ഇദ്ദ (ദീക്ഷാകാലം) യുടെ നിർവചനം:
‘അദ്ദ’ എന്ന ക്രിയയുടെ ക്രിയാധാതുവാകുന്നു ‘ഇദ്ദ.’ അതാകട്ടെ അദദ്, ഇഹ്‌സ്വാഅ് (എണ്ണം, ക്ലിപ്തിനിർണയം) എന്നതിൽനിന്ന് എടുക്കപ്പെട്ടതാണ്; എണ്ണുന്നതിൽ ശുദ്ധിഘട്ടവും മാസങ്ങളും ഇദ്ദ ഉൾക്കൊണ്ടതിനാൽ.
വിവാഹമുക്തയായ സ്ത്രീ അല്ലാഹുവിനുള്ള ഇബാദത്തെന്നോണമോ ഭർത്താവിന്റെ വിയോഗത്തിൽ നൊമ്പരപ്പെട്ടോ ഗർഭമുക്തയാണെന്ന് ഉുറപ്പുവരുത്തുവാനോ കാത്തിരിക്കുന്നതിനുള്ള നിർണ്ണിത കാലത്തിനാണ് ‘ഇദ്ദ’ എന്നു മതപരമായി പറയുക. ത്വലാക്വിന്റെയോ നിര്യാണത്തിന്റെയോ അനന്തരഫലമാണ് ഇദ്ദ.
ഇദ്ദ മതപരമാണെന്നതിന്റെ തെളിവ്
ഇദ്ദ മതപരമെന്നതിന്റെയും നിർബന്ധമെന്നതിന്റെയും തെളിവ് ക്വുർആനും തിരുസുന്നത്തും ഇജ്മാഉമാകുന്നു. വിശുദ്ധ ക്വുർആനിൽ അല്ലാഹു പറഞ്ഞു:
وَالْمُطَلَّقَاتُ يَتَرَبَّصْنَ بِأَنْفُسِهِنَّ ثَلَاثَةَ قُرُوءٍ
വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകൾ തങ്ങളുടെ സ്വന്തം കാര്യത്തിൽ മൂന്നു മാസമുറകൾ (കഴിയും വരെ) കാത്തിരിക്കേണ്ടതാണ്. (ഖുർആൻ 2/228)
وَاللَّائِي يَئِسْنَ مِنَ الْمَحِيضِ مِنْ نِسَائِكُمْ إِنِ ارْتَبْتُمْ فَعِدَّتُهُنَّ ثَلَاثَةُ أَشْهُرٍ وَاللَّائِي لَمْ يَحِضْنَ وَأُولَاتُ الْأَحْمَالِ أَجَلُهُنَّ أَنْ يَضَعْنَ حَمْلَهُنَّ
നിങ്ങളുടെ സ്ത്രീകളിൽനിന്നും ആർത്തവത്തെ സംബന്ധിച്ച് നിരാശപ്പെട്ടിട്ടുള്ളവരെ സംബന്ധിച്ചിടത്തോളം നിങ്ങൾ അവരുടെ ഇദ്ദയുടെ കാര്യത്തിൽ സംശയത്തിലാണെങ്കിൽ അത് മൂന്ന് മാസമാകുന്നു. ആർത്തവമുണ്ടായിട്ടില്ലാത്തവരുടെതും അങ്ങനെ തന്നെ. ഗർഭവതികളായ സ്ത്രീകളാകട്ടെ അവരുടെ അവധി അവർ തങ്ങളുടെ ഗർഭം പ്രസവിക്കലാകുന്നു. (ഖുർആൻ: 65/4)
وَالَّذِينَ يُتَوَفَّوْنَ مِنْكُمْ وَيَذَرُونَ أَزْوَاجًا يَتَرَبَّصْنَ بِأَنْفُسِهِنَّ أَرْبَعَةَ أَشْهُرٍ وَعَشْرًا
നിങ്ങളിൽ ആരെങ്കിലും തങ്ങളുടെ ഭാര്യമാരെ വിട്ടേച്ചുകൊണ്ട് മരണപ്പെടുകയാണെങ്കിൽ അവർ (ഭാര്യമാർ) തങ്ങളുടെ കാര്യത്തിൽ നാലു മാസവും പത്തു ദിവസവും കാത്തിരിക്കേണ്ടതാണ്. (ഖുർആൻ: 2/234)
عَنِ الْمِسْوَرِ بْنِ مَخْرَمَةَ، أَنَّ سُبَيْعَةَ الأَسْلَمِيَّةَ رضي الله عنها، نُفِسَتْ بَعْدَ وَفَاةِ زَوْجِهَا، بِلَيَالٍ فَجَاءَتِ النَّبِيَّ صلى الله عليه وسلم فَاسْتَأْذَنَتْهُ أَنْ تَنْكِحَ، فَأَذِنَ لَهَا، فَنَكَحَتْ.
മിസ്‌വർ ഇബ്‌നു മഖ്‌റമ رضي الله عنه പറഞ്ഞു: സുബയ്അത്തുൽ അസ്‌ലമിയ്യ رضي الله عنها അവരുടെ ഭർത്താവ് മരിച്ച് ഏതാനും രാത്രികൾക്കുശേഷം പ്രസവിച്ചു. പ്രസവാനന്തരം അവർ തിരുനബിﷺയുടെ അടുക്കൽ ചെന്ന് തനിക്കു വിവാഹം കഴിക്കുവാൻ അനുവാദം തരണമെന്ന് അപേക്ഷിക്കുകയും അതനുസരിച്ച് തിരുമേനി അവർക്ക് അനുവാദം നൽകുകയും ചെയ്തു. അങ്ങനെ അവർ വിവാഹിതയായി. (ബുഖാരി:5320)
ഈ വിഷയത്തിൽ വേറെയും ഹദീസുണ്ട്.
ഇദ്ദ മതപരമാക്കിയതിലെ യുക്തി
വംശങ്ങൾ പരസ്പരം കലരാതിരിക്കുവാൻവേണ്ടി ഭാര്യ ഗർഭമുക്തയാണെന്നറിയുകയാണ് ഇദ്ദ മതപരമാക്കിയതിലെ പൊരുൾ. മടക്കിയെടുക്കുവാനുതകും വിധമുള്ള റജ്ഇയ്യായ ത്വലാക്വ് നടത്തിയ ഭർത്താവ് ഖേദിക്കുന്ന പക്ഷം അവന് പുനർവിചാരണക്ക് അവസരമേകലും ഗർഭിണിയായിരിക്കെയാണ് വേർപിരിയലെങ്കിൽ ഗർഭത്തിലെ കുഞ്ഞിനുള്ള അവകാശം സംരക്ഷിക്കപ്പെടലും ഇദ്ദയുടെ പൊരുളുകളിൽ പെട്ടതാണ്.
ഇദ്ദഃയുടെ ഇനങ്ങൾ
സ്ത്രീയുടെ ദീക്ഷാകാലം രണ്ടായി വിഭജിക്കപ്പെടും:
1. മരണം കാരണത്താലുള്ള ഇദ്ദ.
2. വിവാഹമോചനത്താലുള്ള ഇദ്ദ.
ഒന്ന്: മരണം കാരണത്താലുള്ള ഇദ്ദ
ഭർത്താവ് മരണപ്പെട്ടതിനാൽ വിധവയായിത്തീരുന്ന സ്ത്രീക്കു നിർബന്ധമായ ഇദ്ദഃയാകുന്നു ഇത്. വിധവ ഗർഭിണിയായിരിക്കുക, ഗർഭിണിയല്ലാതിരിക്കുക എന്നീ രണ്ട് അവസ്ഥയിൽനിന്നും ഇത് മുക്തമല്ല.
അവൾ ഗർഭിണിയാണെങ്കിൽ പ്രസവിക്കുന്നതോടെ അവളുടെ ഇദ്ദ അവസാനിക്കും. ഭർതൃ വിയോഗത്തിന്റെ ഒരു മണിക്കൂറിനുശേഷമാണ് പ്രസവമെങ്കിലും ശരി. അല്ലാഹു പറഞ്ഞു:
وَأُولَاتُ الْأَحْمَالِ أَجَلُهُنَّ أَنْ يَضَعْنَ حَمْلَهُنَّ
ഗർഭവതികളായ സ്ത്രീകളാകട്ടെ അവരുടെ അവധി അവർ തങ്ങളുടെ ഗർഭം പ്രസവിക്കലാകുന്നു. (ഖുർആൻ: 65/4)
عَنِ الْمِسْوَرِ بْنِ مَخْرَمَةَ، أَنَّ سُبَيْعَةَ الأَسْلَمِيَّةَ رضي الله عنها، نُفِسَتْ بَعْدَ وَفَاةِ زَوْجِهَا، بِلَيَالٍ فَجَاءَتِ النَّبِيَّ صلى الله عليه وسلم فَاسْتَأْذَنَتْهُ أَنْ تَنْكِحَ، فَأَذِنَ لَهَا، فَنَكَحَتْ.
മിസ്‌വർ ഇബ്‌നു മഖ്‌റമ رضي الله عنه പറഞ്ഞു: സുബയ്അത്തുൽ അസ്‌ലമിയ്യ رضي الله عنها അവരുടെ ഭർത്താവ് മരിച്ച് ഏതാനും രാത്രികൾക്കുശേഷം പ്രസവിച്ചു. പ്രസവാനന്തരം അവർ തിരുനബിﷺയുടെ അടുക്കൽ ചെന്ന് തനിക്കു വിവാഹം കഴിക്കുവാൻ അനുവാദം തരണമെന്ന് അപേക്ഷിക്കുകയും അതനുസരിച്ച് തിരുമേനി അവർക്ക് അനുവാദം നൽകുകയും ചെയ്തു. അങ്ങനെ അവർ വിവാഹിതയായി. (ബുഖാരി:5320)
വിധവ ഗർഭിണിയല്ലെങ്കിൽ അവരുടെ ഇദ്ദ 4 മാസവും 10 ദിവസവുമാകുന്നു. ഭർത്താവോടൊന്നിച്ചു ദാമ്പത്യജീവിതം നയിച്ചാലും ഇല്ലെങ്കിലും വിധവ ഇത്രയും കാലം ഇദ്ദ ആചരിക്കണം. വിശുദ്ധ വചനത്തിന്റെ പൊതു തേട്ടം അറിയിക്കുന്നത് അതാണ്. അല്ലാഹു പറഞ്ഞു:
وَالَّذِينَ يُتَوَفَّوْنَ مِنْكُمْ وَيَذَرُونَ أَزْوَاجًا يَتَرَبَّصْنَ بِأَنْفُسِهِنَّ أَرْبَعَةَ أَشْهُرٍ وَعَشْرًا فَإِذَا بَلَغْنَ أَجَلَهُنَّ فَلَا جُنَاحَ عَلَيْكُمْ فِيمَا فَعَلْنَ فِي أَنْفُسِهِنَّ بِالْمَعْرُوفِ وَاللَّهُ بِمَا تَعْمَلُونَ خَبِيرٌ
നിങ്ങളിൽ ആരെങ്കിലും തങ്ങളുടെ ഭാര്യമാരെ വിട്ടേച്ചുകൊണ്ട് മരണപ്പെടുകയാണെങ്കിൽ അവർ (ഭാര്യമാർ) തങ്ങളുടെ കാര്യത്തിൽ നാലുമാസവും പത്തു ദിവസവും കാത്തിരിക്കേണ്ടതാണ്. എന്നിട്ട് അവരുടെ ആ അവധിയെത്തിയാൽ തങ്ങളുടെ കാര്യത്തിലവർ മര്യാദയനുസരിച്ച് പ്രവർത്തിക്കുന്നതിൽ നിങ്ങൾക്ക് കുറ്റമൊ ന്നുമില്ല. നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നുണ്ട്. (ഖുർആൻ: 2/234)
ഈ ആയത്തിന്റെ പൊതുവിധിയെ പ്രത്യേകമാക്കുന്ന പ്രമാണം വന്നിട്ടുമില്ല.
വിവാഹമോചനത്താലുള്ള ഇദ്ദ
സംഭോഗാനന്തരമുള്ള ഫസ്ഖിനാലോ ത്വലാക്വിനാലോ ഖുൽഇനാലോ ഭർത്താവിൽനിന്നു വിവാഹമോചിതയായ സ്ത്രീയുടെമേൽ നിർബന്ധമായ ഇദ്ദയാകുന്നു ഇത്. ചില അവസ്ഥകളിൽനിന്ന് ഇത് മുക്തമല്ല:
1. വിവാഹമുക്ത ഗർഭിണിയാവുക.
2. വിവാഹമുക്ത ഗർഭിണിയല്ലാതിരിക്കുക.
3. ചെറുപ്രായക്കാരിയായതിനാൽ ഋതുമതിയാകാത്തവൾ.
4. പ്രയാധിക്യം കാരണത്താൽ ഋതുരക്തം നിലച്ചവൾ.
വിവാഹമുക്ത ഗർഭിണിയാണെങ്കിൽ അവൾ പ്രസവിക്കുന്നതോടെ അവളുടെ ഇദ്ദ അവസാനിക്കും. വിശുദ്ധ വചനത്തിന്റെ പൊതു തേട്ടം അറിയിക്കുന്നത് അതാണ്. അല്ലാഹു പറഞ്ഞു:
وَأُولَاتُ الْأَحْمَالِ أَجَلُهُنَّ أَنْ يَضَعْنَ حَمْلَهُنَّ
ഗർഭവതികളായ സ്ത്രീകളാകട്ടെ അവരുടെ അവധി അവർ തങ്ങളുടെ ഗർഭം പ്രസവിക്കലാകുന്നു. (ഖുർആൻ: 65/4)
വിവാഹമുക്ത ഗർഭിണിയല്ലെങ്കിൽ അവൾ ഋതുരക്തമുള്ളവരിൽ പെട്ടവരായിരിക്കെ അവളുടെ ഇദ്ദ വിവാഹമോചനശേഷം മൂന്ന് ക്വുർഉകൾ (ശുദ്ധികാലങ്ങൾ) കടന്നുപോകലാണ്. അല്ലാഹു പറഞ്ഞു:
وَالْمُطَلَّقَاتُ يَتَرَبَّصْنَ بِأَنْفُسِهِنَّ ثَلَاثَةَ قُرُوءٍ وَلَا يَحِلُّ لَهُنَّ أَنْ يَكْتُمْنَ مَا خَلَقَ اللَّهُ فِي أَرْحَامِهِنَّ إِنْ كُنَّ يُؤْمِنَّ بِاللَّهِ وَالْيَوْمِ الْآَخِرِ
വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകൾ തങ്ങളുടെ സ്വന്തം കാര്യത്തിൽ മൂന്നു മാസമുറകൾ (കഴിയും വരെ) കാത്തിരിക്കേണ്ടതാണ്. അവർ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കിൽ തങ്ങളുടെ ഗർഭാശയങ്ങളിൽ അല്ലാഹു സൃഷ്ടിച്ചിട്ടുള്ളതിനെ അവർ ഒളിച്ചുവെക്കുവാൻ പാടുള്ളതല്ല. (ഖുർആൻ: 2/228)
വിവാഹമുക്ത ചെറുപ്രായക്കാരിയായതിനാൽ ഋതുമതിയാകാത്തവളോ പ്രയാധിക്യം കാരണത്താൽ ഋതുരക്തം നിലച്ചവളോ ആണെങ്കിൽ അവളുടെ ഇദ്ദ മോചനശേഷം മൂന്നു മാസങ്ങൾ കടന്നുപോകലോടെ അവസാനിക്കും. അല്ലാഹു പറഞ്ഞു:
وَاللَّائِي يَئِسْنَ مِنَ الْمَحِيضِ مِنْ نِسَائِكُمْ إِنِ ارْتَبْتُمْ فَعِدَّتُهُنَّ ثَلَاثَةُ أَشْهُرٍ وَاللَّائِي لَمْ يَحِضْنَ
നിങ്ങളുടെ സ്ത്രീകളിൽനിന്നും ആർത്തവത്തെ സംബന്ധിച്ച് നിരാശപ്പെട്ടിട്ടുള്ളവരെ സംബന്ധിച്ചിടത്തോളം നിങ്ങൾ അവരുടെ ഇദ്ദയുടെകാര്യത്തിൽ സംശയത്തിലാണെങ്കിൽ അത് മൂന്ന് മാസമാകുന്നു. ആർത്തവമുണ്ടായിട്ടില്ലാത്തവരുടെതും അങ്ങനെ തന്നെ. (ഖുർആൻ: 65/4)
ലൈംഗികബന്ധത്തിനു മുമ്പ് വിവാഹമോചിതയായവളുടെ വിധി
ലൈംഗികബന്ധം പുലർത്തുന്നതിനുമുമ്പ് ഭർത്താവ് തന്റെ ഭാര്യയെ ഫസ്ഖിലൂടെയോ ത്വലാക്വിലൂടെയോ വിവാഹമോചനം നടത്തിയാൽ അവൾക്ക് ഇദ്ദ ആചരിക്കേണ്ട ബാധ്യതയില്ല. അല്ലാഹു പറഞ്ഞു:
يَا أَيُّهَا الَّذِينَ آَمَنُوا إِذَا نَكَحْتُمُ الْمُؤْمِنَاتِ ثُمَّ طَلَّقْتُمُوهُنَّ مِنْ قَبْلِ أَنْ تَمَسُّوهُنَّ فَمَا لَكُمْ عَلَيْهِنَّ مِنْ عِدَّةٍ تَعْتَدُّونَهَا فَمَتِّعُوهُنَّ وَسَرِّحُوهُنَّ سَرَاحًا جَمِيلًا
സത്യവിശ്വാസികളേ, നിങ്ങൾ സത്യവിശ്വാസിനികളെ വിവാഹം കഴിക്കുകയും എന്നിട്ട് നിങ്ങളവരെ സ്പർശിക്കുന്നതിന് മുമ്പായി അവരെ വിവാഹമോചനം നടത്തുകയും ചെയ്താൽ നിങ്ങൾ എണ്ണിക്കണക്കാക്കുന്ന ഇദ്ദ ആചരിക്കേണ്ട ബാധ്യത അവർക്കു നിങ്ങളോടില്ല. എന്നാൽ നിങ്ങൾ അവർക്ക് മതാഅ് നൽകുകയും അവരെ ഭംഗിയായി പിരിച്ചയക്കുകയും ചെയ്യുക. (ഖുർആൻ: 33/49)
പണ്ഡിതന്മാരുടെ ഏകാഭിപ്രായ പ്രകാരം വിശ്വാസിനികളായ ഭാര്യമാരും വേദക്കാരായ ഭാര്യമാരും തമ്മിൽ ഈ വിധിയിൽ വ്യത്യാസമില്ല. വിശ്വാസിനികളെ ഇവിടെ അനുസ്മരിച്ചത് മിക്ക ഭാര്യമാരും അവരാണെന്നതിനാലാണ്.
ഇദ്ദയുടെ തേട്ടങ്ങളും അനുബന്ധ കാര്യങ്ങളും
1) ത്വലാക്വിനാലുള്ള ഇദ്ദ
വിവാഹമുക്ത ഭർത്താവിന്റെ ത്വലാക്വിനാൽ ഇദ്ദ അനുഷ്ഠിക്കുന്നവളാണെങ്കിൽ രണ്ടാലൊരവസ്ഥയിൽ നിന്ന് അത് മുക്തമല്ല:
എ) അവളുടെ ത്വലാക്വ് റജ്ഇയ്യ് (ഭർത്താവിനു ബന്ധം പുനഃസ്ഥാപിക്കുവാൻ അവസരമുള്ള തലാക്വ്) ആവുക.
ബി) അവളുടെ ത്വലാക്വ് ബാഇൻ (ഭർത്താവിനു ബന്ധം പുനഃസ്ഥാപിക്കുവാനാകാത്ത വിധമുള്ള എന്നെന്നേക്കുമായുള്ള തലാക്വ്) ആവുക.
റജ്ഇയ്യായ ത്വലാക്വിനാൽ ഇദ്ദ അനുഷ്ഠിക്കുന്നവൾ
റജ്ഇയ്യായ ത്വലാക്വിനാൽ ഇദ്ദഃ അനുഷ്ഠിക്കുന്നവൾക്ക് താഴെ വരുന്ന കാര്യങ്ങൾ അതിനെ തുടർന്നു വരും:
എ) മതപരമായ തടസ്സങ്ങളില്ലെങ്കിൽ ഭർത്താവിനോടൊപ്പം താമസിക്കൽ അവൾക്ക് നിർബന്ധമാണ്.
ബി) ഭക്ഷണം, വസ്ത്രം തുടങ്ങിയുള്ള ജീവിതച്ചെലവുകൾ.
സി) താമസ്ഥലത്ത് ഒതുങ്ങിക്കൂടൽ അവൾക്ക് നിർബന്ധമാണ്. നിർബന്ധിതാവസ്ഥയിലല്ലാതെ അവൾ വീടുവിട്ടു പോകരുത്. അല്ലാഹു പറഞ്ഞു:
أَسْكِنُوهُنَّ مِنْ حَيْثُ سَكَنْتُمْ مِنْ وُجْدِكُمْ …
നിങ്ങളുടെ കഴിവിൽ പെട്ട, നിങ്ങൾ താമസിക്കുന്ന സ്ഥലത്ത് നിങ്ങൾ അവരെ താമസിപ്പിക്കണം. (ഖുർആൻ: 65/6)
لَا تُخْرِجُوهُنَّ مِنْ بُيُوتِهِنَّ وَلَا يَخْرُجْنَ إِلَّا أَنْ يَأْتِينَ بِفَاحِشَةٍ مُبَيِّنَةٍ
അവരുടെ വീടുകളിൽനിന്ന് അവരെ നിങ്ങൾ പുറത്താക്കരുത്. അവർ പുറത്തു പോകുകയും ചെയ്യരുത്. പ്രത്യക്ഷമായ വല്ല നീചവൃത്തിയും അവർ ചെയ്യുകയാണെങ്കിലല്ലാതെ. (ഖുർആൻ: 65/1)
മറ്റു പുരുഷന്മാരുടെ വിവാഹാഭ്യാർഥനക്ക് അവൾ വിധേയയാകുന്നത് നിഷിദ്ധമാകുന്നു. അവൾ ഭർത്താവിന് പരിമിതവും ഭാര്യയുടെ വിധിയിലുമാണ്. അല്ലാഹു പറഞ്ഞു:
وَبُعُولَتُهُنَّ أَحَقُّ بِرَدِّهِنَّ فِي ذَلِكَ إِنْ أَرَادُوا إِصْلَاحًا
അതിനകം (പ്രസ്തുത അവധിക്കകം) അവരെ തിരിച്ചെടുക്കാൻ അവരുടെ ഭർത്താക്കൻമാർ ഏറ്റവും അർഹതയുള്ളവരാകുന്നു; അവർ (ഭർത്താക്കൻമാർ) നിലപാട് നന്നാക്കിത്തീർക്കാൻ ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ. (ഖുർആൻ: 2/229)
ബാഇനായ ത്വലാക്വിനാൽ ഇദ്ദ അനുഷ്ഠിക്കുന്നവൾ
അവളുടെ അവസ്ഥയും രണ്ടാലൊന്നിൽനിന്ന് ഇത് മുക്തമല്ല:
1) അവൾ ഗർഭിണിയാകുന്നു.
2) അവൾ ഗർഭിണിയല്ല.
ഒന്ന്: അവൾ ഗർഭിണിയായാൽ താഴെ വരുന്ന കാര്യങ്ങൾ അവൾക്ക് ത്വലാക്വിനെ തുടർന്നുണ്ടാകും:
1) താമസ സൗകര്യം നൽകൽ ഭർത്താവിന് നിർബന്ധമാണ്. അല്ലാഹു പറഞ്ഞു:
يَا أَيُّهَا النَّبِيُّ إِذَا طَلَّقْتُمُ النِّسَاءَ فَطَلِّقُوهُنَّ لِعِدَّتِهِنَّ وَأَحْصُوا الْعِدَّةَ وَاتَّقُوا اللَّهَ رَبَّكُمْ لَا تُخْرِجُوهُنَّ مِنْ بُيُوتِهِنَّ وَلَا يَخْرُجْنَ إِلَّا أَنْ يَأْتِينَ بِفَاحِشَةٍ مُبَيِّنَةٍ
നബിയേ, നിങ്ങൾ (വിശ്വാസികൾ) സ്ത്രീകളെ വിവാഹമോചനം ചെയ്യുകയാണെങ്കിൽ അവരെ നിങ്ങൾ അവരുടെ ഇദ്ദ കാലത്തിന് (കണക്കാക്കി) വിവാഹമോചനം ചെയ്യുകയും ഇദ്ദ കാലം നിങ്ങൾ എണ്ണിക്കണക്കാക്കുകയും ചെയ്യുക. നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവെ നിങ്ങൾ സൂക്ഷിക്കുകയും ചെയ്യുക. അവരുടെ വീടുകളിൽനിന്ന് അവരെ നിങ്ങൾ പുറത്താക്കരുത്. അവർ പുറത്തു പോകുകയും ചെയ്യരുത്; പ്രത്യക്ഷമായ വല്ല നീചവൃത്തിയും അവർ ചെയ്യുകയാണെങ്കിലല്ലാതെ. (ഖുർആൻ: 65/1)
2) ജീവിതച്ചെലവുകൾ.
وَإِنْ كُنَّ أُولَاتِ حَمْلٍ فَأَنْفِقُوا عَلَيْهِنَّ حَتَّى يَضَعْنَ حَمْلَهُن
അവർ ഗർഭിണികളാണെങ്കിൽ അവർ പ്രസവിക്കുന്നതുവരെ നിങ്ങൾ അവർക്കു ചെലവുകൊടുക്കുകയും ചെയ്യുക. (ഖുർആൻ: 65/6)
3) അവൾ ഇദ്ദയിരിക്കുന്ന ഭവനത്തിൽ ഒതുങ്ങിക്കൂടൽ അവൾക്കു നിർബന്ധമാണ്. ആവശ്യത്തിനല്ലാതെ അവൾ പുറത്തുപോകരുത്. അല്ലാഹു പറഞ്ഞു:
لَا تُخْرِجُوهُنَّ مِنْ بُيُوتِهِنَّ وَلَا يَخْرُجْنَ
അവരുടെ വീടുകളിൽനിന്ന് അവരെ നിങ്ങൾ പുറത്താക്കരുത്. അവർ പുറത്തു പോകുകയും ചെയ്യരുത്. (ഖുർആൻ: 65/6)
ആവശ്യത്തിനു പുറത്തുപോകാമെന്നതിന്റെ തെളിവ് ജാബിര്‍ رضي الله عنه വിൽ നിന്നുള്ള ഹദീസാകുന്നു.
قال: طُلِّقت خالتي، فأرادت أن تَجُدَّ نخلها فزجرها رجل أن تخرج، فأتت النبيَّ – صَلَّى اللَّهُ عَلَيْهِ وَسَلَّمَ -، فقال: بلى اخرجي، فجُدِّي نخلك، فإنك عسى أن تَصَدّقي، أو تفعلي معروفاً.
ജാബിര്‍ رضي الله عنه പറഞ്ഞു: എന്റെ മാതൃസേഹോദരി വിവാഹമോചിതയായി. അവർ ഒരു ഈത്തപ്പന മുറിക്കുവാൻ (പുറത്തിറങ്ങുവാൻ) ഉദ്ദേശിച്ചു. അപ്പോൾ അവർ പുറത്തിറങ്ങുന്നത് ഒരു വ്യക്തി തടഞ്ഞു. അവർ തിരുദൂതരുടെ അടുക്കൽ ചെന്ന് (വിഷയം ആരാഞ്ഞു). തിരുനബി പറഞ്ഞു: ‘നിങ്ങൾ നിങ്ങളുടെ ഈത്തപ്പന മുറിച്ചുകൊള്ളൂ. ഒരുവേള നിങ്ങൾ അതു ദാനം ചെയ്യുമായിരിക്കും അല്ലെങ്കിൽ വല്ല നല്ല കാര്യവും ചെയ്യുമായിരിക്കും’. (മുസ്ലിം)
രണ്ട്: അവൾ ഗർഭിണിയല്ലെങ്കിൽ ഗർഭിണിക്ക് സ്ഥിരപ്പെട്ടതെല്ലാം അവൾക്കും സ്ഥിരപ്പെടും. എന്നാൽ ജീവിതച്ചെലവും അതിനെ തുടർന്നുള്ള വസ്ത്രവും മറ്റും അവൾക്കുണ്ടാവില്ല. ഫാത്വിമ ബിൻത് ക്വയ്‌സിന്റെ ഹദീസാണ് അതിനു തെളിവ്. അവരെ അവരുടെ ഭർത്താവ് അവർക്ക് ശേഷിച്ചിരുന്ന ഒരു ത്വലാക്വും ചൊല്ലിയപ്പോൾ തിരുനബിﷺ അവരോട് പറഞ്ഞു:
لا نفقة لك إلا أن تكوني حاملاً
നിങ്ങൾക്ക് ജീവിതച്ചെലവ് ഒന്നുമില്ല; നിങ്ങൾ ഗർഭിണിയാണെങ്കിലല്ലാതെ. (അബൂദാവൂദ്, നസാഇ, മുസ്ലിം)
ഭർത്താവ് മരിച്ച സ്ത്രീയുടെ ഇദ്ദ
തന്റെ ഭർത്താവ് മരിച്ചതിനെ തൊട്ട് ഇദ്ദയനുഷ്ഠിക്കുന്നവൾക്ക് താഴെ വരുന്ന വിധികൾ ബാധകമാകന്നു:
1) അവൾ ഏതൊരു വീട്ടിലായിരിക്കെയാണോ ഭർത്താവ് മരണപ്പെട്ടത് അതേ വീട്ടിൽ ഇദ്ദയനുഷ്ഠിക്കൽ അവൾക്കു നിർബന്ധമാകുന്നു. പ്രസ്തുത വീട് വാടകക്കെടുത്തതാണെങ്കിലും വായ്പ വാങ്ങിയതാണെങ്കിലും ശരി. തിരുനബിﷺ ഫുറയ്അ ബിൻത് മാലിക് رضي الله عنها യോട് പറഞ്ഞു:
امْكُثِي فِي بَيْتِكِ حَتَّى يَبْلُغَ الْكِتَابُ أَجَلَهُ
നിശ്ചിത അവധി എത്തുന്നതുവരെ നീ നിന്റെ (ഭർത്താവിനോടൊപ്പം താമസിച്ചിരുന്ന) വീട്ടിൽ താമസിക്കുക. (തിര്‍മിദി)
മറ്റൊരു നിവേദനത്തിൽ ഇപ്രകാരമുണ്ട്:
امكثي في بيتك الذي جاء فيه نعيُ زوجك …
ഭർത്താവിന്റെ മരണവാർത്ത നിനക്കെത്തിയ നിന്റെ വീട്ടിൽ താമസിക്കുക.
ഒഴിവുകഴിവുണ്ടെങ്കിലല്ലാതെ മറ്റൊരു വീട്ടിലേക്ക് മാറിപ്പാർക്കൽ അവൾക്കു അനുവദനീയമല്ല. ആ വീട്ടിൽ താമസിക്കുന്നതിനാൽ സ്വന്തത്തിൽ ഉപദ്രവമേൽക്കുമെന്ന് പേടിയുണ്ടാവുക, ബലാൽക്കാരമായി അവിടെനിന്നും മാറ്റുക തുടങ്ങിയതുപോലുള്ള ഒഴിവുകഴിവുകളുണ്ടായാൽ നിർബന്ധ സാഹചര്യത്താൽ അവളുദ്ദേശിക്കുന്നേടത്തേക്ക് മാറിത്താമസിക്കൽ അവൾക്ക് അനുവദനീയമാണ്.
2) അവൾ ഇദ്ദയിരിക്കുന്ന ഭവനത്തിൽ ഒതുങ്ങിക്കൂടൽ അവൾക്കു നിർബന്ധമാണ്. ആവശ്യത്തിനല്ലാതെ അവൾ പുറത്തുപോകരുത്. തന്റെ ആവശ്യങ്ങൾക്ക് പകലിൽ പുറത്തുപോകൽ അവൾക്കനുവദനീയമാകുന്നു. രാത്രിയിൽ പുറത്തു പോകുവാൻ അനുവാദമില്ല. കാരണം രാത്രി കുഴപ്പത്തിന്റെ വേദിയാണ്. അതിനാൽ അനിവാര്യതയുണ്ടായാലല്ലാതെ രാത്രിയിൽ പുറത്തുപോകരുത്. പകൽ ഇതിനു വിപരീതമാണ്. കാരണമത് ആവശ്യനിർവഹണങ്ങളുടെ വേദിയാണ്.
3) ഇദ്ദയുടെ കാലത്ത് ഭർത്താവിന്റെ പേരിൽ ദുഃഖാചരണം അവൾക്കു നിർബന്ധമാണ്.
4) മരണത്തോടെ ദാമ്പത്യജീവിതം അവസാനിക്കുന്നതിനാൽ അവൾക്ക് ജീവിതച്ചെലവില്ല.
ഇഹ്ദാദ്
‘നിരസിക്കുക’ എന്നതാണ് ഭാഷയിൽ ‘ഇഹ്ദാദ്’ അർഥമാക്കുന്നത്. ഒരു സ്ത്രീ സൗന്ദര്യവർധക വസ്തുക്കളും സുഗന്ധദ്രവ്യങ്ങളും ഉപേക്ഷിച്ചാൽ ‘ഹാദ്ദുൻ,’ ‘മുഹിദ്ദുൻ’ എന്നൊക്കെ പറയപ്പെടും.
അന്യപുരുഷന്മാരെ തന്നിലേക്ക് ആകർഷിക്കുന്നതിലേക്കും തെറ്റിലേക്കും നയിക്കുന്ന സൗന്ദര്യവർധക വസ്തുക്കളും സുഗന്ധദ്രവ്യങ്ങളും ഒരു സ്ത്രീ ഉപേക്ഷിക്കുന്നതിനാണ് മതപരമായി ‘ഇഹ്ദാദ്’ എന്നു പറയുക.
ഇഹ്ദാദ് മതപരമെന്നതിന്റെ തെളിവുകൾ
ഭർത്താവ് മരിച്ച സ്ത്രീയുടെമേൽ ഇഹ്ദാദ് നിർബന്ധമാകുന്നു. ഉമ്മുഹബീബ رضي الله عنها യിൽനിന്നുള്ള ഒരു ഹദീസിൽ ഇപ്രകാരമുണ്ട്; തിരുനബിﷺ പറഞ്ഞു:
لا يحل لامرأة تؤمن بالله واليوم الآخر أن تحد على ميت فوق ثلاث ليال، إلا على زوج أربعة أشهر وعشراً
ഏതൊരു മയ്യിത്തിന്റെ പേരിലും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്ന ഒരു സ്ത്രീ മൂന്നു ദിവസത്തിൽ കൂടുതൽ ദുഃഖമാചരിക്കരുത്; ഭർത്താവിന്റെ പേരിലല്ലാതെ. ഭർത്താവ് മരിച്ചാൽ അവൾ നാലു മാസവും പത്തു ദിവസവും ദുഃഖമാചരിക്കണം. (ബുഖാരി, മുസ്ലിം)
عن أم عطية الأنصارية رضي الله عنها قالت:كنا نُنهى أن نحد على ميت فوق ثلاث، إلا على زوج أربعة أشهر وعشراً، ولا نكتحل، ولا نتطيب، ولا نلبس ثوباً مصبوغاً إلا ثوب عَصْب.
ഉമ്മു അത്വിയ്യതുൽ അൻസ്വാരിയിൽനിന്നു നിവേദനം: ഒരു മയ്യിത്തിന്റെ പേരിൽ മൂന്നു ദിവസത്തെക്കാൾ കൂടുതൽ ദുഃഖമാചരിക്കുന്നത് ഞങ്ങൾക്ക് വിരോധിക്കപ്പെട്ടിരുന്നു; ഭർത്താവിന്റെ പേരിലല്ലാതെ. ഭർത്താവ് മരിച്ചാൽ നാലു മാസവും പത്തു ദിവസവും ദുഃഖമാചരിക്കണം. ഞങ്ങൾ സുറുമ എഴുതുമായിരുന്നില്ല. സുഗന്ധം പൂശുമായിരുന്നില്ല. ചായം മുക്കിയ വസ്ത്രം ഞങ്ങൾ ധരിച്ചിരുന്നില്ല; ചായം മുക്കിയ നൂലുകൊണ്ട് നെയ്ത വസ്ത്രമല്ലാതെ. (ബുഖാരി, മുസ്ലിം)
ദുഃഖമാചരിക്കുന്ന സ്ത്രീക്ക് താഴെ വരുന്ന കാര്യങ്ങൾ നിർബന്ധമാകുന്നു:
1) സൗന്ദര്യപ്രകടനങ്ങളും സുഗന്ധദ്രവ്യങ്ങളും ഉപേക്ഷിക്കൽ: വർണാങ്കിതമായ വസ്ത്രങ്ങൾ ധരിക്കുന്നതിൽനിന്ന് അവൾ വിട്ടുനിൽക്കണം. അവൾ സുറുമ എഴുതുകയോ സ്വർണത്തിന്റെയോ വെള്ളിയുടെയോ മറ്റൊ ആഭരണങ്ങൾ ധരിക്കുകയോ ചെയ്യരുത്.
ഉമ്മുസലമ رضي الله عنها യിൽനിന്നുള്ള ഹദീസിൽ ഇപ്രകാരമുണ്ട്:
المتوفى عنها لا تلبس المعصفر من الثياب، ولا المُمَشَّق، ولا الحلي، ولا تختضب، ولا تكتحل
ഭർത്താവ് മരണപ്പെട്ട് (ഇദ്ദയനുഷ്ഠിക്കുന്ന സ്ത്രീ) കുങ്കുമം മുക്കിയതും ചെഞ്ചായം മുക്കിയതുമായ വസ്ത്രങ്ങളും ആഭരണങ്ങളും ധരിക്കരുത്. അവൾ ചായം പൂശുകയോ സുറുമ എഴുതുകയോ ചെയ്യരുത്. (അബൂദാവൂദ്, നസാഇ)
2) അവൾ ഇദ്ദയിരിക്കുന്ന ഭവനത്തിൽ ഒതുങ്ങിക്കൂടൽ അവൾക്കു നിർബന്ധമാണ്. ആവശ്യത്തിനല്ലാതെ അവൾ പുറത്തുപോകരുത്. മുമ്പ് നൽകിയ ഫുറയ്അ ബിൻത് മാലികിന്റെ ഹദീസ് അതാണറിയിക്കുന്നത്.
ഒരു സംഘം പണ്ഡിതന്മാർ രചിച്ച الفقه الميسر في ضوء الكتاب والسنة എന്ന ഗ്രന്ഥത്തിൽനിന്നുമെടുത്തത്
വിവര്‍ത്തനം : അബ്ദുൽ ജബ്ബാർ മദീനി
www.kanzululoom.com