ദഅ്‌വത്തും കൂട്ടായ്മയും

ഒറ്റക്ക് കൈവരിക്കാൻ പറ്റാത്ത പല നേട്ടങ്ങളും ഒരു കൂട്ടായ്മയിലൂടെ കരസ്ഥമാക്കാൻ കഴിയും. ദഅ്‌വത്തിന്റെ കാര്യവും ഇതിൽനിന്ന് വിഭിന്നമല്ല. ദൈവദൂതന്മാരും അവരുടെ അനുചരന്മാരുമെല്ലാം പരസ്പരം സഹകരിച്ച് സംഘടിച്ചുതന്നെയാണ് ദഅ്‌വത്ത് നിർവഹിച്ചിരുന്നത്. ദഅ്‌വത്തിനിറങ്ങുന്ന മൂസാനബി عليه السلام യുടെ പ്രാർഥന ക്വുർആൻ ഉദ്ധരിക്കുന്നു:

قَالَ رَبِّ ٱشْرَحْ لِى صَدْرِى ‎﴿٢٥﴾‏ وَيَسِّرْ لِىٓ أَمْرِى ‎﴿٢٦﴾‏ وَٱحْلُلْ عُقْدَةً مِّن لِّسَانِى ‎﴿٢٧﴾‏ يَفْقَهُوا۟ قَوْلِى ‎﴿٢٨﴾‏ وَٱجْعَل لِّى وَزِيرًا مِّنْ أَهْلِى ‎﴿٢٩﴾‏ هَٰرُونَ أَخِى ‎﴿٣٠﴾‏ ٱشْدُدْ بِهِۦٓ أَزْرِى ‎﴿٣١﴾‏ وَأَشْرِكْهُ فِىٓ أَمْرِى ‎﴿٣٢﴾

അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, നീ എനിക്ക് ഹൃദയവിശാലത നൽകേണമേ. എനിക്ക് എന്റെ കാര്യം നീ എളുപ്പമാക്കിത്തരേണമേ. ജനങ്ങൾ എന്റെ സംസാരം മനസ്സിലാക്കേണ്ടതിനായി എന്റെ നാവിൽനിന്ന് നീ കെട്ടഴിച്ചുതരേണമേ. എന്റെ കുടുംബത്തിൽനിന്ന് എനിക്ക് നീ ഒരു സഹായിയെ ഏർപെടുത്തുകയും ചെയ്യേണമേ. അതായത് എന്റെ സഹോദരൻ ഹാറൂനെ, അവൻ മുഖേന എന്റെ ശക്തി നീ ദൃഢമാക്കുകയും എന്റെ കാര്യത്തിൽ അവനെ നീ പങ്കാളിയാക്കുകയും ചെയ്യേണമേ…. (ഖു൪ആന്‍ : 20/25-32)

وَأَخِى هَٰرُونُ هُوَ أَفْصَحُ مِنِّى لِسَانًا فَأَرْسِلْهُ مَعِىَ رِدْءًا يُصَدِّقُنِىٓ ۖ إِنِّىٓ أَخَافُ أَن يُكَذِّبُونِ

എന്റെ സഹോദരൻ ഹാറൂൻ എന്നെക്കാൾ വ്യക്തമായി സംസാരിക്കാൻ കഴിവുള്ളവനാകുന്നു. അതുകൊണ്ട് എന്നോടൊപ്പം എന്റെ സത്യത സ്ഥാപിക്കുന്ന ഒരു സഹായിയായിക്കൊണ്ട് അവനെ നീ നിയോഗിക്കേണമേ. അവർ എന്നെ നിഷേധിച്ചുകളയുമെന്ന് തീർച്ചയായും ഞാൻ ഭയപ്പെടുന്നു. (ഖു൪ആന്‍: 28/34)

അതിന് ഉത്തരം നൽകിക്കൊണ്ട് അല്ലാഹു പറഞ്ഞു:

قَالَ سَنَشُدُّ عَضُدَكَ بِأَخِيكَ وَنَجْعَلُ لَكُمَا سُلْطَٰنًا فَلَا يَصِلُونَ إِلَيْكُمَا ۚ بِـَٔايَٰتِنَآ أَنتُمَا وَمَنِ ٱتَّبَعَكُمَا ٱلْغَٰلِبُونَ

അവൻ (അല്ലാഹു) പറഞ്ഞു: നിന്റെ സഹോദരൻ മുഖേന നിന്റെ കൈക്ക് നാം ബലം നൽകുകയും നിങ്ങൾക്കിരുവർക്കും നാം ഒരു ആധികാരിക ശക്തി നൽകുകയും ചെയ്യുന്നതാണ്. അതിനാൽ അവർ നിങ്ങളുടെ അടുത്ത് എത്തുകയില്ല. നമ്മുടെ ദൃഷ്ടാന്തങ്ങൾ നിമിത്തം നിങ്ങളും നിങ്ങളെ പിന്തുടരുന്നവരൂം തന്നെയായിരിക്കും വിജയികൾ. (ഖു൪ആന്‍: 28/35)

ഈസാ നബി عليه السلام ദഅ്‌വത്തിന്റെ മാർഗത്തിൽ സഹായിക്കാനും തന്നോട് സഹകരിക്കാനും അനുചരന്മാരോട് അഭ്യർഥിക്കുന്നതായി കാണാം:

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُونُوٓا۟ أَنصَارَ ٱللَّهِ كَمَا قَالَ عِيسَى ٱبْنُ مَرْيَمَ لِلْحَوَارِيِّـۧنَ مَنْ أَنصَارِىٓ إِلَى ٱللَّهِ ۖ قَالَ ٱلْحَوَارِيُّونَ نَحْنُ أَنصَارُ ٱللَّهِ ۖ فَـَٔامَنَت طَّآئِفَةٌ مِّنۢ بَنِىٓ إِسْرَٰٓءِيلَ وَكَفَرَت طَّآئِفَةٌ ۖ فَأَيَّدْنَا ٱلَّذِينَ ءَامَنُوا۟ عَلَىٰ عَدُوِّهِمْ فَأَصْبَحُوا۟ ظَٰهِرِينَ

സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിന്റെ സഹായികളായിരിക്കുക. മർയമിന്റെ മകൻ ഈസാ ‘അല്ലാഹുവിങ്കലേക്കുള്ള മാർഗത്തിൽ എന്റെ സഹായികളായി ആരുണ്ട്’ എന്ന് ഹവാരികളോട് ചോദിച്ചതു പോലെ. ഹവാരികൾ പറഞ്ഞു: ‘ഞങ്ങൾ അല്ലാഹുവിന്റെ സഹായികളാകുന്നു.’ അപ്പോൾ ഇസ്‌റാഈൽ സന്തതികളിൽപെട്ട ഒരു വിഭാഗം വിശ്വസിക്കുകയും മറ്റൊരു വിഭാഗം അവിശ്വസിക്കുകയും ചെയ്തു. എന്നിട്ട് വിശ്വസിച്ചവർക്ക് അവരുടെ ശത്രുവിനെതിരിൽ നാം പിൻബലം നൽകുകയും അങ്ങനെ അവൻ മികവുറ്റവരായിത്തീരുകയും ചെയ്തു. (ഖു൪ആന്‍: 61/14)

ഈ ആയത്തിനെ വിശദീകരിച്ചുകൊണ്ട് ഇബ്‌നു കസീർ പറയുന്നു:

(من أنصاري إلى الله) ؟ أي : معيني في الدعوة إلى الله عز وجل ؟

{അല്ലാഹുവിങ്കലേക്കുള്ള മാർഗത്തിൽ എന്റെ സഹായികളായി ആരുണ്ട്} അല്ലാഹുവിലേക്കുള്ള ദഅ്‌വത്തിൽ എന്നെ സഹായിക്കാനാരുണ്ട്?

(نحن أنصار الله) أي : نحن أنصارك على ما أرسلت به وموازروك على ذلك

{ഞങ്ങൾ അല്ലാഹുവിന്റെ സഹായികളാകുന്നു}അതായത്: താങ്കൾ ഏതൊരു ദൗത്യവുമായിട്ടാണോ നിയുക്തനായിരിക്കുന്നത്. അതിൽ താങ്കളെ ഞങ്ങൾ ശക്തമായി പിന്തുണക്കുന്നതാണ്. (തഫ്‌സീർ ഇബ്‌നു കസീർ. വാള്യം 4. പേജ് 462).

അതുകൊണ്ടാണ് മൂസാനബി عليه السلام അവരെ ഇസ്‌റാഈല്യരിലേക്കും ഗ്രീക്കുകാരിലേക്കും പ്രബോധകരായി അയച്ചത്. ഇപ്രകാരംതന്നെ മുഹമ്മദ് നബി ﷺ ഹിജ്‌റക്കു മുമ്പുള്ള ഹജ്ജ് വേളകളിൽ പറയുമായിരുന്നു: “ആരാണ് എന്റെ റബ്ബിന്റെ സന്ദേശം ജനങ്ങൾക്ക് എത്തിച്ചുകൊടുക്കുന്നതിനായി എനിക്ക് സംരക്ഷണം നൽകുക? ക്വുറൈശികൾ അതിൽനിന്ന് എന്നെ തടയുകയാണ്.’’ അങ്ങനെ മദീനക്കാരായ ഔസുകാരെയും ഖസ്‌റജുകാരെയും അല്ലാഹു നബി ﷺ ക്ക് ഏർപെടുത്തിക്കൊടുത്തു. അവർ അദ്ദേഹത്തോട് കരാർ ചെയ്യുകയും പിന്തുണക്കുകയും ചെയ്തു. തങ്ങളുടെ കുടെ വരികയാണെങ്കിൽ എല്ലാ സന്ദർഭത്തിലും സഹായികളും സംരക്ഷകരുമായി ഉണ്ടാകുമെന്നവർ വാക്കുകൊടുത്തു. നബി ﷺ തന്നോടൊപ്പമുള്ള അനുചരന്മാരോടൊത്ത് ഹിജ്‌റ ചെയ്ത് മദീനയിലെത്തിയപ്പോൾ അല്ലാഹുവിന്റെ പേരിൽ ചെയ്ത ആ ഉടമ്പടി അവർ പാലിച്ചു. ഇക്കാരണത്താൽ അല്ലാഹുവും അവന്റെ റസൂലും അവരെ ‘സഹായികൾ’ എന്നു വിളിച്ചു.

‘ഉലുൽ അസ്‌മു’കളിൽപെട്ട മഹാന്മാരായ ഈ പ്രവാചകന്മാർക്ക് ദഅ്‌വത്തിന്റെ മാർഗത്തിൽ പരസഹായവും സഹകരണവും ആവശ്യമായെങ്കിൽ, ദഅ്‌വത്ത് നല്ല രീതിയിൽ നടക്കണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്ന ഏത് വിശ്വാസിക്കാണ് ദഅ്‌വത്തിന്റെ കൂട്ടായ്മയെ എതിർത്തുകൊണ്ട് ഒറ്റക്ക് പ്രവർത്തിച്ചാൽ മതി എന്ന് പറയുവാൻ സാധിക്കുക?

ദഅ്‌വത്തിനായി വിശ്വാസികളുടെ ഒരുസംഘം ഉണ്ടാകുവാനാണ് ക്വുർആൻ ആഹ്വാനം ചെയ്യുന്നത്. അല്ലാതെ സംഘത്തെ എതിർക്കുകയോ ഒറ്റക്കൊറ്റക്ക് പ്രവർത്തിച്ചാൽ മതി എന്നോ അല്ല.

وَلْتَكُن مِّنكُمْ أُمَّةٌ يَدْعُونَ إِلَى ٱلْخَيْرِ وَيَأْمُرُونَ بِٱلْمَعْرُوفِ وَيَنْهَوْنَ عَنِ ٱلْمُنكَرِ ۚ وَأُو۟لَٰٓئِكَ هُمُ ٱلْمُفْلِحُونَ

നന്‍മയിലേക്ക് ക്ഷണിക്കുകയും, സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളില്‍ നിന്ന് ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികള്‍. (ഖു൪ആന്‍:3/104)

ഈ ആയത്തിന്റെ വിശദീകരണത്തിൽ ഇമാം ഇബ്‌നു കസീർ പറയുന്നു:

والمقصود من هذه الآية أن تكون فرقة من الأمة متصدية لهذا الشأن ، وإن كان ذلك واجبا على كل فرد من الأمة بحسبه ، كما ثبت في صحيح مسلم عن أبي هريرة قال : قال رسول الله صلى الله عليه وسلم : ” من رأى منكم منكرا فليغيره بيده ، فإن لم يستطع فبلسانه ، فإن لم يستطع فبقلبه ، وذلك أضعف الإيمان ” . وفي رواية : ” وليس وراء ذلك من الإيمان حبة خردل ” .

ഓരോരുത്തരുടെയും കഴിവനുസരിച്ച് എല്ലാവർക്കും അത് (ദഅ്‌വത്ത്) ബാധ്യതയാണ്. എങ്കിൽകൂടി ഈ സമൂഹത്തിൽനിന്ന് ഒരു വിഭാഗം ഈ ഉത്തരവാദിത്ത നിർവഹണത്തിനുണ്ടായിരിക്കേണ്ടതുണ്ട്. (സ്വഹീഹു മുസ്‌ലിമിൽ സ്ഥിരപ്പെട്ടപോലെ) അബൂഹുറയ്‌റ رضي الله عنه വിൽനിന്ന് നിവേദനം; നബി ﷺ പറഞ്ഞു: ‘നിങ്ങളിലാരെങ്കിലും ഒരു തിന്മ കണ്ടാൽ അത് തന്റെ കൈകൊണ്ട് തടുക്കട്ടെ. കഴിയില്ലെങ്കിൽ തന്റെ നാവുകൊണ്ട്. അതിനും സാധ്യമല്ലായെങ്കിൽ തന്റെ ഹൃദയംകൊണ്ടെങ്കിലും. അതാകട്ടെ ഈമാനിന്റെ ഏറ്റവും ദുർബലാവസ്ഥയാണ്.’ മറ്റൊരു റിപ്പോർട്ടിൽ ‘അതിനപ്പുറം ഒരു കടുകുമണിയോളമെങ്കിലും ഈമാൻ അവിശേഷിക്കുന്നില്ല’ എന്നാണുള്ളത്’’ (തഫ്‌സീർ ഇബ്‌നു കസീർ. വാള്യം 1, പേജ് 508).

പുണ്യത്തിലും തക്വ്‌വയിലും പരസ്പരം സഹകരിക്കാൻ വിശ്വാസികളോട് ക്വുർആൻ നിർദേശിക്കുന്നു:

… ﻭَﺗَﻌَﺎﻭَﻧُﻮا۟ ﻋَﻠَﻰ ٱﻟْﺒِﺮِّ ﻭَٱﻟﺘَّﻘْﻮَﻯٰ ۖ ﻭَﻻَ ﺗَﻌَﺎﻭَﻧُﻮا۟ ﻋَﻠَﻰ ٱﻹِْﺛْﻢِ ﻭَٱﻟْﻌُﺪْﻭَٰﻥِ ۚ….

… പുണ്യത്തിലും ധര്‍മ്മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്‌ ….. (ഖു൪ആന്‍ :5/2)

മുആദുബ്ൻജബൽ  رَضِيَ اللَّهُ عَنْهُ വിനെയും അബൂമൂസൽ അശ്അരി  رَضِيَ اللَّهُ عَنْهُ വിനെയും ദഅ്‌വത്തിനായി യമനിലേക്ക് പറഞ്ഞയച്ച നബി ﷺ അവരോട് പറയുകയുണ്ടായി:

وَتَطَاوَعَا وَلاَ تَخْتَلِفَا

നിങ്ങൾ പരസ്പരം സഹകരിക്കുക. ഭിന്നിക്കരുത്. (ബുഖാരി, മുസ്‌ലിം)

യാത്രയിൽ മൂന്നാളുണ്ടായാൽ ഒരാളെ നേതൃത്വം ഏൽപിക്കണമെന്ന് ശാസിക്കുന്ന ഹദീസിനെ വിശദീകരിച്ചുകൊണ്ട് ശൈഖുൽ ഇസ്‌ലാം ഇബ്‌നുതൈമിയ്യ رحمه الله പറഞ്ഞു: യാത്രയിലുള്ള ചെറുകൂട്ടായ്മയിൽതന്നെ നേതൃത്വം വഹിക്കാനാളുണ്ടാവണമെന്ന് നബി ﷺ കൽപിച്ചു. മറ്റു കൂട്ടായ്മകളിലും ഇത് അനിവാര്യമാണ്. നന്മ കൽപിക്കലും തിന്മ വിരോധിക്കലും അല്ലാഹു നിർബന്ധമാക്കി. ശക്തിയും നേതൃത്വവുമില്ലാതെ അത് പരിപൂർണമാവുകയില്ല. (മജ്മൂഉൽ ഫതാവാ വാള്യം 28, പേജ് 390).

പണ്ഡിതന്മാർ എന്തു പറയുന്നു?

ശൈഖ് അൽബാനി رحمه الله യോടുള്ള ചോദ്യവും മറുപടിയും കാണുക:

ചോദ്യം: ഓരോ സലഫി യുവാവിനും തന്റെ സലഫി ആദർശത്തിലേക്ക് ക്ഷണിക്കുന്നത് സംഘടനയിലൂടെ തന്നെയാകൽ അനിവാര്യമാണോ? അതല്ല സലഫി സംഘടനയുമായി യാതൊരു ബന്ധവുമില്ലാതെ ഒറ്റക്ക് ദഅ്‌വത്ത് ചെയ്യൽ അനുവദനീയമാകുമോ?

മറുപടി: അല്ലാഹു പറയുന്നു:

وَكُونُوا۟ مَعَ ٱلصَّٰدِقِينَ

നിങ്ങൾ സത്യം പറയുന്നവരോടൊപ്പമാവുക. (ഖുർആൻ:9/119)

നബി ﷺ പറയുന്നു: ‘അല്ലാഹുവിന്റെ സഹായം സംഘത്തോടൊപ്പമാണ്. നിങ്ങൾ സംഘടിതമായി നിലകൊള്ളുക. ആടുകളിൽനിന്ന് ഒറ്റപ്പെട്ടവയെയാണ് ചെന്നായ തിന്നുക.’

മതപരമായ തെളിവുകളിലെ പരിജ്ഞാനത്തിലൂടെയും അനുഭവത്തിലൂടെയും നമ്മൾ പരിചയിച്ചറിഞ്ഞിട്ടുള്ളത്, ചോദ്യത്തിൽ വന്നതുപോലെ സലഫി ആദർശക്കാരനാണെന്ന് പറയുകയും സംഘടനയിൽ ചേരാൻ ആഗ്രഹിക്കുന്നില്ലെന്നും തനിച്ചാണ് ദഅ്‌വത്ത് നടത്തുന്നതെന്നും പറയുന്നവരുടെയൊക്കെ അന്ത്യം ദഅ്‌വത്തിൽനിന്നുതന്നെ ഒറ്റപ്പെട്ടുപോകലാണ്. ഇത് നാം അനുഭവത്തിലൂടെ അറിഞ്ഞതാണ്. കാരണം അല്ലാഹു തന്റെ പ്രവാചകനായ മൂസാനബി عليه السلام യോട് ‘നിന്റെ സഹോദരനെക്കൊണ്ട് നിനക്ക് നാം ശക്തിപകരുന്നതാണ്’ എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ കേവലം ഒരു വ്യക്തി മാത്രമായ മുസ്‌ലിം എന്താണ് പറയുക? അവന് ആരുടെയും പിൻബലവും സഹായവും ആവശ്യമില്ലേ? നിസ്സംശയം, ‘സഹായം ആവശ്യമുണ്ട്’ എന്ന് തന്നെയായിരിക്കും മറുപടി.

അതിനാൽ ആ സലഫി യുവാവിന് തന്റെ നാട്ടിലുള്ള സലഫി സംഘടനയിൽ ചേർന്ന് പ്രവർത്തിക്കലാണ് കരണീയമായിട്ടുള്ളത്. വിശിഷ്യാ തന്റെയും അവരുടെയും ദഅ്‌വത്ത് ഒന്നാകുന്നിടത്തോളം. കാരണം മുമ്പ് പറഞ്ഞ ആയത്തുകൾ സൂചിപ്പിക്കുന്നപോലെ അതിൽ അവനും അവർക്കും ശക്തിപകരലുണ്ട്. എന്നാൽ സംഘടനയിൽനിന്ന് അകന്നുതന്നെ നിൽക്കാൻ തീരുമാനിച്ചുറച്ചാൽ സംശയമില്ല ‘ചെന്നായ്ക്കൾ’ അവനെ പിടിച്ച് തിന്നും; നടേ സൂചിപ്പിച്ച ഹദീസിലുള്ളതുപോലെ. അതായത് മറ്റു സംഘടനകൾ അവനെ ഏറ്റെടുക്കുകയും അവരിലേക്ക് വലിച്ചുകൊണ്ടുപോവുകയും ചെയ്യും. അത് മുഖേന നേർരേഖയിൽനിന്നും അവൻ വ്യതിചലിച്ച് പോകും. ചിലപ്പോഴത് അവൻ അറിയുന്നുപോലുമുണ്ടാവില്ല. അവസാനമായി ഞാനൊന്ന് പറയട്ടെ. അല്ലാഹു പറയുന്നു: ‘നിങ്ങൾ സത്യം പറയുന്നവരോടൊപ്പം നിൽക്കുക.’ തന്റെ ജൽപിത ദഅ്‌വത്തിൽ തനിച്ച് കഴിയാൻ ആഗ്രഹിക്കുന്നവർ നിസ്സംശയം വ്യക്തമായ നഷ്ടത്തിൽതന്നെയാണ്.

ചോദ്യം: നിങ്ങൾ പറഞ്ഞത് പ്രകാരം പ്രബോധകന് സലഫി സംഘടനയിലൂടെതന്നെ ദഅ്‌വത്ത് നടത്തൽ അനിവാര്യമാണ്. അങ്ങനെ വരുമ്പോൾ ആ സംഘടനക്ക് (സംഘത്തിന്) യാത്രയിലെ നേതൃത്വത്തെക്കുറിച്ച് പറഞ്ഞ ഹദീസിനോട് തുലനപ്പെടുത്തി അനുസരിക്കപ്പെടുന്ന ഒരു അമീർ (നേതാവ്) ഉണ്ടാകണമെന്ന് താങ്കൾ വിവക്ഷിക്കുന്നുണ്ടോ?

മറുപടി: “ചോദ്യത്തിൽ സൂചിപ്പിക്കപ്പെട്ടതുപോലെ ഒരു നേതാവ് ഉണ്ടാകുന്നതിന് യാതൊരു തടസ്സവും ഞാൻ കാണുന്നില്ല. പക്ഷേ, ഇസ്‌ലാമികരാഷ്ട്ര നായകനുള്ള വിധിവിലക്കുകൾ ഇതുമായി ബന്ധിപ്പിക്കരുതെന്ന് മാത്രം. മറിച്ച് കാര്യങ്ങൾ അടുക്കും ചിട്ടയോടെയും ആവുക എന്ന ഇനത്തിലാണ് വരിക… (അൽഹാവി മിൻഫതാവാ, ശൈഖ് അൽബാനി (ശൈഖ് അൽബാനിയുടെ ഫത്‌വാ സമാഹാരം) വാള്യം 2, പേജ് 191-193).

ശൈഖ് ഇബ്‌നുബാസ്, ശൈഖ് അൽബാനി, ശൈഖ് സ്വാലിഹുൽ ഫൗസാൻ എന്നിവരുടെ അംഗീകാരത്തോടെ ജംഇയ്യത്തു ഇഹ്‌യാഇത്തുറാസിൽ ഇസ്‌ലാമി പ്രസിദ്ധീകരിച്ച അവരുടെ മാർഗരേഖയിൽ പറയുന്നു:

വ്യക്തമായ ലക്ഷ്യങ്ങളോടുകൂടി പ്രവർത്തിക്കുന്ന സലഫി സംഘടന മതസേവനത്തിനും മുസ്‌ലിംകൾക്ക് നന്മകൾ അർപ്പിക്കുന്നതിനുമുള്ള ഒരു മാർഗമായി ഞങ്ങൾ മനസ്സിലാക്കുന്നു. അത് ദീൻ വിലക്കിയ കക്ഷിത്വത്തിൽ പെടുകയില്ല. പ്രത്യുത മതപ്രബോധനത്തിനും സേവനത്തിനും നന്മ കൽപിക്കുക, തിന്മ വിരോധിക്കുക എന്ന ബാധ്യതാനിർവഹണത്തിനുമുള്ള സൗകര്യപ്രദമായ മാർഗമാണത്.

പ്രത്യേകിച്ച് ഈ ബാധ്യതയെ അവഗണിച്ച, വേണ്ടവിധത്തിൽ അതിനെ പരിഗണിക്കാത്ത നാടുകളിൽ സത്യത്തിന്റെ ആളുകളെ സഹായിക്കൽ നിർബന്ധമാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. അവരുടെ അംഗബലം വർധിപ്പിക്കലും മതം പ്രോത്സാഹിപ്പിച്ച കാര്യമാണ്. അതിനാൽ ഓരോ മുസ്‌ലിം സഹോദരങ്ങളെയും (സത്യത്തിന്റെ കക്ഷിയുടെ) അംഗബലം വർധിപ്പിക്കുന്നതിനും ഇഛകളുടെയും ബിദ്അത്തുകളുടെയും ആളുകളെ കയ്യൊഴിക്കുന്നതിനും ഞങ്ങൾ ക്ഷണിക്കുകയാണ്’’ (മിൻഹാജു ജംഇയ്യത്തി ഇഹ്‌യാഇത്തുറാസിൽ ഇസ്‌ലാമി. പേജ് 41).

ശൈഖ് ഇബ്‌നുബാസ് رحمه الله യോട് സുഡാനിലെ അൻസ്വാറുസ്സുന്ന എന്ന സംഘടനയെക്കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ അതിന് നൽകിയ മറുപടി കാണുക.:

ചോദ്യം: ഇസ്‌ലാമിക നിയമങ്ങൾ നടപ്പിലാക്കാത്ത, അല്ലാഹുവിലേക്കുള്ള ദഅ്‌വത്ത് എന്ന ബാധ്യത നിർവഹിക്കാത്ത ഒരു നാട്ടിൽ അൻസ്വാറുസ്സുന്നയെപോലുള്ള സംഘടനയുടെ മതവിധിയെന്താണ്?

മറുപടി: സുഡാനിലെ ‘അൻസ്വാറുസ്സുന്നത്തിൽ മുഹമ്മദിയ്യ’ എന്ന സംഘടന വളരെക്കാലമായി എനിക്ക് സുപരിചിതമാണ്; ദശാബ്ദങ്ങളായിട്ട്. ഞാനറിഞ്ഞിടത്തോളം അത് സ്തുത്യർഹമായ സേവനങ്ങളനുഷ്ഠിക്കുന്ന നല്ലൊരു പ്രസ്ഥാനമാണ്. സർവനന്മകളിലൂടെയും അതിന് ശക്തി പകരുന്നതിനും തികഞ്ഞ പ്രതിഫലം നൽകുന്നതിനും അല്ലാഹുവിനോട് പ്രാർഥിക്കുന്നു… ഈ ചോദ്യത്തിനുള്ള മറുപടി പറയുകയാണെങ്കിൽ സുഡാനിലെ ഈ സംഘടന അല്ലാഹുവിന്റെ അപാരമായ അനുഗ്രഹങ്ങളിൽ പെട്ടതാണ്. അതായത് ദഅ്‌വത്തിന് സന്നദ്ധമായ, മതപരമായ വിധിവിലക്കുകൾ പാലിക്കുന്ന ഒരു വിഭാഗം അവിടെയുണ്ടാവുക എന്നത്… ഞാൻ വ്യക്തിപരമായി സുഡാൻ ജനതയെ ഈ സംഘടനയിലേക്ക് സ്വാഗതം ചെയ്യുന്നു. അത് അവർക്ക് പ്രയോജനപ്രദമാകുവാനും അവരുടെ ദൗത്യനിർവഹണത്തിൽ സഹായിക്കുവാനും അല്ലാഹുവിനോട് പ്രാർഥിക്കുകയും ചെയ്യുന്നു…

നിസ്സംശയം, സുഡാനിലെ അൻസ്വാറുസ്സുന്നത്തിൽ മുഹമ്മദിയ്യ, ഈജിപ്തിലെ അൻസ്വാറുസ്സുന്ന എന്നീ സംഘടനൾക്ക് നന്മ പ്രചരിപ്പിക്കുന്നതിൽ കാര്യമായ പങ്കുണ്ട്; അവർ ജനങ്ങളെ നന്മയിലേക്കും സലഫി ആദർശത്തിലേക്കും നയിക്കുന്നുണ്ട് എന്നതിൽ എനിക്ക് യാതൊരു സംശയവുമില്ല! ഈ സംഘടന ഉപകാരപ്രദമായ നന്മകളുള്ള നല്ല സംഘടനയാണ്. ജനങ്ങളെ ശിർക്കിൽനിന്ന് താക്കീത് ചെയ്യുന്നതിലും തൗഹീദിലേക്ക് ക്ഷണിക്കുന്നതിലും സുന്നത്ത് പിൻപറ്റുവാനും ബിദ്അത്ത് കയ്യൊഴിക്കാൻ പ്രേരിപ്പിക്കുന്നതിലും ഈ സംഘടനക്ക് വലിയ പങ്കുണ്ട്. അവർക്ക് ഹിദായത്തും തൗഫീക്വും അധികരിപ്പിക്കുവാൻ അല്ലാഹുവോട് പ്രാർഥിക്കുന്നു…’’ (ഹുക്മുൽ അമലിൽ ജമാഈ (സംഘടിത പ്രവർത്തനത്തിന്റെമതവിധി) എന്ന ഗ്രന്ഥത്തിൽനിന്ന.് പേജ് 42).

ശൈഖ് റബീഅ് അൽമദ്ഖലി പറയുന്നു: “ഇന്നേദിവസംവരെ, ക്വുർആനിന്റെയും ഹദീസിന്റെയും മാർഗരേഖയനുസരിച്ചുള്ള സംഘടിത പ്രവർത്തനം നിഷിദ്ധമെന്ന് പറഞ്ഞ ആധുനികരും പൗരാണികരുമായ ഒരൊറ്റ സലഫി പ്രവർത്തകനെയും എനിക്കറിയില്ല. അതിന് ഏറ്റവും വലിയ തെളിവ് ഏത് സ്ഥലങ്ങളിലെയും സലഫികളുടെ സ്ഥിതിവിശേഷങ്ങളാണ്. അവർക്ക് വിദ്യാലയങ്ങളും സർവകലാശാലകളുമുണ്ട്. അവക്കെല്ലാം ഉത്തരവാദപ്പെട്ട ബോഡികളും ഉദ്യോഗസ്ഥന്മാരും അധ്യാപകരും അതിന്റെതായ ബജറ്റുകളുമുണ്ട്. അവർക്ക് (സലഫികൾക്ക്) ഇന്ത്യയിലും പാക്കിസ്ഥാനിലും ബംഗ്ലാദേശിലും മറ്റും സംഘടനകളുമുണ്ട്….ഈജിപ്തിലെയും സുഡാനിലേയും ‘അൻസ്വാറുസ്സുന്ന’ക്ക് വിദ്യാലയങ്ങളും പള്ളികളുമുണ്ട്. സംഘടിതമായ പ്രവർത്തനങ്ങളുമുണ്ട്. യമനിലും അങ്ങനെത്തന്നെ. ഒരു സലഫി പണ്ഡിതനാകട്ടെ, വിദ്യാർഥിയാകട്ടെ സംഘടിത പ്രവർത്തനത്തെ എതിർക്കുകയോ നിഷിദ്ധമെന്ന് പറയുകയോ അതിന്റെയാളുകളെ ബിദ്അത്തുകാരെന്ന് പറയുന്നതോ ആയി നാം കേട്ടിട്ടില്ല’’ (ജമാഅത്തുൻ വാഹിദ ലാജമാആത്ത്, പേജ് 52, 53).

ശൈഖ് ഇബ്‌നുബാസ് رحمه الله വിനോടുള്ള ഒരു ചോദ്യത്തിന് അദ്ദേഹം നൽകുന്ന മറുപടി ശ്രദ്ധേയമാണ്.

ചോദ്യം: അല്ലാഹുവിന്റെ മാർഗത്തിലേക്കുള്ള ദഅ്‌വത്തിൽ പരസ്പരം സഹായിക്കുകയും സഹകരിക്കുകയും ചെയ്യുന്നതിന്റെ വിധിയെന്താണ്? ചിലർ അത് നൂതനമായ ബിദ്അത്താണെന്ന് പറയുന്നു!

മറുപടി: അല്ലാഹുവിലേക്കുള്ള ദഅ്‌വത്തിന്റെ കാര്യത്തിൽ പരസ്പര സഹായം ആവശ്യമാണ്. അല്ലാഹു പറഞ്ഞപോലെ എല്ലാ നന്മയിലും അത് വേണം.

ﻭَﺗَﻌَﺎﻭَﻧُﻮا۟ ﻋَﻠَﻰ ٱﻟْﺒِﺮِّ ﻭَٱﻟﺘَّﻘْﻮَﻯٰ ۖ

പുണ്യത്തിലും ധര്‍മ്മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. (ഖു൪ആന്‍ :5/2)

നബി ﷺ പറഞ്ഞു: ‘ആരെങ്കിലും തന്റെ സഹോദരന്റെ ആവശ്യനിർവഹണത്തിൽ സഹായിച്ചാൽ അല്ലാഹു അവനെയും സഹായിക്കും.’

അല്ലാഹു പറയുന്നു:

وَٱلْعَصْرِ ‎﴿١﴾‏ إِنَّ ٱلْإِنسَٰنَ لَفِى خُسْرٍ ‎﴿٢﴾‏ إِلَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ وَتَوَاصَوْا۟ بِٱلْحَقِّ وَتَوَاصَوْا۟ بِٱلصَّبْرِ ‎﴿٣﴾‏

കാലംതന്നെയാണ് സത്യം. മനുഷ്യൻ തിരാനഷ്ടത്തിലാണ്. വിശ്വസിക്കുകയും സൽകർമങ്ങൾ അനുഷ്ഠിക്കുകയും സത്യംകൊണ്ടും ക്ഷമകൊണ്ടും പരസ്പരം ഉപദേശിക്കുകയും ചെയ്തവരൊഴികെ. (ഖുർആൻ:103/1-3)

ഒരുസംഘം ദഅ്‌വത്തിനുവേണ്ടി ഇറങ്ങിപ്പുറപ്പെട്ടാൽ അവർ നന്മയിലും തക്വ്‌വയിലും പരസ്പരം സഹായിക്കേണ്ടതുണ്ട് – ഏത് സ്ഥലത്തായിരുന്നാലും – ഇത് വളരെ നല്ല കാര്യമാണ്. നബി ﷺ എഴുപത് ക്വുർആൻ പണ്ഡിതന്മാരെ ദഅ്‌വത്തിനും അധ്യാപനത്തിനുമായി ചില ഗോത്രങ്ങളിലേക്ക് അയച്ചിട്ടുണ്ട്. വ്യക്തികളും സംഘങ്ങളുമായി പ്രബോധകരെ മതാധ്യാപനത്തിന് അവിടുന്ന് അയക്കാറുണ്ട്. ഇസ്‌ലാം സ്വീകരിച്ച അൻസ്വാറുകളെ പഠിപ്പിക്കുന്നതിന് വേണ്ടി മിസ്അബ്ബ്‌നു ഉമൈര്‍ رضي الله عنه വിനെ ഹിജ്‌റക്ക് മുമ്പ് മദീനയിലേക്ക് അയച്ചു’’ (ശൈഖ് ഇബ്‌നുബാസിന്റെ മജ്മൂഉൽ ഫതാവാ, പേജ് 178, 179; ഭാഗം 8).

സംഘടന തിന്മയാണെന്ന് പറയാൻ ചിലർ തെളിവായുദ്ധരിക്കുന്നത് ഹുദൈഫ رضي الله عنه വിന്റെ ഒരു ഹദീസാണ്. എന്നാൽ സംഘടന തിന്മയല്ല; നന്മയാണ് എന്ന് പറയുന്ന പണ്ഡിതന്മാർ ആ ഹദീസ് കാണാത്തവരോ ഗ്രഹിക്കാത്തവരോ അല്ല.

ശൈഖ് ഇബ്‌നുബാസ് رحمه الله തന്നെ പറയുന്നത് കാണുക:

“ഇങ്ങനെ തൗഹീദിലേക്കും ക്വുർആനിലേക്കും ക്ഷണിക്കുന്ന എത് സംഘടനയും ഇസ്‌ലാമിക സംഘടനയാണ്. ഏത് സ്ഥലത്തായിരുന്നാലും ശരീഅത്ത് അനുധാവനം ചെയ്യുന്ന ഭരണാധികാരിയുടെ കീഴിലല്ലാതിരുന്നാലും ശരി. ഓരോ സത്യാന്വേഷിക്കും കരണീയമായിട്ടുള്ളത് ഉപരിസൂചിത സംഘത്തോടൊപ്പം ചേരലും സഹായിക്കലും അവരുടെ അംഗബലം അധികരിപ്പിക്കലുമാണ്. കാരണം അത് പ്രസിദ്ധമായ, ഹുദൈഫ رضي الله عنه വിന്റെ ഹദീസിന്റെ താൽപര്യമാണ്’’ (ഇബ്‌നുബാസിന്റെ ഫത്‌വ, 13/01/1402ൽ ഇറങ്ങിയത്. ഹുക്മുൽ അമലിൽ ജമാഈ, പേജ്41).

رضي الله عنه വിന്റെ ഹദീസിനെക്കുറിച്ച് ഇബ്‌നുബാസിനോടുള്ള ഒരു ചോദ്യവും അതിനുള്ള മറുപടിയും കാണുക:

ചോദ്യം: ഹുദൈഫ رضي الله عنه വിന്റെ ഹദീസിലൂടെ വെടിയുവാൻ കൽപിക്കപ്പെട്ട കക്ഷികൾ സലഫി, ഇഖ്‌വാനി, തബ്‌ലീഗി പോലുള്ള ഇസ്‌ലാമിക സംഘടനകളാണെന്ന് പറയുന്നവരുണ്ട്. ഈ വിഷയത്തിൽ അങ്ങയുടെ അഭിപ്രായമെന്താണ്?

ഉത്തരം: ഈ മഹത്തായ നബിവചനം നമുക്ക് വ്യക്തമാക്കിത്തരുന്നത് മുസ്‌ലിം ജമാഅത്തിനോ (സംഘത്തോ)ടൊപ്പം നിൽക്കൽ അനിവാര്യമാണെന്നാണ്. ഏത് പ്രദേശത്തായിരുന്നാലും; അത് അറേബ്യയിലുള്ള സംഘമാവട്ടെ, അതല്ലെങ്കിൽ ഈജിപ്തിലോ, ശാമിലോ, ഇറാഖിലോ, അമേരിക്കയിലോ, യൂറോപ്പിലോ ഉള്ളതാവട്ടെ; എവിടെയായിരുന്നാലും അവേരാടൊത്ത് സഹകരിക്കുകയാണ് വേണ്ടത്.

ഒരു മുസ്‌ലിം സത്യത്തിലേക്ക് ക്ഷണിക്കുന്ന ഒരു സംഘത്തെ എപ്പോൾ കണ്ടാലും അവരോടൊപ്പം നിൽക്കുകയും അവരെ സഹായിക്കുകയും ചെയ്യേണ്ടതുണ്ട്. സത്യത്തിലും അറിവിലും അവരെ സഹായിക്കുകയും പ്രോ ത്‌സാഹിപ്പിക്കുകയും വേണം. ഒരു നിലക്കും ഒരു ഇസ്‌ലാമിക സംഘം (ജമാഅത്ത്) അവിടെ അവൻ കണ്ടില്ലെങ്കിൽ സത്യത്തെ പിൻപറ്റുകയാണ് ചെയ്യേണ്ടത്. അതാണ് ജമാഅത്ത്. അവൻ തനിച്ചാണെങ്കിലും. ഇബ്‌നു മസ്ഊദ് رضي الله عنه അംറ്ബ്‌നു മൈമൂൻ رضي الله عنه വിനോട് പറഞ്ഞപോലെ: ‘നീ തനിച്ചാണെങ്കിലും സത്യത്തോട് യോജിക്കുന്നതിനാണ് അൽജമാഅത്ത് എന്ന് പറയുക.’

അപ്പോൾ ഒരു മുസ്‌ലിമിന്റെ ബാധ്യത സത്യം അന്വേഷിക്കുക എന്നതാണ്. അങ്ങനെ സത്യത്തിലേക്ക് ക്ഷണിക്കുന്ന വല്ല ഇസ്‌ലാമിക് സെന്ററോ സംഘടനയോ അവൻ കണ്ടെത്തിയാൽ യൂറോപ്പിലോ ആഫ്രിക്കയിലോ മേറ്റത് പ്രദേശത്തായിരുന്നാലും അവർ ക്വുർആനിലേക്കും സുന്നത്തിലേക്കും ശരിയായ വിശ്വാസ ആദർശങ്ങളിലേക്കുമാണ് ക്ഷണിക്കുന്നതെങ്കിൽ അവരോടൊപ്പം നിൽക്കുകയും സത്യമന്വേഷിക്കുകയും അതിൽ സഹനമവലംബിക്കുകയും സത്യത്തിന്റെ ആളുകളോടൊപ്പമാവുകയുമാണ് വേണ്ടത്.

ഇതാണ് ഒരു മുസ്‌ലിമിന് അനിവാര്യമായിട്ടുള്ളത്. എന്നാൽ സത്യത്തിലേക്ക് ക്ഷണിക്കുന്ന ഒരു രാഷ്ട്രമോ സംഘടനയോ അവന് കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ അവൻ തനിച്ച് സത്യത്തെ പിൻപറ്റി നേരെചോവ്വെ നിലനിൽക്കുകയാണ് വേണ്ടത്. അപ്പോൾ അതായിരിക്കും അൽജമാഅത്ത്; അംറ്ബ്‌നു മൈമൂനിനോട് ഇബ്‌നുമസ്ഊദ്  പറഞ്ഞപോലെ.

അൽഹംദുലില്ലാഹ്! നമ്മുടെ ഈ കാലഘട്ടത്തിൽ സത്യത്തിലേക്ക് ക്ഷണിക്കുന്ന നിരവധി സംഘങ്ങളുണ്ട്. അറേബ്യൻ ഉപഭൂഖണ്ഡത്തിലെ സുഊദി ഭരണകൂടവും യമനിലും ഈജിപ്തിലും ശാമിലും ആഫ്രിക്കയിലും യൂറോപ്പിലും അമേരിക്കയിലും ഇന്ത്യയിലും പാക്കിസ്ഥാനിലും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലുമെല്ലാം ധാരാളം ഇസ്‌ലാമിക സംഘടനകളും ഇസ്‌ലാമിക് സെന്ററുകളും സത്യത്തിലേക്ക് ക്ഷണിക്കുകയും സന്തോഷവാർത്തയറിയിക്കുകയും തിന്മയെകുറിച്ച് താക്കീത് നൽകുകയും ചെയ്യുന്നുണ്ട്.

അപ്പോൾ സത്യാന്വേഷിയായ ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം ഏത് പ്രദേശത്തായിരുന്നാലും ഈ സംഘങ്ങളെക്കുറിച്ച് അന്വേഷിക്കുകയാണ് വേണ്ടത്. അങ്ങനെ ക്വുർആനിലേക്കും സുന്നത്തിലേക്കും ക്ഷണിക്കുന്ന ഏതെങ്കിലും സംഘത്തെയോ സെന്ററോ സംഘടനയോ അവൻ കണ്ടെത്തിയാൽ അതിനോടൊപ്പം ചേരേണ്ടതാണ്. (ഈജിപ്തിലെയും സുഡാനിലെയും അൻസ്വാറുസ്സുന്ന, ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും അഹ്‌ലെ ഹദീസ് പോലുള്ള) ക്വുർആനിലേക്കും സുന്നത്തിലേക്കും ക്ഷണിക്കുന്ന, ഇബാദത്ത് അല്ലാഹുവിന് മാത്രം നിഷ്‌കളങ്കമാകുന്നതിനും അവനോടൊപ്പം ക്വബ്‌റാളികളെയും മറ്റും വിളിച്ച് പ്രാർഥിക്കാത്ത സംഘടനകളിൽ ചേർന്ന് പ്രവർത്തിക്കുകയാണ് വേണ്ടത്’’ (ശൈഖ് ഇബ്‌നുബാസിന്റെ മജ്മൂഉൽ ഫതാവാ, പേജ് 179-181, ഭാഗം 8).

മറ്റൊരു ചോദ്യത്തിന് മറുപടിയായി ഇബ്‌നുബാസ് رحمه الله പറയുന്നു:

“അല്ലാഹുവിന്റെ കിതാബിലേക്കും തിരുദൂതരുടെ ചര്യയിലേക്കും ക്ഷണിക്കുന്നവൻ പിഴച്ച കക്ഷികളിൽപെട്ടവനല്ല. പ്രത്യുത രക്ഷപ്പെടുന്ന വിഭാഗമെന്ന് പ്രവാചക വചനത്തിലൂടെ പറയപ്പെട്ട (അൽഫിർക്വത്തുന്നാജിയ) വിഭാഗത്തിലാണ് പെടുക. ‘ജൂതന്മാർ 71 കക്ഷികളായി പിരിഞ്ഞു; ക്രിസ്ത്യാനികൾ 72 കക്ഷികളായും. എന്റെ ഉമ്മത്ത് 73 കക്ഷികളായി പിരിയും. ഒന്നൊഴികെയുള്ള 72ഉം നരകാവകാശികളാണ്. ചോദിക്കപ്പെട്ടു: ‘പ്രവാചകരേ, ഏതാണ് ആ രക്ഷപ്പെടുന്ന വിഭാഗം?’ അവിടുന്ന് പറഞ്ഞു: ‘ഞാനും എന്റെ സ്വഹാബത്തും ഇന്ന് ഏതൊന്നിലാണോ നിലകൊള്ളുന്നത് ആ മാർഗത്തിലുള്ളവർ.’ മറ്റൊരു റിപ്പോർട്ടിൽ ‘അതാണ് അൽജമാഅത്ത്’ എന്നുണ്ട്. അതായത്, രക്ഷപ്പെടുന്ന വിഭാഗമെന്ന് പറഞ്ഞാൽ പ്രവാചകനും അനുചരന്മാരും നിലനിന്ന നേരായ മാർഗത്തിൽ നിലകൊള്ളുന്നവർ…’’

ചുരുക്കത്തിൽ, സത്യത്തിൽ നേരെചൊവ്വെ നിലകൊള്ളുക എന്നതാണ് മാനദണ്ഡം. ഒരാളോ ഒരു സംഘമോ അല്ലാഹുവിന്റെ കിതാബിലേക്കും പ്രവാചകന്റെ സുന്നത്തിലേക്കും തൗഹീദിലേക്കും അല്ലാഹുവിന്റെ ശരീഅത്തിലേക്കും വിളിക്കുന്നതായിട്ടുണ്ടെങ്കിൽ അവർതന്നെയാണ് അൽജമാഅത്ത്. അവരാണ് രക്ഷപ്പെടുന്ന കക്ഷി. എന്നാൽ ആരെങ്കിലും അല്ലാഹുവിന്റെ കിതാബിലേക്കും പ്രവാചകചര്യയിലേക്കുമല്ലാത്ത മറ്റെന്തെങ്കിലിലേക്കും ക്ഷണിക്കുന്നുണ്ടെങ്കിൽ അത് അൽജമാഅത്തിൽ പെട്ടതാവില്ല. പ്രത്യുത നാശത്തിന്റെ പിഴച്ച കക്ഷിയിലാണത് പെടുക. രക്ഷയുടെ കക്ഷി എന്നത് ക്വുർആനിലേക്കും സുന്നത്തിലേക്കും ക്ഷണിക്കുന്നവരാണ്’’ (ശൈഖ് ഇബ്‌നുബാസിന്റെ ഫത്‌വാസമാഹാരം. ഭാഗം 8, പേജ് 182).

ശൈഖ് ഇബ്‌നുബാസ് رحمه الله വിനോട് ഇതുസംബന്ധമായി വന്ന ഒരു ചോദ്യവും അതിനുള്ള മറുപടിയും കാണുക:

ചോദ്യം: ചിലർ പറയാറുള്ളതുപോലെ ദഅ്‌വത്തിനുവേണ്ടിയുള്ള സംഘടന ബിദ്അത്തായ സംഗതിയാണോ?

മറുപടി: “സംഘടന ബിദ്അത്തല്ല. ബാധ്യതാ നിർവഹണത്തിന് ഏറെ സഹായകമാണ് സംഘടന. പരസ്പരം കൂടിയാലോചിക്കുന്ന ഒരു ആലോചനാ സമിതിയും അവർക്ക് അവലംബിക്കാവുന്ന ഒരു നേതൃത്വവും ഉണ്ടാകണം. ഇത് അതിമഹത്തരവും വിജയകാരണങ്ങളിൽ പെട്ടതുമാണ്. വ്യവസ്ഥാപിതമല്ലാത്ത പ്രവർത്തനങ്ങളെക്കാൾ വിജയസാധ്യത വ്യവസ്ഥാപിത പ്രവർത്തനങ്ങൾക്കാണുള്ളത്. അല്ലാഹുവിലേക്ക് ദഅ്‌വത്തിനായുള്ള സംഘടന ജനങ്ങൾക്ക് നന്മ പഠിപ്പിക്കുന്നതിനും പള്ളിപരിപാലനങ്ങൾക്കും മറ്റും വ്യവസ്ഥാപിതമായി പ്രവർത്തിക്കുകയാണ് വേണ്ടത്. അതിൽ ധാരാളം നന്മയുണ്ട്. അത് ബിദ്അത്തല്ല. മറിച്ച് ശറഇൽപെട്ടതുതന്നെയാണ്.’’

(ശൈഖ് ഫൗസാന്റെ അംഗീകാരത്തോടെ പ്രസിദ്ധീകരിക്കപ്പെട്ട ‘ഹുക്മുൽ അമലിൽ ജമാഈ ഫിൽ ഇസ്‌ലാം’ (സംഘടിത പ്രവർത്തനത്തിന്റെ മതവിധി) എന്ന ഗ്രന്ഥത്തിൽനിന്ന്, പേജ് 43).

ശൈഖ് ഉസൈമീൻ رحمه الله യും ഇപ്രകാരംതന്നെ പറയുന്നു: “കൂട്ടായ്മയില്ലാതെ ചിതറിക്കിടക്കുന്ന സമൂഹത്തിന് ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ കഴിയുകയില്ല. മനുഷ്യൻ സാമൂഹ്യ പ്രകൃതിയുള്ളവനാണ്. ഏത് കാര്യത്തിനും അല്ലാഹുവിന്റെ സഹായം കഴിഞ്ഞാൽ പിന്നെ സൃഷ്ടികളിൽനിന്നുതന്നെ സഹായിക്കുന്നവരുണ്ടാകേണ്ടത് ആവശ്യമാണ്. അതിന്റെ അടിസ്ഥാനത്തിൽ ഞാൻ അഭിപ്രായപ്പെടുന്നത് ന്യൂനപക്ഷ പ്രദേശങ്ങളിൽ അല്ലാഹുവിലേക്ക് ദഅ്‌വത്ത് നടത്തുന്ന സംഘടന രൂപീകരിക്കണമെന്നാണ്. അവർക്ക് അവലംബിക്കാവുന്ന ഒരു നേതാവുമുണ്ടായിരിക്കണം’’ (അഹമ്മിയത്തുൽ ഇൽതിസാം ബിൽഇസ്‌ലാം, പേജ് 33).

മേൽവിവരിച്ചതിൽനിന്ന് താഴെ പറയുന്ന കാര്യങ്ങൾ നമുക്ക് ഗ്രഹിക്കാവുന്നതാണ്:

1. ഇസ്‌ലാം കൂട്ടായ്മക്ക് വളരെ പ്രാധാന്യം നൽകുന്നു. ഭിന്നിപ്പിനെ വിരോധിക്കുന്നു.

2. ദഅ്‌വത്തിനുവേണ്ടിയുള്ള കൂട്ടായ്മ തിന്മയല്ല; നന്മയാണ്.

3. കൂട്ടായ പ്രവർത്തനത്തിലൂടെ പല സംഗതികളും കൂടുതൽ എളുപ്പത്തിലും പൂർണതയിലും ചെയ്യുവാൻ കഴിയും. ദഅ്‌വത്തിന്റെ കാര്യവും ഇതിൽനിന്നൊഴിവല്ല.

4. ഐക്യം ശക്തി പകരുമ്പോൾ ഭിന്നത ശക്തി ക്ഷയിപ്പിക്കുന്നു.

 

ശമീർ മദീനി

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *