സൗമ്യത സത്യവിശ്വാസിയുടെ അടയാളം

മറ്റുള്ളവരെല്ലാം നമ്മോട് സൗമ്യമായി പെരുമാറണമെന്നാണ് നമ്മളെല്ലാം ആഗ്രഹിക്കുന്നത്. എന്നാൽ മറ്റുള്ളവരോട് സൗമ്യമായി പെരുമാറാൻ നമുക്ക് കഴിയുന്നുണ്ടോ? വളരെ ഗൗരവത്തോടെ സത്യവിശ്വാസികൾ ഇക്കാര്യം ആലോചിക്കേണ്ടതുണ്ട്.

സത്യവിശ്വാസികള്‍ സൗമ്യതയുള്ളവരായിരിക്കണം. സൗമ്യത സത്യവിശ്വാസിയുടെ അടയാളമാണ്.

عَنْ عَائِشَةَ، زَوْجِ النَّبِيِّ صلى الله عليه وسلم عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ :‏ إِنَّ الرِّفْقَ لاَ يَكُونُ فِي شَىْءٍ إِلاَّ زَانَهُ وَلاَ يُنْزَعُ مِنْ شَىْءٍ إِلاَّ شَانَهُ

ആയിശ رضي الله عنها വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സൗമ്യത , ഏത് കാര്യത്തിലായാലും അതിന് അലങ്കാരം തന്നെയാണ്. അത് നഷ്ടപ്പെടുന്നത് , ഏത് കാര്യത്തേയും വികൃതമാക്കുന്നതാണ്, തീർച്ച. (മുസ്‌ലിം: 2594)

رَكِبَتْ عَائِشَةُ بَعِيرًا فَكَانَتْ فِيهِ صُعُوبَةٌ فَجَعَلَتْ تُرَدِّدُهُ فَقَالَ لَهَا رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ عَلَيْكِ بِالرِّفْقِ‏

ആയിശ رضي الله عنها ഒരു ഒട്ടകപുറത്ത് കയറി സഞ്ചരിച്ചു. ഒട്ടകത്തിന് മെരുക്കം കുറവായിരുന്നു. ആയിശ رضي الله عنها അതിനെ ശക്തമായി വലിക്കാൻ തുടങ്ങി. അപ്പോൾ നബി ﷺ പറഞ്ഞു : “നീ സൗമ്യത കാണിക്കുക”. (മുസ്‌ലിം: 2594)

عَنْ عَائِشَةَ ـ رضى الله عنها ـ قَالَتِ اسْتَأْذَنَ رَهْطٌ مِنَ الْيَهُودِ عَلَى النَّبِيِّ صلى الله عليه وسلم فَقَالُوا السَّامُ عَلَيْكَ‏.‏ فَقُلْتُ بَلْ عَلَيْكُمُ السَّامُ وَاللَّعْنَةُ‏.‏ فَقَالَ ‏”‏ يَا عَائِشَةُ إِنَّ اللَّهَ رَفِيقٌ يُحِبُّ الرِّفْقَ فِي الأَمْرِ كُلِّهِ ‏”‏‏.‏ قُلْتُ أَوَلَمْ تَسْمَعْ مَا قَالُوا قَالَ ‏”‏ قُلْتُ وَعَلَيْكُمْ ‏”‏‏.‏

ആയിശ رضي الله عنها പറയുന്നു : യഹൂദികൾ നബി ﷺ യോട് السام عليكم (നിങ്ങൾക്ക് മരണമുണ്ടാവട്ടെ) എന്ന് സലാം പറയുമായിരുന്നു. ഇവർ പറയുന്നത് എന്താണെന്ന് മനസ്സിലാക്കിയപ്പോൾ ആയിശ رضي الله عنها പറഞ്ഞു :  عليكم السام واللعنة ( നിങ്ങൾക്ക് മരണവും ശാപവും ഉണ്ടാകട്ടെ.) ഇത് കേട്ടപ്പോൾ നബി ﷺ പറഞ്ഞു : ആയിശാ, (നീ സൗമ്യത കാണിക്ക്) അല്ലാഹു എല്ലാ കാര്യങ്ങളിലും സൗമ്യത ഇഷ്ടപ്പെടുന്നു. അപ്പോൾ ആയിഷ رضي الله عنها പറഞ്ഞു : അല്ലാഹുവിന്റെ പ്രവാചകരേ, അവർ പറയുന്നത് നിങ്ങൾ കേട്ടില്ലേ? നബി ﷺ പറഞ്ഞു : وعليكم (നിങ്ങൾക്കും ഉണ്ടാകട്ടെ) എന്ന്പറഞ്ഞ് അത് ഞാൻ അവർക്ക് തന്നെ മടക്കിയതും നീ കേട്ടില്ലേ. (ബുഖാരി: 6927)

عَنْ عَائِشَةَ، زَوْجِ النَّبِيِّ صلى الله عليه وسلم أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : يَا عَائِشَةُ إِنَّ اللَّهَ رَفِيقٌ يُحِبُّ الرِّفْقَ وَيُعْطِي عَلَى الرِّفْقِ مَا لاَ يُعْطِي عَلَى الْعُنْفِ وَمَا لاَ يُعْطِي عَلَى مَا سِوَاهُ

ആയിശ رضي الله عنها യില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലയൊ, ആഇശാ, അല്ലാഹു സൗമ്യനാണ്. അവന്‍ സൗമ്യത ഇഷ്ടപ്പെടുന്നു.പാരുഷ്യത്തിന് നല്‍കാത്തത് അവന്‍ സൗമ്യതക്ക് നല്‍കുന്നു. മറ്റൊന്നിനും നല്‍കാത്തത് അവന്‍ സൗമ്യതക്ക് നല്‍കും. ( മുസ്‌ലിം :2593)

قَالَ رَسُولُ اللَّهِ صلى الله عليه وسلم :‏ يَا عَائِشَةُ إِنَّ اللَّهَ يُحِبُّ الرِّفْقَ فِي الأَمْرِ كُلِّهِ

ആയിശ رضي الله عنها യില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിശ്ചയം, അല്ലാഹു സൗമ്യതയുള്ളവനും എല്ലാ കാര്യങ്ങളിലും സൗമ്യത ഇഷ്ടപ്പെടുന്നവനുമാണ്. (മുസ്‌ലിം: 2165)

عَنْ جَرِيرِ بْنِ عَبْدِ اللَّهِ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ إِنَّ اللَّهَ عَزَّ وَجَلَّ لَيُعْطِي عَلَى الرِّفْقِ مَا لَا يُعْطِي عَلَى الْخُرْقِ وَإِذَا أَحَبَّ اللَّهُ عَبْدًا أَعْطَاهُ الرِّفْقَ مَا مِنْ أَهْلِ بَيْتٍ يُحْرَمُونَ الرِّفْقَ إِلَّا قَدْ حُرِمُوا.

ജരീരിബ്നു അബ്ദില്ല رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിശ്ചയം, അല്ലാഹു രൂക്ഷമായ പെരുമാറ്റത്തിനു നല്‍കാത്തത് സൗമ്യതക്ക് നല്‍കുന്നു. ഒരു ദാസനെ അല്ലാഹു ഇഷ്ടപ്പെട്ടാല്‍ അല്ലാഹു അവന്  സൗമ്യമായ പ്രകൃതം  നല്‍കുന്നു. സൗമ്യത തടയപ്പെട്ട ഒരു കുടുംബവുമില്ല, നന്മകള്‍ തങ്ങള്‍ക്ക് തടയപ്പെടാതെ. (മുഅ്ജമുത്ത്വബ്‌റാനി, അല്‍ബാനി ഹസനുന്‍ലിഗയ്‌രിഹി എന്ന് വിശേഷിപ്പിച്ചു)

عَنْ عَائِشَةَ أُمِّ الْمُؤْمِنِينَ، قَالَ رَسُولُ اللَّهِ صلى الله عليه وسلم : أنَّه مَن أُعطِيَ حَظَّهُ مِنَ الرِّفْقِ؛ فقد أُعْطِيَ حَظَّه مِن خَيرِ الدُّنيا والآخِرَةِ

ഉമ്മുൽ മുഅ്മിനീൻ ആയിശ رضي الله عنها യില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആർക്ക് സൗമ്യതയെന്ന ഭാഗ്യം ലഭിച്ചുവോ ഇഹലോകത്തേയും പരലോകത്തേയും നന്മകൾ അവന് നൽകപ്പെട്ടു കഴിഞ്ഞു. (അഹ്‌മദ്-സ്വഹീഹു ത്തർഗീബ്)

عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ أَلاَ أُخْبِرُكُمْ بِمَنْ يَحْرُمُ عَلَى النَّارِ أَوْ بِمَنْ تَحْرُمُ عَلَيْهِ النَّارُ عَلَى كُلِّ قَرِيبٍ هَيِّنٍ لَيِّنٍ سَهْلٍ ‏ ‏

ഇബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഞാൻ നിങ്ങൾക്ക്, നരകത്തിന് നിഷിദ്ധമായവനെ, അല്ലങ്കിൽ, നരകം നിഷിദ്ധമായവനെ കുറിച്ച് അറിയിച്ചുതരാം. ജനങ്ങളോട് അടുപ്പവും സൗമ്യതയും നൈർമല്യവും വിട്ടുവീഴ്ചാമനഃസ്ഥിതിയുമുള്ള എല്ലാവർക്കും അത് നിഷിദ്ധമാണ്. (തിർമിദി: 2490)

عَنْ جَرِيرٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ :‏ مَنْ يُحْرَمِ الرِّفْقَ يُحْرَمِ الْخَيْرَ

ജരീർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സൗമ്യതയെ കൈവെടിഞ്ഞവൻ സർവ്വ നൻമകളും കൈവെടിഞ്ഞവനാണ്. (മുസ്‌ലിം : 2592)

‘പരുഷസ്വഭാവികളോട് അതേ പരുഷതയില്‍ പെരുമാറുകയല്ല വേണ്ടത്’ എന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. ക്രൂരനും മര്‍ദ്ദകനും സ്വേഛാധിപതിയുമായ ഫിര്‍ഔനിന്റെ അടുത്തേക്ക് അല്ലാഹു മൂസാനബിعليه السلام യെയും ഹാറൂന്‍ عليه السلام യെയും പറഞ്ഞയക്കുമ്പാള്‍ എങ്ങനെ പെരുമാറണമെന്ന് പറഞ്ഞുകൊടുക്കുന്നുണ്ട്:

ٱذْهَبَآ إِلَىٰ فِرْعَوْنَ إِنَّهُۥ طَغَىٰ ‎﴿٤٣﴾‏ فَقُولَا لَهُۥ قَوْلًا لَّيِّنًا لَّعَلَّهُۥ يَتَذَكَّرُ أَوْ يَخْشَىٰ ‎﴿٤٤﴾‏

നിങ്ങള്‍ രണ്ടുപേരും ഫിര്‍ഔന്റെ അടുത്തേക്ക് പോകുക. തീര്‍ച്ചയായും അവന്‍ അതിക്രമകാരിയായിരിക്കുന്നു. എന്നിട്ട് നിങ്ങള്‍ അവനോട് സൗമ്യമായ വാക്ക് പറയുക. അവന്‍ ഒരു വേള ചിന്തിച്ച് മനസ്സിലാക്കിയേക്കാം. അല്ലെങ്കില്‍ ഭയപ്പെട്ടുവെന്ന് വരാം. (ഖുർആൻ:20/43-44)

അല്ലാഹു സൗമ്യനാണ്, അവന്‍ സൗമ്യത ഇഷ്ടപ്പെടുന്നുവെന്നും നബി ﷺ പറഞ്ഞുവല്ലോ. ഈ ആയത്തിലും അതിന് തെളിവുണ്ട്.

وقرأ رجل عند يحيى بن معاذ هذه الآية : ( فقولا له قولا لينا ) فبكى يحيى ، وقال : إلهي هذا رفقك بمن يقول أنا الإله ، فكيف رفقك بمن يقول أنت الإله ؟! .

ഒരാള്‍ യഹ്‌യ ബ്ന് മുആദ് رحمه الله യുടെ അടുത്ത് ഈ ആയത്ത് പാരായണം ചെയ്തു. (എന്നിട്ട് നിങ്ങള്‍ അവനോട് സൗമ്യമായ വാക്ക് പറയുക. അവന്‍ ഒരു വേള ചിന്തിച്ചുമനസ്സിലാക്കിയേക്കാം. അല്ലെങ്കില്‍ ഭയപ്പെട്ടുവെന്ന് വരാം). അപ്പോഴേക്കും യഹ്‌യ ബിൻ മുആദ് رحمه الله കരയാൻ തുടങ്ങി, എന്നിട്ട് പറഞ്ഞു :ഇതാണ് എന്റെ ആരാധ്യൻ. “ഞാനാണ് ഇലാഹ്” എന്ന് പറയുന്ന ഒരുത്തനോടുള്ള നിന്‍റെ സൗമ്യതയാണ് ഇത്. അപ്പോള്‍ “നീയാണ് ഇലാഹ്” എന്ന് പറയുന്നവനോട് എങ്ങിനെ(യായിരിക്കും നിന്‍റെ സൗമ്യത). (തഫ്സീറുൽ ബഗ്‌വി)

മുഹമ്മദ് നബി ﷺ സൗമ്യതയുടെ   ആള്‍രൂപമായിരുന്നു.  വീട്ടുകാരോടും നാട്ടുകാരോടും വലിയവരോടും ചെറിയവരോടും മിത്രങ്ങളോടും ശത്രുക്കളോടും ജന്തുജാലങ്ങളോടുമെല്ലാം അവിടുന്ന് അനുപമമായ സൗമ്യത കാണിച്ചു.  നബി ﷺ യുടെ സൗമ്യതയെ പ്രകീര്‍ത്തിച്ചുകൊണ്ട് വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് കാണുക:

فَبِمَا رَحْمَةٍ مِّنَ ٱللَّهِ لِنتَ لَهُمْ ۖ وَلَوْ كُنتَ فَظًّا غَلِيظَ ٱلْقَلْبِ لَٱنفَضُّوا۟ مِنْ حَوْلِكَ ۖ فَٱعْفُ عَنْهُمْ وَٱسْتَغْفِرْ لَهُمْ وَشَاوِرْهُمْ فِى ٱلْأَمْرِ

(നബിയേ,) അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൌമ്യമായി പെരുമാറിയത്‌. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്‍റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞ് പോയിക്കളയുമായിരുന്നു. ആകയാല്‍ നീ അവര്‍ക്ക് മാപ്പുകൊടുക്കുകയും, അവര്‍ക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളില്‍ നീ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക. (ഖുർആൻ:3/159)

എല്ലാ കാര്യങ്ങളിലും സൗമ്യത അനിവാര്യമാണ്. വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലുമെല്ലാം സൗമ്യത കാണിക്കണം. ദഅ്​വാ രംഗത്തും സൗമ്യത വേണം.

قال الإمام عبد العزيز بن باز رحمه الله تعالىٰ : هذا العصر عصر الرفق والصبر والحكمة، وليس عصر الشدة، الناس أكثرهم في جهل، في غفلة إيثار للدنيا، فلا بد من الصبر، ولا بد من الرفق حتى تصل الدعوة، وحتى يبلغ الناس وحتى يعلموا، ونسأل الله للجميع الهداية .

ശൈഖ് ഇബ്നു ബാസ് رحمه الله പറഞ്ഞു: ഈ കാലം സൗമ്യതയുടേയും, ക്ഷമയുടേയും,ഹിക്മത്തിന്‍റേയും കാലമാണ്.കാഠിന്യത്തിന്‍റെ കാലമല്ല. ജനങ്ങള്‍ അധികവും വിവരക്കേടിലും,ദുനിയാവിന്‍റെ അശ്രദ്ധയിലുമാണ്. ജനങ്ങള്‍ക്ക് (ഈ) ദഅവത്ത് എത്തുകയും,അവര്‍ ഇത് മനസിലാക്കും വരെയും ക്ഷമയും,സൗമ്യതയും അനിവാര്യമാണ്. എല്ലാവര്‍ക്കും അല്ലാഹു വിനോട് നാം സന്‍മാര്‍ഗത്തെ ചോദിക്കുന്നു. [ فتاوىٰ نور على الدرب(٣٧٦/٨) ]

സൗമ്യതയും ഒരു വ്യക്തിയെ ഉത്തമനായ മനുഷ്യനാക്കുകയാണ് ചെയ്യുക. അയാളിലേക്ക് ആളുകള്‍ ആകൃഷ്ടരാകും. അയാെള ആളുകള്‍ ഇഷ്ടപ്പെടുകയും ചെയ്യും.

സൗമ്യത പുലർത്തുന്നവർക്ക് അവരുടെ ആവശ്യം പൂർണ്ണമായോ ചിലപ്പോൾ ഭാഗികമായോ  നേടിയെടുക്കാൻ കഴിയും. എന്നാൽ പരുഷത പുലർത്തുന്നവന് തന്റെ ആവശ്യം സാധിക്കാനേ കഴിയണമെന്നില്ല. ഇനി സാധിച്ചാൽ തന്നെയും കടുത്ത പ്രയാസത്തോടെയായിരിക്കും.

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *