ഏറ്റവും വഴിപിഴച്ചവന്‍ ആരാണ് ?

ഒരാളെ കുറിച്ച് അയാള്‍ വഴിപിഴച്ചവനാണെന്ന് ആരെങ്കിലും പറയുന്നത് കേട്ടാല്‍, അയാള്‍ മദ്യപാനത്തിനും അശ്ലീലതകള്‍ക്കുമൊക്കെ കീഴ്പ്പെട്ടവനാണെന്നാണ് നമുക്ക് ഓ൪മ്മ വരിക. എന്നാല്‍ അല്ലാഹുവിന്റെ അടുക്കല്‍ എറ്റവും വഴിപിഴച്ചവനാരാണെന്ന് വിശുദ്ധ ഖു൪ആന്‍ പറഞ്ഞിട്ടുള്ളത് നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്.

1. അല്ലാഹു അല്ലാത്തവരോട് വിളിച്ച് പ്രാ൪ത്ഥിക്കുന്നവന്‍

وَمَنْ أَضَلُّ مِمَّن يَدْعُوا۟ مِن دُونِ ٱللَّهِ مَن لَّا يَسْتَجِيبُ لَهُۥٓ إِلَىٰ يَوْمِ ٱلْقِيَٰمَةِ وَهُمْ عَن دُعَآئِهِمْ غَٰفِلُونَ ‎﴿٥﴾‏وَإِذَا حُشِرَ ٱلنَّاسُ كَانُوا۟ لَهُمْ أَعْدَآءً وَكَانُوا۟ بِعِبَادَتِهِمْ كَٰفِرِينَ ‎﴿٦﴾‏

അല്ലാഹുവിന് പുറമെ, ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളുവരെയും തനിക്ക് ഉത്തരം നല്‍കാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്‌? അവരാകട്ടെ ഇവരുടെ പ്രാര്‍ത്ഥനയെപ്പറ്റി ബോധമില്ലാത്തവരാകുന്നു. മനുഷ്യരെല്ലാം ഒരുമിച്ചു കൂട്ടപ്പെടുന്ന സന്ദര്‍ഭത്തില്‍ അവര്‍ ഇവരുടെ ശത്രുക്കളായിരിക്കുകയും ചെയ്യും. ഇവര്‍ അവരെ ആരാധിച്ചിരുന്നതിനെ അവര്‍ നിഷേധിക്കുന്നവരായി തീരുകയും ചെയ്യും.(ഖു൪ആന്‍:46/5-6)

{അല്ലാഹുവിന് പുറമെ ഉയിർത്തെഴുന്നേൽപിന്റെ നാളുവരെയും തനിക്ക് ഉത്തരം നൽകാത്തവരെ വിളിച്ച് പ്രാർഥിക്കുന്നവനെക്കാൾ വഴിപിഴച്ചവൻ ആരുണ്ട്?} അതായത് ഈ ലോകത്ത് കഴിച്ചുകൂട്ടുന്ന കാലമത്രയും ഒരു അണുത്തൂക്കം പ്രയോജനം അതുകൊണ്ടുണ്ടാവില്ല. {അവരാകട്ടെ ഇവരുടെ പ്രാർഥനയെപ്പറ്റി ബോധമില്ലാത്തവരാകുന്നു} അവരുടെ ഒരു പ്രാർഥനയും അവർ കേൾക്കില്ല. അവരുടെ ഒരു വിളിക്കും അവർ ഉത്തരം നൽകുകയുമില്ല. ഇതാണ് ഇഹലോകത്ത് അവരുടെ അവസ്ഥ. ഉയിർത്തെഴുന്നേൽപ് ദിനത്തിൽ അവരുടെ ശിർക്കിനെ അവർ നിഷേധിക്കും. {മനുഷ്യരെല്ലാം ഒരുമിച്ചുകൂട്ടപ്പെടുന്ന സന്ദർഭത്തിൽ അവർ ഇവരുടെ ശത്രുക്കളായിരിക്കും} അവർ പരസ്പരം ശപിക്കും. അന്യോന്യം ഒഴിഞ്ഞുമാറുകയും ചെയ്യും {ഇവർ അവരെ ആരാധിച്ചിരുന്നതിനെ അവർ നിഷേധിക്കുന്നവരായിത്തീരുകയും ചെയ്യും} (തഫ്സീറുസ്സഅ്ദി)

