മനുഷ്യരെ അല്ലാഹു ആദരിച്ചിരിക്കുന്നു

അനേക ജീവജാലങ്ങളിലെ ഒരു സൃഷ്ടിയാണ് മനുഷ്യന്‍. അല്ലാഹു അവന്റെ ഒരു സൃഷ്ടിയായ മനുഷ്യന് അവന്റെ മറ്റ് സൃഷ്ടികളെ അപേക്ഷിച്ച് ഒരു ആദരവ് നൽകിയിട്ടുണ്ട്.

وَلَقَدْ كَرَّمْنَا بَنِىٓ ءَادَمَ وَحَمَلْنَٰهُمْ فِى ٱلْبَرِّ وَٱلْبَحْرِ وَرَزَقْنَٰهُم مِّنَ ٱلطَّيِّبَٰتِ وَفَضَّلْنَٰهُمْ عَلَىٰ كَثِيرٍ مِّمَّنْ خَلَقْنَا تَفْضِيلًا

തീര്‍ച്ചയായും ആദം സന്തതികളെ നാം ആദരിക്കുകയും, കടലിലും കരയിലും അവരെ നാം വാഹനത്തില്‍ കയറ്റുകയും, വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന് നാം അവര്‍ക്ക് ഉപജീവനം നല്‍കുകയും, നാം സൃഷ്ടിച്ചിട്ടുള്ളവരില്‍ മിക്കവരെക്കാളും അവര്‍ക്ക് നാം സവിശേഷമായ ശ്രേഷ്ഠത നല്‍കുകയും ചെയ്തിരിക്കുന്നു. (ഖുര്‍ആന്‍: 17/70)

പ്രമാണങ്ങളുടെ ആശയങ്ങളും തെളിവുകളുടെ അറിയിപ്പുകളം നിരീക്ഷിക്കുന്നവന് മനുഷ്യന് അല്ലാഹുവില്‍നിന്നുള്ള ആദരവ് രണ്ട് നിലക്കാണെന്ന് കണ്ടെത്താനാവും.

(ഒന്ന്) تكريم العام  (തക്‌രീമുന്‍ ആമ്മ് – പൊതുവായുള്ള ആദരവ്)

ഇമാം ക്വുര്‍ത്വുബി رحمه الله പറഞ്ഞു:

وهذه الكرامة يدخل فيها خلقهم على هذه الهيئة في امتداد القامة وحسن الصورة ، وحملهم في البر والبحر مما لا يصح لحيوان سوى بني آدم أن يكون يتحمل بإرادته وقصده وتدبيره . وتخصيصهم بما خصهم به من المطاعم والمشارب والملابس ، وهذا لا يتسع فيه حيوان اتساع بني آدم ; لأنهم يكسبون المال خاصة دون الحيوان ، ويلبسون الثياب ويأكلون المركبات من الأطعمة . وغاية كل حيوان يأكل لحما نيئا أو طعاما غير مركب .

നീണ്ടുനിവര്‍ന്ന് നല്ല രൂപത്തിലായുള്ള അവരുടെ സൃഷ്ടിപ്പും കരയിലും കടലിലും അവരെ വഹിക്കലും ഈ ആദരവില്‍ ഉള്‍പ്പെടുന്നു. മനുഷ്യനൊഴികെ മറ്റൊരു ജീവിക്കും യാഥാര്‍ഥ്യമായിട്ടില്ലാത്തതാണെല്ലോ ഇത്. തന്റെ ഉദ്ദേശ്യത്തിനും വിചാരത്തിനും ആസൂത്രണത്തിനുമനുസരിച്ച് ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുകയെന്നതും അവര്‍ക്കു പ്രത്യേകമായ ഭക്ഷണങ്ങള്‍, പാനീയങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ കൊണ്ട് അവരെ സവിശേഷമാക്കി എന്നതും ഈ ആദരവില്‍ ഉള്‍പ്പെടുന്നു. ഇവകളില്‍ മനുഷ്യര്‍ക്ക് സൗകര്യം നല്‍കപ്പെട്ടതു പോലെ ഒരു മൃഗത്തനും സൗകര്യം നല്‍കപ്പെട്ടിട്ടില്ലല്ല. കാരണം മനുഷ്യര്‍ സ്വത്ത് സമ്പാദിക്കുന്നു; മൃഗങ്ങള്‍ സമ്പാദിക്കുന്നില്ല. അവര്‍ വസ്ത്രം ധരിക്കുന്നു. ഭക്ഷണങ്ങളില്‍നിന്ന് പാകം ചെയ്തത് ആഹരിക്കുകയും ചെയ്യുന്നു. വേവിക്കാത്ത മാംസമോ പാകം ചെയ്യാത്ത ഭക്ഷണമോ തിന്നുവാനേ ഓരോ മൃഗത്തിനും കഴിയൂ.

ഇമാം ഇബ്‌നുകഥീര്‍ رحمه الله പറഞ്ഞു:

يخبر تعالى عن تشريفه لبني آدم وتكريمه إياهم في خلقه لهم على أحسن الهيئات وأكملها كما قال { لقد خلقنا الإنسان في أحسن تقويم } [ التين 4 ] أي يمشي قائما منتصبا على رجليه ويأكل بيديه وغيره من الحيوانات يمشي على أربع ويأكل بفمه وجعل له سمعا وبصرا وفؤادا يفقه بذلك كله وينتفع به ويفرق بين الأشياء ويعرف منافعها وخواصها ومضارها في الأمور الدنيوية والدينية

ഏറ്റവും നല്ലതും പരിപൂര്‍ണവുമായ ഘടനയില്‍ മനുഷ്യനെ സൃഷ്ടിച്ചതിലൂടെയുള്ള മനുഷ്യരോടുള്ള അല്ലാഹുവിന്റെ ബഹുമാനത്തെ കുറിച്ചും അവര്‍ക്കുള്ള അവന്റെ ആദരവിനെ കുറിച്ചും അവന്‍ പറയുന്നു: ‘തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടു കൂടി സൃഷ്ടിച്ചിരിക്കുന്നു’ (ഖുര്‍ആന്‍: 95/4). അഥവാ മനുഷ്യന്‍ തന്റെ ഇരുകാലുകളില്‍ നേരെ നിവര്‍ന്ന് നടക്കുകയും അവന്റെ ഇരുകരങ്ങള്‍ കൊണ്ട് തിന്നുകയും ചെയ്യുന്നു. മറ്റു മൃഗങ്ങളാകട്ടെ നാല് കാലുകളില്‍ നടക്കുകയും വായകൊണ്ടു തിന്നുകയും ചെയ്യുന്നു. അല്ലാഹു മനുഷ്യന് കേള്‍വിയും കാഴ്ചയും ഹൃദയവും നല്‍കി. അവകൊണ്ട് അവന്‍ ഗ്രഹിക്കുകയും ഉപകാരമെടുക്കുകയും കാര്യങ്ങള്‍ക്കിടയില്‍ വേര്‍തിരിക്കുകയും ഇഹപര വിഷയങ്ങളില്‍ അവയിലെ ഉപകാരങ്ങള്‍, സവിശേഷതകള്‍, ഉപദ്രവങ്ങള്‍, എന്നിവ അവന്‍ മനസിലാക്കുകയും ചെയ്യുന്നു.’

(രണ്ട്) تكريم الخاص (തക്‌രീമുന്‍ ഖാസ്വ് – പ്രത്യേകമായുള്ള ആദരവ്)

ഇസ്‌ലാമിലേക്ക് മാര്‍ഗമരുളിയും ലോകരക്ഷിതാവിന് വഴിപ്പെടുവാന്‍ ഉദവിയേകിയുമുള്ള ആദരവാകുന്നു അത്. ഇതത്രെ യഥാര്‍ഥ ആദരവും സമ്പൂര്‍ണ പ്രതാപവും ഇഹത്തിലും പരത്തിലുമുള്ള നിത്യസൗഭാഗ്യവും. കാരണം ഇസ്‌ലാമാകുന്നു അന്തസ്സിന്റെയും ആഭിജാത്യത്തിന്റെയും പുരോഗതിയുടെയും നേര്‍ജീവിതത്തിന്റെയും ആദര്‍ശമായ അല്ലാഹുവിന്റെ മതം. അല്ലാഹുവിനും അവന്റെ ദൂതനും സത്യവിശ്വാസികള്‍ക്കുമാണല്ലോ പ്രതാപം.

അല്ലാഹുവിന്റെ മഹത്ത്വത്തിനുമുന്നില്‍ വിനയാന്വിതമാകല്‍ കൊണ്ടും അവന്റെ വലിപ്പത്തിനു വിധേയാകല്‍ കൊണ്ടും അവന്റെ കല്‍പനകളെ പ്രാവര്‍ത്തികമാക്കല്‍കൊണ്ടും മാത്രമാണ് അന്തസ്സുണ്ടാവുക എന്നത് വ്യക്തമാക്കിക്കൊണ്ട് അല്ലാഹു പറയുന്നു:

أَلَمْ تَرَ أَنَّ ٱللَّهَ يَسْجُدُ لَهُۥ مَن فِى ٱلسَّمَٰوَٰتِ وَمَن فِى ٱلْأَرْضِ وَٱلشَّمْسُ وَٱلْقَمَرُ وَٱلنُّجُومُ وَٱلْجِبَالُ وَٱلشَّجَرُ وَٱلدَّوَآبُّ وَكَثِيرٌ مِّنَ ٱلنَّاسِ ۖ وَكَثِيرٌ حَقَّ عَلَيْهِ ٱلْعَذَابُ ۗ وَمَن يُهِنِ ٱللَّهُ فَمَا لَهُۥ مِن مُّكْرِمٍ ۚ إِنَّ ٱللَّهَ يَفْعَلُ مَا يَشَآءُ

ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും, സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും പര്‍വതങ്ങളും വൃക്ഷങ്ങളും ജന്തുക്കളും മനുഷ്യരില്‍ കുറെ പേരും അല്ലാഹുവിന് പ്രണാമം അര്‍പിച്ചുകൊണ്ടിരിക്കുന്നു എന്ന് നീ കണ്ടില്ലേ? (വേറെ) കുറെ പേരുടെ കാര്യത്തില്‍ ശിക്ഷ സ്ഥിരപ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹു വല്ലവനെയും അപമാനിതനാക്കുന്ന പക്ഷം അവനെ ബഹുമാനിക്കുവാന്‍ ആരും തന്നെയില്ല. തീര്‍ച്ചയായും അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത് ചെയ്യുന്നു. (ഖുര്‍ആന്‍: 22/18)

ഒരാള്‍ക്ക് വിശ്വാസം പുല്‍കുവാനുള്ള ഭാഗ്യം നല്‍കപ്പെടാതിരിക്കുകയും പരമകാരുണികന് വഴിപ്പെടുന്നത് അയാള്‍ സ്വയമേവ നിര്‍വഹിക്കുകയും ചെയ്തില്ലയെങ്കില്‍ അയാള്‍ അധമനും അനാദരണീയനുമാണ്. വാക്കിലും വിശ്വാസത്തിലും പ്രവൃത്തിയിലും ഈമാനിനുള്ള വിഹിതമെത്രയാണോ അതിനനുസരിച്ചാണ് ഒരു മനുഷ്യന് ആഭിജാത്യത്തിന്റെയും അപമാനത്തില്‍ നിന്നുള്ള സുരക്ഷിതത്വത്തിന്റെയും വിഹിതം. മതനിഷ്ഠയില്ലാതെ അന്തസ്സ് അന്വേഷിക്കുന്നവന്‍ നിന്ദ്യതയുടുക്കും. ഇസ്‌ലാമല്ലാത്തതില്‍ ആദരവ് ലക്ഷ്യമാക്കുന്നവന്‍ അപമാനം പേറും.

ഇവിടെ അറിയല്‍ അനിവാര്യമായ ഒന്നുണ്ട്. അഥവാ, ഒന്നാമത്തെ ഇനമായ തക്‌രീമുന്‍ ആമ്മ് രണ്ടാമത്തെ ഇനമായ തക്‌രീമുന്‍ ഖാസ്സ്വ് നേടുന്നതിനുള്ള കാരണങ്ങള്‍ യഥാവിധം നിര്‍വഹിക്കല്‍ മനുഷ്യന് അനിവാര്യമാണെന്നതാണത്. അഥവാ, അല്ലാഹുവിന് വഴിപ്പെടുന്ന മാര്‍ഗേണ തന്റെ കഴിവിനെ പരമാവധി വിനിയോഗിക്കുക, അല്ലാഹുവിന്റെ പ്രീതി നേടുന്ന വഴിയില്‍ തന്റെ അധ്വാനം സമര്‍പ്പിക്കുക എന്നത് സമ്പത്ത്, ആരോഗ്യം, സൗഖ്യം എന്നിവയാലും മറ്റും അല്ലാഹു ആദരിച്ച വ്യക്തിയുടെ ബാധ്യതയാ കുന്നു. ഇല്ലായെങ്കില്‍ ആ ആദരവിനെ കുറിച്ച് അന്ത്യനാളില്‍ അവനെ അല്ലാഹു ചോദ്യം ചെയ്യുന്നതാണ്.

عَنْ أَبِي هُرَيْرَةَ، قَالَ قَالُوا يَا رَسُولَ اللَّهِ هَلْ نَرَى رَبَّنَا يَوْمَ الْقِيَامَةِ قَالَ ‏”‏ هَلْ تُضَارُّونَ فِي رُؤْيَةِ الشَّمْسِ فِي الظَّهِيرَةِ لَيْسَتْ فِي سَحَابَةٍ ‏”‏ ‏.‏ قَالُوا لاَ ‏.‏ قَالَ ‏”‏ فَهَلْ تُضَارُّونَ فِي رُؤْيَةِ الْقَمَرِ لَيْلَةَ الْبَدْرِ لَيْسَ فِي سَحَابَةٍ ‏”‏ ‏.‏ قَالُوا لاَ ‏.‏ قَالَ ‏”‏ فَوَالَّذِي نَفْسِي بِيَدِهِ لاَ تُضَارُّونَ فِي رُؤْيَةِ رَبِّكُمْ إِلاَّ كَمَا تُضَارُّونَ فِي رُؤْيَةِ أَحَدِهِمَا

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അവര്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, ഞങ്ങള്‍ അന്ത്യനാളില്‍ ഞങ്ങളുടെ റബ്ബിനെ കാണുമോ?’ നബി ﷺ പറഞ്ഞു: ‘കാര്‍മേഘം ഇല്ലാത്ത ഉച്ച സമയത്ത് സൂര്യനെ കാണുന്നതില്‍ നിങ്ങള്‍ക്ക് വിഷമം ഉണ്ടാകുമോ? കാര്‍മേഘം ഇല്ലാത്ത പൗര്‍ണമിരാവില്‍ ചന്ദ്രനെ കാണുന്നതില്‍ നിങ്ങള്‍ക്ക് വിഷമം ഉണ്ടാകുമോ?’ അവര്‍ പറഞ്ഞു: ‘ഇല്ല.’ നബി ﷺ പറഞ്ഞു: ‘എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണ് സത്യം! അവ രണ്ടും കാണുന്നതില്‍ നിങ്ങള്‍ക്ക് വിഷമമില്ല എന്നത് പോലെ നിങ്ങളുടെ രക്ഷിതാവിനെ കാണുന്നതില്‍ നിങ്ങള്‍ക്ക് വിഷമം ഉണ്ടാവുകയില്ല.’

قَالَ – فَيَلْقَى الْعَبْدَ فَيَقُولُ أَىْ فُلْ أَلَمْ أُكْرِمْكَ وَأُسَوِّدْكَ وَأُزَوِّجْكَ وَأُسَخِّرْ لَكَ الْخَيْلَ وَالإِبِلَ وَأَذَرْكَ تَرْأَسُ وَتَرْبَعُ فَيَقُولُ بَلَى ‏.‏ قَالَ فَيَقُولُ أَفَظَنَنْتَ أَنَّكَ مُلاَقِيَّ فَيَقُولُ لاَ ‏.‏ فَيَقُولُ فَإِنِّي أَنْسَاكَ كَمَا نَسِيتَنِي ‏.

നബി ﷺ പറഞ്ഞു: അല്ലാഹു ദാസനെ കണ്ടുമുട്ടും. അല്ലാഹു പറയും: ‘അല്ലയോ മനുഷ്യാ, ഞാന്‍ നിന്നെ ആദരിക്കുകയും നേതൃപദത്തിലാക്കുകയും വിവാഹം കഴിപ്പിക്കുകയും നിനക്ക് കുതിരകളെയും ഒട്ടകങ്ങളെയും കീഴ്‌പ്പെടുത്തിത്തരുകയും ‘ഭരിക്കുവാനും ലാഭം കൊയ്യുവാനും നിന്നെ വിട്ടേക്കുകയും ചെയ്തില്ലേ?’ ദാസന്‍ പറയും: ‘അതെ.’ അല്ലാഹു പറയും: ‘എന്നിട്ട് എന്നെ കണ്ടുമുട്ടേണ്ടിവരും എന്ന് നീ കരുതിയോ?’ ദാസന്‍ പറയും: ‘ഇല്ല. അല്ലാഹു’ പറയും: ‘നിശ്ചയം ഞാന്‍ നിന്നെ കയ്യൊഴിക്കുന്നു; നീ എന്നെ വിസ്മരിച്ച തുപോലെ.’

ثُمَّ يَلْقَى الثَّانِيَ فَيَقُولُ أَىْ فُلْ أَلَمْ أُكْرِمْكَ وَأُسَوِّدْكَ وَأُزَوِّجْكَ وَأُسَخِّرْ لَكَ الْخَيْلَ وَالإِبِلَ وَأَذَرْكَ تَرْأَسُ وَتَرْبَعُ فَيَقُولُ بَلَى أَىْ رَبِّ ‏.‏ فَيَقُولُ أَفَظَنَنْتَ أَنَّكَ مُلاَقِيَّ فَيَقُولُ لاَ ‏.‏ فَيَقُولُ فَإِنِّي أَنْسَاكَ كَمَا نَسِيتَنِي ‏.‏

ശേഷം അല്ലാഹു രണ്ടാമത് ഒരു ദാസനെ കണ്ടുമുട്ടും. അല്ലാഹു പറയും: ‘അല്ലയോ മനുഷ്യാ, ഞാന്‍ നിന്നെ ആദരിക്കുകയും നേതൃപദത്തിലാക്കുകയും വിവാഹം കഴിപ്പിക്കുകയും നിനക്ക് കുതിരകളേയും ഒട്ടകങ്ങളേയും കീഴ്‌പ്പെടുത്തിത്തരുകയും ഭരിക്കുവാനും ലാഭം കൊയ്യുവാനും നിന്നെ വിട്ടേക്കുകയും ചെയ്തില്ലേ?’ ദാസന്‍ പറയും: ‘രക്ഷിതാവേ, അതെ.’ അല്ലാഹു പറയും: ‘എന്നിട്ടും എന്നെ കണ്ടുമുട്ടേണ്ടിവരും എന്ന് നീ കരുതിയോ?’ ദാസന്‍ പറയും: ‘ഇല്ല.’ അല്ലാഹു പറയും: ‘നിശ്ചയം ഞാന്‍ നിന്നെ കയ്യൊഴിക്കുന്നു; നീ എന്നെ വിസ്മരിച്ചതുപോലെ.’

ثُمَّ يَلْقَى الثَّالِثَ فَيَقُولُ لَهُ مِثْلَ ذَلِكَ فَيَقُولُ يَا رَبِّ آمَنْتُ بِكَ وَبِكِتَابِكَ وَبِرُسُلِكَ وَصَلَّيْتُ وَصُمْتُ وَتَصَدَّقْتُ ‏.‏ وَيُثْنِي بِخَيْرٍ مَا اسْتَطَاعَ فَيَقُولُ هَا هُنَا إِذًا

ശേഷം അല്ലാഹു മൂന്നാമത് ഒരു ദാസനെ കണ്ടുമുട്ടും. അല്ലാഹു, അയാളോടും അതുപോലെ പറയും. ദാസന്‍ പറയും: ‘രക്ഷിതാവേ, ഞാന്‍ നിന്നെയും നിന്റെ വേദഗ്രന്ഥത്തെയും ദൂതന്മാരെയും വിശ്വസിച്ചംഗീകരിക്കുകയും നമസ്‌കരിക്കുകയും നോമ്പെടുക്കുകയും ദാനം നല്‍കുകയും ചെയ്തു.’ അയാള്‍ക്ക് സാധ്യമാം വിധം അയാള്‍ സ്വന്തത്തെ പ്രശംസിച്ചു പറയും. അപ്പോള്‍ അല്ലാഹു പറയും: ‘എങ്കില്‍ (നീ ജല്‍പിച്ചതിനെതിരില്‍ സാക്ഷ്യം സ്ഥിരീകരിക്കുവാന്‍) നീ ഇവിടെ നില്‍ക്കുക.’

قَالَ – ثُمَّ يُقَالُ لَهُ الآنَ نَبْعَثُ شَاهِدَنَا عَلَيْكَ ‏.‏ وَيَتَفَكَّرُ فِي نَفْسِهِ مَنْ ذَا الَّذِي يَشْهَدُ عَلَىَّ فَيُخْتَمُ عَلَى فِيهِ وَيُقَالُ لِفَخِذِهِ وَلَحْمِهِ وَعِظَامِهِ انْطِقِي فَتَنْطِقُ فَخِذُهُ وَلَحْمُهُ وَعِظَامُهُ بِعَمَلِهِ وَذَلِكَ لِيُعْذِرَ مِنْ نَفْسِهِ ‏.‏ وَذَلِكَ الْمُنَافِقُ وَذَلِكَ الَّذِي يَسْخَطُ اللَّهُ عَلَيْهِ ‏”‏ ‏.

ശേഷം അയാളോട് പറയപ്പെടും: ‘ഇപ്പോള്‍ നിന്റെ മേല്‍ നമ്മുടെ സാക്ഷിയെ ഞാന്‍ നിയോഗിക്കും.’ അയാളാകട്ടെ എന്റെമേല്‍ സാക്ഷി പറയുന്നവന്‍ ആരായിരിക്കുമെന്ന് തന്റെ മനസ്സില്‍ ആലോചിക്കും. അങ്ങനെ അയാളുടെ വായക്ക് മുദ്രവെക്കപ്പെടും. അയാളുടെ തുടയോടും മാംസത്തോടും എല്ലിനോടും പറയപ്പെടും: ‘സംസാരിക്കൂ.’ അതോടെ അയാളുടെ തുടയും മാംസവും എല്ലുകളും സംസാരിക്കും. അല്ലാഹു തന്റെ ഭാഗത്തുനിന്നുള്ള ഒഴിവുകഴിവ് കാണിക്കുന്നതിനു വേണ്ടിയാണത്. കപടവിശ്വാസിയാകുന്നു അയാള്‍. ആ വ്യക്തിയോടത്രേ അല്ലാഹു കോപിക്കുക. (മുസ്‌ലിം:2968)

ആരോഗ്യം, സൗഖ്യം, സമ്പത്ത്, പാര്‍പ്പിടം, ഭക്ഷണം, പാനീയം തുടങ്ങിയുള്ളവ കൊണ്ട് അല്ലാഹു മനുഷ്യനെ ആദരിച്ചതില്‍ അവന്‍ ചോദ്യം ചെയ്യപ്പെടുമെന്നതിനു ഈ ഹദീഥ് വ്യക്തമായ തെളിവാകുന്നു. കാരണം അല്ലാഹു അവനെ ആദരിച്ചത് അവന്‍ അല്ലാഹുവിന് വഴിപ്പെടുവാനും അവന്റെ പ്രീതിക്കായി പ്രവര്‍ത്തിക്കുവാനുമാണ്. അനുഗ്രഹത്തെ അനര്‍ഹമായ നിലയ്ക്ക് വിനിയോഗിച്ചാലും നേരല്ലാത്ത മാര്‍ഗത്തില്‍ ഉപയോഗിച്ചാലും അന്ത്യനാളില്‍ അതില്‍ മനുഷ്യന്‍ വിചാരണ ചെയ്യപ്പെടും.

 

അബ്ദുര്‍റസ്സാക്വ് അല്‍ബദര്‍ حَفِظَهُ اللَّهُ യുടെ تكريم الإسلام للمرأة എന്ന ഗ്രന്ഥത്തിൽ നിന്നും

 

 

www.kanzululoom.com

Share on facebook
Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on pocket

Leave a Reply

Your email address will not be published.