അൽ ഇനാബ: അഥവാ അല്ലാഹുവിലേക്കുള്ള മടക്കം

സത്യവിശ്വാസികളുടെ ഒരു പ്രധാന ഗുണവിശേഷണമായി  അല്ലാഹു വിശേഷിപ്പിച്ചിട്ടുള്ളതാകുന്നു അൽ ഇനാബ: അഥവാ അല്ലാഹുവിലേക്കുള്ള മടക്കം.

ഭാഷയിൽ അൽ ഇനാബ: എന്നാൽ ഇപ്രകാരമാണ്:

اعتياد مكان ورجوع إليه

ഒരു സ്ഥലം തെരഞ്ഞെടുത്ത് അതിലേക്ക് മടങ്ങുകയും പതിവാക്കുകയും ചെയ്യൽ

ശറഇയായി അൽ ഇനാബ: എന്നതിനെ പണ്ഡിതൻമാർ വിവരിച്ചത് ഇപ്രകാരമാണ്:

التعلق بالله تعالى، والتواضع لجلاله، والمسارعة إلى مرضاته، والإقبال على طاعته

സർവ്വ ശക്തനായ അല്ലാഹുവിനോടുള്ള അടുപ്പം, അവന്റെ മഹത്വത്തിന് മുന്നിൽ കീഴൊതുങ്ങൽ, അവന്റെ പ്രീതിക്കായി തിടുക്കം കൂട്ടൽ, അവനെ അനുസരിക്കാനുള്ള വ്യഗ്രത.

ചില തിരിച്ചറിവിൽ നിന്നാഅ് അൽ ഇനാബ: ഉണ്ടാകുന്നത്. അതായത് അല്ലാഹുവാകുന്നു എന്റെ സൃഷ്ടാവ്, അവൻ ശക്തനും ഞാൻ ദുർബലനുമാകുന്നു, അല്ലാഹുവിന്റെ തൗഫീഖ് ഇല്ലാതെ ഇഹത്തിലും പരത്തിലും യാതൊന്നും നേടിയെടുക്കാൻ എനിക്ക് കഴിയില്ല, എല്ലാ നന്മകളും അല്ലാഹുവിന്റെ കൈയ്യിലാകുന്നു, അതുകൊണ്ട് അവനിൽ ഭാരമേൽപ്പിച്ച് അവനിൽ പ്രതീക്ഷയർപ്പിച്ച് അവനെ ആരാധിച്ച് അവനോട് പ്രാർത്ഥിച്ച് നിലകൊള്ളേണ്ടവനാണ്  ഞാൻ എന്ന തിരിച്ചറിവിൽ നിന്നാണ് ഈ ഗുണമുണ്ടാകുന്നത്.

അതുകൊണ്ടാണ് അല്ലാഹു ഇനാബത്തിന്റെ രണ്ട് ഭാഗങ്ങളായി ഇപ്രകാരം നമ്മെ പഠിപ്പിച്ചിട്ടുള്ളത്:

(ഒന്ന്) തൗബയും ഇസ്തിഗ്ഫാറും

(രണ്ട്) അല്ലാഹുവിനെ അനുസരിക്കുന്ന ഇസ്ലാമിലേക്ക് മുന്നിട്ടു വരൽ

ഇതിനുള്ള തെളിവ് കാണുക:

قُلْ يَٰعِبَادِىَ ٱلَّذِينَ أَسْرَفُوا۟ عَلَىٰٓ أَنفُسِهِمْ لَا تَقْنَطُوا۟ مِن رَّحْمَةِ ٱللَّهِ ۚ إِنَّ ٱللَّهَ يَغْفِرُ ٱلذُّنُوبَ جَمِيعًا ۚ إِنَّهُۥ هُوَ ٱلْغَفُورُ ٱلرَّحِيمُ ‎﴿٥٣﴾‏ وَأَنِيبُوٓا۟ إِلَىٰ رَبِّكُمْ وَأَسْلِمُوا۟ لَهُۥ مِن قَبْلِ أَن يَأْتِيَكُمُ ٱلْعَذَابُ ثُمَّ لَا تُنصَرُونَ ‎﴿٥٤﴾

പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ച് പോയ എന്‍റെ ദാസന്‍മാരേ, അല്ലാഹുവിന്‍റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്‌. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്‌. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും. നിങ്ങള്‍ക്ക് ശിക്ഷ വന്നെത്തുന്നതിനു മുമ്പായി നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിങ്കലേക്ക് താഴ്മയോടെ മടങ്ങുകയും, അവന്നു കീഴ്പെടുകയും ചെയ്യുവിന്‍. പിന്നെ (അത് വന്നതിന് ശേഷം)നിങ്ങള്‍ സഹായിക്കപ്പെടുന്നതല്ല. (ഖുർആൻ:39/53-54)

പ്രവാചകന്മാർ എല്ലാവരും ഇനാബത്ത് ഉള്ളവരായിരുന്നു.

