യഅ്ജൂജ് – മഅ്ജൂജിന്റെ പുറപ്പാട്

അന്ത്യനാളിന്റെ വലിയ അടയാളങ്ങളായി നബി ﷺ എണ്ണിയതില്‍ ഒന്നാണ് യഅ്ജൂജ് – മഅ്ജൂജിന്റെ പുറപ്പാട്. ഹുദൈഫതുബ്‌നു അസ്‌യദില്‍ ഗിഫാരിയില്‍(റ) നിന്ന് നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍, അന്ത്യനാള്‍ എപ്പോഴാണെന്ന ചോദ്യത്തിന് നബി ﷺ പറയുന്നത് കാണുക:

إِنَّهَا لَنْ تَقُومَ حَتَّى تَرَوْنَ قَبْلَهَا عَشْرَ آيَاتٍ. فَذَكَرَ الدُّخَانَ وَالدَّجَّالَ وَالدَّابَّةَ وَطُلُوعَ الشَّمْسِ مِنْ مَغْرِبِهَا وَنُزُولَ عِيسَى ابْنِ مَرْيَمَ صلى الله عليه وسلم وَيَأْجُوجَ وَمَأْجُوجَ وَثَلاَثَةَ خُسُوفٍ خَسْفٌ بِالْمَشْرِقِ وَخَسْفٌ بِالْمَغْرِبِ وَخَسْفٌ بِجَزِيرَةِ الْعَرَبِ وَآخِرُ ذَلِكَ نَارٌ تَخْرُجُ مِنَ الْيَمَنِ تَطْرُدُ النَّاسَ إِلَى مَحْشَرِهِمْ ‏.‏

തീ൪ച്ചയായും, പത്ത് അടയാളങ്ങള്‍ നിങ്ങള്‍ കാണുന്നതുവരെ അന്ത്യദിനം ഉണ്ടാവുകയില്ല. അതിനെ കുറിച്ച് അവിടുന്ന് അറിയിച്ചു : പുക, ദജ്ജാല്‍, ദാബ്ബത്ത്, സൂര്യന്‍ അതിന്റെ പടിഞ്ഞാറ് നിന്ന് ഉദിക്കല്‍, മര്‍യമിന്റെ പുത്രന്‍ ഈസായുടെ ഇറങ്ങല്‍, യഅ്ജൂജ് – മഅ്ജൂജ്, മൂന്ന് ഖസ്ഫുകള്‍, ഒന്ന് : പൌരസ്ത്യ ദേശത്ത്, രണ്ട് : പാശ്ചാത്യ ലോകത്ത്, മൂന്ന്: അറേബ്യന്‍ ഉപദ്വീപില്‍. അതില്‍ അവസാനത്തേത് യമനില്‍ നിന്ന് പുറപ്പെടുന്ന ഒരു തീയായിരിക്കും. അത് ആളുകളെ അവരുടെ മഹ്ശറിലേക്ക് ഒരുമിച്ച് കൂട്ടും. (മുസ്ലിം:2901)

യഅ്ജൂജും മഅ്ജൂജും ആരാണ് ?

യഅ്ജൂജ് – മഅ്ജൂജ് ആദം സന്തതികളില്‍ പെട്ടവരാണ്. നൂഹ് നബി(അ)യുടെ മകനായ യാഫേഥിന്റെ സന്താന പരമ്പരയില്‍ പെട്ടവരാണ് അവരെന്ന് പറയപ്പെടുന്നു. അവര്‍ മങ്കോളികളാണെന്നും താര്‍ത്താരികളാണെന്നുമെല്ലാം അഭിപ്രായപ്പെട്ടത് കാണാന്‍ കഴിയും. ഭൂഗോളത്തിന്റെ വടക്ക് കിഴക്ക് വിശാലമായ ഒരു തലമായിരുന്നു അവരുടെ വാസസ്ഥലം. വൃത്താകൃതിയിലുള്ള തല, ചെമ്പിച്ചതും പരുത്തതുമായ മുടി, ഉയ൪ന്ന നെറ്റിത്തടം, വീതിയും പരപ്പുമുള്ള മുഖം, പരുത്ത പുരികങ്ങള്‍, ചെറിയ കണ്ണുകള്‍, ചപ്പിയ മൂക്ക്, ഇടുങ്ങിയയും നീളം കൂടിയതുമായ ചെവികള്‍, ഇടത്തരം വലിപ്പമുള്ള ചുണ്ടുകള്‍, മഞ്ഞയിലേക്ക് ചാഞ്ഞ നിറം, ഇടത്തരം ഉയരം എന്നിവയെല്ലാം അവരുടെ പ്രത്യേകതകളാണ്. അവരുടെ എണ്ണം ധാരാളമായിരിക്കും.

മുഹമ്മദ് അമാനി മൗലവി (റഹി) പറയുന്നു: നൂഹ് നബിയുടെ മകനായ യാഫേഥിന്റെ സന്തതികളാണ് യഅ്ജൂജ് – മഅ്ജൂജ് (Gog and Magog) എന്നതില്‍, മുഫസ്സിറുകള്‍ക്കും ചരിത്രകാരന്‍മാര്‍ക്കുമിടയില്‍ പറയത്തക്ക അഭിപ്രായവ്യത്യാസമില്ല. താര്‍ത്താരിവര്‍ഗ്ഗക്കാര്‍ (التتار) യാജൂജും, മുഗിളവര്‍ഗ്ഗക്കാര്‍ (المغول) മാജൂജും ആണെന്നും, രണ്ടു കൂട്ടരും തുര്‍ക്കി (ترك) വര്‍ഗ്ഗത്തില്‍ ഉള്‍പ്പെട്ടവരാണെന്നുമുള്ളതിലും ഭിന്നാഭിപ്രായമില്ല. ഈ വര്‍ഗ്ഗങ്ങള്‍ – ഓരോ കാലത്തും ഓരോ സ്ഥലത്തുമായി – പല പേരിലും അറിയപ്പെട്ടിട്ടുണ്ട്. പൊതുവില്‍ ഇവരുടെ വാസസ്ഥലം ഉത്തരേഷ്യയാകുന്നു. തെക്കുഭാഗത്തു തിബത്തും ചൈനയും തുടങ്ങി വടക്കു ശാന്തസമുദ്രംവരെയും, പടിഞ്ഞാറു തുര്‍ക്കിസ്ഥാന്‍വരെയും അതു നീണ്ടുകിടകുന്നു. (അമാനി തഫ്സീ൪ – സൂറ: അല്‍ കഹ്ഫിന്റെ രണ്ടാം വിശദീകരണ കുറിപ്പില്‍ നിന്നും)

യഅ്‌ജൂജ്‌ മഅ്‌ജൂജ്‌ വിഭാഗങ്ങള്‍ ആദം സന്തതികളില്‍ പെട്ടവരാണെന്നതിനും അവരുടെ എണ്ണം ധാരാളമാണെന്നതിനും താഴെ പറയുന്ന ഹദീസില്‍ തെളിവുണ്ട്.

عَنْ أَبِي سَعِيدٍ الْخُدْرِيِّ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏”‏ يَقُولُ اللَّهُ تَعَالَى يَا آدَمُ‏.‏ فَيَقُولُ لَبَّيْكَ وَسَعْدَيْكَ وَالْخَيْرُ فِي يَدَيْكَ‏.‏ فَيَقُولُ أَخْرِجْ بَعْثَ النَّارِ‏.‏ قَالَ وَمَا بَعْثُ النَّارِ قَالَ مِنْ كُلِّ أَلْفٍ تِسْعَمِائَةٍ وَتِسْعَةً وَتِسْعِينَ، فَعِنْدَهُ يَشِيبُ الصَّغِيرُ، وَتَضَعُ كُلُّ ذَاتِ حَمْلٍ حَمْلَهَا، وَتَرَى النَّاسَ سُكَارَى، وَمَا هُمْ بِسُكَارَى، وَلَكِنَّ عَذَابَ اللَّهِ شَدِيدٌ ‏”‏‏.‏ قَالُوا يَا رَسُولَ اللَّهِ وَأَيُّنَا ذَلِكَ الْوَاحِدُ قَالَ ‏”‏ أَبْشِرُوا فَإِنَّ مِنْكُمْ رَجُلٌ، وَمِنْ يَأْجُوجَ وَمَأْجُوجَ أَلْفٌ ‏”‏‏.‏

അബൂസഈദില്‍ ഖുദ്’രിയ്യില്‍(റ) നിന്നും നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു (ഉയ൪ത്തെഴുന്നേല്‍പ്പ് നാളില്‍) പറയും: ഹേ, ആദമേ. അപ്പോള്‍ ആദം(അ) പറയും: അല്ലാഹുവേ, നിന്റെ വിളിക്ക് ഞാന്‍ ഉത്തരം നല്‍കിയിരിക്കുന്നു, ഞാന്‍ നിനക്ക് കീഴൊതുങ്ങിയിരിക്കുന്നു. എല്ലാ നന്‍മകളും നിന്റെ ഇരുകരങ്ങളിലാകുന്നു. അപ്പോള്‍ അല്ലാഹു പറയും: നരകത്തിലേക്കുള്ള സംഘത്തെ നിയോഗിക്കൂ. ആദം(അ) ചോദിക്കും: നരകത്തിലേക്കുള്ള സംഘം ഏതാണ് ? അല്ലാഹു പറയും: ഓരോ ആയിരത്തില്‍ നിന്നും തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പത് പേ൪. (ക്വിയാമത്ത് നാളില്‍) കുട്ടികള്‍ വൃദ്ധന്‍മാരായിപ്പോകും, ഗര്‍ഭവതിയായ ഏതൊരു സ്ത്രീയും തന്‍റെ ഗര്‍ഭത്തിലുള്ളത് പ്രസവിച്ചു പോകും, ജനങ്ങളെ മത്തുപിടിച്ചവരായി നിനക്ക് കാണുകയും ചെയ്യാം. (യഥാര്‍ത്ഥത്തില്‍) അവര്‍ ലഹരി ബാധിച്ചവരല്ല. പക്ഷെ, അല്ലാഹുവിന്‍റെ ശിക്ഷ കഠിനമാകുന്നു. സ്വഹാബികള്‍ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ഞങ്ങളിലെ ഒരുവന്‍ ആരാണ്? നബി ﷺ പറഞ്ഞു: നിങ്ങള്‍ (ഭയപ്പെടാതെ) സന്തോഷിച്ചു കൊള്ളുക, നിങ്ങളില്‍ നിന്നും ഒരാളും യഅ്ജൂജ്, മഅ്ജൂജില്‍ നിന്ന് ആയിരം ആളുകളും. (ബുഖാരി:3348)

യഅ്ജൂജ്, മഅ്ജൂജിന്റെ പടയോട്ടങ്ങള്‍

യഅ്ജൂജ്, മഅ്ജൂജ് വിഭാഗം ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവരായിരുന്നു. പ്രാമാണികരായ പല ചരിത്രകാരന്‍മാരും യഅ്ജൂജ്, മഅ്ജൂജിന്റെ സംഹാരികളായ ഏഴ് പുറപ്പാടുകളെ കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍ അവ൪ BC.500 ലെന്ന് പറയുന്ന ആക്രമണത്തെ കുറിച്ച് വിശുദ്ധ ഖു൪ആന്‍ സൂറ: അല്‍ കഹ്ഫിന്റെ 83-99 ആയത്തുകളില്‍ പരാമ൪ശിച്ചിട്ടുണ്ട്. അതിന്റെ ചുരുക്കം ഇപ്രകാരമാണ്:

സത്യവിശ്വാസിയും, നീതിമാനും, സല്‍ക്കര്‍മ്മിയുമായ ഒരു രാജാവായിരുന്നു ദുല്‍ഖര്‍നൈന്‍. അദ്ദേഹം കിഴക്കു പടിഞ്ഞാറന്‍ രാജ്യങ്ങളിലൂടെ യാത്ര നടത്തിയിരുന്നു. അദ്ദേഹം നടത്തിയ മൂന്ന് യാത്രകളെ കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ ഈ ആയത്തുകളില്‍ പ്രസ്താവിക്കുന്നുണ്ട്. മൂന്നാമത്തെ യാത്രയില്‍, അദ്ദേഹം രണ്ട് വലിയ മലകള്‍ക്കിടയിലുള്ള ഒരു പ്രദേശത്ത് എത്തി. അവിടെ താമസിക്കുന്ന ഒരു ജനവിഭാഗത്തെയും അദ്ദേഹം കാണുകയുണ്ടായി. ഈ രണ്ട് മലകള്‍ക്ക് ഇടയില്‍കൂടി, അപ്പുറത്തുനിന്ന് കടന്നുവരത്തക്ക ഒരു വഴിയുമുണ്ടായിരുന്നു. ഈ ചുരമാര്‍ഗ്ഗത്തില്‍ കൂടി യഅ്ജൂജ് – മഅ്ജൂജ് വര്‍ഗ്ഗക്കാര്‍ ഇവിടേക്ക് കടന്നുവന്ന് കൊള്ളയും, കവര്‍ച്ചയും നടത്തുകയും അക്രമങ്ങള്‍ നടത്തുകയും കുട്ടികളെ തട്ടിക്കൊണ്ട് പോകുകയും ജനങ്ങളില്‍ ഭീതി പടര്‍ത്തുകയും ചെയ്യുമായിരുന്നു. യഅ്ജൂജ് – മഅ്ജൂജിനെ കുറിച്ചും അവരുടെ ഉപദ്രവങ്ങളെക്കുറിച്ചും അവര്‍ ദുല്‍ഖര്‍നൈനിനോട് ആവലാതിപ്പെട്ടു. ഇനിയും അവര്‍ തങ്ങളെ കടന്നാക്രമിക്കാതിരിക്കാന്‍ അവര്‍ക്കും തങ്ങള്‍ക്കുമിടയില്‍ ഒരു മതില്‍ നിര്‍മ്മിച്ചു തരണമെന്നും അവര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അതിനുള്ള പ്രതിഫലം നല്‍കാമെന്നും അവര്‍ അദ്ദേഹത്തോട് പറഞ്ഞു. ഈ സന്ദ൪ഭം വിശുദ്ധ ഖു൪ആന്‍ ഉദ്ദരിക്കുന്നത് കാണുക:

قَالُوا۟ يَٰذَا ٱلْقَرْنَيْنِ إِنَّ يَأْجُوجَ وَمَأْجُوجَ مُفْسِدُونَ فِى ٱلْأَرْضِ فَهَلْ نَجْعَلُ لَكَ خَرْجًا عَلَىٰٓ أَن تَجْعَلَ بَيْنَنَا وَبَيْنَهُمْ سَدًّا

അവര്‍ പറഞ്ഞു: ഹേ, ദുല്‍ഖര്‍നൈന്‍, തീര്‍ച്ചയായും യഅ്ജൂജ് – മഅ്ജൂജ് വിഭാഗങ്ങള്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവരാകുന്നു. ഞങ്ങള്‍ക്കും അവര്‍ക്കുമിടയില്‍ താങ്കള്‍ ഒരു മതില്‍കെട്ട് ഉണ്ടാക്കിത്തരണമെന്ന വ്യവസ്ഥയില്‍ ഞങ്ങള്‍ താങ്കള്‍ക്ക് ഒരു കരം നിശ്ചയിച്ച് തരട്ടെയോ? (ഖു൪ആന്‍:18/94)

എന്നാല്‍ ദുല്‍ഖര്‍നൈന്‍ അവരുടെ സാമ്പത്തികമായ സഹായങ്ങളൊന്നും സ്വീകരിക്കാതെ തന്നെ അല്ലാഹു തനിക്ക് നല്‍കിയ അനുഗ്രഹത്തെ ഓര്‍ത്ത് ആ പീഢിതരെ സഹായിക്കാന്‍ തയ്യാറായി. എന്നാല്‍ ആ ഉദ്യമം അദ്ദേഹത്തിന് തനിച്ച് പൂര്‍ത്തിയാക്കല്‍ പ്രയാസകരമായിരുന്നു. അതിനാല്‍ അദ്ദേഹം അവരുടെ ശാരീരികമായ ശക്തിയുടെ സഹായം അവരോട് ആവശ്യപ്പെട്ടു.

قَالَ مَا مَكَّنِّى فِيهِ رَبِّى خَيْرٌ فَأَعِينُونِى بِقُوَّةٍ أَجْعَلْ بَيْنَكُمْ وَبَيْنَهُمْ رَدْمًا – ءَاتُونِى زُبَرَ ٱلْحَدِيدِ ۖ حَتَّىٰٓ إِذَا سَاوَىٰ بَيْنَ ٱلصَّدَفَيْنِ قَالَ ٱنفُخُوا۟ ۖ حَتَّىٰٓ إِذَا جَعَلَهُۥ نَارًا قَالَ ءَاتُونِىٓ أُفْرِغْ عَلَيْهِ قِطْرًا – فَمَا ٱسْطَٰعُوٓا۟ أَن يَظْهَرُوهُ وَمَا ٱسْتَطَٰعُوا۟ لَهُۥ نَقْبًا

അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവ് എനിക്ക് അധീനപ്പെടുത്തിത്തന്നിട്ടുള്ളത് (അധികാരവും, ഐശ്വര്യവും) (നിങ്ങള്‍ നല്‍കുന്നതിനെക്കാളും) ഉത്തമമത്രെ. എന്നാല്‍ (നിങ്ങളുടെ ശാരീരിക) ശക്തികൊണ്ട് നിങ്ങളെന്നെ സഹായിക്കുവിന്‍. നിങ്ങള്‍ക്കും അവര്‍ക്കുമിടയില്‍ ഞാന്‍ ബലവത്തായ ഒരു മതിലുണ്ടാക്കിത്തരാം. നിങ്ങള്‍ എനിക്ക് ഇരുമ്പുകട്ടികള്‍ കൊണ്ട് വന്ന് തരൂ. അങ്ങനെ ആ രണ്ട് പര്‍വ്വതപാര്‍ശ്വങ്ങളുടെ ഇട സമമാക്കിത്തീര്‍ത്തിട്ട് അദ്ദേഹം പറഞ്ഞു: നിങ്ങള്‍ കാറ്റൂതുക. അങ്ങനെ അത് (പഴുപ്പിച്ച്‌) തീ പോലെയാക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞു: നിങ്ങളെനിക്ക് ഉരുക്കിയ ചെമ്പ് കൊണ്ട് വന്നു തരൂ ഞാനത് അതിന്‍മേല്‍ ഒഴിക്കട്ടെ. പിന്നെ, ആ മതില്‍ക്കെട്ട് കയറിമറിയുവാന്‍ അവര്‍ക്ക് (യഅ്ജൂജ് – മഅ്ജൂജിന്ന്‌) സാധിച്ചില്ല. അതിന്ന് തുളയുണ്ടാക്കുവാനും അവര്‍ക്ക് സാധിച്ചില്ല. (ഖു൪ആന്‍:18/95-97)

ദുല്‍ഖര്‍നൈന്‍ ആവശ്യപ്പെട്ടത് പ്രകാരം അവര്‍ അദ്ദേഹത്തിന് ഇരുമ്പിന്റെ കട്ടികള്‍ കൊണ്ടുപോയി കൊടുത്തു. എന്നിട്ട് യഅ്ജൂജ്, മഅ്ജൂജ് വിഭാഗക്കാര്‍ ഇറങ്ങിവരാറുള്ള ആ രണ്ട് മലകള്‍ക്കിടയിലുള്ള വിടവില്‍ അവ നിരത്തിവെച്ചു. പിന്നീട് അദ്ദേഹം അവരോട് ആ ഇരുമ്പിന്‍ കട്ടികള്‍ പഴുത്ത് ഉരുകുന്ന അവസ്ഥ ആയിത്തീരുന്നതിനായി അതിലേക്ക് നന്നായി ഊതാന്‍ ആവശ്യപ്പെട്ടു. അപ്രകാരം അവര്‍ ചെയ്തു. ആ ഇരുമ്പിന്‍ കട്ടികള്‍ നന്നായി പഴുത്തതിന് ശേഷം അതിലേക്ക് ഉരുകിയ ചെമ്പ് ഒഴിക്കുന്നതിനായി അത് കൊണ്ടുവരാനും അദ്ദേഹം അവരോട് പറഞ്ഞു. അങ്ങനെ യാതൊരു വിടവും ഇല്ലാത്ത വിധം ഉരുകിയ ചെമ്പ് ആ ഇരുമ്പിന്‍ കട്ടികളെ ഭദ്രമാക്കി. അങ്ങനെ യഅ്ജൂജ്, മഅ്ജൂജിന് തകര്‍ക്കാന്‍ കഴിയാത്ത വിധം ശക്തമായ മതില്‍ക്കെട്ട് അദ്ദേഹം അവര്‍ക്ക് ഉണ്ടാക്കിക്കൊടുത്തു.

അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് യഅ്ജൂജ് – മഅ്ജൂജിന്റെ ഉപദ്രവം ദുല്‍ഖര്‍നൈനിയിലൂടെ തല്‍ക്കാലം തടയപ്പെട്ടു. എങ്കിലും അവര്‍ ആ കെട്ട് തക൪ത്ത് വീണ്ടും പുറത്ത് വരുന്ന ഒരു കാലമുണ്ടെന്നും അത് അല്ലാഹു നിശ്ചയിച്ചിട്ടുള്ളതാണെന്നും അദ്ദേഹം അവരെ ഓ൪മ്മിപ്പിച്ചു.

قَالَ هَٰذَا رَحْمَةٌ مِّن رَّبِّى ۖ فَإِذَا جَآءَ وَعْدُ رَبِّى جَعَلَهُۥ دَكَّآءَ ۖ وَكَانَ وَعْدُ رَبِّى حَقًّا

അദ്ദേഹം (ദുല്‍ഖര്‍നൈന്‍) പറഞ്ഞു: ഇത് എന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള കാരുണ്യമത്രെ. എന്നാല്‍ എന്‍റെ രക്ഷിതാവിന്‍റെ വാഗ്ദത്ത സമയം വന്നാല്‍ അവന്‍ അതിനെ തകര്‍ത്ത് നിരപ്പാക്കിക്കളയുന്നതാണ്‌. എന്‍റെ രക്ഷിതാവിന്‍റെ വാഗ്ദാനം യാഥാര്‍ത്ഥ്യമാകുന്നു. (ഖു൪ആന്‍:18/98)

ഇവിടെ ദുല്‍ഖര്‍നൈന്‍ ഓ൪മ്മിപ്പിച്ച ആ നിശ്ചിത സമയം (കെട്ട് തരിപ്പണമാകുകയും അവര്‍ പുറത്തു വരുകയും ചെയ്യുന്ന സമയം) അതായത് യഅ്ജൂജ് – മഅ്ജൂജിന്റെ വമ്പിച്ച പുറപ്പാട്, അന്ത്യനാളിനോട് അടുത്ത് അതിന്റെ അടയാളമായിട്ട് സംഭവിക്കുന്നതാണ്. ഇക്കാര്യം വിശുദ്ധ ഖു൪ആന്‍ സൂചിപ്പിച്ചിട്ടുള്ളത് കാണുക:

وَتَرَكْنَا بَعْضَهُمْ يَوْمَئِذٍ يَمُوجُ فِى بَعْضٍ ۖ وَنُفِخَ فِى ٱلصُّورِ فَجَمَعْنَٰهُمْ جَمْعًا

അന്ന്‌ അവരില്‍ ചിലര്‍ മറ്റുചിലരുടെ മേല്‍ തിരമാലകള്‍ പോലെ തള്ളിക്കയറുന്ന രൂപത്തില്‍ നാം വിട്ടേക്കുന്നതാണ്‌. കാഹളത്തില്‍ ഊതപ്പെടുകയും അപ്പോള്‍ നാം അവരെ ഒന്നിച്ച് ഒരുമിച്ചുകൂട്ടുകയും ചെയ്യും. (ഖു൪ആന്‍:18/99)

حَتَّىٰٓ إِذَا فُتِحَتْ يَأْجُوجُ وَمَأْجُوجُ وَهُم مِّن كُلِّ حَدَبٍ يَنسِلُونَ – وَٱقْتَرَبَ ٱلْوَعْدُ ٱلْحَقُّ فَإِذَا هِىَ شَٰخِصَةٌ أَبْصَٰرُ ٱلَّذِينَ كَفَرُوا۟ يَٰوَيْلَنَا قَدْ كُنَّا فِى غَفْلَةٍ مِّنْ هَٰذَا بَلْ كُنَّا ظَٰلِمِينَ

അങ്ങനെ യഅ്ജൂജ് – മഅ്ജൂജ് ജനവിഭാഗങ്ങള്‍ തുറന്നുവിടപ്പെടുകയും, അവര്‍ എല്ലാ കുന്നുകളില്‍ നിന്നും കുതിച്ചിറങ്ങി വരികയും, ആ സത്യവാഗ്ദാനം (ലോകാവസാനം) ആസന്നമാകുകയും ചെയ്താല്‍ അപ്പോഴതാ അവിശ്വസിച്ചവരുടെ കണ്ണുകള്‍ ഇമവെട്ടാതെ നിന്നു പോകന്നു. ഞങ്ങളുടെ നാശമേ! ഞങ്ങള്‍ ഈ കാര്യത്തെപ്പറ്റി അശ്രദ്ധയിലായിപ്പോയല്ലോ. അല്ല; ഞങ്ങള്‍ അക്രമകാരികളായിപ്പോയല്ലോ (എന്നായിരിക്കും അവര്‍ പറയുന്നത്‌). (ഖു൪ആന്‍:21/96-97)

യഅ്ജൂജ് – മഅ്ജൂജിന്റെ ഈ വമ്പിച്ച പുറപ്പാടിനെ കുറിച്ചാണ് നബി ﷺ അന്ത്യനാളിന്റെ വലിയ അടയാളമായി എണ്ണിയത്.

യഅ്ജൂജ്, മഅ്ജൂജ് വിഭാഗക്കാര്‍ ആരായിരുന്നു, അവര്‍ ഏത് പ്രദേശക്കാരായിരുന്നു, അവര്‍ ഇറങ്ങി വന്നിരുന്ന ആ മലഞ്ചെരുവ് ഏതായിരുന്നു, അവരുടെ കൊടിയ പീഡനത്തിന് ഇരയായ ആ ജനങ്ങള്‍ എവിടത്തുകാരായിരുന്നു, പീഡിതരായ ആ ജനതക്ക് മോചകനായി വന്ന ദുല്‍ഖര്‍നൈന്‍ ഏത് കാലക്കാരനായിരുന്നു എന്നീ കാര്യങ്ങളിലെല്ലാം മുഫസ്സിറുകള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. അവര്‍ ഇറങ്ങിവന്ന മലഞ്ചെരുവ് കൊക്കേഷ്യയിലെ ദാരിയാല്‍ ചുരമാണെന്നും അവിടെയുള്ള ഇരുമ്പ് മലയാണ് ഖുര്‍ആന്‍ പരാമര്‍ശിച്ചിട്ടുള്ള ആ മല എന്നും സൈറസ് രാജാവാണ് ദുല്‍ഖര്‍നൈന്‍ എന്നും അഭിപ്രായങ്ങളുണ്ട്. നമ്മെ സംബന്ധിച്ചിടത്തോളം അഭിപ്രായ വ്യത്യാസങ്ങള്‍ക്കപ്പുറം ഇസ്ലാമിക പ്രമാണങ്ങള്‍ സൂചിപ്പിച്ച യഅ്ജൂജ്, മഅ്ജൂജിന്റെ ചരിത്രവും അവരുടെ വരാനിരിക്കുന്ന സംഭവവും അതേപോലെ അംഗീകരിക്കുക എന്നുള്ളതാണ് പ്രധാനം.

യഅ്ജൂജ് – മഅ്ജൂജ് ഇപ്പോഴും പരിശ്രമത്തിലാണ്

عَنْ زَيْنَبَ ابْنَةِ جَحْشٍ ـ رضى الله عنهن أَنَّ النَّبِيَّ صلى الله عليه وسلم دَخَلَ عَلَيْهَا فَزِعًا يَقُولُ ‏”‏ لاَ إِلَهَ إِلاَّ اللَّهُ، وَيْلٌ لِلْعَرَبِ مِنْ شَرٍّ قَدِ اقْتَرَبَ فُتِحَ الْيَوْمَ مِنْ رَدْمِ يَأْجُوجَ وَمَأْجُوجَ مِثْلُ هَذِهِ ‏”‏‏.‏ وَحَلَّقَ بِإِصْبَعِهِ الإِبْهَامِ وَالَّتِي تَلِيهَا‏.‏ قَالَتْ زَيْنَبُ ابْنَةُ جَحْشٍ فَقُلْتُ يَا رَسُولَ اللَّهِ أَنَهْلِكُ وَفِينَا الصَّالِحُونَ قَالَ ‏”‏ نَعَمْ، إِذَا كَثُرَ الْخُبْثُ ‏”‏‏.‏

സൈനബ് (റ) പറഞ്ഞു: ഒരിക്കല്‍ നബി ﷺ എന്‍റെയരികില്‍ ഭയവിഹ്വലനായി പ്രവേശിച്ചു. അവിടുന്ന് പറയുന്നുണ്ടായിരുന്നു: ‘അടുത്തു കൊണ്ടിരിക്കുന്ന തിന്മയില്‍ നിന്ന് അറബികള്‍ക്ക് നാശം’. തന്‍റെ തള്ളവിരലും ചൂണ്ടുവിരലും വൃത്താകൃതിയില്‍ പിടിച്ചു കൊണ്ട് അവിടുന്ന് പറഞ്ഞു: ‘യഅ്ജൂജ് മഅ്ജൂജിന്‍റെ മതിലില്‍ നിന്ന് ഈ വലിപ്പത്തിലുള്ള വിടവുണ്ടായിരിക്കുന്നു ഇന്ന്.’ ഞാന്‍ (സയ്നബ്) ചോദിച്ചു: ‘അല്ലാഹുവിന്‍റെ റസൂലേ, ഞങ്ങളില്‍ സച്ചരിതര്‍ ജീവിച്ചിരിക്കുമ്പോള്‍ ഞങ്ങള്‍ നശിക്കുമോ?’ നബി ﷺ പറഞ്ഞു: ‘അതെ, അവരില്‍ മ്ലേഛത വര്‍ദ്ധിച്ചാല്‍’. (ബുഖാരി: 3346)

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ : إِنَّ يَأْجُوجَ وَمَأْجُوجَ يَحْفِرُونَ كُلَّ يَوْمٍ حَتَّى إِذَا كَادُوا يَرَوْنَ شُعَاعَ الشَّمْسِ قَالَ الَّذِي عَلَيْهِمُ ارْجِعُوا فَسَنَحْفِرُهُ غَدًا ‏.‏ فَيُعِيدُهُ اللَّهُ أَشَدَّ مَا كَانَ حَتَّى إِذَا بَلَغَتْ مُدَّتُهُمْ وَأَرَادَ اللَّهُ أَنْ يَبْعَثَهُمْ عَلَى النَّاسِ حَفَرُوا حَتَّى إِذَا كَادُوا يَرَوْنَ شُعَاعَ الشَّمْسِ قَالَ الَّذِي عَلَيْهِمُ ارْجِعُوا فَسَتَحْفِرُونَهُ غَدًا إِنْ شَاءَ اللَّهُ تَعَالَى وَاسْتَثْنَوْا فَيَعُودُونَ إِلَيْهِ وَهُوَ كَهَيْئَتِهِ حِينَ تَرَكُوهُ فَيَحْفِرُونَهُ وَيَخْرُجُونَ عَلَى النَّاسِ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:യഅ്ജൂജ് – മഅ്ജൂജ് എല്ലാ ദിവസവും അണ തുരക്കുകതന്നെ ചെയ്യുന്നതാണ്. അങ്ങനെ അവ൪ സൂര്യാസ്തമന കിരണം കണ്ടാല്‍ അവരുടെ മേല്‍നോട്ടക്കാരന്‍ പറയും: നിങ്ങള്‍ മടങ്ങിക്കൊള്ളുക. നാളെ നിങ്ങള്‍ കുഴിക്കുന്നതായിരിക്കും. അങ്ങനെ അവ൪ അണയിലേക്ക് മടങ്ങും. അതാകട്ടെ ഏറ്റവും ശക്തമായ നിലയിലായിരിക്കും. അങ്ങനെ അവരുടെ കാലമെത്തുകയും അല്ലാഹു അവരെ ജനങ്ങളിലേക്ക് നിയോഗിക്കുവാന്‍ ഉദ്ദേശിക്കുകയുമായാല്‍ അവ൪ കുഴിക്കും. അങ്ങനെ അവ൪ സൂര്യാസ്തമന കിരണം കണ്ടാല്‍ അവരുടെ മേല്‍നോട്ടക്കാരന്‍ പറയും: നിങ്ങള്‍ മടങ്ങിക്കൊള്ളുക. ഇന്‍ശാ അല്ലാഹ് എന്നും അയാള്‍ പറയും. (അവ൪ മതില്‍ തുരക്കുവാന്‍ വീണ്ടും) മടങ്ങി വരും. അത് അവ൪ വിട്ടേച്ച അതേ രൂപത്തിലായിരിക്കും. അങ്ങനെ അവ൪ കുഴിക്കുകയും ജനങ്ങളിലേക്ക് പുറപ്പെടുകയും ചെയ്യും. (ഇബ്നുമാജ:4080)

യഅ്ജൂജ് – മഅ്ജൂജിന്റെ പുറപ്പാട്

അന്ത്യനാളിന്റെ വലിയ അടയാളങ്ങളായി നബി നബി ﷺ എണ്ണിയതും വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിച്ചിട്ടുള്ളതുമായ യഅ്ജൂജ് – മഅ്ജൂജിന്റെ പുറപ്പാട് ഇതുവരെയും സംഭവിച്ചിട്ടില്ല. ലോകാവസാനത്തോട് അടുക്കുമ്പോഴാണ് ഇത് സംഭവിക്കുക. മസീഹുദ്ദജ്ജാലിനെ ഈസാ നബി(അ) വധിച്ചതിന് ശേഷം, ഈസാ(അ) ജീവിച്ചിരിക്കുന്ന കാലത്ത് തന്നെയാണ് യഅ്ജൂജ്, മഅ്ജൂജ് വിഭാഗക്കാര്‍ വരുന്നത്. യഅ്ജൂജ് – മഅ്ജൂജിന്റെ ഭാഗികമായ പുറപ്പാട് ആരംഭിച്ചുവെന്നും അവരുടെ കൂട്ടത്തോടെയുള്ള പുറപ്പാടിനെപ്പറ്റിയാണ്‌ ഈസാ നബി(അ)യുടെ വരവിനുശേഷം സംഭവിക്കുന്നതെന്ന് ചില൪ പറയുന്നു. അല്ലാഹുവാണ് കൃത്യമായി അറയുന്നവന്‍.

മസീഹുദ്ദജ്ജാലിനെ ഈസാ നബി(അ) വധിച്ചതിന് ശേഷം, ഈസാ(അ) ജീവിച്ചിരിക്കുന്ന കാലത്ത് തന്നെയാണ് യഅ്ജൂജ്, മഅ്ജൂജ് വിഭാഗക്കാര്‍ വരുന്നത്. അവരുടെ എണ്ണം വളരെ വലുതായിരിക്കും. അവര്‍ വന്നതിന് ശേഷം മനുഷ്യര്‍ക്കിടയില്‍ ധാരാളം കുഴപ്പങ്ങളും അക്രമങ്ങളും ഉണ്ടാക്കുന്നതാണ്. നവ്വാസിബ്നു സംആനില്‍(റ) നിന്നുള്ള സുദീ൪ഘമായിട്ടുള്ള ഒരു ഹദീസില്‍ , മസീഹുദ്ദജ്ജാലിനെ ഈസാ നബി(അ) വധിച്ചതിന് ശേഷം സംഭവിക്കുന്നതായി പറയുന്ന കാര്യങ്ങള്‍ കാണുക:

فَبَيْنَمَا هُوَ كَذَلِكَ إِذْ أَوْحَى اللَّهُ إِلَى عِيسَى إِنِّي قَدْ أَخْرَجْتُ عِبَادًا لِي لاَ يَدَانِ لأَحَدٍ بِقِتَالِهِمْ فَحَرِّزْ عِبَادِي إِلَى الطُّورِ ‏.‏ وَيَبْعَثُ اللَّهُ يَأْجُوجَ وَمَأْجُوجَ وَهُمْ مِنْ كُلِّ حَدَبٍ يَنْسِلُونَ فَيَمُرُّ أَوَائِلُهُمْ عَلَى بُحَيْرَةِ طَبَرِيَّةَ فَيَشْرَبُونَ مَا فِيهَا وَيَمُرُّ آخِرُهُمْ فَيَقُولُونَ لَقَدْ كَانَ بِهَذِهِ مَرَّةً مَاءٌ ‏.‏ وَيُحْصَرُ نَبِيُّ اللَّهُ عِيسَى وَأَصْحَابُهُ

അവ൪ അങ്ങനെതന്നെ കഴിച്ചു കൂട്ടുന്നതിനിടയില്‍ അല്ലാഹു ഈസാ നബി(അ)ക്ക് വഹ്’യ് നല്‍കും: എന്റെ ചില അടിമകളെ (യഅ്ജൂജ് – മഅ്ജൂജുകളെ) ഞാന്‍ പുറത്ത് കൊണ്ടുവന്നിരിക്കുന്നു. നിങ്ങളില്‍ ഒരാള്‍ക്കും അവരെ യുദ്ധത്തില്‍ നേരിടാന്‍ പറ്റുകയില്ല. അതുകൊണ്ട് (എന്റെ അടിമകളായ) ആളുകളെയും കൊണ്ട് പ൪വ്വതത്തിലേക്ക് പോകുക. അങ്ങനെ, യഅ്ജൂജിനെയും മഅ്ജൂജിനെയും അല്ലാഹു അയക്കും. അവ൪ എല്ലാ കുന്നുകളില്‍കൂടിയും കടന്നുവരും. അവരിലെ ആദ്യ നിര (ധാരാളം വെള്ളമുള്ള) ത്വബ്‌രിയ്യ തടാകത്തിന്റെ അരികിലൂടെ നടന്ന് പോകും. അവര്‍ ആ തടാകത്തിലെ വെള്ളം കുടിച്ച് തീര്‍ക്കും. അവരിലെ അവസാന നിര അതിനരികിലൂടെ നടന്ന് പോകുമ്പോള്‍ പറയും: ഈ തടാകത്തില്‍ ഒരുകാലത്ത് വെള്ളമുണ്ടായിരുന്നു. അല്ലാഹുവിന്റെ നബിയായ ഈസാ(അ)യും അനുയായികളും പ൪വ്വതത്തില്‍ തടയപ്പെടും. (മുസ്ലിം:2937)

عَنْ أَبِي سَعِيدٍ الْخُدْرِيِّ قَالَ:سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ: يُفتَحُ يأْجوجُ ومأْجوجُ، يخرجون على الناسِ كما قال اللهُ عزَّ وجلَّ: من كلِّ حَدَبٍ يَنْسِلون فيغْشَون الأرضَ، وينحازُ المسلمون عنهم إلى مدائنِهم وحصونِهم، ويضُمُّون إليهم مواشِيهم، ويشربون مياهَ الأرضِ، حتى إنَّ بعضَهم لَيَمُرُّ بالنهرِ فيشربون ما فيه حتى يتركوه يَبَسًا، حتى إنَّ من بعدِهم لَيَمُرُّ بذلك النهرِ فيقول: قدكان ها هنا ماءٌ مرةً ! حتى إذا لم يَبقَ من الناس إلا أحدٌ في حصنٍ أو مدينةٍ قال قائلُهم: هؤلاءِ أهلُ الأرضِ قد فرَغْنامنهم، بَقِيَ أهلُ السماءِ ! قال: ثم يَهُزُّ أحدُهم حَرْبَتَه، ثم يرمي بها إلى السماءِ، فترجعُ مُختَضِبَةً دمًا للبلاءِ والفتنةِ

അബൂസഈദില്‍ ഖുദ്’രിയ്യില്‍(റ) നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ പറയുന്നതായി ഞാന്‍ കേട്ടു: യഅ്ജൂജ് – മഅ്ജൂജ് തുറന്നു വിടപ്പെടും. അല്ലാഹു പറഞ്ഞതുപോലെ അവ൪ ജനങ്ങളിലേക്ക് പുറപ്പെട്ട് ചെല്ലും. ‘അങ്ങനെ യഅ്ജൂജ് – മഅ്ജൂജ് ജനവിഭാഗങ്ങള്‍ തുറന്നുവിടപ്പെടുകയും, അവര്‍ എല്ലാ കുന്നുകളില്‍ നിന്നും കുതിച്ചിറങ്ങി വരികയും ചെയ്യും.’ അവ൪ ഭൂമിയെ (അക്രമങ്ങള്‍ കൊണ്ട്) പൊതിയും. മുസ്ലിംകള്‍ അവരില്‍ നിന്ന് തങ്ങളുടെ നാടുകളിലേക്കും കോട്ടകളിലേക്കും ഉള്‍വലിയും. അവരുടെ കാലികളെ അവരുടെ അടുക്കല്‍ സംരക്ഷിച്ച് നി൪ത്തും. ഭൂമിയിലുള്ള വെള്ളം അവ൪ കുടിക്കും. എത്രത്തോളമെന്നാല്‍ അവരില്‍ ചില൪ ഒരു നദിക്കരയിലൂടെ നടക്കുകയും അതിനെ വരണ്ടതായി വിട്ടേക്കുമാറ് അതിലുള്ള വെള്ളം കുടിക്കുകയും ചെയ്യും. അതില്‍പിന്നെ അവരുടെ ശേഷം വരുന്നവ൪ ആ നദിക്കരയിലൂടെ നടക്കുമ്പോള്‍ പറയും: ഇവിടെ ഒരിക്കല്‍ വെള്ളമുണ്ടായിരുന്നു. അങ്ങനെ ഏതെങ്കിലും ഒരു കോട്ടയിലോ നഗരത്തിലോ ഒരാള്‍ ശേഷിക്കുകയായാല്‍ അവരിലൊരാള്‍ പറയും: ഭൂവാസികള്‍ ഇത്രേയുള്ളൂ. അവരില്‍ നിന്നും നാം വിരമിച്ചു. ശേഷിക്കുന്നത് ആകാശത്തിലുള്ളവരാണ്. നബി ﷺ പറഞ്ഞു: അവരിലൊരാള്‍ തന്റെ കുന്തമെടുത്ത് കുലുക്കുകയും അത് ആകാശത്തിലേക്ക് എറിയുകയും ചെയ്യും. പരീക്ഷണവും കുഴപ്പവുമെന്നോണം രക്തത്തില്‍ കുളിച്ചായിരിക്കും അത് മടങ്ങുക. (മുസ്നദ് അഹ്മദ് – അ൪നാഊത്വ് ഹസനെന്ന് വിശേഷിപ്പിച്ചു)

فَيَنْشِفُونَ الْمَاءَ وَيَتَحَصَّنُ النَّاسُ مِنْهُمْ فِي حُصُونِهِمْ فَيَرْمُونَ بِسِهَامِهِمْ إِلَى السَّمَاءِ فَتَرْجِعُ عَلَيْهَا الدَّمُ الَّذِي اجْفَظَّ فَيَقُولُونَ قَهَرْنَا أَهْلَ الأَرْضِ وَعَلَوْنَا أَهْلَ السَّمَاءِ

….. അവ൪ വെള്ളം കുടിച്ച് വറ്റിക്കും. അവരില്‍ നിന്നും ജനങ്ങള്‍ സുരക്ഷക്കായി തങ്ങളുടെ കോട്ടകളില്‍ അഭയം തേടും. അവ൪ അവരുടെ അമ്പുകള്‍ ആകാശത്തിലേക്ക് എയ്തു വിടും. അപ്പോള്‍ രക്തം പോലുള്ളതുമായി അമ്പുകള്‍ മടങ്ങി വരും. അവ൪ പറയും: ഭൂമിയിലുള്ളവരെ ഞങ്ങള്‍ അടിച്ചമ൪ത്തി. ആകാശത്തിലുള്ളവരെ ഞങ്ങള്‍ അതിജയിച്ചു. (ഇബ്നുമാജ:4080)

لَقَدْ كَانَ بِهَذِهِ مَرَّةً مَاءٌ ثُمَّ يَسِيرُونَ حَتَّى يَنْتَهُوا إِلَى جَبَلِ الْخَمَرِ وَهُوَ جَبَلُ بَيْتِ الْمَقْدِسِ فَيَقُولُونَ لَقَدْ قَتَلْنَا مَنْ فِي الأَرْضِ هَلُمَّ فَلْنَقْتُلْ مَنْ فِي السَّمَاءِ ‏.‏ فَيَرْمُونَ بِنُشَّابِهِمْ إِلَى السَّمَاءِ فَيَرُدُّ اللَّهُ عَلَيْهِمْ نُشَّابَهُمْ مَخْضُوبَةً دَمًا

അവ൪ ധാരാളം വൃക്ഷങ്ങളുള്ള ഒരു പ൪വ്വതത്തിലേക്ക് – അത് ബൈതുല്‍ മുഖദ്ദസിനടുത്തുള്ള പ൪വ്വതമാണ് – കടന്നു വന്നിട്ട് പറയും: ഭൂമിയിലുള്ളവരെ മുഴുവന്‍ നശിപ്പിച്ചുകഴിഞ്ഞു. ഇനി ഞങ്ങള്‍ ആകാശത്തുള്ളവരോട് യുദ്ധം ചെയ്യും. അങ്ങനെ അവ൪ ആകാശത്തിലേക്ക് അമ്പ് എയ്യും. അവരുടെ അമ്പ് അല്ലാഹു മടക്കുന്നത് അതില്‍ രക്തം പുരണ്ട നിലക്കായിരിക്കും. (മുസ്ലിം:2937)

യഅ്ജൂജ് – മഅ്ജൂജിന്റെ പതനം

ഈസാ(അ)യും വിശ്വാസികളും അന്ന് പ്രത്യേകമായ ഒരു സാഹചര്യത്തില്‍ ആയിത്തീരും. യഅ്ജൂജ്, മഅ്ജൂജ് വിഭാഗം ഈസാ നബി(അ)യെയും വിശ്വാസികളെയും വലയം ചെയ്യും. അവരില്‍ നിന്ന് ഈസാ നബി(അ)ക്കും വിശ്വാസികള്‍ക്കും രക്ഷപ്പെടാന്‍ സാധിക്കുകയില്ല. അങ്ങനെ അവര്‍ക്ക് കടുത്ത ക്ഷാമം നേരിടും. ഈസാ നബി(അ)യും വിശ്വാസികളും അവരുടെ ഉപദ്രവത്തില്‍ നിന്ന് രക്ഷപ്പെടാനായി മലയിടുക്കുകളിലും മറ്റും അഭയം തേടാന്‍ ശ്രമിക്കും. അവര്‍ അല്ലാഹുവിനോട് രക്ഷക്കായി പ്രാര്‍ത്ഥിക്കും. അല്ലാഹു അവരുടെ പ്രാര്‍ത്ഥന സ്വീകരിക്കുകയും ചെയ്യും.

ഇമാം ഇബ്നു കസീ൪(റഹി) പറഞ്ഞു: ഈസാ ഇബ്നു മറിയം(അ) ദജ്ജാലിനെ വധിച്ചതിന് ശേഷമുള്ള നാളുകളിലാണ് യഅ്ജൂജ് – മഅ്ജൂജിന്റെ പുറപ്പാട്. അപ്പോള്‍ ഈസാ(അ)യുടെ ദുആയുടെ ബറക്കത്തിനാല്‍ ഒരൊറ്റ രാവിലായി അല്ലാഹു അവരെ ഒന്നടങ്കം നശിപ്പിക്കുന്നതാണ്. (അന്നിഹായത്തു ഫില്‍ഫിതനി വല്‍ മലാഹിം:151)

നവ്വാസിബ്നു സംആനില്‍(റ) നിന്നുള്ള സുദീ൪ഘമായിട്ടുള്ള ഹദീസിലെ, യഅ്ജൂജ് – മഅ്ജൂജിന്റെ പതനവുമായി ബന്ധപ്പെട്ട പരാമ൪ശം കാണുക:

وَيُحْصَرُ نَبِيُّ اللَّهُ عِيسَى وَأَصْحَابُهُ حَتَّى يَكُونَ رَأْسُ الثَّوْرِ لأَحَدِهِمْ خَيْرًا مِنْ مِائَةِ دِينَارٍ لأَحَدِكُمُ الْيَوْمَ فَيَرْغَبُ نَبِيُّ اللَّهِ عِيسَى وَأَصْحَابُهُ فَيُرْسِلُ اللَّهُ عَلَيْهُمُ النَّغَفَ فِي رِقَابِهِمْ فَيُصْبِحُونَ فَرْسَى كَمَوْتِ نَفْسٍ وَاحِدَةٍ ثُمَّ يَهْبِطُ نَبِيُّ اللَّهِ عِيسَى وَأَصْحَابُهُ إِلَى الأَرْضِ فَلاَ يَجِدُونَ فِي الأَرْضِ مَوْضِعَ شِبْرٍ إِلاَّ مَلأَهُ زَهَمُهُمْ وَنَتْنُهُمْ فَيَرْغَبُ نَبِيُّ اللَّهِ عِيسَى وَأَصْحَابُهُ إِلَى اللَّهِ فَيُرْسِلُ اللَّهُ طَيْرًا كَأَعْنَاقِ الْبُخْتِ فَتَحْمِلُهُمْ فَتَطْرَحُهُمْ حَيْثُ شَاءَ اللَّهُ ثُمَّ يُرْسِلُ اللَّهُ مَطَرًا لاَ يَكُنُّ مِنْهُ بَيْتُ مَدَرٍ وَلاَ وَبَرٍ فَيَغْسِلُ الأَرْضَ حَتَّى يَتْرُكَهَا كَالزَّلَفَةِ

അല്ലാഹുവിന്റെ നബിയായ ഈസാ(അ)യും അനുയായികളും (പ൪വ്വതത്തില്‍) തടയപ്പെടും. എത്രത്തോളമെന്നാല്‍ ഒരു കാളയുടെ തല അവരിലൊരാള്‍ക്ക് ഇന്ന് നിങ്ങളില്‍ ഒരാള്‍ക്ക് നൂറ് ദീനാറിനേക്കാള്‍ എത്രത്തോളം ഉത്തമമാണോ അതിനേക്കാള്‍ ഉത്തമമായിരിക്കും. അല്ലാഹുവിന്റെ നബിയായ ഈസാ(അ)യും അനുയായികളും അല്ലാഹുവിലേക്ക് പ്രതീക്ഷയും പ്രാ൪ത്ഥനയം അ൪പ്പിക്കും. അല്ലാഹു അവരിലേക്ക് (യഅ്ജൂജ് – മഅ്ജൂജുകളിലേക്ക്) ഒരുതരം കീടങ്ങളെ അയക്കും. അത് (കീടങ്ങളെ) അവരുടെ പിരടികളില്‍ പതിക്കും. ഒരൊറ്റ ശരീരത്തിന്റെ നാശമെന്നപോലെ അവരെല്ലാവരും കൊല്ലപ്പെട്ടവരാകുകയും ചെയ്യും. ശേഷം അല്ലാഹുവിന്റെ നബിയായ ഈസാ(അ)യും അനുയായികളും (പ൪വ്വതത്തില്‍ നിന്ന്) ഭൂമിയിലേക്ക് ഇറങ്ങും. അപ്പോള്‍ അതില്‍ അവരുടെ (യഅ്ജൂജ് – മഅ്ജൂജിന്റെ) ദു൪ഗന്ധവും മാലിന്യവും നിറഞ്ഞതല്ലാത്ത ഒരു ചാണ്‍ ഇടവും അവ൪ കാണില്ല. അല്ലാഹുവിന്റെ നബിയായ ഈസാ(അ)യും അനുയായികളും അല്ലാഹുവിലേക്ക് പ്രതീക്ഷയും പ്രാ൪ത്ഥനയം അ൪പ്പിക്കും. അപ്പോള്‍ അല്ലാഹു ഒട്ടകത്തിന്റെ കഴുത്ത് പോലെയുള്ള ഒരുതരം പക്ഷികളെ അല്ലാഹു അയക്കും. അവ അവരെ വഹിച്ചെടുത്ത് അല്ലാഹു ഉദ്ദേശിച്ച സ്ഥലത്തേക്ക് എറിയുകയും ചെയ്യും.
ശേഷം അല്ലാഹു ഒരു മഴയെ അയക്കും. യാതൊരു രോമക്കുടിലും മണ്‍കുടിലും സുരക്ഷയേകാത്ത പ്രസ്തുത മഴയില്‍ അല്ലാഹു ഭുമിയെ കഴുകുകയും അതിനെ മിനുസവും തിളക്കവുമുള്ള പ്രതലമാക്കി വിടുകയും ചെയ്യും.(മുസ്ലിം:2937)

മഴ മുഖേന ഭൂമി വൃത്തിയാകുകയും അവര്‍ക്ക് ജീവിക്കുവാന്‍ യോഗ്യമായ രൂപത്തില്‍ ഭൂമി മാറ്റപ്പെടുകയും ചെയ്യുമെന്ന൪ത്ഥം.

യഅ്ജൂജ് – മഅ്ജൂജിന്റെ പതനത്തിന് ശേഷം

യഅ്ജൂജ്, മഅ്ജൂജിന്റെ നാശത്തിന് ശേഷം ഈസാ(അ) തന്റെ ദൗത്യം പൂര്‍ത്തിയാക്കുകയാണ്. ഭൂമിയില്‍ നീതിപൂര്‍വം ഭരണം നടത്തുകയും കുരിശുകള്‍ തകര്‍ക്കുകയും പന്നികളെ കൊന്നുകളയുകയും കരം നിര്‍ത്തലാക്കുകയും ചെയ്യും. ആ കാലം സമ്പന്നതകൊണ്ട് അനുഗൃഹീതമായിരിക്കും. ആളുകള്‍ക്ക് സമ്പത്ത് ആവശ്യമില്ലാത്ത ഒരു കാലമായിരിക്കും അത്. പകയോ വിദ്വേഷമോ അസൂയയോ ഇല്ലാത്ത ഒറ്റ മനസ്സോടെയായിരിക്കും അന്നത്തെ ജനങ്ങള്‍.

നവ്വാസിബ്നു സംആനില്‍(റ) നിന്നുള്ള സുദീ൪ഘമായിട്ടുള്ള ഹദീസില്‍, യഅ്ജൂജ് – മഅ്ജൂജിന്റെ പതനത്തിന് ശേഷം ഭൂമിയുടെ അവസ്ഥ വിവരിക്കുന്നത് ഇപ്രകാരമാണ്:

ثُمَّ يُقَالُ لِلأَرْضِ أَنْبِتِي ثَمَرَتَكِ وَرُدِّي بَرَكَتَكِ ‏.‏ فَيَوْمَئِذٍ تَأْكُلُ الْعِصَابَةُ مِنَ الرُّمَّانَةِ وَيَسْتَظِلُّونَ بِقِحْفِهَا وَيُبَارَكُ فِي الرِّسْلِ حَتَّى أَنَّ اللِّقْحَةَ مِنَ الإِبِلِ لَتَكْفِي الْفِئَامَ مِنَ النَّاسِ وَاللِّقْحَةَ مِنَ الْبَقَرِ لَتَكْفِي الْقَبِيلَةَ مِنَ النَّاسِ وَاللِّقْحَةَ مِنَ الْغَنَمِ لَتَكْفِي الْفَخِذَ مِنَ النَّاسِ فَبَيْنَمَا هُمْ كَذَلِكَ إِذْ بَعَثَ اللَّهُ رِيحًا طَيِّبَةً فَتَأْخُذُهُمْ تَحْتَ آبَاطِهِمْ فَتَقْبِضُ رُوحَ كُلِّ مُؤْمِنٍ وَكُلِّ مُسْلِمٍ وَيَبْقَى شِرَارُ النَّاسِ يَتَهَارَجُونَ فِيهَا تَهَارُجَ الْحُمُرِ فَعَلَيْهِمْ تَقُومُ السَّاعَةُ ‏”

ശേഷം ഭൂമിയോട് നിന്റെ പഴങ്ങള്‍ മുളപ്പിക്കുകയും ബ൪കത്ത് മടക്കികൊണ്ടുവരികയും ചെയ്യുക എന്ന് പറയപ്പെടും. അതോടെ അന്നാളില്‍ ഒരു റുമ്മാന്‍ പഴം ഒരു വിഭാഗം ഭക്ഷിക്കുകയും അതിന്റെ തോടില്‍ അവ൪ തണല്‍ കൊള്ളുകയും ചെയ്യും. കന്നുകാലികളില്‍ ബ൪കത്ത് ചൊരിയപ്പെടുകയും ഒരു ഒട്ടകത്തില്‍ നിന്ന് ഒരു നേരം കറന്നെടുത്ത പാല്‍ ഒരു വലിയ ജനവിഭാഗത്തിന് (പാനം ചെയ്യുവാന്‍) മതിയാകുകയും ഒരു പശുവില്‍ നിന്ന് ഒരു നേരം കറന്നെടുത്ത പാല്‍ ഒരു ഗോത്രത്തിന് (പാനം ചെയ്യുവാന്‍) മതിയാകുകയും ഒരു ആടില്‍ നിന്ന് ഒരു നേരം കറന്നെടുത്ത പാല്‍ ഒരു കുടംബത്തിന് (പാനം ചെയ്യുവാന്‍) മതിയാകുകയും ചെയ്യും. അവ൪ അപ്രകാരമായിരിക്കെ, അല്ലാഹു ഒരു നല്ല കാറ്റിനെ നിയോഗിക്കും. അത് അവരുടെ കക്ഷങ്ങള്‍ക്കടിയിലൂടെ അവരെ പിടികൂടുകയും എല്ലാ മുഅ്മിനിന്റെയും എല്ലാ മുസ്ലിമിന്റെയും ആത്മാവിനെ പിടിക്കുകയും ചെയ്യും. ജനങ്ങളില്‍ അതി നീചന്‍മാ൪ ശേഷിക്കും. അവ൪ അതില്‍ കഴുതകള്‍ മതിച്ച് ഇണചേരുന്നതുപോലെ ലൈംഗിക വേഴ്ചയില്‍ ഏ൪പ്പെടും. അപ്പോള്‍ അവരുടെ മേല്‍ അന്ത്യനാള്‍ സംഭവിക്കും. (മുസ്ലിം:2937)

وَلَا تَضَعُ الْحَرْبُ أَوْزَارَهَا حَتَّى يَخْرُجَ يَأْجُوجُ وَمَأْجُوجُ

സലമതുബ്നു നുഫൈലില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: യുയഅ്‌ജൂജ്‌ മഅ്‌ജൂജ്‌ പുറപ്പെടുന്നത് വരെ, യുദ്ധം അതിന്റെ ഭാരങ്ങളെ ഇറക്കിവെക്കുകകയില്ല. (യുദ്ധം നിലക്കുകയില്ല)

عَنْ أَبِي سَعِيدٍ الْخُدْرِيِّ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏:‏ لَيُحَجَّنَّ الْبَيْتُ وَلَيُعْتَمَرَنَّ بَعْدَ خُرُوجِ يَأْجُوجَ وَمَأْجُوجَ

അബൂസഈദില്‍ ഖുദ്’രിയ്യില്‍(റ) നിന്നും നിവേദനം: നബി ﷺ പറഞ്ഞു: യഅ്‌ജൂജ്‌ മഅ്‌ജൂജ്‌ പുറപ്പാടിന്‌ ശേഷവും കഅബയില്‍ ഹജ്ജും ഉംറയും നി൪വ്വഹിക്കപ്പെടും. (ബുഖാരി:1593)

 

kanzululoom.com

 

 

One Response

  1. സുബ്ഹാഹാനള്ളാ….
    വായിച്ച് തീർന്നത് അറിഞ്ഞില്ല
    അള്ളാഹുവിൻ്റെ കാവൽ എല്ലാവരിലും ഉണ്ടാവട്ടെ ആമീൻ
    എന്ന് പ്രാർത്തിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *