ഈ താളുകളിലെ സംസാരം മഹത്തരമായ ഒരു അടിസ്ഥാനത്തെയും ശ്രേഷ്ഠമായ ഒരർത്ഥത്തെയും കുറിച്ചാണ്. എല്ലാ നാവുകളും അതിനെ പ്രശംസിക്കുന്നു, എല്ലാ സ്ഥലങ്ങളിലും അതൊരു അലങ്കാരമായി നിലകൊള്ളുന്നു, കാലങ്ങൾ എത്ര കഴിഞ്ഞാലും അതിന്റെ സ്മരണ നിലനിൽക്കും.
നിശ്ചയമായും, അത് ‘അദബ്’ (മര്യാദ) ആകുന്നു. ബുദ്ധിയുടെ നെടുംതൂണും, കുലീനതയുടെ ആഭരണവും, എല്ലാ ശ്രേഷ്ഠതയിലേക്കുമുള്ള മാർഗ്ഗവും, എല്ലാ നിയമങ്ങളിലേക്കുമുള്ള വഴിയുമാണത്. സ്തുതിക്കപ്പെട്ട കാര്യങ്ങളുടെയും ശ്രേഷ്ഠതയുടെയും സമ്മേളനമാണത്. മോശമായതും അറിവില്ലാത്തതുമായ എല്ലാ കാര്യങ്ങളിൽ നിന്നും അത് തടയുന്നു.
മര്യാദയുടെ ഇനങ്ങൾ
മര്യാദ മൂന്ന് ഇനങ്ങളാകുന്നു:
1. അല്ലാഹുവിനോടുള്ള മര്യാദ.
2. അവന്റെ പ്രവാചകനോടുള്ള ﷺ മര്യാദ.
3. സൃഷ്ടികളോടുള്ള മര്യാദ.
അല്ലാഹുവിനോടുള്ള മര്യാദ എന്നാൽ, അവനിലേക്ക് അടുപ്പിക്കുന്ന, ബാഹ്യവും ആന്തരികവുമായ എല്ലാ പ്രവർത്തനങ്ങളെയും മഹത്വത്തിനും ബഹുമാനത്തിനും ലജ്ജക്കും അനുസൃതമായി നിർവഹിക്കുക എന്നതാണ്. അത് തൗഹീദിന്റെ പൂർണ്ണതയും, യാഥാർത്ഥ്യബോധത്തിന്റെയും ഏകീകരണത്തിന്റെയും കാതലുമാകുന്നു.
പ്രവാചകനോടുള്ള ﷺ മര്യാദയാകട്ടെ, ചെറുതും വലുതുമായ എല്ലാ കാര്യങ്ങളിലും അദ്ദേഹത്തെ പിൻപറ്റാൻ മനസ്സിനെ നിർബന്ധിക്കുകയും, അദ്ദേഹത്തിന്റെ ചര്യക്ക് മുന്നിൽ വാക്കോ പ്രവർത്തിയോ അഭിപ്രായമോ ഇച്ഛയോ കൊണ്ട് മുൻകടക്കാതിരിക്കലുമാകുന്നു.
സൃഷ്ടികളോടുള്ള മര്യാദയെന്നാൽ, ഉത്തമ സ്വഭാവങ്ങൾകൊണ്ടും നല്ല പെരുമാറ്റങ്ങൾകൊണ്ടും അവരോട് ഇടപെടുകയും, ഓരോരുത്തർക്കും യോജിച്ച സ്ഥാനം നൽകലുമാകുന്നു.
അവർ (പണ്ഡിതന്മാർ) പറഞ്ഞതുപോലെ: അത് സുന്ദരമായ സ്വഭാവവിശേഷങ്ങൾ ഉൾക്കൊള്ളലും, അതിനെതിരായ നിസ്സാര കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കലുമാണ്.
അല്ലെങ്കിൽ ഇങ്ങനെ പറയാം:
വാക്കാലോ പ്രവർത്തിയാലോ പ്രശംസിക്കപ്പെടുന്ന കാര്യങ്ങൾ ഉപയോഗിക്കുകയും, ആക്ഷേപിക്കപ്പെടുന്ന കാര്യങ്ങൾ ഉപേക്ഷിക്കുകയും ചെയ്യുക.
ഈ അവസാനത്തെ ഇനമാണ് ഈ കൊച്ചുലേഖനത്തിലെ സംസാര വിഷയം. ഈ ഉദാത്തവും ശ്രേഷ്ഠവുമായ മര്യാദകൾ രണ്ട് ഉറവിടങ്ങളിൽ നിന്നാണ് സ്വീകരിക്കപ്പെടുന്നത്:
1. പരിശുദ്ധമായ ശരീഅത്തിൽ നിന്ന്.
2. അതുപോലെ, നാട്ടുനടപ്പുകളിൽ നിന്നും. അതായത്, സമൂഹങ്ങൾക്കിടയിൽ അംഗീകരിക്കപ്പെട്ട നന്മകളും സദ്ഗുണങ്ങളും, ബുദ്ധികൾക്ക് നല്ലതായി തോന്നുന്നതും പ്രകൃതിക്ക് സ്വീകാര്യവുമായ മനോഹരമായ രീതികളും പെരുമാറ്റങ്ങളും.
ശറഇയ്യായ മര്യാദകൾ – പൊതുവെ – നിർബന്ധമായും ചെയ്യേണ്ടവ, ചെയ്യുന്നത് പുണ്യമുള്ളതും ഉപേക്ഷിക്കുന്നത് മോശമായതുമായ കാര്യങ്ങൾക്കിടയിലാണ്. ഒരു സംശയവുമില്ല, ഒരു വ്യക്തി ഈ മര്യാദകൾ ജീവിതത്തിൽ പകർത്തുകയും, അത് സ്ഥിരമായ ഒരു ശീലമായിത്തീരുന്നതുവരെ അതിനനുസരിച്ച് പ്രവർത്തിക്കാൻ മനസ്സിനെ പരിശീലിപ്പിക്കുകയും ചെയ്താൽ, അവൻ അവന്റെ ഇഹലോകം നന്നാക്കുകയും പരലോകം സുരക്ഷിതമാക്കുകയും ചെയ്തു.
മര്യാദയുടെയും സൽസ്വഭാവത്തിന്റെയും ശ്രേഷ്ഠത
ഒരാളുടെ മര്യാദ അവന്റെ സൗഭാഗ്യത്തിന്റെയും വിജയത്തിന്റെയും അടയാളമാണ്. അവന്റെ മര്യാദയില്ലായ്മയാകട്ടെ, അവന്റെ ദുരിതത്തിന്റെയും നാശത്തിന്റെയും അടയാളമാണ്. ഇഹലോകത്തെയും പരലോകത്തെയും നന്മകൾ മര്യാദ കൊണ്ടെന്നപോലെ മറ്റൊന്നുകൊണ്ടും നേടിയെടുക്കാനാവില്ല. ഇഹപരലോകങ്ങളിലെ നന്മകൾ നഷ്ടപ്പെടാൻ മര്യാദയില്ലായ്മയേക്കാൾ വലിയൊരു കാരണവുമില്ല.
നിശ്ചയമായും, ആരുടെ മര്യാദ വർദ്ധിക്കുന്നുവോ, അവൻ നിസ്സാരനാണെങ്കിലും ആദരണീയനാകും. അവൻ അപരിചിതനാണെങ്കിലും നേതാവാകും. അവൻ അപ്രശസ്തനാണെങ്കിലും അവന്റെ കീർത്തി പരക്കും. അവൻ ദരിദ്രനാണെങ്കിലും അവനിലേക്ക് ആവശ്യങ്ങൾ വർദ്ധിക്കും.
മര്യാദകൾ പൂർത്തീകരിക്കലും സ്വഭാവങ്ങൾ സംസ്കരിക്കലും പ്രവാചകന്റെ ﷺ ശരീഅത്തിന്റെ ലക്ഷ്യങ്ങളിൽ പെട്ടതാണ്. അദ്ദേഹം ﷺ പറഞ്ഞു:
إِنَّمَا بُعِثْتُ لأُتَمَّمَ صالِحَ الأَخلاق
സദ്സ്വഭാവങ്ങളുടെ പൂർത്തീകരണത്തിനായാണ് ഞാൻ നിയോഗിക്കപ്പെട്ടിട്ടുള്ളത്. (അഹ്മദ് :8952, ബുഖാരി ‘അൽ-അദബുൽ മുഫ്റദ്’ :273)
മറ്റൊരു റിപ്പോർട്ടിൽ ഇപ്രകാരമാണുള്ളത്:
إِنَّمَا بُعِثْتُ لِأُتَمِّمَ مَکَارِمَ الْأَخْلَاق
ഉത്തമ സ്വഭാവങ്ങളുടെ പൂർത്തീകരണത്തിനായാണ് ഞാൻ നിയോഗിക്കപ്പെട്ടിട്ടുള്ളത്. (ബൈഹഖി ‘അസ്സുനനുൽ കുബ്റാ’ (10/323).
അതുകൊണ്ടുതന്നെ, സുന്ദരമായ മര്യാദയും സൽസ്വഭാവവും അദ്ദേഹത്തിന്റെ ചര്യയും പതിവുമായിരുന്നു. എങ്ങനെ അല്ലാതിരിക്കും, അല്ലാഹു തന്നെ പ്രശംസിച്ചത് ഇപ്രകാരമല്ലേ:
وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍ
തീര്ച്ചയായും നീ മഹത്തായ സ്വഭാവത്തിലാകുന്നു. (ഖു൪ആന്:68/4)
അദ്ദേഹം ﷺ രാത്രി നമസ്കാരത്തിന്റെ പ്രാരംഭ പ്രാർത്ഥനയിൽ ഇപ്രകാരം പറയുമായിരുന്നു:
اهْدِنِي لأَحْسَنِ الأَخْلاَقِ لاَ يَهْدِي لأَحْسَنِهَا إِلاَّ أَنْتَ وَاصْرِفْ عَنِّي سَيِّئَهَا لاَ يَصْرِفُ عَنِّي سَيِّئَهَا إِلاَّ أَنْتَ
(അല്ലാഹുവേ,) എന്നെ ഏറ്റവും നല്ല സ്വഭാവത്തിലേക്ക് നയിക്കേണമേ, നീയല്ലാതെ മറ്റാരും അതിലേക്ക് നയിക്കുകയില്ല. എന്നിൽ നിന്ന് ദുഷിച്ച സ്വഭാവങ്ങളെ അകറ്റേണമേ, നീയല്ലാതെ മറ്റാരും അത് അകറ്റുകയില്ല. (മുസ്ലിം :771)
സ്വഹീഹൈനിയിൽ അനസിൽ رَضِيَ اللَّهُ عَنْهُ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു:
انَ رَسُولُ اللَّهِ صلى الله عليه وسلم أَحْسَنَ النَّاسِ خُلُقًا
റസൂലുല്ലാഹി ﷺ ജനങ്ങളിൽ വെച്ച് ഏറ്റവും നല്ല സ്വഭാവമുള്ളയാളായിരുന്നു. (ബുഖാരി :6203, മുസ്ലിം (:659)
ഒരു മുസ്ലിം ഉത്തമ സ്വഭാവങ്ങളും നല്ല മര്യാദകളും മുറുകെ പിടിക്കാൻ സ്വയം നിർബന്ധിക്കുമ്പോൾ, അവൻ പ്രവാചകനെ ﷺ പിൻപറ്റുന്നവനാകുന്നു എന്നതിൽ സംശയമില്ല. അതുകൊണ്ടാണ് സൽസ്വഭാവമുള്ളവൻ പ്രവാചകൻ മുഹമ്മദ് നബിക്ക് ﷺ ഏറ്റവും പ്രിയപ്പെട്ടവനാകുന്നത്. ഇമാം തിർമിദി رَحِمَهُ الله നിവേദനം ചെയ്യുന്ന ഹദീസിൽ അദ്ദേഹം ﷺ പറഞ്ഞു:
إِنَّ مِنْ أَحَبِّكُمْ إِلَىَّ وَأَقْرَبِكُمْ مِنِّي مَجْلِسًا يَوْمَ الْقِيَامَةِ أَحَاسِنَكُمْ أَخْلاَقًا
നിശ്ചയമായും, നിങ്ങളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവരും അന്ത്യനാളിൽ എന്നോട് ഏറ്റവും അടുത്ത സദസ്സിൽ ഇരിക്കുന്നവരും നിങ്ങളിൽ ഏറ്റവും നല്ല സ്വഭാവമുള്ളവരായിരിക്കും. (തിർമിദി:2018)
ഇതിനുശേഷം, സൽസ്വഭാവമുള്ളവൻ ജനങ്ങളിൽ വെച്ച് ഈമാനിൽ ഏറ്റവും പൂർണ്ണതയുള്ളവനാണെന്നതിൽ അതിശയിക്കാനില്ല. ഇമാം തിർമിദിയും رَحِمَهُ الله മറ്റും നിവേദനം ചെയ്യുന്നു, അദ്ദേഹം ﷺ പറഞ്ഞു:
أَكْمَلُ الْمُؤْمِنِينَ إِيمَانًا أَحْسَنُهُمْ خُلُقًا
വിശ്വാസികളിൽ ഈമാനിൽ ഏറ്റവും പൂർണ്ണതയുള്ളവർ അവരിൽ ഏറ്റവും നല്ല സ്വഭാവമുള്ളവരാകുന്നു. (തിർമിദി:1162, അബൂദാവൂദ് :4682)
നിശ്ചയമായും, സൽസ്വഭാവം തന്നെയാണ് പുണ്യം. നന്മയുടെ മാനദണ്ഡവും അതുതന്നെ. അദ്ദേഹം ﷺ പറഞ്ഞത് നീ കേട്ടിട്ടില്ലേ:
إِنَّ خِيَارَكُمْ أَحَاسِنُكُمْ أَخْلاَقًا
നിശ്ചയമായും, നിങ്ങളിൽ ഉത്തമർ നിങ്ങളിൽ ഏറ്റവും നല്ല സ്വഭാവമുള്ളവരാകുന്നു. (ബുഖാരി:6035, മുസ്ലിം :2321)
കൂടാതെ الْبِرُّ حُسْنُ الْخُلُقِ പുണ്യം എന്നാൽ സൽസ്വഭാവമാണ്. (മുസ്ലിം :2553)
ഉന്നതമായ മര്യാദയും ശ്രേഷ്ഠമായ സ്വഭാവവും നോമ്പനുഷ്ഠാനത്തോടും രാത്രി നമസ്കാരത്തോടും കിടപിടിക്കുന്ന മഹത്തായ ഒരു കർമ്മമാണ്. നമ്മുടെ നബി ﷺ പറഞ്ഞു:
إِنَّ الْمُؤْمِنَ لَيُدْرِكُ بِحُسْنِ خُلُقِهِ دَرَجَةَ الصَّائِمِ الْقَائِمِ
നിശ്ചയമായും, ഒരു വിശ്വാസി തന്റെ സൽസ്വഭാവം കൊണ്ട് (പകൽ) നോമ്പനുഷ്ഠിക്കുകയും (രാത്രി) നമസ്കരിക്കുകയും ചെയ്യുന്നവന്റെ പദവിയിലെത്തുന്നു. (അബൂദാവൂദ് :4798)
മാത്രമല്ല, അന്ത്യനാളിൽ തുലാസിൽ ഏറ്റവും ഭാരം തൂങ്ങുന്ന കർമ്മങ്ങളിൽ പെട്ടതാണ് സൽസ്വഭാവം. അദ്ദേഹം ﷺ പറഞ്ഞു:
مَا مِنْ شَىْءٍ أَثْقَلُ فِي الْمِيزَانِ مِنْ حُسْنِ الْخُلُقِ
അന്ത്യനാളിൽ ഒരടിമയുടെ തുലാസിൽ സൽസ്വഭാവത്തേക്കാൾ ഭാരമുള്ള മറ്റൊന്നുമില്ല. (തിർമിദി :2003, അബൂദാവൂദ് :4799)
സൽസ്വഭാവം സ്വർഗ്ഗത്തിൽ പ്രവേശിക്കാനുള്ള കാരണമാണെന്നത് രഹസ്യമല്ല. മറിച്ച്, സ്വർഗ്ഗപ്രവേശനത്തിനുള്ള ഏറ്റവും വലിയ കാരണങ്ങളിൽ ഒന്നാണത്. ജനങ്ങളെ ഏറ്റവുമധികം സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുന്ന കാര്യത്തെക്കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം ﷺ പറഞ്ഞു: تَقْوَى اللَّهِ وَحُسْنُ الْخُلُقِ (അല്ലാഹുവിനോടുള്ള തഖ്വയും സൽസ്വഭാവവുമാണ്) (തിർമിദി :2004)
മാത്രമല്ല, അത് അതിന്റെ ഉടമയെ ഏറ്റവും ഉന്നതമായ സ്ഥാനങ്ങളിലേക്കും ഏറ്റവും ശ്രേഷ്ഠമായ സദസ്സുകളിലേക്കും ഉയർത്തുന്നു. മുൻപ് പറഞ്ഞ ഹദീസിൽ വന്നതുപോലെ: “നിശ്ചയമായും, നിങ്ങളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവരും അന്ത്യനാളിൽ എന്നോട് ഏറ്റവും അടുത്ത സദസ്സിൽ ഇരിക്കുന്നവരും നിങ്ങളിൽ ഏറ്റവും നല്ല സ്വഭാവമുള്ളവരായിരിക്കും.” സ്വർഗ്ഗത്തിൽ അദ്ദേഹത്തിന്റെ ﷺ സദസ്സിനേക്കാൾ ശ്രേഷ്ഠമായ ഏത് സദസ്സാണ് ഉള്ളത്?! അതിനാൽ, സൽസ്വഭാവമുള്ളവന് മംഗളം!
സൽസ്വഭാവത്തിന്റെ ശ്രേഷ്ഠതകളിൽ പെട്ടതാണ്, അതിന്റെ ഉടമക്ക് സ്വർഗ്ഗത്തിന്റെ ഏറ്റവും ഉയർന്ന ഭാഗത്ത് ഒരു വീട് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു എന്നത്. അദ്ദേഹം ﷺ പറഞ്ഞു:
أَنَا زَعِيمٌ بِبَيْتٍ فِي رَبَضِ الْجَنَّةِ لِمَنْ تَرَكَ الْمِرَاءَ وَإِنْ كَانَ مُحِقًّا وَبِبَيْتٍ فِي وَسَطِ الْجَنَّةِ لِمَنْ تَرَكَ الْكَذِبَ وَإِنْ كَانَ مَازِحًا وَبِبَيْتٍ فِي أَعْلَى الْجَنَّةِ لِمَنْ حَسَّنَ خُلُقَهُ
താൻ ന്യായത്തിന്റെ പക്ഷത്തായിട്ടും തർക്കം ഉപേക്ഷിച്ചവന് സ്വർഗ്ഗത്തിന്റെ താഴ്വാരത്ത് ഒരു വീടിന് ഞാൻ ഉറപ്പ് നൽകുന്നു. തമാശക്ക് വേണ്ടിയാണെങ്കിലും കളവ് ഉപേക്ഷിച്ചവന് സ്വർഗ്ഗത്തിന്റെ മധ്യത്തിൽ ഒരു വീടിനും, തന്റെ സ്വഭാവം നന്നാക്കിയവന് സ്വർഗ്ഗത്തിന്റെ ഏറ്റവും ഉയർന്ന ഭാഗത്ത് ഒരു വീടിനും ഞാൻ ഉറപ്പ് നൽകുന്നു. (അബൂദാവൂദ് :4800, തിർമിദി:1993, ഇബ്നുമാജ:51)
ഈ ദീനിൽ മര്യാദയുടെ പ്രാധാന്യത്തെയും അതിന്റെ ഉന്നതമായ സ്ഥാനത്തെയും കുറിച്ച് നിനക്ക് മനസ്സിലാക്കിത്തരുന്ന കാര്യങ്ങളിൽ പെട്ടതാണ്, മുൻഗാമികളും പിൻഗാമികളുമായ പണ്ഡിതന്മാരിൽ നിന്ന് അതിനെ പ്രോത്സാഹിപ്പിച്ചുകൊണ്ടും അത് മുറുകെ പിടിക്കാൻ പ്രേരിപ്പിച്ചുകൊണ്ടും ധാരാളമായി വന്നിട്ടുള്ള ഉദ്ധരണികൾ. അവർ വിജ്ഞാനം പഠിച്ചിരുന്നതുപോലെ മര്യാദയും പഠിച്ചിരുന്നു എന്ന് നീ അറിയണം. ചിലപ്പോൾ അവർ വിജ്ഞാനത്തേക്കാൾ, അല്ലെങ്കിൽ അതിൽ നല്ലൊരു പങ്കിനേക്കാൾ മര്യാദക്ക് മുൻഗണന നൽകിയിരുന്നു.
ഇബ്നുൽ മുബാറക് رَحِمَهُ الله പറയുന്നു: “മഖ്ലദ് ഇബ്നുൽ ഹുസൈൻ رَحِمَهُ الله എന്നോട് പറഞ്ഞു: ‘ധാരാളം ഹദീസിനേക്കാൾ നമുക്ക് ആവശ്യം ധാരാളം മര്യാദയാണ്’.” (അൽ-ഖത്വീബുൽ ബഗ്ദാദി, ‘അൽ-ജാമിഅ് ലിഅഖ്ലാഖി റാവീ വ ആദാബിസ്സാമിഅ്’ (1/80)).
മറ്റൊരു റിപ്പോർട്ടിൽ: “ധാരാളം ഹദീസിനേക്കാൾ നമുക്ക് ആവശ്യം അല്പം മര്യാദയാണ്.” (അർ-റാമഹുർമുസി, ‘അൽ-മുഹദ്ദിസുൽ ഫാസ്വിലു ബൈന റാവീ വൽ വാഈ’ (പേജ്: 559)).
ഇബ്നു സീരീൻ رَحِمَهُ الله പറയുന്നു: “അവർ (സലഫുകൾ) വിജ്ഞാനം പഠിക്കുന്നതുപോലെത്തന്നെ സന്മാർഗ്ഗവും (പെരുമാറ്റവും സ്വഭാവവും) പഠിക്കുമായിരുന്നു.” (അൽ-ഖത്വീബുൽ ബഗ്ദാദി, ‘അൽ-ജാമിഅ് ലിഅഖ്ലാഖി റാവീ വ ആദാബിസ്സാമിഅ്’ (1/79)).
ഇബ്രാഹീം ഇബ്നു ഹബീബ് ഇബ്നു ശ്ശഹീദ് رَحِمَهُ الله പറയുന്നു: “എന്റെ പിതാവ് എന്നോട് പറഞ്ഞു: ‘എന്റെ പൊന്നുമോനേ, നീ കർമ്മശാസ്ത്ര പണ്ഡിതന്മാരെയും മറ്റു പണ്ഡിതന്മാരെയും സമീപിക്കുകയും അവരിൽ നിന്ന് പഠിക്കുകയും ചെയ്യുക. അവരുടെ മര്യാദയും സ്വഭാവവും സ്വീകരിക്കുക. കാരണം, ധാരാളം ഹദീസ് പഠിക്കുന്നതിനേക്കാൾ എനിക്കിഷ്ടം അതാണ്’.” (അതേ ഗ്രന്ഥം (1/80)).
അൽ-ഖറാഫി رَحِمَهُ الله അദ്ദേഹത്തിന്റെ ‘അൽ-ഫുറൂഖ്’ എന്ന ഗ്രന്ഥത്തിൽ പറയുന്നു: “റുവൈം رَحِمَهُ الله തന്റെ മകനോട് പറഞ്ഞു: ‘മോനേ, നിന്റെ കർമ്മത്തെ ഉപ്പുപോലെയും, നിന്റെ മര്യാദകളെ മാവുപോലെയുമാക്കുക’. അതായത്, മര്യാദ വർദ്ധിപ്പിക്കുക, എത്രത്തോളമെന്നാൽ അതിന്റെ അളവ് മാവിന് ഉപ്പിനോടുള്ള അത്രയും കൂടുതലായിരിക്കണം. അല്പം സൽകർമ്മത്തോടൊപ്പം ധാരാളം മര്യാദയുണ്ടാകുന്നത്, മര്യാദ കുറഞ്ഞ ധാരാളം കർമ്മങ്ങളേക്കാൾ ഉത്തമമാണ്.” (‘അൻവാറുൽ ബുറൂഖ് ഫീ അൻവാഇൽ ഫുറൂഖ്’ (3/96)).
വിശ്വാസവും സ്വഭാവവും തമ്മിൽ
പണ്ഡിതന്മാർ ഈ വിഷയത്തിൽ ശ്രദ്ധ ചെലുത്തി എന്നതിന്റെ തെളിവാണ്, അവർ മര്യാദകളെയും സ്വഭാവങ്ങളെയും വിശ്വാസപരമായ (അഖീദ) ചർച്ചകൾക്കുള്ളിൽ ഉൾപ്പെടുത്തിയിരുന്നു എന്നത്. അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ വിശ്വാസ ചർച്ചകൾക്കുള്ളിൽ മര്യാദകളെയും സ്വഭാവങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന ധാരാളം നല്ല വാക്യങ്ങൾ ഉൾക്കൊള്ളിച്ച ഒരുപാട് ഗ്രന്ഥങ്ങളുണ്ട്. ഇമാം അബൂ ഉസ്മാൻ അസ്സാബൂനി رَحِمَهُ الله യുടെ ‘അഖീദത്തുസ്സലഫ് വ അസ്ഹാബുൽ ഹദീസ്’ എന്ന ഗ്രന്ഥത്തിലും, ഇമാം അൽ-മുസനി رَحِمَهُ الله യുടെ ‘ശർഹുസ്സുന്ന’യിലും, ഇമാം അൽ-ഇസ്മാഈലി رَحِمَهُ الله യുടെ ‘ഇഅ്തിഖാദു അഇമ്മത്തിൽ ഹദീസ്’ എന്ന ഗ്രന്ഥത്തിലും, ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رَحِمَهُ الله യുടെ ‘അൽ-അഖീദത്തുൽ വാസിത്വിയ്യ’യിലും നിനക്കത് കാണാം. മാത്രമല്ല, ഇമാം ഇബ്നു ബത്ത رَحِمَهُ الله തന്റെ ‘അശ്ശർഹു വൽ ഇബാന’ എന്ന ഗ്രന്ഥത്തിൽ ഉപകാരപ്രദമായ ഒരു കൂട്ടം മര്യാദകൾ വിവരിക്കുന്ന ഒരു ദീർഘമായ അധ്യായം തന്നെ നൽകിയിട്ടുണ്ട്.
നീ ഇതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, ഇതൊരു ശരിയായ മാർഗ്ഗമാണെന്ന് നിനക്ക് കാണാൻ കഴിയും. അതിന് പല കാരണങ്ങളും യുക്തികളുമുണ്ട്, അവയിൽ ചിലത്:
1. ഈമാൻ എന്നാൽ വാക്കും പ്രവൃത്തിയുമാണെന്നും, നല്ല സ്വഭാവങ്ങൾ ശരിയായ വിശ്വാസത്തിന്റെ പ്രായോഗിക ഫലമാണെന്നും ഊന്നിപ്പറയുക. അംറ് ബ്നു അബസ رَضِيَ اللَّهُ عَنْهُ പ്രവാചകനോട് ﷺ ചോദിച്ചപ്പോൾ അവിടുന്ന് നൽകിയ മറുപടിയിലെ സൂക്ഷ്മമായ സൂചന നീ ശ്രദ്ധിച്ചിട്ടില്ലേ?
مَا أَنْتَ قَالَ ” أَنَا نَبِيٌّ ” . فَقُلْتُ وَمَا نَبِيٌّ قَالَ ” أَرْسَلَنِي اللَّهُ ” . فَقُلْتُ وَبِأَىِّ شَىْءٍ أَرْسَلَكَ قَالَ ” أَرْسَلَنِي بِصِلَةِ الأَرْحَامِ وَكَسْرِ الأَوْثَانِ وَأَنْ يُوَحَّدَ اللَّهُ لاَ يُشْرَكُ بِهِ شَىْءٌ ” .
അദ്ദേഹം ചോദിച്ചു: “താങ്കൾ ആരാണ്?” പ്രവാചകൻ ﷺ പറഞ്ഞു: “ഞാനൊരു നബിയാണ്.” ഞാൻ ചോദിച്ചു: “എന്താണ് നബി?” അദ്ദേഹം പറഞ്ഞു: “അല്ലാഹു എന്നെ അയച്ചതാണ്.” ഞാൻ ചോദിച്ചു: “എന്തുമായാണ് അല്ലാഹു താങ്കളെ അയച്ചത്?” അദ്ദേഹം പറഞ്ഞു: “കുടുംബബന്ധം ചേർക്കുന്നതിനും, വിഗ്രഹങ്ങളെ തകർക്കുന്നതിനും, അല്ലാഹുവിനെ ഏകനാക്കാനും അവനോട് യാതൊന്നും പങ്കുചേർക്കാതിരിക്കാനുമായി അല്ലാഹു എന്നെ അയച്ചിരിക്കുന്നു. (മുസ്ലിം:832)
തൗഹീദും സ്വഭാവവും തമ്മിലുള്ള ഈ ബന്ധം ശ്രദ്ധിക്കുക: “കുടുംബബന്ധം ചേർക്കലും വിഗ്രഹങ്ങളെ തകർക്കലും.”
2. ഇസ്ലാമിന്റെയും സുന്നത്തിന്റെയും ശത്രുക്കൾക്കെതിരെ സ്വഭാവം ഒരു ശക്തമായ കോട്ടയാണെന്ന് വ്യക്തമാക്കുക. സ്വഭാവത്തെ ദുർബലപ്പെടുത്തുന്നതിലൂടെ അവർ വിശ്വാസത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നു. ഇത് നമ്മുടെ ഈ കാലഘട്ടത്തിൽ നാം അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് – അങ്ങേയറ്റം ഖേദകരം തന്നെ. അല്ലാഹുവിന്റെ ശത്രുക്കളായ വിനാശകരമായ ചിന്താധാരകളുടെ ആളുകൾ യുവാക്കളുടെയും യുവതികളുടെയും മനസ്സുകളിലേക്ക് കടന്നുകയറുന്നത് പലപ്പോഴും ആദ്യം അവരുടെ സ്വഭാവം ദുർബലപ്പെടുത്തിക്കൊണ്ടാണ്. അവരെ തിന്മകളിലും നീചവൃത്തികളിലും മുക്കിക്കളയുന്നു. പിന്നീട് അവരെ വിശ്വാസപരമായ വ്യതിയാനങ്ങളിലേക്ക് നയിക്കുന്നു. ചിലപ്പോൾ അവരെ നിരീശ്വരവാദത്തിലേക്കും അല്ലാഹുവിന്റെ ദീനിൽ നിന്നുള്ള മതപരിത്യാഗത്തിലേക്കും വരെ എത്തിക്കുന്നു. അല്ലാഹുവിൽ ശരണം.
3. ശ്രേഷ്ഠമായ സ്വഭാവങ്ങളും ഉത്തമമായ പെരുമാറ്റങ്ങളും ദഅ്വത്ത് സ്വീകരിക്കപ്പെടാനുള്ള താക്കോലാണെന്ന് ഊന്നിപ്പറയുക. അഹ്ലുസ്സുന്ന ആ സ്വഭാവങ്ങൾ മുറുകെ പിടിക്കുകയാണെങ്കിൽ – അല്ലാഹുവിന്റെ അനുഗ്രഹത്താൽ – അവർക്ക് മുന്നിൽ ഹൃദയങ്ങൾ തുറക്കപ്പെടും. എതിരാളിക്ക് അവരുടെ ദഅ്വത്ത് ബോധ്യപ്പെടുകയും, യോജിക്കുന്നവന് അതിലുള്ള ബോധ്യം വർദ്ധിക്കുകയും ചെയ്യും.
4. ഉന്നതമായ മര്യാദകൾ അഹ്ലുസ്സുന്നത്തിന് ശക്തിയും പ്രതിരോധശേഷിയും ഐക്യവും നൽകുമെന്ന് ഓർമ്മിപ്പിക്കുക. അതിന്റെ വിപരീതം വിപരീത ഫലം ചെയ്യും. അല്ലാഹു പറയുന്നു:
وَلَا تَنَٰزَعُوا۟ فَتَفْشَلُوا۟ وَتَذْهَبَ رِيحُكُمْ ۖ
…നിങ്ങള് ഭിന്നിച്ചു പോകരുത്. എങ്കില് നിങ്ങള്ക്ക് ധൈര്യക്ഷയമുണ്ടാവുകയും നിങ്ങളുടെ വീര്യം (നശിച്ചു) പോകുകയും ചെയ്യും… (ഖുർആൻ:8/46)
പ്രൊഫ. ഡോ. സ്വാലിഹ് ബിൻ അബ്ദിൽ അസീസ് ബിൻ ഉഥ്മാൻ അസ്സിന്ദി حَفِظَهُ اللَّهُ യുടെ الأدب عنوان السعادة എന്ന കൃതിയിൽ നിന്നും
www.kanzululoom.com