وَإِن طَآئِفَتَانِ مِنَ ٱلْمُؤْمِنِينَ ٱقْتَتَلُوا۟ فَأَصْلِحُوا۟ بَيْنَهُمَا ۖ فَإِنۢ بَغَتْ إِحْدَىٰهُمَا عَلَى ٱلْأُخْرَىٰ فَقَٰتِلُوا۟ ٱلَّتِى تَبْغِى حَتَّىٰ تَفِىٓءَ إِلَىٰٓ أَمْرِ ٱللَّهِ ۚ فَإِن فَآءَتْ فَأَصْلِحُوا۟ بَيْنَهُمَا بِٱلْعَدْلِ وَأَقْسِطُوٓا۟ ۖ إِنَّ ٱللَّهَ يُحِبُّ ٱلْمُقْسِطِينَ ﴿٩﴾ إِنَّمَا ٱلْمُؤْمِنُونَ إِخْوَةٌ فَأَصْلِحُوا۟ بَيْنَ أَخَوَيْكُمْ ۚ وَٱتَّقُوا۟ ٱللَّهَ لَعَلَّكُمْ تُرْحَمُونَ ﴿١٠﴾
സത്യവിശ്വാസികളില്‍ നിന്നുള്ള രണ്ടു വിഭാഗങ്ങള്‍ പരസ്പരം പോരടിച്ചാല്‍ നിങ്ങള്‍ അവര്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കണം. എന്നിട്ടു രണ്ടില്‍ ഒരു വിഭാഗം മറുവിഭാഗത്തിനെതിരില്‍ അതിക്രമം കാണിച്ചാല്‍ അതിക്രമം കാണിക്കുന്ന വിഭാഗത്തോട് അവര്‍ അല്ലാഹുവിന്‍റെ കല്‍പനയിലേക്ക് മടങ്ങിവരുന്നതു വരെ നിങ്ങള്‍ സമരം നടത്തണം. അങ്ങനെ ആ വിഭാഗം മടങ്ങിവരികയാണെങ്കില്‍ നീതിപൂര്‍വ്വം ആ രണ്ടു വിഭാഗങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കുകയും നിങ്ങള്‍ നീതി പാലിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു. സത്യവിശ്വാസികള്‍ (പരസ്പരം) സഹോദരങ്ങള്‍ തന്നെയാകുന്നു. അതിനാല്‍ നിങ്ങളുടെ രണ്ടു സഹോദരങ്ങള്‍ക്കിടയില്‍ നിങ്ങള്‍ രഞ്ജിപ്പുണ്ടാക്കുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം. (ഖുർആൻ:49/10)
സത്യവിശ്വാസികള്‍ പരസ്പരം കൊല ചെയ്യുവാനോ അതിക്രമം കാണിക്കുവാനോ പാടില്ലെന്നതാണ് ഈ വചനത്തിന്റെ ഉള്ളടക്കം. ഇനി രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ പോരടിച്ചാല്‍ മറ്റു വിശ്വാസികള്‍ ഈ വലിയ തിന്മയെ അവര്‍ക്കിടയില്‍ രഞ്ജിപ്പും സന്ധിയുമുണ്ടാകത്തക്കവിധത്തില്‍ മധ്യസ്ഥത വഹിക്കുകയും അതിലേക്കെത്തിക്കുന്ന മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും വേണം. അങ്ങനെ അവര്‍ യോജിപ്പിലെത്തിയാല്‍ വളരെ നല്ലത്. (തഫ്സീറുസ്സഅ്ദി)
ഇത് രഞ്ജിപ്പുണ്ടാക്കാനും രഞ്ജിപ്പില്‍ നീതി പാലിക്കാനുമുള്ള നിര്‍ദേശമാണ്. രഞ്ജിപ്പ് ചിലപ്പോള്‍ ഉണ്ടാകാം. പക്ഷേ, അത് നീതിപ്രകാരമായിക്കൊള്ളണമെന്നില്ല. മറിച്ച്, അക്രമപരവും ഒരു കക്ഷിയിലേക്ക് ചാഞ്ഞുകൊണ്ടുമാവാം. ഇത് യഥാര്‍ഥത്തില്‍ നിര്‍ദേശിക്കപ്പെട്ട രജ്ഞിപ്പല്ല. കുടുംബബന്ധമോ ദേശമോ മറ്റെന്തെങ്കിലും താല്പര്യമോ ലക്ഷ്യമോ ഇതില്‍ പരിഗണിക്കാതിരിക്കല്‍ നിര്‍ബന്ധമാണ്. (തഫ്സീറുസ്സഅ്ദി)
സത്യവിശ്വാസികള്‍ പരസ്പരം കടമകള്‍ നി ര്‍വഹിക്കണമെന്നാണ് അല്ലാഹുവും റസൂലും കല്പിക്കുന്നത്; അവര്‍ക്കിടയില്‍ പരസ്പരം സ്‌നേഹവും ഇണക്കവും ബന്ധവും ഉണ്ടാക്കണമെന്നും. ഇതെല്ലാംതന്നെ പരസ്പര ബാധ്യതകളെ ശക്തിപ്പെടുത്തുന്നതിനു വേണ്ടിയാണ്. അതില്‍പെട്ടതാണ് ഹൃദയങ്ങള്‍ ഭിന്നിക്കുന്നതിനും പരസ്പര വിദ്വേഷത്തിനും അവഗണനയ്ക്കും കാരണമാകുന്ന ഏറ്റുമുട്ടല്‍ അവര്‍ക്കിടയില്‍ സംഭവിച്ചാല്‍ സത്യവിശ്വാസികള്‍ അവരുടെ സഹോദരങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കണം എന്നത്. അവര്‍ക്കിടയിലെ വെറുപ്പുകള്‍ ഇല്ലാതാക്കാന്‍ പരിശ്രമിക്കുകയും വേണം. (തഫ്സീറുസ്സഅ്ദി)
രണ്ടു വിഭാഗം മുസ്‌ലിംകൾക്കിടയിൽ വഴക്കും ശണ്ഠയും കൂടുമ്പോൾ മറ്റുള്ളവർ – നേതാക്കൾ വിശേഷിച്ചും – അവർക്കിടയിൽ സന്ധിയാക്കി നന്നാക്കിത്തീർക്കുന്നതു അവരുടെ കടമയാണ്. നല്ല വാക്കു പറഞ്ഞും, സദുപദേശം നൽകിയും, അല്ലാഹുവിന്റെ വിധിവിലക്കുകളെ ഓർമ്മിപ്പിച്ചും ഇതു നിർവ്വഹിക്കാം. എത്ര പരിശ്രമിച്ചിട്ടും ഒരു വിഭാഗക്കാർ നീതിക്കും നിയതിക്കും വഴങ്ങാതെ ആക്രമം തുടരുകയാണെങ്കിൽ – അതല്ലെങ്കിൽ ഇരുവിഭാഗവും തമ്മിൽ നന്നായിപ്പിരിഞ്ഞശേഷം ഒരു വിഭാഗം വീണ്ടും അക്രമത്തിനു മുതിരുന്നപക്ഷം – നീതിനിയമങ്ങൾ അനുസരിക്കുവാൻ തയ്യാറാകുന്നതുവരെ അക്രമവിഭാഗത്തിനെതിരിൽ മറ്റുള്ളവർ പൊരുതുകയും ചെയ്യണം. അങ്ങിനെ, സത്യത്തിന്റെയും നീതിയുടെയും പക്ഷത്തിനു സഹായം നൽകണം. രണ്ടു കക്ഷികളും അവരുടെ ജയാപജയം നോക്കിക്കൊള്ളട്ടെ എന്നുവെച്ചു മൗനമവലംബിക്കുവാൻ സമുദായത്തിനു പാടില്ല. ഇങ്ങിനെ ചെയ്താൽ അക്രമത്തിന്റെ കക്ഷി സത്യത്തിനു വഴങ്ങുവാൻ നിർബന്ധിതമാകും. അപ്പോഴും ഇരുകൂട്ടർക്കുമിടയിൽ നീതിയുടെ അടിസ്ഥാനത്തിൽ ഒത്തുതീർപ്പുണ്ടാക്കി നന്നാക്കി പിരിച്ചുവിടണം. അക്രമത്തിനു മുതിർന്നതിന്റെ പേരിൽ ആ കക്ഷിക്കു നീതി നിഷേധിക്കപ്പെട്ടുകൂടാത്തതാണ്. ഏതൊരു കാര്യത്തിലും – ആരോടും – നീതിമുറ പാലിക്കുന്നതു സത്യവിശ്വാസികളുടെ കടമയത്രെ. ഏതെങ്കിലും വിധേന കക്ഷികളെ യോജിപ്പിച്ചാൽപോരാ, ഓരോ ഇടപെടലും അല്ലാഹുവിന്റെ വിധിവിലക്കുകൾക്കു യോജിച്ചതാണോ, നീതിയുക്തമാണോ എന്നുകൂടി സൂക്ഷിക്കേണ്ടതുണ്ട്. ഇങ്ങിനെയുള്ളവരെ അല്ലാഹുവിനു വളരെ ഇഷ്ടമാകുന്നു. (അമാനി തഫ്സീര്‍)
‘രണ്ടു വിഭാഗങ്ങൾ സമരത്തിലായാൽ’ (وَإِن طَآئِفَتَانِ الخ) എന്നു പറഞ്ഞിരിക്കകൊണ്ടു ഓരോ വശത്തും ഒന്നിലധികം ആളുകളുണ്ടാകുമ്പോൾ മാത്രമേ അവർ തമ്മിൽ നന്നാക്കുവാൻ ശ്രമിക്കേണ്ടതുള്ളൂ എന്നർത്ഥമില്ല. രണ്ടു വ്യക്തികൾ തമ്മിൽ ശണ്ഠകൂടിയാലും ഈ കല്പന ബാധകം തന്നെ. ഇമാം ബുഖാരി رحمه الله ചൂണ്ടിക്കാട്ടിയതുപോലെ, തൊട്ടടുത്തവചനത്തിൽ ‘നിങ്ങളുടെ രണ്ടു സഹോദരന്മാർക്കിടയിൽ നിങ്ങൾ നന്നാക്കുവിൻ’ (فَأَصْلِحُوا بَيْنَ أَخَوَيْكُمْ) എന്നു പറഞ്ഞിട്ടുള്ളതിൽനിന്നും മറ്റും ഇതു വ്യക്തമാണ്. (അമാനി തഫ്സീര്‍)
لَّا خَيْرَ فِى كَثِيرٍ مِّن نَّجْوَىٰهُمْ إِلَّا مَنْ أَمَرَ بِصَدَقَةٍ أَوْ مَعْرُوفٍ أَوْ إِصْلَٰحِۭ بَيْنَ ٱلنَّاسِ ۚ وَمَن يَفْعَلْ ذَٰلِكَ ٱبْتِغَآءَ مَرْضَاتِ ٱللَّهِ فَسَوْفَ نُؤْتِيهِ أَجْرًا عَظِيمًا
അവരുടെ രഹസ്യാലോചനകളിൽ മിക്കതിലും യാതൊരു നൻമയുമില്ല. വല്ല ദാനധർമവും ചെയ്യാനോ സദാചാരം കൈക്കൊള്ളാനോ ജനങ്ങൾക്കിടയിൽ രജ്ഞിപ്പുണ്ടാക്കാനോ കൽപിക്കുന്ന ആളുകളുടെ വാക്കുകളിലൊഴികെ. അല്ലാഹുവിന്റെ പൊരുത്തം തേടിക്കൊണ്ട് വല്ലവനും അപ്രകാരം ചെയ്യുന്നപക്ഷം അവന് നാം മഹത്തായ പ്രതിഫലം നൽകുന്നതാണ്. (ഖു൪ആന്‍:4/114)
قَالَ رَسُولُ اللَّهِ صلى الله عليه وسلم : الصُّلْحُ جَائِزٌ بَيْنَ الْمُسْلِمِينَ إِلاَّ صُلْحًا حَرَّمَ حَلاَلاً أَوْ أَحَلَّ حَرَامًا
നബി ﷺ പറഞ്ഞു: മുസ്‌ലിംകൾക്കിടയിൽ രഞ്ജിപ്പ് ഉണ്ടാക്കുന്നത് അനുവദനീയമാണ്; ഹലാലിനെ ഹറാമാക്കിക്കൊണ്ടോ ഹറാമിനെ ഹലാലാക്കിക്കെണ്ടോ ഉള്ള തീർപ്പുകളൊഴികെ. (ഇബ്നുമാജ:2353)
قَالَ رَسُولُ اللَّهِ صلى الله عليه وسلم :لَيْسَ الْكَذَّابُ الَّذِي يُصْلِحُ بَيْنَ النَّاسِ، فَيَنْمِي خَيْرًا، أَوْ يَقُولُ خَيْرًا
നബി ﷺ പറഞ്ഞു: നല്ല കാര്യങ്ങളും നല്ല വാക്കുകളും പറഞ്ഞുകൊണ്ട് ജനങ്ങൾക്കിടയിൽ രഞ്ജിപ്പ് ഉണ്ടാക്കുന്നവൻ കളവ് പറയുന്നവനല്ല. (ബുഖാരി:2692)
عَنْ أَبِي الدَّرْدَاءِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ” أَلاَ أُخْبِرُكُمْ بِأَفْضَلَ مِنْ دَرَجَةِ الصِّيَامِ وَالصَّلاَةِ وَالصَّدَقَةِ ” . قَالُوا بَلَى . قَالَ ” صَلاَحُ ذَاتِ الْبَيْنِ فَإِنَّ فَسَادَ ذَاتِ الْبَيْنِ هِيَ الْحَالِقَةُ ” .
അബുദ്ദര്‍ദ്ദാഅ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: “നിങ്ങൾക്ക് നോമ്പിനേക്കാളും നമസ്‌കാരത്തെക്കാളും ദാനധർമ്മങ്ങളെക്കാളും ഉൽകൃഷ്‌ടമായതിനെ കുറിച്ച് ഞാൻ അറിയിച്ച് തരട്ടെയോ?” അവർ പറഞ്ഞു: “അതെ.” “അകന്നുനിൽക്കുന്നവർക്കിടയിൽ രഞ്ജിപ്പുണ്ടാക്കൽ. കാരണം, അകന്നു നിൽക്കുന്നവരുടെ ഫസാദ് ദീനിനെ നശിപ്പിക്കും”. (തിര്‍മിദി – സ്വഹീഹ് അൽബാനി)
നബി ﷺ പറഞ്ഞു:
هِيَ الْحَالِقَةُ لاَ أَقُولُ تَحْلِقُ الشَّعْرَ وَلَكِنْ تَحْلِقُ الدِّينَ
തീർച്ചയായും ‘ഹാലികത്ത്’ എന്ന് പറഞ്ഞാൽ അത് മുടിനീക്കുന്നത് എന്ന് ഞാൻ പറയുന്നില്ല, എന്നാൽ അത് (മനുഷ്യരിൽ നിന്ന്) ദീനിനെ നീക്കിക്കളയും. (അത്തർഗീബ് വത്തർഹീബ് – അല്‍ബാനി സ്വഹീഹുൻ ലി ഗയ്’രിഹീ എന്ന് വിശേഷിപ്പിച്ചു)
www.kanzululoom.com