സിഹ്റ് : വസ്തുത എന്ത് ? സിഹ്റിന് സ്വാധീനവും യാഥാ൪ത്ഥ്യവും ഉണ്ടോ ?

കാരണം അവ്യക്തമായ, നിഗൂഢമായ കാര്യങ്ങൾക്കാണ്‌ അറബി ഭാഷയിൽ ‘സിഹ്റ് ‘ എന്ന്‌ പറയുക. ഇസ്ലാമിക പണ്ഡിതന്മാർ സാങ്കേതികമായി സിഹ്‌റിന്‌ അനേകം നിർവചനങ്ങൾ നൽകിയിട്ടുണ്ട്‌.

ഇമാം ഇബ്നു ഖുദാമ(റ) പറഞ്ഞു: ‘സിഹ്റ് ചെയ്യപ്പെട്ടവന്റെ ശരീരത്തിലോ ഹൃദയത്തിലോ ബുദ്ധിയിലോ സ്വാധീനമുണ്ടാക്കാൻ സാധിക്കുന്ന ചില (നിഷിദ്ധമായ) മന്ത്രങ്ങളും ഉറുക്കുകളും പ്രവർത്തികളുമാണ്‌ സിഹ്റ് ‘ (അൽ-മുഗ്നി:8/150).

ഇബ്നു ആബിദീൻ പറഞ്ഞു: ‘കാരണം അവ്യക്തമായ, അപരിചിതമായ ചില പ്രവർത്തനങ്ങൾ ചെയ്യുന്നതിന്‌ വേണ്ടി ആത്മീയ ജീവികളുടെ (ജിന്നുകൾ) സഹായം നേടിയെടുക്കാൻ സാധിക്കുന്ന ഒരു വിജ്ഞാനമാണ്‌ സിഹ്റ് ‘ (ഹാഷിയതു ഇബ്നു ആബിദീൻ:1/44).

ശൈഖ്‌ സ്വാലിഹ്‌ അൽ ഫൗസാൻ പറഞ്ഞു: ‘സിഹ്റ് എന്നാൽ ചില മന്ത്രങ്ങളും ഉറുക്കുകളും വാക്കുകളും ജല്പനങ്ങളുമാണ്‌. അതിന്‌ യാഥാർത്ഥ്യമുണ്ട്‌. (സിഹ്‌റികളിൽ പെട്ട) ചിലത്‌ ഹൃദയങ്ങളിൽ സ്വാധീനമുണ്ടാക്കുന്നവയാണ്‌, മറ്റു ചിലത്‌ ശരീരത്തിലും. ചിലവ രോഗമുണ്ടാക്കും. മറ്റു ചിലത്‌ സിഹ്റ് ബാധിച്ചവനെ കൊലപ്പെടുത്തും. ഭാര്യാഭർത്താക്കന്മാർക്കിടയിൽ ബന്ധം വേർപ്പെടുത്തും. അല്ലാഹുവിന്റെ പ്രാപഞ്ചികമായ വിധിക്ക്‌ അനുസരിച്ചായിരിക്കും ഇതിന്റെ സ്വാധീനമുണ്ടാവുക. ഇത്‌ പൈശാചികമായ പ്രവർത്തനമാണ്‌. സിഹ്‌റിൽ പെട്ട ബഹുഭൂരിപക്ഷം പ്രവർത്തനങ്ങളും ശിർക്കിലൂടെയും, മോശം ആത്മാക്കളോടുള്ള സാമീപ്യത്തിലൂടെയും, അവർക്ക്‌ ഇഷ്ടമുള്ള പ്രവർത്തികൾ ചെയ്യുന്നതിലൂടെയും, അവരെ ആരാധനയിൽ പങ്കു ചേർക്കുന്നതിലൂടെയും അവർക്ക്‌ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുന്നതിലൂടെയുമാണ്‌ സാധിച്ചെടുക്കുന്നത്‌.’ (അഖീദത്തു തൗഹീദ്‌ : സ്വാലിഹ്‌ അൽ ഫൗസാൻ).

ജൗഹരി പറഞ്ഞു: ‘സിഹ്റ് എന്നാൽ പിശാചിലേക്ക്‌ അടുപ്പം സിദ്ധിക്കുന്ന, അവന്റെ സഹായത്തോടെയുള്ള പ്രവർത്തനമാണ്‌.’ (തഹ്ദീബുല്ലുഗ:4/169)

മുഹമ്മദ് അമാനി മൗലവി(റഹി) പറയുന്നു:ആഭിചാരം, ക്ഷുദ്രം, ഇന്ദ്രജാലം, ചെപ്പടിവിദ്യ, മായാതന്ത്രം, വശീകരണം, ജാലവിദ്യ, കണ്‍കെട്ട്, മാരണം എന്നീ അര്‍ത്ഥങ്ങളിലെല്ലാം മൊത്തത്തില്‍ ഉപയോഗിക്കുന്ന വാക്കാണ് സിഹ്ര്‍. കാര്യകാരണബന്ധം മനസ്സിലാക്കുവാന്‍ പ്രയാസമായ എല്ലാ ഉപായകൃത്യങ്ങള്‍ക്കും സിഹ്ര്‍ എന്നു പറയാം. സിഹ്‌റിന്റെ പല വകുപ്പുകളും ഉദാഹരണങ്ങളും പല മഹാന്‍മാരും വിവരിച്ചു കാണാം. ചുരുക്കത്തില്‍ മന്ത്രതന്ത്രങ്ങള്‍, ജപഹോമാദികള്‍, ഉറുക്കുനറുക്കുകള്‍, അക്കക്കളങ്ങള്‍, രക്ഷാതകിടുകള്‍, കയ്യൊതുക്കം, മെസ്മരിസം, ഹിപ്‌നോട്ടിസം, മയക്കുവിദ്യകള്‍ ആദിയായവയെല്ലാം സിഹ്‌റിന്റെ ഇനങ്ങളത്രെ. ‘ഇസ്മിന്റെ പണി’, ‘ത്വല്‍സമാത്ത്’ മുതലായ പേരുകളിലറിയപ്പെടുന്ന വിദ്യകളും അങ്ങനെതന്നെ. മിക്കതിലും ഭൂതം, ജിന്ന്, മലക്ക്, ദേവന്‍, ദേവി, പിശാച്, മരണമടഞ്ഞവര്‍, നക്ഷത്രഗ്രഹങ്ങള്‍ ആദിയായ ഏതില്‍ നിന്നെങ്കിലുമുള്ള സഹായാര്‍ത്ഥനകളും ചില പ്രത്യേക തരത്തിലുള്ള കര്‍മ മുറകളും അടങ്ങിയിരിക്കും. ചിലപ്പോള്‍, ചില മരുന്നുകളും മന്ത്ര തന്ത്രങ്ങളും കൂട്ടിയിണക്കി കൊണ്ടുമായിരിക്കും. ഗൂഢവും അദൃശ്യവുമായ മാര്‍ഗത്തിലൂടെ ആപത്തുകളില്‍ നിന്ന് രക്ഷനേടുക, ശത്രുക്കള്‍ക്കും മറ്റും ആപത്ത് വരുത്തുക, മറഞ്ഞ കാര്യങ്ങള്‍ അറിയുക, വന്‍കാര്യങ്ങള്‍ സാധിക്കുക, ആളുകളെ തമ്മില്‍ ഇണക്കുകയോ പിണക്കുകയോ ചെയ്യുക, മരണപ്പെട്ടവരുടെ ആത്മാക്കളുമായി ബന്ധപ്പെടുക, അല്‍ഭുത കൃത്യങ്ങള്‍ കാണിക്കുക മുതലായവയാണ് സിഹ്‌റിന്റെ ലക്ഷ്യങ്ങള്‍. മിക്കവാറും ഇനങ്ങള്‍ യാഥാര്‍ത്ഥ്യമില്ലാത്തതും, തനി പകിട്ടും മായയുമായിരിക്കും. ചിലതാകട്ടെ, മാനസികമായ ചില മാറ്റങ്ങള്‍ ഉണ്ടാക്കുന്നതും, അതുവഴി ചില അനുഭവങ്ങള്‍ പ്രകടമാകുന്നതുമായിരിക്കും. (അമാനി തഫ്സീ൪ : 2/102 ന്റെ വിശദീകരണം)

ചുരുക്കത്തില്‍ സാഹിറിനെയും അയാളെ പിൻപറ്റുന്നവരെയും ശിർക്കിലേക്കും കുഫ്‌റിലേക്കും നയിക്കുന്നതിനായി പിശാച് ചെയ്തു കൊടുക്കുന്ന സഹായങ്ങളിൽ പെട്ടതാണ്‌ സിഹ്റ്.

മാരണം ബന്ധങ്ങളെ ഉലക്കുകയും അവയില്‍ വിള്ളലുകള്‍ വീഴ്ത്തുകയും ചെയ്യുന്നു. ഭാര്യാഭ൪ത്താക്കന്‍മാ൪ക്കിടയില്‍ ഉണ്ടാക്കപ്പെടുന്ന പ്രശ്നങ്ങളും ബന്ധം വഷളാക്കലുമാണല്ലോ ഏറ്റവും കടുത്തത്. ആഭിചാരവൃത്തികളാല്‍ പിശാച് ഉണ്ടാക്കുന്ന ഹീനപ്രവൃത്തിയും അതു തന്നെയാണ്.

ﻓَﻴَﺘَﻌَﻠَّﻤُﻮﻥَ ﻣِﻨْﻬُﻤَﺎ ﻣَﺎ ﻳُﻔَﺮِّﻗُﻮﻥَ ﺑِﻪِۦ ﺑَﻴْﻦَ ٱﻟْﻤَﺮْءِ ﻭَﺯَﻭْﺟِﻪِۦ ۚ ﻭَﻣَﺎ ﻫُﻢ ﺑِﻀَﺎٓﺭِّﻳﻦَ ﺑِﻪِۦ ﻣِﻦْ ﺃَﺣَﺪٍ ﺇِﻻَّ ﺑِﺈِﺫْﻥِ ٱﻟﻠَّﻪِ

അങ്ങനെ അവരില്‍ നിന്ന് ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുവാനുള്ള തന്ത്രങ്ങള്‍ ജനങ്ങള്‍ പഠിച്ച് കൊണ്ടിരുന്നു. എന്നാല്‍ അല്ലാഹുവിന്റെ അനുമതി കൂടാതെ അതുകൊണ്ട് യാതൊരാള്‍ക്കും ഒരു ദ്രോഹവും ചെയ്യാന്‍ അവര്‍ക്ക് കഴിയില്ല …… (ഖു൪ആന്‍ : 2/102)

عَنْ جَابِرٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: إِنَّ إِبْلِيسَ يَضَعُ عَرْشَهُ عَلَى الْمَاءِ ثُمَّ يَبْعَثُ سَرَايَاهُ فَأَدْنَاهُمْ مِنْهُ مَنْزِلَةً أَعْظَمُهُمْ فِتْنَةً يَجِيءُ أَحَدُهُمْ فَيَقُولُ فَعَلْتُ كَذَا وَكَذَا فَيَقُولُ مَا صَنَعْتَ شَيْئًا قَالَ ثُمَّ يَجِيءُ أَحَدُهُمْ فَيَقُولُ مَا تَرَكْتُهُ حَتَّى فَرَّقْتُ بَيْنَهُ وَبَيْنَ امْرَأَتِهِ – قَالَ – فَيُدْنِيهِ مِنْهُ وَيَقُولُ نِعْمَ أَنْتَ

ജാബിറില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഇബ്ലീസ് അവന്റെ സിംഹാസനം വെള്ളത്തിന് മീതെ വെച്ചിരിക്കുന്നു. അതിന് ശേഷം തന്റെ സൈന്യത്തെ അവന്‍ നിയോഗിക്കുന്നു. അതില്‍ ഏറ്റവും കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നവനാണ് അവനോട് ഏറ്റവും അടുപ്പമുള്ളത്. അവരില്‍ പെട്ട ഒരാള്‍ വന്നുപറയും: ‘ഞാന്‍ ഇന്നയിന്ന പ്രകാരം പ്രവ൪ത്തിച്ചു’. അപ്പോള്‍ അവന്‍ (ഇബ്ലീസ്) പറയും: ‘നീ ഒന്നുംതന്നെ ചെയ്തിട്ടില്ല’.അവരില്‍ പെട്ട മറ്റൊരാള്‍ വന്നുപറയും: ഞാന്‍ അവനും അവന്റെ ഭാര്യക്കുമിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നതുവരെ അവനെ (ആ മനുഷ്യനെ) വെറുതെ വിട്ടില്ല’. അപ്പോള്‍ ഇബ്ലീസ് അവന്റെ അടുത്ത് ചെന്ന് പറയും: ‘നീ എത്ര നല്ലവനാണ്.’ (മുസ്ലിം :2813)

ഭാര്യഭ൪ത്താക്കന്‍മാ൪ക്കിടയില്‍ സിഹ്റ്‍ ചെയ്യുന്നത് വഴി അവ൪ക്കിടയില്‍ ഏത് തരത്തിലാണ് ഭിന്നിപ്പ് ഉണ്ടാകുന്നത്. അവ൪ക്ക് പരസ്പരം ഭംഗിയില്ലായ്മ അനുഭവപ്പെടുക, ഇണയില്‍ സ്വഭാവദുഷ്യം തോന്നപ്പെടുക, ഇണയോട് ദ്വേഷ്യം തോന്നപ്പെടുക, ലൈംഗികബന്ധത്തിന് തടസ്സം അനുഭവപ്പെടുകയോ താല്പര്യം ഇല്ലാതാകുകയോ ചെയ്യുക എന്നിവയെല്ലാം സിഹ്റ് ബാധിക്കുന്നതിലൂടെ സംഭവിക്കുമെന്ന് ഇമാം ഇബ്നു കസീ൪(റഹി) പ്രസ്താവിച്ചതായി കാണാം. (ഇബ്നു കസീ൪:1/144)

മാരണം ഒരിക്കലും ഉപകാരമേകില്ല.അത് ഉപദ്രവം മാത്രമാണ് സമ്മാനിക്കുന്നത്.

ﻭَﻳَﺘَﻌَﻠَّﻤُﻮﻥَ ﻣَﺎ ﻳَﻀُﺮُّﻫُﻢْ ﻭَﻻَ ﻳَﻨﻔَﻌُﻬُﻢْ ۚ

അവര്‍ക്ക് തന്നെ ഉപദ്രവമുണ്ടാക്കുന്നതും ഒരു പ്രയോജനവും ചെയ്യാത്തതുമായ കാര്യമാണ് അവര്‍ പഠിച്ചു കൊണ്ടിരുന്നത്‌…..(ഖു൪ആന്‍ : 2/102)

ഇഹ പരലോകങ്ങളിലെ അവസ്ഥ എന്തായിരിക്കുമെന്ന്‌ അല്ലാഹു അറിയിച്ചിട്ടുണ്ട്‌.

ﻭَﻻَ ﻳُﻔْﻠِﺢُ ٱﻟﺴَّﺎﺣِﺮُ ﺣَﻴْﺚُ ﺃَﺗَﻰٰ…….

ജാലവിദ്യക്കാരന്‍ എവിടെച്ചെന്നാലും വിജയിയാവുകയില്ല.(ഖു൪ആന്‍ : 20/69)

ﻭَﻻَ ﻳُﻔْﻠِﺢُ ٱﻟﺴَّٰﺤِﺮُﻭﻥَ

ജാലവിദ്യക്കാര്‍ വിജയം പ്രാപിക്കുകയില്ല.(ഖു൪ആന്‍ : 10/77)

ﻭَﻟَﻘَﺪْ ﻋَﻠِﻤُﻮا۟ ﻟَﻤَﻦِ ٱﺷْﺘَﺮَﻯٰﻩُ ﻣَﺎ ﻟَﻪُۥ ﻓِﻰ ٱﻻْءَﺧِﺮَﺓِ ﻣِﻦْ ﺧَﻠَٰﻖٍ ۚ ﻭَﻟَﺒِﺌْﺲَ ﻣَﺎ ﺷَﺮَﻭْا۟ ﺑِﻪِۦٓ ﺃَﻧﻔُﺴَﻬُﻢْ ۚ ﻟَﻮْ ﻛَﺎﻧُﻮا۟ ﻳَﻌْﻠَﻤُﻮﻥَ

…….അത് (ആ വിദ്യ) ആര്‍ വാങ്ങി (കൈവശപ്പെടുത്തി) യോ അവര്‍ക്ക് പരലോകത്ത് യാതൊരു വിഹിതവുമുണ്ടാവില്ലെന്ന് അവര്‍ ഗ്രഹിച്ചുകഴിഞ്ഞിട്ടുണ്ട്‌. അവരുടെ ആത്മാവുകളെ വിറ്റ് അവര്‍ വാങ്ങിയ വില വളരെ ചീത്ത തന്നെ. അവര്‍ക്ക് വിവരമുണ്ടായിരുന്നെങ്കില്‍.(ഖു൪ആന്‍ : 2/102)

ആത്യന്തികമായ വിജയം സാഹിറിനെ സംബന്ധിച്ചിടത്തോളം തീർത്തും അസാധ്യമാണെന്ന്‌ ഈ ആയത്തുകൾ വ്യക്തമാക്കുന്നു. ഒരു കാഫിറിനോ മുശ്‌രിക്കിനോ അല്ലാതെ ആ അവസ്ഥയുണ്ടാവുകയില്ലെന്ന്‌ ഇസ്ലാമിക പ്രമാണങ്ങൾ നമ്മെ അറിയിക്കുകയും ചെയ്തിട്ടുണ്ട്‌.

സിഹ്റ് ചെയ്യല്‍ കുഫ്റാണ്

وَمَا كَفَرَ سُلَيْمَانُ وَلَـٰكِنَّ الشَّيَاطِينَ كَفَرُوا يُعَلِّمُونَ النَّاسَ السِّحْرَ

…….’സുലൈമാൻ സത്യനിഷേധിയായിട്ടില്ല. സിഹ്റ് പഠിപ്പിക്കുന്നതിലൂടെ പിശാചുക്കളാണ്‌ സത്യനിഷേധികളായത്‌…….’ (ഖു൪ആന്‍ : 2/102)

ഇവിടെ പിശാചുക്കൾ കാഫിറായതിനുള്ള കാരണമായി അല്ലാഹു പറഞ്ഞത്‌ അവർ സിഹ്റ് പഠിപ്പിച്ചു നൽകി എന്നതാണ്‌.

ഈ ആയത്തിന്റെ വിശദീകരണത്തിൽ ഇബ്നുൽ അറബി(റ) പറഞ്ഞു: ‘സുലൈമാൻ നബി(അ) സത്യനിഷേധിയായിട്ടില്ല, സിഹ്റ് ചെയ്തിട്ടുമില്ല. എന്നാൽ പിശാചുക്കളാണ്‌ തങ്ങളുടെ സിഹ്റ് കൊണ്ട്‌ കാഫിറായത്‌. അവർ അത്‌ ജനങ്ങൾക്ക്‌ പഠിപ്പിക്കുന്നുമുണ്ട്‌. കുഫ്റ് വിശ്വസിക്കുന്നവനും, അതിന്‌ അനുകൂലമായി സംസാരിക്കുന്നവനും, കുഫ്റ് പഠിപ്പിച്ചു കൊടുക്കുന്നവനും കാഫിറാണ്‌.’ (അഹ്കാമുൽ ഖുർആൻ:1/44)

ഇബ്നു ഹജർ(റ) പറയുന്നു: ‘സിഹ്റ് കുഫ്‌റാണെന്നും, സിഹ്റ് പഠിക്കുന്നവൻ കാഫിറാണെന്നും ഈ ആയത്ത്‌ കൊണ്ട്‌ തെളിവ്‌ പിടിച്ചിട്ടുണ്ട്‌. പിശാചിനെയും നക്ഷത്രങ്ങളെയും ആരാധിക്കുന്നത്‌ പോലെയുള്ള സിഹ്‌റിന്റെ ചില ഇനങ്ങൾ കുഫ്‌റാണെന്ന കാര്യം തീർത്തും വ്യക്തമാണ്‌ ‘ (ഫത്ഹുൽ ബാരി : 10/224).

ഇമാം ദഹബി(റഹി) പറഞ്ഞു: പിശാചുക്കൾ സത്യനിഷേധികളായതിന്‌ കാരണം സിഹ്റ് പഠിപ്പിച്ചതാണെന്നതോടൊപ്പം, അവർ മനുഷ്യരെ ശിർക്കിലേക്കെത്തിക്കുന്ന ഒരു കാര്യമല്ലാതെ പഠിപ്പിക്കില്ലെന്ന കാരണം കൂടി ഇമാം ദഹബി(റ) പറഞ്ഞിട്ടുണ്ട്‌. അദ്ദേഹം പറഞ്ഞു: ‘(ഒരാൾ) സാഹിറാകണമെങ്കിൽ കാഫിറാകണം.മനുഷ്യൻ സിഹ്‌റിലൂടെ അല്ലാഹുവിൽ പങ്കുചേർക്കുന്നതിലേക്ക്‌ എത്തിച്ചേരണം എന്ന ലക്ഷ്യമല്ലാതെ സിഹ്റ് പഠിപ്പിക്കുന്നതിൽ ശപിക്കപ്പെട്ട പിശാചിന്‌ മറ്റൊരു ലക്ഷ്യവുമില്ല.’ (അൽ കബാഇർ : 102)

മനുഷ്യർക്ക്‌ പരീക്ഷണമായിക്കൊണ്ട്‌ അല്ലാഹു നിയോഗിച്ച രണ്ട്‌ മലക്കുകൾ (ഹാറൂത്തും മാറൂത്തും) സിഹ്റ് പഠിപ്പിക്കുമ്പോൾ തങ്ങളുടെ ‘പഠിതാക്കളോട്‌ ‘ നൽകിയിരുന്ന താക്കീതും സിഹ്റ് തനിച്ച കുഫ്‌റാണെന്ന്‌ വ്യക്തമാക്കുന്നുണ്ട്‌.

…..وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّىٰ يَقُولَا إِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْ….

…..’എന്നാൽ ഹാറൂത്തും മാറൂത്തും ഏതൊരാൾക്ക്‌ പഠിപ്പിക്കുമ്പോഴും, ഞങ്ങൾ (നിങ്ങൾക്ക്‌) ഒരു പരീക്ഷണം മാത്രമാകുന്നു; അതിനാൽ (ഇത്‌ കാരണത്താൽ) നിങ്ങൾ സത്യനിഷേധികളാകരുത്‌ എന്ന്‌ പറഞ്ഞു കൊടുക്കാതിരുന്നില്ല…..’ (ഖു൪ആന്‍ : 2/102)

قال ابن عباس في تفسير الآية : فإذا أتاهما الآتي يريد السحر نهياه أشد النهي، وقالا له : إنما نحن فتنة فلا تكفر، وذلك أنهما علما الخير والشر، والكفر والإيمان، فعرفا أن السحر من الكفر

ഇബ്നു അബ്ബാസ്‌(റ) പറയുന്നു: ‘ഹാറൂത്തിനെയും മാറൂത്തിനെയും സിഹ്റ് പഠിക്കുന്നതിനായി ആരെങ്കിലും സമീപിച്ചാൽ അവർ ശക്തമായ ഭാഷയിൽ വന്നവനെ വിലക്കുകയും, ഞങ്ങൾ ഒരു പരീക്ഷണം മാത്രമാണ്‌, നിങ്ങൾ ഇത്‌ മൂലം സത്യനിഷേധികളാകരുത്‌ എന്ന്‌ പറയുകയും ചെയ്യുമായിരുന്നു. കാരണം അവർക്ക്‌ നന്മയും തിന്മയും, ഈമാനും കുഫ്‌റും (വേർതിരിച്ച്‌) അറിയാമായിരുന്നു. സിഹ്റ് കുഫ്‌റിൽ പെട്ട പ്രവർത്തനമാണെന്ന്‌ അവർക്ക്‌ അറിയാമായിരുന്നു.’ (ഇബ്നു കഥീർ : 1/535)

ഇമാം ശൗകാനി(റ) പറയുന്നു: “ഹാറൂത്തും മാറൂത്തും ‘നിങ്ങൾ സിഹ്റ് ചെയ്യുന്നതിലൂടെ കാഫിറാകരുത്‌ ‘ എന്ന്‌ വിലക്കിയത്‌ ഈ പ്രവർത്തനം ചെയ്യുന്ന വ്യക്തി കാഫിർ ആകുമെന്നത്‌ കൊണ്ടാണ്‌. സിഹ്റ് പഠിക്കൽ കുഫ്‌റാണെന്ന്‌ ഈ ആയത്തിന്റെ പ്രത്യക്ഷാർത്ഥം വ്യക്തമാക്കുന്നുണ്ട്‌.” (ഫത്ഹുൽ ഖദീർ: 1/80)

ഇമാം ഖുർത്വുബി(റ) പറഞ്ഞു: ‘സിഹ്റ് പഠിക്കുന്നതിലൂടെ നിങ്ങൾ സത്യനിഷേധികളാകരുത്‌ എന്നാണ്‌ മലക്കുകൾ പറഞ്ഞതിന്റെ ഉദ്ദേശ്യം എന്ന്‌ ഒരു വിഭാഗം പറഞ്ഞു. മറ്റൊരു വിഭാഗം പറഞ്ഞത്‌ സിഹ്റ് പ്രവർത്തിക്കുന്നതിലൂടെ നിങ്ങൾ സത്യനിഷേധികളാകരുത്‌ എന്നാണ്‌ ആ വാക്കിന്റെ ഉദ്ദേശ്യം എന്നാണ്‌.’ (തഫ്സീറുൽ ഖുർത്വുബി:2/289)

ഇബ്നു ജുറൈജ്‌(റ) പറഞ്ഞു: ‘സിഹ്റ് ചെയ്യാൻ കാഫിറിനല്ലാതെ ധൈര്യം വരില്ല.’ (തഫ്സീർ ഇബ്നി കഥീർ : 1/535)

സിഹ്‌റിന്റെ പിന്നിൽ ബഹുഭൂരിപക്ഷം സന്ദർഭങ്ങളിലും പിശാചിന്റെ സഹായമാണ്‌ ഉള്ളത്‌. സിഹ്റിലൂടെ സാഹിറന്‍മാ൪ ശൈത്വാനുമായിട്ടാണ് ബന്ധപ്പെടുന്നത്. സിഹ്റിലൂടെ സാഹിറന്‍മാ൪ ശൈത്വാനെ പൂജിക്കുകയും തൃപ്തിപ്പെടുത്തുകയും ചെയ്യുമ്പോള്‍ അവ൪ തമ്മിലുള്ള ബന്ധം ശക്തമാകുന്നു. പിശാചിലേക്ക് ചേർത്തുകൊണ്ടാണ് സിഹ്റിനെ കുറിച്ച് അല്ലാഹു പറഞ്ഞിട്ടുള്ളത് എന്നതും ( 2: 102) നബി ﷺ ക്ക് സിഹ്റ് ബാധിച്ച ഹദീസ് ഇമാം ബുഖാരി പിശാചുക്കളെ കുറിച്ചു പറയുന്ന അധ്യായത്തിലാണ് കൊണ്ടുവന്നിട്ടുള്ളത് എന്നതും (ഫത്ഹുൽ ബാരി ) ഈ വിഷയത്തിൽ അഹ്ലു സുന്ന തെളിവായി ഉദ്ധരിക്കുന്ന കാര്യങ്ങളാണ്.

ﻭَﻟَٰﻜِﻦَّ ٱﻟﺸَّﻴَٰﻄِﻴﻦَ ﻛَﻔَﺮُﻭا۟ ﻳُﻌَﻠِّﻤُﻮﻥَ ٱﻟﻨَّﺎﺱَ ٱﻟﺴِّﺤْﺮَ

എന്നാല്‍ ജനങ്ങള്‍ക്ക് സിഹ്റ് പഠിപ്പിച്ചുകൊടുത്ത് കൊണ്ട് പിശാചുക്കളാണ് ദൈവ നിഷേധത്തില്‍ ഏര്‍പെട്ടത്‌.(ഖു൪ആന്‍ : 2/102)

هَلْ أُنَبِّئُكُمْ عَلَىٰ مَن تَنَزَّلُ ٱلشَّيَٰطِينُ – تَنَزَّلُ عَلَىٰ كُلِّ أَفَّاكٍ أَثِيمٍ – يُلْقُونَ ٱلسَّمْعَ وَأَكْثَرُهُمْ كَٰذِبُونَ

(നബിയേ, പറയുക:) ആരുടെ മേലാണ് പിശാചുക്കള്‍ ഇറങ്ങുന്നതെന്ന് ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചു തരട്ടെയോ? പെരും നുണയന്‍മാരും പാപികളുമായ എല്ലാവരുടെ മേലും അവര്‍ (പിശാചുക്കള്‍) ഇറങ്ങുന്നു. അവര്‍ ചെവികൊടുത്ത് കേള്‍ക്കുന്നു അവരില്‍ അധികപേരും കള്ളം പറയുന്നവരാകുന്നു. (ഖു൪ആന്‍:26/221-223)

وَإِنَّ ٱلشَّيَٰطِينَ لَيُوحُونَ إِلَىٰٓ أَوْلِيَآئِهِمْ لِيُجَٰدِلُوكُمْ

നിങ്ങളോട് തര്‍ക്കിക്കുവാന്‍ വേണ്ടി പിശാചുക്കള്‍ അവരുടെ മിത്രങ്ങള്‍ക്ക് തീര്‍ച്ചയായും ദുര്‍ബോധനം നല്‍കിക്കൊണ്ടിരിക്കും (ഖു൪ആന്‍:6/121)

ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ(റഹി) പറഞ്ഞു: അനറബിയിലുള്ള ബഹുപൂരിപക്ഷം മന്ത്രങ്ങളും ജപങ്ങളും സാഹിറന്‍മാ൪ വിളിച്ച് പ്രാ൪ത്ഥിക്കുകയും സഹായം തേടുകയും ആദരിക്കുകയും ചെയ്യുന്ന ജിന്നുകളുടെ പേരുകള്‍ ഉള്‍ക്കൊള്ളുന്നവയാണ്. അങ്ങനെ അവരെ വിളിച്ച് പ്രാ൪ത്ഥിക്കുകയും സഹായം തേടുകയും ചെയ്യുന്നതുകൊണ്ട് പിശാചുക്കള്‍ അവരെ ചില വിഷയങ്ങളില്‍ അനുസരിച്ചേക്കാം. (മജ്മൂഉല്‍ ഫത്വാവാ : 1/362)

സാഹിറന്‍മാരുടേയും ശൈത്വാന്‍മാരുടെയും ബന്ധത്തെ കുറിച്ച നബി ﷺ നമുക്ക് പഠിപ്പിച്ച് തന്നിട്ടുണ്ട്. ജോത്സ്യന്മാരും സാഹിറന്മാരും പറയുന്ന ചില വാക്കുകള്‍ ചിലപ്പോള്‍ സത്യമായി വരാറുണ്ട്.അത് എങ്ങനെയാണ് സത്യമായിത്തീരുന്നത് നബി ﷺ പഠിപ്പിച്ചിട്ടുണ്ട്.

عَنْ عَائِشَةَ ـ رضى الله عنها ـ زَوْجِ النَّبِيِّ صلى الله عليه وسلم أَنَّهَا سَمِعَتْ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ :‏ إِنَّ الْمَلاَئِكَةَ تَنْزِلُ فِي الْعَنَانِ ـ وَهْوَ السَّحَابُ ـ فَتَذْكُرُ الأَمْرَ قُضِيَ فِي السَّمَاءِ، فَتَسْتَرِقُ الشَّيَاطِينُ السَّمْعَ، فَتَسْمَعُهُ فَتُوحِيهِ إِلَى الْكُهَّانِ، فَيَكْذِبُونَ مَعَهَا مِائَةَ كَذْبَةٍ مِنْ عِنْدِ أَنْفُسِهِمْ

ആയിശ(റ) നിവേദനം: നബി ﷺപറഞ്ഞു: മലക്കുകള്‍ മേഘത്തിലായിക്കൊണ്ട് ഇറങ്ങും. അന്നേരം വാനലോകത്തു വെച്ച് തീരുമാനിച്ച കാര്യങ്ങളെക്കുറിച്ച് അവര്‍ സംസാരിച്ചുകൊണ്ടിരിക്കും. അപ്പോള്‍ പിശാചുക്കള്‍ അതു കട്ട് കേള്‍ക്കും. പ്രശ്നം വെക്കുന്നവര്‍ക്ക് ആ വാര്‍ത്ത രഹസ്യമായി ആ പിശാചുക്കള്‍ അറിയിച്ചുകൊടുക്കും. പ്രശ്നക്കാര്‍ (ജ്യോത്സ്യന്മാര്‍) ആ വാര്‍ത്തയോടൊപ്പം നൂറു കളളം സ്വന്തം കയ്യില്‍ നിന്ന് കൂട്ടിച്ചേര്‍ക്കും. (ബുഖാരി:3210)

ജ്യോതിഷം സിഹ്‌റിൽ പെട്ടതാണെന്ന്‌ നബി ﷺ അറിയിച്ചിട്ടുണ്ട്‌.

عَنِ ابْن ِعَبَّاسٍ قَال: َقَالَ رَسُولُ اللَّهِ صلى الله عليه وسلم: مَنِ اقْتَبَسَ عِلْمًا مِنَ النُّجُومِ اقْتَبَسَ شُعْبَةً مِنَ السِّحْرِ زَادَ مَا زَادَ»

ഇബ്നു അബ്ബാസ് (റ) വില്‍ നിവേദനം: നബി ﷺ പറഞ്ഞു:  ‘ആരെങ്കിലും ജ്യോതിഷത്തിൽ നിന്ന്‌ ഒരു വിജ്ഞാനം നേടിയെടുത്താൽ അവൻ സിഹ്‌റിന്റെ ഒരു ശാഖയാണ്‌ നേടിയിട്ടുള്ളത്‌. (ജ്യോതിഷത്തിൽ നിന്ന്‌) എത്രമാത്രം വർദ്ധിപ്പിക്കുന്നുവോ, അത്രമാത്രം (സിഹ്‌റിൽ നിന്ന്‌) അവൻ വർദ്ധിപ്പിച്ചിരിക്കുന്നു’.(അബൂദാവൂദ്: 3905, ഇബ്നു മാജ: 3726, ഇബ്നു അബീ ശൈബ: 8/602, ത്വബ്‌റാനി മുഅജമുൽ കബീ൪:11/135)

അതുകൊണ്ട് തന്നെ ഇത്തരം ആളുകളുടെ അടുത്തേക്ക് പോകാനുള്ള എല്ലാ സാധ്യതകളേയും ഇസ്ലാം കൊട്ടി അടച്ചിട്ടുണ്ട്. അത്തരക്കാരുടെ നമസ്കാരം അല്ലാഹു സ്വീകരിക്കില്ലെന്ന് നബി ﷺ അറിയിച്ചിട്ടുണ്ട്.ഇനി ജ്യോതിഷികള്‍ പറയുന്നത് അംഗീകരിക്കുന്നുവെങ്കില്‍ അവ൪ ഇസ്ലാമിൽ നിന്ന്‌ പുറത്തു പോയവരാണെന്ന്‌ നബി ﷺ  വിശദമാക്കിയിട്ടുണ്ട്‌.

عَن ْبَعْضِ أَزْوَاجِ النَّبِيِّ عَن ِالنَّبِيِّ صلى الله عليه وسلم قَالَ: مَنْ أَتَى عَرَّافًا فَسَأَلَهُ عَنْ شَيْءٍ، لَمْ تُقْبَلْ لَهُ صَلَاةٌ أَرْبَعِينَ لَيْلَةً

നബി ﷺ പറഞ്ഞു: ‘ആരെങ്കിലും ജ്യോത്സ്യനെ സമീപിക്കുകയും, അവനോട്‌ എന്തെങ്കിലും ചോദിക്കുകയും ചെയ്താൽ നാൽപ്പത്‌ രാത്രികളിലെ അവന്റെ നമസ്കാരം സ്വീകരിക്കപ്പെടുകയില്ല.’ (മുസ്ലിം : 2230)

عَنْ أَبِي هُرَيْرَةَ قَالَ: قَالَ رَسُولُ اللَّهِ صلى الله عليه وسلم: مَنْ أَتَى عَرَّافًا أَوْ كَاهِنًا فَصَدَّقَهُ فِيمَايَقُولُ فَقَدْ كَفَرَ بِمَا أُنْزِلَ عَلَى مُحَمَّدٍ (صلى الله عليه وسلم)

അബൂഹുറൈറയില്‍(റ) നിന്ന് നിവദനം. നബി ﷺ പറഞ്ഞു:  ‘ആരെങ്കിലും ജ്യോതിഷിയെയോ കണക്കുനോക്കുന്നവനെയോ സമീപിക്കുകയും, അവൻ പറയുന്നത്‌ സത്യപ്പെടുത്തുകയും ചെയ്താൽ മുഹമ്മദ്‌ നബി ﷺ യുടെ മേൽ അവതരിപ്പിക്കപ്പെട്ടതിൽ അവൻ അവിശ്വസിച്ചിരിക്കുന്നു.(ഹാകിം:1/8, ബയ്ഹഖി-അസ്സുനനുൽ കുബ്‌റ:8/135)

عَنْ أَبِي مُوسَى قَالَ :قَالَ رَسُولُ اللَّهِ صلى الله عليه وسلم:لَا يَدْخُلُ الجَنَّةَ مُدْمِنُ خَمْرٍ وَلَا مُؤْمِنٌ بِسِحْرٍ وَلَا قَاطِعُ رَحِمٍ

അബൂമൂസയില്‍(റ) നിന്ന് നിവദനം. നബി ﷺ പറഞ്ഞു: : ‘മൂന്ന്‌ വിഭാഗം ആളുകൾ സ്വർഗത്തിൽ പ്രവേശിക്കുകയില്ല. മദ്യത്തിന്‌ അടിമപ്പെട്ടവനും, സിഹ്‌റിൽ വിശ്വസിക്കുന്നവനും, കുടുംബബന്ധം വിച്ഛേദിക്കുന്നവനും’. (ഇബ്നു ഹിബ്ബാൻ:1381, സിൽസിലത്തുസ്സ്വഹീഹ:678)

സിഹ്‌റിൽ വിശ്വസിക്കുന്നവൻ എന്നത്‌ കൊണ്ട്‌ ഇവിടെയുള്ള ഉദ്ദേശ്യവും സിഹ്‌റിന്റെ അസ്തിത്വം അംഗീകരിക്കുന്നവൻ എന്നോ, അതിന്‌ സ്വാധീനമുണ്ടെന്ന്‌ അംഗീകരിക്കുന്നവൻ എന്നോ അല്ല. മറിച്ച്‌, സിഹ്‌റിലൂടെയും സിഹ്‌റിന്റെ ഇനങ്ങളായ ജ്യോതിഷം, കണക്കുനോക്കൽ പോലെയുള്ളവയിലൂടെയും അറിയിക്കപ്പെടുന്ന വിവരങ്ങൾ വിശ്വസിക്കുകയും സത്യപ്പെടുത്തുകയും ചെയ്യുന്നവൻ എന്നാണ്‌ (അത്തംഹീദു ലിശർഹി കിതാബിത്തൗഹീദ്‌ : സ്വാലിഹ്‌ ആലു ശൈഖ്‌ : 347-348.)

عَنْ عِمْرَان بْنِ حُصَيْنٍ (رضي الله عنه) قَالَ: قَال َرَسُولُ اللهِ صلى الله عليه وسلم : لَيْسَ مِنَّا مَن ْتَطَيَّرَ، أَوْ تُطِيَّرَلَهُ أَوْ تَكَهَّنَ، أَوْ تُكِهِّنَ لَهُ أَوْ سَحَرَ، أَوْ سُحِرَ لَهُ

ഇംറാൻ ഇബ്നു ഹുസൈൻ(റ) നിവേദനം: നബി ﷺ  പറഞ്ഞു: ‘ശകുനം നോക്കുന്നവനും, ശകുനം നോക്കിപ്പിക്കുന്നവനും, ഭാവി പ്രവചിക്കുന്നവനും, (തനിക്ക്‌ വേണ്ടി) ഭാവി പ്രവചിപ്പിക്കുന്നവനും, സിഹ്റ് ചെയ്യുന്നവനും തനിക്ക്‌ വേണ്ടി സിഹ്റ് ചെയ്യിപ്പിക്കുന്നവനും നമ്മിൽ പെട്ടവനല്ല’.(മുഅ‍ജമുൽ കബീർ:1/73, സിൽസിലത്തുസ്സ്വഹീഹ:2195)

സിഹ്റിന് യാഥാ൪ത്ഥ്യമുണ്ടെന്നും അത് ഭൗതികമായ സ്വാധീനം ഉണ്ടാക്കുമെന്നും അഹ്’ലുസ്സുന്നത്തി വല്‍ ജമാഅത്ത് വിശ്വസിക്കുന്നു.

മുഹമ്മദ് അമാനി മൗലവി(റഹി) പറയുന്നു:’വസ്തുക്കളുടെ പ്രകൃതിയില്‍ മാറ്റം വരുത്തുകയോ, പുതിയ വസ്തുക്കള്‍ക്ക് യാഥാര്‍ത്ഥ്യം നല്‍കുകയോ സിഹ്ര്‍ കൊണ്ടു സാദ്ധ്യമല്ല. എങ്കിലും മനുഷ്യന്റെ മനസ്സിലും, കാഴ്ച്ച, കേള്‍വി മുതലായവയിലും വഞ്ചനാപരമായ മാറ്റമുണ്ടാക്കി ഉപദ്രവം ചെയ്യുവാന്‍ സിഹ്ര്‍ കാരണമാണെന്നത്രെ ഈ ഉദ്ധരണിയുടെ ചുരുക്കം . ജനങ്ങള്‍ക്കിടയില്‍ പിണക്കും വഴക്കും ഉണ്ടാക്കുക , ചില മനുഷ്യ പിശാചുക്കളില്‍ ദിവ്യത്വവും അസാധാരണമായ കഴിവും ഉള്ളതായി തെറ്റിദ്ധരിപ്പിക്കുക മുതലായ പല നാശങ്ങളും അത് കൊണ്ടുണ്ടായിത്തീരുന്നു.(അമാനി തഫ്സീ൪ : സൂറത്തുല്‍ ഫലഖിന്റെ വിശദീകരണം)

വസ്തുക്കളുടെ പ്രകൃതിയില്‍ മാറ്റം വരുത്തുന്നതോ, പുതിയ ഏതെങ്കിലും യാഥാര്‍ത്ഥ്യം സൃഷ്ടിക്കുന്നതോ അല്ല സിഹ്ര്‍. പക്ഷേ, മനുഷ്യന്റെ ഇന്ദ്രിയ ശക്തികളെ സിഹ്റിന്റെ കര്‍ത്താവ് ഉദ്ദേശിക്കുന്ന പ്രകാരത്തില്‍ അത് കബളിപ്പിച്ചേക്കും . ഇതാണ് മൂസാ (അ) നബിയുടെ കഥയില്‍ ഖുര്‍ആന്‍ വിവരിച്ച സിഹ്ര്‍. സിഹ്റുകാരുടെ കയറുകളും വടികളും അവരുടെ സിഹ്ര്‍ നിമിത്തം ഓടുന്നതായി അദ്ദേഹത്തിന് തോന്നിക്കപ്പെട്ടിരുന്നുവെന്നും, അതിനാല്‍ അദ്ദേഹത്തിന് മനസ്സില്‍ ഭയം തോന്നിയിരുന്നുവെന്നും, ‘ഭയപ്പെടേണ്ടതില്ല, താന്‍ തന്നെയാണ് ഉന്നതന്‍’ എന്നു അല്ലാഹു പറഞ്ഞുവെന്നും സൂറത്തു ത്വാഹായില്‍ അല്ലാഹു പ്രസ്താവിച്ചിട്ടുണ്ടല്ലോ. അപ്പോള്‍, അവരുടെ കയറും വടിയുമൊന്നും സര്‍പ്പമായി മാറിയിട്ടില്ല, മൂസാ (അ) നബിക്കും ജനങ്ങള്‍ക്കും അങ്ങനെ തോന്നുകയാണുണ്ടായത് എന്നു വ്യക്തമാണ്. അദ്ദേഹത്തിന്റെ മനസ്സിന് അല്ലാഹു സ്ഥൈര്യം നല്‍കിയതോടുകൂടി ഭയം നീങ്ങി . പിന്നീട് യഥാര്‍ത്ഥം തുറന്നുകാണുകയും ചെയ്തു. ഇതാണ് സിഹ്റിന്റെ സ്വഭാവ പ്രകൃതി. ഇതനുസരിച്ച് സിഹ്ര്‍ മനുഷ്യരില്‍ ചില മാറ്റമുണ്ടാക്കുകയും, സിഹ്റുകാരന്റെ ഹിതപ്രകാരമുള്ള ചില മാറ്റങ്ങള്‍ മനുഷ്യന്റെ ഇന്ദ്രിയ ശക്തികളില്‍ അവന്‍ ഉളവാക്കുകയും ചെയ്യുന്നു. അല്ലാഹുവിനോട് ശരണം തേടേണ്ടുന്ന കെടുതല്‍ തന്നെയാണിത്.

സിഹ്റിനെ നിഷേധിക്കുന്നവ൪ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. ഏതെങ്കിലും ഒരു സാഹി൪ എവിടെയോ ഇരുന്നുകൊണ്ട് സിഹ്റിന്റെ പണി ചെയ്യുമ്പോള്‍ അതെങ്ങനെയാണ് മറ്റൊരാള്‍ക്ക് ബാധിക്കുന്നതെന്ന് ഇക്കൂട്ട൪ ചോദിക്കുന്നു. സിഹ്റിന് അല്ലാഹു നിശ്ചയിച്ച കാര്യകാരണബന്ധം ഉണ്ടെന്നാണ് അവരോട് പറയാനുള്ളത്. ആ കാര്യകാരണ ബന്ധം രഹസ്യവും നിഗൂഢവുമായിരിക്കും. അതിനെ കുറിച്ച് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നത് അല്ലാഹു നിഷിദ്ധമാക്കി. അപ്രകാരം ചെയ്താല്‍ കാഫിറായി പോകുമെന്ന് നാം മനസ്സിലാക്കി.

സിഹ്റിന് യാഥാ൪ത്ഥ്യമുണ്ടെന്ന് പറയുന്നത്, വിശുദ്ധ ഖു൪ആന്‍ :7/195 ആയത്തിന് എതിരാണെന്നാണ് സിഹ്റിനെ നിഷേധിക്കുന്ന ആളുകളുടെ മറ്റൊരു വാദം.

ۗ ﻗُﻞِ ٱﺩْﻋُﻮا۟ ﺷُﺮَﻛَﺎٓءَﻛُﻢْ ﺛُﻢَّ ﻛِﻴﺪُﻭﻥِ ﻓَﻼَ ﺗُﻨﻈِﺮُﻭﻥِ…..

(നബിയേ,) പറയുക: നിങ്ങള്‍ നിങ്ങളുടെ പങ്കാളികളെ വിളിച്ചിട്ട് എനിക്കെതിരായി തന്ത്രങ്ങള്‍ പ്രയോഗിച്ച് കൊള്ളുക. എനിക്ക് നിങ്ങള്‍ ഇടതരേണ്ടതില്ല.(ഖു൪ആന്‍ :7/195)

ഇതില്‍ പറയുന്ന شُرَكَاءَكُمْ (പങ്കാളികളില്‍) എന്നതില്‍ ജിന്നുകളും ബിംബങ്ങളുമെല്ലാം ഉള്‍പ്പെടും. അപ്പോള്‍ ജിന്നുകള്‍ക്ക് നബി ﷺ യെ യാതൊരു ഉപദ്രവും ഏല്‍പ്പിക്കാന്‍ സാധിക്കില്ലെന്ന് അല്ലാഹു പറയുമ്പോള്‍ സിഹ്റിന്റെ കാരണക്കാരനായ പിശാച് (ജിന്നില്‍ പെട്ടവന്‍) പിന്നെങ്ങനെയാണ് നബി ﷺ ക്ക്  ഉപദ്രവം (സിഹ്ര്‍) ഏല്‍പ്പിക്കുന്നതെന്നാണ് ഇക്കൂട്ട൪ ചോദിക്കുന്നത്.

സിഹ്‌റിന്റെ പിന്നിൽ ബഹുഭൂരിപക്ഷം സന്ദർഭങ്ങളിലും പിശാചിന്റെ സഹായമാണ്‌ ഉള്ളത്‌. സാഹിറന്‍മാ൪ പിശാചുമായിട്ടാണ് ബന്ധപ്പെടുന്നത്. അവരുടെ ബന്ധത്തെ കുറിച്ച നബി ﷺ  നമുക്ക് പഠിപ്പിച്ച് തന്നിട്ടുണ്ട്.

عَنْ عَائِشَةَ ـ رضى الله عنها ـ زَوْجِ النَّبِيِّ صلى الله عليه وسلم أَنَّهَا سَمِعَتْ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ :‏ إِنَّ الْمَلاَئِكَةَ تَنْزِلُ فِي الْعَنَانِ ـ وَهْوَ السَّحَابُ ـ فَتَذْكُرُ الأَمْرَ قُضِيَ فِي السَّمَاءِ، فَتَسْتَرِقُ الشَّيَاطِينُ السَّمْعَ، فَتَسْمَعُهُ فَتُوحِيهِ إِلَى الْكُهَّانِ، فَيَكْذِبُونَ مَعَهَا مِائَةَ كَذْبَةٍ مِنْ عِنْدِ أَنْفُسِهِمْ

ആയിശ(റ) നിവേദനം: നബി ﷺ പറഞ്ഞു: മലക്കുകള്‍ മേഘത്തിലായിക്കൊണ്ട് ഇറങ്ങും. അന്നേരം വാനലോകത്തുവെച്ച് തീരുമാനിച്ച കാര്യങ്ങളെക്കുറിച്ച് അവര്‍ സംസാരിച്ചുകൊണ്ടിരിക്കും. അപ്പോള്‍ പിശാചുക്കള്‍ അതു കട്ട് കേള്‍ക്കും. പ്രശ്നം വെക്കുന്നവര്‍ക്ക് ആ വാര്‍ത്ത രഹസ്യമായി ആ പിശാചുക്കള്‍ അറിയിച്ചുകൊടുക്കും. പ്രശ്നക്കാര്‍ (ജ്യോത്സ്യന്മാര്‍) ആ വാര്‍ത്തയോടൊപ്പം നൂറു കളളം സ്വന്തം കയ്യില്‍ നിന്ന് കൂട്ടിച്ചേര്‍ക്കും. (ബുഖാരി:3210)

സിഹ്‌റില്‍ സാഹിറിനെ ശൈത്വാന്‍ സഹായിക്കുന്നത് കാര്യകാരണ ബന്ധത്തിന് അതീതമായ രീതിയിലല്ലെന്നും കാര്യകാരണ ബന്ധത്തിന് അകത്തുള്ള രീതിയിലാണെന്നും ഇതില്‍ നിന്നും വ്യക്തമാണ്.

വിശുദ്ധ ഖു൪ആന്‍ :7/195 ആയത്തില്‍, നിങ്ങളും നിങ്ങളുടെ ദൈവങ്ങളും കൂടി ഒത്തൊരുമിച്ചുകൊണ്ട് എനിക്കെതിരായി എന്ത് തന്ത്രങ്ങള്‍ തന്നെ പ്രയോഗിച്ചാലും ഞാനതിന് ഒരു വിലയും നിലയും കല്പിക്കുന്നില്ലെന്ന് പ്രഖ്യാപിക്കാനാണ് അല്ലാഹു നബി ﷺ യോട് ആവശ്യപ്പെടുന്നത്. കാരണം അവ൪ക്കാ൪ക്കം ഒരു ഉപദ്രവവും വരുത്താന്‍ സാധിക്കുകയില്ല. കാര്യകാരണ ബന്ധങ്ങള്‍ക്ക്‌ അപ്പുറത്തുള്ള കാര്യങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്. അത് അല്ലാഹുവിനു മാത്രമാണ് ചെയ്യാന്‍ കഴിയുന്നത്. ഇവിടെ പറഞ്ഞ ഉപദ്രവം ജിന്നുകള്‍ക്കും മലക്കുകള്‍ക്കും മനുഷ്യര്‍ക്കും ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന് സാരം.

സിഹ്റിന് യാഥാ൪ത്ഥ്യമുണ്ടെന്നതിനു അത് ഭൗതികമായ സ്വാധീനം ഉണ്ടാക്കുമെന്നതിനും വിശുദ്ധ ഖു൪ആനില്‍ നിന്നും ഹദീസുകളില്‍ നിന്നും ചില തെളിവുകള്‍ കാണുക.

1)ഖു൪ആന്‍ : 2/102 അല്ലാഹു പറയുന്നു.

ﻭَٱﺗَّﺒَﻌُﻮا۟ ﻣَﺎ ﺗَﺘْﻠُﻮا۟ ٱﻟﺸَّﻴَٰﻄِﻴﻦُ ﻋَﻠَﻰٰ ﻣُﻠْﻚِ ﺳُﻠَﻴْﻤَٰﻦَ ۖ ﻭَﻣَﺎ ﻛَﻔَﺮَ ﺳُﻠَﻴْﻤَٰﻦُ ﻭَﻟَٰﻜِﻦَّ ٱﻟﺸَّﻴَٰﻄِﻴﻦَ ﻛَﻔَﺮُﻭا۟ ﻳُﻌَﻠِّﻤُﻮﻥَ ٱﻟﻨَّﺎﺱَ ٱﻟﺴِّﺤْﺮَ ﻭَﻣَﺎٓ ﺃُﻧﺰِﻝَ ﻋَﻠَﻰ ٱﻟْﻤَﻠَﻜَﻴْﻦِ ﺑِﺒَﺎﺑِﻞَ ﻫَٰﺮُﻭﺕَ ﻭَﻣَٰﺮُﻭﺕَ ۚ ﻭَﻣَﺎ ﻳُﻌَﻠِّﻤَﺎﻥِ ﻣِﻦْ ﺃَﺣَﺪٍ ﺣَﺘَّﻰٰ ﻳَﻘُﻮﻻَٓ ﺇِﻧَّﻤَﺎ ﻧَﺤْﻦُ ﻓِﺘْﻨَﺔٌ ﻓَﻼَ ﺗَﻜْﻔُﺮْ ۖ ﻓَﻴَﺘَﻌَﻠَّﻤُﻮﻥَ ﻣِﻨْﻬُﻤَﺎ ﻣَﺎ ﻳُﻔَﺮِّﻗُﻮﻥَ ﺑِﻪِۦ ﺑَﻴْﻦَ ٱﻟْﻤَﺮْءِ ﻭَﺯَﻭْﺟِﻪِۦ ۚ ﻭَﻣَﺎ ﻫُﻢ ﺑِﻀَﺎٓﺭِّﻳﻦَ ﺑِﻪِۦ ﻣِﻦْ ﺃَﺣَﺪٍ ﺇِﻻَّ ﺑِﺈِﺫْﻥِ ٱﻟﻠَّﻪِ ۚ ﻭَﻳَﺘَﻌَﻠَّﻤُﻮﻥَ ﻣَﺎ ﻳَﻀُﺮُّﻫُﻢْ ﻭَﻻَ ﻳَﻨﻔَﻌُﻬُﻢْ ۚ ﻭَﻟَﻘَﺪْ ﻋَﻠِﻤُﻮا۟ ﻟَﻤَﻦِ ٱﺷْﺘَﺮَﻯٰﻩُ ﻣَﺎ ﻟَﻪُۥ ﻓِﻰ ٱﻻْءَﺧِﺮَﺓِ ﻣِﻦْ ﺧَﻠَٰﻖٍ ۚ ﻭَﻟَﺒِﺌْﺲَ ﻣَﺎ ﺷَﺮَﻭْا۟ ﺑِﻪِۦٓ ﺃَﻧﻔُﺴَﻬُﻢْ ۚ ﻟَﻮْ ﻛَﺎﻧُﻮا۟ ﻳَﻌْﻠَﻤُﻮﻥَ

സുലൈമാന്‍ നബിയുടെ രാജവാഴ്ചയുടെ (രഹസ്യമെന്ന) പേരില്‍ പിശാചുക്കള്‍ പറഞ്ഞുപരത്തിക്കൊണ്ടിരുന്നത് അവര്‍ (ഇസ്രായീല്യര്‍) പിന്‍പറ്റുകയും ചെയ്തു. സുലൈമാന്‍ നബി ദൈവനിഷേധം കാണിച്ചിട്ടില്ല. എന്നാല്‍ ജനങ്ങള്‍ക്ക് സിഹ്റ് പഠിപ്പിച്ചുകൊടുത്ത് കൊണ്ട് പിശാചുക്കളാണ് ദൈവ നിഷേധത്തില്‍ ഏര്‍പെട്ടത്‌. ബാബിലോണില്‍ ഹാറൂത്തെന്നും മാറൂത്തെന്നും പേരുള്ള രണ്ടു മാലാഖമാര്‍ക്ക് ലഭിച്ചതിനെയും (പറ്റി പിശാചുക്കള്‍ പറഞ്ഞുണ്ടാക്കിക്കൊണ്ടിരുന്നത് അവര്‍ പിന്തുടര്‍ന്നു). എന്നാല്‍ ഹാറൂത്തും മാറൂത്തും ഏതൊരാള്‍ക്ക് പഠിപ്പിക്കുമ്പോഴും, ഞങ്ങളുടേത് ഒരു പരീക്ഷണം മാത്രമാകുന്നു; അതിനാല്‍ (ഇത് ഉപയോഗിച്ച്‌) ദൈവനിഷേധത്തില്‍ ഏര്‍പ്പെടരുത് എന്ന് അവര്‍ പറഞ്ഞുകൊടുക്കാതിരുന്നില്ല. അങ്ങനെ അവരില്‍ നിന്ന് ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കു-വാനുള്ള തന്ത്രങ്ങള്‍ ജനങ്ങള്‍ പഠിച്ച് കൊണ്ടിരുന്നു. എന്നാല്‍ അല്ലാഹുവിന്റെ അനുമതി കൂടാതെ അതുകൊണ്ട് യാതൊരാള്‍ക്കും ഒരു ദ്രോഹവും ചെയ്യാന്‍ അവര്‍ക്ക് കഴിയില്ല. അവര്‍ക്ക് തന്നെ ഉപദ്രവമുണ്ടാക്കുന്നതും ഒരു പ്രയോജനവും ചെയ്യാത്തതുമായ കാര്യമാണ് അവര്‍ പഠിച്ചു കൊണ്ടിരുന്നത്‌. അത് (ആ വിദ്യ) ആര്‍ വാങ്ങി (കൈവശപ്പെടുത്തി) യോ അവര്‍ക്ക് പരലോകത്ത് യാതൊരു വിഹിതവുമുണ്ടാവില്ലെന്ന് അവര്‍ ഗ്രഹിച്ചുകഴിഞ്ഞിട്ടുണ്ട്‌. അവരുടെ ആത്മാവുകളെ വിറ്റ് അവര്‍ വാങ്ങിയ വില വളരെ ചീത്ത തന്നെ. അവര്‍ക്ക് വിവരമുണ്ടായിരുന്നെങ്കില്‍. (ഖു൪ആന്‍ : 2/102)

ഈ ആയത്തിന്റെ വിശദീകരണത്തില്‍ മുഹമ്മദ് അമാനി മൗലവി (റഹി) രേഖപ്പെടുത്തിയുള്ളതിന്റെ ഒരു സംക്ഷിപ്ത രൂപം തഴെ ചേ൪ക്കുന്നു.അത് ഈ ആയത്ത് മനസ്സിലാക്കുന്നതിന് സഹായകരമാണ്.

സിഹ്ര്‍ അഥവാ ക്ഷുദ്രകല അഭ്യസിക്കലും, പ്രവര്‍ത്തിക്കലും, പ്രചരിപ്പിക്കലും, അതിന് മതത്തിന്റെ പരിവേഷം നല്‍കലും ഇസ്‌റാഈല്യരുടെ പതിവായിരുന്നു. പല കൃതികളും ഈ വിഷയത്തില്‍ അവര്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്നു. അങ്ങിനെയുള്ള കൃതികളെല്ലാം ശേഖരിച്ചു സുലൈമാന്‍ നബി (അ) ഭൂമിക്കടിയില്‍ കുഴിച്ചിട്ടുവെന്നും, അദ്ദേഹത്തിന്റെ മരണത്തിന്‌ ശേഷം പിശാചുക്കള്‍ അവയെപ്പറ്റി മനുഷ്യര്‍ക്ക് അറിവ് കൊടുത്തുവെന്നും, ജനങ്ങള്‍ അവ കണ്ടെടുത്തു അവ ഉപയോഗപ്പെടുത്തി വന്നുവെന്നും പ്രസ്താവിക്കപ്പെട്ടു കാണുന്നു. ഏതായാലും സുലൈമാന്‍ നബിയുടെ (അ) രാജവാഴ്ച നടന്ന കാലത്ത് ജിന്നുകള്‍, പറവകള്‍ മുതലായവയെ കീഴ്‌പ്പെടുത്തുക തുടങ്ങി മറ്റാര്‍ക്കും സിദ്ധിക്കാത്ത പല കഴിവുകളും അദ്ദേഹത്തിന് സിദ്ധിച്ചിരുന്നുവല്ലോ. ഇതൊക്കെ സിഹ്ര്‍ മൂലമാണെന്ന് അവര്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ചു. അങ്ങനെ സിഹ്‌റിന് പ്രചുര പ്രചാരണം സിദ്ധിച്ചു. ഇതിനെപ്പറ്റിയാണ് ഈ വചനത്തില്‍ പരമാര്‍ശിക്കുന്നത്. സിഹ്‌റിന്റെ പാരമ്പര്യം നിലനിറുത്തിപ്പോന്ന യഹൂദികള്‍ സുലൈമാന്‍ (അ)നെ ആഭിചാര വിദഗ്ധനായ ഒരു രാജാവായി ഗണിച്ചു വരുന്നു. അതിനൊരു ഖണ്ഡനം കൂടിയാണ് ഈ വചനം. സുലൈമാന്‍ നബിയുടെ രാജവാഴ്ചയുടെ (രഹസ്യമെന്ന) പേരില്‍ പിശാചുക്കള്‍ പറഞ്ഞു പരത്തിക്കൊണ്ടിരുന്നത് അവര്‍ (ഇസ്രായീല്യര്‍) പിന്‍പറ്റുകയാണ് ചെയ്തിട്ടുള്ളത്.ഇവിടെ സുലൈമാന്‍ നബി ദൈവനിഷേധം കാണിച്ചിട്ടില്ല. എന്നാല്‍ ജനങ്ങള്‍ക്ക് സിഹ്റ് പഠിപ്പിച്ചുകൊടുത്ത് കൊണ്ട് പിശാചുക്കളാണ് ദൈവ നിഷേധത്തില്‍ ഏര്‍പ്പെട്ടത്‌.

ബാബിലോണില്‍ ഹാറൂത്തെന്നും മാറൂത്തെന്നും പേരുള്ള രണ്ടു മാലാഖമാര്‍ ഒരു പരീക്ഷണമെന്ന നിലയില്‍ ജനങ്ങള്‍ക്ക് ചിലതെല്ലാം പഠിപ്പിച്ചു കൊടുത്തിരുന്നു. അത് പഠിപ്പിച്ചു കൊടുക്കുമ്പോഴെല്ലാം അവ൪ പ്രത്യേകം ജനങ്ങളോട് ഇപ്രകാരം പറഞ്ഞിരുന്നു. ‘ഇത് പഠിച്ചു പ്രയോഗിക്കുവാനുള്ളതല്ല. അങ്ങിനെ ചെയ്താല്‍ നീ അവിശ്വാസിയായിത്തീരും.അത് സൂക്ഷിക്കണം. നല്ലവരെയും ദുഷിച്ചവരെയും വേര്‍തിരിക്കുവാനുള്ള ഒരു പരീക്ഷണമായി നിയോഗിക്കപ്പെട്ടവര്‍ മാത്രമാണ് ഞങ്ങള്‍. അത്‌കൊണ്ട് നീ വഞ്ചിതനാകരുത് ‘.ഭാര്യാഭര്‍ത്താക്കള്‍ക്കിടയില്‍ ഭിന്നിപ്പും ഛിദ്രവുമുണ്ടാക്കുന്ന ചില കാര്യങ്ങളെ കുറിച്ചാണ് ഒരു പരീക്ഷണമെന്ന നിലയില്‍ അവ൪ ജനങ്ങള്‍ക്ക് പഠിപ്പിച്ചു കൊടുത്തിരുന്നത്.ഇത് സിഹ്‌റിന്റെ ഇനത്തില്‍ പെട്ടതും വിരോധിക്കപ്പെട്ടതുമാണ്. അങ്ങനെ അവരില്‍ നിന്ന് ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടാ-ക്കുവാനുള്ള തന്ത്രങ്ങള്‍ ജനങ്ങള്‍ പഠിച്ച് കൊണ്ടിരുന്നു. അവര്‍ക്ക് തന്നെ ഉപദ്രവമുണ്ടാക്കുന്നതും ഒരു പ്രയോജനവും ചെയ്യാത്തതുമായ കാര്യമാണ് അവര്‍ പഠിച്ചു കൊണ്ടിരുന്നത്‌.ഇവിടെ ഹാറൂത്തിനും മാറൂത്തിനും ലഭിച്ചതിനെ പറ്റി പിശാചുക്കള്‍ പറഞ്ഞുണ്ടാക്കിക്കൊണ്ടിരുന്നത് ഇസ്രാഈല്യ൪ പിന്തുടര്‍ന്നു.

അല്ലാഹുവിന്റെ അനുമതി കൂടാതെ അതുകൊണ്ട് യാതൊരാള്‍ക്കും ഒരു ദ്രോഹവും ചെയ്യാന്‍ അവര്‍ക്ക് കഴിയില്ല.ഇന്ന കാര്യം പ്രവര്‍ത്തിച്ചാല്‍ ഇന്ന ഫലമുണ്ടാകുമെന്ന് അല്ലാഹു നിശ്ചയിച്ചുവെച്ചിട്ടുണ്ട്. ഫലങ്ങളാകട്ടെ, നല്ലതും ചീത്തയുമാവാം. ഉപകാരവും ഉപദ്രവവുമാകാം. അതുകൊണ്ടാണ് ചീത്തയും ഉപദ്രവകരവുമായ കാര്യങ്ങള്‍ ചെയ്യരുതെന്ന് അവന്‍ വിരോധിക്കുന്നതും. ഉദാഹരണമായി, വാളെടുത്തു മനുഷ്യന്റെ കഴുത്തിന് വെട്ടിയാല്‍ മരണത്തിന് ഇടയാകാമെന്നുള്ളത് അല്ലാഹുവിന്റെ നിശ്ചയങ്ങളില്‍ ഒന്നാണ്. അതുകൊണ്ടാണ് അത് വിരോധിക്കപ്പെട്ടിരിക്കുന്നതും. അതേ സമയത്ത് അല്ലാഹുവിന്റെ ഉദ്ദേശ്യവും ഉത്തരവും കൂടാതെ ഒരു കാര്യവും സംഭവിക്കുന്നതുമല്ല.ഓരോന്നിനും കാരണങ്ങള്‍ നിശ്ചയിച്ചതും, ആ കാരണങ്ങള്‍ ഉണ്ടാകുമ്പോള്‍ അതത് കാര്യങ്ങള്‍ സംഭവിക്കുന്നതും അവന്റെ ഉദ്ദേശ്യവും ഉത്തരവും അനുസരിച്ചു തന്നെ.മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ സിഹ്‌റിനെ ഒരു ഉപദ്രവകാരണമാക്കി അല്ലാഹു നിശ്ചയിച്ചതു കൊണ്ടാണ് ഭാര്യാഭര്‍ത്താക്കള്‍ക്കിടയില്‍ അതുമൂലം ഭിന്നിപ്പുണ്ടാകുന്നത്.അല്ലാതെ അല്ലാഹുവിന്റെ ഉദ്ദേശ്യവും ഉത്തരവും കൂടാതെ, സിഹ്‌റിന്റെയോ സിഹ്ര്‍ ചെയ്യുന്നവന്റെയോ സ്വന്തം കഴിവ് കൊണ്ടല്ല, അത് സംഭവിക്കുന്നതെന്ന് എന്ന് സാരം.

ഭാര്യാഭര്‍ത്താക്കള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നതിന് വേണ്ടി ചില ദുഷ്പ്രവര്‍ത്തികളൊക്കെയുണ്ട്. അവ അവിശ്വാസത്തില്‍ പെട്ടതാണ്, പക്ഷേ, അവമൂലം ഉപദ്രവകരങ്ങളായ അനുഭവങ്ങള്‍ വല്ലതും ഉണ്ടായേക്കാം.എന്നാലത് തല്‍കര്‍ത്താക്കള്‍ക്ക് അദൃശ്യമോ അമാനുഷികമോ ആയ വല്ല കഴിവുകളും ഉള്ളതുകൊണ്ടോന്നുമല്ല. അല്ലാഹു നിശ്ചയിച്ചതും മനുഷ്യര്‍ക്ക് കണ്ടുപിടിക്കുവാന്‍ സാധിക്കാത്തതുമായ ചില രഹസ്യങ്ങള്‍ നിലവിലുണ്ട്. അതുകൊണ്ട് അത്തരം വിഷയങ്ങള്‍ കണ്ട് മനുഷ്യര്‍ വഞ്ചിതരാവരുത് എന്നൊക്കെ ഉണര്‍ത്തുകയാണ് ഈവാക്യം കൊണ്ട് ഉദ്ദേശ്യം.

അവര്‍ക്ക് ഉപദ്രവം വരുത്തുന്നതും അവര്‍ക്ക് ഉപകാരംവരുത്താത്തതുമായ കാര്യമാണ് അവര്‍ പഠിക്കുന്നത്. സിഹ്ര്‍ മൂലം യാതൊരു ഗുണവും ലഭിക്കുവാനില്ലെന്ന് മാത്രമല്ല, അത് ദോഷം വരുത്തുകയും ചെയ്യുന്നു. ഇനി, ഇഹത്തില്‍വെച്ച് താല്‍ക്കാലികമായ വല്ല നിസ്സാര നേട്ടങ്ങളും അതുവഴി ലഭിച്ചാല്‍ തന്നെയും അവരുടെ പരലോകഗുണം നഷ്ടപ്പെടലാണ് അതുകൊണ്ടുണ്ടാകുന്നത്. അതെ, ഇത്രയും വിനാശകരമായ സിഹ്‌റിന്റെ പ്രവര്‍ത്തനം പിന്‍പറ്റി പരലോകഗുണം പാടെ നഷ്ടപ്പെടുത്തുന്നതിന് പകരം, അവര്‍ സത്യവിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുകയും, അല്ലാഹുവിന്റെ വിധിവിലക്കുകള്‍ സൂക്ഷിച്ചുപോരുകയും ചെയ്തിരുന്നുവെങ്കില്‍ അവര്‍ക്ക് അല്ലാഹുവിങ്കല്‍ ലഭിക്കുവാനിരിക്കുന്ന പുണ്യഫലം എത്രമാത്രം ഉത്തമമാകുമായിരുന്നു.

ബാബിലോണില്‍ വെച്ച് ഇസ്‌റാഈല്യര്‍ക്കിടയില്‍ സിഹ്‌റിന് പ്രചാരം സിദ്ധിച്ചതും, സിഹ്‌റിന്റെ പ്രവര്‍ത്തനങ്ങളില്‍ അവര്‍ മുഴകിയിരുന്നതും വേദക്കാര്‍ക്കിടയില്‍ പരക്കെ അറിയപ്പെടുന്ന വിഷയമാണ്. ബൈബിളില്‍ നിന്ന് തന്നെ ഈ വാസ്തവം സ്പഷ്ടമാണ്. അതുകൊണ്ടാണ് ഈ വിഷയത്തെപ്പറ്റി അല്ലാഹു വിശദമായി വിവരിക്കാതെ വിഷയം ചൂണ്ടിക്കാട്ടുക മാത്രം ചെയ്തിരിക്കുന്നത്. ഇസ്‌റാഈല്യര്‍ സത്യമാര്‍ഗം വിട്ടു വ്യതിചലിച്ചുപോയ കാരണങ്ങള്‍ എടുത്തുപറയുന്ന കൂട്ടത്തില്‍ അതും എടുത്തു പറയുക മാത്രമാണിവിടെ അല്ലാഹു ചെയ്തിരിക്കുന്നത്. ഖുര്‍ആന്‍ അവതരിച്ച കാലത്തുള്ള യഹൂദികള്‍ക്ക് ക്വുര്‍ആന്റെ ഈ ആരോപണത്തെ എതിര്‍ക്കുവാനോ വിമര്‍ശിക്കുവാനോ കഴിയാതെ അവര്‍ മൗനമവലംബിച്ചതും അതുകൊണ്ടായിരുന്നു.(മുഹമ്മദ് അമാനി മൗലവിയുടെ വിവരണം ഇവിടെ അവസാനിച്ചു)

ഈ ആയത്ത് സിഹ്റിന് യാഥാ൪ത്ഥ്യമുണ്ടെന്നതിന് വ്യക്തമായ തെളിവാണ്. ഈ ആയത്തില്‍ താഴെ പറയുന്ന കാര്യങ്ങള്‍ വ്യക്തമാണ്.

സിഹ്റ് പഠിക്കാനും പഠിപ്പിക്കാനും കഴിയുന്ന ഒന്നാണെന്നും അത് പഠിപ്പിക്കുന്നവന്‍ കാഫിറാണെന്നും അല്ലാഹു പറയുന്നു.യാഥാ൪ത്ഥ്യമില്ലാത്ത ഒന്നിനെ കുറിച്ച് അത് പഠിക്കാനും പഠിപ്പിക്കാനും കഴിയുന്നതാണെന്ന് അല്ലാഹു പറയുകയില്ല.
സിഹ്റ് മുഖേനെ ഭാര്യാ ഭ൪ത്താക്കന്‍മാ൪ക്കിടയില്‍ വേ൪പെടുത്താന്‍ സാധിക്കുന്ന സ്വാധീനമുണ്ടെന്ന് വ്യക്തമാക്കന്നു.
അല്ലാഹുവിന്റെ അനുമതി അനുസരിച്ചല്ലാതെ യാഥാ൪ത്ഥ്യമാകാത്ത ഒരു ദ്രോഹമാണ് സിഹ്റ് എന്നറിയിക്കുന്നു.അതായത് അല്ലാഹുവിന്റെ അനുമതി ഉണ്ടെങ്കില്‍ സിഹ്റ് ചെയ്യുന്നതു മുഖേനെയുള്ള സ്വാധീനങ്ങള്‍ യാഥാ൪ത്ഥ്യമാകുമെന്ന് വ്യക്തമാകുന്നു. യാഥാ൪ത്ഥ്യമില്ലാത്ത ഒന്നിനെ കുറിച്ച് തന്റെ അനുമതി ഇല്ലാതെ അത് ദ്രോഹം വരുത്തുകയില്ല എന്ന് അല്ലാഹു പറയുകയില്ല.

2) സൂറത്തുല്‍ ഫലഖ്

അല്ലാഹു പറയുന്നു.

[ﻗُﻞْ ﺃَﻋُﻮﺫُ ﺑِﺮَﺏِّ ٱﻟْﻔَﻠَﻖِ ﻭَﻣِﻦ ﺷَﺮِّ ﻏَﺎﺳِﻖٍ ﺇِﺫَا ﻭَﻗَﺐَ ﻭَﻣِﻦ ﺷَﺮِّ ٱﻟﻨَّﻔَّٰﺜَٰﺖِ ﻓِﻰ ٱﻟْﻌُﻘَﺪِ ﻭَﻣِﻦ ﺷَﺮِّ ﺣَﺎﺳِﺪٍ ﺇِﺫَا ﺣَﺴَﺪَ

പറയുക: പുലരിയുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു.അവന്‍ സൃഷ്ടിച്ചുട്ടുള്ളവയുടെ കെടുതിയില്‍ നിന്നും ഇരുളടയുമ്പോഴുള്ള രാത്രിയുടെ കെടുതിയില്‍നിന്നും, കെട്ടുകളില്‍ ഊതുന്ന സ്ത്രീകളുടെ കെടുതിയില്‍നിന്നും, അസൂയാലു അസൂയപ്പെടുമ്പോള്‍ അവന്റെ കെടുതിയില്‍നിന്നും.(ഖു൪ആന്‍:113/1-4)

ഈ സൂറത്തും സൂറത്തുന്നാസും അവതരിപ്പിച്ചതു തന്നെ നബിക്ക് ലബീദുബ്നു അഉസ്വം എന്ന ജൂതന്‍ സിഹ്റ് ചെയ്ത സംഭവമാണെന്ന് ഭൂരിപക്ഷം മുഫസ്സിറുകളും വ്യക്തമാക്കുന്നു.സിഹ്റിന് സ്വാധീനവും യാഥാ൪ത്ഥ്യവും ഇല്ലായിരുന്നുവെങ്കില്‍ ഈ രണ്ട് സൂറത്തുകളും അവതരിക്കപ്പെടുമായിരുന്നില്ല.

സൂറത്തുല്‍ ഫലഖിന്റെ മൂന്നാമത്തെ ആയത്തില്‍ കെട്ടുകളില്‍ മന്ത്രിച്ച് ഊദുന്ന സ്ത്രീകളുടെ ഉപദ്രവത്തില്‍ നിന്ന് അല്ലാഹുവിനോട് ശരണം തേടാന്‍ അല്ലാഹു പറയുന്നു.

‘കെട്ടുകളിൽ ഊതുന്ന സ്ത്രീകൾ’ എന്നതു കൊണ്ടുള്ള ഉദ്ദേശ്യം സിഹ്റ് ചെയ്യുന്ന സ്ത്രീകളാണെന്നാണ്‌ മുജാഹിദ്‌(റ), ഇക്‌രിമ(റ), ഹസൻ(റ), ഖതാദ(റ), ദിഹാക്‌(റ) എന്നിവർ വിശദീകരിച്ചത്. (തഫ്സീർ ഇബ്നു കഥീർ:15/525)

ഇമാം ശൗകാനി(റ) പറഞ്ഞു: ‘മൊത്തത്തിൽ അല്ലാഹുവിന്റെ സൃഷ്ടികളിൽ പെട്ട എല്ലാറ്റിന്റെയും കെടുതികളിൽ നിന്ന്‌ ശരണം തേടാൻ നബി ﷺ യോട്‌ കൽപ്പിച്ച കാര്യം അല്ലാഹു ഈ ആയത്തിൽ പരാമർശിച്ചിരിക്കുന്നു. പിന്നീട്‌ ചില കെടുതികൾ അവൻ പ്രത്യേകമായി എടുത്തു പറഞ്ഞിരിക്കുന്നു. അല്ലാഹുവിന്റെ എല്ലാ സൃഷ്ടികളിലുമുള്ള തിന്മകളിൽ നിന്ന്‌ ശരണം തേടുമ്പോൾ ഇവയും അതിൽ ഉൾപ്പെടുമെങ്കിലും, ഇവയെ സംബന്ധിച്ച്‌ അവൻ പ്രത്യേകം പറഞ്ഞത്‌ ഇവയുടെ കെടുതികൾ അത്രമാത്രം അധികമാണെന്നതു കൊണ്ടാണ്‌. ഇരുളടഞ്ഞ രാത്രിയും, കെട്ടുകളിൽ ഊതുന്നവരും, അസൂയാലുവുമാണ്‌ അവ. എടുത്തു പറയാൻ മാത്രം കെടുതി അവരിൽ ഉണ്ടെന്നാണ്‌ ഇതിൽ നിന്ന്‌ മനസ്സിലാക്കേണ്ടത്‌.’ (ഫത്ഹുൽ ഖദീർ : 4/1671)

{وَمِنْ شَرِّ النَّفَّاثَاتِ فِي الْعُقَدِ} أَيْ: وَمِنْ شَرِّ السَّوَاحِرِ، اللَّاتِي يَسْتَعِنَّ عَلَى سِحْرِهِنَّ بِالنَّفْثِ فِي الْعُقَدِ، الَّتِي يَعْقِدْنَهَا عَلَى السِّحْرِ.

{കെട്ടുകളില്‍ ഊതുന്ന സ്ത്രീകളുടെ കെടുതിയില്‍ നിന്നും} മാരണം ചെയ്യുന്നതിന് വേണ്ടി കെട്ടുന്ന കെട്ടുകളില്‍ ഊതി അത് തങ്ങളുടെ മാരണത്തിന് ഉപയോഗിക്കുന്നവരുടെ (മന്ത്രവാദികളുടെ) ഉപദ്രവങ്ങളില്‍ നിന്നും എന്നതാണ് അര്‍ഥമാക്കുന്നത്. (തഫ്സീറുസ്സഅ്ദി)

ﻭَﻣِﻦ ﺷَﺮِّ ٱﻟﻨَّﻔَّٰﺜَٰﺖِ ﻓِﻰ ٱﻟْﻌُﻘَﺪِ ‘കെട്ടുകളില്‍ ഊതുന്ന സ്ത്രീകളുടെ കെടുതിയില്‍ നിന്നും’ എന്ന ആയത്തിനെ വിശദീകരിച്ച് കൊണ്ട് മുഹമ്മദ് അമാനി മൗലവി (റഹി) എഴുതുന്നു.

മന്ത്രവാദം നടത്തുന്നവരും, ‘സിഹ്ര്‍’ (മാരണം , ജാലവിദ്യ മുതലായവ ) നടത്തുന്നവരുമാണ് കെട്ടുകളില്‍ ഊതുന്നവരെക്കൊണ്ട് ഉദ്ദേശ്യം . نَفَث (നഫഥ) എന്ന മൂല പദത്തില്‍ നിന്നുള്ളതാണ് نَفَثَات എന്ന വാക്ക്. അല്‍പ്പം തുപ്പുനീര്‍ തെറിപ്പിച്ചുകൊണ്ടുള്ള ഊത്തിനാണ് അത് ഉപയോഗിക്കാറുള്ളത്.ഇത് മന്ത്ര തന്ത്രങ്ങള്‍ നടത്തുന്നവരുടെ പതിവാണ്. നൂലിലോ കയറിന്റെ കഷ്ണത്തിലോ കെട്ടുകളുണ്ടാക്കി അതില്‍ ഊതലും അത്തരക്കാര്‍ ചെയ്യുന്നു . അത് കൊണ്ടാണ് മിക്ക മുഫസ്സിറുകളും – മുന്‍ഗാമികള്‍ വിശേഷിച്ചും – അങ്ങനെ വിവക്ഷ നല്‍കുവാന്‍ കാരണം . മന്ത്രക്കാരും സിഹ്റുകാരും വരുത്തിത്തീര്‍ക്കുന്ന വിനകള്‍ ഭയങ്കരവും, ദുര്‍ഗ്രാഹ്യവുമായിരിക്കുമെന്നതു കൊണ്ടാണ് അല്ലാഹു അത് പ്രത്യേകം എടുത്തു പറഞ്ഞത്.(അമാനി തഫ്സീ൪ : 113/4 ന്റെ വിശദീകരണം)

3) നബിക്ക് സിഹ്റ് ബാധിച്ചത്

നബിക്ക് ലബീദുബ്നു അഉസ്വം എന്ന ജൂതന്‍ സിഹ്റ് ചെയ്ത സംഭവം സ്വഹീഹുല്‍ ബുഖാരിയിലും സ്വഹീഹുല്‍ മുസ്ലിമിലും റിപ്പോ൪ട്ട് ചെയ്തിട്ടുള്ളതും അഹ്’ലുസ്സുന്നത്തിന്റെ നാളിതു വരെയുള്ള പണ്ഢിതന്‍മാ൪ അംഗീകരിച്ച് വന്നിട്ടുള്ളതുമാണ്. ഇതിനെ തുട൪ന്ന് നബിക്കുണ്ടായ പ്രയാസം നീങ്ങിക്കിട്ടുന്നതിന് വേണ്ടിയാണ് സൂറത്തുന്നാസും സൂറത്തുല്‍ ഫലഖും അവതരിപ്പിച്ചിട്ടുള്ളതെന്ന് ഭൂരിപക്ഷം മുഫസ്സിറുകളും വ്യക്തമാക്കിയിട്ടുണ്ട്.അതിന്റെ ഫലമായി നബിക്ക് പ്രയാസം മാറിക്കിട്ടിയെന്നും ‘എനിക്ക് അല്ലാഹു ശമനം നല്‍കിയെന്ന്’ നബി പറ‍ഞ്ഞതായും ഹദീസില്‍ കാണാവുന്നതാണ്.സിഹ്റിന് യാഥാ൪ത്ഥ്യവും വ്യക്തമായ സ്വാധീനവും ഉണ്ടെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്.

4) സിഹ്റ് വന്‍പാപത്തില്‍ പെട്ടത്

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏”‏ اجْتَنِبُوا السَّبْعَ الْمُوبِقَاتِ ‏”‏‏.‏ قَالُوا يَا رَسُولَ اللَّهِ وَمَا هُنَّ قَالَ ‏:‏ الشِّرْكُ بِاللَّهِ، وَالسِّحْرُ، وَقَتْلُ النَّفْسِ الَّتِي حَرَّمَ اللَّهُ إِلاَّ بِالْحَقِّ، وَأَكْلُ الرِّبَا، وَأَكْلُ مَالِ الْيَتِيمِ، وَالتَّوَلِّي يَوْمَ الزَّحْفِ، وَقَذْفُ الْمُحْصَنَاتِ الْمُؤْمِنَاتِ الْغَافِلاَتِ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു : നിങ്ങള്‍ ഏഴ് നാശകരങ്ങളായ വൻപാപങ്ങളെ വെടിയുക , അവർ (സ്വഹാബികൾ) ചോദിച്ചു : ഏതാണവ ? അവിടുന്ന് പറഞ്ഞു : 1) അല്ലാഹുവിൽ പങ്ക്ചേർക്കൽ (ശിർക്ക്‌) (2) സിഹ്‌ർ (മാരണം) ചെയ്യൽ (3) അല്ലാഹു നിഷിദ്ധമാക്കിയ ആത്മാക്കളെ അന്യായമായി കൊല്ലൽ (4) പലിശ ഭക്ഷിക്കൽ (5) അനാഥയുടെ ധനം തിന്നൽ (6) യുദ്ധത്തില്‍ സൈന്യങ്ങൾ അന്യോന്യം കണ്ടുമുട്ടുമ്പോൾ തിരിഞ്ഞോടൽ (7) വിശ്വാസികളും ചാരിത്രവതികളുമായ സ്ത്രീകളെ കുറിച്ച്‌ (സമൂഹത്തിൽ) അപവാദം പറയൽ എന്നിവയാണവ. (ബുഖാരി: 6857)

ഇവിടെ വന്‍പാപങ്ങളെ ഉപേക്ഷിക്കാന്‍ നമ്മോട് നബി ﷺ കല്പിച്ച കൂട്ടത്തില്‍ രണ്ടാമതായി എണ്ണിയത് സിഹ്റിനെയാണ്.സിഹ്റിന് യാഥാ൪ത്ഥ്യമുള്ളതു കൊണ്ടാണ് അത് വ൪ജ്ജിക്കാന്‍ കല്പിച്ചിട്ടുള്ളത്. സിഹ്റിന് യാഥാ൪ത്ഥ്യമില്ലെങ്കില്‍ അത് വ൪ജ്ജിക്കാന്‍ കല്പിക്കില്ല.

5)സിഹ്റില്‍ നിന്നുള്ള സംരക്ഷണത്തിനായുള്ള ദിക്റുകളും പ്രാ൪ത്ഥനകളും

സിഹ്റില്‍ നിന്നുള്ള സംരക്ഷണത്തിനായി അനേകം ദിക്റുകളും പ്രാ൪ത്ഥനകളും നബി ﷺ നമുക്ക് പഠിപ്പിച്ച് തന്നിട്ടുണ്ട്.ഒരു ഹദീസില്‍ ‘ആരെങ്കിലും പ്രഭാതത്തില്‍ ഏഴ് അജ്’വാ കാരക്കാ ഭക്ഷിച്ചാല്‍ അന്നേ ദിവസം അന്നേ ദിവസം അവന് വിഷമോ സിഹ്റോ ബാധിക്കുകയില്ല’ (ബുഖാരി) എന്ന് വന്നിട്ടുണ്ട്.സിഹ്റിന് സ്വാധീനവും യാഥാ൪ത്ഥ്യവും ഇല്ലായിരുന്നുവെങ്കില്‍ ഇതില്‍ നിന്നുള്ള സംരക്ഷണത്തിനുള്ള വഴി പഠിപ്പിക്കേണ്ടതില്ലല്ലോ.

6) സിഹ്‌റിനോടുള്ള സലഫുകളുടെ നിലപാട്

സിഹ്‌റിനോടുള്ള സലഫുകളുടെ രോഷം ശക്തമായിരുന്നു. ഇസ്ലാമിക ഭരണകൂടത്തിൽ സാഹിറിനെ വധിച്ചു കളയണമെന്ന അഭിപ്രായം സ്വഹാബികളിൽ അനേകം പേർക്കുണ്ടായിരുന്നു.സിഹ്റിന് സ്വാധീനവും യാഥാ൪ത്ഥ്യവും ഇല്ലായിരുന്നുവെങ്കില്‍ സലഫുകള്‍ ഈ വിഷയത്തില്‍ ക൪ശന നിലപാട് സ്വീകരിക്കുമായിരുന്നില്ല.

ബജാലത്തുബ്നു അബദ(റ) പറയുന്നു: ‘ഉമർ(റ) മരണപ്പെടുന്നതിന്‌ ഒരു വർഷം മുൻപ്‌ എല്ലാ പുരുഷ സ്ത്രീ സാഹിറന്മാരെയും കൊന്നുകളയണമെന്ന അദ്ദേഹത്തിന്റെ എഴുത്ത്‌ ഞങ്ങൾക്ക്‌ ലഭിച്ചു. എന്നിട്ട്‌ ഞങ്ങൾ മൂന്നു സാഹിറുകളെ കൊന്നു കളഞ്ഞു.(അഹ്മദ്‌:1/190-191, മുസന്നഫ്‌ ഇബ്നി അബീശൈബ:10/136, മുസന്നഫ്‌ അബ്ദി റസാഖ്‌:10/179-181)

عَنْ جُنْدُبٍ أَنَّهُ قَالَ : حَدُّ السَّاحِرِ ضَرْبُهُ بِالسَّيْفِ

ജുന്‍ദുബ് (റ) പറഞ്ഞു: സാഹിറിനുള്ള ശിക്ഷ വാള് കൊണ്ട് വധിച്ചു കളയലാണ്. (ഇബ്നു കഥീർ:1/538,അൽ കബാഇർ:104)

ഇമാം അബൂ ഹനീഫ(റ) പറയുന്നു: ‘ഒരു വ്യക്തി സാഹിറാണെന്ന്‌ അറിഞ്ഞാൽ (ഇസ്ലാമിക ഭരണകൂടത്തിൽ) അവൻ വധിക്കപ്പെടണം. (വിധി നടപ്പാക്കുന്നതിൽ) അവന്റെ തൗബ പരിഗണിക്കപ്പെടുകയില്ല. ഞാൻ സിഹ്റ് ഒഴിവാക്കുകയും, അതിൽ നിന്ന്‌ പശ്ചാത്തപിച്ച്‌ മടങ്ങുകയും ചെയ്തു എന്ന്‌ അവൻ പറഞ്ഞാലും അവന്റെ വാക്ക്‌ പരിഗണിക്കപ്പെടുകയില്ല. താൻ സാഹിറാണെന്ന്‌ അവൻ സമ്മതിച്ചാൽ തന്നെ അവന്റെ രക്തം അനുവദനീയമായി.’ (തഫ്സീറുസ്സ്വാബൂനി:1/58.)

ഇമാം മാലിക്ക്‌(റ) പറഞ്ഞു : ‘സാഹിർ കാഫിറാണ്‌, അവൻ സിഹ്റ് ചെയ്താൽ അതിന്റെ പേരിൽ അവൻ (ഇസ്ലാമിക ഭരണകൂടത്തിൽ) വധിക്കപ്പെടും. അവന്റെ തൗബ പരിഗണിക്കപ്പെടുകയില്ല.’(ഫത്ഹുൽ ബാരി:10/36.)

ഇമാം നവവി(റ) പറയുന്നു: ‘സിഹ്റ് ചെയ്യൽ ഹറാമും, വൻപാപങ്ങളിൽ പെട്ടതാണെന്നുമുള്ള കാര്യത്തിൽ ഇജ്മാഉ ഉണ്ട്‌. ഏഴു വൻപാപങ്ങളിൽ നബി ﷺ സിഹ്‌റിനെ എണ്ണുകയും ചെയ്തിട്ടുണ്ട്‌.’ (ശർഹുന്നവവി:14/176.)

മുഹമ്മദ് അമാനി മൗലവി (റഹി) പറഞ്ഞത് സാന്ദ൪ഭികമായി ഇവിടെ ഉദ്ധരിക്കുന്നു.സിഹ്റിനു യാഥാര്‍ത്ഥ്യമില്ല , ഗുണമായോ ദോഷമായോ ഉള്ള എന്തെങ്കിലും ഫലമുണ്ടാക്കുന്ന തരത്തില്‍ ഒരു സിഹ്റുമില്ല, കേവലം, മനുഷ്യരെ പകിട്ടാക്കുന്ന ചില ചെപ്പടിവിദ്യകള്‍ക്ക് മാത്രമുള്ള പേരാണ് സിഹ്ര്‍ എന്നിങ്ങനെ ചില അഭിപ്രായങ്ങള്‍ മുമ്പും ഇപ്പോഴുമുണ്ട്. മുഅതസില വിഭാഗക്കാരില്‍ നിന്നാണ് ഇതിന്റെ ഉത്ഭവം. വിശദാംശങ്ങളില്‍ കുറച്ചൊക്കെ സത്യമുണ്ടെങ്കിലും മൊത്തത്തില്‍ ഈ അഭിപ്രായം ഖുര്‍ആനും നബിവചനങ്ങള്‍ക്കും എതിരാകുന്നു. ഈ അഭിപ്രായത്തിന്റെ വെളിച്ചത്തിലാണ് ‘കെട്ടുകളില്‍ ഊതുന്നവര്‍’ (النَّفَّاثَاتِ فِي الْعُقَدِ ) എന്നതിന്റെ വിവക്ഷ എഷണിക്കാരാണെന്നും, പുരുഷന്മാരെ മയക്കുന്ന സ്ത്രീകളാണെന്നും മുകളില്‍ ഉദ്ധരിച്ച വ്യാഖ്യാനങ്ങള്‍ വാസ്തവത്തില്‍ ഉടലെടുത്തിരിക്കുന്നത്. (അമാനി തഫ്സീ൪ : സൂറത്തുല്‍ ഫലഖിന്റെ വിശദീകരണം)

ഈയിടെ മുഴങ്ങി കേൾക്കുന്ന ഒരു വാദമാണ് മുൻഗാമികൾ പറയാത്ത പല വാദങ്ങളും നമുക്ക് പറയുന്നതിന് വിരോധമില്ല;നമ്മൾ ജീവിക്കുന്ന കാലത്തെ ഏതെങ്കിലും ഒരാൾ പറഞ്ഞാൽ തന്നെ മതി എന്നത് .സിഹ്റിന് യാഥാർത്ഥ്യമുണ്ട് (حقيقة)എന്ന് വിശ്വസിക്കൽ ശിർക്കാണ് എന്ന നൂതന വാദം ചിലർ പറഞ്ഞപ്പോൾ ഈ വാദം ആരാണ് പറഞ്ഞത് എന്ന ചോദ്യം വന്നപ്പോഴാണ് എല്ലാ കാര്യത്തിനും മുൻഗാമികൾ വേണമെന്നില്ല എന്ന നൂതന വാദം പറയാൻ ചിലർ നിർബന്ധിതരായത്.സത്യത്തിൽ സിഹ്റിനു യാഥാർത്ഥ്യമില്ല എന്നും അതിന് യാഥാർത്ഥ്യമുണ്ട് എന്നംഗീകരിക്കൽ ശിർക്കാണ് എന്ന നൂതന വാദങ്ങൾ പോലെ തന്നെ അപകടമാണ് ഈ വാദവും. മുൻഗാമികൾ ഈയൊരു രീതിക്കെതിരെ ശക്തമായ താക്കീതു നൽകിയിട്ടുണ്ട്.

ഇമാം അഹ്മദ് (റ) തൻ്റെ ശിഷ്യൻ മയ്മൂന്നിയോടു പറഞ്ഞു കൊടുത്ത വാക്കുകൾ നോക്കൂ.

قال الميموني: قال لي أحمد ابن حنبل:( يا أبا حسن ! إياك ! أن تتكلم في مسألة ليس لك فيها إمام ). أخرجه ابن الجوزي في مناقب اﻹمام أحمد.

മയ്മൂന്നി പറഞ്ഞു: എന്നോട് അഹ് മദ് ബിൻ ഹമ്പൽ പറഞ്ഞു: ഓ അബൽ ഹസൻ ! നിനക്ക് ഒരു ഇമാം ഇല്ലാത്ത മസ്അലയിൽ നീ സംസാരിക്കുന്നത് നീ കരുതിയിരിക്കണം.

قال البربهاري رحمه الله كل من سمعت كلامه من أهل زمانك خاصة ، فلا تعجلن ! ولا تدخلن في شيء منه حتى تسأل وتنظر : هل تكلم به أصحاب رسول الله صلى الله عليه وسلم أو أحد من العلماء ؟ فإن وجدت فيه أثرا عنهم ؛ فتمسك به ، ولا تجاوزه لشيء ، ولا تختار عليه شيئا). شرح السنة.

ഇമാം ബർബ ഹാരി (റഹി) പറയുന്നു: നിൻ്റെ കാലക്കാരിൽ നിന്ന് മാത്രം നീ കേൾക്കുന്ന സംസാരത്തിലേക്ക് നീ ധൃതിപ്പെടരുത് ! നബി ﷺ യുടെ സ്വഹാബികളിൽ ആരെങ്കിലുമോ അതല്ലെങ്കിൽ പണ്ഡിതന്മാരിൽ ഒരാളോ ഇത് പറഞ്ഞിട്ടുണ്ടോ എന്നു നീ പരിശോധിക്കണം.അവരിൽ നിന്ന് എന്തെങ്കിലും അസറുകൾ നിനക്ക് കിട്ടിയാൽ നീ അത് സ്വീകരിക്കുക. യാതാരു കാരണവശാലും അതിനെ മറികടക്കരുത്. അതിനു മീതെ നീ മറ്റൊന്നിനേയും തിരഞ്ഞെടുക്കുകയും വേണ്ട.

സലഫുകളിൽ പെട്ട അഹ്മദ് ബിൻ ഹമ്പലിൻ്റെ കാലക്കാരുടെ വാക്കു പോലും അതിനൊരു മുൻഗാമിയില്ലെങ്കിൽ സ്വീകരിക്കരുതെന്ന് പണ്ഡിതന്മാർ മുന്നറിയിപ്പു നൽകിയെങ്കിൽജഹാലത്തുകൾ വ്യാപകമായ ഇക്കാലത്ത് ആരുടെയെങ്കിലും വാക്കു മാത്രം കേട്ട് വിശ്വസിച്ച് ഇസ്ലാമിൻ്റ അടിത്തറകളെ കുറിച്ച് വിവരക്കേടുകൾ പ്രചരിപ്പിക്കുന്നവരുടെ കാര്യം കഷ്ടം തന്നെ.

സിഹ്റിൽ നിന്നും സുരക്ഷിതത്വം ലഭിക്കാൻ

ﻭَﻣَﺎ ﻫُﻢ ﺑِﻀَﺎٓﺭِّﻳﻦَ ﺑِﻪِۦ ﻣِﻦْ ﺃَﺣَﺪٍ ﺇِﻻَّ ﺑِﺈِﺫْﻥِ ٱﻟﻠَّﻪِ

എന്നാല്‍ അല്ലാഹുവിന്റെ അനുമതി കൂടാതെ അതുകൊണ്ട് യാതൊരാള്‍ക്കും ഒരു ദ്രോഹവും ചെയ്യാന്‍ അവര്‍ക്ക് കഴിയില്ല …… (ഖു൪ആന്‍ : 2/102)

ഇമാം ഇബ്നുൽ ഖയ്യിം رَحِمَهُ اللَّهُ പറയുന്നു: സിഹ്റ്, അസൂയ, കണ്ണേറ്, പിശാചുബാധ ആക്രമത്തിൽ നിന്നും, സകല രോഗങ്ങളിൽ നിന്നും, വിപത്തുകളിൽ നിന്നും, മനുഷ്യരുടെ ക്രൂരകൃത്യങ്ങളിൽ നിന്നും അല്ലാഹുവിന്റെ സംരക്ഷണം നേടുവാൻ വേണ്ടത് തൗഹീദിലെ വിശ്വാസം ശുദ്ധിയാക്കലാണ്. ദിക്ർ , ദുആ കൃത്യനിഷ്ഠയോടെ എല്ലാ ദിവസവും നിർവ്വഹിക്കൽ, അല്ലാഹുവിൽ ഏറ്റവുമധികം വിശ്വസിച്ച് ഭരമേൽപ്പിക്കൽ (‘തവക്കുൽ ), വൻപാപങ്ങൾ എല്ലാം വെടിയൽ, നാം (മനസ്സോ വചനമോ കർമ്മമോ കൊണ്ട്) ദ്രോഹിച്ച വ്യക്തികളോട് മനസ്സു തുറന്ന് മാപ്പു ചോദിക്കൽ, വിട്ടുവീഴ്ച ചെയ്യൽ (ഇഹ്സാൻ), അങ്ങിനെ അല്ലാഹുവോട് പാപങ്ങളെല്ലാം പൊറുക്കുവാൻ തേടൽ തുടങ്ങിയ പത്തു കാര്യങ്ങളിലൂടെ അല്ലാഹുവുമായുള്ള ബന്ധം പരിശുദ്ധമാക്കലാണ്. (تفسير القرآن الكريم لابن القيم ١٥٦/١-١٤٩)

 

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *