സർവ തിന്മകളും ഒത്തിണങ്ങിയ ഒരു മ്ലേഛവൃത്തിയാണ് വ്യഭിചാരം. മതനിഷ്ഠയിലെ കുറവ്, ഐഹികവിരക്തിയുടെ അഭാവം, മാനുഷിക മൂല്യങ്ങളുടെ ശോഷണം, അഭിമാന രോഷത്തിന്റെ (ഗീറത്) അപര്യാപ്തത എന്നിവ അവയിൽ ചിലതു മാത്രം. ഭക്തനായ, വാഗ്ദാനങ്ങൾ പാലിക്കുന്ന, സത്യം പറയുന്ന, നല്ല സുഹൃത്തായ, കുടുംബത്തോട് പൂർണമായ അഭിമാനരോഷമുള്ള ഒരു വ്യഭിചാരിയെയും നിങ്ങൾക്കു കാണാൻ സാധിക്കുകയില്ല. ചതി, കള്ളം, വഞ്ചന, ലജ്ജയില്ലായ്മ, അല്ലാഹുവിന്റെ നിരീക്ഷണത്തെ കുറിച്ചുള്ള ബോധമില്ലായ്മ, നിഷിദ്ധങ്ങളോട് വെറുപ്പ് തോന്നാതിരിക്കൽ, ഹൃദയത്തിൽ നിന്നും അഭിമാനരോഷം നഷ്ടപ്പെടൽ – ഇവ വ്യഭിചാരത്തിന്റെ ചില ശാഖകളും പ്രത്യാഘാതങ്ങളുമാണ്.
വ്യഭിചാരത്തിന്റെ പ്രത്യാഘാതങ്ങളിൽ പെട്ടതാണ് : തന്റെ പവിത്രതയെയും പരിധികളെയും ദുഷിപ്പിച്ചത് കാരണം റബ്ബിന്റെ കോപത്തിന് പാത്രമാകും എന്നത്. ഒരു മനുഷ്യൻ ഏതെങ്കിലും ഒരു രാജാവിനോടാണ് അത്തരമൊരു കാര്യം ചെയ്തതെങ്കിൽ, അവൻ ഏറ്റവും ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവന്നേനെ.
വ്യഭിചാരത്തിന്റെ പ്രത്യാഘാതങ്ങളിൽ പെട്ടതാണ്: മുഖം കറുക്കുകയും ഇരുണ്ടതാകുകയും ചെയ്യുക എന്നത്. അതുപോലെ തന്നെ കാണുന്നവർക്ക് അവനിൽ പ്രകടമാകുന്ന സങ്കടവും (മോശമായ അവസ്ഥയും) വെറുപ്പും.
അതിൽ പെട്ട മറ്റൊന്ന്: ഹൃദയത്തിലെ ഇരുട്ടും അതിന്റെ പ്രകാശം കെടുത്തിക്കളയലും. അതാണ് മുഖത്തെ പ്രകാശം കെടുത്തിക്കളയുന്നതിനും അത് ഇരുണ്ടതാക്കുന്നതിനും കാരണമാകുന്നത്.
അതിൽ പെട്ട മറ്റൊന്ന്: അത് അനിവാര്യമാക്കുന്ന ദാരിദ്ര്യമാണ്.
ഒരു റിപ്പോർട്ടിൽ അല്ലാഹു പറഞ്ഞതായി ഇപ്രകാരം കാണാം: ‘ഞാൻ അല്ലാഹുവാണ്, സ്വേച്ഛാധിപതികളെ നശിപ്പിക്കുകയും വ്യഭിചാരികളെ ദരിദ്രരാക്കുകയും ചെയ്യുന്നു’ (അല്ലാമാ ഇബ്‌നുൽ ജൗസി തന്റെ ‘ദമ്മുൽ ഹവാ’ എന്ന ഗ്രന്ഥത്തിൽ ഇബ്‌നു ഉമര്‍ رضي الله عنه വിൽ നിന്നും ഉദ്ധരിച്ചത്).
മറ്റൊന്ന്: ഈ മ്ലേഛവൃത്തിയിൽ ഏർപ്പെട്ട വ്യക്തിയോടുള്ള ബഹുമാനം നഷ്ടപ്പെടുകയും തന്റെ റബ്ബിന്റെയും മറ്റു മനുഷ്യരുടെയും ദൃഷ്ടിയിൽ അവന്റെ സ്ഥാനം താഴ്ത്തപ്പെടുകയും ചെയ്യുന്നു എന്നതാണ്.
മറ്റൊന്ന്: വ്യഭിചാരം കാരണമായി അവനിൽ ഏറ്റവും നല്ല പേരുകളായ പതിവ്രതയുള്ളവൻ, പുണ്യവാൻ, നീതിമാൻ എന്നിവ നഷ്ടപ്പെടുത്തുകയും; അതിന് വിപരീതമായി അധാർമികൻ, തെമ്മാടി, വ്യഭിചാരി, വഞ്ചകൻ എന്നിങ്ങനെയുള്ള പേരുകൾ അവനിൽ ചാർത്തപ്പെടുകയും ചെയ്യുന്നു എന്നതാണ്.
മറ്റൊന്ന്: അത് മുഅ്മിൻ എന്ന പദവി നഷ്ടപ്പെടുത്തുന്നു എന്നതാണ്. നബിﷺ പറഞ്ഞതായി ബുഖാരി-മുസ്‌ലിം വിവരിച്ചിരിക്കുന്നതുപോലെ:
لاَ يَزْنِي الزَّانِي حِينَ يَزْنِي وَهُوَ مُؤْمِنٌ
വിശ്വാസിയായിരിക്കെ ഒരു വ്യഭിചാരിയും വ്യഭിചാരം ചെയ്യുന്നില്ല.
അതുകൊണ്ട് പൊതുവായി അവന് ഈമാൻ നഷ്ടപ്പെടുന്നു; പൂർണമായ നിലയ്ക്ക് നഷ്ടപ്പെടുന്നില്ലെങ്കിൽ പോലും.
ഈ ഹദീസിനെക്കുറിച്ച് ജാഫർ ഇബ്‌നു മുഹമ്മദിനോട് ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം നിലത്ത് ഒരു വൃത്തം വരച്ചു പറഞ്ഞു: ‘ഇതാണ് ഈമാനിന്റെ വൃത്തം.’ പിന്നെ അദ്ദേഹം അതിനു പുറത്ത് മറ്റൊരു വൃത്തം വരച്ച് പറഞ്ഞു: ‘ഇതാണ് ഇസ്‌ലാമിന്റെ വൃത്തം. ഒരാൾ വ്യഭിചാരിക്കുമ്പോൾ അവൻ (ഈമാനിന്റെ വൃത്തത്തിൽ) നിന്ന് പുറത്തുപോകുന്നു, പക്ഷേ (ഇസ്‌ലാമിന്റെ വൃത്തത്തിൽ) നിന്ന് പുറത്തുപോകുന്നില്ല.’
ഒരു മനുഷ്യന് ഈമാനിന്റെ (വിശ്വാസത്തിന്റെ) ഒരു ഭാഗം ഉണ്ടെന്നതുകൊണ്ട് അത് അവനെ മുഅ്മിൻ (വിശ്വാസി) എന്ന പേരിന് അർഹനാക്കുകയില്ല; ഒരു മനുഷ്യന് അറിവിന്റെയും ഫിക്വ‌്‌ഹിന്റെയും ഒരു ഭാഗം ഉണ്ടെങ്കിൽ, അവനെ പണ്ഡിതനെന്നോ ഫക്വീഹെന്നോ വിളിക്കാൻ കഴിയില്ല എന്നതുപോലെ. അല്ലെങ്കിൽ ധൈര്യത്തിന്റെയോ ഔദാര്യത്തിന്റെയോ ഒരു ഭാഗം ഉണ്ടെങ്കിൽ അവനെ ധീരനെന്നോ ഉദാരമനസ്‌കനെന്നോ വിളിക്കാൻ കഴിയില്ല എന്നതുപോലെ. അതുപോലെ, അവന് തക്വ്‌വയുടെ ഒരു ഭാഗം ഉണ്ടെങ്കിൽ, അവനെ മുത്തക്വി (ഭക്തൻ) എന്ന് വിളിക്കാൻ കഴിയില്ല എന്നതുപോലെ, അങ്ങനെ പലതും. ചുരുക്കത്തിൽ, ഈ ഹദീസിനെ ബാഹ്യാർഥത്തിൽ തന്നെ സ്വീകരിക്കുകകയും അതിനെ മറ്റൊരു രീതിയിൽ വ്യാഖ്യാനിക്കാൻ ശ്രമിക്കാതിരിക്കുകയും ചെയ്യുക എന്നതാണ് ശരിയായ വീക്ഷണം. അല്ലാഹുവിന് ഏറ്റവും നന്നായി അറിയാം.
മറ്റൊന്ന്: അല്ലാഹു ചാരിത്ര്യശുദ്ധിയുള്ളവരുടെ ഗുണമായി വിശേഷിപ്പിച്ച നന്മയെ അത് എടുത്തുകളയുകയും വ്യഭിചാരികളുടെ വിശേഷണമായി പറഞ്ഞ തിന്മയെ പകരം വയ്ക്കുകയും ചെയ്യുന്നു എന്നതാണ്, അല്ലാഹു പറയുന്നതുപോലെ:
ٱلْخَبِيثَٰتُ لِلْخَبِيثِينَ وَٱلْخَبِيثُونَ لِلْخَبِيثَٰتِ ۖ وَٱلطَّيِّبَٰتُ لِلطَّيِّبِينَ وَٱلطَّيِّبُونَ لِلطَّيِّبَٰتِ
ദുഷിച്ച സ്ത്രീകൾ ദുഷിച്ച പുരുഷൻമാർക്കും ദുഷിച്ച പുരുഷൻമാർ ദുഷിച്ച സ്ത്രീകൾക്കുമാകുന്നു. നല്ല സ്ത്രീകൾ നല്ല പുരുഷൻമാർക്കും നല്ല പുരുഷൻമാർ നല്ല സ്ത്രീകൾക്കുമാകുന്നു. (അന്നൂർ: 26)
ദുഷിച്ചവരായ സകലർക്കും അല്ലാഹു സ്വർഗം നിഷിദ്ധമാക്കിയിരിക്കുന്നു. സ്വർഗത്തെ നന്മയുള്ളവരുടെ വാസസ്ഥലമാക്കി. നല്ലവരല്ലാതെ മറ്റാരും അതിൽ പ്രവേശിക്കുകയില്ല. അല്ലാഹു പറയുന്നു:
ٱلَّذِينَ تَتَوَفَّىٰهُمُ ٱلْمَلَٰٓئِكَةُ طَيِّبِينَ ۙ يَقُولُونَ سَلَٰمٌ عَلَيْكُمُ ٱدْخُلُوا۟ ٱلْجَنَّةَ بِمَا كُنتُمْ تَعْمَلُونَ
അതായത്, നല്ലവരായിരിക്കെ മലക്കുകൾ ഏതൊരു കൂട്ടരുടെ ജീവിതം അവസാനിപ്പിക്കുന്നുവോ അവർക്ക്. അവർ (മലക്കുകൾ) പറയും: നിങ്ങൾക്ക് സമാധാനം. നിങ്ങൾ പ്രവർത്തിച്ച് കൊണ്ടിരുന്നതിന്റെ ഫലമായി നിങ്ങൾ സ്വർഗത്തിൽ പ്രവേശിച്ചുകൊള്ളുക. (അന്നഹ്ൽ: 32)
….. وَقَالَ لَهُمْ خَزَنَتُهَا سَلَٰمٌ عَلَيْكُمْ طِبْتُمْ فَٱدْخُلُوهَا خَٰلِدِينَ
അവരോട് അതിന്റെ കാവൽക്കാർ പറയും: നിങ്ങൾക്ക് സമാധാനം. നിങ്ങൾ സംശുദ്ധരായിരിക്കുന്നു. അതിനാൽ നിത്യവാസികളെന്ന നിലയിൽ നിങ്ങൾ അതിൽ പ്രവേശിച്ചു കൊള്ളുക. (സുമർ: 73)
അങ്ങനെ അവരുടെ നന്മ നിമിത്തം അവർ മലക്കുകളുടെ അഭിവാദ്യത്തിനും സ്വർഗ പ്രവേശനത്തിനും അർഹരാകും. എന്നാൽ വ്യഭിചാരികൾ സൃഷ്ടികളിലെ ഏറ്റവും ദുഷിച്ചവരിൽ പെട്ടവരാണ്, അല്ലാഹു നരകത്തെ തിന്മയുടെയും അതിലെ ആളുകളുടെയും വാസസ്ഥലമാക്കിയിരിക്കുന്നു. ഉയിർത്തെഴുന്നേൽപ്പ് ദിവസം വരുമ്പോൾ, തിന്മ നന്മയിൽനിന്ന് വേർതിരിക്കും, തിന്മ പരസ്പരം ഒരുമിച്ച് കൂട്ടപ്പെടും, തുടർന്ന് അതും അതിലെ ആളുകളും നരകത്തിലേക്ക് എറിയപ്പെടും. നല്ലവരാരും നരകത്തിൽ പ്രവേശിക്കുകയില്ല, ദുഷിച്ചവർ സ്വർഗത്തിൽ പ്രവേശിക്കുകയുമില്ല.
വ്യഭിചാരത്തിന്റെ പ്രത്യാഘാതങ്ങളിൽ പെട്ട മറ്റൊന്ന്: വ്യഭിചാരിയുടെ ഹൃദയത്തിൽ അല്ലാഹു നിക്ഷേപിക്കുന്ന അന്യതാബോധം. ഈ ഏകാന്തത അവന്റെ മുഖത്തു പ്രതിഫലിക്കും. കാരണം, പതിവ്രതയുള്ളവന്റെ മുഖത്ത് മാധുര്യവും ഹൃദയത്തിൽ സംതൃപ്തിയും ഉണ്ടാകും, അവനോടൊപ്പം ഇരിക്കുന്നയാൾക്ക് അവനുമായി ഇണക്കം അനുഭവപ്പെടും. എന്നാൽ വ്യഭിചാരിയുടെ മുഖത്ത് അന്യതാബോധത്തിന്റെ ലക്ഷണങ്ങൾ ഉള്ളത് കാരണം അവനോടൊപ്പം ഇരിക്കുന്നയാൾക്ക് അസ്വസ്ഥത അനുഭവപ്പെടും.
മറ്റൊന്ന് ബഹുമാനക്കുറവാണ്; കാരണം അവന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും മറ്റുള്ളവർക്കും അവനോടുള്ള ബഹുമാനം നഷ്ടപ്പെടുകയും അവരുടെ മനസ്സിലും ദൃഷ്ടിയിലും അവൻ ഏറ്റവും നിന്ദ്യനായ വ്യക്തിയായി മാറുകയും ചെയ്യും. എന്നാൽ അന്തസ്സും മാധുര്യവും കൊണ്ട് അനുഗ്രഹിക്കപ്പെട്ട ചാരിത്രശുദ്ധിയുള്ള വ്യക്തി ഇതിൽനിന്ന് വ്യത്യസ്തമാണ്.
മറ്റൊന്ന്: ആളുകൾ അവനെ ഒരു വഞ്ചകനായിട്ടാണ് കണക്കാക്കുക. ഭാര്യയുടെയും കുട്ടികളുടെയും കാര്യത്തിൽ പോലും ആളുകൾ അവനെ അവിശ്വസിക്കും.
മറ്റൊന്ന്; അയാളിൽ നിന്ന് പുറത്തേക്കു വരുന്ന ദുർഗന്ധമാണ്. അത് ശുദ്ധ ഹൃദയരായ ഏതൊരാളും തിരിച്ചറിയും; അത് അയാളുടെ വായിൽനിന്നും ശരീരത്തിൽനിന്നും പുറത്തുവരും. സമാനരായ ആളുകൾക്കിടയിൽ ഇത് പങ്കു വെച്ചില്ലായിരുന്നെങ്കിൽ, അത് അതിന്റെ ഉടമയിൽ നിന്ന് പുറപ്പെട്ട് അവനെ വിളിച്ചു പറയുമായിരുന്നു: ‘എനിക്കുള്ള അതേ കാര്യമേ എല്ലാവർക്കുമുള്ളൂ. പക്ഷേ, അവർ പരസ്പരം അഭിമാനരോഷം കൊള്ളുകയും പരസ്പരം പഴി ചാരുകയും ചെയ്യുന്നു എന്ന് മാത്രം.’
മറ്റൊന്ന്: അയാൾക്ക് അസ്വസ്ഥതയും ദുഃഖവും അനുഭവപ്പെടും. കാരണം വ്യഭിചാരികൾക്ക് അവർ എന്ത് ഉദ്ദേശിച്ചോ, അതിനു വിപരീതമായിട്ടായിരിക്കും നേരിടേണ്ടി വരിക. ജീവിതത്തിലെ സുഖൈശ്വര്യങ്ങൾ അല്ലാഹു വിലക്കിയ കാര്യങ്ങൾ മുഖേനയാണ് ഒരാൾ നേടാൻ ആഗ്രഹിക്കുന്നതെങ്കിൽ, അവൻ നേടാൻ ശ്രമിക്കുന്നതിന്റെ വിപരീതം നൽകി അല്ലാഹു അവനെ ശിക്ഷിക്കും. കാരണം അല്ലാഹുവിന്റെ പക്കലുള്ളത് നേടാൻ അവനെ അനുസരിക്കുന്നതിലൂടെ മാത്രമേ സാധ്യമാകൂ. അല്ലാഹു ഒരിക്കലും അവനോടുള്ള അനുസരണക്കേടിനെ നന്മയ്ക്കുള്ള ഒരു കാരണമായി നിശ്ചയിച്ചിട്ടില്ല.
ചാരിത്ര്യശുദ്ധിയിൽ (പാതിവ്രത്യത്തിൽ) അടങ്ങിയിരിക്കുന്ന ആസ്വാദനവും സന്തോഷവും ഹൃദയ വിശാലതയും ജീവിതസൗഖ്യവും തെമ്മാടിയായ ഒരു വ്യക്തി അറിഞ്ഞിരുന്നെങ്കിൽ, അയാൾ ആസ്വദിച്ചതിനെക്കാൾ പലമടങ്ങ് വലുതാണ് അയാൾക്ക് നഷ്ടപ്പെട്ട ആനന്ദങ്ങൾ എന്ന് അയാൾ മനസ്സിലാക്കും. ചാരിത്രശുദ്ധിയുള്ളവന് പരലോകത്തുവെച്ച് ലഭിക്കാനിരിക്കുന്ന നേട്ടങ്ങളും അല്ലാഹുവിന്റെ പ്രതിഫലവും ആദരവും മുഖേനയുള്ള വിജയം വേറെയും.
മറ്റൊന്ന്: സ്വർഗപ്പൂന്തോപ്പുകളിലെ മനോഹരമായ വാസസ്ഥലങ്ങളിൽ ഹൂറുൽ ഐൻ മുഖേനയുള്ള സുഖവും ആനന്ദനവും നഷ്ടപ്പെടാൻ അത് കാരണമാകും എന്നതാണ്. ഈ ലോകത്ത് പട്ടുവസ്ത്രം ധരിക്കുന്നവർക്ക് അന്ത്യദിനത്തിൽ അത് നിഷേധിക്കപ്പെടുമെന്നും, ഈ ലോകത്ത് വീഞ്ഞ് കുടിക്കുന്നവർക്ക് അന്ത്യദിനത്തിൽ അത് നിഷേധിക്കപ്പെടുമെന്നും പറഞ്ഞതുപോലെ. ഈ ലോകത്ത് നിഷിദ്ധമായ കാര്യങ്ങൾ ആസ്വദിക്കുന്നവൻ മാത്രമല്ല ഈ ലോകത്ത് ഒരു ദാസൻ നേടുന്ന അനുവദനീയമായ കാര്യങ്ങളിൽ അവൻ വിശാലത കാണിച്ചുകൊണ്ട് അതിൽ തന്നെ അവൻ മുഴുകിയാൽ, അന്ത്യദിനത്തിൽ അവൻ ആസ്വദിച്ചതിനനുസരിച്ച് അവന്റെ ഓഹരി ചുരുങ്ങും. നിഷിദ്ധമായ ഉറവിടങ്ങളിൽനിന്നാണ് അയാൾക്ക് അത് ലഭിച്ചതെങ്കിൽ, ഉയിർത്തെഴുന്നേൽപിന്റെ നാളിൽ അയാൾക്ക് അത് പൂർണമായും നഷ്ടപ്പെടുകയും ചെയ്യും.
മറ്റൊന്ന്: ബന്ധവിച്ഛേദം, മാതാപിതാക്കളോടുള്ള അനുസരണക്കേട്, ഹറാമായ സമ്പാദ്യം, സഹജീവികളോട് അക്രമം കാണിക്കൽ, ഭാര്യയെയും കുട്ടികളെയും അവഗണിക്കൽ എന്നിവ അത് അനിവാര്യമാക്കും. മാത്രമല്ല, അത് ഒരു വ്യക്തിയെ അന്യായമായി രക്തം ചിന്തുന്നതിലേക്ക് നയിച്ചേക്കാം. സിഹ്ർ (മന്ത്രവാദം), ശിർക്ക് എന്നിവയിലൂടെ വ്യഭിചാരത്തിനായി അയാൾ സഹായം തേടിയേക്കാം. കൂടാതെ അയാൾ അറിഞ്ഞോ അറിയാതെയോ, ഈ പാപത്തിനു മുമ്പും അതിനോടൊപ്പവും മറ്റ് തരത്തിലുള്ള പാപങ്ങളുടെ അകമ്പടിയോടെ മാത്രമെ ഇത് പൂർത്തീകരിക്കപ്പെടുകയുള്ളൂ. മാത്രമല്ല, മറ്റ് പലതരം പാപങ്ങൾക്കും അത് ജന്മം നൽകും.
അതിനു മുമ്പും ശേഷവും വരുന്ന നിരവധി പാപങ്ങളാൽ അത് ചുറ്റപ്പെട്ടിരിക്കുന്നു. ഇഹത്തിലും പരത്തിലും തിന്മ വരുത്താനും നന്മ തടയപ്പെടാനും ഏറ്റവും സാധ്യതയുള്ള കാര്യമാണിത്. ഒരു വ്യക്തി അതിന്റെ കെണികളിലും പ്രലോഭനങ്ങളിലും അകപ്പെട്ടാൽ, ഗുണകാംക്ഷയുള്ള ആളുകൾക്ക് അവനെ രക്ഷിക്കാനും ഡോക്ടർമാർക്ക് അവനെ ചികിത്സിക്കാനും പ്രയാസമായിരിക്കും; അതിൽ അകപ്പെട്ട തടവുകാരനെ എളുപ്പത്തിൽ മോചനദ്രവ്യം നൽകി മോചിപ്പിക്കാൻ സാധ്യമല്ല. അതിന്റെ ഇരയെ രക്ഷിക്കാനും കഴിയില്ല. അത് അനുഗ്രഹങ്ങൾ നഷ്ടപ്പെടുന്നതിലേക്കും നയിക്കുന്നു. ഒരാൾ ഈ കെണിയിൽ അകപ്പെട്ടാൽ, അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ അവനെ വിട്ടുപോകും. അത് എളുപ്പത്തിൽ അകന്നുപോകുകയും അപ്രത്യക്ഷമാവുകയും ചെയ്യുന്ന ഒരു അതിഥിയെ പോലെയാണ്.
അല്ലാഹു പറഞ്ഞു:
إِنَّ ٱللَّهَ لَا يُغَيِّرُ مَا بِقَوْمٍ حَتَّىٰ يُغَيِّرُوا۟ مَا بِأَنفُسِهِمْ ۗ وَإِذَآ أَرَادَ ٱللَّهُ بِقَوْمٍ سُوٓءًا فَلَا مَرَدَّ لَهُۥ ۚ وَمَا لَهُم مِّن دُونِهِۦ مِن وَالٍ
ഏതൊരു ജനതയും തങ്ങളുടെ സ്വന്തം നിലപാടുകളിൽ മാറ്റം വരുത്തുന്നത് വരെ അല്ലാഹു അവരുടെ സ്ഥിതിക്ക് വ്യത്യാസം വരുത്തുകയില്ല; തീർച്ച. ഒരു ജനതയ്ക്ക് വല്ല ദോഷവും വരുത്താൻ അല്ലാഹു ഉദ്ദേശിച്ചാൽ അത് തട്ടിമാറ്റാനാവില്ല. അവന്നു പുറമെ അവർക്ക് യാതൊരു രക്ഷാധികാരിയുമില്ല. (അര്‍റഅ്ദ്: 11)
(ഇബ്‌നുൽ ക്വയ്യിം رحمة الله യുടെ روضة المحبين എന്ന ഗ്രന്ഥത്തിൽ നിന്നുള്ള ഭാഗത്തിന്റെ (പേജ്: 493-497) ആശയ വിവർത്തനം)
വിവര്‍ത്തനം : മുഹമ്മദ് സിയാദ് കണ്ണൂർ
www.kanzululoom.com