ക്ഷമാശീലയായ എന്റെ പ്രിയ സഹോദരി

ക്യാൻസർ ബാധിച്ച് 20 വർഷത്തോളം പ്രയാസമനുഭവിച്ച് മരണപ്പെട്ട തന്റെ സഹോദരിയെക്കുറിച്ച് ശൈഖ് അബ്ദുറസാഖ് അൽബദർ حَفِظَهُ اللَّهُ എഴുതിയ കുറിപ്പ്

ക്ഷമാലുക്കൾക്ക് അവരുടെ പ്രതിഫലം അല്ലാഹു കണക്കില്ലാതെ നൽകുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.

إِنَّمَا يُوَفَّى ٱلصَّٰبِرُونَ أَجْرَهُم بِغَيْرِ حِسَابٍ

ക്ഷമാശീലര്‍ക്ക് തന്നെയാകുന്നു തങ്ങളുടെ പ്രതിഫലം കണക്കുനോക്കാതെ നിറവേറ്റിക്കൊടുക്കപ്പെടുന്നത്. (ഖു൪ആന്‍:39/10)

قال الأوزاعي رحمه الله: ليس يوزن لهم ولا يكال ، إنما يغرف لهم غرفا

ഇമാം ഔസാഈ رحمه الله പറഞ്ഞു: അവർക്ക് (പ്രതിഫലം) അളന്നു കൊടുക്കുകയോ തൂക്കി നൽകുകയോ അല്ല ചെയ്യുക, തീർച്ചയായും അവർക്ക് ചൊരിഞ്ഞു കൊടുക്കുകയാണ് ചെയ്യുക.

എന്റെ സഹോദരി നൗറ ബിൻത് അബ്ദുൽ മുഹ്സിൻ അൽബദർ, അല്ലാഹുവിൽനിന്നുള്ള പ്രതിഫലം കാംക്ഷിച്ച് ക്ഷമയോടെ ജീവിച്ച സത്യവിശ്വാസിനികളിൽ ഒരാളാണെന്ന് ഞാൻ കരുതുന്നു- അല്ലാഹുവിന്റെ പേരിൽ ആരെയും ഞാൻ പ്രശംസിക്കുന്നില്ല. ഹിജ്‌റ 1379 ശഅബാൻ മാസം മൂന്നാം ദിവസം അൽ-സുൽഫി നഗരത്തിലാണ് അവർ ജനിച്ചത്.

ഇരുപത് വർഷത്തിലേറെയായി രോഗങ്ങളും വേദനകളും അവരെ അലട്ടിയിരുന്നു. ഈ കാലയളവിലുടനീളം അവർ ക്യാൻസർ ട്യൂമറുകൾകൊണ്ട് പരീക്ഷിക്കപ്പെട്ടു; ഓരോ തവണയും കീമോതെറാപ്പിയിലൂടെ ഒരു സ്ഥലം ചികിത്സിച്ചു സുഖം പ്രാപിക്കുമ്പോൾ, അത് മറ്റൊരു സ്ഥലത്തേക്ക് വ്യാപിച്ചു. ഒടുവിൽ, അവസാന ദിവസങ്ങളിൽ അത് അവരുടെ തലച്ചോറിലേക്ക് വ്യാപിച്ചു. അതോടെ ഡോക്ടർമാർ വരെ കയ്യൊഴിഞ്ഞു; വേദന കുറയ്ക്കുന്നതിനുള്ള മരുന്നുകൾ മാത്രമായിരുന്നു ആശ്വാസം. ഈ കാലയളവിലുടനീളം അവർ ക്ഷമയോടെയും അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം പ്രതീക്ഷിച്ചും ഒരിക്കലും പരാതിപ്പെടാതെയും അസംതൃപ്തയാകാതെയും ജീവിച്ചു.

അവരുടെ കാര്യത്തിൽ അത്ഭുതകരമായ ഒരു കാര്യമുണ്ട്; അവരെ ആശ്വസിപ്പിക്കാൻ വരുന്നവരെ അവർ സമാധാനിപ്പിക്കുകയും അവരുടെ അവസ്ഥ കണ്ട് വേദനിക്കുന്നവരെ അവർ ആശ്വസിപ്പിക്കുകയും ചെയ്യുമായിരുന്നു. അല്ലാഹുവിലുള്ള ഉറച്ച വിശ്വാസവും അവനെ പ്രതീക്ഷിക്കുന്നവർക്ക് അവന്റെ വാഗ്ദാനത്തിലുള്ള ഉറപ്പും അവരിലുണ്ടായിരുന്നു എന്നെനിക്ക് തോന്നി.

അവസാന ദിവസങ്ങളിൽ, അതികഠിനമായ വേദനയുടെ സമയത്ത്, തന്റെ ഒരു മകൾ വേദനിക്കുന്നത് കണ്ട് അവർ പറഞ്ഞു: തീർച്ചയായും സത്യവിശ്വാസിയുടെ എല്ലാ കാര്യങ്ങളും നല്ലതാണ്. എന്നിട്ട് അവർ തന്റെ അടുത്തുള്ളവരെ സമാധാനിപ്പിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു:നബിﷺ പറഞ്ഞിട്ടുണ്ട്:

…. حَتَّى الشَّوْكَةِ يُشَاكُهَا، إِلاَّ كَفَّرَ اللَّهُ بِهَا مِنْ خَطَايَاهُ

ഒരു മുള്ള് തട്ടിയാൽ പോലും അല്ലാഹു അതു കാരണം പാപങ്ങൾ പൊറുക്കും.

രോഗം മൂർച്ഛിച്ച് ഇടയ്ക്കിടെ ബോധം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വേളയിൽ സൂറത്തുന്നംലിലെ 62 ാമത്തെ വചനം അവർ പാരായണം ചെയ്യുന്നത് ഒരു മകൾ കേട്ടു:

أَمَّن يُجِيبُ ٱلْمُضْطَرَّ إِذَا دَعَاهُ وَيَكْشِفُ ٱلسُّوٓءَ وَيَجْعَلُكُمْ خُلَفَآءَ ٱلْأَرْضِ ۗ

അഥവാ, കഷ്ടപ്പെട്ടവന്‍ വിളിച്ചു പ്രാര്‍ത്ഥിച്ചാല്‍ അവന്നു ഉത്തരം നല്‍കുകയും വിഷമം നീക്കികൊടുക്കുകയും, നിങ്ങളെ ഭൂമിയില്‍ പ്രതിനിധികളാക്കുകയും ചെയ്യുന്നവനോ (അതല്ല, അവരുടെ ദൈവങ്ങളോ?) (ഖു൪ആന്‍:27/62)

ഈ വചനം പൂർത്തിയാക്കും മുമ്പ് അവർക്ക് ബോധം നഷ്ടപ്പെടുകയും അൽപസമയത്തിനുശേഷം ബോധം തിരിച്ചുവന്നയുടൻ ആയത്ത് അവർ പൂർത്തിയാക്കി ഓതുകയും ചെയ്തു:

أَءِلَٰهٌ مَّعَ ٱللَّهِ ۚ قَلِيلًا مَّا تَذَكَّرُونَ

അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? കുറച്ച് മാത്രമേ നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുന്നുള്ളൂ. (ഖു൪ആന്‍:27/62)

പിന്നീട് അവർ അത് ആവർത്തിച്ചുകൊണ്ടിരുന്നു.

അവർ അല്ലാഹുവിനെ ധാരാളമായി സ്തുതിക്കുകയും പുകഴ്ത്തുകയും ചെയ്തിരുന്നു. നല്ലൊരു അന്ത്യം നൽകാനും അല്ലാഹു തന്നിൽ സംതൃപ്തനായ നിലയിൽ മരിപ്പിക്കാനും അവനോട് പ്രാർഥിച്ചിരുന്നു.

അബൂദാവൂദ് തന്റെ സുനനിലും അഹ്‌മദ് തന്റെ മുസ്‌നദിലും ഉദ്ധരിക്കുന്നു; നബിﷺ പറഞ്ഞു:

إذا سبقت للعبد من الله منزلة لم يبلغها بعمله، ابتلاه الله في ‏‏‏‏جسده أو في ماله أو في ولده، ثم صبره حتى يبلغه المنزلة التي سبقت له منه

ഒരു അടിമക്ക് അല്ലാഹുവിന്റെ അടുത്ത് ഒരു സ്ഥാനം ലഭിക്കാൻ വിധിക്കപ്പെടുകയും അവന്റെ പ്രവൃത്തികൊണ്ട് അത് നേടാൻ കഴിയാതിരിക്കുകയും ചെയ്താൽ അല്ലാഹു അവനെ ശരീരം, സമ്പത്ത്, സന്താനങ്ങൾ എന്നിവയിൽ പരീക്ഷിക്കുകയും അവന് ആ സ്ഥാനം നേടാൻ മാത്രമുള്ള ക്ഷമ നൽകുകയും ചെയ്യും.

സർവശക്തനായ അല്ലാഹു സ്വർഗത്തിൽ അവർക്ക് വലിയൊരു സ്ഥാനം നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

അവർ തന്റെ മാതാപിതാക്കളോട് വളരെ അനുസരണയുള്ളവളും അവരോട് ദയ കാണിക്കു ന്നവരുമായിരുന്നു. അവരെ സന്ദർശിക്കുകയും പരിചരിക്കുകയും ചെയ്യാറുണ്ടായിരുന്നു; രോഗം മൂർച്ഛിച്ച സമയത്തുപോലും. നേരിട്ട് സാധിക്കാതെ വരുമ്പോൾ ഫോണിലൂടെ അവരുടെ കാര്യങ്ങൾ അന്വേഷിക്കുകയും ആരോഗ്യസ്ഥിതി ചോദിച്ചറിയുകയും സഹോദരങ്ങളോട് അവരെ ശ്രദ്ധിക്കാൻ ഉപദേശിക്കുകയും അവരോടൊപ്പം അടുത്ത് താമസിക്കാൻ ആഗ്രഹിക്കുകയും ചെയ്തിരുന്നു.

അവരുടെ മാതാപിതാക്കളോടുള്ള കടപ്പാടിൽ ഒന്നായിരുന്നു; മരണശേഷം തന്റെ മയ്യിത്ത് മദീനയിലേക്ക് കൊണ്ടുപോയി അവിടെ വെച്ച് നമസ്‌കരിക്കണമെന്ന അവരുടെ വസ്വിയ്യത്ത്. മാതാപിതാക്കൾക്ക് നമസ്‌കരിക്കാൻ വേണ്ടി കൂടുതൽ യാത്ര ചെയ്യേണ്ടി വരില്ലല്ലോ – പ്രയാസകരമാണെങ്കിലും അവർ അത് ഉപേക്ഷിക്കില്ലെന്ന് അവർക്ക് അറിയാമായിരുന്നു. അല്ലാഹു അവർക്ക് ആഗ്രഹം സാധിച്ചുകൊടുത്തു. അവരുടെ മൃതദേഹം മാറ്റാനുള്ള കാര്യങ്ങൾ അത്ഭുതകരമായി എളുപ്പമാക്കി; അവർ മരിച്ചത് അസ്വറിന് ശേഷമായിരുന്നു. സ്വുബ്ഹി നമസ്‌കാരശേഷം മസ്ജിദുന്നബവിയിൽ വെച്ച് അവർക്ക് വേണ്ടി നമസ്‌കരിച്ചു. (അല്ലാഹുവിന്റെ അനുവാദമുണ്ടെങ്കിൽ) കാരുണ്യവും സ്‌നേഹവും സംതൃപ്തിയുമുള്ള അവരുടെ അന്ത്യവിശ്രമസ്ഥലത്തേക്ക് ഭൂമിയിലുള്ള അല്ലാഹുവിന്റെ സാക്ഷികളായ വലിയൊരു ജനക്കൂട്ടം അവരെ അനുഗമിച്ചു. അവരെ അനുഗമിച്ചവരിൽ ആദ്യത്തെയാൾ അവരുടെ പിതാവായിരുന്നു.

അദ്ദേഹം തന്റെ കസേരയിൽ ഇരുന്ന് അവരുടെ ക്വബ്‌റിടത്തിനടുത്ത് വന്നു, അവരുടെ ക്വബ്‌റടക്കത്തിൽ പങ്കെടുത്തു, അവർക്ക് പാപമോചനത്തിനും കാരുണ്യത്തിനും സ്ഥിരതയ്ക്കും വേണ്ടി അല്ലാഹുവോട് പ്രാർഥിച്ചു.

ഞങ്ങൾ അർധരാത്രിയിൽ മദീനയിലെത്തിയപ്പോൾ മയ്യിത്ത് മാതാപിതാക്കളുടെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. ഒരു മണിക്കൂറോളം അവിടെ വെച്ച് അവരെ ചുംബിക്കാനും യാത്രയയക്കാനും അവസാനമായി ഒരു നോക്ക് കാണാനും അനുവദിച്ചു. അല്ലാഹുവിന്റെ അനുവാദത്താൽ സ്വർഗത്തിലെ ഉന്നത സ്ഥാനങ്ങളിൽ വെച്ച് ഒരുമിച്ചുകൂടാമെന്ന് പ്രതീക്ഷിക്കുന്നു. അല്ലാഹു പറയുന്നു:

وَٱلَّذِينَ ءَامَنُوا۟ وَٱتَّبَعَتْهُمْ ذُرِّيَّتُهُم بِإِيمَٰنٍ أَلْحَقْنَا بِهِمْ ذُرِّيَّتَهُمْ وَمَآ أَلَتْنَٰهُم مِّنْ عَمَلِهِم مِّن شَىْءٍ ۚ

ഏതൊരു കൂട്ടര്‍ വിശ്വസിക്കുകയും അവരുടെ സന്താനങ്ങള്‍ വിശ്വാസത്തില്‍ അവരെ പിന്തുടരുകയും ചെയ്തിരിക്കുന്നുവോ അവരുടെ സന്താനങ്ങളെ നാം അവരോടൊപ്പം ചേര്‍ക്കുന്നതാണ്‌. അവരുടെ കര്‍മ്മഫലത്തില്‍ നിന്ന് യാതൊന്നും നാം അവര്‍ക്കു കുറവു വരുത്തുകയുമില്ല. (ഖു൪ആന്‍:52/21)

അവരുടെ മരണസമയത്ത് ഞാൻ അവരുടെ അടുത്തുണ്ടായിരുന്നു. അവർ മരിച്ചയുടൻ അവരുടെ മുഖം വെളുക്കുകയും തിളങ്ങുകയും ചെയ്തു. മനോഹരമായ ഒരു പുഞ്ചിരിയും അത്ഭുതകരമായ ഒരു പ്രകാശവും മുഖത്ത് നിറഞ്ഞു. അത് കാണുന്നവർക്ക് അത്ഭുതം തോന്നും; ക്ഷീണമോ പ്രയാസങ്ങളോ അവർക്ക് നേരിട്ടിട്ടേ ഇല്ലാത്തതുപോലെ. ഇത് സത്യവിശ്വാസികൾക്ക് മരണസമയത്ത് മലക്കുകൾ ഇറങ്ങിവരുമ്പോൾ ലഭിക്കുന്ന സന്തോഷവാർത്തയുടെ ഫലമാണെന്ന് ഞാൻ കരുതുന്നു:

أَلَّا تَخَافُوا۟ وَلَا تَحْزَنُوا۟ وَأَبْشِرُوا۟ بِٱلْجَنَّةِ ٱلَّتِى كُنتُمْ تُوعَدُونَ

നിങ്ങൾ ഭയപ്പെടുകയോ ദുഃഖിക്കുകയോ വേണ്ട. നിങ്ങൾക്ക് വാഗ്ദാനം നൽകപ്പെട്ടിരുന്ന സ്വർഗത്തെപ്പറ്റി നിങ്ങൾ സന്തോഷമടഞ്ഞുകൊള്ളുക. (ഖു൪ആന്‍:41/30)

ഈ ആയത്ത് വിശദീകരിച്ചു കൊണ്ട് നിരവധി വ്യാഖ്യാതാക്കൾ പറഞ്ഞു: ‘ഇത് മരണസമയത്താണ്.’

ബറാഅ് رضي الله عنه വിന്റെ ദീർഘമായ ഒരു ഹദീസിൽ ഇങ്ങനെ പറയുന്നു: “മലക്കുകൾ സത്യവിശ്വാസിയുടെ ആത്മാവിനോട് പറയും:

اخرجي أيتها النفس الطيبة كانت في الجسد الطيب اخرجي حميدة وأبشري بروح وريحان ورب غير غضبان

‘നല്ല ദേഹത്തിൽ ഉണ്ടായിരുന്ന നല്ല ആത്മാവേ, സന്തോഷത്തോടെ പുറത്തു വരിക, ആശ്വാസത്തെയും സുഗന്ധത്തെയും കോപമില്ലാത്ത റബ്ബിനെയും കുറിച്ച് സന്തോഷിക്കുക.’

ചെറുപ്പത്തിൽ അവർക്ക് ഔപചാരിക വിദ്യാഭ്യാസം നേടാൻ കഴിഞ്ഞില്ല. പക്ഷേ, അവർ മദ്‌റസകളിൽ പഠിച്ചു. അവിടെനിന്നും അവർ എഴുതാനും വായിക്കാനും പഠിച്ചു. ചെറുപ്പത്തിൽ ക്വുർആൻ ഓതാനും മനഃപാഠമാക്കാനും അവർക്ക് അവസരം ലഭിച്ചു. അവർ എന്റെ ആദ്യത്തെ അധ്യാപികയായിരുന്നു. അവരുടെ കൈകളിൽനിന്ന് ഞാൻ എഴുതാനും വായിക്കാനും പഠിച്ചു. അവർ എനിക്ക് വരകൾ വരച്ച് തരും, അതിലൂടെ ഞാൻ അക്ഷരങ്ങളും വാക്കുകളും എഴുതാൻ പഠിക്കും. പിന്നീട് ഞാൻ അവരിൽനിന്ന് പഠിക്കുകയും അവരുടെ അറിവിൽനിന്നും ബുദ്ധിയിൽനിന്നും പ്രയോജനം നേടുകയും ചെയ്തു. ഞാൻ പലപ്പോഴും അവരോട് പറയാറുണ്ടായിരുന്നു: ‘നിങ്ങളാണ് എന്റെ ആദ്യത്തെ ഉസ്താദും അധ്യാപകനും.’ അവരുടെ മക്കളെ പഠിപ്പിക്കുന്നതിലും വളർത്തുന്നതിലുമുള്ള അവരുടെ ശ്രദ്ധ അതിശയകരമായിരുന്നു.

ഞാനും അവരും തമ്മിൽ കൂടിയാലോചനകളും ഉപദേശങ്ങളും ചർച്ചകളും നടന്നിരുന്നു. അവർ തന്റെ വിഷമങ്ങൾ എന്നോട് തുറന്നുപറയുകയും തന്റെ സ്വകാര്യ കാര്യങ്ങളിൽ എന്നോട് കൂടിയാലോചിക്കുകയും ചെയ്യും. ഞങ്ങൾ തമ്മിലുള്ള ബന്ധം ഒരിക്കലും മുറിഞ്ഞിരുന്നില്ല. വല്ലപ്പോഴും എനിക്ക് എന്തെങ്കിലും കാര്യത്തിനായി റിയാദിലേക്ക് പോകേണ്ടി വരുമ്പോൾ ഞാൻ അവരുടെ വീട്ടിൽ പോയിരുന്നു. അവിടെയല്ലാതെ ഞാൻ ഉറങ്ങാറില്ലായിരുന്നു. ഞാൻ അവരോട് എപ്പോഴും പറയും: ‘നിങ്ങളുടെ വീട് എനിക്ക് ഒരു പ്രധാന തൂണാണ്, റിയാദിൽ വന്നിട്ട് നിങ്ങളുടെ വീട്ടിൽ വരാതിരിക്കാൻ എനിക്ക് കഴിയില്ല.’

അവർ തന്റെ മാതാപിതാക്കൾക്ക് മുമ്പ് മരിച്ചു. അവരുടെ മരണവാർത്ത അറിഞ്ഞപ്പോൾ മാതാവ് പറഞ്ഞു: ‘എന്റെ മകൾ എന്നെ മുൻകടന്നു.’

എന്നാൽ – അല്ലാഹുവാണേ സത്യം – അല്ലാഹുവിന്റെ സംതൃപ്തിയും പാപമോചനവും സ്വർഗത്തിലെ ഉന്നത സ്ഥാനങ്ങളും ലഭിക്കാനായി, അവരുടെ മാതാപിതാക്കൾ നടത്തിയ പ്രാർഥനകളിലൂടെ അവർ മുൻകടന്നു. മാതാപിതാക്കളുടെ പ്രാർഥന സന്താനങ്ങൾക്ക് ഉത്തരം ലഭിക്കുന്നതാണ്. അതിനാൽ അവർക്ക് അഭിനന്ദനങ്ങൾ. ഈ നന്മയും ഔദാര്യവും അനുഗ്രഹവും ലഭിച്ചതിൽ അഭിനന്ദനങ്ങൾ.

അവർ മരണപ്പെടുമ്പോൾ മാതാപിതാക്കൾ അവരിൽ സംതൃപ്തരായിരുന്നു, അവരെ സ്‌നേഹിക്കുന്നവരായിരുന്നു, അവരോട് കരുണ കാണിക്കുന്നവരായിരുന്നു. അവരുടെ മരണശേഷം അവർക്ക് വേണ്ടി പ്രാർഥിക്കുന്നവരുമാണെന്ന് ഞാൻ സാക്ഷ്യപ്പെടുത്തുന്നു.

അവരുടെ രോഗം മൂർച്ഛിച്ച സമയത്ത് മാതാവ് അവരെ സന്ദർശിക്കാൻ താൽപര്യപ്പെട്ടിരുന്നു. എന്നാൽ എന്റെ സഹോദരി പറയുമായിരുന്നു: ‘അവരെ അതിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുക.’ കാരണം, പ്രയാസത്തിലും വിഷമത്തിലും തന്നെ കാണുന്നത് മാതാവിന്റെ ഹൃദയത്തെ വേദനിപ്പിക്കുമെന്ന് അവർ ഭയപ്പെട്ടു. വാസ്തവത്തിൽ, രോഗം മൂർച്ഛിച്ചപ്പോൾ അവരുടെ മക്കളും പേരക്കുട്ടികളും ഭർത്താവും സഹോദരൻ അബ്ദുറസാഖും അല്ലാത്ത ആരെയും കാണാൻ അവർ അനുവദിച്ചില്ല.

അവരുടെ പെൺമക്കളിൽ ഒരാൾ വിട്ടുവീഴ്ചയെക്കുറിച്ചും അത് ചെയ്യുന്നവർക്ക് അല്ലാഹുവിന്റെ അടുത്ത് ലഭിക്കുന്ന വലിയ പ്രതിഫലത്തെക്കുറിച്ചും അവരെ ഓർമിപ്പിക്കാറുണ്ടായിരുന്നു. അവർ ബോധം വരികയും പോകുകയും ചെയ്യുന്നതിനിടെ അത് കേൾക്കുമായിരുന്നു. പിന്നീട് ബോധം നഷ്ടപ്പെടുകയും തിരികെ വന്നരികയും ചെയ്തപ്പോൾ അവർ പറഞ്ഞു:

فَمَنْ عَفَا وَأَصْلَحَ فَأَجْرُهُۥ عَلَى ٱللَّهِ ۚ

ആരെങ്കിലും മാപ്പുനൽകുകയും (അതുവഴി) നന്മ വരുത്തുകയുമാണെങ്കിൽ അവന്നുള്ള പ്രതിഫലം അല്ലാഹുവിന്റെ ബാധ്യതയിലാകുന്നു. (ഖു൪ആന്‍:42/40)

ഈ മാപ്പ് കാരണം അല്ലാഹു അവർക്ക് കൂടുതൽ ആദരവും ഉന്നതിയും നൽകട്ടെ.

കഴിഞ്ഞ ഏതാനും ആഴ്ചകളിൽ ഞാൻ അവരെ സന്ദർശിക്കാറുണ്ടായിരുന്നു. തന്റെ മക്കളെ കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും അവർക്ക് ആശങ്കയുള്ളതായി ഞാൻ കണ്ടില്ല – അല്ലാഹു അവരെ നന്നാക്കുകയും അനുഗ്രഹിക്കുകയും ചെയ്യട്ടെ, അവർ ജീവിച്ചിരിക്കുമ്പോൾ അവർക്ക് ലഭിച്ച നന്മയെക്കാൾ കൂടുതൽ അവർ മരിച്ചശേഷവും അവർക്ക് നന്മ നൽകട്ടെ – ചിലപ്പോൾ രോഗം മൂർച്ഛിച്ച സമയത്ത് അവർ എന്നെ ഒറ്റയ്ക്ക് വിളിച്ച് അവരെക്കുറിച്ച് എന്നോട് ആലോചിക്കുകയും ഉപദേശം ചോദിക്കുകയും വസ്വിയ്യത്ത് ചെയ്യുകയും ചെയ്യും. അവരുടെ ഹൃദയത്തിൽ അവർക്ക് അത്ഭുതകരമായ സ്‌നേഹവും വലിയ സ്ഥാനവും അതിയായ ശ്രദ്ധയുമുണ്ടായിരുന്നു. അവർക്ക് അല്ലാഹു കൂടുതൽ അനുഗ്രഹം നൽകട്ടെ, അവർ വലിയ അളവിൽ നന്മയും ദയയും ഉള്ളവരായിരുന്നു.

അവരുടെ രോഗം മൂർച്ഛിച്ച സമയത്ത് അവരുടെ മക്കളിൽനിന്ന് ലഭിക്കുന്ന വലിയ ശ്രദ്ധ കണ്ട് ഞാൻ ഒരു ദിവസം അവരോട് പറഞ്ഞു: ‘ഈ പെൺമക്കളെ ലഭിച്ചതിൽ നിങ്ങൾക്ക് സന്തോഷം! مَا شَاءَ الله. അപ്പോൾ അവർ പറഞ്ഞു: ‘മക്കളോ? الحمد لله, എല്ലാവരും നല്ലവരും അനുഗൃഹീതരുമാണ്.’

അവസാന ദിവസങ്ങളിൽ അവർ, ഇബ്‌നുമാജ തന്റെ സുനനിൽ അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്നും അബൂ സഈദ്  رَضِيَ اللَّهُ عَنْهُ വിൽ നിന്നും ഉദ്ധരിച്ച ഒരു ഹദീസിൽ വന്ന അഞ്ച് തഹ്‌ലീലുകൾ പതിവായി ചൊല്ലിയിരുന്നു. അല്ലാഹുവിന്റെ ദൂതൻﷺ ഇപ്രകാരം പറഞ്ഞതായി സാക്ഷ്യപ്പെടുത്തി:

إِذَا قَالَ الْعَبْدُ : «لاَ إِلَهَ إِلاَّ اللَّهُ ، وَاللَّهُ أَكْبَرُ» ، قَالَ : يَقُولُ اللَّهُ عَزَّ وَجَلَّ : صَدَقَ عَبْدِي؛ لاَ إِلَهَ إِلاَّ أَنَا، وَأَنَا اللهُ أَكْبَرُ. وَإِذَا قَالَ الْعَبْدُ: «لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ»، قَالَ: صَدَقَ عَبْدِي؛ لاَ إِلَهَ إِلاَّ أَنَا وَحْدِي. وَإِذَا قَالَ: «لاَ إِلَهَ إِلاَّ اللَّهُ لاَ شَرِيكَ لَهُ»، قَالَ: صَدَقَ عَبْدِي، لاَ إِلَهَ إِلاَّ أَنَا وَلاَ شَرِيكَ لِي. وَإِذَا قَالَ: «لاَ إِلَهَ إِلاَّ اللَّهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ»، قَالَ: صَدَقَ عَبْدِي؛ لاَ إِلَهَ إِلاَّ أَنَا، لِيَ الْمُلْكُ، وَلِيَ الْحَمْدُ .وَإِذَا قَالَ: «لاَ إِلَهَ إِلاَّ اللَّهُ، وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ» ، قَالَ : صَدَقَ عَبْدِي؛ لاَ إِلَهَ إِلاَّ أَنَا ، وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِي.

അടിമ ലാ ഇലാഹ ഇല്ലല്ലാഹു, അല്ലാഹു അക്ബർ എന്ന് പറഞ്ഞാൽ, അല്ലാഹു പറയും: ‘എന്റെ അടിമ സത്യം പറഞ്ഞു; ഞാനല്ലാതെ ആരാധനക്ക് അർഹനില്ല, ഞാനാണ് ഏറ്റവും വലിയവൻ.’ അടിമ ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു എന്ന് പറഞ്ഞാൽ അല്ലാഹു പറയും: ‘എന്റെ അടിമ സത്യം പറഞ്ഞു; ഞാനല്ലാതെ ആരാധനക്ക് അർഹനില്ല, ഞാൻ ഏകനാണ്.’ ലാ ഇലാഹ ഇല്ലല്ലാഹു ലാ ശരീക ലഹു എന്ന് പറഞ്ഞാൽ, അല്ലാഹു പറയും: ‘എന്റെ അടിമ സത്യം പറഞ്ഞു; ഞാനല്ലാതെ ആരാധനക്ക് അർഹനില്ല, എനിക്ക് പങ്കുകാരനില്ല.’ ലാ ഇലാഹ ഇല്ലല്ലാഹു, ലഹുൽ മുൽകു വ ലഹുൽ ഹംദു എന്ന് പറഞ്ഞാൽ അല്ലാഹു പറയും: ‘എന്റെ അടിമ സത്യം പറഞ്ഞു; ഞാനല്ലാതെ ആരാധനക്ക് അർഹനില്ല, എനിക്കാണ് രാജാധികാരം, എനിക്കാണ് സർവ സ്തുതിയും.’ ലാ ഇലാഹ ഇല്ലല്ലാഹു, വ ലാ ഹൗല വ ലാ ക്വുവ്വത്ത ഇല്ലാ ബില്ലാഹ് എന്ന് പറഞ്ഞാൽ അല്ലാഹു പറയും: ‘എന്റെ അടിമ സത്യം പറഞ്ഞു; ഞാനല്ലാതെ ആരാധനക്ക് അർഹനില്ല, എനിക്കല്ലാതെ ശക്തിയും കഴിവുമില്ല.’ നബിﷺ പറഞ്ഞു: ‘മരണസമയത്ത് ഈ ദിക്‌റുകൾ ആർക്ക് പറയുന്നുവോ അവനെ നരകം സ്പർശിക്കില്ല.’’

തിർമിദി തന്റെ ഗ്രന്ഥത്തിൽ, രോഗിയുടെ ദിക്‌റുകളെക്കുറിച്ചുള്ള അധ്യായത്തിൽ ഇത് ഉദ്ധരിക്കുന്നുണ്ട്. അതിലെ വാചകം ഇപ്രകാരമാണ്:

مَنْ قَالَهَا فِي مَرَضِهِ ثُمَّ مَاتَ لَمْ تَطْعَمْهُ النَّارُ

ആരെങ്കിലും രോഗാവസ്ഥയിൽ ഇത് പറയുകയും എന്നിട്ട് മരിക്കുകയും ചെയ്താൽ അവനെ നരകം തൊടുകയില്ല.

നസാഈ ഇത് ഉദ്ധരിക്കുകയും ‘അഞ്ച് വിരലുകൾ കൊണ്ട് ഇത് എണ്ണി’ എന്ന് കൂട്ടിച്ചേർക്കുകയും ചെയ്തു. മറ്റൊരു റിപ്പോർട്ടിൽ അദ്ദേഹം പറഞ്ഞു: ‘അടിമ പറയുന്ന അഞ്ച് കാര്യങ്ങളെ അല്ലാഹു സത്യപ്പെടുത്തുന്നു.’ എന്നിട്ട് അദ്ദേഹം അവയെക്കുറിച്ച് പരാമർശിച്ചു.

قال المباركفوري رحمه الله في المرعاة: وفي الحديث دليل على أن هذه الكلمات المذكورة في الحديث إذا قالها العبد في مرضه ومات في ذلك المرض على تلك الكلمات -أي كانت خاتمة كلامه الذي يتكلم به عاقلا مختاراً- لم تمسه النار، ولم يضره ما تقدم من المعاصي، وأنها تكفِّر جميع الذنوب.

മുബാറക്ഫൂരി ‘അൽമിർആത്ത്’ എന്ന ഗ്രന്ഥത്തിൽ പറഞ്ഞു: ‘ഈ ഹദീസിൽനിന്ന് മനസ്സിലാക്കുന്നത്, ഈ ദിക്‌റുകൾ രോഗാവസ്ഥയിൽ ചൊല്ലി, ആ രോഗത്തിൽ തന്നെ മരിച്ചാൽ – അതായത്, അവന്റെ അവസാന വാക്ക് ബുദ്ധിയോടെയും അറിവോടെയും പറഞ്ഞതെങ്കിൽ – അവനെ നരകം സ്പർശിക്കില്ല, മുമ്പ് സംഭവിച്ച പാപങ്ങൾ അവനെ ദോഷകരമായി ബാധിക്കുകയുമില്ല. എല്ലാ പാപങ്ങളെയും അത് പൊറുക്കുകയും ചെയ്യും.’

‘മരണസമയത്ത് ഇത് ആർക്ക് ലഭിക്കുന്നുവോ അവനെ നരകം സ്പർശിക്കില്ല’ എന്ന തലക്കെട്ടിലുള്ള എന്റെ ഒരു ലേഖനം ഞാൻ അവർക്ക് നേരത്തെ അയച്ചിരുന്നു. അപ്പോൾ ഈ ദിക്‌റുകളോട് അവർക്ക് വലിയ താൽപര്യമുണ്ടായി, അവസാന ദിവസങ്ങളിൽ അവർ അത് ധാരാളമായി ചൊല്ലി. ഈ ദിക്‌റുകളാണ് അവരുടെ അവസാന വാക്കുകളായിരുന്നത്.

അവരിൽ നിന്ന് അവസാനമായി കേട്ടത്: ‘യാ റബ്ബ്…!’ എന്നാണ്. എന്താണ് അവർ അല്ലാഹുവോട് ചോദിച്ചതെന്ന് കേട്ടില്ല. എന്നാൽ ദാതാവും ഉദാരനുമായ അല്ലാഹുവിന്റെ അടുത്ത് അവർക്ക് അതൊരു വലിയ നിധിയായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

അല്ലാഹുവേ, അവർക്ക് പൊറുത്തുകൊടുക്കേണമേ. അവരുടെ പദവി ഉയർത്തേണമേ. അവരുടെ ക്വബ്ർ വിശാലമാക്കേണമേ, അതിൽ പ്രകാശം നിറക്കേണമേ. അവരെ നിന്റെ അടുത്ത് സൽകർമികളിൽ രേഖപ്പെടുത്തേണമേ. അവരുടെ രേഖ ഇല്ലിയ്യീനുകളിൽ ആക്കേണമേ. അവരുടെ പ്രതിഫലം ഞങ്ങൾക്ക് നിഷേധിക്കരുതേ. അവർക്ക് ശേഷം ഞങ്ങളെ പരീക്ഷിക്കരുതേ. ഞങ്ങളെയും ഞങ്ങളുടെ മാതാപിതാക്കളെയും അവരെയും ഫിർദൗസുൽ അഅ്‌ലായിൽ ഒരുമിച്ചുകൂട്ടേണമേ.

 

ശൈഖ് അബ്ദുറസാക്വ് അൽബദർ حَفِظَهُ اللَّهُ

വിവര്‍ത്തനം : സ്വഫ്‌വാൻ മുഹമ്മദ് അൽഹികമി, ആമയൂർ

 

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *