ഉജ്ബ് (പെരുമ നടിക്കൽ)

അല്ലാഹു ഒരിക്കലും ഇഷ്‌ടപ്പെടാത്ത കാര്യമാണ് ഒരാൾ തന്നെത്തന്നെ എല്ലാം തികഞ്ഞവനായി കാണുക എന്നത്. എത്ര ഉയർന്നവനാണെങ്കിലും ഈ സ്വഭാവവുണ്ടെങ്കിൽ അല്ലാഹു അവനെ താഴ്ത്തും. അറബി ഭാഷയിൽ ഉജ്ബ് എന്നാണിതിന് പറയുക. ഞാൻ എല്ലാം നല്ലവനാണ്. ഞാൻ എല്ലാറ്റിനും പോന്നവനാണ്. ഞാൻ… ഞാൻ… ഇത് മനസ്സിനെ ബാധിക്കുന്ന വലിയ ഒരു രോഗമാണ്. ഹുനൈൻ യുദ്ധ വേളയിൽ ഞങ്ങൾ കുറെ ആളുകളുണ്ടല്ലോ, ഞങ്ങളെ പരാജയപ്പെടുത്താൻ ആർക്കും കഴിയില്ല എന്ന് സ്വഹാബികൾക്ക് തോന്നിയപ്പോൾ അല്ലാഹുവിന്റെ നടപടി എന്തായിരുന്നു?

لَقَدْ نَصَرَكُمُ ٱللَّهُ فِى مَوَاطِنَ كَثِيرَةٍ ۙ وَيَوْمَ حُنَيْنٍ ۙ إِذْ أَعْجَبَتْكُمْ كَثْرَتُكُمْ فَلَمْ تُغْنِ عَنكُمْ شَيْـًٔا وَضَاقَتْ عَلَيْكُمُ ٱلْأَرْضُ بِمَا رَحُبَتْ ثُمَّ وَلَّيْتُم مُّدْبِرِينَ

തീര്‍ച്ചയായും ധാരാളം (യുദ്ധ) രംഗങ്ങളില്‍ അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്‌. ഹുനൈന്‍ (യുദ്ധ) ദിവസത്തിലും (സഹായിച്ചു.) അതായത് നിങ്ങളുടെ എണ്ണപ്പെരുപ്പം നിങ്ങളെ ആഹ്ലാദം കൊള്ളിക്കുകയും എന്നാല്‍ അത് നിങ്ങള്‍ക്ക് യാതൊരു പ്രയോജനവും ഉണ്ടാക്കാതിരിക്കുകയും, ഭൂമിവിശാലമായിട്ടും നിങ്ങള്‍ക്ക് ഇടുങ്ങിയതാവുകയും, അനന്തരം നിങ്ങള്‍ പിന്തിരിഞ്ഞോടുകയും ചെയ്ത സന്ദര്‍ഭം. (ഖു൪ആന്‍:9/25)

നമ്മൾ നന്നായി ജീവിക്കുന്നവരായേക്കാം. എന്നാൽ ഞാൻ ആരൊക്കെയോ ആണ്, ഞാൻ ഒരു സംഭവമാണ് എന്ന തോന്നലുണ്ടാവരുത്.

فَلَا تُزَكُّوٓا۟ أَنفُسَكُمْ ۖ هُوَ أَعْلَمُ بِمَنِ ٱتَّقَىٰٓ ‎

അതിനാല്‍ നിങ്ങള്‍ ആത്മപ്രശംസ നടത്താതിരിക്കുക. അവനാകുന്നു സൂക്ഷ്മത പാലിച്ചവരെപ്പറ്റി നന്നായി അറിയുന്നവന്‍. (ഖു൪ആന്‍:53/31-32)

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ النَّبِيُّ صلى الله عليه وسلم ‏ :‏ بَيْنَمَا رَجُلٌ يَمْشِي فِي حُلَّةٍ، تُعْجِبُهُ نَفْسُهُ مُرَجِّلٌ جُمَّتَهُ، إِذْ خَسَفَ اللَّهُ بِهِ، فَهْوَ يَتَجَلَّلُ إِلَى يَوْمِ الْقِيَامَةِ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു വ്യക്തി നല്ല വസ്ത്രം ധരിച്ച് അഹങ്കരിച്ച് നടന്നപ്പോൾ അല്ലാഹു അവനെ ആഴ്ത്തിക്കളഞ്ഞു. അന്ത്യനാൾ വരെ ആ വ്യക്തി (ഭൂമിക്കടിയിൽ) പിടച്ചുകൊണ്ടിരിക്കും. (ബുഖാരി, മുസ്‌ലിം)

മൂന്ന്കാര്യങ്ങൾ മനുഷ്യനെ നശിപ്പിക്കുന്നവയാണ് എന്ന് പറഞ്ഞു കൊണ്ട് നബി ﷺ പഠിപ്പിച്ചു:

ثلاث مهلكات؛ شُحٌّ مُطَاعٌ، وهَوًى مُتَّبَعٌ، وإِعْجَابُ المَرْءِ بِنفسِهِ

വിധേയപ്പെട്ടുപോയ പിശുക്ക്, പിൻപറ്റപ്പെടുന്ന ഇഛ, സ്വന്തത്തെക്കുറിച്ച് തികഞ്ഞവനാണെന്ന തോന്നൽ. (അത്തർഗീബുവത്തർഹീബ്)

മസ്റൂഖ് പറയുന്നു: അല്ലാഹുവിനെ ഭയപ്പെടുന്നവൻ അറിവുള്ളവനാണ്. സ്വന്തം കർമത്തിൽ പെരുമ നടിക്കുന്നവൻ ജാഹിൽ (അറിവില്ലാത്തവൻ) ആണ്. (ഇമാം ബാജി).

قال ابن مسعود رضي الله عنه: الهلاك في اثنتين : القنوط والعجب

ഇബ്‌നു മസ്ഊദ്‌ رَضِيَ اللَّهُ عَنْهُ  പറയുന്നു: നാശം രണ്ടു കാര്യങ്ങളിലാണ്. നിരാശയും സ്വയം പെരുമനടിക്കലും (ആണ് അവ). (കിതാബുൽ അർബഈൻ. പേജ് 116-117)

കാരണം, നിരാശപ്പെട്ടവൻ നിരാശ കാരണത്താൽ പിന്നെ റബ്ബിനോട് ചോദിക്കുകയില്ല. പെരുമ നടിക്കുന്നവൻ ഞാൻ വിജയിച്ചു കഴിഞ്ഞു എന്ന ചിന്ത ഉള്ളതുകൊണ്ട് റബ്ബിനോട് ചോദിക്കുകയില്ല . അബൂ ഉബൈദതുബ്‌നുൽ ജർറാഹ് ഒരിക്കൽ തൻ്റെ ആളുകൾക്ക് ഇമാമായി നമസ്ക്‌കരിച്ചു. നമസ്‌കാര ശേഷം അദ്ദേഹം പറഞ്ഞു: ‘പിശാച് എൻ്റെ കൂടെയുണ്ട്. എൻ്റെ പിന്നിൽ നിൽക്കുന്നവരെക്കാൾ ശ്രേഷ്‌ഠനാണ് ഞാൻ എന്ന തോന്നൽ വരികയാണ്. അതുകൊണ്ട് ഞാൻ ആർക്കും ഇമാം നിൽക്കുകയില്ല’ (സുനനുസ്സ്വാലിഹീൻ വസ നനുൽ ആബിദീൻ: 2/704)

സ്വന്തം തിന്മകളെതൊട്ട് നമ്മെ അന്ധരാക്കിക്കളയുന്ന പാപമാണ് ‘ഉജ്ബ്’ എന്നത്. അത് അവനവനിലുള്ള എല്ലാ നന്മയെയും വലിയതാക്കി കാണിക്കുന്നു. മറ്റുള്ളവരിൽ നിന്നുള്ള പുകഴ്ത്തലിൽ ആസ്വാദനം കണ്ടെത്തുന്നു. അതോടൊപ്പം സ്വന്തം തിന്മകളെ തിന്മകളായി കാണുന്നുമില്ല. അഹങ്കാരത്തിന്റെ അടിസ്ഥാനപരമായ കാരണവും ‘ഉജ്ബ്’ തന്നെയാണ്.

‘ഉജ്ബ്’ വ്യക്തിയുടെയും സമൂഹത്തിന്റെയും നാശഹേതുവാണ്. സ്വന്തം തിന്മകളെ കാണാതിരിക്കലും അല്ലാഹുവിന്റെ ശിക്ഷയെ ഭയപ്പെടാതിരിക്കലും ഉജ്ബിന്റെ അനന്തരഫലങ്ങളാണ്. സ്വന്തം അറിവിലോ അഭിപ്രായത്തിന്റെ കാര്യത്തിലോ ‘ഉജ്ബ്’ തോന്നിക്കഴിഞ്ഞാൽപിന്നെ അവൻ പഠിക്കുകയില്ല. നല്ല അഭിപ്രായങ്ങൾ അവനിൽ നിന്നുണ്ടാവുകയില്ല. ഇഹത്തിലും പരത്തിലും അവന് നാശമായിരിക്കും.

ലോകത്ത് ആരെല്ലാം ‘ഉജ്‌ബ്’ കാണിച്ചിട്ടുണ്ടോ അവരെയൊക്കെ അല്ലാഹു നശിപ്പിച്ചിട്ടേയുള്ളൂ. അറിവുള്ളവൻ അറിവ് കൊണ്ടും സമ്പന്നൻ സമ്പത്ത് കൊണ്ടും വ്യാപാരി തൻ്റെ കച്ചവടം കൊണ്ടും സൗന്ദര്യവാൻ സൗന്ദര്യം കൊണ്ടും പലപ്പോഴും ‘ഉജ്ബ്’ കാണിക്കാറുണ്ട്. സ്റ്റേജിലും പേജിലും സദസ്സിലും ആളുകൾ ഇത് പലപ്പോഴും പ്രകടിപ്പിക്കാറുണ്ട്. അല്ലാഹു ആരെന്നും താൻ ആരെന്നും മനസ്സിലാക്കാത്തതു കൊണ്ടാണ് ‘ഉജ്ബ്’ പലപ്പോഴും കടന്നുവരുന്നത്. സദാസമയവും ഞാൻ അവനെക്കാൾ നല്ലവനാണ്, സമ്പന്നനാണ്, ശക്തനാണ്, എല്ലാറ്റിനും പോന്നവനാണ്… എന്നൊക്കെയുള്ള ചിന്ത നാശത്തിലേക്കേ നയിക്കുകയുള്ളൂ. ആദം നബി عليه السلام യുടെ മുമ്പിൽ സുജൂദ് ചെയ്യാൻ കൽപിച്ചപ്പോൾ ഇബ്ലീസ് അനുസരിച്ചില്ല. അവൻ അതിനുള്ള കാരണം പറഞ്ഞത് കാണുക:

قَالَ أَنَا۠ خَيْرٌ مِّنْهُ خَلَقْتَنِى مِن نَّارٍ وَخَلَقْتَهُۥ مِن طِينٍ

അവന്‍ പറഞ്ഞു: ഞാന്‍ അവനെക്കാള്‍ (ആദമിനെക്കാള്‍) ഉത്തമനാകുന്നു. എന്നെ നീ അഗ്നിയില്‍ നിന്നാണ് സൃഷ്ടിച്ചത്‌. അവനെ നീ സൃഷ്ടിച്ചത് കളിമണ്ണില്‍ നിന്നും. (ഖു൪ആന്‍:7/12)

ഇതിൻ്റെ അന്തരഫലം ഇതായിരുന്നു:

قَالَ فَٱهْبِطْ مِنْهَا فَمَا يَكُونُ لَكَ أَن تَتَكَبَّرَ فِيهَا فَٱخْرُجْ إِنَّكَ مِنَ ٱلصَّٰغِرِينَ

അവന്‍ (അല്ലാഹു) പറഞ്ഞു: നീ ഇവിടെ നിന്ന് ഇറങ്ങിപ്പോകുക. ഇവിടെ നിനക്ക് അഹങ്കാരം കാണിക്കാന്‍ പറ്റുകയില്ല. തീര്‍ച്ചയായും നീ നിന്ദ്യരുടെ കൂട്ടത്തിലാകുന്നു. (ഖു൪ആന്‍:7/13)

قَالَ فَٱخْرُجْ مِنْهَا فَإِنَّكَ رَجِيمٌ ‎﴿٧٧﴾‏ وَإِنَّ عَلَيْكَ لَعْنَتِىٓ إِلَىٰ يَوْمِ ٱلدِّينِ ‎﴿٧٨﴾

അവന്‍ (അല്ലാഹു) പറഞ്ഞു: എന്നാല്‍ നീ ഇവിടെ നിന്ന് പുറത്ത് പോകണം. തീര്‍ച്ചയായും നീ ആട്ടിയകറ്റപ്പെട്ടവനാകുന്നു. തീര്‍ച്ചയായും ന്യായവിധിയുടെ നാള്‍ വരെയും നിന്‍റെ മേല്‍ എന്‍റെ ശാപം ഉണ്ടായിരിക്കുന്നതാണ്‌. (ഖു൪ആന്‍:38/77-78)

രണ്ടു സുഹൃത്തുകൾ. ഒരാൾക്ക് ഫലവർഗങ്ങൾ നിറഞ്ഞുനിൽക്കുന്ന നല്ല ഒരു തോട്ടമുണ്ട്. പക്ഷേ, അവൻ പെരുമനടിച്ചു. തൻ്റെ സുഹൃത്തിനോടവൻ പറഞ്ഞു:

وَكَانَ لَهُۥ ثَمَرٌ فَقَالَ لِصَٰحِبِهِۦ وَهُوَ يُحَاوِرُهُۥٓ أَنَا۠ أَكْثَرُ مِنكَ مَالًا وَأَعَزُّ نَفَرًا ‎﴿٣٤﴾‏وَدَخَلَ جَنَّتَهُۥ وَهُوَ ظَالِمٌ لِّنَفْسِهِۦ قَالَ مَآ أَظُنُّ أَن تَبِيدَ هَٰذِهِۦٓ أَبَدًا ‎﴿٣٥﴾‏ وَمَآ أَظُنُّ ٱلسَّاعَةَ قَآئِمَةً وَلَئِن رُّدِدتُّ إِلَىٰ رَبِّى لَأَجِدَنَّ خَيْرًا مِّنْهَا مُنقَلَبًا ‎﴿٣٦﴾‏

അവന്നു പല വരുമാനവുമുണ്ടായിരുന്നു. അങ്ങനെ അവന്‍ തന്‍റെ ചങ്ങാതിയോട് സംവാദം നടത്തിക്കൊണ്ടിരിക്കെ പറയുകയുണ്ടായി: ഞാനാണ് നിന്നെക്കാള്‍ കൂടുതല്‍ ധനമുള്ളവനും കൂടുതല്‍ സംഘബലമുള്ളവനും. സ്വന്തത്തോട് തന്നെ അന്യായം പ്രവര്‍ത്തിച്ച് കൊണ്ട് അവന്‍ തന്‍റെ തോട്ടത്തില്‍ പ്രവേശിച്ചു. അവന്‍ പറഞ്ഞു: ഒരിക്കലും ഇതൊന്നും നശിച്ച് പോകുമെന്ന് ഞാന്‍ വിചാരിക്കുന്നില്ല. അന്ത്യസമയം നിലവില്‍ വരും എന്നും ഞാന്‍ വിചാരിക്കുന്നില്ല. ഇനി ഞാന്‍ എന്‍റെ രക്ഷിതാവിങ്കലേക്ക് മടക്കപ്പെടുകയാണെങ്കിലോ, തീര്‍ച്ചയായും, മടങ്ങിച്ചെല്ലുന്നതിന് ഇതിനേക്കാള്‍ ഉത്തമമായ ഒരു സ്ഥലം എനിക്ക് ലഭിക്കുക തന്നെ ചെയ്യും. (ഖു൪ആന്‍:18/34-36)

ഇതിൻ്റെ ഫലമായി ആ വ്യക്തിക്ക് അല്ലാഹു നൽകിയ ശിക്ഷ വലുതായിരുന്നു:

وَأُحِيطَ بِثَمَرِهِۦ فَأَصْبَحَ يُقَلِّبُ كَفَّيْهِ عَلَىٰ مَآ أَنفَقَ فِيهَا وَهِىَ خَاوِيَةٌ عَلَىٰ عُرُوشِهَا وَيَقُولُ يَٰلَيْتَنِى لَمْ أُشْرِكْ بِرَبِّىٓ أَحَدًا ‎﴿٤٢﴾‏ وَلَمْ تَكُن لَّهُۥ فِئَةٌ يَنصُرُونَهُۥ مِن دُونِ ٱللَّهِ وَمَا كَانَ مُنتَصِرًا ‎﴿٤٣﴾

അവന്‍റെ ഫലസമൃദ്ധി (നാശത്താല്‍) വലയം ചെയ്യപ്പെട്ടു. അവ (തോട്ടങ്ങള്‍) അവയുടെ പന്തലുകളോടെ വീണടിഞ്ഞ് കിടക്കവെ താന്‍ അതില്‍ ചെലവഴിച്ചതിന്‍റെ പേരില്‍ അവന്‍ (നഷ്ടബോധത്താല്‍) കൈ മലര്‍ത്തുന്നവനായിത്തീര്‍ന്നു. എന്‍റെ രക്ഷിതാവിനോട് ആരെയും ഞാന്‍ പങ്കുചേര്‍ക്കാതിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ എന്ന് അവന്‍ പറയുകയും ചെയ്ത്കൊണ്ടിരുന്നു. അല്ലാഹുവിന് പുറമെ യാതൊരു കക്ഷിയും അവന്ന് സഹായം നല്‍കുവാനുണ്ടായില്ല. അവന്ന് (സ്വയം) അതിജയിക്കുവാന്‍ കഴിഞ്ഞതുമില്ല. (ഖു൪ആന്‍:18/42-43)

ക്വാറൂൻ അല്ലാഹു നമുക്ക് പരിചയപ്പെടുത്തിത്തന്ന ഒരു അഹങ്കാരിയാണ്. അവൻ വലിയ സമ്പന്നനായിരുന്നു:

إِنَّ قَٰرُونَ كَانَ مِن قَوْمِ مُوسَىٰ فَبَغَىٰ عَلَيْهِمْ ۖ وَءَاتَيْنَٰهُ مِنَ ٱلْكُنُوزِ مَآ إِنَّ مَفَاتِحَهُۥ لَتَنُوٓأُ بِٱلْعُصْبَةِ أُو۟لِى ٱلْقُوَّةِ

തീര്‍ച്ചയായും ഖാറൂന്‍ മൂസായുടെ ജനതയില്‍ പെട്ടവനായിരുന്നു. എന്നിട്ട് അവന്‍ അവരുടെ നേരെ അതിക്രമം കാണിച്ചു. തന്‍റെ ഖജനാവുകള്‍ ശക്തന്‍മാരായ ഒരു സംഘത്തിനുപോലും ഭാരമാകാന്‍ തക്കവണ്ണമുള്ള നിക്ഷേപങ്ങള്‍ നാം അവന് നല്‍കിയിരുന്നു. (ഖു൪ആന്‍:28/76)

എന്നാൽ ‘ഉജ്ബ്’ ആ മനുഷ്യനെ നശിപ്പിച്ചു. ആളുകൾ അയാളെ ഉപദേശിച്ചു:

قَالَ لَهُۥ قَوْمُهُۥ لَا تَفْرَحْ ۖ إِنَّ ٱللَّهَ لَا يُحِبُّ ٱلْفَرِحِينَ ‎﴿٧٦﴾‏ وَٱبْتَغِ فِيمَآ ءَاتَىٰكَ ٱللَّهُ ٱلدَّارَ ٱلْـَٔاخِرَةَ ۖ وَلَا تَنسَ نَصِيبَكَ مِنَ ٱلدُّنْيَا ۖ وَأَحْسِن كَمَآ أَحْسَنَ ٱللَّهُ إِلَيْكَ ۖ وَلَا تَبْغِ ٱلْفَسَادَ فِى ٱلْأَرْضِ ۖ إِنَّ ٱللَّهَ لَا يُحِبُّ ٱلْمُفْسِدِينَ ‎﴿٧٧﴾‏

അവനോട് അവന്‍റെ ജനത ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമത്രെ:) നീ പുളകം കൊള്ളേണ്ട. പുളകം കൊള്ളുന്നവരെ അല്ലാഹു തീര്‍ച്ചയായും ഇഷ്ടപ്പെടുകയില്ല. (76) അല്ലാഹു നിനക്ക് നല്‍കിയിട്ടുള്ളതിലൂടെ നീ പരലോകവിജയം തേടുക. ഐഹികജീവിതത്തില്‍ നിന്ന് നിനക്കുള്ള ഓഹരി നീ വിസ്മരിക്കുകയും വേണ്ട. അല്ലാഹു നിനക്ക് നന്‍മ ചെയ്തത് പോലെ നീയും നന്‍മചെയ്യുക. നീ നാട്ടില്‍ കുഴപ്പത്തിന് മുതിരരുത്‌. കുഴപ്പമുണ്ടാക്കുന്നവരെ അല്ലാഹു തീര്‍ച്ചയായും ഇഷ്ടപ്പെടുന്നതല്ല. (ഖു൪ആന്‍:28/76-77)

ഉപദേശം ഫലംചെയ്‌തില്ല. പക്ഷേ, ക്വാറൂനിൻ്റെ മറുപടി ഇങ്ങനെയായിരുന്നു:

قَالَ إِنَّمَآ أُوتِيتُهُۥ عَلَىٰ عِلْمٍ عِندِىٓ ۚ

ഖാറൂന്‍ പറഞ്ഞു: എന്‍റെ കൈവശമുള്ള വിദ്യകൊണ്ട് മാത്രമാണ് എനിക്കിതു ലഭിച്ചത്‌. (ഖു൪ആന്‍:28/78)

ഒരു ദിവസം ക്വാറൂൻ ജനമധ്യത്തിലേക്ക് ആർഭാടത്തോടെ ഇറങ്ങി പുറപ്പട്ടു; അങ്ങേയറ്റത്തെ പൊങ്ങച്ചവുമായി. അത് അവൻ്റെ അവസാനമായിരുന്നു:

فَخَسَفْنَا بِهِۦ وَبِدَارِهِ ٱلْأَرْضَ فَمَا كَانَ لَهُۥ مِن فِئَةٍ يَنصُرُونَهُۥ مِن دُونِ ٱللَّهِ وَمَا كَانَ مِنَ ٱلْمُنتَصِرِينَ

അങ്ങനെ അവനെയും അവന്‍റെ ഭവനത്തേയും നാം ഭൂമിയില്‍ ആഴ്ത്തികളഞ്ഞു. അപ്പോള്‍ അല്ലാഹുവിന് പുറമെ തന്നെ സഹായിക്കുന്ന ഒരു കക്ഷിയും അവന്നുണ്ടായില്ല. അവന്‍ സ്വയം രക്ഷിക്കുന്നവരുടെ കൂട്ടത്തിലുമായില്ല. (ഖു൪ആന്‍:28/81)

പരലോകം വിജയപ്രദമാകുക വിനയാന്വിതർക്കു മാത്രമാണ്:

تِلْكَ ٱلدَّارُ ٱلْـَٔاخِرَةُ نَجْعَلُهَا لِلَّذِينَ لَا يُرِيدُونَ عُلُوًّا فِى ٱلْأَرْضِ وَلَا فَسَادًا ۚ وَٱلْعَٰقِبَةُ لِلْمُتَّقِينَ ‎﴿٨٣﴾‏ مَن جَآءَ بِٱلْحَسَنَةِ فَلَهُۥ خَيْرٌ مِّنْهَا ۖ وَمَن جَآءَ بِٱلسَّيِّئَةِ فَلَا يُجْزَى ٱلَّذِينَ عَمِلُوا۟ ٱلسَّيِّـَٔاتِ إِلَّا مَا كَانُوا۟ يَعْمَلُونَ ‎﴿٨٤﴾‏

ഭൂമിയില്‍ ഔന്നത്യമോ കുഴപ്പമോ ആഗ്രഹിക്കാത്തവര്‍ക്കാകുന്നു ആ പാരത്രിക ഭവനം നാം ഏര്‍പെടുത്തികൊടുക്കുന്നത്‌. അന്ത്യഫലം സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് അനുകൂലമായിരിക്കും. ആര്‍ നന്‍മയും കൊണ്ട് വന്നുവോ അവന്ന് അതിനേക്കാള്‍ ഉത്തമമായതുണ്ടായിരിക്കും. വല്ലവനും തിന്‍മയും കൊണ്ടാണ് വരുന്നതെങ്കില്‍ തിന്‍മ പ്രവര്‍ത്തിച്ചവര്‍ക്ക് തങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്‍റെ ഫലമല്ലാതെ നല്‍കപ്പെടുകയില്ല. (ഖു൪ആന്‍:28/83-84)

ലോകം കണ്ട വലിയ ധിക്കാരിയായിരുന്നു ഫിർഔൻ. അവൻ പറഞ്ഞ ഒരു വാക്കുണ്ടായിരുന്നു:

فَقَالَ أَنَا۠ رَبُّكُمُ ٱلْأَعْلَىٰ

ഞാന്‍ നിങ്ങളുടെ അത്യുന്നതനായ രക്ഷിതാവാകുന്നു എന്ന് അവന്‍ പറഞ്ഞു. (ഖു൪ആന്‍:79/24)

അതിൻ്റെ അനന്തരഫലം ഇതായിരുന്നു:

فَٱنتَقَمْنَا مِنْهُمْ فَأَغْرَقْنَٰهُمْ فِى ٱلْيَمِّ بِأَنَّهُمْ كَذَّبُوا۟ بِـَٔايَٰتِنَا وَكَانُوا۟ عَنْهَا غَٰفِلِينَ

അപ്പോള്‍ നാം അവരുടെ കാര്യത്തില്‍ ശിക്ഷാനടപടി എടുത്തു. അങ്ങനെ അവരെ നാം കടലില്‍ മുക്കിക്കളഞ്ഞു. അവര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചുകളയുകയും അവയെപ്പറ്റി അശ്രദ്ധരായിരിക്കുകയും ചെയ്തതിന്‍റെ ഫലമത്രെ അത്‌. (ഖു൪ആന്‍:7/136)

‘ഉജ്ബ്’ ഒരു വ്യക്തിയിൽ കാണപ്പെട്ടാൽ അല്ലാഹു അവനെ ഇഷ്‌ടപ്പെടുകയില്ല:

إِنَّ ٱللَّهَ لَا يُحِبُّ مَن كَانَ مُخْتَالًا فَخُورًا

പൊങ്ങച്ചക്കാരനും ദുരഭിമാനിയുമായിട്ടുള്ള ആരെയും അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുകയില്ല.(ഖു൪ആന്‍:4/36)

പരസ്‌പര വിദ്വേഷത്തിനും വെറുപ്പിനും ‘ഉജ്ബ്’ കാരണമാകും; വിനയവും കാരുണ്യവും നഷ്ട‌പ്പെടും.

അനുഗ്രഹം അല്ലാഹു നൽകുന്നതാണ്. അതിൽ സ ന്തോഷിക്കാം. ആ സന്തോഷ പ്രകടനത്തിലുടെപോലും അല്ലാഹുവിൻ്റെ പ്രതിഫലം നമുക്ക് പ്രതീക്ഷിക്കാം. പക്ഷേ, അനുഗ്രഹങ്ങളെ തൻ്റെ യുക്തിയിലേക്കും അറിവിലേക്കും വ്യക്തിത്വത്തിലേക്കുമല്ല ചേർത്തിപ്പറയേണ്ടത്. മറിച്ച് അല്ലാഹുവിലേക്കാണ്. ഉജ്ബിൽ നിന്നും രക്ഷപ്പെടാനുള്ള ഏറ്റവും വലിയ മാർഗമാണത്. കാരണം, നമുക്ക് ലഭിച്ച ഹിദായത്തിൻ്റെ മാർഗം പോലും അല്ലാഹുവിൽ നിന്നുള്ള കാരുണ്യത്തിൻ്റെ ഭാഗമാണ്:

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَتَّبِعُوا۟ خُطُوَٰتِ ٱلشَّيْطَٰنِ ۚ وَمَن يَتَّبِعْ خُطُوَٰتِ ٱلشَّيْطَٰنِ فَإِنَّهُۥ يَأْمُرُ بِٱلْفَحْشَآءِ وَٱلْمُنكَرِ ۚ وَلَوْلَا فَضْلُ ٱللَّهِ عَلَيْكُمْ وَرَحْمَتُهُۥ مَا زَكَىٰ مِنكُم مِّنْ أَحَدٍ أَبَدًا وَلَٰكِنَّ ٱللَّهَ يُزَكِّى مَن يَشَآءُ ۗ وَٱللَّهُ سَمِيعٌ عَلِيمٌ

സത്യവിശ്വാസികളേ, പിശാചിന്‍റെ കാല്‍പാടുകള്‍ പിന്‍പറ്റരുത്‌. വല്ലവനും പിശാചിന്‍റെ കാല്‍പാടുകള്‍ പിന്‍പറ്റുന്ന പക്ഷം തീര്‍ച്ചയായും അവന്‍ (പിശാച്‌) കല്‍പിക്കുന്നത് നീചവൃത്തിയും ദുരാചാരവും ചെയ്യാനായിരിക്കും. നിങ്ങളുടെ മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹവും കാരുണ്യവും ഇല്ലാതിരുന്നെങ്കില്‍ നിങ്ങളില്‍ ഒരാളും ഒരിക്കലും പരിശുദ്ധി പ്രാപിക്കുകയില്ലായിരുന്നു. പക്ഷെ, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പരിശുദ്ധി നല്‍കുന്നു. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ. (ഖു൪ആന്‍:24/21)

താൻ ആരാണ്, എന്തിനാണ് താൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്, എങ്ങോട്ടാണ് തന്റെ യാത്ര എന്നീ ചോദ്യങ്ങൾക്ക് ഒരു വ്യക്തി ഉത്തരം കണ്ടെത്തേണ്ടതുണ്ട്. ആ ഉത്തരമാണ് അവനെ ലാളിത്യത്തിൻ്റെയും സൗമത്യയുടെയും ഉയരങ്ങളിലേക്ക് കൈപിടിച്ച് ഉയർത്തുക. ഉജ്ബ് ന് കാരണമായ എന്തെല്ലാം കാര്യങ്ങളുണ്ടോ അതെല്ലാം നശിക്കാനുള്ളതാണെന്നും തക്‌വയും അല്ലാഹുവിൻ്റെ തൃപ്തിയുമാണ് ശാശ്വതമായി വിജയം നൽകുന്ന കാര്യങ്ങളെന്നും ഒരു വിശ്വാസി തിരിച്ചറിയണം.

يَٰٓأَيُّهَا ٱلنَّاسُ إِنَّا خَلَقْنَٰكُم مِّن ذَكَرٍ وَأُنثَىٰ وَجَعَلْنَٰكُمْ شُعُوبًا وَقَبَآئِلَ لِتَعَارَفُوٓا۟ ۚ إِنَّ أَكْرَمَكُمْ عِندَ ٱللَّهِ أَتْقَىٰكُمْ ۚ إِنَّ ٱللَّهَ عَلِيمٌ خَبِيرٌ

ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു. (ഖു൪ആന്‍:49/13)

ഫദ്‌ലുല്‍ ഹഖ് ഉമരി

അനുബന്ധം

ജനങ്ങള്‍ക്ക് പലപ്പോഴും ഒരുമിച്ചു ചേരാറുള്ള രണ്ടു രോഗങ്ങളാണ് രിയാഅ് (പ്രകടനപരത), ഉജ്ബ് (സ്വയം പെരുമ നടിക്കൽ). രിയാഅ്  തന്റെ അമലിൽ ആളുകളെ പങ്ക് ചേര്‍ക്കലാണ്. എന്നാൽ ഉജ്ബ് തന്റെ അമലിൽ തന്നെതന്നെ പങ്ക് ചേര്‍ക്കലാണ്.

ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ رَحِمَهُ اللَّهُ പറഞ്ഞു: ജനങ്ങള്‍ക്ക് പലപ്പോഴും ഒരുമിച്ചു ചേരാറുള്ള രണ്ടു രോഗങ്ങളുണ്ട്.

ഒന്ന് : രിയാഅ്. (ജനങ്ങള്‍ തന്റെ ഇബാദതുകള്‍ വീക്ഷിക്കണമെന്ന ആഗ്രഹം)

രണ്ട് : ഉജ്ബ്. (താന്‍ ധാരാളം ഇബാദതുകള്‍ ഉള്ളവനാണെന്നുള്ള അഹങ്കാരവും തന്‍പോരിമയും)

രിയാഅ് അല്ലാഹുവിനുള്ള ആരാധനകളില്‍ സൃഷ്ടികളെ പങ്കു ചേര്‍ക്കലാണ്. ഉജ്ബാകട്ടെ; സ്വന്തം മനസ്സിനെ അല്ലാഹുവിനുള്ള ഇബാദതുകളില്‍ പങ്കാളിയാക്കലുമാണ്.

ആദ്യത്തെ രോഗത്തിനുള്ള മരുന്നാണ് إِيَّاكَ نَعْبُدُ (ഇയ്യാക നഅ്ബുദു) എന്ന വാക്ക്. “നിന്നെ മാത്രം ഞാന്‍ ആരാധിക്കുന്നു” എന്നു പറയുന്നതോടെ അവന്‍ തന്റെ ഇബാദതുകളെ അല്ലാഹുവിന് മാത്രം നിഷ്കളങ്കമാക്കുന്നു. അല്ലാഹുവിനു പുറമെ മറ്റാര്‍ക്കും ജനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ എന്റെ ഇബാദതുകളില്‍ പങ്കുണ്ടാവുകയില്ല.

രണ്ടാമത്തെ രോഗത്തിനുള്ള മരുന്നാണ് وَإِيَّاكَ نَسْتَعِينُ (ഇയ്യാക നസ്തഈന്‍) എന്ന വാക്ക്. ‘നിന്നോടു മാത്രം ഞാന്‍ സഹായം തേടുന്നു’ എന്നു പറയുന്നതോടെ എനിക്ക് നിന്റെ സഹായമില്ലാതെ ഇബാദതുകള്‍ ഒന്നും ചെയ്യാനാകില്ലെന്നും, ഞാന്‍ എന്തെങ്കിലും പ്രവര്‍ത്തിക്കുന്നെങ്കില്‍ അത് നിന്റെ സഹായം കൊണ്ട് മാത്രമായിരിക്കുമെന്ന പ്രഖ്യാപനവുമുണ്ട്. (മജ്മൂഉല്‍ ഫതാവ/ഇബ്നു തൈമിയ്യ: 10/277)

قال ابن القيم رحمه الله: :لا شَيء أفسَدُ لِلعَملِ الصَّالحِ مِن العُجْبِ ،

ഇബ്നുല്‍ഖയ്യിം رَحِمَهُ اللَّهُ പറഞ്ഞു: ഉജ്ബ് നേക്കാള്‍ സൽകര്‍മ്മങ്ങളെ മോശമാക്കുന്ന ഒന്നുമില്ല. الـفوَائِد (١ / ١٥٢)

قال الفضيل بن عياض رحمه الله :من وقى خمساً فقد وقي شر الدنيا والآخرة العجب، والرياء، والكبر
والإزراء، والشهوة.

ഫുളൈൽ ബിൻ ഇയാള് رَحِمَهُ اللَّهُ പറഞ്ഞു: അഞ്ച് കാര്യങ്ങളിൽ നിന്ന് ആരെങ്കിലും സുരക്ഷിതനായാൽ, അവൻ ദുനിയാവിലെയും ആഖിറത്തിലെയും ശർറിൽ നിന്ന് സുരക്ഷിതനായിരിക്കുന്നു. 1) ഉജ്ബ് (സ്വന്തത്തെക്കുറിച്ചുള്ള മതിപ്പ്) 2) പ്രകടനപരത 3) അഹങ്കാരം 4) മറ്റുള്ളവരെ ചെറുതായി കാണൽ 5) ദേഹേച്ഛക്കനുസരിച്ച് പ്രവർത്തിക്കൽ.  حلية الأولياء【٨/٩٥】

قال بشر بن الحارث رحمه الله : العجب أن تستكثر، عملك وتستقل عمل الناس أو عمل غيرك.

ബിഷ്‌ർ ബ്നുൽ ഹാരിഥ്‌ رحمه الله പറഞ്ഞു : ഉജ്ബ് (സ്വയം പെരുമ നടിക്കൽ) എന്നാൽ  നിന്റെ പ്രവർത്തനങ്ങളെ  ധാരാളമായി കാണലും ,നിന്റേതല്ലാത്തവരുടെ പ്രവർത്തനങ്ങളും അല്ലെങ്കിൽ ജനങ്ങളുടെ പ്രവർത്തനങ്ങളും ചെറുതാക്കലുമാണ്. [حلية الأولياء (8/348)]

سُئل عبد الله بن المبارك رحمه الله عن مفهوم العُجْب؟ فقال: أن ترى أن عندك شيئًا ليس عند غيرك !

ഉജ്ബ് (സ്വയം പെരുമ നടിക്കൽ) എന്നാൽ എന്താണെന്ന് അബ്ദുല്ലാഹിബ്നു മുബാറക്‌ رَحِمَهُ اللَّهُ ചോദിക്കപ്പെട്ടു: അദ്ധേഹം പറഞ്ഞു : മറ്റുള്ളവരുടെയടുക്കൽ ഇല്ലത്തതെന്തോ നിന്റെയടുക്കലുണ്ടെന്ന് നീ മനസ്സിലാക്കലാണ്. شعب الإيمان (7/50) ، تذكرة الحفاظ (1/278)

ഉമർ ഇബ്നു അബ്ദുൽ അസീസ് رَحِمَهُ اللَّهُ എപ്പോഴെങ്കിലും മിമ്പറിൽ നിന്ന് ഖുതുബ പറയുമ്പോൾ ഉജ്ബിനെ പറ്റി ഭയം വന്നാൽ അത് നിർത്തുമായിരുന്നു.
അദ്ദേഹം കത്തെഴുതുമ്പോൾ ഉജ്ബിനെ പറ്റി പേടി വന്നാൽ അദ്ദേഹം അത് കീറുമായിരുന്നു. എന്നിട്ട് പറയാറുണ്ടായിരുന്നു : അല്ലാഹുവേ എന്റെ നഫ്സിൻ്റെ തിന്മയിൽ നിന്ന് ഞാൻ നിന്നോട് കാവലിനെ തേടുന്നു. (അൽ ഫവാഈദ് പേജ്. 225 – ഇബ്നുൽ ഖയ്യിം)

 

 

wwwkanzululoom.com

 

One Response

  1. This is a problem faced by lot of people when ever they think to overcome this shaythan tries to break their determination, may Allah protect us from every work that leads to hell

Leave a Reply

Your email address will not be published. Required fields are marked *