അതിഥികൾ അറിയേണ്ടത്

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ :‏ حَقُّ الْمُسْلِمِ عَلَى الْمُسْلِمِ خَمْسٌ رَدُّ السَّلاَمِ، وَعِيَادَةُ الْمَرِيضِ، وَاتِّبَاعُ الْجَنَائِزِ، وَإِجَابَةُ الدَّعْوَةِ، وَتَشْمِيتُ الْعَاطِسِ ‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ധേഹം പറഞ്ഞു:  നബി ﷺ ഇങ്ങനെ പറയുന്നതായി ഞാൻ കേട്ടു: ഒരു മുസ്ലിമിന് മറ്റൊരു മുസ്ലിമിന്റെ മേലുള്ള ബാധ്യതകൾ അഞ്ചാണ്. സലാം മടക്കൽ, രോഗിയെ സന്ദർശിക്കൽ, ജനാസയെ പിൻതുടരൽ, ക്ഷണം സ്വീകരിക്കൽ, തുമ്മിയാൽ ‘യർഹമുക്കല്ലാഹു’ എന്ന് പറഞ്ഞുകൊണ്ട്‌ അനുമോദിക്കുക എന്നിവയാണവ. (ബുഖാരി: 1240)

عَنْ نَافِعٍ، قَالَ سَمِعْتُ عَبْدَ اللَّهِ بْنَ عُمَرَ ـ رضى الله عنهما ـ يَقُولُ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ أَجِيبُوا هَذِهِ الدَّعْوَةَ إِذَا دُعِيتُمْ لَهَا ‏”‏‏.‏ قَالَ كَانَ عَبْدُ اللَّهِ يَأْتِي الدَّعْوَةَ فِي الْعُرْسِ وَغَيْرِ الْعُرْسِ وَهْوَ صَائِمٌ‏.‏

നാഫിഅ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُ ഇങ്ങനെ പറയുന്നതായി ഞാൻ കേട്ടു: നബി ﷺ പറഞ്ഞിരിക്കുന്നു: ‘നിങ്ങള്‍ ക്ഷണിക്കപ്പെട്ടാല്‍ ആ ക്ഷണത്തിന്‌ നിങ്ങള്‍ ഉത്തരം നല്‍കണം’. നാഫിഅ് رَضِيَ اللَّهُ عَنْهُ പറത്ഞു: അബ്ദുല്ലാഹ്‌ വിവാഹ സദ്യയിലേക്കും, അല്ലാത്തവയിലേക്കും നോമ്പുകാരനാണെങ്കില്‍ പോലും വരാറുണ്ടായിരുന്നു. (ബുഖാരി)

عَنْ أَبِي هُرَيْرَةَ، رضى الله عنه أَنَّهُ كَانَ يَقُولُ : ….  وَمَنْ تَرَكَ الدَّعْوَةَ فَقَدْ عَصَى اللَّهَ وَرَسُولَهُ صلى الله عليه وسلم‏.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ  പറയാറുണ്ടായിരുന്നു: ആരെങ്കിലും ക്ഷണം നിരസിക്കുകയാണെങ്കില്‍ അവന്‍ അല്ലാഹുവിനെയും, അവന്റെ റസൂൽ ﷺ യെയും ധിക്കരിച്ചിരിക്കുന്നു. (ബുഖാരി:5177)

عَنْ أَبِي هُرَيْرَةَ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ ‏ :‏ شَرُّ الطَّعَامِ طَعَامُ الْوَلِيمَةِ يُمْنَعُهَا مَنْ يَأْتِيهَا وَيُدْعَى إِلَيْهَا مَنْ يَأْبَاهَا وَمَنْ لَمْ يُجِبِ الدَّعْوَةَ فَقَدْ عَصَى اللَّهَ وَرَسُولَهُ ‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന്‌ നിവേദനം: നബി ﷺ പറഞ്ഞു:വലീമയിലേക്ക് വരുന്നവർ (സാധുക്കൾ) തടയപ്പെടുകയും അതിലേക്ക് ക്ഷണിക്കപ്പെട്ടാൽ വിസമ്മതിക്കുന്നവർ (ധനികൻമാർ) ക്ഷണിക്കപ്പെടുകയും ചെയ്യുന്ന വലീമയുടെ ഭക്ഷണമാകുന്നു ഏറ്റവും മോശമായ ഭക്ഷണം.  വല്ലവനും ക്ഷണത്തിന് ഉത്തരം നൽകിയില്ലെങ്കിൽ  അവൻ അല്ലാഹുവിനെയും അവൻറെ റസൂലിനെയും ധിക്കരിച്ചിരിക്കുന്നു. (മുസ്ലിം:1432)

ഈ ഹദീസുകളുടെ അടിസ്ഥാനത്തിൽ ഭൂരിപക്ഷം പണ്ഡിതന്മാരും വിവാഹ സൽക്കാരത്തിലേക്കുള്ള ക്ഷണത്തിന് ഉത്തരമേകൽ നിർബന്ധമാണ് എന്ന പക്ഷക്കാരാണ്. എന്നാൽ ഇതര ക്ഷണങ്ങൾക്ക് ഉത്തരമേകൽ സുന്നത്താണ് എന്നതാണ് അവരുടെ അഭിപ്രായം.

അതിഥിയായി വീട്ടിലേക്ക് പ്രവേശിക്കുമ്പോൾ

അന്യ വീടുകളില്‍ ചെല്ലുമ്പോള്‍, ആ വീട്ടുകാര്‍ക്ക് സലാം പറയുകയും പ്രവേശനത്തിന് അനുമതി ചോദിക്കുകയും വേണം. വീട്ടിലേക്ക് കയറൂ എന്ന് ആതിഥേയൻ പറയാതെ വീട്ടിലേക്ക് പ്രവേശിക്കരുത്.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَدْخُلُوا۟ بُيُوتًا غَيْرَ بُيُوتِكُمْ حَتَّىٰ تَسْتَأْنِسُوا۟ وَتُسَلِّمُوا۟ عَلَىٰٓ أَهْلِهَا ۚ ذَٰلِكُمْ خَيْرٌ لَّكُمْ لَعَلَّكُمْ تَذَكَّرُونَ ‎﴿٢٧﴾‏ فَإِن لَّمْ تَجِدُوا۟ فِيهَآ أَحَدًا فَلَا تَدْخُلُوهَا حَتَّىٰ يُؤْذَنَ لَكُمْ ۖ وَإِن قِيلَ لَكُمُ ٱرْجِعُوا۟ فَٱرْجِعُوا۟ ۖ هُوَ أَزْكَىٰ لَكُمْ ۚ وَٱللَّهُ بِمَا تَعْمَلُونَ عَلِيمٌ ‎﴿٢٨﴾

ഹേ; സത്യവിശ്വാസികളേ, നിങ്ങളുടെതല്ലാത്ത വീടുകളില്‍ നിങ്ങള്‍ കടക്കരുത്‌; നിങ്ങള്‍ അനുവാദം തേടുകയും ആ വീട്ടുകാര്‍ക്ക് സലാം പറയുകയും ചെയ്തിട്ടല്ലാതെ. അതാണ് നിങ്ങള്‍ക്ക് ഗുണകരം. നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കാന്‍ വേണ്ടിയത്രെ (ഇതു പറയുന്നത്‌) ഇനി നിങ്ങള്‍ അവിടെ ആരെയും കണ്ടെത്തിയില്ലെങ്കില്‍ നിങ്ങള്‍ക്ക് സമ്മതം കിട്ടുന്നത് വരെ നിങ്ങള്‍ അവിടെ കടക്കരുത്‌. നിങ്ങള്‍ തിരിച്ചുപോകൂ എന്ന് നിങ്ങളോട് പറയപ്പെട്ടാല്‍ നിങ്ങള്‍ തിരിച്ചുപോകണം. അതാണ് നിങ്ങള്‍ക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്‌. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അറിവുള്ളവനാകുന്നു. (ഖുർആൻ:24/27-28)

ഒരു വീട്ടില്‍, അന്യനു കണ്ടുകൂടാത്ത – അല്ലെങ്കില്‍ കാണുന്നത് അപമാനകരമായിത്തീരുന്ന – പല അവസരങ്ങളും ഉണ്ടാകുമല്ലോ. അകത്തുള്ളവര്‍ ശരിക്ക് വസ്ത്രം ധരിച്ചിട്ടില്ലാത്ത അവസരമുണ്ടായേക്കാം: അന്തസ്സിനു നിരക്കാത്ത വല്ല സംസാരത്തിലോ, പ്രവൃത്തിയിലോ ഏര്‍പ്പെട്ടിരിക്കാം: മറ്റുള്ളവര്‍ കാണുന്നത് അപമാനകരമായേക്കുന്ന ഭക്ഷണം കഴിക്കുന്നുണ്ടാവാം: അങ്ങിനെ പലതും. ഇത്തരം സന്ദര്‍ഭങ്ങള്‍ വീട്ടുകാര്‍ക്ക് മാത്രമല്ല, പ്രവേശിക്കുന്നവര്‍ക്ക് തന്നെയും ലജ്ജയോ അനിഷ്ടമോ വരുത്തിത്തീര്‍ക്കും; ആകയാല്‍, മുന്‍കൂട്ടി സമ്മതം ചോദിക്കുകയും, വ്യക്തമായ സമ്മതം ലഭിക്കുകയും ചെയ്തല്ലാതെ അന്യവീട്ടില്‍ പ്രവേശിക്കരുതെന്നാണ് അല്ലാഹു സത്യവിശ്വാസികളോട് കല്‍പിക്കുന്നത്. (അമാനി തഫ്സീ൪ : ഖു൪ആന്‍:24/27-28 ന്റെ വിശദീകരണത്തില്‍ നിന്ന്)

സമ്മാനങ്ങൾ കൈമാറുന്നതിന്റെ ശ്രേഷ്ടത

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ تَهَادَوْا تَحَابُّوا

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങൾ പരസ്പരം സമ്മാനം (ഹദ്’യ) കൊടുക്കുക, എങ്കിൽ നിങ്ങൾക്കിടയിൽ പരസ്പ്പരം സ്നേഹമുണ്ടാകും. (സ്വഹീഹുൽ ജാമിഅ്:3004)

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ تَهادَوْا؛ فإنَّ الهَديَّةَ تُذهِبُ وَغَرَ الصَّدرِ.

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അന്യോന്യം സമ്മാനങ്ങൾ നൽകുക. എന്തുകൊണ്ടെന്നാൽ സമ്മാനങ്ങൾ നെഞ്ചകത്തെ പക എടുത്തുകളയുന്നു. (അഹ്മദ് – അർനാഊത്വ് ഹസനെന്ന് വിശേഷിപ്പിച്ചു)

قال ابن حبان رحمه الله : الهَدِيَّةُ تُورِثُ المَحَبَّةَ وتُذهِبُ الضَّغِينَةَ

ഇബ്നു ഹിബ്ബാൻ رحمه الله പറഞ്ഞു: ഹദ്’യ(സമ്മാനം) സ്നേഹത്തിന് കാരണമാവുകയും വിദ്വേഷത്തെ ഇല്ലാതാക്കുകയും ചെയ്യും. (روضة العقلاء -٣٣٣)

നോമ്പുകാരൻ ക്ഷണിക്കപ്പെട്ടാൽ

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِذَا دُعِيَ أَحَدُكُمْ فَلْيُجِبْ فَإِنْ كَانَ صَائِمًا فَلْيُصَلِّ وَإِنْ كَانَ مُفْطِرًا فَلْيَطْعَمْ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന്‌ നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളിൽ ഒരാൾ ക്ഷണിക്കപ്പെട്ടാൽ അവൻ ഉത്തരമേകട്ടെ. അവൻ നോമ്പുകാരൻ ആണെങ്കിൽ അവൻ സ്വലാത്ത് നിർവഹിക്കട്ടെ (പ്രാർത്ഥിക്കട്ടെ). നോമ്പുകാരനല്ലെങ്കിൽ അവൻ ഭക്ഷണം കഴിക്കട്ടെ. (മുസ്ലിം:1431)

