بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ
الْحَمْدُ لِلَّهِ، وَالصَّلَاةُ وَالسَّلَامُ عَلَى رَسُولِ اللَّهِ، وَعَلَى آلِهِ وَصَحْبِهِ وَمَنْ وَالَاهُ، أَمَّا بَعْدُ:
അല്ലാഹുവിനുള്ള അടിമത്തം (ഉബൂദിയ്യത്ത്) എന്നത് മഹത്തായ ഒരു സ്ഥാനമാണ്. എന്തിന്, അല്ലാഹു سُبْحَانَهُ وَتَعَالَى അവന്റെ പ്രവാചകന്മാരെയും ഇഷ്ടദാസന്മാരെയും പ്രശംസിച്ച സ്ഥാനങ്ങളിൽ വെച്ച് ഏറ്റവും ആദരണീയമായ സ്ഥാനമാണത്. ആ സ്ഥാനക്കാരെ അല്ലാഹു തന്നിലേക്ക് ചേർത്ത് പറഞ്ഞിട്ടുള്ള നിരവധി ആയത്തുകളുണ്ട്; അത് അവർക്കുള്ള ആദരവും അവരുടെ സ്ഥാനം ഉയർത്തുന്നതിനും വേണ്ടിയാണ്. ഈ ആദരണീയമായ സ്ഥാനക്കാർക്ക് ധാരാളം വിശേഷണങ്ങളും അനുഗ്രഹീതമായ ഗുണങ്ങളും അല്ലാഹു ഒരുപാട് പ്രമാണങ്ങളിൽ എടുത്തുപറഞ്ഞിട്ടുണ്ട്; ഒരു മുസ്‌ലിമിന് ആ വിശേഷണങ്ങൾ ഉൾക്കൊള്ളാനും അതനുസരിച്ച് പ്രവർത്തിക്കാനും പരിശ്രമിക്കാൻ വേണ്ടിയാണത്. അതുവഴി അവന് ലോകരക്ഷിതാവായ അല്ലാഹുവിന്റെ അടുക്കൽ ഉയർന്ന സ്ഥാനവും മഹത്തായ ആദരവും കരസ്ഥമാക്കാം.
അല്ലാഹു അവന്റെ സത്യവിശ്വാസികളായ അടിമകളുടെ വിശേഷണങ്ങൾ ഒരേ സന്ദർഭത്തിൽ ഒരുമിച്ചുകൂട്ടി പറഞ്ഞിട്ടുള്ള പ്രധാന സ്ഥലങ്ങളിലൊന്നാണ് സൂറത്തുൽ ഫുർഖാന്റെ അവസാന ഭാഗത്തുള്ള ആയത്തുകൾ. അവിടെ എട്ട് വിശേഷണങ്ങൾ അല്ലാഹു എടുത്തുപറഞ്ഞിട്ടുണ്ട്. അത് ആരംഭിക്കുന്നത് അല്ലാഹുവിന്റെ ഈ വചനത്തോടെയാണ്:
وَعِبَادُ ٱلرَّحْمَٰنِ ٱلَّذِينَ يَمْشُونَ عَلَى ٱلْأَرْضِ هَوْنًا
പരമകാരുണികന്റെ ദാസന്‍മാര്‍ ഭൂമിയില്‍ കൂടി വിനയത്തോടെ നടക്കുന്നവരും ….(ഖുർആൻ:25/63)
റഹ്‌മാൻ (പരമകാരുണികൻ) എന്ന നാമം സൂചിപ്പിക്കുന്ന കാരുണ്യത്തിന്റെ ആശയങ്ങളാൽ അവർക്ക് പ്രത്യേക സ്ഥാനമുണ്ട് എന്നതിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. അവന്റെ കാരുണ്യം കൊണ്ടാണ് അല്ലാഹു അവരെ ഈമാനിലേക്ക് വഴി കാണിച്ചത്, റഹ്‌മാനായ അല്ലാഹുവിനെ അനുസരിക്കുന്നതിലും, അവനിലേക്ക് ഏറ്റവും നല്ല രൂപത്തിൽ അടുക്കുന്നതിലും അവൻ അവരെ വളർത്തിയത് അവന്റെ കാരുണ്യത്താലാണ്.
ശേഷം അവരുടെ ഓരോ വിശേഷണങ്ങളെയും “وَالَّذِينَ” (അക്കൂട്ടർ…) എന്ന് പറഞ്ഞുകൊണ്ട് അല്ലാഹു എണ്ണിപ്പറയുന്നു. ഈ മഹത്തായ സന്ദർഭം അല്ലാഹു അവസാനിപ്പിക്കുന്നത് അവർക്ക് വേണ്ടി അവൻ ഒരുക്കിവെച്ചിട്ടുള്ള മഹത്തായ പ്രതിഫലവും വലിയ കൂലിയും എടുത്തുപറഞ്ഞുകൊണ്ടാണ്. അതുകൊണ്ട്, സ്വന്തം വിജയത്തിലും സൗഭാഗ്യത്തിലും പരിശ്രമിക്കുന്ന ഏതൊരു മുസ്‌ലിമിനും ഈ അനുഗ്രഹീതമായ സന്ദർഭത്തിൽ വന്നിട്ടുള്ള ‘ഇബാദു റഹ്മാന്റെ’ (റഹ്‌മാനായ റബ്ബിന്റെ അടിമകളുടെ) വിശേഷണങ്ങളെക്കുറിച്ച് ചിന്തിക്കുകയും അവയെ നന്നായി മനസ്സിലാക്കുകയും, ശേഷം അത് പൂർണ്ണമായ രൂപത്തിൽ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ പരിശ്രമിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.
ഒന്നാമത്തെ വിശേഷണം: വിനയവും ശാന്തതയും, അല്ലാഹുവിനോടും അവന്റെ അടിമകളോടും താഴ്മ കാണിക്കൽ
അല്ലാഹു سُبْحَانَهُ وَتَعَالَى പറഞ്ഞു:
وَعِبَادُ ٱلرَّحْمَٰنِ ٱلَّذِينَ يَمْشُونَ عَلَى ٱلْأَرْضِ هَوْنًا وَإِذَا خَاطَبَهُمُ ٱلْجَٰهِلُونَ قَالُوا۟ سَلَٰمًا
പരമകാരുണികന്റെ ദാസന്മാർ ഭൂമിയിൽകൂടി വിനയത്തോടെ നടക്കുന്നവരും, അവിവേകികൾ തങ്ങളോട് സംസാരിച്ചാൽ ‘സലാം’ എന്ന് പറയുന്നവരുമാകുന്നു.(ഖുർആൻ:25/63)
‘ഇബാദു റഹ്മാന്റെ’ വിശേഷണങ്ങളിലും അവരുടെ മനോഹരമായ ഗുണങ്ങളിലും പെട്ടതാണ് അല്ലാഹുവിനോടും അവന്റെ അടിമകളോടുമുള്ള അവരുടെ വിനയം. അവർ ശാന്തതയോടും സമാധാനത്തോടും ഗാംഭീര്യത്തോടും കൂടിയാണ് നടക്കുക. അവരുടെ നടത്തത്തിലും ഭാവത്തിലും പ്രകടമാകുന്ന ഈ വിനയം ഈമാനിന്റെ ഫലങ്ങളിൽ പെട്ട ഒരു ഫലവും, അതിന്റെ അടയാളങ്ങളിൽ പെട്ട ഒരു അടയാളവുമാണ്.
عن ابن عباس, قوله: {الَّذِينَ يَمْشُونَ عَلَى الأرْضِ هَوْنًا}بالطاعة والعفاف والتواضع.
ഇബ്നു അബ്ബാസ് رضي الله عنه അല്ലാഹുവിന്റെ വചനമായ “ഭൂമിയിൽകൂടി വിനയത്തോടെ നടക്കുന്നവർ” എന്നതിനെ കുറിച്ച് പറഞ്ഞു: “അനുസരണത്തോടും, ചാരിത്രശുദ്ധിയോടും, വിനയത്തോടും കൂടി നടക്കുന്നവർ”. (ത്വബ്രി അദ്ദേഹത്തിന്റെ തഫ്സീറിൽ (17/491) ഉദ്ധരിച്ചത്).
അവരുടെ വിനയത്തിന്റെയും ശാന്തതയുടെയും പ്രകടനങ്ങളിൽ പെട്ടതാണ്, അവർ വഴിയിൽ വെച്ച് വല്ല വിഡ്ഢികളെയും വിവരദോഷികളെയും കണ്ടുമുട്ടിയാൽ അവർ അവരോട് സംസാരിക്കുന്നത് വിഡ്ഢിത്തത്തിൽ നിന്നും വിവരക്കേടിൽ നിന്നും സുരക്ഷിതമായ വാക്കുകൾ കൊണ്ടായിരിക്കും. ഇതാണ് അല്ലാഹുവിന്റെ വചനമായ “അവിവേകികൾ തങ്ങളോട് സംസാരിച്ചാൽ ‘സലാം’ എന്ന് പറയുന്നവരുമാകുന്നു” എന്നതിന്റെ അർത്ഥം. അതായത്, പാപത്തിൽ നിന്നും വ്യർത്ഥമായ സംസാരത്തിൽ നിന്നും അവർ സുരക്ഷിതരാകുന്ന വാക്ക്.
ഇതുവഴി അവർ രണ്ട് ഇടർച്ചകളിൽ നിന്ന് തങ്ങളെത്തന്നെ സുരക്ഷിതരാക്കിയിരിക്കുന്നു: കാലിടർച്ചയിൽ നിന്നും, നാവിൻ്റെ ഇടർച്ചയിൽ നിന്നും.
ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു: “ഇടർച്ചകൾ രണ്ടിനമായതുകൊണ്ട് – കാലിടർച്ചയും, നാവിൻ്റെ ഇടർച്ചയും – അവ രണ്ടും ഒരുമിച്ച് ഒന്നിന്റെ കൂട്ടാളിയായി മറ്റൊന്ന് എന്ന രൂപത്തിൽ അല്ലാഹുവിന്റെ ഈ വചനത്തിൽ വന്നിരിക്കുന്നു: ‘പരമകാരുണികന്റെ ദാസന്മാർ ഭൂമിയിൽകൂടി വിനയത്തോടെ നടക്കുന്നവരും, അവിവേകികൾ തങ്ങളോട് സംസാരിച്ചാൽ ‘സലാം’ എന്ന് പറയുന്നവരുമാകുന്നു’. അവരുടെ വാക്കുകളിലും കാൽവെപ്പുകളിലുമുള്ള സൂക്ഷ്മത കൊണ്ട് അല്ലാഹു അവരെ വിശേഷിപ്പിച്ചിരിക്കുന്നു”. (അദ്ദാഉ വദ്ദവാഅ് – പേജ്: 376)
അതുകൊണ്ട് വിവരദോഷികളോടും വിഡ്ഢികളോടും അവരുടെ വിവരക്കേടിനും വിഡ്ഢിത്തത്തിനും തത്തുല്യമായി അവർ മറുപടി നൽകുകയില്ല. മറിച്ച്, അവരിൽ നിന്ന് തിരിഞ്ഞുകളയുകയും, ഈ പോരായ്മകളിൽ നിന്നെല്ലാം സുരക്ഷിതമായ വാക്കുകൾ കൊണ്ട് അവരോട് സംസാരിക്കുകയും ചെയ്യും. അങ്ങനെ തിന്മയെ അവർ നന്മകൊണ്ട് തടുക്കുന്നു. അല്ലാഹു سُبْحَانَهُ وَتَعَالَى പറഞ്ഞതുപോലെ:
وَلَا تَسْتَوِى ٱلْحَسَنَةُ وَلَا ٱلسَّيِّئَةُ ۚ ٱدْفَعْ بِٱلَّتِى هِىَ أَحْسَنُ فَإِذَا ٱلَّذِى بَيْنَكَ وَبَيْنَهُۥ عَدَٰوَةٌ كَأَنَّهُۥ وَلِىٌّ حَمِيمٌ ﴿٣٤﴾ وَمَا يُلَقَّىٰهَآ إِلَّا ٱلَّذِينَ صَبَرُوا۟ وَمَا يُلَقَّىٰهَآ إِلَّا ذُو حَظٍّ عَظِيمٍ ﴿٣٥﴾
നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അത് കൊണ്ട് നീ (തിന്‍മയെ) പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ (നിന്‍റെ) ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു. ക്ഷമ കൈക്കൊണ്ടവര്‍ക്കല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല. വമ്പിച്ച ഭാഗ്യമുള്ളവന്നല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല. (ഖു൪ആന്‍:41/34-35)
ജനങ്ങളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലുമെല്ലാം വലിയ അന്തരമുണ്ട്. ഒരു മുസ്‌ലിമിന്റെ മേൽ നിർബന്ധമായ കാര്യം, അവന്റെ നല്ല ദീനും മനോഹരമായ സ്വഭാവവും കൊണ്ട്, മുൻപത്തെ ആയത്തിൽ അല്ലാഹു ‘ഇബാദു റഹ്മാനെ’ കുറിച്ച് പറഞ്ഞ വിശേഷണങ്ങൾ ഉൾക്കൊള്ളുക എന്നതാണ്. അങ്ങനെ അവൻ തിന്മയെ നന്മകൊണ്ട് നേരിടുകയും, അവരുടെ സ്വഭാവം എന്തുതന്നെയായാലും അല്ലാഹുവിന്റെ അടിമകളോട് വിനയം കാണിക്കുകയും ചെയ്യണം.
അതിനെല്ലാം പുറമെ, അവൻ അവന്റെ എല്ലാ കാര്യങ്ങളിലും അല്ലാഹുവിനോട് സഹായം തേടേണ്ടതുണ്ട്, ഏറ്റവും നല്ല സ്വഭാവങ്ങളിലേക്ക് വഴി കാണിക്കുവാനും, ചീത്ത സ്വഭാവങ്ങളെ അവനിൽ നിന്ന് തിരിച്ചു കളയുവാനും അവനോട് പ്രാർത്ഥിക്കുകയും വേണം. നബി ﷺ നമസ്കാരത്തിൽ പ്രാരംഭ പ്രാർത്ഥനയായി ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു എന്ന് സ്ഥിരപ്പെട്ടിട്ടുണ്ട്:
…اهْدِنِي لِأَحْسَنِ الْأَخْلَاقِ، لَا يَهْدِي لِأَحْسَنِهَا إِلَّا أَنْتَ، وَاصْرِفْ عَنِّي سَيِّئَهَا، لَا يَصْرِفُ عَنِّي سَيِّئَهَا إِلَّا أَنْتَ…
അല്ലാഹുവേ, എന്നെ നീ സൽസ്വഭാവങ്ങളിലേക്ക് വഴി നയിക്കേണമേ, നിന്നിലേക്കല്ലാതെ സൽസ്വഭാവങ്ങളിലേക്ക് വഴി നയിക്കാൻ മറ്റാരുമില്ല. ദുഃസ്വഭാവങ്ങളെ എന്നിൽ നിന്ന് നീ തിരിച്ചു കളയേണമേ, നിന്നിലേക്കല്ലാതെ ദുഃസ്വഭാവങ്ങളെ തിരിച്ചു കളയാൻ മറ്റാരുമില്ല. (മുസ്‌ലിം:771)
നബി ﷺ വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നവനോട് ഇപ്രകാരം പറയാൻ പഠിപ്പിക്കുമായിരുന്നു:
اللَّهُمَّ أَعُوذُ بِكَ أَنْ أَضِلَّ أَوْ أُضَلَّ، أَوْ أَزِلَّ أَوْ أُزَلَّ، أَوْ أَظْلِمَ أَوْ أُظْلَمَ، أَوْ أَجْهَلَ أَوْ يُجْهَلَ عَلَيَّ
അല്ലാഹുവേ, ഞാൻ വഴിപിഴക്കുന്നതിൽ നിന്നും, അല്ലെങ്കിൽ വഴിപിഴപ്പിക്കപ്പെടുന്നതിൽ നിന്നും, എനിക്ക് കാലിടറുന്നതിൽ നിന്നും, അല്ലെങ്കിൽ കാലിടറപ്പെടുന്നതിൽ നിന്നും, ഞാൻ അക്രമം പ്രവർത്തിക്കുന്നതിൽ നിന്നും, അല്ലെങ്കിൽ ഞാൻ അക്രമിക്കപ്പെടുന്നതിൽ നിന്നും, ഞാൻ വിവരക്കേട് കാണിക്കുന്നതിൽ നിന്നും, അല്ലെങ്കിൽ എന്നോട് വിവരക്കേട് കാണിക്കപ്പെടുന്നതിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു. (അബൂദാവൂദ് :5094, തിർമിദി:3427, നസാഇ:5486 – സ്വഹീഹുൽ ജാമിഅ്: 4709)
ഈ അനുഗ്രഹീതമായ പ്രാർത്ഥനയിൽ ഒരു അടിമക്ക് മറ്റുള്ളവരോട് വിവരക്കേട് കാണിക്കുന്നതിൽ നിന്നും, മറ്റുള്ളവരുടെ വിവരക്കേടിൽ നിന്നും സുരക്ഷിതനാവാനുള്ള സംരക്ഷണം കൂടിയുണ്ട്.
രണ്ടാമത്തെ വിശേഷണം: നമസ്കാരത്തിൽ സൂക്ഷ്മത പുലർത്തുന്നവർ, വിശിഷ്യാ രാത്രി നമസ്കാരത്തിൽ
അല്ലാഹു سُبْحَانَهُ وَتَعَالَى പറഞ്ഞു:
وَٱلَّذِينَ يَبِيتُونَ لِرَبِّهِمْ سُجَّدًا وَقِيَٰمًا
തങ്ങളുടെ രക്ഷിതാവിന് പ്രണാമം ചെയ്യുന്നവരായിക്കൊണ്ടും, നിന്ന് നമസ്കരിക്കുന്നവരായിക്കൊണ്ടും രാത്രി കഴിച്ചുകൂട്ടുന്നവരുമാകുന്നു അവര്‍. (ഖുർആൻ:25/64)
‘ഇബാദു റഹ്മാന്റെ’ പ്രകടമായ വിശേഷണങ്ങളിൽ പെട്ടതാണ് ശാരീരികമായ ആരാധനകളിൽ ഏറ്റവും മഹത്തായ നമസ്കാരം നിർവഹിക്കുന്നതിൽ അവർ കാണിക്കുന്ന സൂക്ഷ്മത. ഫർളും സുന്നത്തുമായ നമസ്കാരങ്ങളിൽ, വിശിഷ്യാ രാത്രി നമസ്കാരത്തിൽ. കാരണം അത് റസൂലുല്ലാഹി ﷺ യുടെ ശക്തമായ ചര്യയാണ് (സുന്നത്ത് മുഅക്കദ). അത് പതിവാക്കുന്നതിന്റെ ശ്രേഷ്ഠതയെക്കുറിച്ച് ധാരാളം ഹദീസുകൾ വന്നിട്ടുണ്ട്. അതുകൊണ്ടാണ് മുൻപത്തെ ആയത്തിൽ ‘ഇബാദു റഹ്മാന്റെ’ വിശേഷണങ്ങളിൽ ഒന്നായി അതിനെ പ്രത്യേകം എടുത്തു പറഞ്ഞത്.
രാത്രി നമസ്കാരത്തിന്റെ ശ്രേഷ്ഠതയെക്കുറിച്ച് വന്നിട്ടുള്ളതിൽ പെട്ടതാണ് നബി ﷺ യുടെ ഈ വാക്ക്:
وَأَفْضَلُ الصَّلاَةِ بَعْدَ الْفَرِيضَةِ صَلاَةُ اللَّيْلِ.
ഫർള് നമസ്കാരങ്ങൾക്ക് ശേഷം ഏറ്റവും ശ്രേഷ്ഠമായ നമസ്കാരം രാത്രിയിലെ നമസ്കാരമാകുന്നു. (മുസ്‌ലിം:1163)
قَالَ رَسُولُ اللَّهِ صلى الله عليه وسلم :عَلَيْكُمْ بِقِيَامِ اللَّيْلِ فَإِنَّهُ دَأْبُ الصَّالِحِينَ قَبْلَكُمْ وَهُوَ قُرْبَةٌ إِلَى رَبِّكُمْ وَمَكْفَرَةٌ لِلسَّيِّئَاتِ وَمَنْهَاةٌ لِلإِثْمِ
നബി ﷺ പറഞ്ഞു: നിങ്ങൾ രാത്രി നമസ്കാരം നിർവഹിക്കുക. കാരണം അത് നിങ്ങൾക്ക് മുൻപുള്ള സജ്ജനങ്ങളുടെ ചര്യയും, നിങ്ങളുടെ രക്ഷിതാവിലേക്കുള്ള സാമീപ്യവും, പാപങ്ങളെ മായ്ച്ചുകളയുന്നതും, തെറ്റുകളിൽ നിന്ന് തടയുന്നതുമാണ്. (തിർമിദി :3549- ഇർവാഉൽ ഗലീൽ:452)
രാത്രി നമസ്കാരത്തിന്റെ സമയത്തെ സംബന്ധിച്ചിടത്തോളം, നബി ﷺ രാത്രിയുടെ എല്ലാ ഭാഗങ്ങളിലും നമസ്കരിച്ചിട്ടുണ്ട്. രാത്രിയുടെ തുടക്കത്തിലും, മധ്യത്തിലും, അവസാനത്തിലും അവിടുന്ന് നമസ്കരിക്കുമായിരുന്നു. പിന്നീട് അവിടുത്തെ നമസ്കാരം രാത്രിയുടെ അവസാന ഭാഗമായ ‘സഹറിന്റെ’ (അത്താഴത്തിന്റെ) സമയത്ത് സ്ഥിരപ്പെട്ടു. അത് രാത്രി നമസ്കാരത്തിനുള്ള ഏറ്റവും ശ്രേഷ്ഠമായ സമയമാണ്. കാരണം, അത് ലോകരക്ഷിതാവ് ഒന്നാം ആകാശത്തേക്ക് ഇറങ്ങിവരുന്ന സമയമാണ്. നബി ﷺ യിൽ നിന്ന് സ്ഥിരപ്പെട്ടതുപോലെ അവിടുന്ന് പറഞ്ഞു:
يَنْزِلُ رَبُّنَا تَبَارَكَ وَتَعَالَى كُلَّ لَيْلَةٍ إِلَى السَّمَاءِ الدُّنْيَا حِينَ يَبْقَى ثُلُثُ اللَّيْلِ الآخِرُ يَقُولُ مَنْ يَدْعُونِي فَأَسْتَجِيبَ لَهُ مَنْ يَسْأَلُنِي فَأُعْطِيَهُ مَنْ يَسْتَغْفِرُنِي فَأَغْفِرَ لَهُ.
നമ്മുടെ രക്ഷിതാവ് എല്ലാ രാത്രിയിലും അവസാനത്തെ മൂന്നിലൊന്ന് ബാക്കിയാവുമ്പോൾ ഒന്നാം ആകാശത്തേക്ക് ഇറങ്ങിവരും. എന്നിട്ടവൻ പറയും: എന്നോട് പ്രാർത്ഥിക്കുന്നവരാരുണ്ട്, ഞാനവന് ഉത്തരം നൽകാം. എന്നോട് ചോദിക്കുന്നവരാരുണ്ട്, ഞാനവന് നൽകാം. എന്നോട് പാപമോചനം തേടുന്നവരാരുണ്ട്, ഞാനവന് പൊറുത്തുകൊടുക്കാം.” (ബുഖാരി:1145, മുസ്‌ലിം:752)
അതുകൊണ്ട് സ്വന്തത്തോട് ഗുണകാംക്ഷ പുലർത്തുന്ന ഏതൊരു അടിമയും രാത്രി നമസ്കാരത്തിൽ നിന്ന് ഒരു വിഹിതം കരസ്ഥമാക്കാൻ പരിശ്രമിക്കേണ്ടതുണ്ട്, കുറഞ്ഞ റക്അത്തുകളാണെങ്കിൽ പോലും; അതുവഴി ഈ മഹത്തായ പ്രതിഫലം അവന് നേടാൻ സാധിക്കും.
ഇതാണ് രാത്രി നമസ്കാരത്തോടുള്ള ‘ഇബാദു റഹ്മാന്റെ’ നിലപാട്. അവരുടെ സുജൂദിലും റുകൂഇലും ഖിയാമിലുമെല്ലാം അല്ലാഹുവിനോടുള്ള ആരാധനയും, അവനോടുള്ള സ്വകാര്യ സംഭാഷണവും, കീഴൊതുങ്ങലും, ഭക്തിയും നിറഞ്ഞതായിരിക്കും.
അല്ലാഹു നിർബന്ധമാക്കിയിട്ടില്ലാത്ത രാത്രി നമസ്കാരത്തോട് ഇതാണ് അവരുടെ നിലപാടെങ്കിൽ, രണ്ട് ശഹാദത്തുകൾക്ക് ശേഷം ദീനിന്റെ ഏറ്റവും മഹത്തായ കാര്യമായ അഞ്ച് നേരത്തെ നിർബന്ധ നമസ്കാരങ്ങളോട് അവരുടെ നിലപാട് എങ്ങനെയായിരിക്കും?! അവർ അതിൽ കണിശമായി സൂക്ഷ്മതയും ശ്രദ്ധയും പുലർത്തുന്നവരായിരിക്കും എന്നതിൽ സംശയമില്ല.
മൂന്നാമത്തെ വിശേഷണം: നരകശിക്ഷയെ കുറിച്ചുള്ള ഭയവും പേടിയും
അല്ലാഹു سُبْحَانَهُ وَتَعَالَى പറഞ്ഞു:
وَٱلَّذِينَ يَقُولُونَ رَبَّنَا ٱصْرِفْ عَنَّا عَذَابَ جَهَنَّمَ ۖ إِنَّ عَذَابَهَا كَانَ غَرَامًا ﴿٦٥﴾ إِنَّهَا سَآءَتْ مُسْتَقَرًّا وَمُقَامًا ﴿٦٦﴾
ഇപ്രകാരം പറയുന്നവരുമാകുന്നു അവർ: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളിൽനിന്ന് നരകശിക്ഷ നീ ഒഴിവാക്കിത്തരേണമേ. തീർച്ചയായും അതിലെ ശിക്ഷ വിട്ടൊഴിയാത്ത വിപത്താകുന്നു. തീർച്ചയായും അത് വളരെ ദുഷിച്ച ഒരു താവളവും പാർപ്പിടവുമാകുന്നു. (ഖുർആൻ:25/65-66)
‘ഇബാദു റഹ്മാൻ’ പ്രവർത്തനങ്ങൾ നന്നാക്കുകയും അല്ലാഹുവിന് ആരാധനകൾ അർപ്പിക്കുകയും ചെയ്യുന്നതോടൊപ്പം, അല്ലാഹുവിന്റെ ശിക്ഷയെയും കോപത്തെയും അവർ ഭയപ്പെടുകയും പേടിക്കുകയും ചെയ്തിരുന്നു. ഇതാണ് പൂർണ്ണരായ സത്യവിശ്വാസികളുടെ അവസ്ഥ. അല്ലാഹു سُبْحَانَهُ وَتَعَالَى പറഞ്ഞതുപോലെ:
وَٱلَّذِينَ يُؤْتُونَ مَآ ءَاتَوا۟ وَّقُلُوبُهُمْ وَجِلَةٌ أَنَّهُمْ إِلَىٰ رَبِّهِمْ رَٰجِعُونَ
തങ്ങളുടെ രക്ഷിതാവിങ്കലേക്ക് തങ്ങൾ മടങ്ങിപ്പോകേണ്ടവരാണല്ലോ എന്ന് ഹൃദയങ്ങൾ പേടിച്ചുകൊണ്ട് തങ്ങൾ ദാനം ചെയ്യുന്നതെല്ലാം ദാനം ചെയ്യുന്നവരുമത്രെ (അവർ). (ഖുർആൻ:23/60)
അതായത്, അവർ ആരാധനകളും അനുസരണങ്ങളും അർപ്പിക്കുന്നത്, തങ്ങളുടെ പ്രവർത്തനങ്ങൾ തള്ളപ്പെടുമോ എന്ന ഭയത്തോടെയാണ്. അങ്ങനെ സംഭവിച്ചാൽ അല്ലാഹുവിൽ നിന്നുള്ള ശിക്ഷ അവരെ ബാധിക്കുകയും ചെയ്യും. ഇത് ‘ഇബാദു റഹ്മാന്റെ’ മഹത്തായ വിശേഷണങ്ങളിൽ ഒന്നാണ്; അവർ തങ്ങളുടെ പ്രവർത്തനങ്ങൾ നന്നാക്കുന്നു, അതേസമയം തന്നെ അത് സ്വീകരിക്കപ്പെടുകയില്ലേ എന്നും അവർ ഭയക്കുന്നു.
أَنَّ عَائِشَةَ، زَوْجَ النَّبِيِّ صلى الله عليه وسلم قَالَتْ سَأَلْتُ رَسُولَ اللَّهِ صلى الله عليه وسلم عَنْ هَذِهِ الآيَةِ :{والَّذِينَ يُؤْتُونَ مَا آتَوْا وَقُلُوبُهُمْ وَجِلَةٌ} قَالَتْ عَائِشَةُ أَهُمُ الَّذِينَ يَشْرَبُونَ الْخَمْرَ وَيَسْرِقُونَ قَالَ : لاَ يَا بِنْتَ الصِّدِّيقِ وَلَكِنَّهُمُ الَّذِينَ يَصُومُونَ وَيُصَلُّونَ وَيَتَصَدَّقُونَ وَهُمْ يَخَافُونَ أَنْ لاَ يُقْبَلَ مِنْهُمْ.
ആഇശ رضي الله عنها യിൽ നിന്ന് നിവേദനം: അവർ പറഞ്ഞു: ഞാൻ റസൂലുല്ലാഹി ﷺ യോട് ഈ ആയത്തിനെക്കുറിച്ച് ചോദിച്ചു: “തങ്ങളുടെ രക്ഷിതാവിങ്കലേക്ക് തങ്ങൾ മടങ്ങിപ്പോകേണ്ടവരാണല്ലോ എന്ന് ഹൃദയങ്ങൾ പേടിച്ചുകൊണ്ട് തങ്ങൾ ദാനം ചെയ്യുന്നതെല്ലാം ദാനം ചെയ്യുന്നവർ.” “അവർ കള്ള് കുടിക്കുകയും മോഷ്ടിക്കുകയും ചെയ്യുന്നവരാണോ?” അവിടുന്ന് ﷺ പറഞ്ഞു: “അല്ല, സിദ്ദീഖിന്റെ മകളേ, മറിച്ച് അവർ നോമ്പെടുക്കുകയും നമസ്കരിക്കുകയും ദാനധർമ്മങ്ങൾ നൽകുകയും ചെയ്യുന്നവരാണ്. അതോടൊപ്പം തങ്ങളിൽ നിന്ന് അത് സ്വീകരിക്കപ്പെടുകയില്ലേ എന്ന് അവർ ഭയപ്പെടുന്നു.” (തിർമിദി:3175 – സിൽസിലത്തു സ്വഹീഹയിൽ:162)
عن الحسن البصري رحمه الله قال: «إِنَّ الْمُؤْمِنَ جَمَعَ إِحْسَانًا وَشَفَقَةً ، وَإِنَّ الْمُنَافِقَ جَمَعَ إِسَاءَةً وَأَمْنًا» ، ثم تلا الحسن: {إِنَّ الَّذِينَ هُمْ مِنْ خَشْيَةِ رَبِّهِمْ مُشْفِقُونَ}
ഹസനുൽ ബസ്വരി رحمه الله പറഞ്ഞു: “സത്യവിശ്വാസി നന്മയും ഭയവും ഒരുമിച്ചു കൂട്ടിയിരിക്കുന്നു. കപടവിശ്വാസി തിന്മയും നിർഭയത്വവും ഒരുമിച്ചു കൂട്ടിയിരിക്കുന്നു.” ശേഷം ഹസൻ ഈ ആയത്ത് ഓതി: {തീർച്ചയായും തങ്ങളുടെ രക്ഷിതാവിനെപ്പറ്റിയുള്ള ഭയത്താൽ നടുങ്ങുന്നവർ … (23/57)} (ത്വബ്രി അദ്ദേഹത്തിന്റെ തഫ്സീറിൽ (17/68) ഉദ്ധരിച്ചത്).
കപടവിശ്വാസി – അല്ലാഹുവിൽ ശരണം – തിന്മ പ്രവർത്തിക്കുകയും, അതോടൊപ്പം അല്ലാഹുവിന്റെ ശിക്ഷയിൽ നിന്ന് നിർഭയനായിരിക്കുകയും, ഭയമില്ലാത്തവനായിരിക്കുകയും ചെയ്യുന്നു. എന്നാൽ സത്യവിശ്വാസി അങ്ങനെയല്ല. അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ചുള്ള ഭയം അവനെ പാപങ്ങൾ ചെയ്യുന്നതിൽ നിന്ന് തടയുന്ന ഒന്നായിരിക്കും. അതുപോലെ അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ചുള്ള പ്രതീക്ഷ അവനെ അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന പുണ്യങ്ങളും സൽകർമ്മങ്ങളും വർദ്ധിപ്പിക്കാൻ പ്രേരിപ്പിക്കുന്നതുമാണ്. അല്ലാഹു سُبْحَانَهُ وَتَعَالَى പറഞ്ഞു:
أُو۟لَٰٓئِكَ ٱلَّذِينَ يَدْعُونَ يَبْتَغُونَ إِلَىٰ رَبِّهِمُ ٱلْوَسِيلَةَ أَيُّهُمْ أَقْرَبُ وَيَرْجُونَ رَحْمَتَهُۥ وَيَخَافُونَ عَذَابَهُۥٓ ۚ إِنَّ عَذَابَ رَبِّكَ كَانَ مَحْذُورًا
അവർ പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നത് ആരെയാണോ അവർ തന്നെ തങ്ങളുടെ രക്ഷിതാവിങ്കലേക്ക് സമീപനമാർഗം തേടിക്കൊണ്ടിരിക്കുകയാണ്. അതെ, അവരിൽ വെച്ച് ഏറ്റവും അടുത്തവർ തന്നെ (അപ്രകാരം ചെയ്യുന്നു.) അവർ അവന്റെ കാരുണ്യം ആശിക്കുകയും അവന്റെ ശിക്ഷ ഭയപ്പെടുകയും ചെയ്യുന്നു. തീർച്ചയായും നിന്റെ രക്ഷിതാവിന്റെ ശിക്ഷ ഭയപ്പെടേണ്ടതാകുന്നു. (ഖുർആൻ:17/57)
‘ഇബാദു റഹ്മാൻ’ അവരുടെ മുൻപത്തെ പ്രാർത്ഥനയിൽ പറഞ്ഞ “ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളിൽനിന്ന് നരകശിക്ഷ നീ ഒഴിവാക്കിത്തരേണമേ” എന്ന വാക്കിൽ, നരകശിക്ഷയിലേക്ക് എത്തിക്കുന്ന കാരണങ്ങളെ തങ്ങളിൽ നിന്ന് തിരിച്ചുവിടേണമേ എന്ന പ്രാർത്ഥന കൂടി ഉൾക്കൊള്ളുന്നു. അതായത്, അതിൽ നിന്ന് അകന്നുനിൽക്കാൻ തൗഫീഖ് നൽകിക്കൊണ്ട്. നബി ﷺ ആഇശ رضي الله عنها ക്ക് ഇപ്രകാരം പ്രാർത്ഥിക്കാൻ പഠിപ്പിച്ചു കൊടുത്തതായി സ്ഥിരപ്പെട്ടിട്ടുണ്ട്:
اللَّهُمَّ إِنِّي أَسْأَلُكَ الْجَنَّةَ، وَمَا قَرَّبَ إِلَيْهَا مِنْ قَوْلٍ أَوْ عَمَلٍ، وَأَعُوذُ بِكَ مِنَ النَّارِ، وَمَا قَرَّبَ إِلَيْهَا مِنْ قَوْلٍ أَوْ عَمَلٍ
അല്ലാഹുവേ, നിന്നോട് ഞാൻ സ്വർഗത്തെയും അതിലേക്ക് അടുപ്പിക്കുന്ന വാക്കുകളെയും പ്രവർത്തനങ്ങളെയും ചോദിക്കുന്നു. നരകത്തിൽ നിന്നും അതിലേക്ക് അടുപ്പിക്കുന്ന വാക്കുകളിൽ നിന്നും പ്രവർത്തനങ്ങളിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു. (ഇബ്നുമാജ:3846 – സിൽസിലത്തു സ്വഹീഹയിൽ:1542)
അവരുടെ വാക്ക് “തീർച്ചയായും അതിലെ ശിക്ഷ വിട്ടൊഴിയാത്ത വിപത്താകുന്നു (غَرَامًا)” എന്നാൽ: അത് സ്ഥിരമായ, വിട്ടൊഴിയാത്ത, കഠിനമായ ശിക്ഷയാണ് എന്നർത്ഥം.
“തീർച്ചയായും അത് വളരെ ദുഷിച്ച ഒരു താവളവും പാർപ്പിടവുമാകുന്നു” എന്നാൽ: എത്ര മോശമായ താവളം, എത്ര മോശമായ വാസസ്ഥലം! എന്നർത്ഥം.
നാലാമത്തെ വിശേഷണം: ചെലവഴിക്കുന്നതിൽ അമിതത്വത്തിനും പിശുക്കിനും ഇടയിലുള്ള മിതത്വം പാലിക്കൽ
അല്ലാഹു سُبْحَانَهُ وَتَعَالَى പറഞ്ഞു:
وَٱلَّذِينَ إِذَآ أَنفَقُوا۟ لَمْ يُسْرِفُوا۟ وَلَمْ يَقْتُرُوا۟ وَكَانَ بَيْنَ ذَٰلِكَ قَوَامًا
ചെലവുചെയ്യുകയാണെങ്കില്‍ അമിതവ്യയം നടത്തുകയോ, പിശുക്കിപ്പിടിക്കുകയോ ചെയ്യാതെ അതിനിടക്കുള്ള മിതമായ മാര്‍ഗം സ്വീകരിക്കുന്നവരുമാകുന്നു അവര്‍. (ഖുർആൻ:25/67)
‘ഇബാദു റഹ്മാന്റെ’ വിശേഷണങ്ങളിൽ പെട്ടതാണ് ചെലവഴിക്കുന്ന കാര്യത്തിൽ അമിതത്വത്തിനും പിശുക്കിനും ഇടയിലുള്ള മിതത്വം പാലിക്കൽ. കാരണം, അല്ലാഹു അവർക്ക് നൽകിയ ഈ അനുഗ്രഹത്തെക്കുറിച്ച് ഖിയാമത്ത് നാളിൽ അവരോട് ചോദിക്കുമെന്ന് അവർ മനസ്സിലാക്കിയിരിക്കുന്നു. റസൂലുല്ലാഹി ﷺ യിൽ നിന്ന് സ്ഥിരപ്പെട്ടതുപോലെ അവിടുന്ന് പറഞ്ഞു:
لاَ تَزُولُ قَدَمَا عَبْدٍ يَوْمَ الْقِيَامَةِ حَتَّى يُسْأَلَ عَنْ عُمْرِهِ فِيمَا أَفْنَاهُ وَعَنْ عِلْمِهِ فِيمَا فَعَلَ وَعَنْ مَالِهِ مِنْ أَيْنَ اكْتَسَبَهُ وَفِيمَا أَنْفَقَهُ وَعَنْ جِسْمِهِ فِيمَا أَبْلاَهُ
ഖിയാമത്ത് നാളിൽ ഒരടിമയുടെയും പാദങ്ങൾ നീങ്ങുകയില്ല, നാല് കാര്യങ്ങളെ കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നത് വരെ: അവന്റെ ആയുസ്സ് എന്തിലാണ് അവൻ വിനിയോഗിച്ചത്, അവന്റെ അറിവ് കൊണ്ട് എന്ത് പ്രവർത്തിച്ചു, അവന്റെ സമ്പത്ത് എവിടെ നിന്ന് സമ്പാദിച്ചു, എന്തിൽ ചെലവഴിച്ചു, അവന്റെ ശരീരം എന്തിലാണ് അവൻ ഉപയോഗിച്ചത്. (തിർമിദി:2416 – സ്വഹീഹുൽ ജാമിഅ്:7300)
ചെലവഴിക്കുന്നതിലെ അവരുടെ അമിതവ്യയമില്ലായ്മയും പിശുക്കില്ലായ്മയും എന്നാൽ, അവരുടെ നിർബന്ധവും ഐച്ഛികവുമായ ആവശ്യങ്ങളിൽ അല്ലാഹു അനുവദിച്ച പരിധി അവർ ലംഘിക്കുകയില്ല. പിശുക്കിന്റെ കാര്യത്തിൽ അതിന് വിപരീതമായി, അവരുടെ ജീവിതം നിലനിർത്താനും, പരലോകത്തിന്റെ നന്മക്ക് സഹായകവും വിഭവവുമായിത്തീരുന്നതുമായ അത്യാവശ്യ കാര്യങ്ങൾക്കായി ചെലവഴിക്കാൻ അവർ ശ്രദ്ധിക്കുന്നു.
ഇതാണ് ഒരു മുസ്‌ലിമിന്റെ മേൽ നിർബന്ധമായ കാര്യം; അവന്റെ കാര്യങ്ങളിൽ അതിര് കവിയുന്നതിനും വീഴ്ച വരുത്തുന്നതിനും ഇടയിൽ മധ്യമനിലപാട് സ്വീകരിക്കുക എന്നത്. ഈ വിഷയത്തിലായാലും, ദീനിലെയും ദുനിയാവിലെയും മറ്റു വിഷയങ്ങളിലായാലും ശരി.
عن كعب بن فروخ, عن قتادة, عن مطرِّف بن عبد الله, قال: خير هذه الأمور أوساطها, والحسنة بين السيئتين. فقلت لقتادة: ما الحسنة بين السيئتين؟ فقال: {وَالَّذِينَ إِذَا أَنْفَقُوا لَمْ يُسْرِفُوا وَلَمْ يَقْتُرُوا}
കഅ്ബ് ബ്നു ഫർറൂഖ്, ഖതാദയിൽ നിന്ന്, അദ്ദേഹം മുത്വരിഫ് ബ്നു അബ്ദില്ലായിൽ നിന്ന് ഉദ്ധരിക്കുന്നു: അദ്ദേഹം പറഞ്ഞു: “ഈ കാര്യങ്ങളിൽ ഏറ്റവും ഉത്തമമായത് അതിന്റെ മധ്യമനിലപാടാണ്. നന്മ എന്നത് രണ്ട് തിന്മകൾക്കിടയിലായിരിക്കും.” ഞാൻ ഖതാദയോട് ചോദിച്ചു: “എന്താണ് രണ്ട് തിന്മകൾക്കിടയിലുള്ള നന്മ?” അപ്പോൾ അദ്ദേഹം പറഞ്ഞു: “ചെലവുചെയ്യുകയാണെങ്കിൽ അമിതവ്യയം നടത്തുകയോ പിശുക്കിപ്പിടിക്കുകയോ ചെയ്യാത്തവർ.” (ത്വബ്രി അദ്ദേഹത്തിന്റെ തഫ്സീറിൽ (17/500) ഉദ്ധരിച്ചത്).
അഞ്ചാമത്തെ വിശേഷണം: വൻപാപങ്ങളിൽ നിന്നും വലിയ തെറ്റുകുറ്റങ്ങളിൽ നിന്നും അകന്നുനിൽക്കൽ
അല്ലാഹു سُبْحَانَهُ وَتَعَالَى പറഞ്ഞു:
وَٱلَّذِينَ لَا يَدْعُونَ مَعَ ٱللَّهِ إِلَٰهًا ءَاخَرَ وَلَا يَقْتُلُونَ ٱلنَّفْسَ ٱلَّتِى حَرَّمَ ٱللَّهُ إِلَّا بِٱلْحَقِّ وَلَا يَزْنُونَ ۚ
അല്ലാഹുവോടൊപ്പം വേറെയൊരു ആരാധ്യനോടും വിളിച്ചു പ്രാര്‍ത്ഥിക്കാത്തവരും, അല്ലാഹു പവിത്രമാക്കി വെച്ചിട്ടുള്ള ജീവനെ ന്യായമായ കാരണത്താലല്ലാതെ ഹനിച്ചു കളയാത്തവരും, വ്യഭിചരിക്കാത്തവരുമാകുന്നു അവര്‍. (ഖുർആൻ:25/68)
അല്ലാഹുവിനെ സൂക്ഷിക്കുന്ന ‘ഇബാദു റഹ്മാന്റെ’ ഏറ്റവും പ്രകടമായ വിശേഷണങ്ങളിൽ പെട്ടതാണ് വൻപാപങ്ങളിൽ നിന്നും തെറ്റുകുറ്റങ്ങളിൽ നിന്നും അവർ വിട്ടുനിൽക്കുമെന്നത്. ഈ സന്ദർഭത്തിൽ അല്ലാഹു മൂന്ന് വൻപാപങ്ങളെ പ്രത്യേകം എടുത്തുപറഞ്ഞിരിക്കുന്നു; കാരണം അവയാണ് ഏറ്റവും വലിയതും കഠിനവുമായ വൻപാപങ്ങൾ. അവ താഴെ പറയുന്നവയാണ്:
• അല്ലാഹുവിൽ പങ്കുചേർക്കൽ (ശിർക്ക്).
• അല്ലാഹു പവിത്രമാക്കിയ ജീവനെ അന്യായമായി വധിക്കൽ.
• വ്യഭിചാരം.
ശിർക്കിനെ സംബന്ധിച്ചിടത്തോളം, അത് അടിമകളുടെ മേൽ അല്ലാഹുവിനുള്ള അവകാശവുമായി ബന്ധപ്പെട്ടതാണ്. ആ അവസ്ഥയിൽ മരിക്കുന്നവന് അല്ലാഹു പൊറുത്തു കൊടുക്കുകയില്ലാത്ത പാപവുമാണത്. അല്ലാഹു سُبْحَانَهُ وَتَعَالَى പറഞ്ഞതുപോലെ:
إِنَّ ٱللَّهَ لَا يَغْفِرُ أَن يُشْرَكَ بِهِۦ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَآءُ ۚ وَمَن يُشْرِكْ بِٱللَّهِ فَقَدِ ٱفْتَرَىٰٓ إِثْمًا عَظِيمًا
തന്നോട് പങ്കുചേർക്കപ്പെടുന്നത് അല്ലാഹു പൊറുക്കുകയില്ല; തീർച്ച. അതൊഴിച്ചുള്ളത് അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ പൊറുത്തുകൊടുക്കുന്നതാണ്. ആർ അല്ലാഹുവോട് പങ്കുചേർക്കുന്നുവോ അവൻ ഭയങ്കരമായ ഒരു കുറ്റകൃത്യം ചമച്ചുണ്ടാക്കിയിരിക്കുന്നു.(ഖുർആൻ:4/48)
ഒരടിമ പ്രാർത്ഥന, സഹായാർത്ഥന, നേർച്ച, ബലിയറുക്കൽ പോലുള്ള ആരാധനകളിൽ നിന്ന് വല്ലതും അല്ലാഹു അല്ലാത്തവർക്ക് സമർപ്പിച്ചാൽ, അവൻ ഏറ്റവും വലിയ നാശകരമായ കാര്യങ്ങളിലും, ഏറ്റവും വലിയ കുറ്റകൃത്യങ്ങളിലുമാണ് ഏർപ്പെട്ടിരിക്കുന്നത്. അതാണ് അല്ലാഹുവിൽ പങ്കുചേർക്കൽ.
അല്ലാഹു പവിത്രമാക്കിയ ജീവനെ വധിക്കുന്നതിനെ സംബന്ധിച്ചിടത്തോളം, അതൊരു ഹീനമായ കുറ്റകൃത്യമാണ്. അതിന്റെ അവകാശം ഈ കുറ്റം ചെയ്തുകൊണ്ട് സ്വന്തത്തോട് അതിക്രമം കാണിച്ച കൊലപാതകിയുമായി ബന്ധപ്പെട്ടിരിക്കുന്നു. അന്യായമായി ജീവൻ അപഹരിക്കപ്പെട്ട കൊല്ലപ്പെട്ടവനുമായും, കൊല്ലപ്പെട്ടവന്റെ ബന്ധുക്കളുമായും അത് ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് നബി ﷺ പറഞ്ഞത്:
لَزَوَالُ الدُّنْيَا أَهْوَنُ عَلَى اللَّهِ مِنْ قَتْلِ مُؤْمِنٍ بِغَيْرِ حَقٍّ
ഒരു സത്യവിശ്വാസിയെ അന്യായമായി വധിക്കുന്നതിനേക്കാൾ അല്ലാഹുവിങ്കൽ നിസ്സാരമാണ് ദുനിയാവ് ഒന്നടങ്കം നശിച്ചുപോകുന്നത്. (ഇബ്നുമാജ:2619-സ്വഹീഹുൽ ജാമിഅ്:5078)
വ്യഭിചാരത്തെ സംബന്ധിച്ചിടത്തോളം, അത് ഹൃദയത്തെ രോഗാതുരമാക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന ഏറ്റവും കഠിനമായ മ്ലേച്ഛവൃത്തികളിൽ പെട്ടതാണ്. അടിമക്കും സമൂഹത്തിനും അത് വിശ്വാസപരമായും, ശാരീരികമായും, മാനസികമായും, സാമൂഹികമായും വൈവിധ്യമാർന്നതും എണ്ണമറ്റതുമായ ദോഷങ്ങൾ വരുത്തിവെക്കുന്നു.
قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِذَا زَنَى الرَّجُلُ خَرَجَ مِنْهُ الإِيمَانُ كَانَ عَلَيْهِ كَالظُّلَّةِ فَإِذَا انْقَطَعَ رَجَعَ إِلَيْهِ الإِيمَانُ.
നബി ﷺ പറഞ്ഞു: ഒരാൾ വ്യഭിചരിക്കുമ്പോൾ ഈമാൻ അവനിൽ നിന്ന് പുറത്തുപോകുന്നു. അത് അവന്റെ മേൽ ഒരു തണൽ പോലെയാകും. അവൻ അതിൽ നിന്ന് വിരമിക്കുമ്പോൾ ഈമാൻ അവനിലേക്ക് തിരികെ വരുന്നു. (അബൂദാവൂദ് :4690 – സിൽസിലത്തു സ്വഹീഹ:509)
അല്ലാഹുവും അവന്റെ റസൂലും ﷺ ഈ മ്ലേച്ഛവൃത്തിയിലേക്ക് അടുപ്പിക്കുന്നതും അതിലേക്ക് വീഴാൻ കാരണമാകുന്നതുമായ എല്ലാ മാർഗങ്ങളെക്കുറിച്ചും താക്കീത് നൽകിയിട്ടുണ്ട്. അങ്ങനെ, പുരുഷൻ അന്യസ്ത്രീയുമായി തനിച്ചാകുന്നത് വിലക്കപ്പെട്ടു, സ്ത്രീ അവളുടെ ഭംഗിയിൽ നിന്ന് വല്ലതും അവളുടെ അടുത്ത ബന്ധുക്കൾക്കല്ലാതെ വെളിപ്പെടുത്തുന്നതും വിലക്കപ്പെട്ടു, പുരുഷന്മാർക്ക് അവളുടെ സുഗന്ധം ലഭിക്കുന്ന രൂപത്തിൽ സുഗന്ധം പൂശി വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നതും വിലക്കപ്പെട്ടു, പുരുഷന്മാർക്കും സ്ത്രീകൾക്കും ദൃഷ്ടി താഴ്ത്താൻ കൽപ്പിക്കപ്പെട്ടു. ഇതുപോലെയുള്ള മറ്റു ദൈവിക നിയമങ്ങളും സമൂഹത്തെ ഈ വൻപാപത്തിൽ നിന്ന് സംരക്ഷിക്കുന്നു. അതിന്റെ അപകടവും ദുഷിച്ച പരിണതഫലവുമാണ് അതിനെല്ലാം കാരണം.
അവന്റെ അടിമകൾ ഈ മൂന്ന് വൻപാപങ്ങളിൽ നിന്നും വിട്ടുനിൽക്കുന്ന കാര്യം പറഞ്ഞതിന് ശേഷം, അല്ലാഹു ഈ പാപങ്ങൾ ചെയ്തവർക്ക് നരകത്തിൽ വെച്ച് ഇരട്ടിയാക്കപ്പെട്ട കഠിനമായ ശിക്ഷയുണ്ടെന്ന താക്കീത് നൽകി. അല്ലാഹു سُبْحَانَهُ وَتَعَالَى പറഞ്ഞു:
…وَمَن يَفْعَلْ ذَٰلِكَ يَلْقَ أَثَامًا ﴿٦٨﴾ يُضَٰعَفْ لَهُ ٱلْعَذَابُ يَوْمَ ٱلْقِيَٰمَةِ وَيَخْلُدْ فِيهِۦ مُهَانًا ﴿٦٩﴾
… അപ്രകാരം വല്ലവനും ചെയ്യുന്ന പക്ഷം അവൻ പാപഫലം കണ്ടെത്തുക തന്നെ ചെയ്യും. ഉയിർത്തെഴുന്നേൽപിന്റെ നാളിൽ അവന്നു ശിക്ഷ ഇരട്ടിയാക്കപ്പെടുകയും, നിന്ദ്യനായിക്കൊണ്ട് അവൻ അതിൽ എന്നെന്നും കഴിച്ചുകൂട്ടുകയും ചെയ്യും. (ഖുർആൻ:25/68-69)
ശേഷം, ഈ ശക്തമായ താക്കീതിൽ നിന്ന് അല്ലാഹു ഒഴിവാക്കിയത്, ഈ വൻപാപങ്ങളിൽ നിന്ന് പശ്ചാത്തപിക്കാൻ മുന്നിട്ടിറങ്ങുകയും വേഗത കാണിക്കുകയും, റബ്ബിലേക്ക് ഖേദിച്ച് മടങ്ങുകയും, അവനിലേക്ക് മടങ്ങുകയും ചെയ്തവരെയാണ്. അതുവഴി അവർക്ക് വിട്ടുവീഴ്ചയും പാപമോചനവും ലഭിക്കും. അതോടൊപ്പം റഹ്‌മാനായ റബ്ബിലേക്ക് അടുപ്പിക്കുന്ന സൽകർമ്മങ്ങളും വിവിധതരം അനുസരണങ്ങളും വർദ്ധിപ്പിക്കുകയും ചെയ്യും. അതുവഴി റബ്ബിന്റെയടുക്കൽ അവരുടെ പദവി ഉയരുകയും, അവരുടെ തിന്മകൾ നന്മകളായി മാറ്റപ്പെടുകയും ചെയ്യും.അല്ലാഹു سُبْحَانَهُ وَتَعَالَى പറഞ്ഞു:
إِلَّا مَن تَابَ وَءَامَنَ وَعَمِلَ عَمَلًا صَٰلِحًا فَأُو۟لَٰٓئِكَ يُبَدِّلُ ٱللَّهُ سَيِّـَٔاتِهِمْ حَسَنَٰتٍ ۗ وَكَانَ ٱللَّهُ غَفُورًا رَّحِيمًا
പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും സൽകർമ്മം പ്രവർത്തിക്കുകയും ചെയ്തവരൊഴികെ. അങ്ങനെയുള്ളവരുടെ തിന്മകളെ അല്ലാഹു നന്മകളാക്കി മാറ്റിക്കൊടുക്കുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായിരിക്കുന്നു. (ഖുർആൻ:25/70)
ആറാമത്തെ വിശേഷണം: വ്യർത്ഥവും നിഷിദ്ധവുമായ സദസ്സുകളിൽ നിന്ന് അകന്നുനിൽക്കൽ
അല്ലാഹു سُبْحَانَهُ وَتَعَالَى പറഞ്ഞു:
وَٱلَّذِينَ لَا يَشْهَدُونَ ٱلزُّورَ وَإِذَا مَرُّوا۟ بِٱللَّغْوِ مَرُّوا۟ كِرَامًا
വ്യാജത്തിന് സാക്ഷി നില്‍ക്കാത്തവരും, അനാവശ്യവൃത്തികള്‍ നടക്കുന്നേടത്തു കൂടി പോകുകയാണെങ്കില്‍ മാന്യന്‍മാരായി ക്കൊണ്ട് കടന്നുപോകുന്നവരുമാകുന്നു അവര്‍.(ഖുർആൻ:25/72)
‘ഇബാദു റഹ്മാന്റെ’ സ്വഭാവങ്ങളിലും അവരുടെ മനോഹരമായ വിശേഷണങ്ങളിലും പെട്ടതാണ്, നിഷിദ്ധമായ കാര്യങ്ങൾ വ്യാപകമായതും, വ്യർത്ഥവും നിഷിദ്ധവുമായ കാര്യങ്ങൾ നിറഞ്ഞതുമായ സദസ്സുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് അവർ തങ്ങളെത്തന്നെ സംരക്ഷിക്കുമെന്നത്. അല്ലാഹുവിന്റെ വചനം: ‘വ്യാജത്തിന് (ٱلزُّورَ) സാക്ഷി നിൽക്കാത്തവർ’ എന്നാൽ: അവർ വ്യാജത്തിനും വ്യർത്ഥമായ കാര്യങ്ങൾക്കും ഹാജരാവുകയില്ല, അതിന്റെ സദസ്സുകളിൽ പോവുകയില്ല, അതിന്റെ ആളുകളുമായി പങ്കുചേരുകയുമില്ല.
അതുകൊണ്ട് മുൻപത്തെ ആയത്തിൽ താഴെ പറയുന്നവ ഉൾപ്പെടുന്നു:
• തെറ്റുകളും പാപങ്ങളും നടക്കുന്ന സദസ്സുകൾ: പരദൂഷണം, ഏഷണി, പരിഹാസം, കളവ്, സംഗീതം, ടിവി സ്ക്രീനുകളിലും മൊബൈൽ ഫോണുകളിലും മറ്റും പ്രദർശിപ്പിക്കുന്ന നിഷിദ്ധങ്ങളും മ്ലേച്ഛവൃത്തികളും കാണൽ പോലുള്ളവ.
• വഴികെട്ട ചിന്തകളും, ദുഷിച്ച അഭിപ്രായങ്ങളും, തിന്മയുടെയും വഴികേടിന്റെയും പ്രബോധകരുടെ പുത്തനാചാരങ്ങളും പ്രചരിപ്പിക്കുന്ന സദസ്സുകളും അതിൽ ഉൾപ്പെടുന്നു.
• മുശ്‌രിക്കുകളുടെ ആഘോഷങ്ങൾ നടക്കുന്ന സദസ്സുകളും, അവർ ആഘോഷിക്കുന്ന കാലങ്ങളും അതിൽ ഉൾപ്പെടുന്നു. ഒരു മുസ്‌ലിമിന് അത്തരം സ്ഥലങ്ങളിൽ പങ്കെടുക്കാനോ, അവരെ അതിൽ അഭിനന്ദിക്കാനോ, സന്തോഷം പ്രകടിപ്പിക്കാനോ പാടില്ല.
മുൻപ് പറഞ്ഞ കാര്യങ്ങളെല്ലാം ഈ ആയത്തിൽ ഉൾപ്പെടുന്നു. അതുകൊണ്ടാണ് ഈ ആയത്തിലെ ‘الزُّور’ (വ്യാജം) എന്നതുകൊണ്ടുള്ള ഉദ്ദേശ്യം വിശദീകരിക്കുന്നതിൽ സലഫുസ്സ്വാലിഹീങ്ങളുടെ വാക്കുകൾ വൈവിധ്യപൂർണ്ണമായത്.
ഹാഫിള് ഇബ്നു ജരീർ അത്വബ്രി رحمه الله ഈ ആയത്തിനെക്കുറിച്ചുള്ള സലഫുകളുടെ വാക്കുകൾ ഉദ്ധരിച്ചതിന് ശേഷം പറഞ്ഞു:
فأولى الأقوال بالصواب في تأويله أن يقال: والذين لا يشهدون شيئا من الباطل لا شركا, ولا غناء, ولا كذبا ولا غيره, وكلّ ما لزمه اسم الزور, لأن الله عمّ في وصفه إياهم أنهم لا يشهدون الزور,
അതിന്റെ വ്യാഖ്യാനത്തിൽ ഏറ്റവും ശരിയായ അഭിപ്രായം ഇപ്രകാരം പറയലാണ്: വ്യാജമായ യാതൊന്നിനും അവർ സാക്ഷ്യം വഹിക്കുകയില്ല; ശിർക്കിനാവട്ടെ, സംഗീതത്തിനാവട്ടെ, കളവിനാവട്ടെ, മറ്റൊന്നിനുമാവട്ടെ. ‘സൂർ’ (الزُّور) എന്ന പേര് ചേരുന്ന എല്ലാത്തിനും. കാരണം അല്ലാഹു അവരെ വിശേഷിപ്പിച്ചപ്പോൾ ‘അവർ വ്യാജത്തിന് സാക്ഷി നിൽക്കുകയില്ല’ എന്ന് പൊതുവായിട്ടാണ് പറഞ്ഞിട്ടുള്ളത്. (ജാമിഉൽ ബയാൻ:17/523)
‘ഇബാദു റഹ്മാൻ’ ഈ സദസ്സുകളിൽ അതിന്റെ എല്ലാ രൂപത്തിലും പങ്കെടുക്കുകയില്ല. അവരിൽ നിന്ന് വ്യാജം (الزُّور) സംഭവിക്കുകയില്ല എന്നത് കൂടുതൽ പറയേണ്ടതില്ലാത്ത കാര്യമാണ്.
അല്ലാഹുവിന്റെ വചനം :’അനാവശ്യവൃത്തികൾ നടക്കുന്നിടത്തു കൂടി പോകുകയാണെങ്കിൽ മാന്യന്മാരായി കടന്നുപോകുന്നവരുമാകുന്നു അവർ’ എന്നാൽ: അവർ അത്തരം സ്ഥലങ്ങൾ സന്ദർശിക്കുകയോ, ഉദ്ദേശ്യപൂർവ്വം അവിടെ പോവുകയോ ചെയ്യുകയില്ല. എന്നാൽ അവരിൽ ആരെങ്കിലും ഈ നിഷിദ്ധങ്ങളോ വ്യർത്ഥങ്ങളോ നടക്കുന്ന ഒരു സദസ്സിനരികിലൂടെ നടന്നുപോകാൻ ഇടയായാൽ, അവൻ അതിൽ നിന്ന് സ്വയം ആദരിച്ചുകൊണ്ടും, തിരിഞ്ഞുകളഞ്ഞുകൊണ്ടും, അതിലിരിക്കുന്നതിൽ നിന്ന് വിട്ടുനിന്നുകൊണ്ടും കടന്നുപോകുന്നതാണ്.
ഏഴാമത്തെ വിശേഷണം: അല്ലാഹുവിന്റെ വചനങ്ങളെ ആദരിക്കുകയും അതിലുള്ളതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യൽ
അല്ലാഹു سُبْحَانَهُ وَتَعَالَى പറഞ്ഞു:
وَٱلَّذِينَ إِذَا ذُكِّرُوا۟ بِـَٔايَٰتِ رَبِّهِمْ لَمْ يَخِرُّوا۟ عَلَيْهَا صُمًّا وَعُمْيَانًا
തങ്ങളുടെ രക്ഷിതാവിന്റെ വചനങ്ങൾ മുഖേന ഉൽബോധനം ചെയ്യപ്പെട്ടാൽ ബധിരന്മാരും അന്ധന്മാരുമായിക്കൊണ്ട് അതിന്മേൽ ചാടിവീഴാത്തവരുമാകുന്നു അവർ. (ഖുർആൻ:25/73)
അല്ലാഹുവിന്റെ വചനങ്ങൾക്ക് ‘ഇബാദു റഹ്മാന്റെ’ മനസ്സുകളിൽ മഹത്തായ സ്ഥാനവും വലിയ പവിത്രതയുമുണ്ട്. അവർ അതിനെ അവഗണനയോടും പുറംതിരിഞ്ഞുനിൽക്കലോടും കൂടി സമീപിക്കുകയില്ല. മറിച്ച് അതിനെ ആദരിക്കുകയും, അനുവദനീയമാക്കിയതിനെ അനുവദനീയമാക്കുകയും, അത് ശ്രദ്ധിച്ചു കേൾക്കുകയും അതിൽ നിന്ന് പ്രയോജനം നേടുകയും ചെയ്യും.
അല്ലാഹുവിന്റെ വചനം: “ബധിരന്മാരും അന്ധന്മാരുമായിക്കൊണ്ട് അതിന്മേൽ ചാടിവീഴാത്തവരുമാകുന്നു അവർ” എന്നാൽ: അവർ തങ്ങളുടെ റബ്ബിന്റെ വചനങ്ങൾ കേൾക്കുകയാണെങ്കിൽ, ഉപദേശം കേട്ട് പ്രയോജനമെടുക്കാൻ കഴിയാത്ത ബധിരനെപ്പോലെയോ, കാണാൻ കഴിയാത്ത അന്ധനെപ്പോലെയോ ആയിരിക്കുകയില്ല. മറിച്ച്, അവർ നന്നായി ശ്രദ്ധിച്ചു കേൾക്കുകയും, ഉപദേശങ്ങൾ കൊണ്ട് പ്രയോജനമെടുക്കുകയും, അതിന്റെ നിയമങ്ങളും മാർഗനിർദ്ദേശങ്ങളും അനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യും.
ഖതാദ ബ്നു ദിആമ ഈ ആയത്തിനെക്കുറിച്ച് പറഞ്ഞു:
لم يصموا، عن الحق ولم يعموا فيه، هم والله قوم عقلوا عن الله وانتفعوا بما سمعوا من كتاب الله
അവർ സത്യത്തിന് നേരെ ബധിരത നടിക്കുകയോ, അതിൽ അന്ധത കാണിക്കുകയോ ചെയ്തിട്ടില്ല. അവർ അല്ലാഹുവിൽ നിന്ന് കാര്യങ്ങൾ മനസ്സിലാക്കുകയും, അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ നിന്ന് കേട്ടത് കൊണ്ട് പ്രയോജനമെടുക്കുകയും ചെയ്തവരാണ്. (ഇബ്നു അബീ ഹാതിം അദ്ദേഹത്തിന്റെ തഫ്സീറിൽ (8/2740) ഉദ്ധരിച്ചത്).
അല്ലാഹുവിന്റെ ആയത്തുകൾക്കും മാർഗനിർദ്ദേശങ്ങൾക്കും നേരെ അഹങ്കാരം കാണിക്കുകയും, കുറ്റത്തിൽ അഹന്ത പിടികൂടി തന്റെ വ്യർത്ഥമായ കാര്യങ്ങളിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നവനെ അല്ലാഹു ആക്ഷേപിക്കുകയും, അവന് നരകശിക്ഷയുണ്ടെന്ന് താക്കീത് നൽകുകയും ചെയ്തിരിക്കുന്നു. അല്ലാഹു പറഞ്ഞു:
وَإِذَا قِيلَ لَهُ ٱتَّقِ ٱللَّهَ أَخَذَتْهُ ٱلْعِزَّةُ بِٱلْإِثْمِ ۚ فَحَسْبُهُۥ جَهَنَّمُ ۚ وَلَبِئْسَ ٱلْمِهَادُ
അവനോട് ‘നീ അല്ലാഹുവെ സൂക്ഷിക്കുക’ എന്ന് പറയപ്പെട്ടാൽ ദുരഭിമാനം അവനെ പാപത്തിൽ പിടിച്ചുനിർത്തുന്നു. അവന്നു നരകം തന്നെ മതി. അത് എത്ര മോശമായ മെത്തയത്രെ. (ഖുർആൻ:2/206)
قَالَ رَسُولُ اللَّهِ صلى الله عليه وسلم :إنَّ أبغضَ الكلامِ إلى الله أن يقول الرجلُ للرجلِ : اتَّقِ اللهَ ، فيقول عليك بنفسِك
നബി ﷺ പറഞ്ഞു: അല്ലാഹുവിന് ഏറ്റവും കോപമുള്ള വാക്ക്, ഒരാൾ മറ്റൊരാളോട് ‘അല്ലാഹുവിനെ സൂക്ഷിക്കുക’ എന്ന് പറയുമ്പോൾ, അയാൾ ‘നീ നിന്റെ കാര്യം നോക്ക്’ എന്ന് മറുപടി പറയലാണ്. (സിൽസിലത്തു സ്വഹീഹ:2598)
എട്ടാമത്തെ വിശേഷണം: അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നതിലും അവനോട് താഴ്മ കാണിക്കുന്നതിലും ശ്രദ്ധ ചെലുത്തൽ
അല്ലാഹു سُبْحَانَهُ وَتَعَالَى പറഞ്ഞു:
وَٱلَّذِينَ يَقُولُونَ رَبَّنَا هَبْ لَنَا مِنْ أَزْوَٰجِنَا وَذُرِّيَّٰتِنَا قُرَّةَ أَعْيُنٍ وَٱجْعَلْنَا لِلْمُتَّقِينَ إِمَامًا
ഇപ്രകാരം പറയുന്നവരുമാകുന്നു അവർ: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ ഭാര്യമാരിൽ നിന്നും സന്തതികളിൽ നിന്നും ഞങ്ങൾക്ക് നീ കൺകുളിർമ നൽകുകയും, ധർമ്മനിഷ്ഠ പാലിക്കുന്നവർക്ക് ഞങ്ങളെ നീ മാതൃകയാക്കുകയും ചെയ്യേണമേ. (ഖുർആൻ:25/74)
പൂർണ്ണരായ ‘ഇബാദു റഹ്മാന്റെ’ വിശേഷണങ്ങളിൽ പെട്ടതാണ് പ്രാർത്ഥനയിലുള്ള അവരുടെ ശ്രദ്ധ. അവർ അല്ലാഹുവിന്റെ മുമ്പിൽ ദരിദ്രരും, അവനിൽ അഭയം തേടുന്നവരും, അവനിലേക്ക് മുന്നിടുന്നവരുമാണ്. അവരുടെ ദീനിലെയും ദുനിയാവിലെയും എല്ലാ ആവശ്യങ്ങളും താൽപര്യങ്ങളും അവർ പ്രതീക്ഷിക്കുന്നത് പങ്കുകാരനില്ലാത്ത അവനിൽ നിന്ന് മാത്രമാണ്.
അവരുടെ പ്രാർത്ഥനയിലാകട്ടെ, അവർ ഏറ്റവും ആശയസമ്പുഷ്ടവും പ്രയോജനപ്രദവുമായ പ്രാർത്ഥനകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുന്നു. അവരുടെ വാക്ക്: “ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ ഭാര്യമാരിൽ നിന്നും സന്തതികളിൽ നിന്നും ഞങ്ങൾക്ക് നീ കൺകുളിർമ നൽകുകയും, ധർമ്മനിഷ്ഠ പാലിക്കുന്നവർക്ക് ഞങ്ങളെ നീ മാതൃകയാക്കുകയും ചെയ്യേണമേ.” ഈ പ്രാർത്ഥന ഏറ്റവും ആശയസമ്പുഷ്ടവും പ്രയോജനപ്രദവുമായ പ്രാർത്ഥനകളിൽ പെട്ടതാണ്. അതിൽ ഒന്നാമതായി, ഒരാളുടെ കണ്ണ് കുളിർക്കുകയും, ഭാര്യയുടെയും മക്കളുടെയും നന്മകൊണ്ട് അവന്റെ ഹൃദയം സന്തോഷിക്കുകയും ചെയ്യേണമേ എന്ന പ്രാർത്ഥനയുണ്ട്. അവരുടെ ആരാധനയിലും, സ്വഭാവത്തിലും, പെരുമാറ്റത്തിലും, ജീവിതത്തിലും, മാതാപിതാക്കളോടുള്ള പുണ്യത്തിലും അതുപോലുള്ള മറ്റു കാര്യങ്ങളിലുമെല്ലാം.
ശേഷം, അവരുടെ വാക്ക്: “ധർമ്മനിഷ്ഠ പാലിക്കുന്നവർക്ക് ഞങ്ങളെ നീ മാതൃകയാക്കുകയും ചെയ്യേണമേ” എന്നത്, ഒന്നാമതായി സ്വന്തം നന്മക്കും, നന്മയിലേക്ക് അതിനെ നയിക്കുന്നതിനും വേണ്ടിയുള്ള പ്രാർത്ഥന ഉൾക്കൊള്ളുന്നു. അതുവഴി പിന്നീട് മറ്റുള്ളവർക്ക് നന്മയുടെ കാര്യങ്ങളിൽ ഒരു മാതൃകയായിത്തീരാൻ സാധിക്കും. അങ്ങനെ ജനങ്ങൾ അവനെ പിന്തുടരുകയും അവന്റെ ചര്യയെ മാതൃകയാക്കുകയും ചെയ്യും.
ഒരടിമക്ക്, അവനു ശേഷമുള്ള മുത്തഖികൾക്ക് (സൂക്ഷ്മത പാലിക്കുന്നവർക്ക്) മാതൃകയും ഇമാമും ആകാൻ സാധിക്കുകയില്ല, അവൻ അവനു മുൻപുള്ള മുത്തഖികളെ പിന്തുടരുന്നവനും, സ്വയം അവരെ മാതൃകയാക്കുന്നവനും, നന്മയുടെയും വിജയത്തിന്റെയും ഗുണങ്ങൾ കരസ്ഥമാക്കാൻ ആഗ്രഹിക്കുന്നവനുമായാലല്ലാതെ. അപ്പോൾ മുത്തഖികൾ അവനെ പിന്തുടരാനും, മാതൃകയാക്കാനും, അവന്റെ മാർഗനിർദ്ദേശങ്ങളിൽ നിന്നും ചര്യയിൽ നിന്നും പ്രയോജനമെടുക്കാനും ആഗ്രഹിക്കും.
അതുകൊണ്ട്, ഓരോ മുസ്‌ലിമും ഈ പ്രാർത്ഥനയിൽ ശ്രദ്ധ ചെലുത്തേണ്ടതും, അവന്റെ നാവിൽ അത് ഉണ്ടായിരിക്കേണ്ടതും അനിവാര്യമാണ്; അതിൽ ഉൾക്കൊണ്ടിട്ടുള്ള മഹത്തായ നന്മ കരസ്ഥമാക്കാൻ വേണ്ടി.
ശേഷം, ഈ മഹത്തായ സന്ദർഭം അല്ലാഹു അവസാനിപ്പിക്കുന്നത്, മുൻപ് പറഞ്ഞ വിശേഷണങ്ങൾ ഉൾക്കൊണ്ടവർക്കുള്ള പ്രതിഫലവും, അവരുടെ മഹത്തായ കൂലിയും എടുത്തുപറഞ്ഞുകൊണ്ടാണ്. അല്ലാഹു سُبْحَانَهُ وَتَعَالَى പറഞ്ഞു:
أُو۟لَٰٓئِكَ يُجْزَوْنَ ٱلْغُرْفَةَ بِمَا صَبَرُوا۟ وَيُلَقَّوْنَ فِيهَا تَحِيَّةً وَسَلَٰمًا ﴿٧٥﴾ خَٰلِدِينَ فِيهَا ۚ حَسُنَتْ مُسْتَقَرًّا وَمُقَامًا ﴿٧٦﴾
അത്തരക്കാര്‍ക്ക് തങ്ങള്‍ ക്ഷമിച്ചതിന്‍റെ പേരില്‍ (സ്വര്‍ഗത്തില്‍) ഉന്നതമായ സ്ഥാനം പ്രതിഫലമായി നല്‍കപ്പെടുന്നതാണ്. അഭിവാദ്യത്തോടും സമാധാനാശംസയോടും കൂടി അവര്‍ അവിടെ സ്വീകരിക്കപ്പെടുന്നതുമാണ്. അവര്‍ അതില്‍ നിത്യവാസികളായിരിക്കും. എത്ര നല്ല താവളവും പാര്‍പ്പിടവും! (ഖുർആൻ:25/75-76)
പ്രതിഫലം പ്രവർത്തനത്തിന്റെ ഇനത്തിൽ നിന്നായിരുന്നു; അവരുടെ വിശേഷണങ്ങൾ ഉയർന്നതും മഹത്തരമായതുമായപ്പോൾ, ലോകരക്ഷിതാവ് അവർക്ക് പ്രതിഫലമായി ഉന്നത സൗധങ്ങൾ (الغرفة) നൽകി. ഈ ഉന്നത സൗധങ്ങളെക്കുറിച്ച് നബി ﷺ യുടെ വാക്കുകളിൽ ഇപ്രകാരം വന്നിരിക്കുന്നു:
إِنَّ أَهْلَ الْجَنَّةِ يَتَرَاءَيُونَ أَهْلَ الْغُرَفِ مِنْ فَوْقِهِمْ كَمَا يَتَرَاءَيُونَ الْكَوْكَبَ الدُّرِّيَّ الْغَابِرَ فِي الأُفُقِ مِنَ الْمَشْرِقِ أَوِ الْمَغْرِبِ، لِتَفَاضُلِ مَا بَيْنَهُمْ ”.
തീർച്ചയായും സ്വർഗവാസികൾ അവരുടെ മുകളിലുള്ള സൗധങ്ങളിലെ (الغرف) ആളുകളെ നോക്കിക്കാണും, കിഴക്കോ പടിഞ്ഞാറോ ചക്രവാളത്തിലെ തിളക്കമുള്ള വിദൂര നക്ഷത്രത്തെ നിങ്ങൾ നോക്കിക്കാണുന്നതുപോലെ. അവർക്കിടയിലുള്ള ശ്രേഷ്ഠതയിലെ വ്യത്യാസം കാരണമാണത്. (ബുഖാരി:3256, മുസ്‌ലിം:2831)
സ്വർഗവാസികൾ സൗധങ്ങളിലുള്ളവരെ നോക്കാൻ ഉദ്ദേശിച്ചാൽ, അവർ തലയുയർത്തി നോക്കുകയും, നമ്മൾ ആകാശത്ത് ഉയർന്ന തിളക്കമുള്ള നക്ഷത്രത്തെ കാണുന്നതുപോലെ അവർ ആ സൗധങ്ങളെ കാണുകയും ചെയ്യും. ഇത് അനുഗ്രഹീതമായ സ്വർഗത്തിൽ അവരുടെ സ്ഥാനങ്ങളുടെ ഔന്നത്യത്തിലേക്കും പദവികളുടെ ഉയർച്ചയിലേക്കും വിരൽ ചൂണ്ടുന്നു.
അല്ലാഹു سُبْحَانَهُ وَتَعَالَى യുടെ വചനം:”അഭിവാദ്യത്തോടും സമാധാനാശംസയോടും കൂടി അവർ അവിടെ സ്വീകരിക്കപ്പെടുന്നതുമാണ്” എന്നാൽ: മലക്കുകൾ അവരെ അഭിവാദ്യത്തോടും, സ്വാഗതത്തോടും, സമാധാനത്തോടും കൂടി സ്വീകരിക്കുന്നതാണ്. ന്യൂനതകളിൽ നിന്നും, രോഗങ്ങളിൽ നിന്നും, പ്രയാസങ്ങളിൽ നിന്നുമുള്ള സുരക്ഷിതത്വം ഉൾക്കൊള്ളുന്ന സമാധാനം. ഇതാണ് അവരുടെ പര്യവസാനവും മടക്കവും. അല്ലാഹുവിന്റെ ഗ്രന്ഥത്തിലെ മാർഗനിർദ്ദേശങ്ങൾക്കനുസരിച്ചുള്ള അവരുടെ പൂർണ്ണമായ ആരാധനക്കും കീഴൊതുങ്ങലിനും വേണ്ടി അല്ലാഹു അവരെ ആദരിച്ചതാണത്. ഈ സന്ദർഭത്തിന്റെ പൂർത്തീകരണമായി അല്ലാഹു പറഞ്ഞ വാക്കുകൾ:
قُلْ مَا يَعْبَؤُا۟ بِكُمْ رَبِّى لَوْلَا دُعَآؤُكُمْ ۖ
(നബിയേ,) പറയുക: നിങ്ങളുടെ പ്രാര്‍ത്ഥനയില്ലെങ്കില്‍ എന്‍റെ രക്ഷിതാവ് നിങ്ങള്‍ക്ക് എന്ത് പരിഗണന നല്‍കാനാണ് ? (ഖുർആൻ:25/77)
ഇതിൽ, വിജയത്തിന്റെയും സൗഭാഗ്യത്തിന്റെയും മടക്കം ആരാധനയിലേക്കാണെന്നതിലേക്കുള്ള സൂചനയുണ്ട്. അതിനുവേണ്ടിയാണ് അല്ലാഹു സൃഷ്ടികളെ പടച്ചതും, അത് സാക്ഷാത്കരിക്കാൻ വേണ്ടി അവരെ അവൻ നിലവിൽ കൊണ്ടുവന്നതും.
ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു: “ഈ ആയത്തിന്റെ ഏറ്റവും ശരിയായ അഭിപ്രായം അതിന്റെ അർത്ഥം ഇതാണെന്നതാണ്: നിങ്ങളുടെ ആരാധനയില്ലായിരുന്നെങ്കിൽ എന്റെ രക്ഷിതാവ് നിങ്ങളെക്കൊണ്ട് എന്ത് ചെയ്യാനാണ്. അവൻ നിങ്ങളെ സൃഷ്ടിച്ചത് അവനെ ആരാധിക്കാൻ വേണ്ടി മാത്രമാണ്.” (“മിഫ്താഹു ദാരിസ്സആദ”, 2/83).
‘ഇബാദു റഹ്മാന്റെ’ വിശേഷണങ്ങൾ അല്ലാഹു നമ്മെ ഏവരിലും എത്തിക്കുമാറാകട്ടെ. സത്യത്തിലും സന്മാർഗത്തിലും ഈമാനിലും നമ്മെ അവൻ ഉറപ്പിച്ചു നിർത്തട്ടെ. അവനിഷ്ടപ്പെടുന്നതും തൃപ്തിപ്പെടുന്നതുമായ വാക്കുകളിലും പ്രവർത്തനങ്ങളിലും ഞങ്ങൾക്കും എല്ലാ മുസ്‌ലിങ്ങൾക്കും അവൻ തൗഫീഖ് നൽകേണമേ എന്ന് ഞങ്ങൾ അല്ലാഹുവിനോട് ചോദിക്കുന്നു. കാരണം, ഉന്നതനും മഹാനുമായ അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു കഴിവും ശക്തിയുമില്ല.
സർവ്വസ്തുതിയും ലോകരക്ഷിതാവായ അല്ലാഹുവിനാകുന്നു. നമ്മുടെ നബി മുഹമ്മദിന്റെ മേലും, അവിടുത്തെ കുടുംബത്തിന്റെയും അനുചരന്മാരുടെയും മേലും പ്രതിഫല ദിനം വരെ എന്നെന്നും ധാരാളമായി അല്ലാഹുവിന്റെ അനുഗ്രഹവും സമാധാനവും വർഷിക്കുമാറാകട്ടെ.
ശൈഖ് അബ്ദുറസ്സാഖ് ബ്നു അബ്ദുൽ മുഹ്സിൻ അൽ-ബദ്‌ർ حَفِظَهُ اللَّهُ
www.kanzululoom.com