പല ആവശ്യങ്ങളാൽ അന്യരുടെ വീട്ടിലേക്ക് നാം കടന്നുചെല്ലാറുണ്ട്. അതുകൊണ്ടുതന്നെ അന്യവീടുകളിലേക്ക് പ്രവേശിക്കുമ്പോഴുള്ള ഇസ്ലാമിക മര്യാദകൾ നാം അറിഞ്ഞിരിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും വേണം.
പലപ്പോഴും കോളിംഗ് ബെൽ അടിച്ചുകൊണ്ടോ വീടിന്റെ കതകിൽ മുട്ടിക്കൊണ്ടോ ആയിരിക്കുമല്ലോ അന്യവീട്ടിലേക്ക് കടന്നു ചെല്ലുന്നത്. അതിന് ശേഷം ഒന്നാമതായി, വീട്ടുകാർ ഇറങ്ങി വരുമ്പോൾ അവരെ നേർക്കുനേർ കാണുന്നതരത്തിൽ അവരെ പ്രതീക്ഷിച്ചുകൊണ്ട് വാതിലിന് നേരെ നിൽക്കരുത്. വീട്ടിലേക്ക് കടന്നുചെല്ലുന്നയാൾ അൽപ്പം മാറിയാണ് നിൽക്കേണ്ടത്.
عَنْ هُزَيْلٍ، قَالَ جَاءَ رَجُلٌ – قَالَ عُثْمَانُ سَعْدُ بْنُ أَبِي وَقَّاصٍ – فَوَقَفَ عَلَى بَابِ النَّبِيِّ صلى الله عليه وسلم يَسْتَأْذِنُ فَقَامَ عَلَى الْبَابِ – قَالَ عُثْمَانُ مُسْتَقْبِلَ الْبَابِ – فَقَالَ لَهُ النَّبِيُّ صلى الله عليه وسلم “ هَكَذَا عَنْكَ أَوْ هَكَذَا فَإِنَّمَا الاِسْتِئْذَانُ مِنَ النَّظَرِ ” .
ഹുസയ്ൽ رَضِيَ اللَّهُ عَنْهُ പറയുന്നു: ഒരാൾ കടന്നു വന്ന് നബി ﷺ യുടെ (വീട്ടിന്റെ) വാതിൽക്കൽ നിന്നു. സമ്മതം ചോദിച്ചുകൊണ്ട് അയാൾ വാതിലിനു മുഖമായിതന്നെ നിന്നു. നബി ﷺ അയാളോട് പറഞ്ഞു: താങ്കൾ ഇങ്ങിനെ മാറി നില്‍ക്കണം. അല്ലെങ്കില്‍ ഇങ്ങിനെ നില്‍ക്കണം (ഇടമോ വലമോ മാറി നില്‍ക്കണം). സമ്മതം ചോദിക്കുവാന്‍ നിശ്ചയിക്കപ്പെട്ടിട്ടുള്ളതുതന്നെ, നോട്ടത്തിന്റെ കാരണത്താലകുന്നു. (അബൂദാവൂദ്:5174 – സ്വഹീഹ് അൽബാനി)
عَنْ عَبْدِ اللَّهِ بْنِ بُسْرٍ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم إِذَا أَتَى بَابَ قَوْمٍ لَمْ يَسْتَقْبِلِ الْبَابَ مِنْ تِلْقَاءِ وَجْهِهِ وَلَكِنْ مِنْ رُكْنِهِ الأَيْمَنِ أَوِ الأَيْسَرِ وَيَقُولُ “ السَّلاَمُ عَلَيْكُمُ السَّلاَمُ عَلَيْكُمْ ” . وَذَلِكَ أَنَّ الدُّورَ لَمْ يَكُنْ عَلَيْهَا يَوْمَئِذٍ سُتُورٌ .
അബ്ദുല്ലാഹിബ്നുബിശ്ര്‍ رضي الله عنه പറയുന്നു: നബി ﷺ ഏതെങ്കിലും വീട്ടുകാരുടെ വാതില്‍ക്കല്‍ ചെന്നാല്‍, വാതിലിന്റെ നേരെ മുമ്പിലേക്ക് മുഖമായി നില്‍ക്കുകയില്ല. പക്ഷേ, അതിന്റെ വലഭാഗമോ, ഇടഭാഗമോ നിന്നുകൊണ്ട് ‘അസ്സലാമു അലൈക്കും, അസ്സലാമു അലൈക്കും’ എന്നിങ്ങിനെ പറയുമായിരുന്നു. കാരണം, അക്കാലത്ത് വാതിലിന്റെ മുമ്പില്‍ വിരി തൂക്കിയിടുന്ന പതിവുണ്ടായിരുന്നില്ല. (അബൂദാവൂദ്:5186- സ്വഹീഹ് അൽബാനി)
അന്യവീട്ടിലേക്ക് കടന്നു ചെന്നവന്‍ വാതിലിന്റെയോ ജനലിന്റെയോ പഴുതില്‍കൂടി അകത്തേക്ക് നോക്കുവാന്‍ പാടില്ലെന്നും ഇതിൽ നിന്നും മനസ്സിലാക്കാം.
രണ്ടാമതായി, കടന്നുചെല്ലുന്നയാൾ വീട്ടുകാർക്ക് സലാം പറയണം.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَدْخُلُوا۟ بُيُوتًا غَيْرَ بُيُوتِكُمْ حَتَّىٰ تَسْتَأْنِسُوا۟ وَتُسَلِّمُوا۟ عَلَىٰٓ أَهْلِهَا ۚ ذَٰلِكُمْ خَيْرٌ لَّكُمْ لَعَلَّكُمْ تَذَكَّرُونَ
സത്യവിശ്വാസികളേ, നിങ്ങളുടെതല്ലാത്ത വീടുകളില്‍ നിങ്ങള്‍ കടക്കരുത്; നിങ്ങള്‍ അനുവാദം തേടുകയും ആ വീട്ടുകാര്‍ക്ക് സലാം പറയുകയും ചെയ്തിട്ടല്ലാതെ. അതാണ് നിങ്ങള്‍ക്ക് ഗുണകരം. നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കാന്‍ വേണ്ടിയത്രെ (ഇതു പറയുന്നത്) (ഖുർആൻ:24/27)
فَإِذَا دَخَلْتُم بُيُوتًا فَسَلِّمُوا۟ عَلَىٰٓ أَنفُسِكُمْ تَحِيَّةً مِّنْ عِندِ ٱللَّهِ مُبَٰرَكَةً طَيِّبَةً ۚ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمُ ٱلْـَٔايَٰتِ لَعَلَّكُمْ تَعْقِلُونَ
എന്നാല്‍ നിങ്ങള്‍ വല്ല വീടുകളിലും പ്രവേശിക്കുകയാണെങ്കില്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗൃഹീതവും പാവനവുമായ ഒരു ഉപചാരമെന്ന നിലയില്‍ നിങ്ങള്‍ അന്യോന്യം സലാം പറയണം. നിങ്ങള്‍ ചിന്തിച്ചു ഗ്രഹിക്കുന്നതിന് വേണ്ടി അപ്രകാരം അല്ലാഹു നിങ്ങള്‍ക്ക് തെളിവുകള്‍ വിവരിച്ചുതരുന്നു. (ഖുർആൻ:24/61)
هَلْ أَتَىٰكَ حَدِيثُ ضَيْفِ إِبْرَٰهِيمَ ٱلْمُكْرَمِينَ ﴿٢٤﴾ إِذْ دَخَلُوا۟ عَلَيْهِ فَقَالُوا۟ سَلَٰمًا ۖ قَالَ سَلَٰمٌ قَوْمٌ مُّنكَرُونَ ﴿٢٥﴾ فَرَاغَ إِلَىٰٓ أَهْلِهِۦ فَجَآءَ بِعِجْلٍ سَمِينٍ ﴿٢٦﴾ فَقَرَّبَهُۥٓ إِلَيْهِمْ قَالَ أَلَا تَأْكُلُونَ ﴿٢٧﴾
ഇബ്രാഹീമിന്‍റെ മാന്യരായ അതിഥികളെ പറ്റിയുള്ള വാര്‍ത്ത നിനക്ക് വന്നുകിട്ടിയിട്ടുണ്ടോ? അവര്‍ അദ്ദേഹത്തിന്‍റെ അടുത്തു കടന്നു വന്നിട്ട് സലാം പറഞ്ഞു. അദ്ദേഹം പറഞ്ഞു: നിങ്ങൾക്കും സലാം. (നിങ്ങള്‍) അപരിചിതരായ ആളുകളാണല്ലോ. അനന്തരം അദ്ദേഹം ധൃതിയില്‍ തന്‍റെ ഭാര്യയുടെ അടുത്തേക്ക് ചെന്നു. എന്നിട്ട് ഒരു തടിച്ച കാളക്കുട്ടിയെ (വേവിച്ചു) കൊണ്ടുവന്നു. എന്നിട്ട് അത് അവരുടെ അടുത്തേക്ക് വെച്ചു. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ തിന്നുന്നില്ലേ? (ഖുർആൻ:51/25-27)
عَنْ عَطَاءٌ قَالَ: سَمِعْتُ أَبَا هُرَيْرَةَ يَقُولُ: إِذَا قَالَ: أَأَدْخُلُ؟ وَلَمْ يُسَلِّمْ، فَقُلْ: لاَ، حَتَّى تَأْتِيَ بِالْمِفْتَاحِ، قُلْتُ: السَّلاَمُ؟ قَالَ: نَعَمْ.
അത്വാഅ് رَضِيَ اللَّهُ عَنْهُ പറയുന്നു:അബൂഹുറൈറ رَضِيَ اللَّهُ عَنْهُ പറയുന്നതായി ഞാൻ കേട്ടു: ഒരാൾ സലാം പറയാതെ, ‘ഞാൻ അകത്ത് പ്രവേശിക്കട്ടെ’ എന്ന് ആരെങ്കിലും പറഞ്ഞാൽ താങ്കൾ പറയുക: വേണ്ട, താക്കോൽ കൊണ്ടുവരുന്നതുവരെ. ഞാൻ ചോദിച്ചു:സലാം പറയലാണോ? അദ്ദേഹം പറഞ്ഞു:അതെ. (അദബുൽമുഫ്രദ്:1083)
മൂന്നാമതായി, വീട്ടുകാർക്ക് നമ്മെ പരിചയമില്ലെങ്കിൽ പരിചയപ്പെടുത്തി നൽകണം.
عَنْ جَابِرٍ، قَالَ : أَتَيْتُ النَّبِيَّ صلى الله عليه وسلم فِي دَيْنٍ كَانَ عَلَى أَبِي فَدَقَقْتُ الْبَابَ فَقَالَ ” مَنْ ذَا ”. فَقُلْتُ أَنَا. فَقَالَ ” أَنَا أَنَا ”. كَأَنَّهُ كَرِهَهَا.
ജാബിർ رَضِيَ اللَّهُ عَنْهُ പറയുന്നു: എന്റെ പിതാവിന്റെ പേരിലുണ്ടായിരുന്ന ഒരു കടത്തിന്റെ വിഷയത്തില്‍ ഞാന്‍ നബി ﷺ യുടെ അടുക്കല്‍ ചെല്ലുകയുണ്ടായി. ഞാന്‍ വാതില്‍ക്കല്‍ മുട്ടി. നബി ﷺ ചോദിച്ചു: ‘ആരാണത്?’ ഞാന്‍ ഉത്തരം പറഞ്ഞു: ‘ഞാനാണ്’. അപ്പോള്‍ നബി ﷺ ഇങ്ങിനെ പറഞ്ഞു:’ഞാന്‍ ഞാന്‍ തന്നെ. നബി ﷺ ഇത് പറഞ്ഞത് കുറച്ചു വെറുപ്പോടെയാണെന്നു തോന്നുന്നു. (ബുഖാരി:6250)
ആളെ അറിയുവാന്‍വേണ്ടി ‘ആരാണ്’ എന്ന് ചോദിക്കുമ്പോള്‍ ‘ഞാനാണ്’ എന്ന് ഉത്തരം പറയുക പലരുടെയും പതിവാണ്. ചോദ്യകര്‍ത്താവിന് ഈ ഉത്തരംകൊണ്ട് വിശേഷിച്ചൊരു ഫലവും ലഭിക്കുവാനില്ല. അതുകൊണ്ട്, ആളെ തിരിച്ചറിയുന്ന തരത്തില്‍, സ്വന്തം പേരോ, ചോദ്യകര്‍ത്താവിന് മനസ്സിലാകുന്ന തരത്തിലുള്ള മറ്റുവല്ല നാമങ്ങളോ പറയേണ്ടതുണ്ടെന്ന് ഇതിൽ നിന്ന് വ്യക്തമാണ്.
عَنْ أُمِّ هَانِئٍ بِنْتِ أَبِي طَالِبٍ قَالَتْ : ذَهَبْتُ إِلَى رَسُولِ اللَّهِ صلى الله عليه وسلم عَامَ الْفَتْحِ فَوَجَدْتُهُ يَغْتَسِلُ، وَفَاطِمَةُ ابْنَتُهُ تَسْتُرُهُ، فَسَلَّمْتُ عَلَيْهِ، فَقَالَ ” مَنْ هَذِهِ ”. فَقُلْتُ أَنَا أُمُّ هَانِئٍ بِنْتُ أَبِي طَالِبٍ. فَقَالَ ” مَرْحَبًا بِأُمِّ هَانِئٍ ”.
അബു താലിബിന്റെ മകൾ ഉമ്മുഹാനിഅ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അവർ പറയുന്നു: മക്ക കീഴടക്കിയ വർഷത്തിൽ ഞാൻ അല്ലാഹുവിന്റെ റസൂൽ ﷺ യുടെ അടുക്കലേക്ക് പോയി. അവിടുന്ന് കുളിക്കുന്നതും മകൾ ഫാത്വിമ അവിടുത്തേക്ക് മറ നൽകുന്നതും ഞാൻ കണ്ടു. അങ്ങനെ ഞാൻ അവിടുത്തേക്ക് സലാം പറഞ്ഞു. നബി ﷺ ചോദിച്ചു: ‘ആരാണത്?’ ഞാൻ മറുപടി പറഞ്ഞു: ഞാൻ അബൂത്വാലിബിന്റെ മകൾ ഉമ്മു ഹാനിഅ് ആണ്. നബി ﷺ പറഞ്ഞു: ‘ഹേ ഉമ്മു ഹാനി, സ്വാഗതം’. (ബുഖാരി:6158)
നാലാമതായി, വീട്ടുകാരിൽ നിന്നും അനുവാദം ലഭിച്ചാൽ മാത്രം വീട്ടിൽ പ്രവേശിക്കുക.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَدْخُلُوا۟ بُيُوتًا غَيْرَ بُيُوتِكُمْ حَتَّىٰ تَسْتَأْنِسُوا۟ وَتُسَلِّمُوا۟ عَلَىٰٓ أَهْلِهَا ۚ ذَٰلِكُمْ خَيْرٌ لَّكُمْ لَعَلَّكُمْ تَذَكَّرُونَ
സത്യവിശ്വാസികളേ, നിങ്ങളുടെതല്ലാത്ത വീടുകളില്‍ നിങ്ങള്‍ കടക്കരുത്; നിങ്ങള്‍ അനുവാദം തേടുകയും ആ വീട്ടുകാര്‍ക്ക് സലാം പറയുകയും ചെയ്തിട്ടല്ലാതെ. അതാണ് നിങ്ങള്‍ക്ക് ഗുണകരം. നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കാന്‍ വേണ്ടിയത്രെ (ഇതു പറയുന്നത്) (ഖുർആൻ:24/27)
ഒരു വീട്ടില്‍, അന്യനു കണ്ടുകൂടാത്ത – അല്ലെങ്കില്‍ കാണുന്നത് അപമാനകരമായിത്തീരുന്ന – പല അവസരങ്ങളും ഉണ്ടാകുമല്ലോ. അകത്തുള്ളവര്‍ ശരിക്ക് വസ്ത്രം ധരിച്ചിട്ടില്ലാത്ത അവസരമുണ്ടായേക്കാം: അന്തസ്സിനു നിരക്കാത്ത വല്ല സംസാരത്തിലോ, പ്രവൃത്തിയിലോ ഏര്‍പ്പെട്ടിരിക്കാം: മറ്റുള്ളവര്‍ കാണുന്നത് അപമാനകരമായേക്കുന്ന ഭക്ഷണം കഴിക്കുന്നുണ്ടാവാം: അങ്ങിനെ പലതും. ഇത്തരം സന്ദര്‍ഭങ്ങള്‍ വീട്ടുകാര്‍ക്ക് മാത്രമല്ല, പ്രവേശിക്കുന്നവര്‍ക്ക് തന്നെയും ലജ്ജയോ അനിഷ്ടമോ വരുത്തിത്തീര്‍ക്കും; ആകയാല്‍, മുന്‍കൂട്ടി സമ്മതം ചോദിക്കുകയും, വ്യക്തമായ സമ്മതം ലഭിക്കുകയും ചെയ്തല്ലാതെ അന്യവീട്ടില്‍ പ്രവേശിക്കരുതെന്നാണ് അല്ലാഹു സത്യവിശ്വാസികളോട് കല്‍പിക്കുന്നത്. (അമാനി തഫ്സീർ)
عَنْ رِبْعِيٍّ، قَالَ حَدَّثَنَا رَجُلٌ، مِنْ بَنِي عَامِرٍ أَنَّهُ اسْتَأْذَنَ عَلَى النَّبِيِّ صلى الله عليه وسلم وَهُوَ فِي بَيْتٍ فَقَالَ أَلِجُ فَقَالَ النَّبِيُّ صلى الله عليه وسلم لِخَادِمِهِ “ اخْرُجْ إِلَى هَذَا فَعَلِّمْهُ الاِسْتِئْذَانَ فَقُلْ لَهُ قُلِ السَّلاَمُ عَلَيْكُمْ أَأَدْخُلُ ” . فَسَمِعَهُ الرَّجُلُ فَقَالَ السَّلاَمُ عَلَيْكُمْ أَأَدْخُلُ فَأَذِنَ لَهُ النَّبِيُّ صلى الله عليه وسلم فَدَخَلَ .
റിബ്ഇയ്യ് رَضِيَ اللَّهُ عَنْهُ പറയുന്നു: ബനൂആമിര്‍ കുടുംബത്തില്‍പെട്ട ഒരാള്‍ പറഞ്ഞു: അദ്ധേഹം നബി ﷺ വീട്ടിലായിരിക്കേ, അവിടെ വന്നു നബി ﷺ യോട് (വീട്ടിൽ പ്രവേശിക്കുന്നതിനായി) അനുവാദം ചോദിച്ചു. അപ്പോള്‍ നബി ﷺ തന്റെ ഭൃത്യനോട് പറഞ്ഞു: ‘നീ അയാളുടെ അടുക്കല്‍ ചെന്ന് സമ്മതം ചോദിക്കുന്നത് അയാള്‍ക്ക് പഠിപ്പിച്ചു കൊടുക്കുക. അതായത്:അസ്സലാമു അലൈക്കും, ഞാന്‍ അകത്ത് പ്രവേശിക്കാമോ? എന്ന് പറഞ്ഞുകൊടുക്കുക.’ അങ്ങനെ, ഭൃത്യന്‍ പറഞ്ഞു കൊടുക്കുകയും, അയാള്‍ അപ്രകാരം ചോദിക്കുകയും ചെയ്തു. അപ്പോള്‍ നബി ﷺ അദ്ദേഹത്തിന് സമ്മതം കൊടുത്തു. അങ്ങനെ അദ്ദേഹം അകത്ത് പ്രവേശിച്ചു. (അബൂദാവൂദ്:5177)
അനുവാദം ചോദിക്കേണ്ടതിന്റെ രീതിയും ഈ ഹദീസിൽ നിന്നും വ്യക്തമാണ്.
عن أنس بن مالك: أنَّ رسولَ اللهِ ﷺ استَأذَنَ على سعدِ بنِ عُبادةَ، فقال: السلامُ عليكم ورحمةُ اللهِ، فقال سعدٌ: وعليكَ السلامُ ورحمةُ اللهِ، ولم يسمَعِ النَّبيَّ ﷺ حتى سلَّم ثلاثًا، وردَّ عليه سعدٌ ثلاثًا، ولم يسمَعْه فرجَعَ النَّبيُّ ﷺ واتَّبعَه سعدٌ، فقال: يا رسولَ اللهِ، بأبي أنتَ وأُمِّي، ما سلَّمْتَ تَسليمةً إلّا هي بأُذُني، ولقد ردَدْتُ عليكَ ولم أسمَعْكَ، أَحبَبْتُ أنْ أستَكثِرَ من سلامِكَ، ومنَ البَرَكةِ، ثُم أَدخَلَه البيتَ فقرَّبَ له زَبيبًا، فأكَلَ نبيُّ اللهِ ﷺ
അനസ് رَضِيَ اللَّهُ عَنْهُ പറയുന്നു: നബി ﷺ സഅ്ദുബ്നു ഉബാദഃയുടെ (വീട്ടില്‍ ചെന്ന്) അനുവാദം ചോദിച്ചുകൊണ്ട് പറഞ്ഞു: അസ്സലാമു അലൈക്ക വ റഹ്മത്തുല്ലാഹ്. സഅ്ദു رضي الله عنه പറഞ്ഞു:വ അലൈക സ്സലാം വ റഹ്മതുല്ലാഹ്. അത് നബി ﷺ കേട്ടില്ല. അങ്ങനെ മൂന്ന് തവണ നബി ﷺ സലാം പറയുകയും സഅ്ദു رضي الله عنه മൂന്ന് തവണയും സലാം മടക്കുകയും ചെയ്തു. അത് കേൾക്കാത്തതുകൊണ്ട് നബി ﷺ മടങ്ങിപ്പോയി. അപ്പോള്‍, സഅ്ദു رضي الله عنه പിന്നാലെചെന്ന് ഇങ്ങിനെ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ എന്റെ മാതാപിതാക്കന്മാർ അങ്ങേക്ക് വേണ്ടി വീണ്ടെടുക്കപ്പെടട്ടെ, അങ്ങയുടെ സലാമുകളെല്ലാം ഞാൻ കേട്ടിട്ടുണ്ട്. ഞാനത് മടക്കിയിട്ടുമുണ്ട്, താങ്കളത് കേൾക്കാത്തതാണ്. (ഞാനത് പതുക്കെ മടക്കിയത്) അങ്ങയുട സലാമും, ‘ബര്‍ക്കത്തും’ അധികം ലഭിക്കുവാന്‍വേണ്ടി മാത്രമായിരുന്നു’. പിന്നീട് നബി ﷺ അദ്ദേഹത്തിന്റെ വീട്ടില്‍ പ്രവേശിക്കുകയും, ഭക്ഷണം കഴിക്കുകയും ഉണ്ടായി. (അഹ്മദ്)
ഒരു വീട്ടിൽ ചെന്ന് സലാം പറഞ്ഞാൽ തന്നെ അത് അനുവാദം ചോദിക്കലാണെന്ന് ഈ ഹദീസിൽ നിന്നും വ്യക്തമാണ്. പരമാവധി അനുവാദം ചോദിക്കൽ മൂന്ന് തവണ മാത്രമെന്നും വ്യക്തം.
ആറാമതായി, ഒരു വീട്ടിലേക്ക് പ്രവേശിക്കുന്നതിനായി അനുവാദം ലഭിച്ചില്ലെങ്കിൽ തിരിച്ചു പോകുക.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَدْخُلُوا۟ بُيُوتًا غَيْرَ بُيُوتِكُمْ حَتَّىٰ تَسْتَأْنِسُوا۟ وَتُسَلِّمُوا۟ عَلَىٰٓ أَهْلِهَا ۚ ذَٰلِكُمْ خَيْرٌ لَّكُمْ لَعَلَّكُمْ تَذَكَّرُونَ ﴿٢٧﴾ فَإِن لَّمْ تَجِدُوا۟ فِيهَآ أَحَدًا فَلَا تَدْخُلُوهَا حَتَّىٰ يُؤْذَنَ لَكُمْ ۖ وَإِن قِيلَ لَكُمُ ٱرْجِعُوا۟ فَٱرْجِعُوا۟ ۖ هُوَ أَزْكَىٰ لَكُمْ ۚ وَٱللَّهُ بِمَا تَعْمَلُونَ عَلِيمٌ ﴿٢٨﴾
ഹേ; സത്യവിശ്വാസികളേ, നിങ്ങളുടെതല്ലാത്ത വീടുകളില്‍ നിങ്ങള്‍ കടക്കരുത്; നിങ്ങള്‍ അനുവാദം തേടുകയും ആ വീട്ടുകാര്‍ക്ക് സലാം പറയുകയും ചെയ്തിട്ടല്ലാതെ. അതാണ് നിങ്ങള്‍ക്ക് ഗുണകരം. നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കാന്‍ വേണ്ടിയത്രെ (ഇതു പറയുന്നത്). ഇനി നിങ്ങള്‍ അവിടെ ആരെയും കണ്ടെത്തിയില്ലെങ്കില്‍ നിങ്ങള്‍ക്ക് സമ്മതം കിട്ടുന്നത് വരെ നിങ്ങള്‍ അവിടെ കടക്കരുത്. നിങ്ങള്‍ തിരിച്ചുപോകൂ എന്ന് നിങ്ങളോട് പറയപ്പെട്ടാല്‍ നിങ്ങള്‍ തിരിച്ചുപോകണം. അതാണ് നിങ്ങള്‍ക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അറിവുള്ളവനാകുന്നു. (ഖുർആൻ:24/27-28)
പുറത്ത് നിന്ന് സലാം പറയുകയും, വിളിച്ചു ചോദിക്കുകയും ചെയ്തിട്ട് സമ്മതം ലഭിച്ചില്ലെങ്കില്‍ അകത്ത് കടക്കരുതെന്ന് പ്രത്യേകം വിരോധിക്കുകയും ചെയ്യുന്നു. സമ്മതം ചോദിക്കാതെ അകത്ത് കടന്നു ചെല്ലുന്നതിനെക്കാള്‍ ധിക്കാരമാണല്ലോ സമ്മതം ചോദിച്ചിട്ട് കിട്ടാതെ പ്രവേശിക്കുന്നത് هُوَ أَزْكَىٰ لَكُمْ (അതാണ് നിങ്ങള്‍ക്ക് വളരെ വെടിപ്പായിട്ടുള്ളത്) എന്ന വാക്യം വളരെ ശ്രദ്ധേയവും അര്‍ത്ഥഗര്‍ഭവുമാകുന്നു. (അമാനി തഫ്സീർ)
സലാം പറഞ്ഞാൽ തന്നെ അത് അനുവാദം ചോദിക്കലാണെന്ന് പറഞ്ഞുവല്ലോ. മൂന്ന് തവണ സലാം പറഞ്ഞിട്ടും മറുപടി വന്നിട്ടില്ലെങ്കിൽ തിരിച്ചു പോകുക.
قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِذَا اسْتَأْذَنَ أَحَدُكُمْ ثَلاَثًا فَلَمْ يُؤْذَنْ لَهُ، فَلْيَرْجِعْ
നിങ്ങളിൽ ഒരാൾ മൂന്നു തവണ അനുവാദം ചോദിക്കുകയും അയാൾക്ക് അനുവാദം നൽകപ്പെടാതിരിക്കുകയും ചെയ്താൽ അവൻ മടങ്ങട്ടെ. (ബുഖാരി:6245)
عَنْ عُبَيْدِ بْنِ عُمَيْرٍ، أَنَّ أَبَا مُوسَى، اسْتَأْذَنَ عَلَى عُمَرَ ثَلاَثًا فَكَأَنَّهُ وَجَدَهُ مَشْغُولاً فَرَجَعَ فَقَالَ عُمَرُ أَلَمْ تَسْمَعْ صَوْتَ عَبْدِ اللَّهِ بْنِ قَيْسٍ ائْذَنُوا لَهُ . فَدُعِيَ لَهُ فَقَالَ مَا حَمَلَكَ عَلَى مَا صَنَعْتَ قَالَ إِنَّا كُنَّا نُؤْمَرُ بِهَذَا . قَالَ لَتُقِيمَنَّ عَلَى هَذَا بَيِّنَةً أَوْ لأَفْعَلَنَّ . فَخَرَجَ فَانْطَلَقَ إِلَى مَجْلِسٍ مِنَ الأَنْصَارِ فَقَالُوا لاَ يَشْهَدُ لَكَ عَلَى هَذَا إِلاَّ أَصْغَرُنَا . فَقَامَ أَبُو سَعِيدٍ فَقَالَ كُنَّا نُؤْمَرُ بِهَذَا . فَقَالَ عُمَرُ خَفِيَ عَلَىَّ هَذَا مِنْ أَمْرِ رَسُولِ اللَّهِ صلى الله عليه وسلم أَلْهَانِي عَنْهُ الصَّفْقُ بِالأَسْوَاقِ .
ഉബൈദുബ്നു ഉമർ رضى الله عنه വിൽ നിന്ന് നിവേദനം: അബൂമൂസല്‍ അശ്അരി رضي الله عنه ഉമര്‍ رضي الله عنه വിന്റെ വീട്ടില്‍ ചെന്നു മൂന്ന് പ്രാവശ്യം അനുമതിചോദിക്കുകയുണ്ടായി. ഉമര്‍ رضي الله عنه എന്തോ ജോലിത്തിരക്കിലായിരുന്നതിനാല്‍ അദ്ദേഹത്തിന് സമ്മതം കിട്ടിക്കണ്ടില്ല. അങ്ങനെ അദ്ദേഹം മടങ്ങിപ്പോന്നു. പിന്നീട് ഉമര്‍ رضي الله عنه പറഞ്ഞു: ‘അബ്ദുല്ലാഹിബ്നു ഖൈസ് (അബൂമൂസല്‍ അശ്അരി رضي الله عنه ) സമ്മതം ചോദിക്കുന്ന ശബ്ദമല്ലേ കേട്ടിരുന്നു? അദ്ദേഹത്തിനു സമ്മതം കൊടുക്കുവിന്‍!’ അങ്ങനെ അദ്ദേഹത്തെ വിളിച്ചു വരുത്തി എന്നിട്ട് ഉമര്‍ رضي الله عنه ചോദിച്ചു: ഇപ്രകാരം ചെയ്യാൻ നിന്നെ പ്രേരിപ്പിച്ചത് എന്താണ്? അബൂമൂസല്‍ അശ്അരി رضي الله عنه പറഞ്ഞു: ഇപ്രകാരം പ്രവർത്തിക്കാൻ ഞങ്ങളോട് കൽപ്പിക്കപ്പെട്ടിരിക്കുന്നു. ഉമര്‍ رضي الله عنه പറഞ്ഞു: ‘ഇതിന് താങ്കൾ തെളിവു കൊണ്ടുവരണം. അല്ലാത്തപക്ഷം ഞാൻ നിങ്ങളോട് (കർശനമായി) ഇടപെടും.’ അബൂമൂസാ رضي الله عنه അന്‍സാരികളായ ചില സഹാബികളുടെ അടുക്കല്‍ചെന്ന് വിവരം പറഞ്ഞു. അവര്‍ പറഞ്ഞു: ‘തനിക്ക് ഇതിന് സാക്ഷി നില്‍ക്കുവാന്‍ നമ്മളിലുള്ള നന്നേ ചെറുപ്പക്കാരനല്ലാതെ വരേണ്ടതില്ല.’ (ഇതു അത്രക്കും പരസ്യമായി എല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണ്.). അങ്ങനെ, അദ്ദേഹത്തിന്റെ ഒപ്പം അബൂസഈദില്‍ ഖുദ്രീ رضي الله عنه യും പോയി. അദ്ദേഹം ഉമര്‍ رضي الله عنه വിനോട് പറഞ്ഞു :ഇപ്രകാരം പ്രവർത്തിക്കാൻ ഞങ്ങളോട് കൽപ്പിക്കപ്പെട്ടിരിക്കുന്നു. അപ്പോള്‍ ഉമര്‍ رضي الله عنه പറഞ്ഞു: അള്ളാഹുവിന്റെ റസൂൽ ﷺ യുടെ ഈ കൽപ്പന, മാർക്കറ്റിലെ (എന്റെ) കച്ചവടം കാരണം എന്നിൽ നിന്ന് ഇതുവരെ മറഞ്ഞിരുന്നു. ( എനിക്ക് ഇതൊന്നും നബി ﷺ യില്‍ നിന്ന് കേട്ടുപഠിക്കുവാന്‍ കഴിഞ്ഞില്ല.)’. (മുസ്ലിം:2153)
ഏഴാമതായി, അന്യവീട്ടിനുള്ളിലേക്ക് ജനലിൽ കൂടിയോ മറ്റോ ഒളിഞ്ഞു നോക്കരുത്. അത് വീട്ടിലേക്ക് കടന്നു വന്ന് കോളിംഗ് ബെൽ അടിച്ചിട്ടോ കതകിൽ മുട്ടിയിട്ടോ ശേഷമായാലും, മൂന്ന് തവണ അനുവാദം ചോദിച്ചിട്ട് മറുപടി കിട്ടാത്ത സാഹചര്യത്തിലായാലും പാടില്ലതന്നെ.
عَنِ ابْنِ شِهَابٍ، أَنَّ سَهْلَ بْنَ سَعْدٍ السَّاعِدِيَّ، أَخْبَرَهُ أَنَّ رَجُلاً اطَّلَعَ فِي جُحْرٍ فِي باب رَسُولِ اللَّهِ صلى الله عليه وسلم وَمَعَ رَسُولِ اللَّهِ صلى الله عليه وسلم مِدْرًى يَحُكُّ بِهِ رَأْسَهُ، فَلَمَّا رَآهُ رَسُولُ اللَّهِ صلى الله عليه وسلم قَالَ ” لَوْ أَعْلَمُ أَنْ تَنْتَظِرَنِي لَطَعَنْتُ بِهِ فِي عَيْنَيْكَ ”. قَالَ رَسُولُ اللَّهِ صلى الله عليه وسلم ” إِنَّمَا جُعِلَ الإِذْنُ مِنْ قِبَلِ الْبَصَرِ ”.
സഹ്ൽ ബ്നു സഅ്ദ് അസ്സാഇദിയ്യ് رَضِيَ اللَّهُ عَنْهُ പറയുന്നു: ഒരു മനുഷ്യൻ അല്ലാഹുവിന്റെ റസൂൽ ﷺ യുടെ വീടിന്റെ വാതിലിന്റെ ഒരു ദ്വാരത്തിലൂടെ എത്തിനോക്കി, ആ സമയത്ത്, അല്ലാഹുവിന്റെ റസൂൽ ﷺ യുടെ കയ്യിൽ ഒരു ഇരുമ്പ് ചീർപ്പ് ഉണ്ടായിരുന്നു, അതുകൊണ്ട് അവിടുന്ന് തലയിൽ ചൊറിയുകയായിരുന്നു. അയാളെ കണ്ടപ്പോൾ നബി ﷺ പറഞ്ഞു:”നീ എന്നെ (വാതിലിലൂടെ) നോക്കുന്നുണ്ടെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നെങ്കിൽ, ഇത് (മൂർച്ചയുള്ള ഇരുമ്പ് ചീർപ്പ്) കൊണ്ട് ഞാൻ നിന്റെ കണ്ണ് കുത്തുമായിരുന്നു.” നബി ﷺ കൂട്ടിച്ചേർത്തു: “ആളുകളുടെ അനുവാദമില്ലാതെ വീട്ടിൽ ഉള്ളത് നിയമവിരുദ്ധമായി നോക്കാതിരിക്കാൻ വേണ്ടിയാണ് പ്രവേശനത്തിന് അനുവാദം ചോദിക്കൽ നിശ്ചയിക്കപ്പെട്ടിരിക്കുന്നത്.” (ബുഖാരി:6901)
عَنْ أَبِي هُرَيْرَةَ، قَالَ قَالَ أَبُو الْقَاسِمِ صلى الله عليه وسلم “ لَوْ أَنَّ امْرَأً اطَّلَعَ عَلَيْكَ بِغَيْرِ إِذْنٍ، فَخَذَفْتَهُ بِعَصَاةٍ، فَفَقَأْتَ عَيْنَهُ، لَمْ يَكُنْ عَلَيْكَ جُنَاحٌ ”.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അബുൽ ഖാസിം (നബി ﷺ) പറഞ്ഞു: ഒരു മനുഷ്യന്‍ സമ്മതം കൂടാതെ നിന്റെ മേല്‍ (നിന്റെ വീട്ടിനകത്തേക്ക്) എത്തിനോക്കി; അപ്പോള്‍ നീ ഒരു വടികൊണ്ട് കുത്തി അവന്റെ കണ്ണിന് പരിക്കേൽപ്പിക്കുകയും ചെയ്താൽ നിനക്ക് യാതൊരു തെറ്റുമില്ല. (ബുഖാരി:6902)
kanzululoom.com