അല്ലാഹുവിനു പുറമെ ആരെയെല്ലാം മനുഷ്യര്‍ വിളിച്ചു പ്രാര്‍ത്ഥിക്കാറുണ്ടോ അവരെല്ലാം ഉള്‍ക്കൊള്ളുന്നതാണ് ഈ വചനം. ലോകാവസാനം വരെ അവര്‍ ആ വിളിക്ക് ഉത്തരം ചെയുകയില്ല. അതുമാത്രമല്ല അവ൪ ആരെയാണോ വിളിച്ച് പ്രാ൪ത്ഥിക്കുന്നത് അവര്‍ ഇവരുടെ പ്രാ൪ത്ഥന കേള്‍ക്കുന്നതുപോലുമില്ല. പരലോകത്ത് എത്തുമ്പോള്‍ ഇവരുടെ ഈ പ്രാ൪ത്ഥനയെ കുറിച്ച് അറിയുകയോ അനുകൂലിക്കുക്കയോ ചെയ്യുന്നവരല്ലെന്ന് അവ൪ നിഷേധിച്ചു പറയുകയും ചെയ്യും. അങ്ങനെ പരലോകത്ത് ഇവരും അവരും പരസ്പരം ശത്രുക്കളായിത്തീരും.

അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവന്‍ എറ്റവും വഴിപിഴച്ചവനാണെന്നാണ് അല്ലാഹു പറയുന്നത്. എന്നാല്‍ ഇന്ന് മുസ്ലിം സമൂഹത്തില്‍ അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവരെയും അതിന് വേണ്ടി വാദിക്കുന്നവരേയും കാണാവുന്നതാണ്.

‘മുഹിയിദ്ദീന്‍ ശൈഖേ രക്ഷിക്കണേ, ബദ്‌രീങ്ങളേ കാക്കണേ എന്നിങ്ങനെ മരിച്ച് പോയവരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നത് അനുവദനീയമാണ്. (പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ – ഫതാവാ മുഹ്‌യിസ്സുന്ന : 2/പേജ് /38).

പ്രാര്‍ത്ഥന അല്ലാഹുവിനോട് മാത്രം എന്ന പ്രമേയം സാക്ഷാല്‍ ഇബ്‌ലീസിന്റെ പ്രമേയമാണെന്ന് സുന്നി പണ്ഢിതര്‍ വഹാബികളെ തെര്യപ്പെടുത്തി’. (ഹാശിം നഈമി – വഴി പിരിഞ്ഞവര്‍ക്ക് എന്തുപറ്റി :പേജ് /37).

ഒരാള്‍ അല്ലാഹു അല്ലാത്തവരെ വിളിച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ അതുവഴി  അവരെ ആരാധിക്കുകയാണ് ചെയ്യുന്നത്. മുഹിയിദ്ദീന്‍ ശൈഖേ രക്ഷിക്കണേ, ബദ്‌രീങ്ങളേ കാക്കണേ എന്നിങ്ങനെ  വിളിച്ചു പ്രാര്‍ത്ഥിക്കുന്നത് മുഹിയിദ്ദീന്‍ ശൈഖിനും ബദ്‌രീങ്ങള്‍ക്കുമുള്ള ആരാധനയാണ്.വിളിച്ചു പ്രാര്‍ത്ഥിക്കുന്നവ൪ ഞങ്ങള്‍ മുഹിയിദ്ദീന്‍ ശൈഖിനേയും ബദ്‌രീങ്ങളേയും ആരാധിക്കുന്നില്ലെന്ന് പറഞ്ഞാലും .

2.അല്ലാഹുവിങ്കല്‍ നിന്നുള്ള യാതൊരു മാര്‍ഗദര്‍ശനവും കൂടാതെ തന്നിഷ്ടത്തെ പിന്തുടര്‍ന്നവന്‍

മാനവരാശിക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ട് സൃഷ്ടാവും സംരക്ഷകനുമായ അല്ലാഹു കാലാകാലങ്ങളില്‍ അവന്റെ പ്രവാചകന്‍മാരിലൂടെ മാ൪ഗ്ഗദ൪ശനം നല്‍കാറുണ്ട്. അല്ലാഹുവില്‍ നിന്നുള്ള മാ൪ഗ്ഗദ൪ശനങ്ങള്‍ ലഭിക്കുമ്പാള്‍ അത് സ്വീകരിച്ച് ജീവിക്കല്‍ അവന്റെ സൃഷ്ടികളായ മനുഷ്യരുടെ ബാധ്യതയാണ്.

ۖ ﻓَﺈِﻣَّﺎ ﻳَﺄْﺗِﻴَﻨَّﻜُﻢ ﻣِّﻨِّﻰ ﻫُﺪًﻯ ﻓَﻤَﻦ ﺗَﺒِﻊَ ﻫُﺪَاﻯَ ﻓَﻼَ ﺧَﻮْﻑٌ ﻋَﻠَﻴْﻬِﻢْ ﻭَﻻَ ﻫُﻢْ ﻳَﺤْﺰَﻧُﻮﻥ

…എന്നിട്ട് എന്റെ പക്കല്‍ നിന്നുള്ള മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് വന്നെത്തുമ്പോള്‍ എന്റെ ആ മാര്‍ഗദര്‍ശനം പിന്‍പറ്റുന്നവരാരോ അവര്‍ക്ക് ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല. (ഖു൪ആന്‍ :2/38)

ﻓَﺈِﻣَّﺎ ﻳَﺄْﺗِﻴَﻨَّﻜُﻢ ﻣِّﻨِّﻰ ﻫُﺪًﻯ ﻓَﻤَﻦِ ٱﺗَّﺒَﻊَ ﻫُﺪَاﻯَ ﻓَﻼَ ﻳَﻀِﻞُّ ﻭَﻻَ ﻳَﺸْﻘَﻰٰ.ﻭَﻣَﻦْ ﺃَﻋْﺮَﺽَ ﻋَﻦ ﺫِﻛْﺮِﻯ ﻓَﺈِﻥَّ ﻟَﻪُۥ ﻣَﻌِﻴﺸَﺔً ﺿَﻨﻜًﺎ ﻭَﻧَﺤْﺸُﺮُﻩُۥ ﻳَﻮْﻡَ ٱﻟْﻘِﻴَٰﻤَﺔِ ﺃَﻋْﻤَﻰٰ

…എന്നാല്‍ എന്റെ പക്കല്‍ നിന്നുള്ള വല്ല മാര്‍ഗദര്‍ശനവും നിങ്ങള്‍ക്ക് വന്നുകിട്ടുന്ന പക്ഷം, അപ്പോള്‍ എന്റെ മാര്‍ഗദര്‍ശനം ആര് പിന്‍പറ്റുന്നുവോ അവന്‍ പിഴച്ച് പോകുകയില്ല, കഷ്ടപ്പെടുകയുമില്ല. എന്റെ ഉല്‍ബോധനത്തെ വിട്ട് വല്ലവനും തിരിഞ്ഞുകളയുന്ന പക്ഷം തീര്‍ച്ചയായും അവന് ഇടുങ്ങിയ ഒരു ജീവിതമാണുണ്ടായിരിക്കുക. ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളില്‍ അവനെ നാം അന്ധനായ നിലയില്‍ എഴുന്നേല്‍പിച്ച് കൊണ്ട് വരുന്നതുമാണ്‌.(ഖു൪ആന്‍ :20/123-124)

ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായിക്കൊണ്ട് അല്ലാഹുവിങ്കല്‍ നിന്നും അവതരിച്ച വേദഗ്രന്ഥമാണ്  വിശുദ്ധ ഖു൪ആന്‍ .അത് പഠിച്ച് പരിപൂ൪ണ്ണമായി ജീവിതത്തില്‍ പിന്‍പറ്റുക എന്നുള്ളത് സത്യവിശ്വാസികളുടെ ബാധ്യതയാണ്.

നബിയുടെ(സ്വ) ജീവിതം ഖു൪ആന്‍ സമ്പൂ൪ണ്ണമായി പിന്‍പറ്റിക്കൊണ്ടുള്ളതായിരുന്നു. നബിയുടെ(സ്വ) സ്വഭാവത്തെപ്പറ്റി അന്വേഷിച്ച ഒരാളോട് ആയിശാ(റ) പറഞ്ഞത് ഇപ്രകാരമായിരുന്നു:  كان خلقه القران  നബിയുടെ (സ്വ) സ്വഭാവം ഖുർആനായിരുന്നു.(അബൂദാവൂദ്)

നബി (സ്വ) തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ സ്വഹാബത്തിനോട്‌ പറഞ്ഞ പ്രസക്തമായ ഒരു കാര്യം ഖുര്‍ആനിനും അതിന്റെ വിശദീകരണമായ സുന്നത്തും പിന്‍പറ്റി ജീവിക്കുന്നതിനെ കുറിച്ചായിരുന്നു.

قال نبي(ص): تركت فيكم أمرين لن تضلو ماتمسكتم بهما كتاب الله وسنة رسوله

ഞാന്‍ നിങ്ങളില്‍ രണ്ട്‌ കാര്യങ്ങള്‍ വിട്ടേച്ച്‌ പോകുന്നു. അവ രണ്ടും നിങ്ങള്‍ മുറുകെ പിടിക്കുന്ന കാലത്തോളം നിങ്ങള്‍ വഴിപിഴക്കുകയില്ല. അല്ലാഹുവിന്റെ കിത്താബും അവന്റെ നബിയുടെ സുന്നത്തുമാകുന്നു അവ.

അല്ലാഹു അവതരിപ്പിച്ചിട്ടുള്ള   ഈ വിശുദ്ധ ഗ്രന്ഥത്തിന്റെ മാര്‍ഗദര്‍ശനം സ്വീകരിക്കാതെ അഥവാ വിശുദ്ധ ഖു൪ആനും അതിന്റെ വിശദീകരണവുമായ തിരുസുന്നത്തും പിന്‍പറ്റി ജീവിക്കാതെ തന്നിഷ്ടത്തെ പിന്തുടരുന്നവന്‍ ഏറ്റവും വഴിപിഴച്ചവനാണെന്ന് വിശുദ്ധ ഖു൪ആനിലൂടെ അല്ലാഹു അറിയിക്കുന്നു.

ﻭَﻣَﻦْ ﺃَﺿَﻞُّ ﻣِﻤَّﻦِ ٱﺗَّﺒَﻊَ ﻫَﻮَﻯٰﻩُ ﺑِﻐَﻴْﺮِ ﻫُﺪًﻯ ﻣِّﻦَ ٱﻟﻠَّﻪِ ۚ ﺇِﻥَّ ٱﻟﻠَّﻪَ ﻻَ ﻳَﻬْﺪِﻯ ٱﻟْﻘَﻮْﻡَ ٱﻟﻈَّٰﻠِﻤِﻴﻦ

….അല്ലാഹുവിങ്കല്‍ നിന്നുള്ള യാതൊരു മാര്‍ഗദര്‍ശനവും കൂടാതെ തന്നിഷ്ടത്തെ പിന്തുടര്‍ന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്‌ ? അല്ലാഹു അക്രമികളായ ജനങ്ങളെ നേര്‍വഴിയിലാക്കുകയില്ല, തീര്‍ച്ച. (ഖു൪ആന്‍ :28/50)

3.സത്യം സ്വീകരിക്കാതെ ധിക്കാരത്തോടെ പിന്തിരിയുന്നവൻ

قُلْ أَرَءَيْتُمْ إِن كَانَ مِنْ عِندِ ٱللَّهِ ثُمَّ كَفَرْتُم بِهِۦ مَنْ أَضَلُّ مِمَّنْ هُوَ فِى شِقَاقِۭ بَعِيدٍ

നീ പറയുക: നിങ്ങള്‍ ആലോചിച്ചു നോക്കിയിട്ടുണ്ടോ? ഇത് (ഖുര്‍ആന്‍) അല്ലാഹുവിങ്കല്‍ നിന്നുള്ളതായിരിക്കുകയും എന്നിട്ട് നിങ്ങളതില്‍ അവിശ്വസിച്ചിരിക്കുകയുമാണെങ്കില്‍ കടുത്ത മാത്സര്യത്തില്‍ കഴിയുന്നവനെക്കാളും കൂടുതല്‍ പിഴച്ച് പോയവന്‍ ആരുണ്ട്‌.? (ഖു൪ആന്‍ :41/52)

{നീ പറയുക} നിഷേധത്തിലേക്ക് ധൃതിപ്പെടുകയും ഈ ക്വുർആനിനെ കളവാക്കുകയും ചെയ്യുന്നവരോട്. {നിങ്ങൾ ആലോചിച്ചുനോക്കിയിട്ടുണ്ടോ?} ഈ ക്വുർആൻ {അല്ലാഹുവിങ്കൽനിന്നുള്ളത് ആയിരിക്കുകയും} യാതൊരു സംശയമോ ശങ്കയോ കൂടാതെ. {എന്നിട്ട് നിങ്ങളതിൽ അവിശ്വസിക്കുകയുമാണെങ്കിൽ കടുത്ത മാത്സര്യത്തിൽ കഴിയുന്നവനെക്കാൾ കൂടുതൽ പിഴച്ചുപോയവൻ ആരുണ്ട്?} അല്ലാഹുവിനോടും അവന്റെ ദൂതനോടുമുള്ള ധിക്കാരം കാരണം. നിങ്ങൾക്ക് സത്യവും ശരിയും മനസ്സിലായി. എന്നിട്ട് നിങ്ങൾ അതിൽനിന്ന് തെറ്റി, സത്യത്തിലേക്കല്ല മറിച്ച് അസത്യത്തിലേക്കും അജ്ഞതയിലേക്കും. അപ്പോൾ നിങ്ങൾ ജനങ്ങളിൽ ഏറ്റവും പിഴച്ചവരും അക്രമികളും ആയിരിക്കുന്നു. (തഫ്സീറുസ്സഅ്ദി)

 

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *