤْمِنِينَ ۙ وَلَا يَزِيدُ ٱلظَّٰلِمِينَ إِلَّا خَسَارًا ‎

വിശ്വാസികൾക്ക് രോഗശമനവും കാരുണ്യവും അടങ്ങിയ കാര്യങ്ങൾ നാം ക്വുർആനിലൂടെ ഇറക്കുന്നതാണ്. അക്രമികൾക്ക് അത് നഷ്ടം മാത്രമെ അധികരിപ്പിക്കുകയുള്ളൂ. (അൽഇസ്‌റാഅ്: 82)

ഈ സൂക്തങ്ങൾ പ്രധാനപ്പെട്ട ചില കാര്യങ്ങൾ പഠിപ്പിക്കുന്നു:

  • ക്വുർആനിലൂടെ ലഭിക്കുന്ന രോഗശമനമാണ് ഏറ്റവും മഹത്തരമായ സൗഖ്യം. ക്വുർആൻ മുഴുവൻ ശമനമാണ്.
  • ക്വുർആൻ നമ്മെ സുഖപ്പെടുത്തുന്നത് പടിപടിയായിട്ടാണ്. ക്വുർആൻ നമ്മുടെ മനസ്സിനെയും ആത്മാവിനെയും ശരീരത്തെയും സുഖപ്പെടുത്തുന്നു.
  • നമ്മുടെ ആത്മാവ് സുഖം പ്രാപിച്ചാൽ നമ്മുടെ മനസ്സ് സുഖപ്പെടും. അതോടെ നമ്മുടെ ശരീരവും സുഖപ്പെടുന്നു. ശരീരത്തിന്റെയും മനസ്സിന്റെയും രോഗങ്ങൾക്ക് എല്ലാവരും ചികിത്സ തേടാറുണ്ട്. എന്നാൽ ക്വുർആൻ എല്ലാ രോഗത്തെയും സുഖപ്പെടുത്തുന്നു. പ്രത്യേകിച്ച് ആത്മാവിനെ നന്നാക്കുന്നു. ക്വുർആൻ നമ്മുടെ ചിന്തകളെയും വികാരങ്ങളെയും ശരിയായ ദിശയിലേക്ക് തിരിച്ചുവിടുന്നു. അത് ആത്മാവിന് വെളിച്ചമാണ്. ഇത് മനസ്സിനും ശരീരത്തിനും ഉണർവും രോഗശാന്തിയും നൽകും. ഹൃദയം നന്നാകുമ്പോൾ മനസ്സും നന്നാകും. അത് ശരീരത്തെയും നന്നാക്കിയെടുക്കും.
  • അറിവില്ലായ്മ മനുഷ്യനെ നശിപ്പിക്കും. ക്വുർആൻ നമ്മെ വിജ്ഞാനത്തിലേക്ക് നയിക്കുന്നു. നമ്മുടെ എല്ലാ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി നൽകുകയും ചെയ്യുന്നു. ക്വുർആൻ പാർശ്വഫലങ്ങളില്ലാത്ത ഒരു മരുന്നാണ്. ഇതുപോലെ മഹത്തായതും ഫലപ്രദമായതുമായ ചികിത്സ വേറെ ഇല്ല.

ഒരു നാട്ടിലെ പ്രമാണിയെ തേൾ കുത്തി. അവർ ചികിത്സക്കായി പല വഴികളും നോക്കി. ഒന്നും ശരിയായില്ല. അങ്ങനെ അവർ മുസ്‌ലിംകളുടെ അടുത്തേക്ക് പോയി. അതിന്റെ വിഷം മാറ്റാൻ എന്തെങ്കിലും മാർഗമുണ്ടോ എന്ന് അവർ ചോദിച്ചു. മുസ്‌ലിംകളിൽ ഒരാൾ പറഞ്ഞു: ‘ഞാൻ അദ്ദേഹത്തെ മന്ത്രിക്കാം.’ പ്രമാണി ഒരു അവിശ്വാസിയായിരുന്നു. പക്ഷേ, വേദനയകറ്റാൻ വേണ്ടി എന്തിനും തയ്യാറായി. ക്വുർആൻ ശിഫയാണെന്ന് അറിയാവുന്ന ആ വിശ്വാസി, സൂറത്തുൽ ഫാതിഹ പാരായണം ചെയ്തു. പാരായണം അവസാനിച്ചപ്പോഴേക്കും തന്നെ തേൾ കുത്തിയിട്ടേ ഇല്ല എന്ന് പ്രമാണിക്ക് തോന്നുന്ന നിലയിൽ രോഗം ഭേദമായി.

ക്വുർആൻ പാരായണം ചെയ്യുന്ന വ്യക്തിയുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് രോഗശമനം ലഭിക്കുന്നതെന്ന് ഈ സംഭവം അറിയിക്കുന്നു. ഈ വിവരം അവർ നബി ﷺ യുടെ കാതുകളിൽ എത്തിച്ചു. അവിടുന്ന് ഈ പ്രവർത്തനത്തെ ശരിവയ്ക്കുകയും ചെയ്തു. (ബുഖാരി)

പരിശുദ്ധ ക്വുർആൻ മുഴുവനും ശിഫയാണെങ്കിലും സൂറത്തുൽ ഫാതിഹ ലളിതവും ശക്തവുമായ രോഗ ശമനത്തിന്റെ മാർഗമാണ്. സൂറത്തുൽ ഫാതിഹയുടെ ഒരു നാമം തന്നെ ‘അശ്ശാഫിയ’ എന്നാകുന്നു.

ക്വുർആൻ എന്ന മരുന്നിന് മറ്റു മരുന്നുകളെപോലെ പാർശ്വഫലങ്ങളൊന്നുമില്ല. നമുക്ക് ഒരു തലവേദനയുണ്ടാകുമ്പോൾ ഇത് ഉപയോഗിക്കാം. ഹൃദയം ഞെരുങ്ങുന്നത് പോലെ തോന്നുന്നുണ്ടെങ്കിൽ അതിനും ക്വുർആൻ ആണ് ഉത്തമം. അല്ലാഹു വിശാലജ്ഞനാണ്.

നമുക്ക് വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ഒരു നല്ല ലക്ഷണമായി കരുതണം. അത് ശരീരത്തിന്റെ ഒരു രീതിയാണത്. തന്റെയുള്ളിൽ ഒരു രോഗമുണ്ട് എന്ന് ശരീരം നമ്മോട് പറയുകയാണ്. അല്ലാഹുവിലേക്ക് തിരിയാൻ സമയമായി എന്ന് നമ്മോട് സൂചിപ്പിക്കുകയാണത്. അതുകൊണ്ട് തന്നെ ക്വുർആൻ പാരായണം ചെയ്യുന്നത് ഫലപ്രദമാകുകയും ചെയ്യും.

ക്വുർആൻ ഏറ്റവും എളുപ്പമുള്ള ചികിത്സയാണ്. നമുക്ക് അതിന് ഒരു ചെലവും വരുന്നില്ല. ഈ ചികിത്സ നമുക്ക് വേദനയോ മറ്റു ബുദ്ധിമുട്ടുകളോ ഉണ്ടാക്കുന്നുമില്ല. ഈ ചികിത്സ നടത്താൻ നമുക്ക് ആശുപത്രികളിൽ പോകേണ്ട ആവശ്യവുമില്ല. മറ്റ് ആനുകൂല്യങ്ങളും തേടേണ്ടതില്ല. എന്നാൽ നമുക്ക് അല്ലാഹുവിലുള്ള വിശ്വാസമാണ് ഇതിന് കൈമുതലായി വേണ്ടത്. ക്വുർആൻ നമുക്ക് ശമനം നൽകും എന്ന പൂർണമായ വിശ്വാസം നമുക്ക് എത്രത്തോളമുണ്ട് എന്നതിനെ ആശ്രയിച്ചാണ് നമുക്ക് സൗഖ്യം ലഭിക്കുന്നത്.

ഇമാം ഇബ്‌നുൽ ക്വയ്യിം رحمه الله തുടരുന്നു: ‘ഒരിക്കൽ ഞാൻ മക്കയിലായിരുന്നു. എനിക്ക് ഒരു രോഗം പിടിപെട്ടു. അവിടെ അപ്പോൾ വൈദ്യൻമാരും മരുന്നുകളും ഒന്നും ലഭ്യമായിരുന്നില്ല. ഞാൻ സൂറത്തുൽ ഫാതിഹ പാരായണം ചെയ്ത് സ്വയം ചികിത്സ നടത്തി ഫലം കാണുകയും ചെയ്തു. വേദനകളുമായി തന്നെ സമീപിക്കുന്നവർക്കുമേൽ സൂറത്തുൽ ഫാതിഹ പാരായണം ചെയ്ത് കൊടുക്കുകയും അവർ സുഖം പ്രാപിക്കുകയും ചെയ്തിരുന്നു.’

നമ്മുടെ ഉള്ളിലുള്ള രോഗങ്ങളെക്കുറിച്ച് നമുക്ക് വലിയ പിടിപാടൊന്നുമില്ല. പക്ഷേ, വേദന ശരീരത്തിന്റെ രോദനമാണ്. രോഗം ശരീരത്തിന് താങ്ങാനാകാതെ വരുന്നു എന്ന് അത് നമ്മെ അറിയിക്കുന്നതാണ്.

നമ്മൾ എപ്പോഴും ക്വുർആനോടൊപ്പം ആണെങ്കിൽ നമ്മുടെ ഉള്ളിലെ രോഗങ്ങൾ നമ്മൾ പോലും അറിയാതെ സുഖപ്പെടുന്നതാണ്. സുബ്ഹാനല്ലാഹ്! ചുരക്കത്തിൽ ക്വുർആന്റെ സദ്ഫലങ്ങൾക്ക് അതിരുകളില്ല.

അധ്യായം 3

പ്രാര്‍ഥന; ഫലപ്രദമായ മറ്റൊരു മരുന്ന്

പ്രാര്‍ഥനയും മറ്റൊരു രോഗപരിഹാര മാര്‍ഗമാണ്. രോഗം പിടിപെട്ടാല്‍ ഒരാള്‍ ആദ്യം പോയി വൈദ്യ സഹായം തേടും. വൈദ്യര്‍ ചിലപ്പോള്‍ പറയും; ‘ഇതിന് ഫലപ്രദമായ ചികിത്സ ഒന്നുമില്ല’ എന്ന്. അപ്പോഴാണ് നമ്മള്‍ ദുആയെ (പ്രാര്‍ഥനയെ) അശ്രയിക്കുക.

രോഗം പിടിപെട്ടാല്‍ ആദ്യം നാം തേടേണ്ടത് അല്ലാഹുവിന്റെ സഹായമാണ്. എല്ലാത്തിനും മുമ്പ് നാം ദുആയെ ആശ്രയിക്കുക. ദുആ എന്ന മരുന്നിനെ നമ്മള്‍ വില കുറച്ച് കാണരുത്. സത്യത്തില്‍ പരീക്ഷണങ്ങള്‍ക്ക് എതിരെയുള്ള ഒരു വിശ്വാസിയുടെ ആയുധമാണ് ദുആ. ഇത് പരീക്ഷണങ്ങളുടെ ശത്രുവാണ്.

നമുക്ക് മരുന്നിന്റെ അളവ് കൂട്ടുവാന്‍ സാധിക്കില്ല. അതിന്റെ പാര്‍ശ്വഫലങ്ങള്‍ നമ്മെ ഭയപ്പെടുത്തിക്കൊണ്ടിരിക്കും. പക്ഷേ, ദുആ എന്ന മരുന്നിന് എത്ര അളവ് കൂട്ടിയാലും പാര്‍ശ്വഫലങ്ങള്‍ ഒന്നും ഉണ്ടാകില്ല. എന്ന് മാത്രമല്ല, അതിന്റെ അളവ് കൂടുംതോറും ഗുണം കൂടിക്കൊണ്ടിരിക്കുന്നതാണ്. ദുആ ഒരു ആരാധനാകര്‍മമാണ്. അതിനാല്‍ ദുആ ചെയ്യുന്നതിന് പ്രത്യേക പ്രതിഫലം കൂടി ലഭിക്കുന്നതാണ്.

പ്രാര്‍ഥന രോഗത്തെ ചികിത്സിക്കുക മാത്രമല്ല ചെയ്യുന്നത്; അതിനെ പിന്നീട് വരാത്ത രീതിയില്‍ പ്രതിരോധിക്കുക കുടി ചെയ്യുന്നു.

രോഗലക്ഷണത്തിന്റെ തുടക്കത്തില്‍തന്നെ ഒരു പ്രഥമ ചികിത്സയെന്നോണം നമ്മള്‍ ദുആ ചെയ്യണം. ഇനി രോഗം പിടിപെട്ടാല്‍തന്നെ അത് നമ്മെ കാര്യമായി ബാധിക്കില്ല. ചില സമയങ്ങളില്‍ മരുന്ന് കഴിച്ചാലും രോഗം മൂര്‍ച്ഛിക്കും. അല്ലെങ്കില്‍ ആ മരുന്ന് നമ്മുടെ ശരീരത്തിന് പിടിക്കില്ല. പക്ഷേ, ദുആ ചെയ്തുകൊണ്ട് നമ്മള്‍ രോഗത്തിന് ചികിത്സിക്കുകയാണെങ്കില്‍ ഈ അവസ്ഥ ഉണ്ടാകില്ല. ഒരു വിശ്വാസിയുടെ ആയുധമാണ് ദുആ.

രോഗവും ദുആയും തമ്മിലുള്ള അവസ്ഥ മൂന്ന് തരത്തിലാണ്.

(1) നമ്മുടെ ദുആ നമ്മുടെ രോഗത്തെക്കാളും ശക്തമാണെങ്കില്‍ ആ ദുആ നന്മുടെ രോഗത്തെ ഇല്ലാതാക്കും. അതായത് നാം ഹൃദയ സാന്നിധ്യത്തോടെ എല്ലാ മര്യാദകളും പാലിച്ചുകൊണ്ട് ദുആ ചെയ്താല്‍ രോഗങ്ങള്‍ ഇല്ലാതാകുന്നതാണ്.

(2) നമ്മുടെ രോഗാവസ്ഥയെക്കാളും ബലഹീനമാണ് നമ്മുടെ ദുആയെങ്കില്‍ രോഗാവസ്ഥ ശേഷിക്കും. പക്ഷേ, നമ്മുടെ ദുആയുടെ ഫലംകൊണ്ട് അതിന്റെ കാഠിന്യം കുറയും. ഇത് ശാരീരിക രോഗങ്ങള്‍ക്ക് മാത്രമല്ല, ഹൃദയത്തിന്റെ രോഗങ്ങള്‍ക്കും ബാധകമാണ്.

(3) നമ്മുടെ ദുആയും രോഗവും ഒരേ അളവിലാണെങ്കില്‍ ഏതെങ്കിലുമൊന്ന് ശക്തി പ്രാപിക്കുന്നവരേക്കും അവര്‍ തമ്മില്‍ പൊരുതും. അഅ്‌റാഫിന്റെ ആളുകളെപ്പോലെയാണ് അവരുടെ അവസ്ഥ. സ്വന്തം സല്‍കര്‍മങ്ങളും ദുഷ്‌കര്‍മങ്ങളും ഒരേ അളവില്‍ ഉള്ളവരാണവര്‍. അതിനാല്‍ ഒരു സല്‍കര്‍മത്തെയും കുറച്ചുകാണരുത്.

ഏറ്റവും ഫലപ്രദമായ ചികിത്സകളില്‍ ഒന്ന് ദുആ തുടര്‍ന്നുകൊണ്ടേയിരിക്കലാകുന്നു. ആകയാല്‍ ഫലം കാണുംവരെ നിരാശരാകാതെ ഉറച്ചുനില്‍ക്കേണ്ടതാണ്.

നമ്മള്‍ ദുആ തുടര്‍ച്ചയായി ചെയ്തുകൊണ്ടേയിരിക്കുന്നത് അല്ലാഹുവിന് വലിയ സന്തോഷമാണ്. നമ്മുടെ താണുകേണുകൊണ്ടുള്ള ശബ്ദം കേള്‍ക്കുന്നത് അല്ലാഹു തആലക്ക് ഇഷ്ടമാണ്. നമ്മുടെ പദവി ഉയര്‍ത്താന്‍ വേണ്ടിയാണ് അല്ലാഹു നമുക്ക് പരീക്ഷണങ്ങള്‍ നല്‍കുന്നത്. അത് നമ്മുടെ തക്വ്‌വ വര്‍ധിപ്പിക്കും. തക്വ്‌വ അഥവാ ഭയഭക്തി നമുക്ക് ഗുണം മാത്രമെ ചെയ്യുകയുള്ളൂ. അല്ലാഹുവിനോട് ചോദിക്കുന്നതിന് പകരം മറ്റു സഹായങ്ങള്‍ തേടിപ്പോയാല്‍ അല്ലാഹു നമ്മോട് കോപിക്കുന്നതാണ്.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ ‏ :‏ مَنْ لَمْ يَدْعُ اللَّهَ سُبْحَانَهُ غَضِبَ عَلَيْهِ ‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിശ്ചയം, ആര് അല്ലാഹുവിനോട് ചോദിക്കുന്നില്ലയോ അവനോട് അല്ലാഹു കോപിക്കുന്നതാണ്. (ഇബ്‌നുമാജ: 3827)

ആകയാല്‍ എന്ത് ആവശ്യമാണെങ്കിലും അല്ലാഹുവിനോട് താണുകേണ് ഇരക്കുക. കുറഞ്ഞത് മൂന്ന് തവണയെങ്കിലും ദുആ ആവര്‍ത്തിക്കുക. കൂടുതല്‍ ആവര്‍ത്തിച്ചാല്‍ ഉത്തമം. ഈ ആവര്‍ത്തനം സാധാരണ മരുന്നുകള്‍കൊണ്ട് നമുക്ക് ചെയ്യാന്‍ സാധിക്കുകയില്ല.

അധ്യായം 4

ദുആ സ്വീകരിക്കപ്പെടുന്നതില്‍നിന്നും തടയുന്ന കാര്യങ്ങള്‍

എല്ലാ ദുആകളും സ്വീകരിക്കപ്പെടുമെങ്കിലും ചില കാരണങ്ങളുണ്ടായാല്‍ സ്വീകരണത്തിന് തടസ്സമുണ്ടാകുന്നതാണ്. അവ താഴെ കൊടുക്കുന്നു:

1. ഉത്തരം ലഭിക്കുവാനുള്ള ധൃതി: ദുആ സ്വീകരിക്കപ്പെടുന്നതില്‍നിന്ന് തടസ്സം വരുത്തുന്ന ഒരു കാര്യമാണ് ധൃതി. എല്ലാം പെട്ടെന്ന് സാധിക്കണം. ആളുകള്‍ പെട്ടെന്നുതന്നെ നന്നാകണം എന്ന ചിന്ത ശരിയല്ല. ധൃതി മനുഷ്യസഹജമാണ്. പക്ഷേ, മഹദ്ഗുണങ്ങളിലൂടെ ഈ ദുര്‍ഗുണത്തെ പ്രതിരോധിക്കേണ്ടതാണ്. നമ്മോട് ആരെങ്കിലും ഓരോ കാര്യത്തിന് ധൃതികൂട്ടുകയാണെങ്കില്‍ നമുക്കത്ഇഷ്ടപ്പെടുമോ? അപ്പോള്‍ അല്ലാഹുവിനോട് ധൃതികൂട്ടുന്നത് വളരെ മോശമാണ്.

നാം ദുആ തുടര്‍ച്ചയായി ചെയ്തുകൊണ്ടിരിക്കുക. ഇത് എന്ന് സംഭവിക്കും, എന്നാണ് ഉത്തരം ലഭിക്കുക… ഇങ്ങനെയൊന്നും പറയാന്‍ പാടുള്ളതല്ല.

ഒരാള്‍ ദുആക്ക് ഉത്തരം കിട്ടുവാന്‍ ധൃതികാണിക്കുകയും അവന്റെ പ്രതീക്ഷ നഷ്ടപ്പെടുകയും ദുആ ചെയ്യുന്നത് ഉപേക്ഷിക്കുകയും ചെയ്യുന്നത് വളരെ മോശമാണ്. ഒരുവന്‍ വിത്ത് പാകി, വെള്ളമൊഴിച്ച്, അതിനെ പരിപാലിച്ചു. എന്നാല്‍ അത് വളരുന്നില്ലെന്ന് കാണുമ്പോള്‍ അയാള്‍ അത് പരിപാലിക്കുന്നത് നിര്‍ത്തിക്കളഞ്ഞു. അങ്ങനെ ചെടി നശിച്ച് പോകുന്നതാണ്. ഇതുപോലെയാണ് ദുആ ചെയ്ത് ഫലത്തിന് ധൃതികൂട്ടുന്നതിന്റെ ഉദാഹരണം.

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ : يُسْتَجَابُ لأَحَدِكُمْ مَا لَمْ يَعْجَلْ يَقُولُ دَعَوْتُ فَلَمْ يُسْتَجَبْ لِي ‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അക്ഷമനല്ലാത്ത ഏതൊരാളിന്റെ ദുആയും അല്ലാഹു തആലാ സ്വീകരിക്കുന്നതാണ്. ഞാന്‍ ദുആ ചെയ്തിട്ടും അല്ലാഹു സ്വീകരിക്കുന്നില്ല എന്ന് മനസ്സില്‍ ചിന്തിക്കരുത്. (ബുഖാരി: 6340)

അധ്യായം 5

ദുആ സ്വീകരിക്കപ്പെടാനുള്ള ചില മര്യാദകള്‍

(1) ഹൃദയസാന്നിധ്യം: ഇത് ദുആ സ്വീകരിക്കപ്പെടാന്‍ അത്യാവശ്യമാണ്. അല്ലാഹുവിന് ആവശ്യം നമ്മുടെ ഹൃദയമാണ്; നമ്മുടെ നാവല്ല. അതുകൊണ്ട് ഹൃദയസാന്നിധ്യത്തോടെ ദുആ ചെയ്യേണ്ടതാണ്. ദുആ ചെയ്യുന്ന സമയത്ത് നമ്മുടെ മനസ്സില്‍ മറ്റു ചിന്തകളൊന്നും പാടില്ല.

(2) ദുആക്ക് ഉത്തരം ലഭിക്കുന്ന സമയങ്ങളില്‍ ദുആ ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പ്രസ്തുത സമയങ്ങളില്‍ പ്രധാനപ്പെട്ടവ ഇവയാണ്:

(ഒന്ന്) രാത്രിയുടെ മൂന്നാം യാമത്തില്‍.

(രണ്ട്) ബാങ്ക് വിളിക്കുന്ന സമയം.

(മൂന്ന്) ബാങ്കിനും ഇക്വാമത്തിനും ഇടയില്‍

(നാല്) നിര്‍ബന്ധ നമസ്‌കാരത്തില്‍ സലാം വീട്ടുന്നതിന് മുമ്പ്.

(അഞ്ച്) ജുമുഅ ദിവസം ഖുത്വബക്ക് ഇമാം മിമ്പറിലേക്ക് കയറുമ്പോള്‍.

(ആറ്) വെള്ളിയാഴ്ച്ച മഗ്‌രിബിന് മുമ്പുള്ള ഒരു മണിക്കൂര്‍. ദുആ ഏത് സമയത്തും ചെയ്യാവുന്നതാണ്. പക്ഷേ, ഈ സമയങ്ങളില്‍ ചെയ്യുന്നതാണ് കൂടുതല്‍ഉത്തമമാണ്.

(3) ദുആ ചെയ്യുന്നത് ഹൃദയം വേദനിച്ചും വിനയത്തോടെയും കേണപേക്ഷിച്ചും കൊണ്ടായിരിക്കണം. അഹങ്കാരിയെപ്പോലെ അല്ലാഹുവിനോട് ചോദിക്കരുത്. ഒരു അടിമ യജമാനനോട് യാചിക്കുന്നതുപോലെയാവകണം.

(4) ക്വിബ്‌ലയെ അഭിമുഖീകരിച്ചുകൊണ്ട് ദുആ ചെയ്യുക.

(5) വുദൂഅ് ഉണ്ടായിരിക്കുന്നത് ഉത്തമമാണ്.

(6) ഇരുകരങ്ങളും അല്ലാഹുവിലേക്ക് ഉയര്‍ത്തുക.

عَنْ سَلْمَانَ، عَنِ النَّبِيِّ ـ صلى الله عليه وسلم ـ قَالَ ‏ :‏ إِنَّ رَبَّكُمْ حَيِيٌّ كَرِيمٌ يَسْتَحْيِي مِنْ عَبْدِهِ أَنْ يَرْفَعَ إِلَيْهِ يَدَيْهِ فَيَرُدَّهُمَا صِفْرًا – أَوْ قَالَ خَائِبَتَيْنِ ‏

സല്‍മാനുല്‍ ഫാരിസി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിശ്ചയം അല്ലാഹു വലിയ ഉദാരമതിയാകുന്നു. ഒരു അടിമ അവനോട് കരങ്ങളുയര്‍ത്തി ചോദിച്ചാല്‍ വെറുംകൈയോടെ അവനെ മടക്കിയയക്കാന്‍ അല്ലാഹു ലജ്ജിക്കുന്നു. (ഇബ്‌നുമാജ 3865).

(7) ദുആ ആരംഭിക്കേണ്ടത് അല്ലാഹുവിനെ സ്തുതിച്ചുകൊണ്ടും അവന് നന്ദി പറഞ്ഞുകൊണ്ടും ആയിരിക്കണം. നമുക്ക് ഉടനടി അല്ലാഹുവിനോട് ചോദിക്കാവുന്നതേയുള്ളൂ. പക്ഷേ, അല്ലാഹുവിനെ സ്തുതിച്ചുകൊണ്ടും നന്ദി പറഞ്ഞുകൊണ്ടും ആയിരുന്നാല്‍ അതാണ് ഉത്തമം. കൂടാതെ, അല്ലാഹുവിനെ സ്തുതിക്കുന്നതുതന്നെ ഏറ്റവും ഉത്തമമായ ദുആയാണെന്ന് ഹദീസില്‍ വന്നിട്ടുണ്ട്.

(8) അല്ലാഹുവിന്റെ റസൂലിന്റെ മേല്‍ സ്വലാത്ത് ചൊല്ലേണ്ടതാണ്.

(9) നമ്മുടെ ആവശ്യങ്ങള്‍ പറയും മുമ്പ് അല്ലാഹുവിനോട് പാപമോചനം തേടുകയും അവനിലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്യുക. നമ്മുടെ പ്രശ്‌നങ്ങളുടെ മുഖ്യകാരണം നമ്മുടെ പാപങ്ങളാണ്.

(10) അല്ലാഹുവിനോട് നമ്മുടെ ആവശ്യങ്ങള്‍ പറയുമ്പോള്‍ മനസ്സില്‍ പ്രതീക്ഷയും ഭയവും വേണം. ദുആക്ക് ഉത്തരം ലഭിക്കും എന്ന പ്രതീക്ഷയും നമ്മുടെ പാപങ്ങള്‍ നിമിത്തം ദുആ തള്ളപ്പെടുമോ എന്ന ഭയവും നിലനിര്‍ത്തുക.

(11) അല്ലാഹുവിന്റെ തിരുനാമങ്ങളും മഹദ്ഗുണങ്ങളും മുന്‍നിര്‍ത്തിക്കൊണ്ട് ദുആ ചെയ്യുക.

(12) ദുആയുടെ മുമ്പ് ദാനധര്‍മം ചെയ്യുക

(13) നമ്മുടെ സ്വന്തം വാക്കുകളെക്കാള്‍ ഉത്തമം സുന്നത്തായ ദുആകളാകുന്നു. കാരണം ഏറ്റവും ഉത്തമമായ ദുആ ചെയ്തിട്ടുള്ളത് അല്ലാഹുവിന്റെ റസൂലാണ്.

എന്തുകൊണ്ട് ദുആ സ്വീകരിക്കപ്പെടുന്നില്ല?

ചില ഘട്ടങ്ങളില്‍ ദുആ സ്വീകരിക്കപ്പെടുന്നതല്ല എന്ന കാര്യം നാം മനസ്സിലാക്കേണ്ടതാണ്. പ്രസ്തുത ഘട്ടങ്ങള്‍ താഴെ കൊടുക്കുന്നു:

(1) ദുആ അനുവദനീയമായ കാര്യങ്ങള്‍ക്കല്ലെങ്കില്‍ ദുആ സ്വീകരിക്കപ്പെടുന്നതല്ല. ഉദാ: നല്ലവരായ ആരെങ്കിലും നശിക്കാനായി ദുആ ചെയ്യുകയും അവരെ ശപിക്കുകയും ചെയ്താല്‍ അല്ലാഹു അത് സ്വീകരിക്കുകയില്ല. അതുകൊണ്ട് ഹദീസില്‍ വന്നിട്ടുള്ള ദുആകള്‍ ചെയ്യുക.

(2) ഹൃദയവും നാവും പരസ്പരവിരുദ്ധമായ അവസ്ഥയിലാണെങ്കില്‍ ദുആ സ്വീകരിക്കപ്പെടില്ല. അതിനാല്‍ ഹൃദയവും നാവും പരസ്പരം യോജിക്കുന്ന നിലയില്‍ ദുആകള്‍ നടത്തുക.

(3) ദുആ സ്വീകരിക്കപ്പെടുന്നതിന് മുന്നില്‍ വല്ല തടസ്സങ്ങള്‍ ഉണ്ടായാലും ദുആ സ്വീകരിക്കപ്പെടുന്നതല്ല. ഉദാ: ദുആ ചെയ്യുന്നവന്റെ പണം, ഭക്ഷണം, പാനീയം എന്നിവ ഹറാം ആയാല്‍ ദുആ സ്വീകരിക്കപ്പെടുന്നതല്ല.. അതിനാല്‍ ഹലാല്‍ ആയത് സമ്പാദിക്കുകയും ഭക്ഷിക്കുകയും ചെയ്യുക.

അറിയുക: നമ്മുടെ മനസ്സിനെ അല്ലാഹുവിലേക്ക് അടുപ്പിക്കുകയും അവന്റെ തൃപ്തി കാംക്ഷിക്കുകയും അവന്റെ സൃഷ്ടികളോട് നല്ലരീതിയില്‍ വര്‍ത്തിക്കുകയും ചെയ്താല്‍ അവതന്നെ എല്ലാ നന്മകള്‍ക്കും കാരണമായിത്തീരുന്നതാണ്. ജനങ്ങളുടെ തൃപ്തി മാത്രം കാംക്ഷിച്ചുകൊണ്ട് അവരിലേക്ക് അടുക്കുന്നതും സഹസൃഷ്ടികളോട് മോശമായി വര്‍ത്തിക്കുന്നതും സ്വന്തം ജീവിതത്തില്‍ നാശം വിതക്കാനുള്ള കാരണങ്ങളാണ്.

عن ابن عباس، رضي الله عنهما، قال‏:‏ ‏‏ كنت خلف النبي، صلى الله عليه وسلم، يوماً فقال‏:‏ ‏‏ يا غلام إني أعلمك كلمات‏:‏ ‏‏احفظ الله يحفظك،

ഇബ്‌നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിവരിക്കുന്നു: ഒരിക്കല്‍ ഞാന്‍ അല്ലാഹുവിന്റെ റസൂലിന്റെ പുറകില്‍ ഇരുന്ന് സഞ്ചരിക്കുകയായിരുന്നു. അപ്പോള്‍ അവിടുന്ന് അരുളി: ‘‘അല്ലയോ മകനേ, ചില കാര്യങ്ങള്‍ ഞാന്‍ നിനക്ക് പഠിപ്പിച്ച് തരട്ടെയോ? അല്ലാഹുവിന്റെ കല്‍പനകള്‍ പാലിക്കുക, അല്ലാഹു നിന്നെ കാത്തുരക്ഷിക്കുന്നതാണ്. (രിയാളുസ്സ്വാലിഹീന്‍).

അധ്യായം 6

സദ്‌വിചാരം പുലര്‍ത്തുക, ആത്മവഞ്ചന പാടില്ല

അല്ലാഹുവിന്റെ കല്‍പനകള്‍ പാലിക്കാതെ അവന്റെ കാരുണ്യവും പൊരുത്തവും തേടുന്ന കുറെ ആളുകളുണ്ട്. അല്ലാഹു അതികഠിനമായി അവരെ ശിക്ഷിക്കുമെന്ന് അവര്‍ മറന്നിരിക്കുന്നു.

نَبِّئْ عِبَادِىٓ أَنِّىٓ أَنَا ٱلْغَفُورُ ٱلرَّحِيمُ ‎﴿٤٩﴾‏ وَأَنَّ عَذَابِى هُوَ ٱلْعَذَابُ ٱلْأَلِيمُ ‎﴿٥٠﴾

എന്റെ ദാസന്മാര്‍ക്ക് ഇപ്രകാരം അറിയിച്ചുകൊടുക്കുക: തീര്‍ച്ചയായും ഞാന്‍ വളരെ പൊറുക്കുന്നവനും വലിയ കാരുണ്യവാനുമാണ്. എന്റെ ശിക്ഷ വേദനാജനകമായ ശിക്ഷയാണ്. (അൽഹിജ്‌ർ: 49-50)

എന്താണ് ഒരാളെ കൂടുതല്‍ ഉല്‍സുകനാക്കുന്നത്? ഭയമോ, പ്രതീക്ഷയോ? നിശ്ചയമായും ഭയംതന്നെ. അതായത് നാം വേണ്ടത് ചെയ്തില്ലെങ്കില്‍ നമുക്ക് പലതും നഷ്ടപ്പെടും എന്ന ഭയം! ഒരാള്‍ ലാഭത്തെ പ്രതീക്ഷിക്കുന്നതിനെക്കാള്‍ നഷ്ടത്തെ ഭയപ്പെടുന്നു.

പാപം ചെയ്തിട്ട്, എനിക്ക് അല്ലാഹു പൊറുത്ത് തന്നുകൊള്ളും എന്ന രീതിയില്‍ സമാധാനമായി ഇരിക്കുന്നത് ആത്മവഞ്ചനയാണ്. ഇത്തരം ആളുകളില്‍നിന്നും അല്ലാഹുവിന്റെ ശിക്ഷയെ തടുക്കാന്‍ ആര്‍ക്കും സാധ്യമല്ല.

അല്ലാഹുവിന്റെ മാപ്പിനെ ആശ്രയിച്ച് പാപകര്‍മങ്ങളില്‍ മുഴുകിക്കഴിയുന്നവന്‍ ഒരു പിടിവാശിക്കാരനെപ്പോലെയാകുന്നു. കാരുണ്യവാനായ അല്ലാഹുവിനോട് അനുസരണക്കേട് കാണിച്ചുകൊണ്ട് അവന്റെ കാരുണ്യം പ്രതീക്ഷിക്കുന്നത് വിഡ്ഢിത്തരമാണ്. അവന്റെ കാരുണ്യത്തിനായി ഒന്നും ചെയ്യാതെ വെറുതെ അതിന് ആഗ്രഹിക്കുകയും ഒടുവില്‍ അവനിലേക്ക് പശ്ചാത്തപിച്ച് മടങ്ങാതെ ഇഹലോകത്തുനിന്നും യാത്രയാകുകയും ചെയ്യുന്നത് ആത്മവഞ്ചനയാണ്. പശ്ചാത്താപം സ്വീകരിക്കപ്പെടാന്‍ വിനയവും അതനുസരിച്ചുള്ള കര്‍മങ്ങളും ആവശ്യമാണ്.

ഞാന്‍ അല്ലാഹുവിനെക്കുറിച്ച് നല്ലതുമാത്രമെ വിചാരിക്കുന്നുള്ളൂ എന്നു പറഞ്ഞ് നന്മകളൊന്നും ചെയ്യാത്ത ചിലരുണ്ട്. ഇത് വ്യാജമാണ്. അല്ലാഹുവിനെക്കുറിച്ച് നല്ലചിന്തകളുണ്ടെങ്കില്‍ അയാള്‍ സല്‍കര്‍മങ്ങളില്‍ മുഴുകുമായിരുന്നു.

عن أبي زيد أسامة بن زيد بن حارثة، رضي الله عنهما، قال‏:‏ سمعت رسول الله، صلى الله عليه وسلم، يقول‏:‏ ‏ “‏يؤتى بالرجل يوم القيامة فيلقى في النار فتندلق أقتاب بطنه فيدور بها كما يدور الحمار في الرحى فيجتمع إليه أهل النار فيقولون‏:‏ يا فلان ما لك ‏؟‏ ألم تك تأمر بالمعروف وتنهى عن المنكر‏؟‏ فيقول‏:‏ بلى، كنت آمر بالمعروف ولا آتيه، وأنهى عن المنكر وآتيه‏

ഉസാമത്തുബ്‌നു സൈദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: “അന്ത്യനാളില്‍ ഒരുവനെ കൊണ്ടുവന്ന് നരകത്തില്‍ തള്ളും. അയാളുടെ കുടല്‍മാല പുറത്തുവരും. അയാള്‍ അതിനുചുറ്റും ഒരു കഴുത ആട്ടുകല്ലിന് ചുറ്റും തിരിയുന്നതുപോലെ ചുറ്റിത്തിരിയും. മറ്റു നരകവാസികള്‍ അയാള്‍ക്ക് ചുറ്റും കൂടിക്കൊണ്ട് ചോദിക്കും: ‘ഹേ മനുഷ്യാ, നിനക്ക് എന്ത് സംഭവിച്ചു? നീ ഞങ്ങളെ നല്ലത് ചെയ്യാന്‍ ക്ഷണിക്കുകയും തിന്മയില്‍നിന്ന് വിട്ടുനില്‍ക്കുവാന്‍ ഉപദേശിക്കുകയും ചെയ്തവനല്ലേ?’ അയാള്‍ പറയും: ‘ഞാന്‍ നിങ്ങളെ നന്മ ചെയ്യുവാന്‍ ക്ഷണിച്ചു. പക്ഷേ, സ്വയം ചെയ്തില്ല. ഞാന്‍ നിങ്ങളെ തിന്മയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഉപദേശിച്ചു. പക്ഷേ, അത് സ്വയം ചെയ്തില്ല. (ബുഖാരി, മുസ്‌ലിം).

അയാള്‍ ഒരു പ്രബോധകനായിരുന്നു. അയാള്‍ മറ്റുള്ളവരെ നന്മയിലേക്ക് ക്ഷണിച്ചു. പക്ഷേ, അത് അയാള്‍ സ്വയം ചെയ്തില്ല. ചില സമയങ്ങളില്‍ നമ്മള്‍ കുട്ടികളെ ഉപദേശിക്കും. സ്വയം ചെയ്യില്ല. ഇത് വലിയ തെറ്റാണ്.

ഇതുപോലെ ചില സ്ത്രീകള്‍ നോമ്പ് നോല്‍ക്കുകയും രാത്രി നമസ്‌കാരം നിര്‍വഹിക്കുകയും ചെയ്യുന്നു. പക്ഷേ, അവള്‍ തന്റെ അയല്‍ക്കാരിയെ സ്വന്തം നാവുകൊണ്ട് ദ്രോഹിക്കുന്നവളായിരിക്കും. അവളുടെ സല്‍കര്‍മങ്ങള്‍ അവള്‍ക്ക് നഷ്ടമാകുമെന്ന് മാത്രമല്ല, അവയുടെ പ്രതിഫലം അയല്‍ക്കാര്‍ക്ക് ലഭിക്കുകയും അവള്‍ നരകാവകാശിയായിത്തീരുകയും ചെയ്യും. ഇതെല്ലാം ആത്മവഞ്ചനയുടെ രൂപങ്ങളാണ്.

തന്നോട് അല്ലാഹുവിന് പ്രത്യേക സ്‌നേഹവും ഇഷ്ടവും ഉള്ളതുകൊണ്ടാണ് ഇഹലോകത്ത് തനിക്ക് അനേകം അനുഗ്രഹങ്ങള്‍ മറ്റുള്ളവരെക്കാള്‍ നല്‍കിയത് എന്ന തെറ്റായ ചിന്ത ആത്മവഞ്ചനയുടെ മറ്റൊരു രൂപമാണ്. ഇതൊക്കെ തന്റെ പക്കല്‍ സുരക്ഷിതമാണെന്നും പരലോകത്ത് ഇതിനെക്കാള്‍ മികച്ചത് തനിക്ക് ലഭിക്കുമെന്നും അയാള്‍ കരുതുന്നു.

അറിയുക; അല്ലാഹു ദുന്‍യാവ് അവന്‍ സ്‌നേഹിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും നല്‍കും. സ്വര്‍ഗാവകാശികള്‍ ഒരിക്കലും നന്മകളില്‍ സമാധാനത്തില്‍ കഴിയുന്നതല്ല. സ്വന്തം കുടുംബാംഗങ്ങള്‍ക്കൊപ്പം സന്തോഷത്തോടെ ഇരിക്കുമ്പോള്‍ പോലും അവര്‍ അല്ലാഹുവിന്റെ ശിക്ഷയെ ഭയക്കുന്നു.

قَالُوٓا۟ إِنَّا كُنَّا قَبْلُ فِىٓ أَهْلِنَا مُشْفِقِينَ

അവര്‍ പറയും: നാം മുമ്പ് നമ്മുടെ കുടുംബത്തിലായിരിക്കെ ഭയപ്പെട്ടു കൊണ്ടിരിക്കുന്നവരായിരുന്നു. (അത്ത്വൂര്‍: 26)

സച്ചരിതരായ ചില മുന്‍ഗാമികള്‍ പറയുകയുണ്ടായി: ‘അനുഗ്രഹങ്ങളുടെമേല്‍ അനുഗ്രഹങ്ങള്‍ നിങ്ങളുടെമേല്‍ ചൊരിയുന്നത് കണ്ടിട്ടും നിങ്ങള്‍ പാപങ്ങളില്‍ അറിഞ്ഞുകൊണ്ട് മുഴുകുകയാണെങ്കില്‍ സൂക്ഷിച്ചുകൊള്ളുക: പടിപടിയായിട്ടുള്ള നാശത്തിലേക്കുള്ള പോക്കാണത്.’

അല്ലാഹു ഉദാരമതിയാണ്. അത് നമ്മള്‍ അര്‍ഹിക്കുന്നതുകൊണ്ടല്ല എന്ന് ഓര്‍ക്കുക.

‘ആത്മവഞ്ചിതന്‍ ഉള്ളില്‍ രോഗമുള്ളവനാകുന്നു. പക്ഷേ, അവന്‍ അതറിയുന്നില്ല. അവരില്‍ പലരുടെയും തിന്മകള്‍ അല്ലാഹു മറച്ചുവച്ചിരിക്കുകയാണ്. പക്ഷേ, അതിന്റെ പേരില്‍ അവര്‍ അഹങ്കരിക്കുന്നു. മറ്റുചിലര്‍ ജനങ്ങളുടെ പ്രശംസ കേട്ട് സ്വയംമറന്ന് കഴിയുന്നു’ എന്ന് ചില മുന്‍ഗാമികള്‍ പറഞ്ഞതായി കാണാം.

ആകയാല്‍ എല്ലാ സമയത്തും നമ്മള്‍ അല്ലാഹുവിനോട് നമ്മുടെ മാനസിക, ശാരീരിക പ്രയാസങ്ങളില്‍ സൗഖ്യം ചോദിച്ചുകൊണ്ടിരിക്കുക. കാരണം ചില സമയങ്ങളില്‍ നമ്മുടെ രോഗങ്ങള്‍ നമ്മള്‍ തന്നെ അറിയില്ല. ആളുകളുടെ സ്തുതി പറച്ചിലുകളില്‍ പെട്ട് വഞ്ചിതരായിപ്പോയേക്കാം. നമ്മുടെ കുറവുകള്‍ അല്ലാഹു മറച്ചു വെക്കുന്നതുകൊണ്ടാണ് ആളുകള്‍ നമ്മെ സ്തുതിക്കുന്നത്. നമ്മുടെ യാഥാര്‍ഥ്യം ആളുകള്‍ മനസ്സിലാക്കിയാല്‍ അവര്‍ നമ്മോട് അടുക്കുമായിരുന്നില്ല. അല്ലാഹു നമ്മുടെ തെറ്റുകള്‍ മൂടി വെക്കുന്നതുകൊണ്ട് നമ്മള്‍ സ്വയം വഞ്ചിതരാകാതെ സൂക്ഷിക്കണം. നമുക്ക് തെറ്റുകളും കുറവുകളും ഉണ്ടെന്ന് സ്വയം സമ്മതിക്കുകയും വേണം.

ഏറ്റവുമധികം വഞ്ചിതരായവര്‍

ദുന്‍യാവിന്റെ നിറക്കൂട്ടില്‍ പെട്ടുപോയവര്‍ ഏറ്റവുമധികം വഞ്ചിതരായിപ്പോയവരാണ്. പരലോകത്തിനെക്കാള്‍ അവര്‍ ഇഹലോകത്തിന് വിലകല്‍പിക്കുന്നു. പരലോകത്തിനുവേണ്ടി കാത്തിരിക്കാന്‍ ക്ഷമയില്ലാത്തതുകൊണ്ടാണ് പലരും ദുന്‍യാവില്‍ മാത്രം തൃപ്തരാകുന്നത്. എന്നാല്‍ കുറച്ചുകൂടി ക്ഷമിച്ചാല്‍ കൂടുതല്‍ ഉത്തമമായത് ലഭിക്കുമെങ്കില്‍ ക്ഷമിച്ച് കഴിയുക എന്നത് ഒരു വലിയ ലോകതത്വമാണ്. തീര്‍ച്ചയായും പരലോകം ഇഹലോകത്തെക്കാള്‍ മികച്ചതാണല്ലോ.

അനുഗ്രഹങ്ങള്‍ ലഭിക്കുമ്പോള്‍ അവയെ അല്ലാഹു നീക്കംചെയ്യില്ല എന്ന് തെറ്റിദ്ധരിക്കുന്നത് ആത്മ വഞ്ചനയില്‍ പെടുന്നു. ഉദാ: അല്ലാഹു നമുക്ക് അറിവ് തന്നു. അത് നമ്മളില്‍നിന്ന് നീക്കംചെയ്യില്ല എന്ന് ഒരിക്കലും കരുതരുത്. അല്ലാഹു നമ്മെ അറിവുകൊണ്ട് അനുഗ്രഹിക്കട്ടെ- ആമീന്‍.

അധ്യായം 7

പ്രത്യാശയും പ്രതീക്ഷയും നിലനിർത്തുക

ആരാധനകൾ അനുഷ്ഠിക്കുമ്പോൾ പ്രത്യാശയോടൊപ്പം ഒരുനാൾ അല്ലാഹുവിനെ കണ്ടുമുട്ടുമെന്ന പ്രതീക്ഷയും പുലർത്തേണ്ടതാണ്. അല്ലാഹു പറയുന്നു:

فَمَن كَانَ يَرْجُوا۟ لِقَآءَ رَبِّهِۦ فَلْيَعْمَلْ عَمَلًا صَٰلِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِۦٓ أَحَدَۢا

ആരെങ്കിലും തന്റെ റബ്ബുമായി കണ്ടുമുട്ടാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവൻ സൽകർമം പ്രവർത്തിച്ചുകൊള്ളട്ടെ. തന്റെ രക്ഷിതാവിനെ ആരാധിക്കുന്നതിൽ ഒരാളെയും പങ്കുചേർക്കാതിരിക്കട്ടെ. (അൽ കഹ്ഫ്:110)

പ്രതീക്ഷ നിലനിർത്തുവാൻ മൂന്ന് കാര്യങ്ങൾ അനിവാര്യമാണ്.

(1) ആഗ്രഹം: നാം പ്രതീക്ഷിക്കുന്ന കാര്യത്തെ നാം അതിയായി സ്‌നേഹിക്കുകയും ആഗ്രഹിക്കുകയും വേണം.

(2) ഭയം: നാം പ്രതീക്ഷിക്കുന്ന കാര്യം നഷ്ടപ്പെട്ടുപോകുമോ എന്ന് ഭയക്കേണ്ടതാണ്.

(3) കഠിനാദ്ധ്വാനം: നാം പ്രതീക്ഷിക്കുന്ന കാര്യം നേടാൻ കഠിനാദ്ധ്വാനം ചെയ്യേണ്ടതുമാണ്.

ഉദാ: സ്വർഗം നമ്മൾ പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ അത് ലഭിക്കാൻ നാം ആഗ്രഹിക്കുകയും അത് കൈവിട്ടുപോകുമോ എന്ന് ഭയക്കുകയും അത് ലഭിക്കുവാൻ കഠിനാദ്ധ്വാനം ചെയ്യുകയും വേണം. സ്വർഗത്തിൽ പോകണമെന്ന് ആഗ്രഹിക്കുകയും അതിനായി ഒന്നും ചെയ്യാതിരിക്കുകയും ചെയ്താൽ അത് വെറും വ്യാമോഹം മാത്രമാണ്.

മനുഷ്യർക്ക് പ്രചോദനമേകാൻ പ്രതീക്ഷ അത്യാവശ്യമാണ്. നിനക്ക് ഒന്നിനും കഴിവില്ല എന്ന് പറഞ്ഞ് ഒരിക്കലും ജനങ്ങളെ നിരാശപ്പെടുത്തരുത്. നിരാശാബോധം മനുഷ്യനെ ലക്ഷ്യപ്രാപ്തിയിൽനിന്നും അകറ്റുന്നതാണ്. നന്മ പ്രതീക്ഷിച്ച് ജീവിക്കുന്നവർക്ക് അത് കൈവിട്ടുപോകുമോ എന്ന ഭയവും വേണ്ടതാണ്.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم :‏ مَنْ خَافَ أَدْلَجَ وَمَنْ أَدْلَجَ بَلَغَ الْمَنْزِلَ أَلاَ إِنَّ سِلْعَةَ اللَّهِ غَالِيَةٌ أَلاَ إِنَّ سِلْعَةَ اللَّهِ الْجَنَّةُ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഭയമുള്ളവർ രാത്രി നേരത്തെ യാത്ര തിരിക്കുന്നതാണ്. രാത്രി നേരത്തെ യാത്ര ചെയ്യുന്നവർ ലക്ഷ്യസ്ഥാനത്ത് എത്തുന്നതാണ്. അറിയുക, അല്ലാഹുവിന്റെ വിഭവം വിലയേറിയതാണ്. അല്ലാഹുവിന്റെ വിഭവം സ്വർഗം തന്നെ. (തിർമുദി)

ഒരാൾ തന്റെ രോഗം മനസ്സിലാക്കിക്കഴിഞ്ഞാൽ അതിനെ ചികിത്സിക്കണം. അത് ഹൃദയത്തിലെ രോഗമായിരുന്നാലും ചികിത്സിക്കേണ്ടതാണ്. ഹൃദയത്തിലെ രോഗങ്ങൾ പുറമെ പ്രകടമാകാറില്ല. അത് ചികിത്സിച്ചില്ലെങ്കിൽ മനസ്സിൽ പരക്കുന്നതും ക്രമേണ മനസ്സ് മരവിച്ച് ഒരുതരം അവസ്ഥയിലാവുകയും ചെയ്യും. ഉദാ: ഒരാൾക്ക് അസൂയ എന്ന രോഗം ബാധിച്ചിട്ടുണ്ടെങ്കിൽ ഉടൻ ചികിത്സിക്കണം. താൻ അസൂയപ്പെടില്ല എന്ന് പ്രതീക്ഷിച്ചാൽ മാത്രം പോരാ, ആ സ്വഭാവത്തിൽനിന്ന് മോചനം നേടാൻ അല്ലാഹുവിന്റെ സഹായം തേടുകയും പാപമോചനം തേടുകയും അസൂയപ്പെടാതിരിക്കാൻ കഠിനാദ്ധ്വാനം ചെയ്യുകയും വേണം.

അത് ഗൗരവത്തിലെടുത്ത് അതിന് പ്രതിവിധി കണ്ടെത്താൻ ശ്രമിച്ചില്ലെങ്കിൽ അത് ഹൃദയത്തിൽ സ്ഥിരപ്പെടുകയും ഹൃദയത്തിന്റെ നൈർമല്യത നഷ്ടപ്പെടുകയും ഹൃദയം ക്രമേണ മരവിക്കുകയും നാശമാകുകയും ചെയ്യുന്നതാണ്. നമുക്ക് കൈമുതലായിട്ടുള്ളത് നമ്മുടെ ഹൃദയമാണ്. ഈമാൻ സ്ഥിതിചെയ്യേണ്ടത് ഹൃദയത്തിലാണ്. അല്ലാഹു നമ്മെ ഏവരെയും കാത്തുരക്ഷിക്കട്ടെ, ആമീൻ

അല്ലാഹുവിന് നമ്മെ ആവശ്യമില്ല. പക്ഷേ, അവൻ നമ്മെ സൃഷ്ടിക്കുകയും നമുക്ക് സ്വർഗത്തിലേക്ക് പോകുവാൻ അവസരം നൽകുകയും ചെയ്തിരിക്കുന്നു. ‘സ്വർഗത്തിൽ പ്രവേശിക്കുക’ എന്നത് ഒരു ചെറിയ കാര്യമല്ല. വെറുതെ പ്രതീക്ഷിച്ചതുകൊണ്ട് മാത്രം അവിടെ എത്തുകയുമില്ല. നാം അതിനായി നിരന്തര പരിശ്രമം നടത്തേണ്ടതാണ്. മഹാന്മാരായ സ്വഹാബികൾ സൽകർമങ്ങൾ അധികമായി പ്രവർത്തിച്ചിരുന്നതിനോടൊപ്പം വളരെയധികം ഭയക്കുകയും ചെയ്തിരുന്നു. പരീക്ഷക്ക് നന്നായി തയ്യാറെടുക്കുന്ന ഒരാൾ അതിനായി ഒന്നും ചെയ്യാത്തവനെക്കാൾ ഭയക്കുന്നതാണല്ലോ?

സൽകർമങ്ങൾ പ്രവർത്തിക്കുമ്പോൾ മാത്രമെ നമുക്ക് പ്രതീക്ഷ ലഭിക്കുകയുള്ളൂ. അതോടൊപ്പം അത് സ്വീകരിക്കപ്പെടുമോ എന്ന ഭയവും വേണം. സ്വർഗം നമുക്ക് ഉറപ്പായും ലഭിക്കും എന്ന ചിന്ത വ്യർഥമാണ്. അവസാന ശ്വാസംവരെ നിരന്തരപരിശ്രമം അതിനാവശ്യമാണ്.

അബൂബക്ർ സിദ്ദീക്വ് رضى الله عنه പറയുമായിരുന്നു: ‘ഒരു വിശ്വാസിയുടെ ശരീരത്തിന്റെ രോമമെങ്കിലും ആകാൻ എനിക്ക് സാധിച്ചിരുന്നെങ്കിൽ കൊള്ളാമായിരുന്നു!’ അദ്ദേഹം തന്റെ നാവ് കാണിച്ചുകൊണ്ട് പറയുമായിരുന്നു: ‘ഇതാണ് എന്നെ ധാരാളം അപകടങ്ങളിൽ അകപ്പെടുത്തിയത്!’ എന്നാൽ അദ്ദേഹം വളരെ കുറച്ച് മാത്രമെ സംസാരിക്കുമായിരുന്നുള്ളൂ. അദ്ദേഹത്തിന്റെ ഭയഭക്തിയെക്കുറിച്ച് ക്വുർആൻ തന്നെ വാഴ്ത്തിപ്പറഞ്ഞിട്ടുണ്ട്. (സൂറതുല്ലൈൽ 17-21). എന്നിട്ടും അദ്ദേഹം സ്വയം സുരക്ഷിതനായി കരുതിയിരുന്നില്ല.

ഉമറുൽ ഫാറൂക്വ് رضى الله عنه സൂറതുത്ത്വൂർ പാരായണം ചെയ്യുകയായിരുന്നു. അദ്ദേഹം ഏഴാമത്തെ ആയത്ത് എത്തി: ‘നിന്റെ നാഥന്റെ ശിക്ഷ തീർച്ചയായും സംഭവിക്കുന്നത് തന്നെയാകുന്നു.’ ഉടനെ അദ്ദേഹം കരയുവാൻ ആരംഭിച്ചു. കരഞ്ഞ് കരഞ്ഞ് രോഗം ബാധിച്ചു. ജനങ്ങൾ അദ്ദേഹത്തെ സന്ദർശിക്കാൻ വരികയുണ്ടായി! പതിവനുസരിച്ച് ഒരു രാത്രിയിൽ അദ്ദേഹം ക്വുർആൻ പാരായണം ചെയ്യുകയായിരുന്നു. പാരായണത്തിനിടയിൽ ഈ ആയത്തിൽ എത്തി. “ദൈവസ്മരണയാൽ അവരുടെ ഹൃദയങ്ങൾ ഭയപ്പെടുന്നതിനും അവൻ അവതരിപ്പിച്ച സത്യത്തിന് മുന്നിൽ തല കുനിക്കുന്നതിനും വിശ്വാസികൾക്ക് ഇനിയും സമയമായില്ലയോ?’’ (അൽഹദീദ് 16). അദ്ദേഹം വല്ലാതെ ഭയപ്പെടുകയും വീട്ടിൽനിന്നും പുറത്തിറങ്ങാതെ കരഞ്ഞ് കഴിയുകയും ചെയ്തു. അദ്ദേഹം ഭയഭക്തി നിമിത്തം കരഞ്ഞ് കരഞ്ഞ് മുഖത്ത് രണ്ട് കറുത്തവരകൾ വീണിരുന്നു. ഉമറിനെ കണ്ടാൽ ശൈത്വാൻ തിരിഞ്ഞുകളയുന്നതാണ് എന്ന് നബി ﷺ അരുളിയിട്ടുണ്ട്. ആ ഒരു വ്യക്തിയുടെ അവസ്ഥയാണിത്! അതെ, മഹത്തുക്കളായ സ്വഹാബിമാർ ശക്തരായിരുന്നെങ്കിലും അവരുടെ ഹൃദയം വളറെ മൃദുലമായിരുന്നു.

ഉസ്മാനുബ്‌നു അഫ്ഫാൻ رضى الله عنه ഏതെങ്കിലും ക്വബ്‌റിടത്തിൽ എത്തിയാൽ കരഞ്ഞ് കരഞ്ഞ് സ്വന്തം താടിയിൽനിന്നും കണ്ണുനീർ ഇറ്റുവീഴുമായിരുന്നു. അദ്ദേഹം പറയുകയുണ്ടായി: ‘ഞാൻ സ്വർഗത്തിനും നരകത്തിനും ഇടയിൽ നിൽക്കുകയും എങ്ങോട്ടാണ് പോകേണ്ടതെന്ന് എന്നോട് പറയാതിരിക്കുകയും ചെയ്താൽ, ഞാൻ ചാരമായി പോകട്ടെയെന്ന് ഞാൻ ആശിക്കുന്നു!’ കാരണം വിധിയെന്താണെന്ന് അറിയാത്തതിനാൽ അദ്ദേഹം വളരെയധികം ഭയപ്പെട്ടിരുന്നു.

അലിയ്യുബ്‌നു അബീത്വാലിബ് رضى الله عنه എല്ലാ കാലവും ജീവിച്ചിരിക്കുമെന്ന ചിന്തയെയും സ്വന്തം ദേഹച്ഛയെ പിന്തുടരുന്നതിനെയും വളരെയധികം ഭയപ്പെട്ടിരുന്നു. അദ്ദേഹം പറയുന്നു: ‘നമ്മൾ എന്നും ജീവിച്ചിരിക്കുമെന്ന ചിന്ത പരലോകത്തെ മറപ്പിക്കുന്നതാണ്!’ അതെ, അടുത്ത വേനലവധിക്കും അടുത്ത വർഷവും നന്നാകാമെന്ന് ചിന്തിച്ചുകൊണ്ടിരിക്കുകയും പരലോകത്തെ മറക്കുകയും ചെയ്യും. എന്നാൽ പരലോകം ഏത് നിമിഷത്തിലും വന്നുചേരാൻ സാധ്യതയുണ്ട്.

സ്വന്തം ദേഹച്ഛകളെ പിൻപറ്റുന്നത് വളരെ ഭയക്കണം. കാരണം അത് നമ്മെ സത്യം അംഗീകരിക്കുന്നതിൽനിന്നും തടയും. ഓരോ ദിവസവും പിന്നിടുമ്പോഴും ദുൻയാവ് പിറകോട്ട് പോവുകയാണ്. ഓരോ വർഷം പിന്നിടുമ്പോഴും ഓർക്കണം; നമ്മൾ മരണത്തോട് അടുത്തുകൊണ്ടിരിക്കുന്നു.

അലി رضى الله عنه പറയുന്നു: ദുൻയാവിന്റെ സന്തതികളും പരലോകത്തിന്റെ സന്തതികളും ഉണ്ട്. നിങ്ങൾ പരലോകത്തിന്റെ സന്തതികളാകുവാൻ ശ്രമിക്കുക. ഇന്ന് കർമങ്ങൾ മാത്രമേയുള്ളൂ; വിചാരണയില്ല. നാളെ കർമങ്ങളുടെ വിചാരണ മാത്രമേയുണ്ടാകൂ. അപ്പോൾ കർമങ്ങൾ ചെയ്യുവാൻ സാധിക്കില്ല!

അബുദ്ദർദാഅ് رضى الله عنه പറയുന്നു: ‘നിനക്ക് ധാരാളം ജ്ഞാനമുണ്ടായിരുന്നു. പക്ഷേ, അത് അനുസരിച്ചുള്ള കർമങ്ങൾ എവിടെയെന്ന് നാളെ ചോദ്യമുണ്ടാകുന്നതിനെ ഞാൻ വളരെയധികം ഭയപ്പെടുന്നു. അപ്രകാരം ചോദ്യമുണ്ടായാൽ ഞാൻ നശിച്ചുപോകുന്നതാണ്!’

ഇതായിരുന്നു മഹാന്മാരായ സ്വഹാബിമാരുടെ അവസ്ഥകൾ! അല്ലാഹു നമ്മെയെല്ലാം കാത്തുരക്ഷിക്കട്ടെ! “അല്ലാഹുവേ, ഉപകാരപ്രദമായ അറിവും പരിശുദ്ധ വിഭവങ്ങളും സ്വീകാര്യപ്രദമമായ കർമങ്ങളും ഞാൻ നിന്നോട് ചോദിക്കുന്നു’’ (ഇബ്‌നുമാജ, ഹദീസ് നമ്പർ 978)

قَالَ ابْنُ أَبِي مُلَيْكَةَ : أَدْرَكْتُ ثَلَاثِينَ مِنْ أَصْحَابِ النَّبِيِّ ﷺ كُلُّهُمْ يَخَافُ النِّفَاقَ عَلَى نَفْسِهِ، مَا مِنْهُمْ أَحَدٌ يَقُولُ : إِنَّهُ عَلَى إِيمَانِ جِبْرِيلَ وَمِيكَائِيلَ

അബ്ദുല്ലാഹ് ബിൻ അബീമുലയ്ക رحمه الله പറയുന്നു:ഞാൻ റസൂലുല്ലാഹി ﷺ യുടെ മുപ്പത് സ്വഹാബികളെ കണ്ടുമുട്ടി. അവരിൽ ആരുംതന്നെ ഞങ്ങൾക്ക് ജിബ്‌രീലിനെയും മീകാഈലിനെയും പോലെ ഈമാനുണ്ട് എന്ന് അവകാശപ്പെട്ടില്ല! (ബുഖാരി)

ഈ വചനം ഉദ്ധരിച്ചപ്പോൾ ഇമാം ബുഖാരി കൊടുത്ത ശീർഷകം ഇപ്രകാരമാണ്: ‘വിശ്വാസി അവൻ അറിയാതെ തന്റെ കർമങ്ങൾ തകർന്നുപോകുമോ എന്ന് ഭയപ്പെട്ടുകൊണ്ടിരിക്കും.’

അധ്യായം 8

പൂർവകാല ജനതയുടെ പാപങ്ങളുടെ പരിണിതഫലങ്ങൾ

നാം ഏറ്റവും കൂടുതൽ ഭയപ്പെടേണ്ട രോഗം പാപങ്ങളാണ്. കാരണം പാപങ്ങൾ നമ്മുടെ ഹൃദയത്തെ ബാധിക്കുന്നതാണ്. പാപങ്ങൾ എത്ര വലുതാണോ അതിനനുസരിച്ച അത് ഹൃദയത്തെ ബാധിക്കും. ഏറ്റവും വലിയ പാപം ശിർക്കാണ്. അത് നമ്മുടെ മനസ്സിനെ മരവിപ്പിച്ചുകളയും.

രോഗവും മറ്റു രീതിയിലുള്ള നാശനഷ്ടങ്ങളുമെല്ലാം നമ്മുടെ പാപങ്ങളുടെ പരിണിതഫലമാണ്. പാപങ്ങൾ കാരണം വലിയ നാശനഷ്ടങ്ങൾ സംഭവിക്കുന്നതാണെന്ന് മുൻഗാമികളുടെ വിവിധ സംഭവങ്ങൾ ഉദ്ധരിച്ച് അല്ലാഹു നമ്മെ ഉണർത്തുന്നു.

ഇബ്‌ലീസിനെ ഉന്നതങ്ങളിൽനിന്നും താഴേക്കെത്തിച്ചത് അനുസരണക്കേടായിരുന്നു. നൂഹ് നബി عليه السلام യുടെ ജനത, മഹാപാപങ്ങളായ ശിർക്കും നിഷേധവും കാരണം കഠിന ശിക്ഷക്കർഹരായി. മുകളിൽനിന്നും പെയ്തിറങ്ങുകയും താഴ്ഭാഗത്തുനിന്നും പ്രവഹിക്കുകയും ചെയ്ത മഹാപ്രളയത്തിൽ അല്ലാഹു അവരെ മുക്കിക്കളഞ്ഞു. അതിന്റെ തിരമാലകൾ പർവതങ്ങൾക്ക് സമാനമായിരുന്നുവെന്ന് ക്വുർആൻ പറയുന്നു.

ആദ് ഗോത്രത്തെ അവരുടെ അനുസരണക്കേട് മൂലം കൊടുങ്കാറ്റിലൂടെ അല്ലാഹു ശിക്ഷിച്ചു. അത് നശിപ്പിച്ചത് മനുഷ്യരെ മാത്രമല്ല, അവരുടെ കൃഷിയിടങ്ങളെയും കാലികളെയും അവർക്കുണ്ടായിരുന്ന എല്ലാത്തിനെയും തകർത്തുകളഞ്ഞു. അല്ലാഹു അതിനെ ജനങ്ങൾക്ക് ഒരു പാഠമാക്കി.

സമൂദ് ഗോത്രത്തിനെ ഒരു ഘോരശബ്ദത്തിലൂടെ പ്രകമ്പനം കൊള്ളിക്കുകയും അത് അവരുടെ ഹൃദയങ്ങളെ തകർക്കുകയും അവർ മരിച്ചുവീഴുകയും ചെയ്തു.

ശുഐബ് നബി عليه السلام യുടെ ഗോത്രം ജനങ്ങളുമായുള്ള ഇടപാടുകളിൽ വഞ്ചനകാണിക്കുകയും സ്വന്തം അവകാശങ്ങൾ കൈപ്പറ്റുകയും എന്നാൽ മറ്റുള്ളവരുടെ അവകാശങ്ങൾ നിഷേധിക്കുകയും ചെയ്തു. അവരുടെ ശിരസ്സുകൾക്കുമീതെ ഒരു മേഘം വന്ന് പൊതിയുകയും അഗ്‌നിമഴ അവരിലേക്ക് പെയ്തിറങ്ങുകയും ചെയ്തു. അല്ലാഹുവിന് എല്ലാ വസ്തുക്കളുടെയും സവിശേഷതകൾ മാറ്റിമറിക്കാനുള്ള കഴിവുണ്ട്. ഇബ്‌റാഹീം നബി عليه السلام ക്ക് ലഭിച്ചതുപോലെ, അല്ലാഹുവിന്റെ കൽപന പ്രകാരം അഗ്‌നിക്ക് തണുപ്പ് നൽകാൻ സാധിക്കും. ഇപ്രകാരം എല്ലാ മേഘങ്ങളും വെള്ളം മാത്രമല്ല വർഷിക്കുന്നത്, അല്ലാഹുവിന്റെ കൽപന പ്രകാരം അതിന് കല്ലുകളോ അഗ്‌നിയോ എന്തും വർഷിക്കാൻ സാധിക്കുന്നതാണ്.

സാധുക്കളെ ധാരാളമായി പീഡിപ്പിച്ച ഫിർഔനും കൂട്ടരും ജലത്തിൽ മുങ്ങിത്താണ് നശിച്ചു. അക്രമങ്ങൾ കാട്ടിക്കൂട്ടിയ ക്വാറൂൻ ഭൂമിയിൽ ആണ്ടുപോയി.

ബനൂ ഇസ്‌റാഈൽ പ്രവാചകന്മാരുടെ പാതയിൽനിന്നും മാറുകയും അക്രമങ്ങൾ കാട്ടുകയും ചെയ്തപ്പോൾ അവരുടെ അടുത്തേക്ക് അല്ലാഹു മഹാഅക്രമികളായ ആളുകളെ അയച്ചു. ഇത് രണ്ടുതവണ സംഭവിച്ചിട്ടുണ്ടെന്ന് ക്വുർആൻ വിവരിക്കുന്നു.

പരിശുദ്ധ ക്വുർആൻ വിവിധ ഭാഗങ്ങളിൽ വിവരിച്ച സംഭവങ്ങളാണ് മുകളിലുദ്ധരിച്ചത്. നമുക്ക് അവതരിച്ച ഗ്രന്ഥത്തിൽനിന്നും പാഠങ്ങൾ ഉൾക്കൊള്ളുവാനുള്ള സമയം അതിക്രമിച്ചുകഴിഞ്ഞിരിക്കുന്നു. ഇനിയും നമ്മൾ അതിന് തയ്യാറായില്ലെങ്കിൽ മുൻകാല ജനതതക്ക് ബാധിച്ചതുപോലെയുള്ള ശിക്ഷകൾ നമ്മളും ഏറ്റുവാങ്ങേണ്ടി വരും. മുകളിൽ പറയപ്പെട്ടത് പോലുള്ള ശിക്ഷകൾ ഇതുവരെ വന്നുഭവിച്ചിട്ടില്ലെങ്കിലും നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന ശിക്ഷകൾക്ക് ഒട്ടും കുറവില്ലയെന്ന് മനസ്സിലാക്കുക. ഈ കാലഘട്ടത്തിലും അക്രമം, കൊല, നാടുകടത്തൽ, കൊടുങ്കാറ്റ്, വെള്ളപ്പൊക്കം, കൃഷിനാശം, പകർച്ചവ്യാധി, മുതലായ നാശനഷ്ടങ്ങൾ സംഭവിക്കുന്നുണ്ട്. ഇവയുടെയെല്ലാം അടിസ്ഥാന കാരണം നമ്മുടെ പാപങ്ങൾ തന്നെയാണ്.

പാപങ്ങൾ ചെയ്യാത്ത മനുഷ്യരാരും ഉണ്ടാകില്ല. മനുഷ്യൻ ബലഹീനനായാണ് സൃഷ്ടിക്കപ്പെട്ടത്. പക്ഷേ, നമുക്ക് ഏത് നിമിഷം വേണമെങ്കിലും സ്വന്തം തെറ്റ് സമ്മതിച്ച് അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങാവുന്നതാണ്.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : وَالَّذِي نَفْسِي بِيَدِهِ لَوْ لَمْ تُذْنِبُوا لَذَهَبَ اللَّهُ بِكُمْ وَلَجَاءَ بِقَوْمٍ يُذْنِبُونَ فَيَسْتَغْفِرُونَ اللَّهَ فَيَغْفِرُ لَهُمْ ‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എന്റെ ആത്മാവ് നിയന്ത്രിക്കുന്ന അല്ലാഹുവിൽ സത്യം, നിങ്ങൾ പാപങ്ങൾ ചെയ്യുന്നവരല്ലെങ്കിൽ അല്ലാഹു നിങ്ങളെ മാറ്റി തെറ്റുകൾ ചെയ്യുകയും അല്ലാഹുവിനോട് പാപമോചനം തേടുകയും ചെയ്യുന്ന മറ്റൊരു ജനതയെ കൊണ്ടുവരുകയും ചെയ്യുന്നതാണ്. (മുസ്‌ലിം: 2749)

അപ്പോൾ അല്ലാഹുവിന് വേണ്ടത് പശ്ചാത്തപിച്ച് മടങ്ങുന്ന ഹൃദയങ്ങളെയാണ്. സ്വന്തം തെറ്റുകൾ സമ്മതിച്ച് അഹങ്കാരം നടിക്കാതെ അല്ലാഹുവിന് മുമ്പിൽ താഴ്മയോടെ പാപമോചനത്തിന് അപേക്ഷിക്കുക. അതിനുവേണ്ടിയാണ് അല്ലാഹു നമുക്ക് ദുൻയാവിൽ തന്നെ ചെറുതും വലുതുമായ പല ബുദ്ധിമുട്ടുകളും പ്രയാസങ്ങളും നൽകുന്നത്.

അധ്യായം 9

പാപങ്ങൾ ഹൃദയത്തിലും ശരീരത്തിലും കുഴപ്പങ്ങൾ ഉണ്ടാക്കുന്നതാണ്

മനുഷ്യന് മറ്റു സൃഷ്ടികളെക്കാൾ ശ്രേഷ്ഠത അല്ലാഹു നൽകിയിരിക്കുന്നു. കാര്യങ്ങൾ ഉറ്റാലോചിച്ച് മനസ്സിലാക്കുവാനുള്ള ബുദ്ധി അല്ലാഹു മലക്കുകൾക്ക് പോലും നൽകിയിട്ടില്ല. അത്രമാത്രം വിലമതിക്കപ്പെട്ടവരാണ് മനുഷ്യർ. പക്ഷേ, നമ്മൾ മനുഷ്യർ നമ്മുടെതന്നെ വില തിരിച്ചറിയുന്നില്ല. പരിശുദ്ധ ക്വുർആനിൽ അല്ലാഹു പറയുന്നു:

وَلَقَدْ كَرَّمْنَا بَنِىٓ ءَادَمَ وَحَمَلْنَٰهُمْ فِى ٱلْبَرِّ وَٱلْبَحْرِ وَرَزَقْنَٰهُم مِّنَ ٱلطَّيِّبَٰتِ وَفَضَّلْنَٰهُمْ عَلَىٰ كَثِيرٍ مِّمَّنْ خَلَقْنَا تَفْضِيلًا

തീർച്ചയായും ആദം സന്തതികളെ നാം ആദരിക്കുകയും, കടലിലും കരയിലും അവരെ നാം വാഹനത്തിൽ കയറ്റുകയും, വിശിഷ്ടമായ വസ്തുക്കളിൽനിന്ന് നാം അവർക്ക് ഉപജീവനം നൽകുകയും, നാം സൃഷ്ടിച്ചിട്ടുള്ളവരിൽ മിക്കവരെക്കാളും അവർക്ക് നാം സവിശേഷമായ ശ്രേഷ്ഠത നൽകുകയും ചെയ്തിരിക്കുന്നു. (അൽഇസ്‌റാഅ്: 70)

മറ്റൊരിടത്ത് പറയുന്നു:

وَٱلتِّينِ وَٱلزَّيْتُونِ ‎﴿١﴾‏ وَطُورِ سِينِينَ ‎﴿٢﴾‏ وَهَٰذَا ٱلْبَلَدِ ٱلْأَمِينِ ‎﴿٣﴾‏ لَقَدْ خَلَقْنَا ٱلْإِنسَٰنَ فِىٓ أَحْسَنِ تَقْوِيمٍ ‎﴿٤﴾

അത്തിയും ഒലീവും സീനാപർവതവും നിർഭയത്വമുള്ള ഈ രാജ്യവും തന്നെയാണെ സത്യം, തീർച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടുകൂടി സൃഷ്ടിച്ചിരിക്കുന്നു. (സൂറതുത്തീൻ: 1-4)

ഈ മഹത്തായ സ്ഥാനം നിലനിർത്തുന്നതിനും ഉയർത്തുന്നതിനും പാപങ്ങളിൽ മുഴുകിപ്പോകാതെ നിരന്തരം അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങാൻ നാം പരിശ്രമിക്കേണ്ടതാണ്. അല്ലാഹുവിന്റെ മാർഗത്തിൽനിന്നും നാം തിരിഞ്ഞുകളഞ്ഞാൽ പാപങ്ങളിൽ അകപ്പെട്ടുപോകുന്നതാണ്. പശ്ചാത്തപിച്ച് മടങ്ങിയില്ലെങ്കിൽ അല്ലാഹുവിന്റെയടുക്കൽ നാം നിന്ദ്യന്മാരായിത്തീരുകയും ചെയ്യും.

ഹസനുൽ ബസ്വരി رحمه الله പറയുന്നു: സ്വന്തം വില മനസ്സിലാക്കാത്തവരാണ് പാപങ്ങൾ ചെയ്തുകൂട്ടുന്നത്. അല്ലാഹുവിന്റെ അടുക്കൽ അവരുടെ വില താണുപോവുകയും ചെയ്യും. അല്ലാഹുവിന്റെ അടുക്കൽ വിലമതിക്കപ്പെട്ടവർ എപ്പോഴും സുരക്ഷിതരായിരിക്കും. അല്ലാഹുവിന്റെ കണ്ണിൽ നിന്ദ്യരായവർക്ക് വില നൽകാൻ ആർക്കും സാധിക്കുന്നതല്ല. അല്ലാഹു പറയുന്നു: ആരെ അല്ലാഹു നിന്ദിതനും അപമാനിതനും ആക്കിയോ അവന് പിന്നെ മഹത്ത്വമേകുന്നവനാരുമില്ല. (അൽഹജ്ജ് 18)

അല്ലാഹു നിന്ദിച്ചവനെ ആരെങ്കിലും പുകഴ്ത്തിയാൽ പുകഴ്ത്തുന്നവന് എന്തെങ്കിലും ആവശ്യം സാധിക്കുവാൻ ഉണ്ടാകും. അല്ലെങ്കിൽ അയാളിൽനിന്ന് എന്തെങ്കിലും നാശം ഭയന്നിട്ടാകും. അല്ലാതെ അയാൾ അതിന് അർഹനായതുകൊണ്ടല്ല.

ഒരു അടിമ പാപങ്ങളിൽ നിരന്തരം ഏർപ്പെട്ട് കഴിയുമ്പോൾ അയാൾക്ക് പാപം ഒരു സാധാരണ കാര്യമായിത്തീരും. നന്നാകണമെന്നോ പശ്ചാത്തപിച്ച് മടങ്ങണമെന്നോ അയാൾക്ക് തോന്നുകപോലുമില്ല. കുറവുകളുള്ള ഒരു ജീവിതവുമായി കുറേകാലം ജീവിച്ചാൽ ആ കുറവുകളുമായി ജീവിക്കാൻ അയാൾ പരിശീലിക്കുന്നതാണ്. ഒരു നല്ല ഹൃദയത്തിനുടമയായവൻ ഒരു തെറ്റ് ചെയ്താൽ പെട്ടെന്നുതന്നെ അതിന്റെ പ്രയാസം അദ്ദേഹത്തിന്റെ മനസ്സിൽ ശക്തമാകും. ഉദാ: നമ്മൾ സ്വന്തം മാതാവിനോട് മോശമായി സംസാരിച്ചുപോയാൽ പിന്നെ നമുക്ക് ഉറക്കം വരില്ല. പക്ഷേ, സ്വന്തം മാതാവിനോട് നിരന്തരം കയർക്കുന്ന ഒരാൾക്ക് ഒരു കുറ്റബോധവും തോന്നുകയുമില്ല.

ആകയാൽ നാം അല്ലാഹുവിനോട് നിരന്തരം പാപമോചനം തേടണം. കാരണം, നമ്മുടെ ഏത് പാപമാണ് നമുക്ക് ശീലമായി പോയതെന്ന് നമുക്ക് അറിയുവാൻ സാധിച്ചെന്നുവരില്ല. നമ്മുടെ ഹൃദയത്തിലെ രോഗങ്ങൽ നമ്മൾ തിരിച്ചറിയേണ്ടതാണ്. താൻ ഒരു രോഗിയാണെന്ന് അറിയാതിരിക്കലാണ് ഒരാളുടെ നാശത്തിന്റെ ഏറ്റവും വലിയ അടയാളം. തന്റെ പാപം നിസ്സാരമാണെന്ന് എത്രകണ്ട് ഒരുവൻ കരുതുന്നുവോ അത്രകണ്ട് അത് അല്ലാഹുവിന്റെ കണ്ണിൽ വലുതായിരിക്കും. അപ്പോൾ ശിക്ഷയും അതനുസരിച്ച് വ്യത്യസ്തമായിരിക്കും.

ഒരു വിശ്വാസി തന്റെ പാപങ്ങളെ തന്റെ ശിരസ്സിന് മുകളിൽ സ്ഥിതിചെയ്യുന്ന ഒരു പർവതമായി കാണുകയും അത് തനിക്ക് മുകളിൽ വീണേക്കുമോ എന്ന ഭയം സദാ പുലർത്തുകയും ചെയ്യുന്നതാണ്. എന്നാൽ ഒരു പാപി തന്റെ പാപത്തെ തന്റെ മൂക്കിൻതുമ്പിൽ ഇരിക്കുന്ന ഒരു ഈച്ചയെപോലെ മാത്രമെ കരുതുന്നുള്ളൂ. അതിനെ സാധാരണമട്ടിൽ തട്ടിക്കളയുന്നതാണ്.

നമ്മൾ സദാ അല്ലാഹുവിന്റെയടുക്കൽ പാപങ്ങൾ ഏറ്റുപറയുകയും ഒരു യാചകനെപ്പോലെ പാപമോചനം തേടുകയും സൽകർമങ്ങൾ ചെയ്യുവാനുള്ള തൗഫീക്വ് ചോദിക്കുകയും വേണം.

ഒരാൾ ഒരു പാപം ചെയ്താൽ അതിന്റെ ദൂഷ്യം അയാളുടെ ചുറ്റുപാടുകളെയും സ്വാധീനിക്കും. മനുഷ്യരിലും മൃഗങ്ങളിലും വസ്തുവകകളിലും പാപങ്ങളുടെ കുഴപ്പങ്ങൾ പ്രതിഫലിക്കുന്നതാണ്. അതെ, നമ്മുടെ യന്ത്രങ്ങൾ പ്രവർത്തിക്കുന്നില്ലങ്കിൽ, ഇണ നമ്മോട് കോപത്തിലാണെങ്കിൽ, നമ്മുടെ മക്കൾ നമ്മെ അനുസരിക്കുന്നില്ലങ്കിൽ, നമ്മുടെ തൊഴിലാളികൾ പ്രശ്‌നമുണ്ടാക്കുന്നെങ്കിൽ, നമ്മൾ നമ്മളിലേക്ക് തന്നെ തിരിഞ്ഞ് സ്വയം പരിശോധിക്കേണ്ട സമയമായി എന്ന് മനസ്സിലാക്കുക. നാം അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്യുക.

അല്ലാതെ കണ്ണേറിനെയോ മാരണത്തെയോ പഴിക്കുന്നതിൽ ഒരു കാര്യവുമില്ല. നാം നമ്മിലേക്ക് തന്നെ നോക്കുകയും പാപമോചനം തേടുകയുമാണ് ചെയ്യേണ്ടത്. പക്ഷേ, നാം നമ്മുടെ അവസ്ഥയെ ശരിയായ നിലയിൽ വിശകലനം ചെയ്യുന്നില്ല എന്നതാണ് നമുക്കുള്ള പ്രശ്‌നം. വീട്ടിലെ യന്ത്രങ്ങൾക്ക് കേടു പറ്റിയാൽ നമ്മൾ അതിന്റെ കേടുപാടുകൾ തീർക്കാൻ തിടുക്കം കൂട്ടും. പക്ഷേ, അത് നമ്മുടെ പാപങ്ങൾ നിമിത്തമാണെന്ന തിരിച്ചറിവ് ഉണ്ടാകാറില്ല. പാപമോചനതേട്ടം നടത്തുകയുമില്ല. അല്ലാഹു നമ്മുടെ പാപങ്ങളെല്ലാം പൊറുത്ത് നൽകട്ടെ. ആമീൻ

അഹങ്കാരം, അസൂയ മുതലായ ഹൃദയരോഗമുള്ളവർ നിറഞ്ഞ ഒരു പരിസരം നമുക്ക് എപ്പോഴും ദോഷകരമായിരിക്കും. പരസ്പര വിട്ടുവീഴ്ചയും നന്മയും നിറഞ്ഞ ഭവനങ്ങൾ സമാധാനത്തിന്റെ കേന്ദ്രങ്ങളായി മാറും.

അല്ലാഹു അറിയിക്കുന്നു: മനുഷ്യകരങ്ങൾ പ്രവർത്തിച്ചതിന്റെ ഫലമായി കടലിലും കരയിലും നാശം പ്രകടമായിരിക്കുന്നു. ജനങ്ങൾ പ്രവർത്തിച്ച തിന്മകളിൽ ചിലതിന്റെ രുചിയറിയുന്നതിന് വേണ്ടിയാണ് ഇപ്രകാരം ചെയ്യുന്നത്. ഇതിലൂടെ അവർ നന്മയിലേക്ക് മടങ്ങാൻ സാധ്യതയുണ്ട്.

ظَهَرَ ٱلْفَسَادُ فِى ٱلْبَرِّ وَٱلْبَحْرِ بِمَا كَسَبَتْ أَيْدِى ٱلنَّاسِ لِيُذِيقَهُم بَعْضَ ٱلَّذِى عَمِلُوا۟ لَعَلَّهُمْ يَرْجِعُونَ

മനുഷ്യരുടെ കൈകൾ പ്രവർത്തിച്ചത് നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു. അവർ പ്രവർത്തിച്ചതിൽ ചിലതിന്റെ ഫലം അവർക്ക് ആസ്വദിപ്പിക്കുവാൻ വേണ്ടിയത്രെ അത്. അവർ ഒരു വേള മടങ്ങിയേക്കാം. (റൂം: 41)

അധ്യായം 10

പാപങ്ങളുടെ ചില പരിണിത ഫലങ്ങൾ

ഒരു കാര്യം പാപമാണെന്ന് അല്ലാഹു നമ്മോട് പറഞ്ഞാൽ അത് നൂറുശതമാനവും ഹാനികരവും ദുഷിച്ചതുമായിരിക്കും. നിഷിദ്ധമാണെന്ന് അറിഞ്ഞിട്ടും നാം പാപങ്ങളിൽ അകപ്പെട്ടുപോകാൻ കാരണം, പിശാച് അതിനെ മനോഹരമായി നമുക്ക് മുമ്പിൽ അവതരിപ്പിക്കുന്നതാണ്. എന്നാൽ നാം അതിലേക്ക് വീണുപോകുന്ന ആ നിമിഷംതന്നെ അതിന്റെ ദൂഷ്യഫലങ്ങൾ നമുക്ക് ചുറ്റും വ്യാപിക്കും. പാപങ്ങളുടെ ദുഷ്ഫലങ്ങൾ പരലോകത്തിൽ മാത്രമല്ല, ഇഹലോകത്തും ഉണ്ടാകുന്നതാണെന്ന് നാം മനസ്സിലാക്കുക. ഈ ദുഷ്ഫലങ്ങളുടെ വ്യാപ്തി എത്രത്തോളമാണെന്ന് അല്ലാഹുവിന് മാത്രമെ നിശ്ചയമുള്ളൂ. എങ്കിലും പരിശുദ്ധ ക്വുർആനിലും ഹദീസുകളിലും പാപത്തിന്റെ വിവിധങ്ങളായ ഭൗതിക ദുഷ്ഫലങ്ങൾ വിവരിച്ചിട്ടുണ്ട്. അതിൽ ചിലത് ഇവിടെ കൊടുക്കുകയാണ്:

1. അറിവ് തടയപ്പെടുന്നു

عَنْ مُعَاوِيَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ مَنْ يُرِدِ اللَّهُ بِهِ خَيْرًا يُفَقِّهْهُ فِي الدِّينِ

നബി ﷺ അരുളി: ഒരാൾക്ക് അല്ലാഹു നന്മ ഉദ്ദേശിച്ചാൽ അല്ലാഹു അവന് മതത്തിൽ ശരിയായ ഗ്രാഹ്യം നൽകുന്നതാണ്. (ബുഖാരി)

എന്നാൽ പാപം കാരണം ശരിയായ അറിവും ഗ്രാഹ്യവും നഷ്ടപ്പെടുന്നതാണ്. ചിലപ്പോൾ അറിവ് നാം സമ്പാദിച്ചേക്കാം. പക്ഷേ, അത് ശരിയായ രീതിയിൽ മനസ്സിലാക്കുന്നതിനും ഉൾക്കൊള്ളുന്നതിനും നമ്മുടെ പാപങ്ങൾ തടസ്സം നിൽക്കുന്നതാണ്. ഉദാഹരണത്തിന്, ഹൃദയ രോഗങ്ങളായ അഹങ്കാരം, അസൂയ എന്നിവ വിജ്ഞാനത്തിന് വലിയ തടസ്സമാണ്. കാരണം ശരിയായ അറിവ്, വെറും മസ്തിഷ്‌കം കൊണ്ട് മാത്രം കരസ്ഥമാക്കാൻ കഴിയുന്നതല്ല. അറിവ് അല്ലാഹുവിൽനിന്നുള്ള വെളിച്ചമാണ്. അത് അല്ലാഹു തന്നെയാണ് നമ്മുടെ ഹൃദയത്തിലേക്ക് ഇട്ടുതരുന്നത്. പാപങ്ങൾ ഈ വെളിച്ചത്തെ കെടുത്തിക്കളയും. ചില നന്മകൾ പാപങ്ങൾ നിമിത്തം നമുക്ക് തടയപ്പെടുന്നതുമാണ്. ഉദാഹരണത്തിന്, അറിവിന്റെ സദസ്സുകളിൽ പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ടായിരിക്കും. പക്ഷേ, നമ്മുടെ പാപങ്ങൾ അതിൽനിന്ന് നമ്മെ തടഞ്ഞുനിർത്തും. ആകയാൽ ഇസ്തിഗ്ഫാർ സ്ഥിരമായി നടത്തുക. അല്ലാഹു നമ്മെ ഉപകാരപ്രദമായ അറിവുകൊണ്ട് അനുഗ്രഹിക്കും.

2. ഐഹിക വിഭവങ്ങൾ തടയപ്പെടും

തക്വ്‌വ അഥവാ സൂക്ഷ്മത നമ്മെ അല്ലാഹുവിനെ അനുസരിക്കുന്നതിലേക്ക് നയിക്കും. അത് നമുക്ക് ധനം, സൗഖ്യം പോലുള്ള ഐഹിക വിഭവങ്ങൾ എളുപ്പമാക്കും. തക്വ്‌വയുടെ വിപരീതമായ അശ്രദ്ധ, നമ്മെ പാപങ്ങളിലേക്ക് നയിക്കും. അത് ഐഹിക വിഭവങ്ങളെ നമ്മിൽനിന്നും അകറ്റും. നമുക്ക് നഷ്ടങ്ങൾ സംഭവിക്കുമ്പോൾ സ്വയം നിരീക്ഷിക്കുക. തെറ്റ് കണ്ടെത്തി ഉടൻ ആത്മാർഥമായ പശ്ചാത്താപം നടത്തുക.

3. അല്ലാഹുവിൽ നിന്നും ഹൃദയം അകന്നുപോവും

ഇസ്തിഗ്ഫാർ ചെയ്യാതെ പാപങ്ങൾ തുടരുമ്പോൾ നാം അറിയാതെ അല്ലാഹുവിൽനിന്ന് അകന്നു പോകും. പ്രാർഥനാവേളകളിൽ മനസ്സിൽ നിർവികാരത നിറയും. അല്ലാഹുവിന്റെ കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും ഉഷ്മളത നമുക്ക് അനുഭവപ്പെടില്ല. ഇപ്രകാരം ഒരു അവസ്ഥ അനുഭവപ്പെട്ടാൽ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുക. നമ്മുടെ പാപങ്ങൾ എന്താണെന്ന് ചിലപ്പോൾ നമുക്ക് ഓർമയുണ്ടായി എന്നു വരില്ല. എങ്കിലും നാം ഇസ്തിഗ്ഫാർ ചെയ്യണം. റസൂൽ ﷺ ഒരു ദിവസം എഴുപത് തവണയെങ്കിലും ഇസ്തിഗ്ഫാർ നടത്തിയിരുന്നു. അപ്പോൾ നമ്മൾ എത്രമാത്രം അത് ചെയ്യേണ്ടതുണ്ട് എന്ന് ചിന്തിച്ച് നോക്കുക.

4. സച്ചരിതരായ ജനങ്ങളിൽനിന്നും അകൽച്ച സംഭവിക്കും

നമ്മുടെ പാപങ്ങൾ നമ്മുടെ പരിസരത്തെയും ദുഷിപ്പിക്കും. നമ്മുടെ ഹൃദയത്തിൽ ഒരു ശൂന്യത അനുഭവപ്പെടും. അത് നമ്മുടെ പെരുമാറ്റത്തിലും പ്രതിഫലിക്കും. അത് സച്ചരിതരായ ജനങ്ങളുമായുള്ള ഇടപാടുകളിൽ പ്രകടമാകും. അങ്ങനെ ഹൃദയംകൊണ്ട് അവരിൽനിന്നും അകന്നുപോകും. ഈ അവസ്ഥ നമ്മൾ വളരെ വേഗം തിരിച്ചറിയുകയും പാപമോചനതേട്ടം നടത്തി അല്ലാഹുവിലേക്ക് മടങ്ങുകയും ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം നല്ല കൂട്ടുകെട്ടിൽനിന്നുണ്ടാകുന്ന സദ്ഫലങ്ങൾ നമുക്ക് നഷ്ടപ്പെടുകയും ക്രമേണ പിശാചിന്റെ കൂട്ടരോട് നാം കൂടുതൽ അടുത്തുപോവുകയും ചെയ്യും.

5. സ്വന്തം കുടുംബം മാനസികമായി അകലുന്നതാണ്

തനിക്ക് ചുറ്റും കുടുംബക്കാർ എല്ലാവരും ഉണ്ടായിരിക്കും. എന്നിട്ടും താൻ ഒറ്റപ്പെട്ടതായി അനുഭവപ്പെടുന്നതാണ്. പാപിയെ ഒരുതരം വിഷാദം പിടികൂടും. പാപി സ്വയം വെറുക്കുകയും പലപ്പോഴും ആത്മഹത്യയിലേക്ക് പോലും നീങ്ങുകയും ചെയ്യുന്നതാണ്. ശരിക്കും പിശാച് ആഗ്രഹിക്കുന്നതും ഇതുതന്നെയാണ്. നാം സദാസമയവും അല്ലാഹുവിൽ അഭയം തേടേണ്ടതാണ്.

സച്ചരിതരായ മുൻഗാമികളിൽപെട്ട ഒരു മഹാൻ പറയുകയുണ്ടായി: ‘ഞാൻ അല്ലാഹുവിനോട് അനുസരണക്കേട് കാണിച്ചാൽ അതിന്റെ പരിണിതഫലം എന്റെ ഭാര്യയിലും എന്റെ മൃഗത്തിൻമേലും ഞാൻ കാണുന്നതാണ്. ഉദാഹരണത്തിന്, നമ്മുടെ വാഹനം പ്രവർത്തിക്കാതിരുന്നാൽ, ഇണ നമ്മോട് കോപത്തിലാണെങ്കിൽ നാം ഉടൻ അല്ലാഹുവിനോട് പാപമോചനം തേടുക. നമ്മുടെ പോരായ്മകൾ മനസ്സിലാക്കി അത് നന്നാക്കുവാൻ ശ്രമിക്കുക. അല്ലാഹു നമ്മുടെ കാര്യങ്ങൾ എല്ലാം നന്നാക്കുന്നതാണ്.’

അതെ, നാം മറ്റുള്ളവരെ തിരുത്തുന്നതിന് പകരം സ്വയം തിരുത്തിയാൽ അവസ്ഥ നന്നാകുന്നതാണ്. അല്ലാഹു അറിയിക്കുന്നു:

إِنَّ ٱللَّهَ لَا يُغَيِّرُ مَا بِقَوْمٍ حَتَّىٰ يُغَيِّرُوا۟ مَا بِأَنفُسِهِمْ

ഒരു ജനത സ്വന്തത്തിൽ മാറ്റം വരുത്തുന്നതുവരെ അല്ലാഹു അവരുടെ അവസ്ഥയിൽ മാറ്റം വരുത്തുന്നതല്ല. (റഅ്ദ്: 11)

അധ്യായം 11

പാപത്തിന്റെ ചില ദുഷ്ഫലങ്ങൾ

പാപങ്ങൾ കാരണം ഇഹലോകത്തുതന്നെ സംഭവിക്കുന്ന അഞ്ച് നാശനഷ്ടങ്ങളാണ് കഴിഞ്ഞ പാഠത്തിൽ വിവരിക്കപ്പെട്ടത്. മറ്റ് ചിലതു കൂടി മനസ്സിലാക്കുക:

നമ്മുടെ പാപങ്ങൾ, നമ്മുടെ പല നല്ല കാര്യങ്ങൾക്കും തടസ്സമുണ്ടാക്കും. വരുമാനത്തിൽ പ്രയാസം, കച്ചവടത്തിൽ നഷ്ടം, ജോലിക്ക് ഞെരുക്കം, മക്കളുടെ വിവാഹത്തിന് തടസ്സം എന്നിങ്ങനെ കാര്യങ്ങൾ ഒന്നും ശരിയാകാതെ വരും. എന്നാൽ പാപങ്ങളുടെയും അനുസരണക്കേടിന്റെയും നേkർവിപരീതമാണ് തക്വ്‌വ. അതായത്, പാപങ്ങളിൽ വീണുപോകാതെ സൂക്ഷ്മത പാലിക്കുന്നതിൽകൂടി ഉണ്ടാകുന്നത്. തക്വ്‌വ ഒരു ശീലമാക്കിയാൽ അല്ലാഹു നമ്മുടെ കാര്യങ്ങൾ എളുപ്പമാക്കിത്തരുന്നതാണ്. കാരണം തക്വ്‌വയുള്ളവർ അല്ലാഹുവിങ്കൽ വളരെ ആദരണീയരാണ്. അല്ലാഹു പറയുന്നു:

إِنَّ أَكْرَمَكُمْ عِندَ ٱللَّهِ أَتْقَىٰكُمْ ۚ

അല്ലാഹുവിന്റെയടുത്ത് നിങ്ങളിലേറ്റവും ആദരണീയർ നിങ്ങളിൽ കൂടുതൽ സൂക്ഷ്മതയുള്ളവരാണ്. (ഹുജുറാത്ത്: 13)

ചില സമയങ്ങളിൽ നമ്മൾ ഒരു വരിയിൽ എന്തിനെങ്കിലും കാത്തുനിൽക്കുകയാകും. അടുത്ത വരി എളുപ്പത്തിൽ മുമ്പോട്ട് നീങ്ങുന്നത് കണ്ട്, നമ്മൾ അതിൽ പോയി നിൽക്കും. അപ്പോൾ അത് വേഗത്തിൽ മുമ്പോട്ട് നീങ്ങാതാകും. ഇത് വെറുതെ അങ്ങനെ സംഭവിക്കുന്നതല്ല. കാര്യങ്ങൾ ബുദ്ധിമുട്ടിലായി തീരുന്നുണ്ടെങ്കിൽ അതിനുകാരണം നമ്മുടെ പാപങ്ങളാണ്. തക്വ്‌വ കാര്യങ്ങൾ എളുപ്പമാക്കിത്തരുന്നു. അല്ലാഹു പറയുന്നു:

وَمَن يَتَّقِ ٱللَّهَ يَجْعَل لَّهُۥ مِنْ أَمْرِهِۦ يُسْرًا

അല്ലാഹുവിനോട് ആരെങ്കിലും ഭയഭക്തി പുലർത്തിയാൽ അല്ലാഹു അവന്റെ കാര്യങ്ങൾ എളുപ്പമാക്കുന്നതാണ്. (ത്വലാക്വ്: 4)

عَنْ أَبِي ذَرٍّ جُنْدَبِ بْنِ جُنَادَةَ، وَأَبِي عَبْدِ الرَّحْمَنِ مُعَاذِ بْنِ جَبَلٍ رَضِيَ اللَّهُ عَنْهُمَا، عَنْ رَسُولِ اللَّهِ صلى الله عليه و سلم قَالَ: اتَّقِ اللَّهَ حَيْثُمَا كُنْت، وَأَتْبِعْ السَّيِّئَةَ الْحَسَنَةَ تَمْحُهَا، وَخَالِقْ النَّاسَ بِخُلُقٍ حَسَنٍ

നബി ﷺ അരുളി: എവിടെയായിരുന്നാലും നീ അല്ലാഹുവിനെ സൂക്ഷിക്കുക. ദുഷ്‌കർമ്മങ്ങൾ ഉണ്ടായിപ്പോയാൽ ഉടനടി സൽകർമങ്ങളിൽ ഏർപ്പെടുക. നന്മ തിന്മയെ തുടച്ചുമാറ്റുന്നതാണ്. ജനങ്ങളോട് സൽസ്വഭാവത്തോടെ ബന്ധപ്പെടുക. (തിർമിദി)

നമ്മുടെ പ്രശ്‌നങ്ങൾക്ക് മറ്റാരെയും പഴിച്ചതുകൊണ്ട് കാര്യമില്ല. നമ്മിലേക്കുതന്നെ നാം നോക്കുക. കാര്യങ്ങൾ ശരിയല്ലെങ്കിൽ -അത് സ്വന്തം കച്ചവടം, ഭാര്യ, മക്കൾ, ആരോഗ്യം എന്തുമാകട്ടെ- അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുക, അവനോട് മാപ്പിരക്കുക.

പാഠം 7

7. ഹൃദയത്തിൽ ഇരുട്ട് കയറുന്നു

രാത്രിയുടെ ഇരുട്ട് പോലുള്ള ഒരു ഇരുട്ട് ഹൃദയത്തിൽ കയറുന്നതായി പാപിക്ക് അനുഭവപ്പെടും. അതെ, അനുസരണം വെളിച്ചമാണ്. പാപങ്ങൾ ഇരുളുമാണ്. ഇരുളിന് ശക്തികൂടും. നാം ആശയക്കുഴപ്പത്തിലാകും. അത് ബിദ്അത്തിലേക്കും വഴികേടിലേക്കും മറ്റു നാശങ്ങളിലേക്കും നയിക്കുന്നതാണ്. ചെയ്യുന്ന കാര്യങ്ങൾ തെറ്റാണെന്നുപോലും അയാൾക്ക് ബോധ്യമുണ്ടാകില്ല. അതിനാൽ പാപകർമങ്ങളിൽ ഏർപ്പെടുന്നവരെ കണ്ടാൽ അവരെ ഉപദേശിക്കുകയും അവരെ അതിൽനിന്ന് രക്ഷപ്പെടുത്തുകയും വേണം.

അബ്ദുല്ലാഹിബ്‌നു അബ്ബാസ് رَضِيَ اللَّهُ عَنْهُمَا പ്രസ്താവിക്കുന്നു: “നിശ്ചയം സൽകർമങ്ങൾ മുഖത്തിന് തെളിച്ചമേകുന്നു. ഹൃദയത്തിൽ വെളിച്ചമേകുന്നു. വിഭവങ്ങൾ വിശാലമാക്കുന്നു. ശരീരത്തിന് കരുത്തേകുന്നു. സൃഷ്ടികളുടെ ഹൃദയത്തിൽ സ്‌നേഹമുണ്ടാക്കുന്നു. നിശ്ചയം, ദുഷ്‌കർമങ്ങൾ മുഖത്തെ വിരൂപമാക്കുന്നു, ഹൃദയത്തെ ഇരുളിലാക്കുന്നു, ശരീരത്തിന്റെ കരുത്ത് ചോർത്തിക്കളയുന്നു, വിഭവങ്ങൾ ഞെരുക്കത്തിലാക്കുന്നു, സൃഷ്ടികളുടെ ഹൃദയത്തിൽ വെറുപ്പ് ഉളവാക്കിക്കുന്നു.’’

അറിയുക, മേൽപറഞ്ഞ കാര്യങ്ങൾ ലക്ഷ്യമാക്കികൊണ്ട് സൽകർമങ്ങൾ ചെയ്യരുത്. സൽകർമങ്ങൾ അല്ലാഹുവിന് വേണ്ടി മാത്രം ചെയ്യുക. അല്ലാഹുവിന്റെ തൃപ്തിയാണ് നമ്മുടെ കാര്യങ്ങൾ നല്ലരീതിയിൽ ആക്കുന്നത്. നമ്മുടെ മോശമായ സ്ഥിതികൾക്ക് നമ്മൾ പല ന്യായങ്ങളും നിരത്താറുണ്ട്. അങ്ങനെ നമ്മുടെ ജീവിതത്തെ മതത്തിൽനിന്നും വേർതിരിക്കുന്നു. പക്ഷേ, അവ രണ്ടും പരസ്പരം ബന്ധപ്പെട്ട് കിടക്കുകയാണ്. നാം ക്ഷീണിതരും ആശയക്കുഴപ്പത്തിലുമാണെങ്കിൽ അല്ലാഹുവിനോട് മാപ്പിരക്കുക. നമ്മുടെ പാപങ്ങൾ മറ്റുള്ളവർ നമ്മെ വെറുക്കാൻ ഇടയാക്കുന്നു. ഇത് എന്തുകൊണ്ടാണെന്ന് അവർക്കറിയില്ല. സൽകർമങ്ങൾ, മറ്റുള്ളവർ നമ്മെ സ്‌നേഹിക്കാൻ ഇടയാക്കുന്നു. ഇത് എന്തുകൊണ്ടെന്ന് അവർക്കറിയില്ല. കാരണം അല്ലാഹുവാണ് ഈ തോന്നലുകൾ അവരിൽ ഇട്ടുകൊടുക്കുന്നത്.

സൽകർമങ്ങൾ നമ്മെ ഊർജസ്വലമാക്കുന്നു. ദുഷ്‌കർമങ്ങൾ ഊർജം ചോർത്തിക്കളയുന്നു. നമ്മുടെ ശരീരത്തിന് ഉന്മേഷമില്ലാത്തതിന് നമ്മൾ ഉറക്കമില്ലായ്മയെയും പോഷകക്കുറവിനെയും കാരണമാക്കും. എന്നാൽ അതിന് നാം പാപമോചനം ചെയ്താൽ മതിയാകും. റമദാൻ മാസത്തിൽ കുറച്ച് ഭക്ഷണവും കുറച്ച് ഉറക്കവും കൊണ്ടുതന്നെ നമ്മൾ ഊർജസ്വലരാകുന്നില്ലേ? കാരണം അപ്പോൾ നമ്മൾ വലിയ അനുസരണയുള്ളവരും നിരന്തരം പാപമോചനം തേടിക്കൊണ്ടിരിക്കുന്നവരും ആയിരിക്കും.

8. പാപങ്ങൾ ശരീരത്തിന്റെ കരുത്ത് ചോർത്തും

ഒരു വിശ്വാസിയുടെ കരുത്ത് അയാളുടെ ഹൃദയത്തിലാണ്. ഹൃദയം എത്ര കരുത്തുള്ളതാണോ, അയാളുടെ ശരീരത്തിനും അത്രമേൽ ശക്തി ലഭിക്കുന്നതാണ്. പാപങ്ങൾ ഹൃദയത്തിന്റെ കരുത്ത് ചോർത്തിക്കളയും. ക്രമേണ അത് ശരീരത്തെയും തളർത്തും. പിശാചിന്റെ കൂട്ടരാണ് നമുക്ക് ചുറ്റുമെങ്കിൽ അത് നമ്മെ ബാധിക്കും. ചിലരെ നമുക്ക് അവഗണിക്കുവാൻ സാധിക്കില്ല. അല്ലാഹുവിന്റെ നിരന്തര സ്മരണകൊണ്ട് അതിനെ തരണംചെയ്യാൻ ശ്രമിക്കണം.

പാപികളുടെ കാര്യമാണെങ്കിൽ, അവർക്ക് എത്രതന്നെ പുഷ്ടിയുള്ള ശരീരമാണെങ്കിലും തനിക്ക് കരുത്ത് ഏറ്റവും ആവശ്യമുള്ള സമയത്ത് ക്ഷീണിച്ചുപോകുന്നതാണ്. അവർക്ക് ഒന്നും ചെയ്യുവാൻ സാധിക്കില്ല. സത്യവിശ്വാസികൾ റോമൻ, പേർഷ്യൻ, ക്വുറൈശി മുതലായ ശക്തികളെ കീഴ്‌പ്പെടുത്തിയത് ഇതിന് ഉദാഹരണമാണ്. വിശ്വാസികളുടെ ഹൃദയത്തിന്റെ കരുത്ത് അന്ന് അവർക്ക് ശക്തിയും പുഷ്ടിയും നൽകി.

പാഠം 12

പാപങ്ങളുടെ വേറെ ചില ദുഷ്ഫലങ്ങൾ

നാം നിസ്സാരമായി കാണുന്ന ചില പാപങ്ങളുണ്ട്. (ഉദാഹരണത്തിന്: യൂട്യൂബ് വീഡിയോകൾ നോക്കുമ്പോൾ അവയുടെ പശ്ചാത്തലത്തിലെ സംഗീതം. അതൊന്നും വലിയ കുഴപ്പമില്ല എന്ന മട്ടിൽ നാം അതിനെ കേൾക്കാറുണ്ട്. പക്ഷേ, ഇത്തരം ചെറുപാപങ്ങൾ കുന്നുകൂടി അവ നമ്മെ ബാധിക്കുന്നത് നാം അറിയുന്നില്ല). ആകയാൽ എല്ലാ പാപങ്ങളെയും നാം വർജിക്കുക. നാം നിരാശരാകരുത്. നാം പാപങ്ങൾ ചെയ്യുമെങ്കിലും എപ്പോഴും തൗബയുടെ വാതിൽ തുറന്നുകിടക്കുന്നുണ്ട്. അല്ലാഹു നമുക്ക് വളരെയധികം പൊറുത്തുതരുന്നവനും കരുണകാട്ടുന്നവനുമാണ്. പാപങ്ങളിൽ ഒന്നിനെയും നിസ്സാരമായി കാണരുത്. പാപങ്ങൾകാരണം നിരവധി നാശങ്ങൾ ഇഹലോകത്തുതന്നെ സംഭവിക്കുന്നതാണ്. അതിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുക:

9. ആരാധനാകർമങ്ങളിൽ മുടക്കം സംഭവിക്കുക

നമുക്ക് നിർബന്ധകാര്യങ്ങളും ഐച്ഛികകാര്യങ്ങളുമെല്ലാം മുറക്ക് ചെയ്യണമെന്നുണ്ട്. ചിലത് നാം സ്ഥിരമായി ചെയ്തുകൊണ്ടുമിരിക്കുന്നു. എന്നാൽ പാപങ്ങൾകാരണം ഇതിൽ മുടക്കം സംഭവിക്കുന്നതാണ്. നമ്മുടെ പാപങ്ങൾ തുടക്കത്തിൽ നാം ചെയ്തുകൊണ്ടിരുന്ന ഒരു സൽപ്രവൃത്തി മുടക്കും. അത് മറ്റൊന്നിനെയും അത് വേറൊന്നിനെയും മുടക്കുകയും അങ്ങനെ നീണ്ടുപോവുകയും ചെയ്യുന്നതാണ്. പരിശുദ്ധ ക്വുർആനിലെ ഒരു വചനം നാം മനഃപാഠമാക്കുകയും നന്നായി ഗ്രഹിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുക. ഈ വചനം മുഴുവൻ ദുൻയാവിനെക്കാളും ഉത്തമമാണ്. അല്ലാഹു പറുയുന്നു:

فَٱسْتَقِمْ كَمَآ أُمِرْتَ وَمَن تَابَ مَعَكَ وَلَا تَطْغَوْا۟ ۚ إِنَّهُۥ بِمَا تَعْمَلُونَ بَصِيرٌ

ആകയാൽ നീ കൽപിക്കപ്പെട്ടതുപോലെ നീയും നിന്നോടൊപ്പം (അല്ലാഹുവിങ്കലേക്ക്) മടങ്ങിയവരും നേരായ മാർഗത്തിൽ നിലകൊള്ളുക. നിങ്ങൾ അതിരുവിട്ട് പ്രവർത്തിക്കരുത്. തീർച്ചയായും അവൻ നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനാണ്. (ഹൂദ്: 112)

അറിയുക: നിരന്തരം തൗബ ചെയ്ത് മടങ്ങുന്നവർക്ക് ദീനിൽ സ്ഥിരത ലഭിക്കുന്നതാണ്. തൗബ ചെയ്യാതെ പാപങ്ങളിൽ കഴിയുന്നവന്റെ അവസ്ഥ, ഒരു പ്രത്യേക ഭക്ഷണം കഴിച്ച് രോഗിയായതിന് ശേഷം മറ്റു ഭക്ഷണങ്ങൾ കൂടി കഴിക്കുവാൻ കഴിയാത്ത നിലയിൽ ആകുന്നത് പോലെയാണ്.

10. ആയുസ്സ് കുറക്കും

പാപങ്ങൾ ആയുസ്സ് കുറക്കുകയും അനുഗ്രഹങ്ങൾ എടുത്തുകളയുകയും ഐശ്വര്യങ്ങൾ ഇല്ലാതാക്കുകയും ചെയ്യും. നമുക്ക് എത്ര സമയമുണ്ടെങ്കിലും നമ്മുടെ പാപങ്ങൾ നിമിത്തം ആ സമയം ഫലപ്രദമായി ഉപയോഗിക്കുവാൻ നമുക്ക് സാധിക്കില്ല.

പോഷകസമ്പുഷ്ടമായ ആഹാരം കഴിക്കുന്നതും വ്യായാമം ശീലിക്കുന്നതും ആയുസ്സ് വർധിപ്പിക്കും എന്ന് നാം കരുതുന്നു. പക്ഷേ, കൂടുതൽ കാലം ജീവിക്കണമെങ്കിൽ പാപങ്ങളിൽനിന്ന് വിട്ടുനിൽക്കുക, സൽകർമങ്ങളിൽ ഏർപ്പെട്ട് അല്ലാഹുവിനെ ധാരാളമായി സ്മരിക്കുകയും അവനിലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്യുക. ഹൃദയത്തിൽ അല്ലാഹുവിനോടുള്ള പ്രിയം മനസ്സിന് സംതൃപ്തിയും ആസ്വാദനവും നൽകും. അല്ലാഹുവിന് വേണ്ടി പണിയെടുക്കുമ്പോൾ ജീവസ്സുറ്റവരായി മാറുന്നു.

11. ഒരു പാപം മറ്റൊന്നിലേക്ക് നയിക്കും

പാപങ്ങൾ കൃഷിയിടങ്ങളിലെ കളകൾ പോലെയാണ്. ഒരു പാപം മറ്റൊരു പാപത്തിന് ഇടവരുത്തും. ഒന്ന് മറ്റൊന്നിന് പിറകെയായി വരുകയും അത് പടർന്ന് പന്തലിക്കുകയും ചെയ്യും. പിന്നെ നമുക്ക് നമ്മെ നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയിലാകും. തുടക്കത്തിലേ ആ കളകൾ പറിച്ചുകളയാൻ ശ്രമിച്ചാൽ എളുപ്പമാകും. പക്ഷേ, അവ പെരുകിക്കഴിഞ്ഞാൽ അത് വേരുപിടിച്ച് പടർന്ന് അതിനെ പറിച്ചുകളയൽ ശ്രമകരമായിത്തീരും.

ഒരു പാപത്തിനുള്ള ശിക്ഷ മറ്റൊരു പാപം ചെയ്യാനുള്ള പ്രവണതയാണ്. ഒരു നന്മക്കുള്ള പ്രതിഫലം മറ്റൊരു നന്മ ചെയ്യാനുള്ള അവസരമാണ്. മിക്ക പാപങ്ങളുടെയും വേര് അസൂയയും അഹങ്കാരവുമാണ്. ഉദാഹരണം: നാം ഒരാളെക്കുറിച്ച് മോശമായി ചിന്തിച്ചുകഴിഞ്ഞാൽ അത് അവിടെ അവസാനിക്കുകയില്ല. പിന്നെ അവരുമായി വാക്കേറ്റമുണ്ടാകാം. അവരെക്കുറിച്ച് മറ്റുള്ളവരോട് മോശമായി സംസാരിക്കാൻ ഇടവന്നേക്കാം.

സൽകർമങ്ങൾ കൂടുതൽ സൽകർമങ്ങളിലേക്ക് വഴിതെളിയിക്കുന്നു.നമ്മുടെ ജീവിതം സൽകർമങ്ങൾക്കും പാപമോചനം തേടുന്നതിനും ഇടയിൽ ചരിക്കണം.

وَسَارِعُوٓا۟ إِلَىٰ مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا ٱلسَّمَٰوَٰتُ وَٱلْأَرْضُ أُعِدَّتْ لِلْمُتَّقِينَ

നിങ്ങളുടെ നാഥനിൽനിന്നുള്ള പാപമോചനവും ആകാശഭൂമികളോളം വിശാലമായ സ്വർഗവും നേടാനായി ധൃതിയിൽ മുന്നോട്ട് വരിക. അത് ഭയഭക്തന്മാർക്കായി തയ്യാറാക്കപ്പെട്ടിരിക്കുന്നു’’ (ആലുഇംറാൻ: 133)

ഒരാൾ പാപങ്ങൾക്കെതിരെ പൊരുതുകയും അത് ചെയ്യുന്നത് നിർത്തുകയും നല്ല കാര്യങ്ങൾ ചെയ്ത് തുടങ്ങുകയും ചെയ്യുമ്പോൾ അദ്ദേഹത്തിന് അതിനോട് ഇഷ്ടം ഉണ്ടാവുകയും, ആ നന്മകൾ അയാളുടെ ജീവിതത്തിന്റെ ഭാഗമായി മാറുകയും ചെയ്യുന്നതാണ്. ഇതോടൊപ്പം ആ സൽകർമങ്ങൾ സ്ഥിരപ്പെടുത്താൻ വേണ്ടി അല്ലാഹു മലക്കുകളെ അയച്ചുകൊടുക്കുന്നതുമാണ്. ഉദാ: ദീനിലുള്ള അറിവ് സമ്പാദിക്കൽ തുടക്കത്തിൽ വളരെ ബുദ്ധിമുട്ടായി അനുഭവപ്പെടും. ആ ബുദ്ധിമുട്ട് തരണംചെയ്ത് ആ അറിവ് നേടാൻ നിരന്തരം ശ്രമിക്കുമ്പോൾ നാം അത് ഇഷ്ടപ്പെട്ടുതുടങ്ങും. അപ്പോൾ നമ്മെ നിരന്തരം അതിനായി പ്രേരിപ്പിക്കാൻ അല്ലാഹു മലക്കുകളെ അയച്ച് തരും. അങ്ങനെ അത് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറും. അതു വിട്ടുകളയുവാൻ നമുക്ക് തോന്നുകയുമില്ല. അതിന്റെ ഗുണം നമ്മുടെ ജീവിതത്തിൽ പ്രതിഫലിക്കുകയും ചെയ്യും.

ഇതിന്റെ നേർവിപരീതമാണ് പാപങ്ങളുടെ കാര്യം. ഒരാൾ പാപങ്ങൾ ചെയ്യുമ്പോൾ ആദ്യമൊക്കെ മടിച്ച് മടിച്ചായിരിക്കും ചെയ്യുന്നത്. പക്ഷേ, അത് നിരന്തരമാകുമ്പോൾ അയാൾക്ക് അത് പ്രശ്‌നമല്ലാതാകും. അപ്പോൾ അല്ലാഹു പിശാചിനെ അയക്കും. അതിനെ സ്ഥിരപ്പെടുത്താൻ പിശാച് പരിശ്രമിക്കും. അങ്ങനെ അത് വിട്ടുകളയാൻ അയാൾക്ക് തോന്നാതാകും. അതിന്റെ ദോഷം അയാളുടെ ജീവിതത്തിൽ പ്രതിഫലിക്കുകയും ചെയ്യും. അല്ലാഹു പറയുന്നു:

وَصَدَّقَ بِٱلْحُسْنَىٰ ‎﴿٦﴾‏ فَسَنُيَسِّرُهُۥ لِلْيُسْرَىٰ ‎﴿٧﴾‏ وَأَمَّا مَنۢ بَخِلَ وَٱسْتَغْنَىٰ ‎﴿٨﴾‏ وَكَذَّبَ بِٱلْحُسْنَىٰ ‎﴿٩﴾‏ فَسَنُيَسِّرُهُۥ لِلْعُسْرَىٰ ‎﴿١٠﴾

അതിനാൽ ആര് ദാനം നൽകുകയും ഭക്തനാവുകയും അത്യുത്തമായതിനെ സത്യപ്പെടുത്തുകയും ചെയ്യുന്നുവോ അവന് നാം ഏറെ എളുപ്പമായതിലേക്ക് വഴിയൊരുക്കിക്കൊടുക്കും. എന്നാൽ ആര് പിശുക്ക് കാണിക്കുകയും സ്വയം പര്യാപ്തത നടിക്കുകയും അത്യുത്തമായതിനെ തള്ളിപ്പറയുകയും ചെയ്യുന്നുവോ അവനെ നാം ഏറ്റവും ക്ലേശകരമായതിൽ കൊണ്ടെത്തിക്കും. (അല്ലൈൽ 5-10)

അല്ലാഹുവിന്റെ കാരുണ്യത്തിൽ നാം നിരാശപ്പെടരുത്. അധികം വൈകുന്നതിന് മുമ്പ് പടച്ചവനിലേക്ക് പശ്ചാത്തപിച്ച് മടങ്ങുക. അല്ലാഹു നമ്മെ അവന്റെ വചനങ്ങളിലൂടെ പഠിപ്പിച്ചതും അതറിയുവാൻ സാധിച്ചതും അല്ലാഹുവിന്റെ വലിയ അനുഗ്രഹമാണ്.

12. പാപങ്ങൾ ഹൃദയത്തിന്റെ നിശ്ചയദാർഢ്യത്തെയും മനഃ ശക്തിയെയും ഇല്ലാതാക്കുന്നു

പാപങ്ങളിലൂടെ മനഃശക്തി നശിച്ചുപോയാൽ നന്നാകുവാനുള്ള ആഗ്രഹം ഇല്ലാതാകും എന്നതാണ് ഏറ്റവും ഭയാനകരമായ പരിണിതഫലം. നന്മയും തിന്മയും തിരിച്ചറിഞ്ഞാലും നന്മ സ്വീകരിക്കുവാനും തിന്മയെ തിരസ്‌ക്കരിക്കുവാനും സാധിക്കാതെ വരുന്നതാണ്.

തിരഞ്ഞെടുക്കുവാനും തീരുമാനിക്കുവാനുമുള്ള സ്വാതന്ത്ര്യം നമ്മുടേതാണ്. നമുക്കായി കാര്യങ്ങൾ മാറ്റിമറിക്കുവാനോ ചെയ്യുവാനോ ആർക്കും സാധിക്കില്ല. എന്നാൽ പാപങ്ങളിൽ ഏർപ്പെടുന്നവൻ വലിയ മടിയനും ഉത്സാഹമില്ലാത്തവനുമായിരിക്കും. നന്നാകണം, ഖുർആൻ പാരായണം ചെയ്യണം എന്നൊക്കെ ആഗ്രഹമുണ്ടാകും. പക്ഷേ, ഒരിക്കലും അത് പ്രാവർത്തികമാകില്ല. അതിനുള്ള മാനസിക പ്രചോദനം ലഭിക്കുകയുമില്ല.

إِنْ هُوَ إِلَّا ذِكْرٌ لِّلْعَٰلَمِينَ ‎﴿٢٧﴾‏ لِمَن شَآءَ مِنكُمْ أَن يَسْتَقِيمَ ‎﴿٢٨﴾‏

ഇത് മുഴുവൻ മാലോകർക്കുമുള്ള ഒരു ഉപദേശമാകുന്നു. നിങ്ങളിൽ നേർവഴിയിൽ നടക്കാനാഗ്രഹിക്കുന്നവർക്ക് ഇത് പ്രയോജനപ്പെടുന്നതാണ്. (അത്തക്‌വീർ 27-28)

പാഠം 13

പാപങ്ങളുടെ പ്രത്യാഘാതങ്ങൾ

പാപങ്ങളുടെ ഭൗതികമായ പല കുഴപ്പങ്ങളും പറഞ്ഞുകഴിഞ്ഞു. ഗുരുതരമായ മറ്റുചില പ്രത്യാഘാതങ്ങൾകൂടി ശ്രദ്ധിക്കുക:

13. കുറ്റബോധവും പശ്ചാത്താപ മനഃസ്ഥിതിയും ഇല്ലാതാക്കും

കുറ്റബോധം എന്നത് ജന്മസിദ്ധമായ മനുഷ്യഗുണമാണ്. പക്ഷേ, പാപങ്ങൾ ഈ മനഃസ്ഥിതിയെ പതിയെ പതിയെ ഉന്മൂലനം ചെയ്തുകളയും. ഇത്തരം ഒരു അവസ്ഥക്കിടയിൽ ഒരാൾ ഇസ്തിഗ്ഫാറും തൗബയും നടത്തിയാൽതന്നെ അതിൽ സത്യസന്ധത കുറവായിരിക്കും. നാവുകൊണ്ട് പറയുമെങ്കിലും ഹൃദയം പാപങ്ങളിൽ തന്നെ ബന്ധപ്പെട്ടിരിക്കും. ഇത് ഏറ്റവും ഭയാനകമായ ഹൃദയത്തിന്റെ രോഗാവസ്ഥയും നാശത്തിലേക്കുള്ള പതനവുമാകുന്നു.

മനുഷ്യർ സ്വാഭാവികമായും തെറ്റിനെ വെറുക്കുന്നവരാണ്. പക്ഷേ, നിരന്തരം തെറ്റുചെയ്യുന്ന ഒരാൾക്ക് അതൊരു പ്രശ്‌നമല്ലാതാകും. അയാൾ മറ്റുള്ളവരോട് അതിനെക്കുറിച്ച് അഭിമാനത്തോടെ പറഞ്ഞ് നടക്കുകയും ചെയ്യും. അയാൾക്ക് അതിന് ഒരു ഉളുപ്പുമുണ്ടാകില്ല. മാത്രമല്ല, പാപം ചെയ്യുന്നത് അയാൾ വലിയ പ്രൗഢിയായി കാണുന്നതാണ്. ഞാൻ മദ്യപിക്കും, എനിക്ക് കാമുകിയുണ്ട് എന്നൊക്കെ ചില ആളുകൾ തുറന്നുപറയുന്നത് ഇതിൽ പെട്ടതാണ്.

عَنْ أَبِي هُرَيْرَةَ، قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ :‏ كُلُّ أُمَّتِي مُعَافًى إِلاَّ الْمُجَاهِرِينَ، وَإِنَّ مِنَ الْمَجَانَةِ أَنْ يَعْمَلَ الرَّجُلُ بِاللَّيْلِ عَمَلاً، ثُمَّ يُصْبِحَ وَقَدْ سَتَرَهُ اللَّهُ، فَيَقُولَ يَا فُلاَنُ عَمِلْتُ الْبَارِحَةَ كَذَا وَكَذَا، وَقَدْ بَاتَ يَسْتُرُهُ رَبُّهُ وَيُصْبِحُ يَكْشِفُ سِتْرَ اللَّهِ عَنْهُ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:എന്റെ എല്ലാ അനുയായികളും പൊറുക്കപ്പെടുന്നവരായിരിക്കും. സ്വന്തം പാപങ്ങൾ തുറന്നുകാട്ടുന്നവരൊഴികെ. അതിന് ഉദാഹരണം: ഒരാൾ രാത്രിയിൽ തെറ്റ് ചെയ്യുന്നു. അല്ലാഹു അത് അയാൾക്ക് മറച്ചുകൊടുക്കുന്നു. എന്നാൽ പ്രഭാതത്തിൽ അയാൾതന്നെ അത് ആളുകൾക്ക് വെളിവാക്കിക്കൊടുക്കുന്നതും ഞാൻ ഇന്നലെ രാത്രി ഇന്നയിന്ന തെറ്റുകൾ ചെയ്തു എന്ന് പറഞ്ഞ് നടക്കുന്നതുമാണ്. അല്ലാഹു അത് അയാൾക്ക് വേണ്ടി രഹസ്യമാക്കിവെച്ച കാര്യമാണ്. രാത്രി അല്ലാഹു മറച്ചുവെച്ച കാര്യം രാവിലെ അയാൾതന്നെ മറനീക്കി ജനങ്ങളെ ബോധിപ്പിച്ചു. (ബുഖാരി: 6069)

14. പാപം ചെയ്യൽ നശിച്ചവരുടെ പാരമ്പര്യമാണ്

ഇന്ന് നമ്മൾ കാണുന്ന മുഴുവൻ പാപങ്ങളും ആദ്യം ചെയ്തവരിൽനിന്ന് പകർന്നുവന്നതാണ്. എല്ലാവരും ശുദ്ധരാണ്. എന്നാൽ ആരെങ്കിലും ഒരാൾ തുടങ്ങിവയ്ക്കും. അതിലൂടെ പാപം പടരും. വിശിഷ്യാ ഗുരുതരമായ ചില പാപങ്ങൾ അല്ലാഹു നശിപ്പിച്ച മുൻകാല ജനതകളിൽനിന്നും പകർന്നുവന്നതാണ്. ഉദാ: സ്വവർഗരതി ആദ്യം തുടങ്ങിവച്ചത് ലൂത്വ് നബി عليه السلام യുടെ ജനതയാണ്. കൂടുതൽ അളന്നെടുക്കുകയും കുറച്ച് മാത്രം കൊടുക്കുകയും ചെയ്യുന്ന സമ്പ്രദായം ശുഐബ് നബി عليه السلام യുടെ ജനത തുടങ്ങിയതാണ്. അക്രമം ഫിർഔനിന്റെയും കൂട്ടരുടെയും പക്കൽനിന്നും ലഭിച്ചതാണ്. ആദമിന്റെ സന്തതിയെ അല്ലാഹു മഹത്ത്വപ്പെടുത്തിയതാണ്. പിന്നെ നാം നാശകരമായ പാപങ്ങളിലൂടെ എന്തിനാണ് സ്വയം നിന്ദ്യരാകുന്നത്?

ഹസനുൽ ബസ്വരി رحمه الله പറഞ്ഞു: “ആളുകൾ പാപികളെയും അക്രമകാരികളെയും മഹത്ത്വപ്പെടുത്തുന്നതു കണ്ട് അതിൽ വഞ്ചിതരാകരുത്. അനുസരണക്കേട് ആർക്കും ഒരു വിലയും നൽകുന്നതല്ല. ആളുകൾ അയാളെ ബഹുമാനിക്കുന്നുണ്ടെങ്കിൽ പോലും അയാൾ നിന്ദ്യനായിരിക്കും. കാരണം പാപി എടുത്തണിയുന്നത് അല്ലാഹുവിന്റെ ശത്രുക്കളായ മുൻകാല ജനതയുടെ വസ്ത്രമാണ്. യഥാർഥത്തിൽ മനുഷ്യൻ അണിയേണ്ടത് ഭയഭക്തിയുടെ വസ്ത്രമാണ്. അല്ലാഹു പറയുന്നു: ‘ആദം സന്തതികളേ, നിങ്ങൾക്ക് നാം നിങ്ങളുടെ നഗ്‌നത മറയ്ക്കുവാനും ശരീരം അലങ്കരിക്കുവാനും പറ്റിയ വസ്ത്രങ്ങൾ ഉത്പാദിപ്പിച്ചുതന്നിരിക്കുന്നു. എന്നാൽ ഭക്തിയുടെ വസ്ത്രമാണ് ഏറ്റവും ഉത്തമം. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ ഒന്നാണിത്. അവർ മനസ്സിലാക്കി പാഠം ഉൾക്കൊള്ളുവാൻ വേണ്ടിയാണ് അല്ലാഹു ഈ ഉപദേശം നൽകിയിരിക്കുന്നത്’’ (അൽഅഅ്‌റാഫ് 26).

15. പാപികൾ അല്ലാഹുവിന്റെ ദൃഷ്ടിയിൽ നിന്ദ്യരാണ്

പാപങ്ങൾ അപമാനത്തിനും നിന്ദ്യതക്കും വഴിയൊരുക്കുന്നതാണ്. അല്ലാഹു ഗ്രന്ഥങ്ങളും ദൂതന്മാരെയും മനുഷ്യർക്ക് അയച്ചുതന്നു. മറ്റു ജീവജാലങ്ങളെ മനുഷ്യരുടെ അധീനതയിലാക്കിക്കൊണ്ട് അല്ലാഹു മനുഷ്യനെ ധന്യനാക്കി. ശരിയും തെറ്റും തിരഞ്ഞെടുക്കാനുള്ള ബുദ്ധിയും സ്വാതന്ത്ര്യവും കൂടി തന്നു. പക്ഷേ, ഒരാൾ അല്ലാഹു മനുഷ്യനെക്കൊണ്ട് ഉദ്ദേശിച്ച കാര്യങ്ങൾ ഒന്നും ചെയ്യാതെ പാപങ്ങളിൽ ഏർപെട്ട് നടക്കുമ്പോൾ മനുഷ്യന് അല്ലാഹു നൽകിയ ആദരവ് പതിയെ ഇല്ലാതാകുന്നു. അത് ക്രമേണ മനുഷ്യനെ നരകാഗ്‌നിക്കർഹരാക്കുന്നു. അല്ലാഹു പറയുന്നു:

وَلَقَدْ كَرَّمْنَا بَنِىٓ ءَادَمَ وَحَمَلْنَٰهُمْ فِى ٱلْبَرِّ وَٱلْبَحْرِ وَرَزَقْنَٰهُم مِّنَ ٱلطَّيِّبَٰتِ وَفَضَّلْنَٰهُمْ عَلَىٰ كَثِيرٍ مِّمَّنْ خَلَقْنَا تَفْضِيلًا

തീർച്ചയായും ആദംസന്തതികളെ നാം ആദരിക്കുകയും, കടലിലും കരയിലും അവരെ നാം വാഹനത്തിൽ കയറ്റുകയും, വിശിഷ്ടമായ വസ്തുക്കളിൽനിന്ന് നാം അവർക്ക് ഉപജീവനം നൽകുകയും, നാം സൃഷ്ടിച്ചിട്ടുള്ളവരിൽ മിക്കവരെക്കാളും അവർക്ക് നാം സവിശേഷമായ ശ്രേഷ്ഠത നൽകുകയും ചെയ്തിരിക്കുന്നു. (അൽഇസ്‌റാഅ്: 70)

പക്ഷേ, ഇതേ മനുഷ്യൻ പാപങ്ങൾ കാരണം അല്ലാഹുവിങ്കൽ നിന്ദ്യനായിത്തീരുന്നതാണ്. അല്ലാഹു പറയുന്നു:

ثُمَّ رَدَدْنَٰهُ أَسْفَلَ سَٰفِلِينَ

ശേഷം നാം മനുഷ്യനെ അധമരിൽ അധമരാക്കുന്നതാണ്. (അത്തീൻ: 5)

16. പാപങ്ങൾ മനസ്സിനെ മലിനമാക്കും

മനുഷ്യൻ എന്നും യുക്തിയുടെ അടിസ്ഥാനത്തിൽ മാത്രമെ ശരിയും തെറ്റും അളക്കുകയുള്ളൂ. ഹൃദയത്തിനും മനസ്സിനുമിടയിൽ സന്തുലിത്വം പാലിക്കാൻ നാം ശീലിക്കണം. മനസ്സ് ഒരു കാവൽ പോലിസിനെ പോലെയാണ്. പാപങ്ങൾ മനസ്സിനെ ദുഷിപ്പിച്ചുകഴിഞ്ഞാൽ നാം സുരക്ഷിതരല്ലാതായിത്തീരുന്നതാണ്. പാപങ്ങൾ തക്വ്‌വ നഷ്ടപ്പെടുത്തുന്നതാണ്. ചിലർ സ്വന്തം ശരീരത്തിൽ വിഷം കുത്തിവെക്കുന്നത് കണ്ട് നമുക്ക് ആശ്ചര്യം തോന്നാറില്ലേ? സ്വയം മുറിവേൽപിക്കാൻ പോലും മടിയില്ലാത്തവണ്ണം മനസ്സ് ദുഷിച്ച് പോയി. ഇപ്രകാരം പാപികളുടെമേൽ ക്വുർആൻ സൂക്തങ്ങളും ഹദീസുകളും ഒരു ഫലവും ചെയ്യുന്നതല്ല. അല്ലാഹു പറയുന്നു:

كَلَّا ۖ بَلْ ۜ رَانَ عَلَىٰ قُلُوبِهِم مَّا كَانُوا۟ يَكْسِبُونَ

കാര്യം അവർ വിചാരിക്കുന്നത് പോലെയല്ല, അവർ ചെയ്തുകൂട്ടുന്ന പാപങ്ങൾ അവരുടെ ഹൃദയങ്ങളിൽ കറയായി പറ്റിപ്പിടിച്ചിരിക്കുകയാണ്. (അൽമുത്വഫ്ഫിഫീൻ: 14)

പാപത്തിന് മേൽ പാപം ചെയ്തുകൂട്ടുമ്പോഴാണ് ഹൃദയത്തിൽ കറ പുരളുന്നത്. നമ്മൾ ഒരു ദിവസം തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും പാപങ്ങളിൽ ഏർപ്പെട്ടുകൊണ്ടാണെങ്കിൽ നമ്മുടെ മനസ്സിൽ പാപങ്ങളുടെ നീണ്ട ഒരു നിരതന്നെ ഉണ്ടാകുന്നതാണ്.

പാഠം 14

പാപങ്ങൾ മൂലമുള്ള രണ്ട് വലിയ നഷ്ടങ്ങൾ

പാപങ്ങൾ കാരണമായി സംഭവിക്കുന്ന വിവിധ ഭൗതിക നാശങ്ങൾ വിവരിച്ചുകഴിഞ്ഞു. ഈ പാഠത്തിൽ പാപങ്ങളുടെ ആത്മീയവും ഭൗതികവും പാരത്രികവുമായ രണ്ട് നാശനഷ്ടങ്ങൾ കൂടി വിവരിക്കുകയാണ്.

17. അല്ലാഹുവിന്റെ ദൂതരുടെയും മലക്കുകളുടെയും സത്യവിശ്വാസികളുടെയും പ്രാർഥനയിൽ പെടുന്നതല്ല

അല്ലാഹുവിന്റെ റസൂലും മലക്കുകളും സത്യവിശ്വാസികളും സത്കർമകാരികളുമായ അടിമകൾക്ക് വേണ്ടി നന്മയ്ക്കായി ധാരാളം ദുആ (പ്രാർഥന) ചെയ്തിട്ടുണ്ട്. പാപികളായ ആളുകൾക്ക് ഈ ദുആകളൊന്നും ലഭിക്കുകയില്ല. അവർ മഹത്തായ ഈ ദുആകളിൽനിന്നും ഒഴിവാകുന്നതാണ്. സത്യവിശ്വാസികൾക്കും വിശ്വാസിനികൾക്കും വേണ്ടി പാപമോചനം നടത്തണമെന്ന് അല്ലാഹു റസൂലിനോട് കൽപിച്ചിട്ടുണ്ട്. റസൂൽ ﷺ നിരവധി സന്ദർഭങ്ങളിൽ അവർക്കുവേണ്ടി പാപമോചനം തേടുകയും ഇരുലോക നന്മകൾക്ക് വേണ്ടി പ്രാർഥിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ അല്ലാഹുവിനോട് അനുസരണക്കേട് കാണിക്കുന്നവർ ഈ ദുആയിൽനിന്നും ഒഴിവാക്കപ്പെടുന്നതാണ്. കൂടാതെ അല്ലാഹുവിന്റെ മലക്കുകൾ, വിശിഷ്യാ അർശിനെ ചുമക്കുന്ന സമീപസ്ഥരായ മലക്കുകൾ സത്യവിശ്വാസികൾക്കും സത്കർമികൾക്കും വേണ്ടി നിരന്തരം ദുആ ചെയ്തുകൊണ്ടിരിക്കുകയാണ്. പരിശുദ്ധ ക്വുർആനിൽ അല്ലാഹു വിവരിക്കുന്നു:

ٱلَّذِينَ يَحْمِلُونَ ٱلْعَرْشَ وَمَنْ حَوْلَهُۥ يُسَبِّحُونَ بِحَمْدِ رَبِّهِمْ وَيُؤْمِنُونَ بِهِۦ وَيَسْتَغْفِرُونَ لِلَّذِينَ ءَامَنُوا۟ رَبَّنَا وَسِعْتَ كُلَّ شَىْءٍ رَّحْمَةً وَعِلْمًا فَٱغْفِرْ لِلَّذِينَ تَابُوا۟ وَٱتَّبَعُوا۟ سَبِيلَكَ وَقِهِمْ عَذَابَ ٱلْجَحِيمِ ‎﴿٧﴾‏ رَبَّنَا وَأَدْخِلْهُمْ جَنَّٰتِ عَدْنٍ ٱلَّتِى وَعَدتَّهُمْ وَمَن صَلَحَ مِنْ ءَابَآئِهِمْ وَأَزْوَٰجِهِمْ وَذُرِّيَّٰتِهِمْ ۚ إِنَّكَ أَنتَ ٱلْعَزِيزُ ٱلْحَكِيمُ ‎﴿٨﴾‏ وَقِهِمُ ٱلسَّيِّـَٔاتِ ۚ وَمَن تَقِ ٱلسَّيِّـَٔاتِ يَوْمَئِذٍ فَقَدْ رَحِمْتَهُۥ ۚ وَذَٰلِكَ هُوَ ٱلْفَوْزُ ٱلْعَظِيمُ ‎﴿٩﴾

സിംഹാസനം വഹിക്കുന്നവരും അതിന്റെ ചുറ്റിലുള്ളവരും (മലക്കുകൾ) തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം കീർത്തനം നടത്തുകയും അവനിൽ വിശ്വസിക്കുകയും, വിശ്വസിച്ചവർക്ക് വേണ്ടി (ഇപ്രകാരം) പാപമോചനം തേടുകയും ചെയ്യുന്നു: ഞങ്ങളുടെ രക്ഷിതാവേ! നിന്റെ കാരുണ്യവും അറിവും സകല വസ്തുക്കളെയും ഉൾകൊള്ളുന്നതായിരിക്കുന്നു. ആകയാൽ പശ്ചാത്തപിക്കുകയും നിന്റെ മാർഗം പിന്തുടരുകയും ചെയ്യുന്നവർക്ക് നീ പൊറുത്തുകൊടുക്കേണമേ. അവരെ നീ നരകശിക്ഷയിൽനിന്ന് കാക്കുകയും ചെയ്യേണമേ. ഞങ്ങളുടെ രക്ഷിതാവേ, അവർക്ക് നീ വാഗ്ദാനം ചെയ്തിട്ടുള്ള സ്ഥിരവാസത്തിനുള്ള സ്വർഗങ്ങളിൽ അവരെയും അവരുടെ മാതാപിതാക്കളെയും ഭാര്യമാർ, സന്തതികൾ എന്നിവരിൽനിന്നു സദ്‌വൃത്തരായിട്ടുള്ളവരെയും നീ പ്രവേശിപ്പിക്കേണമേ. തീർച്ചയായും നീ തന്നെയാകുന്നു പ്രതാപിയും യുക്തിമാനും. അവരെ നീ തിന്മകളിൽനിന്ന് കാക്കുകയും ചെയ്യേണമേ. അന്നേദിവസം നീ ഏതൊരാളെ തിന്മകളിൽനിന്ന് കാക്കുന്നുവോ, അവനോട് തീർച്ചയായും നീ കരുണ കാണിച്ചിരിക്കുന്നു. അതുതന്നെയാകുന്നു മഹാഭാഗ്യം. (അൽഗാഫിർ: 7-9)

അതെ, നാം തൗബ ചെയ്ത് ജീവിതം നന്നാക്കിക്കൊണ്ടിരിക്കുമ്പോൾ ഈ മലക്കുകളുടെ മഹത്തായ പ്രാർഥനക്ക് നാമും അർഹരാകുന്നതാണ്. എന്നാൽ തൗബ ചെയ്തു മടങ്ങാത്തപക്ഷം ഈ പ്രാർഥനകളിൽനിന്ന് നാം ഒഴിവാക്കപ്പെട്ടുപോകും. ഇത് എത്ര വലിയ നഷ്ടമാണ്!

18. പ്രവാചകശാപത്തിന് ഇരയാകും

പാപങ്ങൾ കാരണം അല്ലാഹുവിന്റെ റസൂലിന്റെ അനുഗൃഹീത ആശംസയും പ്രാർഥനകളും നഷ്ടപ്പെടുമെന്ന് മാത്രമല്ല, പ്രവാചകശാപത്തിന് ഇരയായിത്തീരുകയും ചെയ്യുന്നതാണ്.

ഇബ്‌നു മസ്ഊദ് പ്രസ്താവിക്കുന്നു: “പച്ചകുത്തുന്നവരെയും പച്ചകുത്തിക്കുന്നവരെയും അല്ലാഹുവിന്റെ ദൂതൻ ﷺ ശപിച്ചിരിക്കുന്നു. കൃത്രിമ മുടി ഉപയോഗിക്കുന്നവരെയും അത് വെക്കുവാൻ സഹായിക്കുന്നവരെയും റസൂൽ ﷺ ശപിച്ചിരിക്കുന്നു. പലിശ വാങ്ങുന്നവരെയും അത് നൽകുന്നവരെയും അതിന്റെ കരാർ എഴുതുന്നവരെയും അത് ഏറ്റെടുത്ത് നടത്തുന്നവരെയും അതിന് സാക്ഷിനിൽക്കുന്നവരെയും ശപിച്ചിരിക്കുന്നു.

ഇപ്രകാരം വിവിധ പാപങ്ങൾ ചെയ്യുന്നവരെ നബി ﷺ ശപിച്ചതായി ഹദീസുകളിൽ വന്നിട്ടുണ്ട്. ഹറാമായ സമ്പത്ത് ശപിക്കപ്പെട്ടതാണ്. അതിൽ ഒരു സമ്പന്നതയും ലഭിക്കുകയില്ല. വെറും സൗന്ദര്യത്തിന് വേണ്ടി പല്ലുകളുടെ ഇടയിൽ അകലം ഉണ്ടാക്കി മുഖത്തിന് വ്യത്യാസം വരുത്തുന്നവരെയും അത് ചെയ്തുകൊടുക്കുന്നവരെയും റസൂലുല്ലാഹി ﷺ ശപിച്ചിരിക്കുന്നു. ഒരാൾ ഒരു സ്ത്രീയെ വിവാഹം കഴിച്ച ശേഷം, മുൻഭർത്താവിന് അവളെ പുനർവിവാഹം ചെയ്യുവാൻ വേണ്ടി അവരെ ഉപേക്ഷിച്ചുകളഞ്ഞാൽ ഇപ്രകാരം ചെയ്യുന്നവനും അതിന് പ്രേരിപ്പിക്കുന്നവനും ശപിക്കപ്പെട്ടവരാണ്.’’

‘ശപിക്കപ്പെടുക’ എന്നാൽ അല്ലാഹുവിന്റെ വിശാലമായ കാരുണ്യത്തിൽനിന്നും പുറത്താക്കപ്പെടുക എന്നാണർഥം. അല്ലാഹുവിന്റെ കാരുണ്യത്തിൽനിന്നും അകറ്റപ്പെടുന്നത് നമുക്ക് എത്ര വലിയ നഷ്ടമായിരിക്കും! പാപകൃത്യങ്ങൾ ഒരിക്കലും നമുക്ക് സമൃദ്ധി നൽകില്ല. പിശാച് നമ്മെ ഇങ്ങനെ തോന്നിപ്പിക്കുമെങ്കിലും അത് വഞ്ചനയാണെന്ന് മനസ്സിലാക്കുക. ഉദാ: പെട്ടെന്ന് പണമുണ്ടാക്കാൻ സാധിക്കുന്ന തെറ്റായ പല കച്ചവടങ്ങളെയും പിശാച് അലങ്കരിച്ച് കാണിക്കാറുണ്ട്. പക്ഷേ, അവയെല്ലാം നമ്മെ ക്രമേണ നിന്ദ്യരാക്കും. നമ്മൾ പശ്ചാത്തപിച്ച് മടങ്ങുകയും ക്വുർആനും സുന്നത്തും പിന്തുടർന്ന് ജീവിക്കുകയും ചെയ്താൽ പ്രവാചകന്റെയും മലക്കുകളുടെയും സമുന്നതമായ പ്രാർഥനകൾ നമുക്ക് ലഭിക്കുന്നതാണ്. അല്ലാഹു അതിന് സഹായിക്കട്ടെ. എല്ലാ സഹായത്തിന്റെയും ഉറവിടം അല്ലാഹുവാകുന്നു.

പാഠം 15

പാപങ്ങളുടെ ചില ദുഷ്ഫലങ്ങൾ
19. പാപങ്ങൾ ഹൃദയത്തിലെ ദീനീരോഷം ഇല്ലാതാക്കുന്നു

സത്കർമകാരികളായ സത്യവിശ്വാസികളുടെ മനസ്സിൽ അല്ലാഹു ദീനീഗുണങ്ങളെ സംരക്ഷിക്കുവാനുള്ള ഒരു പ്രത്യേക ആവേശം വെച്ചിട്ടുണ്ട്. ഇതിന് ഹദീസിൽ ‘ഗീറത്ത്’ എന്ന് പറയപ്പെട്ടിരിക്കുന്നു. സത്യവിശ്വാസി നന്മകൾ കണ്ടാൽ സന്തോഷിക്കുകയും അതിന് പ്രേരിപ്പിക്കുകയും ചെയ്യും. തിന്മകൾ കണ്ടാൽ ദുഃഖിക്കുകയും ദേഷ്യപ്പെടേണ്ടവരോട് ദേഷ്യപ്പെടുകയും ചെയ്യും. റസൂലുല്ലാഹി ﷺ സ്വന്തം കാര്യങ്ങളിൽ ആരെങ്കിലും വീഴ്ച വരുത്തിയാൽ കോപിക്കുമായിരുന്നില്ല. എന്നാൽ ആരെങ്കിലും അല്ലാഹുവിന്റെ അതിർവരമ്പുകളെ ലംഘിക്കുന്നത് കണ്ടാൽ കോപിക്കുമായിരുന്നു.

ഈ രോഷം ഒരു വലിയ ശക്തിയാണ്. ദീനിന്റെയും സമൂഹത്തിന്റെയും സംരക്ഷണത്തിന് ആവശ്യവുമാണ്. എന്നാൽ പാപം കാരണം ഈ രോഷം ഇല്ലാതായിപ്പോകുന്നതാണ്. സൂറതു യൂസുഫിൽ അസീസിന്റെ കാര്യം വിവരിക്കുന്നത് നോക്കൂ; അദ്ദേഹത്തിന്റെ ഭാര്യ ഗുരുതരമായ ഒരു തെറ്റ് ചെയ്തതായി അദ്ദേഹം മനസ്സിലാക്കിയിട്ടും അതിനെ നിസ്സാരവൽക്കരിച്ചു. പ്രസ്തുത തിന്മയോട് രോഷം പുലർത്താതിരുന്നതുകൊണ്ടാണ് പിന്നീട് അതിൽനിന്നും പല പ്രശ്‌നങ്ങളും ഉണ്ടായത്.

ഓരോ വിശ്വാസിയുടെയും ഹൃദയത്തിൽ അല്ലാഹു ഈ രോഷം വെച്ചിട്ടുണ്ട്. ഇത് വളരെ മഹത്തായ ഒരു ഗുണവുമാണ്.

അല്ലാഹുവിന്റെ റസൂൽ ﷺ അരുളി: അല്ലാഹു വലിയ രോഷമുള്ളവനാണ്. അല്ലാഹുവിനെക്കാൾ രോഷം മറ്റാർക്കുമില്ല. അതിനാലാണ് പ്രത്യക്ഷവും പരോക്ഷവുമായ മ്ലേച്ഛ പ്രവൃത്തികളെ അല്ലാഹു നിരോധിച്ചിരിക്കുന്നത്. (ബുഖാരി)

എന്നാൽ ഒരു കാര്യം ഓർക്കുക: ഇപ്രകാരം രോഷം പുലർത്തിയതിലൂടെ ആരെങ്കിലും പശ്ചാത്തപിച്ചാൽ അവരുടെ പശ്ചാത്താപം സ്വീകരിക്കുവാൻ അല്ലാഹു സദാ സന്നദ്ധനാണ്.

റസൂൽ ﷺ അരുളി: അല്ലാഹു ഖേദിച്ച് മടങ്ങുന്നവരുടെ പശ്ചാത്താപം സ്വീകരിക്കുന്നതാണ്. അതുകൊണ്ടാണ് സന്തോഷ വാർത്തയും താക്കീതുകളും നൽകാൻ അല്ലാഹു ദൂതന്മാരെ അയച്ചത്. അല്ലാഹുവിനെ പുകഴ്ത്തുന്നത് അല്ലാഹു ഏറ്റവും ഇഷ്ടപ്പെടുന്നു. അതുകൊണ്ടാണ് അല്ലാഹു അവനെത്തന്നെ പുകഴ്ത്തിയിരിക്കുന്നത്. (മുസ്‌ലിം 2760)

20. ലജ്ജ നശിക്കുന്നു

പാപങ്ങൾ പാപിയുടെ ലജ്ജയെ കെടുത്തിക്കളയുന്നു. അങ്ങനെ അവൻ ശരിയല്ലാത്ത കാര്യങ്ങൾ പറയുകയും പ്രവർത്തിക്കുകയും ചെയ്യും. ലജ്ജ ഉന്നതമായ ഗുണമാണ്. നബി ﷺ അരുളി:

الْحَيَاءُ خَيْرٌ كُلُّهُ

ലജ്ജ മുഴുവനായും നല്ലതാകുന്നു. (മുസ്‌ലിം: 37)

ലജ്ജ സത്യവിശ്വാസത്തിന്റെ ഭാഗമാകുന്നു. (ബുഖാരി)

നബി ﷺ വളരെയധികം ലജ്ജ പുലർത്തിയിരുന്നു. സ്വഹാബികളും ലജ്ജയുള്ളവരായിരുന്നു. വിശിഷ്യാ, ഉസ്മാനുബ്‌നു അഫ്ഫാൻ رَضِيَ اللَّهُ عَنْهُ വളരെ ലജ്ജാശീലനായിരുന്നു. മലക്കുകൾ പോലും അദ്ദേഹത്തിന് മുമ്പിൽ ലജ്ജിച്ചിരുന്നു. ഒരിക്കൽ നബി ﷺ തന്റെ ഭവനത്തിൽ വിശ്രമിക്കുകയായിരുന്നു. അവിടുന്ന് ശരീരം മുഴുവൻ മറയുന്ന രീതിയിൽ വസ്ത്രധാരിയായിരുന്നില്ല. അബൂബക്ർ رَضِيَ اللَّهُ عَنْهُ അകത്ത് വരാൻ അനുവാദം ചോദിച്ചു. റസൂലുല്ലാഹി ﷺ അനുമതി നൽകി. പിന്നീട് ഉമർ رَضِيَ اللَّهُ عَنْهُ അകത്ത് പ്രവേശിക്കുവാൻ അനുവാദം ചോദിച്ചു. അദ്ദേഹത്തിനും അനുവാദം നൽകി. എന്നാൽ ഉസ്മാൻ رَضِيَ اللَّهُ عَنْهُ അനുവാദം ചോദിച്ചപ്പോൾ റസൂലുല്ലാഹി ﷺ തന്റെ വസ്ത്രങ്ങളെല്ലാം ശരിയാക്കി അദ്ദേഹത്തെ വരവേറ്റു. ഇതിനെക്കുറിച്ച് ആഇശ رضي الله عنها ചോദിച്ചപ്പോൾ നബി ﷺ അരുളി: “മലക്കുകൾ ആരുടെ മുന്നിൽ ലജ്ജിക്കുന്നുവോ അദ്ദേഹത്തിന് മുമ്പിൽ ഞാനും ലജ്ജിതനാകേണ്ടതല്ലേ?’’ (ബുഖാരി 2401).

عَنْ أَبِي مَسْعُودٍ، قَالَ النَّبِيُّ صلى الله عليه وسلم ‏ :‏ إِنَّ مِمَّا أَدْرَكَ النَّاسُ مِنْ كَلاَمِ النُّبُوَّةِ إِذَا لَمْ تَسْتَحِي فَاصْنَعْ مَا شِئْتَ ‏

നബി ﷺ അരുളി: നിങ്ങൾക്ക് ലജ്ജയില്ലെങ്കിൽ നിങ്ങൾ തോന്നിയത് ചെയ്തുകൊള്ളുക. (ബുഖാരി: 3484)

ലജ്ജ സത്യവിശ്വാസത്തോടൊപ്പം ഉടലെടുക്കുന്ന ഒന്നാണ്. ലജ്ജ സ്ത്രീകൾക്ക് മാത്രം ഉണ്ടാകേണ്ട ഒന്നല്ല. പുരുഷന്മാർക്കും വേണം. റസൂലുല്ലാഹി ﷺ അവിവാഹിതകളായ കന്യകമാരെക്കാൾ ലജ്ജയുള്ള ആളായിരുന്നു. (ബുഖാരി 6119).

എന്നാൽ പാപങ്ങൾ ഒരാളിലെ ലജ്ജയെ ക്രമേണ ഇല്ലാതാക്കുന്നു. മറ്റുള്ളവർ തന്റെ പാപങ്ങളെക്കുറിച്ച് അറിയുന്നുണ്ട് എന്നത് പോലും അയാൾക്ക് പ്രശ്‌നമല്ലാതായി മാറും. ഒരു അടിമ ഈ അവസ്ഥയിൽ എത്തിക്കഴിഞ്ഞാൽ പിന്നെ അയാൾക്ക് നന്നാകണം എന്ന ആഗ്രഹംപോലും ഇല്ലാതാകും. ലജ്ജയാണ് ഒരാളെ മുമ്പോട്ട് പോകാൻ സഹായിക്കുന്നത്. പാപങ്ങൾ ലജ്ജയെ നശിപ്പിച്ച് കളയും.

21. അല്ലാഹുവിനെ മഹത്ത്വപ്പെടുത്തുന്നത് കുറയുന്നു

നിസ്സംശയം, പാപങ്ങൾ അല്ലാഹുവിനോടുള്ള ആരാധനാമനോഭാവവും അവനെ മഹത്ത്വപ്പെടുത്തുന്നതും ക്രമേണ ഇല്ലാതാക്കുന്നതാണ്. അയാൾ പുറമെ അല്ലാഹുവിനെ വാഴ്ത്തുന്നുണ്ടെങ്കിൽപോലും ഹൃദയം ശൂന്യമായിരിക്കും. ഒരു അടിമയുടെ ഹൃദയത്തിൽ അല്ലാഹുവിനോട് ബഹുമാനവും ബന്ധവും ഉണ്ടെങ്കിൽ അയാൾക്ക് ഒരിക്കലും അല്ലാഹുവിനോട് അനുസരണക്കേട് കാണിക്കുവാൻ സാധിക്കില്ല. ഒരാൾ അല്ലാഹുവിനെ മഹത്ത്വപ്പെടുത്താതിരുന്നാൽ പാപങ്ങളിൽ ഏർപ്പെട്ടുപോകുന്നത് വളരെ എളുപ്പമായിത്തീരും. മാതാപിതാക്കളോട് ബഹുമാനമില്ലെങ്കിൽ അവരോട് അപമര്യാദയിൽ പെരുമാറുന്ന പോലെയാണത്.

അല്ലാഹുവിനെ മഹത്ത്വപ്പെടുത്തുവാനുള്ള മനസ്സ് ലഭിക്കുക അത്ര എളുപ്പമല്ല. അതിന് നന്നായി പരിശ്രമിക്കേണ്ടതുണ്ട്. പക്ഷേ, പാപകർമങ്ങൾ അതിനെ ഇല്ലാതാക്കുന്നത് വളരെ വേഗത്തിലാണ്. അയാൾ അത് അറിയുകപോലുമില്ല. അല്ലാഹുവിനെ മഹത്ത്വപ്പെടുത്തുന്നത് ഒരാൾ നിർത്തിയാൽ അതിന്റെ പരിണിതഫലം മറ്റുള്ളവർക്ക് അയാളോടുള്ള ബന്ധത്തിൽ പ്രതിഫലിക്കും. ജനങ്ങൾ അയാളെ ശ്രദ്ധിക്കുകയോ അംഗീകരിക്കുകയോ ചെയ്യില്ല. ഒരാൾ എത്രമാത്രം അല്ലാഹുവിനെ മാനിക്കുകയും അവനെ സൂക്ഷിച്ച് ജീവിക്കുകയും ചെയ്യുന്നുവോ അത്രമാത്രം അയാൾ ജനങ്ങൾക്കിടയിൽ സമ്മതനായിരിക്കും.

وَمَن يُهِنِ ٱللَّهُ فَمَا لَهُۥ مِن مُّكْرِمٍ

…..ആരെ അല്ലാഹു നിന്ദിതനും അപമാനിതനും ആക്കിയോ അവന് പിന്നെ മഹത്ത്വമേകുന്നവരാരുമില്ല… ’ (ഹജ്ജ്: 18)

22. പാപി നിരന്തരം വിഭ്രാന്തിയിലായിരിക്കും

പാപിയുടെ ഹൃദയത്തിൽ അല്ലാഹു ഭയവും പരിഭ്രാന്തിയും ഇട്ടുകൊടുക്കും. എന്ത് സംഭവിച്ചാലും അയാൾക്ക് എപ്പോഴും ഭയമായിരിക്കും. എന്നാൽ ഇസ്‌ലാം അഥവാ അല്ലാഹുവിന് കീഴൊതുങ്ങിക്കൊണ്ട് ജീവിക്കുന്ന ഗുണം നമുക്ക് ഉണ്ടായാൽ അത് ഒരു സുരക്ഷിതമായ കോട്ടപോലെയായിരിക്കും. നമ്മൾ അല്ലാഹുവിന്റെ സംരക്ഷണവലയത്തിലുമായിരിക്കും. കഴിഞ്ഞകാര്യങ്ങളിൽ വ്യസനിക്കുകയോ ഭാവിയെക്കുറിച്ചോർത്ത് ഭയപ്പെടുകയോ ചെയ്യുന്നതല്ല. അല്ലാഹു പറയുന്നു:

بَلَىٰ مَنْ أَسْلَمَ وَجْهَهُۥ لِلَّهِ وَهُوَ مُحْسِنٌ فَلَهُۥٓ أَجْرُهُۥ عِندَ رَبِّهِۦ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ

എന്നാൽ (കാര്യം) അങ്ങനെയല്ല. ഏതൊരാൾ സൽകർമകാരിയായിക്കൊണ്ട് അല്ലാഹുവിന്ന് ആത്മസമർപ്പണം ചെയ്തുവോ അവന്ന് തന്റെ രക്ഷിതാവിങ്കൽ അതിന്റെ പ്രതിഫലം ഉണ്ടാ യിരിക്കുന്നതാണ്. അത്തരക്കാർക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല; അവർ ദുഃഖിക്കേണ്ടിവരികയുമില്ല. (അൽബക്വറ: 112)

23. ശൂന്യതയും ഒറ്റപ്പെടലും അനുഭവപ്പെടും

അല്ലാഹുവിനോടുള്ള അനുസരണ നമ്മുടെ ഹൃദയത്തെ അല്ലാഹുവിലേക്ക് അടുപ്പിക്കുകയും മനസ്സിനെ സമ്പന്നമാക്കുകയും ചെയ്യുന്നു. പാപങ്ങൾ നമ്മുടെ ഹൃദയത്തെ അല്ലാഹുവിൽനിന്നും അകറ്റിക്കളയുന്നതാണ്. വാസ്തവത്തിൽ അല്ലാഹുവല്ല അകലുന്നത്, നമ്മളാണ് അല്ലാഹുവിൽനിന്നും അകലുന്നത്. പാപങ്ങളുടെ ആഘാതത്താൽ ക്രമേണ വിഷാദത്തിനടിമപ്പെടുകയും ചെയ്യും. ഈയൊരു അവസ്ഥയുണ്ടായാൽ ഉടനെത്തന്നെ ഇസ്തിഗ്ഫാർ നടത്തണം. അതാണ് വിഷാദത്തിനുള്ള മറുമരുന്ന്. അല്ലാഹു പറയുന്നു:

‏ ٱلَّذِينَ ءَامَنُوا۟ وَتَطْمَئِنُّ قُلُوبُهُم بِذِكْرِ ٱللَّهِ ۗ أَلَا بِذِكْرِ ٱللَّهِ تَطْمَئِنُّ ٱلْقُلُوبُ

സത്യവിശ്വാസം സ്വീകരിക്കുകയും ദൈവസ്മരണയാൽ മനസ്സുകൾ ശാന്തമാകുകയും ചെയ്യുന്നവരാണവർ. അറിയുക; ദൈവസ്മരണകൊണ്ട് മാത്രമാണ് മനസ്സുകൾ ശാന്തമാകുന്നത്. (റഅ്ദ്: 28)

നിഷേധവും ബഹുദൈവാരാധനയുമാണ് പാപങ്ങളിൽ ഏറ്റവും ഗുരുതരമായത്. അതുള്ളവർക്കാണ് വിരസതയും ശൂന്യതയും ഏറ്റവും കൂടുതൽ അനുഭവപ്പെടുക. എല്ലാ സുഖസൗകര്യങ്ങളുമുള്ള ആധുനിക നഗരങ്ങളിൽ താമസിക്കുന്നവർക്കാണ് ആത്മഹത്യാപ്രവണത ഏറ്റവും കൂടുതൽ. നമ്മൾ എത്രമാത്രം അല്ലാഹുവിന്റെ സ്മരണയിൽനിന്നും അവഗണനയിലും അശ്രദ്ധയിലും കഴിയുന്നോ അത്രയും നമുക്ക് ശൂന്യത അനുഭവപ്പെടും; മുഖത്തും പെരുമാറ്റ രീതിയിലും ഇത് പ്രകടമാകും.

പാഠം 16

പാപങ്ങളുടെ ദുഷ്ഫലങ്ങൾ
24. അല്ലാഹു പാപിയെ വിട്ടുകളയുന്നതാണ്

അല്ലാഹുവിന് ഒരിക്കലും മറവി സംഭവിക്കില്ല. പക്ഷേ, ഒരാളുടെ പാപങ്ങൾ നിമിത്തം അല്ലാഹു അയാളെ അവഗണിച്ചുകളയും. അല്ലാഹു നമ്മെ കൈവിട്ടാൽ ആർക്കും നമ്മെ രക്ഷിക്കുവാൻ കഴിയില്ല. പിശാചിന്റെ പ്രലോഭനങ്ങളിൽനിന്നും സ്വന്തം ദേഹേച്ഛകളിൽനിന്നും നമ്മെ കാക്കുവാൻ അല്ലാഹുവിന്റെ കാവൽ കൂടിയേതീരൂ. അല്ലാഹു ഒരാളെ കൈവിട്ടാൽ പിശാച് അയാളുടെ അധികാരിയാകുകയും കൂടുതൽ വഴികെടുത്തുകയും ചെയ്യുന്നതാണ്. അങ്ങനെ അവൻ പലതരം പാപങ്ങളും അക്രമങ്ങളും കാട്ടിക്കൂട്ടുന്നതാണ്. എങ്ങനെയാണ് ആളുകൾക്ക് കൊലപാതകം പോലുള്ള വൻപാപങ്ങൾ ചെയ്യുവാൻ സാധിക്കുന്നത് എന്ന് ചിലപ്പോൾ നാം ആശ്ചര്യപ്പെടാറില്ലേ? അതെ, അവർക്ക് അല്ലാഹുവിന്റെ കാവലില്ല; അവർ പിന്തുടരുന്നത് ദേഹേച്ഛകളെയും പിശാചിനെയുമാണ്. ഇത് നാശത്തിലേക്കുള്ള പതനവുമാണ്. അല്ലാഹു പറയുന്നു:

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَلْتَنظُرْ نَفْسٌ مَّا قَدَّمَتْ لِغَدٍ ۖ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ خَبِيرُۢ بِمَا تَعْمَلُونَ ‎﴿١٨﴾‏ وَلَا تَكُونُوا۟ كَٱلَّذِينَ نَسُوا۟ ٱللَّهَ فَأَنسَىٰهُمْ أَنفُسَهُمْ ۚ أُو۟لَٰٓئِكَ هُمُ ٱلْفَٰسِقُونَ ‎﴿١٩﴾

അല്ലയോ വിശ്വസിച്ചവരേ, അല്ലാഹുവിനോട് ഭയഭക്തിയുള്ളവർ ആകുവിൻ. ഓരോ മനുഷ്യനും താൻ നാളേക്കുവേണ്ടി ഒരുക്കിവെച്ചിട്ടുള്ളത് എന്താണെന്ന് നോക്കിക്കൊള്ളട്ടെ. അല്ലാഹുവിനെ ഭയപ്പെട്ടിരിക്കുവിൻ. നിശ്ചയം അല്ലാഹു നിങ്ങൾ ചെയ്യുന്ന സകല പ്രവൃത്തികളെക്കുറിച്ചും സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു. നിങ്ങൾ അല്ലാഹുവിനെ വിസ്മരിച്ച ജനത്തെപ്പോലെ ആകരുത്. അപ്പോൾ അല്ലാഹു അവരെക്കുറിച്ചുതന്നെ അവരെ വിസ്മൃതരാക്കിക്കളഞ്ഞു. അവർ ദുർമാർഗികൾതന്നെയാകുന്നു. (അൽഹശ്ർ 18-19)

ഒരാൾ പാപംചെയ്യുമ്പോൾ അയാൾ അല്ലാഹുവിനെ മറക്കുന്നതാണ്. നിരന്തരം പാപങ്ങൾ ചെയ്യുമ്പോൾ അല്ലാഹുവിനെ പരിപൂർണമായി മറക്കുന്നതും നന്മയേകുന്ന കാര്യങ്ങൾ ചെയ്യാൻ ക്രമേണ അയാൾ മറന്നുപോകുന്നതുമാണ്. അങ്ങനെ സ്വന്തം കരങ്ങൾകൊണ്ടുതന്നെ നശിക്കപ്പെടുകയും ചെയ്യുന്നു. ക്ലേശങ്ങളിൽനിന്നും ക്ലേശങ്ങളിലേക്ക് അവൻ പതിക്കുന്നു. ദേഹേച്ഛകൾ അവരുടെ മനസ്സിനെ മൂടിക്കളയുന്നതാണ്. അല്ലാഹു പറയുന്നു: “എന്റെ ഉദ്‌ബോധനത്തെ അവഗണിക്കുന്നവനാണ് ഈ ലോകത്ത് ഇടുങ്ങിയ ജീവിതമാണുണ്ടാവുക. പുനരുദ്ധാന നാളിൽ നാം അവനെ അന്ധനായാണ് ഉയർത്തെഴുന്നേൽപിക്കുക’’ (ത്വാഹാ 124).

25. പാപങ്ങൾ നന്മനിറഞ്ഞവരുടെ കൂട്ടത്തിൽനിന്നും പുറത്താക്കുന്നു

നന്മകൾ അധികമായും നല്ലനിലയിലും നിർവഹിക്കുന്നതിന് ‘ഇഹ്‌സാൻ’ എന്ന് പറയുന്നു. ക്വുർആനിൽ വിവിധ സ്ഥലങ്ങളിൽ ഈ ഗുണത്തെ വാഴ്ത്തിപ്പറഞ്ഞിട്ടുണ്ട്. ഈ ഗുണങ്ങളുള്ളവർ ആരാധനാകർമങ്ങൾ നിർവഹിക്കുമ്പോഴും മറ്റുള്ളവരുമായുള്ള ഇടപാടുകൾ നടത്തുമ്പോഴും അല്ലാഹുവിനെ ധ്യാനിച്ചുകൊണ്ടും ശരിയായ നിലയിലും നിർവഹിക്കുന്നതാണ്. ഈമാനിന്റെ ഏറ്റവും ഉന്നതമായ തലമാണത്. എന്നാൽ ഏറ്റവും മികച്ചരീതിയിൽ കാര്യങ്ങൾ നിർവഹിക്കണമെന്ന് നാം ആഗ്രഹിക്കുമെങ്കിലും പലപ്പോഴും സംഭവിക്കാറില്ല. നമ്മുടെ പാപങ്ങൾതന്നെ അതിനു കാരണം. പാപങ്ങൾ അധികരിച്ചാൽ ഈ വിഭാഗത്തിൽനിന്നും നാം പുറത്താക്കപ്പെടുമോ എന്ന് ഭയക്കേണ്ടതുണ്ട്. ഇസ്തിഗ്ഫാർ ഇതിന് വലിയ പരിഹാരമാകുന്നു. ഇഹ്‌സാൻ നഷ്ടപ്പെട്ടാൽ വലിയ പ്രതിഫലം തടയപ്പെടും. കാരണം ഇഹ്‌സാനിന്റെ പ്രതിഫലം ഉടനടി നമുക്ക് അനുഭവപ്പെടുന്നതാണ്. അല്ലാഹു ഒരുവന് നല്ലത് ഉദ്ദേശിച്ചാൽ അയാൾ കാര്യങ്ങൾ ഇഹ്‌സാനോടുകൂടി ചെയ്യുന്നതായിരിക്കും. സംസാരവും പെരുമാറ്റവും ഏറ്റവും മികച്ച രീതിയിലായിരിക്കും. ഇത് അല്ലാഹുവിൽനിന്നുള്ള വലിയ ശ്രേഷ്ഠതയാകുന്നു.

26. പാപങ്ങൾ ഹൃദയത്തിന്റെ കരുത്ത് ചോർത്തുന്നു

മനുഷ്യന്റെ അടിസ്ഥാനം ഹൃദയമാണ്. പാപങ്ങളിലൂടെ ഹൃദയം തളരുന്നതാണ്. ഹൃദയം തളർന്നതാണെങ്കിൽ ശരീരവും നാവും അലസത പ്രാപിക്കും. നബി ﷺ നടത്തിയ പ്രധാന യാത്രയായ തബൂക്ക് യാത്രയിൽ കപടവിശ്വാസികൾ പോകാൻ ആഗ്രഹിച്ചില്ല. അവർ പങ്കെടുക്കണമെന്ന് അല്ലാഹുവും ആഗ്രഹിച്ചില്ല. അവരുടെ പാപങ്ങൾകാരണം അല്ലാഹു അവരെ പിന്നിലാക്കുകയും അകറ്റിനിർത്തുകയും ചെയ്തു. അല്ലാഹു പറയുന്നു:

وَلَوْ أَرَادُوا۟ ٱلْخُرُوجَ لَأَعَدُّوا۟ لَهُۥ عُدَّةً وَلَٰكِن كَرِهَ ٱللَّهُ ٱنۢبِعَاثَهُمْ فَثَبَّطَهُمْ وَقِيلَ ٱقْعُدُوا۟ مَعَ ٱلْقَٰعِدِينَ

യഥാർഥത്തിൽ നിങ്ങളോടൊപ്പം പുറപ്പെടാൻ ഉദ്ദേശമുണ്ടായിരുന്നെങ്കിൽ അവരതിന് ഒരുക്കങ്ങൾ ചെയ്യുമായിരുന്നു. എന്നാൽ അവർ പുറപ്പെടുന്നത് അല്ലാഹുവിന് ഇഷ്ടമായില്ല. അതിനാൽ അവൻ അവരെ ആലസ്യത്തിൽ തടഞ്ഞുവെച്ചു. കുത്തിയിരിക്കുന്നവരോടൊപ്പം ഇരുന്നുകൊള്ളുക എന്ന് പറയപ്പെടുകയും ചെയ്തു. (തൗബ 46)

സൽകർമങ്ങൾ ചെയ്യാൻ അവസരമുള്ളപ്പോൾ നാം അത് ചെയ്യുന്നത് തീർച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നു എന്നതിന് അടയാളമാണിത്. നന്മകൾ ചെയ്യാൻ മടിയുണ്ടായാൽ അതിന് പല തടസ്സങ്ങളുമുണ്ടാകും. അതെ, നമുക്ക് ആഗ്രഹമില്ലാതാകുമ്പോൾ പല തടസ്സങ്ങളുമുണ്ടാകുന്നതാണ്. ഉദാഹരണത്തിന്, നമുക്ക് അറിവുതേടാൻ തടസ്സമുണ്ടെങ്കിൽ, അല്ലെങ്കിൽ ക്വുർആൻ പാരായണം നടക്കുന്നില്ലെങ്കിൽ നമ്മിൽ പാപങ്ങൾ വല്ലതുമുണ്ടോ എന്ന് നോക്കുക. പാപങ്ങളിൽനിന്നും പശ്ചാത്തപിച്ചാൽ മനസ്സിന് ശക്തി ലഭിക്കുന്നതും നന്മ പ്രവർത്തിക്കാൻ സാധിക്കുന്നതുമാണ്.

പാഠം 17

പാപങ്ങളുടെ ദുഷ്ഫലങ്ങൾ
27. ഹൃദയം നിർജീവമാകും

പാപങ്ങൾ നമ്മുടെ ഹൃദയത്തെ നിർജീവമാക്കും. കുറ്റബോധം പോലുള്ള ഉന്നതവികാരങ്ങൾക്ക് അവിടെ പിന്നെ സ്ഥാനമുണ്ടാകുന്നതല്ല. രോഗംബാധിച്ച ഹൃദയത്തിന് എല്ലാം തലതിരിഞ്ഞേ തോന്നുകയുള്ളൂ. തണുപ്പില്ലെങ്കിലും തണുക്കുന്നതായി അയാൾക്ക് അനുഭവപ്പെടും.

ഹൃദയം രോഗിയായിത്തന്നെ അവശേഷിച്ചാൽ അത് എട്ടുതരം കാര്യങ്ങളിലേക്ക് നയിക്കും. നബി ﷺ ഇപ്രകാരം പ്രാർഥിക്കുമായിരുന്നു: “അല്ലാഹുവേ, ദുഃഖഭാരം, സങ്കടം, കഴിവില്ലായ്മ, അലസത, ഭീരുത്വം, പിശുക്ക്, കടബാധ്യത, ശത്രുക്കളുടെ സമ്മർദം എന്നിവയിൽനിന്നും ഞാൻ നിന്നോട് അഭയം ചോദിക്കുന്നു’’ (അബൂദാവൂദ്).

ഈ പ്രാർഥന, പാപങ്ങളിലൂടെ ഉണ്ടാകാൻ സാധ്യതയുള്ള മനസ്സിന്റെ നിർജീവാവസ്ഥയും എട്ട് കുഴപ്പങ്ങളും സൂചിപ്പിക്കുന്നു. അവ താഴെ കൊടുക്കുന്നു:

ദുഃഖ ഭാരം: പാപങ്ങൾ നമ്മെ പലരീതിയിലുള്ള വിഷമാവസ്ഥയിലെത്തിക്കും. നമ്മൾ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുവാൻ വേണ്ടിയാകുന്നു അത്.

സങ്കടം: നമ്മൾ ചിലപ്പോൾ നിയന്ത്രണാതീതമായ രീതിയിൽ സങ്കടത്തിൽ പെട്ടുപോകും. ഉറ്റവരുടെ വേർപാട്, ധനനഷ്ടം, ആരോഗ്യം നശിക്കുക ഇങ്ങനെ പലവിധത്തിൽ സങ്കടങ്ങൾ നമ്മെ ബാധിച്ചേക്കാം. ചിലർ ഇവയെ മറക്കാൻ വേണ്ടി തെറ്റായ മാർഗങ്ങൾ അവലംബിക്കുമെങ്കിലും അത് വീണ്ടും സങ്കടങ്ങൾ വർധിപ്പിക്കുന്നതാണ്.

കഴിവില്ലായ്മ: എല്ലാ ഉത്തമമായ ജോലികളും ഭാരപ്പെട്ടതായി നമുക്ക് അനുഭവപ്പെടും. ഒരാൾ വ്യായാമം ചെയ്യുവാൻ വളരെ തത്പരനായിരിക്കും. പക്ഷേ, മസ്ജിദിൽ പോയി നമസ്‌കാരം നിർവഹിക്കാൻ സാധിക്കില്ല. ഒരുവൻ വായനയിൽ അഗ്രഗണ്യനായിരിക്കും പക്ഷേ, ക്വുർആൻ പാരായണം ചെയ്യാൻ സാധിക്കില്ല. മറ്റുകാര്യങ്ങൾക്ക് അതിരാവിലെ ഉണരാൻ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. പക്ഷേ, പ്രഭാത നമസ്‌കാരം നിർവഹിക്കാൻ വലിയ ബുദ്ധിമുട്ടായിരിക്കും.

ഒന്നും ചെയ്യാൻ താൽപര്യമില്ലാതെ വെറുതെ ഇരിക്കുക. ഇസ്തിഗ്ഫാർ ആണ് പരിഹാരം. അതിന് ഒരു ചെലവുമില്ല.

ഭീരുത്വം: ധൈര്യം ലഭിക്കാൻ സാഹസികമായ കാര്യങ്ങളിൽ ഏർപ്പെട്ടാൽ മതി എന്ന് പലരും ഉപദേശിക്കും. പക്ഷെ, അതിന് പാപത്തിൽനിന്നും പശ്ചാത്തപിക്കലാണ് പ്രധാന മാർഗം. പാപം കാരണം ഭീരുത്വമുണ്ടാകും. ഒരു യോഗം നടക്കുന്നതിനിടക്ക് എഴുന്നേറ്റ് പോയി നമസ്‌കരിക്കാൻ കഴിയാത്തത് ഇതിന് ഉദാഹരണമാണ്.

പിശുക്ക്: നാം ഇസ്തിഗ്ഫാർ ചെയ്യുമ്പോൾ ദാനധർമങ്ങൾ ചെയ്യുവാൻ കൂടുതൽ തൽപരരായിരിക്കും.

കടബാധ്യത: പാപങ്ങൾ കൊണ്ടുചെന്നെത്തിക്കുന്ന വിഷമാവസ്ഥയിൽ ഏറ്റവും മുൻനിരയിലുള്ള അവസ്ഥയാണ് കടബാധ്യത. നമ്മൾ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുമ്പോൾ അല്ലാഹു നമ്മുടെ അവസ്ഥ നന്നാക്കും. നമ്മൾ പ്രതീക്ഷിക്കാത്ത സ്രോതസ്സുകളിലൂടെ നമ്മുടെ കടങ്ങൾ വീട്ടപ്പെടും.

ന്യരുടെ സമ്മർദം: ചില സമയങ്ങളിൽ നമ്മൾ മറ്റുള്ളവരുടെ സമ്മർദത്തിന് അടിമപ്പെട്ട് പോകാറില്ലേ? നമ്മുടെതന്നെ പാപങ്ങളാണ് അതിന് കാരണം. അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുമ്പോൾ നമുക്ക് അത്തരം ആളുകളുടെ ഭരണത്തിൽനിന്നും മോചനം ലഭിക്കുന്നു. ചുരുക്കത്തിൽ ഈ എട്ട് കാര്യങ്ങളിൽ നിന്നും അല്ലാഹുവിനോട് അഭയംതേടണമെന്നും പാപങ്ങൾ ഉപേക്ഷിച്ചുകൊണ്ട് അതിനുവേണ്ടി പരിശ്രമിക്കണമെന്നും നബി ﷺയുടെ ഈ പ്രാർഥന പഠിപ്പിക്കുന്നു.

“അല്ലാഹുവേ, വിഷമാവസ്ഥയിൽനിന്നും അതിയായ സങ്കടങ്ങളിൽനിന്നും കഴിവില്ലായ്മയിൽനിന്നും അലസതയിൽനിന്നും ഭീരുത്വത്തിൽനിന്നും പിശുക്കിൽനിന്നും കടബാധ്യതയിൽനിന്നും അന്യർ ഞങ്ങളുടെമേൽ സമ്മർദം ചെലുത്തുന്നതിൽനിന്നും ഞാൻ നിന്നോട് അഭയം പ്രാപിക്കുന്നു’’ (ബുഖാരി 7/158).

28. അനുഗ്രഹങ്ങൾ നീങ്ങിപ്പോകും

നമുക്ക് ലഭിച്ച അനുഗ്രഹങ്ങൾ നീക്കംചെയ്യപ്പെടാൻ നാമാരും ആഗ്രഹിക്കുന്നില്ല. അല്ലാഹുവിനെ മറന്നുകൊണ്ട് പാപങ്ങളിൽ മുഴുകി ജീവിക്കുമ്പോൾ അത് അനുഗ്രഹങ്ങൾ നീക്കംചെയ്യപ്പെടാൻ കാരണമായേക്കാമെന്ന് പേടിക്കേണ്ടതാണ്. ജീവിതത്തിൽ നമുക്കുണ്ടാകുന്ന പല ദുരവസ്ഥകളും നമ്മൾ തന്നെ വരുത്തിവെക്കുന്നതാണ്. പക്ഷേ, നാം അതിന്റെ പേരിൽ വിധിയെയും കണ്ണേറിനെയും പഴിക്കും. അനുഗ്രഹങ്ങൾ നീക്കംചെയ്യപ്പെടാതിരിക്കുവാൻ വേണ്ടി നമ്മൾ അല്ലാഹുവിനോട് ദുആ ചെയ്യുകയും അതിലേക്ക് കൊണ്ടെത്തിക്കുന്ന പാപങ്ങളിൽനിന്നും അകന്നുകഴിയാൻ പരിശ്രമിക്കുകയും ചെയ്യേണ്ടതാണ്. അനുഗ്രഹങ്ങൾ നീക്കംചെയ്യപ്പെടാതിരിക്കാൻ വേണ്ടി നബി ﷺ ഇങ്ങനെ ദുആ ചെയ്യുമായിരുന്നു:

“അല്ലാഹുവേ, അനുഗ്രഹങ്ങൾ നീങ്ങിപ്പോകുന്നതിൽനിന്നും സൗഖ്യം നീക്കംചെയ്യപ്പെടുന്നതിൽ നിന്നും പൊടുന്നനെയുള്ള ബുദ്ധിമുട്ടുകളിൽനിന്നും നിന്റെ എല്ലാവിധ കോപത്തിൽനിന്നും ഞാൻ നിന്നോട് അഭയം പ്രാപിക്കുന്നു’’ (മുസ്‌ലിം).

അല്ലാഹു പറയുന്നു:

وَمَآ أَصَٰبَكُم مِّن مُّصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ وَيَعْفُوا۟ عَن كَثِيرٍ

നിങ്ങൾക്ക് ഏതൊരു ആപത്ത് ബാധിച്ചിട്ടുണ്ടെങ്കിലും അത് നിങ്ങളുടെ കൈകൾ പ്രവർത്തിച്ചതിന്റെ ഫലമായിട്ടുതന്നെയാണ്. മിക്കതും അവൻ മാപ്പാക്കുകയും ചെയ്യുന്നു. (അശ്ശൂറാ: 30)

ഒരു അനുഗ്രഹം നീങ്ങിപ്പോയാൽ നമ്മൾ ഓർക്കേണ്ട കാര്യം അല്ലാഹു നമ്മുടെ മറ്റനേകം തെറ്റുകൾ പൊറുത്തുതന്നിട്ടുണ്ട് എന്നതാണ്. നമ്മുടെ വിധിയിൽ മറ്റുള്ളവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. നമ്മുടെ കരങ്ങൾ സമ്പാദിച്ചതുതന്നെയാണ് നമ്മൾ അനുഭവിക്കേണ്ടി വരിക.

ذَٰلِكَ بِأَنَّ ٱللَّهَ لَمْ يَكُ مُغَيِّرًا نِّعْمَةً أَنْعَمَهَا عَلَىٰ قَوْمٍ حَتَّىٰ يُغَيِّرُوا۟ مَا بِأَنفُسِهِمْ ۙ وَأَنَّ ٱللَّهَ سَمِيعٌ عَلِيمٌ

ഒരു ജനവിഭാഗത്തിന് താൻ ചെയ്തുകൊടുത്ത അനുഗ്രഹം അവരുെട സ്വന്തം നിലപാടിൽ അവർ മാറ്റം വരുത്തുന്നതുവരെ അല്ലാഹു മാറ്റിക്കളയുന്നതല്ല എന്നതുകൊണ്ടത്രെ അത്. അല്ലാഹു എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാണ് എന്നതുകൊണ്ടും. (അൽഅൻഫാൽ 53)

നമ്മുടെ നിലപാട് നമ്മൾ മാറ്റാത്തിടത്തോളം നമ്മുടെ നല്ല അവസ്ഥയിൽ അല്ലാഹു മാറ്റം വരുത്തില്ല. ഉദാഹരണം: നന്ദി ചെയ്യുന്നതിൽനിന്നും നന്ദികേടിലേക്ക് നീങ്ങുക. അനുസരണംവിട്ട് അനുസരണക്കേട് കാണിക്കുക. ക്ഷമ കൈക്കൊള്ളുന്നതിൽനിന്നും മാറി പരാതി പറഞ്ഞുതുടങ്ങുക മുതലായ അവസ്ഥകളുണ്ടായാൽ അല്ലാഹു അനുഗ്രഹങ്ങൾ പിൻവലിക്കുന്നതാണ്.

ഇത് നേരെ മറിച്ചും സംഭവിക്കും. നമ്മുടെ ദുർമനഃസ്ഥിതിയിൽ നമ്മൾ മാറ്റം വരുത്തുവാൻ ശ്രമിക്കുമ്പോൾ അല്ലാഹു നമ്മുടെ ദുരവസ്ഥയിലും മാറ്റം വരുത്തുന്നതാണ്:

إِنَّ ٱللَّهَ لَا يُغَيِّرُ مَا بِقَوْمٍ حَتَّىٰ يُغَيِّرُوا۟ مَا بِأَنفُسِهِمْ

നിശ്ചയം, അല്ലാഹു ഒരു ജനതയുടെയും അവസ്ഥയിൽ മാറ്റം വരുത്തുകയില്ല; അവർ തങ്ങളുടെ സ്ഥിതി സ്വയം മാറ്റുംവരെ. (റഅ്ദ്: 11)

നിലവിലുള്ള അനുഗ്രഹങ്ങൾ നീങ്ങിപ്പോകുന്നതുപോലെത്തന്നെ നാളെ വരാനിരിക്കുന്ന അനുഗ്രഹങ്ങും നമ്മുടെ പാപങ്ങൾമൂലം നമുക്ക് തടയപ്പെട്ടേക്കാം. നമ്മുടെ വിധിക്ക് നമ്മുടെ പ്രവൃത്തികളുമായി വലിയ ബന്ധമുണ്ടെന്ന് അറിയുക. ഉദാ: നാളെ നമുക്ക് ഒരു അനുഗ്രഹം നൽകാൻ അല്ലാഹു വിധിച്ചിട്ടുണ്ട്. നമ്മൾ നന്മ ചെയ്യുകയാണെങ്കിൽ അത് ലഭിക്കും. തിന്മയാണ് ചെയ്യുന്നതെങ്കിൽ നമുക്ക് അത് തടയപ്പെടും. ഇവിടെ നാമൊന്ന് ചിന്തിക്കുക! അങ്ങനെ എത്രയെത്ര അനുഗ്രഹങ്ങൾ നമ്മുടെ പാപങ്ങൾമൂലം നമുക്ക് തടയപ്പെട്ടിട്ടുണ്ടാകും! അതിനാൽ ഇസ്തിഗ്ഫാർ ചെയ്ത് അല്ലാഹുവിലേക്ക് മടങ്ങുക.

ഒരിക്കൽ ഒരാൾ ഹസൻ ബസ്വരിയുടെ പക്കൽ ഒരു പരാതി ബോധിപ്പിച്ചു: ‘ആകാശത്തുനിന്നും ഞങ്ങൾക്ക് മഴ വർഷിക്കുന്നില്ല.’ അദ്ദേഹം മറുപടി പറഞ്ഞു: ‘അല്ലാഹുവിനോട് മാപ്പിരക്കുക.’ മറ്റൊരാൾ പരിഭവപ്പെട്ടു:’ഞങ്ങൾ ദാരിദ്ര്യത്താൽ വലയുന്നു.’ അദ്ദേഹം ഉപായം പറഞ്ഞുകൊടുത്തു: ‘അല്ലാഹുവിനോട് മാപ്പിരക്കുക.’ പിന്നീട് മറ്റൊരാൾ സങ്കടം ബോധിപ്പിച്ചു: ‘എന്റെ പത്‌നിക്ക് കുഞ്ഞുങ്ങളെ പ്രസവിക്കാൻ കഴിവില്ല.’ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിനോട് മാപ്പിരക്കുക.’ ഇതുകണ്ട് അവിടെയുണ്ടായിരുന്ന ജനങ്ങൾ അദ്ദേഹത്തോട് ചോദിച്ചു: ‘എല്ലാവരുടെയും പ്രശ്‌നങ്ങൾക്ക് താങ്കൾ ഈ മറുപടി തന്നെയാണല്ലോ പറയുന്നത്!’ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിന്റെ വചനം കേട്ടിട്ടില്ലേ: “അങ്ങനെ ഞാൻ പറഞ്ഞു: നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. തീർച്ചയായും അവൻ ഏറെ പൊറുക്കുന്നവനാകുന്നു. അവൻ നിങ്ങൾക്ക് മഴ സമൃദ്ധമായി അയച്ചുതരും. സ്വത്തുക്കളും സന്താനങ്ങളും കൊണ്ട് നിങ്ങളെ അവൻ പോഷിപ്പിക്കുകയും, നിങ്ങൾക്കവൻ തോട്ടങ്ങൾ ഉണ്ടാക്കിത്തരികയും നിങ്ങൾക്കവൻ അരുവികൾ ഉണ്ടാക്കിത്തരികയും ചെയ്യും’’ (നൂഹ് 10-12).

പാഠം18

പാപങ്ങളുടെ ദുഷ്ഫലങ്ങൾ
29. മാനസികാരോഗ്യം നഷ്ടപ്പെടും

അല്ലാഹു മനുഷ്യനെ ഏറ്റവും ശുദ്ധമായ ഘടനയിൽ സൃഷ്ടിച്ചു. എല്ലാവരും ജന്മനാ ഏകദൈവവിശ്വാസികളാണ്. നമ്മുടെ ഹൃദയങ്ങളുടെമേൽ ഏകദൈവത്വത്തിന്റെ ഒരു അദൃശ്യമുദ്രയുണ്ട്. അതിനെ ഫിത്‌റത് (പ്രകൃതി) എന്ന് പറയുന്നു. പ്രകൃതി നല്ലതും മെച്ചപ്പെട്ടതുമായ എല്ലാത്തിനെയും സ്‌നേഹിക്കുന്നു. ദുഷ്ടതയും അക്രമവും കുഴപ്പങ്ങളും വെറുക്കുന്നു. പ്രകൃതി ഹൃദയത്തിന്റെ ആരോഗ്യം കാക്കുന്നു. പക്ഷേ, പാപങ്ങൾ നമ്മുടെ പ്രകൃതിക്ക് മങ്ങലേൽപിക്കുന്നു. ഒരാളുടെ ഹൃദയത്തെ രോഗാതുരമാക്കുന്നു. രോഗാതുരമായ ഹൃദയത്തിന് അല്ലാഹുവിലേക്ക് എത്തുവാൻ സാധ്യമല്ല. പക്ഷേ, ഇസ്തിഗ്ഫാർ ഒരാളുടെ പ്രകൃതിയെ പൂർവസ്ഥിതിയിലാക്കുകയും ഹൃദയത്തിന്റെ ആരോഗ്യം വീണ്ടെടുക്കുകയും ചെയ്യും. എന്നാൽ ഹൃദയത്തിന്റെ രോഗാവസ്ഥയെ വിട്ടുകളഞ്ഞാൽ അത് കൂടുതൽ രൂക്ഷമാവുകയും ഹൃദയം ജീവനില്ലാത്തതായി തീരുകയും ചെയ്യും. എങ്ങനെയാണ് ഹൃദയത്തിന്റെ രോഗാവസ്ഥയെ ചികിത്സിക്കുക? സ്വന്തം ദേഹേച്ഛകൾക്കെതിരെ പൊരുതുക! കാരണം ദേഹേച്ഛകളാണ് മനുഷ്യരെ പാപത്തിലേക്ക് നയിക്കുന്നത്.

30. മനസ്സിൽ അപകർഷതാബോധം ഉണ്ടാകും

പാപങ്ങളിലൂടെ അപകർഷതാബോധം ഉണ്ടായിത്തീരുകയും അത് സ്വയം വെറുക്കുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നതാണ്. തന്നെ ഒന്നിനും കൊള്ളില്ല എന്ന തോന്നൽ ശക്തമാവുകയും എല്ലാ കാര്യങ്ങളിൽനിന്നും പിൻവലിയുകയും ചെയ്യുന്നതാണ്. എന്നാൽ നന്മകൾ ആത്മവിശ്വാസം വർധിപ്പിക്കും. ആകയാൽ അപകർഷതാബോധം ബാധിച്ചാൽ ധാരാളമായി ഇസ്തിഗ്ഫാർ ചെയ്ത് മനസ്സിനെ അതിന്റെ പിടുത്തത്തിൽനിന്നും രക്ഷപ്പെടുത്തുക. വിഷാദനായി ഒന്നിലും പങ്കെടുക്കാതെ ഒറ്റക്കിരിക്കുന്നത് ഒരിക്കലും അതിനൊരു പരിഹാരമാകില്ല.

قَدْ أَفْلَحَ مَن زَكَّىٰهَا ‎﴿٩﴾‏ وَقَدْ خَابَ مَن دَسَّىٰهَا ‎﴿١٠﴾

നിശ്ചയം, ആത്മാവിനെ സംസ്‌കരിച്ചവൻ വിജയം പ്രാപിച്ചു. അതിനെ മലിനമാക്കിയവൻ പരാജയപ്പെട്ടു. (അശ്ശംസ് 9-10).

പാഠം19

പാപങ്ങളുടെ ദുഷ്ഫലങ്ങൾ
31. പിശാചിന്റെ ബന്ധിയാകും

പാപങ്ങൾ കൂടുംതോറും ഒരാൾ പിശാചിന്റെയും ദേഹേച്ഛകളുടെയും തടവിലാക്കപ്പെടുന്നു. പിശാച് അതിന്റെ കാവൽക്കാരനുമാകും. ഹൃദയം പാപങ്ങളുടെ ചങ്ങലകളിൽ ബന്ധിക്കപ്പെട്ടാൽ അത് രോഗാതുരമായിത്തീരുന്നു. ഹൃദയം പാപഭാരങ്ങളാൽ താണുപോകുമ്പോൾ സകല പ്രശ്‌നങ്ങളും വമ്പിച്ചതായി അനുഭവപ്പെടും. പക്ഷേ, ഇസ്തിഗ്ഫാർ ചെയ്താൽ ഹൃദയത്തിന്റെ ഭാരം കുറയുകയും പ്രശ്‌നങ്ങൾ ലഘുവായി അനുഭവപ്പെടുകയും ചെയ്യും. കാരണം ഇസ്തിഗ്ഫാർ ചെയ്യുമ്പോൾ നമ്മൾ അല്ലാഹുവിലേക്ക് കൂടുതൽ അടുക്കുകയും പാപങ്ങൾ നമ്മെ അല്ലാഹുവിൽനിന്ന് അകറ്റിക്കളയുകയും ചെയ്യും. മലക്കുകൾ പാപം ചെയ്യാത്തവരായതിനാലാണ് അവർക്ക് അല്ലാഹുവിന്റെ സാമിപ്യം ലഭിക്കുന്നത്.

അല്ലാഹുവിൽനിന്നും അകന്നുപോകുന്നത് പടിപടിയായിട്ടാണ്:

1. അശ്രദ്ധ: അല്ലാഹുവിനെ സ്മരിക്കാതിരിക്കുക. അങ്ങനെ അല്ലാഹുവിൽനിന്നും അകന്നുപോകും. നമസ്‌കാരം, ക്വുർആൻ പാരായണം തുടങ്ങിയവ നിർവഹിക്കുന്ന വേളകളിൽ മനസ്സാന്നിധ്യം നിലനിർത്തിയില്ലെങ്കിൽ അല്ലാഹുവിന്റെ സ്മരണയിൽനിന്ന് അകന്നുപോകും.

2. പാപങ്ങൾ നമ്മെ ശരിയും തെറ്റും വിവേചിച്ചറിയുന്നതിന് തടസ്സമുണ്ടാക്കും: ഈ അവസ്ഥയിലാണ് ബിദ്അത്തുകളിൽ പെട്ടുപോകുന്നത്. ഇത് മനസ്സിലെ കുറ്റബോധത്തെ പോലും കെടുത്തിക്കളയും. കാരണം താൻ പ്രവർത്തിക്കുന്നത് വളരെ നല്ലകാര്യമാണ് എന്ന തോന്നൽ പിശാച് മനസ്സിൽ ഇട്ടുതരും.

32. മോശമായ വിശേഷണങ്ങൾ ലഭിക്കുന്നു

പാപങ്ങൾ ഒരുവന് മോശമായ വിശേഷണങ്ങൾ സമ്മാനിക്കുന്നു. പാപി, അക്രമി, നുണയൻ, കള്ളൻ, കുടുംബസ്‌നേഹമില്ലാത്തവൻ, പിശുക്കൻ, പരദൂഷകൻ തുടങ്ങിയ വിശേഷണങ്ങൾ അയാൾക്ക് ചാർത്തപ്പെടും. എന്നാൽ അല്ലാഹുവിലേക്ക് നിരന്തരം പശ്ചാത്തപിച്ച് മടങ്ങിക്കൊണ്ടിരുന്നാൽ, അല്ലാഹുവിന്റെ തൃപ്തിക്കനുസരിച്ച് ജീവിച്ചാൽ, ജനങ്ങൾക്കിടയിൽ ആത്മാർഥമായ സൽപ്പേര് നിലനിർത്തുവാൻ സാധിക്കും. വിശ്വാസി, സൽസ്വഭാവി, പരസഹായി, തക്വ്‌വയുള്ളവൻ, പ്രസന്നവദനൻ, അഭ്യുദയകാംക്ഷി, ആരോഗ്യവാൻ…ഇങ്ങനെയുള്ള വിശേഷണങ്ങളാൽ അറിയപ്പെടും.

33. ദുർബലമായ ചിന്തകൾക്കടിമപ്പെടും

അല്ലാഹുവിന്റെ വിധിവിലക്കുകൾ അനുസരിച്ച് ജീവിക്കുന്നവന്റെ മനസ്സ് എന്നും ഉണർന്നിരിക്കും. ചിന്തകൾ ശരിയായ ദിശയിലാരിക്കും. പാപങ്ങൾ നമ്മുടെ ചിന്തകളെ ദുഷിപ്പിക്കുകയും അബദ്ധങ്ങളിൽ കൊണ്ടുചെന്നെത്തിക്കുകയും ചെയ്യും. നമ്മൾ പ്രവർത്തിക്കുന്ന കാര്യങ്ങളിൽ മികവ് ലഭിക്കില്ല.

أَفَمَن يَعْلَمُ أَنَّمَآ أُنزِلَ إِلَيْكَ مِن رَّبِّكَ ٱلْحَقُّ كَمَنْ هُوَ أَعْمَىٰٓ ۚ إِنَّمَا يَتَذَكَّرُ أُو۟لُوا۟ ٱلْأَلْبَٰبِ

അപ്പോൾ നിന്റെ നാഥൻ നിനക്കിറക്കിത്തന്നത് സത്യമാണെന്ന് അറിയുന്നവർ കുരുടനെപോലെ ആകുമോ? വിചാരശാലികൾ മാത്രമെ കാര്യങ്ങൾ നന്നായി മനസ്സിലാക്കുകയുള്ളൂ. (റഅ്ദ്: 19)

34. അല്ലാഹുവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടും

പാപങ്ങളുടെ അതിപ്രസരം അല്ലാഹുവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടാൻ ഇടയാക്കുന്നു. അല്ലാഹുവുമായുള്ള ബന്ധം മുറിഞ്ഞുപോകുക എന്നാൽ എല്ലാ നന്മകളിൽനിന്നും അയാൾ ഒഴിവാകും എന്നർഥം. കാരണം എല്ലാ നന്മകളും അല്ലാഹുവിൽനിന്നാകുന്നു. അതിലുപരി തിന്മയുടെ എല്ലാ സ്രോതസ്സുകളുമായി ബന്ധനത്തിലാകുകയും ചെയ്യും.

മുൻഗാമികളായ ചില സച്ചരിതർ പറയുന്നു: ‘അല്ലാഹുവിനും പിശാചിനും ഇടയിൽ അടിമയെ കാണാം. തന്റെ പാപങ്ങൾ നിമിത്തം അയാൾ അല്ലാഹുവിൽനിന്ന് തിരിഞ്ഞുകളയുകയാണെങ്കിൽ പിശാച് അയാളെ പ്രാപിക്കും. പക്ഷേ, അല്ലാഹു ആശ്രയം നൽകുന്ന ഒരുവനെ സ്വാധീനിക്കുവാൻ പിശാചിന് കഴിയില്ല.’

وَإِذْ قُلْنَا لِلْمَلَٰٓئِكَةِ ٱسْجُدُوا۟ لِـَٔادَمَ فَسَجَدُوٓا۟ إِلَّآ إِبْلِيسَ كَانَ مِنَ ٱلْجِنِّ فَفَسَقَ عَنْ أَمْرِ رَبِّهِۦٓ ۗ أَفَتَتَّخِذُونَهُۥ وَذُرِّيَّتَهُۥٓ أَوْلِيَآءَ مِن دُونِى وَهُمْ لَكُمْ عَدُوُّۢ ۚ بِئْسَ لِلظَّٰلِمِينَ بَدَلًا

നാം മലക്കുകളോട് പറഞ്ഞ സന്ദർഭം: നിങ്ങൾ ആദമിന് സാഷ്ടാംഗം പ്രണമിക്കുക. അവർ പ്രണമിച്ചു; ഇബ്‌ലീസ് ഒഴികെ. അവൻ ജിന്നുകളിൽപെട്ടവനായിരുന്നു. അവൻ തന്റെ നാഥന്റെ കൽപന ധിക്കരിച്ചു. എന്നിട്ടും നിങ്ങൾ എന്നെ വെടിഞ്ഞ് അവനെയും അവന്റെ സന്തതികളെയുമാണോ രക്ഷാധികാരികളാക്കുന്നത്? അവർ നിങ്ങളുടെ ശത്രുക്കളാണ്. അക്രമികൾക്ക് അല്ലാഹുവിന് പകരം ലഭിച്ചത് വളരെ ചീത്ത തന്നെ. (അൽകഹ്ഫ്: 50)

35. ബറകത്ത് നഷ്ടപ്പെടുന്നു

ബറകത്ത് എന്നാൽ അനുഗൃഹീതമായത് എന്നർഥം. കുറച്ചു വിഭവങ്ങളിൽനിന്ന് നിരവധി ഗുണങ്ങൾ ലഭിക്കുക എന്നതാണ് ബറകത്ത്‌കൊണ്ടുള്ള ഉദ്ദേശം.

ആയുസ്സിലും സമയത്തിലും ബറകത്ത്: ചിലയാളുകൾ കുറച്ചുകാലം മാത്രം ജീവിക്കുന്നു. പക്ഷേ, ആ കുറഞ്ഞ കാലയളവിൽ ഒട്ടനവധി നന്മകൾ ചെയ്യുവാൻ സാധിക്കുന്നു. എന്നാൽ ചിലയാളുകൾ അനേകകാലം ജീവിക്കും. എങ്കിലും അവർക്ക് ഗുണകരമായ കാര്യങ്ങൾ ഒന്നും ചെയ്യുവാൻ സാധിക്കില്ല; നൂഹ് നബി عليه السلام യുടെ ജനതയെപോലെ. അവർ തൊള്ളായിരത്തിൽപരം വർഷം ജീവിച്ചു. പക്ഷേ. അവരുടെ ശിർക്ക് അവരുടെ ആയുസ്സിന്റെ ബറകത്ത് എടുത്തുകളഞ്ഞു.

കുറച്ച് സമയംകൊണ്ട് നമുക്ക് ഗുണകരമായ പലതും ചെയ്യുവാൻ സാധിക്കും. അതാണ് സമയത്തിലെ ബറകത്ത്. ചിലർക്ക് എത്ര സമയമുണ്ടെങ്കിലും ഒന്നിനും സമയം തികയാത്തതുപോലെ അവർക്ക് തോന്നും. ഇത്തരമൊരു അവസ്ഥ നമുക്ക് വന്നിട്ടുണ്ടോ എന്ന് സ്വയം പരിശോധിക്കുക. ഇസ്തിഗ്ഫാർ നമ്മുടെ സമയത്തിൽ ബറകത്ത് നൽകും.

സമ്പത്തിലെ ബറകത്ത്: നമ്മുടെ ശമ്പളം അല്ലെങ്കിൽ വരുമാനം ഒന്നിനും തികയാതെ പെട്ടെന്ന് ചെലവായിപ്പോകുന്നത് ബറകത്ത് കുറയുമ്പോഴാണ്. അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുന്നവരുടെ സമ്പാദ്യത്തിൽ എപ്പോഴും ബറകത്ത് ഉണ്ടാകും. കുറച്ച് സമ്പാദ്യംകൊണ്ട് തന്നെ അവരുടെ കാര്യങ്ങളെല്ലാം സാധിക്കും. ഇസ്തിഗ്ഫാർ നമ്മുടെ സമ്പാദ്യത്തിൽ ബറക്കത്ത് തിരികെ കൊണ്ടുവരും.

അറിവിലെ ബറകത്ത്: നാം സമ്പാദിച്ച അറിവ് നമുക്ക് ഉപകാരപ്പെടുന്നുണ്ടോ? ക്വുർആൻ മനസ്സിനും ശരീരത്തിനും ബറകത്ത് ഏകും. ക്വുർആനിൽനിന്നും സുന്നത്തിൽനിന്നും നമുക്ക് ലഭിച്ച അറിവുകൾ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ സാധിക്കുമ്പോഴാണ് ആ അറിവിൽ ബറകത്ത് ഉണ്ടാകുന്നത്. നാം നേടിയ അറിവ് ഉപകാരപ്രദമാണെങ്കിൽ നാം അത് പ്രവൃത്തിയിൽ കൊണ്ടുവരണം.

കർമങ്ങളിലെ ബറകത്ത്: ബറകത്ത് ഇല്ലെങ്കിൽ എത്ര നല്ല കാര്യങ്ങൾ ചെയ്താലും ഒന്നിനും ഉദ്ദേശിച്ച ഫലസിദ്ധിയുണ്ടാകില്ല. അല്ലാഹുവിനോട് പാപമോചനം നടത്തി, അവനിലേക്ക് മടങ്ങുക. അത് മാത്രമാണ് ഏക പോംവഴി.

പാപങ്ങൾ ദീനിന്റെയും ദുൻയാവിന്റെയും ബറകത്ത് എടുത്തുകളയും. നമ്മുടെ പാപങ്ങൾ യോഗങ്ങളെയും കൂടിച്ചേരലുകളെയുംവരെ ബാധിക്കും. ഒരു അറിവിന്റെ സദസ്സിൽ രണ്ടുപേർക്കിടയിൽ പ്രശ്‌നമുണ്ടെങ്കിൽ അത് മറ്റുള്ളവരിലേക്ക് ബാധിക്കുകയും അത് ആ സദസ്സിന്റെ ബറകത്ത് എടുത്തുകളയുകയും ചെയ്യും.

ചില സ്ഥലങ്ങളിൽ നാം പ്രവേശിക്കുമ്പോൾ അവിടെ ശാന്തിയും സമാധാനവും അനുഭവപ്പെടുന്നതായി തോന്നാറില്ലേ? എന്നാൽ ചില സ്ഥലങ്ങളിൽ ഒരുതരം ഞെരുക്കം അനുഭവപ്പെടുന്നതായി തോന്നും. നമ്മുടെ ചിന്തകളും പ്രവൃത്തികളും ഒരു സ്ഥലത്തെപോലും സ്വാധീനിക്കും.

അല്ലാഹു പറയുന്നു:

وَلَوْ أَنَّ أَهْلَ ٱلْقُرَىٰٓ ءَامَنُوا۟ وَٱتَّقَوْا۟ لَفَتَحْنَا عَلَيْهِم بَرَكَٰتٍ مِّنَ ٱلسَّمَآءِ وَٱلْأَرْضِ وَلَٰكِن كَذَّبُوا۟ فَأَخَذْنَٰهُم بِمَا كَانُوا۟ يَكْسِبُونَ

അന്നാട്ടുകാർ വിശ്വസിക്കുകയും ഭക്തരാകുകയും ചെയ്തിരുന്നെങ്കിൽ നാമവർക്ക് വിണ്ണിൽനിന്നും മണ്ണിൽനിന്നും അനുഗ്രഹങ്ങളുടെ കവാടങ്ങൾ തുറന്നുകൊടുക്കുമായിരുന്നു. എന്നാൽ അവർ നിഷേധിച്ച് തള്ളിക്കളയുകയാണുണ്ടായത്. അതിനാൽ അവർ സമ്പാദിച്ചുവെച്ചതിന്റെ ഫലമായി നാം അവരെ പിടികൂടി. (അൽഅഅ്‌റാഫ്: 96)

അല്ലാഹുവിനോട് നമുക്ക് എന്തെങ്കിലും ആവശ്യം ഉണർത്തിക്കുവാൻ ഉണ്ടെങ്കിൽ അവനോട് അനുസരണയുള്ളവരായിരുന്നാൽ മതി. നമ്മുടെ ആവശ്യങ്ങളെല്ലാം അല്ലുഹുവിനറിയാം. അതിനാൽ അവനിലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയും പാപമോചനം തേടുകയും സത്യസന്ധരായിക്കൊണ്ട് അവനെ അനുസരിച്ച് ജീവിക്കുകയും വേണം.

അല്ലാഹുവിലുള്ള ദൃഢ വിശ്വാസത്തിലും അവനിലുള്ള തൃപ്തിയിലും സമാധാനവും സൗഖ്യവും കണ്ടെത്താൻ സാധിക്കും. ചില സമയങ്ങളിൽ നമ്മൾ തൃപ്തരായിരിക്കും. പക്ഷേ, ദൃഢമായ വിശ്വാസം ലഭിക്കില്ല. എന്നാൽ ചില സമയങ്ങളിൽ നമുക്ക് ദൃഢമായ വിശ്വാസം ലഭിക്കും. എന്നാൽ തൃപ്തി ലഭിക്കില്ല. സംശയവും അതൃപ്തിയും സങ്കടവും ദുരിതവും വിളിച്ചുവരുത്തും. എപ്പോഴും പരാതിയും പരിഭവവും പറയുന്നവർ ഓർക്കുക; അതിന് കാരണം ജനങ്ങളല്ല. അവനവൻ തന്നെയാണ്. ഒരു പ്രശ്‌നത്തെ വളരെ വലിയ ബുദ്ധിമുട്ടായി പറഞ്ഞുനടക്കുന്നത് തന്റെ വിഷമാവസ്ഥയെ കൂടുതൽ ആഴത്തിലുള്ളതാക്കും.

നബി ﷺ അരുളി: ജിബ്‌രീൽ എന്റെ നെഞ്ചിലേക്ക് ഊതിക്കൊണ്ട് എന്നിൽ തോന്നിപ്പിച്ചു: ഒരാൾ അയാളുടെമേൽ എഴുതപ്പെട്ട ഐഹിക വിഭവങ്ങൾ മുഴുവൻ ആസ്വദിക്കാതെ മരണപ്പെടില്ല. അതിനാൽ അല്ലാഹുവിൽ തക്വ്‌വയുള്ളവരാവുക. അവനോട് ഏറ്റവും മികച്ച രീതിയിൽ ചോദിക്കുക. സൗഖ്യവും സമാധാനവും അവനിൽ ദൃഢവിശ്വാസവും തൃപ്തിയും ഉള്ളവർക്കാണ് ലഭിക്കുക. സംശയവും അതൃപ്തിയുമായി നടക്കുന്നവർക്ക് എന്നും ദുരിതവും വിഷമവും ആയിരിക്കും. (ഇബ്‌നുമാജ 2144).

എത്രകാലം ജീവിച്ചു എന്നതിലല്ല, ഉള്ളകാലം എത്ര നന്നായി ജീവിച്ചു എന്നതിലാണ് ബറകത്ത്. ഐഹിക വിഭവങ്ങളിലുള്ള ബറകത്ത് അളക്കുന്നതിന്റെ തോത് അതിന്റെ അളവിലല്ല, മികവിലാണ്.

പാഠം 20

പാപങ്ങളുടെ ദുഷ്ഫലങ്ങൾ
36. തന്റെ പദവി താഴ്ത്തപ്പെടും

ഇബ്‌ലീസ് സ്വർഗത്തിലെ ഉന്നതമായ സ്ഥാനത്ത് വസിച്ചിരുന്ന ആളായിരുന്നു. ആദം നബി عليه السلام യെ വണങ്ങുവാൻ കൽപിക്കപ്പെട്ടപ്പോൾ ഇബ്‌ലീസ് അഹംഭാവം നടിച്ചു. അതിനാൽ സ്വർഗത്തിൽനിന്നും താഴെയിറക്കപ്പെട്ടു. ഉന്നതനിലയിൽ എത്തുവാൻ ഒരാൾ കഠിന പ്രയത്‌നം നടത്തിയാലും സ്വന്തം പാപങ്ങൾ അയാളെ താഴെതട്ടിലേക്ക് ഇറക്കിക്കളയും.

അല്ലാഹു രണ്ടുതരം ശ്രേണികൾ ഉണ്ടാക്കി:

മികച്ച ശ്രേണി: ഇവരുടെ കർമങ്ങൾ ‘ഇല്ലിയ്യീനി’ൽ രേഖപ്പെടുത്തും. ഒരു അടിമ സൽകർമങ്ങളിൽ ഏർപ്പെടുമ്പോഴും സ്വന്തം ദേഹേച്ഛകളെ തരണം ചെയ്യുമ്പോഴുമാണ് അയാളുടെ പദവി ഉയർത്തപ്പെടുന്നത്.

താഴ്ന്ന ശ്രേണി: ഇവരുടെ കർമങ്ങൾ ‘സിജ്ജിനി’ൽ രേഖപ്പെടുത്തും. ഒരു അടിമ പാപങ്ങളിൽ ഏർപ്പെടുമ്പോൾ അയാളുടെ പദവി താഴ്ത്തപ്പെടും. അല്ലാഹു പറയുന്നു:

إِنَّ أَكْرَمَكُمْ عِندَ ٱللَّهِ أَتْقَىٰكُمْ ۚ

തീർച്ചയായും, അല്ലാഹുവിന്റെ അടുത്ത് നിങ്ങളിലേറ്റവും ആദരണീയർ നിങ്ങളിൽ കൂടുതൽ സൂക്ഷ്മതയുള്ളവനാണ്. (ഹുജുറാത്ത് 13)

37. പാപങ്ങൾ ഹൃദയത്തെ അന്ധമാക്കുന്നു

ഹൃദയത്തിന് അന്ധത ബാധിച്ചാൽ സത്യം തിരിച്ചറിയാനും അത് അംഗീകരിക്കുവാനും അതനുസരിച്ച് ജീവിക്കുവാനും സാധിക്കാതെ പോകും.

ഒരു മനുഷ്യനെ ഉത്തമനാക്കുന്നത് എന്താണ്?

സത്യമതം തിരിച്ചറിയുകയും അംഗീകരിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുമ്പോഴാണ് ഒരാൾക്ക് ഉത്തമമായ ജീവിതം കൈവരുന്നത്.

അറിവിന്റെയും കർമങ്ങളുടെയും അടിസ്ഥാനത്തിൽ ജനങ്ങളെ നാലായി തിരിക്കാം:

ഒന്നാമത്തെ വിഭാഗക്കാർ അറിവ് ലഭിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്തവരാണ്. അല്ലാഹുവിന്റെ ദൂതന്മാർ ഈ ശ്രേണിയിൽ മുൻനിരയിൽ പെടുന്നു. തൊട്ടുപുറകിൽ സാക്ഷ്യത്തിന്റെ വാക്കുകളെ സ്വന്തം ജീവിതംകൊണ്ട് സത്യപ്പെടുത്തിയ സ്വിദ്ദീക്വുകളാണ്.

അല്ലാഹു പറയുന്നു:

وَٱذْكُرْ عِبَٰدَنَآ إِبْرَٰهِيمَ وَإِسْحَٰقَ وَيَعْقُوبَ أُو۟لِى ٱلْأَيْدِى وَٱلْأَبْصَٰرِ

നമ്മുടെ ദാസന്മാരായ ഇബ്‌റാഹീം, ഇസ്ഹാക്വ്, യഅ്ക്വൂബ് എന്നിവരെയും ഓർക്കുക. കൈക്കരുത്തും ദീർഘദൃഷ്ടിയും ഉള്ളവരായിരുന്നു അവർ. (സ്വാദ്: 45)

കൈക്കരുത്ത് എന്നത് സത്യം നടപ്പിലാക്കുവാനും അല്ലാഹുവിന്റെ കൽപനകൾ പാലിച്ച് ജീവിക്കുവാനും ഉള്ള കരുത്താണ്. ദീർഘദൃഷ്ടി എന്നാൽ തെറ്റിൽനിന്നും വേർതിരിച്ച് സത്യത്തെ തിരിച്ചറിയുവാനുള്ള കഴിവാണ്. ഇബ്‌റാഹീം നബി عليه السلام സ്വന്തം ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിക്കുവാൻ കൽപിക്കപ്പെട്ടു. അദ്ദേഹം ഉടൻ അത് അനുസരിക്കുകയും ചെയ്തു.

രണ്ടാമത്തെ വിഭാഗക്കാർ നേരെ വിപരീതമാണ്. അവർക്ക് അറിവുമില്ല, അല്ലാഹുവിന്റെ കൽപനകൾ പാലിക്കാനുള്ള കരുത്തുമില്ല. സൃഷ്ടികളിൽ അധികവും ഇങ്ങനെയുള്ളവരാണ്. ഒരാൾ ഇസ്‌ലാം നാമധാരിയായിരിക്കാം. പക്ഷേ, തന്റെ ദീനിനെക്കുറിച്ച് കൂടുതൽ അറിയുവാനോ പ്രവർത്തിക്കുവാനോ താൽപര്യമില്ല. ഇങ്ങനെയുള്ളവർ സമൂഹത്തിൽ കുഴപ്പക്കാരായി മാറുകയും ഇസ്‌ലാംമത വിശ്വാസത്തെക്കുറിച്ച് ഇവർ മുഖേന ജനങ്ങൾ തെറ്റിദ്ധാരണയിലാകുകയും ചെയ്യുന്നു.

മൂന്നാമത്തെ കൂട്ടർ, അവർ സത്യം എന്തെന്ന് ഉൾക്കാഴ്ചകൊണ്ട് തിരിച്ചറിഞ്ഞവരായിരിക്കും. പക്ഷേ, അതനുസരിച്ച് ജീവിക്കാനുള്ള കരുത്ത് അവർക്ക് ലഭിക്കുന്നില്ല. ദൃഢനിശ്ചയം അവർക്ക് സാധ്യമാകുന്നില്ല.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ الْمُؤْمِنُ الْقَوِيُّ خَيْرٌ وَأَحَبُّ إِلَى اللَّهِ مِنَ الْمُؤْمِنِ الضَّعِيفِ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:ബലഹീനനായ വിശ്വാസിയെക്കാളും അല്ലാഹുവിന് പ്രിയങ്കരൻ, കരുത്തനായ വിശ്വാസിയാണ്. (മുസ്‌ലിം : 2664)

ഇവിടെ കരുത്ത് എന്നതുകൊണ്ടുള്ള ഉദ്ദേശ്യം കായികശക്തിയല്ല. മറിച്ച് മനക്കരുത്താണ്.

നാലാമത്തെ കൂട്ടർ, അവർക്ക് കരുത്തും ദൃഢനിശ്ചയവുമൊക്കെയുണ്ട്. പക്ഷേ, ഉൾക്കാഴ്ചയും അറിവും കുറവാണ്. നന്മയും തിന്മയും വേർതിരിച്ചറിയാനുള്ള കഴിവ് അവർക്കില്ല.

അല്ലാഹു പറയുന്നു:

قُلْ هَلْ يَسْتَوِى ٱلَّذِينَ يَعْلَمُونَ وَٱلَّذِينَ لَا يَعْلَمُونَ

അറിവുള്ളവനും അറിവില്ലാത്തവനും ഒരുപോലെയാകുമോ? (അസ്സുമർ: 9)

പ്രവർത്തിക്കുന്നവനും പ്രവർത്തിക്കാത്തവനും സമമാകുമോ എന്നല്ല അല്ലാഹു ചോദിക്കുന്നത്. അറിവിനാണ് അല്ലാഹു മുൻഗണന കൊടുത്തിരിക്കുന്നത്. അറിവിൽനിന്നാണ് എല്ലാ നന്മകളുടെയും തുടക്കം. ശരിയായ അറിവിന്റെ അഭാവം നമ്മെ അബദ്ധത്തിലേക്ക് നയിക്കും.

അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ടവർ ആദ്യഗണത്തിൽ പെട്ടവരാണ്. മറ്റുള്ളവരെ സത്യത്തിലേക്ക് നയിക്കാൻ കഴിവുള്ളവർ. അറിവും കരുത്തുമുള്ളവർ. സ്വന്തം ജീവിതംകൊണ്ട് സാക്ഷ്യത്തിന്റെ വാക്കുകളെ സത്യപ്പെടുത്തിയവർ. അല്ലാഹു പറയുന്നു:

وَجَعَلْنَا مِنْهُمْ أَئِمَّةً يَهْدُونَ بِأَمْرِنَا لَمَّا صَبَرُوا۟ ۖ وَكَانُوا۟ بِـَٔايَٰتِنَا يُوقِنُونَ

അവർ ക്ഷമപാലിക്കുകയും നമ്മുടെ വചനങ്ങളിൽ അടിയുറച്ച് വിശ്വസിക്കുകയും ചെയ്തപ്പോൾ അവരിൽനിന്നും നമ്മുടെ കൽപനയനുസരിച്ച് നേർവഴി കാണിക്കുന്ന നേതാക്കന്മാരെ നാം ഉണ്ടാക്കി.(അസ്സജദ: 24)

وَٱلْعَصْرِ ‎﴿١﴾‏ إِنَّ ٱلْإِنسَٰنَ لَفِى خُسْرٍ ‎﴿٢﴾‏ إِلَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ وَتَوَاصَوْا۟ بِٱلْحَقِّ وَتَوَاصَوْا۟ بِٱلصَّبْرِ ‎﴿٣﴾‏

കാലം സാക്ഷി, തീർച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സത്കർമങ്ങൾ പ്രവർത്തിച്ചവരും സത്യം സ്വീകരിക്കുവാനും ക്ഷമ പാലിക്കുവാനും പരസ്പരം ഉപദേശിച്ചവരുമൊഴികെ. (അൽഅസ്വ‌്ർ 1-3).

നേതാക്കളായ ആളുകൾ സത്യമാർഗം സ്വീകരിച്ചതുകൊണ്ടോ ക്ഷമ കൈക്കൊണ്ടതുകൊണ്ടോ മാത്രം അവർക്ക് സംതൃപ്തി വരില്ല. അവർ പരസ്പരം ഉപദേശിക്കുകയും സത്യത്തിൽ ഉറച്ചുനിൽക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും. ഈ വിഭാഗത്തിൽ പെടാൻ നാമെല്ലാവരും പരിശ്രമിക്കണം. നമുക്ക് അതിന് സാധ്യമാകുന്നില്ലെങ്കിൽ, അറിവോ മനക്കരുത്തോ ലഭിക്കുന്നില്ലെങ്കിൽ നാം അല്ലാഹുവിനോട് പാപമോചനം തേടേണ്ടിയിരിക്കുന്നു. കാരണം നമ്മുടെ പാപങ്ങളാണ് അറിവിലേക്കും കരുത്താർജിക്കുന്നതിലേക്കുമുള്ള നമ്മുടെ മാർഗം തടസ്സപ്പെടുത്തുന്നത്.

38. സ്വന്തം ശത്രുവിന്റെ സഹായകനായിത്തീരുന്നു

ഒരു പാപിയുടെമേൽ പിശാചിന് കൂടുതൽ സ്വാധീനം ലഭിക്കുന്നു. പിശാച് നമ്മുടെ ആജന്മ ശത്രുവാണ്. ആകയാൽ, നമ്മുടെ ശത്രുവിന് നമ്മുടെമേൽ അധികാരം നാം സ്വയം നൽകുന്നു. ചിലപ്പോൾ സ്വന്തം മനസ്സുതന്നെ നമ്മെ പാപങ്ങളിലേക്ക് പ്രേരിപ്പിക്കുന്നു. ഈ അവസ്ഥയെ പിശാചിനെക്കാൾ നാം ഭയക്കണം. അല്ലാഹു പറയുന്നു:

وَمَآ أُبَرِّئُ نَفْسِىٓ ۚ إِنَّ ٱلنَّفْسَ لَأَمَّارَةُۢ بِٱلسُّوٓءِ إِلَّا مَا رَحِمَ رَبِّىٓ ۚ إِنَّ رَبِّى غَفُورٌ رَّحِيمٌ

നിശ്ചയമായും മനുഷ്യമനസ്സ് തിന്മയ്ക്ക് പ്രേരിപ്പിക്കുന്നതാണ്. എന്റെ നാഥൻ കാരുണ്യം ചൊരിഞ്ഞവരുടേതൊഴികെ. നിശ്ചയം എന്റെ നാഥൻ ഏറെ പൊറുക്കുന്നവനും പരമ ദയാലുവുമാണ്. (യൂസുഫ്: 53)

നമ്മുടെ മനസ്സിന്റെ തിന്മയിൽനിന്നും നമ്മെ കാക്കുന്നത് അല്ലാഹുവിന്റെ കാരുണ്യമാണ്. അല്ലാഹുവിന്റെ കാരുണ്യം ലഭിക്കണമെങ്കിൽ നിരന്തരം ഇസ്തിഗ്ഫാർ നടത്തുക.

39. തന്നെത്തന്നെ സ്വയം മറന്നു പോകുക

പാപങ്ങൾ ഒരാളെ സ്വയം മറക്കാൻ പ്രേരിപ്പിക്കുന്നു. അയാൾ സ്വന്തം കാര്യങ്ങൾ ശ്രദ്ധിക്കില്ല. സ്വയം നന്നാകാൻ ശ്രമിക്കില്ല. തന്നെ തന്നെ അവഗണിച്ച് കളയും. അത് സ്വന്തം മനസ്സിനെ ദുഷിപ്പിച്ച് ക്രമേണ നാശത്തിലേക്ക് പതിക്കുകയും ചെയ്യും.

അല്ലാഹു പറയുന്നു:

وَلَا تَكُونُوا۟ كَٱلَّذِينَ نَسُوا۟ ٱللَّهَ فَأَنسَىٰهُمْ أَنفُسَهُمْ ۚ أُو۟لَٰٓئِكَ هُمُ ٱلْفَٰسِقُونَ

അല്ലാഹുവിനെ മറന്നതിനാൽ, സ്വയം വിസ്മൃതരാക്കി അല്ലാഹു മാറ്റിയ ജനങ്ങളെപോലെ ആകരുത് നിങ്ങൾ. അവർ തന്നെയാണ് ദുർമാർഗികൾ. (അൽഹശ്ർ:19)

എങ്ങനെയാണ് ഒരാൾ സ്വന്തം കൈകൾകൊണ്ട് നശിക്കപ്പെടുന്നത്? മയക്കുമരുന്നും പുകവലിയും തനിക്ക് കേടാണെന്ന് അയാൾക്കറിയാം. എങ്കിലും അത് ചെയ്യും. അവരുടെ പാപങ്ങൾ അതിന്റെ ദൂഷ്യ ഫലങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിൽനിന്ന് അവരെ തടയും.

പാഠം 21

പാപങ്ങളൂടെ ദുഷ്‌ഫലങ്ങൾ
40. സച്ചരിതനായ തന്റെ ആത്മസുഹൃത്തിനെ നഷ്ടപ്പെടുത്തും

സ്വന്തം പാപങ്ങൾ നല്ലവനായ തന്റെ ആത്മാർഥ സുഹൃത്തിനെ നഷ്ടപ്പെടുത്തും. അയാൾ ഒപ്പമുണ്ടായിരുന്നത് തനിക്ക് ഏറെ സമാധാനം നൽകുന്ന കാര്യമായിരന്നു. അത് തനിക്കുവേണ്ടി അല്ലാഹു പ്രത്യേകം ചുമതലപ്പെടുത്തിയ മലക്കാകുന്നു. ആ സുഹൃത്തിന്റെ അഭാവം പിശാചിനെ തന്നോടടുക്കാൻ സഹായകമാകുന്നു. ഏറ്റവുമധികം തന്നെ വഞ്ചിക്കുന്ന ആ ശത്രു; ഏറ്റവുമധികം തനിക്ക് ഉപദ്രവകാരിയും. ഇതിനെക്കാൾ മോശമായ രോഗാവസ്ഥ വേറെയില്ല. നമുക്ക് സൽകർമങ്ങൾ ചെയ്യുവാൻ യാതൊരു പ്രേരണയും ലഭിക്കില്ല എന്നുമാത്രമല്ല, പാപകർമങ്ങളിൽ ഏർപ്പെടുവാനുള്ള പ്രേരണ ലഭിച്ചുകൊണ്ടിരിക്കുകയും ചെയ്യും!

41. നമ്മുടെ പാപങ്ങളും അനുസരണക്കേടുകളും ഭൂമിയിൽ ഉണ്ടാക്കുന്ന കുഴപ്പം

നമ്മുടെ പാപങ്ങൾ വ്യക്തിഗത തലത്തിൽ മാത്രമല്ല സ്വാധീനിക്കപ്പെടുന്നത്. നാം ഓരോരുത്തരുടെയും പാപങ്ങൾ സാമൂഹികതലത്തിലും വൻതോതിൽ സ്വാധീനം ചെലുത്തുന്നുണ്ട്. നമുക്ക് ചുറ്റുമുള്ള ജലത്തിലും വായുവിലും സസ്യങ്ങളിലും കായ്കനികളിലും വീടുകളിലും പൊതുജന സ്ഥാപനങ്ങളിലും എന്നുവേണ്ട ലോകമെമ്പാടും അത് വ്യാപിക്കപ്പെടുന്നു. മുൻകാല ജനതകളെ അല്ലാഹു എങ്ങനെയാണ് നശിപ്പിച്ചതെന്ന് നാം കണ്ടുവല്ലോ. തൗറാത്ത് അവതരിച്ച ശേഷം, അതുപോലെ ജനതയെ ഉന്മൂലനം ചെയ്യുന്ന നാശം നാം വിളിച്ചുവരുത്തരുത്. കൊടുങ്കാറ്റ്, പേമാരി, കൃഷിനാശം, സുനാമി, ഭൂമികുലുക്കം, പകർച്ചവ്യാധി തുടങ്ങിയവ വെറും താക്കീതുകൾ മാത്രമാണ്. നാം പശ്ചാത്തപിച്ച് അല്ലാഹുവിലേക്ക് മടങ്ങേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞു.

ظَهَرَ ٱلْفَسَادُ فِى ٱلْبَرِّ وَٱلْبَحْرِ بِمَا كَسَبَتْ أَيْدِى ٱلنَّاسِ لِيُذِيقَهُم بَعْضَ ٱلَّذِى عَمِلُوا۟ لَعَلَّهُمْ يَرْجِعُونَ

മനുഷ്യകരങ്ങളുടെ പ്രവർത്തനഫലമായി കരയിലും കടലിലും കുഴപ്പം പ്രകടമായിരിക്കുന്നു. അവർ ചെയ്തുകൂട്ടിയതിൽ ചിലതിന്റെയെങ്കിലും ഫലം ഇവിടെ വെച്ചുതന്നെ ആസ്വദിപ്പിക്കാനാണത്. അവർ ഒരുവേള നന്മയിലേക്ക് മടങ്ങിയെങ്കിലോ! (അർറൂം: 41)

എന്നാൽ നാം ഓരോരുത്തരും അല്ലാഹുവിലേക്ക് മടങ്ങുകയും പാപമോചനം തേടുകയും ചെയ്താൽ അതിന്റെ ഗുണം നമുക്ക് വ്യക്തിപരമായി മാത്രമല്ല, ഭൂമിയിലൊട്ടാകെ പ്രതിഫലിക്കുന്നതാണ്.

وَأَنِ ٱسْتَغْفِرُوا۟ رَبَّكُمْ ثُمَّ تُوبُوٓا۟ إِلَيْهِ يُمَتِّعْكُم مَّتَٰعًا حَسَنًا إِلَىٰٓ أَجَلٍ مُّسَمًّى وَيُؤْتِ كُلَّ ذِى فَضْلٍ فَضْلَهُۥ ۖ وَإِن تَوَلَّوْا۟ فَإِنِّىٓ أَخَافُ عَلَيْكُمْ عَذَابَ يَوْمٍ كَبِيرٍ

നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുകയും എന്നിട്ട് അവനിലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക. എങ്കിൽ നിർണിതമായ ഒരു അവധിവരെ അവൻ നിങ്ങൾക്ക് നല്ല സൗഖ്യമനുഭവിപ്പിക്കുകയും ഉദാരമനസ്ഥിതിയുള്ള എല്ലാവർക്കും തങ്ങളുടെ ഉദാരതയ്ക്കുള്ള പ്രതിഫലം നൽകുകയും ചെയ്യുന്നതാണ്. നിങ്ങൾ തിരിഞ്ഞുകളയുന്ന പക്ഷം ഭയങ്കരമായ ഒരു ദിവസത്തിലെ ശിക്ഷ നിങ്ങളുടെമേൽ ഞാൻ നിശ്ചയമായും ഭയപ്പെടുന്നു. (ഹൂദ്: 3)

وَيَٰقَوْمِ ٱسْتَغْفِرُوا۟ رَبَّكُمْ ثُمَّ تُوبُوٓا۟ إِلَيْهِ يُرْسِلِ ٱلسَّمَآءَ عَلَيْكُم مِّدْرَارًا وَيَزِدْكُمْ قُوَّةً إِلَىٰ قُوَّتِكُمْ وَلَا تَتَوَلَّوْا۟ مُجْرِمِينَ

എന്റെ ജനങ്ങളേ, നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. എന്നിട്ട് അവങ്കലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക. എങ്കിൽ അവൻ നിങ്ങൾക്ക് സമൃദ്ധമായി മഴ അയച്ചുതരികയും നിങ്ങളുടെ ശക്തിയിലേക്ക് അവൻ കൂടുതൽ ശക്തി ചേർത്തുതരികയും ചെയ്യുന്നതാണ്. നിങ്ങൾ കുറ്റവാളികളായി ക്കൊണ്ട് പിന്തിരിഞ്ഞുപോകരുത്. (ഹൂദ്: 52)

ജനങ്ങൾ തങ്ങളുടെ പ്രശ്‌നങ്ങൾക്ക് ഹേതുവായി കണക്കാക്കുന്നത് ലോകത്ത് നടക്കുന്ന അഴിമതിയെയും പ്രകൃതി ദുരന്തങ്ങളെയുമാണ്. എന്നാൽ നാട്ടിൽ കുഴപ്പങ്ങൾ ഉണ്ടാകുന്നത്, നമ്മുടെതന്നെ കാരണങ്ങൾ കൊണ്ടാണ്. സ്വന്തം പാപങ്ങളിൽ അടിയുറച്ച് നിൽക്കുന്നതിനാലാണ്. അതിനാൽതന്നെ നന്മ പ്രോത്സാഹിപ്പിക്കലും തിന്മ വിരോധിക്കലും നാം ഓരോരുത്തരുടെയും കടമയാകുന്നു.

كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِٱلْمَعْرُوفِ وَتَنْهَوْنَ عَنِ ٱلْمُنكَرِ وَتُؤْمِنُونَ بِٱللَّهِ ۗ وَلَوْ ءَامَنَ أَهْلُ ٱلْكِتَٰبِ لَكَانَ خَيْرًا لَّهُم ۚ مِّنْهُمُ ٱلْمُؤْمِنُونَ وَأَكْثَرُهُمُ ٱلْفَٰسِقُونَ ‎

മനുഷ്യവംശത്തിനു വേണ്ടി രംഗത്ത് കൊണ്ടുവരപ്പെട്ട ഉത്തമസമുദായമാകുന്നു നിങ്ങൾ. നിങ്ങൾ സദാചാരം കൽപിക്കുകയും ദുരാചാരത്തിൽനിന്ന് വിലക്കുകയും അല്ലാഹുവിൽ വിശ്വസിക്കുകയും ചെയ്യുന്നു. വേദക്കാർ വിശ്വസിച്ചിരുന്നുവെങ്കിൽ അതവർക്ക് ഉത്തമമായിരുന്നു. അവരുടെ കൂട്ടത്തിൽ വിശ്വാസമുള്ളവരുണ്ട്. എന്നാൽ അവരിൽ അധികപേരും ധിക്കാരികളാകുന്നു. (ആലുഇംറാൻ: 110)

ഭൂമിയിലെ ഈ കുഴപ്പങ്ങൾ നമ്മുടെ ചില പാപങ്ങളുടെ ഫലം മാത്രമാണ്. നമ്മുടെ എല്ലാ പാപങ്ങൾക്കും അല്ലാഹു ശിക്ഷയേകിയിരുന്നെങ്കിൽ ഭൂമിയിൽ ഒരു ജന്തുപോലും ബാക്കിയുണ്ടാകുമായിരുന്നില്ല.

وَلَوْ يُؤَاخِذُ ٱللَّهُ ٱلنَّاسَ بِظُلْمِهِم مَّا تَرَكَ عَلَيْهَا مِن دَآبَّةٍ وَلَٰكِن يُؤَخِّرُهُمْ إِلَىٰٓ أَجَلٍ مُّسَمًّى ۖ فَإِذَا جَآءَ أَجَلُهُمْ لَا يَسْتَـْٔخِرُونَ سَاعَةً ۖ وَلَا يَسْتَقْدِمُونَ

ജനത്തെ അവരുടെ അക്രമത്തിന്റെ പേരിൽ അല്ലാഹു പെട്ടെന്ന് പിടികൂടുകയാണെങ്കിൽ ഭൂമിയിലെ ഒരു ജീവിയെയും അവൻ വിട്ടേക്കുമായിരുന്നില്ല. എന്നാൽ നിശ്ചിത അവധിവരെ അവർക്ക് അവസരം അനുവദിക്കുകയാണ്. അങ്ങനെ അവരുടെ കാലാവധി വന്നെത്തിയാൽ പിന്നെ ഒരു നിമിഷം പോലും അവർക്കത് വൈകിക്കാനാവില്ല. നേരത്തെയാക്കാനും സാധ്യമല്ല. (അന്നഹ്ൽ: 61)

നബി ﷺ സമൂദ് ഗോത്രത്തിന്റെ വാസസ്ഥലങ്ങളിലൂടെ സഞ്ചരിക്കുകയുണ്ടായി. അപ്പോൾ, കരഞ്ഞുകൊണ്ടല്ലാതെ അവിടെ പ്രവേശിക്കരുതെന്നും അവിടുത്തെ ജലം കുടിക്കരുതെന്നും കൽപിച്ചു. അവരുടെ പാപത്തിന്റെ സ്വാധീനം ആ ജലത്തിൽപോലും ഉണ്ടാകും എന്നതാണ് കാരണം.

عَنِ ابْنِ عُمَرَ ـ رضى الله عنهما أَنَّ رَسُولَ اللَّهِ صلى الله عليه وسلم لَمَّا نَزَلَ الْحِجْرَ فِي غَزْوَةِ تَبُوكَ أَمَرَهُمْ أَنْ لاَ يَشْرَبُوا مِنْ بِئْرِهَا، وَلاَ يَسْتَقُوا مِنْهَا فَقَالُوا قَدْ عَجَنَّا مِنْهَا، وَاسْتَقَيْنَا‏.‏ فَأَمَرَهُمْ أَنْ يَطْرَحُوا ذَلِكَ الْعَجِينَ

ഇബ്‌നു ഉമർ رضى الله عنهما വിൽ നിന്ന് നിവേദനം: നബി ﷺ യും കൂട്ടരും തബൂക്ക് യുദ്ധവേളയിൽ അൽഹിജ്ർ എന്ന പ്രദേശത്തെത്തി. തന്റെ അനുയായികളോട് അവിടുത്തെ ജലം കുടിക്കരുതെന്നും ശേഖരിക്കരുതെന്നും കൽപിച്ചു. അവർ അതുകൊണ്ട് റൊട്ടിക്കുള്ള മാവ് കുഴച്ച് പോയിരുന്നു. അവരുടെ തോൽസഞ്ചികളിൽ ജലവും ശേഖരിച്ചിരുന്നു. അത് ഉപേക്ഷിക്കുവാൻ പ്രവാചകൻ അവരോട് കൽപിച്ചു. (ബുഖാരി 3378)

നമ്മളോട് ആരെങ്കിലും അപമര്യാദയായി പെരുമാറിയാൽ, വാഹനം പണിമുടക്കിയാൽ, മക്കൾ അനുസരണക്കേട് കാണിച്ചാൽ അതെല്ലാം നമ്മുടെ പാപങ്ങൾ കാരണമായിട്ടാണ്. അങ്ങനെയൊരു തോന്നൽ മനസ്സിലുണ്ടായാൽ അല്ലാഹുവിലേക്ക് തിരിയുക. കാര്യങ്ങൾ തൽക്കാലം നേരെയാകലാകരുത് നമ്മുടെ ഉദ്ദേശ്യം; ആ പാപങ്ങൾ ആവർത്തിക്കാതിരിക്കാൻ കൂടിയാകണം. അത് നമ്മെ രക്ഷപ്പെത്തുന്നത് ദുൻയാവിൽ മാത്രമല്ല, പരലോകത്ത് കൂടിയാണ്. രക്ഷ മാത്രമല്ല, അവിടെ നാം ഉന്നത ശ്രേണിയിലുള്ളവരായി മാനിക്കപ്പെടുകയും ചെയ്യും.

നമ്മുടെ കുറവുകളാണ് യഥാർഥത്തിൽ നമ്മുടെ രോഗം. ശാരീരിക അസ്വാസ്ഥ്യങ്ങൾ അതിന്റെ ലക്ഷണങ്ങൾ മാത്രമാണ്. മരുന്ന് കഴിച്ചാൽ തൽക്കാലം രോഗലക്ഷണങ്ങൾ ശമിച്ചേക്കാം. പക്ഷേ, യഥാർഥ രോഗം ഉള്ളിൽതന്നെ കിടപ്പുണ്ടാകും. അതിനെ നമുക്ക് തിരിച്ചറിയുവാൻ കഴിയണം. അത് തിരിച്ചറിയാനുള്ള ചില സൂചകങ്ങൾ മാത്രമാണ് അല്ലാഹു നമുക്ക് തരുന്ന വലുതും ചെറുതുമായ പ്രശ്‌നങ്ങൾ. അതിന് അല്ലാഹു നിർദേശിക്കുന്ന മരുന്ന് ഒന്ന് മാത്രമേയുള്ളൂ; തൗബയും ഇസ്തിഗ്ഫാറും (ഖേദിച്ച് മടങ്ങി പാപമോചനം തേടുക).

പാഠം 22

പാപങ്ങളുടെ സാമൂഹിക നാശം

പാപങ്ങളിലൂടെ പാപികൾക്ക് വ്യക്തിപരമായി സംഭവിക്കുന്ന വിവിധ നാശനഷ്ടങ്ങളെക്കുറിച്ചാണ് കഴിഞ്ഞ പാഠങ്ങളിൽ പറയപ്പെട്ടത്. എന്നാൽ പാപങ്ങളുടെ നാശം വ്യക്തികളിൽ മാത്രം പരിമിതമല്ലെന്നും സമൂഹത്തിലും വസ്തുവകകളിലും നാശനഷ്ടങ്ങൾ ഉണ്ടാക്കുമെന്നും പ്രത്യേകം മനസ്സിലാക്കേണ്ടതാണ്. പാപങ്ങൾ കാരണം മുൻകാല സമൂഹങ്ങളെ പടച്ചവൻ നശിപ്പിച്ച കാര്യം ആദ്യം വിവരിച്ചുകഴിഞ്ഞു. എന്നാൽ നബി ﷺ ക്ക് ശേഷം പൊതുവായിട്ടുള്ള ശിക്ഷ പടച്ചവൻ ഇറക്കിയിട്ടില്ല. അത്തരം നാശങ്ങൾ പാപങ്ങളിലൂടെ വിളിച്ചുവരുത്താതിരിക്കാൻ നാം ശ്രദ്ധിക്കേണ്ടതാണ്.

وَلَنُذِيقَنَّهُم مِّنَ ٱلْعَذَابِ ٱلْأَدْنَىٰ دُونَ ٱلْعَذَابِ ٱلْأَكْبَرِ لَعَلَّهُمْ يَرْجِعُونَ

പരിശുദ്ധ ക്വുർആനിൽ അല്ലാഹു പറയുന്നു: “വലിയ ശിക്ഷയ്ക്ക് മുമ്പ് ഇഹലോകത്ത് ചെറിയ ശിക്ഷയും നാം അവരെ രുചിപ്പിക്കുന്നതാണ്, അവർ (തിന്മയിൽനിന്നും) മടങ്ങുന്നവരായേക്കാം. (സജദ: 21)

പരിശുദ്ധ ക്വുർആനിൽ വേറെയും ധാരാളം സ്ഥലങ്ങളിൽ പാപങ്ങൾ കാരണം സാമൂഹികമായിട്ടുണ്ടാകുന്ന ശിക്ഷകളെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. കൂടാതെ, ഇന്ന് നമ്മളിൽ പ്രകടമായ പല പാപങ്ങളുടെയും, നാം നഷ്ടപ്പെടുത്തിയ നന്മകളുടെയും പേരിലും ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന പലവിധ നാശനഷ്ടങ്ങളും ഉണ്ടാകുമെന്നും ഹദീസുകളിലും മുന്നറിയിപ്പ് വന്നിട്ടുണ്ട്.

പാപങ്ങളിൽനിന്നും പശ്ചാത്തപിക്കുകയും ഉത്തമ ജീവിതം നയിക്കുകയും ചെയ്താൽ നമുക്ക് വ്യക്തിപരമായി സുഖസന്തോഷങ്ങൾ ലഭിക്കുന്നതിനോടൊപ്പം അതിന്റെ ഗുണഫലങ്ങൾ വീട്ടിലും നാട്ടിലും മാത്രമല്ല, ലോകം മുഴുവൻ സംഭവിക്കുന്നതാണ്. സൂറതുൽ ഹൂദിലെ 3, 52 സൂക്തങ്ങൾ നേരത്തെ ഉദ്ധരിച്ചത് കാണുക.

ഇന്ന് ലോകത്ത് നടക്കുന്ന പ്രശ്‌നങ്ങൾക്ക് പൊതുവിൽ നാം ഓരോരുത്തരും മറ്റുള്ളവരെയാണ് കുറ്റക്കാരായി കാണുന്നത്. അവർ കാരണമായാലും കാരണമായില്ലെങ്കിലും നമുക്കുണ്ടാകുന്ന നാശനഷ്ടങ്ങളുടെ അടിസ്ഥാന കാരണം നമ്മുടെ പാപങ്ങളാണ് എന്ന് നാം മനസ്സിലാക്കേണ്ടതാണ്. ഇത് മനസ്സിലാക്കി നാം പാപത്തിൽനിന്നും പശ്ചാത്തപിച്ച് മടങ്ങാതെ മറ്റുള്ളവരെ മാത്രം കുറ്റം പറയുന്നതുകൊണ്ട് യാതൊരു കാര്യവുമില്ല.

സ്വയം പശ്ചാത്തപിച്ച് മടങ്ങുന്നതിനോടൊപ്പം, മറ്റുള്ളവരെ കുറ്റം പറഞ്ഞുകൊണ്ടിരിക്കാതെ അവരിൽ നന്മ ഉപദേശിക്കാനും തിന്മ തടയാനും കഴിവിന്റെ പരമാവധി നാം പരിശ്രമിക്കേണ്ടതാണ്. നമ്മുടെ നിയോഗലക്ഷ്യം തന്നെ നന്മ ഉപദേശിക്കലും തിന്മ തടയലുമാണ്. അല്ലാഹു അറിയിക്കുന്നു:

كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِٱلْمَعْرُوفِ وَتَنْهَوْنَ عَنِ ٱلْمُنكَرِ وَتُؤْمِنُونَ بِٱللَّهِ ۗ وَلَوْ ءَامَنَ أَهْلُ ٱلْكِتَٰبِ لَكَانَ خَيْرًا لَّهُم ۚ مِّنْهُمُ ٱلْمُؤْمِنُونَ وَأَكْثَرُهُمُ ٱلْفَٰسِقُونَ

മനുഷ്യവംശത്തിനു വേണ്ടി രംഗത്ത് കൊണ്ടുവരപ്പെട്ട ഉത്തമസമുദായമാകുന്നു നിങ്ങൾ. നിങ്ങൾ സദാചാരം കൽപിക്കുകയും, ദുരാചാരത്തിൽ നിന്ന് വിലക്കുകയും, അല്ലാഹുവിൽ വിശ്വസിക്കുകയും ചെയ്യുന്നു. വേദക്കാർ വിശ്വസിച്ചിരുന്നുവെങ്കിൽ അതവർക്ക് ഉത്തമമായിരുന്നു. അവരുടെ കൂട്ടത്തിൽ വിശ്വാസമുള്ളവരുണ്ട്. എന്നാൽ അവരിൽ അധികപേരും ധിക്കാരികളാകുന്നു. (ആലുഇംറാൻ: 110)

ചുരുക്കത്തിൽ, നമ്മുടെ അടിസ്ഥാന രോഗം നമ്മുടെ പാപങ്ങളാണ്. ഈ പാപങ്ങൾ കാരണം ശാരീരികമായും മാനസികമായും നമുക്ക് പല പ്രശ്‌നങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഈ പ്രശ്‌നങ്ങൾക്ക് നാം മരുന്ന് കഴിച്ചാൽ തൽക്കാലം ശമനം ലഭിക്കുമെങ്കിലും അടിസ്ഥാനപരമായി പരിഹാരം ഉണ്ടാകുന്നതല്ല. യഥാർഥ രോഗം ഉള്ളിൽതന്നെ കിടക്കുന്നതും മറ്റുരീതിയിൽ കുഴപ്പങ്ങൾ ഉണ്ടാക്കുന്നതുമാണ്. ആകയാൽ അവയുടെയെല്ലാം അടിസ്ഥാന പ്രശ്‌നമായ പാപങ്ങളെ നാം മനസ്സിലാക്കുക. അതിന്റെ പരിഹാരത്തിനുള്ള ഏക മരുന്ന് പാപമോചനം തേടിക്കൊണ്ട് അല്ലാഹുവിലേക്ക് മടങ്ങലാണ്.

പാഠം 23

സമുന്നതമായ ഒരു നബിവചനം

ഈ ഗ്രന്ഥം ആരംഭിച്ചത് നമുക്ക് ഒരുപാട് പ്രതീക്ഷകൾ നൽകിക്കൊണ്ടാണ്. കാരണം അത് വളരെ എളുപ്പമുള്ള ചികിത്സകൾകൊണ്ടാണ് തുടങ്ങിയത്. തുടർന്ന് പാപങ്ങൾ വലിയ ഒരു രോഗാവസ്ഥയാണെന്നും അതിന് ഇഹലോകത്തുതന്നെ ധാരാളം പരിണിതഫലങ്ങൾ ഉണ്ടെന്നും ഉണർത്തി. പാപങ്ങൾ നമുക്ക് സദ്ഫലങ്ങൾ ഒന്നും നൽകില്ല. എന്തെങ്കിലും പ്രശ്‌നമുണ്ടാകുമ്പോൾ പലപ്പോഴും മറ്റുള്ളവരാണ് അതിന് കാരണം എന്ന് നാം കരുതാറുണ്ട്. എന്നാൽ പ്രശ്‌നങ്ങളുടെ കാരണം മിക്കവാറും നമ്മുടെ പാപങ്ങൾ തന്നെയാണ്. ആകയാൽ പ്രശ്‌നങ്ങളുണ്ടാകുമ്പോൾ നാം പശ്ചാത്തപിച്ച് മടങ്ങേണ്ടതാണ്. പലപ്പോഴും നാം പാപങ്ങൾ ചെയ്ത് കൂട്ടുന്നത് നമ്മൾതന്നെ അറിയാറില്ല. ഇഹലോകത്തുതന്നെ നമ്മുടെ പാപങ്ങൾക്കുള്ള ദുഷ്ഫലങ്ങൾ നമുക്ക് അനുഭവിക്കേണ്ടി വരുന്നു. നമ്മൾ പശ്ചാത്തപിച്ച് മടങ്ങുവാൻ വേണ്ടിയാണ് അത്. നാം പശ്ചാത്തപിച്ച് മടങ്ങാത്ത പക്ഷം പരലോകത്ത് കൂടി നമ്മൾ ശിക്ഷ അനുഭവിക്കേണ്ടിവരും. ഇതിനെക്കുറിച്ച് ധാരാളം ക്വുർആൻ വചനങ്ങളും പ്രവാചകമൊഴികളുമുണ്ട്.

വിവിധ പാപങ്ങളുടെ പേരിൽ മരണാനന്തരമുണ്ടാകുന്ന വിവിധ ശിക്ഷകൾ വിവരിക്കുന്ന സുദീർഘമെങ്കിലും ഗൗരവം നിറഞ്ഞ സമുന്നതമായൊരു ഹദീസ് ഇവിടെ ഉദ്ധരിക്കുകയാണ്:

عَنْ سَمُرَةُ بْنُ جُنْدَبٍ ـ رضى الله عنه ـ قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم مِمَّا يُكْثِرُ أَنْ يَقُولَ لأَصْحَابِهِ ‏”‏ هَلْ رَأَى أَحَدٌ مِنْكُمْ مِنْ رُؤْيَا ‏”‏‏.‏ قَالَ فَيَقُصُّ عَلَيْهِ مَنْ شَاءَ اللَّهُ أَنْ يَقُصَّ، وَإِنَّهُ قَالَ ذَاتَ غَدَاةٍ ‏”‏ إِنَّهُ أَتَانِي اللَّيْلَةَ آتِيَانِ، وَإِنَّهُمَا ابْتَعَثَانِي، وَإِنَّهُمَا قَالاَ لِي انْطَلِقْ‏.‏ وَإِنِّي انْطَلَقْتُ مَعَهُمَا، وَإِنَّا أَتَيْنَا عَلَى رَجُلٍ مُضْطَجِعٍ، وَإِذَا آخَرُ قَائِمٌ عَلَيْهِ بِصَخْرَةٍ، وَإِذَا هُوَ يَهْوِي بِالصَّخْرَةِ لِرَأْسِهِ، فَيَثْلَغُ رَأْسَهُ فَيَتَهَدْهَدُ الْحَجَرُ هَا هُنَا، فَيَتْبَعُ الْحَجَرَ فَيَأْخُذُهُ، فَلاَ يَرْجِعُ إِلَيْهِ حَتَّى يَصِحَّ رَأْسُهُ كَمَا كَانَ، ثُمَّ يَعُودُ عَلَيْهِ، فَيَفْعَلُ بِهِ مِثْلَ مَا فَعَلَ الْمَرَّةَ الأُولَى‏.‏ قَالَ قُلْتُ لَهُمَا سُبْحَانَ اللَّهِ مَا هَذَانِ قَالَ قَالاَ لِي انْطَلِقْ ـ قَالَ ـ فَانْطَلَقْنَا فَأَتَيْنَا عَلَى رَجُلٍ مُسْتَلْقٍ لِقَفَاهُ، وَإِذَا آخَرُ قَائِمٌ عَلَيْهِ بِكَلُّوبٍ مِنْ حَدِيدٍ، وَإِذَا هُوَ يَأْتِي أَحَدَ شِقَّىْ وَجْهِهِ فَيُشَرْشِرُ شِدْقَهُ إِلَى قَفَاهُ، وَمَنْخِرَهُ إِلَى قَفَاهُ وَعَيْنَهُ إِلَى قَفَاهُ ـ قَالَ وَرُبَّمَا قَالَ أَبُو رَجَاءٍ فَيَشُقُّ ـ قَالَ ثُمَّ يَتَحَوَّلُ إِلَى الْجَانِبِ الآخَرِ، فَيَفْعَلُ بِهِ مِثْلَ مَا فَعَلَ بِالْجَانِبِ الأَوَّلِ، فَمَا يَفْرُغُ مِنْ ذَلِكَ الْجَانِبِ حَتَّى يَصِحَّ ذَلِكَ الْجَانِبُ كَمَا كَانَ، ثُمَّ يَعُودُ عَلَيْهِ فَيَفْعَلُ مِثْلَ مَا فَعَلَ الْمَرَّةَ الأُولَى‏.‏ قَالَ قُلْتُ سُبْحَانَ اللَّهِ مَا هَذَانِ قَالَ قَالاَ لِي انْطَلِقْ‏.‏ فَانْطَلَقْنَا فَأَتَيْنَا عَلَى مِثْلِ التَّنُّورِ ـ قَالَ فَأَحْسِبُ أَنَّهُ كَانَ يَقُولُ ـ فَإِذَا فِيهِ لَغَطٌ وَأَصْوَاتٌ ـ قَالَ ـ فَاطَّلَعْنَا فِيهِ، فَإِذَا فِيهِ رِجَالٌ وَنِسَاءٌ عُرَاةٌ، وَإِذَا هُمْ يَأْتِيهِمْ لَهَبٌ مِنْ أَسْفَلَ مِنْهُمْ، فَإِذَا أَتَاهُمْ ذَلِكَ اللَّهَبُ ضَوْضَوْا ـ قَالَ ـ قُلْتُ لَهُمَا مَا هَؤُلاَءِ قَالَ قَالاَ لِي انْطَلِقِ انْطَلِقْ‏.‏ قَالَ فَانْطَلَقْنَا فَأَتَيْنَا عَلَى نَهَرٍ ـ حَسِبْتُ أَنَّهُ كَانَ يَقُولُ ـ أَحْمَرَ مِثْلِ الدَّمِ، وَإِذَا فِي النَّهَرِ رَجُلٌ سَابِحٌ يَسْبَحُ، وَإِذَا عَلَى شَطِّ النَّهَرِ رَجُلٌ قَدْ جَمَعَ عِنْدَهُ حِجَارَةً كَثِيرَةً، وَإِذَا ذَلِكَ السَّابِحُ يَسْبَحُ مَا يَسْبَحُ، ثُمَّ يَأْتِي ذَلِكَ الَّذِي قَدْ جَمَعَ عِنْدَهُ الْحِجَارَةَ فَيَفْغَرُ لَهُ فَاهُ فَيُلْقِمُهُ حَجَرًا فَيَنْطَلِقُ يَسْبَحُ، ثُمَّ يَرْجِعُ إِلَيْهِ، كُلَّمَا رَجَعَ إِلَيْهِ فَغَرَ لَهُ فَاهُ فَأَلْقَمَهُ حَجَرًا ـ قَالَ ـ قُلْتُ لَهُمَا مَا هَذَانِ قَالَ قَالاَ لِي انْطَلِقِ انْطَلِقْ‏.‏ قَالَ فَانْطَلَقْنَا فَأَتَيْنَا عَلَى رَجُلٍ كَرِيهِ الْمَرْآةِ كَأَكْرَهِ مَا أَنْتَ رَاءٍ رَجُلاً مَرْآةً، وَإِذَا عِنْدَهُ نَارٌ يَحُشُّهَا وَيَسْعَى حَوْلَهَا ـ قَالَ ـ قُلْتُ لَهُمَا مَا هَذَا قَالَ قَالاَ لِي انْطَلِقِ انْطَلِقْ‏.‏ فَانْطَلَقْنَا فَأَتَيْنَا عَلَى رَوْضَةٍ مُعْتَمَّةٍ فِيهَا مِنْ كُلِّ نَوْرِ الرَّبِيعِ، وَإِذَا بَيْنَ ظَهْرَىِ الرَّوْضَةِ رَجُلٌ طَوِيلٌ لاَ أَكَادُ أَرَى رَأْسَهُ طُولاً فِي السَّمَاءِ، وَإِذَا حَوْلَ الرَّجُلِ مِنْ أَكْثَرِ وِلْدَانٍ رَأَيْتُهُمْ قَطُّ ـ قَالَ ـ قُلْتُ لَهُمَا مَا هَذَا مَا هَؤُلاَءِ قَالَ قَالاَ لِي انْطَلِقِ انْطَلِقْ‏.‏ ـ قَالَ ـ فَانْطَلَقْنَا فَانْتَهَيْنَا إِلَى رَوْضَةٍ عَظِيمَةٍ لَمْ أَرَ رَوْضَةً قَطُّ أَعْظَمَ مِنْهَا وَلاَ أَحْسَنَ‏.‏ ـ قَالَ ـ قَالاَ لِي ارْقَ فِيهَا‏.‏ قَالَ فَارْتَقَيْنَا فِيهَا فَانْتَهَيْنَا إِلَى مَدِينَةٍ مَبْنِيَّةٍ بِلَبِنِ ذَهَبٍ وَلَبِنِ فِضَّةٍ، فَأَتَيْنَا باب الْمَدِينَةِ فَاسْتَفْتَحْنَا فَفُتِحَ لَنَا، فَدَخَلْنَاهَا فَتَلَقَّانَا فِيهَا رِجَالٌ شَطْرٌ مِنْ خَلْقِهِمْ كَأَحْسَنِ مَا أَنْتَ رَاءٍ، وَشَطْرٌ كَأَقْبَحِ مَا أَنْتَ رَاءٍ ـ قَالَ ـ قَالاَ لَهُمُ اذْهَبُوا فَقَعُوا فِي ذَلِكَ النَّهَرِ‏.‏ قَالَ وَإِذَا نَهَرٌ مُعْتَرِضٌ يَجْرِي كَأَنَّ مَاءَهُ الْمَحْضُ فِي الْبَيَاضِ، فَذَهَبُوا فَوَقَعُوا فِيهِ، ثُمَّ رَجَعُوا إِلَيْنَا قَدْ ذَهَبَ ذَلِكَ السُّوءُ عَنْهُمْ، فَصَارُوا فِي أَحْسَنِ صُورَةٍ ـ قَالَ ـ قَالاَ لِي هَذِهِ جَنَّةُ عَدْنٍ، وَهَذَاكَ مَنْزِلُكَ‏.‏ قَالَ فَسَمَا بَصَرِي صُعُدًا، فَإِذَا قَصْرٌ مِثْلُ الرَّبَابَةِ الْبَيْضَاءِ ـ قَالَ ـ قَالاَ هَذَاكَ مَنْزِلُكَ‏.‏ قَالَ قُلْتُ لَهُمَا بَارَكَ اللَّهُ فِيكُمَا، ذَرَانِي فَأَدْخُلَهُ‏.‏ قَالاَ أَمَّا الآنَ فَلاَ وَأَنْتَ دَاخِلُهُ‏.‏ قَالَ قُلْتُ لَهُمَا فَإِنِّي قَدْ رَأَيْتُ مُنْذُ اللَّيْلَةِ عَجَبًا، فَمَا هَذَا الَّذِي رَأَيْتُ قَالَ قَالاَ لِي أَمَا إِنَّا سَنُخْبِرُكَ، أَمَّا الرَّجُلُ الأَوَّلُ الَّذِي أَتَيْتَ عَلَيْهِ يُثْلَغُ رَأْسُهُ بِالْحَجَرِ، فَإِنَّهُ الرَّجُلُ يَأْخُذُ الْقُرْآنَ فَيَرْفُضُهُ وَيَنَامُ عَنِ الصَّلاَةِ الْمَكْتُوبَةِ، وَأَمَّا الرَّجُلُ الَّذِي أَتَيْتَ عَلَيْهِ يُشَرْشَرُ شِدْقُهُ إِلَى قَفَاهُ، وَمَنْخِرُهُ إِلَى قَفَاهُ، وَعَيْنُهُ إِلَى قَفَاهُ، فَإِنَّهُ الرَّجُلُ يَغْدُو مِنْ بَيْتِهِ فَيَكْذِبُ الْكَذْبَةَ تَبْلُغُ الآفَاقَ، وَأَمَّا الرِّجَالُ وَالنِّسَاءُ الْعُرَاةُ الَّذِينَ فِي مِثْلِ بِنَاءِ التَّنُّورِ فَإِنَّهُمُ الزُّنَاةُ وَالزَّوَانِي‏.‏ وَأَمَّا الرَّجُلُ الَّذِي أَتَيْتَ عَلَيْهِ يَسْبَحُ فِي النَّهَرِ وَيُلْقَمُ الْحَجَرَ، فَإِنَّهُ آكِلُ الرِّبَا، وَأَمَّا الرَّجُلُ الْكَرِيهُ الْمَرْآةِ الَّذِي عِنْدَ النَّارِ يَحُشُّهَا وَيَسْعَى حَوْلَهَا، فَإِنَّهُ مَالِكٌ خَازِنُ جَهَنَّمَ، وَأَمَّا الرَّجُلُ الطَّوِيلُ الَّذِي فِي الرَّوْضَةِ فَإِنَّهُ إِبْرَاهِيمُ صلى الله عليه وسلم وَأَمَّا الْوِلْدَانُ الَّذِينَ حَوْلَهُ فَكُلُّ مَوْلُودٍ مَاتَ عَلَى الْفِطْرَةِ ‏”‏‏.‏ قَالَ فَقَالَ بَعْضُ الْمُسْلِمِينَ يَا رَسُولَ اللَّهِ وَأَوْلاَدُ الْمُشْرِكِينَ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ وَأَوْلاَدُ الْمُشْرِكِينَ‏.‏ وَأَمَّا الْقَوْمُ الَّذِينَ كَانُوا شَطْرٌ مِنْهُمْ حَسَنًا وَشَطَرٌ مِنْهُمْ قَبِيحًا، فَإِنَّهُمْ قَوْمٌ خَلَطُوا عَمَلاً صَالِحًا وَآخَرَ سَيِّئًا، تَجَاوَزَ اللَّهُ عَنْهُمْ ‏”‏‏.‏

ജുൻദുബ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: “നിങ്ങളിൽ ആരെങ്കിലും എന്തെങ്കിലും സ്വപ്‌നം കണ്ടുവോ എന്ന് അല്ലാഹുവിന്റെ റസൂൽﷺ കൂട്ടുകാരോട് ചോദിക്കുമായിരുന്നു. അപ്പോൾ അത് തുറന്ന് പറയപ്പെടാൻ അല്ലാഹു ഉദ്ധേശിച്ചവർ അത് റസൂലിനോട് പറയുമായിരുന്നു. ഒരു പ്രഭാതത്തിൽ അല്ലാഹുവിന്റെ റസൂൽﷺ സ്വന്തം സ്വപ്‌നം ഇപ്രകാരം വിവരിച്ചു: ‘കഴിഞ്ഞ രാത്രിയിൽ സ്വപ്‌നത്തിൽ രണ്ടാളുകൾ എന്റെ അടുക്കൽ വന്നു. എന്നെ എഴുന്നേൽപിച്ചുകൊണ്ട് ‘പുറപ്പെടാം’ എന്ന് പറഞ്ഞു. ഞാൻ അവരോടൊപ്പം പുറപ്പെട്ടു. വഴിയിലൊരിടത്ത് ഒരാൾ കിടക്കുന്നത് കണ്ടു. മറ്റൊരാൾ ഒരു വലിയ കല്ല് ഉയർത്തിക്കൊണ്ട് അയാളുടെ തലയുടെ ഭാഗത്ത് നിൽക്കുന്നു. ആ കല്ലുകൊണ്ട് അയാളുടെ തല ചതയ്ക്കുകയാണ്. അപ്പോൾ ആ കല്ല് ഉരുണ്ടുപോവുകയും അയാൾ അതിനെ പിന്തുടർന്ന് അതിനെ തിരികെ എടുക്കുകയും ചെയ്യുന്നു. അയാൾ കിടക്കുന്ന ആ മനുഷ്യന്റെ തലക്ക് അടുത്തേക്ക് തിരിച്ചെത്തുമ്പോഴേക്കും അയാളുടെ തല പൂർവസ്ഥിതിയിൽ ആയിട്ടുണ്ടാകും. അയാൾ വീണ്ടും അയാളുടെ തലയിലേക്ക് കല്ല് എറിയും. ഞാൻ എന്റെ സഹയാത്രികരോട് ചോദിച്ചു: ‘ആരാണ് ഇവർ?’ അവർ പറഞ്ഞു: ‘മുന്നോട്ട് നീങ്ങുക.’

തുടർന്ന് അവർ മറ്റൊരാളുടെ പക്കലെത്തി. അയാൾ മലർന്ന് കിടക്കുകയാണ്. മറ്റൊരാൾ അയാളുടെ ശിരസ്സിന് സമീപം ഒരു ഇരുമ്പിന്റെ കൊളുത്തുമായി നിൽക്കുന്നു. അയാൾ ആ കൊളുത്ത് ആ മനുഷ്യന്റെ വായ്ക്കകത്ത് ഇട്ട് കവിളിന്റെ ഒരു വശം പുറകിലേക്ക് വലിക്കുന്നു. അതുപോലെ അയാളുടെ മൂക്കും പുറകിലേക്ക് വലിക്കുന്നു. അതുപോലെ കണ്ണും പുറകിലേക്ക് വലിക്കുന്നു. മുഖത്തിന്റെ മറ്റേഭാഗവും ഇതുപോലെ അയാൾ ചെയ്യുന്നുണ്ട്. ഒരുവശം മുഴുവനാക്കുമ്പോഴേക്കും മറുവശം പൂർവസ്ഥിതിയിൽ ആയിട്ടുണ്ടാകും. ഇത് ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. ഞാൻ എന്റെ സഹയാത്രികരോട് ചോദിച്ചു: ‘സുബ്ഹാനല്ലാഹ്! ആരാണിവർ?’ അവർ എന്നോട് ‘മുന്നോട്ട് നീങ്ങുക’ എന്ന് പറഞ്ഞു.

അവർ യാത്ര തുടർന്നു. അവർ ഒരു വലിയ മണ്ണടുപ്പിന്റെ അടുത്തെത്തി. അതിന്റെ ഉള്ളിൽനിന്നും പലവിധ ശബ്ദകോലാഹലങ്ങൾ കേൾക്കുന്നുണ്ട്. ഞങ്ങൾ അതിനകത്തേക്ക് എത്തിനോക്കി. നഗ്‌നരായ സ്ത്രീപുരുഷന്മാർ അതിൽ ഉണ്ടായിരുന്നു. അതാ, ഒരു വലിയ തീനാളം താഴ്ഭാഗത്തുനിന്നും അവരെ സമീപിക്കുന്നു. അവർ ഉച്ചത്തിൽ നിലവിളിക്കുന്നുണ്ട്. ഞാൻ എന്റെ സഹയാത്രികരോട് ചോദിച്ചു: ‘ആരാണിവർ?’ അവർ ‘മുന്നോട്ട് നീങ്ങുക’ എന്ന് പറഞ്ഞു.

അങ്ങനെ ഞങ്ങൾ ഒരു നദിയുടെ അടുത്തെത്തി. ആ നദിയിലെ ജലം രക്തംപോലെ ചുവന്നിട്ടായിരുന്നു. ആ നദിയിൽ ഒരാൾ നീന്തുന്നു. അതിന്റെ കരയിൽ മറ്റൊരാൾ കുറെ കല്ലുകളുമായി നിൽക്കുന്നു. നീന്തിക്കൊണ്ടിരിക്കെ തന്നെ അയാൾ കരയിലുള്ള മനുഷ്യന്റെ അടുത്തേക്ക് ചെല്ലുന്നു. അയാൾ വായ തുറക്കുമ്പോൾ കരയിലുള്ള ആൾ ഒരു കല്ല് അയാളുടെ വായിലേക്ക് ഇട്ടുകൊടുക്കുന്നു. അയാൾ അതുമായി വീണ്ടും നീന്തുന്നു. അയാൾ തിരികെ വരികയും ഇത് ആവർത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഞാൻ എന്റെ സഹയാത്രികരോട് ചോദിച്ചു: ‘ആരാണ് ഈ രണ്ട് വ്യക്തികൾ?’ അവർ എന്നോട് ‘മുന്നോട്ട് നീങ്ങുക’ എന്ന് പറഞ്ഞു.

പിന്നീട് ഞങ്ങൾ ഒരു മനുഷ്യന്റെ അടുത്തെത്തി. വിരൂപനായ ഒരാൾ. അതുപോലുള്ള വൈരൂപ്യം ആർക്കും കണ്ടിട്ടില്ല. അയാൾക്കരികിൽ അഗ്‌നിയുണ്ട്. അയാൾ അത് കത്തിച്ചുകൊണ്ട് അതിന് ചുറ്റും ഓടുന്നു. ഞാൻ എന്റെ സഹയാത്രികരോട് ചോദിച്ചു: ‘ആരാണിയാൾ?’ അവർ എന്നോട് ‘മുന്നോട്ട് നീങ്ങുക’ എന്ന് പറഞ്ഞു.

അങ്ങനെ ഞങ്ങൾ മുന്നോട്ട് നീങ്ങി. അപ്പോൾ വൃക്ഷങ്ങൾ ഇടതൂർന്ന ഒരു തോട്ടത്തിലെത്തി. എല്ലാത്തരം വർണങ്ങളും അതിലുണ്ട്. ആ തോട്ടത്തിന് നടുവിൽ പൊക്കമുള്ള ഒരു മനുഷ്യൻ നിൽക്കുന്നുണ്ട്. പൊക്കക്കൂടുതൽ കൊണ്ട് അയാളുടെ തല കാണാൻ കഴിയുന്നില്ല. അയാർക്ക് ചുറ്റും ധാരാളം കുട്ടികളുണ്ട്. ഞാൻ ചോദിച്ചു: ‘ആരാണിവർ?’ അവർ പറഞ്ഞു: ‘മുന്നോട്ട് നീങ്ങുക.’ അങ്ങനെ ഞങ്ങൾ വലിയ മറ്റൊരു തോട്ടത്തിനടുത്തെത്തി. ഞാൻ കണ്ടതിൽവെച്ച് ഏറ്റവും വലിയ തോട്ടം. എന്റെ സഹയാത്രികർ എന്നോട് പറഞ്ഞു: ‘താങ്കൾ മുകളിലേക്ക് കയറുക.’ അങ്ങനെ ഞങ്ങൾ മുകളിലേക്ക് കുറെ കയറിപ്പോയി. അവിടെ ഒരു നഗരത്തിലെത്തി. അത് നിർമിച്ചിരിക്കുന്നത് സ്വർണത്തിന്റെയും വെള്ളിയുടെയും ഇഷ്ടികകൊണ്ടാണ്. ഞങ്ങൾ അതിന്റെ വാതിലിനടുത്തേക്ക് പോയിട്ട് പാറാവുകാരനോട് വാതിൽ തുറക്കുവാൻ ആവശ്യപ്പെട്ടു. അയാൾ വാതിൽ തുറന്നുതന്നു. ഞങ്ങൾ നഗരത്തിലേക്ക് കടന്നു. അതിൽ ഞങ്ങൾ കുറെ മനുഷ്യരെ കണ്ടു. അവരുടെ ശരീരത്തിന്റെ ഒരു വശം മനോഹരമായതും മറുവശം വിരൂപവും ആയിരുന്നു. എന്റെ സഹയാത്രികർ അവരോട് നദിയിലേക്ക് ചാടുവാൻ ആവശ്യപ്പെട്ടു. ആ നദി ആ നഗരത്തിന്റെ നടുഭാഗത്താണ് സ്ഥിതിചെയ്തിരുന്നത്. അതിലെ ജലം പാൽപോലെ വെളുത്തിരുന്നു. ആ മനുഷ്യർ അതിൽ മുങ്ങിക്കുളിച്ച് കയറിവന്നപ്പോൾ അവരുടെ വൈരൂപ്യമെല്ലാം മാറി സൗന്ദര്യമുള്ളതായി ത്തീർന്നു. നബിﷺ അരുളി: ‘എന്റെ സഹയാത്രികർ എന്നോട് പറഞ്ഞു; അതാണ് ഏദൻ തോട്ടം. അവിടെയാണ് താങ്കളുടെ സ്ഥലം.’

ഞാൻ എന്റെ ദൃഷ്ടികൾ ഉയർത്തിനോക്കി. അതാ, അവിടെ വെളുത്ത മേഘം പോലെ ഒരു കൊട്ടാരം. എന്റെ സഹയാത്രികർ എന്നോട് പറഞ്ഞു: ‘ആ കൊട്ടാരം താങ്കളുടേതാണ്.’ ഞാൻ അവരോട് ചോദിച്ചു: ‘അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ, ഞാൻ അതിലേക്ക് ഒന്ന് പ്രവേശിക്കട്ടെേയാ?’ അവർ പറഞ്ഞു: ‘ഇപ്പോൾ താങ്കൾ അതിൽ പ്രവേശിക്കില്ല. എന്നാൽ അടുത്തുതന്നെ താങ്കൾ അതിൽ പ്രവേശിക്കുന്നതാണ്.’ ഞാൻ അവരോട് പറഞ്ഞു: ‘ഇന്ന് ഞാൻ ഒരുപാട് ആശ്ചര്യമുളവാക്കുന്ന സംഭവങ്ങൾ കണ്ടു. ഞാൻ കണ്ടതിന്റെയെല്ലാം പൊരുൾ എന്താണ്?’ അവർ പറഞ്ഞു: ‘ഞങ്ങൾ പറഞ്ഞുതരാം. കല്ലുകൊണ്ട് തല ചതയ്ക്കപ്പെട്ടതായി നിങ്ങൾ കണ്ട ആ മനുഷ്യൻ ക്വുർആൻ പഠിച്ചയാളാണ്. പിന്നീട് അത് പാരായണം ചെയ്യുകയോ അതനുസരിച്ച് ജീവിക്കുകയോ ചെയ്തിട്ടില്ല. നിർബന്ധനമസ്‌കാരം പോലും നിർവഹിക്കാതെ അയാൾ ഉറങ്ങുമായിരുന്നു. സ്വന്തം വായും മൂക്കും കണ്ണും കൊളുത്തുകൊണ്ട് വലിക്കപ്പെട്ടവൻ, രാവിലെ വീട്ടിൽനിന്ന് പുറത്ത് പോവുകയും ലോകത്തിന്റെ എല്ലാഭാഗത്തും പരക്കുംവിധം കളവ് പറയുകയും ചെയ്യുന്ന ആളാണ്. (കെട്ടിച്ചമച്ച ഹദീസുകൾ, കിംവദന്തികൾ, തമാശക്ക് പറയുന്ന നുണകൾ ഇവയെല്ലാം ഇക്കാലത്ത് മൊബൈൽ ഫോൺ വഴിയും സാമൂഹിക മാധ്യമങ്ങൾ വഴിയും പരത്തുന്നവർ, അതിന്റെ പരിണിത ഫലങ്ങളെക്കുറിച്ച് അറിയുന്നില്ല-വിവർത്തക).

നഗ്‌നരായി കാണപ്പെട്ട പുരുഷന്മാരും സ്ത്രീകളും വ്യഭിചാരികളും വ്യഭിചാരിണികളുമാണ്. രക്തത്തിന്റെ നദിയിൽ നീന്തുകയും വായിൽ കല്ല് പതിക്കുകയും ചെയ്തയാൾ പലിശ തിന്നുന്ന ആളാണ്. ഭയാനക രൂപത്തിൽ തീ കത്തിച്ചിരുന്ന ആൾ നരകത്തിന്റെ പാറാവുകാരനായ മാലിക് ആകുന്നു! ക്വുർആൻ പറയുന്നു: ‘നരകവാസികൾ വിളിച്ച് കേഴും: മാലികേ, അങ്ങയുടെ നാഥൻ ഞങ്ങൾക്ക് ഇപ്പോൾ തന്നെ മരണം തന്നിരുന്നെങ്കിൽ നന്നായേനെ. മാലിക് പറയും: നിങ്ങളിവിടെത്തന്നെ താമസിക്കേണ്ടവർ തന്നെയാണ്’ (സുഖ്‌റുഫ് 77).

തോട്ടത്തിന് നടുവിൽ നിന്നിരുന്ന ഏറെ ഉയരമുള്ള വ്യക്തി ഇബ്‌റാഹീം നബി عليه السلام യും അദ്ദേഹത്തിന്റെ ചുറ്റും കാണപ്പെട്ട ധാരാളം കുഞ്ഞുങ്ങൾ പ്രകൃതിമാർഗത്തിൽ മരിച്ച കുഞ്ഞുങ്ങളുമാണ്.

തദവസരം ഒരു സ്വഹാബി ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, അപ്പോൾ ബഹുദൈവാരാധകരുടെ കുഞ്ഞുങ്ങളോ?’ റസൂലുല്ലാഹി ﷺ  അരുളി: ‘ബഹുദൈവാരാധകരുടെ കുഞ്ഞുങ്ങളുമുണ്ടായിരിക്കും.’

അവർ പറഞ്ഞു: താങ്കൾ കണ്ട പകുതി വിരൂപനും പകുതി സുന്ദരനുമായ വ്യക്തികൾ സൽകർമങ്ങളും ദുഷ്‌കർമങ്ങളും കൂട്ടിക്കലർത്തിയ ജനങ്ങളാണ്. എന്നാൽ അല്ലാഹു അവർക്ക് പൊറുത്ത് കൊടുത്തിരിക്കുന്നു. (ബുഖാരി: 7047)

നബിﷺ യെക്കുറിച്ച് പരിശുദ്ധ ക്വുർആനിൽ പറയുന്നു:

لَقَدْ رَأَىٰ مِنْ ءَايَٰتِ رَبِّهِ ٱلْكُبْرَىٰٓ

തീർച്ചയായും തന്റെ രക്ഷിതാവിന്റെ അതിമഹത്തായ ചില ദൃഷ്ടാന്തങ്ങളിൽ ചിലത് അദ്ദേഹം കണ്ടിട്ടുണ്ട്. (അന്നജ്മ്: 18)

ഈ സംഭവം പ്രസ്തുത ദൃഷ്ടാന്തങ്ങളിലൊന്നാണ്. ഇതിലൂടെ അല്ലാഹു നബിക്ക് ധാരാളം പാരത്രിക കാര്യങ്ങൾ കാട്ടിക്കൊടുത്തു. ഇതിന്റെ കാര്യങ്ങൾ മനസ്സിലാക്കാൻ റസൂൽﷺ തിരക്ക് കൂട്ടിയത് മനുഷ്യസഹജമായ അവസ്ഥയാണ്. പക്ഷേ, കൂട്ടത്തിലുള്ള മലക്കുകൾ ക്ഷമിക്കാൻ പറയുകയും നബിﷺ ക്ഷമിക്കുകയും കാഴ്ചകൾ കണ്ടശേഷം യാഥാർഥ്യങ്ങൾ മനസ്സിലാക്കുകയും ചെയ്തു.

അല്ലാഹു പറയുന്നു:

خُلِقَ ٱلْإِنسَٰنُ مِنْ عَجَلٍ ۚ سَأُو۟رِيكُمْ ءَايَٰتِى فَلَا تَسْتَعْجِلُونِ

ധൃതികൂട്ടുന്നവനായിട്ടാകുന്നു മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. എന്റെ ദൃഷ്ടാന്തങ്ങൾ വഴിയെ ഞാൻ നിങ്ങൾക്ക് കാണിച്ചുതരുന്നതാണ്. അതിനാൽ നിങ്ങൾ എന്നോട് ധൃതികൂട്ടരുത്. (അൽഅൻബിയാഅ്: 37)

ഇപ്രകാരം നമ്മുടെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പാപങ്ങളുടെ പാരത്രിക പരിണിത ഫലങ്ങൾ നമുക്കിപ്പോൾ മനസ്സിലാകുകയില്ല. അല്ലാഹു അത് പരലോകത്തിലേക്ക് മാറ്റിവെച്ചിരിക്കുകയാണ്. പരലോകത്ത് എത്തുമ്പോൾ എല്ലാ യാഥാർഥ്യങ്ങളും നാം തിരിച്ചറിയും. ആകയാൽ നമ്മുടെ ജീവിതത്തിൽ അല്ലാഹുവിന്റെ വിധികളുമായി പൊരുത്തപ്പെടാനും വിധിവിലക്കുകൾ അംഗീകരിക്കുവാനും നാം തയ്യാറാകണം. എല്ലാത്തിന്റെയും കാരണം ഇപ്പോൾതന്നെ അറിയണമെന്ന് വാശിപിടിക്കരുത്. അല്ലാഹു തൗഫീഖ് നൽകട്ടെ.!

ഉപസംഹാരം

ഇമാം ഇബ്‌നുൽ ക്വയ്യിമിന്റെ രോഗവും മരുന്നും എന്ന അനുഗൃഹീത ഗ്രന്ഥത്തിലെ തെരഞ്ഞെടുക്കപ്പെട്ട വിവിധ ഭാഗങ്ങളാണ് മുകളിൽ ഉദ്ധരിച്ചത്. എല്ലാ രോഗങ്ങൾക്കും മരുന്നുകളുണ്ട്, എന്നാൽ പ്രധാനപ്പെട്ട രണ്ട് മരുന്നുകൾ പരിശുദ്ധ ക്വുർആനും നിഷ്‌കളങ്കമായ ദുആയുമാണ്, എല്ലാ രോഗങ്ങളും ഇവയിലൂടെ ചികിത്സിക്കേണ്ടതാണെങ്കിലും ഏറ്റവും ഗുരുതരമായ രോഗം പാപങ്ങളാണ്. കാരണം പാപങ്ങൾ ഇഹത്തിലും പരത്തിലും നാശനഷ്ടങ്ങൾക്ക് നിമിത്തമാണ്. പാപത്തിൽനിന്നുമുള്ള ചികിത്സ പശ്ചാത്താപമാണ്, എന്നീ കാര്യങ്ങളാണ് ഇതുവരെ വിവരിക്കപ്പെട്ടത്. ചുരുക്കത്തിൽ നാമെല്ലാവരും പശ്ചാത്താപത്തിന് തയ്യാറാകേണ്ടതാണ്. പശ്ചാത്താപം വെറും വാചകം കൊണ്ടല്ല എന്ന് മനസ്സിലാക്കുക. ചെയ്തുപോയ പാപത്തിൽ ദുഃഖിക്കുകയും ഇനിയൊരിക്കലും ചെയ്യുകയില്ലെന്ന് ഉറച്ചതീരുമാനമെടുക്കുകയും കഴിവിന്റെ പരമാവധി പരിഹാരങ്ങൾ നടത്തുകയും ചെയ്തുകൊണ്ട് പടച്ചവനോട് മാപ്പിനായി താണുകേണ് ഇരക്കുക എന്നതാണ് പശ്ചാത്താപം (ഇസ്തിഗ്ഫാർ) കൊണ്ടുള്ള വിവക്ഷ. ആകയാൽ ഇത്തരമൊരു പശ്ചാത്താപത്തിന് നാമെല്ലാവരും സന്നദ്ധരാകുകയും നിരന്തരം ഇത് നിർവഹിച്ചുകൊണ്ടിരിക്കുകയും ചെയ്യുക. പരിശുദ്ധ ക്വുർആനും ഹദീസുകളും പശ്ചാത്താപത്തെ പ്രേരിപ്പിക്കുക മാത്രമല്ല, അതുമായി ബന്ധപ്പെട്ട വിവിധ വചനങ്ങളും പഠിപ്പിച്ചുതരുന്നുണ്ട്. ഇവിടെ ഉപസംഹാരമെന്നോണം അതിൽ ചില വചനങ്ങൾ ഉദ്ധരിക്കുകയാണ്. ഇവ ഉപയോഗിച്ച് നാമെല്ലാവരും നിരന്തരം പശ്ചാത്തപിച്ച് മടങ്ങുക.

ക്വുർആനിലും സുന്നത്തിലുമുള്ള പാപമോചന തേട്ടങ്ങൾ:

رَبَّنَا ظَلَمْنَآ أَنفُسَنَا وَإِن لَّمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ ٱلْخَٰسِرِينَ

ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾ ഞങ്ങളോടുതന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങൾക്ക് പൊറുത്തുതരികയും കരുണകാണിക്കുകയും ചെയ്തില്ലെങ്കിൽ തീർച്ചയായും ഞങ്ങൾ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കും. (അൽഅഅ്‌റാഫ്: 23)

رَبِّ ٱجْعَلْنِى مُقِيمَ ٱلصَّلَوٰةِ وَمِن ذُرِّيَّتِى ۚ رَبَّنَا وَتَقَبَّلْ دُعَآءِ

എന്റെ രക്ഷിതാവേ, എന്നെ നീ നമസ്‌കാരം മുറപ്രകാരം നിർവഹിക്കുന്നവനാക്കേണമേ. എന്റെ സന്തതികളിൽ പെട്ടവരെയും (അപ്രകാരം ആക്കേണമേ). ഞങ്ങളുടെ രക്ഷിതാവേ, എന്റെ പ്രാർഥന നീ സ്വീകരിക്കുകയും ചെയ്യേണമേ. (ഇബ്‌റാഹീം: 40)

رَبَّنَا ٱغْفِرْ لِى وَلِوَٰلِدَىَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ ٱلْحِسَابُ

ഞങ്ങളുടെ രക്ഷിതാവേ, വിചാരണ നിലവിൽ വരുന്ന ദിവസം എനിക്കും എന്റെ മാതാപിതാക്കൾക്കും സത്യവിശ്വാസികൾക്കും നീ പൊറുത്തുതരേണമേ. (ഇബ്‌റാഹീം: 41)

رَبَّنَا ٱغْفِرْ لَنَا وَلِإِخْوَٰنِنَا ٱلَّذِينَ سَبَقُونَا بِٱلْإِيمَٰنِ وَلَا تَجْعَلْ فِى قُلُوبِنَا غِلًّا لِّلَّذِينَ ءَامَنُوا۟ رَبَّنَآ إِنَّكَ رَءُوفٌ رَّحِيمٌ

ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്കും വിശ്വാസത്തോടെ ഞങ്ങൾക്ക് മുമ്പ് കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങൾക്കും നീപൊറുത്തുതരേണമേ, സത്യവിശ്വാസം സ്വീകരിച്ചവരോട് ഞങ്ങളുടെ മനസ്സുകളിൽ നീ ഒരുവിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, തീർച്ചയായും നീ ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു. (അൽഹശ്ർ 10)

رَبَّنَآ أَتْمِمْ لَنَا نُورَنَا وَٱغْفِرْ لَنَآ ۖ إِنَّكَ عَلَىٰ كُلِّ شَىْءٍ قَدِيرٌ

ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ പ്രകാശം ഞങ്ങൾക്കു നീ പൂർത്തീകരിച്ച് തരികയും, ഞങ്ങൾക്കു നീ പൊറുത്തുതരികയും ചെയ്യേണമേ. തീർച്ചയായും നീ ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു. (അത്തഹ്‌രീം: 8)

رَبَّنَآ إِنَّنَآ ءَامَنَّا فَٱغْفِرْ لَنَا ذُنُوبَنَا وَقِنَا عَذَابَ ٱلنَّارِ

ഞങ്ങളുടെ നാഥാ, ഞങ്ങളിതാ വിശ്വസിച്ചിരിക്കുന്നു. അതിനാൽ ഞങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും, നരകശിക്ഷയിൽനിന്ന് ഞങ്ങളെ രക്ഷിക്കുകയും ചെയ്യേണമേ. (ആലുഇംറാൻ: 16)

رَبَّنَا ٱغْفِرْ لَنَا ذُنُوبَنَا وَإِسْرَافَنَا فِىٓ أَمْرِنَا وَثَبِّتْ أَقْدَامَنَا وَٱنصُرْنَا عَلَى ٱلْقَوْمِ ٱلْكَٰفِرِينَ

ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ പാപങ്ങളും,ഞങ്ങളുടെ കാര്യങ്ങളിൽ വന്നുപോയ അതിക്രമങ്ങളും ഞങ്ങൾക്ക് നീ പൊറുത്തുതരേണമേ. ഞങ്ങളുടെ കാലടികൾ നീ ഉറപ്പിച്ചു നിർത്തുകയും, സത്യനിഷേധികളായ ജനതക്കെതിരിൽ ഞങ്ങളെനീ സഹായിക്കുകയും ചെയ്യേണമേ. (ആലുഇംറാൻ: 147)

رَّبِّ ٱغْفِرْ وَٱرْحَمْ وَأَنتَ خَيْرُ ٱلرَّٰحِمِينَ

എന്റെ രക്ഷിതാവേ, നീ പൊറുത്തുതരികയും കരുണ കാണിക്കുകയും ചെയ്യേണമേ. നീ കാരുണികരിൽ ഏറ്റവും ഉത്തമനാണല്ലോ. (അൽമുഅ്മിനൂൻ 118)

പ്രവാചകൻﷺ തന്റെ സുഹൃത്തായ   അബൂബക്ർ رضى الله عنه വിന് പഠിപ്പിച്ച് കൊടുത്ത പ്രാർഥന:

അല്ലാഹുവേ, ഞാൻ എന്നോടുതന്നെ ധാരാളമായി അതിക്രമം പ്രവർത്തിച്ചിരിക്കുന്നു. നീയല്ലാതെ പാപങ്ങൾ പൊറുക്കില്ല. ആകയാൽ നിന്റെ പക്കലുള്ള പൊറുക്കലിൽനിന്ന് എനിക്ക് നീ പൊറുത്തുതരേണമേ. എനിക്ക് നീ കരുണയേകണേ. നിശ്ചയം, നീയാകുന്നു ഏറെ പൊറുക്കുന്നവനും കാരുണ്യവാനും. (ബുഖാരി, മുസ്‌ലിം).

അല്ലാഹുവേ, നിശ്ചയം ഞാൻ നിന്നെക്കൊണ്ട് ചോദിക്കുന്നു. അല്ലാഹുവേ, നീയാണ് ഏകനും പരാശ്രയ മുക്തനും. നീ ജനിച്ചിട്ടില്ല, ജനിക്കപ്പെട്ടവനുമല്ല, നിനക്ക് തുല്യമായി യാതൊന്നും തന്നെയില്ല. നീ എനിക്ക് എന്റെ പാപങ്ങൾ പൊറുത്തുതരേണമേ. നിശ്ചയം, നീയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാവാരിധിയും. (നസാഈ, അഹ്‌മദ്)

സയ്യിദുൽ ഇസ്തിഗ്ഫാർ

ഈ ദിക്‌റിനെക്കുറിച്ച് നബി ﷺ അരുളി:

وَمَنْ قَالَهَا مِنَ النَّهَارِ مُوقِنًا بِهَا، فَمَاتَ مِنْ يَوْمِهِ قَبْلَ أَنْ يُمْسِيَ، فَهُوَ مِنْ أَهْلِ الْجَنَّةِ، وَمَنْ قَالَهَا مِنَ اللَّيْلِ وَهْوَ مُوقِنٌ بِهَا، فَمَاتَ قَبْلَ أَنْ يُصْبِحَ، فَهْوَ مِنْ أَهْلِ الْجَنَّةِ

ഒരാൾ ഇതിനെക്കുറിച്ചുള്ള ദൃഢവിശ്വാസത്തോടെ പകലിൽ ഈ ദിക്ർ ചൊല്ലുകയും അങ്ങനെ ആ പകലിൽ വൈകുന്നേരമാകുന്നതിന് മുമ്പ് അയാൾ മരണപ്പെടുകയും ചെയ്താൽ അയാൾ സ്വർഗാവകാശിയാണ്. അതുപോലെ ദൃഢവിശ്വാസത്തോടെ രാത്രിയിൽ ഇത് ചൊല്ലിയാൽ നേരം പുലരും മുമ്പ് അയാൾ മരിച്ചാൽ അയാൾ സ്വർഗാവകാശിയാണ്. (ബുഖാരി:6306)

اللَّهُمَّ أَنْتَ رَبِّي ، لا إِلَه إِلاَّ أَنْتَ خَلَقْتَني وأَنَا عَبْدُكَ ، وأَنَا على عهْدِكَ ووعْدِكَ ما اسْتَطَعْتُ ، أَعُوذُ بِكَ مِنْ شَرِّ ما صنَعْتُ ، أَبوءُ لَكَ بِنِعْمتِكَ علَيَ ، وأَبُوءُ بذَنْبي فَاغْفِرْ لي ، فَإِنَّهُ لا يغْفِرُ الذُّنُوبِ إِلاَّ أَنْتَ

അല്ലാഹുവേ, നീയാണ് എന്റെ രക്ഷിതാവ്. നീയല്ലാതെ ആരാധനയ്ക്കർഹനായി മറ്റാരുമില്ല. നീയാണ് എന്നെ സൃഷ്ടിച്ചത്. ഞാൻ നിന്റെ ദാസനാണ്. ഞാൻ നിന്നോടുള്ള കരാറും വാഗ്ദാനവും കഴിയുന്നത്ര പാലിക്കുന്നു. ഞാൻ ചെയ്തുപോയ എല്ലാ തിന്മകളിൽനിന്നും നിന്നോട് ശരണം തേടുന്നു. എനിക്ക് നീ അനുഗ്രഹം ചെയ്തത് ഞാൻ അംഗീകരിക്കുന്നു. എന്റെ പാപങ്ങൾ ഞാൻ നിന്നോട് സമ്മതിക്കുന്നു. അതിനാൽ നീ എനിക്ക് പൊറുത്തുതരേണമേ. തീർച്ചയായും നീയല്ലാതെ പാപങ്ങൾ പൊറുക്കുകയില്ല.

 

ക്രോഡീകരണം: ഉസ്താദത്ത് ഈമാൻ ഉബൈദ്

വിവർത്തനം: ബിൻത് മുഹമ്മദ്

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *