അഅ്‌റാഫിലെ ആളുകൾ

സ്വർഗ്ഗത്തിനും നരകത്തിനുമിടയിൽ അഅ്‌റാഫ് എന്ന് പേരുള്ള ഒരു സ്ഥലമുണ്ട്. അതൊരു ഉയർന്ന മതിലാണ്. അവിടെയുള്ളവർക്ക് സ്വർഗ്ഗക്കാരെയും നരകക്കാരെയും കാണാൻ സാധിക്കും. ഒടുവിൽ, അല്ലാഹു തന്റെ ഔദാര്യം കൊണ്ട് അവരെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കും; അവർ നരകത്തിൽ പ്രവേശിക്കുകയില്ല. അവരുടെ കാര്യത്തിൽ ഏറ്റവും പ്രബലമായ അഭിപ്രായം, അവരുടെ നന്മകളും തിന്മകളും തുല്യമായിപ്പോയ ആളുകളാണ് എന്നാണ്. സൂറ:അഅ്‌റാഫ് 46-49 ആയത്തുകളിൽ അവരെ കുറിച്ച് പരാമര്‍ശിക്കുന്നു. അല്ലാഹു പറയുന്നു:

وَبَيْنَهُمَا حِجَابٌ ۚ وَعَلَى ٱلْأَعْرَافِ رِجَالٌ يَعْرِفُونَ كُلَّۢا بِسِيمَىٰهُمْ ۚ وَنَادَوْا۟ أَصْحَٰبَ ٱلْجَنَّةِ أَن سَلَٰمٌ عَلَيْكُمْ ۚ لَمْ يَدْخُلُوهَا وَهُمْ يَطْمَعُونَ

ആ രണ്ടു വിഭാഗത്തിനുമിടയില്‍ ഒരു തടസ്സം ഉണ്ടായിരിക്കും. അഅ്റാഫിൽ (ഉന്നത സ്ഥലങ്ങളില്‍) ചില ആളുകളുണ്ടായിരിക്കും. ഓരോ വിഭാഗത്തെയും അവരുടെ ലക്ഷണം മുഖേന അവര്‍ തിരിച്ചറിയും. സ്വര്‍ഗാവകാശികളോട് അവര്‍ വിളിച്ചുപറയും: നിങ്ങള്‍ക്കു സമാധാനമുണ്ടായിരിക്കട്ടെ. അവര്‍ (ഉയരത്തുള്ളവര്‍) അതില്‍ (സ്വര്‍ഗത്തില്‍) പ്രവേശിച്ചിട്ടില്ല. അവര്‍ (അത്‌) ആശിച്ചുകൊണ്ടിരിക്കുകയാണ്‌. (ഖു൪ആന്‍:7/46)

ആ രണ്ടിനുമിടയില്‍ (وَبَيْنَهُمَا) എന്നു പറഞ്ഞതു, സ്വര്‍ഗ്ഗക്കാരുടെയും നരകക്കാരുടെയും ഇടയില്‍ എന്ന അര്‍ത്ഥത്തിലും, സ്വര്‍ഗ്ഗത്തിനും നരകത്തിനുമിടയില്‍ എന്ന അര്‍ത്ഥത്തിലുമാവാം. രണ്ടായാലും സാരത്തില്‍ ഒന്നുതന്നെ. മറ (حِجَابٌ) കൊണ്ടുദ്ദേശ്യം സ്വര്‍ഗ്ഗത്തിനും നരകത്തിനുമിടയിലുള്ള അതിര്‍ത്തി മറയത്രെ. (അമാനി തഫ്സീര്‍)

ക്വിയാമത്തുനാളില്‍ സത്യവിശ്വാസികള്‍ക്കു പ്രകാശം ലഭിച്ചിരിക്കുന്നതു കാണുമ്പോള്‍, കപട വിശ്വാസികള്‍ ഞങ്ങളെയും ഗൗനിക്കണേ എന്നപേക്ഷിച്ചുകൊണ്ട് അല്‍പം പ്രകാശം നല്‍കുവാന്‍ ആവശ്യപ്പെടുമെന്നും, സത്യവിശ്വാസികള്‍ അവരോടു നിങ്ങൾ മടങ്ങിപ്പോയി വല്ല പ്രകാശവും ലഭിക്കുമോ എന്നു നോക്കിക്കൊള്ളണമെന്നു മറുപടി പറയുമെന്നും സൂറ: ഹദീദില്‍ പ്രസ്താവിക്കുന്നുണ്ട്. അതിനെ തുടര്‍ന്ന് അല്ലാഹു പറയുന്നു:

فَضُرِبَ بَيْنَهُم بِسُورٍ لَّهُۥ بَابُۢ بَاطِنُهُۥ فِيهِ ٱلرَّحْمَةُ وَظَٰهِرُهُۥ مِن قِبَلِهِ ٱلْعَذَابُ

അപ്പോള്‍ അവര്‍ക്കിടയില്‍ ഒരു മതില്‍ കൊണ്ട് മറയുണ്ടാക്കപ്പെടുന്നതാണ്‌. അതിന് ഒരു വാതിലുണ്ടായിരിക്കും. അതിന്‍റെ ഉള്‍ഭാഗത്താണ് കാരുണ്യമുള്ളത്‌. അതിന്‍റെ പുറഭാഗത്താകട്ടെ ശിക്ഷയും. (ഖു൪ആന്‍:57/13)

മുന്‍കാലത്തു പട്ടണങ്ങളുടെയും, രാജ്യങ്ങളുടെയും അതിര്‍ത്തികളില്‍ ചുറ്റുപുറവും വമ്പിച്ച മതിലുകള്‍ കെട്ടി സുരക്ഷിതമാക്കുക പതിവുണ്ടായിരുന്നു. അതിനുള്ള പേരാണ് سُور (അതിര്‍ത്തിമറ – അതിര്‍ത്തിമതില്‍). ഇങ്ങനെയുള്ള ഒരു അതിര്‍ത്തിമറ സ്വര്‍ഗ്ഗത്തിനും നരകത്തിനുമിടക്കും ഉണ്ടെന്നു സാരം. ഈ അതിര്‍ത്തിമറയെ ഉദ്ദേശിച്ചാണു ‘അഅ്റാഫ്’ എന്നു പറഞ്ഞതെന്നു സാമാന്യമായി പറയാം. അകലെനിന്നു തെളിഞ്ഞുകാണത്തക്കവണ്ണം പൊന്തിനില്‍ക്കുന്ന മേടും കുന്നും പോലെയുള്ളതിനെല്ലാം പറയപ്പെടുന്ന വാക്കാണു ‘عُرْف’ (ഉര്‍ഫ്). (അമാനി തഫ്സീര്‍)

{الْأَعْرَافُ} لَا مِنَ الْجَنَّةِ وَلَا مِنَ النَّارِ، يُشْرِفُ عَلَى الدَّارَيْنِ، وَيَنْظُرُ مَنْ عَلَيْهِ حَالَ الْفَرِيقَيْنِ، وَعَلَى هَذَا الْحِجَابِ رِجَالٌ يَعْرِفُونَ كُلًّا مِنْ أَهْلِ الْجَنَّةِ وَالنَّارِ بِسِيمَاهُمْ،

{അഅ്റാഫ്}അവർ സ്വർഗ്ഗത്തിലുമല്ല, നരകത്തിലുമല്ല. അവർ ഇരുഭവനങ്ങളെയും (സ്വർഗ്ഗത്തെയും നരകത്തെയും) വീക്ഷിച്ചുകൊണ്ട് ഉയർന്ന സ്ഥാനത്തിരിക്കുന്നു. അവിടെയിരുന്ന് ഇരുവിഭാഗത്തിന്റെയും അവസ്ഥകൾ അവർ നോക്കിക്കാണുന്നു. ഈ മതിലിന് മുകളിൽ ചില ആളുകളുണ്ട്; അവർ സ്വർഗ്ഗാവകാശികളെയും നരകാവകാശികളെയും അവരുടെ അടയാളങ്ങൾ  കൊണ്ട് തിരിച്ചറിയുന്നു. (തഫ്സീറുസ്സഅ്ദി)

അവിടെ വെച്ച് അവർ വളരെ ഭയാനകമായ ഒരുകാഴ്ച കാണും:

وَإِذَا صُرِفَتْ أَبْصَٰرُهُمْ تِلْقَآءَ أَصْحَٰبِ ٱلنَّارِ قَالُوا۟ رَبَّنَا لَا تَجْعَلْنَا مَعَ ٱلْقَوْمِ ٱلظَّٰلِمِينَ

അവരുടെ ദൃഷ്ടികള്‍ നരകാവകാശികളുടെ നേരെ തിരിക്കപ്പെട്ടാല്‍ അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ നീ അക്രമികളായ ജനങ്ങളുടെ കൂട്ടത്തിലാക്കരുതേ. (ഖു൪ആന്‍:7/47)

സ്വർഗ്ഗവാസികളെ കാണുമ്പോൾ അഅ്‌റാഫിൽ ഉള്ളവർക്ക് അവരോടൊപ്പം സ്വർഗ്ഗത്തിൽ ചേരാൻ അതിയായ ആഗ്രഹമുണ്ടാകുന്നു. അവർ സ്വർഗ്ഗവാസികളെ അഭിവാദ്യം ചെയ്യുകയും അവർക്ക് സമാധാനം നേരുകയും ചെയ്യുന്നു. എന്നാൽ, അവരുടെ ദൃഷ്ടികൾ നരകവാസികളിലേക്ക് തിരിയുമ്പോൾ, നരകവാസികളുടെ ആ ഭയാനകമായ അവസ്ഥയിൽ നിന്ന് അല്ലാഹുവിന്റെ കാവൽ അവർ തേടുകയും ചെയ്യുന്നു.

നരകത്തിൽ അവര്‍ കണ്ട ചിലര്‍ക്ക് ഇഹലോകത്ത് വലിയ പ്രതാപവും ഉന്നത പദവിയും, സ്വത്തുക്കളും സന്താനങ്ങളും ഉണ്ടായിരുന്നു. എന്നാൽ അവരെ ശിക്ഷയിൽ ഒറ്റപ്പെട്ടവരായി, സഹായികളോ രക്ഷകരോ ഇല്ലാതെ കണ്ടപ്പോൾ അഅ്‌റാഫിലുള്ളവർ അവരോട് ചോദിച്ചു:

وَنَادَىٰٓ أَصْحَٰبُ ٱلْأَعْرَافِ رِجَالًا يَعْرِفُونَهُم بِسِيمَىٰهُمْ قَالُوا۟ مَآ أَغْنَىٰ عَنكُمْ جَمْعُكُمْ وَمَا كُنتُمْ تَسْتَكْبِرُونَ ‎

ഉയര്‍ന്ന സ്ഥലങ്ങളിലുള്ളവര്‍ ലക്ഷണം മുഖേന അവര്‍ക്ക് തിരിച്ചറിയാവുന്ന ചില ആളുകളെ വിളിച്ചുകൊണ്ട് പറയും: നിങ്ങള്‍ ശേഖരിച്ചിരുന്നതും, നിങ്ങള്‍ അഹങ്കരിച്ചിരുന്നതും നിങ്ങള്‍ക്കെന്തൊരു പ്രയോജനമാണ് ചെയ്തത്‌?  (ഖു൪ആന്‍:7/48)

ഇഹലോകത്ത് ദരിദ്രരും അശക്തരുമായിരുന്ന, നരകവാസികൾ പരിഹസിച്ചിരുന്ന ഇപ്പോൾ സ്വര്‍ഗത്തിൽ പ്രവേശിച്ചിട്ടുള്ള ചിലരെ അഅ്‌റാഫിലുള്ളവർ നരകക്കാര്‍ക്ക് ചൂണ്ടിക്കാണിച്ചു. എന്നിട്ട് നരകവാസികളോട് അവർ പറഞ്ഞു:

أَهَٰٓؤُلَآءِ ٱلَّذِينَ أَقْسَمْتُمْ لَا يَنَالُهُمُ ٱللَّهُ بِرَحْمَةٍ ۚ ٱدْخُلُوا۟ ٱلْجَنَّةَ لَا خَوْفٌ عَلَيْكُمْ وَلَآ أَنتُمْ تَحْزَنُونَ ‎

ഇക്കൂട്ടരെപ്പറ്റിയാണോ അല്ലാഹു അവര്‍ക്കൊരു കാരുണ്യവും നല്‍കുകയില്ലെന്ന് നിങ്ങള്‍ സത്യം ചെയ്ത് പറഞ്ഞത്‌? (എന്നാല്‍ അവരോടാണല്ലോ) നിങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക, നിങ്ങള്‍ യാതൊന്നും ഭയപ്പെടേണ്ടതില്ല, നിങ്ങള്‍ ദുഃഖിക്കേണ്ടി വരികയുമില്ല. (എന്ന് പറയപ്പെട്ടിരിക്കുന്നത്‌!) (ഖു൪ആന്‍:7/49)

عن ابن مسعود قال يحاسب الناس يوم القيامة ، فمن كانت حسناته أكثر من سيئاته بواحدة دخل الجنة ، ومن كانت سيئاته أكثر من حسناته بواحدة دخل النار . ثم قرأ قول الله : {فَمَن ثَقُلَتْ مَوَٰزِينُهُۥ فَأُو۟لَٰٓئِكَ هُمُ ٱلْمُفْلِحُونَ ‎﴿١٠٢﴾‏ وَمَنْ خَفَّتْ مَوَٰزِينُهُۥ فَأُو۟لَٰٓئِكَ ٱلَّذِينَ خَسِرُوٓا۟ أَنفُسَهُمْ فِى جَهَنَّمَ خَٰلِدُونَ ‎﴿١٠٣﴾} [ المؤمنون : 102 ، 103 ] ثم قال : إن الميزان يخف بمثقال حبة ويرجح ، قال : ومن استوت حسناته وسيئاته كان من أصحاب الأعراف ، فوقفوا على الصراط ، ثم عرفوا أهل الجنة وأهل النار ، فإذا نظروا إلى أهل الجنة نادوا : سلام عليكم ، وإذا صرفوا أبصارهم إلى يسارهم نظروا أصحاب النار قالوا : ( ربنا لا تجعلنا مع القوم الظالمين ) فتعوذوا بالله من منازلهم . قال : فأما أصحاب الحسنات ، فإنهم يعطون نورا فيمشون به بين أيديهم وبأيمانهم ، ويعطى كل عبد يومئذ نورا ، وكل أمة نورا ، فإذا أتوا على الصراط سلب الله نور كل منافق ومنافقة . فلما رأى أهل الجنة ما لقي المنافقون قالوا : ( ربنا أتمم لنا نورنا ) [ التحريم : 8 ] . وأما أصحاب الأعراف ، فإن النور كان في أيديهم فلم ينزع ، فهنالك يقول الله تعالى : ( لم يدخلوها وهم يطمعون ) فكان الطمع دخولا . قال : وقال ابن مسعود : على أن العبد إذا عمل حسنة كتب له بها عشر ، وإذا عمل سيئة لم تكتب إلا واحدة . ثم يقول : هلك من غلبت واحدته أعشاره .

ഇബ്നു മസ്ഊദ് رَضِيَ اللهُ عَنْهُ പറയുന്നു: “ക്വിയാമത്തുനാളിൽ ജനങ്ങളെ വിചാരണ ചെയ്യപ്പെടും. അപ്പോൾ ആരുടെ നന്‍മകള്‍ അവന്റെ തിന്‍മകളെക്കാള്‍ അല്‍പമെങ്കിലും അധികമായോ അവന്‍ സ്വര്‍ഗ്ഗത്തിലും, ആരുടെ തിന്‍മകള്‍ അവന്റെ നന്‍മകളെക്കാള്‍ അല്‍പമെങ്കിലും അധികമായോ അവന്‍ നരകത്തിലും പ്രവേശിക്കും.” ശേഷം അദ്ധേഹം പാരായണം ചെയ്തു: {അപ്പോള്‍ ആരുടെ സല്‍കര്‍മ്മങ്ങളുടെ തൂക്കങ്ങള്‍ ഘനമുള്ളതായോ അവര്‍ തന്നെയാണ് വിജയികള്‍. ആരുടെ സല്‍കര്‍മ്മങ്ങളുടെ തൂക്കങ്ങള്‍ ലഘുവായിപ്പോയോ അവരാണ് ആത്മനഷ്ടം പറ്റിയവര്‍, നരകത്തില്‍ നിത്യവാസികള്‍. 23/102-103}. എന്നിട്ടു പറഞ്ഞു: “അപ്പോള്‍, ആരുടെ നന്മകളും തിന്മകളും സമമായോ അവരാണു ‘അഅ്റാഫി’ന്റെ ആള്‍ക്കാര്‍. അവര്‍ സ്വര്‍ഗ്ഗക്കാരെയും, നരകക്കാരെയും നോക്കി അറിയും. സ്വര്‍ഗ്ഗക്കാരെ നോക്കുമ്പോള്‍ അവര്‍ക്കു ‘സലാം’ പറയും. നരകക്കാരിലേക്കു നോക്കുമ്പോള്‍, “റബ്ബേ, ഞങ്ങളെ അക്രമികളുടെ കൂടെ ആക്കരുതേ” എന്നു പ്രാര്‍ത്ഥിക്കുകയും ചെയ്യും. അതുകൊണ്ട് അവരുടെ (നരകവാസികളുടെ) താമസസ്ഥലങ്ങളിൽ  നിന്ന് അല്ലാഹുവിനോട് നിങ്ങൾ കാവൽ ചോദിക്കുവിൻ. അദ്ധേഹം പറഞ്ഞു:സൽകർമ്മങ്ങൾ ചെയ്തവര്‍ക്ക്, ഒരു പ്രകാശം നൽകുന്നതാണ്. ആ പ്രകാശവുമായി അവർ തങ്ങളുടെ മുന്നിലും വലതുവശത്തുമായി നീങ്ങിക്കൊണ്ടിരിക്കും. അന്ന് ഓരോ അടിമയ്ക്കും, ഓരോ സമുദായത്തിനും പ്രത്യേകം പ്രകാശം നൽകപ്പെടും. എന്നാൽ അവർ സിറാത്ത് പാലത്തിലെത്തുമ്പോൾ, ഓരോ കപടവിശ്വാസിയുടെയും കപടവിശ്വാസിനിയുടെയും പ്രകാശത്തെ അല്ലാഹു എടുത്തുമാറ്റുന്നതാണ്. അപ്പോൾ കപടവിശ്വാസികൾക്ക് നേരിട്ട ഈ അവസ്ഥ കണ്ടപ്പോൾ സ്വര്‍ഗത്തിന്റെ ആളുകൾ ഇങ്ങനെ പ്രാർത്ഥിക്കും:{ഞങ്ങളുടെ റബ്ബേ, ഞങ്ങളുടെ പ്രകാശം ഞങ്ങള്‍ക്കു നീ പൂര്‍ത്തീകരിച്ച് തരേണേ 66/8}അദ്ധേഹം പറഞ്ഞു: “അഅ്റാഫിലെ ആള്‍ക്കാരുടെ പ്രകാശം അവരുടെ കൈകളിലായിരുന്നു, അത് എടുത്തുമാറ്റപ്പെട്ടില്ല. ഈ സന്ദര്‍ഭത്തെപ്പറ്റിയാണു “അവരതില്‍ പ്രവേശിച്ചിട്ടില്ല, അവര്‍ അതിനു മോഹിക്കുന്നു” എന്നു പറഞ്ഞിരിക്കുന്നത്. അങ്ങനെ, അവരുടെ മോഹം (അവസാനം സ്വര്‍ഗ്ഗത്തിലേക്കുള്ള) പ്രവേശനം തന്നെ ആയിത്തീരും. പിന്നീടു അദ്ദേഹം പറഞ്ഞു: ‘ഒരാള്‍ ഒരു നന്മ ചെയ്‌താല്‍ അവനു പത്തു നന്‍മ രേഖപ്പെടുത്തപ്പെടുന്നു. ഒരു തിന്‍മ ചെയ്‌താല്‍ ഒരു തിന്‍മ മാത്രമേ രേഖപ്പെടുത്തുകയുള്ളു. എന്നിട്ടും ആരുടെ ആ ‘ഒന്നു’കള്‍ അവന്റെ ‘പത്തു’കളെ കവച്ചുവെക്കുന്നുവോ അവന്‍ നാശമടഞ്ഞതു തന്നെ. (ഇബ്നു ജരീര്‍)

واختلفت عبارات المفسرين في أصحاب الأعراف من هم ، وكلها قريبة ترجع إلى معنى واحد ، وهو أنهم قوم استوت حسناتهم وسيئاتهم . نص عليه حذيفة ، وابن عباس ، وابن مسعود ، وغير واحد من السلف والخلف ، رحمهم الله .

അഅ്റാഫിലെ ആള്‍ക്കാരെപ്പറ്റി വ്യാഖ്യാതാക്കാളുടെ പ്രസ്താവനകള്‍ വ്യത്യസ്ത രൂപത്തിലാണുള്ളത്. അവയെല്ലാം ഒരേ സാരത്തില്‍ കലാശിക്കുന്നു. അതായതു, നന്‍മകളും തിന്‍മകളും സമമായ ആളുകളാണ് അവര്‍ എന്നത്രെ അത്. ഹുദൈഫ , ഇബ്നു അബ്ബാസ്, ഇബ്നു മസ്ഊദ് എന്നീ സ്വഹാബികളും (رضي الله عنهم), മുന്‍ഗാമികളിലും പിന്‍ഗാമികളിലുമുള്ള അനേകം ആളുകളും വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളതും അതാണ്‌.’ (ഇബ്നുജരീര്‍)

وَاخْتَلَفَ أَهْلُ الْعِلْمِ وَالْمُفَسِّرُونَ مَنْ هُمْ أَصْحَابُ الْأَعْرَافِ وَمَا أَعْمَالُهُمْ؟ وَالصَّحِيحُ مِنْ ذَلِكَ أَنَّهُمْ قَوْمٌ تَسَاوَتْ حَسَنَاتُهُمْ وَسَيِّئَاتُهُمْ فَلَا رَجَحَتْ سَيِّئَاتُهُمْ فَدَخَلُوا النَّارَ وَلَا رَجَحَتْ حَسَنَاتُهُمْ فَدَخَلُوا الْجَنَّةَ فَصَارُوا فِي الْأَعْرَافِ مَا شَاءَ اللَّهُ ثُمَّ إِنَّ اللَّهَ تَعَالَى يُدْخِلُهُمْ بِرَحْمَتِهِ الْجَنَّةَ فَإِنَّ رَحْمَتَهُ تَسْبِقُ وَتَغْلِبُ غَضَبَهُ وَرَحْمَتُهُ وَسِعَتْ كُلَّ شَيْءٍ .

ആരാണ് അഅ്‌റാഫിലുണ്ടായിരുന്നവർ എന്നും, എന്തായിരുന്നു അവരുടെ കർമ്മങ്ങൾ എന്നും ഉള്ള വിഷയത്തിൽ പണ്ഡിതന്മാർക്കും ഖുർആൻ വ്യാഖ്യാതാക്കൾക്കും ഇടയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ട്. ഇക്കാര്യത്തിൽ ഏറ്റവും പ്രബലമായ അഭിപ്രായം ഇതാണ്: അവരുടെ നന്മകളും തിന്മകളും തുല്യമായ ഒരു വിഭാഗമാണിത്. അതിനാൽ അവരുടെ തിന്മകൾ ഭാരമേറി അവർ നരകത്തിൽ പ്രവേശിച്ചില്ല; അതുപോലെ അവരുടെ നന്മകൾ ഭാരമേറി അവർ സ്വർഗ്ഗത്തിലും പ്രവേശിച്ചില്ല. അങ്ങനെ അല്ലാഹു ഉദ്ദേശിക്കുന്ന കാലത്തോളം അവർ അഅ്‌റാഫിൽ (മതിലിൽ) കഴിയുന്നു. പിന്നീട്, അല്ലാഹു തന്റെ കാരുണ്യത്താൽ അവരെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കും. തീർച്ചയായും അല്ലാഹുവിന്റെ കാരുണ്യം അവന്റെ കോപത്തെക്കാൾ മുന്തിനിൽക്കുന്നതും അതിനെ അതിജയിക്കുന്നതുമാണ്. അവന്റെ കാരുണ്യം എല്ലാ വസ്തുക്കളെയും ഉൾക്കൊള്ളുന്നതുമാണ്. (തഫ്സീറുസ്സഅ്ദി)

മറ്റുള്ളവരോടൊപ്പം ആദ്യം സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചിട്ടില്ലെങ്കിലും പിന്നീടു അല്ലാഹുവിന്റെ കാരുണ്യം കൊണ്ടും ഔദാര്യം കൊണ്ടും സ്വര്‍ഗ്ഗത്തില്‍ പ്രവേശനം നല്‍കപ്പെടുന്നവരാണു ‘അഅ്റാഫിലെ ആളുകൾ’ എന്നു മനസ്സിലാക്കാം.

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *