സൂറ: അൽ കഹ്ഫ് – വിശ്വാസിയുടെ ബാധ്യതകൾ

വിശുദ്ധ ഖു൪ആനിലെ 18 ാമത്തെ സൂറത്താണ് സൂറ: അല്‍ കഹ്ഫ്. മക്കയില്‍ അവതരിക്കപ്പെട്ട ഈ സൂറത്തില്‍ 110 ആയത്തുകളാണുള്ളത്. ‘കഹ്ഫ്’ എന്നാല്‍ ഗുഹ എന്നാണര്‍ത്ഥം. 9 മുതല്‍ 26 വരെയുള്ള വചനങ്ങളില്‍ ഗുഹയില്‍ അഭയം തേടിയ ഒരു കൂട്ടം വിശ്വാസികളെ സംബന്ധിച്ചു വിവരിക്കുന്നതിനാലാണ് ഈ അദ്ധ്യായത്തിന് ‘സൂറത്തുല്‍ കഹ്ഫ്’ എന്ന് പേര്‍ ലഭിക്കാന്‍ കാരണം. ഈ സൂറത്തുമായി ബന്ധപ്പെട്ട് സത്യവിശ്വാസികൾ ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ സൂചിപ്പിക്കുന്നു.

ഒന്നാമതായി, സൂറ: അല്‍ കഹ്ഫ് പഠിക്കുന്നതിന് സത്യവിശ്വാസികൾ താൽപ്പര്യം കാണിക്കണം.  സത്യവിശ്വാസികൾക്ക് അനവധി ഗുണപാഠങ്ങൾ പകർന്നു തരുന്ന  ഒരധ്യായമാണ് ഇത്. ഉദാഹരണത്തിന് മൂസാ നബി (അ) ന്റെ കഥയിൽ നിന്ന് നാം പഠിക്കേണ്ട 38 ഗുണ പാഠങ്ങൾ ഇമാം സഅദി (റ) തന്റെ തഫ്സീറിൽ പരാമർശിച്ചിട്ടുണ്ട്. ഈ സൂറത്ത് നൽകുന്ന ഗുണപാഠങ്ങൾ സ്വീകരിക്കുന്നതിന് ഇത് പഠിക്കാതെ കഴിയില്ലല്ലോ. വിശുദ്ധ ഖുർആനിന്റെ അവതരണ ലക്ഷ്യം (1-5),  ഗുഹാവാസികളുടെ സംഭവം (9-25),  രണ്ട് തോട്ടക്കാരുടെ കഥ (32-44), ദുൻയാവിന്റെ ഉപമ (45-46), പരലോകത്തെ സംഭവങ്ങൾ (47-53) മൂസാ നബി عليه السلام യുടെയും ഖിള്ർ عليه السلام യുടെയും സംഭവം  (60-82), ദുൽഖർനൈനിയുടെ ചരിത്രം (83-99), ബിദ്അത്തിന്റെ ഗൗരവം (103-106) എന്നിവയാണ് സൂറ: അല്‍ കഹ്ഫിലെ പ്രധാന വിഷയങ്ങൾ.

രണ്ടാമതായി, സൂറ: അല്‍ കഹ്ഫ് പാരായണം ചെയ്യുന്നതിന് സത്യവിശ്വാസികൾ ശ്രദ്ധിക്കണം.

عَنِ الْبَرَاءَ بْنَ عَازِبٍ ـ رضى الله عنهما ـ قَرَأَ رَجُلٌ الْكَهْفَ وَفِي الدَّارِ الدَّابَّةُ فَجَعَلَتْ تَنْفِرُ فَسَلَّمَ، فَإِذَا ضَبَابَةٌ ـ أَوْ سَحَابَةٌ ـ غَشِيَتْهُ، فَذَكَرَهُ لِلنَّبِيِّ صلى الله عليه وسلم فَقَالَ ‏ “‏ اقْرَأْ فُلاَنُ، فَإِنَّهَا السَّكِينَةُ نَزَلَتْ لِلْقُرْآنِ، أَوْ تَنَزَّلَتْ لِلْقُرْآنِ ‏”‏‏.‏

ബറാഅ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഒരു മനുഷ്യന്‍ അല്‍ കഹ്ഫ് സൂറത്തു ഓതിക്കൊണ്ടിരിക്കുമ്പോള്‍ അയാളുടെ വീട്ടില്‍ ഒരു കുതിരയെ കെട്ടിയിരുന്നു. കുതിര വിറളി പിടിച്ച് ചാടാന്‍ തുടങ്ങി. ഉടനെ ആ മനുഷ്യന്‍ രക്ഷക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. അപ്പോഴതാ ഒരു മേഘം അയാളെ പൊതിഞ്ഞിരിക്കുന്നു. പിന്നീടദ്ദേഹം ഈ കഥ നബിയെ അറിയിച്ചു. അന്നേരം നബി ﷺ പറഞ്ഞു: നീ ഇനിയും ഓതിക്കൊളളുക. ഖുര്‍ആന്‍ പാരായണം മൂലം ഇറങ്ങിയ മന:ശാന്തിയാണത്. (ബുഖാരി:3614)

عن أبي سعيدٍ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ‏ : من قرأَ سورةَ الكهفِ كما أُنزلتْ كانت لهُ نورًا يومَ القيامةِ

അബൂസഈദില്‍ ഖുദ്രിയ്യ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും  സൂറത്തുല്‍ കഹ്ഫ്‌ പാരായണം ചെയ്യുകയാണെങ്കില്‍ അവന് അന്ത്യനാളിൽ പ്രകാശം ലഭിക്കും. (സ്വഹീഹ് അൽബാനി)

സൂറ: അല്‍ കഹ്ഫ് ഏത് സമയത്ത് പാരായണം ചെയ്യുന്നതിനും ശ്രേഷ്ടതയുണ്ടെന്ന് വ്യക്തം. അതിനുപുറമെ, വെള്ളിയാഴ്ച ദിവസം  ഈ സൂറത്ത് പാരായണം ചെയ്യുന്നതിന് പ്രത്യേകം ശ്രേഷ്ടതയുണ്ട്.

عن أبي سعيد الخدري رضي الله عنه قال‏:‏ قال رسول الله صلى الله عليه وسلم ‏:‏ من قرأ سورةَ الكهفِ في يومِ الجمعةِ، أضاء له من النورِ ما بين الجمُعتَينِ

അബൂസഈദില്‍ ഖുദ്രിയ്യ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വെള്ളിയാഴ്ച ദിവസം സൂറത്തുൽ കഹ്ഫ് പാരായണം ചെയ്യുന്നവന്; അതുമുഖേന രണ്ട് ജുമുഅകൾക്കിടയിൽ പ്രകാശം ലഭിക്കുന്നതാണ്. (സ്വഹീഹുൽ ജാമിഅ്: 6470)

عن أبي سعيد الخدري رضي الله عنه قال‏:‏ قال رسول الله صلى الله عليه وسلم ‏:‏ من قرأ سورةَ الكهفِ يومَ الجمعةِ أضاء له النُّورُ ما بينَه وبين البيتِ العتيقِ

അബൂസഈദില്‍ ഖുദ്രിയ്യ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വെള്ളിയാഴ്ച ആരെങ്കിലും കഹ്ഫ് ഓതിയാൽ അവന്റെയും പുരാതനമായ  ഭവനത്തിന്റെയും (കഅബയുടെയും) ഇടയിൽ അവന് പ്രകാശം നൽക പ്പെടുന്നതാണ്. (സ്വഹീഹുൽ ജാമിഅ്: 6471)

عن ابن عمر رضي الله عنهما قال : قال رسول الله صلى الله عليه وسلم : ” من قرأ سورة الكهف في يوم الجمعة سطع له نور من تحت قدمه إلى عنان السماء يضيء له يوم القيامة ، وغفر له ما بين الجمعتين “.

ഇബ്നു ഉമർ  رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘ആരെങ്കിലും വെള്ളിയാഴ്ച ദിവസം സൂറത്തുല്‍ കഹ്ഫ്‌ പാരായണം ചെയ്‌താല്‍ അവന്റെ കാല്‍പാദം മുതല്‍ വാനോളം വരെ പ്രകാശം ഖിയാമത്ത് നാളില്‍ അവന് ലഭിക്കുന്നതായിരിക്കും. ആ രണ്ട് ജുമുഅകള്‍ക്കിടയിലുള്ള അവന്റെ പാപങ്ങളും പൊറുക്കപ്പെടുന്നതായിരിക്കും.’ (അത്തര്‍ഗീബ് വത്തര്‍ഹീബ് :298/1)

ذكر العلامة الملاّ علي القاري أن معنى: (أضاء له من النور) أي: في قلبه، أو قبره، أو يوم حشره في الجمع الأكبر

മുല്ലാ അലി അൽഖാരി رحمه الله പറഞ്ഞു:  പ്രകാശം ലഭിക്കുന്നത് ഒന്നുകിൽ അവന്റെ ഹൃദയത്തിലോ അല്ലെങ്കിൽ ഖബ്റിലോ അതുമല്ലെങ്കിൽ പരലോകത്ത് മഹ്ശറിൽ വെച്ചോ ആകാം.

പ്രകാശം ലഭിക്കുമെന്ന് പറഞ്ഞത് മരണാനന്തരമാണെങ്കിൽ, രണ്ട്  ജുമുഅകള്‍ക്കിടയിലുള്ളത്, അവന്റെയും കഅബയുടെയും ഇടയിലുള്ളത് എന്നൊക്കെ പറഞ്ഞത് പ്രകാശത്തിന്റെ കാലയളവാണ്.

ശൈഖ് സ്വാലിഹ് അൽ ഉസൈമി  حفظه الله  പറഞ്ഞു : എല്ലാ വെള്ളിയാഴ്ച്ചയും കഹ്‌ഫ് ഓതൽ പുണ്യകരമാണെന്നതിൽ ഫുഖഹാക്കൾക്കിടയിൽ തർക്കമില്ല.

വെള്ളിയാഴ്ച രാവിലോ, വെള്ളിയാഴ്ച ദിവസത്തിലോ (വ്യാഴാഴ്ച ദിവസം സൂര്യന്‍ അസ്തമിച്ചത് മുതല്‍ വെള്ളിയാഴ്ച ദിവസം സൂര്യന്‍ അസ്തമിക്കുന്നത് വരെയുള്ള സമയങ്ങളില്‍) സൂറത്തുല്‍ കഹ്ഫ്‌ പാരായണം ചെയ്യാവുന്നതാണെന്ന് ഈ ഹദീസുകളില്‍ നിന്ന് വ്യക്തമാണ്.

മൂന്നാമതായി, സൂറ: അല്‍ കഹ്ഫിൽ നിന്ന് മനപാഠം ചെയ്യാൻ കഴിയണം. അതിന്റെ ആദ്യ പത്ത് ആയത്തും അവസാന പത്ത് ആയത്തും മനപാഠം ചെയ്യുന്നതും പാരായണം ചെയ്യുന്നതും ദജ്ജാലിന്റെ പിത്നയിൽ നിന്നും സുരക്ഷിതത്വം ലഭിക്കാൻ കാരണമാണ്.

عَنْ أَبِي الدَّرْدَاءِ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ :  مَنْ حَفِظَ عَشْرَ آيَاتٍ مِنْ أَوَّلِ سُورَةِ الْكَهْفِ عُصِمَ مِنَ الدَّجَّالِ

അബുദ്ദര്‍ദാഅ്  رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും സൂറത്തുൽ കഹ്ഫിന്റെ ആദ്യത്തെ പത്ത് ആയത്തുകൾ മന: പാഠമാക്കിയാൽ അവന് ദജ്ജാലിൽ നിന്ന് സംരക്ഷിക്കപ്പെടുന്നതാണ്. (മുസ്ലിം : 809)

وفي رِوايةٍ: مِنْ آخِرِ سورةِ الكهفِ.

മറ്റൊരു റിപ്പോര്‍ട്ടിലുള്ളത് “സൂറത്തുൽ കഹ്ഫിന്റെ അവസാന ഭാഗങ്ങളില്‍ നിന്ന്” എന്നാണ്.

قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ‏ : فَمَنْ أَدْرَكَهُ مِنْكُمْ فَلْيَقْرَأْ عَلَيْهِ فَوَاتِحَ سُورَةِ الْكَهْفِ فَإِنَّهَا جِوَارُكُمْ مِنْ فِتْنَتِهِ ‏

നബി ﷺ പറഞ്ഞു: നിങ്ങളിലാരെങ്കിലും ദജ്ജാലിനെ കാണുകയാണെങ്കിൽ അവന്റെ മേൽ സൂറത്തുൽ കഹ്ഫിന്റെ പ്രാരംഭ ഭാഗം ഓതുക. അവന്റെ ഫിത്നയിൽ നിന്ന് അതു നിങ്ങൾക്ക് സംരക്ഷണമാണ്. (അബൂദാവൂദ്: 4321 )

عَنْ أَبِي الدَّرْدَاءِ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم : مَن قرَأ عَشْرَ آياتٍ مِن آخِرِ الكهفِ عُصِم مِن الدَّجَّالِ

അബുദ്ദര്‍ദാഅ്  رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും സൂറത്തുൽ കഹ്ഫിന്റെ അവസാനത്തെ പത്ത് ആയത്തുകൾ പാരായണം ചെയ്താൽ അവൻ ദജ്ജാലിൽ നിന്ന് സംരക്ഷിക്കപ്പെടുന്നതാണ്. (സ്വഹീഹ് ഇബ്നു ഹിബ്ബാൻ)

ദജ്ജാലിന്റെ ഫിത്നയേക്കാൾ വലിയൊരു പരീക്ഷണം മനുഷ്യർക്ക് വേറെയില്ല. അതിൽ നിന്ന് വിശ്വാസിക്കുള്ള സംരക്ഷണമാണ് ഈ സൂറത്ത്.

 

 

kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *