ഭൗതികലോകത്ത് അടിയാറുകൾ അനുഭവിക്കുന്ന അനുഗ്രഹങ്ങളഖിലവും അനുഗ്രഹദാതാവായ അല്ലാഹുവിൽനിന്ന് മാത്രമാകുന്നു. അല്ലാഹു പറഞ്ഞു:
وَمَا بِكُم مِّن نِّعْمَةٍ فَمِنَ اللَّهِ ۖ
നിങ്ങളിൽ അനുഗ്രഹമായി എന്തുണ്ടെങ്കിലും അത് അല്ലാഹുവിങ്കൽ നിന്നുള്ളതാകുന്നു…. (ഖു൪ആന്‍:16/53)
പ്രസ്തുത അനുഗ്രഹങ്ങളാകട്ടെ എണ്ണിയാലൊടുങ്ങാത്തതും വർണ്ണിച്ചാൽ തീരാത്തതുമാണ്. അല്ലാഹു പറഞ്ഞു:
وَإِن تَعُدُّوا نِعْمَتَ اللَّهِ لَا تُحْصُوهَا ۗ إِنَّ الْإِنسَانَ لَظَلُومٌ كَفَّارٌ
അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങൾ എണ്ണുകയാണെങ്കിൽ നി ങ്ങൾക്കതിന്റെ കണക്കെടുക്കാനാവില്ല. തീർച്ചയായും മനുഷ്യൻ മഹാഅക്രമകാരിയും വളരെ നന്ദികെട്ടവനും തന്നെ. (ഖു൪ആന്‍:14/34)
ഒരു മനുഷ്യന് അവന്റെ ജീവിതകാലം മുഴുവനും വിനിയോഗിച്ചാലും അവനു അല്ലാഹു ചെയ്തുകൊടുത്ത അനുഗ്രഹങ്ങളെ ശരിക്കും എണ്ണിത്തീര്‍ക്കുവാന്‍ അവനു സാധ്യമാകുകയില്ല. (അമാനി തഫ്സീര്‍)
قال الشافعي – رحمه الله – : الحمد لله الذي لا يؤدى شكر نعمة من نعمه ، إلا بنعمة توجب على مؤدي ماضي نعمه بأدائها نعمة حادثة توجب عليه شكره بها .
ഇമാം ശാഫിഈ رحمه الله പറഞ്ഞു: അല്ലാഹുവിനു സര്‍വ്വ സ്തുതിയും! അവന്റെ അനുഗ്രഹങ്ങളില്‍ ഒന്നിന്നും തന്നെ നന്ദി നിര്‍വ്വഹിക്കുന്നതായാല്‍ അതു നിര്വ്വഹിക്കുന്നവന് അവന്നു നന്ദി ചെയ്വാന് കടമപ്പെടുന്നവിധം ഒരു പുതിയ അനുഗ്രഹം കൂടി ലഭിച്ചുകൊണ്ടല്ലാതെ നന്ദി കാണിക്കുവാന്‍ കഴിയുകയില്ല. അങ്ങിനെയുള്ളവനാണവന്‍ അതെ, അല്ലാഹു.
അനുഗ്രഹങ്ങളിൽ അതിമഹനീയമായത് ഇസ്ലാമാകുന്നു. അല്ലാഹു പറഞ്ഞു:
الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا ۚ
…ഇന്ന് ഞാൻ നിങ്ങൾക്ക് നിങ്ങളുടെ മതം പൂർത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങൾക്ക് ഞാൻ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാൻ നിങ്ങൾക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു. (ഖു൪ആന്‍:5/3)
തമ്മിൽ കലഹിച്ചും യുദ്ധം ചെയ്തും കാലം കഴിച്ചിരുന്ന അറേബ്യൻ ജനതയെ ആദർശബന്ധുക്കളും സഹോദരന്മാരുമാക്കിയതിനെ കുറിച്ച് അല്ലാഹു പറഞ്ഞു:
…وَاذْكُرُوا نِعْمَتَ اللَّهِ عَلَيْكُمْ إِذْ كُنتُمْ أَعْدَاءً فَأَلَّفَ بَيْنَ قُلُوبِكُمْ فَأَصْبَحْتُم بِنِعْمَتِهِ إِخْوَانًا…
…നിങ്ങൾ അന്യോന്യം ശത്രുക്കളായിരുന്നപ്പോൾ നിങ്ങൾക്ക് അല്ലാഹു ചെയ്ത അനുഗ്രഹം ഓർക്കുകയും ചെയ്യുക. അവൻ നിങ്ങളുടെ മനസ്സുകൾ തമ്മിൽ കൂട്ടിയിണക്കി. അങ്ങനെ അവന്റെ അനുഗ്രഹത്താൽ നിങ്ങൾ സഹോദരങ്ങളായിത്തീർന്നു… (ഖു൪ആന്‍:3/103)
യസാർ ഇബ്നു അബ്ദുല്ലാഹ് അൽജുഹനി رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
لاَ بَأْسَ بِالْغِنَى لِمَنِ اتَّقَى اللَّهَ عَزَّ وَجَلَّ وَالصِّحَّةِ لِمَنِ اتَّقَى اللَّهَ خَيْرٌ مِنَ الْغِنَى وَطِيبُ النَّفْسِ مِنَ النِّعَمِ
അല്ലാഹുവെ സൂക്ഷിച്ചവന് സമ്പത്തുകൊണ്ട് യാതൊരു കുഴപ്പവുമില്ല. അല്ലാഹുവെ സൂക്ഷിച്ചവന് ആരോഗ്യമാണ് സമ്പത്തിനേക്കാൾ ഉത്തമം. മനസിന്റെ സുഖം അനുഗ്രഹങ്ങളിൽപെട്ടതാണ്. (അഹ്മദ്)
എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങളെ ആസ്വദിച്ച മനുഷ്യൻ അതിനെക്കുറിച്ച് പരലോകത്ത് ചോദ്യം ചെയ്യപ്പെടും. അല്ലാഹു പറഞ്ഞു:
ثُمَّ لَتُسْأَلُنَّ يَوْمَئِذٍ عَنِ النَّعِيمِ
പിന്നീട് ആ ദിവസത്തിൽ സുഖാനുഭവങ്ങളെപറ്റി തീർച്ചയായും നിങ്ങൾ ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും. (ഖു൪ആന്‍:102/8)
ثُمَّ لَيَسْأَلَنَّّكُمُ اللَّهُ فِي ذَلِكَ اليَوْمِ عَمَّا أَنْعَمَ بِهِ عَلَيْكُمْ مِنَ الصِّحَّةِ وَالغِنَى وَغَيْرِهِمَا.
പിന്നീട് അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ ഓരോ അനുഗ്രഹത്തെ കുറിച്ചും അന്നേ ദിവസം നിങ്ങളോട് ചോദിക്കുക തന്നെ ചെയ്യും. നിങ്ങളുടെ ആരോഗ്യവും സമ്പാദ്യവും മറ്റുമെല്ലാം അന്ന് ചോദ്യം ചെയ്യപ്പെടുന്നതാണ്. (തഫ്സീർ മുഖ്തസ്വർ)
{ثُمَّ لَتُسْأَلُنَّ يَوْمَئِذٍ عَنِ النَّعِيمِ} الَّذِي تَنَعَّمْتُمْ بِهِ فِي دَارِ الدُّنْيَا، هَلْ قُمْتُمْ بِشُكْرِهِ، وَأَدَّيْتُمْ حَقَّ اللَّهِ فِيهِ، وَلَمْ تَسْتَعِينُوا بِهِ، عَلَى مَعَاصِيهِ، فَيَنْعَمُكُمْ نَعِيمًا أَعْلَى مِنْهُ وَأَفْضَلَ. أَمِ اغْتَرَرْتُمْ بِهِ، وَلَمْ تَقُومُوا بِشُكْرِهِ؟ بَلْ رُبَّمَا اسْتَعَنْتُمْ بِهِ عَلَى الْمَعَاصِي فَيُعَاقِبُكُمْ عَلَى ذَلِكَ، قَالَ تَعَالَى:
{പിന്നീട് ആ ദിവസത്തില്‍ സുഖാനുഭവങ്ങളെ പറ്റി തീര്‍ച്ചയായും നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും} അതായത് : ഇഹലോകത്ത് നിങ്ങള്‍ അനുഭവിച്ചതായ അനുഗ്രഹങ്ങളെക്കുറിച്ച്. നിങ്ങള്‍ അതിന് നന്ദി കാണിച്ചുവോ? അതില്‍ അല്ലാഹുവിനുള്ള ബാധ്യതകള്‍ നിങ്ങള്‍ നിര്‍വഹിച്ചുവോ? ആ അനുഗ്രഹങ്ങളെ തെറ്റിനു വേണ്ടി ഉപയോഗിക്കാതിരിക്കുകയും ചെയ്തുവോ? എങ്കില്‍ നിങ്ങള്‍ക്കവന്‍ കൂടുതല്‍ അനുഗ്രഹങ്ങള്‍ നല്‍കും. മറിച്ച് നിങ്ങള്‍ അതില്‍ വഞ്ചിതരാവുകയും വേണ്ട രൂപത്തില്‍ നന്ദി ചെയ്യാതിരിക്കുകയും തെറ്റു ചെയ്യാന്‍ അതുപയോഗിക്കുകയും കൂടി ചെയ്തുവെങ്കില്‍ അതിന്റെ പേരില്‍ അവന് നിങ്ങളെ ശിക്ഷിക്കും. അല്ലാഹു പറയുന്നു:
وَيَوْمَ يُعْرَضُ ٱلَّذِينَ كَفَرُوا۟ عَلَى ٱلنَّارِ أَذْهَبْتُمْ طَيِّبَٰتِكُمْ فِى حَيَاتِكُمُ ٱلدُّنْيَا وَٱسْتَمْتَعْتُم بِهَا فَٱلْيَوْمَ تُجْزَوْنَ عَذَابَ ٱلْهُونِ بِمَا كُنتُمْ تَسْتَكْبِرُونَ فِى ٱلْأَرْضِ بِغَيْرِ ٱلْحَقِّ وَبِمَا كُنتُمْ تَفْسُقُونَ
സത്യനിഷേധികള്‍ നരകത്തിനുമുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന ദിവസം (അവരോട് പറയപ്പെടും:) ഐഹികജീവിതത്തില്‍ നിങ്ങളുടെ നല്ല വസ്തുക്കളെല്ലാം നിങ്ങള്‍ പാഴാക്കിക്കളയുകയും, നിങ്ങള്‍ അവകൊണ്ട് സുഖമനുഭവിക്കുകയും ചെയ്തു. അതിനാല്‍ ന്യായം കൂടാതെ നിങ്ങള്‍ ഭൂമിയില്‍ അഹംഭാവം നടിച്ചിരുന്നതിന്റെ ഫലമായും നിങ്ങള്‍ ധിക്കാരം കാണിച്ചിരുന്നതിന്റെ ഫലമായും ഇന്നു നിങ്ങള്‍ക്ക് അപമാനകരമായ ശിക്ഷ പ്രതിഫലമായി നല്കപ്പെടുന്നു. (ഖു൪ആന്‍:46/20) (തഫ്സീറുസ്സഅ്ദി)
അനുഗ്രഹങ്ങളിൽനിന്ന് ആദ്യമായി ചോദ്യം ചെയ്യപ്പെടുന്നത് ആരോഗ്യത്തെ കുറിച്ചും വെള്ളത്തെ കുറിച്ചും ആയിരിക്കുമെന്ന് ഹദീഥിൽ വന്നിട്ടുണ്ട്.
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: إِنَّ أَوَّلَ مَا يُسْأَلُ عَنْهُ يَوْمَ الْقِيَامَةِ يَعْنِي الْعَبْدَ مِنَ النَّعِيمِ أَنْ يُقَالَ لَهُ أَلَمْ نُصِحَّ لَكَ جِسْمَكَ وَنُرْوِيكَ مِنَ الْمَاءِ الْبَارِدِ.
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: നിന്റെ ശരീരത്തിൽ ഞാൻ നിനക്ക് ആരോഗ്യം നൽകിയില്ലേ, ശീതള പാനീയം ഞാൻ നിന്നെ കുടിപ്പിച്ചില്ലേ എന്ന് പറയപ്പെടലാണ് അന്ത്യനാളിൽ അനുഗ്രഹങ്ങളെ കുറിച്ച് ദാസനുള്ള ഒന്നാമത്തെ ചോദ്യം. (തിര്‍മിദി:3358 – സ്വഹീഹ് അൽബാനി)
عَنْ الزُّبَيْرِ بْنِ الْعَوَّامِ قَالَ:لَمَّا نَزَلَتْ: {ثُمَّ لَتُسْأَلُنَّ يَوْمَئِذٍ عَنِ النَّعِيمِ} [التكاثر: 8]، قَالَ الزُّبَيْرُ: يَا رَسُولَ اللهِ، وَأَيُّ النَّعِيمِ نُسْأَلُ عَنْهُ، وَإِنَّمَا هُمَا الْأَسْوَدَانِ التَّمْرُ وَالْمَاءُ؟ قَالَ: أَمَا إِنَّهُ سَيَكُونُ.
സുബൈർ ബ്നുൽ അവ്വാം رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: {പിന്നീട് നിങ്ങൾ അനുഗ്രഹങ്ങളെ കുറിച്ച് ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യുന്നതാണ്. (തകാഥുർ: 8)} എന്ന വചനം അവതരിച്ചപ്പോൾ സുബൈർ رَضِيَ اللَّهُ عَنْهُ പറഞ്ഞു: “അല്ലാഹുവിൻ്റെ റസൂലേ! ഏത് അനുഗ്രഹങ്ങളാണ് ചോദിക്കപ്പെടാനുള്ളത്? ഈത്തപ്പഴവും വെള്ളവും; ഈ രണ്ട് കറുത്ത വസ്തുക്കൾ മാത്രമല്ലേ ഉള്ളൂ.” നബി ﷺ പറഞ്ഞു: “എന്നാലും (ചോദ്യംചെയ്യൽ) അതുണ്ടാകുന്നതാണ്. (തിര്‍മിദി, ഇബ്നുമാജ)
عَنْ أَبِي هُرَيْرَةَ، قَالَ خَرَجَ رَسُولُ اللَّهِ صلى الله عليه وسلم ذَاتَ يَوْمٍ أَوْ لَيْلَةٍ فَإِذَا هُوَ بِأَبِي بَكْرٍ وَعُمَرَ فَقَالَ ” مَا أَخْرَجَكُمَا مِنْ بُيُوتِكُمَا هَذِهِ السَّاعَةَ ” . قَالاَ الْجُوعُ يَا رَسُولَ اللَّهِ . قَالَ ” وَأَنَا وَالَّذِي نَفْسِي بِيَدِهِ لأَخْرَجَنِي الَّذِي أَخْرَجَكُمَا قُومُوا ” . فَقَامُوا مَعَهُ فَأَتَى رَجُلاً مِنَ الأَنْصَارِ فَإِذَا هُوَ لَيْسَ فِي بَيْتِهِ فَلَمَّا رَأَتْهُ الْمَرْأَةُ قَالَتْ مَرْحَبًا وَأَهْلاً . فَقَالَ لَهَا رَسُولُ اللَّهِ صلى الله عليه وسلم ” أَيْنَ فُلاَنٌ ” . قَالَتْ ذَهَبَ يَسْتَعْذِبُ لَنَا مِنَ الْمَاءِ . إِذْ جَاءَ الأَنْصَارِيُّ فَنَظَرَ إِلَى رَسُولِ اللَّهِ صلى الله عليه وسلم وَصَاحِبَيْهِ ثُمَّ قَالَ الْحَمْدُ لِلَّهِ مَا أَحَدٌ الْيَوْمَ أَكْرَمَ أَضْيَافًا مِنِّي – قَالَ – فَانْطَلَقَ فَجَاءَهُمْ بِعِذْقٍ فِيهِ بُسْرٌ وَتَمْرٌ وَرُطَبٌ فَقَالَ كُلُوا مِنْ هَذِهِ . وَأَخَذَ الْمُدْيَةَ فَقَالَ لَهُ رَسُولُ اللَّهِ صلى الله عليه وسلم ” إِيَّاكَ وَالْحَلُوبَ ” . فَذَبَحَ لَهُمْ فَأَكَلُوا مِنَ الشَّاةِ وَمِنْ ذَلِكَ الْعِذْقِ وَشَرِبُوا فَلَمَّا أَنْ شَبِعُوا وَرَوُوا قَالَ رَسُولُ اللَّهِ صلى الله عليه وسلم لأَبِي بَكْرٍ وَعُمَرَ ” وَالَّذِي نَفْسِي بِيَدِهِ لَتُسْأَلُنَّ عَنْ هَذَا النَّعِيمِ يَوْمَ الْقِيَامَةِ أَخْرَجَكُمْ مِنْ بُيُوتِكُمُ الْجُوعُ ثُمَّ لَمْ تَرْجِعُوا حَتَّى أَصَابَكُمْ هَذَا النَّعِيمُ ” .
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ഒരു ദിനം അല്ലെങ്കിൽ ഒരു രാത്രി അല്ലാഹുവിന്റെ ദൂതൻ ﷺ പുറപ്പെട്ടു. അപ്പോഴതാ തിരുമേനി ﷺ അബൂബകറിനും ഉമറിനും അരികിൽ. തിരുമേനി ﷺ പറഞ്ഞു: “ഈ സമയം നിങ്ങളെ രണ്ടുപേരേയും നിങ്ങളുടെ വീടുകളിൽനിന്നും പുറത്ത് കൊണ്ടുവന്നത് എന്താണ്? അവർ രണ്ടുപേരും പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, വിശപ്പാണ്. തിരുമേനി ﷺ പറഞ്ഞു: ഞാനും (അപ്രകാരം തന്നെ). അല്ലാഹുവാണ സത്യം, നിങ്ങളെ പുറത്തുകൊണ്ടുവന്ന വിശപ്പ് തന്നെയാണ് എന്നേയും പുറത്തുകൊണ്ടുവന്നത്. നിങ്ങൾ എഴുന്നേൽക്കൂ. അങ്ങിനെ അവർ തിരുമേനി ﷺ യോടൊപ്പം എഴുന്നേറ്റു. തിരുമേനി ﷺ അൻസ്വാരികളിൽനിന്നും ഒരു വ്യക്തിയെ (തേടി) ചെന്നു. അദ്ദേഹമാകട്ടെ അദ്ദേഹത്തിന്റെ വീട്ടിലില്ലായിരുന്നു. ഭാര്യ തിരുമേനി ﷺ യെ കണ്ടപ്പോൾ (സ്വാഗതമരുളി) പറഞ്ഞു: “മർഹബൻ വഅഹ്ലൻ”. അവരോട് അല്ലാഹുവിന്റെ റസൂൽ ﷺ ചോദിച്ചു: “വീട്ടുകാരൻ എവിടെ?” അവർ പറഞ്ഞു: ഞങ്ങൾക്ക് ശുദ്ധവെള്ളം എടുക്കുവാൻ പോയിരിക്കയാണ്. അന്നേരം ആ അൻസ്വാരി വന്നു. അല്ലാഹുവിന്റെ റസൂലി ﷺ ലേക്കും തിരുമേനി ﷺ യുടെ കൂട്ടുകാരിലേക്കും നോക്കി. ശേഷം പറഞ്ഞു: അൽഹംദുലില്ലാഹ്; ഇന്നേദിനം അഥിതികളാൽ ആദരിക്കപ്പെട്ടവനായി എന്നെപ്പോലെ ആരുമില്ല. ഉടൻ അദ്ദേഹം പച്ചകാരക്കയും പഴുത്തകാരക്കയും ഉണക്കകാരക്കയുമുള്ള ഒരു ഈന്തപ്പനക്കുല കൊണ്ടുവന്നു. അദ്ദേഹം പറഞ്ഞു: നിങ്ങൾ ഇതിൽനിന്ന് ഭക്ഷിച്ചാലും. അദ്ദേഹം കത്തിയെടുത്തു. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: “കറവയുള്ളതിനെ അറുക്കുന്നത് സൂക്ഷിക്കുക.” അങ്ങനെ അദ്ദേഹം അവർക്കായി ഒരു (ആടിനെ) അറുത്തു. അവർ ആട് മാംസത്തിൽനിന്നും ഇത്തപ്പനക്കുലയിൽനിന്നും ഭക്ഷിക്കുകയും (വെള്ളം)കുടിക്കുകയും ചെയ്തു. അവർക്ക് വിഷപ്പടങ്ങുകയും ദാഹം ശമിക്കുകയും ചെയ്തപ്പോൾ അല്ലാഹുവിന്റെ റസൂൽ ﷺ അബൂബകറിനോടും ഉമറിനോടും പറഞ്ഞു: “എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണ (അല്ലാഹവാണ) സത്യം. അന്ത്യനാളിൽ ഈ അനുഗ്രഹത്തെപ്പറ്റി തീർച്ചയായും നിങ്ങൾ ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും. നിങ്ങളെ നിങ്ങളുടെ വീടുകളിൽനിന്ന് വിശപ്പ് പുറത്ത് കൊണ്ടുവന്നു. എന്നിട്ട് നിങ്ങൾ വീട്ടിലേക്ക് മടങ്ങിയിട്ടില്ല അപ്പോഴേക്കും നിങ്ങൾക്കിതാ ഈ അനുഗ്രഹം ലഭിച്ചിരിക്കുന്നു.” (മുസ്ലിം:2038)
മറ്റൊരു നിവേദനത്തിൽ തിരുമേനി ﷺ പറഞ്ഞതായി ഇപ്രകാരമാണുള്ളത്:
هَذَا وَالَّذِي نَفْسِي بِيَدِهِ مِنَ النَّعِيمِ الَّذِي تُسْأَلُونَ عَنْهُ يَوْمَ الْقِيَامَةِ ظِلٌّ بَارِدٌ وَرُطَبٌ طَيِّبٌ وَمَاءٌ بَارِدٌ.
ഇത്, എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണെ (അല്ലാഹവാണെ) സത്യം. നിങ്ങൾ അന്ത്യനാളിൽ ചോദ്യം ചെയ്യപ്പെടുന്നതായ അനുഗ്രഹമാകുന്നു. കുളിരേകുന്ന തണലും നല്ല കാരക്കയും ശീതളമായ വെള്ളവും. (തിര്‍മിദി)
അല്ലാഹു അന്ത്യനാളിൽ ദാസനെ കണ്ടുമുട്ടുമ്പോൾ ചോദിക്കുന്നതായ ഏതാനും അനുഗ്രഹങ്ങളെ കുറിച്ച് ഇപ്രകാരം ഹദീഥിൽ കാണാം. അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
… فَيَلْقَى الْعَبْدَ فَيَقُولُ أَىْ فُلْ أَلَمْ أُكْرِمْكَ وَأُسَوِّدْكَ وَأُزَوِّجْكَ وَأُسَخِّرْ لَكَ الْخَيْلَ وَالإِبِلَ وَأَذَرْكَ تَرْأَسُ وَتَرْبَعُ؟ فَيَقُولُ بَلَى. قَالَ فَيَقُولُ أَفَظَنَنْتَ أَنَّكَ مُلاَقِىَّ فَيَقُولُ لاَ. فَيَقُولُ فَإِنِّى أَنْسَاكَ كَمَا نَسِيتَنِى. ثُمَّ يَلْقَى الثَّانِىَ فَيَقُولُ أَىْ فُلْ أَلَمْ أُكْرِمْكَ وَأُسَوِّدْكَ وَأُزَوِّجْكَ وَأُسَخِّرْ لَكَ الْخَيْلَ وَالإِبِلَ وَأَذَرْكَ تَرْأَسُ وَتَرْبَعُ؟ فَيَقُولُ بَلَى أَىْ رَبِّ. فَيَقُولُ أَفَظَنَنْتَ أَنَّكَ مُلاَقِىَّ فَيَقُولُ لاَ. فَيَقُولُ فَإِنِّى أَنْسَاكَ كَمَا نَسِيتَنِى. ثُمَّ يَلْقَى الثَّالِثَ فَيَقُولُ لَهُ مِثْلَ ذَلِكَ…
…അങ്ങിനെ അല്ലാഹു ദാസനെ കണ്ടുമുട്ടും. അല്ലാഹു പറയും: അല്ലയോ മനുഷ്യാ, ഞാൻ നിന്നെ ആദരിക്കുകയും നേതൃപദത്തിലാക്കുകയും വിവാഹം കഴിപ്പിക്കുകയും നിനക്ക് കുതിരകളേയും ഒട്ടകങ്ങളേയും കീഴ്പ്പെടുത്തിത്തരുകയും ഭരിക്കുവാനും ലാഭം കൊയ്യുവാനും നിന്നെ വിട്ടേക്കുകയും ചെയ്തില്ലേ? ദാസൻ പറയും: അതെ. അല്ലാഹു പറയും: എന്നിട്ടും എന്നെ കണ്ടുമുട്ടേണ്ടിവരും എന്ന് നീ കരുതിയോ? ദാസൻ പറയും: ഇല്ല. അപ്പോൾ അല്ലാഹു പറയും: നിശ്ചയം ഞാൻ നിന്നെ വിസ്മരിക്കുന്നു; നീ എന്നെ വിസ്മരിച്ചതുപോലെ. ശേഷം അല്ലാഹു രണ്ടാമത് ഒരു ദാസനെ കണ്ടുമുട്ടും. അല്ലാഹു പറയും: അല്ലയോ മനുഷ്യാ, ഞാൻ നിന്നെ ആദരിക്കുകയും നേതൃപദത്തിലാക്കുകയും വിവാഹം കഴിപ്പിക്കുകയും നിനക്ക് കുതിരകളേയും ഒട്ടകങ്ങളേയും കീഴ്പ്പെടുത്തിത്തരുകയും ഭരിക്കുവാനും ലാഭം കൊയ്യുവാനും നിന്നെ വിട്ടേക്കുകയും ചെയ്തില്ലേ? ദാസൻ പറയും: എന്റെ രക്ഷിതാവേ അതെ. അല്ലാഹു പറയും: എന്നിട്ടും എന്നെ കണ്ടു മുട്ടേണ്ടിവരും എന്ന് നീ കരുതിയോ? ദാസൻ പറയും: ഇല്ല. അപ്പോൾ അല്ലാഹു പറയും: നിശ്ചയം ഞാൻ നിന്നെ വിസ്മരിക്കുന്നു; നീ എന്നെ വിസ്മരിച്ചതുപോലെ. ശേഷം അല്ലാഹു മൂന്നാമത് ഒരു ദാസനെ കണ്ടുമുട്ടും. അല്ലാഹു, അയാളോടും അതുപോലെ പറയും…” (മുസ്ലിം:2968)
عَنْ أَبِي بَرْزَةَ الأَسْلَمِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: لا تَزُولُ قَدَمَا عَبْدٍ يَوْمَ الْقِيَامَةِ حَتَّى يُسْأَلَ عَنْ خَمْسٍ: عَنْ عُمُرُهِ فِيمَا أَفْنَاهُ ؟ وَعَنْ شَبَابِهِ فِيمَا أَبْلاهُ ؟ وَعَنْ مَالِهِ مِنْ أَيْنَ اكْتَسَبَهُ وَفِيمَا أَنْفَقَهُ ؟ وَعَنْ عِلْمِهِ مَاذَا عَمِلَ فِيهِ؟
അബൂബറസഃ അൽഅസ്ലമി رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: ഒരു ദാസന്റേയും കാൽപ്പാദങ്ങൾ അന്ത്യനാളിൽ (അല്ലാഹുവിന്റെ മുന്നിൽനിന്നും) നീങ്ങിപ്പോവുകയില്ല; അഞ്ച് കാര്യങ്ങളെക്കുറിച്ച് അവൻ ചോദിക്കപ്പെടുന്നതുവരെ. തന്റെ ആയുസ്സിനെക്കുറിച്ച്; അത് എന്തിൽ നശിപ്പിച്ചുവെന്ന്. തന്റെ യൗവ്വനത്തെക്കുറിച്ച്; അത് എന്തിൽ ക്ഷയിപ്പിച്ചുവെന്ന്. തന്റെ സമ്പത്തിനെക്കുറിച്ച്; അത് എവിടെനിന്നും സമ്പാദിച്ചു, അത് എന്തിൽ ചിലവഴിച്ചു. തന്റെ അറിവിനെക്കുറിച്ച്; അതുകൊണ്ട് എന്ത് കർമ്മം ചെയ്തു. (അഹ്മദ് – ഹസൻ അൽബാനി)
വിശുദ്ധ ഖുര്‍ആൻ ഒന്നിച്ച് പരാമര്‍ശിച്ച മൂന്ന് അനുഗ്രഹങ്ങളാണ് കേള്‍വിയും കാഴ്ചകളും ചിന്താശക്തിയും.
وَٱللَّهُ أَخْرَجَكُم مِّنۢ بُطُونِ أُمَّهَٰتِكُمْ لَا تَعْلَمُونَ شَيْـًٔا وَجَعَلَ لَكُمُ ٱلسَّمْعَ وَٱلْأَبْصَٰرَ وَٱلْأَفْـِٔدَةَ ۙ لَعَلَّكُمْ تَشْكُرُونَ
നിങ്ങളുടെ മാതാക്കളുടെ ഉദരങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് യാതൊന്നും അറിഞ്ഞ് കൂടാത്ത അവസ്ഥയില്‍ അല്ലാഹു നിങ്ങളെ പുറത്ത് കൊണ്ട് വന്നു. നിങ്ങള്‍ക്കു അവന് കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും നല്‍കുകയും ചെയ്തു. നിങ്ങള്‍ നന്ദിയുള്ളവരായിരിക്കാന്‍ വേണ്ടി. (ഖുർആൻ: 16/78)
ഈ അനുഗ്രഹങ്ങളെ കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നതാണ്.
وَلَا تَقْفُ مَا لَيْسَ لَكَ بِهِۦ عِلْمٌ ۚ إِنَّ ٱلسَّمْعَ وَٱلْبَصَرَ وَٱلْفُؤَادَ كُلُّ أُو۟لَٰٓئِكَ كَانَ عَنْهُ مَسْـُٔولًا
നിനക്ക് അറിവില്ലാത്ത യാതൊരു കാര്യത്തിന്റെയും പിന്നാലെ നീ പോകരുത്. തീര്‍ച്ചയായും കേള്‍വി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്. (ഖുർആൻ: 17/36)
www.kanzululoom.com