അവര്‍ ഭയപ്പെടേണ്ടതില്ല, ദുഃഖിക്കേണ്ടതുമില്ല. ആരാണവ൪?

വിശുദ്ധ ഖു൪ആനില്‍ ധാരാളം സ്ഥലത്തായി അല്ലാഹു ഒരു വിഭാഗത്തെ കുറിച്ച് لَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ – അവര്‍ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല, അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല. – എന്ന് പറഞ്ഞിട്ടുണ്ട്. പരലോകത്ത് ഒരു കാര്യത്തിലും അവ൪ക്ക് ഭയമോ ദുഖമോ വേണ്ടതില്ല. പരലോകത്ത് ഒരു കാര്യത്തിലും അവ൪ക്ക് ഭയപ്പെടാനില്ലെന്ന് മാത്രമല്ല ഐഹിക ജീവിതത്തില്‍ കഴിഞ്ഞുപോയ ജീവിതത്തെ കുറിച്ചും വിട്ടുപോകുന്ന മക്കള്‍, കുടുംബം തുടങ്ങിയവയെ പറ്റിയൊന്നും ദുഖിക്കേണ്ടതുമില്ല. ആരാണീ ഭാഗ്യവാന്‍മാ൪ ? ഈ വിഭാഗത്തില്‍ ഉള്‍പ്പെടാന്‍ നാം എന്താണ് ചെയ്യേണ്ടത്?

1. അല്ലാഹുവിന്റെ പക്കല്‍ നിന്നുള്ള മാര്‍ഗദര്‍ശനം വന്നെത്തുമ്പോള്‍ അത് പിന്‍പറ്റുന്നവ൪

മനുഷ്യവര്‍ഗത്തിന്റെ മാതാപിതാക്കളായ ആദമിനേയും (അ), ഹവ്വായേയും (അ) ഭൂമിയിലേക്കയക്കുമ്പോള്‍ അവര്‍ മുഖാന്തിരം മനുഷ്യ സന്താനങ്ങള്‍ക്കാകമാനം വേണ്ടി അല്ലാഹു ഒരു അറിയിപ്പ് നല്‍കിയിരുന്നു. ഭൂമിയിലെ ജീവിതം താല്‍ക്കാലികം മാത്രമാണ്. യഥാ൪ത്ഥ ജീവിതം പരലോക ജീവിതമാണ്. പരലോകത്ത് വിജയിക്കുന്നതിനുള്ള ഒരു പരീക്ഷാകാലം മാത്രമാണ് ഐഹിക ജീവിതം. ഇവിടെ ജീവിക്കുമ്പോള്‍ നന്മക്കും ഗുണത്തിനും ആവശ്യമായ മാര്‍ഗദര്‍ശനങ്ങള്‍ അല്ലാഹു പ്രവാചകന്‍മാരിലൂടെയും വേദഗ്രന്ഥങ്ങളിലൂടെയും നല്‍കിക്കൊണ്ടിരിക്കും. ആ മാര്‍ഗദര്‍ശനങ്ങള്‍ സ്വീകരിച്ച് അതുപ്രകാരം ഇവിടെ ജീവിതം നയിക്കുന്നപക്ഷം, ഇഹത്തിലോ പരത്തിലോ മനുഷ്യ൪ക്ക് യാതൊന്നും ഭയപ്പെടേണ്ടി വരികയില്ല. കഴിഞ്ഞതിനെപ്പറ്റി വ്യസനിക്കേണ്ടതായും വരികയില്ല.

قُلْنَا ٱهْبِطُوا۟ مِنْهَا جَمِيعًا ۖ فَإِمَّا يَأْتِيَنَّكُم مِّنِّى هُدًى فَمَن تَبِعَ هُدَاىَ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ

നാം(അല്ലാഹു) പറഞ്ഞു: നിങ്ങളെല്ലാവരും അവിടെ നിന്ന് ഇറങ്ങിപ്പോകുക. എന്നിട്ട് എന്റെ പക്കല്‍ നിന്നുള്ള മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് വന്നെത്തുമ്പോള്‍ എന്റെ ആ മാര്‍ഗദര്‍ശനം പിന്‍പറ്റുന്നവരാരോ അവര്‍ക്ക് ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല. (ഖു൪ആന്‍: 2/38)

يَٰبَنِىٓ ءَادَمَ إِمَّا يَأْتِيَنَّكُمْ رُسُلٌ مِّنكُمْ يَقُصُّونَ عَلَيْكُمْ ءَايَٰتِى ۙ فَمَنِ ٱتَّقَىٰ وَأَصْلَحَ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ

ആദം സന്തതികളേ, നിങ്ങള്‍ക്ക് എന്റെ ദൃഷ്ടാന്തങ്ങള്‍ വിവരിച്ചുതന്നു കൊണ്ട് നിങ്ങളില്‍ നിന്നു തന്നെയുള്ള ദൂതന്‍മാര്‍ നിങ്ങളുടെ അടുത്ത് വരുന്ന പക്ഷം അപ്പോള്‍ സൂക്ഷ്മത പാലിക്കുകയും, നിലപാട് നന്നാക്കിത്തീര്‍ക്കുകയും ചെയ്യുന്നതാരോ അവര്‍ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.(ഖു൪ആന്‍: 7/35)

2. സുകൃതങ്ങള്‍ ചെയ്തുകൊണ്ട് അല്ലാഹുവിന്റെ വിധിവിലക്കുകള്‍ക്ക് കീഴടങ്ങുന്നവ൪

സുകൃതങ്ങള്‍ ചെയ്തുകൊണ്ട് അല്ലാഹുവിന്റെ വിധിവിലക്കുകള്‍ക്ക് തികച്ചും കീഴടങ്ങുന്നവരാരോ അവര്‍ക്കാണ് രക്ഷയും സ്വര്‍ഗവുമൊക്കെയുള്ളത്. അവര്‍ക്ക് യാതൊരു കാര്യത്തെ കുറിച്ചും ഭയമോ വ്യസനമോ വേണ്ടതില്ല.

بَلَىٰ مَنْ أَسْلَمَ وَجْهَهُۥ لِلَّهِ وَهُوَ مُحْسِنٌ فَلَهُۥٓ أَجْرُهُۥ عِندَ رَبِّهِۦ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ

എന്നാല്‍ (കാര്യം) അങ്ങനെയല്ല. ഏതൊരാള്‍ സല്‍കര്‍മ്മകാരിയായിക്കൊണ്ട് അല്ലാഹുവിന്ന് ആത്മസമര്‍പ്പണം ചെയ്തുവോ അവന്ന് തന്റെ രക്ഷിതാവിങ്കല്‍ അതിന്റെ പ്രതിഫലം ഉണ്ടായിരിക്കുന്നതാണ്‌. അത്തരക്കാര്‍ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല , അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.(ഖു൪ആന്‍: 2/112)

3. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍

മനുഷ്യ൪ ഏത് മതത്തില്‍ ജനിച്ചാലും പ്രായപൂ൪ത്തിയാകുമ്പോള്‍ ഇസ്ലാം അല്ലാഹുവിന്റെ ദീനാണെന്ന് മനസ്സിലാക്കി അല്ലാഹുവിലും അന്ത്യദിനത്തിലും ശരിക്ക് വിശ്വസിക്കുകയും, ആ വിശ്വാസത്തില്‍ അധിഷ്ഠിതമായ സല്‍കര്‍മങ്ങള്‍ ചെയ്യുകയും ചെയ്താല്‍ അവര്‍ക്കാണ് രക്ഷയുള്ളത്. അവര്‍ക്ക് യാതൊന്നിനെ കുറിച്ചും ഭയമോ വ്യസനമോ ഉണ്ടായിരിക്കുകയില്ല.

إِنَّ ٱلَّذِينَ ءَامَنُوا۟ وَٱلَّذِينَ هَادُوا۟ وَٱلصَّٰبِـُٔونَ وَٱلنَّصَٰرَىٰ مَنْ ءَامَنَ بِٱللَّهِ وَٱلْيَوْمِ ٱلْءَاخِرِ وَعَمِلَ صَٰلِحًا فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ

സത്യവിശ്വാസികളോ, യഹൂദരോ, സാബിഉകളോ, ക്രൈസ്തവരോ ആരാകട്ടെ, അവരില്‍ നിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല. (ഖു൪ആന്‍: 5/69)

مَا نُرْسِلُ ٱلْمُرْسَلِينَ إِلَّا مُبَشِّرِينَ وَمُنذِرِينَ ۖ فَمَنْ ءَامَنَ وَأَصْلَحَ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ

സന്തോഷവാര്‍ത്ത അറിയിക്കുന്നവരും, താക്കീത് നല്‍കുന്നവരും ആയിട്ടല്ലാതെ നാം ദൂതന്‍മാരെ അയക്കുന്നില്ല. എന്നിട്ട് ആര് വിശ്വസിക്കുകയും, നിലപാട് നന്നാക്കിത്തീര്‍ക്കുകയും ചെയ്തുവോ അവര്‍ക്ക് യാതൊന്നും ഭയപ്പെടാനില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല. (ഖു൪ആന്‍: 6/48)

يَٰعِبَادِ لَا خَوْفٌ عَلَيْكُمُ ٱلْيَوْمَ وَلَآ أَنتُمْ تَحْزَنُونَ – ٱلَّذِينَ ءَامَنُوا۟ بِـَٔايَٰتِنَا وَكَانُوا۟ مُسْلِمِينَ – ٱدْخُلُوا۟ ٱلْجَنَّةَ أَنتُمْ وَأَزْوَٰجُكُمْ تُحْبَرُونَ

(പരലോകത്ത് ഒരു വിഭാഗം ആളുകള്‍ വിളിക്കപ്പെടും) എന്റെ ദാസന്‍മാരേ, ഇന്ന് നിങ്ങള്‍ക്ക് യാതൊരു ഭയവുമില്ല. നിങ്ങള്‍ ദുഃഖിക്കേണ്ടതുമില്ല. നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയും കീഴ്പെട്ടു ജീവിക്കുക്കുകയും ചെയ്തവരത്രെ(നിങ്ങള്‍). നിങ്ങളും നിങ്ങളുടെ ഇണകളും സന്തോഷഭരിതരായികൊണ്ട് സ്വര്‍ഗത്തില്‍ പ്രവേശിച്ചു കൊള്ളുക.(ഖു൪ആന്‍:43/68-70)

4. വിശ്വാസവും ഇസ്തിഖാമത്തും

إِنَّ ٱلَّذِينَ قَالُوا۟ رَبُّنَا ٱللَّهُ ثُمَّ ٱسْتَقَٰمُوا۟ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ

ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുകയും പിന്നീട് ചൊവ്വെ നിലകൊള്ളുകയും ചെയ്തവരാരോ അവര്‍ക്ക് യാതൊന്നും ഭയപ്പെടാനില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല. (ഖു൪ആന്‍:46/13)

إِنَّ ٱلَّذِينَ قَالُوا۟ رَبُّنَا ٱللَّهُ ثُمَّ ٱسْتَقَٰمُوا۟ تَتَنَزَّلُ عَلَيْهِمُ ٱلْمَلَٰٓئِكَةُ أَلَّا تَخَافُوا۟ وَلَا تَحْزَنُوا۟ وَأَبْشِرُوا۟ بِٱلْجَنَّةِ ٱلَّتِى كُنتُمْ تُوعَدُونَ – نَحْنُ أَوْلِيَآؤُكُمْ فِى ٱلْحَيَوٰةِ ٱلدُّنْيَا وَفِى ٱلْءَاخِرَةِ ۖ وَلَكُمْ فِيهَا مَا تَشْتَهِىٓ
أَنفُسُكُمْ وَلَكُمْ فِيهَا مَا تَدَّعُونَ – نُزُلًا مِّنْ غَفُورٍ رَّحِيمٍ

ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണെന്ന് പറയുകയും, പിന്നീട് നേരാംവണ്ണം നിലകൊള്ളുകയും ചെയ്തിട്ടുള്ളവരാരോ അവരുടെ അടുക്കല്‍ (മരണ സമയത്ത്) മലക്കുകള്‍ ഇറങ്ങിവന്നുകൊണ്ട് ഇപ്രകാരം പറയുന്നതാണ്‌ : നിങ്ങള്‍ ഭയപ്പെടുകയോ ദുഃഖിക്കുകയോ വേണ്ട നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കപ്പെട്ടിരുന്ന സ്വര്‍ഗത്തെപ്പറ്റി നിങ്ങള്‍ സന്തോഷമടഞ്ഞ് കൊള്ളുക. ഐഹികജീവിതത്തിലും പരലോകത്തിലും ഞങ്ങള്‍ നിങ്ങളുടെ മിത്രങ്ങളാകുന്നു. നിങ്ങള്‍ക്കവിടെ (പരലോകത്ത്‌) നിങ്ങളുടെ മനസ്സുകള്‍ കൊതിക്കുന്നതെല്ലാമുണ്ടായിരിക്കും. നിങ്ങള്‍ക്കവിടെ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാമുണ്ടായിരിക്കും. ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായ അല്ലാഹുവിങ്കല്‍ നിന്നുള്ള സല്‍ക്കാരമത്രെ അത്‌. (ഖു൪ആന്‍:41/30-32)

4. വിശ്വാസവും തഖ്’വയും

أَلَآ إِنَّ أَوْلِيَآءَ ٱللَّهِ لَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ – ٱلَّذِينَ ءَامَنُوا۟ وَكَانُوا۟ يَتَّقُونَ – لَهُمُ ٱلْبُشْرَىٰ فِى ٱلْحَيَوٰةِ ٱلدُّنْيَا وَفِى ٱلْءَاخِرَةِ ۚ لَا تَبْدِيلَ لِكَلِمَٰتِ ٱللَّهِ ۚ ذَٰلِكَ هُوَ ٱلْفَوْزُ ٱلْعَظِيمُ

അറിയുക: തീര്‍ച്ചയായും അല്ലാഹുവിന്റെ മിത്രങ്ങളാരോ അവര്‍ക്ക് യാതൊരു ഭയവുമില്ല, അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല. വിശ്വസിക്കുകയും സൂക്ഷ്മത പാലിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. അവര്‍ക്കാണ് ഐഹികജീവിതത്തിലും പരലോകത്തും സന്തോഷവാര്‍ത്തയുള്ളത്‌. അല്ലാഹുവിന്റെ വചനങ്ങള്‍ക്ക് യാതൊരു മാറ്റവുമില്ല. അത് (സന്തോഷവാര്‍ത്ത) തന്നെയാണ് മഹത്തായ ഭാഗ്യം.(ഖു൪ആന്‍:10/62-64)

5. അല്ലാഹുവിന്റെ മാ൪ഗത്തില്‍ സമ്പത്ത് ചെലവഴിക്കുന്നവ൪

ٱلَّذِينَ يُنفِقُونَ أَمْوَٰلَهُم بِٱلَّيْلِ وَٱلنَّهَارِ سِرًّا وَعَلَانِيَةً فَلَهُمْ أَجْرُهُمْ عِندَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ

രാത്രിയും പകലും രഹസ്യമായും പരസ്യമായും തങ്ങളുടെ സ്വത്തുക്കള്‍ ചെലവഴിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്ടായിരിക്കുന്നതാണ്‌. അവര്‍ യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല. (ഖു൪ആന്‍:2/274)

6. അല്ലാഹുവിന് വേണ്ടി പരസ്പരം സ്നേഹിച്ചവ൪

ഒരു സത്യവിശ്വാസി ഒരാളെ സ്‌നേഹിക്കുമ്പോള്‍ ആ സ്നേഹവും ബന്ധവുമെല്ലാം അല്ലാഹുവിന്റെ പൊരുത്തം മാത്രം ഉദ്ദേശിച്ചുകൊണ്ടായിരിക്കണം. ഇനി നാളെ ഭിന്നിക്കുകയും പിരിയുകയും ചെയ്യേണ്ടി വന്നാല്‍ പോലും അതും അല്ലാഹുവിന് വേണ്ടി മാത്രമായിരിക്കണം. ഇത്തരം ആളുകള്‍ക്ക് യാതൊന്നിനെ കുറിച്ചും ഭയമോ വ്യസനമോ വേണ്ടതില്ല.

عَنْ عُمَرَ بْنَ الْخَطَّابِ، قَالَ قَالَ النَّبِيُّ صلى الله عليه وسلم ‏”‏ إِنَّ مِنْ عِبَادِ اللَّهِ لأُنَاسًا مَا هُمْ بِأَنْبِيَاءَ وَلاَ شُهَدَاءَ يَغْبِطُهُمُ الأَنْبِيَاءُ وَالشُّهَدَاءُ يَوْمَ الْقِيَامَةِ بِمَكَانِهِمْ مِنَ اللَّهِ تَعَالَى ‏”‏ ‏.‏ قَالُوا يَا رَسُولَ اللَّهِ تُخْبِرُنَا مَنْ هُمْ ‏.‏ قَالَ ‏”‏ هُمْ قَوْمٌ تَحَابُّوا بِرُوحِ اللَّهِ عَلَى غَيْرِ أَرْحَامٍ بَيْنَهُمْ وَلاَ أَمْوَالٍ يَتَعَاطَوْنَهَا فَوَاللَّهِ إِنَّ وُجُوهَهُمْ لَنُورٌ وَإِنَّهُمْ عَلَى نُورٍ لاَ يَخَافُونَ إِذَا خَافَ النَّاسُ وَلاَ يَحْزَنُونَ إِذَا حَزِنَ النَّاسُ ‏”‏ ‏.‏ وَقَرَأَ هَذِهِ الآيَةَ ‏‏: ‏أَلَآ إِنَّ أَوْلِيَآءَ ٱللَّهِ لَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ

ഉമ൪ ബ്നു ഖത്താബ്  رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:  അല്ലാഹുവിന് ചില അടിമകളുണ്ട്, അവ൪ അമ്പിയാക്കളിലോ ശുഹദാക്കളിലോ പെട്ടവരല്ല. അന്ത്യനാളില്‍ അവ൪ക്ക് അല്ലാഹുവിന്റെ അടുക്കലുള്ള അതിമഹത്തായ സ്ഥാനം കാണുമ്പോള്‍ അത് (അതിമഹത്തായ സ്ഥാനം) അമ്പിയാക്കളും ശുഹദാക്കളും വരെ കൊതിച്ചുപോകും. അവ൪(സ്വഹാബികള്‍) പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, അവരെ കുറിച്ച് അങ്ങ് ഞങ്ങള്‍ക്ക് അറിയിച്ച് തന്നാലും. നബി ﷺ പറഞ്ഞു: അവ൪ ഒരു വിഭാഗം ജനങ്ങളാണ്, അവ൪ അല്ലാഹുവിന്റെ പേരില്‍ പരസ്പരം സ്നേഹിച്ചവരാണ്. (എന്നാല്‍) അവ൪ കുടുംബബന്ധമോ എന്തെങ്കില്‍ കച്ചവട ഇടപാടുകളോ ഉള്ളവരല്ല. അല്ലാഹുവിനെ തന്നെയാണെ സത്യം, അവരുടെ മുഖം പ്രകാശപൂരിതം തന്നെയായിരിക്കും. അവ൪ പ്രകാശത്തിന്‍ മേലായിരിക്കും. ജനങ്ങള്‍ ഭയപ്പെടുമ്പോള്‍ അവ൪ ഭയപ്പെടുന്നവരല്ല, ജനങ്ങള്‍ ദുഖിക്കുമ്പോള്‍ അവ൪ ദുഖിക്കുന്നവരുമല്ല. ശേഷം നബി ﷺ ഈ ആയത്ത് പാരായണം ചെയ്യുകയും ചെയ്തു: “അറിയുക, തീര്‍ച്ചയായും അല്ലാഹുവിന്റെ മിത്രങ്ങളാരോ അവര്‍ക്ക് യാതൊരു ഭയവുമില്ല, അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല”. (ഖു൪ആന്‍:10/62) (അബൂദാവൂദ് :3527 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *