ലോകത്തിലെ ഏറ്റവും വലിയ അധ്യാപകനാണ് പ്രവാചകൻ മുഹമ്മദ് നബി ﷺ. കേവലം ഗുരു-ശിഷ്യാധ്യാപനം മാത്രമല്ല, സ്രഷ്ടാവിൻ്റെ അധ്യാപനങ്ങൾ സൃഷ്‌ടികൾക്ക് കൈമാറുന്നതിനും അവരെ നേർവഴി നടത്തുന്നതിനും അല്ലാഹു നിയോഗിച്ച അന്തിമദൂതനും കൂടിയായിരുന്നു പ്രവാചകൻ. അതുകൊണ്ട് തന്നെ അതിൻ്റെ മനഃശാസ്ത്ര രീതികളും അല്ലാഹു തന്നെയാണ് പ്രവാചകനെ പഠിപ്പിച്ചത്.
ലോകം കണ്ട ഏറ്റവും വലിയ പരിഷ്‌കർത്താവും വിപ്ലവകാരിയും നേതാവും മാത്രമല്ല മുഹമ്മദ് നബി ﷺ, അദ്ദേഹം മനുഷ്യചരിത്രത്തിലെ ഏറ്റവും മികച്ച അധ്യാപകൻ കൂടിയായിരുന്നു. വിജ്ഞാന കൈമാറ്റത്തിൽ മനുഷ്യന്റെ മനഃശാസ്ത്രം കൃത്യമായി മനസ്സിലാക്കി പ്രവർത്തിച്ച അതുല്യനായ ഒരു അധ്യാപകൻ. കേവലം വിവരങ്ങൾ കൈമാറുന്ന ഒരാളായിരുന്നില്ല അവിടുന്ന്, മനുഷ്യരെ സംസ്‌കരിക്കുകയും അവരുടെ ബുദ്ധിയെ ഉണർത്തുകയും ചെയ്ത ഒരു ‘സൈക്കോളജിക്കൽ എഡ്യൂക്കേറ്റർ’ കൂടിയായിരുന്നു.
ആധുനിക വിദ്യാഭ്യാസ മന:ശാസ്ത്രം ഉയർത്തിപ്പിടിക്കുന്ന പല സിദ്ധാന്തങ്ങളും മൂല്യങ്ങളും നബി ﷺ തന്റെ അധ്യാപനത്തിലൂടെ നൂറ്റാണ്ടുകൾക്കുമുമ്പേ ലോകത്തിന് പരിചയപ്പെടുത്തിയിട്ടുണ്ട്. അതിനാൽ നബിﷺയുടെ അധ്യാപന ശൈലി പഠിക്കുന്നത് മതപഠന മേഖലയിലുള്ളവർക്കും ഭൗതിക വിദ്യാഭ്യാസ മേഖലയിലുള്ളവർക്കും ഒരുപോലെ ഉപകാരപ്പെടുമെന്നതിൽ സംശയമില്ല.
നബിﷺ അനുചരന്മാരെ മനഃശാസ്ത്രപരമായി പഠിപ്പിച്ച അധ്യാപകനായിരുന്നു. ശിഷ്യഗണങ്ങൾക്കെല്ലാം ഇഷ്ടപ്പെട്ട സ്വഭാവത്തിനുടമയുമായിരുന്നു. ഏറ്റവും മഹത്തായ സ്വഭാവത്തിനുടമയായിരുന്ന പ്രവാചകൻ അങ്ങനെത്തന്നെയാണ് എല്ലാവരോടും എപ്പോഴും പെരുമാറിയത്.
അല്ലാഹു പറയുന്നു:
وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍ
നിശ്ചയം, താങ്കൾ മഹത്തായ സ്വഭാവത്തിലാകുന്നു. (ഖു൪ആന്‍:68/4)
ഏറെ വഴികേടിലായിരുന്ന ജാഹിലിയ്യ അറബികളെ സംസ്‌കാരത്തിന്റെ ഉത്തുംഗതയിലേക്ക് നബി ﷺ നയിച്ചത് മാതൃകാപരമായ അധ്യാപനത്തിലൂടെയായിരുന്നു. സമൂഹത്തിന്റെ വ്യത്യസ്ത ശ്രേണിയിൽ ഉണ്ടായിരുന്നവരെ കൃത്യമായി മനസ്സിലാക്കി മാറ്റങ്ങൾ സൃഷ്ടിച്ച അധ്യാപകൻ. അല്ലാഹു പറയുന്നു:
هُوَ ٱلَّذِى بَعَثَ فِى ٱلْأُمِّيِّـۧنَ رَسُولًا مِّنْهُمْ يَتْلُوا۟ عَلَيْهِمْ ءَايَٰتِهِۦ وَيُزَكِّيهِمْ وَيُعَلِّمُهُمُ ٱلْكِتَٰبَ وَٱلْحِكْمَةَ وَإِن كَانُوا۟ مِن قَبْلُ لَفِى ضَلَٰلٍ مُّبِينٍ
അക്ഷരജ്ഞാനമില്ലാത്തവർക്കിടയിൽ, തന്റെ ദൃഷ്ടാന്തങ്ങൾ അവർക്ക് വായിച്ചുകേൾപിക്കുകയും അവരെ സംസ്‌കരിക്കുകയും അവർക്ക് വേദഗ്രന്ഥവും തത്ത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാൻ അവരിൽ നിന്നുതന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവൻ. തീർച്ചയായും അവർ മുമ്പ് വ്യക്തമായ വഴികേടിലായിരുന്നു. (ഖു൪ആന്‍:62/2)
ആ പ്രവാചകൻ തന്റെ പത്‌നിമാരോടും അയൽവാസികളോടും കുടുംബക്കാരോടും വളരെ മാന്യമായി പെരുമാറി, എല്ലാവർക്കും ഉദാത്തമായ സ്വഭാവം പരിചയപ്പെടുത്തിക്കൊടുത്തു.
ആയിശ رضي الله عنها നബിﷺയുടെ സ്വഭാവത്തെ കുറിച്ച് പറയുകയാണ്:
لَمْ يَكُنْ فَاحِشًا وَلاَ مُتَفَحِّشًا وَلاَ صَخَّابًا فِي الأَسْوَاقِ وَلاَ يَجْزِي بِالسَّيِّئَةِ السَّيِّئَةَ وَلَكِنْ يَعْفُو وَيَصْفَحُ .
അദ്ദേഹം വൃത്തികേട് പറയുന്നയാളോ അശ്ലീലത കാണിക്കുന്നയാളോ ആയിരുന്നില്ല, മാർക്കറ്റുകളിൽ ശബ്ദകോലാഹനങ്ങൾ ഉണ്ടാക്കുന്നവരുമായിരുന്നില്ല. തിന്മയോട് തിന്മകൊണ്ട് പ്രതികരിക്കുന്നവരും ആയിരുന്നില്ല; മറിച്ച് അദ്ദേഹം ക്ഷമിക്കുകയും മാപ്പ് നൽകുകയും ചെയ്യുകയാണ് പതിവ്. (തിര്‍മിദി:2016)
ആളുകളെ പ്രയാസപ്പെടുത്താത്ത, പോരായ്മകൾ എടുത്തു പറയാത്ത, കുറ്റപ്പെടുത്താത്ത, ഗുണ കാംക്ഷിയായ, പ്രയാസങ്ങൾ ലഘൂകരിച്ചുകൊടുക്കുന്ന ഒരു മാതൃകാ അധ്യാപകനായിരുന്നു പ്രവാചകൻﷺ.
ജാബിർ ഇബ്‌നു അബ്ദുല്ല رَضِيَ اَللَّهُ عَنْهُ റിപ്പോർട്ട് ചെയ്യുന്നു: “നബിﷺ പറഞ്ഞു: “അല്ലാഹു എന്നെ ബുദ്ധിമുട്ടുണ്ടാക്കുന്നവനായിട്ടും മറ്റുള്ളവരുടെ പോരായ്മകൾ ചികയുന്നനായിട്ടുമല്ല അയച്ചത്; മറിച്ച് പഠിപ്പിക്കുകയും കാര്യങ്ങൾ എളുപ്പമാക്കുകയും ചെയ്യുന്ന ഒരധ്യാപകനായിട്ടാണ് എന്നെ അയച്ചത്.’’
ബോധന രീതികളിൽ പ്രവാചകൻﷺ സ്വീകരിച്ച മനഃശാസ്ത്രപരമായ രീതികൾ ആധുനിക വിദ്യാഭ്യാസ ശാസ്ത്രത്തെപ്പോലും അത്ഭുതപ്പെടുത്തുന്നതാണ്.
കാരുണ്യത്തിന്റെ അധ്യാപന ശൈലി The Pedagogy of Mercy)
ഒരു അധ്യാപകൻ തന്റെ വിദ്യാർഥിയോട് കാണിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഗുണം കാരുണ്യമാണെന്ന് നബിﷺ പഠിപ്പിച്ചു. പരുഷമായ പെരുമാറ്റം പഠിതാവിനെ അറിവിൽനിന്ന് അകറ്റുമെന്ന് ക്വുർആൻ മുന്നറിയിപ്പ് നൽകുന്നു:
فَبِمَا رَحْمَةٍ مِّنَ ٱللَّهِ لِنتَ لَهُمْ ۖ وَلَوْ كُنتَ فَظًّا غَلِيظَ ٱلْقَلْبِ لَٱنفَضُّوا۟ مِنْ حَوْلِكَ ۖ
(നബിയേ,) അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൌമ്യമായി പെരുമാറിയത്. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്‍റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞ് പോയിക്കളയുമായിരുന്നു. (ഖുർആൻ:3/159)
തെറ്റുകൾ തിരുത്തുന്നതിലെ മനഃശാസ്ത്രം
ഒരു വ്യക്തി തെറ്റ് ചെയ്യുമ്പോൾ അയാളെ തകർക്കുന്നതിന് പകരം, ആ തെറ്റ് തിരുത്താനുള്ള മാനസികാവസ്ഥ വളർത്തുകയാണ് പ്രവാചകൻ ചെയ്തത്. പള്ളിയിൽ മൂത്രമൊഴിച്ച അഅ്‌റാബിയുടെ സംഭവം ഇതിന് ഉത്തമ ഉദാഹരണമാണ്. സ്വഹാബിമാർ ദേഷ്യത്തോടെ അയാളെ തടയാൻ ശ്രമിച്ചപ്പോൾ നബിﷺ എങ്ങനെയാണ് പ്രതികരിച്ചതെന്ന് അബൂഹുറയ്‌റ رَضِيَ اَللَّهُ عَنْهُ പറഞ്ഞുതരുന്നു:
أَنَّ أَعْرَابِيًّا بَالَ فِي الْمَسْجِدِ، فَثَارَ إِلَيْهِ النَّاسُ لِيَقَعُوا بِهِ فَقَالَ لَهُمْ رَسُولُ اللَّهِ صلى الله عليه وسلم “ دَعُوهُ، وَأَهْرِيقُوا عَلَى بَوْلِهِ ذَنُوبًا مِنْ مَاءٍ ـ أَوْ سَجْلاً مِنْ مَاءٍ ـ فَإِنَّمَا بُعِثْتُمْ مُيَسِّرِينَ، وَلَمْ تُبْعَثُوا مُعَسِّرِينَ ”.
ഒരു ഗ്രാമവാസി (അഅ്റാബി) പള്ളിയിൽ എഴുന്നേറ്റ് മൂത്രമൊഴിച്ചു. അത് കണ്ട ആളുകൾ അയാളെ തടയാൻ തുടങ്ങി. അപ്പോൾ നബിﷺ പറഞ്ഞു: ‘അദ്ദേഹത്തെ വിട്ടേക്കൂ. അദ്ദേഹം മൂത്രമൊഴിച്ച സ്ഥലത്ത് ഒരു പാത്രം വെള്ളം ഒഴിക്കുക. നിങ്ങളെ നിയോഗിച്ചിരിക്കുന്നത് കാര്യങ്ങൾ എളുപ്പമാക്കാനാണ്; ബുദ്ധിമുട്ടാക്കാനല്ല. (ബുഖാരി:6128)
മറ്റൊരു സംഭവത്തിൽ നബിﷺ എന്ന അധ്യാപകന്റെ സ്വഭാവ മഹിമയെ കുറിച്ച് ഒരു ശിഷ്യന്റെ സാക്ഷ്യം ഇങ്ങനെയാണ്:
മുആവിയതുബ്‌നുൽ ഹകം അസ്സുലമി رَضِيَ اَللَّهُ عَنْهُ പറയുന്നു:
وَبَيْنَا أَنَا مَعَ رَسُولِ اللَّهِ صلى الله عليه وسلم فِي الصَّلاَةِ إِذْ عَطَسَ رَجُلٌ مِنَ الْقَوْمِ فَقُلْتُ يَرْحَمُكَ اللَّهُ فَحَدَّقَنِي الْقَوْمُ بِأَبْصَارِهِمْ فَقُلْتُ وَاثُكْلَ أُمِّيَاهُ مَا لَكُمْ تَنْظُرُونَ إِلَىَّ قَالَ فَضَرَبَ الْقَوْمُ بِأَيْدِيهِمْ عَلَى أَفْخَاذِهِمْ فَلَمَّا رَأَيْتُهُمْ يُسَكِّتُونِي لَكِنِّي سَكَتُّ فَلَمَّا انْصَرَفَ رَسُولُ اللَّهِ صلى الله عليه وسلم دَعَانِي بِأَبِي وَأُمِّي هُوَ مَا ضَرَبَنِي وَلاَ كَهَرَنِي وَلاَ سَبَّنِي مَا رَأَيْتُ مُعَلِّمًا قَبْلَهُ وَلاَ بَعْدَهُ أَحْسَنَ تَعْلِيمًا مِنْهُ قَالَ ” إِنَّ صَلاَتَنَا هَذِهِ لاَ يَصْلُحُ فِيهَا شَىْءٌ مِنْ كَلاَمِ النَّاسِ إِنَّمَا هُوَ التَّسْبِيحُ وَالتَّكْبِيرُ وَتِلاَوَةُ الْقُرْآنِ ” .
ഞാൻ ഒരിക്കൽ അല്ലാഹുവിന്റെ റസൂലിനോടൊപ്പം നമസ്‌കരിക്കുകയായിരുന്നു. അപ്പോൾ ഒരാൾ തുമ്മി. ഞാൻ പറഞ്ഞു: ‘അല്ലാഹു നിന്നെ അനുഗ്രഹിക്കട്ടെ.’ അപ്പോൾ എല്ലാവരും എന്നെ കടുപ്പത്തോടെ നോക്കി. ഞാൻ പറഞ്ഞു: ‘എന്റെ ഉമ്മയ്ക്ക് എന്നെ നഷ്ടപ്പെട്ടല്ലോ! നിങ്ങളെന്തിനാണ് എന്നെ നോക്കുന്നത്?’ അപ്പോൾ അവർ അവരുടെ കൈകൾ തോളുകളിൽ അടിക്കാൻ തുടങ്ങി. അവർ എന്നോട് മിണ്ടാതിരിക്കാൻ സൂചന നൽകുന്നതായി ഞാൻ മനസ്സിലാക്കിയപ്പോൾ, ഞാൻ മൗനം പാലിച്ചു. നബിﷺ നമസ്‌കാരം പൂർത്തിയാക്കിയപ്പോൾ-എന്റെ പിതാവും മാതാവും അദ്ദേഹത്തിനായി സമർപ്പണമാകട്ടെ, അദ്ദേഹത്തെക്കാൾ ഇത്ര നല്ല രീതിയിൽ പഠിപ്പിക്കുന്ന ഒരു അധ്യാപകനെ ഇതിനുമുമ്പും ശേഷവും ഞാൻ കണ്ടിട്ടില്ല- അല്ലാഹു തന്നെയാണ് സത്യം! അദ്ദേഹം എന്നെ ശാസിച്ചില്ല, അടിച്ചില്ല, അപമാനിച്ചില്ല.’
നബിﷺ (അദ്ദേഹത്തോട്) പറഞ്ഞു: ‘നമസ്‌കാരത്തിൽ മനുഷ്യരുടെ സംസാരത്തിന് യാതൊരു സ്ഥാനവുമില്ല. തീർച്ചയായും അതിലുള്ളത് പ്രകീർത്തനവും (സുബ്ഹാനല്ലാഹ്), മഹത്ത്വപ്പെടുത്തലും (അല്ലാഹു അക്ബർ), ക്വുർആൻ പാരായണവുമൊക്കെയാണ്. (നസാഇ:1218)
മറ്റൊരു സംഭവം കാണുക:
عَنْ أَبِي أُمَامَةَ رَضِيَ اَللَّهُ عَنْهُ قَالَ : إِنَّ فَتًى شَابًّا أَتَى النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ : يَا رَسُولَ اللَّهِ ، ائْذَنْ لِي بِالزِّنَا . فَأَقْبَلَ الْقَوْمُ عَلَيْهِ فَزَجَرُوهُ قَالُوا : مَهْ مَهْ ، فَقَالَ : ادْنُهْ ، فَدَنَا مِنْهُ قَرِيبًا ، قَالَ : فَجَلَسَ. قَالَ : أَتُحِبُّهُ لأُمِّكَ ؟ قَالَ : لا وَاللَّهِ جَعَلَنِي اللَّهُ فِدَاءَكَ . قَالَ : وَلا النَّاسُ يُحِبُّونَهُ لأُمَّهَاتِهِمْ . قَالَ : أَفَتُحِبُّهُ لابْنَتِكَ؟ قَالَ : لا وَاللَّهِ يَا رَسُولَ اللَّهِ جَعَلَنِي اللَّهُ فِدَاءَكَ . قَالَ : وَلا النَّاسُ يُحِبُّونَهُ لِبَنَاتِهِمْ . قَالَ : أَفَتُحِبُّهُ لأُخْتِكَ ؟ قَالَ : لا وَاللَّهِ جَعَلَنِي اللَّهُ فِدَاءَكَ . قَالَ : وَلا النَّاسُ يُحِبُّونَهُ لأَخَوَاتِهِمْ . قَالَ : أَفَتُحِبُّهُ لِعَمَّتِكَ ؟ قَالَ : لا وَاللَّهِ جَعَلَنِي اللَّهُ فِدَاءَكَ . قَالَ : وَلا النَّاسُ يُحِبُّونَهُ لِعَمَّاتِهِمْ . قَالَ : أَفَتُحِبُّهُ لِخَالَتِكَ ؟ قَالَ : لا وَاللَّهِ جَعَلَنِي اللَّهُ فِدَاءَكَ . قَالَ : وَلا النَّاسُ يُحِبُّونَهُ لِخَالَاتِهِمْ . قَالَ : فَوَضَعَ يَدَهُ عَلَيْهِ وَقَالَ : اللَّهُمَّ اغْفِرْ ذَنْبَهُ ، وَطَهِّرْ قَلْبَهُ ، وَحَصِّنْ فَرْجَهُ ، فَلَمْ يَكُنْ بَعْدُ ذَلِكَ الْفَتَى يَلْتَفِتُ إِلَى شَيْءٍ
അബൂഉമാമ رضى الله عنه വിൽ നിന്ന് നിവേദനം: ഒരു യാവാവ് നബി ﷺ യുടെ അടുക്കല്‍ വന്നിട്ട് പറഞ്ഞു: അല്ലാഹുവിന്റെ റസൂലെ, എനിക്ക് വ്യഭിചരിക്കാന്‍ അനുവാദം നല്‍കണം. അപ്പോള്‍ ജനങ്ങളെല്ലാം അയാളെ തടഞ്ഞു. അവ൪ പറഞ്ഞു: ‘മിണ്ടാതിരി’. അപ്പോള്‍ നബി ﷺ പറഞ്ഞു: അദ്ദേഹത്തെ വിടുക. നബി ﷺ അദ്ദേഹത്തെ തന്നോട് ചേ൪ത്ത് നി൪ത്തി, എന്നിട്ട് അവനോട് ഇരിക്കാന്‍ പറഞ്ഞു: എന്നിട്ട് നബി ﷺ അവനോട് ചോദിച്ചു: വ്യഭിചാരം നിന്റെ ഉമ്മയോടാണെങ്കില്‍ നീ ഇഷ്ടപ്പെടുമോ? അവന്‍ പറഞ്ഞു: ഇല്ല, ഒരിക്കലുമില്ല പ്രവാചകരെ. നബി ﷺ പറഞ്ഞു: എങ്കില്‍ ജനങ്ങളും തങ്ങളുടെ മാതാക്കളോട് അതൊരിക്കലും ഇഷ്ടപ്പെടുന്നില്ല. നബി ﷺ വീണ്ടും ചോദിച്ചു: അത് നിന്റെ മകളോടാണെങ്കിലോ? അവന്‍ പറഞ്ഞു: ഇല്ല, ഒരിക്കലുമില്ല പ്രവാചകരെ. നബി ﷺ പറഞ്ഞു: എങ്കില്‍ ജനങ്ങളും തങ്ങളുടെ മക്കളോട് അതൊരിക്കലും ഇഷ്ടപ്പെടുന്നില്ല. നബി ﷺ വീണ്ടും ചോദിച്ചു: അത് നിന്റെ സഹോദരിയോടാണെങ്കിലോ? അവന്‍ പറഞ്ഞു: ഇല്ല, ഒരിക്കലുമില്ല പ്രവാചകരെ. നബി ﷺ പറഞ്ഞു: എങ്കില്‍ ജനങ്ങളും തങ്ങളുടെ സഹോദരിമാരോട് അതൊരിക്കലും ഇഷ്ടപ്പെടുന്നില്ല. നബി ﷺ വീണ്ടും ചോദിച്ചു: അത് നിന്റെ പിതൃസഹോദരിയോടാണെങ്കിലോ? അവന്‍ പറഞ്ഞു: ഇല്ല, ഒരിക്കലുമില്ല പ്രവാചകരെ. നബി ﷺ പറഞ്ഞു: എങ്കില്‍ ജനങ്ങളും തങ്ങളുടെ പിതൃസഹോദരിമാരോട് അതൊരിക്കലും ഇഷ്ടപ്പെടുന്നില്ല. നബി ﷺ വീണ്ടും ചോദിച്ചു: അത് നിന്റെ മാതൃസഹോദരിയോടാണെങ്കിലോ? അവന്‍ പറഞ്ഞു: ഇല്ല, ഒരിക്കലുമില്ല പ്രവാചകരെ. നബി ﷺ പറഞ്ഞു: എങ്കില്‍ ജനങ്ങളും തങ്ങളുടെ മാതൃസഹോദരിമാരോട് അതൊരിക്കലും ഇഷ്ടപ്പെടുന്നില്ല. പിന്നീട് നബി ﷺ ആ ചെറുപ്പക്കാരന്റെ മേല്‍ കൈവെച്ചു പ്രാ൪ത്ഥിച്ചു: അല്ലാഹുവെ, ഇദ്ദേഹത്തിന്റെ പാപം നീ പൊറുത്തുകൊടുക്കുകയും ഹൃദയം സംശുദ്ധമാക്കുകയും ഗുഹ്യഭാഗം സംരക്ഷിക്കുകയും ചെയ്യേണമേ. പിന്നീട് ആ ചെറുപ്പക്കാരന്‍ ഒരു തിന്മയിലേക്കും തിരിഞ്ഞുനോക്കുക പോലും ചെയ്തിട്ടില്ല. (അഹ്മദ്)
ജിജ്ഞാസയുണർത്തി ശ്രദ്ധ ക്ഷണിക്കൽ
പഠിതാവിന്റെ ജിജ്ഞാസയുണർത്താൻ ചോദ്യങ്ങൾ ചോദിക്കുന്ന രീതി പ്രവാചകൻ അവലംബിച്ചിരുന്നു. നേരിട്ട് കാര്യം പറയുന്നതിന് പകരം അവരെക്കൊണ്ട് ചിന്തിപ്പിക്കുകയായിരുന്നു ലക്ഷ്യം.
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ” أَتَدْرُونَ مَا الْمُفْلِسُ ” . قَالُوا الْمُفْلِسُ فِينَا مَنْ لاَ دِرْهَمَ لَهُ وَلاَ مَتَاعَ . فَقَالَ ” إِنَّ الْمُفْلِسَ مِنْ أُمَّتِي يَأْتِي يَوْمَ الْقِيَامَةِ بِصَلاَةٍ وَصِيَامٍ وَزَكَاةٍ وَيَأْتِي قَدْ شَتَمَ هَذَا وَقَذَفَ هَذَا وَأَكَلَ مَالَ هَذَا وَسَفَكَ دَمَ هَذَا وَضَرَبَ هَذَا فَيُعْطَى هَذَا مِنْ حَسَنَاتِهِ وَهَذَا مِنْ حَسَنَاتِهِ فَإِنْ فَنِيَتْ حَسَنَاتُهُ قَبْلَ أَنْ يُقْضَى مَا عَلَيْهِ أُخِذَ مِنْ خَطَايَاهُمْ فَطُرِحَتْ عَلَيْهِ ثُمَّ طُرِحَ فِي النَّارِ ”
അബൂഹുറയ്‌റ رضي الله عنه വിൽ നിന്ന് നിവേദനം: നബിﷺ സ്വഹാബത്തിനോട് ചോദിച്ചു: ‘ആരാണ് പാപ്പരായവൻ എന്ന് നിങ്ങൾക്കറിയാമോ?’‘ദീനാറും ദിർഹമുമില്ലാത്തവനാണ് പാപ്പരായവൻ’ എന്ന് അവർ മറുപടി പറഞ്ഞപ്പോൾ നബിﷺ പറഞ്ഞു: ‘എന്റെ സമുദായത്തിൽപെട്ട പാപ്പരായവൻ അന്ത്യനാളിൽ നമസ്‌കാരവും നോമ്പും സകാത്തും കൊണ്ട് വരുന്നവനാണ്. എന്നാൽ അവൻ ഒരാളെ അധിക്ഷേപിച്ചിട്ടുണ്ടാകും, മറ്റൊരാളെക്കുറിച്ച് അപവാദം പറഞ്ഞിട്ടുണ്ടാകും, മറ്റൊരാളുടെ ധനം അന്യായമായി കൈക്കലാക്കിയിട്ടുണ്ടാകും, ഒരാളുടെ രക്തം അന്യായമായി ചിന്തിയിട്ടുണ്ടാകും, മറ്റൊരാളെ മർദിച്ചിട്ടുണ്ടാകും. അപ്പോൾ ഇവർക്കൊക്കെയും അവന്റെ സൽകർമങ്ങളിൽനിന്ന് എടുത്തുകൊടുക്കപ്പെടും. അവർക്കുള്ള അവകാശങ്ങൾ തീർക്കുന്ന തിന് മുമ്പേ അവന്റെ സൽകർമങ്ങൾ തീർന്നാൽ, അവരുടെ പാപങ്ങളിൽനിന്ന് എടുത്ത് അവന്റെ മേൽ ചുമത്തപ്പെടും. എന്നിട്ട് അവൻ നരകത്തിലേക്ക് എറിയപ്പെടും.’ (മുസ്‌ലിം:2581)
ഈ ശൈലിയിലുള്ള അധ്യാപനം പഠിതാക്കളുടെ ശ്രദ്ധ (Attention) പൂർണമായും അധ്യാപകനിലേക്ക് കേന്ദ്രീകരിക്കാൻ സഹായിക്കുന്നു. ആധുനിക മനഃശാസ്ത്രം ഇതിനെ ‘Active Learning’ എന്ന് വിളിക്കുന്നു.
ദൃശ്യവൽക്കരണവും ചിത്രീകരണവും (Visual Aids)
വാക്കുകൾ കൊണ്ട് വിശദീകരിക്കുന്നതിനെക്കാൾ കാര്യങ്ങൾ മനസ്സിൽ തങ്ങുക ദൃശ്യരൂപങ്ങളാണെന്നതിൽ സംശയമില്ല. പ്രവാചകൻﷺ അങ്ങനെയും ശിഷ്യന്മാരെ പഠിപ്പിച്ചതായി കാണാം.
عَنْ عَبْدِ اللَّهِ ـ رضى الله عنه ـ قَالَ خَطَّ النَّبِيُّ صلى الله عليه وسلم خَطًّا مُرَبَّعًا، وَخَطَّ خَطًّا فِي الْوَسَطِ خَارِجًا مِنْهُ، وَخَطَّ خُطُطًا صِغَارًا إِلَى هَذَا الَّذِي فِي الْوَسَطِ، مِنْ جَانِبِهِ الَّذِي فِي الْوَسَطِ وَقَالَ “ هَذَا الإِنْسَانُ، وَهَذَا أَجَلُهُ مُحِيطٌ بِهِ ـ أَوْ قَدْ أَحَاطَ بِهِ ـ وَهَذَا الَّذِي هُوَ خَارِجٌ أَمَلُهُ، وَهَذِهِ الْخُطُطُ الصِّغَارُ الأَعْرَاضُ، فَإِنْ أَخْطَأَهُ هَذَا نَهَشَهُ هَذَا، وَإِنْ أَخْطَأَهُ هَذَا نَهَشَهُ هَذَا ”.
അബ്ദുല്ലാഹിബ്‌നു മസ്ഊദ് رضى الله عنه പറയുന്നു: “ഒരിക്കൽ പ്രവാചകൻﷺ മണ്ണിൽ ഒരു ചതുരം വരച്ചു. അതിന്റെ നടുവിൽ ഒരു വരയും പുറത്തേക്ക് നീളുന്ന മറ്റൊരു വരയും വരച്ചു. എന്നിട്ട് പറഞ്ഞു: ‘ഈ ചതുരത്തിനുള്ളിലുള്ള നേർരേഖയാണ് മനുഷ്യൻ; ചതുരപ്പെട്ടി അവന്റെ ആയുസ്സും. എന്നാൽ ചതുരത്തിനു പുറത്തു കിടക്കുന്നത് മനുഷ്യന്റെ ആഗ്രഹങ്ങളാണ്. ചതുരപ്പെട്ടിക്ക് ഉള്ളിലുള്ള രേഖയിൽ വലതും ഇടതും കാണുന്ന വരകൾ മനുഷ്യന്റെ ജീവിതത്തിൽ അവൻ അനുഭവിക്കാനിരിക്കുന്ന ദുരിതങ്ങളാണ്. ഒന്നിൽ നിന്ന് രക്ഷപ്പെട്ടാൽ മറ്റൊന്ന് അവനെ പിടിക്കും.’’ (ഇങ്ങനെ പ്രയാസങ്ങളിൽ ജീവിച്ച് ആഗ്രഹങ്ങൾ ബാക്കിവെച്ച് മനുഷ്യൻ മരണത്തെ പുൽകുമെന്നർഥം). (ബുഖാരി:6417)
മറ്റൊരു സംഭവം കാണുക:
عَنْ عَبْدِ اللهِ بْنِ مَسْعُودٍ رَضِي اللهُ عنهمَا قَالَ: خَطَّ لَنَا رَسُولُ اللهِ صلى الله عليه وسلم خَطًّا ثُمَّ قَالَ: هَذَا سَبِيلُ اللهِ ثُمَّ خَطَّ خُطُوطًا عَنْ يَمِينِهِ وَعَنْ شِمَالِهِ، ثُمَّ قَالَ: هَذِهِ سُبُلٌ مُتَفَرِّقَةٌ، عَلَى كُلِّ سَبِيلٍ مِنْهَا شَيْطَانٌ يَدْعُو إِلَيْهِ». ثُمَّ قَرَأَ {وَأَنَّ هَذَا صِرَاطِى مُسْتَقِيمًا فَاتَّبِعُوهُ وَلَا تَتَّبِعُوا السُّبُلَ فَتَفَرَّقَ بِكُمْ عَنْ سَبِيلِهِ}
അബ്ദില്ലാഹിബ്നു മസ്ഊദ് رضى الله عنه പറയുന്നു: നബിﷺ ഞങ്ങൾക്ക് (മുന്നിൽ) ഒരു വര വരച്ചു. എന്നിട്ട് പറഞ്ഞു: ഇതാണ് ‘അല്ലാഹുവിന്റെ മാർഗ്ഗം’. ശേഷം അതിൽ നിന്നും ഇടത്തോട്ടും വലത്തോട്ടും കുറെ വരകൾ വരച്ചു; എന്നിട്ട് പറഞ്ഞു: ഇതെല്ലാം നിങ്ങളെ തെറ്റിച്ചു കളയുന്നതാണ്. ഇതിലെ എല്ലാ വഴികളിലും അതിലേക്ക് ക്ഷണിക്കുന്ന ഓരോ ശൈത്വാൻ ഉണ്ടായിരിക്കും. തുടർന്ന് :ഇതത്രെ എന്‍റെ നേരായ പാത. നിങ്ങള്‍ അത് പിന്തുടരുക. മറ്റുമാര്‍ഗങ്ങള്‍ പിന്‍പറ്റരുത്. അവയൊക്കെ അവന്‍റെ (അല്ലാഹുവിന്‍റെ) മാര്‍ഗത്തില്‍ നിന്ന് നിങ്ങളെ ചിതറിച്ച് കളയും. [അൻആം-153] എന്ന ആയത്ത് പാരായണം ചെയ്തു. (അഹ്മദ്:4225)
മനുഷ്യൻ നിത്യവും കാണുന്ന ഉദാഹരണങ്ങളിലൂടെ വലിയ വലിയ യാഥാർഥ്യങ്ങൾ തന്റെ ശിഷ്യന്മാരെ ബോധ്യപ്പെടുത്താൻ നബിﷺ ഉപയോഗപ്പെടുത്തി.
عَنْ جَابِرِ بْنِ عَبْدِ اللَّهِ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم مَرَّ بِالسُّوقِ دَاخِلاً مِنْ بَعْضِ الْعَالِيَةِ وَالنَّاسُ كَنَفَتَهُ فَمَرَّ بِجَدْىٍ أَسَكَّ مَيِّتٍ فَتَنَاوَلَهُ فَأَخَذَ بِأُذُنِهِ ثُمَّ قَالَ ” أَيُّكُمْ يُحِبُّ أَنَّ هَذَا لَهُ بِدِرْهَمٍ ” . فَقَالُوا مَا نُحِبُّ أَنَّهُ لَنَا بِشَىْءٍ وَمَا نَصْنَعُ بِهِ قَالَ ” أَتُحِبُّونَ أَنَّهُ لَكُمْ ” . قَالُوا وَاللَّهِ لَوْ كَانَ حَيًّا كَانَ عَيْبًا فِيهِ لأَنَّهُ أَسَكُّ فَكَيْفَ وَهُوَ مَيِّتٌ فَقَالَ ” فَوَاللَّهِ لَلدُّنْيَا أَهْوَنُ عَلَى اللَّهِ مِنْ هَذَا عَلَيْكُمْ ” .
ജാബിർ ബിൻ അബ്ദില്ലാഹ് رضى الله عنه വിൽ നിന്ന് നിവേദനം: “അല്ലാഹുവിന്റെ ദൂതൻﷺ ഉയർന്ന പ്രദേശത്തുനിന്നും അങ്ങാടിയിലേക്കു പ്രവേശിച്ച് അതിലൂടെ കടന്നുപോകുമ്പോൾ ചെവിയില്ലാത്ത ഒരു ചത്ത ആട്ടിൻകുട്ടിയെ കണ്ടു. അപ്പോൾ അവിടുന്ന് അതിനെ എടുത്ത് അതിന്റെ ചെവിയുടെ ഭാഗത്ത് പിടിച്ച് പറഞ്ഞു: ‘നിങ്ങളിൽ ആരെങ്കിലും ഇതിനെ ഒരു ദിർഹമിന് സ്വന്തമാക്കാൻ ഇഷ്ടപ്പെടുമോ?’ അവർ പറഞ്ഞു: ‘ഇത് ഞങ്ങൾക്ക് വെറുതെ തന്നാലും ഞങ്ങൾക്ക് വേണ്ട; ഇതുകൊണ്ട് എന്ത് ചെയ്യാനാണ്?’ അപ്പോൾ നബിﷺ വീണ്ടും ചോദിച്ചു: “ഇത് നിങ്ങൾക്ക് സ്വന്തമാകുന്നത് നിങ്ങൾക്ക് ഇഷ്ടമാണോ?’ അവർ പറഞ്ഞു: ‘ഇല്ല.’ നബിﷺ ഇത് മൂന്നു പ്രാവശ്യം ആവർത്തിച്ചു. അവർ പറഞ്ഞു: ‘അല്ലാഹുവിൽ സത്യം! ഇതിന് ജീവനുണ്ടായിരുന്നെങ്കിൽ തന്നെ പോരായ്മയുള്ളതാണ്; ഇതിന് ചെവിയില്ലല്ലോ. അപ്പോൾ ഇത് ചത്തത് കൂടിയായിരിക്കെ എങ്ങനെ ഞങ്ങൾക്ക് ഇഷ്ടപ്പെടും?’ അപ്പോൾ നബിﷺ പറഞ്ഞു: ‘അല്ലാഹുവാണെ സത്യം! ഇഹലോകം അല്ലാഹുവിന്റെയടുക്കൽ നിങ്ങൾക്ക് ഈ ചത്ത ആട്ടിൻകുട്ടിയോടുള്ള മനോഭാവത്തെക്കാൾ നിസ്സാരമാണ്.’’ (മുസ്ലിം:2957)
ഇഹലോകത്തിന്റെ നിസ്സാരതയും നൈമിഷികതയും പെട്ടെന്നുതന്നെ ബോധ്യപ്പെടാൻ ഇതിലേറെ മികച്ച എന്ത് ഉദാഹരണമാണുള്ളത്!
തനിക്കു ശേഷം വരാനിരിക്കുന്ന കുഴപ്പങ്ങളെക്കുറിച്ച് സന്ദർഭോചിതം നബിﷺ പ്രവചിക്കുന്നത് കാണുക: അബു മൂസൽ അശ്അരി رَضِيَ اَللَّهُ عَنْهُ പറയുന്നു: “ഒരു ദിവസം ഞങ്ങൾ മഗ്‌രിബ് നമസ്‌കാരം കഴിഞ്ഞ് ഇരിക്കുമ്പോൾ നബിﷺ ആകാശത്തിലെ നക്ഷത്രങ്ങളെ ചൂണ്ടിക്കൊണ്ട് ഞങ്ങളോട് പറഞ്ഞു:
النُّجُومُ أَمَنَةٌ لِلسَّمَاءِ، فَإِذَا ذَهَبَتِ النُّجُومُ أَتَى السَّمَاءَ مَا تُوعَدُ، وَأَنَا أَمَنَةٌ لأَصْحَابِي، فَإِذَا ذَهَبْتُ أَتَى أَصْحَابِي مَا يُوعَدُونَ، وَأَصْحَابِي أَمَنَةٌ لأُمَّتِي، فَإِذَا ذَهَبَ أَصْحَابِي أَتَى أُمَّتِي مَا يُوعَدُونَ
‘നക്ഷത്രങ്ങൾ ആകാശത്തിന് സുരക്ഷയാണ്. നക്ഷത്രങ്ങൾ നശിച്ചു പോയാൽ ആകാശത്തിന് വാഗ്ദാനം ചെയ്തിരിക്കുന്നതു (അന്ത്യനാൾ) സംഭവിക്കും. ഞാൻ എന്റെ സ്വഹാബികൾക്ക് സുരക്ഷയാണ്. ഞാൻ പോയാൽ, അവർക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത് (കുഴപ്പങ്ങൾ) വന്നു ഭവിക്കും. എന്റെ സ്വഹാബികൾ എന്റെ ഉമ്മത്തിന് സുരക്ഷയാണ്. സ്വഹാബികൾ പോയാൽ, എന്റെ ഉമ്മത്തിന് വാഗ്ദാനം ചെയ്തിരിക്കുന്നത് (കുഴപ്പങ്ങൾ) വന്നു ഭവിക്കും…’ (മുസ്‌ലിം)
പ്രായോഗിക പരിശീലനം
തന്റെ പ്രിയപ്പെട്ട ശിഷ്യന്മാർക്ക് കർമശാസ്ത്ര വിഷയങ്ങൾ പലപ്പോഴും നബിﷺ പഠിപ്പിച്ചു കൊടുത്തത് പ്രയോഗതലത്തിൽ കാണിച്ചുകൊണ്ടായിരുന്നു. അവിടുന്ന് സ്വഹാബത്തിന് നമസ്‌കരിച്ചു കാണിച്ചുകൊടുത്തുകൊണ്ട് صَلُّوا كَمَا رَأَيْتُمُونِي أُصَلِّي (ഞാൻ എപ്രകാരം നമസ്‌കരിക്കുന്നതിയി നിങ്ങൾ കണ്ടുവോ അപ്രകാരം നിങ്ങൾ നമസ്‌കരിക്കുക) എന്നു കൽപിക്കുകയുണ്ടായി.
ഹജ്ജിന്റെ കർമങ്ങൾ ചെയ്തു കാണിച്ചുകൊടുത്ത് ഈ കർമങ്ങൾ നിങ്ങൾ എന്നിൽനിന്നും പഠിച്ചെടുക്കണം എന്ന് നബിﷺ പറഞ്ഞത് നാം ഹദീസ് ഗ്രന്ഥങ്ങളിൽ കാണുന്നു. അംഗശുദ്ധി വരുത്തുവാൻ പഠിപ്പിച്ചു കൊടുത്തത്, തയമ്മും ചെയ്യാൻ പഠിപ്പിച്ചത് എല്ലാം ഇപ്രകാരമായിരുന്നു
عَنْ عَمْرِو بْنِ شُعَيْبٍ، عَنْ أَبِيهِ، عَنْ جَدِّهِ، أَنَّ رَجُلاً، أَتَى النَّبِيَّ صلى الله عليه وسلم فَقَالَ يَا رَسُولَ اللَّهِ كَيْفَ الطُّهُورُ فَدَعَا بِمَاءٍ فِي إِنَاءٍ فَغَسَلَ كَفَّيْهِ ثَلاَثًا ثُمَّ غَسَلَ وَجْهَهُ ثَلاَثًا ثُمَّ غَسَلَ ذِرَاعَيْهِ ثَلاَثًا ثُمَّ مَسَحَ بِرَأْسِهِ فَأَدْخَلَ إِصْبَعَيْهِ السَّبَّاحَتَيْنِ فِي أُذُنَيْهِ وَمَسَحَ بِإِبْهَامَيْهِ عَلَى ظَاهِرِ أُذُنَيْهِ وَبِالسَّبَّاحَتَيْنِ بَاطِنَ أُذُنَيْهِ ثُمَّ غَسَلَ رِجْلَيْهِ ثَلاَثًا ثَلاَثًا ثُمَّ قَالَ ” هَكَذَا الْوُضُوءُ فَمَنْ زَادَ عَلَى هَذَا أَوْ نَقَصَ فَقَدْ أَسَاءَ وَظَلَمَ ” . أَوْ ” ظَلَمَ وَأَسَاءَ ” .
അബ്ദുല്ലാഹിബ്‌നു അംറ് رضي الله عنه പറയുന്നു: “ഒരു മനുഷ്യൻ നബിﷺയുടെ അടുക്കൽ വന്ന് ചോദിച്ചു: ‘അല്ലാഹുവിന്റെ പ്രവാചകരേ, എങ്ങനെയാണ് വുദൂഅ് ചെയ്യുക?’ നബിﷺ ഒരു പാത്രത്തിൽ വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെട്ടു. അദ്ദേഹം ആദ്യം കൈകൾ മൂന്നു പ്രാവശ്യം കഴുകി. പിന്നീട് മുഖം മൂന്നു പ്രാവശ്യം കഴുകി. അതിനുശേഷം ഇരു കൈകളും (മുട്ട് ഉൾപ്പെടെ) മൂന്നു പ്രാവശ്യം കഴുകി. ശേഷം വുദൂഇന്റെ പൂർണരൂപം കാണിച്ചുകൊടുത്തു. എന്നിട്ട് പറഞ്ഞു: ‘ഇതാണ് വുദൂഅ്. ഇതിൽ കൂടുതലാക്കുകയോ കുറയ്ക്കുകയോ ചെയ്താൽ, അവൻ തെറ്റു ചെയ്യുകയും അന്യായം പ്രവർത്തിക്കുകയും ചെയ്തിരിക്കുന്നു.’ (അബൂദാവൂദ്:135)
കുട്ടികളോടുള്ള മനഃശാസ്ത്രപരമായ സമീപനം
കുട്ടികളെ പരിഗണിക്കുകയും അവർക്ക് ആത്മവിശ്വാസം നൽകുകയും ചെയ്യുന്നതായിരുന്നു പ്രവാചക ശൈലി.
عَنِ ابْنِ عَبَّاسٍ، قَالَ كُنْتُ خَلْفَ رَسُولِ اللَّهِ صلى الله عليه وسلم يَوْمًا فَقَالَ “ يَا غُلاَمُ إِنِّي أُعَلِّمُكَ كَلِمَاتٍ احْفَظِ اللَّهَ يَحْفَظْكَ احْفَظِ اللَّهَ تَجِدْهُ تُجَاهَكَ إِذَا سَأَلْتَ فَاسْأَلِ اللَّهَ وَإِذَا اسْتَعَنْتَ فَاسْتَعِنْ بِاللَّهِ وَاعْلَمْ أَنَّ الأُمَّةَ لَوِ اجْتَمَعَتْ عَلَى أَنْ يَنْفَعُوكَ بِشَيْءٍ لَمْ يَنْفَعُوكَ إِلاَّ بِشَيْءٍ قَدْ كَتَبَهُ اللَّهُ لَكَ وَلَوِ اجْتَمَعُوا عَلَى أَنْ يَضُرُّوكَ بِشَيْءٍ لَمْ يَضُرُّوكَ إِلاَّ بِشَيْءٍ قَدْ كَتَبَهُ اللَّهُ عَلَيْكَ رُفِعَتِ الأَقْلاَمُ وَجَفَّتِ الصُّحُفُ ” .
ഇബ്‌നു അബ്ബാസ് رضى الله عنهما പറയുന്നു: ഒരിക്കൽ ഞാൻ പ്രവാചകന്റെ പിന്നിൽ വാഹനത്തിൽ ഇരിക്കുമ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു: ‘കുഞ്ഞേ, ഞാൻ നിനക്ക് ചില കാര്യങ്ങൾ പഠിപ്പിച്ചുതരട്ടെയോ?’ എന്നിട്ട് നബിﷺ പറഞ്ഞു: ‘കുഞ്ഞേ, നീ അല്ലാഹുവിനെ സൂക്ഷിക്കുക, അവൻ നിന്നെയും കാത്തുരക്ഷിക്കും. നീ അല്ലാഹുവിനെ സൂക്ഷിച്ചാൽ നിനക്ക് അവന്റെ നിന്റെ മുമ്പിൽ കാണാവുന്നതാണ്. നീ വല്ലതും ചോദിക്കുകയാണെങ്കിൽ അല്ലാഹുവിനോട് ചോദിക്കുക. നീ സഹായം തേടുകയാണെങ്കിൽ അല്ലാഹുവിനോട് സഹായം തേടുക.നീ അറിയണം; ഒരു സമൂഹം നിനക്ക് വല്ല ഉപകാരവും ചെയ്യാന്‍ ഒരുമിച്ച് കൂടിയാലും അല്ലാഹു നിനക്ക് വേണ്ടി നിശ്ചയിച്ചുറപ്പിച്ചതിനപ്പുറം ഒന്നും അവര്‍ക്ക് ചെയ്തുതരാന്‍ കഴിയില്ല. പേനകള്‍ ഉയര്‍ത്തപ്പെട്ടു, താളുകള്‍ ഉണങ്ങി. (തിര്‍മിദി:2516)
കുട്ടികളുടെ പ്രായത്തിനനുസരിച്ചുള്ള ഭാഷയും സ്‌നേഹവും ഉപയോഗിച്ചാണ് അവിടുന്ന് അവരിലേക്ക് അറിവ് എത്തിച്ചത്.
عَنْ عُمَرَ بْنَ أَبِي سَلَمَةَ، قَالَ: كُنْتُ غُلاَمًا فِي حَجْرِ رَسُولِ اللَّهِ صلى الله عليه وسلم وَكَانَتْ يَدِي تَطِيشُ فِي الصَّحْفَةِ فَقَالَ لِي رَسُولُ اللَّهِ صلى الله عليه وسلم : “ يَا غُلاَمُ سَمِّ اللَّهَ، وَكُلْ بِيَمِينِكَ وَكُلْ مِمَّا يَلِيكَ ”. فَمَا زَالَتْ تِلْكَ طِعْمَتِي بَعْدُ.
ഉമറുബ്നു അബീസലമ رضى الله عنهما യിൽ നിന്ന് നിവേദനം: ഞാൻ നബി ﷺ യുടെ സംരക്ഷണത്തിലുള്ള ഒരു കുട്ടിയായിരുന്നു. (ഭക്ഷണം കഴിക്കുമ്പോൾ) എന്റെ കൈ പാത്രത്തിന്റെ എല്ലാ ഭാഗത്തുകൂടിയും പരതുമായിരുന്നു. അപ്പോൾ നബി ﷺ എന്നോട് പറഞ്ഞു: കുട്ടീ, അല്ലാഹുവിന്റെ നാമം ഉച്ചരിക്കുക (ബിസ്മില്ലാഹ് ചൊല്ലുക). വലതുകൈകൊണ്ട് ഭക്ഷിക്കുക. പാത്രത്തിന്റെ നിന്നിലേക്ക് അടുത്ത ഭാഗത്തുനിന്ന് തിന്നുക. പിന്നീട് ആ വിധമായിരുന്നു എന്റെ ഭക്ഷണരീതി. (ബുഖാരി: 5376)
നബിﷺ കുട്ടികളുടെ കൂടെ കളിക്കുന്നതും, അവർക്ക് വലിയ പരിഗണന നൽകി സലാം പറയുന്നതും, അവരെ ചേർത്തുപിടിച്ചതുമെല്ലാം ചരിത്രത്തിൽ രേഖപ്പെട്ടുകിടക്കുന്നു.
വ്യക്തിപരമായ വ്യത്യാസങ്ങൾ (Individual Differences)
ബോധനരീതികളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വിദ്യാർഥിയെ നന്നായി മനസ്സിലാക്കി അവർക്ക് വേണ്ട നിർദേശങ്ങൾ നൽകുക എന്നത്. ഓരോ വിദ്യാർഥിക്കും വ്യത്യസ്ത കഴിവുകളും ബുദ്ധിയുമാണ് ഉണ്ടാവുക. അത് തിരിച്ചറിഞ്ഞ് അവരെ ആ വഴിയിലേക്ക് എത്തിക്കുക എന്നുള്ളത് ഒരു അധ്യാപകനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഉത്തരവാദിത്തമാണ്. അതുപോലെ തന്നെ വിദ്യാർഥികൾ ഒഴിവാക്കേണ്ട ദുശ്ശീലങ്ങൾ ഒഴിവാക്കുവാനായി, അവരുടെ ഗുണകാംക്ഷിയാണെന്ന് അവർക്ക് ബോധ്യപ്പെടുംവിധം മനസ്സുകളിലേക്ക് ഇറങ്ങിച്ചെല്ലും വിധം ഉപദേശിക്കുക എന്നതും ഒരു നല്ല അധ്യാപകന്റെ വിശേഷണമാണ്.
നബിﷺ തന്റെ ശിഷ്യന്മാരെ കൃത്യമായി മനസ്സിലാക്കി അവർക്ക് വേണ്ട ഉപദേശങ്ങളാണ് നൽകിയത്. എല്ലാവർക്കും ഒരേ ഉപദേശം നൽകേണ്ടപ്പോൾ അത് നൽകും. വ്യക്തികളോടാകുമ്പോൾ ഓരോരുത്തരെയും മനസ്സിലാക്കി അവർക്ക് വേണ്ട ഉപദേശങ്ങൾ നൽകി.
നബിﷺയോട് എനിക്കൊരു ഉപദേശം തരണം എന്ന് ചോദിച്ച വ്യക്തിയോട് അവിടുന്ന് ആവര്‍ത്തിച്ച് പറഞ്ഞത് ‘നീ കോപിക്കരുത്’ എന്നായിരുന്നു.
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَجُلاً، قَالَ لِلنَّبِيِّ صلى الله عليه وسلم أَوْصِنِي. قَالَ ” لاَ تَغْضَبْ ”. فَرَدَّدَ مِرَارًا، قَالَ ” لاَ تَغْضَبْ ”.
അബൂഹുറൈറ رضى الله عنه വിൽ നിന്ന് നിവേദനം: ഒരു വ്യക്തി നബിﷺയോട് പറഞ്ഞു: എനിക്ക് വല്ല ഉപദേശവും നല്‍കിയാലും. നബി ﷺ പറഞ്ഞു: ”നീ കോപിക്കരുത്.” അദ്ദേഹം ആവര്‍ത്തിച്ച് ചോദിച്ചപ്പോഴും നബി ﷺ പറഞ്ഞു: ”നീ കോപിക്കരുത്” (ബുഖാരി:6116)
അദ്ദേഹം വലിയ ദേഷ്യക്കാരനായിരുന്നു എന്ന് ഹദീസിന്റെ വിശദീകരണങ്ങളിൽ കാണാം.
എന്നെ ഉപദേശിക്കണം എന്ന് പറഞ്ഞ മറ്റൊരു സഹാബിയോട് നബിﷺ പറഞ്ഞു:
آمَنْت بِاَللَّهِ ثُمَّ اسْتَقِمْ
ഞാൻ അല്ലാഹുവിൽ വിശ്വസിക്കുന്നു എന്ന് നീ പറയുക. എന്നിട്ട് നേരെ ചൊവ്വേ അതിനനുസരിച്ച് ജീവിക്കുക. (മുസ്ലിം)
പ്രവാചകന് ഏറെ ഇഷ്ടപ്പെട്ട സ്വഹാബിയായിരുന്നു അബൂദർറ് رضي الله عنه. അദ്ദേഹം ‘എന്നെ ഒരു പ്രദേശ ത്തിന്റെ ഗവർണറായി നിശ്ചയിച്ചുകൂടേ’ എന്ന് നബിﷺയോട് ചോദിച്ചു. അദ്ദേഹത്തിന്റെ കഴിവും കഴിവില്ലായ്മയും തൊട്ടറിഞ്ഞ ആ പ്രിയ ഗുരുനാഥൻ പറഞ്ഞു:
يَا أَبَا ذَرٍّ إِنَّكَ ضَعِيفٌ وَإِنَّهَا أَمَانَةٌ وَإِنَّهَا يَوْمَ الْقِيَامَةِ خِزْىٌ وَنَدَامَةٌ إِلاَّ مَنْ أَخَذَهَا بِحَقِّهَا وَأَدَّى الَّذِي عَلَيْهِ فِيهَا.
‘അബൂദർറേ, തീർച്ചയായും നീ ദുർബലനാണ്. ഈ പദവി (നേതൃത്വം) എന്നത് ഒരു ഉത്തരവാദിത്തമാണ് (അമാനത്ത്). അത് അർഹമായ രീതിയിൽ ഏറ്റെടുക്കുകയും അതിൽ തന്നിൽ നിക്ഷിപ്തമായ കടമകൾ കൃത്യമായി നിർവഹിക്കുകയും ചെയ്തവരൊഴികെ, മറ്റുള്ളവർക്ക് അന്ത്യനാളിൽ അത് വലിയ അപമാനവും ഖേദവുമായിരിക്കും. (മുസ്‌ലിം:1825)
ഇതിനെയാണ് ആധുനിക വിദ്യാഭ്യാസ ശാസ്ത്രം Differentiation എന്ന് വിളിക്കുന്നത്.
ശരീര ഭാഷയുടെയും സ്പർശനത്തിന്റെയും സ്വാധീനം
നബിﷺ ശിഷ്യന്മാരെ പഠിപ്പിക്കുമ്പോൾ അവരുടെ തോളിൽ കൈവച്ചും കൈകൾ കൂട്ടിപ്പിടിച്ചും സംസാരിക്കുമായിരുന്നു.
عَنْ عَبْدِ اللَّهِ بْنِ عُمَرَ ـ رضى الله عنهما ـ قَالَ أَخَذَ رَسُولُ اللَّهِ صلى الله عليه وسلم بِمَنْكِبِي فَقَالَ “ كُنْ فِي الدُّنْيَا كَأَنَّكَ غَرِيبٌ، أَوْ عَابِرُ سَبِيلٍ ”.
ഇബ്‌നു ഉമർ رضى الله عنهما പറയുന്നു: നബിﷺ എന്റെ തോളിൽ പിടിച്ചുകൊണ്ട് പറഞ്ഞു: ‘നീ ഈ ദുൻയാവിൽ ഒരു അപരിചിതനെപ്പോലെയോ വഴിപോക്കനെപ്പോലെയോ ആയിരിക്കുക.’ (ബുഖാരി:6416)
ഈ ശാരീരിക സ്പർശനം പഠിതാവിൽ വലിയൊരു സുരക്ഷിതബോധവും അധ്യാപകനോട് ഇഷ്ടവും ബഹുമാനവുമുണ്ടാക്കുന്നു.
വ്യക്തതയും മിതത്വവും
നബിﷺ സംസാരിക്കുമ്പോൾ വാക്കുകൾക്കിടയിൽ കൃത്യമായ ഇടവേളകൾ നൽകുമായിരുന്നു. ആർക്കെങ്കിലും ആ വാക്കുകൾ എണ്ണണമെന്നുണ്ടെങ്കിൽ എണ്ണാൻ കഴിയുന്നത്ര വ്യക്തത അതിനു ണ്ടായിരുന്നു.
عَنْ عَائِشَةَ، رضي الله عنها قَالَتْ: كَانَ كَلاَمُ رَسُولِ اللَّهِ صلى الله عليه وسلم كَلاَمًا فَصْلاً يَفْهَمُهُ كُلُّ مَنْ سَمِعَهُ .
ആയിശ رضي الله عنها പറയുന്നു: കേൾക്കുന്നവർക്കെല്ലാം മനസ്സിലാകുന്ന രീതിയിൽ വേർതിരിഞ്ഞ വാക്കുകളിലായിരുന്നു പ്രവാചകൻﷺ സംസാരിച്ചിരുന്നത്. (അബൂദാവൂദ്:4839 – ഹസൻ അൽബാനി)
വിദ്യാർഥികൾക്ക് മടുപ്പുണ്ടാകാതിരിക്കാൻ അദ്ദേഹം ഇടവേളകൾ നൽകി. ‘നബിﷺ ഞങ്ങൾക്ക് മടുപ്പുണ്ടാകുമെന്നു ഭയന്ന് ഇടയ്ക്കിടക്ക് മാത്രമാണ് ഉപദേശങ്ങൾ നൽകിയിരുന്നത്’ എന്ന് സ്വഹാബികൾ സാക്ഷ്യപ്പെടുത്തുന്നു. ഈ മഹാനായ അധ്യാപകൻ ലോകത്തിന് നൽകിയ ഏറ്റവും വലിയ പാഠം ‘ഹൃദയങ്ങൾ കീഴടക്കി വിജ്ഞാനം പകരുക’ എന്നതാണ്. ആധുനിക അധ്യാപകർക്ക് തങ്ങളുടെ ക്ലാസ്സ് റൂമുകൾ കൂടുതൽ സജീവവും ഫലപ്രദവുമാക്കാൻ പ്രവാചകന്റെ ഈ മനഃശാസ്ത്ര പാഠങ്ങൾ ഇന്നും വഴികാട്ടിയാണ്.
അല്ലാഹു പറഞ്ഞു:
لَّقَدْ كَانَ لَكُمْ فِى رَسُولِ ٱللَّهِ أُسْوَةٌ حَسَنَةٌ
തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട് ….. (ഖു൪ആന്‍ :33/21)
കടപ്പാട് : ഡോ. ശുറൈഹ് സലഫി
www.kanzululoom.com