بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
ഇസ്ലാം, സാഹോദര്യത്തിന്റെ മതമാണ്. മുസ്ലിംകൾക്കിടയിൽ സ്നേഹവും ഐക്യവും നിലനിർത്തേണ്ടതിന്റെ പ്രാധാന്യം വിശുദ്ധ ഖുർആനും തിരുസുന്നത്തും ഊന്നിപ്പറയുന്നു. ഇമാം മുസ്ലിം നിവേദനം ചെയ്ത അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്നുള്ള മഹത്തായ ഒരു ഹദീസിനെ അടിസ്ഥാനമാക്കി, മുസ്ലിം ഉമ്മത്തിനുള്ളിൽ ഉണ്ടാവേണ്ട പരസ്പര ബന്ധങ്ങളെയും, ഒഴിവാക്കേണ്ട തിന്മകളെയും കുറിച്ചുള്ള പണ്ഡിതന്മാരുടെ (ഇമാം നവവി, ഇബ്നു ദഖീഖ് അൽ ഈദ്, ശൈഖ് ഇബ്നു ഉഥൈമീൻ, ശൈഖ് സ്വാലിഹ് അൽ ഫൗസാൻ, ശൈഖ് യഹ്‌യ അൽ ഹജൂരി رحمهم الله) വിശദീകരണങ്ങളാണ് ഈ ലേഖനത്തിൽ ചർച്ച ചെയ്യുന്നത്.
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : لاَ تَحَاسَدُوا، وَلاَ تَنَاجَشُوا، وَلاَ تَبَاغَضُوا، وَلاَ تَدَابَرُوا، وَلاَ يَبِعْ بَعْضُكُمْ عَلَى بَيْعِ بَعْضٍ، وَكُونُوا عِبَادَ اللهِ إِخْوَانًا، الْمُسْلِمُ أَخُو الْمُسْلِمِ، لاَ يَظْلِمُهُ، وَلاَ يَخْذُلُهُ، وَلاَ يَكْذِبُهُ، وَلاَ يَحْقِرُهُ، التَّقْوَى هَا هُنَا – وَيُشِيرُ إِلَى صَدْرِهِ ثَلاَثَ مَرَّاتٍ – بِحَسْبِ امْرِئٍ مِنَ الشَّرِّ أَنْ يَحْقِرَ أَخَاهُ الْمُسْلِمَ، كُلُّ الْمُسْلِمِ عَلَى الْمُسْلِمِ حَرَامٌ: دَمُهُ وَمَالُهُ وَعِرْضُهُ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُവിൽ നിന്നും നിവേദനം: അല്ലാഹുവിൻ്റെ റസൂൽ ﷺ പറഞ്ഞു: നിങ്ങൾ പരസ്പരം അസൂയ വെക്കരുത്, (വിലകൂട്ടാൻ വേണ്ടി) നജ്‌ശ് ചെയ്യരുത്, പരസ്പരം വിദ്വേഷം വെക്കരുത്, പരസ്പരം പിന്തിരിഞ്ഞു പോകരുത്, ഒരാളുടെ കച്ചവടത്തിന് മേൽ മറ്റൊരാൾ കച്ചവടം ചെയ്യരുത്. അല്ലാഹുവിൻ്റെ അടിമകളേ, നിങ്ങൾ സഹോദരന്മാരാവുക. മുസ്ലിം മുസ്ലിമിൻ്റെ സഹോദരനാണ്. അവൻ അവനെ അക്രമിക്കുകയോ, കൈവെടിയുകയോ, അവനോട് കളവ് പറയുകയോ, അവനെ നിസ്സാരമാക്കുകയോ ഇല്ല. തഖ്‌വ ഇവിടെയാണ് – അവിടുന്ന് തൻ്റെ നെഞ്ചിലേക്ക് മൂന്ന് തവണ ചൂണ്ടിക്കാണിച്ചു – ഒരു മനുഷ്യന് തിന്മയായിട്ട് അതുമതി; തൻ്റെ സഹോദരനായ മുസ്ലിമിനെ നിസ്സാരമാക്കുക എന്നത്. ഓരോ മുസ്ലിമിനും മറ്റൊരു മുസ്ലിമിൻ്റെ രക്തവും, ധനവും, അഭിമാനവും (കൈയേറ്റം ചെയ്യൽ) ഹറാമാണ്. (സ്വഹീഹ് മുസ്ലിം: 2564)
ഈ ഹദീസിലെ ഓരോ ഭാഗവും മുസ്ലിം സമൂഹത്തിൻ്റെ കെട്ടുറപ്പിനെ ബാധിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സയാണ്.
1. അസൂയ (الْحَسَد) വെടിയുക
നബി ﷺ പറഞ്ഞു: لاَ تَحَاسَدُوا (നിങ്ങൾ പരസ്പരം അസൂയ വെക്കരുത്).
ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله അസൂയയെ നിർവചിച്ചത് ഇപ്രകാരമാണ്: “തൻ്റെ സഹോദരന് അല്ലാഹു നൽകിയ അനുഗ്രഹത്തെ വെറുക്കലാണത്.”
ഇത് ആ അനുഗ്രഹം നീങ്ങിപ്പോകാൻ ആഗ്രഹിക്കുന്നതിലേക്ക് നയിക്കുന്നു.
ശൈഖ് ഇബ്നു ഉഥൈമീൻ رحمه الله അസൂയയുടെ ഗൗരവത്തെക്കുറിച്ച് ഒമ്പതോളം കാര്യങ്ങൾ വിശദീകരിക്കുന്നുണ്ട്. അതിൽ പ്രധാനപ്പെട്ടവ:
1. അല്ലാഹുവിൻ്റെ വിധിയിലുള്ള അതൃപ്തിയാണത്. അല്ലാഹു ഒരാൾക്ക് നൽകിയതിനെ വെറുക്കുമ്പോൾ, അവൻ അല്ലാഹുവിൻ്റെ തീരുമാനത്തെയാണ് ചോദ്യം ചെയ്യുന്നത്.
2. അസൂയ നന്മകളെ തിന്നുകളയുന്നു, തീ വിറകിനെ തിന്നുകളയുന്നത് പോലെ.
3. അസൂയക്കാരൻ യഹൂദികളോട് സാദൃശ്യപ്പെടുന്നു. അല്ലാഹു പറയുന്നു:
أَمْ يَحْسُدُونَ ٱلنَّاسَ عَلَىٰ مَآ ءَاتَىٰهُمُ ٱللَّهُ مِن فَضْلِهِۦ ۖ
അതല്ല, അല്ലാഹു തൻ്റെ അനുഗ്രഹത്തിൽ നിന്ന് മനുഷ്യർക്ക് നൽകിയതിൻ്റെ പേരിൽ അവർ അവരോട് അസൂയപ്പെടുകയാണോ? (ഖു൪ആന്‍:4/54)
യഹ്‌യ അൽ ഹജൂരി ഓർമ്മിപ്പിക്കുന്നു: “അസൂയ അസൂയക്കാരനെ തന്നെയാണ് ആദ്യം ബാധിക്കുന്നത്. അവൻ സ്വന്തത്തെത്തന്നെ കരിച്ചു കളയുന്നു.”
യൂസുഫ് നബി عليه السلام യുടെ സഹോദരന്മാർക്കും ആദം നബി عليه السلام യുടെ മകൻ ഖാബീലിനും സംഭവിച്ച വീഴ്ചകൾക്ക് കാരണം അസൂയയായിരുന്നുവെന്ന് അദ്ദേഹം ഉദാഹരണമായി എടുത്തു കാണിക്കുന്നു.
2. നജ്‌ശ് (النَّجْش) – വഞ്ചനാപരമായ കച്ചവട രീതി
നബി ﷺ പറഞ്ഞു: وَلاَ تَنَاجَشُوا (നിങ്ങൾ നജ്‌ശ് ചെയ്യരുത്).
‘നജ്‌ശ്’ എന്നാൽ ഒരു സാധനം വാങ്ങാൻ ഉദ്ദേശ്യമില്ലാതെ, മറ്റൊരാളെ വഞ്ചിക്കാനോ കച്ചവടക്കാരനെ സഹായിക്കാനോ വേണ്ടി മാത്രം സാധനത്തിൻ്റെ വില കൂട്ടുന്നതിനാണ് പറയുക. ഇത് ഹറാമാണ് കാരണം അതിൽ വഞ്ചനയും ചതിയും അടങ്ങിയിരിക്കുന്നു. ഇമാം നവവി رحمه الله യും ശൈഖ് ഇബ്നു ഉഥൈമീൻ رحمه الله യും ഇത് വ്യക്തമായി നിരോധിക്കപ്പെട്ട കാര്യമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
3. വിദ്വേഷം (الْبَغْضَاء) വെടിയുക
നബി ﷺ പറഞ്ഞു: وَلاَ تَبَاغَضُوا (നിങ്ങൾ പരസ്പരം വിദ്വേഷം വെക്കരുത്).
ഹൃദയത്തിൽ മുസ്ലിം സഹോദരനോട് വെറുപ്പ് സൂക്ഷിക്കുന്നത് നിഷിദ്ധമാണ്. ശൈഖ് ഫൗസാൻ حَفِظَهُ اللَّهُ പറയുന്നു: “വിശ്വാസികൾക്കിടയിൽ ആവശ്യമായത് സ്നേഹമാണ്. നബി ﷺ പറഞ്ഞു:
لاَ يُؤْمِنُ أَحَدُكُمْ حَتَّى يُحِبَّ لِأَخِيهِ مَا يُحِبُّ لِنَفْسِهِ
തനിക്ക് ഇഷ്ടപ്പെടുന്നത് തൻ്റെ സഹോദരനും ഇഷ്ടപ്പെടുന്നത് വരെ നിങ്ങളിലൊരാളും (യഥാർത്ഥ) വിശ്വാസിയാവുകയില്ല. (ബുഖാരി:13)”
എന്നാൽ ബിദ്അത്തുകരോടും, പാപികളോടും (അവരുടെ പാപത്തിന്റെ അളവനുസരിച്ച്) അല്ലാഹുവിന് വേണ്ടി വെറുപ്പ് വെക്കുന്നത് ഇതിൽ പെടുകയില്ല, മറിച്ച് അത് ഈമാനിന്റെ ഭാഗമാണ്.
4. പിന്തിരിഞ്ഞു പോകരുത് (التَّدَابُر)
നബി ﷺ പറഞ്ഞു: وَلاَ تَدَابَرُوا (നിങ്ങൾ പരസ്പരം പിന്തിരിഞ്ഞു പോകരുത്).
ഇമാം നവവി رحمه الله വിശദീകരിക്കുന്നു: ഇതിൻ്റെ അർത്ഥം, ഒരു സഹോദരനെ കാണുമ്പോൾ അവനുമായി മിണ്ടാതെ മുഖം തിരിച്ചു കളയുകയോ അവനെ ഉപേക്ഷിക്കുകയോ ചെയ്യരുത് എന്നാണ്.
ഹദീസിൽ വന്നിരിക്കുന്നു:
لاَ يَحِلُّ لِمُسْلِمٍ أَنْ يَهْجُرَ أَخَاهُ فَوْقَ ثَلَاثَةِ أَيَّامٍ
ഒരു മുസ്ലിമിന് തൻ്റെ സഹോദരനുമായി മൂന്ന് ദിവസത്തിലധികം പിണങ്ങിനിൽക്കൽ അനുവദനീയമല്ല. (ബുഖാരി:6065)
ശൈഖ് ഫൗസാൻ حَفِظَهُ اللَّهُ പറയുന്നു: “നിൻ്റെ സഹോദരനെ കാണുമ്പോൾ പുഞ്ചിരിയോടെയും സന്തോഷത്തോടെയും അഭിമുഖീകരിക്കലാണ് ഒരു മുസ്ലിമിന് യോജിച്ചത്.”