عن أبي سعيد الخدري:  صنَعتُ للنَّبيِّ ﷺ طعامًا فلَمّا وضعَ قالَ رجلٌ أَنا صائمٌ فقالَ رسولُ اللَّهِ ﷺ دعاكَ أخوكَ وتَكَلَّفَ لَكَ أفطِرْ وصُمْ مَكانَهُ إن شئتَ

അബൂസഈദുൽ ഖുദ്രി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ധേഹം പറഞ്ഞു:  ഞാന്‍ നബി ﷺ ക്ക്‌ ഭക്ഷണമുണ്ടാക്കി, അത്‌ ഭക്ഷിക്കാനായി ഒരുക്കിവെച്ചപ്പോള്‍ ഒരാള്‍ പറഞ്ഞു: ഞാന്‍ നോമ്പുകാരനാണ്‌. അപ്പോള്‍ നബി ﷺ പറയുകയുണ്ടായി: നിന്റെ സഹോദരനാണ്‌ നിന്നെ ക്ഷണിച്ചത്‌, നിനക്ക്‌ വേണ്ടി അവന്‍ ഒരുപാട്‌ ബുദ്ധിമുട്ടിയിരിക്കുന്നു, നി നോമ്പ്‌ മുറിക്കുക, നീ ഉദ്ദേശിക്കുന്നുവെങ്കില്‍ അതിന്‌ പകരം (വേറെ ദിവസം) നോമ്പെടുക്കുക. (ബൈഹഖി – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

ഇമാം നവവി رحمه الله പറഞ്ഞു: എന്നാൽ നോമ്പുകാരൻ ക്ഷണിക്കപ്പെട്ടാൽ ഭക്ഷണം കഴിക്കൽ നിർബന്ധമില്ല എന്നതിൽ യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. എന്നാൽ അവന്റേത് നിർബന്ധ നോമ്പാണെങ്കിൽ ഭക്ഷണം കഴിക്കൽ അവന് അനുവദനീയമല്ല. കാരണം നിർബന്ധമായതിൽ നിന്ന് പുറത്തു പോകൽ അനുവദനീയമല്ല. നോമ്പ് സുന്നത്തായതാണെങ്കിൽ  നോമ്പ് മുറിക്കലും ഉപേക്ഷിക്കലും അവന് അനുവദനീയമാണ്. ഭക്ഷണം ഒരുക്കിയവന് അതിഥിയുടെ നോമ്പ് പ്രയാസകരമാകുമെങ്കിൽ അപ്പോൾ ഏറ്റവും ശ്രേഷ്ഠമായത് നോമ്പ് മുറിക്കലാകുന്നു. അതില്ലായെങ്കിൽ നോമ്പ് പൂർത്തീകരിക്കലുമാകുന്നു (ശ്രേഷ്ടകരമായത്).

വിരുന്ന്‌ മൂന്ന്‌ ദിവസം

അതിഥിയെ മൂന്ന് ദിവസം അതിഥിയായി പരിഗണിക്കുകയും സല്‍കരിക്കുകയും ചെയ്യല്‍ ഇസ്‌ലാം പഠിപ്പിച്ചിട്ടുള്ള ആതിഥ്യ മര്യാദയില്‍ പെട്ടതാണ്. അതിനപ്പുറം നിന്നുകൊണ്ട് ആതിഥേയനെ ബുദ്ധിമുട്ടിക്കരുത്, ആതിഥേയൻ അനുവദിച്ചാലല്ലാതെ.

عَنْ أَبِي شُرَيْحٍ الْكَعْبِيِّ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏”‏ مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الآخِرِ فَلْيُكْرِمْ ضَيْفَهُ، جَائِزَتُهُ يَوْمٌ وَلَيْلَةٌ، وَالضِّيَافَةُ ثَلاَثَةُ أَيَّامٍ، فَمَا بَعْدَ ذَلِكَ فَهْوَ صَدَقَةٌ، وَلاَ يَحِلُّ لَهُ أَنْ يَثْوِيَ عِنْدَهُ حَتَّى يُحْرِجَهُ

അബൂഷുറൈഹില്‍ കഅ്ബിയ്യ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആര് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവോ അവന്‍ തന്റെ അതിഥിയെ ആദരിക്കട്ടെ. ഒരു രാവും പകലും നല്‍കുന്ന സല്‍ക്കാരം തന്നില്‍ നിന്നുള്ള സമ്മാനമാണ്. ആദിത്യ പരിഗണന മൂന്ന് ദിവസവും. അത് കഴിഞ്ഞും നല്‍കുന്ന സല്‍ക്കാരം സ്വദഖയുമാണ്. ആതിഥേയനെ ബുദ്ധിമുട്ടിക്കുന്ന രൂപത്തില്‍ പിന്നീട്‌ അതിഥി അവിടെ തങ്ങല്‍ അ നുവദനിയമല്ല. (ബുഖാരി:6135)

ക്ഷണമില്ലാത്ത വിരുന്നിൽ നിന്ന് ഭക്ഷിക്കരുത്

عَنْ أَبِي مَسْعُودٍ الأَنْصَارِيِّ، قَالَ كَانَ مِنَ الأَنْصَارِ رَجُلٌ يُقَالُ لَهُ أَبُو شُعَيْبٍ، وَكَانَ لَهُ غُلاَمٌ لَحَّامٌ فَقَالَ اصْنَعْ لِي طَعَامًا أَدْعُو رَسُولَ اللَّهِ صلى الله عليه وسلم خَامِسَ خَمْسَةٍ، فَدَعَا رَسُولَ اللَّهِ صلى الله عليه وسلم خَامِسَ خَمْسَةٍ، فَتَبِعَهُمْ رَجُلٌ فَقَالَ النَّبِيُّ صلى الله عليه وسلم ‏ “‏ إِنَّكَ دَعَوْتَنَا خَامِسَ خَمْسَةٍ وَهَذَا رَجُلٌ قَدْ تَبِعَنَا، فَإِنْ شِئْتَ أَذِنْتَ لَهُ، وَإِنْ شِئْتَ تَرَكْتَهُ ‏”‏‏.‏ قَالَ بَلْ أَذِنْتُ لَهُ‏.‏

അബു മസ്ഊദ്  رَضِيَ اللَّهُ عَنْهُ വിൽ നിന്ന്‌ നിവേദനം: അദ്ദേഹം പറഞ്ഞു: അൻസ്വാരികളിൽ അബു ഷുഐബ് എന്നൊരു മനുഷ്യനുണ്ടായിരുന്നു. അദ്ദേഹം തന്റെ അടിമയോട് പറഞ്ഞു:എനിക്ക്  ഭക്ഷണം തയ്യാറാക്കുക, അതിന് എനിക്ക് മറ്റ് നാല് പുരുഷന്മാരോടൊപ്പം അല്ലാഹുവിന്റെ റസൂൽ  ﷺ യേയും ക്ഷണിക്കാം. അദ്ദേഹം നബി  ﷺ യേയും മറ്റ് നാല് ആളുകളെയും ക്ഷണിച്ചു. എന്നാൽ മറ്റൊരാൾ അവരെ പിന്തുടർന്നു.  ആതിഥേയന്റെ വാതിൽക്കൽ എത്തിയപ്പോൾ നബി ﷺ അദ്ദേഹത്തോട് പറഞ്ഞു: അഞ്ച് അതിഥികളിൽ ഒരാളായി നിങ്ങൾ എന്നെ ക്ഷണിച്ചു, എന്നാൽ ഇവനും ഞങ്ങളെ അനുഗമിച്ചിട്ടുണ്ട്. നിനക്ക് ഇഷ്ടമുണ്ടെങ്കിൽ ഇദ്ദേഹത്തിന് അനുവാദം നൽകാം. ഇഷ്ടമില്ലങ്കിൽ അയാൾ തിരിച്ചുപോകും. ആതിഥേയൻ പറഞ്ഞു: പ്രവാചകരേ! ഞാൻ അദ്ദേഹത്തിനും അനുവാദം നൽകുന്നു. (ബുഖാരി: 5434)

ആതിഥേയന് വേണ്ടി പ്രാർത്ഥിക്കുക

اللَّهُمَّ أَطْعِمْ مَنْ أَطْعَمَنِي، وَأَسْقِ مَنْ أَسْقَانِي

അ‌ല്ലു‌ഹു‌മ്മ അ‌ത്വ്‌‌ഇം മൻ അ‌ത്വ്‌‌അ‌മ‌നീ, വ‌അസ്‌‌ഖി മൻ അ‌സ്‌‌ഖാ‌നീ

അ‌ല്ലാ‌ഹു‌വേ! എ‌ന്നെ ഭ‌ക്ഷ‌ണം ക‌ഴി‌പ്പി‌ച്ച‌യാ‌ളെ നീ ഭ‌ക്ഷ‌ണം ക‌ഴി‌പ്പി‌ക്കേ‌ണ‌മേ, എ‌ന്നെ പാ‌നീ‌യം കു‌ടി‌പ്പി‌ച്ച‌യാ‌ളെ നീ കു‌ടി‌പ്പി‌ക്കേ‌ണ‌മേ. (മുസ്ലിം:2055)

اللَّهُمَّ بَارِكْ لَهُمْ فِيمَا رَزَقْتَهُمْ، وَاغْفِرْ لَهُمْ وَارْحَمْهُمْ

അ‌ല്ലാ‌ഹു‌മ്മ ബാ‌രി‌ക്‌ ല‌ഹും ഫീ‌മാ റ‌സ‌ഖ‌്‌തഹും, വ‌ഗ്‌‌ഫിർ ല‌ഹും വർ‌ഹം‌ഹും

അ‌ല്ലാ‌ഹു‌വേ! നീ അ‌വർ‌ക്ക്‌ നൽ‌കി‌യ‌ ഭ‌ക്ഷ‌ണ‌ത്തിൽ അവരെ നീ അ‌നു‌ഗ്ര‌ഹി‌ക്കു‌ക‌യും, അ‌വർ‌ക്ക്‌ പൊ‌റു‌ത്ത്‌ കൊ‌ടു‌ക്കു‌ക‌യും അ‌വ‌രോ‌ട്‌ കാ‌രു‌ണ്യം കാ‌ണി‌ക്കു‌ക‌യും ചെ‌യ്യേ‌ണ‌മേ. (മുസ്ലിം:2042)

ഭക്ഷണ ശേഷം ആതിഥേയന് പ്രയാസമുണ്ടാക്കുന്ന തരത്തിൽ അവിടെ തങ്ങരുത്

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَدْخُلُوا۟ بُيُوتَ ٱلنَّبِىِّ إِلَّآ أَن يُؤْذَنَ لَكُمْ إِلَىٰ طَعَامٍ غَيْرَ نَٰظِرِينَ إِنَىٰهُ وَلَٰكِنْ إِذَا دُعِيتُمْ فَٱدْخُلُوا۟ فَإِذَا طَعِمْتُمْ فَٱنتَشِرُوا۟ وَلَا مُسْتَـْٔنِسِينَ لِحَدِيثٍ ۚ إِنَّ ذَٰلِكُمْ كَانَ يُؤْذِى ٱلنَّبِىَّ فَيَسْتَحْىِۦ مِنكُمْ ۖ وَٱللَّهُ لَا يَسْتَحْىِۦ مِنَ ٱلْحَقِّ ۚ

സത്യവിശ്വാസികളേ, ഭക്ഷണത്തിന് (നിങ്ങളെ ക്ഷണിക്കുകയും) നിങ്ങള്‍ക്ക് സമ്മതം കിട്ടുകയും ചെയ്താലല്ലാതെ നബിയുടെ വീടുകളില്‍ നിങ്ങള്‍ കടന്നു ചെല്ലരുത്‌. അത് (ഭക്ഷണം) പാകമാകുന്നത് നിങ്ങള്‍ നോക്കിയിരിക്കുന്നവരാകരുത്‌. പക്ഷെ നിങ്ങള്‍ ക്ഷണിക്കപ്പെട്ടാല്‍ നിങ്ങള്‍ കടന്ന് ചെല്ലുക. നിങ്ങള്‍ ഭക്ഷണം കഴിച്ചാല്‍ പിരിഞ്ഞു പോകുകയും ചെയ്യുക. നിങ്ങള്‍ വര്‍ത്തമാനം പറഞ്ഞ് രസിച്ചിരിക്കുന്നവരാവുകയും അരുത്‌. തീര്‍ച്ചയായും അതൊക്കെ നബിയെ ശല്യപ്പെടുത്തുന്നതാകുന്നു. എന്നാല്‍ നിങ്ങളോട് (അത് പറയാന്‍) അദ്ദേഹത്തിന് ലജ്ജ തോന്നുന്നു. സത്യത്തിന്‍റെ കാര്യത്തില്‍ അല്ലാഹുവിന് ലജ്ജ തോന്നുകയില്ല. (ഖുർആൻ:33/53)

അനുവാദം ചോദിക്കാതെ എഴുന്നേറ്റ് തിരിച്ചു പോകരുത്

നബി ﷺ പറഞ്ഞതായി ഇബ്നു ഉമർ رضي الله عنه നിവേദനം ചെയ്യുന്നു:

إذا زار أحدكم أخاه فجلس عنده، فلا يقومن حتى يستأذنه

നിങ്ങളിലൊരാൾ തന്റെ സഹോദരനെ സന്ദർശിക്കുകയും, അങ്ങനെ അവൻ്റെയടുക്കൽ ഇരിക്കുകയും ചെയ്തതിനു ശേഷം പിന്നെ അവനോട് അനുവാദം ചോദിക്കാതെ അവിടെ നിന്നും എഴുന്നേൽക്കാനേ പാടില്ല. (السلسلة الصحيحة【١/٣٠٤】)

ശൈഖ് അൽബാനി رحمه الله പറഞ്ഞു: ഈ ഹദീസിൽ വളരെ ഉന്നതമായൊരു അദബിനെ കുറിച്ചുള്ള ഉണർത്തലുണ്ട്. അതായത്, സന്ദർശകൻ ആരെയാണോ സന്ദർശിച്ചത് അയാളുടെ അനുവാദത്തോട് കൂടിയല്ലാതെ ഇരുന്നിടത്ത് നിന്നും എഴുന്നേൽക്കരുത്. നബി ﷺ യുടെ ഈ നിർദേശം അറബ് നാടുകളിൽ ഒരുപാടാളുകൾ അവഗണിച്ചിട്ടുണ്ട്. അവർ അനുവാദമില്ലാതെ എന്ന് മാത്രമല്ല സലാം പോലും പറയാതെ സദസ്സിൽ നിന്നിറങ്ങിപ്പോകും.! അത് മറ്റൊരു സുന്നത്തിന് എതിരാകലുമാണ്. നബി ﷺ പറഞ്ഞു:{നിങ്ങളിലാരെങ്കിലും ഒരു സദസ്സിലേക്കെത്തിയാൽ സലാം പറയുക. അവിടെ നിന്ന് എഴുന്നേൽക്കുമ്പോഴും സലാം പറയുക. ആദ്യത്തെ സലാം അവസാനത്തെ സലാമിനേക്കാളും ബാധ്യതപ്പെട്ടതല്ല}  (السلسلة الصحيحة【١/٣٠٤】)

അമുസ്ലിം ക്ഷണിച്ചാൽ

عن أنس بن مالك: أنَّ يهوديًّا دَعا النَّبيَّ ﷺ إلى خُبزِ شَعيرٍ وإهالَةٍ سَنِخةٍ، فأجابَه.

അനസ് ബ്നു മാലിക്  رَضِيَ اللَّهُ عَنْهُ വിൽ നിന്ന്‌ നിവേദനം: അദ്ദേഹം പറഞ്ഞു: ഒരു ജൂതൻ നബി ﷺ യെ ഗോതമ്പ് റൊട്ടിയും മണപ്പകർച്ച വന്ന നെയ്യും (ഒരുക്കി അതിലേക്ക്) ക്ഷണിച്ചു. അപ്പോൾ നബി ആ ജൂതന് ഉത്തരമേകി. (അഹ്മദ്)

 

kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *