തെറ്റുകള്‍ ചെയ്യാനുള്ള സാഹചര്യങ്ങളും സന്ദര്‍ഭങ്ങളും ഇല്ലാതാക്കുന്ന വിഷയത്തില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തുന്ന മതമാണ് ഇസ്ലാം. സമ്പന്നര്‍ ദരിദ്രരെ പരിഗണിക്കാതെ സുഖലോലുപരായി ജീവിക്കുകയും ദരിദ്രര്‍ പട്ടിണിയില്‍ കഴിഞ്ഞുകൂടുകയും ചെയ്യുമ്പോള്‍ മോഷണത്തിന്റെയും പിടിച്ചുപറിയുടെയുമൊക്കെ മാര്‍ഗത്തിലേക്ക് തിരിയാന്‍ ദരിദ്രര്‍ നിര്‍ബന്ധിതരായേക്കും. അതുകൊണ്ടുതന്നെ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെ കവാടങ്ങള്‍ ഇസ്‌ലാം തുറന്നിട്ടു. ദാനധര്‍മങ്ങളും സകാത്തും നിശ്ചയിച്ചു. അതേപോലെ വ്യഭിചാരമാകുന്ന പാപത്തിലേക്കെത്തുന്ന മുഴുവന്‍ മാര്‍ഗങ്ങളും ഇസ്‌ലാം അടച്ചിട്ടു. വസ്ത്രധാരണ രീതിയിലും സംസാരത്തിലും പെരുമാറ്റത്തിലും നോട്ടത്തിലുമെല്ലാം പാലിക്കേണ്ട നിയമങ്ങള്‍ പഠിപ്പിച്ചു. കഴിവുള്ളവരോടും സാഹചര്യങ്ങൾ അനുകൂലമായവരോടും വിവാഹത്തിന് പ്രോൽസാഹനം നൽകി.
ഇങ്ങനെ ഓരോ തിന്മക്കുമെതിരില്‍ ജാഗ്രത പാലിക്കാന്‍ ഇസ്‌ലാം നിര്‍ദേശിക്കുന്നു. എന്നിട്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പെട്ടാല്‍ തക്കതായ ശിക്ഷനല്‍കാന്‍ ഇസ്‌ലാമിക ഭരണകൂടത്തിന് അനുമതി നല്‍കുന്നു. തികച്ചും നീതിയില്‍ അധിഷ്ഠിതമായ നിയമവാഴ്ചയാണ് ഇസ്‌ലാം വിഭാവനം ചെയ്യുന്നത്. സമൂഹത്തിന്റെ ഭദ്രമായ നിലനില്‍പിനും സുരക്ഷക്കും ശിക്ഷാനടപടികള്‍ അനിവാര്യമാണ് എന്നാണ് ഇസ്‌ലാമിന്റെ വീക്ഷണം. ഇസ്‌ലാമിലെ ശിക്ഷാവിധികളെ പ്രാകൃതമെന്ന് പറഞ്ഞ് ആക്ഷേപിക്കുന്ന പലരുമുണ്ട്. വാസ്തവത്തില്‍ അവര്‍ ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്ന ഉന്നതമായ നീതിബോധത്തെ മനസ്സിലാക്കാത്തവരോ മനസ്സിലായിട്ടും അംഗീകരിക്കാന്‍ കൂട്ടാക്കാത്തവരോ ആണ്. പ്രവാചകന്റെ കാലത്ത് നടന്ന ഒരു സംഭവം കാണുക:
عَنْ عَائِشَةَ ـ رضى الله عنها أَنَّ امْرَأَةً مِنْ بَنِي مَخْزُومٍ سَرَقَتْ، فَقَالُوا مَنْ يُكَلِّمُ فِيهَا النَّبِيَّ صلى الله عليه وسلم فَلَمْ يَجْتَرِئْ أَحَدٌ أَنْ يُكَلِّمَهُ، فَكَلَّمَهُ أُسَامَةُ بْنُ زَيْدٍ، فَقَالَ “ إِنَّ بَنِي إِسْرَائِيلَ كَانَ إِذَا سَرَقَ فِيهِمُ الشَّرِيفُ تَرَكُوهُ، وَإِذَا سَرَقَ الضَّعِيفُ قَطَعُوهُ، لَوْ كَانَتْ فَاطِمَةُ لَقَطَعْتُ يَدَهَا ”.
ആഇശ رضي الله عنها യിൽ നിന്ന് നിവേദനം: മഖ്സൂം ഗോത്രത്തിലെ ഒരു സ്ത്രീ മോഷണം നടത്തി. ആളുകൾ പരസ്പരം പറഞ്ഞു; ഇവളുടെ കാര്യത്തിൽ നബിﷺയോട് ആര് സംസാരിക്കും? എന്നാൽ നബിﷺയോട് സംസാരിക്കാൻ ആരും ധൈര്യപ്പെട്ടില്ല. അങ്ങിനെഇരിക്കെ ഉസാമത്ത്ബ്നുസൈദ് رضى الله عنه നബിﷺയോട് സംസാരിച്ചു. അപ്പോൾ നബിﷺ പറഞ്ഞു; ഉന്നതർ മോഷണം നടത്തിയാൽ (ശിക്ഷാ നടപടിയെടുക്കാതെ) അവരെ ഒഴിവാക്കലും ദുർബ്ബലർ മോഷ്ടിച്ചാൽ അവരുടെ കൈ മുറിക്കലും ഇസ്രായീല്യരുടെ സമ്പ്രദായമായിരുന്നു. എന്നാൽ (മകൾ) ഫാത്വിമയാണ് മോഷ്ടിച്ചതെങ്കിലും ഞാൻ അവളുടെ കൈ മുറിക്കുകതന്നെ ചെയ്യും. (ബുഖാരി: 3733)
അങ്ങനെ ആ സ്ത്രീയുടെ വിഷയത്തില്‍ ശിക്ഷ നടപ്പിലാക്കി.
ജീവിക്കാനുള്ള അവകാശത്തെ ഇസ്‌ലാം അംഗീകരിക്കുന്നു. എന്നാല്‍ തെളിയിക്കപ്പെടുന്ന കുറ്റങ്ങള്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കാന്‍ ഇസ്‌ലാം അനുശാസിക്കുന്നു. വ്യക്തികള്‍ക്കല്ല ഇസ്‌ലാമിക ഭരണകൂടത്തിനാണ് ശിക്ഷ നടപ്പിലാക്കാന്‍ അനുവാദമുള്ളത്. ശിക്ഷകള്‍ സമൂഹത്തിനൊരു പാഠംകൂടിയാണ്; ഇത്തരം കുറ്റങ്ങള്‍ സമൂഹത്തില്‍ ഉണ്ടാകാതിരിക്കാന്‍. ഇനിയങ്ങെന സംഭവിച്ചാല്‍ ഇതായിരിക്കും അവസ്ഥ എന്ന് ബോധ്യപ്പെടുത്താനുള്ള മാര്‍ഗം. സാമൂഹ്യജീവിയായ മനുഷ്യന് സ്വസ്ഥമായ ജീവിതത്തിന് ചില നിയമങ്ങളും നിയന്ത്രണങ്ങളും ആവശ്യമാണ്.
ഇസ്‌ലാമും വധശിക്ഷയയും
വധശിക്ഷയെ പൊതുവില്‍ ഇസ്‌ലാം അംഗീകരിക്കുന്നുണ്ട്. വധശിക്ഷയര്‍ഹിക്കുന്ന കുറ്റം സംശയരഹിതമായി തെളിയിക്കപ്പെട്ടാല്‍ ഭരണകൂടത്തിന് കൊലപാതകിയെ വധിച്ച് ശിക്ഷ നടപ്പാക്കാം. എന്നാല്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് കൊലപാതകിയോട് ക്ഷമിക്കാനും നഷ്ടപരിഹാരം വാങ്ങി ശിക്ഷയില്‍നിന്ന് ഒഴിവാക്കാനുമുള്ള അധികാരമുണ്ട്. വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു:
مِنْ أَجْلِ ذَٰلِكَ كَتَبْنَا عَلَىٰ بَنِىٓ إِسْرَٰٓءِيلَ أَنَّهُۥ مَن قَتَلَ نَفْسَۢا بِغَيْرِ نَفْسٍ أَوْ فَسَادٍ فِى ٱلْأَرْضِ فَكَأَنَّمَا قَتَلَ ٱلنَّاسَ جَمِيعًا وَمَنْ أَحْيَاهَا فَكَأَنَّمَآ أَحْيَا ٱلنَّاسَ جَمِيعًا ۚ
അക്കാരണത്താല്‍ ഇസ്‌റാഈല്‍ സന്തതികള്‍ക്ക് നാം ഇപ്രകാരം വിധി നല്‍കുകയുണ്ടായി: മറ്റൊരാളെ കൊന്നതിന് പകരമായോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു. ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍, അത് മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന് തുല്യമാകുന്നു…(ഖുർആൻ:5/32)
وَمَن قُتِلَ مَظْلُومًا فَقَدْ جَعَلْنَا لِوَلِيِّهِۦ سُلْطَٰنًا فَلَا يُسْرِف فِّى ٱلْقَتْلِ ۖ إِنَّهُۥ كَانَ مَنصُورًا
അക്രമത്തിനു വിധേയനായി വല്ലവനും കൊല്ലപ്പെടുന്ന പക്ഷം അവന്‍റെ അവകാശിക്ക് നാം (പ്രതികാരം ചെയ്യാന്‍) അധികാരം വെച്ച് കൊടുത്തിട്ടുണ്ട്. എന്നാല്‍ അവന്‍ കൊലയില്‍ അതിരുകവിയരുത്. തീര്‍ച്ചയായും അവന്‍ സഹായിക്കപ്പെടുന്നവനാകുന്നു. (ഖുർആൻ:17/33)
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُتِبَ عَلَيْكُمُ ٱلْقِصَاصُ فِى ٱلْقَتْلَى ۖ ٱلْحُرُّ بِٱلْحُرِّ وَٱلْعَبْدُ بِٱلْعَبْدِ وَٱلْأُنثَىٰ بِٱلْأُنثَىٰ ۚ فَمَنْ عُفِىَ لَهُۥ مِنْ أَخِيهِ شَىْءٌ فَٱتِّبَاعُۢ بِٱلْمَعْرُوفِ وَأَدَآءٌ إِلَيْهِ بِإِحْسَٰنٍ ۗ ذَٰلِكَ تَخْفِيفٌ مِّن رَّبِّكُمْ وَرَحْمَةٌ ۗ فَمَنِ ٱعْتَدَىٰ بَعْدَ ذَٰلِكَ فَلَهُۥ عَذَابٌ أَلِيمٌ
സത്യവിശ്വാസികളേ, കൊലചെയ്യപ്പെടുന്നവരുടെ കാര്യത്തില്‍ തുല്യശിക്ഷ നടപ്പാക്കുക എന്നത് നിങ്ങള്‍ക്ക് നിയമമാക്കപ്പെട്ടിരിക്കുന്നു. സ്വതന്ത്രനു പകരം സ്വതന്ത്രനും, അടിമയ്ക്കു പകരം അടിമയും, സ്ത്രീക്കു പകരം സ്ത്രീയും (കൊല്ലപ്പെണ്ടേതാണ്.) ഇനി അവന്ന് (കൊലയാളിക്ക്) തന്റെ സഹോദരന്റെ പക്ഷത്ത് നിന്ന് വല്ല ഇളവും ലഭിക്കുകയാണെങ്കില്‍ അവന്‍ മര്യാദ പാലിക്കുകയും, നല്ല നിലയില്‍ (നഷ്ടപരിഹാരം) കൊടുത്തു വീട്ടുകയും ചെയ്യേണ്ടതാകുന്നു. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു വിട്ടുവീഴ്ചയും കാരുണ്യവുമാകുന്നു അത്. ഇനി അതിനു ശേഷവും ആരെങ്കിലും അതിക്രമം പ്രവര്‍ത്തിക്കുകയാണെങ്കില്‍ അവന് വേദനയേറിയ ശിക്ഷയുണ്ടായിരിക്കും. (ഖുർആൻ:2/178)
കൊലക്കേസില്‍ യഥാര്‍ഥ വാദി ഇസ്ലാമിക സര്‍ക്കാറല്ല; പ്രത്യുത, കൊല്ലപ്പെട്ടവന്റെ രക്ഷാധികാരിയാണെന്നാണ് ഇസ്‌ലാമിക നിയമത്തിന്റെ അടിസ്ഥാനമെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാവുന്നതാണ്. ശിക്ഷ നടപ്പിലാക്കാന്‍ അനുവാദമുള്ളത് വ്യക്തികള്‍ക്കല്ല ഇസ്‌ലാമിക ഭരണകൂടത്തിനാണ്. അയാള്‍ക്ക് വേണമെങ്കില്‍ കൊലയാളിക്ക് മാപ്പുകൊടുക്കുകയും പ്രതിക്രിയക്ക് പകരം നഷ്ടപരിഹാരം സ്വീകരിച്ചു തൃപ്തിപ്പെടുകയും ചെയ്യാം.
മുഹമ്മദ് അമാനി മൗലവി رحمه الله എഴുതുന്നു: فَمَنْ عُفِيَ لَهُ مِنْ أَخِيهِ شَيْءٌ (ആര്‍ക്കെങ്കിലും തന്‍റെ സഹോദരനില്‍ നിന്ന് വല്ലതും മാപ്പ് ചെയ്യപ്പെടുന്ന പക്ഷം, അപ്പോള്‍ സദാചാര മര്യാദയെ പിന്‍പറ്റലും, അവന് നല്ല നിലയില്‍ കൊടുത്തുവീട്ടലുമാണ് വേണ്ടത്) എന്ന വാക്യത്തില്‍ ഇരുഭാഗക്കാരെയും ബാധിക്കുന്ന പല സംഗതികളും അടങ്ങിയിരിക്കുന്നു. ഉദാഹരണമായി:
(1) ഒരു കൊലപാതകം നടന്നത്‌കൊണ്ട് ഇരുകൂട്ടരും തമ്മിലുള്ള ഇസ്‌ലാമിക സഹോദര്യ ബന്ധം മുറിഞ്ഞുപോകുന്നില്ല. ‘അവന്‍റെ സഹോദരനില്‍ നിന്ന് വല്ലതും മാപ്പ് ചെയ്യപ്പെട്ടാല്‍ എന്ന വാക്ക് ഇത് സൂചിപ്പിക്കുന്നു. പരസ്പരം സഹോദരന്‍മാരായ തുകൊണ്ട് പ്രതിക്രിയയില്‍ വല്ലതും വിട്ടുകൊടുക്കേണ്ടതാണെന്നും അത് സൂചിപ്പിക്കുന്നു.
(2) കൊല്ലപ്പെട്ടവന്‍റെ കൈകാര്യം നടത്തുന്നവരില്‍ ചിലരെങ്കിലും പ്രതിക്കൊല നടത്തുന്നതില്‍ ഇളവ് നല്‍കുന്ന പക്ഷം ഘാതകനെ പകരം കൊലചെയ്തുകൂടാ എന്നും ഇതില്‍ നിന്ന് മനസ്സിലാക്കാം. ‘വല്ലതും മാപ്പ് ചെയ്യപ്പെട്ടാല്‍,’ എന്നാണല്ലോ അല്ലാഹു പറഞ്ഞത്.
(3) പ്രതിക്കൊലയില്‍ നിന്ന് ഒഴിവാക്കപ്പെട്ടാല്‍ പിന്നെ സദാചാര മര്യാദയെ പിന്‍പറ്റലും, അവന് നല്ല നിലയില്‍കൊടുത്തുതീര്‍ക്കലുമാണ് വേണ്ടത്. അതായത് സദാചാര മുറപ്രകാരമുള്ള നഷ്ടപരിഹാരം – പ്രായശ്ചിത്തം – ഘാതകന്‍റെ പക്ഷത്തുനിന്ന് വധിക്കപ്പെട്ടവന്‍റെ അവകാശികള്‍ക്ക് കൊടുത്തുതീര്‍ക്കണം. അതില്‍ വീഴ്ചയോ, തര്‍ക്കമോ നടത്തിക്കൂടാ. ഭംഗിയായും നല്ലനിലയിലും അത് നിര്‍വ്വഹിക്കണം. എന്നിങ്ങിനെ പലതും ഈ വാക്യത്തില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്.
ഒരിക്കല്‍ കൊലയില്‍ നിന്ന് മാപ്പ് നല്‍കിയിട്ട് പിന്നെയും കൊലപ്പെടുത്തുക, ചില അവകാശികള്‍ മാപ്പ് നല്‍കിയ ശേഷം മറ്റേ അവകാശികള്‍ കൊല നടത്തുക, പ്രായശ്ചിത്തം വാങ്ങിയിട്ട് പിന്നെയും കൊലചെയ്യുക, യഥാര്‍ത്ഥ ഘാതകനെയല്ലാതെ മറ്റാരെയെങ്കിലും കൊല്ലുക, പ്രായശ്ചിത്തത്തിന്‍റെ സംഖ്യയില്‍ ആചാര വഴക്കത്തില്‍ കവിഞ്ഞ് ആവശ്യപ്പെടുക, പ്രായശ്ചിത്തം നല്‍കുവാന്‍ നിശ്ചയിച്ചിട്ട് അത് ശരിക്ക് കൊടുത്തു തീര്‍ക്കാതിരിക്കുക മുതലായ അനീതികളെക്കുറിച്ചുള്ള താക്കീതാണ് فَمَنِ اعْتَدَىٰ بَعْدَ ذَٰلِكَ (അതിന് ശേഷം ആരെങ്കിലും അതിക്രമം പ്രവര്‍ത്തിച്ചാല്‍ അവന് വേദനയേറിയ ശിക്ഷയുണ്ട്) എന്ന വാക്യം. (അമാനി തഫ്സീര്‍)
ലോകത്ത് പല രാഷ്ട്രങ്ങളും വധശിക്ഷാ നിയമം റദ്ദ് ചെയ്തിട്ടുണ്ട്. ബുദ്ധിയും വിവേകവുമുള്ളവരെ അഭിസംബോധനചെയ്തുകൊണ്ട് ഖുര്‍ആന്‍ ഓര്‍മപ്പെടുത്തുന്നത്, പ്രതിക്രിയാ നിയമത്തില്‍ സമൂഹത്തിന്റെ ജീവിതമാണ് നിലകൊള്ളുന്നതെന്നാണ്.
وَلَكُمْ فِى ٱلْقِصَاصِ حَيَوٰةٌ يَٰٓأُو۟لِى ٱلْأَلْبَٰبِ لَعَلَّكُمْ تَتَّقُونَ
ബുദ്ധിമാന്‍മാരേ, (അങ്ങനെ) തുല്യശിക്ഷ നല്‍കുന്നതിലാണ് നിങ്ങളുടെ ജീവിതത്തിന്റെ നിലനില്‍പ്. നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നതിനു വേണ്ടിയത്രെ (ഈ നിയമനിര്‍ദേശങ്ങള്‍). (ഖുർആൻ:2/179)
ആലോചിച്ചു നോക്കുക! ഈ നിയമം മുഖേന കൊലക്കുറ്റം സമുദായത്തില്‍ കുറഞ്ഞുപോകുമെന്ന് തീര്‍ച്ചയാണ്. എന്തെങ്കിലും വിരോധമോ, സ്വാര്‍ത്ഥമോ ഉണ്ടാകുമ്പോഴേക്കും അന്യനെ വധിക്കുവാന്‍ പ്രേരിതരാകുന്ന ആളുകള്‍-ഇത്തരക്കാര്‍ മനുഷ്യ സമുദായത്തില്‍ ദുര്‍ല്ലഭമല്ലെന്നുള്ളത് അനിഷേധ്യമത്രെ-ആ കൃത്യത്തില്‍ നിന്ന് പിന്‍മാറുവാന്‍ ഈ നിയമം കാരണമാകുന്നു. ഒരിക്കല്‍ ഒരാളെ കൊലചെയ്തവന്, അവന്‍ ഒരു കഠിന ശിക്ഷക്ക് വിധേയനാകുന്നില്ലാത്തപക്ഷം, വീണ്ടും കൊല നടത്തുവാനുള്ള ധൈര്യം വര്‍ദ്ധിക്കുകയാണ് ചെയ്യുക. അവന്‍ കൊലശിക്ഷ അനുഭവിക്കേണ്ടി വരുന്നത് അവനെപ്പോലെയുള്ള മറ്റുള്ളവര്‍ക്കും ഒരു പാഠമായിരിക്കുമെന്ന പോലെത്തന്നെ, അവന്‍റെ കൈക്ക് വീണ്ടും കൊല നടക്കുവാനുള്ള മാര്‍ഗം ഇല്ലാതായിത്തീരുകയും ചെയ്യുന്നു. ദശക്കണക്കിലും നൂറുകണക്കിലും ഭീമമായ കൊലകള്‍ നടത്തിയ ക്രൂരന്‍മാരെപ്പറ്റി പലപ്പോഴും നാം കേള്‍ക്കാറുണ്ട്. ഒന്നാമത്തെ കൊലയില്‍ അവന്‍റെ മേല്‍ കൊലശിക്ഷ വിധിക്കപ്പെട്ടിരുന്നുവെങ്കില്‍, അങ്ങനെ സംഭവിക്കുമായിരുന്നില്ലെന്ന് പറയേണ്ടതില്ല. മനുഷ്യപ്ര കൃതിയെയും, അവന്‍റെ അക്രമവാസനയില്‍ നിന്നും അവിവേകത്തില്‍ നിന്നും അവനെ തടയുവാനുള്ള നടപടിയെയും കുറിച്ച് മനുഷ്യനെക്കാള്‍ അറിയുക അവന്‍റെ സ്രഷ്ടാവിനാണല്ലോ. അക്രമവാസനകളില്‍ നിന്ന് മനുഷ്യരെ തടയുവാനുള്ള മാര്‍ഗം, കുറ്റത്തിനനുസരിച്ച് ശിക്ഷ നല്‍കുകയാണെന്നുള്ള അടിസ്ഥാന തത്വം സ്വീകരിക്കാത്തവര്‍ -അവര്‍ നിര്‍മത നിരീശ്വരവാദികളായിരുന്നാല്‍ പോലും- ഉണ്ടായിരിക്കുമെന്ന് തോന്നുന്നില്ല. അല്ലെന്നു വല്ലവരും കരുതുന്നുണ്ടെങ്കില്‍ അവര്‍ വിഡ്ഢികളില്‍ വിഡ്ഢികളാണെന്നേ പറയുവാനുള്ളൂ. ഈ അടിസ്ഥാന തത്വമനുസരിച്ച് പ്രായോഗികവും യുക്തവുമായ ശിക്ഷാനിയമങ്ങളാണ് അല്ലാഹു ഇസ്‌ലാമിന്‍റെ നിയമങ്ങളായി അവതരിപ്പിച്ചിരിക്കുന്നതും. (അമാനി തഫ്സീര്‍)
www.kanzululoom.com