5. കച്ചവടത്തിന് മേൽ കച്ചവടം അരുത്
നബി ﷺ പറഞ്ഞു: وَلاَ يَبِعْ بَعْضُكُمْ عَلَى بَيْعِ بَعْضٍ (ഒരാളുടെ കച്ചവടത്തിന് മേൽ മറ്റൊരാൾ കച്ചവടം ചെയ്യരുത്).
ഇതിൻ്റെ ഉദാഹരണമായി ശൈഖ് ഇബ്നു ഉഥൈമീൻ حَفِظَهُ اللَّهُ പറയുന്നു: ഒരാൾ പത്ത് രൂപക്ക് ഒരു സാധനം വിറ്റാൽ, മറ്റൊരാൾ ആ വാങ്ങിയവൻ്റെ അടുത്ത് ചെന്ന് “ഞാൻ നിനക്ക് അതേ സാധനം ഒമ്പത് രൂപക്ക് തരാം” എന്ന് പറയുക. ഇത് സഹോദരനെ ദ്രോഹിക്കലും, അവരുടെ ഇടപാട് തകർക്കലുമാണ്. ഇത് ഹറാമാണ്.
6. സഹോദരനെ സഹായിക്കുക, വഞ്ചിക്കാതിരിക്കുക
നബി ﷺ പറഞ്ഞു: الْمُسْلِمُ أَخُو الْمُسْلِمِ، لاَ يَظْلِمُهُ، وَلاَ يَخْذُلُهُ (മുസ്ലിം മുസ്ലിമിൻ്റെ സഹോദരനാണ്. അവൻ അവനെ അക്രമിക്കുകയോ, കൈടിയുകയോ ഇല്ല).
ശൈഖ് ഫൗസാൻ حَفِظَهُ اللَّهُ പറയുന്നു: “നിൻ്റെ സഹോദരൻ അപമാനിക്കപ്പെടുന്നത് കണ്ടാൽ അവനെ സഹായിക്കുകയും സംരക്ഷിക്കുകയും വേണം. അവനെ ശത്രുക്കൾക്ക് വിട്ടുകൊടുക്കരുത്. ആരെങ്കിലും അവനെക്കുറിച്ച് പരദൂഷണം പറയുന്നത് കേട്ടാൽ അവനുവേണ്ടി പ്രതിരോധിക്കണം. അത്തരം സന്ദർഭങ്ങളിൽ മൗനം പാലിക്കുന്നത് അവനെ കൈവെടിയലാണ് (ഖദ്‌ലാൻ).”
7. തഖ്‌വ ഹൃദയത്തിലാണ്
നബി ﷺ തൻ്റെ നെഞ്ചിലേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു: التَّقْوَى هَا هُنَا (തഖ്‌വ ഇവിടെയാണ്).
ശൈഖ് ഇബ്നു ഉഥൈമീൻ رحمه الله വിശദീകരിക്കുന്നു: “തഖ്‌വ എന്നത് ഹൃദയത്തിലാണ്, അല്ലാതെ വെറും വേഷത്തിലോ രൂപത്തിലോ അല്ല. ഹൃദയം നന്നായാൽ അവയവങ്ങളും നന്നാകും.”.
ശൈഖ് ഫൗസാൻ حَفِظَهُ اللَّهُ കൂട്ടിച്ചേർക്കുന്നു: ഇതിനർത്ഥം തിന്മകൾ പ്രവർത്തിച്ചു കൊണ്ട് “എൻ്റെ മനസ്സിൽ തഖ്‌വയുണ്ട്” എന്ന് പറയലല്ല. മറിച്ച് ഹൃദയം നന്നായാൽ അത് പ്രവർത്തനങ്ങളിൽ പ്രതിഫലിക്കും. നബി ﷺ പറഞ്ഞു:
أَلاَ وَإِنَّ فِي الْجَسَدِ مُضْغَةً إِذَا صَلَحَتْ صَلَحَ الْجَسَدُ كُلُّهُ
ശരീരത്തിൽ ഒരു മാംസക്കഷ്ണമുണ്ട്, അത് നന്നായാൽ ശരീരം മുഴുവൻ നന്നായി.” (അത് ഹൃദയമാണ്). (മുസ്ലിം:1599)
8. മുസ്ലിമിൻ്റെ രക്തവും ധനവും അഭിമാനവും പവിത്രമാണ്
നബി ﷺ പറഞ്ഞു:
كُلُّ الْمُسْلِمِ عَلَى الْمُسْلِمِ حَرَامٌ: دَمُهُ وَمَالُهُ وَعِرْضُهُ
ഓരോ മുസ്ലിമിനും മറ്റൊരു മുസ്ലിമിൻ്റെ രക്തവും, ധനവും, അഭിമാനവും (കൈയേറ്റം ചെയ്യൽ) ഹറാമാണ്. (മുസ്ലിം:2564)
അല്ലാഹുവിൻ്റെ അനുമതിയില്ലാതെ (ശർഈയായ കാരണങ്ങളില്ലാതെ) ഒരു മുസ്ലിമിൻ്റെ രക്തം ചിന്താനോ, ധനം അപഹരിക്കാനോ, അഭിമാനത്തിന് ക്ഷതമേൽപ്പിക്കാനോ പാടില്ല.
ശൈഖ് ഫൗസാൻ حَفِظَهُ اللَّهُ പറയുന്നു: “മുസ്ലിമിൻ്റെ അഭിമാനം പവിത്രമാണ്. അവനെക്കുറിച്ച് പരദൂഷണം പറയലോ, പരിഹസിക്കലോ, കുറ്റം പറയലോ അനുവദനീയമല്ല. അവനെക്കുറിച്ച് ആരെങ്കിലും മോശമായി സംസാരിച്ചാൽ അവന് വേണ്ടി സംസാരിക്കുകയാണ് വേണ്ടത്.”.
അല്ലാഹു വിശുദ്ധ ഖുർആനിൽ പറയുന്നു:
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا يَسْخَرْ قَوْمٌ مِّن قَوْمٍ عَسَىٰٓ أَن يَكُونُوا۟ خَيْرًا مِّنْهُمْ وَلَا نِسَآءٌ مِّن نِّسَآءٍ عَسَىٰٓ أَن يَكُنَّ خَيْرًا مِّنْهُنَّ ۖ
സത്യവിശ്വാസികളേ, ഒരു ജനവിഭാഗം മറ്റൊരു ജനവിഭാഗത്തെ പരിഹസിക്കരുത്. ഇവര്‍ (പരിഹസിക്കപ്പെടുന്നവര്‍) അവരെക്കാള്‍ നല്ലവരായിരുന്നേക്കാം. ഒരു വിഭാഗം സ്ത്രീകള്‍ മറ്റൊരു വിഭാഗം സ്ത്രീകളെയും പരിഹസിക്കരുത്. ഇവര്‍ (പരിഹസിക്കപ്പെടുന്ന സ്ത്രീകള്‍) മറ്റവരെക്കാള്‍ നല്ലവരായിരുന്നേക്കാം. (ഖുർആൻ:49/11)
ഈ മഹത്തായ ഹദീസ് മുസ്ലിം ഉമ്മത്തിന്റെ ഐക്യത്തിനും സ്നേഹത്തിനും വേണ്ടിയുള്ള ഒരു സമ്പൂർണ്ണ ഭരണഘടനയാണ്. ഈ നിർദ്ദേശങ്ങൾ പാലിക്കുന്നതിലൂടെ നമുക്ക് ഇഹത്തിലും പരത്തിലും വിജയികളാകാം.
അല്ലാഹു നമ്മെ എല്ലാവരെയും അവൻ്റെ ദീനിൽ ഒന്നിപ്പിക്കുകയും, നമ്മുടെ ഹൃദയങ്ങളിൽ സ്നേഹം നിറയ്ക്കുകയും ചെയ്യുമാറാകട്ടെ. ആമീൻ.
മുഹമ്മദ് അമീൻ
www.kanzululoom.com