മരിച്ചാലും പ്രതിഫലം ലഭിക്കുന്ന ക൪മ്മങ്ങള്‍

ജീവിതകാലത്ത് ഓരോ നിമിഷവും  എന്തെങ്കിലും നന്‍മകള്‍ പ്രവ൪ത്തിക്കാന്‍ ആഗ്രഹിക്കുകയും അതിന് വേണ്ടി പരിശ്രമിക്കുകയും ചെയ്യുന്നവരാണ് യഥാ൪ത്ഥ സത്യവിശ്വാസികള്‍. കാരണം നൈമിഷികമായ ഈ ജീവിതത്തില്‍ മരണം വരെ മാത്രമേ  നന്‍മകള്‍ ചെയ്യാന്‍ അവസരമുള്ളൂ. മരണശേഷം ക൪മ്മങ്ങള്‍ ചെയ്യാനുള്ള അവസരം അല്ലാഹു മനുഷ്യന് നല്‍കിയിട്ടല്ല. എന്നാല്‍ മനുഷ്യരുടെ മരണശേഷവും പ്രതിഫലം ലഭിക്കുന്ന ചില ക൪മ്മങ്ങളെ കുറിച്ച് നബി(സ്വ) നമുക്ക് പഠിപ്പിച്ച് തന്നിട്ടുണ്ട്. ആ ക൪മ്മങ്ങള്‍ നമ്മുടെ ഈ ജീവിതത്തില്‍  ചെയ്യുകയാണെങ്കില്‍ അതിന്റെ പ്രതിഫലത്തിന്റെ ഒരു ഓഹരി നമ്മുടെ മരണശേഷവും നമ്മിലേക്ക് വന്നുചേരും.

إِنَّا نَحْنُ نُحْىِ ٱلْمَوْتَىٰ وَنَكْتُبُ مَا قَدَّمُوا۟ وَءَاثَٰرَهُمْ ۚ وَكُلَّ شَىْءٍ أَحْصَيْنَٰهُ فِىٓ إِمَامٍ مُّبِينٍ

തീര്‍ച്ചയായും നാം തന്നെയാണ് മരിച്ചവരെ ജീവിപ്പിക്കുന്നത്‌. അവര്‍ ചെയ്തു വെച്ചതും അവരുടെ (പ്രവര്‍ത്തനങ്ങളുടെ) അനന്തരഫലങ്ങളും നാം എഴുതിവെക്കുകയും ചെയ്യുന്നു. എല്ലാകാര്യങ്ങളും വ്യക്തമായ ഒരു രേഖയില്‍ നാം നിജപ്പെടുത്തി വെച്ചിരിക്കുന്നു. (ഖു൪ആന്‍ :36/12)

അബ്ദുല്ലാഹില്‍ ബജലിയില്‍ (റ) നിന്നും നിവേദനം: നബി(സ്വ) പറഞ്ഞു; ‘ഒരാളൊരു നല്ല നടപടിക്രമം നടപ്പിലാക്കിയാല്‍,അവന് അതിന്റെ പ്രതിഫലവും, അവനു ശേഷം അതനുസരിച്ച് പ്രവര്‍ത്തിക്കുന്നവരുടെ പ്രതിഫലവും – അവരുടെ പ്രതിഫലങ്ങളില്‍ ഒട്ടും കുറവ് വരാതെത്തന്നെ- ഉണ്ടായിരിക്കും. ഒരാള്‍ ഒരു ദുഷിച്ച നടപടി നടപ്പാക്കിയാല്‍, അവനു അതിന്റെ കുറ്റവും, അതനുസരിച്ച് പ്രവര്‍ത്തിക്കുന്നവരുടെ കുറ്റവും – അവരുടെ കുറ്റങ്ങളില്‍ ഒട്ടും കുറവ് വരാതെ തന്നെ- ഉണ്ടായിരിക്കുന്നതുമാണ്.’ പിന്നീട് നബി (സ്വ) ونكتب ما قدمو وآثارهم എന്ന ആയത്ത്  ഓതുകയും ചെയ്തു.( أخرجه ابن ابي حاتم )

നാം ചെയ്തിട്ടുള്ള എല്ലാ കര്‍മ്മങ്ങളും അതിന്റെ പ്രവര്‍ത്തന ഫലങ്ങളും അല്ലാഹു   രേഖപ്പെടുത്തിവെക്കുന്നുവെന്നാണ് അല്ലാഹു വ്യക്തമാക്കുന്നത്. നമ്മുടെ മരണശേഷവും പ്രതിഫലം ലഭിക്കുന്ന  ക൪മ്മങ്ങള്‍ ഏതാണെന്ന് നബി(സ്വ) നമുക്ക് പഠിപ്പിച്ച് തന്നിട്ടുണ്ട്.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ ‏ “‏ إِنَّ مِمَّا يَلْحَقُ الْمُؤْمِنَ مِنْ عَمَلِهِ وَحَسَنَاتِهِ بَعْدَ مَوْتِهِ عِلْمًا عَلَّمَهُ وَنَشَرَهُ وَوَلَدًا صَالِحًا تَرَكَهُ وَمُصْحَفًا وَرَّثَهُ أَوْ مَسْجِدًا بَنَاهُ أَوْ بَيْتًا لاِبْنِ السَّبِيلِ بَنَاهُ أَوْ نَهْرًا أَجْرَاهُ أَوْ صَدَقَةً أَخْرَجَهَا مِنْ مَالِهِ فِي صِحَّتِهِ وَحَيَاتِهِ يَلْحَقُهُ مِنْ بَعْدِ مَوْتِهِ ‏”‏ ‏.‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം : അല്ലാഹുവിന്റെ റസൂൽ(സ്വ) പറഞ്ഞു: സത്യവിശ്വാസിക്ക് തന്റെ മരണശേഷവും വന്നണയുന്ന അമലുകളില്‍ പെട്ടതാണ് താന്‍ പഠിപ്പിച്ചതും പ്രചരിപ്പിച്ചതുമായ അറിവ്, താന്‍ (ദുന്‍യാവില്‍) ഉപേക്ഷിച്ച സ്വാലിഹായ സന്താനം, അല്ലെങ്കില്‍ അനന്തരമാക്കിയ മുസ്ഹഫ്, അല്ലെങ്കില്‍ നി൪മ്മിച്ച പള്ളി, അല്ലെങ്കില്‍ താന്‍ വഴി യാത്രക്കാ൪ക്ക് വേണ്ടി നി൪മ്മിച്ച വീട്,  അല്ലെങ്കില്‍ ഒഴുക്കിയ പുഴ, അല്ലെങ്കില്‍ തന്റെ ജീവിത കാലത്തും ആരോഗ്യ സമയത്തും താന്‍ നല്‍കിയ സ്വദഖ എന്നിവയെല്ലാം. ഇവ അവന്റെ മരണശേഷവും അവന്റെയടുത്ത് വന്നുചേരുന്നതാണ്. (ഇബ്നുമാജ:242 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

അനസ്(റ) നിവേദനം, നബി ﷺ പറഞ്ഞു: “മരണശേഷവും തന്റെ ക്വബ്‌റിലേക്ക് പ്രതിഫലം ഒഴുകി ക്കൊണ്ടിരിക്കുന്ന ഏഴ് കാര്യങ്ങളുണ്ട്. ആരെങ്കിലും ഒരു അറിവ് പഠിപ്പിച്ചുകൊടുത്താൽ, അല്ലെങ്കിൽ ഒരു നദി ഒഴുക്കിയാൽ, അല്ലെങ്കിൽ ഒരു കിണർ കുഴിച്ച് കൊടുത്താൽ, അല്ലെങ്കിൽ ഒരു ചെടി നട്ടാൽ, അല്ലെങ്കിൽ ഒരു പള്ളി നിർമിക്കുകയോ ഒരു മുസ്വ‌്‌ഹഫ്അനന്തരമായി നൽകുകയോ തന്റെ മരണശേഷം തനിക്ക് വേണ്ടി ഇസ്തിഗ്ഫാർ നടത്തുന്ന ഒരു സന്താനത്തെ വിട്ടേച്ച് പോവുകയോ ചെയ്താൽ (ഇവയുടെ പ്രതിഫലം തന്റെ ക്വബ്‌റിലേക്ക് ഒഴുകിക്കൊണ്ടിരിക്കും).’’

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ : إِذَا مَاتَ الإِنْسَانُ انْقَطَعَ عَنْهُ عَمَلُهُ إِلاَّ مِنْ ثَلاَثَةٍ إِلاَّ مِنْ صَدَقَةٍ جَارِيَةٍ أَوْ عِلْمٍ يُنْتَفَعُ بِهِ أَوْ وَلَدٍ صَالِحٍ يَدْعُو لَهُ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം : റസൂൽ(സ്വ) പറഞ്ഞു: ആദമിന്റെ മക്കൾ മരണപ്പെട്ടു കഴിഞ്ഞാൽ മൂന്ന് കാര്യങ്ങളല്ലാത്തതെല്ലാം അവരിൽ നിന്ന് മുറിഞ്ഞു പോകുന്നതാണ്. നിലനിൽക്കുന്ന ദാനധർമ്മം, ഉപകാരപ്രദമായ വിജ്ഞാനം, അവനുവേണ്ടി പ്രാർത്ഥിക്കുന്ന നല്ലവരായ സന്താനങ്ങൾ എന്നിവയാണത്. (മുസ്‌ലിം: 1631 )

1. പഠിപ്പിച്ചതും പ്രചരിപ്പിച്ചതുമായ അറിവ്

ഇസ്ലാമികപരമായഅറിവ് നേടുകയും ജീവിതത്തില്‍ പക൪ത്തുകയും ചെയ്യുന്നതോടൊപ്പം അത് മറ്റുള്ളവ൪ക്ക് പകർന്നുകൊടുക്കുകയും ചെയ്യേണ്ടതാണ്. അപ്രകാരം അറിവ് എത്തിച്ചു കൊടുക്കുന്നവ൪ക്ക് ധാരാളം പ്രതിഫലങ്ങൾ വാഗ്‌ദാനം ചെയ്യപ്പെട്ടിട്ടുണ്ട്‌.

قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ دَلَّ عَلَى خَيْرٍ فَلَهُ مِثْلُ أَجْرِ فَاعِلِهِ

നബി (സ്വ) പറയുന്നു:ആരെങ്കിലും ഒരാള്‍ക്ക് ഒരു നന്മ കാണിച്ചുകൊടുത്താല്‍ അത് പ്രവര്‍ത്തിച്ചവന് ലഭിക്കുന്ന പ്രതിഫലത്തിന് സമാനമായ പ്രതിഫലം അവനും (കാണിച്ച് കൊടുത്തവനും) ലഭിക്കുന്നു.( മുസ്‌ലിം:1893)

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ:مَنْ دَعَا إِلَى هُدًى كَانَ لَهُ مِنَ الأَجْرِ مِثْلُ أُجُورِ مَنْ تَبِعَهُ لاَ يَنْقُصُ ذَلِكَ مِنْ أُجُورِهِمْ شَيْئًا

നബി (സ്വ) പറഞ്ഞു:ആരെങ്കിലും ഒരാളെ ഒരു സല്‍പ്രവര്‍ത്തിയിലേക്ക് ക്ഷണിച്ചാല്‍, ആ ക്ഷണം സ്വീകരിക്കുന്നവരുടെ പ്രതിഫലത്തിന് തുല്യമായ പ്രതിഫലം ക്ഷണിക്കുന്നവനും ലഭിക്കും. അതുമൂലം അവരില്‍ ഏതെങ്കിലും ഒരാളുടെ പ്രതിഫലത്തിന് യാതൊരു കുറവും സംഭവിക്കില്ല.(മുസ്‌ലിം:2674)

قال الإمام ابن الجوزي رحمه الله من أحبه ألا ينقطع عمله بعد موته فلينشر العلم!

ഇമാം ഇബ്ൻ അൽ ജൗസി (رحمه الله) പറഞ്ഞു :മരണശേഷവും തന്റെ അമലുകൾ നിലക്കരുതെന്ന് ആഗ്രഹിക്കുന്നവൻ അറിവ് പ്രചരിപ്പിച്ചുകൊള്ളട്ടെ! [അത്തദ്കിറ :പേജ്-55]

നാം മരണപ്പെട്ട് ഖബ്റിലെത്തിയാലും, നാം പഠിപ്പിച്ചു കൊടുത്ത അറിവ് ഉപയോഗിച്ച് ആരൊക്കെ അമല്‍ ചെയ്യുന്നുവോ (പ്രവ൪ത്തിക്കുന്നുവോ) അതിന്റെ ഒരു ഓഹരി അവ൪ക്ക് കുറയാതെ തന്നെ നമുക്കും ലഭിക്കും.

2.  സ്വാലിഹായ സന്താനം

സന്താനങ്ങള്‍ ധാര്‍മിക ബോധമുള്ളവരാകാന്‍ ആവശ്യമായ മാ൪ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടത് രക്ഷിതാക്കളുടെ ചുമതലയാണ്. മാതാപിതാക്കള്‍ ആ കടമ നി൪വ്വഹിക്കുകയും മക്കള്‍ സ്വാലിഹായ അവസ്ഥയിലാകുകയും ചെയ്താല്‍   ആ മക്കളുടെ ജീവിതകാലത്ത് നി൪വ്വഹിക്കുന്ന സല്‍ക൪മ്മങ്ങളുടെ ഒരു ഓഹരി അവ൪ക്ക് കുറയാതെ തന്നെ മാതാപിതാക്കള്‍ക്കും ലഭിക്കും. കാരണം അവ൪ ഈ സല്‍പാന്ഥാവിലാകാനുള്ള കാരണം മാതാപിതാക്കളാണ്.

അബൂഉമാമതുല്‍ ബാഹിലി(റ)യില്‍ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: ”നാലു കൂട്ടര്‍, അവരുടെ പ്രതിഫലങ്ങള്‍ മരണശേഷവും അവര്‍ക്ക് വന്നുകൊണ്ടിരിക്കും. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അതിര്‍ത്തിയില്‍ കാവല്‍നില്‍ക്കുന്നയാള്‍, ഒരാള്‍ ഒരു കര്‍മം ചെയ്തു; അയാള്‍ ചെയ്തതുപോലുള്ളത് അയാള്‍ക്ക് വന്നു കൊണ്ടിരിക്കും. ഒരാള്‍ ഒരു ദാനം ചെയ്തു; പ്രസ്തുത ദാനംനിലനില്‍ക്കുന്ന കാലമത്രയും അതിന്റെ പ്രതിഫലം അയാള്‍ക്കുണ്ടായിരിക്കും. ഒരാള്‍ സല്‍കര്‍മകാരിയായ സന്തതിയെ വിട്ടേച്ചു; പ്രസ്തുത സന്തതി അയാള്‍ക്കുവേണ്ടി പ്രാര്‍ഥന ചെയ്യുന്നു” (മുസ്‌നദു അഹ് മദ്. അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു).

عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: ” إِنَّ اللَّهَ عَزَّ وَجَلَّ لَيَرْفَعُ الدَّرَجَةَ لِلْعَبْدِ الصَّالِحِ فِي الْجَنَّةِ، فَيَقُولُ: يَا رَبِّ، أَنَّى لِي هَذِهِ؟ فَيَقُولُ: بِاسْتِغْفَارِ وَلَدِكَ لَكَ “

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: സദ്‌വൃത്തനായ ഒരു ദാസന്റെ സ്വര്‍ഗത്തിലെ പദവികള്‍ അല്ലാഹു ഉയര്‍ത്തിക്കൊണ്ടേയിരിക്കും. അപ്പോള്‍ അവന്‍ ചോദിക്കും: നാഥാ, ഇതെനിക്കെങ്ങനെ കിട്ടി? അല്ലാഹു പറയും: നിന്റെ സന്താനം നിനക്ക് വേണ്ടി പാപമോചനപ്രാര്‍ഥന നടത്തുന്നതുകൊണ്ട് (അഹ്മദ്).

3.അനന്തരമാക്കിയ മുസ്ഹഫ്

ഒരാള്‍ ഏതെങ്കിലും പള്ളികളിലേക്ക് മുസ്ഹഫ് വഖ്ഫ് ചെയ്തു അല്ലെങ്കില്‍ ഏതെങ്കിലും വ്യക്തികള്‍ക്ക് മുസ്ഹഫ് നല്‍കി. ശേഷം അയാള്‍ മരണപ്പെട്ടാലും പ്രസ്തുത  മുസ്ഹഫ് ഉപയോഗിച്ച് ആരൊക്കെ ഖു൪ആന്‍ പാരായണം ചെയ്യുന്നുവോ അത് പഠിക്കുകയും പഠിപ്പിക്കുകയും മനനം ചെയ്യുകയും ചെയ്യുന്നുവോ അതിന്റെ ഒരു ഓഹരി അവ൪ക്ക് കുറയാതെ തന്നെ ഇയാള്‍ക്കും  ലഭിക്കും.

4.പള്ളി നി൪മ്മാണം

مَنْ بَنَى لِلَّهِ مَسْجِدًا بَنَى اللَّهُ لَهُ مِثْلَهُ فِي الْجَنَّةِ

നബി (സ്വ) പറഞ്ഞു: ‘ആരെങ്കിലും അല്ലാഹുവിന് വേണ്ടി ഒരു പള്ളി നിര്‍മിച്ചാല്‍ അല്ലാഹു അയാള്‍ക്ക്‌ അതുപോലുള്ള ഒരു വീട് സ്വര്‍ഗത്തില്‍ പകരം നല്‍കും.’ (തിര്‍മിദി : 2/170)

അല്ലാഹുവിന് വേണ്ടി ഒരു പള്ളി നിര്‍മിച്ചാല്‍ അല്ലാഹു അയാള്‍ക്ക്‌  സ്വര്‍ഗത്തില്‍ ഒരു വീട് പകരം നല്‍കുമെന്ന് നബി(സ്വ) നമുക്ക് പഠിപ്പിച്ച് തന്നിട്ടുണ്ട്. അതുമാത്രമല്ല, ആ പള്ളി നിലനില്‍ക്കുന്ന കാലത്തോളം അവിടെ നടക്കുന്ന ഇബാദത്തുകളുടേയും സല്‍പ്രവ൪ത്തികളുടയും ഒരു ഓഹരി  ഇയാള്‍ക്കും ലഭിക്കും. കാരണം ആ പള്ളി നി൪മ്മിക്കാന്‍ ഇയാള്‍ കാരണക്കാരനാണ്. ഒറ്റക്ക് ഒരു പള്ളി നി൪മ്മിക്കാന്‍ ശേഷി ഇല്ലാത്തവ൪ മറ്റുള്ളവരോടൊപ്പം അതില്‍ പങ്കാളികളാകാവുന്നതാണ്.

5.വഴി യാത്രക്കാ൪ക്ക് വേണ്ടി നി൪മ്മിച്ച വീട്

വഴി യാത്രക്കാ൪ക്ക് വിശ്രമിക്കുന്നതിനായി ഒരു വീടോ അല്ലെങ്കില്‍ വെയിലിലും മഴയിലും സുരക്ഷിതത്വും ലഭിക്കുന്നതിന് വേണ്ടി ഒരു   വെയിറ്റിംഗ് ഷെഡോ ആരെങ്കിലും നി൪മ്മിച്ചാല്‍ അതുമല്ലെങ്കില്‍ ആളുകള്‍ക്ക് തണല്‍ ലഭിക്കുന്നതിനായി ഒരു മരം നട്ടുവള൪ത്തിയാല്‍, എത്രകാലം അവിടെ ആരൊക്കെ വിശ്രമിക്കുന്നുവോ ആരൊക്കെ തണല്‍ കൊള്ളുന്നുവോ  അതിനെല്ലാം കാരണക്കാരനായ ഇവന് അതിന്റെ പ്രതിഫലം ലഭിച്ചുകൊണ്ടേയിരിക്കും.

6. ഒഴുക്കിയ പുഴ

ജല സ്ത്രോതസ്സ് ഒഴുക്കി, അല്ലെങ്കില്‍ ഒരു കിണ൪ കുഴിച്ചു, ശേഷം അയാള്‍ മരണപ്പെട്ടാലും എത്രകാലം അവിടെ നിന്ന്  ആരൊക്കെ വെള്ളം ഉപയോഗിക്കുന്നുവോ അതിന്റെ പ്രതിഫലം അതിന് കാരണക്കാരനായ ഇയാള്‍ക്കും ലഭിക്കും.

7. ജാരിയായ സ്വദഖ

ഏതെങ്കിലും നന്‍മക്ക് വേണ്ടിയോ അല്ലെങ്കില്‍ ആളുകള്‍ക്ക് ഉപകാരം ലഭിക്കുന്ന എന്തെങ്കിലും സംരഭത്തിന് വേണ്ടിയോ ആരെങ്കിലും സ്വദഖ ചെയ്താല്‍ അവ നിലനില്‍ക്കുന്ന കാലത്തോളം ഇത്തരം ജാരിയായ സ്വദഖകളുടെ പ്രതിഫലം അവന് ലഭിക്കും. ഉദാഹരണത്തിന് ഒരു ഇസ്ലാമിക കോളേജിനോ ഖു൪ആന്‍ സ്റ്റഡീ സെന്ററിനോ ആരെങ്കിലും സ്വദഖ ചെയ്താല്‍ ആ സ്ഥാപനങ്ങള്‍ മുഖേനെയുള്ള എല്ലാ നന്‍മകളുടെ ഒരു ഓഹരി അത്  നിലനില്‍ക്കുന്ന കാലത്തോളം അവനും ലഭിക്കും. ഒരാള്‍ക്ക് ഒരു ഇസ്ലാമിക ഗ്രന്ഥം വാങ്ങിക്കൊടുത്തു, അല്ലെങ്കില്‍ ഇസ്ലാമിക പ്രഭാഷ‍ണങ്ങള്‍ കേള്‍ക്കുന്നതിന് ഒരു ശ്രവണ മാധ്യമം വാങ്ങിക്കൊടുത്തു, എങ്കില്‍ അവ൪ അങ്ങനെ ലഭിക്കുന്ന അറിവിന്റെ അടിസ്ഥാനത്തില്‍ ചെയ്യുന്ന എല്ലാ സല്‍ക൪മ്മങ്ങളുടേയും ഒരു ഓഹരി അതിന് കാരണക്കാരനായവനും ലഭിക്കും. ചുരുക്കത്തില്‍ ജാരിയായ സ്വദക്കളുടെ പ്രതിഫലം അവ കാരണമായ നന്‍മകള്‍ നിലനില്‍ക്കുന്ന കാലത്തോളം ലഭിച്ചുകൊണ്ടേയിരിക്കും.

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *