സിദ്‌റതുല്‍ മുന്‍തഹാ

വിശുദ്ധ ഖുര്‍ആൻ പരാമര്‍ശിച്ചിട്ടുള്ള അത്ഭുതകരമായ വൃക്ഷമാണ് ‘സിദ്‌റതുല്‍ മുന്‍തഹാ’. മിഅ്റാജി’ല്‍ (വാനയാത്രയില്‍) വെച്ച് നബി ﷺ ജിബ്‌രീൽ عليه السلامയെ സാക്ഷാല്‍ രൂപത്തില്‍ കണ്ട സന്ദര്‍ഭം വിവരിക്കവെ വിശുദ്ധ ഖുര്‍ആൻ പറയുന്നു:

وَلَقَدْ رَءَاهُ نَزْلَةً أُخْرَىٰ ‎﴿١٣﴾‏ عِندَ سِدْرَةِ ٱلْمُنتَهَىٰ ‎﴿١٤﴾‏ عِندَهَا جَنَّةُ ٱلْمَأْوَىٰٓ ‎﴿١٥﴾‏ إِذْ يَغْشَى ٱلسِّدْرَةَ مَا يَغْشَىٰ ‎﴿١٦﴾‏

മറ്റൊരു ഇറക്കത്തിലും അദ്ദേഹം മലക്കിനെ കണ്ടിട്ടുണ്ട്‌. സിദ്റത്തുല്‍ മുന്‍തഹാ‘യുടെ (അറ്റത്തെ ഇലന്തമരത്തിന്റെ) അടുക്കല്‍ വെച്ച്. അതിന്നടുത്താകുന്നു താമസിക്കാനുള്ള സ്വര്‍ഗം. ആ ഇലന്തമരത്തെ ആവരണം ചെയ്യുന്നതൊക്കെ അതിനെ ആവരണം ചെയ്തിരുന്നപ്പോള്‍. (ഖുര്‍ആൻ:53/13-16)

ഈ കൂടിക്കാഴ്ച നടന്ന സ്ഥലത്തെ സിദ്‌റതുല്‍ മുന്‍തഹാ എന്നാണ് പറഞ്ഞിരിക്കുന്നത്. അറബി ഭാഷയില്‍ സിദ്‌റത് എന്നാല്‍ ഇലന്തമരമാണ്. മുന്‍തഹാ എന്നാല്‍ അന്തിമ അതിര്‍ത്തിയും. അങ്ങേയറ്റത്തെ അതിര്‍ത്തിയിലുള്ള ഇലന്തമരം എന്നാണ് സിദ്‌റതുല്‍ മുന്‍തഹായുടെ ഭാഷാര്‍ഥം.

{عِنْدَ سِدْرَةِ الْمُنْتَهَى} وَهِيَ شَجَرَةٌ عَظِيمَةٌ جِدًّا، فَوْقَ السَّمَاءِ السَّابِعَةِ، سُمِّيَتْ سِدْرَةَ الْمُنْتَهَى، لِأَنَّهُ يَنْتَهِي إِلَيْهَا مَا يَعْرُجُ مِنَ الْأَرْضِ، وَيَنْزِلُ إِلَيْهَا مَا يَنْزِلُ مِنَ اللَّهِ، مِنَ الْوَحْيِ وَغَيْرِهِ، أَوْ لِانْتِهَاءِ عِلْمِ الْمَخْلُوقَاتِ إِلَيْهَا أَيْ: لِكَوْنِهَا فَوْقَ السَّمَاوَاتِ وَالْأَرْضِ، فَهِيَ الْمُنْتَهَى فِي عُلُوِّهَا أَوْ لِغَيْرِ ذَلِكَ، وَاللَّهُ أَعْلَمُ.

{അറ്റത്തെ ഇലന്തമരത്തിനടുത്തുവെച്ച്} ഏഴാകാശത്തിന്നപ്പുറത്തുവെച്ച് മഹത്തായ ഒരു വൃക്ഷത്തിനടുത്ത്. ഭൂമിയില്‍നിന്ന് കയറിയെത്തുന്നതിന്റെ അവസാനത്തിലുള്ളത് എന്നര്‍ഥത്തിലാണ് സിദ്‌റത്തുല്‍ മുന്‍തഹാ (അറ്റത്തെ ഇലന്തമരം) എന്ന് പേര് നല്‍കപ്പെട്ടത്. അവിടംവരെ മാത്രമേ പടപ്പുകളുടെ അറിവ് എത്തുകയുള്ളൂ. അല്ലെങ്കില്‍ ഉന്നതി അവസാനിക്കുന്നിടം ആകാശഭൂമികള്‍ക്ക് മുകളില്‍ എന്നതും ഉദ്ദേശ്യമാകാം. മറ്റ് പല ഉദ്ദേശ്യങ്ങളുമുണ്ടാകാം (അല്ലാഹുവിന്നറിയാം). (തഫ്സീറുസ്സഅ്ദി)

‘സിദ്റത്തുല്‍ മുന്‍തഹാ’(سِدْرَةِ الْمُنتَهَىٰ) എന്നാല്‍ അറ്റത്തെ ഇലന്തവൃക്ഷം എന്നു വാക്കര്‍ത്ഥം. നമ്മെ സംബന്ധിച്ചിടത്തോളം ഇതു അദൃശ്യലോകത്തെ വൃക്ഷമായതുകൊണ്ട് ഖുര്‍ആനിലോ ഹദീസിലോ കണ്ടതില്‍ കവിഞ്ഞു അതിനെപ്പറ്റി അഭിപ്രായമൊന്നും പറയുവാന്‍ സാധ്യമല്ല. സജ്ജനങ്ങളുടെ ആവാസമാകുന്ന – നിവാസകേന്ദ്രമായ – സ്വര്‍ഗ്ഗം (جَنَّةُ الْمَأْوَىٰ) അതിന്റെ അടുക്കലാണെന്നു അല്ലാഹു പ്രസ്താവിച്ചതില്‍ നിന്ന് അതു ഈ ഭൗതിക ലോകത്തിലെ വൃക്ഷമല്ല എന്നു സ്പഷ്ടമാണ്. (അമാനി തഫ്സീര്‍)

മുസ്‌ലിമും (رحمه الله) മറ്റും നിവേദനം ചെയ്ത ഒരു ഹദീസില്‍, മുകളില്‍ നിന്നു കീഴ്പ്പോട്ടു ഇറങ്ങുന്ന കാര്യങ്ങളും, അടിയില്‍ നിന്നു മേല്‍പ്പോട്ടു കയറുന്ന കാര്യങ്ങളും ചെന്നവസാനിക്കുന്ന ഒരു കേന്ദ്രമാണ് അതെന്നു പ്രസ്താവിച്ചു കാണാം. (അമാനി തഫ്സീര്‍)

മിഅ്റാജി’ല്‍ (വാനയാത്രയില്‍) വെച്ച് ഏഴാമത്തെ ആകാശത്തില്‍ വെച്ചുണ്ടായ സംഗതികള്‍ വിവരിക്കുന്ന മദ്ധ്യേ ഒരു ഹദീസില്‍ നബി ﷺ ഇപ്രകാരം പറഞ്ഞിട്ടുണ്ട്:

ثُمَّ رُفِعَتْ لِي سِدْرَةُ الْمُنْتَهَى، فَإِذَا نَبِقُهَا مِثْلُ قِلاَلِ هَجَرَ، وَإِذَا وَرَقُهَا مِثْلُ آذَانِ الْفِيَلَةِ قَالَ هَذِهِ سِدْرَةُ الْمُنْتَهَى، وَإِذَا أَرْبَعَةُ أَنْهَارٍ نَهْرَانِ بَاطِنَانِ، وَنَهْرَانِ ظَاهِرَانِ‏.‏ فَقُلْتُ مَا هَذَانِ يَا جِبْرِيلُ قَالَ أَمَّا الْبَاطِنَانِ، فَنَهَرَانِ فِي الْجَنَّةِ، وَأَمَّا الظَّاهِرَانِ فَالنِّيلُ وَالْفُرَاتُ‏.

പിന്നാട് സിദ്റത്തുൽ മുൻതഹാ എന്റെ മുമ്പിൽ ഉയർത്തിക്കാണിക്കപ്പെട്ടു. അതിൻ്റെ ഫലങ്ങൾ ഹജറിലെ തോൽപ്പാത്രങ്ങൾ പോലെയും അതിൻ്റെ ഇലകൾ ആനയുടെ ചെവി പോലെയുമായിരുന്നു. ജിബ്‌രീൽ പറഞ്ഞു: ഇതാണ് സിദ്‌റത്തുൽ മുൻതഹാ. അവിടെയതാ നാലു നദികൾ. രണ്ടെണ്ണം ആന്തരികവും രണ്ടെണ്ണം ബാഹ്യവുമാണ്. ഞാൻ ജിബ്‌രീലിനോട് നദികളെക്കുറിച്ച് ചോദിച്ചു. ജിബ്‌രീൽ പറഞ്ഞു; ആന്തരികമായ രണ്ടെണ്ണം സ്വർഗ്ഗത്തിലെ രണ്ട് നദികളാണ്. ബാഹ്യമായവ യൂഫ്രട്ടീസും ടൈഗ്രീസുമാണ്. (ബുഖാരി:3887)

അതോടൊപ്പം സിദ്റത്തുല്‍ മുന്‍തഹാ യുടെയടുത്ത് ജന്നതുല്‍ മഅ്‌വാ സ്ഥിതിചെയ്യുന്നു എന്നും പറഞ്ഞിരിക്കുന്നു. ‘താമസിക്കാനുള്ള സ്വര്‍ഗം’ എന്നാണ് ‘ജന്നത്തുല്‍ മഅ്‌വാ’യുടെ ഭാഷാര്‍ഥം.

عِنْدَ تِلْكَ الشَّجَرَةِ جَنَّةُ الْمَأْوَى أَيِ: الْجَنَّةُ الْجَامِعَةُ لِكُلِّ نَعِيمٍ، بِحَيْثُ كَانَتْ مَحَلًّا تَنْتَهِي إِلَيْهِ الْأَمَانِي، وَتَرْغَبُ فِيهِ الْإِرَادَاتُ، وَتَأْوِي إِلَيْهَا الرَّغَبَاتُ، وَهَذَا دَلِيلٌ عَلَى أَنَّ الْجَنَّةَ فِي أَعْلَى الْأَمَاكِنِ، وَفَوْقَ السَّمَاءِ السَّابِعَةِ .

ആ മരത്തിന്റെ അടുക്കലാണ് {താമസിക്കാനുള്ള സ്വര്‍ഗം} എല്ലാ സുഖാനുഗ്രഹങ്ങളുമുള്ള സ്വര്‍ഗം. എല്ലാ മോഹങ്ങളും സാക്ഷാത്കരിക്കുന്ന സ്ഥലം. എല്ലാ ഉദ്ദേശ്യങ്ങളുടെയും ലക്ഷ്യമതാണ്. എല്ലാ ആഗ്രഹങ്ങളും അവിടെ ചെന്നുചേരുന്നു. ഏഴ് ആകാശങ്ങള്‍ക്ക് മുകളിലാണ് സ്വര്‍ഗത്തിന്റെ സ്ഥാനമെന്നും ഇതില്‍ നിന്ന് മനസ്സിലാക്കാം. (തഫ്സീറുസ്സഅ്ദി)

മുഹമ്മദ് അമാനി മൗലവി رَحِمـهُ الله എഴുതുന്നു: മേല്‍ ഉദ്ധരിച്ചതില്‍ നിന്നു നമുക്കു മനസ്സിലാക്കാം:

(1) ‘സിദ്റത്തുല്‍ മുന്‍തഹാ’ ഭൂമിയിലെ ഏതെങ്കിലും ഒരു വൃക്ഷമല്ല; അലങ്കാരരൂപത്തില്‍ പറയപ്പെട്ടതുമല്ല; ആകാശലോകത്ത് സ്ഥിതി ചെയ്യുന്ന ഒരു യഥാര്‍ത്ഥ വൃക്ഷമാണത്.

(2) പല വന്‍കാര്യങ്ങളും നടന്നുകൊണ്ടിരിക്കുന്നതും, വിവിധ ദൃഷ്ടാന്തങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ ഒരു മഹത്തായ കേന്ദ്രമാണത്. അതുകൊണ്ടായിരിക്കാം അതിനു ‘അറ്റത്തെ ഇലന്തമരം’ എന്ന അര്‍ത്ഥത്തിലുള്ള ആ പേര്‍ നല്‍കപ്പെട്ടത്‌

(3) 16-ാം വചനത്തിന്റെ ഒരു സാമാന്യ വ്യാഖ്യാനമായി ആ വൃക്ഷത്തെപ്പറ്റി പ്രസ്‌തുത ഹദീസുകളില്‍ കണ്ട വിവരങ്ങളെ നമുക്കു സ്വീകരിക്കാവുന്നതാണ്. (അമാനി തഫ്സീര്‍)

{إِذْ يَغْشَى السِّدْرَةَ مَا يَغْشَى} أَيْ: يَغْشَاهَا مِنْ أَمْرِ اللَّهِ، شَيْءٌ عَظِيمٌ لَا يَعْلَمُ وَصْفَهُ إِلَّا اللَّهُ عَزَّ وَجَلَّ.

{ആ ഇലന്തമരത്തെ ആവരണം ചെയ്യുന്നതൊക്കെ അതിനെ ആവരണം ചെയ്തിരുന്നപ്പോള്‍} അല്ലാഹുവിന് മാത്രമറിയുന്ന ഉന്നതമായ ഒട്ടനവധി കാര്യങ്ങള്‍ വലയം ചെയ്തതാണത്. (തഫ്സീറുസ്സഅ്ദി)

നബി ﷺ പറയുന്നു:

ثُمَّ انْطَلَقَ بِي حَتَّى انْتَهَى بِي إِلَى سِدْرَةِ الْمُنْتَهَى، وَغَشِيَهَا أَلْوَانٌ لاَ أَدْرِي مَا هِيَ، ثُمَّ أُدْخِلْتُ الْجَنَّةَ، فَإِذَا فِيهَا حَبَايِلُ اللُّؤْلُؤِ، وَإِذَا تُرَابُهَا الْمِسْكُ ‏”‏‏.‏

പിന്നെ ജിബ്രീൽ എന്നെയും കൊണ്ട് യാത്ര തുടർന്നു. സിദ്‌റത്തുൽ മുൻതഹ വരെയെത്തി. അതിനെ പല വര്‍ണ്ണങ്ങളും ആവരണം ചെയ്‌തിരിക്കുന്നു. അവ എന്തൊക്കെയാണെന്നു എനിക്കറിഞ്ഞു കൂടാ. പിന്നെ ഞാൻ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടു. അപ്പോഴതാ അതിൽ മുത്തു മാലകൾ തൂക്കിയിടപ്പെട്ടിരിക്കുന്നു. അതിലെ മണ്ണ് കസ്‌തൂരിയാണ്. (ബുഖാരി:349)

فَلَمَّا غَشِيَهَا مِنْ أَمْرِ اللَّهِ مَا غَشِيَ تَغَيَّرَتْ فَمَا أَحَدٌ مِنْ خَلْقِ اللَّهِ يَسْتَطِيعُ أَنْ يَنْعَتَهَا مِنْ حُسْنِهَا ‏.‏

എന്റെ റബ്ബിന്റെ കല്‍പന – അഥവാ കാര്യം – കളില്‍ നിന്നും അതിനെ ആവരണം ചെയ്തതെല്ലാം ആവരണം ചെയ്തിരിക്കയാല്‍ അതിനു സ്ഥിതിമാറ്റം വന്നിരിക്കുന്നു. അല്ലാഹുവിന്റെ സൃഷ്ടികളില്‍ ആര്‍ക്കും തന്നെ, അതിന്റെ നന്മ – അഥവാ സൗന്ദര്യം – നിമിത്തം അതിനെ വര്‍ണ്ണിക്കുവാന്‍ സാധ്യമല്ല. (മുസ്ലിം:162)

 

 

www.kanzululoom.com  

 

Leave a Reply

Your email address will not be published. Required fields are marked *