ഒരാൾ അവന്റെ ജീവിതം ഖുർആനും സുന്നത്തും അനുസരിച്ച് ക്രമപ്പെടുത്തുമ്പോൾ അവന് ധാരാളം പരിഹാസവും ആക്ഷേപവും നേരിടേണ്ടി വന്നേക്കാം. എന്തിന്, സ്വന്തം സമുദായത്തിൽ നിന്നുതന്നെ ഒരു അപരിചിതത്വം അവന് അനുഭവപ്പെട്ടേക്കാം. ഇത്തരം സാഹചര്യങ്ങളിൽ നിലപാടിൽ മാറ്റം വരുത്തുകയോ ആദർശത്തിൽ നിന്ന് വ്യതിചലിക്കുകയോ ചെയ്യാതെ ജീവിക്കുന്നവർക്ക് നബി ﷺ പ്രശംസയും അനുമോദനവും നടത്തിയിട്ടുണ്ട്.
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : بَدَأَ الإِسْلاَمُ غَرِيبًا وَسَيَعُودُ كَمَا بَدَأَ غَرِيبًا فَطُوبَى لِلْغُرَبَاءِ .
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഇസ്‌ലാം ആരംഭിച്ചത് തികച്ചും അപരിചിതമായ അവസ്ഥയിലാണ്. തുടങ്ങിയതുപോലെ അത് അപരിചിതമായി മടങ്ങും. അപ്പോൾ അപരിചിതർക്ക് മംഗളം. (മുസ്‌ലിം:145)
عَنْ عَبْدِ اللَّهِ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ “ إِنَّ الإِسْلاَمَ بَدَأَ غَرِيبًا وَسَيَعُودُ غَرِيبًا فَطُوبَى لِلْغُرَبَاءِ ” . قَالَ قِيلَ وَمَنِ الْغُرَبَاءُ قَالَ النُّزَّاعُ مِنَ الْقَبَائِلِ .
അബ്ദില്ലാ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഇസ്‌ലാം ആരംഭിച്ചത് തികച്ചും അപരിചിതമായ അവസ്ഥയിലാണ്. തുടങ്ങിയതുപോലെ അത് അപരിചിതമായി മടങ്ങും. അപ്പോൾ അപരിചിതർക്ക് മംഗളം. നബി ﷺ ചോദിക്കപ്പെട്ടു: ആരാണ് ഗുറബാഅ് (അപരിചിതർ)? നബി ﷺ പറഞ്ഞു: അല്ലാഹുവിന്റെ മാർഗത്തിൽ നാടും വീടും വിട്ട് പലായനം ചെയ്തവർ. (ഇബ്നുമാജ: 3988)
അന്ധവിശ്വാസത്തിലും അനാവശ്യത്തിലും കൂപ്പുകുത്തിയ ആളുകളെ ഖുർആൻ കൊണ്ടും സുന്നത്തുകൊണ്ടും നന്നാക്കുന്നവർക്കും നബി ﷺ യുടെ അനുമോദനമുണ്ട്. ഒരു റിപ്പോർട്ട് കാണുക:
ومن هم يا رسول الله؟ قال: الَّذين يُصْلِحون إذا فسد الناس
അല്ലാഹുവിന്റെ റസൂലേ, ആരാണവർ? നബി ﷺ പറഞ്ഞു: ജനങ്ങൾ പിഴപ്പിച്ചത് നന്നാക്കുന്നവരാണവർ. (അസ്വഹീഹ:3/267)
തിൻമകൾ പടർന്നുകൊണ്ടിരിക്കുന്ന ഈ ആധുനിക ലോകത്ത് അതിൽ അകപ്പെടാതെ ക്ഷമയോടെ മാറിനിൽക്കുകയും നൻമകളിൽ മുന്നേറുകയും ചെയ്യുന്നവർക്കും നബി ﷺ യുടെ അനുമോദനമുണ്ട്.
عن عبدالله بن عمرو عن النبي صلى الله عليه وسلم قال: طوبى للغرباءِ أناسٌ صالِحونَ في أناسٍ سوءٍ كثيرٍ، مَنْ يَعصيهم أكثرُ ممَّنْ يُطِيعُهُمْ
നബി ﷺ പറഞ്ഞു: ധാരാളം തിൻമകളുള്ള ആളുകൾക്കിടയിലും നൻമയിൽ മുഴുകുന്നവരായ അപരിചിതർക്ക് മംഗളം.അവരെ അനുസരിക്കുന്നവരെക്കാൾ അവരെ അനുസരിക്കാത്തവരാണ് കൂടുതൽ. (സ്വഹീഹുൽ ജാമിഅ്)
kanzululoom.com