ലൗഹുൽ മഹ്ഫൂള്

‘ലൗഹ്’ എന്നാൽ ‘ഫലകം’ എന്നും ‘മഹ്ഫൂള്’ എന്നാൽ ‘സംരക്ഷിക്കപ്പെട്ടത്’ എന്നുമാണർഥം. അതിനാൽ ‘ലൗഹുൽ മഹ്ഫൂള്’ എന്നാൽ അല്ലാഹുവിങ്കൽ ഭദ്രമായി സൂക്ഷിക്കപ്പെട്ട ഒരു ഫലകം എന്ന് സാമാന്യമായി പറയാം.

അല്ലാഹുവിങ്കൽ പ്രത്യേകം സൂക്ഷിക്കപ്പെട്ട ഒരു ജ്ഞാന രേഖയാണ് اللوح المحفوظ (ലൗഹുൽ മഹ്ഫൂള്). പ്രപഞ്ചത്തിൽ നടക്കാനിരിക്കുന്ന എല്ലാ കാര്യങ്ങളും, അതോടൊപ്പം തന്റെ പ്രവാചകന്മാർക്ക് അവതരിപ്പിക്കാനിരിക്കുന്ന എല്ലാ വേദഗ്രന്ഥങ്ങളും അല്ലാഹു അതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അല്ലാഹു സൃഷ്ടികളുടെ ‘മിഖ്ദാറുകൾ’ സൃഷ്ടിക്കുന്നതിന് മുമ്പ്, അതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ആകാശഭൂമിയിലുളളതെല്ലാം, ഓരോ വസ്തുവിന്റെയും ഭൂതവർത്തമാന ഭാവി കാര്യങ്ങൾ ഉൾപ്പടെ സർവ്വതിനെക്കുറിച്ചും സസൂക്ഷ്മം ജ്ഞാനമുള്ള അല്ലാഹുവിൻ്റെയടുക്കൽ ഭദ്രമായി സൂക്ഷിക്കപ്പെട്ട ജ്ഞാനരേഖയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതിൽ യാതൊന്നും വർധിപ്പിക്കുവാനോ, കുറക്കാനോ ആർക്കും കഴിയാത്തവിധം ഭദ്രവും സുരക്ഷിതവുമായി നിലനിൽക്കുന്നു.

ലൗഹുൽ മഹ്‌ഫൂള്  എന്ന പ്രയോഗം വിശുദ്ധ ഖുർആനിൽ വന്നത് ഒരിടത്ത് മാത്രമാണ്.

بَلْ هُوَ قُرْءَانٌ مَّجِيدٌ ‎﴿٢١﴾‏ فِى لَوْحٍ مَّحْفُوظِۭ ‎﴿٢٢﴾‏

അല്ല, അത് മഹത്ത്വമേറിയ ഒരു ക്വുർആനാകുന്നു. സംരക്ഷിതമായ ഒരു ഫലകത്തിലാണ് അതുള്ളത്. (ഖുർആൻ:85/21-22)

{فِي لَوْحٍ مَحْفُوظٍ} من التغيير والزيادة والنقص، ومحفوظ من الشياطين، وهو: اللوح المحفوظ الذي قد أثبت الله فيه كل شيء.

{സംരക്ഷിതമായ ഒരു ഫലകത്തിലാണ് അതുള്ളത്} പിശാചുക്കളില്‍ നിന്ന് സംരക്ഷിക്കപ്പെട്ടതും കൂട്ടുകയോ കുറക്കുകയോ മാറ്റം വരുത്തപ്പെടുകയോ ചെയ്യുന്നതില്‍ നിന്നും സുരക്ഷിതമാക്കപ്പെട്ടതുമായ ഫലകത്തില്‍. അല്ലാഹു എല്ലാം സൂക്ഷിച്ചത് ലൗഹുല്‍ മഹ്ഫൂളില്‍ ആണ്. (തഫ്സീറുസ്സഅ്ദി)

ഇതിന് പുറമെ വിശുദ്ധ ക്വുർആനിൽ വിവിധ പേരുകളിലായി അതിനെ സൂചിപ്പിക്കുന്നുണ്ട്.

അൽകിതാബ് (ഗ്രന്ഥം അഥവാ രേഖ)

أَلَمْ تَعْلَمْ أَنَّ ٱللَّهَ يَعْلَمُ مَا فِى ٱلسَّمَآءِ وَٱلْأَرْضِ ۗ إِنَّ ذَٰلِكَ فِى كِتَٰبٍ ۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٌ

ആകാശത്തിലും ഭൂമിയിലുമുള്ളത് അല്ലാഹു അറിയുന്നുണ്ടെന്ന് നിനക്ക് അറിഞ്ഞ്കൂടേ? തീര്‍ച്ചയായും അത് ഒരു രേഖയിലുണ്ട്‌. തീര്‍ച്ചയായും അത് അല്ലാഹുവിന് എളുപ്പമുള്ള കാര്യമത്രെ. (ഖു൪ആന്‍: 22/70)

أن ذلك العلم المحيط بما في السماء والأرض قد أثبته الله في كتاب، وهو اللوح المحفوظ، حين خلق الله القلم، قال له: ” اكتب ” قال: ما أكتب؟ قال: ” اكتب ما هو كائن إلى يوم القيامة.

ആകാശഭൂമികളിലുള്ള അറിവ് അല്ലാഹു തന്റെ ഗ്രന്ഥത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നു. അതാകുന്നു ‘ലൗഹുൽ മഹ്ഫൂള്.’ അല്ലാഹു പേനയെ സൃഷ്ടിച്ചപ്പോൾ അതിനോട് പറഞ്ഞു: ‘എഴുതുക.’ പേന ചോദിച്ചു: ‘ഞാൻ എന്താണ് എഴുതേണ്ടത്?’ അല്ലാഹു പറഞ്ഞു: അന്ത്യനാൾ വരെ സംഭവിക്കാനുള്ളതായ എല്ലാം. (തഫ്സീറുസ്സഅ്ദി)

مَآ أَصَابَ مِن مُّصِيبَةٍ فِى ٱلْأَرْضِ وَلَا فِىٓ أَنفُسِكُمْ إِلَّا فِى كِتَٰبٍ مِّن قَبْلِ أَن نَّبْرَأَهَآ ۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٌ ‎

ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളില്‍ തന്നെയോ യാതൊരു ആപത്തും ബാധിക്കുകയുണ്ടായിട്ടില്ല; അതിനെ നാം ഉണ്ടാക്കുന്നതിന് മുമ്പ് തന്നെ ഒരു രേഖയില്‍ ഉള്‍പെട്ടുകഴിഞ്ഞതായിട്ടല്ലാതെ. തീര്‍ച്ചയായും അത് അല്ലാഹുവെ സംബന്ധിച്ചേടത്തോളം എളുപ്പമുള്ളതാകുന്നു. (ഖുർആൻ:57/22)

قال القرطبي يعني اللوح المحفوظ.

ഇമാം ഖുര്‍ത്വുബി رحمه الله പറഞ്ഞു: അതായത്: ലൗഹുൽ മഹ്ഫൂള്.

ഇമാമുൻ മുബീൻ (വ്യക്തമായ രേഖ)

إِنَّا نَحْنُ نُحْىِ ٱلْمَوْتَىٰ وَنَكْتُبُ مَا قَدَّمُوا۟ وَءَاثَٰرَهُمْ ۚ وَكُلَّ شَىْءٍ أَحْصَيْنَٰهُ فِىٓ إِمَامٍ مُّبِينٍ

അവർ ചെയ്തുവെച്ചതും അവരുടെ (പ്രവർത്തനങ്ങളുടെ) അനന്തരഫലങ്ങളും നാം എഴുതിവെക്കുകയും ചെയ്യുന്നു. എല്ലാ കാര്യങ്ങളും വ്യക്തമായ ഒരു രേഖയിൽ നാം നിജപ്പെടുത്തിവെച്ചിരിക്കുന്നു. (ഖു൪ആന്‍: 36/12)

{وَكُلَّ شَيْءٍ} من الأعمال والنيات وغيرها {أحْصَيْنَاهُ فِي إِمَامٍ مُبِينٍ} أي: كتاب هو أم الكتب وإليه مرجع الكتب، التي تكون بأيدي الملائكة، وهو اللوح المحفوظ.

{എല്ലാ കാര്യങ്ങളും} പ്രവർത്തനങ്ങളും ഉദ്ദേശ്യങ്ങളുമെല്ലാം. {വ്യക്തമായ ഒരു രേഖയിൽ നാം നിജപ്പെടുത്തിവെച്ചിരിക്കുന്നു} എല്ലാ രേഖകളുടെയും ഒരു മൂലരേഖ; മലക്കുകളുടെ കൈകളിലുള്ള എല്ലാ രേഖകളും അതിലേക്ക് മടങ്ങും. അതാണ് ലൗഹുൽ മഹ്ഫൂള്. (തഫ്സീറുസ്സഅ്ദി)

കിതാബുൻ മുബീൻ (വ്യക്തമായ രേഖ)

وَعِندَهُۥ مَفَاتِحُ ٱلْغَيْبِ لَا يَعْلَمُهَآ إِلَّا هُوَ ۚ وَيَعْلَمُ مَا فِى ٱلْبَرِّ وَٱلْبَحْرِ ۚ وَمَا تَسْقُطُ مِن وَرَقَةٍ إِلَّا يَعْلَمُهَا وَلَا حَبَّةٍ فِى ظُلُمَٰتِ ٱلْأَرْضِ وَلَا رَطْبٍ وَلَا يَابِسٍ إِلَّا فِى كِتَٰبٍ مُّبِينٍ

അവന്റെ പക്കലാകുന്നു മറഞ്ഞ കാര്യങ്ങളുടെ ഖജനാവുകള്‍. അവനല്ലാതെ അവ അറിയുകയില്ല. കരയിലും കടലിലുമുള്ളത് അവന്‍ അറിയുന്നു. അവനറിയാതെ ഒരു ഇല പോലും വീഴുന്നില്ല. ഭൂമിയിലെ ഇരുട്ടുകള്‍ക്കുള്ളിലിരിക്കുന്ന ഒരു ധാന്യമണിയാകട്ടെ, പച്ചയോ ഉണങ്ങിയതോ ആയ ഏതൊരു വസ്തുവാകട്ടെ, വ്യക്തമായ ഒരു രേഖയില്‍ എഴുതപ്പെട്ടതായിട്ടല്ലാതെ ഉണ്ടാവില്ല. (ഖു൪ആന്‍:6/59)

 {إِلَّا فِي كِتَابٍ مُبِينٍ} وهو اللوح المحفوظ،

{വ്യക്തമായ ഒരു രേഖയില്‍}അത് ലൗഹുൽ മഹ്ഫൂള് ആണ്. (തഫ്സീറുസ്സഅ്ദി)

കിതാബുൻ മസ്തൂർ (എഴുതപ്പെട്ട ഗ്രന്ഥം)

وَٱلطُّورِ ‎﴿١﴾‏ وَكِتَٰبٍ مَّسْطُورٍ ‎﴿٢﴾‏ فِى رَقٍّ مَّنشُورٍ ‎﴿٣﴾

ത്വൂർ പർവതം തന്നെയാണെ, സത്യം! എഴുതപ്പെട്ട ഗ്രന്ഥം തന്നെയാണ, സത്യം. നിവർത്തിവെച്ച തുകലിൽ. (ഖു൪ആന്‍: 52/1-3)

{وَكِتَابٍ مَسْطُورٍ} يحتمل أن المراد به اللوح المحفوظ، الذي كتب الله به كل شيء،

{എഴുതപ്പെട്ട ഗ്രന്ഥം തന്നെയാണ് സത്യം} ഉദ്ദേശ്യം ലൗഹുൽ മഹ്ഫൂള് ആവാം. അതിലാണ് അല്ലാഹു എല്ലാം രേഖപ്പെടുത്തിയത്. (തഫ്സീറുസ്സഅ്ദി)

കിതാബുൻ മക്നൂൻ (ഭദ്രമായി സൂക്ഷിക്കപ്പെട്ട രേഖ)

إِنَّهُۥ لَقُرْءَانٌ كَرِيمٌ ‎﴿٧٧﴾‏ فِى كِتَٰبٍ مَّكْنُونٍ ‎﴿٧٨﴾‏ لَّا يَمَسُّهُۥٓ إِلَّا ٱلْمُطَهَّرُونَ ‎﴿٧٩﴾

തീര്‍ച്ചയായും ഇത് ആദരണീയമായ ഒരു ഖുര്‍ആന്‍ തന്നെയാകുന്നു. ഭദ്രമായി സൂക്ഷിക്കപ്പെട്ട ഒരു രേഖയിലാകുന്നു അത്‌. പരിശുദ്ധി നല്‍കപ്പെട്ടവരല്ലാതെ അത് സ്പര്‍ശിക്കുകയില്ല. (ഖുർആൻ:56/77-79)

{فِي كِتَابٍ مَكْنُونٍ} أي: مستور عن أعين الخلق، وهذا الكتاب المكنون هو اللوح المحفوظ أي: إن هذا القرآن مكتوب في اللوح المحفوظ، معظم عند الله وعند ملائكته في الملأ الأعلى.

{ഭദ്രമായി സൂക്ഷിക്കപ്പെട്ട ഒരു രേഖയിലുള്ളതാകുന്നു അത്} സൃഷ്ടികള്‍ക്ക് കാണാന്‍ കഴിയാത്ത ഒരു മറക്കുള്ളില്‍. ഈ ഭദ്രമാക്കപ്പെട്ട രേഖ  അല്ലാഹുവിന്‍റെ അടുക്കലുള്ള ലൗഹുൽ മഹ്ഫൂള് ആണ്. അതായത് ഈ ക്വുര്‍ആന്‍ എഴുതിവെക്കപ്പെട്ട ഫലകം. ഉപരിലോകത്ത് അല്ലാഹുവിന്‍റെ മലക്കുകളുടെഅടുക്കല്‍ മഹത്ത്വമാക്കപ്പെട്ട നിലയില്‍. (തഫ്സീറുസ്സഅ്ദി)

ഉമ്മുൽ കിതാബ് (മൂലഗ്രന്ഥം)

وَإِنَّهُۥ فِىٓ أُمِّ ٱلْكِتَٰبِ لَدَيْنَا لَعَلِىٌّ حَكِيمٌ

തീർച്ചയായും അത് മൂലഗ്രന്ഥത്തിൽ നമ്മുടെ അടുക്കൽ (സൂക്ഷിക്കപ്പെട്ടതത്രെ). അത് ഉന്നതവും വിജ്ഞാനസമ്പന്നവും തന്നെയാകുന്നു. (ഖു൪ആന്‍: 43/4)

{في أم الكتاب} أي: اللوح المحفوظ ،

{മൂലഗ്രന്ഥത്തിൽ} അതായത്: ലൗഹുൽ മഹ്ഫൂള്. (ഇബ്നു കസീര്‍)

يَمْحُوا۟ ٱللَّهُ مَا يَشَآءُ وَيُثْبِتُ ۖ وَعِندَهُۥٓ أُمُّ ٱلْكِتَٰبِ ‎

അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത് മായ്ച്ചുകളയുകയും (താന്‍ ഉദ്ദേശിക്കുന്നത്‌)  സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. മൂലഗ്രന്ഥം അവന്‍റെ പക്കലുള്ളതാണ്‌. (ഖു൪ആന്‍: 13/39)

{وَعِنْدَهُ أُمُّ الْكِتَابِ} أي: اللوح المحفوظ الذي ترجع إليه سائر الأشياء، فهو أصلها، وهي فروع له وشعب.

{മൂലഗ്രന്ഥം അവന്‍റെ പക്കലുള്ളതാണ്‌} അതായത്: ലൗഹുൽ മഹ്ഫൂള്, എല്ലാ വസ്തുക്കളും അതിലേക്ക് മടങ്ങുന്നു, കാരണം അതാണ് അവയുടെ അടിസ്ഥാനം ……….

അദ്ദിക്ർ (ഉൽബോധനം)

وَلَقَدْ كَتَبْنَا فِى ٱلزَّبُورِ مِنۢ بَعْدِ ٱلذِّكْرِ أَنَّ ٱلْأَرْضَ يَرِثُهَا عِبَادِىَ ٱلصَّٰلِحُونَ

ഭൂമിയുടെ അനന്തരാവകാശമെടുക്കുന്നത് എന്റെ സദ്‌വൃത്തരായ ദാസൻമാരായിരിക്കും എന്ന് ഉൽബോധനത്തിന് ശേഷം നാം സബൂറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. (ഖു൪ആന്‍: 21/105)

‘പ്രമാണം’ എന്നര്‍ത്ഥം കല്‍പിച്ചിട്ടുള്ള ذِّكْر (ദിക്ര്‍) എന്ന പദത്തിന് ‘സ്മരണ, ഉപദേശം, ഉല്‍ബോധനം, പ്രസ്താവന’ എന്നൊക്കെ അര്‍ത്ഥം വരാവുന്നതാണ്. ഖുര്‍ആനെയും, മറ്റു വേദഗ്രന്ഥങ്ങളെയും ഉദ്ദേശിച്ച് ഈ പദം ഉപയോഗിക്കാറുണ്ട്. ഇവിടെ അതുകൊണ്ട് ഉദ്ദേശ്യം അല്ലാഹുവിന്റെ ജ്ഞാനരേഖയാണെന്നാണ് മുന്‍ഗാമികളും പിന്‍ഗാമികളുമായ പല മുഫസ്സിറുകളും പറയുന്നത്. ആ രേഖയാണ് أُمُّ الْكِتَاب (മൂലഗ്രന്ഥം) എന്നും, اَلْلَوْحُ الْمَحْفُوظ (സൂക്ഷിക്കപ്പെട്ട ഫലകം) എന്നുമുള്ള പേരുകളില്‍ അറിയപ്പെടുന്നത്. (അമാനി തഫ്സീര്‍)

അല്ലാഹു അവന്റെ ജ്ഞാനം കൊണ്ട് അവന്റെ സൃഷ്ടികളുടെ അളവുകൾ നിശ്ചയിച്ചു. അവരുടെ അവസ്ഥാ വിശേഷങ്ങളും അവരുമായി ബന്ധപ്പെട്ട ചെറുതും വലുതുമായ മുഴുവൻ കാര്യങ്ങളും, താനുദ്ദേശിച്ചതായ മറ്റു സംഗതികളും അല്ലാഹു ലൗഹുൽ മഹ്ഫൂളിൽ രേഖപ്പെടുത്തി.

عن عبادة بن الصامت، قال: سمعت رسول الله صلى الله عليه وسلم يقول: إِنْ أَوَّلَ مَا خَلَقَ اللهُ الْقَلَمَ فَقَالَ: اكْتُبْ فَقَالَ: مَا أَكْتُبُ؟ قَالَ: اكْتُبْ الْقَدَرَ مَاكَانَ وَمَا هُوَ كَائِنٌ إِلَى الْأَبَدِ.

ഉബാദതുബ്‌നു സ്വാമിത് رَضِيَ اللَّهُ عَنْهُ പറയുന്നു: നബിﷺ ഇപ്രകാരം പറയുന്നതായി ഞാൻ കേട്ടു: നിശ്ചയം, അല്ലാഹു ആദ്യം സൃഷ്ടിച്ചത് പേനയെയാണ്. അവൻ അതിനോട് കൽപിച്ചു: ‘എഴുതുക.’ പേന ചോദിച്ചു: ‘ഞാൻ എന്താണ് എഴുതേണ്ടത്?’ അല്ലാഹു പറഞ്ഞു: ‘ക്വദ്ർ എഴുതുക; (ഇതുവരെ) സംഭവിച്ചതും അനന്തമായി ഇനി സംഭവിക്കാനുള്ളതുമായ എല്ലാം. (തിർമിദി:2155)

عَنْ عَبْدِ اللَّهِ بْنِ عَمْرِو، بْنِ الْعَاصِ قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ “‏ كَتَبَ اللَّهُ مَقَادِيرَ الْخَلاَئِقِ قَبْلَ أَنْ يَخْلُقَ السَّمَوَاتِ وَالأَرْضَ بِخَمْسِينَ أَلْفَ سَنَةٍ – قَالَ – وَعَرْشُهُ عَلَى الْمَاءِ ‏”‏ ‏.‏

അബ്ദുല്ലാഹിബ്‌നു അംറ് رَضِيَ اللَّهُ عَنْهُ നിവേദനം, നബിﷺ പറഞ്ഞു: ആകാശഭൂമികൾ സൃഷ്ടിക്കുന്നതിന്റെ അമ്പതിനായിരം വർഷങ്ങൾക്ക് മുമ്പ് അല്ലാഹു മുഴുവൻ സൃഷ്ടികളുടെയും വ്യവസ്ഥകൾ രേഖപ്പെടുത്തി. അവന്റെ സിംഹാസനം വെള്ളത്തിന് മുകളിലാണ്. (മുസ്‌ലിം, തിർമിദി)

عَنْ عِمْرَانَ بْنِ حُصَيْنٍ، قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ كَانَ اللَّهُ وَلَمْ يَكُنْ شَىْءٌ غَيْرُهُ، وَكَانَ عَرْشُهُ عَلَى الْمَاءِ، وَكَتَبَ فِي الذِّكْرِ كُلَّ شَىْءٍ، وَخَلَقَ السَّمَوَاتِ وَالأَرْضَ ‏

ഇംറാൻ ഇബ്നു ഹുസൈൻ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: : അല്ലാഹു ഉള്ളവനായിരുന്നു, അവന് പുറമെ മറ്റൊന്നും ഉണ്ടായിരുന്നില്ല. അവന്റെ അർശ് വെള്ളത്തിന്മേലായിരുന്നു. അല്ലാഹു എല്ലാം അവന്റെ രേഖയിൽ എഴുതിയിട്ടുണ്ട്. അവൻ ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചു. (ബുഖാരി:3191)

قال الحافظ ابن حجر أن المراد بالذكر هنا: هو اللوح المحفوظ.

ഇബ്നു ഹജര്‍ رحمه الله പറയുന്നു: അത് ലൗഹുൽ മഹ്ഫൂള് ആണ്.

ഈമാൻ കാര്യങ്ങളിൽ ആറാമത്തേത് വിധിവിശ്വാസവുമായി ബന്ധപ്പെട്ടതാണ്.  അതിന്റെ അനിവാര്യ ഘടകം, അന്ത്യനാൾവരെ സംഭവിക്കാനിരിക്കുന്ന എല്ലാ കാര്യങ്ങളും ലൗഹുൽ മഹ്ഫൂളിൽ അല്ലാഹു രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് വിശ്വസിക്കലാണ്.

وَكُلُّ شَىْءٍ فَعَلُوهُ فِى ٱلزُّبُرِ ‎﴿٥٢﴾‏ وَكُلُّ صَغِيرٍ وَكَبِيرٍ مُّسْتَطَرٌ ‎﴿٥٣﴾

അവര്‍ പ്രവര്‍ത്തിച്ച ഏത് കാര്യവും രേഖകളിലുണ്ട്‌. ഏത് ചെറിയകാര്യവും വലിയ കാര്യവും രേഖപ്പെടുത്തി വെക്കപ്പെടുന്നതാണ്‌. (ഖു൪ആന്‍: 54/52-53)

{അവര്‍ പ്രവര്‍ത്തിച്ച ഏതൊരു കാര്യവും രേഖയിലുണ്ട്} അവര്‍ പ്രവര്‍ത്തിച്ച നന്മതിന്മകളെല്ലാം വിധിപുസ്തകത്തില്‍ രേഖപ്പെടുത്തപ്പെട്ടതാണ്. {ഏത് ചെറിയ കാര്യവും വലിയ കാര്യവും രേഖപ്പെടുത്തി വെക്കപ്പെടുന്നതാണ്} അത് രേഖപ്പെടുത്തിവെക്കപ്പെട്ടതും എഴുതിവെക്കപ്പെട്ടതുമാണ്. ക്വളാഅ്, ക്വദ്‌റ് എന്ന് പറയുന്നത് ഇതാണ്. എല്ലാ കാര്യങ്ങളും അല്ലാഹു അറിയുമെന്നും അത് ‘ലൗഹുല്‍ മഹ്ഫൂദില്‍ രേഖപ്പെടുത്തിട്ടുണ്ട് എന്നുമാണ്. അല്ലാഹു ഉദ്ദേശിച്ചത് നടക്കും; ഉദ്ദേശിക്കാത്തത് നടക്കില്ല. സംഭവിച്ചതെല്ലാം സംഭവിക്കാനുള്ളത് തന്നെ; സംഭവിക്കാത്തതൊന്നും സംഭവിക്കാതിരിക്കാനും. (തഫ്സീറുസ്സഅ്ദി)

പ്രപഞ്ചത്തിൽ നടക്കുന്ന മുഴുവൻ കാര്യങ്ങളും ലൗഹുൽ മഹ്ഫൂളിൽ രേഖപ്പെടുത്തപ്പെട്ടതനുസരിച്ചാണ് സംഭവിക്കുന്നത്. അല്ലാഹു പറയുന്നു:

مَآ أَصَابَ مِن مُّصِيبَةٍ فِى ٱلْأَرْضِ وَلَا فِىٓ أَنفُسِكُمْ إِلَّا فِى كِتَٰبٍ مِّن قَبْلِ أَن نَّبْرَأَهَآ ۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٌ ‎

ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളില്‍ തന്നെയോ യാതൊരു ആപത്തും ബാധിക്കുകയുണ്ടായിട്ടില്ല; അതിനെ നാം ഉണ്ടാക്കുന്നതിന് മുമ്പ് തന്നെ ഒരു രേഖയില്‍ ഉള്‍പെട്ടുകഴിഞ്ഞതായിട്ടല്ലാതെ. തീര്‍ച്ചയായും അത് അല്ലാഹുവെ സംബന്ധിച്ചേടത്തോളം എളുപ്പമുള്ളതാകുന്നു. (ഖുർആൻ:57/22)

قُل لَّن يُصِيبَنَآ إِلَّا مَا كَتَبَ ٱللَّهُ لَنَا هُوَ مَوْلَىٰنَا ۚ وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُؤْمِنُونَ

പറയുക: അല്ലാഹു ഞങ്ങള്‍ക്ക് രേഖപ്പെടുത്തിയതല്ലാതെ ഞങ്ങള്‍ക്കൊരിക്കലും ബാധിക്കുകയില്ല. അവനാണ് ഞങ്ങളുടെ യജമാനന്‍. അല്ലാഹുവിന്റെ മേലാണ് സത്യവിശ്വാസികള്‍ ഭരമേല്‍പിക്കേണ്ടത്‌. (ഖു൪ആന്‍:9/51)

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *