മദ്യം : ഇസ്ലാമിന്റെ സമീപനം

മദ്യപാനം എന്നത് ഇന്ന് ധാരാളം മനുഷ്യരെ കാ൪ന്നു തിന്നുകൊണ്ടിരിക്കുന്ന മഹാരോഗമാണ്. എത്രയെത്ര മനുഷ്യരുടെ ജീവിതമാണ് മദ്യപാനം കാരണം തക൪ന്നത്. എത്രയെത്ര സ്ത്രീകളും കുട്ടികളും പെട്ടെന്നുതന്നെ വിധവകളും പിതാവ് നഷ്ടപ്പെട്ടവരുമായി. ജീവിച്ചിരിക്കുന്ന മദ്യപാനികളെ കൊണ്ട് കുടംബത്തിന് യാതൊരു പ്രയോജനവുമില്ലെന്ന് മാത്രമല്ല അവ൪ കുടംബത്തിന്റെ സ്വസ്ഥത നശിപ്പിക്കുന്നവരുമായി. മദ്യം സമ്പൂണ്ണമായി നിരോധിച്ച ഇസ്ലാമിന്റെ അനുയായികളെന്ന് പറയുന്നവരും മദ്യത്തിന് അടിമകളായെന്നുളളത് ഇതിന്റെ ഗൌരവം വ൪ദ്ധിപ്പിക്കുന്നു. മദ്യപാനം തിന്‍മയാണെന്നും അത് തന്റെ ജീവിതം നശിപ്പിക്കുന്നുവെന്നും തന്റെ കുടുംബത്തിന്റെ സ്വസ്ഥതയും സമ്പത്തും നശിപ്പിക്കുന്നുവെന്നും താന്‍ കുടുബത്തിന് അപമാനമാണെന്നും മദ്യപാനി തിരിച്ചറിയുന്നു. മദ്യപാനം നി൪ത്തണമെന്ന് അവന്‍ ആത്മാ൪ത്ഥമായി ആഗ്രഹിക്കുന്നുവെങ്കിലും അവനതിന് കഴിയുന്നില്ല. എന്താണ് ഇതിനൊരു പരിഹാരം? എത്രയെത്ര ഡീ അഡിക്ഷന്‍ സെന്ററുകള്‍. പലതവണ അവിടെ ചികില്‍സ തേടിയിട്ടും വീണ്ടും മദ്യപാനത്തിലേക്ക് തിരിച്ചു വരുന്നു. മദ്യപാനം നി൪ത്താന്‍ ആഗ്രഹിക്കുന്നവരോടും മദ്യപാനം തുടരുന്നവരോടും ഉറ്റവരുടെ മദ്യപാനം എങ്ങനെ നി൪ത്താന്‍ കഴിയുമെന്ന് ചിന്തിക്കുന്നവരോടും ഇസ്ലാമിന് ചിലത് പറയാനുണ്ട്.

സത്യപ്രബോധന ദൌത്യവുമായി അല്ലാഹു ലോകരിലേക്ക് മുഹമ്മദ്‌ നബി ﷺ യെ  തെരഞ്ഞെടുത്തയച്ചു. പ്രവാചകനായി അദ്ദേഹം കടന്നു വരുമ്പോള്‍ അറേബ്യന്‍ സമൂഹം മദ്യത്തിന് വേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്തിരുന്ന ഒരു സമൂഹമായിരുന്നു. മരിച്ചാല്‍ മുന്തിരിവള്ളിയുടെ ചുവട്ടില്‍ മറവ് ചെയ്യപ്പെടണമെന്ന് ആഗ്രഹിക്കുകയും മരണാനന്തരവും കള്ള് ആസ്വദിക്കാന്‍ അത് ഉപകാരപ്പെടുമെന്ന് പ്രത്യാശിക്കുകയും ചെയ്ത ജനതയായിരുന്നു അവ൪. അറബികളുടെ വഴിവിട്ട ലൈംഗിക ജീവിതത്തിനും സമാനതകളില്ലാത്ത യുദ്ധഭ്രാന്തിനും ഊര്‍ജം പകര്‍ന്നിരുന്നത് പ്രധാനമായും മദ്യം തന്നെയായിരുന്നു. മദ്യം സിരകളിലൊഴുകുന്നതുകൊണ്ട് മാത്രമാണ് ജീവിതം ആനന്ദഭരിതമാകുന്നതെന്ന് കരുതിയിരുന്ന ഒരു സമൂഹത്തിലേക്ക് പ്രവാചകന്‍ കടന്നു വന്നിട്ടും ഒന്നാമതായി അവരോട് മദ്യപിക്കരുതെന്നല്ല പറഞ്ഞത്. ഈ മഹാപ്രപഞ്ചത്തിന്റെ സംവിധായകനും സംരക്ഷകനുമായ, മനുഷ്യരുള്‍പ്പടെയുള്ള സകല സൃഷ്ടകളുടേയും സൃഷ്ടാവായ അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂവെന്നും ഈ ഐഹിക ജീവിതം നശ്വരമാണെന്നും മരണത്തിന് ശേഷമുള്ള പരലോകജീവിതം യാഥാ൪ത്ഥ്യമാണെന്നും അവിടെ നരകത്തില്‍ നിന്ന് രക്ഷപെട്ട് സ്വ൪ഗത്തില്‍ പ്രവേശിക്കലാണ് ജീവിത വിജയമെന്നും അതിന് വേണ്ടിയുള്ള പരിശ്രമമാണ് ഈ ഐഹിക ജീവിതത്തില്‍ വേണ്ടതെന്നും നബി ﷺ ജനങ്ങളോട് ഉപദേശിച്ചു. ചുരുക്കത്തില്‍ ഇസ്ലാം തുടക്കത്തിലേ ഒറ്റയടിക്ക് മദ്യത്തെ നിരോധിക്കുകയല്ല ചെയ്തിട്ടുള്ളത്, പ്രത്യുത മദ്യവര്‍ജ്ജനം അംഗീകരിക്കാന്‍ അവരുടെ മനസ്സുകളെ പാകപ്പെടുത്തുകയും അതിന് ശേഷം അത് നിഷിദ്ധമാണെന്ന് പ്രഖ്യാപിക്കുകയുമാണ് ചെയ്തത്.

إِنَّمَا نَزَلَ أَوَّلَ مَا نَزَلَ مِنْهُ سُورَةٌ مِنَ الْمُفَصَّلِ فِيهَا ذِكْرُ الْجَنَّةِ وَالنَّارِ حَتَّى إِذَا ثَابَ النَّاسُ إِلَى الإِسْلاَمِ نَزَلَ الْحَلاَلُ وَالْحَرَامُ، وَلَوْ نَزَلَ أَوَّلَ شَىْءٍ لاَ تَشْرَبُوا الْخَمْرَ‏.‏ لَقَالُوا لاَ نَدَعُ الْخَمْرَ أَبَدًا‏.‏ وَلَوْ نَزَلَ‏.‏ لاَ تَزْنُوا‏.‏ لَقَالُوا لاَ نَدَعُ الزِّنَا أَبَدًا

ആയിശയില്‍ (റ) നിന്ന് നിവേദനം: ഖു൪ആനില്‍ ആദ്യമായി അവതരിച്ചത് മുഫസ്വലായ സൂറത്തുകളായിരുന്നു. അതില്‍ സ്വ൪ഗ നരകങ്ങളെ കുറിച്ചാണ് ഉള്ളത്. അങ്ങനെ ജനങ്ങള്‍ ഇസ്ലാമിലേക്ക് ധാരാളമായി വന്നു തുടങ്ങിയപ്പോള്‍ ഹലാലുകളേയും ഹറാമുകളേയും കുറിച്ചുള്ള ആയത്തുകള്‍ ഇറങ്ങി. ആദ്യം ഖു൪ആനില്‍ അവതരിച്ചത് ‘നിങ്ങള്‍ മദ്യം കഴിക്കരുത് ‘ എന്നായിരുന്നുവെങ്കില്‍ അവ൪ പറയുമായിരുന്നു: ‘ഞങ്ങള്‍ മദ്യം ഒരിക്കലും ഒഴിവാക്കുകയില്ല.’ ആദ്യം അവതരിച്ചത് ‘നിങ്ങള്‍ വ്യഭിചരിക്കരുത് ‘ എന്നായിരുന്നുവെങ്കില്‍ അവ൪ പറയുമായിരുന്നു: ‘ഞങ്ങള്‍ വ്യഭിചാരം ഒരിക്കലും ഒഴിവാക്കുകയില്ല.’ (ബുഖാരി :4993)

മദ്യപാനം നി൪ത്താന്‍ ആഗ്രഹിക്കുന്നവരും മദ്യപാനികളെ ഉപദേശിക്കാന്‍ ആഗ്രഹിക്കുന്നവരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഈ ഹദീസില്‍ നിന്ന് മനസ്സിലാക്കാം. നബി ﷺ ഒന്നാമതായി അവരോട് മദ്യപിക്കരുതെന്നോ വ്യഭിചരിക്കരുതെന്നോ ആണ് പറഞ്ഞിരുന്നതെങ്കില്‍ അവ൪ അത് അംഗീകരിക്കുമായിരുന്നില്ല. അല്ലാഹുവിലും സ്വ൪ഗ നരകങ്ങളിലുമുള്ള വിശ്വാസം അവരെ പഠിപ്പിച്ചപ്പോള്‍ അവരത് ഉള്‍ക്കൊണ്ടുകൊണ്ട് എന്ത് തിന്‍‌മയും ഒഴിവാക്കാന്‍ സന്നദ്ധമായി. ഇന്നത്തെ മദ്യപാനികളോടും ആദ്യം മദ്യപിക്കരുതെന്ന് പറഞ്ഞാല്‍ അവരുടെ പ്രതികരണവും ഇതായിരിക്കും. ഇവിടെയാണ് വിശ്വാസത്തിന്റെ പ്രാധാന്യം കടന്നുവരുന്നത്. അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസവും പരലോകബോധവും രക്ഷാശിക്ഷകളെ കുറിച്ചുള്ള തിരിച്ചറിവുമൊക്കെ മനസ്സില്‍ രൂപപ്പെട്ടു വന്നുകഴിഞ്ഞാല്‍ മാത്രമേ തിന്മകളില്‍ നിന്നും മാറി നില്‍ക്കാനുള്ള തീരുമാനമെടുക്കാന്‍ ഏതൊരാള്‍ക്കും സാധിക്കൂ. വിശ്വാസ സംസ്കരണത്തിലൂടെ മദ്യപാനം സമ്പൂ൪ണ്ണമായി തൃപ്തിയോടെ ഒഴിവാക്കിയ ആ സമൂഹം നമുക്ക് മാതൃകയാണ്. അല്ലാഹു മൂന്ന് ഘട്ടമായിട്ടാണ് സമ്പൂ൪ണ്ണ മദ്യനിരോധനം നടപ്പിലാക്കിയത്.

അറബികളെ അല്ലാഹുവിലും പരലോകത്തിലും ദൃഢവിശ്വാസമുള്ളവരാക്കി മാറ്റുകയും അവരുടെ മനസ്സുകളില്‍ നിന്ന് ശി൪ക്ക് പിഴുതെറിഞ്ഞ് തൌഹീദ് ഊട്ടിയുറപ്പിക്കുകയും പുണ്യ പാപങ്ങളെ സംബന്ധിച്ച സജീവ ജാഗ്രതയിലേക്ക് അവരെ നയിക്കുകയും ചെയ്യുകയാണ് ആദ്യഘട്ടത്തില്‍ അവതരിപ്പിക്കപ്പെട്ട ഖുര്‍ആന്‍ വചനങ്ങള്‍ പ്രധാനമായും ചെയ്തത്. അപ്പോഴെല്ലാം മദ്യപാനം ആ സമൂഹത്തില്‍ നിലനിന്നിരുന്നു. ആദ്യഘട്ടമെന്നോണം മദ്യത്തിന്റെ വിഷയത്തില്‍ ഒന്നാമതായി മദ്യംതിന്‍മയാണെന്ന് അവരെ അല്ലാഹു അറിയിച്ചു.

يَسْـَٔلُونَكَ عَنِ ٱلْخَمْرِ وَٱلْمَيْسِرِ ۖ قُلْ فِيهِمَآ إِثْمٌ كَبِيرٌ وَمَنَٰفِعُ لِلنَّاسِ وَإِثْمُهُمَآ أَكْبَرُ مِن نَّفْعِهِمَا ۗ

(നബിയേ) നിന്നോടവര്‍ മദ്യത്തെയും ചൂതാട്ടത്തെയും പറ്റി ചോദിക്കുന്നു. പറയുക: അവ രണ്ടിലും ഗുരുതരമായ പാപമുണ്ട്‌. ജനങ്ങള്‍ക്ക് ചില പ്രയോജനങ്ങളുമുണ്ട്‌. എന്നാല്‍ അവയിലെ പാപത്തിന്റെ അംശമാണ് പ്രയോജനത്തിന്റെ അംശത്തേക്കാള്‍ വലുത്‌….. (ഖുര്‍ആന്‍ : 2/ 219)

മദ്യത്തിന്റെ ഗുണദോഷങ്ങളെക്കുറിച്ച് മനസ്സിലാക്കിക്കൊടുക്കുകയും അതില്‍ പാപത്തിന്റെ അംശത്തിനാണ് മുന്‍തൂക്കമുള്ളതെന്ന് വ്യക്തമാക്കിക്കൊടുക്കുകയുമാണ് ഖുര്‍ആന്‍ ഇക്കാര്യത്തില്‍ ആദ്യമായി ചെയ്യുന്നത്. മദ്യപാനികളുടെ എക്കാലത്തേയും ഒരു ന്യായമാണ് അതില്‍ നന്‍മയുണ്ടല്ലോയെന്നത്. ആനന്ദം, ഉന്‍മേഷം, ധൈര്യം, ദഹനശക്തി, ധനം നേടല്‍, തൊഴില്‍ സാധ്യത മുതലായവയെല്ലാം മദ്യത്തിലൂടെ ലഭിക്കുന്നുണ്ടെന്ന് അവ൪ ന്യായീകരിക്കുന്നു. എന്നാല്‍ മദ്യപാനം ‘ഗുരുതരമായ പാപം’ ആണെന്നും ആ പാപത്തെ ചെറിയ ‘പ്രയോജനങ്ങള്‍’ കാണിച്ച് ന്യായീകരിക്കാന്‍ കഴിയില്ലെന്നും ഉല്‍ബോധിപ്പിച്ച് മദ്യം വിശ്വാസികള്‍ക്ക് അനഭികാമ്യമാണെന്ന സന്ദേശം അല്ലാഹു നല്‍കി.അങ്ങനെ ലഹരി പാപമാണെന്ന ബോധ്യത്തിലേക്ക് സമൂഹത്തെ ഖുര്‍ആന്‍ വളര്‍ത്തിയെടുത്തു. പാപത്തില്‍നിന്ന് ഒഴിഞ്ഞുനിന്ന് പുണ്യത്തിന്റെ മാര്‍ഗത്തിലൂടെ മുന്നേറാന്‍ പരിശീലിപ്പിക്കപ്പെട്ട സമൂഹം മദ്യത്തിന്റെ കരാളഹസ്തങ്ങളില്‍നിന്ന് സ്വതന്ത്രരാകുവാന്‍തുടങ്ങി.

ഈ വചനം അവതരിച്ചതിനുശേഷം സത്യവിശ്വാസികള്‍ പലരും മദ്യപാനത്തില്‍ നിന്ന് വിരമിച്ചുവെങ്കിലും ചിലര്‍ വീണ്ടും തുടര്‍ന്നുകൊണ്ടിരുന്നു. ഒരിക്കല്‍ ചില൪ മദ്യപിച്ചു ലഹരി പിടിപെട്ടവരായി നമസ്‌കരിച്ചപ്പോള്‍ ഖുര്‍ആന്‍ വചനങ്ങള്‍ തെറ്റിച്ച് ഓതുകയുണ്ടായി. ഇതിനെ തുടര്‍ന്ന് മദ്യനിരോധനത്തിന്റെ അടുത്ത ഘട്ടത്തിലേക്കുള്ള നി൪ദ്ദേശങ്ങള്‍ വന്നു.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَقْرَبُوا۟ ٱلصَّلَوٰةَ وَأَنتُمْ سُكَٰرَىٰ حَتَّىٰ تَعْلَمُوا۟ مَا تَقُولُونَ

സത്യവിശ്വാസികളേ, ലഹരിബാധിച്ചവരായിക്കൊണ്ട് നിങ്ങള്‍ നമസ്കാരത്തെ സമീപിക്കരുത്‌; നിങ്ങള്‍ പറയുന്നതെന്തെന്ന് നിങ്ങള്‍ക്ക് ബോധമുണ്ടാകുന്നത് വരെ. ……(ഖുര്‍ആന്‍ :4/43)

പകലിലും രാത്രിയിലുമായി അഞ്ചുനേരത്തുള്ള നമസ്കാരം നി൪വ്വഹിക്കുന്നവര്‍ ലഹരിക്കടിപ്പെടുന്നതിലെ അപകടം ചൂണ്ടിക്കാണിക്കുകയാണ് ഈ വചനത്തിലൂടെ ചെയ്തിട്ടുള്ളത്. നമസ്‌കാരത്തില്‍ അല്ലാഹുവുമായി സംഭാഷണത്തിലായിരിക്കുമ്പോള്‍ അത് ബോധത്തോടുകൂടി തന്നെയായിരിക്കുകയും, പറയുന്നത് മനസ്സില്‍ തട്ടിക്കൊണ്ടായിരിക്കുകയും വേണം. മദ്യലഹരിയില്‍ നമസ്‌കരിക്കരുതെന്ന് സാരം. അതോടൊപ്പം, മദ്യം ബുദ്ധിയെ മരവിപ്പിക്കുകയും സംസാരത്തെ അവ്യക്തമാക്കുകയും ചെയ്യുന്ന അപകടകാരിയാണെന്ന സന്ദേശം കൂടി നല്‍കുകയുണ്ടായി. അങ്ങനെ മദ്യപാനം അല്ലാഹുവിന് ഇഷ്ടമായ കാര്യമല്ലെന്ന് അവ൪ക്ക് ബോധ്യമായി. രണ്ടാമത്തെ വിധികൂടി വന്നപ്പോള്‍ നല്ലൊരു ശതമാനം പേര്‍ മദ്യത്തില്‍നിന്ന് മുക്തരായി. ഈ വചനം അവതരിച്ചതിനുശേഷം സത്യവിശ്വാസികള്‍ പലരും അവയില്‍ നിന്ന് വിരമിച്ചുവെങ്കിലും ചിലര്‍ വീണ്ടും തുടര്‍ന്നുകൊണ്ടിരുന്നു. പിന്നീട് അവതരിപ്പിക്കപ്പെട്ടത്, മദ്യപാനത്തിന്റെ മതവിധി അസന്നിഗ്ധമായി പ്രഖ്യാപിക്കുന്ന വചനങ്ങളാണ്.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِنَّمَا ٱلْخَمْرُ وَٱلْمَيْسِرُ وَٱلْأَنصَابُ وَٱلْأَزْلَٰمُ رِجْسٌ مِّنْ عَمَلِ ٱلشَّيْطَٰنِ فَٱجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ إِنَّمَا يُرِيدُ ٱلشَّيْطَٰنُ أَن يُوقِعَ بَيْنَكُمُ ٱلْعَدَٰوَةَ وَٱلْبَغْضَآءَ فِى ٱلْخَمْرِ وَٱلْمَيْسِرِ وَيَصُدَّكُمْ عَن ذِكْرِ ٱللَّهِ وَعَنِ ٱلصَّلَوٰةِ ۖ فَهَلْ أَنتُم مُّنتَهُونَ

സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്നം വെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജ്ജിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം. പിശാച് ഉദ്ദേശിക്കുന്നത് മദ്യത്തിലൂടെയും, ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉളവാക്കുവാനും, അല്ലാഹുവെ ഓര്‍മിക്കുന്നതില്‍ നിന്നും നമസ്കാരത്തില്‍ നിന്നും നിങ്ങളെ തടയുവാനും മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ (അവയില്‍ നിന്ന്‌) വിരമിക്കുവാനൊരുക്കമുണ്ടോ? (ഖുര്‍ആന്‍ :5/ 90-91)

സഅ്‌ ദുബ്നു അബീ വഖാസ് رضي الله عنه പറയുന്നു:

أَتَيْتُ عَلَى نَفَرٍ مِنَ الأَنْصَارِ وَالْمُهَاجِرِينَ فَقَالُوا تَعَالَ نُطْعِمْكَ وَنَسْقِيكَ خَمْرًا ‏.‏ وَذَلِكَ قَبْلَ أَنْ تُحَرَّمَ الْخَمْرُ – قَالَ – فَأَتَيْتُهُمْ فِي حَشٍّ – وَالْحَشُّ الْبُسْتَانُ – فَإِذَا رَأْسُ جَزُورٍ مَشْوِيٌّ عِنْدَهُمْ وَزِقٌّ مِنْ خَمْرٍ – قَالَ – فَأَكَلْتُ وَشَرِبْتُ مَعَهُمْ – قَالَ – فَذُكِرَتِ الأَنْصَارُ وَالْمُهَاجِرُونَ عِنْدَهُمْ فَقُلْتُ الْمُهَاجِرُونَ خَيْرٌ مِنَ الأَنْصَارِ – قَالَ – فَأَخَذَ رَجُلٌ أَحَدَ لَحْيَىِ الرَّأْسِ فَضَرَبَنِي بِهِ فَجَرَحَ بِأَنْفِي فَأَتَيْتُ رَسُولَ اللَّهِ صلى الله عليه وسلم فَأَخْبَرْتُهُ فَأَنْزَلَ اللَّهُ عَزَّ وَجَلَّ فِيَّ – يَعْنِي نَفْسَهُ – شَأْنَ الْخَمْرِ ‏{‏ إِنَّمَا الْخَمْرُ وَالْمَيْسِرُ وَالأَنْصَابُ وَالأَزْلاَمُ رِجْسٌ مِنْ عَمَلِ الشَّيْطَانِ‏}‏

മുഹാജിറുകളും അൻസാറുകളുമുള്ള ഒരു സംഘത്തിന്റെ അടുക്കലേക്ക് ഞാൻ ചെന്നു. അവർ പറഞ്ഞു: വരൂ ഞങ്ങൾ നിങ്ങളെ കള്ളു കുടിപ്പിടിക്കാം. കള്ള് നിഷിദ്ധമാക്കപ്പെടുന്നതിനു മുമ്പായിരുന്നു അത്. അങ്ങിനെ ഞാൻ അവരുടെ കൂടെ ഒരു തോട്ടത്തിലേക്ക് ചെന്നു. ഒട്ടകത്തിന്റെ തല അവിടെ ചുട്ടു വെച്ചിട്ടുണ്ടായിരുന്നു. കൂടെ മദ്യം നിറച്ച തോൽ പാത്രവും ഉണ്ട്. അങ്ങിനെ ഞാൻ അവരുടെ കൂടെ തിന്നുകയും കുടിക്കുകയും ചെയ്തു. അവിടെ വെച്ചു കൊണ്ട് മുഹാജിറുകളെക്കുറിച്ചും അൻസാറുകക്കുറിച്ചും ഞാൻ അവരോട് പറഞ്ഞു. അതായത് അൻസാരികളെക്കാൾ നല്ലവരാണ് മുഹാജിറുകൾ എന്നാണ് ഞാൻ പറഞ്ഞത്. അപ്പോൾ കൂട്ടത്തിൽ നിന്നും ഒരാൾ എന്റെ മുടി പിടിച്ചു വലിച്ച് എന്നെ അടിച്ചു. അങ്ങിനെ എന്റെ മൂക്കിന് മുറിവു പറ്റി. ഞാൻ നബിﷺ യുടെ അടുക്കലേക്ക് വന്നു. ഉണ്ടായ സംഭവങ്ങൾ നബിﷺ യോട് പറയുകയും ചെയ്തു. അങ്ങിനെ എന്റെ കാര്യത്തിലാണ് കള്ളുമായി ബന്ധപ്പെട്ട ആയത്ത് ഇറങ്ങിയത്. കള്ളും ചൂതാട്ടവും പ്രശ്നം നോക്കാനുള്ള അമ്പുകളും പ്രതിഷ്ഠകളും എല്ലാം പൈശാചികമാകുന്നു എന്നു പറയുന്ന ആയത്ത്. (മുസ്ലിം :1748)

ഈ വചനം അവതരിച്ചപ്പോള്‍ അതു വരേക്കും കള്ളുകുടി നിറുത്തല്‍ചെയ്തിട്ടില്ലാത്ത ചില സ്വഹാബികള്‍ ഉച്ചൈസ്തരം പ്രഖ്യാപിച്ചു: انتهينا انتهينا (ഞങ്ങള്‍ വിരമിച്ചു, വിരമിച്ചു)

عَنْ أَنَسُ بْنُ مَالِكٍ ـ رضى الله عنه ـ قَالَ مَا كَانَ لَنَا خَمْرٌ غَيْرُ فَضِيخِكُمْ هَذَا الَّذِي تُسَمُّونَهُ الْفَضِيخَ‏.‏ فَإِنِّي لَقَائِمٌ أَسْقِي أَبَا طَلْحَةَ وَفُلاَنًا وَفُلاَنًا إِذْ جَاءَ رَجُلٌ فَقَالَ وَهَلْ بَلَغَكُمُ الْخَبَرُ فَقَالُوا وَمَا ذَاكَ قَالَ حُرِّمَتِ الْخَمْرُ‏.‏ قَالُوا أَهْرِقْ هَذِهِ الْقِلاَلَ يَا أَنَسُ‏.‏ قَالَ فَمَا سَأَلُوا عَنْهَا وَلاَ رَاجَعُوهَا بَعْدَ خَبَرِ الرَّجُلِ‏.‏

അനസ്(റ) പറയുന്നു: നിങ്ങൾ ഫദീഖ് എന്നു വിളിക്കുന്ന ഈ ഇനം മദ്യമല്ലാതെ മറ്റൊന്നും ഞങ്ങളുടെ അടുക്കൽ ഉണ്ടായിരുന്നില്ല. അബൂത്വൽഹക്കും മറ്റു ചിലർക്കും ഞാനത് വിളമ്പിക്കൊണ്ടിരിക്കുകയായിരുന്നു അപ്പോൾ ഒരാൾ വന്നിട്ട് പറഞ്ഞു: നിങ്ങൾ വിവരമറിഞ്ഞില്ലേ? അവർ ചോദിച്ചു എന്തിനെക്കുറിച്ച്? അദ്ദേഹം പറഞ്ഞു: മദ്യം നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. അപ്പോൾ അവർ പറഞ്ഞു; അനസേ, ഈ മദ്യപ്പാത്രങ്ങളെല്ലാം ഒഴിച്ചുകളയൂ. അനസ്(റ) പറയുന്നു: ആ മനുഷ്യൻ പറഞ്ഞതിനുശേഷം അവർ കൂടുതൽ അന്വേഷിക്കുകയൊന്നും ചെയ്തില്ല. (മദ്യപ്പാത്രങ്ങൾ മുഴുവൻ ഒഴുക്കിക്കളഞ്ഞു).(ബുഖാരി: 4617)

മദ്യത്തെ വ്യക്തമായി നിരോധിക്കുകയും അതില്‍ നിന്നൊഴിഞ്ഞു നില്‍ക്കാന്‍ കല്‍പനാ സ്വരത്തില്‍ സത്യവിശ്വാസികളോട് ആജ്ഞാപിക്കുകയും ചെയ്യുന്ന ഈ ഖുര്‍ആന്‍ വചനങ്ങള്‍ അവതരിപ്പിക്കപ്പെടുന്ന സമയത്ത് അല്ലാഹുവിന്റെ ഏത് കല്‍പ്പനയും അംഗീകരിക്കാന്‍ കഴിയുന്ന മാനസികാവസ്ഥയിലേക്ക് സത്യവിശ്വാസം അവരെ കൊണ്ടു ചെന്നെത്തിച്ചിരുന്നു. അങ്ങനെ അവ൪ ലഹരിയുടെ സകല രൂപങ്ങളോടും സമ്പൂര്‍ണമായും ശാശ്വതമായും വിടപറഞ്ഞു.

വിശുദ്ധ ഖു൪ആനിലെ 5/ 90-91 വചനം താഴെ പറയുന്ന കാര്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു.

1) ‘സത്യവിശ്വാസികളേ’ എന്ന അഭിസംബോധനയാലാണ് അല്ലാഹു വചനം ആരംഭിച്ചത്. പ്രസ്തുത വിളി അറിയിക്കുന്നതാകട്ടെ ശേഷംവരുന്ന മതവിധി നടപ്പാക്കല്‍ ‘ശഹാദത്ത്’ അംഗീകരിച്ചവ൪ക്ക് നിര്‍ബന്ധമാണ് എന്നതാണ്.

2) മദ്യത്തെ, ഇസ്‌ലാം ഏറ്റവും കൊടിയ പാപമായി കാണുന്ന ശി൪ക്കിന്റെ പ്രതീകങ്ങളായ വിഗ്രഹങ്ങളോടും ചൂതാട്ടമെന്ന തിന്‍മയോടും പ്രശ്നം വെച്ചുനോക്കുവാനുള്ള അമ്പുകളോടുമാണ് ചേര്‍ത്ത് പറഞ്ഞത്. ഇവയെല്ലാം വന്‍പാപങ്ങളാണ്. മദ്യം മഹാപാപമാണെന്നതിനാലും സകല തിന്മകളുടേയും താക്കോലെന്നതിനാലുമാണ് മറ്റുള്ളവയേക്കാളെല്ലാം മദ്യത്തെ ഒന്നാമതാക്കി പറഞ്ഞത്.

3) പ്രസ്തുത വചനത്തില്‍ മദ്യത്തെ ‘രിജ്സ്’ എന്നാണ് പ്രയോഗിച്ചിരിക്കുന്നത്. മാലിന്യത്തിനും മ്ളേച്ഛതക്കുമാണ് അറബി ഭാഷയില്‍ രിജ്സ് എന്ന്പറയുക.

4) മദ്യം പൈശാചികമായ മ്ലേഛവൃത്തി മാത്രമാണെന്ന് പ്രഖ്യാപിച്ചു.

5) فَٱجْتَنِبُوهُ ‘അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജിക്കുക’ എന്ന പ്രയോഗം മദ്യത്തില്‍നിന്ന് പാടെ അകലണമെന്നാണ് അറിയിക്കുന്നത്. അഥവാ മദ്യം ഹറാമാണെന്ന് പ്രഖ്യാപിച്ചു.

6) لَعَلَّكُمْ تُفْلِحُونَ ‘നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം’ എന്നത് മദ്യത്തില്‍നിന്ന് അകലുമ്പോഴാണ് വിജയമെന്ന് സൂചിപ്പിക്കുന്നു.

7) മദ്യപാനത്തിലൂടെ പിശാച് ഉദ്ദേശിക്കുന്നത് പരസ്പരം ശത്രുതയും വിദ്വേഷവും ഉളവാക്കലും അല്ലാഹുവിനെ ഓര്‍മ്മിക്കുന്നതില്‍നിന്നും നമസ്കാരത്തില്‍ നിന്നും തടയലുമാകുന്നു. പിശാചിന്റെ പ്രസ്തുത പ്രലോഭനത്തെ അതിജീവിച്ച് മദ്യപാനമെന്ന ദുശീലത്തില്‍ നിന്ന് വിരമിക്കല്‍ സത്യവിശ്വാസിയുടെ നിര്‍ബന്ധ ബാധ്യതയാണ്.

8) فَهَلْ أَنتُم مُّنتَهُونَ ‘അതിനാല്‍ നിങ്ങള്‍ (അവയില്‍ നിന്ന്) വിരമിക്കുവാനൊരുക്കമുണ്ടോ?’ എന്ന ചോദ്യത്തിലൂടെ അല്ലാഹു ഭീതിപ്പെടുത്തുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു. അതുകൊണ്ടാണ് നബി ﷺ യുടെ അനുചരന്മാര്‍ ഈ ചോദ്യം കേട്ടമാത്രയില്‍ ഞങ്ങള്‍ വിരമിച്ചിരിക്കുന്നുവെന്ന് പ്രഖ്യാപിച്ചത്.

മതം, ശരീരം, ബുദ്ധി, സന്തതി, സമ്പത്ത് എന്നിവയുടെ സുരക്ഷിതത്വത്തില്‍ മാത്രമാണ് മനുഷ്യര്‍ക്ക് മതപരവും ഭൌതികവുമായ നന്മകള്‍ എന്നതിനാലാണ് പ്രകൃതി മതമായ ഇസ്ലാം ഇത്തരം നിയമങ്ങള്‍ മതമാക്കിയത്. മദ്യം ഈ അഞ്ച് ആവശ്യങ്ങളെയും ഒരു പോലെ അപായപ്പെടുത്തുന്ന പാപമാണ്. ‘മദ്യം മ്ളേച്ഛവൃത്തികളുടെ മാതാവ്’ എന്ന് നബി ﷺ മദ്യത്തെ പേരിട്ട് വിളിച്ചതിലെ യുക്തി അതുകൊണ്ട് തന്നെ വ്യക്തമാണ്.

عَنِ ابْنِ عَبَّاسٍ عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، قَالَ : ” الْخَمْرُ أُمُّ الْفَوَاحِشُ ، وَأَكْبَرُ الْكَبَائِرِ ، مَنْ شَرِبَهَا وَقَعَ عَلَى أُمِّهِ وَعَمَّتِهِ وَخَالَتِهِ

ഇബ്നു അബ്ബാസില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ പറയുന്നത് ഞാന്‍ കേട്ടു: “മദ്യം നീചവൃത്തികളുടെ മാതാവും വന്‍പാപവുമാണ്. വല്ലവനും അത് കുടിച്ചാല്‍ അവന്റെ മാതാവിന്റേയും പിതൃസഹോദരിയുടേയും മാതൃസഹോദരിയുടേയും മേല്‍ അവന്‍ വീണെന്നിരിക്കും.”(മുഅ്ജമുത്വബ്റാനി – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

തിന്മകളുടെ മാതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മദ്യം മനുഷ്യനെ എല്ലാ തിന്മകളിലേക്കും എത്തിക്കും. മദ്യപിക്കാന്‍ പണം ലഭിക്കാന്‍ അയാള്‍ മോഷ്ടിക്കും. ഭാര്യയുമായി പിണങ്ങിയാല്‍ അയാള്‍ വ്യഭിചരിച്ചേക്കും. ലഹരിയില്‍ വഴക്കടിക്കുമ്പോള്‍ അയാള്‍ കൊല നടത്തിയേക്കും. ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതില്‍ വീഴ്ച വരുത്തും. ഇങ്ങനെ എല്ലാ തെറ്റുകളിലേക്കും ഒരാളെ എത്തിക്കാന്‍ മദ്യത്തിന് കഴിയും. എത്രത്തോളമെന്ന് വെച്ചാല്‍ സ്വന്തം മാതാവിനോട് വരെ എന്ത് നീചകൃത്യവും ചെയ്യാന്‍ അവനെ പ്രേരിപ്പിക്കും. മദ്യം മ്ളേച്ഛവൃത്തികളുടെ മാതാവാണെന്നതിന് പുറമെ അത് സര്‍വ തിന്മകളുടേയും താക്കോലുമാണ്. കാരണം മദ്യപിച്ച ശേഷം ഏത് തിന്‍മ ചെയ്യാനും അവന് മടിയുണ്ടാകില്ല. സ്വബോധത്തോടെ ഒരിക്കലും ചെയ്യാത്ത നീചപ്രവൃത്തികള്‍ മദ്യപിച്ച ശേഷം മദ്യപാനി ചെയ്യും.

عَنْ أَبِي الدَّرْدَاءِ، قَالَ أَوْصَانِي خَلِيلِي ـ صلى الله عليه وسلم ـ ‏: لاَ تَشْرَبِ الْخَمْرَ فَإِنَّهَا مِفْتَاحُ كُلِّ شَرٍّ ‏

അബുദ്ദര്‍ദാഇല്‍(റ)നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു:എന്റെ ഇഷ്ടഭാജനം നബി ﷺ എന്നോട് വസ്വിയ്യത്ത് ചെയ്തു: “താങ്കള്‍ മദ്യം കുടിക്കരുത്. കാരണം അത് എല്ലാ തിന്മകളുടേയും താക്കോലാകുന്നു, തീര്‍ച്ച.” (സുനനുഇബ്നുമാജ:30/3496 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

عَنِ ابْنِ عَبَّاسٍ قَالَ، قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَا جْتَنِبُوا الْخَمْرَ فَإِنَّهَا مِفْتَاحُ كُلِّ شَرٍّ

ഇബ്നു അബ്ബാസില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ പറഞ്ഞു: “നിങ്ങള്‍ മദ്യം വെടിയുക. കാരണം അത് എല്ലാ തിന്മകളുടേയും താക്കോലാകുന്നു, തീര്‍ച്ച.”(ഹാകിം – ബൈഹഖി – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

خَمْر (ഖംറ്) എന്നാണ് മദ്യത്തിന് ഖുര്‍ആനും ഹദീസും നല്‍കുന്ന പ്രയോഗം. മറക്കുക, മൂടുക എന്നൊക്കെയാണ് ഖംറ് എന്ന പ്രയോഗം അര്‍ഥമാക്കുന്നത്. ബുദ്ധിയെ ലഹരിയാല്‍ മറക്കുന്നതും മൂടുന്നതുമായതെല്ലാം ഖംറാണ്. ആയതിനാല്‍ ലഹരിയുണ്ടാക്കുന്ന പാനീയങ്ങളും മയക്കുമരുന്നുകളും ഇതര ദ്രവ്യങ്ങളുമെല്ലാം മദ്യത്തിന്റെ പരിധിയില്‍പെടുന്നു. അവക്കെല്ലാം മദ്യത്തിന്റെ വിധി ബാധകവുമാകുന്നു.

عَنِ ابْنِ عُمَرَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ: كُلُّ مُسْكِرٍ خَمْرٌ وَكُلُّ مُسْكِرٍ حَرَامٌ

അബ്ദുല്ലാഹ് ഇബ്നു ഉമറില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ പറഞ്ഞു: “എല്ലാ ലഹരിയുണ്ടാക്കുന്നതും മദ്യമാകുന്നു. എല്ലാ ലഹരിയുണ്ടാക്കുന്നതും ഹറാമുമാകുന്നു.” (മുസ്ലിം:2003)

മദ്യവുമായി അടുക്കുന്ന എല്ലാ വഴികളേയും ഇസ്ലാം കൊട്ടിയടച്ചു. മദ്യം കുടിക്കുന്നത് പോയിട്ട് മദ്യം വിളമ്പുന്ന സദ്യകളില്‍ ഇരിക്കുവാന്‍ പോലും പാടില്ലെന്ന് ഇസ്ലാം നിയമമാക്കി. മാത്രമല്ല, മദ്യവുമായി ബന്ധപ്പെടുന്നവരെല്ലാം ശാപാ൪ഹരാണെന്ന് ഇസ്ലാം പഠിപ്പിച്ചു.

عن ابن عباس – رضي الله عنه – قال: قال رسول الله – صلى الله عليه وسلم : من كان يؤمن بالله واليوم الآخر فلا يجلس على مائدة يشرب عليها الخمر

നബി ﷺ പറഞ്ഞതായി ഇബ്നു അബ്ബാസില്‍(റ) നിന്ന് നിവേദനം:”വല്ലവനും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കില്‍ മദ്യം സേവിക്കപ്പെടുന്ന തീന്‍മേശകളില്‍ അവന്‍ ഇരിക്കരുത്.” (ത്വബ്റാനി – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

عَنْ أَنَسِ بْنِ مَالِكٍ، قَالَ لَعَنَ رَسُولُ اللَّهِ صلى الله عليه وسلم فِي الْخَمْرِ عَشَرَةً عَاصِرَهَا وَمُعْتَصِرَهَا وَشَارِبَهَا وَحَامِلَهَا وَالْمَحْمُولَةَ إِلَيْهِ وَسَاقِيَهَا وَبَائِعَهَا وَآكِلَ ثَمَنِهَا وَالْمُشْتَرِيَ لَهَا وَالْمُشْتَرَاةَ لَهُ

അനസ് ഇബ്നു മാലികില്‍(റ) നിന്ന് നിവേദനം: “നബി ﷺ കള്ളിന്റെ വിഷയത്തില്‍ പത്ത് പേരെ ശപിച്ചു. മദ്യം വാറ്റുന്നവന്‍, അത് ആര്‍ക്കുവേണ്ടി വാറ്റുന്നുവോ അയാള്‍, അത് കുടിക്കുന്നവന്‍, അത് വഹിച്ചെത്തിക്കുന്നവന്‍, ആര്‍ക്കുവേണ്ടി വഹിക്കുന്നുവോ അവന്‍, അത് വില്‍ക്കുന്നവന്‍, കുടിപ്പിക്കുന്നവന്‍, അതിന്റെ വിലതിന്നുന്നവന്‍, അത് വിലക്ക് വാങ്ങുന്നവന്‍, ആര്‍ക്കുവേണ്ടി വിലക്ക് വാങ്ങുന്നുവോ അവന്‍.”(തി൪മിദി:1295 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

മദ്യം കഴിക്കുന്നതും ഉണ്ടാക്കുന്നതും അതില്‍ ഇടപാട് നടത്തുന്നതും അതുകൊണ്ട് സമ്പാദിക്കുന്നതും ഇസ്ലാം നിഷിദ്ധമാക്കി.

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ: إِنَّ اللَّهَ حَرَّمَ الْخَمْرَ وَثَمَنَهَا وَحَرَّمَ الْمَيْتَةَ وَثَمَنَهَا وَحَرَّمَ الْخِنْزِيرَ وَثَمَنَهُ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നിശ്ചയം നബി ﷺ പറഞ്ഞു: “നിശ്ചയം അല്ലാഹു കള്ളും അതിന്റെ വിലയും ഹറാമാക്കിയിരിക്കുന്നു. ശവവും അതിന്റെ വിലയും ഹറാമാക്കിയിരിക്കുന്നു. പന്നിയും അതിന്റെ വിലയും ഹറാമാക്കിയിരിക്കുന്നു.” (സുനനുഅബീദാവൂദ്:3485 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

മദ്യം കുടിച്ചാല്‍ അവന്റെ നാല്‍പത് പ്രഭാതങ്ങളിലെ നമസ്കാരം പാഴായിപ്പോകുമെന്ന് വിശ്വാസികളെ ഓ൪മ്മിപ്പിച്ചു. മാത്രമല്ല, മദ്യപാനിയായി മരിച്ചാല്‍ അവന്റെ മരണം ജാഹിലിയ്യത്തിലെ മരണമാണെന്നും പഠിപ്പിച്ചു. ചുരുക്കത്തില്‍ മദ്യവുമായി ബന്ധപ്പെടാവുന്ന എല്ലാ മാ൪ഗങ്ങളും ഇസ്ലാം കൊട്ടിയടച്ചു.

عَنِ ابْنِ عَبَّاسٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏:‏ كُلُّ مُخَمِّرٍ خَمْرٌ وَكُلُّ مُسْكِرٍ حَرَامٌ وَمَنْ شَرِبَ مُسْكِرًا بُخِسَتْ صَلاَتُهُ أَرْبَعِينَ صَبَاحًا

അബ്ദുല്ലാഹ് ഇബ്നു അബ്ബാസില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:”(ബുദ്ധിയെ) മൂടുന്നതെല്ലാം മദ്യമാകുന്നു. എല്ലാ ലഹരിയുണ്ടാക്കുന്നതും ഹറാമുമാകുന്നു. വല്ലവനും ലഹരിയുണ്ടാക്കുന്നത് കുടിച്ചാല്‍ അവന്റെ നാല്‍പത് പ്രഭാതങ്ങളിലെ നമസ്കാരം പാഴായി.”(സുനനുഅബീദാവൂദ്:3680 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

عَنْ عَبْدِ اللَّهِ بْنِ عَمْرِ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : الْخَمْرُ أُمُّ الْخَبَائِثِ ، وَمَنْ شَرِبَهَا لَمْ يَقْبَلِ اللَّهُ مِنْهُ صَلاةً أَرْبَعِينَ يَوْمًا ، وَإِنْ مَاتَ وَهِيَ فِي بَطْنِهِ مَاتَ مَيْتَةً جَاهِلِيَّةً

അബ്ദുല്ലാഹ് ഇബ്നു അംറില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ പറഞ്ഞു: “മദ്യം മ്ളേച്ഛവൃത്തികളുടെ മാതാവാകുന്നു. വല്ലവനും അത് കുടിച്ചാല്‍ അല്ലാഹു അവന്റെ നാല്‍പത് നാളുകളിലെ നമസ്കാരം സ്വീകരിക്കുകയില്ല. മദ്യം വയറ്റിലായിരിക്കെ വല്ലവനും മരിച്ചാല്‍ അവന്‍ ജാഹിലിയ്യത്തിലെ മരണമാണ് വരിച്ചത്.”(സുനനുദ്ദാറഖുത്നി – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

മദ്യം പല അസുഖങ്ങള്‍ക്കും മരുന്നാണെന്നും പറഞ്ഞ് അതിനെ ന്യായീകരിക്കുന്നവരുണ്ട്. എന്നാല്‍ മദ്യം രോഗശമനിയല്ലെന്നും അതുപയോഗിച്ച് ചികില്‍സരിക്കരുതെന്നുമാണ് ഇസ്ലാമിന്റെ പാഠം.

أن رجلاً يقال له سويد بن طارق سأل النبي صلى الله عليه وسلم عن الخمرفنهاه عنها فقال :إنما أصنعها للدواء، فقال النبي صلى الله عليه وسلم:إنها داء وليست بدواء

വാഇല്‍ ഇബ്നു ഹദ്വ്റമിയില്‍(റ)നിന്ന് നിവേദനം: സുവെയ്ദ് ഇബ്നു ത്വാരിക്വ് എന്ന് പറയപ്പെടുന്ന ഒരു വ്യക്തി നബി ﷺ യോട് മദ്യത്തെ കുറിച്ച് ചോദിച്ചു. അപ്പോള്‍ നബി ﷺ അദ്ദേഹത്തോട് മദ്യം വിരോധിച്ചു. അദ്ദേഹം പറഞ്ഞു: “ഞാന്‍ മരുന്നിനുവേണ്ടി മാത്രമാണ് അത് ഉണ്ടാക്കുന്നത്.” നബി ﷺ പറഞ്ഞു: “നിശ്ചയം അത് രോഗമാണ്. ഒരിക്കലും രോഗശമനിയല്ല.”(മുസ്നദ് അഹ്മദ് – അ൪നാഊത്വ് സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

അല്പമൊക്കെ കുടിക്കുന്നതുകൊണ്ട് കുഴപ്പമില്ലെന്ന് ചിന്തിക്കുന്നവരുണ്ട്. കുടിക്കുന്ന പാനീയത്തില്‍ മദ്യത്തിന്റെ അളവ് കുറച്ചാണെങ്കിലും അതും ഹറാമാണ്.

عَنْ جَابِرِ بْنِ عَبْدِ اللَّهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: مَا أَسْكَرَ كَثِيرُهُ فَقَلِيلُهُ حَرَامٌ

ജാബിര്‍ ഇബ്നു അബ്ദില്ലയില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ പറഞ്ഞു: “കൂടുതല്‍ (ഉപയോഗിച്ചാല്‍) ലഹരിയുണ്ടാക്കുന്നത് കുറച്ചാണെങ്കിലും ഹറാമാണ്.”(സുനനുഅബീദാവൂദ്:3681 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

عَنْ عَائِشَةَ، رضى الله عنها قَالَتْ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ: كُلُّ مُسْكِرٍ حَرَامٌ وَمَا أَسْكَرَ مِنْهُ الْفَرْقُ فَمِلْءُ الْكَفِّ مِنْهُ حَرَامٌ

ആഇശായില്‍(റ)നിന്ന് നിവേദനം: അവര്‍ പറഞ്ഞു: നബി ﷺ പറയുന്നത് ഞാന്‍ കേട്ടു: “എല്ലാ ലഹരിയുണ്ടാക്കുന്നതും ഹറാമാകുന്നു. ഒരു ‘ഫര്‍ക്വ്’ ലഹരിയുണ്ടാക്കുന്നത് ഒരു കൈ കുമ്പിള്‍ നിറച്ചാണെങ്കിലും ഹറാമുമാകുന്നു.” (സുനനുഅബീദാവൂദ്:3687 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أُتِيَ النَّبِيُّ صلى الله عليه وسلم بِرَجُلٍ قَدْ شَرِبَ قَالَ ‏”‏ اضْرِبُوهُ ‏”‏‏.‏ قَالَ أَبُو هُرَيْرَةَ فَمِنَّا الضَّارِبُ بِيَدِهِ، وَالضَّارِبُ بِنَعْلِهِ، وَالضَّارِبُ بِثَوْبِهِ

അബൂ ഹുറൈറ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. ഒരിക്കൽ മദ്യപാനിയായ ഒരാളെ നബി ﷺ യുടെ അരികിൽ കൊണ്ടുവരപ്പെട്ടു. അപ്പോൾ അവിടുന്നു(ﷺ) പറഞ്ഞു. അവനെ നിങ്ങൾ അടിക്കുക. അബൂഹുറൈറ പറയുന്നു. ഞങ്ങളിൽ പലരും കൈ കൊണ്ടും വസ്ത്രം കൊണ്ടും ചെരിപ്പുകൊണ്ടും അടിക്കുകയുണ്ടായി. (ബുഖാരി:6777)

മദ്യപാനം വ൪ദ്ധിക്കുന്നത് അന്ത്യദിനത്തിന്റെ അടയാളമായിട്ടാണ് നബി ﷺ പഠിപ്പിച്ചിട്ടുള്ളത്.

عَنْ أَنَسٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: إِنَّ مِنْ أَشْرَاطِ السَّاعَةِ أَنْ يُرْفَعَ الْعِلْمُ، وَيَثْبُتَ الْجَهْلُ، وَيُشْرَبَ الْخَمْرُ، وَيَظْهَرَ الزِّنَا

അനസില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞിരിക്കുന്നു: വിജ്ഞാനം നീക്കം ചെയ്യപ്പെടുക, അറിവില്ലായ്‌മ അടിയുറക്കുക, മദ്യം (ധാരാളമായി) കുടിക്കപ്പെടുക, വ്യഭിചാരം (വ്യാപകമായി) പ്രത്യക്ഷമാവുക എന്നിവ അന്ത്യനാളിന്റെ ലക്ഷണങ്ങളിൽ പെട്ടവയാണ്.(ബുഖാരി: 80)

عَنْ أَبِي مَالِكٍ الأَشْعَرِيِّ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ: لَيَشْرَبَنَّ نَاسٌ مِنْ أُمَّتِي الْخَمْرَ يُسَمُّونَهَا بِغَيْرِ اسْمِهَا

അബൂമാലിക്ല്‍ൽ അശ്അരിയ്യ്(റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:എന്റെ ഉമ്മത്തില്‍ പെട്ട ചില ആളുകള്‍ മദ്യപിക്കുക തന്നെ ചെയ്യും.അവ൪ അതിന് മറ്റ് പല പേരുകളും നല്‍കിയിട്ടുണ്ടാകും.  (ഇബ്നുമാജ:4020)

മദ്യപാനം തുടരുന്നവരോടും മദ്യപാനം നി൪ത്താന്‍ ആഗ്രഹിക്കുന്നവരോടും ഉറ്റവരുടെ മദ്യപാനം എങ്ങനെ നി൪ത്താന്‍ കഴിയുമെന്ന് ചിന്തിക്കുന്നവരോടും ഇസ്ലാമിന് എക്കാലത്തും ഒന്നാമതായി പറയാനുള്ളത് ഇത് തന്നെയാണ്. എല്ലാറ്റിനേയും സൃഷ്ടിച്ച് സംരക്ഷിച്ചു കൊണ്ടിരിക്കുന്ന അല്ലാഹു ഉപരിയില്‍ നമ്മെ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഒരു പരീക്ഷണമായികൊണ്ടാണ് ഈ ഐഹിക ജീവിതം അവന്‍ ഏ൪പ്പെടുത്തിയിട്ടുള്ളത്. ഐഹിക ജീവിതമാകുന്ന ഈ പരീക്ഷയില്‍ വിജയം നേടി സ്വ൪ഗ്ഗത്തില്‍ പ്രവേശിക്കുകയെന്നുള്ളതാണ് നമ്മുടെ ജീവിത ലക്ഷ്യം. സ്വ൪ഗവും നരകവും സത്യമാണെന്ന് തിരിച്ചറിയുക. നരക ശിക്ഷയും സത്യമാണ്. നരക ശിക്ഷ വേദനയേറിയതും ഒരു മനുഷ്യന് താങ്ങാവുന്നതിലും അപ്പുറവുമുള്ളതാണ്.

إِنَّ ٱلَّذِينَ كَفَرُوا۟ بِـَٔايَٰتِنَا سَوْفَ نُصْلِيهِمْ نَارًا كُلَّمَا نَضِجَتْ جُلُودُهُم بَدَّلْنَٰهُمْ جُلُودًا غَيْرَهَا لِيَذُوقُوا۟ ٱلْعَذَابَ ۗ إِنَّ ٱللَّهَ كَانَ عَزِيزًا حَكِيمًا

തീര്‍ച്ചയായും നമ്മുടെ തെളിവുകള്‍ നിഷേധിച്ചവരെ നാം നരകത്തിലിട്ട് കരിക്കുന്നതാണ്‌. അവരുടെ തൊലികള്‍ വെന്തുപോകുമ്പോഴെല്ലാം അവര്‍ക്ക് നാം വേറെ തൊലികള്‍ മാറ്റികൊടുക്കുന്നതാണ്‌. അവര്‍ ശിക്ഷ ആസ്വദിച്ചു കൊണ്ടിരിക്കാന്‍ വേണ്ടിയാണത്‌. തീര്‍ച്ചയായും അല്ലാഹു പ്രതാപവാനും യുക്തിമാനുമാകുന്നു. (ഖു൪ആന്‍ :4/56)

നരകത്തിലെ വൈവിധ്യമാ൪ന്ന ശിക്ഷകളെ കുറിച്ച് അല്ലാഹു വിശുദ്ധ ഖു൪ആനിലൂടെയും അവന്റെ റസൂൽ  ﷺ യിലൂടെയും അറിയിച്ചുതന്നിട്ടുണ്ട്. മദ്യപാനം നരകത്തില്‍ പ്രവേശിക്കാനും അതില്‍ നിന്ദ്യമായ ജീവിതം ലഭിക്കാനും കാരണമായ തിന്‍മയാണ്.

عَنْ عَبْدِ اللَّهِ بْنِ عَمْرٍو، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ ‏”‏ مَنْ شَرِبَ الْخَمْرَ وَسَكِرَ لَمْ تُقْبَلْ لَهُ صَلاَةٌ أَرْبَعِينَ صَبَاحًا وَإِنْ مَاتَ دَخَلَ النَّارَ فَإِنْ تَابَ تَابَ اللَّهُ عَلَيْهِ وَإِنْ عَادَ فَشَرِبَ فَسَكِرَ لَمْ تُقْبَلْ لَهُ صَلاَةٌ أَرْبَعِينَ صَبَاحًا فَإِنْ مَاتَ دَخَلَ النَّارَ فَإِنْ تَابَ تَابَ اللَّهُ عَلَيْهِ وَإِنْ عَادَ فَشَرِبَ فَسَكِرَ لَمْ تُقْبَلْ لَهُ صَلاَةٌ أَرْبَعِينَ صَبَاحًا فَإِنْ مَاتَ دَخَلَ النَّارَ فَإِنْ تَابَ تَابَ اللَّهُ عَلَيْهِ وَإِنْ عَادَ كَانَ حَقًّا عَلَى اللَّهِ أَنْ يَسْقِيَهُ مِنْ رَدْغَةِ الْخَبَالِ يَوْمَ الْقِيَامَةِ ‏”‏ ‏.‏ قَالُوا يَا رَسُولَ اللَّهِ وَمَا رَدْغَةُ الْخَبَالِ قَالَ ‏”‏ عُصَارَةُ أَهْلِ النَّارِ

അബ്ദുല്ലാഹിബ്നു അംറില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: “ഒരാള്‍ മദ്യപിക്കുകയും ലഹരിയിലാവുകയും ചെയ്താല്‍ അവന്റെ നാല്‍പത് പ്രഭാതങ്ങളിലെ നമസ്കാരം സ്വീകരിക്കപ്പെടില്ല. അവന്‍ മരിച്ചാല്‍ നരകത്തില്‍ പ്രവേശിക്കും. അല്ലാഹുവിലേക്ക് അവന്‍ തൌബ ചെയ്ത് മടങ്ങിയാല്‍ അല്ലാഹു അവന്റെ തൌബ സ്വീകരിക്കും. വീണ്ടും അവന്‍ (പൂര്‍വസ്ഥിതിയിലേക്ക്) മടങ്ങുകയും മദ്യപിക്കുകയും ലഹരിയിലകപ്പെടുകയും ചെയ്താല്‍ അവന്റെ നാല്‍പത് പ്രഭാതനമസ്കാരങ്ങള്‍ അവനില്‍ നിന്ന് സ്വീകാര്യമല്ല. അവന്‍ പശ്ചാത്തപിച്ചാല്‍ അവന്റെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കും. വീണ്ടും അവന്‍ (പൂര്‍വസ്ഥിതിയിലേക്ക്) മടങ്ങുകയും മദ്യപിക്കുകയും ലഹരിയിലാവുകയും ചെയ്താല്‍ അവന്റെ നാല്‍പത് പ്രഭാതനമസ്കാരങ്ങള്‍ അവനില്‍നിന്ന് സ്വീകരിക്കപ്പെടുകയില്ല അവന്‍ മരണമടഞ്ഞാല്‍ നരകത്തിലായിരിക്കും. അവന്‍ വീണ്ടും പശ്ചാത്തപിച്ചാല്‍ അവന്റെ തൌബ അല്ലാഹു സ്വീകരിക്കും. വീണ്ടുമൊരിക്കല്‍കൂടി അവന്‍ (പൂര്‍വസ്ഥിതിയിലേക്ക്) മടങ്ങിയാല്‍ അവനെ അന്ത്യനാളില്‍ ‘റദ്ഗതുല്‍ഖബാല്‍’ കുടിപ്പിക്കല്‍ അല്ലാഹുവിന്റെ മേല്‍ ബാധ്യതയായിരിക്കുന്നു.” അവര്‍ (സ്വഹാബികള്‍) ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ, എന്താണ് റദ്ഗതുല്‍ഖബാല്‍? നബി ﷺ പറഞ്ഞു: നരകവാസികളെ പിഴിഞ്ഞുണ്ടാക്കിയ ദ്രാവകം. (സുനനുഇബ്നിമാജ – സ്വഹീഹുല്‍ ജാമിഅ് :6313)

മദ്യപാനിയായി ജീവിച്ച് മരിക്കുന്നവ൪ക്ക് സ്വര്‍ഗം നിഷിദ്ധമാണ്.

عَنْ أَبِي الدَّرْدَاءِ، عَنِ النَّبِيِّ ـ صلى الله عليه وسلم ـ قَالَ: لاَ يَدْخُلُ الْجَنَّةَ مُدْمِنُ خَمْرٍ‏

അബ്ദുദ്ദ൪ദാഇല്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു; കള്ളുകുടിയന്‍ സ്വർഗത്തിൽ പ്രവേശിക്കുകയില്ല. (സുനനുഇബ്നിമാജ :30/3501- അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

عَنْ عَبْدِ اللَّهِ بْنِ عَمْرٍو عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: لاَ يَدْخُلُ الْجَنَّةَ عَاقٌّ وَلاَ مَنَّانٌ وَلاَ مُدْمِنُ خَمْرٍ‏ وَلاَ وَلَدُ زِنْيَةٍ

അബ്ദുല്ലാഹിബ്നു അംറില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുന്നവനും ദാനം ചെയ്തത് എടുത്തു പറയുന്നവനും മുഴുകുടിയനും വ്യഭിചാരിയും സ്വർഗത്തിൽ പ്രവേശിക്കുകയില്ല. (മുസ്നദ് അഹ്‌മദ്‌ – അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

عَنِ ابْنِ عُمَرَ، قَالَ :‏ مَنْ شَرِبَ الْخَمْرَ فِي الدُّنْيَا فَلَمْ يَتُبْ مِنْهَا حُرِمَهَا فِي الآخِرَةِ فَلَمْ يُسْقَهَا ‏‏

ഇബ്നു ഉമറില്‍(റ) നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: എല്ലാ ലഹരിയുണ്ടാക്കുന്നതും മദ്യമാകുന്നു. എല്ലാ ലഹരിയുണ്ടാക്കുന്നതും ഹറാമുമാകുന്നു. ആരെങ്കിലും ദുന്‍യാവില്‍ കള്ള് കുടിച്ച് അതില്‍നിന്ന് തൌബഃ ചെയ്തിട്ടില്ലായെങ്കില്‍ ആഖിറത്തില്‍ അയാള്‍ക്ക് അത് നിഷേധിക്കപ്പെടും, അയാള്‍ അത് (സ്വര്‍ഗത്തിലെ വിശിഷ്ഠ പാനീയം) കുടിപ്പിക്കപ്പെടുകയില്ല. (മുസ്ലിം:2003)

മദ്യപാനി അല്ലാഹുവിനെ കണ്ടുമുട്ടുന്നത് വിഗ്രഹാരാധകനെ പോലെയായിരിക്കും.

