നിഷിദ്ധമാക്കപ്പെട്ട ഭക്ഷ്യവസ്തുക്കൾ

മ്ലേച്ഛവും അശുദ്ധവും ഉപദ്രവകരവുമായ എല്ലാ ഭക്ഷണ പദാർഥങ്ങളും ഹറാമാണ്. അവ ഭക്ഷിക്കൽ അനുവദനീയമല്ല. നിഷിദ്ധമായ ഭക്ഷണങ്ങൾ താഴെ വരും വിധമാകുന്നു:

1) താഴെ കൊടുക്കുന്ന ക്വുർആൻ സൂക്തത്തിൽ നിഷിദ്ധമായ ഭക്ഷണങ്ങൾ ഏതെന്ന് വ്യക്തമാക്കുന്നു: അല്ലാഹു പറഞ്ഞു:

حُرِّمَتْ عَلَيْكُمُ الْمَيْتَةُ وَالدَّمُ وَلَحْمُ الْخِنْزِيرِ وَمَا أُهِلَّ لِغَيْرِ اللَّهِ بِهِ وَالْمُنْخَنِقَةُ وَالْمَوْقُوذَةُ وَالْمُتَرَدِّيَةُ وَالنَّطِيحَةُ وَمَا أَكَلَ السَّبُعُ إِلَّا مَا ذَكَّيْتُمْ وَمَا ذُبِحَ عَلَى النُّصُبِ

ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരിൽ അറുക്കപ്പെട്ടത്, ശ്വാസം മുട്ടി ചത്തത്, അടിച്ചുകൊന്നത്, വീണുചത്തത്, കുത്തേറ്റ് ചത്തത്, വന്യമൃഗം കടിച്ചുതിന്നത് എന്നിവ നിങ്ങൾക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. എന്നാൽ (ജീവനോടെ) നിങ്ങൾ അറുത്തത് ഇതിൽ നിന്നൊഴിവാകുന്നു. പ്രതിഷ്ഠകൾക്കു മുമ്പിൽ ബലിയർപ്പിക്കപ്പെട്ടതും (നിങ്ങൾക്ക്) നിഷിദ്ധമാകുന്നു. (ഖു൪ആന്‍:5/3)

ശവം: സാധാരണഗതിയിൽ ചത്തതും മതപരമായ നിലയ്ക്ക് അറുക്കാതെ ജീവൻ നഷ്ടപ്പെട്ടതുമാണ് ശവം. പോഷണം മ്ലേച്ഛമായതിനാലും രക്തം കെട്ടിക്കിടക്കുന്നതിനാലും അതിലടങ്ങിയ അപകടം കാരണത്താലാണത് ഹറാമാക്കപ്പെട്ടത്. നിർബന്ധിതാവസ്ഥയിലുള്ളവന് ആവശ്യത്തിന്റെ അളവനുസരിച്ചു മാത്രം അത് അനുവദനീയമാണ്. ശവം എന്നതിൽനിന്ന് മത്സ്യവും വെട്ടുകിളിയും ഒഴിവാക്കപ്പെടും. അവ രണ്ടും ഹലാലാകുന്നു.

രക്തം: ഒഴുക്കപ്പെട്ട രക്തമാണ് ഉദ്ദേശ്യം. അത് ഹറാമുമാകുന്നു. അല്ലാഹു പറഞ്ഞു: أَوْ دَمًا مَسْفُوحًا (..ഒഴുക്കപ്പെട്ട രക്തമോ ആണെങ്കിലൊഴികെ) (ക്വുർആൻ 6/145). എന്നാൽ അറവിനുശേഷം മാംസത്തിനിടയിലും ഞരമ്പുകളിലും ശേഷിക്കുന്ന രക്തം അനുവദനീയമാകുന്നു. കരൾ, പ്ലീഹ പോലുള്ള, മതം അനുവദിച്ച രക്തവും ഇപ്രകാരം അനുവദനീയമാണ്.

പന്നിമാംസം: അത് മ്ലേച്ഛമാകുന്നു. അത് മാലിന്യങ്ങൾ ഭക്ഷണമായുപയോഗിക്കുകയും അങ്ങേയറ്റം ഉപദ്രവകാരിയുമാകുന്നു. ഈ മൂന്നു നിഷിദ്ധങ്ങളേയും അല്ലാഹു വിശുദ്ധ ക്വുർആനിൽ ഒന്നിച്ചു നൽകി യിരിക്കുന്നു:

إِلَّا أَنْ يَكُونَ مَيْتَةً أَوْ دَمًا مَسْفُوحًا أَوْ لَحْمَ خِنْزِيرٍ فَإِنَّهُ رِجْسٌ أَوْ فِسْقًا أُهِلَّ لِغَيْرِ اللَّهِ بِهِ

അത് ശവമോ, ഒഴുക്കപ്പെട്ട രക്തമോ, പന്നിമാംസമോ ആണെങ്കിലൊഴികെ. കാരണം അത് മ്ലേച്ഛമത്രെ. അല്ലെങ്കിൽ അല്ലാഹുവല്ലാത്തവരുടെ പേരിൽ (നേർച്ചയായി) പ്രഖ്യാപിക്കപ്പെട്ടതിനാൽ അധാർമികമായിത്തീർന്നിട്ടുള്ളതും ഒഴികെ. (ഖു൪ആന്‍:6/145)

അല്ലാഹുവല്ലാത്തവരുടെ പേരിൽ അറുക്കപ്പെട്ടത്: അഥവാ അല്ലാഹുവിന്റെ നാമമല്ലാത്തതിൽ അറുക്കപ്പെട്ടത്. തൗഹീദിനെ നിരാകരിക്കുന്ന ശിർക്ക് ഇതിലുള്ളതിനാൽ ഇത് ഹറാമാകുന്നു. കാരണം അറവ് ഇബാദത്താകുന്നു. അതിനാൽ അല്ലാഹു അല്ലാത്തവരിലേക്ക് അതു തിരിക്കൽ അനുവദനീയമല്ല. അല്ലാഹു പറഞ്ഞു:

فَصَلِّ لِرَبِّكَ وَانْحَرْ

ആകയാൽ നീ നിന്റെ രക്ഷിതാവിന് വേണ്ടി നമസ്‌കരിക്കുകയും ബലിയർപ്പിക്കുകയും ചെയ്യുക. (ഖു൪ആന്‍:108/2)

മുൻഖനിക്വത്ത്: വിചാരിതമായോ അവിചാരിതമായോ ശ്വാസം മുട്ടിക്കുകയും അതിനാൽ ജീവൻപോവുകയും ചെയ്തതാകുന്നു അത്.

മൗക്വൂദത്ത്: വടികൊണ്ടോ ഭാരമുള്ള വല്ലതുംകൊണ്ടോ അടിയേൽക്കുകയും അതിനാൽ ജീവൻപോവുകയും ചെയ്തതാകുന്നു അത്.

മുത്തറദ്ദിയത്ത്: ഉയരത്തിൽനിന്ന് താഴോട്ട് വീഴുകയും അതിനാൽ ചാവുകയും ചെയ്തതാകുന്നു അത്.

നത്വീഹത്ത്: മറ്റൊന്നിന്റെ കുത്തേൽക്കുകയും അതിനാൽ ചത്തുപോവുകയും ചെയ്തത്.

മാ അകല സ്സബ്ഉ: (ഹ്രിംസ മൃഗങ്ങൾ തിന്നു പരിക്കേൽപിച്ചത്): സിംഹം, പുലി, ചെന്നായ, ചീറ്റ, നായ എന്നീ മൃഗങ്ങൾ ആക്രമിക്കുകയും തിന്നുകയും അതിനാൽ ചത്തുപോവുകയും ചെയ്യുന്നതാകുന്നു അത്.

അവസാനം പറഞ്ഞ അഞ്ചു വിഭാഗത്തെ ജീവനുള്ള നിലയ്ക്ക് കണ്ടുകിട്ടുകയും അവ അറുക്കപ്പെടുകയും ചെയ്താൽ അവയെ ഭക്ഷിക്കുന്നത് ഹലാലാകുന്നു. ഉപരിസൂചിത ആയത്തിൽ ഇപ്രകാരമുള്ളതിനാലാണത്:

إِلَّا مَا ذَكَّيْتُمْ

(ജീവനോടെ) നിങ്ങൾ അറുത്തത് ഇതിൽനിന്നൊഴിവാകുന്നു. (ഖു൪ആന്‍:5/3)

മാ ദുബിഹ അലന്നുസ്വുബി: (പ്രതിഷ്ഠാ സന്നിധാനത്തിൽ ബലിയറുക്കപ്പെട്ടത്): ഇസ്‌ലാമിനു മുമ്പ് അവിശ്വാസികൾ കഅ്ബക്കു ചുറ്റും പ്രതിഷ്ഠിക്കപ്പെട്ട കല്ലിന്നരികിൽ ബലിയറുക്കുമായിരുന്നു. അതും ഭക്ഷിക്കൽ അനുവദനീയമല്ല. കാരണം അല്ലാഹു അല്ലാത്തവരുടെ പേരിൽ അറുത്തതിന്റെ വിഷയത്തിൽ മുമ്പ് ഉണർത്തിയതുപോലെ ഇതും അല്ലാഹു നിഷിദ്ധമാക്കിയ ശിർക്കിൽ പെട്ടതാകുന്നു.

2) വിഷം, മദ്യം. ലഹരിയും തളർച്ചയുമുണ്ടാക്കുന്ന ഇതര വസ്തുക്കൾ പോലുള്ള ശരീരത്തിന് ഹാനികരമായവ. അല്ലാഹു പറഞ്ഞു:

وَلَا تُلْقُوا بِأَيْدِيكُمْ إِلَى التَّهْلُكَةِ

നിങ്ങളുടെ കൈകളെ നിങ്ങൾതന്നെ നാശത്തിൽ തള്ളിക്കളയരുത്. (ഖു൪ആന്‍:2/195)

وَلَا تَقْتُلُوا أَنْفُسَكُمْ

നിങ്ങൾ നിങ്ങളെത്തന്നെ കൊലപ്പെടുത്തുകയും ചെയ്യരുത്. (ഖു൪ആന്‍:4/29)

3) ജീവനുള്ള മൃഗത്തിൽനിന്ന് മുറിച്ചെടുക്കപ്പെട്ടത്: അബൂവാക്വിദ് അല്ലയ്‌സി رَضِيَ اللَّهُ عَنْهُ വിൽ നിന്നുള്ള ഹദീസിൽ ഇപ്രകാരമുണ്ട്.

مَا قُطِعَ مِنَ الْبَهِيمَةِ وَهِيَ حَيَّةٌ فَهُوَ مَيْتَةٌ

തിരുനബിﷺ പറഞ്ഞു: ജീവനുള്ള മൃഗത്തിൽനിന്ന് മുറിച്ചെടുക്കപ്പെട്ടത് ഫലത്തിൽ ശവം തന്നെയാണ്. (അഹ്മദ്, അബൂദാവൂദ്, തിര്‍മിദി)

4) വന്യമൃഗങ്ങൾ: സിംഹം, ചെന്നായ, പുലി, ചീറ്റ, നായ പോലുള്ള, ദംഷ്ട്രങ്ങൾ കൊണ്ട് വേട്ടയാടുന്ന കരയിലെ ജന്തുക്കളാണുദ്ദേശ്യം.

عَنْ أَبِي ثَعْلَبَةَ الْخُشَنِيِّ، قَالَ نَهَى رَسُولُ اللَّهِ صلى الله عليه وسلم عَنْ كُلِّ ذِي نَابٍ مِنَ السِّبَاعِ ‏.‏

അബൂസഅ്‌ലബഃ അൽഖുശനി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: വന്യമൃഗങ്ങളിൽനിന്ന് ദംഷ്ട്രങ്ങളുള്ളവയെ അല്ലാഹുവിന്റെ തിരുദൂതർ നിരോധിച്ചിരിക്കുന്നു. (ബുഖാരി, മുസ്ലിം)

قَالَ رَسُولُ اللَّهِ صلى الله عليه وسلم : كُلُّ ذِي نَابٍ مِنَ السِّبَاعِ فَأَكْلُهُ حَرَامٌ

വന്യമൃഗങ്ങളിൽനിന്ന് ദംഷ്ട്രങ്ങളുള്ളവയെ ഭക്ഷിക്കുന്നത് ഹറാമാകുന്നു. (മുസ്ലിം:1933)

5) പക്ഷികളിൽ വന്യമായവ: കഴുകൻ, പരുന്ത്, പ്രാപിടിയൻ പോലുള്ള നഖങ്ങൾ കൊണ്ടു വേട്ടയാടുന്ന പക്ഷികളത്രേ അവ.

عَنِ ابْنِ عَبَّاسٍ، قَالَ نَهَى رَسُولُ اللَّهِ صلى الله عليه وسلم عَنْ كُلِّ ذِي نَابٍ مِنَ السِّبَاعِ وَعَنْ كُلِّ ذِي مِخْلَبٍ مِنَ الطَّيْرِ ‏.‏

ഇബ്‌നു അബ്ബാസ് رَضِيَ اللَّهُ عَنْهُمَا യിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വന്യമൃഗങ്ങളിൽനിന്ന് ദംഷ്ട്രങ്ങളുള്ളവയെയും പക്ഷികളിൽനിന്ന് വളഞ്ഞ നഖങ്ങളുള്ളവയെയും അല്ലാഹുവിന്റെ തിരുദൂതർﷺ വിരോധിച്ചിരിക്കുന്നു. (മുസ്ലിം:1934)

6) ശവം തീനികളായ പക്ഷികൾ: പരുന്ത്, കഴുകൻ, കാക്ക പോലുള്ളവ. മ്ലേച്ഛ വസ്തുക്കൾ അവ ആഹാരമായി സ്വീകരിക്കുന്നതിനാലാണത്.

7) വധിക്കുവാൻ കൽപനയുള്ള എല്ലാ മൃഗങ്ങളും ഹറാമാകുന്നു. പാമ്പ്, തേൾ, എലി, കഴുകൻ പോലുള്ളത്.

عَنْ عَائِشَةَ ـ رضى الله عنها ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏:‏ خَمْسٌ مِنَ الدَّوَابِّ كُلُّهُنَّ فَاسِقٌ، يَقْتُلُهُنَّ فِي الْحَرَمِ الْغُرَابُ وَالْحِدَأَةُ وَالْعَقْرَبُ وَالْفَأْرَةُ وَالْكَلْبُ الْعَقُورُ.

ആയിശാ رَضِيَ اللَّهُ عَنْها യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരുദൂതർﷺ പറഞ്ഞു: അഞ്ചു ജീവികൾ കുഴപ്പകാരികളാകുന്നു. അവ ഹറമിലും കൊല്ലപ്പെടും. തേൾ, കഴുകൻ, കാക്ക, എലി, ഉപദ്രവകാരിയായ നായ എന്നിവയാകുന്നു അവ. (ബുഖാരി, മുസ്ലിം)

അവ മലിനവും മ്ലേച്ഛവുമായതിനാലണത്.

8) നാടൻ കഴുതകൾ

عَنْ جَابِرِ بْنِ عَبْدِ اللَّهِ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم نَهَى يَوْمَ خَيْبَرَ عَنْ لُحُومِ الْحُمُرِ الأَهْلِيَّةِ

ജാബിര്‍ رَضِيَ اللَّهُ عَنْهُ  വിൽ നിന്നു നിവേദനം: തിരുനബിﷺ ഖയ്ബർ യുദ്ധ ദിവസം (നാടൻ) കഴുതകളുടെ മാംസം വിരോധിച്ചു. (ബുഖാരി, മുസ്ലിം)

9) ചീത്ത ഭക്ഷണ പദാർഥങ്ങൾ: എലി, പാമ്പ്, ഈച്ച, കടന്നൽ, തേനീച്ച പോലുള്ളത്. അല്ലാഹു പറഞ്ഞു:

وَيُحَرِّمُ عَلَيْهِمُ الْخَبَائِثَ

ചീത്ത വസ്തുക്കൾ അവരുടെമേൽ നിഷിദ്ധമാക്കുകയും ചെയ്യുന്നു. (ഖു൪ആന്‍:7/157)

10) ജല്ലാലഃ: കൂടുതലായി നജസ് തിന്നുന്നതാണ് ജല്ലാലഃ.

عَنِ ابْنِ عُمَرَ، قَالَ نَهَى رَسُولُ اللَّهِ صلى الله عليه وسلم عَنْ أَكْلِ الْجَلاَّلَةِ

ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُപറയുന്നു: “ജല്ലാലയെ (കാഷ്ഠവും മലിനവസ്തുക്കളും ഭക്ഷിക്കുന്ന ജീവികൾ) തിന്നുന്നത് തിരുനബിﷺ വിരോധിച്ചു. (അബൂദാവൂദ്, ഇബ്നുമാജ)

കാഷ്ഠവും മലിന വസ്തുക്കളും ഭക്ഷിക്കുന്നവ ഒട്ടകം, മാട്, ആട്, കോഴി പോലുള്ള ജീവികളായാലും തുല്യമാണ്. നജസുകളിൽനിന്ന് വിദൂരത്ത് അവയെ ബന്ധിക്കുകയും അവയെ നല്ല ഭക്ഷണങ്ങൾ തീറ്റുകയും ചെയ്താൽ അവയെ ഭക്ഷിക്കൽ അനുവദനീയമാണ്. ഇബ്‌നു ഉമർ رَضِيَ اللَّهُ عَنْهُ അതിനെ ഭക്ഷിക്കുവാനുദ്ദേശിച്ചാൽ മൂന്നുനാൾ അവയെ തടഞ്ഞിടുമായിരുന്നു. അതിനെക്കാൾ കൂടുതൽ നാളുകളും തടഞ്ഞിടണമെന്ന് പറയപ്പെട്ടിട്ടുണ്ട്.

 

ഒരു സംഘം പണ്ഡിതന്മാർ രചിച്ച الفقه الميسر في ضوء الكتاب والسنة എന്ന ഗ്രന്ഥത്തിൽനിന്നുമെടുത്തത്

വിവര്‍ത്തനം : അബ്ദുൽ ജബ്ബാർ മദീനി

 

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *