സൂറ : അൻകബൂത്ത് 45-51 ആയത്തുകളിലൂടെ …..
ٱتْلُ مَآ أُوحِىَ إِلَيْكَ مِنَ ٱلْكِتَٰبِ وَأَقِمِ ٱلصَّلَوٰةَ ۖ إِنَّ ٱلصَّلَوٰةَ تَنْهَىٰ عَنِ ٱلْفَحْشَآءِ وَٱلْمُنكَرِ ۗ وَلَذِكْرُ ٱللَّهِ أَكْبَرُ ۗ وَٱللَّهُ يَعْلَمُ مَا تَصْنَعُونَ
(നബിയേ,) വേദഗ്രന്ഥത്തില്‍ നിന്നും നിനക്ക് ബോധനം നല്‍കപ്പെട്ടത് ഓതികേള്‍പിക്കുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക. തീര്‍ച്ചയായും നമസ്കാരം നീചവൃത്തിയില്‍ നിന്നും നിഷിദ്ധകര്‍മ്മത്തില്‍ നിന്നും തടയുന്നു. അല്ലാഹുവെ ഓര്‍മിക്കുക എന്നത് ഏറ്റവും മഹത്തായ കാര്യം തന്നെയാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്തോ അത് അല്ലാഹു അറിയുന്നു. (ഖു൪ആന്‍:29/45)
ഈ മഹത്തായ ഗ്രന്ഥം പാരായണം ചെയ്യാൻ ഇവിടെ നിർദേശിക്കുന്നു. അത് പാരായണം ചെയ്യണം എന്ന് പറയുന്നതിലൂടെ അർഥമാക്കുന്നത് അതിനെ പിൻപറ്റുക, അത് അനുശാസിക്കുന്ന കാര്യങ്ങൾ അനുസരിക്കുക, അതിന്റെ വിരോധങ്ങൾ ഉപേക്ഷിക്കുക, അതിന്റെ മാർഗദർശനം സ്വീകരിക്കുക, അതിലെ വാക്യങ്ങൾ പാരായണം ചെയ്യുക എന്നിവയാണ്. അതിലെ വാക്കുകൾ ഉദ്ധരിക്കുക എന്നത് ഇവിടെ ഉദ്ദശിക്കപ്പെടുന്ന കാര്യങ്ങളുടെ ഒരു ഭാഗം മാത്രമാണ്. (തഫ്സീറുസ്സഅ്ദി)
ഖുര്‍ആന്‍ പാരായണം ചെയ്യുന്നതു സ്വയംതന്നെ ഒരു പുണ്യകര്‍മ്മമാകുന്നു. അതിലടങ്ങിയ തത്വങ്ങള്‍, ദൃഷ്ടാന്തങ്ങള്‍, നിയമനിര്‍ദ്ദേശങ്ങള്‍ ആദിയായ വശങ്ങള്‍ മനസ്സിലാക്കുകയും, അവയെക്കുറിച്ച് ചിന്തിക്കുകയുമാണ് വായനയുടെ ആവശ്യം. അതു പ്രവര്‍ത്തനത്തിലും, പ്രയോഗത്തിലും വരുത്തുകയാണ് അതിന്‍റെ പരമമായ ലക്ഷ്യം. (അമാനി തഫ്സീര്‍)
وَلَا تُجَٰدِلُوٓا۟ أَهْلَ ٱلْكِتَٰبِ إِلَّا بِٱلَّتِى هِىَ أَحْسَنُ إِلَّا ٱلَّذِينَ ظَلَمُوا۟ مِنْهُمْ ۖ وَقُولُوٓا۟ ءَامَنَّا بِٱلَّذِىٓ أُنزِلَ إِلَيْنَا وَأُنزِلَ إِلَيْكُمْ وَإِلَٰهُنَا وَإِلَٰهُكُمْ وَٰحِدٌ وَنَحْنُ لَهُۥ مُسْلِمُونَ
വേദക്കാരോട് ഏറ്റവും നല്ല രീതിയിലല്ലാതെ നിങ്ങള്‍ സംവാദം നടത്തരുത്- അവരില്‍ നിന്ന് അക്രമം പ്രവര്‍ത്തിച്ചവരോടൊഴികെ. നിങ്ങള്‍ (അവരോട്) പറയുക: ഞങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും നിങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും ഒരുവനാകുന്നു. ഞങ്ങള്‍ അവന് കീഴ്പെട്ടവരുമാകുന്നു. (ഖു൪ആന്‍:29/46)
ജൂതന്മാരും, ക്രിസ്ത്യാനികളുമാകുന്ന വേദക്കാരുമായി സംവാദം നടത്തുമ്പോള്‍, യുക്തവും ഹൃദ്യവുമായ ന്യായങ്ങളും, ലക്ഷ്യങ്ങളും മുഖേന സൗമ്യമായ രൂപത്തിലായിരിക്കണം അതു നടത്തുന്നത് എന്ന് ഈ വചനം മുസ്‌ലിംകളെ ശാസിക്കുന്നു. ഇത്തരം സംവാദങ്ങൾ വേദക്കാരുമായി നടത്തുമ്പോൾ ക്വുർആനിനെയും അത് കൊണ്ടുവന്ന ദൂതനെയും അംഗീകരിക്കാൻ അവർ നിർബന്ധിതരാകും.
തൗറാത്തിൽ വന്ന കാര്യങ്ങൾ പിന്നീട് ക്വുർആനിൽ വന്നത് ഒരാൾ നിരാകരിക്കുന്നുവെങ്കിൽ അവൻ വിശ്വസിക്കുന്നു എന്നവകാശപ്പെടുന്ന തൗറാത്തിലും അവൻ യഥാർഥത്തിൽ വിശ്വസിക്കുന്നില്ല.
وَكَذَٰلِكَ أَنزَلْنَآ إِلَيْكَ ٱلْكِتَٰبَ ۚ فَٱلَّذِينَ ءَاتَيْنَٰهُمُ ٱلْكِتَٰبَ يُؤْمِنُونَ بِهِۦ ۖ وَمِنْ هَٰٓؤُلَآءِ مَن يُؤْمِنُ بِهِۦ ۚ وَمَا يَجْحَدُ بِـَٔايَٰتِنَآ إِلَّا ٱلْكَٰفِرُونَ
അതുപോലെ നിനക്കും നാം വേദഗ്രന്ഥം അവതരിപ്പിച്ച് തന്നിരിക്കുന്നു. അപ്പോള്‍ നാം (മുമ്പ്) വേദഗ്രന്ഥം നല്‍കിയിട്ടുള്ളവര്‍ ഇതില്‍ വിശ്വസിക്കുന്നതാണ്. ഈ കൂട്ടരിലും അതില്‍ വിശ്വസിക്കുന്നവരുണ്ട്. അവിശ്വാസികളല്ലാതെ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയില്ല. (ഖു൪ആന്‍:29/47)
ആദരണീയമായ, എല്ലാ മഹത്തായ സംഭവങ്ങളും വിശദീകരിക്കുന്ന, എല്ലാ നല്ല സ്വഭാവങ്ങളെയും കാര്യങ്ങളെയും വിളിച്ചറിയിക്കുന്ന, മുൻ വേദഗ്രന്ഥങ്ങളെ സത്യപ്പെടുത്തുന്ന, പൂർവപ്രവാചകൻമാരെ കുറിച്ച് അറിവ് തരുന്ന ഗ്രന്ഥമാണിത്. (തഫ്സീറുസ്സഅ്ദി)
വേദക്കാരായ എല്ലാവരും ഖുര്‍ആനില്‍ വിശ്വസിക്കും എന്നല്ല ഉദ്ദേശ്യം. തൗറാത്തിലും, ഇഞ്ചീലിലും പ്രസ്താവിക്കപ്പെട്ടിട്ടുള്ള അടയാളങ്ങള്‍ നബി ﷺ യില്‍ പുലര്‍ന്നു കണ്ടതിനെ നിഷേധിക്കുവാനും, അന്യഥാ വ്യാഖ്യാനിക്കാനും മുതിരാത്തവരും, ഖുര്‍ആനെപ്പറ്റി ചിന്തിച്ചു മനസ്സിലാക്കുന്നവരുമായ എല്ലാവരും അതില്‍ വിശ്വസിക്കുന്നതാണ് എന്നു താല്‍പര്യം. അബ്ദുല്ലാഹിബ്നു സലാം رضي الله عنه തുടങ്ങിയ പല പണ്ഡിതന്മാരും മറ്റു പലരും നബി ﷺ യിലും, ഖുര്‍ആനിലും വിശ്വസിച്ചിരുന്നതും, നബി ﷺ യുടെ കാലശേഷവും എത്രയോ ആളുകള്‍ ഇസ്‌ലാമില്‍ വന്നിട്ടുള്ളതും പ്രസ്താവ്യമാണ്. (അമാനി തഫ്സീര്‍)
അല്ലാഹു പറഞ്ഞതുപോലെ:
وَإِنَّ مِنْ أَهْلِ ٱلْكِتَٰبِ لَمَن يُؤْمِنُ بِٱللَّهِ وَمَآ أُنزِلَ إِلَيْكُمْ وَمَآ أُنزِلَ إِلَيْهِمْ خَٰشِعِينَ لِلَّهِ لَا يَشْتَرُونَ بِـَٔايَٰتِ ٱللَّهِ ثَمَنًا قَلِيلًا ۗ أُو۟لَٰٓئِكَ لَهُمْ أَجْرُهُمْ عِندَ رَبِّهِمْ ۗ إِنَّ ٱللَّهَ سَرِيعُ ٱلْحِسَابِ
തീര്‍ച്ചയായും വേദക്കാരില്‍ ഒരു വിഭാഗമുണ്ട്. അല്ലാഹുവിലും, നിങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ട വേദത്തിലും, അവര്‍ക്ക് അവതരിപ്പിക്കപ്പെട്ട വേദത്തിലും അവര്‍ വിശ്വസിക്കും. (അവര്‍) അല്ലാഹുവോട് താഴ്മയുള്ളവരായിരിക്കും. അല്ലാഹുവിന്‍റെ വചനങ്ങള്‍ വിറ്റ് അവര്‍ തുച്ഛമായ വില വാങ്ങുകയില്ല. അവര്‍ക്കാകുന്നു തങ്ങളുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുള്ളത്. തീര്‍ച്ചയായും അല്ലാഹു അതിവേഗം കണക്ക് നോക്കുന്നവനാകുന്നു. (ഖുർആൻ:3/199)
മക്കായിലെ മുശ്‌രിക്കുകളെ ചൂണ്ടിക്കൊണ്ടാണ് وَمِنْ هَـٰؤُلَاءِ (ഇക്കൂട്ടരിലുമുണ്ട്) എന്നു പറഞ്ഞത്. വേദക്കാരായാലും അല്ലെങ്കിലും ശരി, ഖുര്‍ആനെ നിഷേധിക്കുന്നവര്‍ ഒരിക്കലും സത്യാന്വേഷികളും യഥാര്‍ത്ഥ ദൈവവിശ്വാസികളും ആയിരിക്കയില്ല: സത്യനിഷേധികളായ അവിശ്വാസികള്‍ മാത്രമേ അതിനെ നിഷേധിക്കുകയുള്ളൂ എന്ന് അല്ലാഹു തുറന്ന് പ്രഖ്യാപിച്ചിരിക്കയാണ്. (അമാനി തഫ്സീര്‍)
{അവിശ്വാസികളല്ലാതെ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയില്ല} സത്യത്തെ സ്ഥിരമായി നിഷേധിക്കുകയും ശാഠ്യം പിടിക്കുകയും ചെയ്യുന്ന സത്യനിഷേധികളല്ലാതെ നമ്മുടെ വചനങ്ങളെ ആരും നിഷേധിക്കുകയില്ല. സത്യനിഷേധികൾ മാത്രമെ അവന്റെ വഹ്‌യ് നിഷേധിക്കുകയുള്ളൂ. കാരണം സത്യത്തെ പിന്തുടരാൻ ആഗ്രഹിക്കുന്ന ഒരാളിൽ നിന്നും തിരസ്‌കരണം ഉണ്ടാകില്ല. മറിച്ച് ഉദ്ദേശ്യശുദ്ധിയുള്ള ഏതൊരാളും അതിൽ വിശ്വസിക്കുകതന്നെ ചെയ്യും. കാരണം, മനസാന്നിധ്യത്തോടെ കേൾക്കുന്നവർക്കും ബുദ്ധിയും വിവേകവുമുള്ള ഏതൊരാൾക്കും ധാരാളം തെളിവുകൾ അതിൽ വിശദീകരിക്കുന്നുണ്ട്. ഈ വിശ്വസ്തനായ പ്രവാചകൻ ഇത് കൊണ്ടുവന്നു എന്നതാണ് ഇതിന്റെ തെളിവുകളിൽ ഒന്ന്. അദ്ദേഹത്തിന്റെ സത്യതയും വിശ്വസ്തതയും വരവും പോക്കും മറ്റു വസ്തുതകളുമെല്ലാം അവർക്കറിയും. അദ്ദേഹത്തിന് എഴുതാനറിയില്ല. എഴുതിയത് വായിക്കാനുമറിയില്ല. അതിനാൽ സർവ്വശക്തനും സ്തുത്യർഹനുമായ അല്ലാഹുവിൽനിന്നാണ് എന്നതിൽ യാതൊരു സംശയവുമില്ലെന്ന് ഈ പശ്ചാത്തലത്തിൽനിന്ന് വ്യക്തമാണ്. (തഫ്സീറുസ്സഅ്ദി)
وَمَا كُنتَ تَتْلُوا۟ مِن قَبْلِهِۦ مِن كِتَٰبٍ وَلَا تَخُطُّهُۥ بِيَمِينِكَ ۖ إِذًا لَّٱرْتَابَ ٱلْمُبْطِلُونَ
ഇതിന് മുമ്പ് നീ വല്ല ഗ്രന്ഥവും പാരായണം ചെയ്യുകയോ, നിന്‍റെ വലതുകൈ കൊണ്ട് അത് എഴുതുകയോ ചെയ്തിരുന്നില്ല. അങ്ങനെയാണെങ്കില്‍ ഈ സത്യനിഷേധികള്‍ക്കു സംശയിക്കാമായിരുന്നു. (ഖുര്‍ആൻ:29/48)
ഇങ്ങനെയൊക്കെ ആയിരുന്നെങ്കിൽ ഇതിനെ നിഷേധികൾക്ക് സംശയിക്കാമായിരുന്നു. നബി ﷺ അത് മുൻവേദങ്ങളിൽ നിന്ന് പഠിച്ചതാണെന്നോ പകർത്തി ഴുതിയതാണെന്നോ പറയാമായിരുന്നു.
അങ്ങനെ ശ്രേഷ്ഠമായൊരു ഗ്രന്ഥം മുഹമ്മദ് നബി ﷺ ക്ക് അവതരിച്ചു. കഠിന ശത്രുക്കളെയും സാഹിത്യകാരൻമാരെയും അതുപോലെയുള്ളതോ അല്ലെങ്കിൽ ഒരു അധ്യായമോ കൊണ്ടുവരിക എന്ന് വെല്ലുവിളിച്ചു. അവരതിൽ അങ്ങേയറ്റം പരാജയപ്പെട്ടു. സാഹിത്യം നന്നായി അറിഞ്ഞിട്ടും അവരതിനെതിരെ സംസാരിച്ചതേ ഇല്ല. കാരണം അവർക്കറിയാമായിരുന്നു, മനുഷ്യന്റെ വാക്കുകൾ അതിനോട് പൊരുത്തപ്പെടില്ലെന്ന്. അതാണ് അല്ലാഹു പറഞ്ഞത്:
بَلْ هُوَ ءَايَٰتُۢ بَيِّنَٰتٌ فِى صُدُورِ ٱلَّذِينَ أُوتُوا۟ ٱلْعِلْمَ ۚ وَمَا يَجْحَدُ بِـَٔايَٰتِنَآ إِلَّا ٱلظَّٰلِمُونَ
എന്നാല്‍ ജ്ഞാനം നല്‍കപ്പെട്ടവരുടെ ഹൃദയങ്ങളില്‍ അത് സുവ്യക്തമായ ദൃഷ്ടാന്തങ്ങളാകുന്നു. അക്രമികളല്ലാതെ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയില്ല. (ഖുര്‍ആൻ:29/49)
{അക്രമികളല്ലാതെ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയില്ല} അറിവില്ലാതെ സംസാരിക്കുന്ന, പണ്ഡിതന്മാരെ പിൻപറ്റാത്ത, യാഥാർഥ്യം മനസ്സിലാക്കാൻ കഴിയുമെങ്കിലും സത്യത്തോട് മുഖം തിരിഞ്ഞ് നിൽക്കുന്നജാഹിലുകൾ അതിനെ നിഷേധിക്കും. സത്യം അറിഞ്ഞിട്ടും അതിനെതിരാകുന്നു. (തഫ്സീറുസ്സഅ്ദി)
പ്രവാചകനിലും അദ്ദേഹം കൊണ്ടുവന്നതിലും അവിശ്വസിച്ച ഈ അക്രമികൾ എതിർക്കുകയും പ്രത്യേക ദൃഷ്ടാന്തങ്ങൾ ഇറക്കിക്കൊടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അവർ പറഞ്ഞു:
وَقَالُوا۟ لَوْلَآ أُنزِلَ عَلَيْهِ ءَايَٰتٌ مِّن رَّبِّهِۦ ۖ قُلْ إِنَّمَا ٱلْـَٔايَٰتُ عِندَ ٱللَّهِ وَإِنَّمَآ أَنَا۠ نَذِيرٌ مُّبِينٌ
അവര്‍ (അവിശ്വാസികള്‍) പറഞ്ഞു: ഇവന് ഇവന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് എന്തുകൊണ്ട് ദൃഷ്ടാന്തങ്ങള്‍ ഇറക്കികൊടുക്കപ്പെടുന്നില്ല? നീ പറയുക: ദൃഷ്ടാന്തങ്ങള്‍ അല്ലാഹുവിങ്കല്‍ മാത്രമാകുന്നു. ഞാന്‍ വ്യക്തമായഒരു താക്കീതുകാരന്‍ മാത്രമാകുന്നു. (ഖുര്‍ആൻ:29/50)
ദൃഷ്ടാന്തങ്ങൾ ഏതു നൽകണമെന്നത് നിർണയിക്കുന്നത് അവരോ പ്രവാചകനോ അല്ല. അത് അല്ലാഹു മാത്രമാണ്. അവന്റെ നിയന്ത്രണത്തിൽ ഇടപെടാൻ ആർക്കും അധികാരമില്ല.
സത്യം മനസ്സിലാക്കലാണ് ലക്ഷ്യമെങ്കിൽ അതിനുള്ള വഴി അല്ലാഹു പറയുന്നു:
أَوَلَمْ يَكْفِهِمْ أَنَّآ أَنزَلْنَا عَلَيْكَ ٱلْكِتَٰبَ يُتْلَىٰ عَلَيْهِمْ ۚ إِنَّ فِى ذَٰلِكَ لَرَحْمَةً وَذِكْرَىٰ لِقَوْمٍ يُؤْمِنُونَ
നാം നിനക്ക് വേദഗ്രന്ഥം ഇറക്കിത്തന്നിരിക്കുന്നു. എന്നതു തന്നെ അവര്‍ക്കു (തെളിവിന്) മതിയായിട്ടില്ലേ? അതവര്‍ക്ക് ഓതികേള്‍പിക്കപ്പെട്ട് കൊണ്ടിരിക്കുന്നു. വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് തീര്‍ച്ചയായും അതില്‍ അനുഗ്രഹവും ഉല്‍ബോധനവുമുണ്ട്. (ഖുര്‍ആൻ:29/51)
മുഹമ്മദ് നബി ﷺ നിരക്ഷരനായിരിക്കെ ഈ ഗ്രന്ഥം കൊണ്ടുവന്നു എന്നത് തന്നെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ്. പ്രവാചകന്റെ സത്യതക്ക് അതുപോലുള്ള ഒന്ന് കൊണ്ടുവരുന്നതിൽ അവർ പരാജയപ്പെട്ടതും അതിന് ക്വുർആൻ വെല്ലുവിളിച്ചതും മറ്റൊരു തെളിവാണ്.
അങ്ങനെ ക്വുർആൻ വരുകയും പരസ്യമായി ഓതപ്പെടുകയും ചെയ്തു. അത് അല്ലാഹുവിൽനിന്നാണെന്ന് പറയപ്പെടുകയും ചെയ്തു. തന്നെ അനുകൂലിക്കുന്നവർ വളരെ കുറവും എതിർക്കുന്നവരും ശത്രുക്കളും വളരെ കൂടുതലുമുണ്ടായിരുന്ന കാലത്ത് അത് അവർക്ക് മുന്നിൽ പരസ്യമായി പ്രഖ്യാപിച്ചു. അദ്ദേഹം അത് മറച്ചുവെച്ചില്ല. അത് അദ്ദേഹത്തിന്റെ ദൃഢനിശ്ചയത്തെ ഇല്ലാതാക്കിയില്ല. മറിച്ച് അത് എല്ലാവർക്കും മുമ്പിൽ പരസ്യമായി പ്രഖ്യാപിച്ചു. നഗരവാസികളെയും മരുഭൂവാസികളെയും അതിലേക്ക് ക്ഷണിച്ചു. ഇതെന്റെ രക്ഷിതാവിന്റെ വചനമാണെന്ന് ഉറക്കെപ്പറഞ്ഞു. അതിന് സമാനമായത് അവതരിപ്പിക്കാനോ അതിനെക്കാൾ നല്ലത് കൊണ്ടുവരാനോ ആർക്കെങ്കിലും കഴിയുമോ?
മാത്രമല്ല, പൂർവികരുടെ കഥകളും ഭൂതകാലത്തെ വർത്തമാനങ്ങളും ഭാവിയെക്കുറിച്ചുള്ള കാര്യങ്ങളും ഖുര്‍ആൻ പ്രവചിക്കുന്നു. അതെല്ലാം കൃത്യമായി സംഭവിക്കുകയും ചെയ്യുന്നു.
ആളുകളെ ശരിയായ മാർഗത്തിലേക്ക് അത് വഴികാണിക്കുന്നു; അതിന്റെ കൽപനകളിലും വിരോധങ്ങളിലുമെല്ലാം. അത് നിർദേശിച്ച ഒരു കാര്യത്തെക്കുറിച്ച് ‘അത് കൽപിച്ചില്ലായിരുന്നുവെങ്കിൽ’ എന്ന് ബുദ്ധി പറഞ്ഞിട്ടില്ല. അത് വിരോധിച്ച ഒരു കാര്യത്തെക്കുറിച്ച് ‘അത് വിരോധിച്ചിട്ടില്ലായിരുന്നുവെങ്കിൽ’ എന്ന് ബുദ്ധി പറഞ്ഞിട്ടില്ല. മറിച്ച് അത് എപ്പോഴും ന്യായത്തിന്റെയും തുല്യതയുടെയും കൂടെയാണ്. ആഴത്തിലുള്ള ഉൾക്കാഴ്ചയും വിവേകവുമുള്ളവരുടെ അറിവിനൊപ്പമാണ്. മാത്രമല്ല, അതിന്റെ മാർഗനിർദേശങ്ങളും വിധികളുമെല്ലാം ഏതു സാഹചര്യങ്ങളിലും ഏതു സമയത്തും ഏറ്റവും മികച്ചതാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലല്ലാതെ ജനങ്ങളുടെ കാര്യങ്ങൾ ശരിയായ അവസ്ഥയിൽ എത്തില്ല.
ഇതെല്ലാം സത്യത്തെ അംഗീകരിക്കാൻ ഉദ്ദേശിക്കുന്നവർക്ക് എത്രയോ മതിയായ തെളിവാണ്; അതനുസരിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്കും. ക്വുർആൻകൊണ്ട് സൻമാർഗം സ്വീകരിച്ചവന് അതുതന്നെ മതി. തീർച്ചയായും അത് നൻമയും കാരുണ്യവുമാണ്. അതിൽ ധാരാളം അറിവുകളുണ്ട്; സമൃദ്ധമായ നന്മയും. ഹൃദയങ്ങൾക്കും ആത്മാക്കൾക്കുമുള്ള സംസ്‌കരണം, വിശ്വാസത്തിന്റെ വിമലീകരണം, സ്വഭാവങ്ങളുടെ പൂർത്തീകരണം, ദൈവികമായ വഴികളും രഹസ്യങ്ങളുമെല്ലാം അടങ്ങിയിട്ടുണ്ട്. അതാണ് അല്ലാഹു പറഞ്ഞത്: ‘വിശ്വസിക്കുന്ന ജനങ്ങൾക്ക് തീർച്ചയായും അതിൽ അനുഗ്രഹവും ഉൽബോധനവും ഉണ്ട്.’
www.kanzululoom.com