ഇബ്രാഹീമി സ്വലാത്തും ‘സയ്യിദിനാ’യും

ശൈഖ് അൽബാനി رَحِمـهُ الله അദ്ദേഹത്തിന്റെ  صفه صلاه النبى من التكبير الى التسليم كأنك تراها (നബി ﷺ യുടെ നമസ്കാരം)  എന്ന ഗ്രന്ഥത്തിൽ നമസ്കാരത്തിലെ തശഹുദിൽ നിര്‍വ്വഹിക്കേണ്ട നബി ﷺ യുടെ മേലുള്ള ഇബ്രാഹീമി സ്വലാത്തിന്റെ 7 രൂപങ്ങൾ എടുത്തു കൊടുത്ത ശേഷം ഇത് സംബന്ധിച്ച വിശദീകരണ കുറിപ്പിൽ, സ്വലാത്തിൽ ‘സയ്യിദിനാ’ എന്ന പദം കൂട്ടിച്ചേര്‍ക്കുന്നതിനെ സംബന്ധിച്ച് പറയുന്നു:

ഇവിടെയുദ്ധരിച്ച നബി ﷺ യുടെ പേരിലുള്ള സ്വലാത്തിലൊന്നും ‘സയ്യിദ്’ (നേതാവ്, മുഖ്യൻ) എന്ന വാക്ക് ഇല്ലായെന്നത് വായനക്കാർ ശ്രദ്ധിച്ചിട്ടുണ്ടാകും. ‘ഇബ്രാഹീമി സ്വലാത്തി’ൽ അത് ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് പിൽകാലക്കാരായ പണ്‌ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്. സ്‌ഥല പരിമിതിമൂലം അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. നബി ﷺ യുടെ അധ്യാപനത്തെ പൂർണമായി പിൻപറ്റിക്കൊണ്ട് അത് അനുവദനീയമല്ല എന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്. കാരണം അദ്ദേഹത്തിന്റെ മേൽ എങ്ങനെയാണ് സ്വലാത്ത് ചൊല്ലേണ്ടത് എന്ന് ചോദിക്കപ്പെട്ടപ്പോൾ അവിടുന്ന് കൽപിച്ചത്: …….. قولوا : اللهمَّ صلِّ على محمدٍ(പറയുക: മുഹമ്മദിന് നീ ഗുണം ചെയ്യേണമേ…) എന്ന പ്രാർത്ഥന ചൊല്ലാനാണ്. എന്നാൽ, ഈ വിഷയത്തിലുള്ള ഹാഫിള് ഇബ്നു ഹജറുൽ അസ്ഖലാനിയുടെ അഭിപ്രായം വായനക്കാർക്ക് വേണ്ടി ഇവിടെ ഉദ്ധരിക്കാൻ ഞാൻ ഉദ്ദേശിക്കുന്നു; അദ്ദേഹം ഫിഖ്ഹും ഹദീഥും സമന്വയിപ്പിച്ച ശാഫിഈ പണ്ഡിതരിൽ അഗ്രേസരനാണ് എന്ന പരിഗണന നൽകിക്കൊണ്ട് തന്നെ. കാരണം, പിൽക്കാലക്കാരായ ശാഫിഈ പണ്ഡ‌ിതന്മാർക്കിടയിൽ നബി ﷺ പഠിപ്പിച്ചതിന് വിരുദ്ധമായിട്ടുള്ള ഈ സംഗതി വ്യാപകമായിട്ടുണ്ട്!

ഇബ്‌നുഹജറിന്റെ അനുചരനായ ഹാഫിള് മുഹമ്മദുബ്‌നു മുഹമ്മദിബ്നു മുഹമ്മദിൽ ഗുറാബീലി (ഹിജ്റ. 790-835) പറഞ്ഞത് ‘അദ്ദേഹത്തിന്റെ കയ്യെഴുത്ത് പ്രതി’യിൽനിന്നും ഞാൻ ഇവിടെ ഉദ്ധരിക്കട്ടെ: “അദ്ദേഹത്തോട് (ഇബ്‌നു ഹജറിനോട്) (അല്ലാഹു അദ്ദേഹത്തിൻറെ ജീവിതം മുഖേന നമുക്ക് ഗുണമുണ്ടാക്കട്ടെ) നബി ﷺ യുടെ മേലുള്ള സ്വലാത്തിൻറെ സവിശേഷതകളെക്കുറിച്ച് ചോദിച്ചു: അത് നമസ്കാരത്തിലായാലും അല്ലെങ്കിലും, നിർബന്‌ധാവസ്‌ഥയിലായും അല്ലെങ്കിലും നബി ﷺ യുടെ പേരിന് മുന്നിൽ സയ്യിദ് എന്ന് ചേർത്ത് പറയണം എന്ന നിബന്‌ധനയുണ്ടോ?. ഉദാഹരണത്തിന് ‘അല്ലാഹുവേ ! സയ്യിദുനാ (നമ്മുടെ നേതാവായ) മുഹമ്മദിന് നീ ഗുണം ചെയ്യേണമേ’. അല്ലെങ്കിൽ ‘സൃഷ്‌ടികളുടെ നേതാവായ’ അല്ലെങ്കിൽ ‘ആദം സന്തതികളുടെ നേതാവായ’ എന്നിങ്ങനെയുള്ള രീതിയിൽ – അതല്ല, “അല്ലാഹുവേ, നീ മുഹമ്മദിന് ഗുണം ചെയ്യേണമേ’ എന്നതിൽ പരിമിതപ്പെടുത്തിയാൽ മതിയോ? ഇവയിൽ ഏത് നിലപാടാണ് ഉത്തമം. സയ്യിദ് എന്ന വാക്ക് ഉൾപ്പെടുത്തിയാണോ – കാരണം അത് നബി ﷺ യുടെ ഒരു വ്യക്തമായ വിശേഷണമാണല്ലോ? അതല്ല, പ്രവാചകനിൽനിന്നുള്ള ഹദീഥുകളിലൊന്നും അതില്ലാത്തത് കാരണം അതൊഴിവാക്കേണമോ?

അദ്ദേഹം (ഇബ്നുഹജർ)  പ്രതികരിച്ചു: അതെ, പ്രവാചക വചനങ്ങളിലുള്ളത് സ്വീകരിക്കലാണ് ഉത്തമം. “അവിടുത്തെ പേര് പറയുമ്പോൾ صلى الله عليه وسلم എന്ന് അവിടുന്ന് പറഞ്ഞിട്ടില്ല എന്നതുപോലെത്തന്നെ നബി ﷺ അവിടുത്തെ വിനയം കാരണം പറയാതിരുന്നതാണ്” എന്ന് പറയാൻ പാടുള്ളതല്ല. കാരണം അത് ഉത്തമമായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ സ്വഹാബികളിൽ നിന്നോ താബിഉകളിൽനിന്നോ അത് ഉദ്ധരിക്കപ്പെടുമായിരുന്നു. എന്നാൽ അങ്ങനെയൊന്ന് അനുചരന്മാരിൽനിന്നോ താബിഉകളിൽ നിന്നോ ഉദ്ധരിക്കപ്പെട്ടതായി നമുക്കറിയില്ല. ധാരാളം ഉദ്ധരണികൾ അവരിൽനിന്നും ഉണ്ടായിട്ടുകൂടി. എന്നാൽ, ‘സല്ലല്ലാഹു അലൈഹി വസല്ലം’ എന്ന് പറയുന്ന വിഷയമാകട്ടെ അവിടുന്ന് അത് തന്റെ സമുദായത്തെ പറയാൻ പ്രേരിപ്പിച്ചിട്ടുണ്ട്.

നമ്മുടെ മുമ്പിൽ ഇമാം ശാഫിഈ رَحِمـهُ الله യുണ്ട്. അദ്ദേഹമാകട്ടെ, നബി ﷺ യെ ആദരിക്കുന്ന വിഷയത്തിൽ മുൻപന്തിയിലുള്ളവരിൽ ഒരാളാണ്. അദ്ദേഹം തൻറെ മദ്ഹബിലെ ആളുകളുടെ അവലംബ ഗ്രന്ഥത്തിൻറെ മുഖവുരയിൽ اللهم! صلِّ على محمد …  (അല്ലാഹുവേ, നീ മുഹമ്മദിന് ഗുണം ചെയ്യേണമേ….) എന്ന് തുടങ്ങി തന്റെ ഗവേഷണത്തിന്റെ അവസാനത്തിൽ അദ്ദേഹം പറയുന്നു: “… സ്‌മരിക്കുന്നവൻ അദ്ദേഹത്തെ സ്‌മരിക്കുമ്പോഴൊക്കെയും, അശ്രദ്ധാലുക്കൾ അദ്ദേഹത്തെ സ്‌മരിക്കുന്നതിൽ നിന്നും അശ്രദ്ധരാകുമ്പോഴൊക്കെയും”.

ഇത് അദ്ദേഹം നബി ﷺ യുടെ സ്വഹീഹായ ഹദീഥിന്റെ അടിസ്‌ഥാനത്തിൽ എത്തിയ നിഗമനമായിട്ടാണ് കാണുന്നത്. പ്രസ്തുത ഹദീഥിൽ സത്യവിശ്വാസികളുടെ മാതാവ്  ദീര്‍ഘമായ പ്രകീർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത് കണ്ടിട്ട് അവിടുന്ന് അവരോട് ഇപ്രകാരം പറഞ്ഞതായി സ്ഥിരപ്പെട്ടിട്ടുണ്ട്: നീ ഇപ്പോൾ പറഞ്ഞ വാക്ക് (سبحان الله عدد خلقه) എന്നത് അവന്റെ സൃഷ്‌ടികളുടെ എണ്ണത്തിന്റെയത്രയും അവ തുലാസിലിടുകയാണെങ്കിൽ ഘനം തൂങ്ങുമായിരുന്നു. വിശാലാർത്ഥങ്ങൾ ഉൾക്കൊള്ളുന്ന ചെറിയ പ്രാർത്ഥനകൾ അവിടുന്ന് ഇഷ്‌ടപ്പെട്ടിരുന്നു.

ഖാദി ഇയാദ് തൻറെ അശ്‌ശിഫാ എന്ന പുസ്‌തകത്തിൽ നബി ﷺ യുടെ മേലുള്ള സലാത്തിനെ കുറിച്ച് ഒരു അധ്യായം തന്നെ കൊടുത്തിട്ടുണ്ട്. അതിൽ സഹാബികളും താബിഉകളും വഴിയായി നബി ﷺ യിൽ നിന്നുള്ള ധാരാളം ഹദീസുകൾ ഉദ്ധരിച്ചിട്ടുണ്ട്. അതിൽ എവിടെയും ‘സയ്യിദിനാ’ എന്ന പദം കാണാൻ സാധ്യമല്ല.

(എ) അലി رَضِيَ اللَّهُ عَنْهُ വിൽനിന്നുള്ള ഹദീസ് : അദ്ദേഹം നബി ﷺ യുടെ പേരിലുള്ള സ്വലാത്തിൻറെ രൂപം അവരെ പഠിപ്പിക്കുമായിരുന്നു. അദ്ദേഹം പറയും:

اللهم! داحي المَدْحُوَّات! وباري المسموكات! اجعل سوابق صلواتك، ونوامي بركاتك، وزائد تحيتك على محمد عبدك ورسولك، الفاتح لما أُغْلِق.

അല്ലാഹുവേ! ഭൂമിയെ സമതലമാക്കിയവനേ, ഉപരിലോകങ്ങളുടെ കാരണഭൂതനേ! നിൻറെ പ്രാർത്ഥനയിൽ ഏറ്റവും ഉത്തമമായത് നിന്റെ അനുഗ്രഹങ്ങളാൽ ഫലഭൂയിഷമായതും ബാക്കിയുള്ള എല്ലാ അഭിവാദ്യങ്ങളും നിന്റെ അടിമയും, ദൂതനും, അടച്ചത് തുറന്നവനുമായ മുഹമ്മദിന് നൽകേണമേ.

(ബി) വീണ്ടും അലി رَضِيَ اللَّهُ عَنْهُ വിൽ നിന്ന്: അദ്ദേഹം പറയുമായിരുന്നു :

صلوات الله البر الرحيم، والملائكة المقربين، والنبيين والصدِّيقين والشهداء الصالحين، وما سبح لك من شاء يا رب العالمين! على محمد بن عبد الله خاتم النبيين وإمام المتقين …

കരുണാനിധിയും പരമകാരുണികനുമായ അല്ലാഹുവിൻെറയും (അല്ലാഹുവുമായി) അടുത്തുനിൽക്കുന്ന മലക്കുകളുടെയും പ്രവാചകന്മാരുടെയും സജ്ജനങ്ങളുടെയും രക്തസാക്ഷികളുടെയും സന്മാർഗികളുടെയും നിന്നെ പ്രകീർത്തിക്കുന്ന എല്ലാറ്റിന്റെയും പ്രാർത്ഥനകൾ, ലോകരുടെ നാഥാ, അബ്‌ദുല്ലയുടെ മകനായ, പ്രവാചകന്മാരുടെ മുദ്രയായ മുത്തഖികളുടെ ഇമാമായ …… മുഹമ്മദിന് നീ നൽകേണമേ.

(സി) അബ്‌ദുല്ലാഹിബ്‌നു മസ്ഊദ് رَضِيَ اللَّهُ عَنْهُ വിൽ നിന്നും നിവേദനം: അദ്ദേഹം പറയുമായിരുന്നു:

اللهم! اجعل صلواتك، وبركاتك، ورحمتك على محمد عبدك ورسولك، إمام الخير، ورسول الرحمة

അല്ലാഹുവേ! നിന്റെ പ്രാർത്ഥനകളും നിന്റെ അനുഗ്രഹങ്ങളും നിന്റെ കാരുണ്യവും നിന്റെ അടിമയും ദൂതനും നമ്മുടെ ഇമാമും കാരുണ്യത്തിന്റെ ദൂതനുമായ…. മുഹമ്മദിന് നൽകേണമേ.

(ഡി) ഹസനുൽ ബസ്‌രി رَحِمـهُ الله യിൽ നിന്ന് : അദ്ദേഹം പറയുമായിരുന്നു :

من أراد أن يشرب بالكأس الأروى من حوض المصطفى؛ فليقل: اللهم! صل على محمد وعلى آله وأصحابه وأزواجه وأولاده وذريته وأهل بيته وأصهاره وأنصاره وأشياعه ومحبيه.

ദാഹം മാറ്റുന്ന ആ കോപ്പയിൽനിന്നും മുസ്‌തഫയുടെ ഹൗളിൽ നിന്നും കുടിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാളും ഇങ്ങനെ പറയട്ടെ: അല്ലാഹുവേ, മുഹമ്മദിനും അവിടുത്തെ കുടുംബത്തിനും, അനുചരന്മാർക്കും, ഭാര്യമാർക്കും, സന്തതികൾക്കും, വീട്ടുകാർക്കും, മരുമക്കൾക്കും, സഹായികൾക്കും, പിൻപറ്റിയവർക്കും, അദ്ദേഹത്തെ സ്നേഹിക്കുന്ന എല്ലാവർക്കും, നീ ഗുണം ചെയ്യേണമേ.

ഇതാണ് അദ്ദേഹം (ഖാദി ഇയാദ്) തൻറെ അശ്‌ശിഫാ എന്ന ഗ്രന്ഥത്തിൽ നബി ﷺ യുടെ മേലുള്ള സലാത്തിന്റെ രൂപത്തെക്കുറിച്ച് സ്വഹാബികളിൽനിന്നും അവരുടെ പിൻഗാമികളിൽനിന്നുമായി എടുത്തുദ്ധരിച്ചത്. അത് കൂടാതെ മറ്റുപല കാര്യങ്ങളും അതിൽ പ്രതിപാദിക്കുന്നുണ്ട്.

അതെ, ഇബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ വിന്റെ ഹദീസിൽ നബി ﷺ യുടെ മേലുള്ള തന്റെ സ്വലാത്തിനെകുറിച്ച് അദ്ദേഹം പറയുന്നത് ഇപ്രകാരമാണ്:

اللهم! اجعل فضائل صلواتك ورحمتك وبركاتك على سيد المرسلين

അല്ലാഹുവേ, നിൻറെ പ്രാർത്ഥനകളിലും കാരുണ്യത്തിലും അനുഗ്രഹങ്ങളിലും ഏറ്റവും ഉത്തമമായത് ദൂതന്മാരുടെ നേതാവിന് (സയ്യിദി) ലഭിക്കുമാറാക്കണേ…..

ഇബ്നുമാജയിലൂടെ നിവേദനം ചെയ്യപ്പെട്ട ഇതിൻറെ പരമ്പര ദുർബലമാണ്. അതിനാൽ ത്വബ്റാനിയിൽ നിന്ന് കുഴപ്പമില്ലാത്ത ഒരു പരമ്പരയിലൂടെ നിവേദനം ചെയ്യപ്പെട്ട അലി رَضِيَ اللَّهُ عَنْهُ വിന്റെ ഹദീഥിനാണ് മുൻഗണന. ഈ ഹദീഥിൽ അപരിചിതമായ ധാരാളം പദങ്ങളുണ്ട്. അത് ഞാൻ അബുൽ ഹസൻ ഇബ്‌നുൽ ഫാരിസിന്റെ ഫള്ലുന്നബി (നബി ﷺ യുടെ ശ്രേഷ്‌ഠത) എന്ന പുസ്‌തകത്തിൽ കൊടുക്കുകയും വിശദീകരിക്കുകയും ചെയ്‌തിട്ടുണ്ട്.

ചില ശാഫിഈകൾ ഇപ്രകാരം പറഞ്ഞിട്ടുണ്ട്: ഒരു മനുഷ്യൻ നബി ﷺ യുടെ മേൽ ഏറ്റവും നല്ല സ്വലാത്ത് ചൊല്ലാൻ ശപഥം ചെയ്‌താൽ, അത് പൂർത്തീകരിക്കുന്നതിനുവേണ്ടി ഇങ്ങനെ പറയട്ടെ:

اللهم! صلِّ على محمد كلما ذكره الذاكرون، وسها عن ذكره الغافلون.

അല്ലാഹുവേ! നീ മുഹമ്മദിന് ഗുണം ചെയ്യേണമേ! സ്‌മരിക്കുന്നവർ അദ്ദേഹത്തെ സ്‌മരിക്കുകയോ അശ്രദ്ധർ അദ്ദേഹത്തെ സ്‌മരിക്കുന്നതിൽ അശ്രദ്ധരാകുകയോ ചെയ്യുമ്പോഴെല്ലാം.”

قال النووي: والصواب الذي ينبغي الجزم به أن يقال: ” اللهم! صلِّ على محمد وعلى آل محمد؛ كما صليت على إبراهيم … ” الحديث.

ഇമാം നവവി رَحِمـهُ الله പറഞ്ഞു: ഒരാൾ ഇങ്ങനെ പറയുന്നതാണ് ഏറ്റവും ഉചിതം: “അല്ലാഹുവേ! മുഹമ്മദിനും മുഹമ്മദിന്റെ കുടുംബത്തിനും നീ ഗുണം ചെയ്യേണമേ; ഇബ്രാഹീമിന് നീ ഗുണം ചെയ്ത് പോലെ….” എന്ന ഹദീഥ്.

പിൽക്കാലക്കാരായ ഒരു സംഘം പണ്‌ഡിതന്മാർ ഇതിന് മറുപടി പറഞ്ഞിട്ടുണ്ട്. അവർ പറഞ്ഞത് മുകളിൽ പറഞ്ഞ രണ്ട് വിവരണങ്ങളിൽ ഏതിനാണ് ഏറ്റവും മുൻതൂക്കം എന്ന് പറയാൻ സാധ്യമല്ല. എന്നിരുന്നാലും അർത്ഥ വ്യാപ്‌തിയുടെ കാര്യത്തിൽ ഒന്നാമത്തേതിന് തന്നെയാണ് മുൻതൂക്കം. ഈ വിഷയം ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ സുവിദിതമാണ്. മാത്രമല്ല, ഈ വിഷയം സ്‌പർശിച്ച ഫിഖ്ഹീ പണ്ഡിതന്മാരിൽ ആരുടെയും വാക്കുകളിൽ ‘സയ്യിദിനാ’ എന്ന പദം എവിടെ യും ഉൾപ്പെടുത്തിയിട്ടില്ല. അധികരിച്ച് വരുന്ന ഈ വാക്ക് ഉത്തമമായിരുന്നെങ്കിൽ, അത് എല്ലാവരാലും കൈയൊഴിക്കപ്പെട്ട നിലയിലാകുമായിരുന്നില്ല. പ്രവാചകോദ്ധരണി പിൻപറ്റുന്നതിലാണ് എല്ലാ നന്മയും കുടികൊള്ളുന്നത് അല്ലാഹുവാണ് കൂടുതൽ അറിയുന്നവൻ.

ഖുർആനിന്റെ കൽപനയനുസരിച്ച്, നബി ﷺ യുടെ മേൽ സ്വലാത്ത് ചൊല്ലുമ്പോൾ ‘സയ്യിദ്’ എന്ന വിശേഷണം സ്വീകരിക്കാതിരിക്കാനുള്ള ഇബ്നു ഹജ്റിന്റെ അതേ നിലപാട് തന്നെയാണ് ഹനഫി പണ്ഡിതന്മാർക്കുമുള്ളത്. അത് തന്നെയാണ് സ്വീകാര്യയോഗ്യമായ അഭിപ്രായവും. കാരണം അത് നബി ﷺ യോടുള്ള സ്നേഹത്തിൻറെ യഥാർത്ഥ രൂപമാണ് കാണിക്കുന്നത്.

ﻗُﻞْ ﺇِﻥ ﻛُﻨﺘُﻢْ ﺗُﺤِﺒُّﻮﻥَ ٱﻟﻠَّﻪَ ﻓَﭑﺗَّﺒِﻌُﻮﻧِﻰ ﻳُﺤْﺒِﺒْﻜُﻢُ ٱﻟﻠَّﻪُ ﻭَﻳَﻐْﻔِﺮْ ﻟَﻜُﻢْ ﺫُﻧُﻮﺑَﻜُﻢْ ۗ ﻭَٱﻟﻠَّﻪُ ﻏَﻔُﻮﺭٌ ﺭَّﺣِﻴﻢٌ

(നബിയേ) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ. (ഖു൪ആന്‍ : 3/31)

قال الإمام النووي رَحِمـهُ الله :” وأكمل الصلاة على النبي صَلَّى اللَّهُ عَلَيْهِ وَسَلَّمَ: ” اللهم! صلِّ على محمد … “

ഇമാം നവവി رَحِمـهُ الله  പറഞ്ഞു: നബിയുടെ മേലുള്ള സ്വലാത്തിന്റെ ഏറ്റവും പൂര്‍ണ്ണമായ രൂപം ഇതാണ്: اللهم صل عَلَى مُحَمَّدٍ   (അല്ലാഹുവേ! നീ മുഹമ്മദിന് ഗുണം ചെയ്യേണമേ….)  റൗളത്തുത്വാലിബീനിൽ (1/265)

അതിൽ സയ്യിദ് എന്ന പദമില്ല.

 

വിവര്‍ത്തനം : മുഹമ്മദ് സിയാദ്

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *