വലിയ ശിര്‍ക്കിന്റെ പരിധിയിലേക്ക് എത്താത്ത തരത്തിലുള്ള ശിര്‍ക്കിനാണ് ചെറിയ ശിര്‍ക്ക് എന്നു പറയുന്നത്. ഇത് മഹാപാപങ്ങളില്‍ പെട്ടതാണ്. മാത്രവുമല്ല ഇത് കൂടി വന്നാല്‍ വലിയ ശിര്‍ക്കിലേക്ക് മനുഷ്യനെ എത്തിക്കുകയും ചെയ്യും. കര്‍മങ്ങളോടൊപ്പം ചെറിയ ശിര്‍ക്ക് ചേര്‍ന്ന് വന്നാല്‍ അവ നിഷ്ഫലമായിപ്പോകും. ‘രിയാഅ്” അതിന് ഉദാഹരണമാണ്. ദുന്‍യാവിന് വേണ്ടി സല്‍കര്‍മങ്ങള്‍ ചെയ്യുന്നവന്റെ അവസ്ഥയും അതുതന്നെയാണ്.
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : قَالَ اللَّهُ تَبَارَكَ وَتَعَالَى : أَنَا أَغْنَى الشُّرَكَاءِ عَنِ الشِّرْكِ مَنْ عَمِلَ عَمَلاً أَشْرَكَ فِيهِ مَعِي غَيْرِي تَرَكْتُهُ وَشِرْكَهُ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു പറഞ്ഞിരിക്കുന്നു:പങ്കാളികളില്‍ നിന്നും ഞാന്‍ ധന്യനാണ്. എന്നില്‍ പങ്കുചേര്‍ത്തുകൊണ്ട് വല്ലവനും വല്ല പ്രവര്‍ത്തവനും ചെയ്താല്‍ അവനെയും അവന്റെ ശിര്‍ക്കിനെയും ഞാന്‍ ഉപേക്ഷിച്ചിരിക്കുന്നു. (മുസ്‌ലിം).
ചെറിയ ശിര്‍ക്ക് പലതരമുണ്ട്. ഹൃദയം കൊണ്ടുള്ള ഇബാദത്തുകളില്‍ വരുന്ന ചെറിയ ശിര്‍ക്കുണ്ട്. അതില്‍ പെട്ടതാണ് രിയാഅ്. മറ്റുള്ളവര്‍ക്ക് മുമ്പില്‍ സല്‍കര്‍മങ്ങള്‍ പ്രകടിപ്പിക്കുകയോ നന്നാക്കിക്കാണിക്കുകയോ ചെയ്യുന്നതിനാണ് രിയാഅ് എന്ന് പറയുന്നത്. മറ്റുള്ളവരുടെ പുകഴ്‌വാക്കിന്നര്‍ഹനാകാനും ഭൗതികതാല്‍പര്യങ്ങള്‍ക്കും വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഒരു പ്രവര്‍ത്തനത്തില്‍ അല്ലാഹുവിന്റെ തൃപ്തി ആഗ്രഹിക്കുകയും കൂടെ രിയാഅ് ഉണ്ടാകുകയും ചെയ്താല്‍ ആരാധനയില്‍ പങ്കാളികളെ ഉണ്ടാക്കലാണത്. ഇനി ഒരു സല്‍കര്‍മം കൊണ്ടുദ്ദേശം ജനങ്ങളുടെ പുകഴ്ത്തല്‍ ലഭിക്കല്‍ മാത്രമാണെങ്കില്‍ അവന്‍ വലിയ അപകടത്തിലാണ്. രിയാഇന് വ്യത്യസ്ത രൂപങ്ങളുണ്ട്.
(1). റുകുഉം സുജൂദും സുദീര്‍ഘമായി മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി ചെയ്യുക. (കര്‍മത്തിലെ രിയാഅ്).
(2). പണ്ഡിതനെന്ന് ജങ്ങളെ തോന്നിപ്പിക്കാന്‍ ആ നിലക്കുള്ളകാര്യങ്ങള്‍ പറയുക.(വാക്കിലെ രിയാഅ്).
(3). നമസ്‌കാരക്കാരനാണെന്ന് അറിയിക്കാനായി നെറ്റിയില്‍ തഴമ്പ് പാട്‌പെട്ട് ഉണ്ടാക്കുക (രൂപഭാവങ്ങളിലെ രിയാഅ്).
രിയാഅ് പാടില്ലെന്ന് പഠിപ്പിക്കുന്ന ഒട്ടനവധി ഹദീഥുകള്‍ കാണാം. രിയാഅ് ഉള്ള കര്‍മങ്ങള്‍ നിഷ്ഫലമാണെന്നും അത്തരം ഹദീഥുകള്‍ പഠിപ്പിക്കുന്നു.
عَنْ مَحْمُودِ بْنِ لَبِيدٍ الأَنْصَارِيَّ- رضى الله عنه - قَالَ: قَالَ رَسُولُ اَللَّهِ - صلى الله عليه وسلم : إنَّ أخْوَفَ ما أخافُ عليكم الشِّركُ الأصْغَرُ، قالوا: وما الشِّركُ الأصْغَرُ يا رسولَ اللهِ؟ قال: الرِّياءُ؛ يقولُ اللهُ عزَّ وجلَّ لهم يومَ القِيامةِ إذا جُزِيَ الناسُ بأعمالِهم: اذْهَبوا إلى الذين كنتُم تُراؤون في الدُّنيا، فانظُروا هل تَجِدون عِندَهُم جزاءً؟!
മഹ്മൂദ് ബ്നു ലബീദ് അൽ അൻസ്വാരി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ”നിങ്ങളുടെ കാര്യത്തില്‍ ചെറിയശിര്‍ക്കിനെയാണ് ഞാന്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത്.” സ്വഹാബത്ത് ചോദിച്ചു: ”എന്താണ് റസൂലേ ചെറിയ ശിര്‍ക്ക്?” നബി ﷺ പറഞ്ഞു: ‘രിയാഅ്’ അന്ത്യദിനത്തില്‍ കര്‍മങ്ങളുടെ ഫലം ജനങ്ങള്‍ക്കു നല്‍കുമ്പോള്‍ അല്ലാഹു പറയും: ‘ദുന്‍യാവില്‍ ആരെകാണിക്കാനായിരുന്നോ നിങ്ങള്‍ ചെയ്തിരുന്നത് അവരുടെ അടുക്കല്‍ പ്രതിഫലമുണ്ടോ എന്ന് പോയി അന്വേഷിച്ചു കൊള്ളുക” (അഹ്മദ്).
മറ്റൊരിക്കല്‍ നബി ﷺ പറഞ്ഞു:
أيها الناس إياكم وشرك السرائر ” قالوا : يا رسول الله ، وما شرك السرائر ؟ قال : ” يقوم الرجل فيصلي ، فيزين صلاته ، جاهدا لما يرى من نظر الناس إليه ، فذلك شرك السرائر ” .
”ഗോപ്യമായ ശിര്‍ക്കിനെ നിങ്ങള്‍ ഭയപ്പെടുക.” സ്വഹാബത്ത് ചോദിച്ചു: ”എന്താണ റസുലേ ഗോപ്യമായ ശിര്‍ക്ക്?” നബി ﷺ പറഞ്ഞു: ”ഒരു വ്യക്തി തന്റെ നമസ്‌കാരത്തെ തന്നെ നോക്കിക്കാണുന്നവര്‍ക്കായി ഭംഗിയാക്കി നിര്‍വഹിക്കുന്നു…. അതാണ് ഗോപ്യമായ ശിര്‍ക്ക്” (ഇബ്‌നുഖുസൈമ).
അന്ത്യദിവസത്തില്‍ ആദ്യമായി നരകത്തിലേക്കെറിയുന്നത് ദുന്‍യാവിന് വേണ്ടി പ്രവര്‍ത്തിച്ച മൂന്ന് ആളുകളെയാണെന്ന് നബി ﷺ പഠിപ്പിച്ചിട്ടുണ്ട്.
(1) ധീരനാണെന്ന് അറിയപ്പെടാന്‍ വേണ്ടി യുദ്ധംചെയ്ത് മരിച്ചവന്‍.
(2) പണ്ഡിതനെന്നും ഓത്തുകാരനെന്നും അറിയപ്പെടാന്‍ വേണ്ടി അറിവ് നേടിയവനും ക്വുര്‍ആന്‍ ഓതിയവനും.
(3) ധര്‍മിഷ്ഠനെന്ന് പറയപ്പെടാന്‍ വേണ്ടി ധര്‍മം നല്‍കിയവന്‍.
അതുകൊണ്ട് തന്നെ ഒരു സത്യവിശ്വാസി വളരെ ഗൗരവത്തോടുകൂടി കാണേണ്ട ഒരു വിഷയമാണിത്. ഈ ശിര്‍ക്കില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിക്കുന്ന ചിലകാര്യങ്ങളുണ്ട്.
(1) ഹൃദയത്തില്‍ ഈമാന്‍ ദൃഢപ്പെടുത്തുക: റബ്ബിലുള്ള പ്രതീക്ഷ ശക്തമാക്കുകയും മറ്റുള്ളവരെ അവഗണിക്കുകയും ചെയ്യുക. പിശാചിന്റെ എല്ലാതരം വസ്‌വാസുകളില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗം ഈമാന്‍ ശക്തിപ്പെടുത്തല്‍ തന്നെയാണ്.
(2) മതവിജ്ഞാനം നേടുക: പ്രത്യേകിച്ചും അക്വീദയുമായി ബന്ധപ്പെട്ട അറിവ്. കാരണം അക്വീദ (വിശ്വാസം) എന്നത് ഒരു രക്ഷാകവചമാണ്. റബ്ബിന്റെ മഹത്ത്വവും സൃഷ്ടികളുടെ ദൗര്‍ബല്യതയും അറിയുന്ന ഒരാള്‍ക്കേ സ്രഷ്ടാവിനുവേണ്ടി കര്‍മങ്ങള്‍ ചെയ്യാന്‍ കഴിയൂ. തീര്‍ച്ചയായും ഈ അറിവ് സൃഷ്ടികളിലേക്കുള്ള ചിന്തയില്‍ നിന്നും മനുഷ്യനെ രക്ഷപ്പെടുത്തും. അക്വീദ പഠിക്കുന്നതോടൊപ്പം പിശാചിന്റെ പ്രവേശന കവാടങ്ങളെക്കുറിച്ചും ഒരു വിശ്വാസി അറിഞ്ഞിരിക്കേണ്ടതുണ്ട്. അപ്പോള്‍ രിയാഅ് പിശാചിന്റെ ഭാഗത്തുനിന്നാണെന്ന് മനസ്സിലാക്കാനും അതില്‍ നിന്ന് രക്ഷപ്പെടാനും സാധിക്കും.
(3) പ്രാര്‍ത്ഥനകള്‍ വര്‍ധിപ്പിക്കുക: നാം എപ്പോഴും മനസ്സുകൊണ്ട് അല്ലാഹുവിലേക്ക് മടങ്ങുന്നവരും പ്രാര്‍ത്ഥനയിലൂടെ അവന്റെ മുന്നില്‍ വിനയാന്വിതരും ആയിരിക്കണം. പിശാചിന്റെ ഉപദ്രവത്തില്‍ നിന്നും ദുര്‍മന്ത്രങ്ങളില്‍ നിന്നും രിയാഇല്‍ നിന്നും മുക്തിനേടാനും നിരന്തരം റബ്ബിനോട് തേടണം. പ്രമാണങ്ങളില്‍ പഠിപ്പിക്കപ്പെട്ട ദിക്‌റുകള്‍ പതിവാക്കുകയും വേണം.
(4) രിയാഇന്റെ ആളുകള്‍ക്ക് പരലോകത്ത് ലഭിക്കാനിരിക്കുന്ന ശിക്ഷയെക്കുറിച്ച് ഓര്‍ക്കുക: അതില്‍ ഏറ്റവും ഗൗരവമേറിയതാണ് ആദ്യമായി നരകത്തില്‍ പോകുന്നത് മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ചവരാണ് എന്ന് പഠിപ്പിക്കപ്പെടുന്ന ഹദീഥ്.
(5) രിയാഅ് സംഭവിക്കാതിരിക്കാന്‍ ആവശ്യമായ കാരണങ്ങള്‍ സ്വീകരിക്കുക: അതായത് മറച്ചുവെച്ച് ചെയ്യാന്‍ കഴിയുന്ന ഇബാദത്തുകള്‍ അങ്ങനെ ചെയ്യുക. തന്റെ പ്രവര്‍ത്തനങ്ങളെ വിളംബരപ്പെടുത്താതിരിക്കുക. പുകഴ്ത്തിപ്പറയുന്ന ആളുകളുടെയും വലുപ്പത്തരം പറയുന്ന ആളുകളുടെയും സദസ്സില്‍ ഇരിക്കാതിരിക്കുക. അവിടെ ഇരുന്നാല്‍ നമുക്കും അങ്ങനെ പറയാന്‍ തോന്നും.
ചുരുക്കത്തില്‍, രിയാഅ് ഗൗരവമേറിയ വിഷയമാണ്. കൂട്ടത്തില്‍ മനസ്സിലാക്കേണ്ട മറ്റൊരുകാര്യം കൂടിയുണ്ട്. മറ്റുള്ളവരെക്കുറിച്ച് അവര്‍ രിയാഉള്ളവരാണ് എന്ന് നാം ആക്ഷേപിക്കരുത്. കാരണം രിയാഅ് ഹൃദയത്തിന്റെ പ്രവര്‍ത്തനമാണ്. അല്ലാഹുവിനല്ലാതെ ഒരാള്‍ക്കും ഹൃദയത്തിലുള്ള കാര്യങ്ങള്‍ അറിയുകയില്ല. മുസ്‌ലിംകളെ രിയാഇന്റെ ആളെന്ന് പറഞ്ഞ് ആക്ഷേപിക്കല്‍ മുനാഫിക്വിന്റെ സ്വഭാവമാണ്. അതുപോലെത്തന്നെ രിയാഇന്റെ ഉദ്ദേശമില്ലാതെ മറ്റുള്ളവര്‍ക്ക് മാതൃക, പ്രോത്സാഹനം എന്നൊക്കെയുള്ള ഉദ്ദേശത്തോടെ തന്റെ പ്രവര്‍ത്തനങ്ങളെ പ്രകടമാക്കാവുന്നതാണ്. അപ്പോള്‍, കര്‍മങ്ങളെ പ്രകടമാക്കുന്നവരൊക്കെ രിയാഇന്റെ ആളുകളെന്ന് പറയരുത്.
ഹൃദയം കൊണ്ടുള്ള ആരാധനയില്‍ വരുന്ന ചെറിയ ശിര്‍ക്കില്‍ പെട്ടതാണ് തന്റെ കര്‍മങ്ങള്‍ കൊണ്ട് ദുന്‍യാവ് ലക്ഷ്യംവെക്കുക എന്നത്. ഇതു പാടില്ലാത്ത കാര്യമാണ്. ഇതു തന്നെ പലതരത്തിലുണ്ട്.
(1) ഇഹലോകത്തെ ഗുണം മാത്രം ലക്ഷ്യം വെച്ച് പരലോകത്തേക്കുള്ള പ്രവര്‍ത്തനം ചെയ്യുക. ഗനീമത്തിന് (യുദ്ധാര്‍ജിത സ്വത്ത്) വേണ്ടി യുദ്ധം ചെയ്യുക. സര്‍ട്ടിഫിക്കറ്റിനും ജോലിക്കും വേണ്ടി മാത്രം മതം പഠിക്കുക. ഇവിടെയൊന്നും അല്ലാഹുവിന്റെ പ്രതിഫലമോ മറ്റോ ഉദ്ദേശിക്കുന്നേ ഇല്ല. ഇത് തികച്ചും ഹറാമാണ്. മഹാപാപമാണ്. ഈ കര്‍മങ്ങള്‍ നിഷ്ഫലവുമാണ്. അല്ലാഹു പറയുന്നു:
مَن كَانَ يُرِيدُ ٱلْحَيَوٰةَ ٱلدُّنْيَا وَزِينَتَهَا نُوَفِّ إِلَيْهِمْ أَعْمَٰلَهُمْ فِيهَا وَهُمْ فِيهَا لَا يُبْخَسُونَ ﴿١٥﴾ أُو۟لَٰٓئِكَ ٱلَّذِينَ لَيْسَ لَهُمْ فِى ٱلْـَٔاخِرَةِ إِلَّا ٱلنَّارُ ۖ وَحَبِطَ مَا صَنَعُوا۟ فِيهَا وَبَٰطِلٌ مَّا كَانُوا۟ يَعْمَلُونَ ﴿١٦﴾
ഐഹികജീവിതത്തെയും അതിന്‍റെ അലങ്കാരത്തെയുമാണ് ആരെങ്കിലും ഉദ്ദേശിക്കുന്നതെങ്കില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ അവിടെ (ഇഹലോകത്ത്) വെച്ച് അവര്‍ക്ക് നാം നിറവേറ്റികൊടുക്കുന്നതാണ്. അവര്‍ക്കവിടെ യാതൊരു കുറവും വരുത്തപ്പെടുകയില്ല. പരലോകത്ത് നരകമല്ലാതെ മറ്റൊന്നും കിട്ടാനില്ലാത്തവരാകുന്നു അക്കൂട്ടര്‍. അവര്‍ ഇവിടെ പ്രവര്‍ത്തിച്ചതെല്ലാം പൊളിഞ്ഞുപോയിരിക്കുന്നു. അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതെല്ലാം ഫലശൂന്യമത്രെ. (ഖു൪ആന്‍:11/15-16)
إنَّمَا الْأَعْمَالُ بِالنِّيَّاتِ، وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى،
നബി ﷺ പറഞ്ഞു: നിശ്ചയമായും കര്‍മങ്ങള്‍ നിയ്യത്തനുസരിച്ചാകുന്നു. ഓരോരുത്തനും എന്ത് ഉദ്ദേശിച്ചുവോ അതേ അവനുള്ളു …(ബുഖാരി, മുസ്‌ലിം)
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم :مَنْ تَعَلَّمَ عِلْمًا مِمَّا يُبْتَغَى بِهِ وَجْهُ اللَّهِ عَزَّ وَجَلَّ لاَ يَتَعَلَّمُهُ إِلاَّ لِيُصِيبَ بِهِ عَرَضًا مِنَ الدُّنْيَا لَمْ يَجِدْ عَرْفَ الْجَنَّةِ يَوْمَ الْقِيَامَةِ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ച് നേടേണ്ടുന്ന അറിവ് വല്ലവനും ദുന്‍യാവിന്റെ ലക്ഷ്യത്തിനുവേണ്ടി നേടിയാല്‍ സ്വര്‍ഗത്തിന്റെ സുഗന്ധം പോലും അവന്‍ അനുഭവിക്കുകയില്ല. (അബൂദാവൂദ്)
(2) ഒരു ആരാധനകൊണ്ട് അല്ലാഹുവിന്റെ പ്രതിഫലവും കൂടെ ദുന്‍യാവും ആഗ്രഹിക്കുക. അല്ലാഹുവിന്റെ പ്രതിഫലവും കൂടെ കച്ചവടവും ഉദ്ദേശിച്ച് ഹജ്ജിന് പോവുക. സ്വര്‍ഗവും കൂടെ ദുന്‍യാവും ആഗ്രഹിച്ച് യുദ്ധത്തിന് പോവുക. പ്രതിഫലത്തിനും ചികിത്സാവശ്യാര്‍ഥവും നോമ്പെടുക്കുക. നമസ്‌കാരത്തിനും തണുപ്പ് ഉദ്ദേശിച്ചും വുദൂഅ് എടുക്കുക. അല്ലാഹുവിന്റെ പ്രതിഫലത്തിനും ജോലി ലഭിക്കുവാനുമായി മതം പഠിക്കുക. ഇതെല്ലാം അനുവദനീയമാണ്. ദുന്‍യാവ് മാത്രം ഉദ്ദേശിക്കുന്നതിനെത്തൊട്ടാണ് നിരോധനം വന്നിട്ടുള്ളത്. മാത്രവുമല്ല ഒരുപാട് ആരാധനകള്‍ക്ക് ഭൗതികമായ ഗുണങ്ങളും അല്ലാഹു നിശ്ചയിച്ചിട്ടുണ്ട്. ഹജ്ജിനെക്കുറിച്ച് പറഞ്ഞേടത്ത് അല്ലാഹു പറഞ്ഞു:
لَيْسَ عَلَيْكُمْ جُنَاحٌ أَن تَبْتَغُوا۟ فَضْلًا مِّن رَّبِّكُمْ
(ഹജ്ജിനിടയില്‍) നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഭൗതികാനുഗ്രഹങ്ങള്‍ നിങ്ങള്‍ തേടുന്നതില്‍ കുറ്റമൊന്നുമില്ല …. (ഖു൪ആന്‍:2/98)
തക്വ്‌വയെ (സൂക്ഷ്മത) കുറിച്ച് പറഞ്ഞപ്പോള്‍ അല്ലാഹു പറഞ്ഞു:
…وَمَن يَتَّقِ ٱللَّهَ يَجْعَل لَّهُۥ مَخْرَجًا ﴿٢﴾ وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ ۚ وَمَن يَتَوَكَّلْ عَلَى ٱللَّهِ فَهُوَ حَسْبُهُۥٓ ۚ إِنَّ ٱللَّهَ بَٰلِغُ أَمْرِهِۦ ۚ قَدْ جَعَلَ ٱللَّهُ لِكُلِّ شَىْءٍ قَدْرًا ﴿٣﴾
… വല്ലവനും അല്ലാഹുവെ സൂക്ഷിക്കുന്ന പക്ഷം അല്ലാഹു അവന്നൊരു പോംവഴി ഉണ്ടാക്കിക്കൊടുക്കുകയും, അവന്‍ കണക്കാക്കാത്ത വിധത്തില്‍ അവന്ന് ഉപജീവനം നല്‍കുകയും ചെയ്യുന്നതാണ്. വല്ലവനും അല്ലാഹുവില്‍ ഭരമേല്‍പിക്കുന്ന പക്ഷം അവന്ന് അല്ലാഹു തന്നെ മതിയാകുന്നതാണ്. തീര്‍ച്ചയായും അല്ലാഹു തന്റെ കാര്യം പ്രാപിക്കുന്നവനാകുന്നു. ഓരോ കാര്യത്തിനും അല്ലാഹു ഒരു ക്രമം ഏര്‍പെടുത്തിയിട്ടുണ്ട്. (ഖു൪ആന്‍:65/2-3)
പാപമോചനം തേടുന്നതിനെക്കുറിച്ച് പറഞ്ഞേടത്ത് അല്ലാഹു പറയുന്നു:
فَقُلْتُ ٱسْتَغْفِرُوا۟ رَبَّكُمْ إِنَّهُۥ كَانَ غَفَّارًا ﴿١٠﴾يُرْسِلِ ٱلسَّمَآءَ عَلَيْكُم مِّدْرَارًا ﴿١١﴾ وَيُمْدِدْكُم بِأَمْوَٰلٍ وَبَنِينَ وَيَجْعَل لَّكُمْ جَنَّٰتٍ وَيَجْعَل لَّكُمْ أَنْهَٰرًا ﴿١٢﴾
അങ്ങനെ ഞാന്‍ പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനാകുന്നു. അവന്‍ നിങ്ങള്‍ക്ക് മഴ സമൃദ്ധമായി അയച്ചുതരും. സ്വത്തുക്കളും സന്താനങ്ങളും കൊണ്ട് നിങ്ങളെ അവന്‍ പോഷിപ്പിക്കുകയും നിങ്ങള്‍ക്കവന്‍ തോട്ടങ്ങള്‍ ഉണ്ടാക്കിത്തരികയും നിങ്ങള്‍ക്കവന്‍ അരുവികള്‍ ഉണ്ടാക്കിത്തരികയും ചെയ്യും. (ഖു൪ആന്‍:71/11-12)
ഹജ്ജും ഉംറയും നിങ്ങള്‍ ആവര്‍ത്തിച്ച് ചെയ്യുക എന്ന് പറഞ്ഞ ഹദീഥില്‍ അത് പാപങ്ങളെ മായ്ച്ച് കളയും എന്ന് പറഞ്ഞതോടൊപ്പം ദാരിദ്ര്യത്തെ ഇല്ലാതാക്കും എന്നും കാണാം. (അഹ്മദ്:3669, തുര്‍മുദി:810).
ഇവിടെ കര്‍മം നിഷ്ഫലമാകുന്നില്ല. പക്ഷേ, ദുന്‍യാവിലേക്കുള്ള ആവശ്യത്തോട് എത്രത്തോളം കടുപ്പം കൂടുതലാണോ അതനുസരിച്ച് കര്‍മത്തിന്റെ പ്രതിഫലത്തില്‍ കുറവ് സംഭവിക്കും. (മുസ്‌ലിം:1906).
എന്നാല്‍ ദുന്‍യാവ് ആഗ്രഹിക്കാതെ തന്നെ ഒരു ആരാധനയിലൂടെ ദുന്‍യാവ് ലഭിച്ചാല്‍ അത് പരലോകത്തെ പ്രതിഫലത്തില്‍ ഒരുകുറവും വരുത്തുകയില്ല.
ഫദ്‌ലുല്‍ ഹഖ് ഉമരി
www.kanzululoom.com