കുഞ്ഞിന് പേര് പരതുമ്പോള്‍

ഒരു കുഞ്ഞ് ജനിച്ചാല്‍ ഏത് രക്ഷിതാവും തേടി നടക്കുന്ന പ്രധാനപ്പെട്ട ഒന്നാണ് ഒരു നല്ല പേര്. കുഞ്ഞിന് നല്ല പേരിടുക എന്നത് മതപരമായ നിര്‍ദേശമാണ്. ആ വിഷയത്തില്‍ കൃത്യമായ മാര്‍ഗദര്‍ശനം ഇസ്‌ലാം നല്‍കിയിട്ടുണ്ട്. ഒരു കുഞ്ഞിന്റെ പേര് അവന്റെ മരണം വരെയും, അല്ല മരണാനന്തരവും  വിളിക്കപ്പെടാനുള്ളതാണ്. ഒരു  സത്യവിശ്വാസിയുടെ ആത്മാവിനെ മലക്കുകള്‍ പിടിക്കുന്നതിനെ കുറിച്ച് നബി ﷺ പറഞ്ഞിട്ടുള്ള ഹദീസിൽ ഇപ്രകാരം കാണാം.

قال: فيصعدون بها فلا يمرون ـ يعني بها ـ على ملأ من الملائكة إلا قالوا: ما هذه الروح الطيب، فيقولون: فلان بن فلان، بأحسن أسمائه التي كانوا يسمونه بها في الدنيا

നബി ﷺ പറഞ്ഞു: ……….. മലക്കുകൾ ആ ആത്മാവ് കൊണ്ട് (ആകാശത്തിലേക്ക്) കയറും . അവർ അതും കൊണ്ട് ഏത് മലക്കുകളുടെ കൂട്ടത്തിലൂടെ കടന്നു പോകുന്നുവോ അവരെല്ലാവരും ചോദിക്കും: ഏതാണ് ഈ ഉത്തമമായ ആത്മാവ്? അവർ പറയും: ഇന്നയാളുടെ മകൻ ഇന്നയാൾ. ദുനിയാവിൽ അയാളെ അവർ വിളിച്ചിരുന്ന നാമങ്ങളിൽ ഏറ്റവും നല്ല നാമം കൊണ്ടാണ് വിളിക്കപ്പെടുക ………….. (അഹ്മദ്)

മറക്കാവതല്ല. അല്ലാഹുവിന്റെ നാമങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നേടത്ത് ‘നല്ല നാമങ്ങള്‍’ എന്ന പ്രയോഗം കാണാം. ഈ സുന്ദരനാമങ്ങള്‍ ഉപയോഗിച്ചാവണം അവനെ വിളിച്ച് പ്രാര്‍ഥിക്കേണ്ടതെന്ന് അല്ലാഹു ഉണര്‍ത്തുന്നുണ്ട്.

وَلِلَّهِ ٱلْأَسْمَآءُ ٱلْحُسْنَىٰ فَٱدْعُوهُ بِهَا ۖ

അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്‌. അതിനാല്‍ ആ പേരുകളില്‍ അവനെ നിങ്ങള്‍ വിളിച്ചുകൊള്ളുക, (ഖു൪ആന്‍:7/180)

قُلِ ٱدْعُوا۟ ٱللَّهَ أَوِ ٱدْعُوا۟ ٱلرَّحْمَٰنَ ۖ أَيًّا مَّا تَدْعُوا۟ فَلَهُ ٱلْأَسْمَآءُ ٱلْحُسْنَىٰ ۚ

(നബിയ) പറയുക: നിങ്ങള്‍ അല്ലാഹു എന്ന് വിളിച്ചുകൊള്ളുക. അല്ലെങ്കില്‍ റഹ്മാന്‍ എന്ന് വിളിച്ചുകൊള്ളുക. ഏതു തന്നെ നിങ്ങള്‍ വിളിക്കുകയാണെങ്കിലും അവന്നുള്ളതാകുന്നു ഏറ്റവും ഉല്‍കൃഷ്ടമായ നാമങ്ങള്‍…… (ഖു൪ആന്‍:17/110)

സകരിയ്യാ നബി عليه السلام ക്ക് ലഭിച്ച മകന് ‘യഹ്‌യ’ എന്ന പേര് നല്‍കിയത് അല്ലാഹുവാണെന്ന് മാത്രമല്ല, ആ പേരിനെ അല്ലാഹു പ്രശംസിക്കുകയും ചെയ്യുന്നുണ്ട്.

يَٰزَكَرِيَّآ إِنَّا نُبَشِّرُكَ بِغُلَٰمٍ ٱسْمُهُۥ يَحْيَىٰ لَمْ نَجْعَل لَّهُۥ مِن قَبْلُ سَمِيًّا

ഹേ, സകരിയ്യാ, തീര്‍ച്ചയായും നിനക്ക് നാം ഒരു ആണ്‍കുട്ടിയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവന്‍റെ പേര്‍ യഹ്‌യാ എന്നാകുന്നു. മുമ്പ് നാം ആരെയും അവന്‍റെ പേര് ഉള്ളവരാക്കിയിട്ടില്ല. (ഖു൪ആന്‍:19/7)

ഇതെല്ലാം പേരിടല്‍ ശ്രദ്ധിച്ച് വേണമെന്നതിലേക്കുള്ള സൂചനകളാണ്.

عَنِ ابْنِ عُمَرَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: إِنَّ أَحَبَّ أَسْمَائِكُمْ إِلَى اللَّهِ عَبْدُ اللَّهِ وَعَبْدُ الرَّحْمَنِ

അബ്ദുല്ലാഹിബ്നു ഉമർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളുടെ പേരുകളില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടത് അബ്ദുല്ലാഹ്, അബ്ദുര്‍റഹ്മാന്‍ തുടങ്ങിയ പേരുകളാണ്. (മുസ്ലിം :2132)

അപ്രകാരം തന്നെ അല്ലാഹുവിന്റെ നാമങ്ങളിലേക്ക് عبد ( അബ്ദു – അടിമ ) എന്ന് ചേർത്ത് പേരിടുന്നത് നല്ലതാണ് .ഉദാ : അബ്ദുല്‍ ലത്തീഫ് , അബ്ദുൽ ഹഖ് , അബ്ദുൽ ഹകീം എന്നിങ്ങനെ.

പ്രവാചകന്മാരുടെയും സച്ചരിതരായ മഹാന്മാരുടെയുമൊക്കെ പേരുകള്‍ തിരഞ്ഞെടുക്കുന്നത് പ്രോത്സാഹനാജനകമാണ്. നബി ﷺ യുടെ മകന്റെ പേര് ഇബ്രാഹിം എന്നായിരുന്നു. ഒരു സ്വഹാബിയുടെ മകന്റെ പേര് യൂസുഫ് എന്നായിരുന്നു. അപ്രകാരംതന്നെ മുഹമ്മദ് നബി ﷺ യുടെ പേരിടുന്നതും അനുവദനീയമാണ്.

عَنْ جَابِرِ بْنِ عَبْدِ اللَّهِ، قَالَ وُلِدَ لِرَجُلٍ مِنَّا غُلاَمٌ فَسَمَّاهُ مُحَمَّدًا فَقَالَ لَهُ قَوْمُهُ لاَ نَدَعُكَ تُسَمِّي بِاسْمِ رَسُولِ اللَّهِ صلى الله عليه وسلم ‏.‏ فَانْطَلَقَ بِابْنِهِ حَامِلَهُ عَلَى ظَهْرِهِ فَأَتَى بِهِ النَّبِيَّ صلى الله عليه وسلم فَقَالَ يَا رَسُولَ اللَّهِ وُلِدَ لِي غُلاَمٌ فَسَمَّيْتُهُ مُحَمَّدًا فَقَالَ لِي قَوْمِي لاَ نَدَعُكَ تُسَمِّي بِاسْمِ رَسُولِ اللَّهِ صلى الله عليه وسلم ‏.‏ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ تَسَمَّوْا بِاسْمِي وَلاَ تَكْتَنُوا بِكُنْيَتِي فَإِنَّمَا أَنَا قَاسِمٌ أَقْسِمُ بَيْنَكُمْ ‏”‏ ‏.‏

ജാബിർ ബ്നു അബ്ദില്ല رَضِيَ اللَّهُ عَنْهُ പറയുന്നു: ”ഞങ്ങളില്‍ ഒരാള്‍ക്ക് ഒരു കുട്ടി ജനിക്കുകയും മുഹമ്മദ് എന്ന് പേരു നല്‍കുകയും ചെയ്തു. അദ്ദേഹത്തിന്റെ ആള്‍ക്കാര്‍ അദ്ദേഹത്തോട് പറഞ്ഞു: ‘നിന്നെ ഞങ്ങള്‍ അല്ലാഹുവിന്റെ റസൂൽ ﷺ യുടെ പേര് പറഞ്ഞ് വിളിക്കില്ല.’ (മുഹമ്മദ് എന്ന് ഒറ്റക്ക് വിളിക്കുന്നത് ഒരു അനാദരവായി അവര്‍ കണ്ടു. അവര്‍ നബിയേ, റസൂലേ എന്നൊക്കെയാണ് നബി ﷺ യെ അഭിസംബോധന ചെയ്തിരുന്നത്). അപ്പോള്‍ അദ്ദേഹം കുട്ടിയെയും എടുത്തുകൊണ്ട് നബി ﷺ യുടെ അടുക്കൽ വന്ന് പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, ഞാന്‍ എന്റെ കുഞ്ഞിന് മുഹമ്മദ് എന്ന് പേരിട്ടു. അപ്പോള്‍ എന്റെ ജനത പറയുന്നു, അല്ലാഹുവിന്റെ റസൂലിന്റ പേര് വെച്ച് നിന്നെ ഞങ്ങള്‍ വിളിക്കില്ല എന്ന്.’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘എന്റെ പേര് കൊണ്ട് നിങ്ങള്‍ പേരിടുക. എന്റെ വിളിപ്പേര്  (അബുല്‍ക്വാസിം) നല്‍കാതിരിക്കുകയും ചെയ്യുക. തീര്‍ച്ചയായും ഞാന്‍ വീതംവെക്കുന്നവന്‍ (ക്വാസിം) ആണ്. നിങ്ങള്‍ക്ക് ഞാന്‍ വീതിച്ച് നല്‍കുന്നു. (മുസ്‌ലിം:2133)

ഒരു കുഞ്ഞിന് ജനിച്ച ഉടനെ തന്നെ പേര് നല്‍കാവുന്നതാണ്. നബി ﷺ യില്‍ നിന്ന് അതിനുള്ള മാതൃക സ്ഥിരപ്പെട്ട് വന്നിട്ടുണ്ട്.

നബി ﷺ പറഞ്ഞു: ഇന്ന് രാത്രിയില്‍ എനിക്ക് ഒരു മകന്‍ ജനിച്ചു. ഞാനവന് എന്റെ (പൂര്‍വ) പിതാവായ ഇബ്‌റാഹീമിന്റെ പേര് നല്‍കി. (മുസ്‌ലിം)

ഏഴാം നാളില്‍ പേര് നല്‍കണമെന്ന നബി വചനങ്ങളും വന്നിട്ടുണ്ട്.

عَنْ سَمُرَةَ بْنِ جُنْدُبٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏: كُلُّ غُلاَمٍ رَهِينَةٌ بِعَقِيقَتِهِ تُذْبَحُ عَنْهُ يَوْمَ سَابِعِهِ وَيُحْلَقُ وَيُسَمَّى

സമുറ ബ്നു ജുൻദുബ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘എല്ലാ കുട്ടിയും അവന്റെ അഖീഖയുടെ പണയത്തില്‍ ബന്ധനസ്ഥനാണ്. ഏഴാം നാളിലാണ് അവന് വേണ്ടി അറവ് നടത്തുന്നത്. അന്ന് തന്നെയാണ് മുടി നീക്കേണ്ടതും, പേരിടേണ്ടതും.’ (അബൂദാവൂദ്: 2838)

പേര് നേരത്തെ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ ജനിച്ച ദീവസവും ഇല്ലെങ്കില്‍ ഏഴാം ദീവസവുമാണ് നാമകരണം നടത്തേണ്ടതെന്നാണ് ഈ രണ്ട് ഹദീസുകളേയും സംയോജിപ്പിച്ചുകൊണ്ട് ശൈഖ് ഇബ്നു ഉസൈമീന്‍ رحمه الله  പറഞ്ഞിട്ടുള്ളത്.

ചിലപ്പോള്‍ മാതാപിതാക്കളുടെ അജ്ഞത നിമിത്തമോ അശ്രദ്ധനിമിത്തമോ മോശം പേരുകള്‍ നല്‍കപ്പെട്ടാല്‍ വിവേകമതികളും പണ്ഡിതന്മാരുമായവരുടെ ഇടപെടല്‍ മൂലമോ സ്വയം ബോധ്യത്താലോ അവ മാറ്റാവുന്നതാണ്. നബി ﷺ അപ്രകാരം ചെയ്തിട്ടുളളതായി സ്ഥിരപ്പെട്ട് വന്നിട്ടുണ്ട്.

عَنِ ابْنِ عُمَرَ، أَنَّ ابْنَةً لِعُمَرَ، كَانَتْ يُقَالُ لَهَا عَاصِيَةُ فَسَمَّاهَا رَسُولُ اللَّهِ صلى الله عليه وسلم جَمِيلَةَ ‏.‏

ഇബ്‌നു ഉമര്‍ رَضِيَ اللَّهُ عَنْهُ പറയുന്നു: ഉമര്‍ رَضِيَ اللَّهُ عَنْهُ  വിവിന് (ധിക്കാരി എന്ന് അര്‍ത്ഥമുള്ള) ‘ആസ്വിയ’ എന്ന് പേരുള്ള ഒരു മകളുണ്ടായിരുന്നു. അല്ലാഹുവിന്റെ റസൂൽ ﷺ അവര്‍ക്ക് (ഭംഗിയുള്ളവൾ എന്നര്‍ഥമുള്ള) ‘ജമീല’ എന്ന് പേര് നല്‍കി. (മുസ്ലിം:2139)

عَنِ ابْنِ عُمَرَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم غَيَّرَ اسْمَ عَاصِيَةَ وَقَالَ ‏ “‏ أَنْتِ جَمِيلَةُ ‏”

ഇബ്‌നു ഉമര്‍ رَضِيَ اللَّهُ عَنْهُ പറയുന്നു: ആസ്വിയ (ധിക്കാരം കാണിക്കുന്നവൾ ) എന്ന പേര് നബി ﷺ മാറ്റുകയുണ്ടായി. നബി ﷺ പറഞ്ഞു : നീ ജമീലയാണ്. (മുസ്ലിം :2139)

عَنْ مُحَمَّدِ بْنِ عَمْرِو بْنِ عَطَاءٍ، قَالَ سَمَّيْتُ ابْنَتِي بَرَّةَ فَقَالَتْ لِي زَيْنَبُ بِنْتُ أَبِي سَلَمَةَ إِنَّ رَسُولَ اللَّهِ صلى الله عليه وسلم نَهَى عَنْ هَذَا الاِسْمِ وَسُمِّيتُ بَرَّةَ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ لاَ تُزَكُّوا أَنْفُسَكُمُ اللَّهُ أَعْلَمُ بِأَهْلِ الْبِرِّ مِنْكُمْ ‏”‏ ‏.‏ فَقَالُوا بِمَ نُسَمِّيهَا قَالَ ‏”‏ سَمُّوهَا زَيْنَبَ ‏”‏ ‏.‏

മുഹമ്മദ് ബ്നു അംറ് ബ്നു അത്വാഅ് رَضِيَ اللَّهُ عَنْهُ പറയുന്നു: ഞാൻ എന്റെ മകൾക്ക് بَرَّةَ (ബര്‍റ – പുണ്യവതി) എന്ന പേര് നൽകിയിരുന്നു.  അല്ലാഹുവിന്റെ റസൂൽ  ﷺ ഈ പേര് നൽകുന്നതിൽ നിന്ന് എന്നെ വിലക്കിയതായി അബൂസലമയുടെ മകൾ സൈനബ് എന്നോട് പറഞ്ഞു. (അവർ പറഞ്ഞു) എന്നെ ബർറാ എന്നും വിളിക്കുന്നു, അപ്പോൾ അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:  “നിങ്ങള്‍ നിങ്ങൾ ആത്മപ്രശംസ നടത്താതിരിക്കുക. നിശ്ചയമായും നിങ്ങളിലുള്ള പുണ്യവാന്‍മാരെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാണ്”. അവർ ചോദിച്ചു: ഞങ്ങള്‍ എന്താണ് അവള്‍ക്കു പേര് നല്‍കേണ്ടത്? നബി ﷺ പറഞ്ഞു:നിങ്ങൾ അവളെ   ‘സൈനബ’ എന്ന പേര് വിളിക്കുക. (മുസ്‌ലിം:2142)

അല്ലാഹു അല്ലാത്തവരുടെ അടിമ, ദാസന്‍ എന്നര്‍ഥം വരുന്ന പേരുകള്‍ നബി ﷺ മാറ്റിയിട്ടുണ്ട്.

عن هانئ بن يزيد رضي الله عنه سمع النبي صلى الله عليه وسلم يسمون رجلا منهم عبد الحجر فقال النبي صلى الله عليه وسلم: “ما اسمك؟”، قال: عبد الحجر، قال: “لا أنت عبد الله”،

ഹാനിഅ് ബ്നു യസീദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഒരാളെ അബ്ദുൽ ഹജർ എന്ന് വിളിക്കുന്നത് നബി ﷺ കേട്ടു. നബി ﷺ ചോദിച്ചു: താങ്കളുടെ പേര് എന്താണ്? അയാൾ പറഞ്ഞു: അബ്ദുല്‍ ഹജര്‍ (കല്ലിന്റെ ദാസന്‍). നബി ﷺ പറഞ്ഞു: ‘അല്ല, താങ്കള്‍ അബ്ദുല്ലയാണ്’ (صحيح الأدب المفرد ٦٢٣ )

സത്യത്തില്‍ അബ്ദുല്‍ മനാഫ്, അബ്ദുല്‍ മുത്ത്വലിബ് തുടങ്ങി അല്ലാഹുവിന്റെ നാമവിശേഷണങ്ങളല്ലാത്തതിലേക്ക് അബ്ദ് (അടിമ) എന്ന പദം ചേര്‍ത്ത പേരുകള്‍ മുസ്‌ലിംകള്‍ക്കിടയില്‍ കണ്ടുവരുന്നത് പേരിടുമ്പോള്‍ സൂക്ഷ്മത കാണിക്കാത്തിനാലാണ്.

അല്ലാഹുവിന് മാത്രം അവകാശപ്പെട്ട പേരുകള്‍ സ്വീകരിക്കുന്നത് നബി ﷺ വിരോധിച്ചിട്ടുണ്ട്.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ أَخْنَى الأَسْمَاءِ يَوْمَ الْقِيَامَةِ عِنْدَ اللَّهِ رَجُلٌ تَسَمَّى مَلِكَ الأَمْلاَكِ ‏\

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അന്ത്യനാളിൽ  അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും അപകടകരമായ പേര് ഒരാള്‍ ‘രാജാക്കന്മാരുടെ രാജാവ്’ എന്ന് പേരിടലാണ് (ബുഖാരി:6205)

ഏത് കാര്യത്തെകുറിച്ചും ആളുകൾ ഇന്റെർനെറ്റ് വഴി അന്വേഷിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്.  ഇന്റെർനെറ്റ് വഴി മുസ്ലിം പേരുകൾ അന്വേഷിക്കുമ്പോൾ ഈ രാംഗത്ത് ധാരാളം അബദ്ധങ്ങൾ സംഭവിക്കാറുണ്ട്. അതുകൊണ്ട്, മരണം വരെയും മരണാനന്തരം പരലോകത്തും മനുഷ്യനെ വിട്ടുപിരിയാത്ത ഒന്നാണ് ഒരാളുടെ പേര് എന്നത് ഉൾക്കൊണ്ട് ഇസ്ലാമിന്റെ നിർദ്ദേശത്തിനനുസരിച്ച് കുഞ്ഞിന്റെ പേര് നിശ്ചയിക്കേണ്ടതാണ്.

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *