ആനക്കലഹ സംഭവം

വിശുദ്ധ കഅ്ബഃയെ പൊളിച്ചുനീക്കുവാന്‍ തയ്യാറെടുത്തുവന്ന ഒരു ആനപ്പട്ടാളത്തെ അല്ലാഹു കഠിനമായി ശിക്ഷിച്ചു പരാജയപ്പെടുത്തുകയും, ഖുറൈശികളെയും മക്കാനിവാസികളെയും രക്ഷപ്പെടുത്തുകയും ചെയ്ത ചരിത്ര പ്രസിദ്ധമായ സംഭവമാണ് ആനക്കലഹ സംഭവം. അറബികളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒരു സംഭവമായിരുന്നു ഇത്.

അബീസീനിയായിലെ ചക്രവര്‍ത്തിയായിരുന്ന നജജാശീ (നെഗാശീ)യുടെ കീഴില്‍ യമന്‍ ഭരിച്ചിരുന്ന അബ്രഹത്ത് എന്നു പേരായ ഒരു രാജാവുണ്ടായിരുന്നു. ചക്രവര്‍ത്തിയുടെ പ്രീതി സമ്പാദിക്കുവാന്‍വേണ്ടി യമനില്‍ ഒരു വമ്പിച്ച ക്രിസ്തീയ ആരാധനാലയമുണ്ടാക്കി. ഖുല്ലൈസ് എന്നായിരുന്നു ആ ആരാധനാലയത്തിന്റെ പേര്. ജനങ്ങളെ അങ്ങോട്ടു ആകര്‍ഷിക്കുവാന്‍ അവന്‍ ചില തന്ത്രങ്ങൾ ഉദ്ദേശിച്ചു. മക്കയിലേക്ക് ജനങ്ങള്‍ ഹജ്ജുകര്‍മ്മത്തിന് പോകുന്ന പതിവു നിര്‍ത്തലാക്കി പകരം ആ ദേവാലയത്തിലേക്ക് അവരെ തിരിച്ചുവിടണമെന്നായിരുന്നു അവന്റെ ഉദ്ദേശം.

കിനാനഃ ഗോത്രത്തിൽ പെട്ട ഒരാൾ  ഇതറിഞ്ഞു. ആദ്ദേഹം രാത്രി ചെന്ന് ആരാധനാലയത്തിന്റെ ചുമരുകളില്‍ മാലിന്യം വാരിത്തേച്ചു. ഇതറിഞ്ഞ അബ്‌റഹത് കോപാകുലനായി. അതോടെ കഅ്ബ തകര്‍ക്കാനും തീരുമാനിച്ചു. വലിയ ഒരു സൈന്യവുമായി അയാള്‍ പുറപ്പെട്ടു. ഒരു കൂട്ടം ആനയും അതിലുണ്ടായിരുന്നു. ഏറ്റവും വലിയ ആനയെ തനിക്ക് വേണ്ടി അബ്‌റഹത് തെരഞ്ഞെടുത്തു. മഹ്മൂദ് എന്ന് അതിന് പേരിടുകയും ചെയ്‌യു. ഈ സേനക്കു ആനപ്പട്ടാളം എന്നു പറയപ്പെടുവാന്‍ ഇതാണ് കാരണം.

മക്കായുടെ അടുത്തൊരു സ്ഥലത്തുവന്ന് തങ്ങളുടെ വരവിന്റെ ഉദ്ദേശ്യം അറിയിക്കുവാനായി അബ്രഹത്ത് ഖുറൈശികളുടെ അടുക്കലേക്കു ആളയച്ചു. തങ്ങള്‍ ഒരു യുദ്ധം നടത്തി നാടു കീഴടക്കുവാന്‍ ഉദ്ദേശിച്ചു വന്നതല്ലെന്നും, കഅ്ബഃ പൊളിച്ചുനീക്കല്‍ മാത്രമാണ് വരവിന്റെ ഉദ്ദേശ്യമെന്നും അറിയിച്ചു. തങ്ങളുടെ ജീവനെപ്പോലെ ബഹുമാനിച്ചാദരിച്ചു വരുന്ന കഅ്ബഃ പൊളിക്കുന്നതില്‍ അങ്ങേ അറ്റത്തെ വെറുപ്പും വ്യസനവും ഉണ്ടെങ്കിലും, ആ സൈന്യത്തെ നേരിടുവാനുള്ള കെല്‍പോ കരുത്തോ അവര്‍ക്കു ഉണ്ടായിരുന്നില്ല. ആനപ്പട്ടാളത്തെ നേരിട്ടുകൊണ്ടുള്ള യുദ്ധവും അവര്‍ക്കു അപരിചിതമായിരുന്നു. അങ്ങനെ, ആ കാഴ്ച തങ്ങള്‍ കാണരുതെന്നും, അതിനാല്‍ നേരിടാവുന്ന ആപത്തു തങ്ങള്‍ക്കു പിണയരുതെന്നും കരുതി അവര്‍ സ്ഥലം വിട്ടുപോകുകയാണുണ്ടായത്.

അബ്‌റഹതും സൈന്യവും മുന്നോട്ട് നീങ്ങി. കഅ്ബയുടെ കിഴക്ക് വശത്ത് മുഗമ്മസ് വരെ എത്തി. അറഫയുടെ അടുത്താണീ പ്രദേശം. മക്കയില്‍ നിന്ന് 20 കിലോമീറ്ററാണ് അങ്ങോട്ടുള്ളത്. അവിടെ വെച്ച് ക്വുറൈശികളുടെ സ്വത്ത് അവര്‍ കവര്‍ന്നു.  അതില്‍ അബ്ദുല്‍ മുത്ത്വലിബിന്റെ 200 ഒട്ടകങ്ങളും ഉണ്ടായിരുന്നു. അന്ന് ഖുറൈശികളുടെ നേതാവും, കഅ്ബയുടെ മേല്‍നോട്ടം വഹിക്കുന്ന ആളും നബിയുടെ പിതാമഹനായ അബ്‌ദുല്‍ മുത്ത്വലിബായിരുന്നു.  ക്വുറൈശികളുടെ നേതാവെന്ന നിലക്ക് അബ്ദുല്‍ മുത്ത്വലിബ് വന്നു. അബ്‌റഹത്തിന്റെ അടുത്തേക്ക് പ്രവേശിച്ചു. അബ്‌റഹത്ത് അദ്ദേഹത്തെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തു.

അബ്‌റഹത്: ‘താങ്കള്‍ക്കെന്തു വേണം?’

അബ്ദുല്‍ മുത്ത്വലിബ്: ‘നിങ്ങള്‍ പിടിച്ചെടുത്ത എന്റെ 200 ഒട്ടകങ്ങളെ തിരിച്ചുതരണം.’

അബ്‌റഹത്: ‘താങ്കളെ ആദ്യം കണ്ടപ്പോള്‍ എനിക്ക് ബഹുമാനം തോന്നി. പക്ഷേ, നിങ്ങള്‍ സംസാരിച്ചപ്പോള്‍ എനിക്ക് വെറുപ്പാണ് തോന്നുന്നത്. 200 ഒട്ടകത്തിന്റെ വിഷയത്തിലാണോ നിങ്ങള്‍ സംസാരിക്കുന്നത്? ഞാന്‍ തകര്‍ക്കാന്‍ വന്നത് നിങ്ങളുടെയും പൂര്‍വ പിതാക്കളുടെയും മതമായ കഅ്ബയെയാണ്. അതിനെക്കുറിച്ചൊന്നും സംസാരിക്കാനില്ലേ?’

അബ്ദുല്‍ മുത്ത്വലിബ്: ‘ഒട്ടകത്തിന്റെ ഉടമസ്ഥന്‍ ഞാനാണ്. കഅ്ബക്കൊരു ഉടമസ്ഥനുണ്ട് അവന്‍ അതിനെ സംരക്ഷിച്ചുകൊള്ളും.’

അബ്‌റഹത്: ‘അത് അസാധ്യമാണ്, ആര്‍ക്കും തടയാന്‍ കഴിയില്ല.’

അബ്ദുൽ മുത്വലിബ് :  ‘അത് താങ്കളും അവനുമായുള്ള കാര്യം!’

അബ്‌റഹത് ഒട്ടകങ്ങളെ തിരിച്ച് കൊടുത്തു. ഒട്ടകങ്ങളെ തിരിച്ച് കിട്ടിയപ്പോള്‍ അവയുടെ കഴുത്തില്‍ ബലിക്കുള്ള അടയാളം കെട്ടിത്തൂക്കി. എന്നിട്ട് ഹറമിലേക്ക് വിട്ടയച്ചു. അബ്ദുല്‍മുത്ത്വലിബ് തന്റെ ആളുകളോട് മലയിടുക്കുകളില്‍ വ്യാപിക്കുവാനും മലമുകളില്‍ രക്ഷതേടുവാനും നിര്‍ദേശം നല്‍കി. അബ്‌റഹത്തിന്റെ സൈന്യം അക്രമിക്കുമോ എന്ന ഭയമായിരുന്നു അതിനു കാരണം. അബ്‌റഹതുമായി ഏറ്റുമുട്ടാന്‍ കഴിയില്ലെന്നും കഅ്ബയെ അതിന്റെ ഉടമസ്ഥന്‍ സംരക്ഷിച്ചുകൊള്ളുമെന്നും അബ്ദുല്‍ മുത്ത്വലിബ് മനസ്സിലാക്കി.

ഖുറൈശികള്‍ മലയിടുക്കുകളിലും മലകളിലും അഭയം തേടി. അബ്രഹത്ത് എന്തുചെയ്യുന്നു എന്നറിയാന്‍ കാത്തു നിന്നു. അബ്ദുല്‍ മുത്വലിബ് കഅ്ബയുടെ അടുത്ത് ചെന്ന് അല്ലാഹുവോട് പ്രാര്‍ത്ഥിക്കുകയും സഹായം തേടുകയും ചെയ്തു.

അടുത്ത ദിവസം രാവിലെ അബ്‌റഹത്ത് തന്റെ സൈന്യത്തെ ഇളക്കിവിട്ടു. മക്കയില്‍ പ്രവേശിക്കാന്‍ ഒരുക്കം നടത്തി. ഒരു ആന മക്കയിലേക്ക് തിരിച്ചപ്പോള്‍ അതു മുട്ടുകുത്തി. ശക്തിയായി അടിച്ചിട്ടും ഫലമുണ്ടായില്ല. ആനകളെ അവർ യമനിലേക്ക് തിരിച്ചു നിർത്തി നോക്കി. അപ്പോഴതാ ആനകൾ ഉടനടി എഴുന്നേറ്റ് ഓടുന്നു! ശാമിന്റെ ഭാഗത്തേക്കും കിഴക്കോട്ടുമെല്ലാം ആനയെ തിരിച്ചു നിർത്തുമ്പോൾ അവ മുന്നോട്ടു നീങ്ങുന്നുണ്ട്. എന്നാൽ കഅ്ബയുടെ മുന്നിലേക്ക് തിരിക്കേണ്ട താമസം അവ മുട്ടുകുത്തുന്നു.

ഈ സന്ദര്‍ഭത്തിൽ അബാബീല്‍ എന്ന പക്ഷികളെ അല്ലാഹു അവരിലേക്ക് നിയോഗിച്ചത്. കടല മണിയോളം വലുപ്പമുള്ള തീക്കല്ലുകള്‍ കൊണ്ട് അവരെ എറിഞ്ഞു. അത് കൊണ്ടവരെല്ലാം മരിച്ച് വീണു. അവര്‍ ചവച്ചരക്കപ്പെട്ട വൈക്കോല്‍ പോലായി! ആ ഏറ് ബാധിക്കാത്തവര്‍ തിരിഞ്ഞോടുകയും ചെയ്തു. തന്റെ സൈന്യത്തിന് ബാധിച്ച നാശവും തിരിഞ്ഞോട്ടവും കാണാന്‍ അല്ലാഹു അബ്‌റഹത്തിനെ ബാക്കിയാക്കി. ശേഷം അബ്‌റഹത്തിന് ഒരു പ്രത്യേക തരം രോഗം ബാധിച്ചു. അതിന്റെ ഭാഗമായി ഓരോരോ വിരലുകള്‍ മുറിഞ്ഞ് വീണു. സ്വന്‍ആഇല്‍ എത്തിയപ്പോഴേക്കും അബ്‌റഹത്ത് ഒരു പക്ഷിക്കുഞ്ഞിനെപ്പോലെയായിത്തീര്‍ന്നിരുന്നു. അങ്ങനെ ഹൃദയം പൊട്ടിത്തകര്‍ന്ന് അയാള്‍ നീചമായ മരണം വരിച്ചു.അല്ലാഹു അവന്റെ മന്ദിരത്തെ കാത്തുരക്ഷിക്കുകയും ചെയ്തു. ഈ സംഭവവുമായി ബന്ധപ്പെട്ട് സൂറത്തുല്‍ ഫീല്‍ എന്ന പേരിൽ ഒരു അധ്യായം തന്നെ ഖുര്‍ആനിലുണ്ട്:

أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِأَصْحَٰبِ ٱلْفِيلِ ‎﴿١﴾‏ أَلَمْ يَجْعَلْ كَيْدَهُمْ فِى تَضْلِيلٍ ‎﴿٢﴾‏ وَأَرْسَلَ عَلَيْهِمْ طَيْرًا أَبَابِيلَ ‎﴿٣﴾‏ تَرْمِيهِم بِحِجَارَةٍ مِّن سِجِّيلٍ ‎﴿٤﴾‏ فَجَعَلَهُمْ كَعَصْفٍ مَّأْكُولِۭ ‎﴿٥﴾‏

ആനക്കാരെക്കൊണ്ട് നിന്‍റെ രക്ഷിതാവ് പ്രവര്‍ത്തിച്ചത് എങ്ങനെ എന്ന് നീ കണ്ടില്ലേ? അവരുടെ തന്ത്രം അവന്‍ പിഴവിലാക്കിയില്ലേ?  കൂട്ടംകൂട്ടമായിക്കൊണ്ടുള്ള പക്ഷികളെ അവരുടെ നേര്‍ക്ക് അവന്‍ അയക്കുകയും ചെയ്തു. ചുട്ടുപഴുപ്പിച്ച കളിമണ്‍കല്ലുകള്‍കൊണ്ട് അവരെ എറിയുന്നതായ. അങ്ങനെ അവന്‍ അവരെ തിന്നൊടുക്കപ്പെട്ട വൈക്കോല്‍ തുരുമ്പുപോലെയാക്കി. (ഖുർആൻ:105/1-5)

▪️അറബികൾക്ക് അല്ലാഹു ധാരാളം നന്മകൾ ഉദ്ദേശിച്ചിരിക്കുന്നു എന്ന വ്യക്തമായ സൂചനയായിരുന്നു ഈ സംഭവം.

▪️അറബികൾക്കിടയിൽതന്നെ ക്വുറൈശികൾക്ക് ഈ സംഭവത്തിലൂടെ ഏറെ ആദരവ് ലഭിച്ചു.

▪️ബൈതുല്‍ ഹറമിന്റെ (കഅ്ബയുടെ) മഹത്വം ഈ സംഭവത്തിലൂടെ വര്‍ദ്ധിച്ചു.

▪️നബി ﷺ യുടെ ആഗമനത്തിന്റെ മുന്നൊരുക്കമായിരുന്നു ഈ സംഭവം.

മിക്കവാറും ക്രിസ്താബ്ദം 570 – 571 ലാണ് ഈ സംഭവം ഉണ്ടായത്. 571-ാം കൊല്ലം ഏപ്രില്‍ 2-ആം തിയ്യതിയാണെന്ന് ചിലര്‍ ക്ലിപ്തപ്പെടുത്തി പ്രസ്താവിച്ചിട്ടുമുണ്ട്. ഈ കൊല്ലത്തിലായിരുന്നു നബി ﷺ തിരുമേനിയുടെ ജനനവും ഉണ്ടായത്. അറബികളുടെ ഇടയില്‍ പൊതുവിലും, ഖുറൈശികള്‍ക്കിടയില്‍ വിശേഷിച്ചും വളരെ ഗൗരവമേറിയ ഒരു സംഭവമാണിതെന്നു പറയേണ്ടതില്ലല്ലോ. അതിനാല്‍, പിന്നീടുണ്ടാകുന്ന സംഭവങ്ങള്‍ക്കു അവര്‍ ആനക്കലഹം മുതല്‍ കാലം നിര്‍ണ്ണയിക്കുക പതിവായിത്തീര്‍ന്നു. മദീനാ ഹിജ്ര മുതല്‍ വര്‍ഷാരംഭം നിര്‍ണ്ണയിക്കുന്ന പതിവു ഇസ്‌ലാമില്‍ അംഗീകരിക്കപ്പെടുന്നതുവരെ ആ പതിവു തുടര്‍ന്നുപോന്നു. (അമാനിതഫ്സീർ)

قَالَ ابْنُ الْقَيِّمِ رَحِمَهُ اللهُ: وَكَانَ أَمْرُ الْفِيلِ تَقْدِمَةً قَدَّمَهَا اللَّهُ لِنَبِيِّهِ وَبَيْتِهِ، وَإِلَّا فَأَصْحَابُ الْفِيلِ كَانُوا نَصَارَى أَهْلَ كِتَابٍ، وَكَانَ دِينُهُمْ خَيْرًا مِنْ دِينِ أَهْلِ مَكَّةَ إِذْ ذَاكَ؛ لِأَنَّهُمْ كَانُوا عُبَّادَ أَوْثَانٍ فَنَصَرَهُمُ اللَّهُ عَلَى أَهْلِ الْكِتَابِ نَصْرًا لَا صُنْعَ لِلْبَشَرِ فِيهِ، إِرْهَاصًا وَتَقْدِمَةً لِلنَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الَّذِي خَرَجَ مِنْ مَكَّةَ، وَتَعْظِيمًا لِلْبَيْتِ الْحَرَامِ

ഇബ്‌നുൽ ഖയ്യിം رَحِمَهُ اللهُ പറയുന്നു: അല്ലാഹു അവന്റെ നബിയുടെ ആഗമനത്തിനും, അവന്റെ ഭവനത്തിനുള്ള ആദരവിനും നൽകിയ സൂചനയായിരുന്നു യഥാർത്ഥത്തിൽ ആനക്കലഹത്തിന്റെ പര്യവസാനം. അതല്ലെങ്കിൽ  അബ്റഹതും കൂട്ടരും വേദക്കാരായിരുന്ന നസ്വാറാക്കളായിരുന്നു. മക്കക്കാരുടെ വിഗ്രഹാരാധനയിലൂന്നിയ വിശ്വാസത്തേക്കാൾ നല്ലത് (അന്ന്) അവരുടെ മതമായിരുന്നു. എന്നാൽ അല്ലാഹു അവരുടെ മേൽ  ഖുറൈശികൾക്ക് വിജയം നൽകി. അല്ലാഹുവിന്റെ പ്രവാചകന്റ ആഗമനത്തിലേക്കുള്ള സൂചനയായിരുന്നു അത്. അല്ലാഹുവിന്റെ ഭവനമായ കഅ്ബക്കുള്ള ആദരവും അതിലുണ്ടായിരുന്നു. (സാദുൽ മആദ്)

قَالَ ابن كثير رَحِمَهُ اللهُ: وَلِسَانُ حَالِ الْقَدَرِ يَقُولُ: لَمْ نَنْصُرْكُمْ -يَا مَعْشَرَ قُرَيْشٍ-عَلَى الْحَبَشَةِ لِخَيْرِيَّتِكُمْ عَلَيْهِمْ، وَلَكِنْ صِيَانَةً لِلْبَيْتِ الْعَتِيقِ الَّذِي سَنُشَرِّفُهُ وَنُعَظِّمُهُ وَنُوَقِّرُهُ بِبَعْثَةِ النَّبِيِّ الْأُمِّيِّ مُحَمَّدٍ، صَلَوَاتُ اللَّهِ وَسَلَامُهُ عَلَيْهِ خَاتَمِ الْأَنْبِيَاءِ.

ഇമാം ഇബ്‌നു കസീർ رَحِمَهُ اللهُ പറയുന്നു: ആനക്കലഹത്തിന്റെ പര്യവസാനം വിളിച്ചു പറയുന്നത് ഇപ്രകാരമാണ്; ഖുറൈശികളേ! നിങ്ങളെ നാം അബ്സീനിയക്കാർക്കെതിരെ സഹായിച്ചത് നിങ്ങൾ അവരേക്കാൾ നല്ലവരായതു കൊണ്ടല്ല. മറിച്ച് നിരക്ഷരനായ ഒരു നബിയുടെ നിയോഗത്തിലൂടെ നാം ശ്രേഷ്ഠതയും ആദരവും ബഹുമാനവും നൽകുന്ന നമ്മുടെ ഭവനത്തെ നാം സംരക്ഷിക്കുകയാണ് ചെയ്തത്. (തഫ്സീർ ഇബ്നു കസീർ)

ആനക്കലഹത്തെ കുറിച്ച് പ്രതിപാദിക്കുന്ന സൂറ:ഫീൽ ന് ശേഷമുള്ള സൂറത്ത് സൂറ:ഖുററൈശ് ആണ്. ആനക്കലഹം അവർക്ക് നേടിക്കൊടുത്ത അനുഗ്രഹങ്ങളെ കുറിച്ചുള്ള സൂചനകൾ ആ സൂറത്തിലും പരാമർശിക്കുന്നുണ്ട്.

لِإِيلَٰفِ قُرَيْشٍ ‎﴿١﴾‏ إِۦلَٰفِهِمْ رِحْلَةَ ٱلشِّتَآءِ وَٱلصَّيْفِ ‎﴿٢﴾‏ فَلْيَعْبُدُوا۟ رَبَّ هَٰذَا ٱلْبَيْتِ ‎﴿٣﴾‏ ٱلَّذِىٓ أَطْعَمَهُم مِّن جُوعٍ وَءَامَنَهُم مِّنْ خَوْفِۭ ‎﴿٤﴾‏

ഖുറൈശ് ഗോത്രത്തെ കൂട്ടിയിണക്കിയതിനാല്‍. ശൈത്യകാലത്തെയും ഉഷ്ണകാലത്തെയും യാത്രയുമായി അവരെ കൂട്ടിയിണക്കിയതിനാല്‍,  ഈ ഭവനത്തിന്‍റെ രക്ഷിതാവിനെ അവര്‍ ആരാധിച്ചുകൊള്ളട്ടെ.  അതായത് അവര്‍ക്ക് വിശപ്പിന്ന് ആഹാരം നല്‍കുകയും, ഭയത്തിന് പകരം സമാധാനം നല്‍കുകയും ചെയ്തവനെ. (ഖുർആൻ:106/1-4)

قَالَ كَثِيرٌ مِنَ الْمُفَسِّرِينَ: إِنَّ الْجَارَّ وَالْمَجْرُورَ مُتَعَلِّقٌ بِالسُّورَةِ الَّتِي قَبْلَهَا أَيْ: فَعَلْنَا مَا فَعَلْنَا بِأَصْحَابِ الْفِيلِ لِأَجْلِ قُرَيْشٍ وَأَمْنِهِمْ، وَاسْتِقَامَةِ مَصَالِحِهِمْ، وَانْتِظَامِ رِحْلَتِهِمْ فِي الشِّتَاءِ لِلْيَمَنِ، وَالصَّيْفِ لِلشَّامِ، لِأَجْلِ التِّجَارَةِ وَالْمَكَاسِبِ. فَأَهْلَكَ اللَّهُ مَنْ أَرَادَهُمْ بِسُوءٍ، وَعَظَّمَ أَمْرَ الْحَرَمِ وَأَهْلَهُ فِي قُلُوبِ الْعَرَبِ، حَتَّى احْتَرَمُوهُمْ، وَلَمْ يَعْتَرِضُوا لَهُمْ فِي أَيِّ سَفَرٍ أَرَادُوا، وَلِهَذَا أَمَرَهُمُ اللَّهُ بِالشُّكْرِ، فَقَالَ: {فَلْيَعْبُدُوا رَبَّ هَذَا الْبَيْتِ} أَيْ: لِيُوَحِّدُوهُ وَيُخْلِصُوا لَهُ الْعِبَادَةَ،

لِإِيلَافِ (കൂട്ടിയിണക്കിയതിനാല്‍) എന്ന് جار مجرور കൊണ്ട് തുടങ്ങിയതിനാല്‍ ഈ അദ്ധ്യായം തൊട്ടുമുമ്പുള്ള അദ്ധ്യായവുമായി (സൂറതുല്‍ ഫീല്‍) ബന്ധപ്പെട്ടു നില്‍ക്കുന്നു എന്നാണ് ഭൂരിപക്ഷം ക്വുര്‍ആന്‍ വ്യാഖ്യാതാക്കളും അഭിപ്രായപ്പെട്ടിരിക്കുന്നത്. അതായത് (കഅ്ബ പൊളിക്കാന്‍ വന്ന) ആനക്കാരെ കൊണ്ട് നാം ചെയ്തതെല്ലാം ഖുറൈശികള്‍ക്കും അവരുടെ സുരക്ഷക്കും പൊതുനന്മക്കും ധനസമ്പാദനത്തിനും കച്ചവടത്തിനും വേണ്ടി ഉഷ്ണകാലത്ത് ശാമിലേക്കും ശൈത്യകാലത്ത് യമനിലേക്കും അവരുടെ യാത്ര വ്യവസ്ഥാപിതമാകുന്നതിനും വേണ്ടിയാണ്. അങ്ങനെ ഖുറൈശികളെ നശിപ്പിക്കാന്‍ ഉദ്ദേശിച്ചവരെ അല്ലാഹു നശിപ്പിക്കുകയും അറബികളുടെ മനസ്സുകളില്‍ പരിശുദ്ധ ഹറമിന്റെയും അതിന്റെ സംരക്ഷകരുടെയും സ്ഥാനം ഉയര്‍ത്തി, അവര്‍ ആദരിക്കപ്പെടുകയും അവര്‍ ഉദ്ദേശിക്കുന്ന ഏത് യാത്രകള്‍ക്കും തടസ്സമാവാത്ത വിധത്തില്‍ അല്ലാഹു അവരെ മഹോന്നതരാക്കുകയും ചെയ്തു. അതിന് നന്ദി ചെയ്യാനാണ് തുടര്‍ന്ന് അല്ലാഹു കല്‍പിക്കുന്നത്. {ഈ ഭവനത്തിന്‍റെ രക്ഷിതാവിനെ അവര്‍ ആരാധിച്ചുകൊള്ളട്ടെ} അതായത്: അവന്റെ ഏകത്വം അംഗീകരിക്കുകയും ആരാധന അവന് മാത്രമാക്കുകയും ചെയ്യുക. (തഫ്സീറുസ്സഅ്ദി)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *