‘മൗനം വിദ്വാന് ഭൂഷണം’ എന്നൊരു പഴഞ്ചൊല്ലുണ്ട്. നമ്മില്‍ പലരും ഇത് പലപ്പോഴും പല സന്ദ൪ഭങ്ങളിലും പറയാറുണ്ടെങ്കിലും അധികമാളുകളും ഈ വിഷയത്തിലെ ഇസ്ലാമിന്റെ നിലപാട് എന്താണെന്ന് മനസ്സിലാക്കിയിട്ടില്ല. ഇസ്ലാമിക പ്രമാണങ്ങള്‍ പരിശോധിച്ചാല്‍ ആവശ്യത്തിന് സംസാരിക്കുന്നതൊഴിച്ചാല്‍ മറ്റ് സന്ദ൪ഭങ്ങളിലൊക്കെ മൗനം ദീക്ഷിക്കല്‍, ഇസ്ലാം പഠിപ്പിക്കുന്ന ഉത്തമ സ്വഭാവങ്ങളില്‍ പെട്ടതാണെന്ന് കാണാന്‍ കഴിയും.
അന്യായം പറയുന്നതില്‍നിന്നും നാവിനാല്‍ അന്യരെ ആക്രമിക്കുന്നതില്‍നിന്നും അനാവശ്യങ്ങളില്‍ നിന്നും മൗനം പാലിക്കുവാന്‍ ഇസ്‌ലാം അനുശാസിച്ചു.
عَنْ أَبِى هُرَيْرَةَ عَنْ رَسُولِ اللَّهِ -صلى الله عليه وسلم- قَالَ مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الآخِرِ فَلْيَقُلْ خَيْرًا أَوْ لِيَصْمُتْ – البخاري، مسلم
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ നല്ലത് പറയട്ടെ അല്ലെങ്കില്‍ മൗനം ദീക്ഷിക്കട്ടെ. (ബുഖാരി: 6475 – മുസ്‌ലിം: 47)
ഇമാം നവവി(റഹി) പറഞ്ഞു: ഈ ഹദീഥിന്റെ ആശയമായി ഇമാം ശാഫിഈ പറഞ്ഞു: ഒരാള്‍ സംസാരിക്കുവാനുദ്ദേശിച്ചാല്‍ അവന്‍ ആലോചിക്കട്ടെ. തനിക്ക് വിനയാവുകയില്ലെന്ന് ബോധ്യപ്പെട്ടാല്‍ അവന്‍ സംസാരിക്കട്ടെ. അതില്‍ വിനകളുണ്ടെന്ന് ബോധ്യപ്പെടുകയോ സംശയിക്കുകയോ ചെയ്താല്‍ അവന്‍ നാവിനെ നിയന്ത്രിക്കട്ടെ.
ഇബ്‌നു അബ്ദില്‍ബര്‍റ് (റഹി) പറഞ്ഞു: ഈ ഹദീഥില്‍ മര്യാദകളും സുന്നത്തുകളുമുണ്ട്. മൗനത്തിന്റെ അനി വാര്യത ഉറപ്പാക്കല്‍ അതില്‍പെട്ടതാണ്. നന്മ പറയല്‍ മൗനം ദീക്ഷിക്കുന്നതിനെക്കള്‍ ഉത്തമമാണ്.
ഇമാം അബൂഹാതിം അല്‍ബുസ്തി (റഹി) പറഞ്ഞു: സംസാരിക്കേണ്ട അനിവാര്യത ഉണ്ടാകുന്നതുവരെ മൗനം അനിവാര്യമായും പാലിക്കല്‍ ബുദ്ധിയുള്ളവര്‍ക്ക് നിര്‍ബന്ധമാണ്. സംസാരിച്ചാല്‍ ഖേദിക്കേണ്ടിവരുന്ന എത്രയെത്ര ആളുകളുണ്ട്. മൗനം ദീക്ഷിച്ച് ഖേദിക്കുന്നവര്‍ എത്രമാത്രം കുറവാണ്’ (റൗദത്തുല്‍ ഉക്വലാഅ്)
മനുഷ്യന് രണ്ടുകാതും ഒരു നാക്കും നല്‍കിയതിലെ പൊരുള്‍ സംസാരിക്കുന്നതിനെക്കാള്‍ കൂടുതല്‍ കേള്‍ക്കുവാനാണെന്ന് ദാര്‍ശനികള്‍ പറഞ്ഞിട്ടുണ്ട്. തിന്മ പറയുന്നതിനെതൊട്ട് മൗനംപാലിച്ചവന്‍ ഇഹത്തിലും പരത്തിലും രക്ഷപ്പെട്ടുവെന്നും സകല നന്മയും നേടി അവന്‍ വിജയം വരിച്ചുവെന്നും നബി ﷺ ഉണര്‍ത്തുന്നത് കാണുക:
عَنْ عَبْدِ اللَّهِ بْنِ عَمْرٍو، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ صَمَتَ نَجَا .
അബ്ദുല്ലാഹ് ഇബ്നു അംറി(റ)ല്‍ നിന്ന് നിവേദനം. നബി ﷺ പറഞ്ഞു: “മൗനം പാലിച്ചവന്‍ വിജയിച്ചു.” (തിർമിദി:2501)
നാവിനെ പിടിച്ചുനിറുത്തുന്നതില്‍ രക്ഷയുണ്ടെന്ന് നബി ﷺ ഇവിടെ ഉണര്‍ത്തുന്നു. കാരണം, പലപ്പോഴും നാവാണ് മനുഷ്യന് നാശങ്ങളും നഷ്ടങ്ങളും കൊണ്ടെത്തിക്കുന്നത്. നാവ് ചൊവ്വായാല്‍ എല്ലാ അവയവങ്ങളും നേരെയാവുമെന്നും അത് വക്രമായാല്‍ അവയവങ്ങളെല്ലാം വക്രമാവുമെന്നും തിരുമൊഴിയുണ്ട്.
അബൂസഈദില്‍ഖുദ്‌രി(റ)യില്‍ നിന്ന് നിവേദനം. നബി ﷺ പറഞ്ഞു: മനുഷ്യന്‍ പ്രഭാതത്തിലായാല്‍ അവന്റെ അവയവങ്ങള്‍ നാവിനോട് വിനയപുരസ്സരം പറയും: ഞങ്ങളുടെ വിഷയത്തില്‍ നീ അല്ലാഹുവിനെ സൂക്ഷിക്കുക. നീ നേരേചൊവ്വെ ആയാല്‍ ഞങ്ങള്‍ നേരെയായി. നീ വളഞ്ഞാല്‍ ഞങ്ങളും വളഞ്ഞു. (മുസ്‌നദുഅഹ്മദ് – അര്‍നാഊത്വ് ഹസനെന്ന് വിശേഷിപ്പിച്ചു)
അനസ് ബ്ൻ മാലിക് (റ)വിൽ നിന്ന് നിവേദനം,നബി ﷺ പറഞ്ഞു: സംസാരിക്കുകയും, അങ്ങനെ വിജയിക്കുകയും; അല്ലെങ്കിൽ, മിണ്ടാതിരിക്കുകയും. അങ്ങനെ രക്ഷപ്പെടുകയും ചെയ്തവന് അല്ലാഹു കാരുണ്യം ചൊരിയട്ടെ. (ബൈഹഖി : 4719)
ഇമാം നവവി (റഹി) പറയുന്നു: ഒരു വിഷയത്തിൽ സംസാരിക്കുന്നതും മിണ്ടാതിരിക്കുന്നതും തുല്യമാണെങ്കിൽ മിണ്ടാതിരിക്കലാണ് സുന്നത്ത്. കാരണം, ചിലപ്പോൾ ആ സംസാരം നിഷിദ്ധത്തിലേക്കോ വെറുക്കപ്പെട്ടവയിലേക്കോ പ്രവേശിക്കാൻ സാധ്യതയുണ്ട്.
മനുഷ്യരുടെ നന്മകളും സല്‍പ്രവൃത്തികളും പാഴാകാതിരിക്കുവാന്‍ നാവിനെ നിയന്ത്രിക്കേണ്ടതുണ്ട്. ഇസ്‌ലാം കാര്യങ്ങളെയും പുണ്യപ്രവൃത്തികളെയും മുആദ് ഇബ്‌നുജബലിന്(റ) ഓതിക്കൊടുത്ത തിരു ദൂതര്‍ ﷺ അവസാനമായി അദ്ദേഹത്തോടു പറഞ്ഞ വിഷയങ്ങള്‍ നോക്കൂ
قَالَ: أَلا أُخبِرُكَ بِملاكِ ذَلِكَ كُلِّهِ ؟ قُلْتُ:بَلَى يَارَسُولَ اللهِ. فَأَخَذَ بِلِسَانِهِ وَقَالَ: كُفَّ عَلَيْكَ هَذَا. قُلْتُ يَانَبِيَّ اللهِ وَإِنَّا لَمُؤَاخَذُونَ بِمَا نَتَكَلَّمُ بِهِ ؟ فَقَالَ: ثَكِلَتْكَ أُمُّكَ يَامُعَاذُ. وَهَلْ يَكُبُّ النَّاسَ فِي النَّارِ عَلَى وُجُوهِهِمْ أَو قَالَ: عَلَى مَنَاخِرِهِمْ إِلاَّ حَصَائِدُ أَلسِنَتِهِمْ
അവകളൊന്നും പാഴാക്കാതെ നിങ്ങള്‍ക്ക് നേടിതരുന്നത് നിങ്ങള്‍ക്ക് നാം അറിയിച്ച് തരട്ടെയോ? ഞാന്‍ പറഞ്ഞു: അതെ, നബിയേ. അപ്പോള്‍ നബി ﷺ തന്റെ നാവ് പിടിച്ചു. എന്നിട്ട് നബി ﷺ പറഞ്ഞു: ഇത് നീ പിടിച്ച് നി൪ത്തുക. ഞാന്‍ ചോദിച്ചു: ഞങ്ങള്‍ സംസാരിക്കുന്നതില്‍ ഞങ്ങള്‍ പിടികൂടപ്പെടുമോ? നബി ﷺ പറഞ്ഞു:മുആദ്, ജനങ്ങളെ അവരുടെ മുഖങ്ങളില്‍ അല്ലെങ്കില്‍ അവരുടെ മൂക്കുകളില്‍ നരകത്തില്‍ വീഴ്ത്തുന്നത് അവരുടെ നാവുകളുടെ ദുഷ്യസംസാരങ്ങള്‍ മാത്രമാണ്…(തി൪മിദി)
عَنْ عُقْبَةَ بْنِ عَامِرٍ، قَالَ قُلْتُ يَا رَسُولَ اللَّهِ مَا النَّجَاةُ قَالَ :أَمْسِكْ عَلَيْكَ لِسَانَكَ وَلْيَسَعْكَ بَيْتُكَ وَابْكِ عَلَى خَطِيئَتِكَ
ഉഖ്ബത്ത് ഇബ്‌നു ആമിറിൽ (റ) നിന്ന് നിവേദനം. ഞാൻ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, മോക്ഷമാർഗമേതാണ്? നബി ﷺ പറഞ്ഞു. നിന്റെ നാവിനെ പിടിച്ചുവെക്കുക, വീട് നിനക്ക് വിശാലമാകുക, പാപമോചനത്തിനായി കരയുകയും ചെയ്യുക. (തി൪മിദി : 2406 – الألباني الصحيحة : 888 )
നബി ﷺ ഏറെ മൗനം ദീക്ഷിക്കുന്ന വ്യക്തിത്വമായിരുന്നു. സിമാക് ഇബ്‌നു ഹര്‍ബ്(റ) പറയുന്നു: ഞാന്‍ ജാബിര്‍ ഇബ്‌നു സമുറ(റ)യോട് ചോദിച്ചു: ‘താങ്കള്‍ നബിയോടൊന്നിച്ച് ഇരിക്കാറുണ്ടായി രുന്നോ?’ അദ്ദേഹം പറഞ്ഞു: ‘അതെ. നബി ﷺ ദീര്‍ഘമായി മൗനം ദീക്ഷിക്കുന്നവനും കുറച്ചുമാത്രം ചിരിക്കുന്നവനുമായിരുന്നു. അനുചരന്മാര്‍ ചിലപ്പോള്‍ നബിയുടെ അടുക്കല്‍ കവിത പറയാറുണ്ടായിരുന്നു. അവരുടെ ചില വിഷയങ്ങള്‍ അവതരിപ്പിക്കാറുണ്ടായിരുന്നു. അപ്പോള്‍ അവര്‍ ചിരിക്കും. തിരുമേനിയാകട്ടെ ചിലപ്പോള്‍ പുഞ്ചിരിതൂകും” (മുസ്‌നദുഅഹ്മദ്. അര്‍നാഊത്വ് ഹസനെന്ന് വിശേഷിപ്പിച്ചു).
മറ്റൊരു നിവേദനത്തില്‍ ഇങ്ങനെ കാണാം:
നബി ﷺ ദീര്‍ഘമായി മൗനംദീക്ഷിക്കുമായിരുന്നു. അവര്‍ ജാഹിലിയ്യാ വിഷയങ്ങള്‍ അവതരിപ്പിക്കും. അങ്ങനെ അവര്‍ ചിരിക്കുകയും തിരുമേനിയാകട്ടെ പുഞ്ചിരിക്കുകയും ചെയ്യും.
അലിയ്യ്(റ) പറഞ്ഞു: മൗനം കൂടുതലാകുന്നതുകൊണ്ടാണ് ഗാംഭീര്യമുണ്ടാകുന്നത്.
അബുദ്ദര്‍ദാഅ്(റ) പറഞ്ഞു: സംസാരം പഠിക്കുന്നതു പോലെ നിങ്ങള്‍ മൗനവും പഠിക്കുക. കാരണം മൗനം തികഞ്ഞ യുക്തിയാണ്. സംസാരിക്കുന്നതിനെക്കാര്‍ സംസാരം കേള്‍ക്കുവാന്‍ താല്‍പര്യം കാണിക്കുക. തന്നെ പ്രശ്‌നമാക്കാത്ത യാതൊരു വിഷയത്തിലും സംസാരിക്കാതിരിക്കുകയും ചെയ്യുക.
സത്യത്തിന്റെയും നന്മയുടെയും വിഷയത്തിലും നന്മകല്‍പിക്കുക, തിന്മ വിരോധിക്കുക എന്നിവയിലും ദിക്‌റെടുക്കുന്ന വിഷയത്തിലും സംസാരം നിര്‍ബന്ധമായ വിഷയത്തിലും മൗനം നിഷിദ്ധവും ആക്ഷേപാര്‍ഹവുമാണ്.
അലിയ്യ്(റ) പറഞ്ഞു: വിവരക്കേട് സംസാരിക്കുന്നതില്‍ യാതൊരു നന്മയുമില്ല എന്നതുപോലെ വിവരമുള്ള വിഷയങ്ങളില്‍ മൗനം ഭജിക്കുന്നതിലും യാതൊരു നന്മയുമില്ല.
എന്നാല്‍ അനാവശ്യങ്ങളിലും അന്യായങ്ങളിലും നാവുനീട്ടുകയെന്നത് നിഷിദ്ധവും അവിടം മൗനം ഭജിക്കല്‍ നിര്‍ബന്ധവുമാണ്. ഒരു തിരുമൊഴി നോക്കൂ.
ജാബിറുബ്‌നു അബ്ദില്ല(റ)യില്‍ നിന്ന് നിവേദനം. നബി ﷺ പറഞ്ഞു:”…നിശ്ചയം, നിങ്ങളില്‍ എനിക്ക് ഏറ്റവും ദേഷ്യമുള്ളവരും അന്ത്യനാളില്‍ എന്നോട് ഏറ്റവും അകല ത്തില്‍ ഇരിപ്പിടമുള്ളവരും വായാടികളും ജനങ്ങളോട് നാക്ക് നീട്ടി ഉപദ്രവകരമായി സംസാരിക്കുന്നവരും മുതഫയ്ഹിക്വീങ്ങളുമാണ്.’ അവര്‍ ചോദിച്ചു: ‘അല്ലാഹു വിന്റെ റസൂലേ, വായാടികളേയും ജനങ്ങളോട് നാക്ക്‌നീട്ടി ഉപദ്രവകരമായി സംസാരിക്കുന്നവരെയും ഞങ്ങള്‍ അറിഞ്ഞിട്ടുണ്ട്. എന്നാല്‍, ആരാണ് മുതഫയ്ഹിക്വീങ്ങള്‍?’ നബി ﷺ പറഞ്ഞു: ‘അഹങ്കാരികളാണ്” (സുനനുത്തുര്‍മുദി – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).
ഇമാം നവവി (റഹി) പറയുന്നു: പ്രായപൂര്‍ത്തിയെത്തിയ വിവേകമുള്ള ഓരോ വ്യക്തിയും ഉപകാരപ്രദമല്ലാത്ത സകല സംസാരങ്ങളില്‍ നിന്നും തന്റെ നാവിനെ സൂക്ഷിക്കേണ്ടതുണ്ട്. സംസാരിക്കുകയോ സംസാരിക്കാതിരിക്കുകയോ ചെയ്യുന്നതില്‍ പ്രത്യേകിച്ച് വിത്യാസമൊന്നുമില്ലാത്ത ഒരു കാര്യമാണെങ്കില്‍ പോലും അത് സംസാരിക്കാതെ നാവിനെ പിടിച്ചു വെക്കലാണ് സുന്നത്ത്. കാരണം അത്തരത്തിലുള്ള സംസാരം പിന്നീട് വെറുക്കപ്പെട്ട സംസാരങ്ങളിലേക്കും നിഷിദ്ധമായ സംസാരങ്ങളിലേക്കും കൊണ്ടെത്തിക്കും. സാധാരണ അങ്ങനെയാണ് സംഭവിക്കാറുള്ളത്. സുരക്ഷിതമായിടത്ത് നിന്നാല്‍ അതിന് തുല്യമായി മറ്റൊന്നും തന്നെയില്ല. (അല്‍ അദ്കാര്‍)
kanzululoom.com