അനിവാര്യത നിഷിദ്ധമായതിനെ അനുവദിക്കും

ഭക്ഷിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങളെ കുറിച്ച് ഖുര്‍ആനിലും ഹദീസുകളിലും കൃത്യമായ പരാമര്‍ശങ്ങളുണ്ട്. എന്നാൽ അനിവാര്യത അവിഹിതമായതിനെയും നിഷിദ്ധമായതിനെയും അനുവദിക്കും. താഴെ പറയുന്ന 5 ആയത്തുകളാണ് അതിനുള്ള തെളിവ്.

إِنَّمَا حَرَّمَ عَلَيْكُمُ ٱلْمَيْتَةَ وَٱلدَّمَ وَلَحْمَ ٱلْخِنزِيرِ وَمَآ أُهِلَّ بِهِۦ لِغَيْرِ ٱللَّهِ ۖ فَمَنِ ٱضْطُرَّ غَيْرَ بَاغٍ وَلَا عَادٍ فَلَآ إِثْمَ عَلَيْهِ ۚ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ

ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവര്‍ക്കായി പ്രഖ്യാപിക്കപ്പെട്ടത് എന്നിവ മാത്രമേ അവന്‍ നിങ്ങള്‍ക്ക് നിഷിദ്ധമാക്കിയിട്ടുള്ളൂ. ഇനി ആരെങ്കിലും (നിഷിദ്ധമായത് ഭക്ഷിക്കുവാന്‍) നിര്‍ബന്ധിതനായാല്‍ അവന്റെ മേല്‍ കുറ്റമില്ല. (എന്നാല്‍) അവന്‍ നിയമലംഘനത്തിനു മുതിരാതിരിക്കുകയും (അനിവാര്യതയുടെ) പരിധി കവിയാതിരിക്കുകയും വേണം. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (ഖുർആൻ:2/173)

ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവര്‍ക്കായി പ്രഖ്യാപിക്കപ്പെട്ടത് എന്നിവ അല്ലാഹു നിഷിദ്ധമാക്കിയിട്ടുള്ളതാണ്.  ഇവ ഉപയോഗിക്കുന്നതിന് 3 ഉപാധികളോടുകൂടി അനുവാദം നല്‍കിയിരിക്കുന്നു:

ഒന്ന്, യഥാര്‍ഥമായും നിര്‍ബന്ധിതാവസ്ഥ ഉണ്ടായിരിക്കുക. ഉദാഹരണമായി, വിശപ്പുകൊണ്ടോ ദാഹംകൊണ്ടോ രോഗം കാരണമായോ ജീവന്‍ അപകടത്തില്‍പെടുകയും നിഷിദ്ധവസ്തുക്കളല്ലാതെ ലഭിക്കാതിരിക്കുകയും ചെയ്യുക.

രണ്ട്, നിയമം ലംഘിക്കാനുള്ള ആഗ്രഹം ഹൃദയത്തില്‍ സ്ഥലംപിടിക്കാതിരിക്കുക.

മൂന്ന്, ആവശ്യത്തില്‍ കവിഞ്ഞ് ഉപയോഗിക്കാതിരിക്കുക. ഉദാഹരണമായി, നിഷിദ്ധവസ്തുക്കളുടെ ഒരുപിടിയോ ഏതാനും തുള്ളികളോ ജീവന്‍ രക്ഷിക്കാന്‍ മതിയാവുന്നേടത്ത് അതില്‍ കൂടുതലായി ഉപയോഗിക്കാന്‍ പാടുള്ളതല്ല.

ഈ നാലു വസ്തുക്കളും നിഷിദ്ധങ്ങളാകകൊണ്ട് അവ ഉപയോഗിക്കുന്നത് അല്ലാഹുവിന്‍റെ അടുക്കല്‍ ശിക്ഷാര്‍ഹമായ പാപമാണെന്ന് പറയേണ്ടതില്ല. എന്നാല്‍, നിര്‍ബന്ധിതാവസ്ഥ നേരിടുന്ന പക്ഷം, അപ്പോള്‍ അവ ഉപയോഗിക്കുന്നതിന് തെറ്റില്ലെന്ന് അല്ലാഹു അറിയിക്കുന്നു. സഹിക്കവയ്യാത്ത വിശപ്പോ ദാഹമോ ഉണ്ടാകുകയും ഇവയില്‍ ഏതെങ്കിലുമല്ലാതെ മറ്റൊന്നും കിട്ടാതിരിക്കുകയും ചെയ്യുക എന്നത്രെ നിര്‍ബന്ധിതാവസ്ഥ കൊണ്ടുദ്ദേശ്യം. പക്ഷേ, ഇതിലും ചില ഉപാധികളുണ്ട്. നിയമത്തെ ലംഘിക്കുവാന്‍ ആഗ്രഹിച്ചുകൊണ്ടാവരുത്. ആവശ്യത്തില്‍ കവിഞ്ഞുകൊണ്ടുമാവരുത്. അഥവാ നിഷിദ്ധ വസ്തുക്കളെ ഉപയോഗിക്കുവാന്‍ സ്വന്തം നിലക്ക് ആഗ്രഹം തോന്നാതിരിക്കുകയും, അസഹനീയമായ വിഷമത്തില്‍ നി്ന്ന് മോചനം ലഭിക്കുവാനുള്ള അളവില്‍ കവിയാതിരിക്കുകയും വേണം. (അമാനി തഫ്സീര്‍)

حُرِّمَتْ عَلَيْكُمُ ٱلْمَيْتَةُ وَٱلدَّمُ وَلَحْمُ ٱلْخِنزِيرِ وَمَآ أُهِلَّ لِغَيْرِ ٱللَّهِ بِهِۦ وَٱلْمُنْخَنِقَةُ وَٱلْمَوْقُوذَةُ وَٱلْمُتَرَدِّيَةُ وَٱلنَّطِيحَةُ وَمَآ أَكَلَ ٱلسَّبُعُ إِلَّا مَا ذَكَّيْتُمْ وَمَا ذُبِحَ عَلَى ٱلنُّصُبِ وَأَن تَسْتَقْسِمُوا۟ بِٱلْأَزْلَٰمِ ۚ ذَٰلِكُمْ فِسْقٌ ۗ ٱلْيَوْمَ يَئِسَ ٱلَّذِينَ كَفَرُوا۟ مِن دِينِكُمْ فَلَا تَخْشَوْهُمْ وَٱخْشَوْنِ ۚ ٱلْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِى وَرَضِيتُ لَكُمُ ٱلْإِسْلَٰمَ دِينًا ۚ فَمَنِ ٱضْطُرَّ فِى مَخْمَصَةٍ غَيْرَ مُتَجَانِفٍ لِّإِثْمٍ ۙ فَإِنَّ ٱللَّهَ غَفُورٌ رَّحِيمٌ

ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത്‌, ശ്വാസം മുട്ടി ചത്തത്‌, അടിച്ചുകൊന്നത്‌, വീണുചത്തത്‌, കുത്തേറ്റ് ചത്തത്‌, വന്യമൃഗം കടിച്ചുതിന്നത് എന്നിവ നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ (ജീവനോടെ) നിങ്ങള്‍ അറുത്തത് ഇതില്‍ നിന്നൊഴിവാകുന്നു. പ്രതിഷ്ഠകള്‍ക്കുമുമ്പില്‍ ബലിയര്‍പ്പിക്കപ്പെട്ടതും (നിങ്ങള്‍ക്ക്‌) നിഷിദ്ധമാകുന്നു. അമ്പുകളുപയോഗിച്ച് ഭാഗ്യം നോക്കലും (നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.) അതൊക്കെ അധര്‍മ്മമാകുന്നു. ഇന്ന് സത്യനിഷേധികള്‍ നിങ്ങളുടെ മതത്തെ നേരിടുന്ന കാര്യത്തില്‍ നിരാശപ്പെട്ടിരിക്കുകയാണ്‌. അതിനാല്‍ അവരെ നിങ്ങള്‍ പേടിക്കേണ്ടതില്ല. എന്നെ നിങ്ങള്‍ പേടിക്കുക. ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു. വല്ലവനും പട്ടിണി കാരണം (നിഷിദ്ധമായത്‌) തിന്നുവാന്‍ നിര്‍ബന്ധിതനാകുന്ന പക്ഷം അവന്‍ അധര്‍മ്മത്തിലേക്ക് ചായ്‌വുള്ളവനല്ലെങ്കില്‍ തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമാകുന്നു. (ഖു൪ആന്‍ :5/3)

അങ്ങനെ നിര്‍ബ്ബന്ധിതാവസ്ഥയില്‍പെട്ട് കഷ്ടപ്പെടുന്ന പക്ഷം, ഒരു കരുതിക്കൂട്ടലോ താല്‍പര്യമെടുക്കലോ ഇല്ലാതെ അത്യാവശ്യമായ അളവില്‍ മാത്രം ആ നിഷിദ്ധ വസ്തുക്കള്‍ ഏതെങ്കിലും ഉപയോഗിച്ചുകൊള്ളുന്നതിനു വിരോധമില്ല. (അമാനി തഫ്സീര്‍)

കുറ്റകരമായ വല്ല പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടതു നിമിത്തം ഉണ്ടായിത്തീരുന്ന നിര്‍ബ്ബന്ധിതാവസ്ഥയില്‍ ഈ ഇളവു അനുവദിക്കപ്പെടുകയില്ലെന്നു ഈ വാക്കുകളെ ആധാരമാക്കി ഇമാം ശാഫിഈ (رحمه الله) മുതലായ ചില മഹാന്മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. ഈ അഭിപ്രായം പ്രത്യക്ഷത്തില്‍ ശരിയാണ്. പക്ഷേ-ഇബ്നുജരീര്‍ (رحمه الله) മുതലായവര്‍ ചൂണ്ടിക്കാട്ടിയതു പോലെ – ജീവന്‍പോലും അപകടത്തിലാകുമാറ് കുറ്റകൃത്യം ചെയ്തതു തെറ്റു തന്നെ. എങ്കിലും നിഷിദ്ധമായ വസ്തുക്കളെ ഉപയോഗിച്ചിട്ടെങ്കിലും അതില്‍നിന്നു രക്ഷപ്പെടുവാന്‍ മാര്‍ഗ്ഗമുള്ളപ്പോള്‍ അതു ഉപയോഗിക്കാതെ ആത്മഹത്യക്കു വിധേയനാകുന്നതു മറ്റൊരു തെറ്റുംകൂടിയായിരിക്കുമല്ലോ. (അമാനി തഫ്സീര്‍)

وَمَا لَكُمْ أَلَّا تَأْكُلُوا۟ مِمَّا ذُكِرَ ٱسْمُ ٱللَّهِ عَلَيْهِ وَقَدْ فَصَّلَ لَكُم مَّا حَرَّمَ عَلَيْكُمْ إِلَّا مَا ٱضْطُرِرْتُمْ إِلَيْهِ ۗ وَإِنَّ كَثِيرًا لَّيُضِلُّونَ بِأَهْوَآئِهِم بِغَيْرِ عِلْمٍ ۗ إِنَّ رَبَّكَ هُوَ أَعْلَمُ بِٱلْمُعْتَدِينَ

അല്ലാഹുവിന്‍റെ നാമം ഉച്ചരി (ച്ച് അറു) ക്കപ്പെട്ടതില്‍ നിന്ന് നിങ്ങള്‍ എന്തിന് തിന്നാതിരിക്കണം.? നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കിയത് അവന്‍ നിങ്ങള്‍ക്ക് വിശദമാക്കിത്തന്നിട്ടുണ്ടല്ലോ. നിങ്ങള്‍ (തിന്നുവാന്‍) നിര്‍ബന്ധിതരായിത്തീരുന്നതൊഴികെ. ധാരാളം പേര്‍ യാതൊരു വിവരവുമില്ലാതെ തന്നിഷ്ടങ്ങള്‍ക്കനുസരിച്ച് (ആളുകളെ) പിഴപ്പിച്ചു കൊണ്ടിരിക്കുകയാണ്‌. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് അതിക്രമകാരികളെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ. (ഖു൪ആന്‍ :6/119)

قُل لَّآ أَجِدُ فِى مَآ أُوحِىَ إِلَىَّ مُحَرَّمًا عَلَىٰ طَاعِمٍ يَطْعَمُهُۥٓ إِلَّآ أَن يَكُونَ مَيْتَةً أَوْ دَمًا مَّسْفُوحًا أَوْ لَحْمَ خِنزِيرٍ فَإِنَّهُۥ رِجْسٌ أَوْ فِسْقًا أُهِلَّ لِغَيْرِ ٱللَّهِ بِهِۦ ۚ فَمَنِ ٱضْطُرَّ غَيْرَ بَاغٍ وَلَا عَادٍ فَإِنَّ رَبَّكَ غَفُورٌ رَّحِيمٌ ‎

(നബിയേ) പറയുക: എനിക്ക് ബോധനം നല്‍കപ്പെട്ടിട്ടുള്ളതില്‍ ഒരു ഭക്ഷിക്കുന്നവന്ന് ഭക്ഷിക്കുവാന്‍ പാടില്ലാത്തതായി യാതൊന്നും ഞാന്‍ കാണുന്നില്ല; അത് ശവമോ, ഒഴുക്കപ്പെട്ട രക്തമോ, പന്നിമാംസമോ ആണെങ്കിലൊഴികെ. കാരണം അത് മ്ലേച്ഛമത്രെ. അല്ലെങ്കില്‍ അല്ലാഹുവല്ലാത്തവരുടെ പേരില്‍ (നേര്‍ച്ചയായി) പ്രഖ്യാപിക്കപ്പെട്ടതിനാല്‍ അധാര്‍മ്മികമായിത്തീര്‍ന്നിട്ടുള്ളതും ഒഴികെ. എന്നാല്‍ വല്ലവനും (ഇവ ഭക്ഷിക്കാന്‍) നിര്‍ബന്ധിതനാകുന്ന പക്ഷം അവന്‍ നിയമലംഘനം ആഗ്രഹിക്കാത്തവനും അതിരുവിട്ടുപോകാത്തവനുമാണെങ്കില്‍ നിന്‍റെ നാഥന്‍ തീര്‍ച്ചയായും ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (ഖു൪ആന്‍ :6/145)

إِنَّمَا حَرَّمَ عَلَيْكُمُ ٱلْمَيْتَةَ وَٱلدَّمَ وَلَحْمَ ٱلْخِنزِيرِ وَمَآ أُهِلَّ لِغَيْرِ ٱللَّهِ بِهِۦ ۖ فَمَنِ ٱضْطُرَّ غَيْرَ بَاغٍ وَلَا عَادٍ فَإِنَّ ٱللَّهَ غَفُورٌ رَّحِيمٌ ‎

ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരില്‍ പ്രഖ്യാപിക്കപ്പെട്ടത് എന്നിവ മാത്രമേ അവന്‍ (അല്ലാഹു) നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കിയിട്ടുള്ളൂ. വല്ലവനും (ഇവ ഭക്ഷിക്കുവാന്‍) നിര്‍ബന്ധിതനാകുന്ന പക്ഷം, അവന്‍ അതിന് ആഗ്രഹം കാണിക്കുന്നവനോ അതിരുവിട്ട് തിന്നുന്നവനോ അല്ലെങ്കില്‍ തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (ഖു൪ആന്‍ :16/115)

 

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *