അഫ്‌വ്, മഗ്ഫിറത്ത്, റഹ്‌മത്ത്

അല്ലാഹുവിന്‍റെ അടിയാന്‍മാരായ സത്യവിശ്വാസികള്‍ അവനോട് പ്രാര്‍ത്ഥിക്കുവാന്‍ വേണ്ടി അവന്‍ തന്നെ പഠിപ്പിച്ചു കൊടുത്ത സൂറത്തുല്‍ ബഖറഃയുടെ അവസാന ആയത്തിലെ പ്രാര്‍ത്ഥനയിൽ ഇപ്രകാരമുണ്ട്:

وَٱعْفُ عَنَّا وَٱغْفِرْ لَنَا وَٱرْحَمْنَآ ۚ أَنتَ مَوْلَىٰنَا فَٱنصُرْنَا عَلَى ٱلْقَوْمِ ٱلْكَٰفِرِينَ

ഞങ്ങള്‍ക്ക് നീ അഫ്‌വ് (العفو), മഗ്ഫിറത്ത് (المغفرة), റഹ്‌മത്ത് (الرحمة) എന്നിവ ചെയ്യേണമേ. നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അതുകൊണ്ട് സത്യനിഷേധികളായ ജനതയ്ക്കെതിരായി നീ ഞങ്ങളെ സഹായിക്കേണമേ. (ഖു൪ആന്‍:2/286)

അഫ്‌വ് (العفو) എന്നാൽ: അല്ലാഹു ഒരാളിൽ നിന്ന് ശിക്ഷ ഒഴിവാക്കിക്കൊടുക്കുക എന്നതാണ് ഉദ്ദേശം. അതിനാൽ ഈ പദത്തിന് മാപ്പ്’ എന്ന് വാക്കര്‍ത്ഥം പറയാം.

മഗ്ഫിറത്ത് (المغفرة) എന്നാൽ : അപമാനത്തിൽ നിന്നും നാണക്കേടിൽ നിന്നും അവനെ മറച്ചുപിടിക്കുക എന്നാണ്.  ‘ഞങ്ങൾക്കും നിനക്കുമിടയിൽ ഞങ്ങൾ വല്ല വീഴ്ചകളും വരുത്തിയിട്ടുണ്ടെങ്കിൽ അത് ഞങ്ങൾക്ക് മറച്ചുതരേണമേ, അത് വെളിപ്പെടുത്തിക്കൊണ്ട് ഞങ്ങളെ നീ അപമാനിക്കരുതേ എന്നാണ് അതിന്റെ ആശയം.

റഹ്‌മത്ത് (الرحمة) എന്നാൽ : അത് അല്ലാഹുവിൽ നിന്നുള്ള അനുഗ്രഹവും, നന്മകൾ വർദ്ധിപ്പിച്ചു തരുന്നതിലും തിന്മകൾ മാപ്പാക്കി തരുന്നതിലുമുള്ള അവന്റെ ഔദാര്യവുമാണ്. നമ്മുടെ പക്കൽ ഒന്നുമില്ലാത്ത അവസ്ഥയിലും നമ്മുടെ (കർമ്മങ്ങളുടെ) തുലാസിന് കനം തൂക്കിത്തരുന്നത് ആ ഔദാര്യം കൊണ്ടാണ്.

സൂറത്തുല്‍ ബഖറഃയിലെ ഈ ഭാഗം വിശദീകരിച്ച് ഇമാം ത്വബ്‌രി رحمه الله പറയുന്നു:

الدلالةُ الواضحة أنهم سألوه تيسيرَ فرائضِه عليهم بقوله: {وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِ}، لأنهم عقبوا ذلك بقولهم: {وَاعْفُ عَنَّا}، مسألة منهم ربَّهم أن يعفوَ لهم عن تقصيرٍ إن كان منهم في بعض ما أمرهم به من فرائضِه، فيصفح لهم عنه، ولا يعاقِبهم عليه، وإن خف ما كلَّفهم من فرائضه على أبدانهم.

അല്ലാഹുവിന്റെ നിർബന്ധ കൽപ്പനകൾ (ഫർളുകൾ) തങ്ങൾക്ക് ലഘൂകരിച്ചു തരണമെന്ന് അവർ അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നു: {ഞങ്ങള്‍ക്ക് കഴിവില്ലാത്തത് ഞങ്ങളെ നീ വഹിപ്പിക്കരുതേ}കാരണം, അവർ അതിന് തൊട്ടുപിന്നാലെ ഇപ്രകാരം പറഞ്ഞു:{ഞങ്ങള്‍ക്ക് നീ അഫ്‌വ് (العفو) നല്‍കണേ}അല്ലാഹു കൽപ്പിച്ച നിർബന്ധ കർമ്മങ്ങളിൽ വല്ല വീഴ്ചയും തങ്ങളുടെ ഭാഗത്തുനിന്ന് സംഭവിച്ചിട്ടുണ്ടെങ്കിൽ (ഞങ്ങളെ ശിക്ഷിക്കാതെ) അത് മാപ്പാക്കി തരണമെന്ന് റബ്ബിനോട് അവർ നടത്തുന്ന ഒരപേക്ഷയാണിത്. അല്ലാഹു അത് അവർക്ക് വിട്ടുവീഴ്ച ചെയ്യാനും അതിന്റെ പേരിൽ അവരെ ശിക്ഷിക്കാതിരിക്കാനും വേണ്ടിയാണത്; അവൻ കൽപ്പിച്ച ആ കാര്യങ്ങൾ അവരുടെ ശരീരങ്ങൾക്ക് (ചെയ്യാൻ) എളുപ്പമുള്ളതാണെങ്കിൽ പോലും.

وأما قوله:{وَاغْفِرْ لَنَا}؛ يعني: واستر علينا زَلَّة إن أتيناها فيما بيننا وبينك، فلا تكشِفْها ولا تفضحنا بإظهارها.

{ഞങ്ങൾക്ക് മഗ്ഫിറത്ത് നൽകണേ} ഞങ്ങൾക്കും നിനക്കുമിടയിലുള്ള (രഹസ്യമായ) കാര്യങ്ങളിൽ വല്ല വീഴ്ചകളും ഞങ്ങൾ വരുത്തിയിട്ടുണ്ടെങ്കിൽ അത് ഞങ്ങൾക്ക് മറച്ചുതരേണമേ. അത് വെളിപ്പെടുത്തിക്കൊണ്ട് (മറ്റുള്ളവരുടെ മുന്നിൽ) നീ ഞങ്ങളെ തുറന്നുകാട്ടുകയോ അപമാനിക്കുകയോ ചെയ്യരുതേ.

وأما قوله: {وَارْحَمْنَا}؛ تغمدنا منك برحمةٍ؛ تُنجينا بها من عقابِك؛ فإنه ليس بناجٍ من عقابك أحدٌ إلا برحمتك إيَّاه دون عملِه، وليست أعمالُنا منجيتَنا إن أنت لم ترحَمْنا، فوفِّقْنا لما يرضيك عنا.

{ഞങ്ങൾക്ക് റഹ്‌മത്ത് നൽകണേ} നിന്റെ കാരുണ്യം കൊണ്ട് ഞങ്ങളെ നീ പൊതിയേണമേ; ആ കാരുണ്യം മുഖേന നിന്റെ ശിക്ഷയിൽ നിന്ന് ഞങ്ങളെ നീ രക്ഷിക്കേണമേ. കാരണം, നിന്റെ കാരുണ്യം കൊണ്ടല്ലാതെ ഒരാളും നിന്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുകയില്ല, അവന്റെ കർമ്മങ്ങൾ  കൊണ്ട് മാത്രം അത് സാധ്യമല്ല. നീ ഞങ്ങളോട് കരുണ കാണിച്ചില്ലെങ്കിൽ ഞങ്ങളുടെ കർമ്മങ്ങൾ ഞങ്ങളെ രക്ഷിക്കുകയില്ല. അതിനാൽ, നിനക്ക് തൃപ്തിയുള്ള കാര്യങ്ങൾ ചെയ്യാൻ ഞങ്ങൾക്ക് നീ തൗഫീഖ് (അനുഗ്രഹം) നൽകേണമേ. (ത്വബ്‌രി)

قال شيخ الإسلام رَحِمَهُ اللَّهُ: سألوه العفو والمغفرة والرحمة والنصر على الأعداء؛ فإن بهذه الأربعة تتم لهم النعمة المطلقة، ولا يصفو عيش في الدنيا والآخرة إلا بها، وعليها مدار السعادة والفلاح؛ فالعفو متضمن لإسقاط حقه قِبَلِهِم ومسامحتهم به، والمغفرة متضمنة لوقايتهم شر ذنوبهم وإقباله عليهم ورضاه عنهم؛ بخلاف العفو المجرد؛ فإن العافي قد يعفو، ولا يقبل على من عفا عنه، ولا يرضى عنه، فالعفو ترك محض، والمغفرة إحسان وفضل وجود، والرحمة متضمنة للأمرين مع زيادة الإحسان والعطف والبر، فالثلاثة تتضمن النجاة من الشر والفوز بالخير، والنصرة تتضمن التمكين من إعلان عبادته، وإظهار دينه، وإعلاء كلمته، وقهر أعدائه….

ശൈഖുൽ ഇസ്‌ലാം رَحِمَهُ اللَّهُ പറഞ്ഞു: അവർ (വിശ്വാസികൾ) അല്ലാഹുവിനോട് മാപ്പും അഫ്‌വ്, മഗ്ഫിറത്ത്, റഹ്‌മത്ത്, നസ്വർ (ശത്രുക്കൾക്കെതിരെയുള്ള വിജയം) എന്നിവ ചോദിച്ചു. തീർച്ചയായും ഈ നാല് കാര്യങ്ങൾ കൊണ്ടാണ് ഒരാൾക്ക് പരിപൂർണ്ണമായ അനുഗ്രഹം ലഭിക്കുന്നത്. ഇവയില്ലാതെ ദുനിയാവിലോ ആഖിറത്തിലോ ജീവിതം തെളിച്ചമുള്ളതാവുകയില്ല. വിജയത്തിന്റെയും സൗഭാഗ്യത്തിന്റെയും കേന്ദ്രബിന്ദു ഇവയാണ്.

‘അഫ്‌വ്’ (العفو) എന്നാൽ അല്ലാഹുവിന് അടിമകളോടുള്ള തന്റെ അവകാശങ്ങൾ ഒഴിവാക്കി കൊടുക്കുന്നതും അവർക്ക് വിട്ടുനൽകുന്നതുമാണ്.

‘മഗ്ഫിറത്ത്’ (المغفرة) എന്നാൽ പാപങ്ങളുടെ തിന്മകളിൽ നിന്ന് അവരെ സംരക്ഷിക്കുന്നതും (വിചാരണ വേളയിൽ) അല്ലാഹു അവരിലേക്ക് തിരിയുന്നതും അവരോട് തൃപ്രിയുള്ളവനാകുന്നതുമാണ്.

വെറും ‘അഫ്‌വ്’ നൽകുന്നതിൽ നിന്ന് ഇത് വ്യത്യസ്തമാണ്. കാരണം, ഒരാൾക്ക് അഫ്‌വ് (മാപ്പ്) നൽകിയാലും, മാപ്പ് നൽകിയ ആൾക്ക് അയാളോട് താൽപ്പര്യമോ പ്രീതിയോ ഉണ്ടാവണമെന്നില്ല. അഫ്‌വ് എന്നാൽ കേവലം (ശിക്ഷ) ഉപേക്ഷിക്കലാണ്; എന്നാൽ മഗ്ഫിറത്ത് എന്നത് നൻമയും ഔദാര്യവും ഉദാരതയുമാണ്.

‘റഹ്‌മത്ത്’ (الرحمة) ആകട്ടെ, മേൽപ്പറഞ്ഞ രണ്ട് കാര്യങ്ങളും (അഫ്‌വും മഗ്ഫിറത്തും) ഉൾക്കൊള്ളുന്നതോടൊപ്പം അല്ലാഹുവിന്റെ പ്രത്യേകമായ നന്മയും സ്നേഹവും ദയയും കൂടി അധികമായി ചേർന്നതാണ്.

ചുരുക്കത്തിൽ, ഈ മൂന്ന് കാര്യങ്ങളും തിന്മകളിൽ നിന്നുള്ള മോചനത്തെയും നന്മകൾ കൊണ്ടുള്ള വിജയത്തെയുമാണ് ഉൾക്കൊള്ളുന്നത്.

‘നസ്വർ’ (النصر – വിജയം) എന്നത് അല്ലാഹുവിനുള്ള ഇബാദത്തുകൾ പരസ്യമാക്കാനും, അവന്റെ ദീനിനെ വെളിപ്പെടുത്താനും, അവന്റെ വചനത്തെ ഉന്നതമാക്കാനും, ശത്രുക്കളെ കീഴടക്കാനുമുള്ള കഴിവ് (ശക്തി) നൽകുന്നതിനെ ഉൾക്കൊള്ളുന്നു. [الفتاوى: 14/140].

 

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *