രഹസ്യം പരസ്യമാക്കരുത്

ഹൃദയങ്ങള്‍ക്കുള്ളില്‍ ഒളിഞ്ഞു കിടക്കുന്ന, ആര്‍ക്കും കാണാനാകാത്ത സംഗതികള്‍ക്കാണ് രഹസ്യം എന്ന് പറയുന്നത്. അവയെ അവിടെതന്നെ ഒതുക്കി വെക്കാനും, ജനങ്ങളില്‍ നിന്ന് കാത്തുസൂക്ഷിക്കാനും സത്യവിശ്വാസികള്‍ക്ക് കഴിയണം. ‘രഹസ്യം കാത്തുസൂക്ഷിക്കുക’ എന്നത് ഒരു മുസ്ലിമിന് ഉണ്ടായിരിക്കേണ്ട അടിസ്ഥാനപരമായ സ്വഭാവ ഗുണങ്ങളില്‍ പെട്ടതാകുന്നു.

ആരെങ്കിലും ഏതെങ്കിലുമൊരു കാര്യം ഒരു വ്യക്തിയോടൊ, വ്യക്തികളോടൊ പറയുകയും, ആ കാര്യം പരസ്യപ്പെടുത്തരുതെന്ന് ആവശ്യപ്പെടുകയും ചെയ്താല്‍, ആ വ്യക്തികള്‍ പ്രസ്തുത കാര്യത്തെ രഹസ്യമായി സൂക്ഷിക്കാന്‍ ബാധ്യതപ്പെട്ടവരായി. അവ൪ പറയുന്ന ഒരു കാര്യം രഹസ്യ സ്വഭാവമുള്ളതാണൊ എന്നറിയാന്‍, ‘ഇത് രഹസ്യമാണ്’ എന്ന് നമ്മോടയാള്‍ പ്രത്യേകം പറയേണ്ടതില്ല. നബി ﷺ യുടെ ഒരു ഹദീസ് കാണുക.

عَنْ جَابِرِ بْنِ عَبْدِ اللَّهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : إِذَا حَدَّثَ الرَّجُلُ بِالْحَدِيثِ ثُمَّ الْتَفَتَ فَهِيَ أَمَانَةٌ ‏

ജാബിര്‍ ബ്നു അബ്ദില്ല(റ) വില്‍ നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: ഒരാള്‍ ഒരു വാര്‍ത്ത പറയുകയും അനന്തരം (മറ്റാരും കേള്‍ക്കരുതെന്ന നിലക്ക്) തിരിഞ്ഞുനോക്കുകയും ചെയ്താല്‍ അത് അമാനത്താണ്. (പരസ്യം ചെയ്യുവാന്‍ പാടില്ലാത്തതാണ്).’ (തിര്‍മിദി:1959)

അഥവാ ആരും കേള്‍ക്കരുതെന്ന് നിനച്ച് ഇടവും വലവും നോക്കി ഒരാള്‍ മറ്റൊരാളോട് സംസാരിച്ചാല്‍ പ്രസ്തുത സംസാരം സൂക്ഷിപ്പുസ്വത്തുപോലെ സൂക്ഷിക്കപ്പെടേണ്ട രഹസ്യമാണ്. അത് ഒരിക്കലും പരസ്യപ്പെടുത്താവതല്ല. രഹസ്യമാക്കി വെക്കേണ്ട ഒരു സംഗതി വെളിവാക്കി കഴിഞ്ഞാല്‍ അതിനെ പിന്നെ രഹസ്യമെന്നു പറയാവതല്ല.

മറ്റുളളവ൪ നമ്മോട് രഹസ്യമായി വെളിപ്പെടുത്തിയതുമാത്രമല്ല രഹസ്യം. മറ്റുള്ളവരോട് വെളിപ്പെടുത്താന്‍ പാടില്ലാത്ത നമ്മുടെ കാര്യങ്ങളും രഹസ്യത്തില്‍ പെടും. യൂസുഫ് നബി(അ) ദര്‍ശിച്ച സ്വപ്‌നം പിതാവ് യഅ്ക്വൂബ്(അ)ന്റെ ആജ്ഞപ്രകാരം അദ്ദേഹം രഹസ്യമാക്കിയതിനെക്കുറിച്ച് അല്ലാഹു പറയുന്നു:

إِذْ قَالَ يُوسُفُ لِأَبِيهِ يَٰٓأَبَتِ إِنِّى رَأَيْتُ أَحَدَ عَشَرَ كَوْكَبًا وَٱلشَّمْسَ وَٱلْقَمَرَ رَأَيْتُهُمْ لِى سَٰجِدِينَ – قَالَ يَٰبُنَىَّ لَا تَقْصُصْ رُءْيَاكَ عَلَىٰٓ إِخْوَتِكَ فَيَكِيدُوا۟ لَكَ كَيْدًا ۖ إِنَّ ٱلشَّيْطَٰنَ لِلْإِنسَٰنِ عَدُوٌّ مُّبِينٌ

യൂസുഫ്(അ) തന്റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം: എന്റെ പിതാവേ, പതിനൊന്ന് നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും എനിക്ക് സാഷ്ടാംഗം ചെയ്യുന്നതായി ഞാന്‍ സ്വപ്നം കണ്ടിരിക്കുന്നു. അദ്ദേഹം (പിതാവ്‌) പറഞ്ഞു: എന്റെ കുഞ്ഞുമകനേ, നിന്റെ സ്വപ്നം നീ നിന്റെ സഹോദരന്‍മാര്‍ക്ക് വിവരിച്ചു കൊടുക്കരുത്‌. അവര്‍ നിനക്കെതിരെ വല്ല തന്ത്രവും പ്രയോഗിച്ചേക്കും. തീര്‍ച്ചയായും പിശാച് മനുഷ്യന്റെ പ്രത്യക്ഷ ശത്രുവാകുന്നു.(ഖു൪ആന്‍:12/4-5)

തന്റെ സത്യവിശ്വാസ സ്വീകരണം രഹസ്യമാക്കിയ ഫിര്‍ഔന്‍ കുടുംബത്തിലെ വിശ്വാസിയെക്കുറിച്ച് അല്ലാഹു പറയുന്നു:

وَقَالَ رَجُلٌ مُّؤْمِنٌ مِّنْ ءَالِ فِرْعَوْنَ يَكْتُمُ إِيمَٰنَهُۥٓ أَتَقْتُلُونَ رَجُلًا أَن يَقُولَ رَبِّىَ ٱللَّهُ وَقَدْ جَآءَكُم بِٱلْبَيِّنَٰتِ مِن رَّبِّكُمْ ۖ وَإِن يَكُ كَٰذِبًا فَعَلَيْهِ كَذِبُهُۥ ۖ وَإِن يَكُ صَادِقًا يُصِبْكُم بَعْضُ ٱلَّذِى يَعِدُكُمْ ۖ إِنَّ ٱللَّهَ لَا يَهْدِى مَنْ هُوَ مُسْرِفٌ كَذَّابٌ

ഫിര്‍ഔന്റെ ആള്‍ക്കാരില്‍പെട്ട – തന്റെ വിശ്വാസം മറച്ചു വെച്ചുകൊണ്ടിരുന്ന – ഒരു വിശ്വാസിയായ മനുഷ്യന്‍ പറഞ്ഞു: എന്റെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിനാല്‍ നിങ്ങള്‍ ഒരു മനുഷ്യനെ കൊല്ലുകയോ? അദ്ദേഹം നിങ്ങള്‍ക്ക് നിങ്ങളുടെ രക്ഷിതാവിങ്കല്‍നിന്നുള്ള വ്യക്തമായ തെളിവുകള്‍ കൊണ്ടുവന്നിട്ടുണ്ട്. അദ്ദേഹം കള്ളംപറയുന്നവനാണെങ്കില്‍ കള്ളംപറയുന്നതിന്റെ ദോഷം അദ്ദേഹത്തിനു തന്നെയാണ്. അദ്ദേഹം സത്യം പറയുന്നവനാണെങ്കിലോ, അദ്ദേഹം നിങ്ങള്‍ക്ക് താക്കീതുനല്‍കുന്ന ചിലകാര്യങ്ങള്‍ (ശിക്ഷകള്‍)നിങ്ങളെ ബാധിക്കുകയും ചെയ്യും. അതിക്രമകാരിയും വ്യാജവാദിയുമായിട്ടുള്ള ഒരാളെയും അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച. (ഖു൪ആന്‍:40/28)

ഭാര്യഭ൪തൃ ബന്ധങ്ങളിലെ രഹസ്യം പരസ്യമാക്കുന്നതിനെ കുറിച്ച് നബി ﷺ പറഞ്ഞു:

عَنْ أَبِي سَعِيدٍ الْخُدْرِيِّ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّ مِنْ أَعْظَمِ الأَمَانَةِ عِنْدَ اللَّهِ يَوْمَ الْقِيَامَةِ الرَّجُلَ يُفْضِي إِلَى امْرَأَتِهِ وَتُفْضِي إِلَيْهِ ثُمَّ يَنْشُرُ سِرَّهَا

‏അബൂസഈദില്‍ ഖുദ്രിയ്യില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അന്ത്യനാളില്‍ അല്ലാഹുവിങ്കല്‍ അമാനത്തില്‍ പ്രധാനപ്പെട്ടത്, ഒരാള്‍ തന്റെ ഭാര്യയിലേക്ക് കൂടിച്ചേരുകയും ഭാര്യ അയാളിലേക്ക് കൂടിച്ചേരുകയും ചെയ്തതില്‍ പിന്നെ അവളുടെ രഹസ്യങ്ങള്‍ പരസ്യമാക്കുന്ന വ്യക്തിയാണ്. (മുസ്ലിം:1437)

عَنْ أَبِي سَعِيدٍ الْخُدْرِيِّ ـ رضى الله عنه ـ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‌‏: إِنَّ مِنْ أَعْظَمِ الأَمَانَةِ عِنْدَ اللَّهِ يَوْمَ الْقِيَامَةِ الرَّجُلَ يُفْضِي إِلَى امْرَأَتِهِ وَتُفْضِي إِلَيْهِ ثُمَّ يَنْشُرُ سِرَّهَا ‏

അബൂസഈദിൽ ഖുദ്‌രിയ്യി(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ പറഞ്ഞു: അന്ത്യനാളിൽ മനുഷ്യരിൽ വെച്ച് ഏറ്റവും ദുഷ്ടൻമാർ ഭാര്യയുമായി സംസർഗ്ഗത്തിലേർപ്പെട്ട ശേഷം ആ രഹസ്യം പ്രചരിപ്പിക്കുന്നവനത്രെ.
(അബൂദാവൂദ്: 4870)

قال الامام ابن عثيمين رحمه الله :إن ما يفعله بعض النساء من نقل أحاديث المنزل والحياة الزوجية إلى الأقارب والصديقات أمر محرم ولا يحل لامرأة أن تفشي سر بيتها أو حالها مع زوجها إلى أحد من الناس

ഇബ്നു ഉസൈമീൻ (റഹി) പറഞ്ഞു: ചില സ്ത്രീകൾ വീട്ടുവർത്തമാനങ്ങളും, ദാമ്പത്യ ജീവിത കാര്യങ്ങളും ബന്ധുക്കളിലേക്കും സുഹൃത്തുക്കളിലേക്കും എത്തിക്കുന്നു ഇത് ഹറാമായ കാര്യമാണ്. അവളുടെ വീട്ടിലെ രഹസ്യങ്ങളും , ഭർത്താവിനൊപ്പമുള്ള കാര്യങ്ങളും മറ്റൊരാളിലേക്കും വ്യാപിപ്പിക്കുവാൻ പാടുള്ളതല്ല. (فتاوى إسلامية (212/3)

രഹസ്യങ്ങള്‍ സൂക്ഷിക്കുന്നതിന്റെ അനിവാര്യതയെ അറിയിക്കുന്ന ഏതാനും ഹദീസുകള്‍ കാണുക:

عَنْ أَنَسٍ، قَالَ أَتَى عَلَىَّ رَسُولُ اللَّهِ صلى الله عليه وسلم وَأَنَا أَلْعَبُ مَعَ الْغِلْمَانِ – قَالَ – فَسَلَّمَ عَلَيْنَا فَبَعَثَنِي إِلَى حَاجَةٍ فَأَبْطَأْتُ عَلَى أُمِّي فَلَمَّا جِئْتُ قَالَتْ مَا حَبَسَكَ قُلْتُ بَعَثَنِي رَسُولُ اللَّهِ صلى الله عليه وسلم لِحَاجَةٍ ‏.‏ قَالَتْ مَا حَاجَتُهُ قُلْتُ إِنَّهَا سِرٌّ ‏.‏ قَالَتْ لاَ تُحَدِّثَنَّ بِسِرِّ رَسُولِ اللَّهِ صلى الله عليه وسلم أَحَدًا ‏.‏ قَالَ أَنَسٌ وَاللَّهِ لَوْ حَدَّثْتُ بِهِ أَحَدًا لَحَدَّثْتُكَ يَا ثَابِتُ ‏.‏

അനസ്(റ) പറയുന്നു: ‘ഞാന്‍ കുട്ടികളോടൊത്ത് കളിച്ചുകൊണ്ടിരിക്കെ അല്ലാഹുവിന്റെ തിരുദൂതര്‍ ﷺ എന്റെ അടുക്കല്‍ വന്നു. അവിടുന്ന് ഞങ്ങളോട് സലാം പറയുകയും എന്നെ ഒരു ആവശ്യത്തിനായി അയക്കുകയും ചെയ്തു. അതിനാല്‍ ഞാന്‍ ഉമ്മയുടെ അടുത്തെത്തുവാന്‍ വൈകി. ഞാന്‍ വന്നപ്പോള്‍ ഉമ്മ ചോദിച്ചു: ‘നിന്നെ വൈകിപ്പിച്ചത് എന്ത്?’ ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതര്‍ എന്നെ ഒരു ആവശ്യത്തിനായി അയച്ചു.’ ഉമ്മ ചോദിച്ചു: ‘എന്തായിരുന്നു തിരുമേനി ﷺ യുടെ ആവശ്യം?’ ഞാന്‍ പ്രതികരിച്ചു: ‘അത് രഹസ്യമാണ്.’ ഉമ്മ പറഞ്ഞു: തിരുദൂതരുടെ രഹസ്യം ആരോടും പറഞ്ഞുപോകരുത്.’ അനസ്(റ) പറയുന്നു: ‘സാബിത്, അല്ലാഹുവാണേ, വല്ലവരോടും ഞാന്‍ അത് പറഞ്ഞിരുന്നുവെങ്കില്‍ താങ്കളോട് ഞാന്‍ അത് പറയുമായിരുന്നു’. (മുസ്‌ലിം:2482)

أَنَّ عُمَرَ بْنَ الْخَطَّابِ حِينَ تَأَيَّمَتْ حَفْصَةُ بِنْتُ عُمَرَ مِنْ خُنَيْسِ بْنِ حُذَافَةَ السَّهْمِيِّ ـ وَكَانَ مِنْ أَصْحَابِ رَسُولِ اللَّهِ صلى الله عليه وسلم فَتُوُفِّيَ بِالْمَدِينَةِ ـ فَقَالَ عُمَرُ بْنُ الْخَطَّابِ أَتَيْتُ عُثْمَانَ بْنَ عَفَّانَ فَعَرَضْتُ عَلَيْهِ حَفْصَةَ فَقَالَ سَأَنْظُرُ فِي أَمْرِي‏.‏ فَلَبِثْتُ لَيَالِيَ ثُمَّ لَقِيَنِي فَقَالَ قَدْ بَدَا لِي أَنْ لاَ أَتَزَوَّجَ يَوْمِي هَذَا‏.‏ قَالَ عُمَرُ فَلَقِيتُ أَبَا بَكْرٍ الصِّدِّيقَ فَقُلْتُ إِنْ شِئْتَ زَوَّجْتُكَ حَفْصَةَ بِنْتَ عُمَرَ‏.‏ فَصَمَتَ أَبُو بَكْرٍ فَلَمْ يَرْجِعْ إِلَىَّ شَيْئًا، وَكُنْتُ أَوْجَدَ عَلَيْهِ مِنِّي عَلَى عُثْمَانَ، فَلَبِثْتُ لَيَالِيَ ثُمَّ خَطَبَهَا رَسُولُ اللَّهِ صلى الله عليه وسلم فَأَنْكَحْتُهَا إِيَّاهُ، فَلَقِيَنِي أَبُو بَكْرٍ فَقَالَ لَعَلَّكَ وَجَدْتَ عَلَىَّ حِينَ عَرَضْتَ عَلَىَّ حَفْصَةَ فَلَمْ أَرْجِعْ إِلَيْكَ شَيْئًا‏.‏ قَالَ عُمَرُ قُلْتُ نَعَمْ‏.‏ قَالَ أَبُو بَكْرٍ فَإِنَّهُ لَمْ يَمْنَعْنِي أَنْ أَرْجِعَ إِلَيْكَ فِيمَا عَرَضْتَ عَلَىَّ إِلاَّ أَنِّي كُنْتُ عَلِمْتُ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَدْ ذَكَرَهَا، فَلَمْ أَكُنْ لأُفْشِيَ سِرَّ رَسُولِ اللَّهِ صلى الله عليه وسلم وَلَوْ تَرَكَهَا رَسُولُ اللَّهِ صلى الله عليه وسلم قَبِلْتُهَا‏.‏

ഹഫ്‌സ്വ ബിന്‍ത് ഉമർ(റ)വിന്റെ ഭര്‍ത്താവ് ഖുനെയ്‌സ് ഇബ്‌നുഹുദാഫ മരണപ്പെട്ടതില്‍ പിന്നെ വിധവയായ ഹഫ്‌സ്വ(റ)യെ വിവാഹം കഴിപ്പിക്കുവാന്‍ ഉമര്‍(റ) ഉസ്മാന്‍(റ)വിനോട് സംസാരിച്ചു. ഉസ്മാന്‍(റ) അഭ്യര്‍ത്ഥന നിരസിച്ചു. ഉമര്‍(റ) അബൂബകറി(റ)നോട് അഭ്യര്‍ഥിച്ചു. എന്നാല്‍ അദ്ദേഹവും മൗനം ഭജിച്ചു; ഒന്നും പ്രതികരിച്ചില്ല. ഉസ്മാനോ(റ)ടുള്ളതിനെക്കാള്‍ വിഷമം ഉമറി(റ)നു അബൂബകറി(റ)നോടുണ്ടായിരുന്നു. പിന്നീട് ഹഫ്‌സ്വ(റ)യെ തിരുദൂതര്‍ ﷺ വിവാഹം കഴിച്ചു. ഉമര്‍(റ) പറയുന്നു: ‘അബൂബകര്‍ അതില്‍പിന്നെ എന്നെ കണ്ടുമുട്ടി. അദ്ദേഹം പറഞ്ഞു: ഹഫ്‌സ്വയെ വിവാഹം കഴിക്കുവാന്‍ എന്നോടഭ്യര്‍ഥിച്ച വേളയില്‍ ഞാന്‍ താങ്കോളോട് ഒന്നും പ്രതികരിക്കാത്തതില്‍ ഒരുവേള താങ്കള്‍ക്ക് എന്നോട് വിഷമം തോന്നിയേക്കും.’ ഞാന്‍ പറഞ്ഞു: ‘അതെ. എന്നാല്‍ താങ്കള്‍ എന്നോട് അഭ്യര്‍ഥിച്ചതിനോട് പ്രതികരിക്കുവാന്‍ എനിക്ക് തടസ്സമായത് അല്ലാഹുവിന്റെ തിരുദൂതര്‍ ﷺ ഹഫ്‌സ്വയെ അനുസ്മരിക്കുന്നത് ഞാന്‍ അറിഞ്ഞിരുന്നു എന്നതാണ്. ആയതിനാല്‍ തിരുദൂതരുടെ രഹസ്യം പരസ്യപ്പെടുത്തുന്നവനല്ല ഞാന്‍. ഹഫ്‌സ്വ(റ)യെ തിരുമേനി വിവാഹം കഴിച്ചില്ലായിരുന്നുവെങ്കില്‍ ഞാന്‍ അവരെ സ്വീകരിക്കുമായിരുന്നു” (ബുഖാരി:5122)

രഹസ്യം അമാനത്താണ്. അത് ജനങ്ങള്‍ക്കിടയില്‍ പരസ്യപ്പെടുത്തുന്നത് വഞ്ചനയാണ്.

عن أَنَسِ بْنِ مَالِك قَالَ مَا خَطَبَنَا نَبِيُّ اللَّهِ إِلاَّ قَالَ: لاَ إِيمَانَ لِمَنْ لاَ أَمَانَةَ لَهُ، وَلاَ دِينَ لِمَنْ لاَ عَهْدَ لَهُ

അനസിബ്നു മാലികില്‍(റ) നിന്ന് നിവേദനം: നബി ﷺ ഞങ്ങളോട് പ്രസംഗിക്കുമ്പോഴെല്ലാം ഇപ്രകാരം പറയുമായിരുന്നു: അമാനത്തില്ലാത്തവര്‍ക്ക് ഈമാനില്ല. കരാര്‍ പാലനമില്ലാത്തവര്‍ക്ക് ദീനുമില്ല. ( അഹ്മദ് – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

അലിയ്യ് ഇബ്‌നു അബീത്വാലിബ്(റ) പറഞ്ഞു: താങ്കളുടെ രഹസ്യം താങ്കളുടെ ബന്ധിയാകുന്നു. പ്രസ്തുത രഹസ്യം താങ്കള്‍ പറഞ്ഞുപോയാല്‍ താങ്കള്‍ അതിന്റെ ബന്ധിയായി.

ഉമര്‍ ഇബ്‌നു അബ്ദില്‍അസീസ്(റഹി) പറഞ്ഞു: ഹൃദയങ്ങള്‍ രഹസ്യങ്ങളുടെ സൂക്ഷിപ്പു സ്ഥലങ്ങളാകുന്നു. ചുണ്ടുകള്‍ അവയുടെ പൂട്ടുകളും നാവുകള്‍ താക്കോലുകളുമാകുന്നു. അതിനാല്‍ ഓരോ മനുഷ്യനും തന്റെ രഹസ്യത്തിന്റെ താക്കോല്‍ കാത്തുസൂക്ഷിക്കട്ടെ.

ഇമാം ഹസനുല്‍ബസ്വരി(റഹി) പറഞ്ഞു:താങ്കളുടെ സഹോദരന്റെ രഹസ്യം പരസ്യമാക്കല്‍ വഞ്ചനയാകുന്നു.

 

 

kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *