ദഅ്‌വത്ത് : ബാധ്യതയും നിര്‍വഹണവും

‘ദഅ്‌വത്ത്’ എന്ന പദത്തിന്റെ ഭാഷാര്‍ഥം ‘ഭക്ഷണത്തിലേക്കോ മറ്റോ ആളുകളെ ക്ഷണിക്കുക, വിളിക്കുക’ എന്നൊക്കെയാണ്. എന്നാല്‍ അതിന്റെ സാങ്കേതികാര്‍ഥം ‘അല്ലാഹു തൃപ്തിപ്പെട്ട ദീനിലേക്ക് ആളുകളെ ക്ഷണിക്കുക, വിളിക്കുക’ എന്നതാണ്.

അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളില്‍ വെച്ച് ഏറ്റവും വലിയ അനുഗ്രഹമായ ‘ഹിദായത്ത്’ നുകരാന്‍ ഭാഗ്യം ലഭിച്ചവരാണ് നമ്മളെങ്കില്‍ മറ്റുള്ളവര്‍ക്ക് കൂടി ഈ ഹിദായത്തിന്റെ വെളിച്ചം ലഭിക്കാന്‍ അവരിലേക്കും ഇസ്‌ലാമിന്റെ സന്ദേശം എത്തിച്ചുകൊടുക്കുക എന്നത് വിശ്വാസികളുടെ ബാധ്യതയാണ്. അല്ലാഹു പറയുന്നു:

يَٰٓأَيُّهَا ٱلرَّسُولُ بَلِّغْ مَآ أُنزِلَ إِلَيْكَ مِن رَّبِّكَ ۖ وَإِن لَّمْ تَفْعَلْ فَمَا بَلَّغْتَ رِسَالَتَهُۥ ۚ وَٱللَّهُ يَعْصِمُكَ مِنَ ٱلنَّاسِ ۗ إِنَّ ٱللَّهَ لَا يَهْدِى ٱلْقَوْمَ ٱلْكَٰفِرِينَ

ഹേ; റസൂലേ, നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് നിനക്ക് അവതരിപ്പിക്കപ്പെട്ടത് നീ (ജനങ്ങള്‍ക്ക്‌) എത്തിച്ചുകൊടുക്കുക. അങ്ങനെ ചെയ്യാത്ത പക്ഷം നീ അവന്‍റെ ദൌത്യം നിറവേറ്റിയിട്ടില്ല. ജനങ്ങളില്‍ നിന്ന് അല്ലാഹു നിന്നെ രക്ഷിക്കുന്നതാണ്‌. സത്യനിഷേധികളായ ആളുകളെ തീര്‍ച്ചയായും അല്ലാഹു നേര്‍വഴിയിലാക്കുകയില്ല. (ഖുര്‍ആൻ:5/67)

وَٱدْعُ إِلَىٰ رَبِّكَ ۖ وَلَا تَكُونَنَّ مِنَ ٱلْمُشْرِكِينَ ‎

നിന്‍റെ രക്ഷിതാവിങ്കലേക്ക് നീ ക്ഷണിക്കുക. നീ ബഹുദൈവവിശ്വാസികളുടെ കൂട്ടത്തിലായിപ്പോകരുത്‌. (ഖുർആൻ:28/87)

قُلْ هَٰذِهِۦ سَبِيلِىٓ أَدْعُوٓا۟ إِلَى ٱللَّهِ ۚ عَلَىٰ بَصِيرَةٍ أَنَا۠ وَمَنِ ٱتَّبَعَنِى

(നബിയേ,) പറയുക: ഇതാണ് എന്‍റെ മാര്‍ഗം. ദൃഢബോധ്യത്തോട് കൂടി അല്ലാഹുവിലേക്ക് ഞാന്‍ ക്ഷണിക്കുന്നു. ഞാനും എന്നെ പിന്‍പറ്റിയവരും. (ഖുർആൻ:12/108)

നൻമ കൽപ്പിക്കലും തിൻമ തടയലും മുസ്ലിംകളുടെ പൊതുകടമയാണ്.

وَٱلْعَصْرِ ‎﴿١﴾‏ إِنَّ ٱلْإِنسَٰنَ لَفِى خُسْرٍ ‎﴿٢﴾‏ إِلَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ وَتَوَاصَوْا۟ بِٱلْحَقِّ وَتَوَاصَوْا۟ بِٱلصَّبْرِ ‎﴿٣﴾‏

കാലം തന്നെയാണ് സത്യം, തീര്‍ച്ചയായും മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാകുന്നു; വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, സത്യം കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ. (ഖുർആൻ:103/1-3)

പരലോകത്ത് നഷ്ടത്തില്‍നിന്നു മുക്തരാകുന്നവര്‍ നാല് ഗുണങ്ങളാര്‍ജിച്ചവര്‍ മാത്രമാണെന്ന് അറിയിക്കുന്നു. (1) സത്യവിശ്വാസം, (2) സല്‍ക്കര്‍മം, (3) തമ്മില്‍തമ്മില്‍ സത്യം ഉപദേശിക്കുക, (4) തമ്മില്‍തമ്മില്‍ ക്ഷമ ഉപദേശിക്കുക എന്നിവയാണ് ആ നാല് ഗുണങ്ങള്‍.

فَبِالْأَمْرَيْنِ الْأَوَّلَيْنِ، يُكَمِّلُ الْعَبْدُ نَفْسَهُ، وَبِالْأَمْرَيْنِ الْأَخِيرَيْنِ يُكَمِّلُ غَيْرَهُ، وَبِتَكْمِيلِ الْأُمُورِ الْأَرْبَعَةِ، يَكُونُ الْعَبْدُ قَدْ سَلِمَ مِنَ الْخَسَارِ، وَفَازَ بِالرِّبْحِ الْعَظِيمِ .

ആദ്യത്തെ രണ്ടു കാര്യങ്ങള്‍ മനുഷ്യന്‍ അവനുവേണ്ടി പൂര്‍ത്തിയാക്കണം. അവസാനത്തെ രണ്ടുകാര്യങ്ങള്‍ മറ്റുള്ളവര്‍ക്കുവേണ്ടി പൂര്‍ത്തിയാക്കണം. ഈ നാലു കാര്യങ്ങള്‍ പൂര്‍ത്തിയായാല്‍ മനുഷ്യന്‍ നഷ്ടത്തില്‍നിന്ന് രക്ഷപ്പെടുകയും മഹത്തായ ലാഭംകൊണ്ട് വിജയിക്കുകയും ചെയ്യും. (തഫ്‌സീറുസ്സഅദി)

സത്യവിശ്വാസം സ്വീകരിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും മാത്രം പോരാ.  നൻമ കൽപ്പിക്കലും തിൻമ തടയലും വേണം. വ്യക്തിപരമെന്നോ, സാമൂഹ്യമെന്നോ വ്യത്യാസമില്ലാതെ എല്ലാ കാര്യത്തിലും ഓരോരുത്തനും അവനവന്റെ കഴിവനുസരിച്ച് ഇത് നിര്‍വഹിക്കുവാന്‍ ബാധ്യസ്ഥനാകുന്നു.

عَنْ عَبْدِ اللَّهِ بْنِ عَمْرٍو، أَنَّ النَّبِيَّ صلى الله عليه وسلم قَالَ: بَلِّغُوا عَنِّي وَلَوْ آيَةً

അബ്ദുല്ലാഹിബ്‌നു അംറിബ്‌നു ആസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു ആയത്തെങ്കിലും എന്നിൽ നിന്ന് നിങ്ങൾ മറ്റുള്ളവർക്ക് എത്തിച്ചു കൊടുക്കുവീൻ……. (ബുഖാരി:3461)

رحم الله امرأ سمع مني حديثا فحفظه ، حتى يبلغه غير

നബി ﷺ പറഞ്ഞു:എന്നിൽ നിന്ന് ഒരു ഹദീസ് കേൾക്കുകയും അത് താൻ അല്ലാത്തവരിലേക്ക് എത്തിക്കുന്നതുവരെ അതിനെ സംരക്ഷിക്കുകയും ചെയ്ത ഒരാളോട് അല്ലാഹു കരുണ കാണിക്കട്ടേ. (സ്വഹീഹു ഇബ്നിഹിബ്ബാൻ, ശുഐബ് അൽഅർനാഊത് ഹദീസിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.)

نَضَّرَ اللَّهُ امْرَأً سَمِعَ مَقَالَتِي فَبَلَّغَهَا فَرُبَّ حَامِلِ فِقْهٍ غَيْرُ فَقِيهٍ وَرُبَّ حَامِلِ فِقْهٍ إِلَى مَنْ هُوَ أَفْقَهُ مِنْهُ

നബി ﷺ പറഞ്ഞു:എന്റെ സംസാരത്തെ കേൾക്കുകയും അത് (ജനങ്ങളിലേക്ക്) എത്തിച്ച് കൊടുക്കുകയും ചെയ്യുന്നവനെ അല്ലാഹു പ്രകാശിപ്പിക്കുമാറാകട്ടെ. കാരണം, എത്ര ജ്ഞാനം വഹിക്കുന്നവരാണ് അവർ വഹിക്കുന്ന ജ്ഞാനം പൂർണമായി അറിയാത്തവരായിട്ടുള്ളത്. എത്ര ജ്ഞാനം വഹിക്കുന്നവരാണ് തന്നേക്കാൾ അറിവുള്ളവരിലേക്ക് അറിവ് എത്തിച്ച് കൊടുക്കുന്നവരായി ഉള്ളത്. (ഇബ്നുമാജ:3056)

മഹത്തായ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ട ഒരു കര്‍മമാണ് ഇസ്‌ലാമിക പ്രബോധനം.

عَنْ سَهْلٍ، – يَعْنِي ابْنَ سَعْدٍ – عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ :‏ وَاللَّهِ لأَنْ يُهْدَى بِهُدَاكَ رَجْلٌ وَاحِدٌ خَيْرٌ لَكَ مِنْ حُمْرِ النَّعَمِ

സഹ്‌ലുബ്‌നു സഅദ് رَضِيَ اللَّهُ عَنْهُ വിൽ നിന്നും നിവേദനം :നബി ﷺ പറഞ്ഞു: ‘അല്ലാഹു തന്നെയാണ് സത്യം! നീ വഴി ഒരാളെ അല്ലാഹു ഹിദായത്തിലാക്കുക എന്നത് ചുവന്ന ഒട്ടകങ്ങള്‍ കിട്ടുന്നതിനെക്കാള്‍ നിനക്കുത്തമമാണ്. (അബൂദാവൂദ്:3661)

عَنْ أَبِي مَسْعُودٍ الأَنْصَارِيِّ، قَالَ  رَسُولُ اللَّهِ صلى الله عليه وسلم ‏: مَنْ دَلَّ عَلَى خَيْرٍ فَلَهُ مِثْلُ أَجْرِ فَاعِلِهِ ‏

അബൂമസ്ഊദുല്‍ അന്‍സാരി رَضِيَ اللَّهُ عَنْهُ വിൽ നിന്നും നിവേദനം : നബി ﷺ പറഞ്ഞു: നന്മ അറിയിച്ചുകൊടുക്കുന്നതാരോ അവന് അത് പ്രവര്‍ത്തിച്ചതിനു തുല്യമായ പ്രതിഫലം ലഭിക്കുന്നതാണ്. (മുസ്‌ലിം 1893)

ഇമാം നവവി رحمه الله പറഞ്ഞു: പ്രസ്തുത അറിയിക്കൽ വാക്ക് കൊണ്ടോ ആംഗ്യം കൊണ്ടോ എഴുത്തുകൊണ്ടോ ആയാലും ശരി. (ശറഹു മുസ്ലിം)

قال ‎ابن عثيمين رحمه الله: كلما سمحت الفرصة لنشر السنة فانشرها؛ يكن لك أجرها وأجر من عمل بها إلى يوم القيامة.

ഇബ്നു ഉഥൈമീന്‍ رحمه الله പറഞ്ഞു : ഒരു സുന്നത്ത് അറിയിച്ചു കൊടുക്കാൻ നിങ്ങൾക്ക് എപ്പോഴൊക്കെ അവസരം കിട്ടുന്നുവോ , നിങ്ങൾ അത് ചെയ്യുക. നിങ്ങൾക്ക് ആ സുന്നത്തിന് പ്രതിഫലം ലഭിക്കുകയും , അത് പോലെ തന്നെ ഖിയാമത്ത് നാൾ വരെ ആര് അത് അനുസരിച്ച് പ്രവർത്തിച്ചാൽ അതിനും പ്രതിഫലം ലഭിക്കും. (ശറഹു രിയാദു സ്വാലിഹീൻ)

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : مَنْ سَنَّ فِي الإِسْلاَمِ سُنَّةً حَسَنَةً فَعُمِلَ بِهَا بَعْدَهُ كُتِبَ لَهُ مِثْلُ أَجْرِ مَنْ عَمِلَ بِهَا وَلاَ يَنْقُصُ مِنْ أُجُورِهِمْ شَىْءٌ

നബി ﷺ പറഞ്ഞു: ആരെങ്കിലും ഇസ്ലാമിൽ (വിസ്മരിക്കപ്പെട്ട) ഒരു നല്ല ചര്യയെ പുനരുജ്ജീവിപ്പിച്ചാൽ, അതിനുള്ള പ്രതിഫലവും ശേഷം അത് ചെയ്യുന്നവരുടെ പ്രതിഫലവും അവന് ഉണ്ടായിരിക്കും; അവരുടെ പ്രതിഫലത്തിൽനിന്ന് ഒട്ടും കുറയാതെ തന്നെ.’ (മുസ്ലിം:1017)

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ: مَنْ دَعَا إِلَى هُدًى كَانَ لَهُ مِنَ الأَجْرِ مِثْلُ أُجُورِ مَنْ تَبِعَهُ لاَ يَنْقُصُ ذَلِكَ مِنْ أُجُورِهِمْ شَيْئًا

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:ആരെങ്കിലും ഒരാളെ ഒരു സല്‍പ്രവര്‍ത്തിയിലേക്ക് ക്ഷണിച്ചാല്‍, ആ ക്ഷണം സ്വീകരിക്കുന്നവരുടെ പ്രതിഫലത്തിന് തുല്യമായ പ്രതിഫലം ക്ഷണിക്കുന്നവനും ലഭിക്കും. അതുമൂലം അവരില്‍ ഏതെങ്കിലും ഒരാളുടെ പ്രതിഫലത്തിന് യാതൊരു കുറവും സംഭവിക്കില്ല. (അബൂദാവൂദ് :4609)

അല്ലാഹുവിലേക്ക് ക്ഷണിക്കുക എന്ന ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനത്തെക്കാള്‍ ഉത്തമമായ ഒരു കാര്യം വേറെയുണ്ടോ എന്ന അല്ലാഹുവിന്റെ ചോദ്യം ദഅ്‌വഃ രംഗത്ത് സജീവമായ സാന്നിധ്യം രേഖപ്പെടുത്താന്‍ ഒരു സത്യവിശ്വാസിയെ കൂടുതല്‍ പ്രേരിപ്പിക്കുന്നു എന്ന കാര്യത്തില്‍ സംശയമില്ല. അല്ലാഹു പറയുന്നു:

وَمَنْ أَحْسَنُ قَوْلًا مِّمَّن دَعَآ إِلَى ٱللَّهِ وَعَمِلَ صَٰلِحًا وَقَالَ إِنَّنِى مِنَ ٱلْمُسْلِمِينَ

അല്ലാഹുവിലേക്ക് ക്ഷണിക്കുകയും സല്‍കര്‍മം പ്രവര്‍ത്തിക്കുകയും തീര്‍ച്ചയായും ഞാന്‍ മുസ്‌ലിംകളുടെ കൂട്ടത്തിലാകുന്നു എന്ന് പറയുകയും ചെയ്തവനെക്കാള്‍ ഉത്തമമായ വാക്ക് പറയുന്നവന്‍ ആരുണ്ട്? (ഖുർആൻ:41/33)

ഇമാം ശൗകാനി رحمه الله പറഞ്ഞു: അല്ലാഹുവിലേക്ക്‌ ക്ഷണിക്കുന്നവനേക്കാള്‍ ഉത്തമനും
അവന്റെ മാര്‍ഗ്ലത്തേക്കാള്‍ സുവ്യക്തമായ മാര്‍ഗ്ലമുള്ളവനും കര്‍മ്മത്തിന്‌ അധികരിച്ച പ്രതിഫലമുള്ളവനുമായി യാതൊരാളുമില്ല.

ഇമാം ഹസനുല്‍ബസ്വരി رحمه الله പറഞ്ഞു: “അല്ലാഹുവിന്റെ വിളിക്ക്‌ അല്ലാഹുവിന്‌ ഉത്തരം നല്‍കിയ വിശ്വാസിയത്രേ ഇത്‌. അല്ലാഹുവിന്റെ വിളിക്ക്‌ അവന്‌ ഉത്തരം നല്‍കിയതിലേക്ക്‌ ജനങ്ങളെ ക്ഷണിക്കുകയും അല്ലാഹുവിന്‌ ഉത്തരം നല്‍കിയതില്‍ സുകൃതം പവര്‍ത്തിക്കുകയും ചെയ്തു ഇയാള്‍. ഇദ്ദേഹമത്രേ അല്ലാഹുവിന്റെ ഹബീബ്‌. ഇദ്ദേഹമത്രേ അല്ലാഹുവിന്റെ വലിയ്യും.”

അല്ലാമാ അബ്ദുർറഹ്മാൻ അസ്സഅ്ദി رحمه الله പറഞ്ഞു: ദഅ്‌വത്തി ന്റെ ഉന്നത പദവി നേടുന്നത് സ്വശരീരങ്ങളേയും മറ്റുള്ളവരേയും പൂർ ണ്ണതയിലെത്തിക്കുവാൻ പണിയെടുക്കുന്ന സ്വിദ്ദീക്വീങ്ങളായിരിക്കും. അവർക്ക് അല്ലാഹുവിന്റെ തിരുദൂതന്മാരിൽ നിന്നുള്ള സമ്പൂർണ്ണമായ അനന്തരാവകാശം നേടിക്കൊടുക്കുന്നത് അവരുടെ ദഅ്‌വത്താകുന്നു.

ദഅ്വത്ത് നിർവ്വഹിക്കുന്നവർക്കുള്ള പുണ്യം മരണാനന്തരവും നിലനിൽക്കുന്നു.

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : من سنَّ سنةً حسنةً فله أجرُها ما عُمِلَ بها في حياتِه وبعد موتِه حتى تُتركَ ومن سنَّ سنةً سيئةً فعليه إثمُها ما عُمِلَ بها في حياتِه وبعد موتِه حتى تُتُركَ

നബി ﷺ പറഞ്ഞു: ആരെങ്കിലും ഒരു നല്ല ചര്യ നടപ്പാക്കിയാൽ, അത് പ്രവർത്തിക്കപ്പെടുന്ന കാലത്തോളം അയാളുടെ ജീവിതകാലത്തും മരണശേഷവും അതിനുള്ള പ്രതിഫലം അയാൾക്കുണ്ട്; പ്രസ്തുത ചര്യ ഉപേക്ഷിക്ക പ്പെടുന്നതു വരെ. (ത്വബ്റാനി)

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ : إِذَا مَاتَ الإِنْسَانُ انْقَطَعَ عَنْهُ عَمَلُهُ إِلاَّ مِنْ ثَلاَثَةٍ إِلاَّ مِنْ صَدَقَةٍ جَارِيَةٍ أَوْ عِلْمٍ يُنْتَفَعُ بِهِ أَوْ وَلَدٍ صَالِحٍ يَدْعُو لَهُ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആദമിന്റെ മക്കൾ മരണപ്പെട്ടു കഴിഞ്ഞാൽ മൂന്ന് കാര്യങ്ങളല്ലാത്തതെല്ലാം അവരിൽ നിന്ന് മുറിഞ്ഞു പോകുന്നതാണ്. നിലനിൽക്കുന്ന ദാനധർമ്മം, ഉപകാരപ്രദമായ വിജ്ഞാനം, അവനുവേണ്ടി പ്രാർത്ഥിക്കുന്ന നല്ലവരായ സന്താനങ്ങൾ എന്നിവയാണത്. (മുസ്‌ലിം: 1631)

മസ്ജിദുല്‍ ഹറമിലും മസ്ജിദുന്നബവിയിലും മസ്ജിദുല്‍ അക്വ്‌സയിലും നമസ്‌കരിച്ചാല്‍ വലിയ പ്രതിഫലമുണ്ടെന്നറിഞ്ഞിട്ടും വിടവാങ്ങല്‍ പ്രസംഗത്തില്‍ നബി ﷺ ‘ഇവിടെ ഹാജറുള്ളവര്‍ ഹാജറില്ലാത്തവര്‍ക്ക് ഈ സന്ദേശം എത്തിച്ചുകൊടുക്കട്ടെ’ എന്ന് പ്രഖ്യാപിച്ചതിനാല്‍ സ്വന്തം നാടും വീടും വിട്ട് മസ്ജിദുല്‍ ഹറമിനോടും മസ്ജിദുന്നബവിയോടും മസ്ജിദുല്‍ അക്വ്‌സയോടും വിടചൊല്ലി തങ്ങളുടെ കുതിരകളും ഒട്ടകങ്ങളും കഴുതകളും എവിടേക്കാണോ തിരിഞ്ഞ് നില്‍ക്കുന്നത് അവിടേക്ക് ഇസ്‌ലാമിക പ്രബോധനത്തിനായി അവര്‍ പോയത് എന്തിനാണ്? ദഅ്‌വത്തിന്റെ ബാധ്യതയും ഉത്തരവാദിത്തവും അതിന്റെ പ്രതിഫലവും കൃത്യമായി ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞത്‌കൊണ്ട് തന്നെയാണ് അത് എന്ന് ചരിത്രം നമ്മോട് വിളിച്ചുപറയുന്നു.

ദഅ്‌വത്തിന്റെ രീതി ശാസ്ത്രം

ദഅ്‌വത്ത് ഒരു നിര്‍ബന്ധ ബാധ്യതയാണ് എന്നും പ്രസ്തുത കര്‍മത്തിന് മഹത്തായ പ്രതിഫലമുണ്ട് എന്നും പഠിപ്പിച്ച ഇസ്‌ലാം പ്രബോധനം ചെയ്യേണ്ടതിന്റെ രീതിശാസ്ത്രവും പഠിപ്പിച്ച് തന്നിട്ടുണ്ട്.

ٱدْعُ إِلَىٰ سَبِيلِ رَبِّكَ بِٱلْحِكْمَةِ وَٱلْمَوْعِظَةِ ٱلْحَسَنَةِ ۖ وَجَٰدِلْهُم بِٱلَّتِى هِىَ أَحْسَنُ ۚ إِنَّ رَبَّكَ هُوَ أَعْلَمُ بِمَن ضَلَّ عَن سَبِيلِهِۦ ۖ وَهُوَ أَعْلَمُ بِٱلْمُهْتَدِينَ

യുക്തിദീക്ഷയോടു കൂടിയും, സദുപദേശം മുഖേനയും നിന്‍റെ രക്ഷിതാവിന്‍റെ മാര്‍ഗത്തിലേക്ക് നീ ക്ഷണിച്ച് കൊള്ളുക. ഏറ്റവും നല്ല രീതിയില്‍ അവരുമായി സംവാദം നടത്തുകയും ചെയ്യുക. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് തന്‍റെ മാര്‍ഗം വിട്ട് പിഴച്ച് പോയവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ. സന്‍മാര്‍ഗം പ്രാപിച്ചവരെപ്പറ്റിയും നല്ലവണ്ണം അറിയുന്നവനത്രെ. (ഖുർആൻ:16/125)

ഇവിടെ ‘യുക്തിദീക്ഷ’ എന്നത് കൊണ്ട് ഉദ്ദേശിച്ചത് ‘ഹിക്മത്ത്’ ആണ്. എന്താണ് ‘ഹിക്മത്ത്’?

ശൈഖ് ഇബ്‌നുബാസ് رَضِيَ اللَّهُ عَنْهُ പറഞ്ഞു: ‘സത്യത്തെ വെളിപ്പെടുത്തുകയും അസത്യത്തെ തകര്‍ത്ത് കളയുകയും ചെയ്യുന്ന സുവ്യക്തമായ തെളിവാണ്’ ഇവിടെ ഹിക്മത്ത് എന്നത് കൊണ്ട് വിവക്ഷിക്കുന്നത്.

തെളിവുകള്‍ മുന്നില്‍ വെച്ച് കൊണ്ടുള്ള പ്രമാണബദ്ധമായ പ്രബോധനത്തിന്റെ രീതിശാസ്ത്രത്തെയാണ് ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നത് എന്നര്‍ഥം.

പ്രബോധിത സമൂഹത്തിന്റെ പള്‍സ് അറിയാത്ത ദഅ്‌വത്ത് നിരര്‍ഥകമായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. പ്രബോധിത സമൂഹം അജ്ഞരായതിനാല്‍ ഒരു ഉപ്പ മകനെ ഉപദേശിക്കുന്ന രൂപത്തില്‍ ക്വുര്‍ആനും സുന്നത്തും ഉപയോഗിച്ച് പ്രസ്തുത സമൂഹത്തോട് സദുപദേശം എന്ന രീതിയാണ് സ്വീകരിക്കേണ്ടത് എന്നും അല്ലാഹു പഠിപ്പിച്ച് തന്നു. വ്യക്തിബാധ്യത എന്നതിലുപരി ഒരു സമൂഹത്തിന്റെ ബാധ്യതകൂടിയാണ് ദഅ്‌വാ നിര്‍വഹണം.

وَلْتَكُن مِّنكُمْ أُمَّةٌ يَدْعُونَ إِلَى ٱلْخَيْرِ وَيَأْمُرُونَ بِٱلْمَعْرُوفِ وَيَنْهَوْنَ عَنِ ٱلْمُنكَرِ ۚ وَأُو۟لَٰٓئِكَ هُمُ ٱلْمُفْلِحُونَ

നന്‍മയിലേക്ക് ക്ഷണിക്കുകയും, സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളില്‍ നിന്ന് ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികള്‍. (ഖു൪ആന്‍:3/104)

ശൈഖ് ഇബ്‌നുബാസ് رحمه الله പറയുന്നു: ഓരോരുത്തരും അവരവര്‍ക്ക് നല്‍കപ്പെട്ട കഴിവുകള്‍ ഉപയോഗിച്ച് കൊണ്ട് ദഅ്‌വത്ത് നിര്‍വഹിക്കല്‍ അനിവാര്യമാണ്. ഒരു നാട്ടിലേക്ക് മൊത്തത്തില്‍ നോക്കുകയാണെങ്കില്‍ ദഅ്‌വാ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി അവിടെ ഒരു ‘കൂട്ടായ്മ’ ഉണ്ടാവുകയാണ് വേണ്ടത്. ചില സന്ദര്‍ഭങ്ങളില്‍ ദഅ്‌വത്ത് ഒരു ഒഴിച്ചുകൂടാനാവാത്ത വ്യക്തി ബാധ്യതയായിത്തീരും. ഉദാഹരണത്തിന് ഒരു പ്രദേശത്ത് നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നതിലൂടെ ആ ബാധ്യത നിര്‍വഹിക്കാന്‍ നീയല്ലാതെ മറ്റാരുമില്ലെങ്കില്‍ നിനക്കത് നിര്‍ബന്ധ ബാധ്യതയാണ്.

കാരാഗൃഹത്തില്‍ അടക്കപ്പെട്ട സമയത്ത് പോലും കിട്ടിയ അവസരത്തെ മുതല്‍കൂട്ടായി സ്വീകരിച്ച് സ്വപ്‌നവ്യാഖ്യാനം ചോദിക്കാന്‍ വന്ന സഹോദരങ്ങളോട് അല്ലാഹുവിന്റെ ഏകത്വത്തെക്കുറിച്ചും ജീവിതലക്ഷ്യത്തെക്കുറിച്ചും പറഞ്ഞ് കൊടുത്ത മഹാനായ യൂസുഫ് നബി  عليه السلام ഏത് അവസരങ്ങളെയും ദഅ്‌വാ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്ന കാര്യത്തില്‍ മാതൃകയാണെന്ന് പറയാം.

പ്രബോധനം: ലക്ഷ്യങ്ങള്‍

ഇസ്‌ലാമിക പ്രബോധനം കൊണ്ട് ഒരു പ്രബോധകന്‍ ലക്ഷ്യംവെക്കേണ്ട ഒന്നാമത്തെ കാര്യം പരലോക മോക്ഷമാണ്.

مَن كَانَ يُرِيدُ ٱلْحَيَوٰةَ ٱلدُّنْيَا وَزِينَتَهَا نُوَفِّ إِلَيْهِمْ أَعْمَٰلَهُمْ فِيهَا وَهُمْ فِيهَا لَا يُبْخَسُونَ ‎﴿١٥﴾‏ أُو۟لَٰٓئِكَ ٱلَّذِينَ لَيْسَ لَهُمْ فِى ٱلْـَٔاخِرَةِ إِلَّا ٱلنَّارُ ۖ وَحَبِطَ مَا صَنَعُوا۟ فِيهَا وَبَٰطِلٌ مَّا كَانُوا۟ يَعْمَلُونَ ‎﴿١٦﴾

ഐഹികജീവിതത്തെയും അതിന്റെ അലങ്കാരത്തെയുമാണ് ആരെങ്കിലും ഉദ്ദേശിക്കുന്നതെങ്കില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ അവിടെ (ഇഹലോകത്ത്‌) വെച്ച് അവര്‍ക്ക് നാം നിറവേറ്റികൊടുക്കുന്നതാണ്‌. അവര്‍ക്കവിടെ യാതൊരു കുറവും വരുത്തപ്പെടുകയില്ല. പരലോകത്ത് നരകമല്ലാതെ മറ്റൊന്നും കിട്ടാനില്ലാത്തവരാകുന്നു അക്കൂട്ടര്‍. അവര്‍ ഇവിടെ പ്രവര്‍ത്തിച്ചതെല്ലാം പൊളിഞ്ഞുപോയിരിക്കുന്നു. അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതെല്ലാം ഫലശൂന്യമത്രെ. (ഖു൪ആന്‍: 11/15-16)

രണ്ടാമത്തെ കാര്യം, ജനങ്ങളെ വെളിച്ചത്തിലേക്ക് നയിക്കുക എന്നതാണ്.

رَّسُولًا يَتْلُوا۟ عَلَيْكُمْ ءَايَٰتِ ٱللَّهِ مُبَيِّنَٰتٍ لِّيُخْرِجَ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ مِنَ ٱلظُّلُمَٰتِ إِلَى ٱلنُّورِ ۚ وَمَن يُؤْمِنۢ بِٱللَّهِ وَيَعْمَلْ صَٰلِحًا يُدْخِلْهُ جَنَّٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَآ أَبَدًا ۖ قَدْ أَحْسَنَ ٱللَّهُ لَهُۥ رِزْقًا

അഥവാ അല്ലാഹുവിന്‍റെ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് ഓതികേള്‍പിച്ചു തരുന്ന ഒരു ദൂതനെ നിങ്ങളുടെ അടുത്തേക്കിറക്കിത്തന്നിരിക്കുന്നു; വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ അന്ധകാരങ്ങളില്‍ നിന്ന് പ്രകാശത്തിലേക്ക് ആനയിക്കുവാന്‍ വേണ്ടി. വല്ലവനും അല്ലാഹുവില്‍ വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പക്ഷം താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവനെ പ്രവേശിപ്പിക്കുന്നതാണ്‌. അവര്‍ അതില്‍ നിത്യവാസികളായിരിക്കും. അങ്ങനെയുള്ളവന്ന് അല്ലാഹു ഉപജീവനം മെച്ചപ്പെടുത്തിയിരിക്കുന്നു. (ഖു൪ആന്‍: 65/11)

ഇതില്‍ നിന്ന് മാറി ഇഹലോകത്തെ ജനപിന്തുണയും കയ്യടിയും സ്ഥാനമാനവും പ്രശസ്തിയും സൗകര്യങ്ങളുമാണ് ലക്ഷ്യമെങ്കില്‍ പരലോകത്ത് സ്വര്‍ഗപ്രവേശനം സാധ്യമാവുന്ന സത്യവിശ്വാസികള്‍ക്ക് ലഭിക്കപ്പെടുന്ന മംഗളാഭിവാദ്യങ്ങള്‍  ലഭിക്കാതെ പോവും എന്ന കാര്യം സഗൗരവം ഓര്‍ക്കണം.

 

 

kanzululoom.com

 

 

 

One Response

Leave a Reply

Your email address will not be published. Required fields are marked *