ഇഖ്‌വാനികൾ അഹ്‌ലുസ്സുന്നയുമായി വേർപിരിയുന്നതെവിടെ?

പിഴച്ച കക്ഷിയായ ഖവാരിജുകളുടെ ആശയങ്ങൾ പലതും കടംകൊണ്ട അൽഇഖ്‌വാനുൽ മുസ്‌ലിമൂൻ എന്ന സംഘവും സമാന ചിന്താഗതിയിൽ ലോകത്തിന്റെ അഷ്ടദിക്കുകളിൽ പ്രവർത്തിക്കുന്ന ഇഖ്‌വാനിന്റെ തന്നെ ഉപജാപക സംഘങ്ങളും തങ്ങളുടെ പിഴച്ച ആശയമായ തക്ഫീറിനും അഥവാ മുസ്‌ലിം വ്യക്തികളെയും സമൂഹത്തെയും അനർഹമായി കാഫിറുകൾ എന്ന് വിധി പറയുന്നതിനും, ഇസ്‌ലാമിക ഭരണകൂടങ്ങൾക്കെതിരെ വിപ്ലവം നയിക്കാനും മറയാക്കുന്ന ഒന്നാണ് ഇസ്‌ലാമിക പ്രമാണങ്ങൾ പഠിപ്പിക്കുന്ന നന്മ കൽപിക്കുക, തിന്മ വിരോധിക്കുക എന്നത്.

വ്യതിയാന കക്ഷികയായ മുഅ്തസിലികളും മുസ്‌ലിം രാഷ്ട്രങ്ങളിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാൻ ഈ വിഷയത്തെ മുമ്പ് മറയാക്കിയിട്ടുണ്ട്.

നന്മ കൽപിക്കലും തിന്മ വിരോധിക്കലും പ്രമാണങ്ങൾ പഠിപ്പിക്കുന്ന പുണ്യകർമാണ്. എന്നാൽ മുസ്‌ലിം ഭരണകൂടങ്ങളെയും പൊതുസമൂഹത്തെയും കാഫിറുകളായി ചിത്രീകരിച്ച് മുസ്‌ലിം രാഷ്ട്രങ്ങളിൽ ഛിദ്രത സൃഷ്ടിക്കുന്നത് വലിയ പാപമാണ്. ഇവ രണ്ടും തമ്മിൽ വലിയ അന്തരമുണ്ട് എന്നു സാരം.

ഹസനുൽ ബന്ന ഔദ്യോഗികമായി അടിത്തറ പാകിയ ഇഖ്‌വാനിസം അതിന്റെ ചരിത്രത്തിലുടനീളം മുസ്‌ലിം ഭരണകൂടങ്ങളെയും പണ്ഡിതന്മാരെയും മുസ്‌ലിം സമൂഹത്തെയും നിഫാക്വിന്റെയും കുഫ്‌റിന്റെയും ലേബലൊട്ടിച്ചത് കാണാവുന്നതാണ്

ഇസ്‌ലാമിക ശരീഅത്തനുസരിച്ച് അവർ വിധിക്കുന്നില്ലെന്നും അതനുസരിച്ച് മുസ്‌ലിംകൾ ജീവിക്കുന്നില്ലെന്നുമൊക്കെപ്പറഞ്ഞാണ് ഇവരുടെ വിധ്വംസക പ്രവർത്തനങ്ങളെ ന്യായീകരിക്കാറുള്ളത്. ഇവരുടെ വിവേകരഹിതമായ ജിഹാദീ പ്രവർത്തനങ്ങളെ അനുകൂലിച്ചില്ലെങ്കിൽ അത്തരക്കാരെ സയണിസ്റ്റുകളും അമേരിക്കൻ ചാരന്മാരും ഒറ്റുകാരും കപടന്മാരുമായി ഇവർ മുദ്രകുത്തും.

ഇസ്‌ലാമിക ഭരണകൂട വിമർശനവും അവർക്കെതിരെ ആളെക്കൂട്ടലും ജനങ്ങളെ തെരുവിലിറക്കുന്നതും നന്മ കൽപിക്കുന്നതിന്റെയും തിന്മ വിരോധിക്കുന്നതിന്റെയും ഭാഗമാണെന്നാണ് ഇവരുടെ ജല്പനം! അതിനായി പല പ്രമാണങ്ങളെയും ഇവർ ദുർവ്യാഖ്യാനിച്ച് പ്രചരിപ്പിക്കാറുണ്ട്.

ഇസ്‌ലാമിക ഭരണാധികാരികളിൽ തിന്മകൾ കണ്ടാൽ തിരുത്തേണ്ടത് എങ്ങനെയെന്നതിന് അഹ് ലുസ്സുന്നയ്ക്ക് കൃത്യമായ നിലപാടുണ്ട്.

  • നസ്വീഹത്ത് ഉണ്ടാകണം.
  • മൃദുലമായ ഭാഷ ഉപയോഗിക്കണം.
  • രഹസ്യമായി ചെയ്യണം.
  • പരസ്യമായി പരിഹസിക്കുകയും എതിർക്കുകയും ചെയ്യരുത്.

ഭരണാധികാരിയോടെന്നല്ല, എല്ലാം മുസ്‌ലിംകളോടും ഇങ്ങനെ തന്നെയാണ് വേണ്ടത്. എന്നാൽ ഭരണാധികാരിയോടുള്ള സമീപനത്തിൽ കൂടുതൽ ശ്രദ്ധവേണം എന്നു മാത്രം.

ഭരണാധികാരിയുടെ ഭാഗത്ത് വീഴ്ച സംഭവിക്കുമ്പോൾ തൽസമയത്തുതന്നെ അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ സംഭവിച്ച തെറ്റ് ചൂണ്ടിക്കാണിക്കാവുന്നതാണ്. എന്നാൽ തെറ്റ് ചൂണ്ടിക്കാണിക്കുന്ന വ്യക്തിക്കോ അതിലൂടെ മറ്റുള്ളവർക്കോ ഭരണാധികാരിയുടെ ഭാഗത്തുനിന്നുള്ള ശിക്ഷയും അതിക്രമവും ഉണ്ടാകാനിടയുണ്ടെങ്കിൽ അത്തരം സന്ദർഭങ്ങളിൽ എതിർക്കുന്നത് ഭൂഷണമല്ല. അന്നേരം അവിടെ നന്മയെക്കാൾ വലിയ തിന്മയാണ് സംഭവിക്കുക എന്നതാണ് അതിനു കാരണം.

എന്നാൽ എതിർക്കുന്ന ആൾക്ക് മാത്രമാണ് അതിന്റെ ശിക്ഷ അനുഭവിക്കേണ്ടി വരിക എന്ന് തോന്നുന്നപക്ഷം അയാൾക്ക് ഭരണാധികാരിയെ എതിർക്കാൻ അനുവാദമുണ്ട്. അത്തരക്കാരെ സംബന്ധിച്ചാണ് നബിﷺ പറഞ്ഞത്:

‘രക്തസാക്ഷികളുടെ നേതാവ് ഹംസയും അക്രമിയായ ഭരണാധികാരിക്കു നേരെ നിന്ന് നന്മ കൽപിക്കുകയും തിന്മ വിരോധിക്കുകയും ചെയ്തപ്പോൾ ഭരണാധികാരി വധിച്ചുകളയുകയും ചെയ്തവനുമാണ്’ (സ്വിൽസിലതുസ്സ്വഹീഹഃ 373).

പണ്ഡിതന്മാർ ഉണർത്തിയതുപോലെ, നന്മ കൽപിക്കുക, തിന്മ വിരോധിക്കുക എന്നതും നസ്വീഹത്തു നൽകലും രണ്ടും രണ്ടു രീതിയിലാണ്. ആദ്യത്തെത് പരസ്യമായിട്ടാണെങ്കിൽ നസ്വീഹത്ത് നൽകേണ്ടത് രഹസ്യമായിട്ടാണ്. എഴുത്തിലൂടെയോ നേരിട്ടു ചെന്ന് കണ്ടുകൊണ്ടോ ഒക്കെ കാര്യം ബോധ്യപ്പെടുത്താവുന്നതാണ്. തിന്മ കാണുമ്പോൾ അതിനെ എതിർക്കുന്നത് അത് സംഭവിക്കുന്ന സമയത്ത് മാത്രമാണ്.

عَنْ أَبُو سَعِيدٍ قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : مَنْ رَأَى مِنْكُمْ مُنْكَرًا فَلْيُغَيِّرْهُ بِيَدِهِ فَإِنْ لَمْ يَسْتَطِعْ فَبِلِسَانِهِ فَإِنْ لَمْ يَسْتَطِعْ فَبِقَلْبِهِ وَذَلِكَ أَضْعَفُ الإِيمَانِ‏

അബൂസഈദുൽ ഖുദ്രിയ്യ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ പറയുന്നത് ഞാൻ കേട്ടു: ‘നിങ്ങളാരെങ്കിലും ഒരു തിന്മ കണ്ടാൽ അവൻ കൈകൊണ്ടതിനെ തടുക്കട്ടെ. അതിന് സാധ്യമല്ലെങ്കിൽ അവൻ നാവുകൊണ്ട് എതിർക്കട്ടെ. അതിനും കഴിഞ്ഞില്ലെങ്കിൽ മനസ്സിൽ വെറുക്കുകയെങ്കിലും ചെയ്യുക. അത് ഈമാനിന്റെ ഏറ്റവും ദുർബലാവസ്ഥയാകുന്നു’ (മുസ്‌ലിം).

എന്നാൽ സംഭവിച്ചുപോയതായ തിന്മയോ, ഭരണാധികാരിയുടെ അധികാരപരിധിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതോ ആയ തിന്മകൾ നസ്വീഹത്തിലൂടെയാകണം തിരുത്തേണ്ടത്. ഇസ്‌ലാമിക ഭരണാധികാരിക്കെതിരെ പരസ്യവിമർശനം നടത്തുന്ന, വിപ്ലവം നയിക്കുന്ന എല്ലാവരും ഖവാരിജുകളാണ് എന്ന് പറയാവതല്ല.

തക്ഫീർ ഇല്ലാതെ അജ്ഞതയാൽ മുസ്‌ലിം ഭരണാധികാരിക്കെതിരെ പുറപ്പെടുന്നവർക്ക് ‘അൽബുഗാത്ത്’ അഥവാ ‘അതിക്രമികൾ’ എന്ന സാങ്കേതിക പദമാണ് പണ്ഡിതന്മാർ നൽകാറ്. ഭരണകൂട വിരുദ്ധതയ്‌ക്കൊപ്പം മുസ്‌ലിം ഭരണാധികാരികൾ കാഫിറായിരിക്കുന്നു എന്ന വാദം കൂടി ഒത്തുചേർന്നാൽ അവർ തികഞ്ഞ ഖവാരിജുകളാണ് എന്നതിൽ സംശയമില്ല.

ഈ തിന്മയാണ് ഇഖ്‌വാനുൽ മുസ്‌ലിമൂനും സമാന ആശയ സംഘങ്ങൾക്കും പ്രധാനമായുള്ളത്. ഇഖ്‌വാന്റെ ചിന്തയിൽനിന്ന് രൂപംകൊണ്ട അൽക്വാഇദക്കും ഐസിസിനും ഉള്ളതും സമാന നിലപാട് തന്നെ! മുസ്‌ലിം ഭരണകൂടങ്ങളെ അവിശ്വാസികളായി ചിത്രീകരിച്ച് അവർക്കെതിരെ വിപ്ലവം നയിക്കലാണ് ഇവരുടെ മുഖ്യ അജണ്ട. അതിനാലാണ് അവരെ ഖവാരിജുകൾ എന്ന് പണ്ഡിതന്മാർ വിശേഷിപ്പിച്ചതും.

ഖവാരിജുകൾ ചെയ്തുപോന്നതും അവരുടെ പല ആശങ്ങളും പ്രചരിപ്പിക്കുന്ന ഇഖ്‌വാനികൾ ഈ വിഷയത്തിൽ ചെയ്തുകൊണ്ടിരിക്കുന്നതും നന്മ കൽപിക്കലോ തിന്മ വിരോധിക്കലോ അല്ല. മതം പഠിപ്പിച്ച നസ്വീഹത്തുമല്ല.

ജുമുഅ ഖുത്വുബകൾ, പ്രസംഗങ്ങൾ, പുസ്തകങ്ങൾ, പത്രങ്ങൾ, സോഷ്യൽ മീഡിയകൾ തുടങ്ങി സർവ മാധ്യമങ്ങളും ഉപയോഗിച്ച് മുസ്‌ലിം ഭരണാധികാരികൾക്കെതിരെ നിരന്തരം ആക്ഷേപങ്ങൾ ചൊരിയുകയും അവർക്കെതിരെ ജനങ്ങളുടെ വൈകാരികത ഇളക്കിവിടുകയും അവരുടെ മേൽ നിഫാക്വ് (കാപട്യം) ആരോപിക്കുന്നതും ഇഖ്‌വാനികളുടെ പതിവാണ്. ഇത് ഒരിക്കലും അഹ്‌ലുസ്സുന്നയുടെ നിലപാടല്ല.

ഒരു പക്ഷേ, ആക്ഷേപാർഹമായ പല കാര്യങ്ങളും മുസ്‌ലിം ഭരണാധികാരികളിൽ ഉണ്ടെങ്കിൽകൂടി മുസ്‌ലിം എന്ന നാമം അവരിൽ ശേഷിക്കുന്ന കാലത്തോളം, നമസ്‌കാരം നിലനിർത്തുന്നിടത്തോളം മതവിരുദ്ധമല്ലാത്ത കാര്യങ്ങളിൽ അവരെ അനുസരിക്കൽ നിർബന്ധമാണ് എന്നതാണ് മതം നൽകുന്ന കർശന താക്കീത്. അതേസമയം,ലോകാടിസ്ഥാനത്തിൽ ഇഖ്‌വാനികൾ ഇന്ന് മുസ്‌ലിം – അറബ് ഭരണകൂടങ്ങൾക്കെതിരെ തൊടുത്തുവിടുന്ന ആക്ഷേപങ്ങളിൽ മിക്കതും വ്യാജമോ സത്യവും അസത്യവും കൂട്ടിക്കലർത്തിയതോ ആയിരിക്കും! .

ഇസ്‌ലാമിക ഭരണാധികാരികളോടുള്ള വിശ്വാസികളുടെ സമീപനം എങ്ങനെയാകണം എന്നതിനുള്ള ചില തെളിവുകൾ ചുവടെ ചേർക്കുന്നു:

ഒന്ന്)

قَالَ رَسُولَ اللَّهِ صلى الله عليه وسلم ‏:‏ من أراد أن ينصح لسلطان بأمر فلا يبد له علانية، ولكن ليأخذ بيده فيخلو به، فإن قبل منه فذاك، وإلا كان قد أدى الذي عليه

നബിﷺ പറഞ്ഞു: ‘ആരെങ്കിലും ഭരണാധികാരിയെ ഒരു കാര്യം ഉപദേശിക്കുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ അതവൻ പരസ്യമായി നിർവഹിക്കാതിരിക്കട്ടെ. മറിച്ച് അയാൾ ഭരണാധികാരിയുടെ കൈ പിടിച്ച് മറ്റുള്ളവരിൽനിന്ന് ഒഴിഞ്ഞുമാറി ഉപദേശം കൊടുക്കട്ടെ. അങ്ങനെ, അയാൾ ഉപദേശം സ്വീകരിക്കുകയാണെങ്കിൽ നല്ലത്. ഇനി സ്വീകരിച്ചിട്ടില്ലെങ്കിൽ അവന്റെ മേലുള്ള ബാധ്യത നിർവഹിച്ചു കഴിഞ്ഞു’ (അഹ്‌മദ്, ഹാകിം, ശൈഖ് അൽഅൽബാനി സ്വഹീഹാണെന്ന് രേഖപ്പെടുത്തിയത്).

രണ്ട്) ഉസ്മാൻ رضي الله عنه വിന്റെ ഭരണകാലത്ത് അദ്ദേഹം കൂഫയിലെ അമീറായി നിശ്ചയിച്ചിരുന്ന അൽവലീദ് ഇബ്‌നു ഉക്ബ മദ്യപിക്കാറുണ്ടായിരുന്നു. ഈ കാര്യം ഉസ്മാൻ رضي الله عنه വിനെ ഉണർത്തുന്നതിനായി ചിലർ ഉസാമത്ത് ഇബ്‌നു സെയ്‌ദ് رضي الله عنه വിനോട് ആവശ്യപ്പെട്ടു: ‘നിങ്ങൾക്ക് ഖലീഫ ഉസ്മാന്റെ അടുക്കലേക്ക് ചെല്ലുകയും അദ്ദേഹത്തോട് വിഷയം ബോധിപ്പിക്കുകയും ചെയ്തു കൂടേ?’ ഉസാമ رضي الله عنه പറഞ്ഞു: ‘നിങ്ങൾ കേൾക്കാത്തതുകൊണ്ട്, ഞാൻ ഉസ്മാനോട് സംസാരിക്കുന്നില്ല എന്നാണോ നിങ്ങൾ കരുതുന്നത്? ഞാൻ അദ്ദേഹത്തോട് രഹസ്യമായി സംസാരിക്കാറുണ്ട്. എന്നാൽ (കുഴപ്പത്തിന്റെ) കവാടം; അത് ആദ്യമായി തുറക്കുന്നവൻ ഞാനാകാൻ ആഗ്രഹിക്കുന്നില്ല’ (ബുഖാരി, മുസ്‌ലിം).

അഥവാ ഖലീഫ ഉസ്മാനെ പരസ്യമായി ഉപദേശിക്കുകയാണെങ്കിൽ പൊതുജനങ്ങളും അത് പിന്തുടർന്ന് അദ്ദേഹത്തിനെതിരെ തിരിയാൻ സാധ്യതയുണ്ട്. അങ്ങനെ മുസ്‌ലിം ഐക്യം തകർക്കപ്പെടും. എന്തായാലും പിന്നീട് കാര്യം ബോധ്യപ്പെട്ട ഉസ്മാൻ رضي الله عنه വലീദിനെ ശിക്ഷിക്കുകയും കൂഫയിൽനിന്ന് സ്ഥാനഭ്രഷ്ടനാക്കുകയും ചെയ്തു.

قال النووي رحمه الله : “قوله “أفتتح أمراً لا أحب أن أكون أول من افتتحه” يعنى المجاهرة بالإنكار على الأمراء في الملأ، كما جرى لقتلة عثمان رضي الله عنه”.

ഇമാം നവവി رحمه الله പറഞ്ഞു: ‘എന്നാൽ (കുഴപ്പത്തിന്റെ) കവാടം; അത് ആദ്യമായി തുറക്കുന്നവൻ ഞാനാകാൻ ആഗ്രഹിക്കുന്നില്ല’ എന്ന് ഉസാമ رضي الله عنه പറഞ്ഞതിന്റെ ഉദ്ദേശ്യം ജനമധ്യത്തിൽ ഭരണാധികാരികളെ പരസ്യമായി വിമർശിക്കില്ല എന്നാണ്. ഉസ്മാൻ رضي الله عنه വിന്റെ കൊലയാളികൾക്ക് സംഭവിച്ചത് അതാണല്ലോ’ (ശർഹു മുസ്‌ലിം 18/160).

ഇബ്‌നുഹജർ അൽഅസ്‌ക്വലാനി رحمه الله പറഞ്ഞു: ‘മുസ്‌ലിം ഐക്യം തകരുമോയെന്ന ഭയത്താൽ പരസ്യമായി ഭരണകൂടത്തെ എതിർക്കില്ലെന്നാണ് ഉസാമ رضي الله عنه പറഞ്ഞതിന്റെ ഉദ്ദേശ്യം’ (ഫത്ഹുൽബാരി 13/51).

മൂന്ന്) ഈ സംഭവവുമായി ബന്ധപ്പെട്ടുതന്നെ കൂഫയിൽ വെച്ച് മദ്യപിക്കാറുണ്ടായിരുന്ന അൽവലീദിന്റെ പിന്നിൽനിന്ന് ഇബ്‌നു മസ്ഊദ് رضي الله عنه വിനെ പോലെയുള്ള പ്രഗൽഭരായ സ്വഹാബികൾ നമസ്കരിക്കാറുണ്ടായിരുന്നു. എത്രത്തോളമെന്നാൽ, ഒരിക്കൽ അൽവലീദ് (മദ്യലഹരിയിൽ) സുബ്ഹ് 4 റക്അത് നിസ്‌കരിച്ചു. എന്നിട്ട് മറ്റുള്ളവരോട് ചോദിച്ചു: ‘നിസ്‌കാരത്തിൽ എന്തെങ്കിലും കൂടുതൽ ചേർക്കാനുണ്ടോ?’ അപ്പോൾ ഇബ്‌നു മസ്ഊദ് رضي الله عنهപറഞ്ഞു: ‘ഇന്നത്തെ ദിവസം ഞങ്ങൾ നിന്റെകൂടെ വർധനവിൽ തന്നെയായിരുന്നു’ (അഹ്‌മദ് 1229, ബൈഹക്വി18/318).

അൽവലീദിന്റെ ഭാഗത്തുനിന്നും ഇത്രയും ഗുരുതരമായ വീഴ്ചയുണ്ടായിട്ടുപോലും അയാൾ ഭരണാധികാരിയായതിന്റെ പേരിൽ അയാൾക്കെതിരെ പരസ്യമായി സംഘടിക്കുകയോ വിമർശിക്കുകയോ ആളെക്കൂട്ടുകയോ പ്രക്ഷോഭം നടത്തുകയോ ചെയ്യാതെ പ്രശ്‌നം പരിഹരിക്കാൻ രഹസ്യമായി ഖലീഫ ഉസ്മാൻ رضي الله عنه വിനെ വിവരമറിയിച്ചത് സ്വഹാബികളും താബിഉകളും ഭീരുക്കളായതുകൊണ്ടാണോ, അതല്ല (ഇഖ്‌വാനികൾ ആക്ഷേപിക്കുന്നതുപോലെ) അവരൊക്കെ ‘കൊട്ടാര പണ്ഡിതന്മാരും’ ‘മദ്ഖലികളും’ ആയതുകൊണ്ടാണോ?

അറബ് നാടുകളിലെ – പ്രത്യേകിച്ച് സുഊദി അറേബ്യയിലെ – സലഫീ പണ്ഡിതന്മാർ ഈ ദൗത്യമാണ് നിർവഹിച്ചുകൊണ്ടിരിക്കുന്നത്. അവർ മൗനികളും രാജാക്കന്മാരെ തൃപ്തിപ്പെടുത്തി കഴിയുന്നവരുമാണെന്ന് ആരോപിച്ചാണ് പണ്ഡിതന്മാരെയും മറ്റും മുനാഫിഖുകൾ എന്ന് ഇഖ്‌വാനികൾ വിശേഷിപ്പിക്കാറുള്ളത്.

തങ്ങളുടെ ഖവാരിജിയൻ ചെയ്തികൾക്ക് പ്രമാണങ്ങളെയും ചരിത്രസംഭവങ്ങളെയും ഇവർ വളച്ചൊടിക്കാറുണ്ട്. അതിൽ ചിലത് സൂചിപ്പിക്കാം. ശേഷം അതിന്റെ യാഥാർഥ്യവും പറയാം:

1) ഉമർ ഇബ്‌നുൽ ഖത്വാബ് رضي الله عنه യമനിൽനിന്ന് (ബൈതുൽ മാൽ ഉപയോഗിച്ച്) വാങ്ങിയ വസ്ത്രങ്ങളുമായി ഒരു വ്യാഴാഴ്ച ദിവസം മദീനയിലെത്തി. ജനങ്ങൾക്കെല്ലാം ഓരോ വസ്ത്രം വീതം നൽകി. അദ്ദേഹവും ഒരു വസ്ത്രം എടുത്തു. എന്നാൽ ഉമർ رضي الله عنه വിന്റെ ശരീരത്തിനും ഉയരത്തിനുമനുസരിച്ച് ആ വസ്ത്രം മതിയാകുമായിരുന്നില്ല. അപ്പോൾ അദ്ദേഹം തന്റെ മകൻ അബ്ദുല്ലക്ക് വിഹിതമായി കിട്ടിയ വസ്ത്രം കൂടി തരണമെന്ന് മകനോട് ആവശ്യപ്പെട്ടു. അബ്ദുല്ല തന്റെ ആ വസ്ത്രം പിതാവിന് നൽകി. തൊട്ടടുത്ത ദിവസം ഈ രണ്ടു വസ്ത്രങ്ങളും ധരിച്ച് ജുമുഅ ഖുതുബ നിർവഹിക്കാൻ ഉമർ رضي الله عنه പള്ളി മിമ്പറിൽ കയറി. ശേഷം ജനങ്ങളോട് പറഞ്ഞു: ‘നിങ്ങൾ കേട്ടനുസരിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുക.’ അപ്പോൾ സൽമാനുൽ ഫാരിസി رضي الله عنه പറഞ്ഞു: ‘ഞങ്ങൾ താങ്കളെ കേൾക്കുകയോ അനുസരിക്കുകയോ ചെയ്യില്ല.’ കാര്യമെന്താണെന്ന് അന്വേഷിച്ചപ്പോൾ സൽമാൻ رضي الله عنه പറഞ്ഞത് ‘ജനങ്ങൾക്കെല്ലാം ഒരു വസ്ത്രം നൽകിയിട്ട് താങ്കൾ മാത്രമെങ്ങനെ രണ്ടു വസ്ത്രമെടുക്കും’ എന്നായിരുന്നു. അപ്പോൾ ഉമർ رضي الله عنه മകൻ അബ്ദുല്ലയോട് കാര്യം വിശദീകരിക്കാൻ ആവശ്യപ്പെട്ടു. മകൻ അബ്ദുല്ല പറഞ്ഞു: ‘എന്റെ ഓഹരിയാണ് എന്റെ പിതാവിന് നൽകിയത്.’ ഇതു കേട്ട് സത്യം മനസ്സിലാക്കിയ സൽമാൻ رضي الله عنه കരഞ്ഞു. എന്നിട്ട് അദ്ദേഹം പറഞ്ഞു: ‘ഉമർ, താങ്കൾ ഇനി കൽപിക്കുക, ഞങ്ങൾ കേട്ടനുസരിച്ചുകൊളളാം’ (അഅ്‌ലാമുൽ മുവക്ക്വിഈൻ 2/ 180).

വിശദീകരണം:

ഈ സംഭവം സ്ഥിരപ്പെട്ടിട്ടില്ല. ഇതിന്റെ പരമ്പര സ്വീകാര്യമല്ല. ഇനി, സ്വീകാര്യമായി കരുതിയാലും ഇഖ്‌വാനികൾ ചെയ്യുന്നതും ഇതും തമ്മിൽ എന്ത് ബന്ധം? ഭരണാധികാരിയുടെ ഭാഗത്തുനിന്ന് തെറ്റ് സംഭവിച്ചുവെന്ന് തോന്നിയ സൽമാൻ رضي الله عنه അദ്ദേഹത്തിന്റെ സന്നിധിയിൽ നേരിട്ട് തന്നെ എതിർപ്പ് പറഞ്ഞു. അങ്ങനെ ചെയ്യൽ അനുവദനീയമാണെന്ന് മുകളിൽ നാം സൂചിപ്പിച്ചുവല്ലോ. അതിനാൽ ഇഖ്‌വാനികളുടെ ഇന്നത്തെ ചെയ്തികൾക്ക് ഈ സംഭവം (സ്ഥിരപ്പെട്ടതായാൽ തന്നെ) ഒരിക്കലും തെളിവല്ല.

2) ഉമർ رضي الله عنه വിന്റെ ഭരണകാലത്ത് ആളുകൾ മഹ്ർ (വിവാഹമൂല്യം) നൽകുന്നതിൽ വളരെ വലിയ വർധനവ് വരുത്തി. അങ്ങനെയിരിക്കെ, ഒരിക്കൽ മിമ്പറിൽ കയറി ജനങ്ങളെ അഭിമുഖീകരിച്ച് മഹ്ർ വർധിപ്പിക്കുന്നത് അഭികാമ്യമല്ലെന്ന് അദ്ദേഹം അറിയിച്ചു. മഹ്ർ നൽകുമ്പോൾ പരമാവധി 400 ദിർഹമിൽ കൂടരുതെന്ന് കൽപിച്ചു. അദ്ദേഹം മിമ്പറിൽനിന്ന് ഇറങ്ങിയതിനുശേഷം ഒരു സ്ത്രീ അദ്ദേഹത്തിന്റെ അടുക്കൽ ചെന്നു പറഞ്ഞു: ‘400 ദിർഹമിൽ കൂടുതൽ മഹ്ർ നൽകുന്നത് താങ്കൾ വിലക്കി. എന്നാൽ അല്ലാഹുവിന്റെ ഈ വചനം താങ്കൾ കേട്ടിട്ടില്ലേ?

وَءَاتَيْتُمْ إِحْدَىٰهُنَّ قِنطَارًا فَلَا تَأْخُذُوا۟ مِنْهُ شَيْـًٔا

അവരിൽ ഒരുവൾക്ക് നിങ്ങൾ ഒരു കൂമ്പാരം തന്നെ കൊടുത്തിട്ടുണ്ടായിരുന്നുവെങ്കിലും അതിൽനിന്ന് യാതൊന്നുംതന്നെ നിങ്ങൾ തിരിച്ചുവാങ്ങരുത്. (അന്നിസാഅ് 20)

ഇതു കേട്ട ഉമർ رضي الله عنه പറഞ്ഞു: ‘ജനങ്ങൾക്കെല്ലാം ഉമറിനെക്കാൾ വിവരമുണ്ടല്ലോ!’ ശേഷം വീണ്ടും മിമ്പറിൽ കയറി ജനങ്ങളോട് ആ നിയമം പിൻവലിച്ചതായി അറിയിച്ചു. (തഫ്‌സീർ ഇബ്‌നു കസീർ, തഫ്‌സീറുൽ ക്വുർത്വുബി-സൂറതുന്നിസാഇന്റെ 20ാം ആയത്തിന്റെ വിശദീകരണം).

വിശദീകരണം:

ഇതും മേൽസംഭവത്തിന് സമാനമാണ്. ഭരണാധികാരിയെ അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ നേരിട്ട് കണ്ടു തിരുത്തി എന്നാണ് സംഭവത്തിലുള്ളത്. അത് അനുവദനീയമാണ്. ഇതിലും ഇഖ്‌വാനികൾക്ക് തെളിവില്ല.

3) അബ്ദുല്ലാഹിബ്‌നു സുബൈർ رضي الله عنه വിനെ വധിച്ചശേഷം അൽഹജ്ജാജ് ഇബ്‌നു യൂസുഫ് ഹിജാസിന്റെ അമീറായി. ഒരു ഹജ്ജിന്റെ സീസണിൽ പെരുന്നാൾ ദിനങ്ങളിൽ ഹജ്ജാജും സംഘവും ആയുധവുമായാണ് സഞ്ചരിച്ചിരുന്നത്. മിനായിൽ വെച്ച് സ്വഹാബിവര്യൻ അബ്ദുല്ലാഹിബ്‌നു ഉമര്‍ رضي الله عنه വിന്റെ കാലിൽ കുന്തം തറച്ചു മുറിവായി. ഇതറിഞ്ഞ ഹജ്ജാജ് ഇബ്‌നു ഉമർ رضي الله عنه വിനോട് പറഞ്ഞു: ‘ആരാണ് ഇതിന് ഉത്തരവാദിയെന്ന് താങ്കൾ പറഞ്ഞാൽ അവനെ ഞാൻ കൈകാര്യം ചെയ്‌തോളാം.’ അപ്പോൾ ഇബ്‌നു ഉമർ رضي الله عنه പറഞ്ഞു: ‘നീ തന്നെയാണ് ഇതിനു കാരണം. ആയുധം പുറത്തെടുക്കാൻ പാടില്ലാത്ത പെരുന്നാൾ ദിവസത്തിലും ഹറമിനുള്ളിൽ നീ ആയുധവുമായി നടന്നില്ലേ?’ (ബുഖാരി 966).

വിശദീകരണം:

ഈ സംഭവത്തിലും ഭരണാധികാരിയോട് നേരിട്ട് അയാളുടെ സന്നിധിയിലാണ് തെറ്റിനെ എതിർക്കുന്നത്. കൂടുതൽ കുഴപ്പമുണ്ടാകാൻ സാധ്യതയില്ലെങ്കിൽ അതനുവദനീയമാണ്. ഇതും ഇവർക്ക് തെളിവല്ല എന്നർഥം.

4)

عَنْ طَارِقِ بْنِ شِهَابٍ، – وَهَذَا حَدِيثُ أَبِي بَكْرٍ – قَالَ أَوَّلُ مَنْ بَدَأَ بِالْخُطْبَةِ يَوْمَ الْعِيدِ قَبْلَ الصَّلاَةِ مَرْوَانُ فَقَامَ إِلَيْهِ رَجُلٌ فَقَالَ الصَّلاَةُ قَبْلَ الْخُطْبَةِ ‏.‏ فَقَالَ قَدْ تُرِكَ مَا هُنَالِكَ ‏.‏ فَقَالَ أَبُو سَعِيدٍ أَمَّا هَذَا فَقَدْ قَضَى مَا عَلَيْهِ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ “‏ مَنْ رَأَى مِنْكُمْ مُنْكَرًا فَلْيُغَيِّرْهُ بِيَدِهِ فَإِنْ لَمْ يَسْتَطِعْ فَبِلِسَانِهِ فَإِنْ لَمْ يَسْتَطِعْ فَبِقَلْبِهِ وَذَلِكَ أَضْعَفُ الإِيمَانِ ‏”‏ ‏.‏

താബിഇയായ ത്വാരിഖ് ഇബ്‌നു ശിഹാബ് رحمه الله നിവേദനം ചെയ്യുന്നു: ‘പെരുന്നാൾ നമസ്‌കാരത്തിനു മുമ്പ് ഖുത്വുബ നിർവഹിക്കുന്ന രീതി ആദ്യമായി തുടങ്ങിവച്ചത് മർവാൻ ആയിരുന്നു. ഒരിക്കൽ അങ്ങനെ ചെയ്യുന്ന സന്ദർഭത്തിൽ ഒരാൾ മർവാന്റെ അടുക്കലേക്ക് ചെന്നു പറഞ്ഞു: ‘ഖുത്വുബയ്ക്ക് മുമ്പ് നമസ്‌കാരമാണ് നിർവഹിക്കേണ്ടത്.’ അത് കേട്ട മർവാൻ പ്രതികരിച്ചു: ‘നമസ്‌കാരം കഴിഞ്ഞാൽ ആളുകൾ ഖുത്വുബയ്ക്ക് ഇരിക്കാതെ സ്ഥലം വിടുന്നു’ (അതിനാലാണ് ആദ്യം ഖുത്വബ നിർവഹിക്കുന്നത്).

ഈ സന്ദർഭത്തിൽ സ്വഹാബിയായ അബൂസഈദ് അൽ ഖുദ്‌രിയ്യ് رضي الله عنه പറഞ്ഞു: ‘ഈവ്യക്തി അയാളുടെ ബാധ്യത നിർവഹിച്ചു കഴിഞ്ഞു. അല്ലാഹുവിന്റെ റസൂൽﷺ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: ‘നിങ്ങളാരെങ്കിലും ഒരു തിന്മ കണ്ടാൽ അവൻ കൈകൊണ്ടതിനെ തടുക്കട്ടെ. അതിന് സാധ്യമല്ലെങ്കിൽ അവൻ നാവുകൊണ്ട് എതിർക്കട്ടെ. അതിനും കഴിഞ്ഞില്ലെങ്കിൽ മനസ്സിൽ വെറുക്കുകയെങ്കിലും ചെയ്യുക. അത് ഈമാനിന്റെ ഏറ്റവും ദുർബലാവസ്ഥയാകുന്നു’ (ബുഖാരി, മുസ്‌ലിം).

വിശദീകരണം:

മുആവിയ رضي الله عنه തന്റെ ഭരണകാലത്ത് മർവാൻ ഇബ്‌നുൽ ഹകമിനെ മദീനയുടെ അമീറായി നിശ്ചയിച്ചിരുന്നു. പെരുന്നാൾ നമസ്‌കാരത്തിന് ശേഷം ഖുത്വുബ നിർവഹിക്കലാണ് പ്രവാചകചര്യ. അതിനു വിരുദ്ധമായി ചെയ്തതിനാലാണ് മർവാൻ എതിർക്കപ്പെട്ടത്.

ഇതും മേൽ സൂചിപ്പിച്ച സംഭവങ്ങൾക്ക് സമാനമാണ്. ഭരണാധികാരിയുടെ സന്നിധിയിൽ നേരിട്ട് എതിർക്കുന്നത് തെറ്റല്ല. എന്നാൽ അത്തരം സന്ദർഭങ്ങളിൽ ശ്രദ്ധിക്കേണ്ടത് എതിർക്കുന്നതിലൂടെ കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാകാൻ കാരണമാകുമെങ്കിൽ ഒഴിവാക്കണം എന്നാണ്.

എന്നാൽ ഇഖ്വാനികളും നമ്മുടെ നാട്ടിലെ ജമാഅത്തെ ഇസ്‌ലാമിക്കാരും അറബ് നാടുകളിലെ ഭരണാധികാരികളുടെ അപാകതകൾ എടുത്തുകാട്ടുന്നത് ഇങ്ങനെയാണോ?

ഇവർ ജനമധ്യത്തിൽ ഉയർത്തിക്കാണിക്കാറുള്ള വിമർശനങ്ങൾ മിക്കതും അസത്യങ്ങളും സത്യവും കൂട്ടിക്കലർത്തി വക്രീകരിച്ചുകൊണ്ടുള്ളതാണ്. മുനാഫിക്വുകൾ, മതത്തിൽനിന്ന് തെറിച്ചവർ, ഒറ്റുകാർ, കാലുവാരികൾ…തുടങ്ങിയ ആക്ഷപങ്ങളും ഇവരിൽനിന്ന് കേൾക്കാം.

നമ്മുടെ നാട്ടിലെ ചിലർ ധരിച്ചിട്ടുള്ളത്; നമുക്ക് ലോകത്തുള്ള മുസ്‌ലിം രാജ്യങ്ങളുമായി ബൈഅത്തില്ലാത്തതിനാൽ ഇത്തരം വിപ്ലവാത്മക ചെയ്തികളെ നമ്മുടെ നാട്ടിലിരുന്നുകൊണ്ട് സോഷ്യൽ മീഡിയകളിലൂടെയും പത്രമാധ്യമങ്ങളിലൂടെയും പിന്തുണക്കുന്നത് പ്രശ്‌നമില്ലെന്നാണ്.

തികച്ചും അബദ്ധജഡിലമായ ധാരണയാണിത്. നമ്മൾ എവിടെനിന്ന് വിമർശനങ്ങൾ തൊടുത്താലും അത് പ്രസ്തുത മുസ്‌ലിം നാടുകളിൽ സ്വാധീനമുണ്ടാക്കും എന്നതിൽ തർക്കമില്ല. അത് ആ രാജ്യങ്ങളെ അരക്ഷിതാവസ്ഥയിലേക്ക് നയിക്കും. അതിനാലാണ് പണ്ഡിതന്മാർ ഇതര നാടുകളിൽ ഉള്ളവരാണെങ്കിലും അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും അത് നിഷിദ്ധമാണെന്നും പഠിപ്പിക്കുന്നത്.

وَتَعَاوَنُوا۟ عَلَى ٱلْبِرِّ وَٱلتَّقْوَىٰ ۖ وَلَا تَعَاوَنُوا۟ عَلَى ٱلْإِثْمِ وَٱلْعُدْوَٰنِ ۚ وَٱتَّقُوا۟ ٱللَّهَ ۖ إِنَّ ٱللَّهَ شَدِيدُ ٱلْعِقَابِ

പുണ്യത്തിലും ധർമനിഷ്ഠയിലും നിങ്ങൾ അന്യോന്യം സഹായിക്കുക; പാപത്തിലും അതിക്രമത്തിലും നിങ്ങൾ അന്യോന്യം സഹായിക്കരുത്. നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക. തീർച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു. (ഖു൪ആന്‍:5/2)

ഇന്ന് അല്ലാഹുവിന്റെ ദീനും തൗഹീദും ഏറ്റവുമധികം ഉയർത്തിപ്പിടിക്കുന്ന രാജ്യമായ സുഊദി അറേബ്യയോടാണ് ഇക്കൂട്ടർക്ക് ഏറ്റവുമധികം കലിപ്പ്. ശിർക്, ബിദ്അത്തുകൾ പ്രത്യക്ഷമായി തലപൊക്കാത്ത ഏകരാജ്യമാണത്! ഈ രാജ്യത്തോടുള്ള ശത്രുത തൗഹീദിനോടുള്ള ശത്രുതയാണെന്ന് വ്യക്തം.

ഭരണാധികാരികളിൽ പോരായ്മകളും വീഴ്ചകളും കണ്ടെന്നുവരാം. അത്തരം സന്ദർഭങ്ങളിൽ പ്രവാചകചര്യയെ സ്‌നേഹിക്കുന്നവർ ചെയ്യേണ്ടത് ഭരണാധികാരികൾക്കും ആ നാടിനും വേണ്ടി പ്രാർഥിക്കലാണ്. ഇസ്‌ലാമിക രാഷ്ട്രങ്ങൾ രക്തച്ചൊരിച്ചിലുകൾ ഇല്ലാതെ സമാധാനപരമായി നിലനിൽക്കാൽ ആഗ്രഹിക്കുകയാണ് വേണ്ടത്. തൗഹീദിനെയും സുന്നത്തിനെയും സ്‌നേഹിക്കുന്നവരുടെ ബാധ്യതയാണത്.

 

അക്ബർഷ അൽഹികമി

 

kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *