وَٱتَّبَعُوا۟ مَا تَتْلُوا۟ ٱلشَّيَٰطِينُ عَلَىٰ مُلْكِ سُلَيْمَٰنَ ۖ وَمَا كَفَرَ سُلَيْمَٰنُ وَلَٰكِنَّ ٱلشَّيَٰطِينَ كَفَرُوا۟ يُعَلِّمُونَ ٱلنَّاسَ ٱلسِّحْرَ وَمَآ أُنزِلَ عَلَى ٱلْمَلَكَيْنِ بِبَابِلَ هَٰرُوتَ وَمَٰرُوتَ ۚ وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّىٰ يَقُولَآ إِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْ ۖ فَيَتَعَلَّمُونَ مِنْهُمَا مَا يُفَرِّقُونَ بِهِۦ بَيْنَ ٱلْمَرْءِ وَزَوْجِهِۦ ۚ وَمَا هُم بِضَآرِّينَ بِهِۦ مِنْ أَحَدٍ إِلَّا بِإِذْنِ ٱللَّهِ ۚ وَيَتَعَلَّمُونَ مَا يَضُرُّهُمْ وَلَا يَنفَعُهُمْ ۚ وَلَقَدْ عَلِمُوا۟ لَمَنِ ٱشْتَرَىٰهُ مَا لَهُۥ فِى ٱلْـَٔاخِرَةِ مِنْ خَلَٰقٍ ۚ وَلَبِئْسَ مَا شَرَوْا۟ بِهِۦٓ أَنفُسَهُمْ ۚ لَوْ كَانُوا۟ يَعْلَمُونَ
സുലൈമാന്‍ നബിയുടെ രാജവാഴ്ചയുടെ (രഹസ്യമെന്ന) പേരില്‍ പിശാചുക്കള്‍ പറഞ്ഞുപരത്തിക്കൊണ്ടിരുന്നത് അവര്‍ (ഇസ്രായീല്യര്‍) പിന്‍പറ്റുകയും ചെയ്തു. സുലൈമാന്‍ നബി ദൈവനിഷേധം കാണിച്ചിട്ടില്ല. എന്നാല്‍ ജനങ്ങള്‍ക്ക് മാന്ത്രികവിദ്യ പഠിപ്പിച്ചുകൊടുത്ത് കൊണ്ട് പിശാചുക്കളാണ് ദൈവ നിഷേധത്തില്‍ ഏര്‍പെട്ടത്. ബാബിലോണില്‍ ഹാറൂത്തെന്നും മാറൂത്തെന്നും പേരുള്ള രണ്ടു മാലാഖമാര്‍ക്ക് ലഭിച്ചതിനെയും (പറ്റി പിശാചുക്കള്‍ പറഞ്ഞുണ്ടാക്കിക്കൊണ്ടിരുന്നത് ഇസ്രായീല്യര്‍ പിന്തുടര്ന്നു). എന്നാല്‍ ഹാറൂത്തും മാറൂത്തും ഏതൊരാള്‍ക്ക് പഠിപ്പിക്കുമ്പോഴും, ഞങ്ങളുടേത് ഒരു പരീക്ഷണം മാത്രമാകുന്നു; അതിനാല്‍ (ഇത് ഉപയോഗിച്ച്) ദൈവനിഷേധത്തില്‍ ഏര്‍പെടരുത് എന്ന് അവര്‍ പറഞ്ഞുകൊടുക്കാതിരുന്നില്ല. അങ്ങനെ അവരില്‍ നിന്ന് ഭാര്യാഭര്ത്താക്കന്മാര്ക്കിടയില് ഭിന്നതയുണ്ടാക്കുവാനുള്ള തന്ത്രങ്ങള്‍ ജനങ്ങള്‍ പഠിച്ച് കൊണ്ടിരുന്നു. എന്നാല്‍ അല്ലാഹുവിന്റെ അനുമതി കൂടാതെ അതുകൊണ്ട് യാതൊരാള്‍ക്കും ഒരു ദ്രോഹവും ചെയ്യാന്‍ അവര്‍ക്ക് കഴിയില്ല. അവര്‍ക്ക് തന്നെ ഉപദ്രവമുണ്ടാക്കുന്നതും ഒരു പ്രയോജനവും ചെയ്യാത്തതുമായ കാര്യമാണ് അവര്‍ പഠിച്ചു കൊണ്ടിരുന്നത്. അത് (ആ വിദ്യ) ആര് വാങ്ങി (കൈവശപ്പെടുത്തി) യോ അവര്‍ക്ക് പരലോകത്ത് യാതൊരു വിഹിതവുമുണ്ടാവില്ലെന്ന് അവര്‍ ഗ്രഹിച്ചുകഴിഞ്ഞിട്ടുണ്ട്. അവരുടെ ആത്മാവുകളെ വിറ്റ് അവര്‍ വാങ്ങിയ വില വളരെ ചീത്ത തന്നെ. അവര്‍ക്ക് വിവരമുണ്ടായിരുന്നെങ്കില്‍! (ഖു൪ആന്‍:2/102)
‘ബാബിലോണിൽ ഹാറൂത്തും മാറൂത്തുമെന്ന രണ്ടു മലക്കുകൾക്ക് ഇറക്കപ്പെട്ടതും’ എന്ന് പറഞ്ഞതിലെ ‘മലകൈനി’ എന്ന പദം വിശദീകരിക്കുന്നതിൽ ക്വുർആൻ വ്യാഖ്യാന പണ്ഡിതൻമാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്. ചിലർ ഇതിന്റെ അർഥം മലക്കുകളെപ്പോലെ ശുദ്ധൻമാരായ മനുഷ്യർ എന്നായും, മറ്റുചിലർ യഥാർഥത്തിൽ ദൈവദൂതന്മാരായ മലക്കുകളെയാണ് ഉദ്ദേശിച്ചതെന്നും വ്യാഖ്യാനിക്കുന്നു.
അമാനി മൗലവി رحمه الله വിശദീകരിച്ചു: (മലകൈനി) എന്ന് പറഞ്ഞത് രണ്ട് യഥാർഥ മലക്കുകളെ ഉദ്ദേശിച്ചുതന്നെയാണെന്നത്രെ ഭൂരിപക്ഷാഭിപ്രായം. മലക്കുകളെപ്പോലെ ശുദ്ധൻമാരായ – ശുദ്ധൻമാരും നല്ലവരുമെന്ന് കരുതപ്പെടുന്ന – രണ്ട് മനുഷ്യൻമാർ എന്നാണുദ്ദേശ്യമെന്നും അഭിപ്രായമുണ്ട്. (മലികൈനി) എന്നും ആ വാക്ക് വായിക്കപ്പെട്ടിട്ടുണ്ട് താനും. രാജാക്കൾ എന്നായിരിക്കും അപ്പോൾ അതിനർഥം. യഥാർഥ മലക്കുകൾ തന്നെ എന്നുള്ളതാണ് കൂടുതൽ ബലപ്പെട്ട അഭിപ്രായം. മലക്കുകൾ മനുഷ്യ രൂപത്തിൽ പ്രത്യക്ഷപ്പെടുകയും, ജനങ്ങളുമായി ഇടപെടുകയും ചെയ്യുന്നത് അസാധാരണമാണെങ്കിലും അതിൽ അസാംഗത്യമായി ഒന്നുമില്ല. ഉദ്ദേശിച്ചതുപോലെയുള്ള രൂപത്തിൽ പ്രത്യക്ഷപ്പെടുവാൻ കഴിവുള്ള വരാണ് മലക്കുകൾ. തുടർന്നു പറയുന്നതുപോലെ ഒരു പരീക്ഷണമായിരുന്നു അതെന്നുകൂടി വരുമ്പോൾ, അതൊട്ടും വിദൂരമല്ലതാനും. ഇബ്റാഹീം നബി عليه السلام യുടെ അടുക്കൽ അതിഥികളുടെ രൂപത്തിലും, ലൂത്വ് നബി عليه السلام യുടെ അടുക്കൽ സുന്ദരൻമാരായ യുവാക്കളുടെ രൂപത്തിലും, മർയം عليه السلام യുടെ അടുക്കൽ പുരുഷരൂപത്തിലും മലക്കുകൾ ചെന്നത് ക്വുർആനിൽതന്നെ പ്രസ്താവിക്കപ്പെട്ടതാണല്ലോ. ഒരിക്കൽ സ്വഹാബികൾക്ക് അപരിചിതനായ ഒരാൾ വന്നു നബിﷺയോട് പലതും ചോദിച്ചറിഞ്ഞു പോയശേഷം, അത് ജിബ്രീൽ عليه السلام ആയിരുന്നുവെന്നും, മതകാര്യങ്ങൾ ചോദിച്ചറിയുന്നതെങ്ങനെയെന്ന് നിങ്ങൾക്ക് കാണിച്ചുതരുവാൻ വേണ്ടി വന്നതായിരുന്നു അദ്ദേഹമെന്നും നബിﷺ പറഞ്ഞതായി മുസ്ലിം عليه السلام ഉദ്ധരിച്ച ഒരു പ്രസിദ്ധ ഹദീസിലും കാണാം. (തഫ്സീർ അമാനി, സൂറഃ അൽബക്വറ 102ന്റെ വ്യാഖ്യാനം)
ഈ ചരിത്രസംഭവം ബാബിലോണിലാണ് നടക്കുന്നത്. ഫലസ്തീൻ പ്രദേശത്ത് താമസിച്ചിരുന്ന ബനൂ ഇസ്റാഈല്യർ എങ്ങനെ ഇറാഖിലെ ബാബിലോണിൽ എത്തിച്ചേർന്നുവെന്ന് ചിലർ ചിന്തിക്കാനിടയുണ്ട്. ബി.സി. 604 മുതൽ ബി.സി. 561 വരെ ബാബിലോൺ ഭരിച്ച ദുഷ്ടനായ ബുഖ്തുനസർ രാജാവാണ് ഇതിനുള്ള കാരണം. അയാളുടെ ആക്രമണത്തിന്റെയും നിർദയതയുടെയും ഇരയായിട്ടാണ് ബനൂ ഇസ്റാഈൽ ജനത ബാബിലോണിലേക്ക് നാടുകടത്തപ്പെടുന്നത്. ലോകചരിത്രത്തിൽ, ഫിർഔനിനു പിന്നാലെ ബനൂഇസ്റാഈല്യരെ അതിക്രൂരമായി പീഡിപ്പിച്ച രാജാവായി ബുഖ്തുനസർ അറിയപ്പെടുന്നത്. അത്രത്തോളം ക്രൂരനും തീവ്രാധിപത്യവുമുളള ഭരണാധികാരിയായിരുന്നു അയാൾ. ഈ അക്രമിയുടെ ഭരണകാലത്ത്, ബൈതുൽ മുക്വദ്ദസിലെ പള്ളി, മതപരവും സാംസ്കാരികവുമായ അവരുടെ ചിഹ്നങ്ങൾ, പൈതൃകങ്ങൾ തുടങ്ങി എല്ലാം നശിപ്പിക്കപ്പെട്ടു. തങ്ങളുടെ സ്വത്തുക്കളെല്ലാം നഷ്ടമായതിനുശേഷം, ഇസ്റാല്യരിലെ നിരവധി ജനതയെയും നിരപരാധികളെയും തടവിലാക്കി ബാബിലോണിലേക്ക് അയാൾ കൊണ്ടുപോയതിന് ശേഷമാണ് ഈ ക്വുർആൻ സൂക്തത്തിൽ പരാമർശിക്കുന്ന സംഭവങ്ങൾ അരങ്ങേറുന്നത്.
വർഷങ്ങളോളം ബാബിലോണിൽ ഇസ്റാഈല്യർക്ക് അടിമകളായി കഴിയേണ്ടിവന്നു. ഈ ദൗർഭാഗ്യപരമായ കാലഘട്ടത്തിൽ അവരുടെ ആത്മീയ പ്രതിരോധശക്തി തളർന്ന ഒരു അവസ്ഥയിലായിരുന്നു. അങ്ങനെയൊരു സാഹചര്യത്തിലാണ് സിഹ്റിന്റെ ദൂഷ്യവ്യവഹാരത്തിന് അവരുടെ സമൂഹത്തിൽ വ്യാപകമായ സ്വാധീനമുണ്ടാകുന്നത്. ഭാവിഫലങ്ങൾ പറയുന്നു എന്ന് അവകാശപ്പെടുന്നവരുടെ അടുക്കലേക്കും മേഘങ്ങളെയും നക്ഷത്രങ്ങളെയുമൊക്കെ നോക്കി ലക്ഷണം പറയുന്ന ജ്യോത്സ്യൻമാരുടെ അടുക്കലേക്കും അവർ നിരന്തരം ഒഴുകി. ഭൂതഗണങ്ങളെയും മരിച്ചവരെയും വിളിച്ചുവരുത്തി ദോഷം മാറ്റാൻ കഴിയുമെന്ന് അവകാശപ്പെടുന്നവരുടെ അടുക്കൽ സേവനം തേടുന്നത് അവരുടെ പതിവായി. സിഹ്റുമായി ബന്ധപ്പെട്ട നിരവധി വഴികളിലൂടെ വ്യാപാരത്തിനും ഉപദേശത്തിനും അവർ ഇടപെട്ടുവന്നു. അല്ലാഹു അവതരിപ്പിച്ച തൗറാത്തിലെ അധ്യാപനങ്ങൾ അവർ വലിച്ചെറിഞ്ഞു. പിശാച് അവർക്ക് ഓതിക്കൊടുത്ത പലതിനെയും പിൻപറ്റാനുളള വ്യഗ്രത അവരിൽ സജീവമായി നിലനിന്നു.
ഈ ആവസരത്തിലാണ്, സുലൈമാൻ നബി عليه السلام യുടെ രാജവാഴ്ചയിൽ ആ മഹാനായ പ്രവാചകന് ലഭിച്ച അല്ലാഹുവിൽനിന്നുള്ള അനുഗ്രഹങ്ങളെ പിശാചുക്കൾ അവർക്ക് കഴിയുംവിധം തെറ്റിദ്ധരിപ്പിക്കുന്നത്. സുലൈമാൻ നബി عليه السلام ക്ക് അല്ലാഹുവിൽനിന്ന് ലഭിച്ച മഹത്തായ അനുഗ്രഹങ്ങൾ സിഹ്റിലൂടെ ലഭിച്ചതാണെന്ന കള്ളവാർത്ത പിശാചുകൾ കെട്ടിച്ചമച്ച് പ്രചരിപ്പിച്ചു. ഈ വ്യാജവാർത്തകൾ ജനങ്ങളിൽ ദ്രുതഗതിയിൽ പ്രചരിച്ചു, സിഹ്റിന്റെ വിഷം വീണ്ടും ആ സമൂഹത്തിലേക്ക് നുഴഞ്ഞുകയറി. സിഹ്റിന്റെ വ്യത്യസ്ത മുഖങ്ങൾ ആ സമൂഹത്തിൽ പുനരുദ്ധരിക്കുകയും അതിനെ സുലൈമാൻ നബി عليه السلام യുടെ ജാലവിദ്യയായി പരിചയപ്പെടുത്തുകയും അതിലൂടെ ജനങ്ങൾ വഞ്ചിതരാവുകയും ചെയ്തു. വാസ്തവത്തിൽ, സുലൈമാൻ നബി عليه السلام ഒരിക്കലും സിഹ്ർ ഉപയോഗിച്ചിട്ടില്ല, പഠിച്ചിട്ടില്ല, അതു മറ്റുള്ളവരെ പഠിപ്പിച്ചിട്ടുമില്ല. പക്ഷേ, പിശാചുകൾ മനുഷ്യരെ തെറ്റായ വഴിയിലേക്ക് നയിക്കുന്ന തങ്ങളുടെ ദുഷ്ടപദ്ധതിയുടെ ഭാഗമായി സിഹ്റിന്റെ അറിവ് ജനങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. അതിനുശേഷം അതിന്റെ ഉത്തരവാദിത്തം സുലൈമാൻ നബി عليه السلام യിലേക്ക് ചേർത്തുപറയുകയും ചെയ്തു. ഒരു പ്രവാചകന് അല്ലാഹുവിൽനിന്നും ലഭിച്ച അനുഗ്രഹത്തെ മറപ്പിക്കുംവിധമായിരുന്നു അവരുടെ കുപ്രചരണങ്ങൾ. അല്ലാഹു പറഞ്ഞു:
وَمَا كَفَرَ سُلَيْمَٰنُ وَلَٰكِنَّ ٱلشَّيَٰطِينَ كَفَرُوا۟ يُعَلِّمُونَ ٱلنَّاسَ ٱلسِّحْرَ
സുലൈമാൻ അവിശ്വസിച്ചിട്ടില്ലതാനും. എങ്കിലും, മനുഷ്യർക്ക് ‘സിഹ്ർ’ പഠിപ്പിച്ചുകൊണ്ട് പിശാചുക്കളത്രെ അവിശ്വസിച്ചത്. (ഖു൪ആന്‍:2/102)
ഈ വിഷയത്തിൽ വ്യക്തത വരുത്താനായിരുന്നു അല്ലാഹു ഹാറൂത്തും മാറൂത്തും എന്നു പേരുള്ള രണ്ട് മലക്കുകളെ മനുഷ്യരൂപത്തിൽ ബാബിലോണിലേക്ക് അയച്ചത്. ജനങ്ങൾക്ക് സിഹ്ർ എന്താണെന്നും അതിന്റെ യഥാർഥ സ്വഭാവം എങ്ങനെയാണെന്നും അതിന്റെ ദുഷ്പ്രഭാവങ്ങളും അതിലൂടെയുളള പരീക്ഷണങ്ങളും എങ്ങനെ ഉണ്ടാകുന്നുവെന്നും അവർ പഠിപ്പിച്ചു. ജനങ്ങൾ സിഹ്റിനെ അല്ലാഹുവിൽനിന്നുളള അതുല്യജ്ഞാനമായി തെറ്റിദ്ധരിക്കുകയും സുലൈമാൻ നബി عليه السلام ക്ക് ലഭിച്ച അനുഗ്രഹങ്ങളെ അതുമായി ബന്ധിപ്പിക്കുകയും ചെയ്തതിനെതിരെയാണ് അല്ലാഹു അവരിൽ ഇടപെടുന്നതെന്നർഥം.
ഹാറൂത്ത്, മാറൂത്ത് എന്നീ മലക്കുകൾ വ്യക്തമായ ഉദ്ദേശ്യത്തോടെ നിയോഗിക്കപ്പെട്ടത് സിഹ്റിന്റെ യാഥാർഥ്യവും അതിന്റെ അപകടങ്ങളും മനുഷ്യൻ തിരിച്ചറിയേണ്ടതിന്റെ ആവശ്യകതയും ഉയർത്തിക്കാണിക്കാനായിരുന്നു എന്ന് വ്യക്തമാണ്.
കെ. ഉമർ മൗലവി رحمه الله എഴുതി: മലക്കുകളെന്നുവെച്ചാൽ സാധാരണ നാം പറഞ്ഞുവരുന്ന മലക്കുകൾ എന്നുതന്നെ. അവർ മനുഷ്യരൂപമെടുത്ത് ജനങ്ങളുമായി സമ്പർക്കം പുലർത്തി. അവർ ജനങ്ങളെ സിഹ്ർ പഠിപ്പിച്ചു. സിഹ്റും മുഅ്ജിസത്തും തമ്മിലുളള വ്യത്യാസം തെളിഞ്ഞുകാണുവാൻ വേണ്ടിയാണ് അവർ പഠിപ്പിച്ചതെന്ന് കാണുന്നു. (തർജുമാനുൽ ക്വുർആൻ, ഭാഗം 1, അൽബക്വറ 102ന്റെ വ്യാഖ്യാനം)
അതിനുശേഷം ബനൂഇസ്റാഈല്യർ ചെയ്തുപോന്നത് അതിനികൃഷ്ടമായ പ്രവർത്തനങ്ങളാണ്. മലക്കുകൾ അവർക്ക് പഠിപ്പിച്ചുകൊടുത്ത സിഹ്റും പിശാചുക്കളിലൂടെ അവർ ഉപയോഗിച്ചുവന്നിരുന്ന സിഹ്റും; ഇത് രണ്ടും അവർ പിൻപറ്റി പ്രയോഗത്തിൽ കൊണ്ടുവന്നു. ഈ പ്രവണതയെയാണ് അല്ലാഹു കടുത്ത ഭാഷയിൽ വിമർശിച്ചത്:
وَمَا كَفَرَ سُلَيْمَٰنُ وَلَٰكِنَّ ٱلشَّيَٰطِينَ كَفَرُوا۟ يُعَلِّمُونَ ٱلنَّاسَ ٱلسِّحْرَ وَمَآ أُنزِلَ عَلَى ٱلْمَلَكَيْنِ بِبَابِلَ هَٰرُوتَ وَمَٰرُوتَ ۚ
സുലൈമാൻ അവിശ്വസിച്ചിട്ടില്ലതാനും. എങ്കിലും, മനുഷ്യർക്ക് ‘സിഹ്ർ’ പഠിപ്പിച്ചുകൊണ്ട് പിശാചുക്കളത്രെ അവിശ്വസിച്ചത്. ബാബിലോണിൽ ഹാറൂത്തും മാറൂത്തുമെന്ന രണ്ട് മലക്കുകൾക്ക് ഇറക്കപ്പെട്ടതും (അവർ പിൻപറ്റി)…’(ഖു൪ആന്‍:2/102)
ആ രണ്ട് മലക്കുകളും സിഹ്റിനെ കുറിച്ച് പഠിപ്പിക്കുന്ന സമയത്ത് അവർക്ക് പ്രത്യേകം മുന്നറിയിപ്പ് നൽകാറുണ്ടായിരുന്നു; ഞങ്ങൾ അല്ലാഹുവിൽനിന്നുള്ള ഒരു പരീക്ഷണം മാത്രമാണ്. അതുകൊണ്ട് നിങ്ങൾ ഈ സിഹ്റെന്ന പ്രവർത്തനം ചെയ്തുകൊണ്ട് കുഫ്ർ ചെയ്തുപോകരുത്. ഈ ഉദ്ദേശ്യത്തോടെയായിരുന്നു സിഹ്റിന്റെ യാഥാർഥ്യവും അപകടങ്ങളും ബാബിലോണിലെ ജനങ്ങളെ അവർ പഠിപ്പിച്ചിരുന്നത്. അക്കാര്യമാണ് തുടർന്ന് അല്ലാഹു വ്യക്തമാക്കുന്നത്:
وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّىٰ يَقُولَآ إِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْ ۖ
ഞങ്ങൾ ഒരു പരീക്ഷണം മാത്രമാണ്, അതിനാൽ നീ അവിശ്വസിച്ചു പോകരുത്’ എന്ന് പറയാതെ ഒരാൾക്കും അവർ രണ്ടാളും പഠിപ്പിച്ചിരുന്നതുമില്ല. (ഖു൪ആന്‍:2/102)
കെ. ഉമർ മൗലവി رحمه الله എഴുതി: ആളുകൾ സിഹ്ർ പഠിക്കാൻ അവരുടെ അടുക്കൽ ചെന്നാൽ, ഒരിക്കലുമത് ചെയ്യരുത്, മനുഷ്യൻ കാഫിറായിപ്പോകുന്ന കാര്യമാണിത്, ഞങ്ങളിതു പഠിപ്പിക്കുന്നു എന്നല്ലാതെ ഞങ്ങൾ ചെയ്യുകയില്ല, അനുവദിക്കലുമില്ല എന്നൊക്കെ ഉപദേശിച്ചിട്ടേ പഠിപ്പിക്കലുണ്ടായിരുന്നുള്ളൂ. തെറ്റായൊരു കാര്യം ചെയ്യാൻ സൗകര്യമുണ്ടാകുകയും പ്രേരണയുണ്ടാകുകയും ചെയ്തിട്ട് പടച്ചവനെ പേടിച്ച് ചെയ്യാതിരിക്കലാണ് തഖ്വ. അതാണ് പ്രശംസനീയം. മഹാപട്ടിണിക്കാരനായ ഒരാളെപ്പറ്റി അയാൾ പലിശക്ക് പണം കൊടുക്കാത്തവനാണെന്ന് പ്രശംസിക്കുന്നതിൽ അർഥമില്ലല്ലോ. അപ്പോൾ ഹാറൂത്തും മാറൂത്തും സിഹ്ർ പഠിപ്പിച്ചത് ഒരു പരീക്ഷണം (ഫിത്ന) എന്ന നിലക്കാണ്. അതാണ് ഞങ്ങളൊരു ഫിത്ന എന്നു പറഞ്ഞത്. (തർജുമാനുൽ ക്വുർആൻ, ഭാഗം 1, അൽബക്വറ 102ന്റെ വ്യാഖ്യാനം)
പാപമുക്തരായ മലക്കുകൾ സിഹ്ർ പഠിപ്പിക്കുകയോ?
ഇസ്ലാം സിഹ്റിനെ ഏറ്റവും ഗുരുതരമായ വൻപാപങ്ങളിലൊന്നായി കണക്കാക്കുന്നു. ക്വുർആൻ സിഹ്റിനെ കുഫ്റിന്റെ കൂട്ടത്തിൽ ഉൾപെടുത്തിയിട്ടുള്ളതായി കാണാം. അത്രത്തോളം ഗുരുതരവും അല്ലാഹുവിന്റെ കാരുണ്യം നഷ്ടപ്പെടാൻവരെ കാരണമായിത്തീരുന്നതുമായ, അത്യന്തം അപകടകരമായ തിന്മനിറഞ്ഞ പ്രവൃത്തിയാണ് ഇത്. പിന്നെ എന്തുകൊണ്ടാണ് പാപമുക്തരായ, ഹാറൂത്ത്, മാറൂത്ത് എന്നീ മലക്കുകൾ ബാബിലോണിൽ താമസമാക്കിയിരുന്ന ബനൂഇസ്റാഈൽ ജനതക്ക് സിഹ്ർ പഠിപ്പിച്ചുകൊടുത്തത്? ഈ ചോദ്യത്തിനുളള ഉത്തരം വിശ്വാസികൾ അറിഞ്ഞിരിക്കേണ്ട ഒരു ഗൗരവപൂർണമായ ചിന്താവിഷയം തന്നെയാണ്. ക്വുർആനിൽ രേഖപ്പെടുത്തിയിരിക്കുന്ന ഈ ചരിത്രസത്യത്തിന്റെ അർഥതലങ്ങൾ ആഴത്തിൽ നാം മനസ്സിലാക്കേണ്ടതുണ്ട്.
മലക്കുകളായ ഹാറൂത്തും മാറൂത്തും നടത്തിയ പ്രവൃത്തിയെ കുറിച്ചും അതിന്റെ യഥാർഥ ലക്ഷ്യത്തെപ്പറ്റിയും പരിശുദ്ധ ക്വുർആൻ വ്യക്തമാക്കുന്നുണ്ട്. അല്ലാഹു പറഞ്ഞു:
وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّىٰ يَقُولَآ إِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْ ۖ
ഞങ്ങൾ ഒരു പരീക്ഷണം മാത്രമാണ്, അതിനാൽ നീ അവിശ്വസിച്ചുപോകരുത് എന്നു പറയാതെ ഒരാൾക്കും അവർ രണ്ടാളും പഠിപ്പിച്ചിരുന്നതുമില്ല. (ഖു൪ആന്‍:2/102)
ജനങ്ങൾക്ക് സിഹ്റുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ അവർ പഠിപ്പിച്ചിരുന്നെങ്കിലും, അതിന്റെ ഉദ്ദേശ്യം അത് ജീവിതത്തിൽ പ്രയോഗിക്കലല്ലായിരുന്നു. അതിന് പൂർണമായും വിപരീതമായിരുന്നു അവരുടെ ലക്ഷ്യം. അല്ലാഹുവിന്റെ ഭാഗത്തുനിന്നുള്ള ഒരു പരീക്ഷണമായിട്ടാണ് അവർ അയക്കപ്പെട്ടതെന്നും അതിനാൽ സിഹ്ർ ചെയ്തുകൊണ്ട് നിങ്ങൾ കുഫ്റിലേക്കൊതുങ്ങുന്ന ജനതയാകരുതെന്നും അവർ കർശനമായി ആ സമൂഹത്തിന് മുന്നറിയിപ്പു നൽകി. നല്ലവരെയും ദുഷിച്ചവരെയും വേർതിരിക്കാനായുള്ള ഒരു പരീക്ഷണമായിട്ടാണ് അവർ നിയോഗിക്കപ്പെട്ടത്. ജനങ്ങൾ സിഹ്റിന്റെ യഥാർഥ ദോഷസ്വഭാവം മനസ്സിലാക്കി അതിൽനിന്ന് വിട്ടുനിൽക്കേണ്ടതിന്റെ ആവശ്യം ഊന്നിപ്പറയുകയാണ് അവർ ചെയ്തിട്ടുളളത്. ഹാറൂത്തും മാറൂത്തും അവരുടെ സന്ദേശം സാമാന്യ ഉപദേശമായി മാത്രമല്ല, മറിച്ച് ആത്മാർഥതയും കടുത്ത ജാഗ്രതയും നിറഞ്ഞ രീതിയിലാണ് ബാബിലോണിലെ ജനങ്ങളോട് പങ്കുവെച്ചത്. അവർ കൈമാറിയ സിഹ്റിന്റെ വിജ്ഞാനം, ജീവിതത്തിൽ പ്രായോഗികമായി ഉപയോഗിക്കാനല്ല, മറിച്ച് അതിന്റെ ദോഷം മനസ്സിലാക്കി വിട്ടുനിൽക്കാനാണെന്നാണ് ക്വുർആൻ വ്യക്തമാക്കുന്ന പാഠം.
നന്മയും തിന്മയും അല്ലാഹുവിൽ നിന്നുള്ളതാണെന്നുള്ള സത്യമാണ് നമ്മുടെ അടിസ്ഥാന വിശ്വാസം. മനുഷ്യന് മുമ്പിൽ അവയുടെ ഇരുവഴികളും തുറന്നുവെച്ചിരിക്കുന്നതാണ്. ഏത് വഴിയിലൂടെയാണ് ചുവടുവെക്കേണ്ടത് എന്നത് തിരഞ്ഞെടുക്കാൻ അവന് സ്വാതന്ത്ര്യവുമുണ്ട്, ഉത്തരവാദിത്തവുമുണ്ട്. അല്ലാഹു പറഞ്ഞിരിക്കുന്നു:
إِنَّا خَلَقْنَا ٱلْإِنسَٰنَ مِن نُّطْفَةٍ أَمْشَاجٍ نَّبْتَلِيهِ فَجَعَلْنَٰهُ سَمِيعَۢا بَصِيرًا ﴿٢﴾ إِنَّا هَدَيْنَٰهُ ٱلسَّبِيلَ إِمَّا شَاكِرًا وَإِمَّا كَفُورًا ﴿٣﴾
മിശ്രമായ ഒരു ഇന്ദ്രിയബിന്ദുവിൽനിന്നു മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു; അവനെ നാം പരീക്ഷിക്കാൻ വേണ്ടി. അങ്ങനെ, നാം അവനെ കേൾക്കാനും കാണാനും കഴിയുന്നവനാക്കി. തീർച്ചയായും നാം അവന്ന് വഴി കാണിച്ചുകൊടുത്തിരിക്കുന്നു. എന്നിട്ട് ഒന്നുകിൽ അവൻ നന്ദിയുള്ളവനാകുന്നു. അല്ലെങ്കിൽ നന്ദികെട്ടവനാകുന്നു. (ഖു൪ആന്‍:76/2-3)
മനുഷ്യന്റെ ജീവിതം പൂർണമായും ഒരു പരീക്ഷണമാണ്. നാം അല്ലാഹുവിൽനിന്നുള്ള അനുഗ്രഹങ്ങൾക്ക് നന്ദി പ്രകടിപ്പിക്കുന്നവരാകുമോ, നന്ദികേട് കാണിക്കുന്നവരാകുമോ എന്നത് മനുഷ്യന് നൽകിയിട്ടുള്ള ഇച്ഛാസ്വാതന്ത്ര്യത്തിലാണ് ആശ്രയിച്ചിരിക്കുന്നത്. മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ഒരു പരീക്ഷണമാണിത്. ഈ പരീക്ഷണത്തിൽ വിജയിക്കാനാവശ്യമായ എല്ലാ ഉപാധികളും അല്ലാഹു മനുഷ്യനുവേണ്ടി ഒരുക്കിയിട്ടുണ്ട്. എന്താണ് ചെയ്യേണ്ടത്, എന്താണ് ഒഴിവാക്കേണ്ടത് എന്നതിനെക്കുറിച്ചെല്ലാം വിവേചനബുദ്ധിയിലൂടെ തിരിച്ചറിയാവുന്ന വിധത്തിൽ അല്ലാഹു മനുഷ്യന് മാർഗദർശനവും നൽകിയിരിക്കുന്നു. കേൾക്കാനും കാണാനും കരുതാനും കഴിവുള്ള മനുഷ്യന്, ജീവിതത്തിലെ സത്യവും നിഷേധവുമെന്താണെന്ന് തിരിച്ചറിയുവാനും അവയെക്കുറിച്ച് നിലപാട് സ്വീകരിക്കുവാനും സ്വാതന്ത്ര്യമുണ്ട്. അങ്ങനെ നോക്കുമ്പോൾ, നന്മയും തിന്മയും നമ്മുടെ മുന്നിൽ തുറന്നുവെച്ചിരിക്കുന്ന യാഥാർഥ്യങ്ങളാണ്. അതുമായിബന്ധപ്പെട്ട രണ്ടു വഴികളിൽ ഒന്ന് ഓരോ മനുഷ്യനും തന്റെ സ്വന്തം താൽപര്യത്തിലൂടെ തെരഞ്ഞെടുക്കേണ്ടതായിരിക്കുന്നു. ഇതെല്ലാം, ആകെക്കൂടി എടുത്താൽ, ഈ തെരഞ്ഞെടുപ്പ് മനുഷ്യന്റെ പ്രബുദ്ധമായ പരീക്ഷണ ജീവിതത്തിന്റെ ഭാഗമാണെന്നതിൽ സംശയമില്ല. ബാബിലോണിൽ മലക്കുകളായ ഹാറൂത്തും മാറൂത്തും ഇസ്റാഈൽ ജനതയുടെ മുന്നിലേക്ക് അവതരിപ്പിച്ച സിഹ്റിന്റെ സന്ദേശത്തിലും ഇത് പ്രകടമായിരുന്നു. അതൊരു സ്ഥിരമായ പഠനപരിശീലനമോ പ്രായോഗിക അറിവ് കൈമാറലോ അല്ല. മറിച്ച്, അല്ലാഹു മനുഷ്യനെ പരീക്ഷിക്കുന്നതിന്റെ ഭാഗമായുള്ള, സിഹ്റെന്ന തിന്മയുടെ യാഥാർഥ്യം തിരിച്ചറിയുവാനും അതിൽ നിന്ന് കരുതലോടെ ദൂരെ നിൽക്കുവാനും ആഹ്വാനം ചെയ്യുന്ന ഒരു തുറന്ന ബോധവൽക്കരണമായിരുന്നു ആ സംഭവത്തിന്റെ പശ്ചാത്തലം.
സിഹ്ർ പഠിക്കരുത്, കാരണം അത് കുഫ്റാണ് എന്നതാണ് ബാബിലോണിലെ ജനങ്ങളോടായി മലക്കുകൾ സഗൗരവം വ്യക്തമാക്കിയ മുന്നറിയിപ്പ്. ‘ഞങ്ങൾ ഒരു പരീക്ഷണം മാത്രമാണ്, അതിനാൽ നീ അവിശ്വസിച്ചു പോകരുത്’ എന്നതായിരുന്നു അവരുടെ ഉപദേശം. പിശാചുക്കൾ സിഹ്ർ പഠിപ്പിച്ചതിന്റെ യാഥാർഥ്യം, അത് ജനങ്ങളെ ആശയക്കുഴപ്പത്തിലേക്കും വഴികേടിലേക്കും നയിക്കുവാനുള്ളതായിരുന്നുവെ
ന്ന് ക്വുർആൻ വ്യക്തമാക്കുന്നു. അതിനൊപ്പം, സുലൈമാൻ നബി عليه السلام യുമായി ഈ മഹാപാതകത്തെ ബന്ധപ്പെടുത്തി പ്രചാരണം നടത്താനും പിശാചുക്കൾ ശ്രമിച്ചു. ഇതെല്ലാം ഒരു ഗൗരവമേറിയ വിഷയമാണെന്ന നിലയിലാണ് അല്ലാഹു ഇതിനെതിരെ ക്വുർആനിലൂടെ മുന്നറിയിപ്പ് നൽകിയത്.
ബാബിലോണിൽ സിഹ്റിന്റെ വ്യാപനം അത്യന്തം ഗുരുതരമായിരുന്നതിനാൽ, അവിടത്തെ ജനങ്ങൾക്ക് സിഹ്റും മുഅ്ജിസത്തും തമ്മിൽ വേർതിരിച്ചു മനസ്സിലാക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ മാറി. ഈ ആശയക്കുഴപ്പത്തിൽനിന്ന് ജനങ്ങൾ ഗുരുതരമായൊരു തെറ്റിലേക്കാണ് വഴുതിപ്പോയത്. സുലൈമാൻ നബി عليه السلام യിലൂടെ അല്ലാഹു പ്രകടമാക്കിയ മുഅ്ജിസത്തുകളും അദ്ദേഹത്തിന് ലഭിച്ച ഭൗതിക അനുഗ്രഹങ്ങളും സിഹ്റിന്റെ ഫലമായിട്ടാണ് എന്ന പിശാചുക്കൾ പരത്തിയ കള്ളപ്രചാരണങ്ങൾ ജനങ്ങൾ വിശ്വസിക്കാൻ തുടങ്ങി. ഈ വ്യാജബോധം അവിടുത്തെ സാധാരണക്കാരായ ജനങ്ങളിൽ പരക്കെ സ്ഥാപിതമായി. ഇതിലൂടെ, സിഹ്റും മുഅ്ജിസത്തും തമ്മിലുള്ള അടിസ്ഥാനവ്യത്യാസം മനസ്സിലാക്കാതെ ആശയക്കുഴപ്പത്തിലായ ഒരു സമൂഹം രൂപപ്പെട്ടു. അതുകൊണ്ടാണ്, സിഹ്റിന്റെ യാഥാർഥ്യവും അതിലടങ്ങിയ കുഫ്റും ജനങ്ങൾക്ക് പഠനാർഹമായ രീതിയിൽ വ്യക്തമാക്കാൻ വേണ്ടിത്തന്നെ അല്ലാഹു ബാബിലോണിലേക്ക് രണ്ട് മലക്കുകളെ നിയോഗിച്ചത്.
കെ. ഉമർ മൗലവി رحمه الله എഴുതി: മലക്കുകളെന്നുവെച്ചാൽ സാധാരണ നാം പറഞ്ഞുവരുന്ന മലക്കുകൾ എന്നുതന്നെ. അവർ മനുഷ്യരൂപമെടുത്ത് ജനങ്ങളുമായി സമ്പർക്കം പുലർത്തി. അവർ ജനങ്ങളെ സിഹ്ർ പഠിപ്പിച്ചു. സിഹ്റും മുഅ്ജിസത്തും തമ്മിലുളള വ്യത്യാസം തെളിഞ്ഞുകാണുവാൻ വേണ്ടിയാണ് അവർ പഠിപ്പിച്ചതെന്ന് കാണുന്നു. (തർജുമാനുൽ ക്വുർആൻ, അൽബക്വറ 102ാം ആയത്തിന്റെ വ്യാഖ്യാനം)
മഹാനായ മൂസാ നബി عليه السلام തന്റെ ജനങ്ങളെ അല്ലാഹുവിന്റെ മാർഗത്തിലേക്ക് ക്ഷണിച്ചിരുന്ന സമയത്ത്, അല്ലാഹുവിൽനിന്നുളള അനേകം ദൃഷ്ടാന്തങ്ങൾ അദ്ദേഹം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ ഈ മുഅ്ജിസത്തുകൾ കേവലമായ മാന്ത്രികതയാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ ഫിർഔൻ ചില ചെപ്പടിവിദ്യക്കാരെ കൂട്ടിക്കൊണ്ടുവന്നു. ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനും മൂസാ നബി عليه السلام യുടെ സന്ദേശത്തെ നിരാകരിക്കാനുമാണ് അയാൾ ഈ ശ്രമം നടത്തിയത്. എന്നാൽ, ഈ ദൃഷ്ടാന്തങ്ങൾ ചെപ്പടിവിദ്യയല്ലെന്നത് ആദ്യമായി തിരിച്ചറിഞ്ഞത് സിഹ്റിന്റെ യാഥാർഥ്യത്തെക്കുറിച്ചുള്ള അറിവ് ഉണ്ടായിരുന്ന മാന്ത്രികർ തന്നെയായിരുന്നു. കാരണം, അവർക്ക് സിഹ്റിന്റെ പരിധിയും പ്രകൃതിയും നല്ലപോലെ അറിയാമായിരുന്നു. അതുപോലെ, സിഹ്റിനെക്കുറിച്ചുള്ള വ്യക്തമായ അറിവ് ജനങ്ങൾക്ക് ലഭിക്കുമ്പോൾ കുഫ്റിൽ അധിഷ്ഠിതമായ സിഹ്റും അല്ലാഹുവിൽനിന്നുള്ള അനുഗ്രഹമായ മുഅ്ജിസത്തും തമ്മിലുള്ള അന്തരം കൃത്യമായി മനസ്സിലാക്കാൻ കഴിയും. സുലൈമാൻ നബി عليه السلام ക്ക് ലഭിച്ചിരുന്ന അസാധാരണമായ അനുഗ്രഹങ്ങൾ സിഹ്റിന്റെ ഫലമല്ല, മറിച്ച് പ്രവാചകത്വത്തിന്റെ സത്യസാക്ഷ്യമായി അല്ലാഹു നൽകിയ മൂഅ്ജിസത്തുകളായിരുന്നു. ഈ വസ്തുത ജനങ്ങൾക്ക് മനസ്സിലാക്കികൊടുക്കുന്നതിനും സിഹ്റിന്റെ യാഥാർഥ്യവും അതിലടങ്ങിയ കുഫ്റും വെളിപ്പെടുത്തുന്നതിനും വേണ്ടിയാണ് അല്ലാഹു ബാബിലോണിലേക്ക് രണ്ട് മലക്കുകളെ നിയോഗിച്ചയച്ചത്. അതാകട്ടെ, അല്ലാഹുവിന്റെ കൃത്യമായ അറിവിന്റെയും യുക്തിയുടെയും അടിസ്ഥാനത്തിൽ അവൻ എടുത്ത തീരുമാനവുമാണ്
ഈ വിഷയത്തിൽ വലിയൊരു പാഠം നൽകുന്ന ഹദീസാണ് ഇമാം മുസ്ലിം رحمه الله തന്റെ സ്വഹീഹിൽ രേഖപ്പെടുത്തിയിരിക്കുന്ന റാഹിബിന്റെ കഥ. അമാനി മൗലവി رحمه الله തന്റെ തഫ്സീറിൽ ഈ ചരിത്രത്തിന്റെ രത്നച്ചുരുക്കം നൽകിയിട്ടുണ്ട്. അത് ഇപ്രകാരമാണ്: “മുൻകാലത്ത് ഒരു രാജാവിനു ഒരു ‘സാഹിർ’ (ആഭിചാര വിദഗ്ധൻ അഥവാ മായവിദ്യക്കാരൻ) ഉണ്ടായിരുന്നു. അയാളുടെ മരണശേഷം തന്റെ ഒരു പിൻഗാമിയാക്കിത്തീർക്കണമെന്ന ഉദ്ദേശത്തിൽ അയാൾ ഒരു കുട്ടിക്ക് ‘സിഹ്ർ’ (ആഭിചാരം അഥവാ മായാവിദ്യ) പഠിപ്പിച്ചു വന്നിരുന്നു. കുട്ടിയുടെ വഴിമധ്യേ ഒരു ‘റാഹിബു’ (പുരോഹിതൻ) ഉണ്ടായിരുന്നു. പോക്കുവേളകളിൽ കുട്ടി റാഹിബുമായി സമ്പർക്കം പുലർത്തിക്കൊണ്ടിരിക്കുകയും ആ വഴി കുട്ടിക്ക് അല്ലാഹുവിൽ വിശ്വാസമുണ്ടായിത്തീരുകയും ചെയ്തു. ഒരു ദിവസം വഴിയിൽ ഒരു മൃഗം പ്രത്യക്ഷപ്പെട്ടു ഗതാഗത തടസ്സമുണ്ടാക്കുകയുണ്ടായി. റാഹിബിന്റെ സിദ്ധാന്തങ്ങളാണ് ശരിയായതെങ്കിൽ ഈ മൃഗത്തെ കൊലപ്പെടുത്തേണമേ എന്നു പ്രാർഥിച്ചുകൊണ്ട് കുട്ടി ആ മൃഗത്തിനു നേരെ കല്ലെറിഞ്ഞു. മൃഗം ചത്തു. മാർഗതടസ്സം നീങ്ങി. ഈ സംഭവം മുഖേന കുട്ടിയുടെ കാര്യം ജനശ്രദ്ധയാകർഷിച്ചു. അനന്തരം കുട്ടിയുടെ കൈക്ക് പല രോഗങ്ങളും സുഖപ്പെടുക മുതലായ സംഭവങ്ങൾ നടക്കുകയും, ജനങ്ങൾക്കു കുട്ടിയെപ്പറ്റി വലിയ മതിപ്പുണ്ടായിത്തീരുകയും ചെയ്തു. കൂട്ടത്തിൽ രാജാവുമായി അടുത്ത ബന്ധമുള്ള ഒരാളുടെ കാഴ്ച നഷ്ടപ്പെട്ടിരുന്ന കണ്ണിനും കുട്ടിയുടെ കൈക്ക് സുഖം ലഭിച്ചു. ഇതുമുഖേന രാജാവും കുട്ടിയുടെ കഥയറിഞ്ഞു. കുട്ടിയുടെ പഠിത്തത്തിന്റെ ഫലമാണ് അതെല്ലാമെന്നാണ് ജനങ്ങൾ ധരിച്ചത്. പക്ഷേ, ഇതെല്ലാം എന്റെ റബ്ബിന്റെ പ്രവർത്തനങ്ങളാണ് എന്ന് കുട്ടി പ്രഖ്യാപിച്ചു. ‘ഞാനല്ലാതെ മറ്റൊരു റബ്ബ് ആരാണ്?’ എന്നായി രാജാവ്. അതിനെത്തുടർന്ന് കുട്ടിയേയും അവന്റെ ഗുരുവായ റാഹിബിനെയും രാജാവ് പിടികൂടി. റാഹിബിനെ ഉളിവാൾ വെച്ചു പൊളിച്ചു വീഴ്ത്തി. പിന്നീട് കുട്ടി അവന്റെ പുതിയ മതം ഉപേക്ഷിക്കാത്തപക്ഷം അവനെ ഒരു മലമുകളിൽ കൊണ്ടുപോയി കീഴ്പ്പോട്ടിടാൻ രാജാവ് കൽപിച്ചു. പക്ഷേ, കുട്ടിയുടെ പ്രാർഥനാഫലമായി കുട്ടി രക്ഷപ്പെട്ടു. അതിനുശേഷം കപ്പലിൽ കയറ്റി സമുദ്രത്തിലെറിയുവാൻ ഏർപ്പാടു ചെയ്തു. അതിലും അവൻ കരപറ്റി രക്ഷപ്പെട്ടു. കൊണ്ടുപോയവർക്കു നാശം പിണയുകയും ചെയ്തു. ഒടുക്കം കുട്ടി പറഞ്ഞു: ‘എന്നെ കൊല്ലണമെങ്കിൽ എന്റെ അമ്പുകൊണ്ട് എന്റെ റബ്ബിന്റെ പേരു പറഞ്ഞ് എന്നെ പരസ്യമായി എറിയണം.’ അതു ഫലിക്കുകയും ചെയ്തു. ഇതു കണ്ടപ്പോൾ ജനങ്ങൾ കൂട്ടമായി അല്ലാഹുവിൽ വിശ്വസിച്ചു. അപ്പോൾ രാജാവും കിങ്കരന്മാരും വലിയ ഒരു അഗ്നികുണ്ഡം തയ്യാറാക്കി സത്യവിശ്വാസികളെ അതിലിട്ടു അഗ്നിക്കിരയാക്കി’’ (അമാനി തഫ്സീർ, സൂറഃ അൽബുറൂജ് 4-7 ആയത്തുകളുടെ വ്യാഖ്യാനം).
ശരിയായ വിശ്വാസത്തോടും അല്ലാഹുവിൽനിന്നുള്ള ദൃഷ്ടാന്തങ്ങളായ കറാമത്തുകളോടും പൂർണമായും എതിരായിട്ടുള്ള ഒരു ക്ഷുദ്രപ്രവൃത്തി മാത്രമാണ് സിഹ്ർ എന്ന് ഈ ഹദീസ് നമ്മെ പഠിപ്പിക്കുന്നുണ്ട്. സിഹ്റിന്റെ പ്രവർത്തനങ്ങളുമായി നേരിട്ട് ബന്ധമുണ്ടായിരുന്ന വലിയൊരു ജനവിഭാഗത്തിന്, സിഹ്റും കറാമത്തും തമ്മിലുള്ള മൗലിക വ്യത്യാസം മനസ്സിലാക്കിക്കൊടുക്കേണ്ടത് അത്യന്തം അനിവാര്യമായിരുന്നു. അതിനാലാണ് ഒരു കുട്ടിയുടെ ജീവിതത്തിലൂടെ അല്ലാഹു ആ സമൂഹത്തിന് ഈ സത്യവും അസത്യവും വ്യക്തമായി വേർതിരിച്ച് മനസ്സിലാക്കിക്കൊടുത്തത്.
ഇതുപോലെ, അല്ലാഹുവിൽനിന്നുള്ള ദൃഷ്ടാന്തങ്ങളായ മുഅ്ജിസത്തുകളും മനുഷ്യരും പിശാചുക്കളും മ്ലേച്ഛമായ വഴിയിലൂടെ പ്രാവർത്തികമാക്കുന്ന സിഹ്റും തമ്മിലുള്ള പൂർണ വ്യത്യാസം വ്യക്തമാക്കുന്ന വസ്തുതയാണ് ഈ വിവരണങ്ങളിലൂടെ നമുക്ക് ബോധ്യപ്പെടുന്നത്. സുലൈമാൻ നബി عليه السلام ക്ക് ലഭിച്ച അനുഗ്രഹങ്ങൾ പിശാചുകൾ പ്രചരിപ്പിച്ചതുപോലെ സിഹ്റിന്റെ ഫലമല്ല, മറിച്ച് അതെല്ലാം ശരിയായ വിശ്വാസത്തിന്റെ ഭാഗമായി അല്ലാഹുവിൽനിന്ന് ലഭിച്ച ദിവ്യാനുഗ്രഹങ്ങളാണ്. ഈ യാഥാർഥ്യം ജനങ്ങൾക്ക് ബോധ്യപ്പെടുത്തുന്നതിനായി, ബാബിലോണിൽ ഹാറൂത്ത്, മാറൂത്ത് എന്നീ രണ്ട് മലക്കുകളെ അല്ലാഹു നിയോഗിച്ചു. സിഹ്റിനെക്കുറിച്ചുള്ള കാര്യങ്ങൾ അവർ ജനങ്ങൾക്ക് പഠിപ്പിച്ചുകൊടുത്തു. സിഹ്റിന്റെ തിന്മയും മുഅ്ജിസത്തുകളുടെ മഹത്ത്വവും ജനങ്ങൾ വ്യക്തമായി തിരിച്ചറിയുകയായിരുന്നു ഈ പഠിപ്പിക്കലിന്റെ ലക്ഷ്യം. അതായത് സത്യവും അസത്യവും വേർതിരിച്ച് മനസ്സിലാക്കിക്കൊടുക്കുക എന്നതായിരുന്നു ഹാറൂത്തിനെയും മാറൂത്തിനെയും ഏൽപിച്ച ദൗത്യത്തിന്റെ ഉദ്ദേശ്യം
അൻവർ അബൂബക്കർ
www.kanzululoom.com