നബിദിനം ആഘോഷിക്കുന്ന, അതിന് വേണ്ടി വാദിക്കുന്ന കേരളത്തിലെ സമസ്തയിലെ ആളുകൾ പോലും പറയുന്നത് സ്വഹാബികളും താബിഉകളും തബഉത്താബിഉകളും ഉൾപ്പെടുന്ന ആദ്യ മൂന്ന് നൂറ്റാണ്ടിൽ ജിവിച്ചിരുന്നവര്‍ നബിദിനം ആഘോഷിച്ചിട്ടില്ലെന്നാണ്. മൗലിദ് കഴിച്ചിരുന്ന തഴവ തന്നെ എഴുതിയത് കാണുക:
മൗലിദ് കഴിക്കല്‍ മുമ്പ് പതിവില്ലാത്തതാ – അത് ഹിജ്‌റ മുന്നൂറിന്ന് ശേഷം വന്നതാ – എന്നും സഖാവി പറഞ്ഞതായ് കാണുന്നതാ – അത് ഹലബി ഒന്നാം ഭാഗമില്‍ നോക്കേണ്ടതാ. (അല്‍മവാഹിബുല്‍ ജലിയ്യ, പേജ്:245)
ഒരാള്‍ മൗലിദാഘോഷത്തെപ്പറ്റി ഇബ്‌നുഹജര്‍ എന്നവരോട് ചോദിക്കുകയുണ്ടായി. ഇബ്‌നു ഹജര്‍ മറുപടി പറഞ്ഞു: അടിസ്ഥാനപരമായി മൗലിദ് ബിദ്അത്താണ്. ആദ്യ മൂന്ന് നൂറ്റാണ്ടുകളിലെ മഹത്തുക്കളായ മുസ്‌ലിംകളില്‍ നിന്ന് കൈമാറിവന്ന ആരാചരമല്ല അത്. (സുന്നിവോയ്‌സ്, 2000 ജൂലൈ)
എന്നാൽ ഇതേ സമസ്തയിലെ ആളുകൾതന്നെ, നബിദിനം ആഘോഷിക്കാൻ വിശുദ്ധ ഖുര്‍ആനിൽ തെളിവുണ്ടെന്നും പറയുന്നു.
ഈ ആഘോഷം കൊണ്ടാടാന്‍ അല്ലാഹു ക്വുര്‍ആനിലൂടെ പറയുന്നുണ്ട്: {നബിയേ, അല്ലാഹുവിന്റെ ഫദ്‌ല് കൊണ്ടും റഹ്മത്ത് കൊണ്ടും ജനങ്ങള്‍ സന്തോഷം പ്രകടിപ്പിച്ചു കൊള്ളട്ടെ. അത് അവരുടെ മുഴുവന്‍ സന്തോഷത്തെക്കാളും ഗുണകരമാണ്} ഇമാം സുയൂത്വി رحمه الله ഇതിന്റെ വിശദീകരണത്തില്‍ പറയുന്നു: റഹ്മത്ത് കൊണ്ടുള്ള ഉദേശ്യം റസൂല്‍ﷺയാണ്. (ദുര്‍റുല്‍ മന്‍സ്വൂര്‍ 4/327) (സുന്നത്ത് മാസിക, 2018 നവംബര്‍, പേജ് 22)
തിരുനബി ﷺ യുടെ ജന്മത്തില്‍ എപ്പോഴും, വിശിഷ്യാ റബീഉല്‍ അവ്വലില്‍ സുന്നികള്‍ നടത്തിവരുന്ന ആഘോഷങ്ങള്‍ക്കും ഖുര്‍ആനിന്റെ പിന്‍ബലമുണ്ട്. {അല്ലാഹുവിന്റെ ഔദാര്യവും കാരുണ്യവും കൊണ്ട് അവര്‍ സന്തോഷിക്കട്ടെ (യൂനുസ്:58)} എന്ന സൂക്തത്തിലെ കാരുണ്യം കൊണ്ട് ഉദ്ദേശ്യം നബി ﷺ യാണെന്ന് മുഫസ്സിറുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്” (സുന്നത്ത്’ മാസികപേജ് 2019 സെപ്തംബര്‍ ലക്കം 31)
ﻗُﻞْ ﺑِﻔَﻀْﻞِ ٱﻟﻠَّﻪِ ﻭَﺑِﺮَﺣْﻤَﺘِﻪِۦ ﻓَﺒِﺬَٰﻟِﻚَ ﻓَﻠْﻴَﻔْﺮَﺣُﻮا۟ ﻫُﻮَ ﺧَﻴْﺮٌ ﻣِّﻤَّﺎ ﻳَﺠْﻤَﻌُﻮﻥَ
പറയുക: അല്ലാഹുവിന്റെ ഫള്ല്‍ (അനുഗ്രഹം) കൊണ്ടും റഹ്മത്ത് (കാരുണ്യം) കൊണ്ടുമാണത്. അതുകൊണ്ട് അവര്‍ സന്തോഷിച്ചു കൊള്ളട്ടെ. അതാണ് അവര്‍ സമ്പാദിച്ചു കൂട്ടികൊണ്ടിരിക്കുന്നതിനെക്കാള്‍ ഉത്തമമായിട്ടുള്ളത്. (ഖു൪ആന്‍ :10/58)
ഈ ആയത്തില്‍ പറഞ്ഞിട്ടുള്ള അല്ലാഹുവിന്റെ റഹ്മത്ത് കൊണ്ടുള്ള ഉദ്ദേശ്യം മുഹമ്മദ് നബി ﷺ യാണെന്നും ‘അതുകൊണ്ട് അവ൪ സന്തോഷിച്ചു കൊള്ളട്ടേയെന്ന് ‘ അല്ലാഹു പറഞ്ഞിട്ടുള്ളതിനാല്‍ നബിﷺയുടെ ജന്‍മദിനം ആഘോഷിക്കാമെന്നുമാണ് ഇവ൪ പറയുന്നത്. സമസ്തയിലെ പല പണ്ഢിതൻമാരും ഇക്കാര്യം പ്രസംഗിക്കുകയും ചെയ്യുന്നുണ്ട്. ഇത് വൈരുദ്ധ്യമായ വാദമാണ്. മുൻഗാമികളാരും നബിദിനം ആഘോഷിച്ചിട്ടില്ലെന്ന് പറയുക, അതോടൊപ്പം അത് ആഘോഷിക്കാൻ വിശുദ്ധ ഖുര്‍ആനിൽ തെളിവുണ്ടെന്ന് പറയുക. ഖുര്‍ആനിന്റെ ഏത് കല്‍പനയും അപ്പടി പ്രാവര്‍ത്തികമാക്കിയിരുന്ന നബി ﷺ യും സ്വഹാബത്തും ഈ ആയത്തിന്റെ അടിസ്ഥാനത്തില്‍ നബിദിനാഘോഷം നടത്തിയിട്ടില്ല എന്നിരിക്കെ ഈ ആയത്ത് നബി ﷺ ക്കോ സ്വഹാബത്തിനോ മനസ്സിലായിട്ടില്ല എന്നല്ലേ ഇപ്പറഞ്ഞതിനര്‍ഥം. അല്ലെങ്കിൽ വിശുദ്ധ ഖുര്‍ആനിന്റെ താല്പര്യം നബിയും സ്വഹാബത്തും നടപ്പാക്കിയിട്ടില്ല. രണ്ടായാലും അപകടകരമായ കാര്യമാണത്.
യഥാര്‍ത്ഥത്തിൽ ഈ ആയത്ത് സലഫുകൾ (മുൻഗാമികൾ) എങ്ങനെയാണ് മനസ്സിക്കിയിട്ടുള്ളതെന്ന് പരിശോധിക്കുകയാണ് വേണ്ടത്. മേല്‍ സൂചിപ്പിക്കപ്പെട്ട ആയത്തിലെ റഹ്മത്ത് എന്നതിന്റെ ഉദ്ദേശം ഇസ്‌ലാം, വിശ്വാസം, ക്വുര്‍ആന്‍ തുടങ്ങിയവയാണെന്നാണ് മിക്ക മുഫസ്സിറുകളും വിശദീകരിച്ചിട്ടുണ്ട്.
ഇബ്‌നു അബ്ബാസ് رضي الله عنهما പറയുന്നു: ‘അനുഗ്രഹ’മെന്നാല്‍ നിങ്ങളെ ആദരിച്ചതായ ഖുര്‍ആനും ‘കാരുണ്യ’മെന്നാല്‍ നിങ്ങള്‍ക്ക് യോജിപ്പ് നല്‍കിയ ഇസ്‌ലാമുമാണ്. (തഫ്‌സീര്‍ ഇബ്‌നു അബ്ബാസ്, പേജ് 225)
أي : بهذا الذي جاءهم من الله من الهدى ودين الحق فليفرحوا ، فإنه أولى ما يفرحون به ،
അതായത്: അല്ലാഹുവിൽ നിന്ന് അവര്‍ക്ക് ലഭിച്ച ഈ ഹുദയും (മാർഗദര്‍ശനം) സത്യമതവും കൊണ്ട് അവർ സന്തോഷിക്കട്ടെ, കാരണം അവർ ആദ്യം സന്തോഷിക്കേണ്ടത് ഇതാണ്. (ഇബ്നുകസീര്‍)
قال أبو سعيد الخدري وابن عباس رضي الله عنهما : فضل الله القرآن ، ورحمته الإسلام .
അബൂസഈദിൽ ഖുദ്രിയും ഇബ്നു അബ്ബാസും رضي الله عنهما പറഞ്ഞു:അല്ലാഹുവിന്റെ ഫള്ൽ ഖുര്‍ആനാണ്, റഹ്മത്ത് ഇസ്ലാമാണ്. (ഖുര്‍ത്വുബി)
بإنزال القرآن
ഖുര്‍ആൻ അവതരിച്ചതുകൊണ്ട്. (ബൈളാവി)
ഇമാം സുയൂത്വി رحمه الله അത് ഖുര്‍ആൻ,ഇസ്ലാം, റസൂൽ, അലി എന്നൊക്കെ വിശദീകരിച്ചിട്ടുണ്ട്. (الدر المنثور )
ഇനി ഇക്കൂട്ട൪ പറയുന്നതുപോലെ ഈ ആയത്തിലെ അല്ലാഹുവിന്റെ അനുഗ്രഹം, കാരുണ്യം എന്നിവ നബി ﷺ യാണെന്ന് വന്നാല്‍പോലും അത് നബിദിനാഘോഷത്തിന് തെളിവല്ല. കാരണം ഈ ആയത്ത് ഇറങ്ങിയിട്ടുള്ളത് നബി ﷺ ക്കാണ്. നബി ﷺ യില്‍ നിന്ന് നേരിട്ടാണ് ഈ ആയത്ത് സ്വഹാബത്ത് മനസ്സിലാക്കിയിട്ടുള്ളത്. അവരാരും ഈ ആയത്ത് നബിദിനാഘോഷത്തിന് തെളിവാണെന്ന് മനസ്സിലാക്കുകയോ ഒരിക്കല്‍ പോലും നബിദിനം ആഘോഷിക്കുകയോ ചെയ്തിട്ടുമില്ല. ശിയാക്കള്‍, സ്വൂഫികള്‍, ബറേല്‍വികള്‍ എന്നീ പിഴച്ച കക്ഷികള്‍ ഈ ആയത്തിനെ ദുര്‍വ്യാഖ്യാനിച്ചതുപോലെ ഇക്കൂട്ടരും ചെയ്തുവെന്നുമാത്രം.
ഇനി ഈ ആയത്തിന് സമസ്തയുടെ പണ്ഡിതന്മാര്‍ എഴുതിയ വിശദീകരണം എന്തെന്ന് നോക്കാം:
അബ്ദുറഹ്മാന്‍ മക്വ്ദൂമി പൊന്നാനി എഴുതുന്നു: വിശുദ്ധ ക്വുര്‍ആന്‍ അല്ലാഹുവില്‍ നിന്നുള്ള സദുപദേശമാണ്. ഹൃദയങ്ങളിലുള്ള സത്യനിഷേധം, കാപട്യം, സംശയം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള സിദ്ധൗഷധമാണ്. സന്മാര്‍ഗദര്‍ശനമാണ്. സത്യവിശ്വാസികള്‍ക്കുള്ള കാരുണ്യമാണ്. അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹവും കാരുണ്യവും കൊണ്ടാണ് നമുക്കത് ലഭിച്ചിട്ടുള്ളത്. അതുകൊണ്ട് നാം സന്തോഷിക്കുകയും അതനുസരിച്ച് ജീവിതത്തെ ചിട്ടപ്പെടുത്തുകയും വേണം. മനുഷ്യര്‍ ശേഖരിക്കുന്ന സമ്പത്തുകളെക്കാളും സുഖ സജ്ജീകരണങ്ങളെക്കാളും എന്തുകൊണ്ടും അത്യുത്തമമാണത്. (ഫത്ഹുല്‍ അലീം 1/451).
കെ.വി മുഹമ്മദ് മുസ്‌ലിയാര്‍ കൂറ്റനാട് എഴുതുന്നു: മനുഷ്യര്‍ക്ക് എന്തെല്ലാം നേടുവാനും ശേഖരിക്കുവാനും കഴിയുന്നുവോ അതിനെക്കാളെല്ലാം വിലപിടിച്ചതും അവരുടെ ജീവിതവിജയങ്ങള്‍ക്ക് ഉപയുക്തവുമാണ് ക്വുര്‍ആന്‍. അല്ലാഹുവിന്റെ ഔദാര്യവും കാരുണ്യവും മൂലമാണ് അതവന്‍ മനുഷ്യര്‍ക്ക് നല്‍കിയത്. അതുകൊണ്ട് അതില്‍ സന്തോഷം പ്രകടിപ്പിക്കുകയാണ് മനുഷ്യന്‍ ചെയ്യേണ്ടത്. (ഫത്ഹുര്‍റഹ്മാന്‍ 2:453,454).
ടി.കെ. അബ്ദുല്ല മുസ്‌ലിയാര്‍ എഴുതുന്നു: പറയുക; അല്ലാഹുവിന്റെ ഔദാര്യവും (ഇസ്‌ലാം) അവന്റെ കാരുണ്യവും (ക്വുര്‍ആന്‍) കൊണ്ട് അവര്‍ സന്തോഷിക്കട്ടെ. അവര്‍ സ്വീകരിക്കുന്നവയെക്കാള്‍ ഉത്തമം അതാകുന്നു (തഫ്‌സീറുല്‍ ക്വുര്‍ആന്‍, പേജ് 284)
വിശുദ്ധ ഖു൪ആന്‍ :10/57, 58 ആയത്തുകള്‍ ചേ൪ത്ത് വായിച്ചാൽതന്നെ ഇക്കാര്യം വ്യക്തമാകും.
يَٰٓأَيُّهَا ٱلنَّاسُ قَدْ جَآءَتْكُم مَّوْعِظَةٌ مِّن رَّبِّكُمْ وَشِفَآءٌ لِّمَا فِى ٱلصُّدُورِ وَهُدًى وَرَحْمَةٌ لِّلْمُؤْمِنِينَ ﴿٥٧﴾ قُلْ بِفَضْلِ ٱللَّهِ وَبِرَحْمَتِهِۦ فَبِذَٰلِكَ فَلْيَفْرَحُوا۟ هُوَ خَيْرٌ مِّمَّا يَجْمَعُونَ ﴿٥٨﴾
മനുഷ്യരേ, നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സദുപദേശവും, മനസ്സുകളിലുള്ള രോഗത്തിന് ശമനവും നിങ്ങള്‍ക്കു വന്നുകിട്ടിയിരിക്കുന്നു. സത്യവിശ്വാസികള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവും (വന്നുകിട്ടിയിരിക്കുന്നു.) പറയുക: അല്ലാഹുവിന്‍റെ അനുഗ്രഹം കൊണ്ടും കാരുണ്യം കൊണ്ടുമാണത്. അതുകൊണ്ട് അവര്‍ സന്തോഷിച്ചു കൊള്ളട്ടെ. അതാണ് അവര്‍ സമ്പാദിച്ചു കൂട്ടികൊണ്ടിരിക്കുന്നതിനെക്കാള്‍ ഉത്തമമായിട്ടുള്ളത്. (ഖു൪ആന്‍ :10/57,58)
www.kanzululoom.com
2 Responses
Ameen Ameen Yaa Rabbal Alameen …
Masha allah നല്ല അറിവുകൾ പകർന്നു നൽകുന്നവർക്ക് അല്ലഹുവിന്റെ കാരുണ്യം എന്നും ഉണ്ടാവട്ടെ 🤲🏻🤲🏻🤲🏻