അല്ലാഹുവിങ്കല്‍ ഏറ്റവും ഗൌരവപ്പെട്ട തിന്‍മ ശി൪ക്കാണ്. നാളെ പരലോകത്ത് വെച്ച് മദ്യപാനി അല്ലാഹുവിനെ കണ്ടുമുട്ടുന്നത്, ശി൪ക്കിന്റെ ആളായ വിഗ്രഹാരാധകനെ പോലെയായിരിക്കും.

عن ابن عباس – رضي الله عنه – قال: قال رسول الله – صلى الله عليه وسلم -: من مات وهو مدمن خمر , لقي الله كعابد وثن

ഇബ്നു അബ്ബാസില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ പറഞ്ഞു: മദ്യപാനി മരണപ്പെടുകയാണെങ്കില്‍ വിഗ്രഹാരാധകനെ പോലെ അല്ലാഹുവിനെ കണ്ടുമുട്ടും. (മുസ്നദ് അഹ്മദ് – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

മദ്യപാനികള്‍ക്ക് പരലോകത്ത് ശിക്ഷ കിട്ടുന്നതിന് പുറമേ ഈ ലോകത്തെ ജീവിതവും നഷ്ടത്തിലാണ്. ലോക ആരോഗ്യ സംഘടനയായ WHO നടത്തിയ പഠനത്തില്‍ മുഴുകുടിയന്മാര്‍ക്ക് വരാന്‍ സാധ്യതയുള്ള പ്രശ്നങ്ങളുടെ ഒരു പട്ടിക തയ്യാറാക്കിയിട്ടുണ്ട്. അത് ഇങ്ങനെ സംഗ്രഹിക്കാം:

“ഓര്‍മക്കുറവ്, ധൈര്യക്കുറവ്, അക്രമവാസന, വിഷാദം, വായയിലും തൊണ്ടയിലും കാന്‍സര്‍, കരള്‍സംബന്ധമായ അസുഖം, ജലദോഷം, പ്രതിരോധശക്തിക്കുറവ്, വിറയല്‍, ഞരമ്പ് കടച്ചില്‍, അള്‍സര്‍, അകാലവാര്‍ധക്യം, ഹൃദയപേശികളുടെ ശക്തിക്ഷയം, ഹൃദയാഘാതം, അനീമിയ, സ്തനാര്‍ബുദം, രക്തവാര്‍ച്ച, ഛര്‍ദി, ദഹനക്കേട്, ലൈംഗികശേഷിക്കുറവ് എന്നിവ അവയില്‍ ചിലത് മാത്രമാണ്.”

മദ്യപാനികളെ അവരുടെ കുടംബം വെറുക്കുന്നുണ്ട്. അവരോടൊന്നിച്ച് പുറത്തിറങ്ങാന്‍ പോലും സ്വന്തം ഭാര്യ മടിക്കുന്നു. സ്വന്തം കുട്ടികള്‍ വരെ അപമാനമാണെന്ന് മദ്യപാനികള്‍ തിരിച്ചറിയുന്നുണ്ട്.

ചുരുക്കത്തില്‍ അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസവും പരലോകബോധവും രക്ഷാശിക്ഷകളെ കുറിച്ചുള്ള തിരിച്ചറിവുമൊക്കെ മനസ്സില്‍ രൂപപ്പെട്ടു വന്നുകഴിഞ്ഞാല്‍ മാത്രമേ മദ്യപാനത്തില്‍ മാറി നില്‍ക്കാനുള്ള തീരുമാനമെടുക്കാന്‍ ഏതൊരാള്‍ക്കും സാധിക്കൂ.

“ദൃഢമായ മതവിശ്വാസം കൊണ്ടുമാത്രമാണ് മദ്യത്തിന്റെ പിടിയില്‍നിന്ന് മനുഷ്യര്‍ക്കുള്ള മോചനം… ഭൌതിക നിയമങ്ങള്‍ക്ക് സാക്ഷാല്‍കരിക്കുവാന്‍ കഴിയാത്തതെല്ലാം സാക്ഷാല്‍കരിക്കുവാന്‍ ഇസ്ലാമിനായിട്ടുണ്ട്… ഇവിടെ നിന്ന് നാം പറയട്ടെ, ലോകത്തിന്റെ മുക്കുമൂലകളിലെല്ലാം വലയെറിഞ്ഞ പാശ്ചാത്യ നാഗരികതയുടെ സ്വാധീനങ്ങളില്‍നിന്ന് മനുഷ്യകുലത്തെ മോചിപ്പിക്കുവാന്‍ ഇസ്ലാമിനേ കഴിയൂ, തീര്‍ച്ച.” ആര്‍നോള്‍ഡ് ടോയിന്‍ബി Civilization On Trial എന്ന തന്റെ ഗ്രന്ഥത്തില്‍ എഴുതിയ ഏതാനും വരികളുടെ മൊഴിമാറ്റമാണിത്.
മദ്യപാനികളെ ഡീ അഡിക്ഷന്‍ സെന്ററില്‍ കൊണ്ടുപോകാതെ തന്നെ മദ്യപാനം നി൪ത്താന്‍ കഴിയും. ഇസ്ലാമിനെ പഠിച്ച് ആര്‍നോള്‍ഡ് ടോയിന്‍ബി പ്രഖ്യാപിച്ചതുപോലെ മദ്യത്തിന്റെ പിടിയില്‍നിന്ന് മനുഷ്യര്‍ക്കുള്ള മോചനം ഇസ്ലാമാകുന്ന സത്യമതത്തില്‍ സത്യസന്ധമായി വിശ്വാസമര്‍പ്പിക്കല്‍ മാത്രമാണ്.

മദ്യം സേവിക്കുന്നവരും അതിന്റെ സേവകരുമായ ആ ജനത ഏറെ മലിനപ്പെട്ടിട്ടും ഇസ്ലാം അവരെ ഊതിക്കാച്ചി പൊന്നാക്കിയെടുത്തു എന്നത് ചരിത്രസത്യം. അത് ഇസ്ലാമിന്റെ സവിശേഷതയാണ്. തെറ്റുകളെ തിരുത്തുവാനുള്ള അതിന്റെ കുറ്റമറ്റ രീതിശാസ്ത്രമാണ്. ചരിത്രത്തിന്റെ ചുമരെഴുത്തുകള്‍ക്ക് നേര്‍പക്ഷവായന നടത്തിയപ്പോള്‍ ആര്‍നോള്‍ഡ് ടോയിന്‍ബിക്ക് ബോധ്യപ്പെട്ടതുപോലെ.

അറിഞ്ഞിടത്തോളം ആദ്യമായി ഒരു സമ്പൂര്‍ണ ലഹരി രഹിത സമൂഹത്തെ സൃഷ്ടിക്കുന്നതില്‍ വിജയിച്ചത് മുഹമ്മദ് നബി ﷺ ആണെന്നതാണ് യാഥാര്‍ത്ഥ്യം. അല്ലാഹുവിന്റെ കല്‍പനകള്‍ മനസ്സിലാക്കി ഇഹലോക ജീവത്തിലെ സ്വസ്ഥതയ്ക്കും മരണാനന്തര ജീവിതത്തിലെ രക്ഷയ്ക്കും വേണ്ടി മദ്യം അവ൪ ഒഴിവാക്കി. നമുക്കും അത് ഒഴിവാക്കിക്കൂടേ. അല്ലാഹു ചോദിച്ചതുപോലെ:

فَهَلْ أَنتُم مُّنتَهُونَ

അതിനാല്‍ നിങ്ങള്‍ (മദ്യത്തില്‍ നിന്ന്‌) വിരമിക്കുവാനൊരുക്കമുണ്ടോ? (ഖുര്‍ആന്‍ :5/ 91)

 

 

kanzululoom.com

 

One Response

  1. നല്ല നിലവാരമുള്ള ലേഖനം

Leave a Reply

Your email address will not be published. Required fields are marked *