കുഫ്റും ശിർക്കും
അടിയാറുകൾ ചോദ്യം ചെയ്യപ്പെടുന്ന വിഷയങ്ങളിൽ ഏറ്റവും കടുത്തതും ഗൗരവമേറിയതും അവരുടെ കുഫ്റും ശിർക്കുമായിരിക്കും. തങ്ങളുടെ ആരാധ്യന്മാരെ കുറിച്ചും പങ്കാളികളെ കുറിച്ചും ചോദ്യം ചെയ്യപ്പെടും. അല്ലാഹു പറയുന്നു:
وَقِيلَ لَهُمْ أَيْنَ مَا كُنتُمْ تَعْبُدُونَ ﴿٩٢﴾ مِن دُونِ اللَّهِ هَلْ يَنصُرُونَكُمْ أَوْ يَنتَصِرُونَ ﴿٩٣﴾
അവരോട് ചോദിക്കപ്പെടുകയും ചെയ്യും: നിങ്ങൾ ആരാധിച്ചിരുന്നതെല്ലാം എവിടെപ്പോയി? അല്ലാഹുവിനു പുറമെ. അവർ നിങ്ങളെ സഹായിക്കുകയോ, സ്വയം സഹായം നേടുകയോ ചെയ്യുന്നുണ്ടോ? (ഖു൪ആന്‍:26/92-93)
وَيَوْمَ يُنَادِيهِمْ فَيَقُولُ أَيْنَ شُرَكَائِيَ الَّذِينَ كُنتُمْ تَزْعُمُونَ
അവൻ (അല്ലാഹു) അവരെ വിളിക്കുകയും, എന്റെ പങ്കുകാർ എന്ന് നിങ്ങൾ ജൽപിച്ചിരുന്നവർ എവിടെ? എന്ന് ചോദിക്കുകയും ചെയ്യുന്ന ദിവസം (ശ്രദ്ധേയമത്രെ.) (ഖു൪ആന്‍:28/62)
അല്ലാഹു അല്ലാത്തവർക്ക് അവർ അർപ്പിച്ചിരുന്ന ആരാധനകളെ കറിച്ച് ചോദ്യം ചെയ്യപ്പെടും. ബഹുദൈവവിശ്വാസികൾ തങ്ങളുടെ ആരാധ്യന്മാർക്ക് സമർപ്പിച്ചിരുന്ന ബലിയുടെ വിഷയത്തിൽ അല്ലാഹു പറയുന്നു:
وَيَجْعَلُونَ لِمَا لَا يَعْلَمُونَ نَصِيبًا مِّمَّا رَزَقْنَاهُمْ ۗ تَاللَّهِ لَتُسْأَلُنَّ عَمَّا كُنتُمْ تَفْتَرُونَ
നാം അവർക്ക് നൽകിയിട്ടുള്ളതിൽ നിന്ന് ഒരു ഓഹരി, അവർക്ക് തന്നെ (ശരിയായ) അറിവില്ലാത്ത ചിലതിന്ന് (വ്യാജദൈവങ്ങൾക്ക്) അവർ നിശ്ചയിച്ച് വെക്കുന്നു. അല്ലാഹുവെതന്നെയാണ, നിങ്ങൾ കെട്ടിച്ചമയ്ക്കുന്നതിനെപ്പറ്റി തീർച്ചയായും നിങ്ങൾ ചോദ്യം ചെയ്യപ്പെടുന്നതാണ്. (ഖു൪ആന്‍:16/56)
മുർസലീങ്ങളെ കളവാക്കിയ അവിശ്വാസികളോടും അവർ കളവാക്കിയതിനെ കുറിച്ച് ചോദിക്കും. അല്ലാഹു പറയുന്നു:
وَيَوْمَ يُنَادِيهِمْ فَيَقُولُ مَاذَا أَجَبْتُمُ الْمُرْسَلِينَ ﴿٦٥﴾ فَعَمِيَتْ عَلَيْهِمُ الْأَنبَاءُ يَوْمَئِذٍ فَهُمْ لَا يَتَسَاءَلُونَ ﴿٦٦﴾
അവൻ (അല്ലാഹു) അവരെ വിളിക്കുകയും, ദൈവദൂതന്മാർക്ക് എന്ത് ഉത്തരമാണ് നിങ്ങൾ നൽകിയത് എന്ന് ചോദിക്കുകയും ചെയ്യുന്ന ദിവസം(ശ്രദ്ധേയമാകുന്നു.) അന്നത്തെ ദിവസം വർത്തമാനങ്ങൾ അവർക്ക് അവ്യക്തമായിത്തീരുന്നതാണ്. അപ്പോൾ അവർ അന്യോന്യം ചോദിച്ചറിയുകയില്ല. (ഖു൪ആന്‍:28/65-66)
ഭൗതികലോകത്തെ കർമ്മങ്ങൾ
ഇഹലോകത്തെ കർമ്മങ്ങളഖിലവും ചോദ്യം ചെയ്യപ്പെടുന്ന വേദിയാണ് പരലോക വേദി. എത്ര ചെറുതാണെങ്കിലും എല്ലാ പ്രവർത്തനങ്ങളും ഹാജറാക്കപ്പെടും. അല്ലാഹു പറയുന്നു:
فَوَرَبِّكَ لَنَسْأَلَنَّهُمْ أَجْمَعِينَ ﴿٩٢﴾ عَمَّا كَانُوا يَعْمَلُونَ ﴿٩٣﴾
എന്നാൽ നിന്റെ രക്ഷിതാവിനെത്തന്നെയാണ, അവരെ മുഴുവൻ നാം ചോദ്യം ചെയ്യുക തന്നെ ചെയ്യും. അവർ പ്രവർത്തിച്ച് കൊണ്ടിരുന്നതിനെ സംബന്ധിച്ച്. (ഖു൪ആന്‍:15/92-93)
عَنْ أَبِي بَرْزَةَ الأَسْلَمِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: لا تَزُولُ قَدَمَا عَبْدٍ يَوْمَ الْقِيَامَةِ حَتَّى يُسْأَلَ عَنْ خَمْسٍ: عَنْ عُمُرُهِ فِيمَا أَفْنَاهُ ؟ وَعَنْ شَبَابِهِ فِيمَا أَبْلاهُ ؟ وَعَنْ مَالِهِ مِنْ أَيْنَ اكْتَسَبَهُ وَفِيمَا أَنْفَقَهُ ؟ وَعَنْ عِلْمِهِ مَاذَا عَمِلَ فِيهِ؟
അബൂബറസഃ അൽഅസ്ലമി رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: ഒരു ദാസന്റേയും കാൽപ്പാദങ്ങൾ അന്ത്യനാളിൽ (അല്ലാഹുവിന്റെ മുന്നിൽനിന്നും) നീങ്ങിപ്പോവുകയില്ല; അഞ്ച് കാര്യങ്ങളെക്കുറിച്ച് അവൻ ചോദിക്കപ്പെടുന്നതുവരെ. തന്റെ ആയുസ്സിനെക്കുറിച്ച്; അത് എന്തിൽ നശിപ്പിച്ചുവെന്ന്. തന്റെ യൗവ്വനത്തെക്കുറിച്ച്; അത് എന്തിൽ ക്ഷയിപ്പിച്ചുവെന്ന്. തന്റെ സമ്പത്തിനെക്കുറിച്ച്; അത് എവിടെനിന്നും സമ്പാദിച്ചു, അത് എന്തിൽ ചിലവഴിച്ചു. തന്റെ അറിവിനെക്കുറിച്ച്; അതുകൊണ്ട് എന്ത് കർമ്മം ചെയ്തു. (അഹ്മദ് – ഹസൻ അൽബാനി)
അനുഗ്രഹങ്ങൾ
ഭൗതികലോകത്ത് അടിയാറുകൾ അനുഭവിക്കുന്ന അനുഗ്രഹങ്ങൾ പരലോകത്ത് ചോദിക്കപ്പെടും.
(ഇത് സംബന്ധിച്ച് കൂടുതൽ മനസ്സിലാക്കുവാൻ താഴെ കൊടുത്തിട്ടുള്ള ലിങ്ക് ഉപയോഗിക്കുക.)
കരാറുകൾ, ഉടമ്പടികൾ
അടിയാറുകൾ അല്ലാഹുവോട് നടത്തിയ കരാറുകളെ കുറിച്ച് അവർ ചോദിക്കപ്പെടും. അല്ലാഹു പറഞ്ഞു:
وَلَقَدْ كَانُوا عَاهَدُوا اللَّهَ مِن قَبْلُ لَا يُوَلُّونَ الْأَدْبَارَ ۚ وَكَانَ عَهْدُ اللَّهِ مَسْئُولًا
തങ്ങൾ പിന്തിരിഞ്ഞ് പോകുകയില്ലെന്ന് മുമ്പ് അവർ അല്ലാഹുവോട് ഉടമ്പടി ചെയ്തിട്ടുണ്ടായിരുന്നു. അല്ലാഹുവിന്റെ ഉടമ്പടി ചോദ്യം ചെയ്യപ്പെടുന്നതാണ്. (ഖു൪ആന്‍:33/15)
അടിയാറുകൾ അന്യോന്യം നടത്തിയിരുന്ന ഉടമ്പടികൾ പാലിക്കുകയും പൂർത്തീകരിക്കുകയും ചെയ്തതിരുന്നുവോ എന്നതിനെ കുറിച്ചും ദാസന്മാർ അന്ത്യനാളിൽ ചോദിക്കപ്പെടും. അല്ലാഹു പറഞ്ഞു:
وَأَوْفُوا بِالْعَهْدِ ۖ إِنَّ الْعَهْدَ كَانَ مَسْئُولًا
നിങ്ങൾ കരാർ നിറവേറ്റുക. തീർച്ചയായും കരാറിനെപ്പറ്റി ചോദ്യം ചെയ്യപ്പെടുന്നതാണ്. (ഖു൪ആന്‍:17/34)
കണ്ണ്, കാത്, ക്വൽബ്
വിശുദ്ധ ഖുര്‍ആൻ ഒന്നിച്ച് പരാമര്‍ശിച്ച മൂന്ന് അനുഗ്രഹങ്ങളാണ് കേള്‍വിയും കാഴ്ചകളും ചിന്താശക്തിയും.
وَٱللَّهُ أَخْرَجَكُم مِّنۢ بُطُونِ أُمَّهَٰتِكُمْ لَا تَعْلَمُونَ شَيْـًٔا وَجَعَلَ لَكُمُ ٱلسَّمْعَ وَٱلْأَبْصَٰرَ وَٱلْأَفْـِٔدَةَ ۙ لَعَلَّكُمْ تَشْكُرُونَ
നിങ്ങളുടെ മാതാക്കളുടെ ഉദരങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് യാതൊന്നും അറിഞ്ഞ് കൂടാത്ത അവസ്ഥയില്‍ അല്ലാഹു നിങ്ങളെ പുറത്ത് കൊണ്ട് വന്നു. നിങ്ങള്‍ക്കു അവന് കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും നല്‍കുകയും ചെയ്തു. നിങ്ങള്‍ നന്ദിയുള്ളവരായിരിക്കാന്‍ വേണ്ടി. (ഖുർആൻ: 16/78)
ഈ അനുഗ്രഹങ്ങളെ കുറിച്ച് പരലോകത്ത് ചോദ്യം ചെയ്യപ്പെടുന്നതാണ്.
وَلَا تَقْفُ مَا لَيْسَ لَكَ بِهِۦ عِلْمٌ ۚ إِنَّ ٱلسَّمْعَ وَٱلْبَصَرَ وَٱلْفُؤَادَ كُلُّ أُو۟لَٰٓئِكَ كَانَ عَنْهُ مَسْـُٔولًا
നിനക്ക് അറിവില്ലാത്ത യാതൊരു കാര്യത്തിന്റെയും പിന്നാലെ നീ പോകരുത്. തീര്‍ച്ചയായും കേള്‍വി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്. (ഖുർആൻ: 17/36)
قال قتادة رحمه الله: لا تقل رأيت ولم تر، وسمعت ولم تسمع، وعلمت ولم تعلم؛ فإن الله سائلك عن ذلك كله.
ഇമാം ക്വതാദഃ رحمه الله പറഞ്ഞു: കാണാത്തത് കണ്ടുവെന്ന് നീ പറയരുത്. കേൾക്കാത്തത് കേട്ടുവെന്ന് നീ പറയരുത്. നിനക്ക് അറിയാത്തത് അറിഞ്ഞുവെന്ന് നീ പറയരുത്. കരണം അല്ലാഹു അതിനെ കുറിച്ചെല്ലാം നിന്നോട് ചോദിക്കുന്നവനാണ്. (തഫ്സീറുത്ത്വബരി)
കർമ്മങ്ങളിൽ ആദ്യമായി വിചാരണ ചെയ്യപ്പെടുന്നത്
അല്ലാഹുവിനുള്ള അവകാശങ്ങളിൽ ഒരു ദാസൻ അന്ത്യനാളിൽ ഒന്നാമതായി വിചാരണ ചെയ്യപ്പെടുന്ന കർമ്മം നമസ്കാരമായിരിക്കും.
عَنْ أَبِي هُرَيْرَةَ قَالَ: سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ: إِنَّ أَوَّلَ مَا يُحَاسَبُ بِهِ الْعَبْدُ يَوْمَ الْقِيَامَةِ مِنْ عَمَلِهِ صَلاَتُهُ فَإِنْ صَلُحَتْ فَقَدْ أَفْلَحَ وَأَنْجَحَ وَإِنْ فَسَدَتْ فَقَدْ خَابَ وَخَسِرَ فَإِنِ انْتَقَصَ مِنْ فَرِيضَتِهِ شَيْءٌ قَالَ الرَّبُّ عَزَّ وَجَلَّ انْظُرُوا هَلْ لِعَبْدِي مِنْ تَطَوُّعٍ فَيُكَمَّلَ بِهَا مَا انْتَقَصَ مِنَ الْفَرِيضَةِ ثُمَّ يَكُونُ سَائِرُ عَمَلِهِ عَلَى ذَلِكَ ” .
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ﷺ പറയുന്നത് ഞാൻ കേട്ടു: നിശ്ചയം, അന്ത്യനാളിൽ ദാസൻ തന്റെ കർമ്മങ്ങളിൽ ഒന്നാമതായി വിചാരണ ചെയ്യപ്പെടുന്നത് തന്റെ നമസ്കാരത്തെ കുറിച്ചായിരിക്കും. അത് ശരിയായാൽ നിശ്ചയം അവൻ വിജയിച്ചു. ലക്ഷ്യം കൈവരിച്ചു. അത് കുഴപ്പമായാൽ അവൻ പരാജയപ്പെട്ടു. ഇച്ഛാഭംഗപ്പെട്ടു. അവൻ തന്റെ നിർബന്ധ നമസ്കാരത്തിൽ നിന്ന് വല്ല കുറവും വരുത്തിയവനാണെങ്കിൽ അല്ലാഹു പറയും: എന്റെ ദാസന് വല്ല സുന്നത്തായ (നമസ്കാരവുമുണ്ടോ) എന്ന് നോക്കുക. എങ്കിൽ അവൻ നിർബന്ധ നമസ്കാരത്തിൽ അവൻ കുറവ് വരുത്തിയത് അതുകൊണ്ട് പൂർത്തിയാക്കപ്പെടും. ശേഷം അവന്റെ ഇതര കർമ്മങ്ങളിൽ നിർബന്ധമായതിൽ അവൻ കുറവ് വരുത്തിയിട്ടുണ്ടെങ്കിൽ ഇതുപോലെ (ഐച്ഛികമായി നിർവ്വഹിച്ചതിൽ നിന്നെടുത്ത് പൂർത്തീകരിക്കുന്നതാണ്.) (തിര്‍മിദി:413 – സ്വഹീഹ് അൽബാനി)
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. നബിﷺ പറഞ്ഞു:
إِنَّ أَوَّلَ مَا يُحَاسَبُ النَّاسُ بِهِ يَوْمَ الْقِيَامَةِ مِنْ أَعْمَالِهِمُ الصَّلاَةُ قَالَ يَقُولُ رَبُّنَا جَلَّ وَعَزَّ لِمَلاَئِكَتِهِ وَهُوَ أَعْلَمُ انْظُرُوا فِي صَلاَةِ عَبْدِي أَتَمَّهَا أَمْ نَقَصَهَا فَإِنْ كَانَتْ تَامَّةً كُتِبَتْ لَهُ تَامَّةً وَإِنْ كَانَ انْتَقَصَ مِنْهَا شَيْئًا قَالَ انْظُرُوا هَلْ لِعَبْدِي مِنْ تَطَوُّعٍ فَإِنْ كَانَ لَهُ تَطَوُّعٌ قَالَ أَتِمُّوا لِعَبْدِي فَرِيضَتَهُ مِنْ تَطَوُّعِهِ ثُمَّ تُؤْخَذُ الأَعْمَالُ عَلَى ذَاكُمْ ” .
“നിശ്ചയം, അന്ത്യനാളിൽ ജനങ്ങൾ തങ്ങളുടെ കർമ്മങ്ങളിൽ ഒന്നാമതായി വിചാരണ ചെയ്യപ്പെടുന്നത് നമസ്കാരത്തെ കുറിച്ചായിരിക്കും. തിരുമേനി ﷺ പറഞ്ഞു: നമ്മുടെ രക്ഷിതാവ്, അവൻ ഏറ്റവും നന്നായി അറിയുന്നവനാണ് തന്റെ മലക്കുകളോട് പറയും: എന്റെ ദാസന്റെ നമസ്കാരത്തിൽ നിങ്ങൾ നോക്കുക; അത് അവൻ പൂർത്തീകരിച്ച് നിർവ്വഹിച്ചുവോ അതല്ല, കുറവ് വരുത്തിയോ? അത് സമ്പൂർണ്ണമാണെങ്കിൽ അവന് അത് പൂർണ്ണമെന്ന് എഴുതപ്പെടും. അവൻ അതിൽ വല്ല കുറവും വരുത്തിയവനാണെങ്കിൽ അല്ലാഹു പറയും: എന്റെ ദാസന് വല്ല സുന്നത്തായ (നമസ്കാരവുമുണ്ടോ) എന്ന് നോക്കുക. അവന് സുന്നത്തായ നമസ്കാരമുണ്ടെങ്കിൽ അല്ലാഹു പറയും: അവന്റെ നിർബന്ധ നമസ്കാരത്തെ അവന്റെ സുന്നത്തുകൊണ്ട് പൂർത്തിയാക്കുക. പിന്നീട് അവന്റെ ഇതര കർമ്മങ്ങൾ സ്വീകരിക്കപ്പെടും. (അബൂദാവൂദ്:864 – സ്വഹീഹ് അൽബാനി)
അവലംബം : അബ്ദുൽ ജബ്ബാർ മദീനി രചിച്ച ‘അന്ത്യനാൾ’ എന്ന പുസ്തകം
www.kanzululoom.com