إِنَّ إِبْرَٰهِيمَ لَحَلِيمٌ أَوَّٰهٌ مُّنِيبٌ

തീര്‍ച്ചയായും ഇബ്രാഹീം സഹനശീലനും, ഏറെ അനുകമ്പയുള്ളവനും പശ്ചാത്താപമുള്ളവനും തന്നെയാണ്‌. (ഖുർആൻ:11/75)

فَٱسْتَغْفَرَ رَبَّهُۥ وَخَرَّ رَاكِعًا وَأَنَابَ

തുടര്‍ന്ന് അദ്ദേഹം (ദാവൂദ് നബി) തന്‍റെ രക്ഷിതാവിനോട് പാപമോചനം തേടുകയും അദ്ദേഹം കുമ്പിട്ടു കൊണ്ട് വീഴുകയും ഖേദിച്ചു മടങ്ങുകയും ചെയ്തു. (ഖുർആൻ:38/24)

وَلَقَدْ فَتَنَّا سُلَيْمَٰنَ وَأَلْقَيْنَا عَلَىٰ كُرْسِيِّهِۦ جَسَدًا ثُمَّ أَنَابَ

സുലൈമാനെ നാം പരീക്ഷിക്കുകയുണ്ടായി. അദ്ദേഹത്തിന്‍റെ സിംഹാസനത്തിന്‍മേല്‍ നാം ഒരു ജഡത്തെ ഇടുകയും ചെയ്തു. പിന്നീട് അദ്ദേഹം താഴ്മയുള്ളവനായി മടങ്ങി. (ഖുർആൻ:38/34)

إِنْ أُرِيدُ إِلَّا ٱلْإِصْلَٰحَ مَا ٱسْتَطَعْتُ ۚ وَمَا تَوْفِيقِىٓ إِلَّا بِٱللَّهِ ۚ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ

(ശുഐബ് നബി പറഞ്ഞു:)എനിക്ക് സാധ്യമായത്ര നന്‍മവരുത്താനല്ലാതെ മറ്റൊന്നും ഞാന്‍ ഉദ്ദേശിക്കുന്നില്ല. അല്ലാഹു മുഖേന മാത്രമാണ് എനിക്ക് (അതിന്‌) അനുഗ്രഹം ലഭിക്കുന്നത്‌. അവന്‍റെ മേലാണ് ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നത്‌. അവനിലേക്ക് ഞാന്‍ താഴ്മയോടെ മടങ്ങുകയും ചെയ്യുന്നു. (ഖുർആൻ:11/88)

മുഹമ്മദ് നബി ﷺ യും ഈ ഗുണത്തിന്റ ഉടമയായിരുന്നു.

وَمَا ٱخْتَلَفْتُمْ فِيهِ مِن شَىْءٍ فَحُكْمُهُۥٓ إِلَى ٱللَّهِ ۚ ذَٰلِكُمُ ٱللَّهُ رَبِّى عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ

നിങ്ങള്‍ അഭിപ്രായവ്യത്യാസക്കാരായിട്ടുള്ളത് ഏത് കാര്യത്തിലാവട്ടെ അതില്‍ തീര്‍പ്പുകല്‍പിക്കാനുള്ള അവകാശം അല്ലാഹുവിന്നാകുന്നു. അവനാണ് എന്‍റെ രക്ഷിതാവായ അല്ലാഹു. അവന്‍റെ മേല്‍ ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നു. അവങ്കലേക്ക് ഞാന്‍ താഴ്മയോടെ മടങ്ങുകയും ചെയ്യുന്നു. (ഖുർആൻ:42/88)

ഇനാബത്തിന്റെ മാർഗ്ഗം തെരഞ്ഞെടുക്കാനാണ് സത്യവിശ്വാസികളും കൽപ്പിക്കപ്പെട്ടിട്ടുള്ളത്.

وَٱتَّبِعْ سَبِيلَ مَنْ أَنَابَ إِلَىَّ

എന്നിലേക്ക് മടങ്ങിയവരുടെ മാര്‍ഗം നീ പിന്തുടരുക. (ഖുർആൻ:31/15)

قال ابن القيم رحمه الله :الْإِنَابَةُ إِلَى اللَّهِ سُبْحَانَهُ وَتَعَالَى، وَمَحَبَّتُهُ بِكُلِّ الْقَلْبِ وَالْإِقْبَالُ عَلَيْهِ وَالتَّنَعُّمُ بِعِبَادَتِهِ، فَلَا شَيْءَ أَشْرَحُ لِصَدْرِ الْعَبْدِ مِنْ ذَلِكَ. حَتَّى إِنَّهُ لَيَقُولُ أَحْيَانًا: إِنْ كُنْتُ فِي الْجَنَّةِ فِي مِثْلِ هَذِهِ الْحَالَةِ فَإِنِّي إِذًا فِي عَيْشٍ طَيِّبٍ.

ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു: അല്ലാഹുവിലേക്കുള്ള കീഴൊതുങ്ങലും, ഖൽബിൽ പരിപൂർണ്ണമായി അവനോടുള്ള ഇഷ്ടവും, അവനിലേക്കുള്ള സാമീപ്യവും, അവനെ ഇബാദത്ത് ചെയ്യുന്നത് കൊണ്ടുള്ള ആശ്വാസത്തേക്കാളും അടിമയുടെ ഹൃദയത്തിന് വിശാലത നൽകുന്ന മറ്റൊന്നും തന്നെയില്ല. അങ്ങനെ ചിലപ്പോഴൊക്കെ അവൻ പറയും: ഈ അവസ്ഥയിലാണ് ഞാൻ സ്വർഗത്തിലെങ്കിൽ തീർച്ചയായും ഞാൻ ആസ്വാദ്യമായ ജീവിതത്തിലായിരിക്കും. (സാദുൽ മആദ്)

ഇനാബത്തിലേക്ക് അഥവാ അല്ലാഹുവിലേക്കുള്ള മടക്കത്തിലേക്ക് നമ്മെ സഹായിക്കുന്ന പ്രധാനപ്പെട്ട രണ്ട് കാര്യങ്ങളുണ്ട്.

(ഒന്ന്) ഖുർആൻ പാരായണം

عَنْ بُرَيْدَةَ رَضِيَ اللَّهُ عَنْهُ قَالَ: دَخَلْتُ مَعَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الْمَسْجِدَ عِشَاءً فَإِذَا رَجُلٌ يَقْرَأُ وَيَرْفَعُ صَوْتَهُ فَقُلْتُ: يَا رَسُولَ اللَّهِ أَتَقُولُ: هَذَا مُرَاءٍ؟ قَالَ: بَلْ مُؤْمِنٌ مُنِيبٌ

ബുറൈദ ബ്നു ഹുസൈബ് അസ്സലമി رَضِيَ اللَّهُ عَنْهُ  പറഞ്ഞു: ഒരിക്കൽ അല്ലാഹുവിന്റെ റസൂലിനോടൊപ്പം ഇശാഇന്റെ സമയത്ത് ഞാൻ പള്ളിയിൽ പ്രവേശിച്ചു:  ആ സമയത്ത് ഒരു മനുഷ്യൻ ഉച്ചത്തിൽ ഖുർആൻ പാരായണം ചെയ്യുന്നുണ്ടായിരുന്നു, അതിനാൽ ആ മനുഷ്യൻ കാപട്യക്കാരനാണോയെന്ന് അങ്ങ് കരുതുന്നുണ്ടോ എന്ന് ഞാൻ നബി ﷺ യോട് ചോദിച്ചു. നബി ﷺ മറുപടി പറഞ്ഞു: ഇല്ല, അവൻ മുഅ്മിനും മുനീബുമാണ്. ( مشكاة المصابيح: ٢٢٣٣ )

വിശുദ്ധ ഖുർആന്‍ അ൪ത്ഥവും ആശയവും അറിഞ്ഞ് പാരായണം ചെയ്യാൻ പരിശ്രമിക്കുക.

(രണ്ട്) നമുക്ക് ചുറ്റിലുമുള്ള പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളെ കുറിച്ച് ചിന്തിക്കുക

أَفَلَمْ يَنظُرُوٓا۟ إِلَى ٱلسَّمَآءِ فَوْقَهُمْ كَيْفَ بَنَيْنَٰهَا وَزَيَّنَّٰهَا وَمَا لَهَا مِن فُرُوجٍ ‎﴿٦﴾‏ وَٱلْأَرْضَ مَدَدْنَٰهَا وَأَلْقَيْنَا فِيهَا رَوَٰسِىَ وَأَنۢبَتْنَا فِيهَا مِن كُلِّ زَوْجِۭ بَهِيجٍ ‎﴿٧﴾‏ تَبْصِرَةً وَذِكْرَىٰ لِكُلِّ عَبْدٍ مُّنِيبٍ ‎﴿٨﴾

അവര്‍ക്കു മുകളിലുള്ള ആകാശത്തേക്ക് അവര്‍ നോക്കിയിട്ടില്ലേ; എങ്ങനെയാണ് നാം അതിനെ നിര്‍മിക്കുകയും അലങ്കരിക്കുകയും ചെയ്തിട്ടുള്ളതെന്ന്‌? അതിന് വിടവുകളൊന്നുമില്ല. ഭൂമിയാകട്ടെ നാം അതിനെ വികസിപ്പിക്കുകയും, അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ നാം സ്ഥാപിക്കുകയും കൌതുകമുള്ള എല്ലാ സസ്യവര്‍ഗങ്ങളും നാം അതില്‍ മുളപ്പിക്കുകയും ചെയ്തിരിക്കുന്നു. (സത്യത്തിലേക്ക്‌) മടങ്ങുന്ന ഏതൊരു ദാസന്നും കണ്ടുമനസ്സിലാക്കുവാനും അനുസ്മരിക്കുവാനും വേണ്ടി. (ഖുർആൻ:50/6-8)

ഇനാബത്തിന്റെ നേട്ടങ്ങൾ

(ഒന്ന്) തൗഹീദിനെ സ്ഥാപിക്കാനും തൗഹീദിൽ കുറച്ചു നിൽക്കാനും ഇനാബത്ത് അത്യാവശ്യമാണ്

وَٱلَّذِينَ ٱجْتَنَبُوا۟ ٱلطَّٰغُوتَ أَن يَعْبُدُوهَا وَأَنَابُوٓا۟ إِلَى ٱللَّهِ لَهُمُ ٱلْبُشْرَىٰ ۚ فَبَشِّرْ عِبَادِ

ദുര്‍മൂര്‍ത്തിയെ -അതിനെ ആരാധിക്കുന്നത്‌- വര്‍ജ്ജിക്കുകയും, അല്ലാഹുവിലേക്ക് വിനയത്തോടെ മടങ്ങുകയും ചെയ്തവരാരോ അവര്‍ക്കാണ് സന്തോഷവാര്‍ത്ത. അതിനാല്‍ എന്‍റെ ദാസന്‍മാര്‍ക്ക് നീ സന്തോഷവാര്‍ത്ത അറിയിക്കുക. (ഖുർആൻ:39/17)

ഇനാബത്തിലൂടെ ലഭിക്കുന്നത് ശിർക്കിൽ നിന്നുള്ള മോചനമാണ്. ശിർക്കിൽ നിന്നും മോചനം ലഭിക്കാത്തവൻ മുനീബ് ആവുകയില്ല. അതുകൊണ്ടാണ് അല്ലാഹു ഇപ്രകാരം പറഞ്ഞിട്ടുള്ളത്:

مُنِيبِينَ إِلَيْهِ وَٱتَّقُوهُ وَأَقِيمُوا۟ ٱلصَّلَوٰةَ وَلَا تَكُونُوا۟ مِنَ ٱلْمُشْرِكِينَ

(നിങ്ങള്‍) അവങ്കലേക്ക് തിരിഞ്ഞവരായിരിക്കുകയും, അവനെ സൂക്ഷിക്കുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക. നിങ്ങള്‍ ബഹുദൈവാരാധകരുടെ കൂട്ടത്തിലായിപ്പോകരുത്‌. (ഖുർആൻ:30/31)

(രണ്ട്) ഹിദായത്തിന്റെ വഴി കണ്ടെത്താനും അതിലൂടെ സമാധാനം ലഭിക്കാനും സാധിക്കും

وَيَقُولُ ٱلَّذِينَ كَفَرُوا۟ لَوْلَآ أُنزِلَ عَلَيْهِ ءَايَةٌ مِّن رَّبِّهِۦ ۗ قُلْ إِنَّ ٱللَّهَ يُضِلُّ مَن يَشَآءُ وَيَهْدِىٓ إِلَيْهِ مَنْ أَنَابَ ‎﴿٢٧﴾‏ ٱلَّذِينَ ءَامَنُوا۟ وَتَطْمَئِنُّ قُلُوبُهُم بِذِكْرِ ٱللَّهِ ۗ أَلَا بِذِكْرِ ٱللَّهِ تَطْمَئِنُّ ٱلْقُلُوبُ ‎﴿٢٨﴾‏

അവിശ്വസിച്ചവര്‍ (നബിയെപറ്റി) പറയുന്നു: ഇവന്‍റെ മേല്‍ എന്തുകൊണ്ടാണ് ഇവന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് വല്ല ദൃഷ്ടാന്തവും ഇറക്കപ്പെടാത്തത്‌? (നബിയേ,) പറയുക: തീര്‍ച്ചയായും അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ വഴികേടിലാക്കുന്നു. പശ്ചാത്തപിച്ച് മടങ്ങിയവരെ തന്‍റെ മാര്‍ഗത്തിലേക്ക് അവന്‍ നയിക്കുകയും ചെയ്യുന്നു.  അതായത് വിശ്വസിക്കുകയും അല്ലാഹുവെ പറ്റിയുള്ള ഓര്‍മ കൊണ്ട് മനസ്സുകള്‍ ശാന്തമായിത്തീരുകയും ചെയ്യുന്നവരെ. ശ്രദ്ധിക്കുക; അല്ലാഹുവെപ്പറ്റിയുള്ള ഓര്‍മ കൊണ്ടത്രെ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്‌. (ഖുർആൻ:13/27-28)

(മൂന്ന്) സ്വർഗ്ഗം ലഭിക്കും

وَأُزْلِفَتِ ٱلْجَنَّةُ لِلْمُتَّقِينَ غَيْرَ بَعِيدٍ ‎﴿٣١﴾‏ هَٰذَا مَا تُوعَدُونَ لِكُلِّ أَوَّابٍ حَفِيظٍ ‎﴿٣٢﴾‏ مَّنْ خَشِىَ ٱلرَّحْمَٰنَ بِٱلْغَيْبِ وَجَآءَ بِقَلْبٍ مُّنِيبٍ ‎﴿٣٣﴾‏ ٱدْخُلُوهَا بِسَلَٰمٍ ۖ ذَٰلِكَ يَوْمُ ٱلْخُلُودِ ‎﴿٣٤﴾‏ لَهُم مَّا يَشَآءُونَ فِيهَا وَلَدَيْنَا مَزِيدٌ ‎﴿٣٥﴾‏

സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് അകലെയല്ലാത്ത വിധത്തില്‍ സ്വര്‍ഗം അടുത്തു കൊണ്ടു വരപ്പെടുന്നതാണ്‌.  (അവരോട് പറയപ്പെടും:) അല്ലാഹുവിങ്കലേക്ക് ഏറ്റവും അധികം മടങ്ങുന്നവനും, (ജീവിതം) കാത്തുസൂക്ഷിക്കുന്നവനും ആയ ഏതൊരാള്‍ക്കും നല്‍കാമെന്ന് നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നതാകുന്നു ഇത്‌. അതായത് അദൃശ്യമായ നിലയില്‍ പരമകാരുണികനെ ഭയപ്പെടുകയും താഴ്മയുള്ള ഹൃദയത്തോട് കൂടി വരുകയും ചെയ്തവന്ന്‌.  (അവരോട് പറയപ്പെടും:) സമാധാനപൂര്‍വ്വം നിങ്ങളതില്‍ പ്രവേശിച്ച് കൊള്ളുക. ശാശ്വതവാസത്തിനുള്ള ദിവസമാകുന്നു അത്‌.  അവര്‍ക്കവിടെ ഉദ്ദേശിക്കുന്നതെന്തും ഉണ്ടായിരിക്കും. നമ്മുടെ പക്കലാകട്ടെ കൂടുതലായി പലതുമുണ്ട്‌. (ഖുർആൻ:50/31-35)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *