ﻭَﻣَﺎ ﺧَﻠَﻘْﺖُ ٱﻟْﺠِﻦَّ ﻭَٱﻹِْﻧﺲَ ﺇِﻻَّ ﻟِﻴَﻌْﺒُﺪُﻭﻥِ
ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല.(ഖു൪ആന്‍ :51/56)
ഓരോ മുസ്ലിമും അടിസ്ഥാനപരമായി മനസിലാക്കിയ, മനസിലാക്കേണ്ട കാര്യമാണ് ഇബാദത്ത് (ആരാധന) അല്ലാഹുവിന് മാത്രം അവകാശപ്പെട്ട കാര്യമാണെന്നത്. അത് സൃഷ്ടികൾക്ക് വകവെച്ച് കൊടുക്കുവാൻ പാടില്ല. ദിനേന അനേകം ആരാധനകൾ ഓരോ മുസ്ലിമും അനുഷ്ടിക്കുന്നുണ്ട്. ഇസ്ലാമിക പ്രമാണങ്ങൾ ആരാധന നടത്തുവാൻ വിശ്വാസികളെ നിരന്തരം പ്രേരിപ്പിക്കുന്നുമുണ്ട്. വിശുദ്ധഖുർആൻ പാരായണം ചെയ്യുന്നവന് അതിലെ ആദ്യത്തെ കൽപന ഇങ്ങനെ കാണാൻ കഴിയും. അല്ലാഹു പറയുന്നു:
يَٰٓأَيُّهَا ٱلنَّاسُ ٱعْبُدُوا۟ رَبَّكُمُ ٱلَّذِى خَلَقَكُمْ وَٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ
ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുന്‍ഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷിച്ച് ജീവിക്കുവാന്‍ വേണ്ടിയത്രെ അത്. (ഖു൪ആന്‍ : 2/21)
ഇവിടെ ജനങ്ങളെ ഒന്നടങ്കം അഭിസംബോധന ചെയ്തിട്ട് നിങ്ങൾ നിങ്ങളുടെ റബ്ബിനെ ആരാധിക്കണമെന്നാണ് പറയുന്നത്.
ഓരോ വിശ്വാസികളും ദിനേന നിർബ്ബന്ധമായും 17 തവണ പ്രാർത്ഥിക്കേണ്ട ഒരു സൂറത്താണല്ലോ സൂറത്തുൽ ഫാതിഹ. അതിൽ വിശ്വാസികൾ പ്രാർത്ഥിക്കുന്നുണ്ടല്ലോ.
إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ
നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു. (ഖു൪ആന്‍:1/5)
ഇവിടെയും അല്ലാഹുവിനെ ആരാധിക്കുന്നുവെന്ന് പറയുന്നു. അത്പോലെ അല്ലാഹു മനുഷ്യ ജിന്ന് വർഗങ്ങളെ സൃഷ്ടിച്ചതിൻെറ ഉദ്ദേശം പറയുന്നതായി നമുക്ക് ഇങ്ങനെ കാണുവാൻ കഴിയുന്നതാണ്. അല്ലാഹു പറയുന്നു:
ﻭَﻣَﺎ ﺧَﻠَﻘْﺖُ ٱﻟْﺠِﻦَّ ﻭَٱﻹِْﻧﺲَ ﺇِﻻَّ ﻟِﻴَﻌْﺒُﺪُﻭﻥِ
ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല. (ഖു൪ആന്‍:51/56)
ഇവിടെയും ആരാധനയെന്ന പദമാണ് ഖുർആൻ ഉപയോഗിക്കുന്നത്. ഇനിയും വിശുദ്ധ ഖുർആനിൽ അനേകം ആയത്തുകൾ ഈ വിഷയത്തെ സംബന്ധിച്ച് കാണുവാൻ സാധിക്കുന്നതാണ്. ആയതിനാൽ എന്താണ് ഇബാദത്ത് എന്ന് മനസിലാക്കൽ അനിവാര്യമാണ്.
ഇബാദത്തിൻറെ നിർവ്വചനം
“അല്ലാഹു ഇഷ്ടപ്പെടുന്നതും തൃപ്തിപ്പെടുന്നതുമായ ബാഹ്യമോ ആന്തരികമോ ആയ വാക്കുകൾക്കും പ്രവൃത്തികൾക്കും മുഴുവനായി മൊത്തത്തിൽ ഇബാദത്ത് എന്ന് പറയുന്നു”.
ഇബാദത്തിൻറെ അർത്ഥം പണ്ഢിതൻമാര് ഇപ്രകാരം പറഞ്ഞതായി കാണാം: “ഭയവും, കീഴ്പ്പെടലും, സ്നേഹവും പരിപൂർണമായി യോജിപ്പിക്കുന്നതിനെ സൂചിപ്പിക്കുന്നതിനെയാണ് ഇബാദത്ത് എന്ന് പറയുന്നത്.”
അതായത് അല്ലാഹുവിനെ ഭയപ്പെട്ട് കൊണ്ടും, അവന് പരിപൂർണമായി കീഴ്പ്പെട്ട്കൊണ്ട് സന്തോഷത്തോടെ പ്രവർത്തിക്കുന്ന വാക്കുകൾക്കും പ്രവർത്തനങ്ങൾക്കും മൊത്തത്തിലാണ് ഇബാദത്ത് എന്ന് പറയുന്നത്. അതിൽ പ്രകടവും ഗോപ്യവുമായ പ്രവർത്തനങ്ങൾ ഉൾപ്പെടുന്നതാണ്.
ഇബാദത്തിൻറെ അടിസ്ഥാനം
ഇസ്ലാമിൽ ഒരു കാര്യം ഇബാദത്തായി പരിഗണിക്കണമെങ്കിൽ ഇസ്ലാമിക പ്രമാണങ്ങളായ വിശുദ്ധഖുർആനിൽ നിന്നും, പ്രവാചക ചര്യയിൽ നിന്നും ഒരു കൽപന വേണം. അങ്ങിനെയുള്ള കൽപനയുണ്ടായാലേ ഒരു കാര്യം ഇബാദത്തായി തീരുകയുള്ളൂ. അല്ലാഹു പറയുന്നു:
وَمَآ ءَاتَىٰكُمُ ٱلرَّسُولُ فَخُذُوهُ وَمَا نَهَىٰكُمْ عَنْهُ فَٱنتَهُوا۟ ۚ
നിങ്ങള്‍ക്കു റസൂല്‍ നല്കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞ് നില്‍ക്കുകയും ചെയ്യുക. (ഖു൪ആന്‍:59/7)
وَأَتِمُّوا۟ ٱلْحَجَّ وَٱلْعُمْرَةَ لِلَّهِ ۚ
നിങ്ങള്‍ അല്ലാഹുവിന് വേണ്ടി ഹജ്ജും ഉംറഃയും പൂര്‍ണ്ണമായി നിര്‍വഹിക്കുക. (ഖു൪ആന്‍:2/196)
وَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ وَأَطِيعُوا۟ ٱلرَّسُولَ لَعَلَّكُمْ تُرْحَمُونَ
നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും, റസൂലിനെ അനുസരിക്കുകയും ചെയ്യുവിന്‍. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം. (ഖു൪ആന്‍:24/56)
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُتِبَ عَلَيْكُمُ ٱلصِّيَامُ كَمَا كُتِبَ عَلَى ٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ
സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്. (ഖു൪ആന്‍:2/183)
ഇങ്ങനെ വിശുദ്ധ ഖുർആനിൽ നിന്നോ തിരുസുന്നത്തിൽ നിന്നോ ഉള്ള കൽപനയിലൂടെ മാത്രമേ ഒരു കാര്യം ആരാധനയായി തീരുകയുള്ളൂ. അല്ലാത്ത കാര്യം ഇബാദത്തല്ല. അത് ഭൂരിപക്ഷമാളുകൾ ചെയ്തിരുന്നാലും ശരി.
ഇബാദത്തിൻറെ നിബന്ധനകൾ
ഇസ്ലാമിൽ ഒരുകാര്യം ഇബാദത്തായി തീരണമെങ്കിൽ നിർബ്ബന്ധമായും രണ്ട് നിബന്ധനകൾ പൂർണമാകേണ്ടതുണ്ട്. അല്ലാത്ത കർമ്മങ്ങൾക്ക് അല്ലാഹുവിൽ നിന്ന് പ്രതിഫലം ലഭിക്കുകയില്ല.
ഒന്ന്: ഇഖ്ലാസ് (നിഷ്കളങ്കത)
ചെയ്യുന്ന കർമ്മങ്ങൾ അല്ലാഹുവിന് നിഷ്കളങ്കമായി ചെയ്യുക. പ്രശസ്തിയോ, ലോകമാന്യമോ കൂടിലരാതെ അല്ലാഹുവിൽ യഥാർത്ഥ രൂപത്തിൽ വിശ്വസിക്കുകയും, അവന് നിഷ്കള ങ്കമായി പ്രവർത്തിക്കുകയും ചെയ്യുക. അല്ലാഹു പറയുന്നു:
وَمَآ أُمِرُوٓا۟ إِلَّا لِيَعْبُدُوا۟ ٱللَّهَ مُخْلِصِينَ لَهُ ٱلدِّينَ حُنَفَآءَ وَيُقِيمُوا۟ ٱلصَّلَوٰةَ وَيُؤْتُوا۟ ٱلزَّكَوٰةَ ۚ وَذَٰلِكَ دِينُ ٱلْقَيِّمَةِ
കീഴ്വണക്കം അല്ലാഹുവിന് മാത്രം ആക്കി കൊണ്ട് ഋജുമനസ്കരായ നിലയില്‍ അവനെ ആരാധിക്കുവാനും, നമസ്കാരം നിലനിര്‍ത്തുവാനും സകാത്ത് നല്കുവാനും അല്ലാതെ അവരോട് കല്പിക്കപ്പെട്ടിട്ടില്ല. അതത്രെ വക്രതയില്ലാത്ത മതം. (ഖു൪ആന്‍:98/5)
രണ്ട്: നബി ﷺ യെ പിൻപറ്റുക.
ഒരു കർമ്മം സൽകർമ്മമായി പരലോകത്ത് പ്രതിഫലം ലഭിക്കണമെങ്കിൽ നബി ﷺ ചെയ്ത കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. അതല്ലാതെ നമുക്ക് തോന്നുന്ന കാര്യങ്ങൾ ചെയ്തിട്ട് കാര്യമില്ല. അതാണ് അല്ലാഹു പറയുന്നത്:
قُلْ إِن كُنتُمْ تُحِبُّونَ ٱللَّهَ فَٱتَّبِعُونِى يُحْبِبْكُمُ ٱللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَٱللَّهُ غَفُورٌ رَّحِيمٌ
(നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ. (ഖു൪ആന്‍:3/31)
നബി ﷺ പഠിപ്പിച്ച കർമ്മങ്ങളും, പ്രാർത്ഥനകളും അതു പോലെ തന്നെ ചെയ്യേണ്ടതാണ്. അതിൽ എന്തെങ്കിലും കൂട്ടുവാനോ കുറക്കുവാനോ, പ്രാർത്ഥനയിലുള്ള പദങ്ങളുടെ പര്യായ പദങ്ങൾ പോലും മാറ്റുവാൻ പാടില്ലായെന്നാണ് നബി ﷺ യുടെ ഹദീസിൽ നിന്നും നമുക്ക് അറിയുവാൻ കഴിയുന്നത്. അത്കൊണ്ട് നബി ﷺ യുടെ സുന്നത്ത് അത്പോലെ ചെയ്യുക.
ഈ രണ്ട് നിബന്ധനകളും ശരിയായാൽ കർമ്മം ശരിയായി. അല്ലാഹു സ്വീകരിച്ചുവെന്ന് പറയുവാൻ പാടില്ല. അത് അല്ലാഹുവിന് മാത്രമേ അറിയുകയുള്ളു. ആയതിനാൽ നമ്മൾ ചെയ്യുന്ന കർമ്മം ശരിയായ രൂപത്തിൽ പ്രവർത്തിക്കുവാൻ നാം പരമാവധി പരിശ്രമിക്കുക. അത് സ്വീകരിക്കുവാൻ നാം അല്ലാഹുവിനോട് എപ്പോഴും പ്രാർത്ഥിക്കുക. ഇബ്രാഹിം عليه السلام, ഇസ്മാഈൽ عليه السلام എന്നി പ്രവാചകന്മാർ കഅ്ബ പടത്തുയർത്തിയതിന് ശേഷം അല്ലാഹുവിനോട് പ്രാർത്ഥിച്ചത്പോലെ.
ഇബാദത്തിൻറെ റുക്നുകൾ
ഇബാദത്തിന് മൂന്ന് റുക്നുകൾ (തൂണുകൾ) ഉണ്ടെന്നാണ് ഖുർആനിൽ നിന്ന് നമുക്ക് അറിയുവാൻ കഴിയുന്നത്. അത് ഇവയാണ്:
(1)മഹബ്ബത്ത് (സ്നേഹം)
(2)റജാഅ് (പ്രതിക്ഷ)
(3)ഖൗഫ് (ഭയം)
കർമ്മങ്ങൾ ചെയ്യുമ്പോൾ അല്ലാഹുവിനെ ഇഷ്ടപ്പെട്ട് കൊണ്ട് മനഃസംതൃപ്തിയോടെയും, അല്ലാഹുവിൽ നിന്ന് പ്രതിഫലം ലഭിക്കണമെന്ന പ്രതീക്ഷയോടെ, അല്ലാഹുവിൻറെ ശിക്ഷയെ ഭയപ്പെട്ട് അതിൽ നിന്ന് രക്ഷ കിട്ടണമെന്ന ആഗ്രഹത്തോടെ ചെയ്യണം. അല്ലാഹു പറയുന്നു:
ﺇِفَٱسْتَجَبْنَا لَهُۥ وَوَهَبْنَا لَهُۥ يَحْيَىٰ وَأَصْلَحْنَا لَهُۥ زَوْجَهُۥٓ ۚ إِنَّهُمْ كَانُوا۟ يُسَٰرِعُونَ فِى ٱلْخَيْرَٰتِ وَيَدْعُونَنَا رَغَبًا وَرَهَبًا ۖ وَكَانُوا۟ لَنَا خَٰشِعِينَ
അപ്പോള്‍ നാം അദ്ദേഹത്തിന് ഉത്തരം നല്‍കുകയും, അദ്ദേഹത്തിന് (മകന്) യഹ്യായെ നാം പ്രദാനം ചെയ്യുകയും, അദ്ദേഹത്തിന്റെ ഭാര്യയെ നാം (ഗര്‍ഭധാരണത്തിന്) പ്രാപ്തയാക്കുകയും ചെയ്തു. തീര്‍ച്ചയായും അവര്‍ (പ്രവാചകന്മാര്) ഉത്തമകാര്യങ്ങള്‍ക്ക് ധൃതികാണിക്കുകയും, ആശിച്ച് കൊണ്ടും, പേടിച്ചുകൊണ്ടും നമ്മോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവരായിരുന്നു. അവര്‍ നമ്മോട് താഴ്മ കാണിക്കുന്നവരുമായിരുന്നു. (ഖു൪ആന്‍:21/90)
وَمِنَ ٱلنَّاسِ مَن يَتَّخِذُ مِن دُونِ ٱللَّهِ أَندَادًا يُحِبُّونَهُمْ كَحُبِّ ٱللَّهِ ۖ وَٱلَّذِينَ ءَامَنُوٓا۟ أَشَدُّ حُبًّا لِّلَّهِ ۗ
അല്ലാഹുവിന് പുറമെയുള്ളവരെ അവന് സമന്മാരാക്കുന്ന ചില ആളുകളുണ്ട്. അല്ലാഹുവെ സ്നേഹിക്കുന്നത് പോലെ ഈ ആളുകള്‍ അവരെയും സ്നേഹിക്കുന്നു. എന്നാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവോട് അതിശക്തമായ സ്നേഹമുള്ളവരത്രെ. (ഖു൪ആന്‍:2/165)
ഇബാദത്തിൻറെ ഇനങ്ങൾ
ഇബാദത്തിന് പ്രധാനമായി 4 ഇനങ്ങളാണുള്ളത്. അവ ഇവയാണ്
قولية ഖൗലിയ്യ (വാക്കുകൾ)
عملية അമലിയ്യ (പ്രവർത്തനം)
القلبية ഖൽബിയ്യ (ഹൃദയം)
مالية മാലിയ്യ (ധനം)
അതായത് വാക്കുകളാലുള്ള ആരാധനയും, പ്രവർത്തനങ്ങൾ മുഖേനയുള്ള ആരാധനയും, ഹൃദയം കൊണ്ടുള്ള ആരാധനയും, ധനം കൊണ്ടുള്ള ആരാധനയും.
വാക്കുകൾ കൊണ്ടുള്ള ആരാധനയിൽ പെട്ടതാണ് പ്രാർത്ഥനകൾ, പ്രഭാതത്തിലും പ്രദോഷത്തിലുമുള്ള പ്രാർത്ഥനകൾ, നമസ്കാര ശേഷമുള്ള പ്രാർത്ഥനകൾ തുടങ്ങിയവ. പ്രവർത്തനങ്ങൾ മുഖേനയുള്ള ആരാധനയാണ് നമസ്കാരം, ത്വവാഫ്, സഅ്യ് പോലെയുള്ള ആരാധനകൾ. ഹൃദയം മുഖേനയുള്ള ആരാധനയിൽ പെട്ടതാണ് അല്ലാഹുവിനെ ഭയപ്പെടുക, പേടിക്കുക, അവനിൽ ഭരമേൽപ്പിക്കുക പോലെയുള്ളത്. സമ്പത്ത് മുഖേനയുള്ള ആരാധനയിൽ പെട്ടതാണ് സകാത്ത്, സ്വദഖ പോലെയുള്ള ആരാധനകൾ. ഈ നാലിനങ്ങളും ഒരുമിച്ച ആരാധനയാണ് ഹജ്ജ്, ഉംറ എന്നിവ. അതിൽ മുഴുവൻ ഇനങ്ങളും അടങ്ങിയിട്ടുണ്ട്.
ആരാധനയുടെ അവസ്ഥകൾ
ഒന്ന്: الزمانية സമാനിയ്യ: പ്രത്യേകം കാലങ്ങളിൽ ചെയ്യേണ്ട ആരാധനകൾ. ഉദാഹരണമായി: സൂര്യനോ, ചന്ദ്രനോ ഗ്രഹണം ബാധിക്കുമ്പോഴുള്ള ഗ്രഹണ നമസ്കാരം, മഴ ഇല്ലാതിരിക്കുമ്പോൾ മഴക്ക് വേണ്ടിയുള്ള നമസ്കാരം.
രണ്ട്: المكانية മകാനിയ്യ: പ്രത്യേകം സ്ഥലങ്ങളിൽ ചെയ്യേണ്ടആരാധനകൾ. ഉദാഹരണമായി: പള്ളിയിൽ പ്രവേശിക്കുമ്പോഴുള്ള രണ്ട് റകഅത്ത് നമസ്കാരം, അതുപോലെ അപ്പോൾ ചൊല്ലേണ്ട പ്രാർത്ഥനകൾ. നബി ﷺ ഏതെങ്കിലും സ്ഥലങ്ങളിൽ പ്രവേശിക്കുമ്പോൾ പ്രത്യേകം പ്രാർത്ഥിക്കുവാൻ പറഞ്ഞിട്ടുള്ളവ പോലെയുള്ളത് ഈ ഇനത്തിൽ പെട്ടതാണ്.
മൂന്ന്: العددية അദദിയ്യ: എണ്ണം പിടിച്ച് ചെയ്യേണ്ട ആരാധനകൾ. ഉദാഹരണമായി: രാവിലെയും, വൈകുന്നേരവും ചൊല്ലേണ്ട പ്രാർത്ഥനകൾ നിശ്ചിതം എണ്ണം മാത്രമെ ചെല്ലാവൂ. അതുപോലെ നമസ്കാരത്തിന് ശേഷമുള്ള ദിക്റുകളും, ദുആകളും. ഇവയെല്ലാം ഈ ഇനത്തിൽ പെട്ടതാണ്.
നാല്:الهيئيـة ഹൈഇയ്യ: നമസ്കാരത്തിൻറെ രൂപങ്ങൾ, ത്വവാഫ് ചെയ്യുമ്പോഴുള്ള റംല്, ഇഹ്റാമിലെ ഇള്തിബാഅ് പോലെയുള്ള ആരാധനകൾ. ഈ അവസ്ഥയിൽ മാത്രമാണ് ആരാധനയാവുക. വേറെ സന്ദർഭങ്ങളിൽ അത് ആരാധനയായി തീരുകയില്ല. ഉദാ: ഏതെങ്കിലും സ്ഥലത്ത് പോയി റംല് നടത്തം നടന്നാൽ അത് ആരാധനയാവില്ല. അത്പോലെ വീട്ടിൽവെച്ച് ഇള്തിബാഅ് ചെയ്താൽ അത് ആരാധനയാവില്ല.
അഞ്ച്: الحالية പ്രത്യേക അവസ്ഥയുണ്ടാകുമ്പോൾ ചെയ്യേണ്ട ആരാധന. ഉദാഹരണമായി എന്തെങ്കിലും വല്ല ഉപദ്രവങ്ങളുണ്ടാകുമ്പോൾ إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ എന്ന് ചൊല്ലുക. അത്പോലെ വാഹനം കയറുമ്പോൾ ആ സന്ദർഭത്തിൽ നബി ﷺ പഠിപ്പിച്ച പ്രാർത്ഥന ചൊല്ലുക, തുടങ്ങിയ വല്ല സന്ദർഭങ്ങളും ഉണ്ടാകുമ്പോൾ ചൊല്ലേണ്ടതും പ്രവർത്തിക്കേണ്ടതുമായ കാര്യങ്ങൾ ഇതിൽ പെട്ടതാണ്.
ആരാധനകളുമായി ബന്ധപ്പെട്ട് അറിയേണ്ട കാര്യങ്ങൾ
ഒന്ന്: آنيـة സന്ദർഭം സംജാതമാവുമ്പോഴുള്ള ആരാധനകൾ. ഉദാഹരണമായി: ഒരാൾ മരിച്ചു, അയാൾക്ക് വേണ്ടി മയ്യിത്ത് നമസ്കാരം, അതുപോലെ ഒരാൾ പള്ളിയിൽ പ്രവേശിച്ചു തഹിയ്യത്തുൽ മസ്ജിദ് നമസ്കരിക്കുന്നത്പോലെ.
രണ്ട്: يوميـة ദിവസവും ചെയ്യേണ്ട ആരാധനകൾ. ഉദാഹരണമായി: അഞ്ച് നേരത്തെ നമസ്കാരം പോലെയുള്ളവ.
മൂന്ന്: أسـبوعية ആഴ്ച്ച കൂടുമ്പോൾ ചെയ്യേണ്ട ആരാധനകൾ. ഉദാഹരണമായി: ജുമുഅ: നമസ്കാരം പോലെയുള്ള ആരാധനകൾ ആഴ്ചയിൽ ചെയ്യേണ്ട ആരാധനകളാണ്.
നാല്: شـهرية മാസം കൂടുമ്പോൾ ചെയ്യേണ്ട ആരാധനകൾ. ഉദാഹരണമായി: അയ്യാമുൽ ബിള്‍ എന്ന പേരിൽ അറിയപ്പെടുന്ന 13,14,15 എന്നീ ദിവസങ്ങളിൽ സുന്നത്ത് നോമ്പനുഷ്ട്ടിക്കുന്നത് പോലെയുള്ള ആരാധനകൾ.
അഞ്ച്: سنوية വർഷത്തിൽ ചെയ്യേണ്ട ആരാധനകൾ. ഉദാഹരണമായി: സകാത്ത് നൽകൽ, റമളാൻ നോമ്പനുഷ്ടിക്കൽ, പെരുന്നാൾ നമസ്കാരം പോലെയുള്ള ആരാധനകൾ ഓരോ വർഷത്തിലും ചെയ്യേണ്ട ആരാധനകളാണ്.
ആറ്: عمريـة ആയുസ്സിൽ ഒരിക്കൽ ചെയ്യേണ്ട ആരാധനകൾ. ഉദാഹരണമായി. ഹജ്ജും ഉംറയും പോലെയുള്ള ആരാധനകൾ ജീവിതത്തിൽ ഒരിക്കൽ ചെയ്യേണ്ട ആരാധനകളാണ്.
മേൽ വിശദീകരിച്ച കാര്യങ്ങൾ ഒരാൾ മനസിലാക്കിയാൽ ഏതാണ് ആരാധന, ഏതാണ് ആരാധനയല്ലാത്തത് എന്ന് ശരിക്കും മനസിലാക്കുവാൻ കഴിയുന്നതാണ്. അല്ലാഹുവും പ്രവാചകനും പഠിപ്പിച്ച ആരാധനകൾ ഏതെല്ലാമാണെന്ന് പഠിക്കുവാനും അത് അനുഷ്ടിക്കുവാനും അല്ലാഹു നമുക്ക്, തൗഫീഖ് നൽകുമാറാവട്ടെ. ആമീൻ.
സയ്യിദ് സഅ്ഫർ സ്വാദിഖ്
www.kanzululoom.com
One Response
വിവിധ തരത്തിലുള്ള ആരാധനകൾക്ക് പറയുന്ന പേരുകൾ വളരെ ലളിതമായി മനസ്സിലാക്കാൻ സാധിച്ചു അൽഹംദുലില്ലാഹ്.