കാരുണ്യമുള്ളവരാകുക

വിശ്വാസികളുടെ ഉത്തമമായ സ്വഭാവങ്ങളിലൊന്നാണ് റഹ്മത്ത് (കാരുണ്യം). വിശ്വാസികളുടെ സ്വഭാവഗുണങ്ങള്‍ താഴെവരുന്ന വചനങ്ങളില്‍ അല്ലാഹു എണ്ണുന്നത് ഇപ്രകാരമാണ്:

فَلَا ٱقْتَحَمَ ٱلْعَقَبَةَ ‎﴿١١﴾‏ وَمَآ أَدْرَىٰكَ مَا ٱلْعَقَبَةُ ‎﴿١٢﴾‏ فَكُّ رَقَبَةٍ ‎﴿١٣﴾‏ أَوْ إِطْعَٰمٌ فِى يَوْمٍ ذِى مَسْغَبَةٍ ‎﴿١٤﴾‏ يَتِيمًا ذَا مَقْرَبَةٍ ‎﴿١٥﴾‏ أَوْ مِسْكِينًا ذَا مَتْرَبَةٍ ‎﴿١٦﴾‏ ثُمَّ كَانَ مِنَ ٱلَّذِينَ ءَامَنُوا۟ وَتَوَاصَوْا۟ بِٱلصَّبْرِ وَتَوَاصَوْا۟ بِٱلْمَرْحَمَةِ ‎﴿١٧﴾

എന്നിട്ട് ആ മലമ്പാതയില്‍ അവന്‍ തള്ളിക്കടന്നില്ല.  ആ മലമ്പാത എന്താണെന്ന് നിനക്കറിയാമോ?  ഒരു അടിമയെ മോചിപ്പിക്കുക.  അല്ലെങ്കില്‍ പട്ടിണിയുള്ള നാളില്‍ ഭക്ഷണം കൊടുക്കുക. കുടുംബബന്ധമുള്ള അനാഥയ്ക്ക്‌ അല്ലെങ്കില്‍ കടുത്ത ദാരിദ്യ്‌രമുള്ള സാധുവിന്‌. പുറമെ, വിശ്വസിക്കുകയും, ക്ഷമ കൊണ്ടും കാരുണ്യം കൊണ്ടും പരസ്പരം ഉപദേശിക്കുകയും ചെയ്തവരുടെ കൂട്ടത്തില്‍ അവന്‍ ആയിത്തീരുകയും ചെയ്യുക. (ഖുർആൻ :90/11-17)

مُّحَمَّدٌ رَّسُولُ ٱللَّهِ ۚ وَٱلَّذِينَ مَعَهُۥٓ أَشِدَّآءُ عَلَى ٱلْكُفَّارِ رُحَمَآءُ بَيْنَهُمْ ۖ

മുഹമ്മദ് അല്ലാഹുവിന്റെ റസൂലാകുന്നു. അദ്ദേഹത്തോടൊപ്പമുള്ളവര്‍ (സ്വഹാബികള്‍) സത്യനിഷേധികളുടെ നേരെ കര്‍ക്കശമായി വര്‍ത്തിക്കുന്നവരാകുന്നു. അവര്‍ അന്യോന്യം കരുണയുള്ളവരുമാകുന്നു. (ഖു൪ആന്‍ :48/29)

പരസ്പര കാരുണ്യം വിശ്വാസികളുടെ സ്വഭാവഗുണമാണെന്ന് തിരുമൊഴികളിലും വന്നിട്ടുണ്ട്. നബി ﷺ യുടെ ഒരു വര്‍ണന നോക്കൂ.

عَنِ النُّعْمَانِ بْنِ بَشِيرٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ مَثَلُ الْمُؤْمِنِينَ فِي تَوَادِّهِمْ وَتَرَاحُمِهِمْ وَتَعَاطُفِهِمْ مَثَلُ الْجَسَدِ إِذَا اشْتَكَى مِنْهُ عُضْوٌ تَدَاعَى لَهُ سَائِرُ الْجَسَدِ بِالسَّهَرِ وَالْحُمَّى ‏”‏ ‏.‏

നുഅ്മാന്‍ ഇബ്‌നുബശീര്ല്‍‍  رَضِيَ اللهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:പരസ്പര സ്‌നേഹത്തിലും വാത്‌സല്യത്തിലും കാരുണ്യത്തിലും മുസ്‌ലിംകളുടെ ഉപമ ഒരു ശരീരത്തിന്റെ ഉപമയാണ്. ശരീരത്തിലെ ഒരു അവയവം രോഗബാധിതമായി വേവലാതിപ്പെടുമ്പോള്‍ മറ്റു ശരീരാവയവങ്ങള്‍ പനിപിടിച്ചും ഉറക്കമൊഴിഞ്ഞും രോഗബാധിതമായ അവയവത്തിനു വേണ്ടി പരസ്പരം നിലകൊള്ളും. (മുസ്‌ലിം:2586)

അല്ലാഹു നൂറ് കരുണ പടച്ചിരിക്കുന്നുവെന്നും അവനു നൂറ് കരുണയുെണ്ടന്നും അതില്‍ ഒന്നു മാത്രമാണ് ഭൂമിയില്‍ നിശ്ചയിച്ചിരിക്കുന്നതെന്നും ഹദീഥില്‍ പ്രസ്താവനയുണ്ട്.

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ “‏ إِنَّ اللَّهَ خَلَقَ الرَّحْمَةَ يَوْمَ خَلَقَهَا مِائَةَ رَحْمَةٍ، فَأَمْسَكَ عِنْدَهُ تِسْعًا وَتِسْعِينَ رَحْمَةً، وَأَرْسَلَ فِي خَلْقِهِ كُلِّهِمْ رَحْمَةً وَاحِدَةً،

അബൂഹുറൈറ رَضِيَ اللهُ عَنْهُ പറയുന്നു: നബി ﷺ പറയുന്നതായി ഞാൻ കേട്ടു: നിശ്ചയം അല്ലാഹു റഹ്മത്തിനെ സൃഷ്ടിച്ചനാളില്‍ നൂറ് റഹ്മത്ത് സൃഷ്ടിച്ചു. അവന്‍ തന്റെയടുക്കല്‍ തൊണ്ണൂറ്റി ഒമ്പത് റഹ്മത്തിനെ പിടിച്ചുവെച്ചു. അവന്റെ മുഴു സൃഷ്ടികളില്‍ എല്ലാവരിലേക്കും ഒരു റഹ്മത്ത് അയക്കുകയും ചെയ്തു… (ബുഖാരി:6469)

അല്ലാഹു അവതരിപ്പിച്ച പ്രസ്തുത കാരുണ്യം കൊണ്ടാണ് മനുഷ്യരും ജന്തുമൃഗാദികളും മറ്റും അന്യോന്യം കരുണ കാണിക്കുന്നത് തിരുദൂതര്‍ പറഞ്ഞിട്ടുണ്ട്:

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ “‏ إِنَّ لِلَّهِ مِائَةَ رَحْمَةٍ أَنْزَلَ مِنْهَا رَحْمَةً وَاحِدَةً بَيْنَ الْجِنِّ وَالإِنْسِ وَالْبَهَائِمِ وَالْهَوَامِّ فَبِهَا يَتَعَاطَفُونَ وَبِهَا يَتَرَاحَمُونَ وَبِهَا تَعْطِفُ الْوَحْشُ عَلَى وَلَدِهَا وَأَخَّرَ اللَّهُ تِسْعًا وَتِسْعِينَ رَحْمَةً يَرْحَمُ بِهَا عِبَادَهُ يَوْمَ الْقِيَامَةِ ‏”‏ ‏.‏

അബൂഹുറൈറ رَضِيَ اللهُ عَنْهُ വിൽ നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: നിശ്ചയം, അല്ലാഹുവിനു നൂറ് കാരുണ്യമുണ്ട്. അവയില്‍ നിന്ന് ഒന്ന് അവന്‍ ജിന്നുകള്‍ക്കും മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഇഴജന്തുക്കള്‍ക്കും ഇടയില്‍ അവതരിപ്പിച്ചിരിക്കുന്നു. ആ കരുണകൊണ്ട് അവര്‍ അന്യോന്യം അലിവു കാണിക്കുകയും അന്യോന്യം കരുണ കാണിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് വന്യമൃഗങ്ങള്‍ അവയുടെ കുഞ്ഞുങ്ങളോട് മയത്തില്‍ പെരുമാറുന്നത്. അല്ലാഹു തൊണ്ണൂറ്റി ഒമ്പത് കാരുണ്യത്തെ പിന്തിപ്പിച്ചിരിക്കുന്നു. അതുകൊണ്ട് അവന്‍ തന്റെ ദാസന്മാരോട് അന്ത്യനാളില്‍ കരുണ കാണിക്കും. (മുസ്ലിം)

ഇത് പ്രസ്താവനയാണെങ്കിലും കരുണ കാണിക്കുവാനുള്ള അനുശാസന ഉള്‍കൊള്ളുന്നത് കൂടിയാണ്. കല്‍പനകള്‍ വേറെയും തിരുമൊഴികളിലുണ്ട്:

ارْحَمُوا مَنْ فِي الأَرْضِ يَرْحَمْكُمْ مَنْ فِي السَّمَاءِ

നിങ്ങള്‍ ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക. ആകാശത്തിലുള്ളവന്‍(അല്ലാഹു) നിങ്ങളോട് കരുണ കാണിക്കും” (തുര്‍മുദി ഹസനുന്‍സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

ارْحَمُوا تُرْحَمُوا

നിങ്ങള്‍ കരുണ കാണിക്കുക; നിങ്ങള്‍ക്കു കരുണ കനിയപ്പെടും.

പടപ്പുകളോട് കാരുണ്യത്തില്‍ വര്‍ത്തിക്കുവാനും അവര്‍ കരുണ അരുളപ്പെടുന്നവരാണെന്നും ഈ തിരുമൊഴികള്‍ അറിയിക്കുന്നു. കരുണാവാരുധിയായവനില്‍ നിന്നുള്ള കാരുണ്യവായ്പ് ദയാലുക്കള്‍ക്കും കരുണ കാണിക്കുന്നവര്‍ക്കും ആണെന്നറിയിക്കുന്ന മറ്റു ചില തിരുമൊഴികള്‍:

وَإِنَّمَا يَرْحَمُ اللَّهُ مِنْ عِبَادِهِ الرُّحَمَاءَ

നിശ്ചയം തന്റെ ദാസന്മാരില്‍ കരുണയുള്ളവരില്‍ മാത്രമാണ് അല്ലാഹു കരുണ്യം ചൊരിയുന്നത്. (ബുഖാരി, മുസ്‌ലിം)

مَنْ لاَ يَرْحَمُ لاَ يُرْحَمُ

കരുണ കാണിക്കാത്തവര്‍ക്ക് കരുണ നല്‍കപ്പെടുകയില്ല. (ബുഖാരി, മുസ്‌ലിം)

الرَّاحِمُونَ يَرْحَمُهُمُ الرَّحْمَنُ

കരുണ കാണിക്കുന്നവരോട് കരുണാവാരുധിയായവന്‍ കരുണകാണിക്കും… (സുനനുത്തുര്‍മുദി. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

ദയാവായ്പിന്റെയും കാരുണ്യപെരുമാറ്റത്തിന്റെയും മഹത്ത്വങ്ങളറിയിക്കുന്ന മറ്റു ചില തിരുമൊഴികള്‍ കൂടി ചുവടെ നല്‍കുന്നു.

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم ‏ “‏ أَنَّ رَجُلاً رَأَى كَلْبًا يَأْكُلُ الثَّرَى مِنَ الْعَطَشِ، فَأَخَذَ الرَّجُلُ خُفَّهُ فَجَعَلَ يَغْرِفُ لَهُ بِهِ حَتَّى أَرْوَاهُ، فَشَكَرَ اللَّهُ لَهُ فَأَدْخَلَهُ الْجَنَّةَ ‏”‏‏.‏

അബൂഹുറൈറ رَضِيَ اللهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു നായ ദാഹം കാരണം മണ്ണു തിന്നുന്നത് ഒരാള്‍ കണ്ടു. അയാള്‍ തന്റെ പാദരക്ഷ ഊരി അതിന്റെ ദാഹം തീരുന്നതു വരെവെള്ളം കോരിക്കൊടുത്തു. അല്ലാഹു അയാളോട് നന്ദി കാണിച്ചു, അയാളെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിച്ചു. (ബുഖാരി:173)

عن عياض بن حمار رضي الله عنه قال‏:‏ سمعت رسول الله صلى الله عليه وسلم يقول‏:‏ أَهْلُ الْجَنَّةِ ثَلاَثَةٌ ذُو سُلْطَانٍ مُقْسِطٌ مُتَصَدِّقٌ مُوَفَّقٌ وَرَجُلٌ رَحِيمٌ رَقِيقُ الْقَلْبِ لِكُلِّ ذِي قُرْبَى وَمُسْلِمٍ وَعَفِيفٌ مُتَعَفِّفٌ ذُو عِيَالٍ‏.‏

ഇയാദ്വ് ഇബ്‌നു ഹിമാര്‍ رَضِيَ اللهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സ്വര്‍ഗാര്‍ഹര്‍ മൂന്നു വിഭാഗമാണ്. നീതിമാനും ധര്‍മിഷ്ഠനും അനുഗൃഹീതനുമായ ഭരണാധികാരി, എല്ലാ അടുത്ത ബന്ധുക്കളോടും മുസ്‌ലിമിനോടും കാരുണ്യവാനും ലോലഹൃദയനുമായ വ്യക്തി, പതിവ്രതനും ചാരിത്രശുദ്ധിയില്‍ തന്റെ കുടുംബത്തെ വളര്‍ത്തുന്നവനും കുടുംബഭാരമുള്ളവനും. (മുസ്‌ലിം)

കാരുണ്യവും ദയയും കാണിക്കാത്തവര്‍ മുസ്‌ലിംകളുടെ ഗണത്തില്‍ പെട്ടവനെല്ലന്ന് തിരുമൊഴിയുണ്ട്. കരുണ കാണിക്കാതിരിക്കല്‍ വന്‍പാപമാണെന്ന് ഇത്തരം ഹദീഥുകള്‍ അറിയിക്കുന്നു.

عَنِ ابْنِ عَبَّاسٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: لَيْسَ مِنَّا مَنْ لَمْ يَرْحَمْ صَغِيرَنَا وَيُوَقِّرْ كَبِيرَنَا

ഇബ്‌നുഅബ്ബാസ് رَضِيَ اللهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നമ്മിലെ വലിയവരെ ആദരിക്കാത്തവനും ചെറിയവരോട് കരുണ കാണിക്കാത്തവനും നമ്മില്‍പെട്ടവനല്ല” (മുസ്‌നദുഅഹ്മദ്. അര്‍നാഈത്വ് സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

വിഷയത്തിന്റെ ഗൗരവമറിയിക്കുന്ന മറ്റൊരു തിരുമൊഴി ഇപ്രകാരമാണ്:

عَنْ أَبِي هُرَيْرَةَ قَالَ سَمِعْتُ أَبَا الْقَاسِمِ صلى الله عليه وسلم يَقُولُ ‏ :‏ لاَ تُنْزَعُ الرَّحْمَةُ إِلاَّ مِنْ شَقِيٍّ ‏

അബൂഹുറൈറ رَضِيَ اللهُ عَنْهُ പറയുന്നു: നബി ﷺ പറയുന്നതായി ഞാൻ കേട്ടു: ദൗര്‍ഭാഗ്യവാനില്‍ നിന്നല്ലാതെ കാരുണ്യം ഊരിയെടുക്കപ്പെടുകയില്ല. (സുനനുത്തുര്‍മുദി – തുര്‍മുദി ഹസനെന്നു വിശേഷിപ്പിച്ചു)

കാരുണ്യത്തിന്റെ പെരുമാറ്റം അന്യമായ ചില ഗ്രാമവസികളോട് നബി ﷺ യുടെ മുന്നറിയിപ്പും ഗൗരവസ്വരവും രുസംഭവങ്ങളില്‍ വന്നത് ഇപ്രകാരമാണ്.

أَنَّ أَبَا هُرَيْرَةَ ـ رضى الله عنه ـ قَالَ قَبَّلَ رَسُولُ اللَّهِ صلى الله عليه وسلم الْحَسَنَ بْنَ عَلِيٍّ وَعِنْدَهُ الأَقْرَعُ بْنُ حَابِسٍ التَّمِيمِيُّ جَالِسًا‏.‏ فَقَالَ الأَقْرَعُ إِنَّ لِي عَشَرَةً مِنَ الْوَلَدِ مَا قَبَّلْتُ مِنْهُمْ أَحَدًا‏.‏ فَنَظَرَ إِلَيْهِ رَسُولُ اللَّهِ صلى الله عليه وسلم ثُمَّ قَالَ ‏ “‏ مَنْ لاَ يَرْحَمُ لاَ يُرْحَمُ ‏”‏‏.‏

അബൂഹുറൈറ رَضِيَ اللهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ ﷺ ഹസന്‍ ഇബ്‌നു അലിയ്യിനെ ചുംബിച്ചു. നബി ﷺ യുടെ അടുക്കല്‍ അല്‍അക്വ്‌റഅ് ഇബ്‌നുഹാബിസ് അത്തമീമി ഉണ്ടായിരുന്നു. അപ്പോള്‍ അക്വ്‌റഅ് പറഞ്ഞു: ‘എനിക്ക് പത്ത് മക്കളുണ്ട്. അവരില്‍ ഒരാളേയും ഞാന്‍ ചുംബിച്ചിട്ടില്ല.’ അപ്പോള്‍ അയാളിലേക്ക് നബി ﷺ ﷺ നോക്കി. ശേഷം പറഞ്ഞു: ‘കരുണ കാണിക്കാത്തവനോട് കരുണ കാണിക്കപ്പെടുകയില്ല. (ബുഖാരി:5997).

عَنْ عَائِشَةَ، قَالَتْ قَدِمَ نَاسٌ مِنَ الأَعْرَابِ عَلَى رَسُولِ اللَّهِ صلى الله عليه وسلم فَقَالُوا أَتُقَبِّلُونَ صِبْيَانَكُمْ فَقَالُوا نَعَمْ ‏.‏ فَقَالُوا لَكِنَّا وَاللَّهِ مَا نُقَبِّلُ ‏.‏ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ وَأَمْلِكُ إِنْ كَانَ اللَّهُ نَزَعَ مِنْكُمُ الرَّحْمَةَ ‏”‏ ‏.‏

ആയിശാ رَضِيَ اللهُ عَنْها യിൽ നിന്ന് നിവേദനം: നബി ﷺ യുടെ അടുക്കലേക്ക് അഅ്‌റാബികളില്‍ നിന്നുള്ള ഒരു വിഭാഗം ആഗതരായി. അവര്‍ ചോദിച്ചു: ‘നിങ്ങള്‍ കുട്ടികളെ ചുംബിക്കുമോ?’ സ്വഹാബികള്‍ പറഞ്ഞു: ‘അതെ.’ എന്നാല്‍ അല്ലാഹുവാണേ, ഞങ്ങള്‍ ചുംബിക്കുകയില്ല.’ അപ്പോള്‍ നബി ﷺ ﷺ പറഞ്ഞു: ‘അല്ലാഹു നിങ്ങളില്‍നിന്ന് കാരുണ്യം ഊരിയെടുത്തിട്ടുെങ്കില്‍ ഞാനത് ഉടമപ്പെടുത്തുമോ” (മുസ്‌ലിം:2317).

മുഹമ്മദ് നബി ﷺ കാരുണ്യത്തിന്റെ തിരുദൂതനായിരുന്നു. ‘കാരുണ്യത്തിന്റെ നബി’ എന്ന പേരു തന്നെ നബി ﷺ ക്കുണ്ടായിരുന്നു.

عَنْ أَبِي مُوسَى الأَشْعَرِيِّ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم يُسَمِّي لَنَا نَفْسَهُ أَسْمَاءً فَقَالَ ‏ “‏ أَنَا مُحَمَّدٌ وَأَحْمَدُ وَالْمُقَفِّي وَالْحَاشِرُ وَنَبِيُّ التَّوْبَةِ وَنَبِيُّ الرَّحْمَةِ ‏”‏ ‏.‏

അബൂമൂസൽ അശ്അരി رَضِيَ اللَّهُ عَنْهُ പറയുന്നു: നബി ﷺ തനിക്കുള്ള പേരുകളെ ഞങ്ങളോട് പറയുമായിരുന്നു: ”ഞാന്‍ മുഹമ്മദും അഹ്മദും മുക്വഫ്ഫയും ഹാശിറും നബിയ്യുത്തൗബഃയും(പശ്ചാത്താപത്തിന്റെ പ്രവാചകന്‍) നബിയ്യര്‍റഹ്മയു(കാരുണ്യത്തിന്റെ പ്രവാചകന്‍)മാകുന്നു. (മുസ്ലിം:2355)

നബി ﷺ യെ അല്ലാഹു വിശേഷിപ്പിക്കുന്നതു നോക്കൂ:

‏ لَقَدْ جَآءَكُمْ رَسُولٌ مِّنْ أَنفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُم بِٱلْمُؤْمِنِينَ رَءُوفٌ رَّحِيمٌ

തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍നിന്നുതന്നെയുള്ള ഒരു ദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത് സഹിക്കാന്‍ കഴിയാത്തവനും നിങ്ങളുടെ കാര്യത്തില്‍ അതീവ താല്‍പര്യമുള്ളവനും സത്യവിശ്വാസികളോട് അത്യന്തം ദയാലുവും കാരുണ്യവാനുമാണ് അദ്ദേഹം. (ഖുര്‍ആന്‍ :9/128)

وَمَآ أَرْسَلْنَٰكَ إِلَّا رَحْمَةً لِّلْعَٰلَمِينَ

ലോകര്‍ക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല. (ഖുര്‍ആന്‍ :21/107)

കാരുണ്യത്തിന്റെ തിരുദൂതന്‍ ﷺ കാരുണ്യത്താല്‍ കണ്ണീര്‍വാര്‍ത്ത ഏതാനും സംഭവങ്ങള്‍ ഇവിടെ നല്‍കുന്നു:

عَنْ أَنَسِ بْنِ مَالِكٍ ـ رضى الله عنه ـ قَالَ دَخَلْنَا مَعَ رَسُولِ اللَّهِ صلى الله عليه وسلم عَلَى أَبِي سَيْفٍ الْقَيْنِ ـ وَكَانَ ظِئْرًا لإِبْرَاهِيمَ ـ عَلَيْهِ السَّلاَمُ ـ فَأَخَذَ رَسُولُ اللَّهِ صلى الله عليه وسلم إِبْرَاهِيمَ فَقَبَّلَهُ وَشَمَّهُ، ثُمَّ دَخَلْنَا عَلَيْهِ بَعْدَ ذَلِكَ، وَإِبْرَاهِيمُ يَجُودُ بِنَفْسِهِ، فَجَعَلَتْ عَيْنَا رَسُولِ اللَّهِ صلى الله عليه وسلم تَذْرِفَانِ‏.‏ فَقَالَ لَهُ عَبْدُ الرَّحْمَنِ بْنُ عَوْفٍ ـ رضى الله عنه ـ وَأَنْتَ يَا رَسُولَ اللَّهِ فَقَالَ ‏”‏ يَا ابْنَ عَوْفٍ إِنَّهَا رَحْمَةٌ ‏”‏‏.‏ ثُمَّ أَتْبَعَهَا بِأُخْرَى فَقَالَ صلى الله عليه وسلم ‏”‏ إِنَّ الْعَيْنَ تَدْمَعُ، وَالْقَلْبَ يَحْزَنُ، وَلاَ نَقُولُ إِلاَّ مَا يَرْضَى رَبُّنَا، وَإِنَّا بِفِرَاقِكَ يَا إِبْرَاهِيمُ لَمَحْزُونُونَ ‏”‏‏.‏

അനസ് ഇബ്‌നുമാലിക് رَضِيَ اللهُ عَنْهُ വിൽ നിന്ന് നിവേദനം: ഞങ്ങള്‍ അല്ലാഹുവിന്റെ റസൂലി ﷺ നോടൊപ്പം കൊല്ലപ്പണിക്കാരന്‍ അബൂസെയ്ഫിന്റെ അടുക്കല്‍ പ്രവേശിച്ചു. അദ്ദേഹത്തിന്റെ(ഭാര്യ) (നബിയുടെ പുത്രന്‍) ഇബ്‌റാഹീമിനെ മുലയൂട്ടുന്നവരായിരുന്നു. അപ്പോള്‍ നബി ﷺ ഇബ്‌റാഹീമിനെ എടുക്കുകയും ചുംബിക്കുകയും മണത്തുനോക്കുകയും ചെയ്തു. അതിനുശേഷവും ഞങ്ങള്‍ ഇബ്‌റാഹീമിന്റെ അടുക്കല്‍പ്രവേശിച്ചു. ഇബ്‌റാഹീമാകട്ടെ(മരണാസന്നനായി) പ്രയാസപ്പെട്ടു ശ്വസിക്കുന്നു. അപ്പോഴതാ നബി ﷺ യുടെ ഇരുകണ്ണുകളും നിറഞ്ഞൊലിക്കുവാന്‍ തുടങ്ങി. അപ്പോള്‍ അബ്ദുര്‍റഹ്മാന്‍ ഇബ്‌നു ഔഫ് رَضِيَ اللهُ عَنْهُ പറഞ്ഞു: ‘താങ്കള്‍ അല്ലാഹുവിന്റെ ദൂതരായിട്ടും കരയുകയാണോ?’ നബി ﷺ ﷺ പറഞ്ഞു: ‘ഇബ്‌നു ഔഫ്, ഇതു കാരുണ്യമാണ്. (അക്ഷമ പ്രകടിപ്പിക്കലല്ല).’ കണ്ണുനീരു വാര്‍ത്തുകൊണ്ട് വീണ്ടും നബി ﷺ ﷺ പറഞ്ഞു: ‘നിശ്ചയം, കണ്ണ് കരയും, ഹൃദയം ദുഃഖിക്കും. എന്നാല്‍ നമ്മള്‍ റബ്ബിനെ തൃപ്തിപ്പെടുത്തുന്നതല്ലാതെ പറയുകയില്ല. ഇബ്‌റാഹീം, നിന്റെ വിരഹത്തില്‍ ഞാന്‍ദുഃഖിതനാണ്. (ബുഖാരി:1303)

عَنْ أُسَامَةَ بْنِ زَيْدٍ، قَالَ كُنَّا عِنْدَ النَّبِيِّ صلى الله عليه وسلم إِذْ جَاءَهُ رَسُولُ إِحْدَى بَنَاتِهِ يَدْعُوهُ إِلَى ابْنِهَا فِي الْمَوْتِ فَقَالَ النَّبِيُّ صلى الله عليه وسلم ‏”‏ ارْجِعْ فَأَخْبِرْهَا أَنَّ لِلَّهِ مَا أَخَذَ، وَلَهُ مَا أَعْطَى، وَكُلُّ شَىْءٍ عِنْدَهُ بِأَجَلٍ مُسَمًّى، فَمُرْهَا فَلْتَصْبِرْ وَلْتَحْتَسِبْ ‏”‏‏.‏ فَأَعَادَتِ الرَّسُولَ أَنَّهَا أَقْسَمَتْ لَتَأْتِيَنَّهَا، فَقَامَ النَّبِيُّ صلى الله عليه وسلم وَقَامَ مَعَهُ سَعْدُ بْنُ عُبَادَةَ وَمُعَاذُ بْنُ جَبَلٍ، فَدُفِعَ الصَّبِيُّ إِلَيْهِ وَنَفْسُهُ تَقَعْقَعُ كَأَنَّهَا فِي شَنٍّ فَفَاضَتْ عَيْنَاهُ فَقَالَ لَهُ سَعْدٌ يَا رَسُولَ اللَّهِ‏.‏ قَالَ ‏”‏ هَذِهِ رَحْمَةٌ جَعَلَهَا اللَّهُ فِي قُلُوبِ عِبَادِهِ، وَإِنَّمَا يَرْحَمُ اللَّهُ مِنْ عِبَادِهِ الرُّحَمَاءَ ‏”‏‏.‏

ഇബ്‌നു ഉമര്‍  رَضِيَ اللهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ യുടെ പുത്രി സെയ്‌നബ് رَضِيَ اللهُ عَنْها മരണാസന്നയായ തന്റെ പുത്രിയുടെ അടുക്കലേക്ക് നബി ﷺ വരുവാന്‍ ആളെ നിയോഗിച്ച സംഭവത്തില്‍ ഇപ്രകാരം കാണാം’അപ്പോള്‍ നബി ﷺ എഴുന്നേറ്റു. നബി ﷺ യോടൊപ്പം സഅ്ദ്ഇബ്‌നു ഉബാദ رَضِيَ اللهُ عَنْهُ വും മുആദ് ഇബ്‌നു ജബലും رَضِيَ اللهُ عَنْهُ വും എഴുന്നേറ്റു. അപ്പോള്‍ നബി ﷺ യിലേക്ക് കുട്ടിയെ നല്‍കപ്പെട്ടു. കുട്ടിയുടെ റൂഹ് ഒരു തോല്‍പാത്രത്തിലെന്ന പോലെ കിടന്നുപിടയുന്നു. അപ്പോള്‍, നബി ﷺ യുടെ ഇരുകണ്ണുകളും നിറഞ്ഞൊലിച്ചു. സഅ്ദ് رَضِيَ اللهُ عَنْهُ ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, എന്താണിത്?’ നബി ﷺ ﷺ പറഞ്ഞു: ‘ഇതു കാരുണ്യമാണ്. (അക്ഷമ പ്രകടിപ്പിക്കലല്ല) പ്രസ്തുത കാരുണ്യത്തെ അല്ലാഹു തന്റെ ദാസന്മാരുടെ ഹൃദയത്തില്‍ നിശ്ചയിച്ചിരിക്കുന്നു. നിശ്ചയം അല്ലാഹു തന്റെ ദാസന്മാരില്‍ കരുണയുള്ളവരോട് മാത്രം കരുണ കാണിക്കുന്നു. (ബുഖാരി)

عَنْ عَبْدِ اللَّهِ بْنِ أَبِي قَتَادَةَ، عَنْ أَبِيهِ أَبِي قَتَادَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ “‏ إِنِّي لأَقُومُ فِي الصَّلاَةِ أُرِيدُ أَنْ أُطَوِّلَ فِيهَا، فَأَسْمَعُ بُكَاءَ الصَّبِيِّ، فَأَتَجَوَّزُ فِي صَلاَتِي كَرَاهِيَةَ أَنْ أَشُقَّ عَلَى أُمِّهِ ‏”‏‏.‏

അബൂഖത്താദ رَضِيَ اللهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നമസ്‌കാരം ദീർഘിപ്പിക്കണമെന്നു കരുതി ഞാൻ നമസ്‌കരിക്കാൻ നിൽക്കും. അപ്പോൾ കുട്ടിയുടെ കരച്ചിൽ ഞാൻ കേൾക്കും. അപ്പോൾ ആ കുട്ടിയുടെ ഉമ്മയ്ക്ക് പ്രയാസമുണ്ടാകുന്നത് ഇഷ്ടപ്പെടാത്തതിനാൽ നമസ്‌കാരം ഞാൻ ലഘൂകരിക്കും. (ബുഖാരി: 707)

കാരുണ്യത്തിന്റെ ദൂതന്‍ നമസ്‌കാത്തിനു നേതൃത്വം നല്‍കുന്നവരോട് ഇപ്രകാരം ആജ്ഞാപിക്കുകയും ചെയ്തു:

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : إِذَا مَا قَامَ أَحَدُكُمْ لِلنَّاسِ فَلْيُخَفِّفِ الصَّلاَةَ فَإِنَّ فِيهِمُ الْكَبِيرَ وَفِيهِمُ الضَّعِيفَ وَإِذَا قَامَ وَحْدَهُ فَلْيُطِلْ صَلاَتَهُ مَا شَاءَ ‏

നബി ﷺ പറഞ്ഞു: നിങ്ങളിലൊരാള്‍ ജനങ്ങള്‍ക്ക് നമസ്‌കാരത്തിന് നേതൃത്വം നല്‍കുകയായാല്‍ (ഇമാമത്തു നിന്നാല്‍) അവന്‍ നമസ്‌കാരത്തെ ലഘൂകരിക്കട്ടെ. കാരണം അവന്റെ പിന്നില്‍ വലിയ വൃദ്ധരും ദുര്‍ബലരും  ഉണ്ടായിരിക്കും. ഒറ്റക്കു നമസ്‌കരിക്കുകയായാല്‍ അവന്‍ ഉദ്ദേശിക്കുന്നത്ര നമസ്‌കാരം ദീര്‍ഘിപ്പിക്കട്ടെ. (മുസ്‌ലിം:467)

മിണ്ടാപ്രണികളോടുവരെ തിരുദൂതര്‍ ﷺ കാണിച്ചിരുന്ന കാരുണ്യചരിത്രങ്ങള്‍ ധാരാളമാണ്.

عَنْ عَبْدِ اللَّهِ بْنِ جَعْفَرٍ، قَالَ ‏:‏ أَرْدَفَنِي رَسُولُ اللَّهِ صلى الله عليه وسلم خَلْفَهُ ذَاتَ يَوْمٍ فَأَسَرَّ إِلَىَّ حَدِيثًا لاَ أُحَدِّثُ بِهِ أَحَدًا مِنَ النَّاسِ، وَكَانَ أَحَبُّ مَا اسْتَتَرَ بِهِ رَسُولُ اللَّهِ صلى الله عليه وسلم لِحَاجَتِهِ هَدَفًا أَوْ حَائِشَ نَخْلٍ ‏.‏ قَالَ ‏:‏ فَدَخَلَ حَائِطًا لِرَجُلٍ مِنَ الأَنْصَارِ فَإِذَا جَمَلٌ فَلَمَّا رَأَى النَّبِيَّ صلى الله عليه وسلم حَنَّ وَذَرَفَتْ عَيْنَاهُ، فَأَتَاهُ النَّبِيُّ صلى الله عليه وسلم فَمَسَحَ ذِفْرَاهُ فَسَكَتَ، فَقَالَ ‏:‏ ‏”‏ مَنْ رَبُّ هَذَا الْجَمَلِ، لِمَنْ هَذَا الْجَمَلُ ‏”‏ ‏.‏ فَجَاءَ فَتًى مِنَ الأَنْصَارِ فَقَالَ ‏:‏ لِي يَا رَسُولَ اللَّهِ ‏.‏ فَقَالَ ‏:‏ ‏”‏ أَفَلاَ تَتَّقِي اللَّهَ فِي هَذِهِ الْبَهِيمَةِ الَّتِي مَلَّكَكَ اللَّهُ إِيَّاهَا، فَإِنَّهُ شَكَى إِلَىَّ أَنَّكَ تُجِيعُهُ وَتُدْئِبُهُ ‏”‏ ‏.‏

അബ്ദുല്ലാഹിബ്നു ജഅ്ഫര്‍  رَضِيَ اللهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഒരു ദിവസം അല്ലാഹുവിന്‍റെ റസൂല്‍ ﷺ എന്‍റെ പുറകില്‍ (വാഹനപ്പുറത്ത്) ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു. അങ്ങനെ എനിക്ക് ഒരു സംഭവം ഏറെ കൗതുകമുള്ളതായി. അത് ഞാന്‍ ഒരാളോടും പറഞ്ഞിട്ടില്ല. നബി ﷺ ആവശ്യനിര്‍വഹണത്തിന് മറസ്വീകരിക്കുന്നതിന് ഉയര്‍ന്നസ്ഥലമോ അല്ലെങ്കില്‍ ഈത്തപ്പന തൈകളോ ഇഷ്ടപ്പെടുമായിരുന്നു. അബ്ദുല്ലാഹ് رَضِيَ اللهُ عَنْهُ പറയുന്നു: അങ്ങനെ നബി ﷺ ഒരു അന്‍സ്വാരിയുടെ തോട്ടത്തില്‍ കയറി. അപ്പോഴതാ ഒരു ഒട്ടകം; അത് നബി ﷺ യെ കണ്ടപ്പോള്‍ തേങ്ങിക്കരയുന്നു. അതിന്‍റെ കണ്ണുകള്‍ ഒലിക്കുന്നുമുണ്ട്. അങ്ങനെ നബി ﷺ അതിന്‍റെ അടുത്ത് ചെന്നു. എന്നിട്ട് നബി ﷺ അതിന്‍റെ ചെവിയുടെ അടുത്ത് തടവി. അപ്പോള്‍ അത് (കരച്ചില്‍) അടക്കി. അപ്പോള്‍ നബി ﷺ ചോദിച്ചു: ‘ആരാണ് ഈ ഒട്ടകത്തിന്‍റെ യജമാനന്‍? ഈ ഒട്ടകം ആരുടെതാണ്?’ അപ്പോള്‍ അന്‍സ്വാരിയായ ഒരു ചെറുപ്പക്കാരന്‍ വന്നു. എന്നിട്ട് അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിന്‍റെ റസൂലേ, എന്‍റെതാണ്.’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘അല്ലാഹു നിനക്ക് ഉടമപ്പെടുത്തിത്തന്ന ഈ മൃഗത്തിന്‍റെ കാര്യത്തില്‍ നിനക്ക് അല്ലാഹുവിനെ സൂക്ഷിച്ചുകൂടേ? കാരണം, നീ അതിനെ പട്ടിണിക്കിടുന്നുണ്ടെന്നും നീ അതിനെ ഭാരിച്ച ജോലി ചെയ്യിച്ച് പ്രയാസപ്പെടുത്തുന്നുണ്ടെന്നും അത് എന്നോട് ആവലാതി ബോധിപ്പിച്ചിരിക്കുന്നു. (അബൂദാവൂദ് : 2549)

 

കടപ്പാട് : അബ്ദുല്‍ ജബ്ബാര്‍ മദീനി

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *